Thursday, June 2, 2011

പരിഭവക്കാളി!

പ്രഭാതം.നേര്‍ത്ത വെളിച്ചം.മഴ പെയ്യുമോ..പുറത്ത് എന്താണ് അവസ്ഥ..ആകാശത്ത് കരിമേഘങ്ങള്‍..മാവിന്‍റെ ഇലകളില്‍ ഇരുണ്ട വെളിച്ചം.തണുപ്പുണ്ട്.മഴ നേര്‍ത്തുപെയ്തേക്കാം.തലേന്നുവരെ കാലത്തും രാത്രിയിലും വെയിലേറ്റ് വാടിയ ചൂടുവെള്ളം തന്നിരുന്ന പൈപ്പിലൂടെ തണുത്തവെള്ളം.കുളിരുന്ന തണുപ്പില്‍ കുളിക്കാനെന്തുസുഖം.പുറത്തിറങ്ങിയപ്പോള്‍ മഴ പെയ്തുതുടങ്ങിയിരുന്നു.പതിയെ പതിയെ..കുടയെടുത്തില്ല.നനയാം.ജൂണിലെ ആദ്യമഴയല്ലേ..പരിചയമുള്ള സ്കൂള്‍മാഷുമാരെ വിളിച്ച് പ്രവേശനോത്സവത്തെപ്പറ്റി തിരക്കി.പണ്ട് ഇതുപോലൊരു ജൂണൊന്നാം തീയതി കീയോ കീയോ കരഞ്ഞ് പള്ളിക്കൂടത്തില്‍ പോയത് ഓര്‍മ്മവന്നു.അന്ന് അക്ഷരം എഴുതിത്തന്നത് ബിയാട്രീസ് എന്ന കന്യാസ്ത്രീയമ്മയാണ്.അതുവരെ നിലത്തെഴുത്തുപോലും ഞാന്‍ പഠിച്ചിരുന്നില്ല.മണലിലായിരുന്നില്ല,ആദ്യാക്ഷരം.സ്ലേറ്റിലായിരുന്നു,കല്ലുപെന്‍സില്‍കൊണ്ട്.കല്ലക്ഷരങ്ങള്‍.നടക്കുന്പോള്‍ ബിയാട്രീസ് ടീച്ചറെ ഓര്‍ത്തു.അന്നും അന്പതിനുവയസ്സിനുമേലെ പ്രായമുണ്ടായിരുന്നു ടീച്ചറിന്.ഇപ്പോള്‍ ടീച്ചര്‍ ആരെയാവും അക്ഷരമെഴുതിക്കൊടുത്ത് അനുഗ്രഹിക്കുന്നുണ്ടാവുക..
കുഞ്ഞുങ്ങളെ കുത്തിനിറച്ച ബസുകള്‍ മഴയിലൂടെ നീങ്ങുന്നു.സൈക്കിള്‍ യാത്രക്കാര്‍ മഴയോടൊപ്പം സൈക്കിള്‍ ചവിട്ടുന്നു.റോഡ് എത്ര പെട്ടെന്നാണ് അവളുടെ മുടി പോലെ കറുത്തുപോയത്!
സ്വാമിയുടെ കടയില്‍ പതിവുകാര്‍.പതിവില്ലാത്തത് ഉമ്മറത്ത് ചാറ്റല്‍ മഴ നനയുന്ന തമിഴ് പത്രമാണ്.ഇന്നലെ വരെ വെയിലായിരുന്നു അവിടെ.ഇന്ന് പാലളന്നുവാങ്ങാന്‍ ചായക്കടയില്‍ വന്ന പെണ്‍കുട്ടിയായി മഴ.തളിരിലയില്‍ ദോശ.പച്ചമുളകരച്ച ചട്ണി.ചുവന്ന മുളകരച്ച ചമ്മന്തി.നാളികേരമരച്ച വെള്ളനിറച്ചമ്മന്തി.പോരാത്തതിന് ആവോളം നീളം വയ്ക്കാന്‍ കഴിയുന്ന സ്നേഹമുള്ള സാന്പാറും.ചായ.ചൂടുള്ള പാല്‍ച്ചായ.പോരേ!
പുറത്ത് മഴ ഒരുതരം കൊതിയോടെ നോക്കിനില്‍ക്കുന്നു.
നിരത്തിലെങ്ങും തിരക്ക്.അത്ഭുതം തോന്നി.എങ്ങനെയാണ് ഇത്ര കൃത്യമായി ഒന്നാം തീയതി കാലത്തുതന്നെ മഴ നാട്ടിലേക്ക് വരുന്നത്!
ഉച്ചവരെ മൂപ്പര്‍ പോയില്ല.കാലത്ത് അലക്കിയ തുണികള്‍ സാധാരണഗതിയില്‍ ഉച്ചയാവുന്പോള്‍ പപ്പടമാവുന്നതാണ്.ഇന്ന് നനഞ്ഞ പൂവുപോലെ ഷര്‍ട്ടും മറ്റും അയയില്‍.എങ്കിലും രസകരമായി.മഴയല്ലേ..ഇനി നിരത്തൊക്കെ നല്ല ഭംഗിയാവും.ഗുല്‍മോഹറൊക്കെ ചോരച്ചുവപ്പിലാണ് പൂക്കള്‍ വിരിയിക്കുന്നത്.നടപ്പാത പരവതാനി വിരിച്ചപോലായി..വയലില്‍ കൃഷിയും തുടങ്ങിക്കഴിഞ്ഞു.
സ്വാമി ഉച്ചയ്ക്ക് ഇലയില്‍ ഊണുവിളന്പി.സുഖം.ഇന്നലെ വരെ രണ്ട് ടംബ്ലര്‍ മോരില്ലാതെ സാദ്ധ്യമല്ലായിരുന്നു.ഇന്നിപ്പോ മോര് രണ്ടാംചോറിന് മതി.മഴക്കാലത്ത് രസം കുടിക്കുന്നതാണ് ഉഷാര്‍.
മഴയില്ല.മാനത്തിന് തെളിനീല.പാടത്തിന് പൊടിയടങ്ങിയ നിറം.
'സങ്കല്‍പ'യില്‍ (എന്‍റെ ഇപ്പോഴത്തെ താമസസ്ഥലം)എത്തുന്പോഴേക്കും മയക്കം പിടികൂടിയിരുന്നു.പുറത്ത് സാന്ദ്രമായ വെയില്‍.മുറിക്കകത്ത് സ്വച്ഛന്ദിയായ തണുപ്പ്.കിടന്നു.ജൂണിലെ ആദ്യമഴദിവസമല്ലേ.ഒരുറക്കമൊക്കെ ആവാം.ഇന്നലെവരെ കിടന്നശേഷം ശരണം വിളിക്കണമായിരുന്നു ഉറക്കം കിട്ടാന്‍.ഇപ്പോ ദേ വരുന്നു മൂപ്പര്‍ പാട്ടുംപാടി ഇങ്ങോട്ട്.എന്നെ ഉറക്കാതെ സമ്മതിക്കില്ല എന്നപോലെ.കാസരോഗിയെപ്പോലെ ആഞ്ഞുനിലവിളിച്ചുകൊണ്ടിരുന്ന പങ്കയ്ക്കും സമാധാനം.മുറിയില്‍ മൊത്തത്തില്‍ ശാന്തിയും കുളിര്‍മ്മയുമായി.
ഈ മഴക്കാലത്തിന്‍റെ ഒരു കാര്യമേ...ദാ,ഇപ്പോ അഞ്ചരയ്ക്കാണ് പള്ളിയുറക്കം കഴിഞ്ഞത്.പൂച്ച മൂരിനിവരുംപോലെ ഒന്നു കുടഞ്ഞുണര്‍ന്നു.ജനലിനപ്പുറം ഇരുട്ടുപോലെ.പുറത്തുവന്നു നോക്കുന്പോള്‍ വരാന്തയില്‍ വന്നുപോയതിന്‍റെ അടയാളമിട്ടിട്ടുണ്ട് പരിഭവക്കാളി.!
സാരമില്ല.നാളെക്കൊടുക്കാം വാരിപ്പിടിച്ചൊരുമ്മ!

