Thursday, June 17, 2010

മികച്ച ഹ്രസ്വചിത്രം ഞങ്ങളുടെ 'ആതിര 10 സി.'


2009 മെയ് 3-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഞാന്‍ 'മരണവിദ്യാലയം'എന്ന കഥയെഴുതിയത്.
ഒരു മാനേജ്മെന്റ് സ്കൂളില്‍ പഠിക്കുന്ന നേത്രി എന്ന വിദ്യാര്‍ത്ഥിനിയുടെയും അവളെ പഠിപ്പിക്കുന്ന അദ്ധ്യാപികമാരുടെയും സാഹചര്യങ്ങളാണ് ആ കഥയിലൂടെ പറയാന്‍ ശ്രമിച്ചത്.മികച്ച വിജയം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഏതൊരു സ്കൂളിലും പ്രാണന്‍ ബലി നല്കാന്‍ ബാദ്ധ്യസ്ഥരാക്കപ്പെട്ട വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുണ്ടാവും.അവരെ പീഡിപ്പിക്കുന്നതും മാനസികരോഗികളാക്കുന്നതും രക്ഷിതാക്കളും മാനേജ്മെന്റും കൂടിച്ചേര്‍ന്നാണ്.സ്ഥിരബുദ്ധിയും അറിവുമുള്ള അദ്ധ്യാപകര്‍പോലും രക്ഷിതാക്കളുടെയും സ്കൂളധികൃതരുടെയും പിരിച്ചുവിടല്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി കുട്ടികളെ വിജയികളാക്കാന്‍ പണിയെടുത്തുതുടങ്ങും.വിജയികളായേ പറ്റൂ എന്ന സമ്മര്‍ദ്ദത്തിലേക്ക് ഓരോ കുട്ടിയും വൈകാതെ എത്തിച്ചേരും.ഇതെല്ലാം പരോക്ഷമായ മാനസികവൈകൃതങ്ങളിലേക്കും നിരാശയിലേക്കും മറ്റു കുറ്റവാസനകളിലേക്കും അവരെ നയിക്കും.ഈ പ്രമേയത്തിലൂന്നി നേത്രി എന്ന വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ അകാലമരണം പറയുകയായിരുന്നു ആ കഥയിലൂടെ.വായനക്കാരുടെ സജീവപ്രതികരണം നേടിയ കഥയായിരുന്നു അത്.
കഴിഞ്ഞവര്‍ഷം ഓണത്തിനു സംപ്രേഷണം ചെയ്യാനായി അമൃത ടെലിവിഷന്‍ നിര്‍മ്മിച്ച 5 സിനിമകളിലൊന്ന് മരണവിദ്യാലയമായിരുന്നു.ഞങ്ങള്‍ 'ആതിര 10 സി'എന്ന പേരാണ് ആ ഹ്രസ്വസിനിമയ്ക്കു നല്‍കിയത്.അജന്‍ ആയിരുന്നു സംവിധാനം.ഞാന്‍ തിരക്കഥയും സംഭാഷണവും എഴുതി.ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും അഭിനയിച്ച 'ആതിര' അന്നേ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം നേടിയിരുന്നു.ഇപ്പോള്‍ തിരുവനന്തപുരത്തു സമാപിച്ച,ഡോക്യുമെന്ററിക്കും ഹ്രസ്വസിനിമയ്ക്കുമുള്ള സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞങ്ങളുടെ ആതിര മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിനൊപ്പം പങ്കിട്ടു.സന്തോഷമുണ്ട് ഈ പുരസ്കാരലബ്ധിയില്‍.ഞങ്ങളുടെ ചിത്രത്തിനായി പ്രയത്നിച്ച മുഴുവന്‍ കൂട്ടാളികള്‍ക്കും എന്റെ അനുമോദനങ്ങള്‍.ഒപ്പം എന്റെ നന്ദിയും.
വ്യക്തിപരമായി എനിക്കു മറ്റൊരു സന്തോഷം കൂടിയുണ്ട്.
ഞാന്‍ ആദ്യമായി തിരക്കഥയെഴുതിയ സിനിമ എം എ നിഷാദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'പകല്‍'ആയിരുന്നു.എം ജി രാധാകൃഷ്ണന്‍ സാറും ഗിരീഷ് പുത്തഞ്ചേരിയും കൂടി ചെയ്ത പാട്ടുകള്‍ ഹിറ്റായിരുന്നു.'എന്തിത്രവൈകി നീ സന്ധ്യേ..'ഞങ്ങള്‍ മൂവരും ഒന്നിച്ചിരുന്ന് കഥാസന്ദര്‍ഭം ചര്‍ച്ചചെയ്ത് ചിട്ടപ്പെടുത്തിയതായിരുന്നു.വിപിന്‍മോഹനായിരുന്നു ഛായാഗ്രഹണം.നവാഗത സംവിധായകനുള്ള സിംഗപ്പൂര് മലയാളികളുടെ അവാര്‍ഡ് സംവിധായകന് കിട്ടി.ഏറെ മാധ്യമശ്രദ്ധയും പകല്‍ നേടി.പിന്നീട് ചെയ്തത് നിഷാദ് തന്നെ സംവിധാനം ചെയ്ത 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോക'മാണ്.അതൊരു ഹ്രസ്വസിനിമയായിരുന്നു.അശോകനും സുവര്‍ണ്ണാമാത്യുവുമായിരുന്നു പ്രധാന നടീനട•ാര്‍.(ഈ കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.)സാദത്ത് ആയിരുന്നു ഛായാഗ്രഹണം.സംയോജനം ഡോണ്‍മാക്സ്.സംഗീതം രാജാമണി.2007-ല്‍മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാര്‍ഡ് ആ ചിത്രത്തിനായിരുന്നു.അതിനുശേഷം ഞാനെഴുതിയ പടമാണ് ആതിര.ദൃശ്യമാധ്യമത്തില്‍ ചെയ്യാന്‍ കഴിഞ്ഞ മൂന്നു പടങ്ങളും ഇങ്ങനെ അംഗീകാരം നേടിയതില്‍ ആഹ്ളാദമുണ്ട്.എന്റെ മാത്രം വിജയമല്ല.ഒരുകൂട്ടമാളുകളുടെ പ്രയത്നഫലമാണത്.
ആതിര 10 സി കണ്ട് അഭിപ്രായം പറഞ്ഞ എല്ലാ പ്രേക്ഷകര്‍ക്കും നന്ദി.

