Saturday, June 12, 2010

കോവിലന്‍-തീയില്‍ച്ചുട്ട വാക്കുകള്‍.

.
കോവിലന്‍ മരണമടഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.ആനുകാലികമായ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ദിനംപ്രതി പല പല വാര്‍ത്താവിശേഷങ്ങളിലൂടെ കടന്നുപോകുന്ന നമ്മള്‍ കോവിലന്റെ മരണവും ഇതിനകം മറന്നുകഴിഞ്ഞിരിക്കാം.പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ ആ ചരമത്തീയതി ഓര്‍ത്തുവച്ചേക്കാം.എങ്കിലും,എനിക്ക് അത്രയെളുപ്പം മറക്കാനാവുന്നില്ല കോവിലനെ.അവസാനമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത് അക്കാദമിമുറ്റത്തു നടന്ന ഒരു പൊതുപരിപാടിയില്‍ വച്ചാണ്.എം ടിയും മറ്റുമുണ്ട്.വര്‍ഷങ്ങള്‍ക്കു പിറകിലാണത്.അന്ന് വേദിയിലിരിക്കുന്ന കോവിലന്റെ മുഖത്ത് പോക്കുവെയില്‍ വീഴുന്നുണ്ടായിരുന്നു.വെളുത്ത താടിരോമങ്ങളില്‍ ജ്വലിച്ചുവീഴുന്ന തീമഞ്ഞവെയില്‍.അന്ന് മാതൃഭൂമി തൃശ്ശൂരിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ശ്രീ ഈ വി രാഗേഷ് ആ ചിത്രമെടുത്തിരുന്നു.അടുത്ത കാലത്ത് കോവിലന്റെ അഭിമുഖം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ ആ ചിത്രമാണ് കൊടുത്തിരുന്നത്.എന്റെ മനസ്സിലെ കോവിലന്റെ ചിത്രവും അതാണ്.മുഖത്തിന്റെ ഒരു പാതിയില്‍ കടുംവെയില്‍ വീണിട്ടും അക്ഷോഭ്യനായിരിക്കുന്ന കോവിലന്‍ എന്ന എഴുത്തുകാരന്‍.
മലയാളസാഹിത്യത്തില്‍ മൌലികതയുടെ തീവെട്ടം കണ്ടുകിടക്കുന്ന രചനകളാണ് അദ്ദേഹത്തിന്റേത്.അവയാണ് അദ്ദേഹം മലയാളത്തിനു നല്കിയ സംഭാവന.
വാക്കുകള്‍ തീയില്‍ച്ചുട്ട് കടലാസ്സില്‍ നട്ടുവച്ച എഴുത്തുകാരനായിരുന്നു
കോവിലന്‍.അദ്ദേഹത്തിന്റെ സാഹിത്യം വായിക്കുമ്പോള്‍ നാം ജീവിതത്തിന്റെ
പ്രതിസ്പന്ദങ്ങള്‍ തൊട്ടറിയുന്നു.എന്നുവച്ചാല്‍ മറ്റുള്ളവര്‍ ആവിഷ്കരിക്കുന്നത്
ജീവിതത്തെ അല്ലെന്നല്ല.കോവിലനാണ് അവയെ രൂക്ഷമായി ആളിക്കത്തിച്ചത്.ഇത് മലയാളത്തിനു
കൈവന്ന അപൂര്‍വ്വതയാണ്
.
അതിന്റെ ദൃഷ്ടാന്തമാണ്,അദ്ദേഹത്തിന്റെ തന്നെ ഈ വാക്കുകള്‍.
ഞാന്‍ കാമത്തെപ്പറ്റി എഴുതിയിട്ടില്ല.വിശപ്പിനെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്.
