Sunday, December 25, 2011

മുട്ടത്തോടുടച്ച് പുറത്തേക്ക്..

2011 കഴിഞ്ഞുപോകുന്നു.ഇന്നലെ രാത്രി കാണാനാവാതെ പോയ മുടിയേറ്റോടെ.അല്ലെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ അങ്ങനെ സാധിക്കാതെ പോയ അനവധി ചെറുതും വലുതുമായ കാര്യങ്ങളോടെ..ഓര്‍ക്കുന്പോള്‍ അതില്‍ വലിയ ഖേദത്തിനും സ്ഥാനമില്ലെന്ന് മനസ്സിലാവുന്നു.എന്തിന്..? ജീവിതം എന്നും അങ്ങനെ തന്നെയായിരുന്നില്ലേ..!
കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാനാവാത്തതാണ്.ജനുവരിയും.അതിനുശേഷം ഈ ഡിസംബറെത്തുന്പോള്‍ മനസ്സിലാക്കുന്നത് കഴിഞ്ഞുപോയ ഒരു വര്‍ഷമാണ് എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവങ്ങള്‍ പഠിച്ചതെന്നാണ്.അത്രമാത്രം തീക്ഷ്ണമായിരുന്നു എനിക്ക് കഴിഞ്ഞ 12 മാസങ്ങള്‍.കയ്പും ചവര്‍പ്പും നോവും സന്തോഷവും.. കടുത്ത ഏകാന്തത അതിന്‍റെ ആഴത്തില്‍ അറിഞ്ഞു.വല്ലാതെ ഒറ്റപ്പെട്ടു. ജീവിതത്തിന്‍റെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എഴുതിത്തുടങ്ങിയ ഒരു നോവല്‍ മുഴുമിപ്പിച്ചതൊഴിച്ചാല്‍ കാര്യമായൊന്നും എഴുതാനാവാത്ത വര്‍ഷവുമായി കഴിഞ്ഞത്.മാംസഭുക്കുകളും ബാര്‍കോഡും വര്‍ഷത്തിന്‍റെ തുടക്കത്തില്‍ എഴുതിവച്ചിരുന്നതാണ്.ബ്ലോഗും ഏറെക്കുറെ അനാഥമായപോലായി അല്ലേ..
സത്യത്തില്‍ ഞാനൊരുപാട് മാറിപ്പോയി.അതോ വളരെയധികം ഒതുങ്ങിപ്പോയെന്നാണോ പറയേണ്ടത്..എന്നെ അറിയാവുന്നവര്‍ക്ക് മനസ്സിലാകും,ഞാന്‍ ഒതുങ്ങിപ്പോയി എന്നുപറഞ്ഞാല്‍ വാസ്തവത്തില്‍ ഇല്ലാതായി എന്നാണ് അര്‍ത്ഥമെന്ന്. ബാഹ്യമായും ആന്തരികമായും.ഒരുപാട് സുഹൃദ്ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തു.പലരോടും അവരുടേതല്ലാത്ത കാരണങ്ങളാല്‍ വഴക്കിട്ടു,പിണങ്ങി,ഒരു മുറിയുടെ നിശ്ശബ്ദതയിലേക്ക് ഒതുങ്ങി.ദീര്‍ഘമായ ദിവസങ്ങള്‍ മിണ്ടാതിരുന്നു.എഴുത്തും വായനകളും യാത്രകളും ഇല്ലാതെ..
ഇതിനിടയില്‍ അതിജീവനത്തിനായിഏര്‍പ്പെട്ട ഒന്നുരണ്ട് സര്‍ഗ്ഗാത്മക സംരംഭങ്ങള്‍ വിചാരിച്ചപോലെയാകാതെ അമാന്തത്തിലുമായി.അങ്ങനെയും കുറേ മാസങ്ങള്‍ പോയി.
ഈ ഒരു കൊല്ലത്തിനുള്ളില്‍ വേദനിപ്പിക്കേണ്ടിവന്നു പല സുമനസ്സുകളേയും.കാരണങ്ങള്‍ പറയുവാനില്ല.അസ്വസ്ഥമായ മനസ്സിന് തല്ലുകൂടാന്‍ ഏറെ കാരണങ്ങളൊന്നും വേണ്ടല്ലോ.അസ്വസ്ഥതയ്ക്ക് കാരണം ഇപ്പോഴും വറ്റാതെയിരിക്കുന്ന സ്വപ്നഗ്രന്ഥികളാണ്.മാധവിക്കുട്ടി പ്രസ്താവിച്ചിട്ടുള്ളതുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അടങ്ങാത്ത കൊതി..അതങ്ങു മാറ്റുകയാണ്.