5 comments:

  1. CONGRAGULATIONS...

    ReplyDelete
  2. അഭിനന്ദനങ്ങള്‍

    ReplyDelete
  3. സുസ്മേഷ് ചേട്ടാ ...അഭിനന്ദനങള്‍ ...!! 'മരണവിദ്യാലയം' എന്ന കഥ ഞാന്‍ വായിച്ചിട്ടുണ്ട് . അമൃത ടെലിവിഷന്‍ സംപ്രേഷണം ചെയ്ത 'ആതിര 10c' യും കണ്ടിരുന്നു .അതിലെ എഡിറ്റിംഗ് ,പശ്ചാത്തല സംഗീതം എന്നിവ പ്രത്യേക പരിഗണന അര്‍ഹിക്കുന്നതായിരുന്നു . 'മരണവിദ്യാലയം' വാക്കുകളിലൂടെ തന്ന അനുഭവം ,കാഴ്ചയിലൂടെ 'ആതിര 10c' ക്ക് തരാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ് ...എങ്കിലും മറ്റുള്ളവയില്‍ വെച്ച് മികച്ചതായിരുന്നു,'ആതിര 10c'. അതില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചവരില്‍ ചിത്ര അയ്യരുടെ പേരിനു പകരം താരാകല്യാണ്ണ്‍ എന്നാണുള്ളത് .ശ്രദ്ധിക്കുമല്ലോ ...പിന്നെ..ബ്ലോഗെഴുത്ത്‌ നന്നാകുന്നുണ്ട് .ചില യാത്രാ കുറിപ്പുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ നനായിരിക്കുമെന്നു തോന്നുന്നു....എഴുത്ത് കൂടുതല്‍ ശക്തമാകട്ടെ ...ആശംസകള്‍ !!

    ReplyDelete
  4. belated blog abhinanthanangal susmeshetta...best wishes for future works...

    ReplyDelete