Friday, December 30, 2011

ചുട്ടിമാട് പറയുന്നു,ഞാനും നിങ്ങളിലൊരാളാണ്.

വായനയെ ഞാന്‍ ഏറെക്കുറെ തിരിച്ചുപിടിച്ച വര്‍ഷമാണ് 2011.പണ്ട് വായിച്ച് മറന്നതും പുതിയതുമായ കുറേയേറെ വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങള്‍ എന്നെ ഈ വര്‍ഷമുടനീളം കൈ പിടിച്ച് നടത്തി.അതിന്‍റെ പ്രകാശത്തില്‍ ലോകത്തിന്‍റെ മുഖം ഞാന്‍ കാണുകയും ചെയ്തു.ഇരുട്ടില്‍ നടക്കുന്നവന്‍റെ കാല്‍ച്ചുവട്ടിലെ വെളിച്ചമാണല്ലോ പുസ്തകങ്ങള്‍.
ഞാന്‍ ജനിക്കുന്നതിനും മുന്പ് രാജന്‍ കാക്കനാടന്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രാവിവരണമാണ് ഈ വര്‍ഷമാദ്യം ഞാന്‍ വീണ്ടും വായിച്ച ഒരു പുസ്തകം.ഇതിനുമുന്പ് രണ്ടോ മൂന്നോ വട്ടം ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്.ആദ്യം വായിക്കുന്നത് ഹൈസ്കൂള്‍ കാലത്താണ്.ആയിടയ്ക്കുതന്നെയാണ് അദ്ദേഹത്തിന്‍റെ നേരമല്ലാത്ത നേരത്തും(നോവല്‍) വായിച്ചത്.പക്ഷേ അതിന്‍റെ പ്രമേയവും മറ്റും ഇപ്പോള്‍ ഓര്‍മ്മയില്ല.1975-ല്‍ രാജസ്ഥാന്‍റെ തെക്കുഭാഗത്തുള്ള ആംബു പര്‍വ്വതത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് രാജന്‍ കാക്കനാടന്‍ കാല്‍നടയായി നടത്തിയ അസാധാരണയാത്രയുടെ അനുഭവങ്ങളാണ് ഹിമവാന്‍റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകം.ഇപ്പോള്‍ വായിക്കുന്പോഴും ത്രില്ലടിപ്പിക്കുന്ന അനുഭവം.ജീവിതത്തില്‍ വല്ല പല്ലിയോ തേരട്ടയോ നേരെ വന്നാല്‍പ്പോലും വിരണ്ടുപോകുന്ന നമുക്ക് ദുനിയാവിലെ ഏത് ചെകുത്താന്‍ എതിരെ വന്നാല്‍പ്പോലും 'വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ' എന്നു സധൈര്യം വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന ജീവിതബോധവും സ്ഥൈര്യവും ആ പുസ്തകം നമുക്ക് തരും.
പരിണാമവും ഒന്നുകൂടി വായിച്ചു.എം.പി.നാരായണപിള്ള മാജിക്.വായിച്ചു പകുതിയാക്കിയത് വി.ടിയുടെ സന്പൂര്‍ണ്ണകൃതികള്‍.ആവര്‍ത്തിച്ചും ആസ്വദിച്ചും പഠിച്ചും വായിച്ച മറ്റൊരു പുസ്തകം അഷിതയുടെ കഥകളാണ്.ദൈവമേ,സ്ത്രീയുടെ കണ്ണുകളുടെയും മനസ്സിന്‍റെയും കരുത്തും മൂര്‍ച്ചയും ഭാഷയില്‍ പുനരാവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ നമ്മള്‍ അഷിതയുടെ കഥകള്‍ വായിക്കണം.ഉദാഹരണത്തിന്,ഒരു സ്ത്രീയും പറയാത്തത്,കല്ലുവച്ച നുണകള്‍,ഗമകം,അമ്മ എന്നോട് പറഞ്ഞ നുണകള്‍,പത്മനാഭന് ഒരു കഥ,ചതുരംഗം...
പെസഹാ തിരുനാള്‍ എന്ന കഥയില്‍ അഷിത എഴുതുന്നു.
''എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനായി ഞാന്‍ കഥ തുടരുകയായി.ഒരു കഥ പറയുക എത്രയോ എളുപ്പം.!''വെറുതെ വായിച്ചാല്‍ സാധാരണ വരികള്‍.ആലോചിച്ചുവായിച്ചാല്‍ ഹൃദയത്തില്‍ ചൂണ്ട മുറുക്കി വലിക്കുന്ന അനുഭവം.