ഞങ്ങളുടെ നാട്ടിലാണല്ലോ പൈങ്കിളി സാഹിത്യംവിളഞ്ഞത്.അതിന്‍റെ സ്വാധീനം ജീവിതത്തിലുമുണ്ടായത് പരാജയം.ഹുവാന്‍ റൂള്‍ഫോ ഒരാവേശമായിരുന്നു,അന്നും.ദസ്തയേവ്സ്കിയും.നിര്‍ഭാഗ്യവശാല്‍ സമ്മേളിച്ചത് രണ്ട് ധാരകളും കൂടിയായിപ്പോയി.പോരാത്തതിന് ശരാശരി മലയാളിയുടെഎല്ലാ ദുര്‍ബലതകളും.ഈ സ്വപ്നങ്ങളും കാല്പനികതയും വരുന്നത് അവിടെനിന്നാണല്ലോ..വരുന്പോള്‍ അണകെട്ടി തടുക്കാമെന്ന് കരുതി മനസ്സില്‍ സ്വയം കൂട്ടിവച്ചതെല്ലാം കരിങ്കല്ലുകളല്ല,മണ്ണാങ്കട്ടകളായിരുന്നു എന്നറിയുന്പോള്‍ ഇപ്പോള്‍ സുഖമാണ്.അണ വേണമെന്നും വേണ്ടെന്നുമാണല്ലോ ഇപ്പോഴത്തെ തര്‍ക്കം.ഒന്നും തടുത്തുനിര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല.ഒഴുകട്ടെ.തട ഭേദിക്കട്ടെ.അതാണ് നിത്യമായ സമാധാനം തരിക.അതുകൊണ്ട് ഇപ്പോഴത്തെ പ്രിയ ഗായിക ശ്രേയാ ഘോഷാലിനെ കാണുന്നു..കേള്‍ക്കുന്പോഴും കാണുന്പോഴും ഇന്പം.പിങ്ക് ഗൌണില്‍ വേദി നിറഞ്ഞ് ശ്രേയാ നീ പാടുന്പോള്‍ മനസ്സഴിയുന്നു..
കഴിഞ്ഞ ജനുവരിയിലെ നഷ്ടപ്പെടലുകള്‍ക്ക് പകരം വയ്ക്കുവാനൊന്നുമില്ലെന്ന് അറിയാം.തലവര പോലെയാണ് ബയോഡാറ്റ.ഒരിക്കല്‍ പതിഞ്ഞാല്‍ അതങ്ങനെ കിടക്കും.ശവക്കുഴി വരെ.എങ്കിലും പിരിഞ്ഞതിന്‍റെ ദീര്‍ഘമായ നിശ്ശബ്ദത.അഭാവം തന്നെ.പ്രിയപ്പെട്ടവരായിരുന്നവരുടെ ഭയം മനസ്സിലാകുന്നു.എല്ലാവരും അവരവരുടെ സ്വസ്ഥതകളില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു എന്നത് പരമമായ സത്യമാണ്.അതിനെ തെറി വിളിക്കേണ്ടതുമില്ല.സത്യത്തില്‍ മിസ്ഫിറ്റാണ് ഞാനീ ലോകത്തില്‍ എന്നു തോന്നാറുണ്ട്.ഒരു തോന്നല്‍ എന്നങ്ങു കൂട്ടാനുമാവുന്നില്ല.അതല്ലേ യാഥാര്‍ത്ഥ്യം.
പതിനൊന്ന് വര്‍ഷത്തിനുശേഷം iffk യില്‍ നാലുദിവസങ്ങള്‍ പങ്കെടുത്തതും മാര്‍ച്ചിലെ ഒരുമാസക്കാലം തിരുവനന്തപുരത്ത് താമസിച്ചതും പാലക്കാടന്‍ ദിനങ്ങളും എറണാകുളത്തെ ജൂണ്‍ മഴ ദിനങ്ങളും ഈ ഒരു വര്‍ഷക്കാലത്തിനിടയിലെ സൌഖ്യം.
ശരിക്കും മൂന്നു പതിറ്റാണ്ടിലേറെ ഒരുറക്കത്തിലായിരുന്നു ഞാന്‍.2011-ല്‍ ഉണര്‍ന്നു,ലോകം എന്നെ സ്വീകരിച്ചു.അതിന്‍റെ അഭിമാനമായ മ്യൂസിയം എന്നെ തുറന്നുകാട്ടി.ജനവരിയില്‍ കയറിയ ഞാന്‍ മ്യൂസിയം കാണാന്‍ തുടങ്ങിയിട്ട് ഇപ്പോ ഒരു വര്‍ഷമായി.ഞാനിതാ പുറത്തേക്ക് വരുന്നു.
ഇനി വരുന്ന 2012 നെ പുതിയ ചിന്തകളും പുതിയ ജീവിതവുമായി നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞു.നിങ്ങളും തയ്യാറല്ലേ..?
എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദ്യമായ ക്രിസ്മസ്-നവവത്സരാശംസകള്‍.