26 comments:

  1. എന്‍റെ മഴമുകിലിനെ ഇഷ്ടായോ..

    ReplyDelete
  2. എങ്ങനെയാണ് ഇത്ര കൃത്യമായി ഒന്നാം തീയതി കാലത്തുതന്നെ മഴ നാട്ടിലേക്ക് വരുന്നത്...!
    ഉച്ചവരെ മൂപ്പര്‍ പോയില്ല.
    ഇവിടെയും..http://ponmalakkaran.blogspot.com/2011/06/blog-post.html

    ReplyDelete
  3. kannuneerinte nanavulla aadhyaksharathinte ormmakal njanum orkkunnu!

    ReplyDelete
  4. nallathu oru puthiya anubhavam

    ReplyDelete
  5. ഇഷ്ട്ടയോന്നോ..? ഈ എഴുത്ത് വായിക്കുമ്പോള്‍ നാട്ടിലെത്തി ഈ വക കാര്യങ്ങള്‍ ഒക്കെ കണ്ട പ്രതീതി ആയി..ആ ചമ്മന്തികളുടെ നിറഭേദങ്ങള്‍ എഴുതി ആളെ കൊതിപ്പിക്കേം ചെയ്തു...:)
    നാട്ടില്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കം..ഇവിടെ കുട്ടികള്‍ക്ക് മധ്യവേനലവധി.