കെ.എ ബീനയുടെ ബ്രഹ്മപുത്രയിലെ വീട് ഈ കൊല്ലമാണ് ഞാന്‍ വായിച്ചത്.നല്ല പുസ്തകം.ഒഴുക്കുള്ള രചന.കഴിഞ്ഞ വര്‍ഷത്തെ എന്‍റെ നാമമാത്രമായ ഭാരതപര്യടനത്തിന്‍റെ ആവേശത്തിലാണ് കേട്ടോ ഹിമവാന്‍റെ മുകള്‍ത്തട്ടിലും ബ്രഹ്മപുത്രയുമൊക്കെ ഞാന്‍ ഈ കൊല്ലമാദ്യം തന്നെ വായിച്ചത്.ഇനിയും കുറേ പുസ്തകങ്ങള്‍ കൂടി പറയാനുണ്ട്.പക്ഷേ അതൊന്നുമല്ലല്ലോ ഞാന്‍ പറയാന്‍ വരുന്നത്
2011ലെ എന്‍റെ പുസ്തകമേതാണ്..?എന്നെ ചിന്തിപ്പിച്ച,രസിപ്പിച്ച,കണ്ണുനനയിപ്പിച്ച,ആവേശം കൊള്ളിച്ച,ഓര്‍മ്മകളെ തിരിച്ചുവരുത്തിയ,ലക്ഷ്യങ്ങളെ ഓര്‍മ്മിപ്പിച്ച,ഭാഷയെ വിരുന്നൂട്ടിയ,വായനാലഹരിയില്‍ മയക്കം കൊള്ളിച്ച ആ പുസ്തകമേതാണ്?അത് വളരെ ചെറിയൊരു പുസ്തകമാണ്.
എന്‍.എ നസീറിന്‍റെ കാടും ഫോട്ടോഗ്രാഫറും.
കേരള സാഹിത്യ അക്കാദമി 2011 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 136 പേജുകളേയുള്ളൂ.അതില്‍ത്തന്നെ അനവധി പേജുകളിലും വര്‍ണ്ണചിത്രങ്ങളാണ്.ആകെ 20 അധ്യായങ്ങള്‍.അനുബന്ധമായി ഗിരീഷ് ജനാര്‍ദ്ദനന്‍ എഴുതിയ ഒരു വനചാരിയുടെ ആത്മകഥ എന്ന നസീറിന്‍റെ ലഘുജീവചരിത്രവുമുണ്ട്.
ഹോ...അസാധ്യം.അതല്ലാതെ ഒരു വാക്ക്-സാധ്യമാണ് അത്തരം ജീവിതം എന്ന് നസീര്‍ വാക്കുകളാലും ചിത്രങ്ങളാലും തെളിയിച്ചിട്ടും-പറയാനാവുന്നില്ല ഈ പുസ്തകം വായിച്ചുകഴിയുന്പോള്‍.ഓരോ അധ്യായവും വായിച്ചശേഷം ഞാന്‍ കുറേ നേരം അന്തം വിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും.
''ഒരുകൂട്ടം കാട്ടാനാകള്‍ നമ്മുടെ അരികിലൂടെ കടന്നുപോയാല്‍ നമ്മള്‍ തിരിച്ചറിയില്ല.പക്ഷേ,ഒരു മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരിക്കുന്പോള്‍ എല്ലാ ജീവികളും അതറിയുന്നു.''ഈ വരികള്‍ വായിക്കുന്പോള്‍ നാം കയറിച്ചെല്ലുന്ന അവസ്ഥയെപ്പറ്റി വിവരിക്കുവാന്‍ എളുപ്പമല്ല.ഒന്നറിയാം..നമ്മളെത്രയോ നിസ്സാരനാണ് സുഹൃത്തേ..!
നസീറിനൊപ്പം കാട് കയറിയവര്‍ പറഞ്ഞുപോരുന്ന ഒരു ഫലിതത്തെപ്പറ്റി ഗിരീഷ് ഇതിലെഴുതിയിട്ടുണ്ട്.അതിങ്ങനെയാണ്.''കാട് അയാള്‍ക്ക് ഒരു സ്റ്റുഡിയോ ഫ്ലോര്‍ പോലെയാണത്രേ.അവിടെ മൃഗങ്ങള്‍ മനുഷ്യരെപ്പോലെ അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.!''എന്തുരസമുള്ള പ്രയോഗം.ആലോചിച്ചാലോ നമ്മളെപ്പോലെയുള്ള സാധാരണക്കാരനില്‍ നടുക്കം മാത്രം അവശേഷിപ്പിക്കുന്നതും.