24 comments:

  1. ഇനി വരുന്ന 2012 നെ പുതിയ ചിന്തകളും പുതിയ ജീവിതവുമായി നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞു.നിങ്ങളും തയ്യാറല്ലേ..?

    ReplyDelete
  2. എല്ലാവരുടെ ജീവിതത്തിലും ഇത്തരം ചില ഘട്ടങ്ങള്‍ ഉണ്ടാവും സുസ്മേഷ്. അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകുവാന്‍ സുസ്മേഷിന് കഴിയും. മനസ്സിലാക്കുന്നവര്‍ക്ക് അ വഴക്കടിക്കലുകള്‍ ഒന്നും ഫീല്‍ ചെയ്യില്ല. അല്ലാത്തവര്‍ വഴക്കടിച്ചില്ലെങ്കിലും എന്നെങ്കിലും ഇറങ്ങിപ്പോകുന്നവര്‍ തന്നെയുമാവും. എന്തായാലും വ്യത്യസ്തമായ രചനകളുമായി ബ്ലോഗിലും മറ്റിടങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു സുസ്മേഷിനെ 2012ല്‍ പ്രതീക്ഷിക്കുന്നു. പുതുവത്സരാശംസകള്‍..

    ReplyDelete
  3. നല്ലൊരു പുതുവര്‍ഷത്തിനായ് എല്ലാവിധ ആശംസകളും...

    ഇങ്ങനെയൊക്കെതന്നെയാണു എല്ലാവരുടെ കാര്യവും...സ്വപ്നവും കാല്പനികതയുമൊന്നും വേണ്ടീരുന്നില്ലാന്ന തോന്നല്‍ ,ഇടക്കിടക്ക്..അല്ലെങ്കില്‍ വേണ്ട,അതുണ്ടായാല്‍ എന്താണു കുഴപ്പം,എന്ന് ഇടക്ക്. എന്തു വന്നാലും എന്റെ മനസ്സ്,അത് അണകെട്ടും,തിരിച്ചു വിട്ടോളും എന്ന സമാധാനം...,എവിടെ... ?എല്ലാം കുത്തിയൊലിച്ച് പോകുമ്പോഴും ഒന്നും ചെയ്യാനാവാതെ...

    നല്ലൊരു പുതുവര്‍ഷം ആവണേയെന്ന പ്രാര്‍ത്ഥനയോടും തയ്യാറെടുപ്പോടും കൂടി ,
    സ്നേഹപൂര്‍വ്വം.

    ReplyDelete
  4. തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് ഉയിര്തെഴുന്നെല്‍ക്കുന്നത് സര്‍ഗാത്മകതയുടെ വസന്തതിലെക്കയിരിക്കട്ടെ. എല്ലാ സന്തോഷവും സൌഭാഗ്യവും, സര്‍വോപരി സമാധാനവും നേരുന്നു.

    ReplyDelete
  5. സുസ്മേഷിനെപ്പോലെ ദൈവാനുഗ്രഹമുള്ള ഒരു കഥാകാരനില്‍ നിന്നും ഇനിയും എത്രയോ രചനകള്‍ മലയാളത്തിനു ലഭിക്കാനിരിക്കുന്നു..
    സുവര്‍ണ വര്‍ഷമാവട്ടെ വരാനിരിക്കുന്നത്.
    ആശംസകള്‍..