ഇത് അദ്ദേഹം പറഞ്ഞുതന്നെ ഞാന്‍ കേട്ടിട്ടുണ്ട്.തൊണ്ണൂറ്റിയൊമ്പതില്‍ കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ വച്ച്,കേരള സാഹിത്യ അക്കാദമി നടത്തിയ സാഹിത്യക്യാമ്പില്‍.ഞാനന്ന് സാഹിത്യക്യാമ്പുകളില്‍ പങ്കെടുക്കുന്ന ഒരു സാഹിത്യവിദ്യാര്‍ത്ഥിയായിരുന്നു.അതിനുമുമ്പ് ഗുരുവായൂരില്‍ താവളം സാഹിത്യവേദി നടത്തിയ ഏകദിനശില്പശാലയില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്.ഒരു പരുക്കന്‍ മനുഷ്യന്‍.ഒരു കഷണം അസ്ഥി എന്നെഴുതിയ ധിഷണാശാലി.ഭയം കലര്‍ന്ന ആദരവോടെ നോക്കിനിന്നു.ഞാന്‍ നേരില്‍ കണ്ടിട്ടുള്ള മറ്റൊരു പച്ചയായ മനുഷ്യന്‍ തകഴിച്ചേട്ടനായിരുന്നു.രണ്ടുപേരും രണ്ടുതരം സാഹിത്യമെഴുതിയവര്‍.രണ്ടുതരത്തില്‍ ജീവിതത്തെ നേരിട്ടവര്‍.പക്ഷേ,സാധാരണക്കാരന്റെ മട്ടും ഭാവവും രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.അക്കാലത്ത് ജീവിച്ചതുകൊണ്ടാവണം അവര്‍ക്ക് ഇത്ര മൂര്‍ച്ചയോടെ കത്തുന്ന വയറുകളെപ്പറ്റി എഴുതാനായത്.അതില്‍ കോവിലനാണ് എന്നെ ആകര്‍ഷിച്ചത്.
ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചശേഷം ഭാരതീയതയെ സ്വാംശീകരിച്ചുകൊണ്ട് കേരളത്തെ
എഴുതുകയാണ് കോവിലന്‍ ചെയ്തത്.കോവിലന്റെ കഥാപാത്രങ്ങള്‍ക്ക് ഭാരതീയതയുടെ
ചൂരുണ്ടായിരുന്നു.കേരളത്തിന്റെ തനിമയുമുണ്ടായിരുന്നു.എന്നാല്‍ അതിലെ എരിവും
പുകച്ചിലും ഇക്കിളിവായനക്കാര്‍ക്ക് വേണ്ടുന്നതായിരുന്നില്ല.എന്നിട്ടും വായനക്കാരെ
തന്റെ വഴിക്കു കൊണ്ടുവരാന്‍ കോവിലനായി.ഇന്നും കോവിലനെ വായിക്കാന്‍ പുതുതലമുറയില്‍
വായനക്കാരുണ്ട്.അവിടെയാണ് കോവിലന്‍ വിജിഗീഷുവാകുന്നത്.
തട്ടകമാണോ തോറ്റങ്ങളാണോ അദ്ദേഹത്തിന്റെ കഥകളാണോ ലേഖനങ്ങളാണോ എനിക്കേറെയിഷ്ടം എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും.ഞാന്‍ വിശ്വസിക്കുന്നത് മലയാളത്തില്‍ സ്വന്തം വഴിക്ക് നോവലെഴുതിയിട്ടുള്ളത് ഉറൂബും കോവിലനുമാണെന്നാണ്.അതില്‍ ഉറൂബിനെ അനുകരിക്കാന്‍ ധാരാളമാളുകളുണ്ടായി.എന്നാല്‍ കോവിലനെ അനുകരിക്കാനോ പിന്തുടരാനോ ഒരാള്‍പോലുമുണ്ടായില്ല.ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല.
പെണ്ണുങ്ങള്‍ ദാരിദ്യ്രംകെ#ാണ്ടല്ലാതെ മെലിയുന്ന ഇക്കാലത്ത് അണിവയറുകളെപ്പറ്റി ധാരാളമായെഴുതാന്‍ പലരുമുണ്ടാവും.എന്നാല്‍,ജഠരാഗ്നിയെപ്പറ്റിയെഴുതാന്‍,വിശപ്പാണ് ഏറ്റവും വലിയ വേദാന്തമെന്നുപറയാന്‍ കോവിലനില്ല.ഒരു പക്ഷേ വിശപ്പറിഞ്ഞ തലമുറയും അന്യംനില്ക്കാന്‍ പോവുകയാണ്.അപ്പോഴും വിശപ്പിന്റെ കാഠിന്യമനുഭവിച്ച മനുഷ്യരെ കണ്ടെത്താന്‍ നമുക്ക് കോവിലനെ വായിക്കേണ്ടതായി വരും.ഭാഷയില്‍ ചില അനുഭവങ്ങളുടെ അഭാവമുണ്ടാവുന്നത് ഇങ്ങനെയാണ് .അത് നികത്താന്‍ കാലത്തിനും കഴിയുകയില്ല.
കോവിലന്റെ കൃതികള്‍ ആ ദൌത്യമേറ്റെടുത്ത് മനുഷ്യനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കട്ടെ.