ഈ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കാട്ടില്‍പ്പോണോ,ഫോട്ടോയെടുപ്പ് തുടരണോ,പെയിന്‍റിംഗ് തുടരണോ,യോഗ പഠിക്കണോ,കരാട്ടേ പഠിക്കണോ,വാങ്ങിയ സ്ഥലത്ത് കാട് പിടിപ്പിക്കണോ,സഞ്ചാരിയാവണോ എന്നൊന്നുമല്ല മനസ്സില്‍ വന്നത്.സത്യമായും മനസ്സിലപ്പോള്‍ വന്നത് ഒരിക്കലെങ്കിലും ഒരു മയില്‍ പീലി വിരിക്കുന്നത് കാണാനായെങ്കില്‍,അല്ലെങ്കില്‍ കാട്ടാനക്കൂട്ടം നിറനിലാവില്‍ ആറാടിമദിക്കുന്നത് പരിസരത്തുനിന്ന് കാണാനായെങ്കില്‍,അതുമല്ലെങ്കില്‍ ആകാശസ്പര്‍ശിയായ ഒരു മലമുടിയുടെ മേലെ മഞ്ഞ് അതിന്‍റെ മുഖപടം വലിച്ചിടുന്നത് കാണാനായെങ്കില്‍ എന്നൊക്കെയാണ്.!
അതുകൊണ്ടൊക്കെത്തന്നെ വിസ്മയമാണ് എന്‍.എ നസീര്‍ എഴുതിയ/ജീവിക്കുന്ന ഈ പുസ്തകം.
രാജവെന്പാല,കരടി,കടുവ,കലമാന്‍,കാട്ടുപോത്ത്,പുള്ളിപ്പുലി,ആന,മൂങ്ങ,കാട്ടുനായ്ക്കള്‍,സിംഹവാലന്‍ കുരങ്ങ്,തീക്കാക്ക...ഒരു തിരശ്ശീലയിലെന്നപോലെ കഥാപാത്രങ്ങള്‍ അണിനിരക്കുകയാണ്.ലോകത്തിലെ എല്ലാ ഭാഷയിലെയും മികച്ച വാണിജ്യസിനിമാത്തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നിരുന്ന് എഴുതിയ പോലത്തെ ത്രില്ലര്‍ സീനുകളാണ് ഓരോ അധ്യായത്തിലും.ചിലപ്പോള്‍ വായനക്കിടയില്‍ രോമം കുത്തനെ നില്‍ക്കും,നമ്മള്‍ ശ്വാസമെടുക്കാന്‍ മറക്കും,ഒരു പുസ്തകവും വായിക്കുന്പോള്‍ കിട്ടാത്തത്ര തികഞ്ഞ ഏകാന്തതയിലുമാവും.അതാണ് വായനാനുഭവമെങ്കില്‍ അത്തരം യാത്രാനുഭവങ്ങള്‍ എത്രമേല്‍ തീവ്രമായിരിക്കും എന്നാലോചിക്കൂ.
പശുത്തൊഴുത്തില്‍ ചെന്നുനില്‍ക്കുന്പോള്‍ പശുക്കള്‍ ഉറക്കെ ഉച്ഛ്വസിക്കുന്നത് ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.(അതുപോലും അറിയണമെങ്കില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വല്ല ദിക്കിലുമെത്തണം.പിന്നേയ്..,പശുവിന്‍റെ കഴുത്തേല്‍ പിടിക്കാന്‍ ഇപ്പോ നാട്ടിലേക്ക് പോകുവല്ലേ,എന്നാണ് നമ്മളുടെ ചിന്ത.!)പശുക്കളുടെ മൂക്കിലെ നനവിലും നാവിന്‍റെ അരത്തിലും കാതുകളുടെ തരളഭംഗിയിലും താടഞൊറിവുകളുടെ വിലോലതയിലും കണ്ണുകളുടെ ആര്‍ദ്രതയിലും ഞാനങ്ങിനെ
മയങ്ങി നിന്നിട്ടുണ്ട്.പശുവോ പൂച്ചയോ നായയോ എരുമയോ താറാവോ നാട്ടാനയോ-വളര്‍ത്തുമൃഗങ്ങള്‍-ഏതുമാകട്ടെ..എനിക്ക് ഇങ്ങനെയാണ് അനുഭവം.എങ്കില്‍ ഒരു കാട്ടില്‍ പുള്ളിമാനുകളുടെ കൂട്ടത്തെയോ ശലഭങ്ങളെയോ ആനത്താരയിലെ യാത്രക്കാരെയോ നിലാവില്‍ മേയുന്ന കാട്ടുപോത്തുകളുടെ സംഘത്തെയോ അടുത്തറിയുന്ന അനുഭവം എത്ര ആനന്ദകരമായിരിക്കും.അത് എഴുതാന്‍ ഏതു ഭാഷയെ ഉപാസിക്കണം..?
ചാര അണ്ണാനെയും കുറിക്കണ്ണന്‍ പുള്ളിനെയും നീലഗിരി മാര്‍ട്ടനെയും കണ്ടെത്താന്‍ കഴിഞ്ഞ അനുഭവങ്ങള് ഈ പുസ്തകത്തില്‍ ‍വിവരിക്കുന്നത് അസാധാരണമായിട്ടാണ്.അതുകൊണ്ടൊക്കെ ഞാനുറപ്പിച്ചു പറയും,ഇതൊരു സര്‍വ്വകാലാശാലയാണ്.കാടിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഗ്രന്ഥമാണ്.പരിസ്ഥിതി എന്നാലെന്തെന്ന് നമ്മളെ പഠിപ്പിക്കുന്ന രാഷ്ട്രീയമാണ്.