    ReplyDelete
  6. പുതുവര്‍ഷത്തില്‍ മലയാളത്തിലെ യുവ പ്രതീക്ഷകളില്‍ ഒന്നായ കഥാകാരനില്‍ നിന്നും കനപ്പെട്ട രചനകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  7. പ്രിയപ്പെട്ട സുഹൃത്തുക്കളേ,എങ്ങനെയാണ് ഇത്തരം കുറിപ്പുകള്‍ക്ക് നന്ദി പറയുക..?ഇത് തണലും സാന്ത്വനവുമാണ്.തണുപ്പും ജീവജലവുമാണ്.അതേ എനിക്ക് പറയാനുള്ളൂ..
    പ്രതികരിച്ച എല്ലാവരോടും.

    ReplyDelete
  8. "എല്ലാവരും അവരവരുടെ സ്വസ്ഥതകളില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു എന്നത് പരമമായ സത്യമാണ്.അതിനെ തെറി വിളിക്കേണ്ടതുമില്ല.സത്യത്തില്‍ മിസ്ഫിറ്റാണ് ഞാനീ ലോകത്തില്‍ എന്നു തോന്നാറുണ്ട്.ഒരു തോന്നല്‍ എന്നങ്ങു കൂട്ടാനുമാവുന്നില്ല.അതല്ലേ യാഥാര്‍ത്ഥ്യം."
    മിസ്ഫിറ്റാണ് എന്നു തോന്നുന്നതു എഴുത്തുകാരന്റെ വിധിയാണു.അവര്‍ നല്ല കൃതികള്‍ ശൃഷ്ടിക്കും.വായനക്കാരുടെ ഒരു തലമുറ അവരെ നെഞ്ചിലേറ്റും.പിന്നെ മറക്കും.
    പുതുവര്‍ഷത്തില്‍ താങ്കളുടെ ജീവിതം ശാന്തിയും സ്നേഹവും സര്‍ഗാത്മകതയും നിറഞ്ഞതാകട്ടെയെന്നു വിജയാശംസകള്‍ നേരുന്നു.

    ReplyDelete
  9. ഒരു പുതിയ വര്‍ഷവും പുതിയ വര്‍ഷമല്ല. ആഞ്ജലോ പൌലോയുടെ eternity and a day എന്ന സിനിമയിലെ നായിക പറയുന്നത് പോലെ , നാളെ എന്നത് അനശ്വരതയും ഒരു ദിനവും ആണ്. അത്രയേ ഉള്ളൂ താനും.
    നമ്മുടെ ഇന്നുകളില്‍ , ഈ നില്‍ക്കുന്ന നിമിഷത്തില്‍ ജീവിക്കാന്‍ മറന്നു പോകുന്നതാണ് പലപ്പോഴും അസുഖകരമായ വര്‍ഷങ്ങളെ സമ്മാനിക്കുന്നത്. വളരെ ശരിയാണ് , നമ്മള്‍ മറന്നു പോകാത്ത ഇന്നലെകളും
    ജീവിതത്തില്‍ നമ്മെ കടന്നു പോയ വ്യക്തികളും സാഹചര്യങ്ങളുമൊക്കെ നമ്മളെന്ന വ്യക്തിയെ രൂപപ്പെടുത്താന്‍ വലിയ പങ്കു വഹിക്കുന്നു. പക്ഷെ , പിരിഞ്ഞു പോയവയെ കുറിച്ചുള്ള
    അലട്ടുകള്‍ സുസ്മേഷ് എന്ന വ്യക്തിയെയും,താങ്കളുടെ സര്ഗാത്മകതയെയും ബാധിക്കുമ്പോള്‍...തിരിച്ചറിയുന്നത് നന്നാണ്. നിയതിയുടെ ഒഴുക്കിലെ ചുഴികളില്‍ നമുക്കാവശ്യമില്ലാത്ത പലതും പെട്ട് മറഞ്ഞു പോകുന്നു. പുസ്തകം വനിതാ വിത്തം , പരഹസ്ത ഗതം ഗതം. പരഹസ്തം എന്നത് ഒരു വ്യക്തിയെ കുറിച്ചു മാത്രമല്ല, നമ്മുടെ കൈയില്‍ നിന്നും വിട്ടു പോയ്ക്കഴിഞ്ഞാല്‍ എന്ന് കൂടിയാണ്...