    ReplyDelete
  6. ഇഷ്ടായി മഴയ്ക്കൊപ്പമുള്ള ഈ സഞ്ചാരം..അവള്‍ക്കിട്ട പേരും..പരിഭവക്കാളി! :)
    കൃത്യമായി ഒന്നാം തീയതിയെത്തുന്ന അവളുടെ കണിശതയെ പറ്റി അത്ഭുതപ്പെട്ട് ഇപ്പോ ഞാനുമൊരു പോസ്റ്റിട്ടതേയുള്ളൂ..അത് കഴിഞ്ഞ് ആദ്യം വായിക്കുന്ന ഈ പോസ്റ്റിലും മഴയുടെ കുറുമ്പ് തന്നെ വിഷയം :)

    ReplyDelete
  7. ഇന്നത്തെ മഴയ്ക്ക് എന്തൊരു നിഷ്കളങ്കതയാ‍ണ്....നനഞ്ഞു കുഥിര്‍ന്ന കുട്ടിക്കളോടൊപ്പം...പതിവുകള്‍ തെറ്റാതിരിക്കട്ടെ.

    ReplyDelete
  8. മഴ മുകിലിനേയും പരിഭവക്കാളിയെയും ഇഷ്ട്ടായി ......
    ജൂണ്‍ മാസത്തെ പുതിയ പോസ്റ്റ്‌ ഇട്ട്‌ സ്വാഗതം ചെയ്തത് നന്നായി സുസ്മേഷ്....
    എത്രയൊക്കെ നനഞ്ഞു കുഴഞ്ഞാലും മഴക്കാലത്തിന്റെ കുളിര്‍മയും സുഖവും ഒന്ന് വേറെയാണ് .....
    പിന്നെ ആ ദോശ പുരാണം കൊതിപ്പിച്ചു കേട്ടോ .........

    ReplyDelete
  9. ഒരു പാടിഷ്ടമായി...ഓടിനു മുകളിലെ മഴയുടെ താളത്തിന് കാതോര്‍ത്തു കിടന്നൊരു കുട്ടിക്കാലം... :) ഓര്‍മ്മകളിലെയ്ക്കൊരു മടക്കം..

    ReplyDelete
  10. മഴ വിചാരങ്ങള്‍ തന്നെ ഇന്ന് വായിച്ച ഒട്ടുമിക്ക ബ്ലോഗുകളിലും..സുസ്മേഷും വ്യത്യസ്തമായില്ല.. രസകരമായ വിവരണം.

    ReplyDelete
  11. നന്നായി,സുസ്മേഷ് ഭായ്, മഴയോടോത്തൊരു സഞ്ചാരം അനുഭവവേദ്യം ആക്കിയ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.

    ReplyDelete
  12. വാരിപ്പിടിച്ച്...
    വേണ്ട,
    അങ്ങലിഞ്ഞുചേരണം.

    ReplyDelete
  13. പരിഭവക്കാളിയേയും ബിയാട്രീസമ്മയേയും ഇഷ്ടമായി. പ്രഭാതഭക്ഷണത്തിൽ ഒരു വികെഎൻ തന്നെയാണല്ലോ, തീരെ മുഷിയില്ല!

    ReplyDelete
  14. വേനലിന്റെ ദയാരഹിതമായ സാമ്രാജ്യത്ത വാഴ്ച അവസാനിപ്പിച്ചുകൊണ്ട് മഴക്കാറ്റിന്റെ സൈന്യം പടയോട്ടം
    തുടങ്ങി കഴിഞ്ഞു...ഇനി നമുക്ക് മണ്‍സൂണിന് വഞ്ചീശ മംഗളങ്ങള്‍ പാടാം...പഴയതും പുതിയതുമായ
    മഴപാട്ടുകള്‍ ഓര്‍ത്തുമൂളാം...ബ്ലോഗുലകത്തിലെ മഴപോസ്റ്റുകള്‍ വായിച്ചു നനയാം...
    മഴയെ 'മാനിയാക്" എന്നും ,സ്വന്തം കണ്ണീരു മറ്റാരും കാണാതിരിക്കാനുള്ള മറയെന്നും, മാമുക്കോയയുടെ ചിരിയെന്നും,പരിഭവകാളിയെന്നു മൊക്കെ വിളിക്കുന്ന വ്യത്യസ്ത മനസ്സുകളെ ,മനസ്സിന്റെ mood-കളെ കുറിച്ച്
    വിസ്മയ പെടാം...