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി,എന്‍.എ.നസീറിന്‍റെ കാടും ഫോട്ടോഗ്രാഫറും എന്ന പുസ്തകം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠപുസ്തകമാക്കണം.അല്ലെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ പുസ്തകം സൌജന്യമായോ ന്യായവിലയ്ക്കോ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കാന്‍ ഉത്തരവിടണം.കാരണം കുട്ടികളാണ് ഈ പുസ്തകം ഗ്രഹിക്കേണ്ടത്.അവരാണ് ഇനി പരിസ്ഥിതി സംരക്ഷകരായി വരും നാളെകള്‍ക്ക് തിരിച്ചറിവുകള്‍ പകരേണ്ടത്.ഈ പുസ്തകം വായിക്കുന്ന പത്തില്‍ ഒരു കുട്ടിയെങ്കിലും പ്രകൃതിയിലേക്കും പരിസ്ഥിതിസംരക്ഷണത്തിലേക്കും ജന്തുജാലപ്രേമത്തിലേക്കും തിരിയുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.അതാണ് ഈ പുസ്തകത്തിന്‍റെ ശക്തി.ആത്മാവും.
നമ്മുടെ മന്ത്രിമാരോട് പറയാമെന്നേയുള്ളു..നടപ്പാക്കാന്‍ നമുക്ക് അധികാരമില്ലല്ലോ.അതിനാല്‍ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന.കേരള സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.വില 400 രൂപയാണ്.മക്കളിലൊരാള്‍ക്ക് ഒരു ജോഡി ഉടുപ്പ് വാങ്ങുന്ന പണമേ ആവൂ.ഒരു ബുക്ക് വാങ്ങിയാല്‍ വീട്ടിലെ എല്ലാ മക്കള്‍ക്കും ഉപകാരപ്രദമാവുകയും ചെയ്യും.ഭാവിയില്‍ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത് നിങ്ങള്‍ വാങ്ങിക്കൊടുത്ത പട്ടുടുപ്പിന്‍റെയും ഭക്ഷണത്തിന്‍റെയും സ്മരണയിലായിരിക്കില്ല,അവര്‍ക്ക് വഴികാട്ടിവിട്ട ഒരു പുസ്തകത്തിന്‍റെ പേരിലായിരിക്കും.അതിനാല്‍ ഈ പുസ്തകമെങ്കിലും വാങ്ങി മക്കള്‍ക്ക് കൊടുക്കുക.
ഞാന്‍ പറയുന്നത് അവിശ്വസനീയമായി തോന്നുവര്‍ക്ക് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ പുതുവര്‍ഷപ്പതിപ്പ് വാങ്ങിക്കാം.വായിക്കാം.നസീറിന്‍റെയും ശശി ഗായത്രിയുടെയും ഡോ.അബ്ദുള്ള പാലേരിയുടെയും ചിത്രങ്ങളും എഴുത്തും വായിക്കാം.ചിത്രകാരന്‍ ഷെരീഫിന്‍റെ കാട് കാണാം.
(ഒന്നുകൂടി പറയട്ടെ ഈ മൂവരെയും ഞാന്‍ ഇതുവരെ പരിചയപ്പെടുകയോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല.സദാ സംശയാലുക്കളായ മലയാളികള്‍ക്ക് ഞാന്‍ എന്തെങ്കിലും കാര്യലാഭത്തിനായി ഈ പ്രകൃതീസ്നേഹികളുടെയും ആഴ്ചപ്പതിപ്പിന്‍റെയും വക്കാലത്തെടുക്കുകയാണെന്ന് തോന്നിയേക്കാം.അതാണിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നത്.)
2011ലെ എന്‍റെ പുസ്തകം ഇതാണ്.ഇതുമാത്രമാണ്.
എല്ലാ വായനക്കാര്‍ക്കും ഹരിതം നിറഞ്ഞ നവവത്സരാശംസകള്‍...