    വര്‍ഷാവസാനം പോസ്റ്റ്‌ ചെയ്തത് അല്പം അസുഖകരമാനെങ്കിലും , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയില്‍ ലാല്‍ പറഞ്ഞതു പോലെ എല്ലാ മലയാളികളെയും പോലെ രാത്രി മുഴുവന്‍ വെള്ളമടിച്ച്ചു വെള്ളമടിയോടു ഗുഡ് ബൈ പറയും ,എന്ന തരത്തിലുള്ള ഒന്നല്ലല്ലോ ! ഭാവുകങ്ങള്‍ !

    ReplyDelete
  10. നിരാശ മിടുക്കന്മാര്‍ക്ക്‌ കാല്ച്ചങ്ങലയും മടിയന്മാര്‍ക്ക് രക്ഷാമാര്ഗ്ഗവുമാണ് ,നിങ്ങള്‍ മിടുക്കനാണെന്ന് തെളിയിച്ച ആളല്ലേ ?ദൈവം തൊട്ട നന്തുണി കയ്യിലുള്ളവന്‍ ,ഓരോ നിമിഷവും ജീവിക്കുക ,നിങ്ങള്ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിക്കൂടിയും ,ഞങ്ങള്‍ കാത്തിരിക്കുന്നു ,കൂടുതല്‍ വരികള്‍ക്കായി ,ഒതുങ്ങാതെ ഒടുങ്ങാത്ത ഊര്‍ജ്ജവുമായി വീണ്ടും വരിക ,നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട് ...

    ReplyDelete
  11. അസ്വസ്ഥതയ്ക്ക് കാരണം ഇപ്പോഴും വറ്റാതെയിരിക്കുന്ന സ്വപ്നഗ്രന്ഥികളാണ്..

    happi new year..

    ReplyDelete
  12. ഞാന്‍ മറൈന്‍ ക്യാന്റീന്‍ വായിച്ചെന്ന് ഓടിവന്നു പറയുവാനിരിക്കുകയായിരുന്നു.
    അപ്പോഴാണീ സങ്കടകുറിപ്പ് വായിച്ചത്.
    കാണാത്ത എത്രയോ പേര്‍ സുസ്മേഷിനെ പറ്റി സംസാരിക്കുന്നു. സുസ്മേഷിനെ സ്നേഹിക്കുന്നു. കഥകള്‍ക്കായി കാത്തിരിക്കുന്നു.
    ദൈവം കൈമുത്തം തന്ന് വിടുന്നവരാണു ഭൂമിയില്‍ എഴുത്തുകാരായി പിറക്കുന്നത്.
    2012ലേക്ക് സൂക്ഷിച്ച് കാല്‍ വക്കുക. ദൈവം മുന്നിലും
    സ്നേഹിക്കുന്നവര്‍ പിന്നിലുമായി സധൈര്യം
    യാത്ര തുടരുക. മിസ്ഫിറ്റ് എന്ന്
    എങ്ങും ഇനി പറഞ്ഞുപോകരുത്.
    വാത്സല്യപൂര്‍വ്വം
    അജിത.

    ReplyDelete
  13. ബാര്‍കോടിനും മാംസഭുക്കുകള്‍ക്കും ഒപ്പം ഓര്‍ക്കേണ്ട മറ്റൊരു കഥ വിട്ടുപോയി എന്ന് തോന്നുന്നു. ജൂണില്‍ മാതൃഭൂമിയില്‍ വന്ന സന്കടമോചനം.

    ReplyDelete
  14. ജീവിതത്തിൽ ആർക്കാ പ്രതിസന്ധികൾ വരാത്തതു്. ഒക്കെ നേരിടുക തന്നെ. പുതിയ വർഷത്തെ ചിരിച്ചുകൊണ്ട് വരവേൽക്കൂ.

    ReplyDelete
  15. ഒരുപടി പുറകോട്ടാഞ്ഞാലേ കുതിക്കാന്‍ പറ്റൂ....

    നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു...