    ReplyDelete
  15. പരിഭവക്കാളി എന്ന വാക്ക് വളരെ ഇഷ്ടമായി.

    ReplyDelete
  16. മഴയങ്ങിനെ ചന്നം പിന്നം.....
    ഓഗസ്റ്റിലും വരാൻ പറയണേ ഈ പരിഭവ കാളിയോട്.....

    ReplyDelete
  17. പരിഭവക്കാളി ചിലപ്പോഴൊക്കെ മഴ മാത്രമല്ല.നമ്മുടെ മനസ്സുകൂടിയാണ്.അത് ഓരോരുത്തര്‍ക്കും ഓരോ വിധമാണ്.അല്ലേ..?
    എന്തായാലും ഒരു സത്യമുണ്ട്.വീടില്ലാത്തവര്‍ക്കും ദരിദ്രര്‍ക്കും മഴക്കാലം പേടിസ്വപ്നമാണ്.എന്നാല്‍ നമ്മെപ്പോലെ ചില സ്പനജീവികള്‍ക്ക്,അത്യവശ്യം
    ജീവിക്കാന്‍ വകയുള്ളവര്‍ക്ക് മഴക്കാലം കിനാക്കാലമാണ്.
    ഞാനൊരു സ്വപ്നത്തിലാണ്.മൌനം വെടിഞ്ഞ് എന്‍റെ പരിഭവക്കാളി ഒരിക്കല്‍ എന്നെത്തേടി വരുമെന്ന്.
    എല്ലാവര്‍ക്കും നന്ദിയും നമസ്കാരവും.

    ReplyDelete
  18. എനിക്ക് ആ അവസാന വരിയാണ് ഇഷ്ടായത്...

    "പുറത്തുവന്നു നോക്കുന്പോള്‍ വരാന്തയില്‍ വന്നുപോയതിന്‍റെ അടയാളമിട്ടിട്ടുണ്ട് പരിഭവക്കാളി.!
    സാരമില്ല.നാളെക്കൊടുക്കാം വാരിപ്പിടിച്ചൊരുമ്മ!"....

    ReplyDelete
  19. ആഹാ.. പുതു മഴ,,,,

    ReplyDelete
  20. സ്വപ്നങ്ങള്‍... സ്വപ്നങ്ങള്‍... മഴ മഴയെന്ന്... നന നനയെന്ന്.....

    ReplyDelete
  21. നാട്ടിലായിരുന്നു മൂന്നാഴ്ചക്കാലം. മഴമനസ്സിന്റെ പ്രലോഭനങ്ങള്‍ കണ്ടും കേട്ടും തൊട്ടും അറിഞ്ഞ്.... പരിഭവക്കാളിയായല്ല, എന്റെ മുന്‍പില്‍ വന്നത്, ഓര്‍ക്കാപ്പുറത്ത് വന്നെത്തുന്ന കുസൃതിക്കാമുകനായിട്ടാണ്, ചിലപ്പോള്‍ , ഒന്നു തൂകി തിരക്കഭിനയിച്ച് കാറ്റിനോടൊപ്പം ഒളിച്ചും, ചിലപ്പോള്‍ മിണ്ടാതെ വന്ന് വാരിയണച്ചും....
    നന്നായി ഈ മഴവരികള്‍ , പിന്നെ അവിടിപ്പോഴും മഴയാണല്ലോ അല്ലെ..

    ReplyDelete
  22. mazha pranayamanu...
    athu moolam undakunna paniyum pranayamanu..
    sar ente blogg onnu nokku...
    nishkriyan pls comment

    ReplyDelete
  23. എല്ലാവരോടും സ്നേഹത്തോടെ..

    ReplyDelete
  24. മഴ.... അതെനിക്ക്, അല്ല എല്ലാവര്‍ക്കും, പ്രിയപ്പെട്ടത് തന്നെ. കുട്ടിക്കാലത്തെ കളിവഞ്ചിയും ഏറ്റുമീനും ഒറ്റലും മഴവെള്ളം തങ്ങി നില്‍ക്കുന്ന മൈതാനത്തിലെ പന്ത് കളിയും, പുതുമണ്ണിന്റെ ഗന്ധവും എല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍. ഇപ്പോഴും മഴയത്ത് ബൈക്കില്‍ പോകുന്നത് വീട്ടിലേക്കാണെങ്കില്‍ റൈന്‍ കോട്ടിന് വിശ്രമം തന്നെ..... മഴയ്ക്ക് താങ്കള്‍ നല്‍കിയ പേര്, പരിഭവക്കാളി, അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. തന്റെ പരിഭവങ്ങള്‍ മുഴുവന്‍ പെയ്തു തീര്‍ക്കുന്ന പരിഭവക്കാളി.....

    ReplyDelete