28 comments:

  1. ഒരു ബുക്ക് വാങ്ങിയാല്‍ വീട്ടിലെ എല്ലാ മക്കള്‍ക്കും ഉപകാരപ്രദമാവുകയും ചെയ്യും.ഭാവിയില്‍ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത് നിങ്ങള്‍ വാങ്ങിക്കൊടുത്ത പട്ടുടുപ്പിന്‍റെയും ഭക്ഷണത്തിന്‍റെയും സ്മരണയിലായിരിക്കില്ല,അവര്‍ക്ക് വഴികാട്ടിവിട്ട ഒരു പുസ്തകത്തിന്‍റെ പേരിലായിരിക്കും.അതിനാല്‍ ഈ പുസ്തകമെങ്കിലും വാങ്ങി മക്കള്‍ക്ക് കൊടുക്കുക.

    ReplyDelete
  2. ഈ പുസ്തകം വായിക്കുന്ന പത്തില്‍ ഒരു കുട്ടിയെങ്കിലും പ്രകൃതിയിലേക്കും പരിസ്ഥിതിസംരക്ഷണത്തിലേക്കും ജന്തുജാലപ്രേമത്തിലേക്കും തിരിയുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.അതാണ് ഈ പുസ്തകത്തിന്‍റെ ശക്തി.ആത്മാവും...

    ഭൂമിയുടെ നിലനില്‍പ്പ് ഏറെ അപകടത്തില്‍ ആയിട്ടും പ്രകൃതി പഠനം എന്നത് സിലബസ്സില്‍ പ്രാധാന്യത്തോടെ വരുന്നില്ലല്ലോ എന്നത് അല്പം മുന്നേ ഇവിടെ സംസാരിച്, ആശന്കപ്പെട്ടതെ ഉള്ളു.!

    ഒരാള്‍ മാത്രം ആശങ്കപ്പെട്ടത് കൊണ്ട് ഒന്നുമാവാത്തതാണ് ഈ വിഷയം. താങ്കളുടെ ആശയം മറ്റുള്ളവരില്‍ പടരട്ടെ എന്നാശിക്കുന്നു.

    പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികള്‍ ഉണ്ടാകട്ടെ ചുറ്റിലും. ഹരിതമോഹണം ഓര്‍ത്തുകൊണ്ട് ഹരിതം നിറഞ്ഞ പുതുവര്‍ഷം തിരിച്ചും ആശംസിക്കുന്നു.

    ReplyDelete
  3. കുറെ പുസ്തകങ്ങള്‍ പരിച്ചപ്പെടുതിയത്തിനു നന്ദി. എല്ലാ നവവര്‍ഷാരംഭത്തിലും അതിനു മുമ്പിലത്തെ വര്ഷം ഇറങ്ങിയ ഇരുപതോളം ബുക്ക്‌(, ( വിമര്‍ശനങ്ങളും, കേട്ടറിവുകളും വഴികാട്ടി) വാങ്ങുന്ന ശീലം എനിക്കുണ്ട്. ഇക്കുറി ഒരു പുസ്തകം വനചാരിയുടെ ആത്കഥ ആയിരിക്കും.

    ഈ ലേഖനത്തിന് നന്ദി.

    ReplyDelete
  4. "സദാ സംശയാലുക്കളായ മലയാളികള്‍ക്ക് " ... നവവത്സരാശംസകള്‍
    കൊള്ളാം.
    പണ്ട്‌ ആദ്യ വണ്ടിയാത്ര (ടിക്കറ്റ്‌ എടുക്കാതെ) നടത്തിയവൻ (കണ്ടക്ടറുടെ അടി വാങ്ങി ഇറങ്ങുമ്പോൾ) പറഞ്ഞ പോലെ " ഇറങ്ങുമ്പോഴുള്ള ഈ വീക്ക്‌ സഹിക്കാൻ പറ്റുന്നില്ല"

    ReplyDelete
  5. തീര്‍ച്ചയായും, ഇപ്പോള്‍ സമൂഹവും സര്‍ക്കാരും ഒരു തിരിച്ചറിവിന്റെയും, തിരിച്ചുപോക്കിന്റെയും പാതയിലാണ്. അതിന്റെ ഫലമാണല്ലോ, സ്കൂളില്‍ നടപ്പാക്കിവരുന്ന എന്റെ മരവും മണ്ണ്എഴുത്തും ഒക്കെ. വായനവാരം വളരെ വലിയ ആഘോഷമാക്കി നടത്തി വരുന്നുണ്ട്, സ്കൂളുകളില്‍. അതിന്റെ ചുവടു പിടിച്ചു കൊണ്ടുള്ള ഈ പോസ്റ്റ്‌ വളരെ നന്നായി. പുതുവല്‍സരാശംസകള്‍.. ഈ പുസ്തകങ്ങള്‍ സ്കൂളിലെ കുട്ടികള്‍ക്കും പരിചയപ്പെടുത്താന്‍ ശ്രമിക്കാം.

    ReplyDelete
  6. വളരെ നന്നായി എഴുത്തിയിരിക്കുന്നു സുസ്മേഷ്.. എല്ലാ കുട്ടികളും ഈ പുസ്തകം വായിക്കാനുള്ള അവസരമൊരുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് നമുക്ക് അഭ്യര്‍ത്ഥിക്കാം.