    ReplyDelete
  16. പുതുവത്സരാശംസകള്‍

    ReplyDelete
  17. പുതുവത്സരാശംസകള്‍

    ReplyDelete
  18. അര്‍ത്ഥവത്തായ പ്രതികരണങ്ങള്‍.മിനി ടീച്ചര്‍ എന്‍റെ വിവരക്കേടിനെയാണ് ഓര്‍മ്മിപ്പിച്ചത്.അതോ മറവിയെയോ..!സങ്കടമോചനം പണ്ടെന്നോ എഴുതിപ്പോയ കഥയായിട്ടായിരുന്നു എന്‍റെ മനസ്സില്‍.!കഷ്ടമെന്നല്ലാതെ എന്തുപറയാന്‍.ടീച്ചര്‍ അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു നുള്ള് കിട്ടിയപോലെ വേദനിച്ചു.അത് നന്നായി.എന്‍റെ കൊള്ളാവുന്ന കഥകളിലൊന്നാണത്.
    ഷബീര്‍,സിയാഫ്,രാജീവ്..നമ്മള്‍ കണ്ടിട്ടേയില്ല.എന്നിട്ടും നിങ്ങളെന്നെ എത്ര സ്നേഹിക്കുന്നു.തീര്‍ച്ചയായും നല്ല കഥകള്‍ 2012 ലും ഞാന്‍ നിങ്ങള്‍ക്ക് തരും.
    അജിത,ഇല്ല.ഇനി പറയില്ല അങ്ങനെ.വേറൊന്നുമല്ല ആ വാത്സല്യം എന്നും വേണം.മറൈന്‍ കാന്‍റീന്‍ നന്നായിട്ടുണ്ടോ..?
    ആനന്ദീ,ശരിയാണ്.അതിനാല്‍ കാത്തിരിക്കുക.വരും.രജനീകാന്ത് പറഞ്ഞതുപോലെ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍.(തമിഴ് ശരിയായോ ആവോ.എന്തായാലും കാര്യം മനസ്സിലായി കാണുമല്ലോ.)
    കാട്ടില്‍ അബ്ദുള്‍ നിസ്സാര്‍,യൂസുപ്ഫ,എഴുത്തുകാരി,ശങ്കൂന്‍റമ്മ..സന്തോഷവും നന്ദിയും.
    പ്രതികരിച്ച സുമനസ്സുകള്‍ക്ക് ഹൃദയത്തിലിടം.

    ReplyDelete
  19. അസ്വസ്ഥതയ്ക്ക് കാരണം ഇപ്പോഴും വറ്റാതെയിരിക്കുന്ന സ്വപ്നഗ്രന്ഥികളാണ്!( താങ്കളെപ്പോലുള്ളവർ സ്വസ്ഥരാകരുതെന്നത് ഒരു വായനക്കാരന്റെ സ്വാർത്ഥതയിൽ.) വറ്റാതിരിക്കട്ടേ! സ്നേഹപൂർവ്വം നവവത്സരാശംസകൾ നേരുന്നു.

    ReplyDelete
  20. പുതുവത്സരാശംസകള്‍

    ReplyDelete
  21. ഞാൻ വരാൻ വൈകി, സാരമില്ല. പോസ്റ്റിട്ടതിൽ സന്തോഷം. സങ്കടമായാലും നല്ല വരികൾ ഉള്ള ഒരു പോസ്റ്റ് വന്നല്ലോ. സങ്കടം ഇല്ലാത്ത ഒറ്റ മനുഷ്യരില്ല, ഈ പ്രപഞ്ചത്തിൽ. അതുകൊണ്ട് യൂ ആർ നോട്ട് എ മിസ്ഫിറ്റ്. സങ്കടമേയില്ല എന്നെഴുതിയിരുന്നുവെങ്കിൽ ഞാൻ ആലോചിച്ചേനേ, മിസ്ഫിറ്റാന്നും വിചാരിച്ചേനെ.

    അപ്പോൾ നല്ല നല്ല കഥകൾ, നോവലുകൾ, ബ്ലോഗ് കുറിപ്പുകൾ ഒക്കെ വരട്ടെ....വരട്ടെ.
    പിന്നെ, നല്ലൊരു 2012 ആശംസിച്ചുകൊള്ളുന്നു.

    ReplyDelete
  22. പ്രിയ കഥാകാരന് പുതുവര്‍ഷാശംസകള്‍

    ReplyDelete
  23. അദ്വൈതം അപ്പൂപ്പന്‍,ശ്രദ്ധേയന്‍,എച്ച്മുക്കുട്ടി,ബെഞ്ചാലി,ശ്രീനാഥന്‍ മാഷ്-നന്ദി.ഇനിയും വരുമല്ലോ.

    ReplyDelete