8 comments:

  1. വായനക്കാരന്റെ പ്രതീക്ഷകള്‍ക്കതീതമായിരുന്നു കോവിലന്‍ മാഷിന്റെ സൃഷ്ടികള്‍. അവിശ്വസനീയതയ്ക്കുമപ്പുറത്ത് ഒരു കാലത്തെ നേരിന്റെ തീവൃതയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ജ്വലിച്ചിരുന്നു. ചേര്‍ച്ചയില്ലായ്മകള്‍ക്കൊണ്ട് ചേര്‍ച്ചകള്‍ സൃഷ്ടിച്ച അദ്ദേഹത്തിന് ഈ പ്രപഞ്ചത്തിലെ ജഠരാഗ്നികൊണ്ട് ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു.
    ഗാന്ധിമാര്‍ഗത്തിലൂടെ ഒമ്പത് പടികള്‍ കയറി സ്വര്‍ണ്ണമഹലില്‍ എത്തി നില്‍ക്കുന്ന സുസ്മേഷേട്ടന്റെ ജൈത്യയാത്രക്ക് ഈ കോക്ടെയില്‍ സിറ്റി സാക്ഷിയാകട്ടെ. കാലത്തിനും മരണത്തിനും അപ്പുറത്തേക്ക് സാഹിത്യത്തിനൊപ്പം നടക്കാനിറങ്ങിയ ഈ സാഹിത്യകാരന്റെ പുതിയ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു. സുസ്മേഷേട്ടന്റെ ഈ പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
    ഒരു ആരാധിക

    ReplyDelete
  2. തട്ടകത്തിന്റെ കഥ പറയാനും, തോറ്റങ്ങളുടെ തീവ്രത പകരാനും ഇനി അയ്യപ്പേട്ടനില്ല....കഥകള്‍ പകര്‍ത്തിവച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അരിയന്നൂരിന്റെ കുന്നുകള്‍ക്ക് താഴെ... നമ്മുടെ മനസ്സുകളില്‍ ഒരു നനുത്ത കുളിരായി എന്നും നിലനില്‍ക്കും....

    സുസ്മേഷേട്ടന്റെ ഈ ശ്രമത്തിന് എല്ലാ വിധ ആശംസകളും...!!