    പുതുവത്സരാശംസകളോടെ,

    ReplyDelete
  7. നസീറിന്റെ ലേഖനം മാതൃഭൂമിയിൽ വായിച്ചിരുന്നു. കാട്ടിൽ കറങ്ങുന്നത് വളരെ കൂളായ മാറ്റർ ആണെന്നൊരു തെറ്റിദ്ധാരണ അതുണ്ടാക്കി. :)

    ReplyDelete
  8. പുസ്തകം വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന കുറിപ്പ്‌

    ReplyDelete
  9. “Hungry man, reach for the book: it is a weapon.” എന്ന് ബ്രെഹ്ത് പറഞ്ഞത് ഓര്മ വന്നു.
    ഗ്രഹിച്ചും ആസ്വദിച്ചുമുള്ള വായന , അത് പുസ്തകമായ്ക്കൊള്ളട്ടെ , അല്ലെങ്കില്‍ മനുഷ്യരെ ആയ്ക്കൊള്ളട്ടെ ...അനുഭവങ്ങളുടെ ഒരു വിശാല ലോകം തുറന്നു കാട്ടുന്നു. കുട്ടിക്കാലത്തെയും കൌമാരത്തിലെയും വായനയാകട്ടെ ചിന്താശാലിയായ മനുഷ്യനില്‍ അവന്‍റെ തുടര്‍ന്നുള്ള വലിയ ജീവിതത്തിലേക്ക് വേണ്ടുന്ന ഉള്‍ക്കാഴ്ച ഉണ്ടാക്കാന്‍ ഉപകരിക്കുന്നു. വേണ്ട സമയത്ത് ആനന്ദവും , അമര്‍ഷവും , സമചിത്തതയും നല്‍കുന്നു.
    കുട്ടിക്കാലം മുതല്‍ തന്നെ വായനയില്‍ അനുഭവിച്ചിരുന്ന ആനന്ദമാണ് സുസ്മേഷ് ജി, നിങ്ങളെ പോലുള്ള എഴുത്തുകാര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നത്. ആ കുട്ടിപ്രായത്തില്‍ നിങ്ങള്‍ അനുഭവിച്ച സന്തോഷമാണ് ഇന്നത്തെ കുട്ടികള്‍ക്കും ഉണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്.
    ശ്രീ കൃഷ്ണ ആലനഹള്ളിയുടെ കാട് എന്ന പുസ്തകം ദേശമംഗലം സര്‍ക്കാര്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്ക് എന്റെ അപ്പച്ചന്‍ വായനശാലയില്‍ നിന്നും എടുത്തു തരുന്നത്. എന്റെ ആദ്യ വായനശാലാ പുസ്തകം. മറക്കില്ല ആ മധുരം. 25 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അത് വീണ്ടും വാങ്ങിച്ചു എന്‍റെ ലൈബ്രറിയില്‍ സൂക്ഷിച്ചു.
    ഇനിയും അനുഭവങ്ങളുടെയും ഓര്‍മകളുടെയും എഴുത്തുകള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നു.ഭാവുകങ്ങള്‍!

    ReplyDelete
  10. രാജന്‍ കാക്കനാടന്‍ , അഷിത ,എം .പി നാരായണപിള്ള , അങ്ങിനെ പല ഫ്ലേവര്‍ വായനകളിലേക്ക് ഒന്ന് കൊണ്ട് പോയി സുസ്മേഷ് ഇത്തവണ ..നസീറിന്റെ ഈ പുസ്തകത്തെ കുറിച്ച് വായിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ സുസ്മേഷ് പറഞ്ഞിരുന്നത് ഓര്‍മ വന്നു ...അന്നേ തോന്നിയിരുന്നു വായിക്കണം എന്ന് ...ഏതായാലും ഇനി നാട്ടിലേക്കുള്ള വരവില്‍ വാങ്ങാനുള്ള ലിസ്റ്റില്‍ ചേര്‍ത്തു വെച്ചു...ഈ പുസ്തകം കുഞ്ഞുങ്ങളിലേയ്ക്ക് എത്തിയ്ക്കാന്‍ അച്ഛനമ്മമാരും മനസ്സ് വെയ്ക്കട്ടെ ...കാടും കാടിന്റെ വശ്യതയും വന്യതയും ഒക്കെ അറിയാനും ആസ്വദിയ്ക്കാനും നമ്മുടെ യുവതലമുറയ്ക്കും കഴിയട്ടെ ....

    ReplyDelete
  11. വി. മുസഫര്‍ അഹമ്മദ് പറഞ്ഞു അയാളുടെ 11 ലെ മികച്ച മലയള പുസ്തകം
    നസീറിന്റെ കാടും ഫോട്ടോഗ്രാഫറും ആണന്ന്. മുഖ്യധാരയിലെ തിരഞ്ഞെടുപ്പുകളീല്‍
    ഒരിടത്തും ഇതിന്റെ പോടിപോലും ഇല്ല. പബ്ലിഷറുടെ തന്ത്രങ്ങള്‍ക്ക് അപ്പുറത്ത് എത്തും നല്ല വായനക്കാരന്‍ എന്നും. ഇത് അതിന്റെ ഉദാഹരണം

    ReplyDelete
  12. നന്മ നിറഞ്ഞ നാളുകള്‍ നേരുന്നു...

    ReplyDelete
  13. കൊടും കാട്ടിലെ നിശബ്ദതയും ഇരുട്ടും അനുഭവിച്ചറിയുക തന്നെ വേണം! ബ്രഹ്മത്തെ അന്വാഷിച്ചു വേറെങ്ങും പോകേണ്ടതില്ല.

    പുതുവത്സരാശംസകള്‍..........

    ReplyDelete
  14. നന്ദി...പുതുവത്സരാശംസകൾ

    ReplyDelete
  15. എന്റെ നാട്ടുകാരനാണ് ഇദ്ദേഹം. സത്യത്തില്‍ അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. നിരക്ഷരന്റെ ഈ പുസ്തകപരിചയം വായിക്കും വരെക്കും. അതിന് ശേഷം ഈ ലക്കം മാതൃഭൂമിയില്‍ മുകളില്‍ പറഞ്ഞ ലേഖനവും കണ്ടു.

    ഇവിടെ സൂചിപ്പിച്ച മറ്റു പുസ്തകങ്ങളില്‍ പരിണാമം മാത്രമേ വായിച്ചിട്ടുള്ളൂ..

    ReplyDelete
  16. interesting note..my new year greetings!

    ReplyDelete
  17. മാതൃഭൂമിയില്‍ നസീറിന്റെ ചിത്രങ്ങളും ലേഖനവും കണ്ടിരുന്നു.
    സുസ്മേഷ് എഴുതിയത് വായിച്ചപ്പോള്‍ എങ്ങിനെയും പുസ്തകം വായിക്കണം എന്ന് തോന്നുന്നു.
    സുസ്മേഷിനു നവവല്സരാശംസകള്‍..

    ReplyDelete
  18. നന്ദി...പുതുവത്സരാശംസകൾ

    ReplyDelete
  19. ഞാൻ പോസ്റ്റ് വായിച്ചു. മാതൃഭൂമി വാരികയും വായിച്ചു.

    നസീറിന്റെ പുസ്തകം വാങ്ങി വായിയ്ക്കാം. നല്ലൊരു പോസ്റ്റിനു നന്ദി.

    പുതുവത്സരാശംസകൾ.

    ReplyDelete
  20. വായിക്കാന്‍ പ്രേരണ തരുന്ന കുറിപ്പ്. നന്ദി

    ReplyDelete
  21. ശങ്കൂന്‍റമ്മ,ഇന്നലെ ഞാന്‍ നസീറിനെ കണ്ടിരുന്നു.ഇത് സിലബസിലാക്കുന്ന കാര്യങ്ങളില്‍ നമ്മള്‍ കാര്യമായെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.അദ്ദേഹവും നമ്മളും നിസ്സഹായരാണ്.സ്വപ്നം പങ്കു വയ്ക്കാം എന്നുമാത്രം.എന്തായാലും താങ്കളും ആ ആഗ്രഹം പങ്കിട്ടല്ലോ.ഒരുപാട് നന്ദി.ഹരിതം നിറഞ്ഞ വര്‍ഷങ്ങളാവട്ടെ ഭൂമിക്ക്.

    ReplyDelete
  22. എന്താ കലാവല്ലഭന്‍,മലയാളികള്‍ സദാ സംശയാലുക്കളും അന്ധവിശ്വാസികളുമായി മാറിക്കൊണ്ടിരിക്കുകയല്ലേ..?
    അവനവന്‍റെ കഴിവിലും മറ്റൊരുത്തന്‍റെ കഴിവിലും തീരെ വിശ്വാസമില്ലാത്തവരാണിപ്പോള്‍ മലയാളികള്‍.
    അതാണ് ഇറങ്ങാന്‍ നേരം ഒന്നുകുത്തിയത്.