    ReplyDelete
  3. സുസ്‌,
    ബൂലോഗത്തിലേക്കുള്ള രംഗപ്രവേശം നന്നായി. എന്തും എഴുതാമെന്നൊരു സ്വാതന്ത്ര്യം ഇവിടുണ്ട്‌. അതുകൊണ്ട്‌ എഴുത്തെല്ലാം ഇവിടെത്തന്നെ ഒതുക്കിയേക്കരുത്‌. കോവിലനെപ്പറ്റിയുള്ള ഓര്‍മക്കുറിപ്പ്‌ നന്നായി. കല്യാണം ഉഴപ്പാന്‍ പെണ്ണിന്‌ ചെവി കേള്‍ക്കില്ലെന്നും പെണ്ണിനു മിണ്ടാനാവില്ലെന്നും പറയുന്നവരെപ്പറ്റി, 'അവള്‍ക്കു നവദ്വാരങ്ങളില്‍ മറ്റതുമില്ലെന്ന്‌ അവന്മാരു പറയും...' എന്നു പറയാനുള്ള കോവിലന്റെ തന്റേടം മലയാളത്തിലെ ഒരു സാമൂഹ്യചിന്തകന്റെ തന്നെ രോഷപ്രകടനമായിരുന്നില്ലേ....

    ReplyDelete
  4. Kovilan had a strong stature among Malayalam fiction writers.He was like a lone black buck who roamed in wild.

    ReplyDelete
  5. "പെണ്ണുങ്ങള്‍ ദാരിദ്യ്രംകൊണ്ടല്ലാതെ മെലിയുന്ന ഇക്കാലത്ത് അണിവയറുകളെപ്പറ്റി ധാരാളമായെഴുതാന്‍ പലരുമുണ്ടാവും.എന്നാല്‍,ജഠരാഗ്നിയെപ്പറ്റിയെഴുതാന്‍,വിശപ്പാണ് ഏറ്റവും വലിയ വേദാന്തമെന്നുപറയാന്‍ കോവിലനില്ല.ഒരു പക്ഷേ വിശപ്പറിഞ്ഞ തലമുറയും അന്യംനില്ക്കാന്‍ പോവുകയാണ്.അപ്പോഴും വിശപ്പിന്റെ കാഠിന്യമനുഭവിച്ച മനുഷ്യരെ കണ്ടെത്താന്‍ നമുക്ക് കോവിലനെ വായിക്കേണ്ടതായി വരും."

    Nice work!!

    ReplyDelete
  6. അങ്ങനെ മലയാളത്തിലെ ഒരു ക്ഷുഭിതയൌവനം നഷ്ടപ്പെട്ടു.
    കഷ്ടം നമ്മുടെ മാധ്യമങ്ങൾ കോവിലനെ എങ്ങനെയാണ് പൂഴ്ത്തിക്കളഞ്ഞത്. മലയാളത്തിനെ ഉദ്ധരിക്കാൻ നോമ്പുനോറ്റിട്ടുള്ള വാരികൾ വരെ വെറും പേരിന് ഒരു കുറിപ്പുകൊടുത്തു. ചടങ്ങു തീർത്തു. നമുക്ക് വേണ്ടത് രാഷ്ട്രീയക്കാരന്റെ അന്തപ്പുരലീലകളാണല്ലോ.

    സുസ്മേഷ് എഴുത്തു നന്നായി. അഗ്രിഗേറ്ററിൽ ചേരൂ.

    ReplyDelete
  7. ആദ്യമായിട്ടാ താങ്കളുടെ ബ്ലോഗില്‍.
    വായിക്കുന്നതിന് മുമ്പു തന്നെ പിന്‍ തുടര്‍ന്നു. താങ്കളെ പോലെയുള്ള എഴുത്തുകാരുടെ എഴുത്തുകള്‍ വായിച്ചാല്‍ കിട്ടുന്ന പ്രചോദനം കൂടെ നല്ല എഴുത്തുകളുമായുള്ള പരിചയപ്പെടല്‍ അതൊക്കെയാ ഉദ്ദേശം. ഇനിയും വരാം.

    ReplyDelete
  8. കോവിലൻ ഒരു ദീപ്തമായ ഓർമ്മയാണ്.
    പറഞ്ഞ വാക്കുകൾക്ക് പ്രവചനത്തിന്റെ ശക്തിയുണ്ടായിരുന്നു.

    ReplyDelete