    ReplyDelete
  23. മിനി ടീച്ചര്‍,വളരെ നന്ദി.പുസ്തകം തൃശൂര്‍ സാഹിത്യ അക്കാദമിയുടെ വില്പന വിഭാഗത്തില്‍ കിട്ടും.ഒരു പീരീഡ് ഒരദ്ധ്യായം വച്ച് വായിച്ചുകൊടുത്താല്‍ തന്നെ ധാരാളം.ശ്രമിക്കുമല്ലോ.
    കെ.പി.സുകുമാരന്‍,മൈന,വളരെ സന്തോഷം.
    കുമാരന്‍,കാട്ടില്‍ കറങ്ങുന്നത് അത്ര കൂളായ പ്രവര്‍ത്തിയായിരിക്കാനിടയില്ല.നസീര്‍ അതില്‍ പറയുന്നത് അതുവായിച്ച് തന്നെ അനുകരിക്കാന്‍ ആരും ശ്രമിക്കരുതെന്നാണ്.മുപ്പത്തഞ്ചു വര്‍ഷമായി കാട് കേറുന്ന ഒരാളാണത്രേ നസീര്‍.
    ആനന്ദീ,കാട് ഞാന്‍ വായിച്ചിട്ടില്ല.വായിക്കാം.ശ്രീകൃഷ്ണയുടെ ഭുജംഗയ്യനും പാവങ്ങളും ചില കഥകളുമാണ് ഞാന്‍ വായിച്ചിട്ടുള്ളത്.കുട്ടിക്കാലത്ത് തലയില്‍ കിട്ടുന്ന നിക്ഷേപത്തിന്‍റെ പലിശയിലാണ് പില്‍ക്കാലത്ത് പലരും കാലയാപനം ചെയ്യുന്നത്.
    സുനില്‍ ജി.കൃഷ്ണന്‍,വി.മുസാഫിറൊക്കെ എത്ര വായിക്കുന്ന ആളാണ്.!എത്ര ലോകം ചുറ്റുന്ന ആളാണ്! അവരൊക്കെ ശരി വച്ചാല്‍ പിന്നെ എനിക്കൊന്നും ഭയക്കാനില്ല.എന്‍റെ തിരഞ്ഞെടുപ്പ് പതിനായിരം വട്ടം ശരിയാണ് എന്നാണല്ലോ അതിന്‍റ അര്‍ത്ഥം.ചാരിതാര്‍ത്ഥ്യം.
    യൂസുഫ്പ,രാജീവ് വാസു,സുഗന്ധി,അജിത,എച്ച്മുക്കുട്ടി,പ്രിന്‍സണ്‍,ഷാജു അത്താണിക്കല്‍,സേതുലക്ഷ്മി,ചിത്ര നന്ദി.പുതുവത്സരാശംസകള്‍ക്കും.
    മനോരാജ്,നിരക്ഷരനും എഴുതി അല്ലേ..വായിക്കാം.സന്തോഷം തോന്നുന്നു.ഇന്നലെ സാഹിത്യ അക്കാദമിയില്‍ നസീര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.
    പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം.ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  24. അനാഗതശ്മശ്രു-നന്ദി.ഇക്കാര്യത്തില്‍ നമുക്കാവുന്നത് ചെയ്യാന്‍ ശ്രമിക്കണം.ഭൂമിയെ പച്ചപ്പുതപ്പണിയിക്കേണ്ടതും കാട്ടുമൃഗങ്ങളെ സംരക്ഷിക്കേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്.
    അങ്ങേയ്ക്കും പുതുവത്സരാശംസകള്‍.

    ReplyDelete
  25. ശ്വാസം പിടിച്ചിരുന്നാണ് ഞാനും വായിച്ച് തീർത്തത്.

    താങ്കൾ നസീറിനെ കണ്ടെന്നോ ? സ്വന്തം നാട്ടുകാരനായ അദ്ദേഹത്തെ ഞാൻ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു സിംഹവാലനേയോ വെള്ളക്കാട്ടുപോത്തിനേയോ തപ്പിക്കണ്ടുപിടിക്കാൻ ഇത്രയും ബുദ്ധിമിട്ടുണ്ടാകില്ലെന്ന് തോന്നുന്നു :)

    എന്റെ നാമമാത്രമായ ഭാരതപര്യടനത്തിന്‍റെ ആവേശത്തിലാണ് കേട്ടോ .... എന്നിട്ട് അതൊക്കെ എന്താണ് ഒന്ന് വരികളാക്കി മാറ്റാത്തത് ?

    ReplyDelete
  26. നസീറിന്റെ കടുവകളെക്കുറിച്ചുള്ള ഒരു വിവരണം മാതൃഭൂമി ആഴ്ചപതിപ്പില്‍ വായിച്ചു. വളരെയധികം ഇഷ്ടപ്പെട്ടു. മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുതുവര്‍ഷ പതിപ്പില്‍ നസീറിന്റെ ഒരു ലേഖനം ഉണ്ടെന്നു ഒരു കുറിപ്പ് മറ്റൊരു ലക്കത്തില്‍ കണ്ടു. കുറെ ശ്രമിച്ചെങ്കിലും അത് ചെന്നൈയില്‍ കിട്ടിയില്ല. വായനയില്‍ ഒരു ചിട്ടയും ഇല്ലാത്ത (കണ്ണില്‍ കണ്ടതെല്ലാം വായിക്കുന്ന) ഞാന്‍ ആദ്യമായാണ് ഒരു എഴുത്തുകാരന്റെ കൃതികള്‍ തേടിപിടിച്ചു വായിക്കാന്‍ ശ്രമിച്ചത്. പിന്നീടു നസീറിന്റെ തന്നെ മറ്റൊരു ലേഖനം "കാടിന്റെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ" (തലക്കെട്ട് കൃത്യമല്ല എന്ന് തോന്നുന്നു) മാതൃഭുമിയില്‍ തന്നെ വായിച്ചു. അതും വളരെ ഹൃദ്യമായി. ഇനി നാട്ടില്‍ പോകുമ്പോള്‍ കാടും ഫോട്ടോഗ്രാഫറും വാങ്ങണം.

    ReplyDelete