Monday, August 20, 2012

കമ്പി കെട്ടിയ ചിരിയുടെ മറയത്ത്‌


പാ
ട്ടിനെ പറ്റി പറഞ്ഞാല്‍ പറയുന്നത്‌ തീരില്ലെന്നതാണ്‌ അനുഭവം.അടുത്തകാലത്തായി രണ്ട്‌ രുചികള്‍ അഭിരുചികളായി എന്നെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്‌.ഇപ്പോഴിതാ മൂന്നാമതൊന്നും.അതിലൊന്ന്‌ താമരയും മറ്റൊന്ന്‌ ശ്രേയയുമാണ്‌.താമര തമിഴിലെ മുന്‍നിരപാട്ടെഴുത്തുകാരി.ശ്രേയ മഹാഗായികയായി വിരാജിക്കുന്ന ശ്രേയാഘോഷാലും.മനസ്സിലായില്ലേ അഭിരുചിക്ക്‌ വരരുചിപ്പഴമയുടെ മാറ്റ്‌ കിട്ടിയെന്ന്‌.
ശ്രേയയെ ഇഷ്‌ടപ്പെടാനുള്ള കാരണം ഒന്നുമാത്രമാണ്‌.അവരുടെ ഉച്ചാരണത്തിലുള്ള നിഷ്‌ട.പുറത്തുനിന്നുവന്ന്‌ ആരാണിങ്ങനെ മലയാളം മലയാളമായി പാടി ഫലിപ്പിച്ചിട്ടുള്ളത്‌.?ഏതു യുവഗായികയാണ്‌ പാട്ടിന്റെ ഭാവത്തിലേക്ക്‌ പ്രവേശിച്ച്‌ നമ്മെ വിസ്‌മയപ്പെടുത്തുന്ന മിടുക്കോടെ കഴിഞ്ഞ നാലഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പാടിയിട്ടുള്ളത്‌.?ഗായത്രിയും മഞ്‌ജരിയുമാണ്‌ ആ നിരയിലേക്ക്‌ ഉയരാന്‍ അര്‍ഹതയുള്ളവര്‍.നിര്‍ഭാഗ്യവശാല്‍ അവര്‍ക്കുകിട്ടുന്ന അവസരങ്ങള്‍ പരിമിതമായിപ്പോകുന്നു.
ശ്രേയ തമിഴ്‌ പാടുമ്പോള്‍ അത്‌ തമിഴ്‌ പാട്ടാണ്‌.ഹിന്ദി പാടുമ്പോള്‍ ഹിന്ദിയും.നോക്കണേ ഒരു ബംഗാളിഗായികയുടെ മിടുക്ക്‌.നമ്മുടെ ഷേക്ക്‌ഹാന്റ്‌ ആ മിടുക്കിനാണ്‌.എ.ആര്‍.റഹ്മാന്റെ ഈണത്തിലെ കള്‍വരേ കള്‍വരേ കേട്ടുനോക്കൂ..എത്ര ആവര്‍ത്തിച്ചുകേട്ടാലും ഉള്ളുതൊടുന്ന നൈര്‍മ്മല്യമാണ്‌ ആ പാട്ടിന്‌.അടുത്തിടെ വന്ന വീരപുത്രനിലെ കണ്ണോട്‌ കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത്‌ ഒളിച്ചാലുമാണെങ്കില്‍ കാതിനെ കൊതിപ്പിക്കുന്ന റേഞ്ചുള്ള പാട്ടും.
പാടുവാന്‍ മൈക്കുമായി വേദിയിലേക്ക്‌ പ്രിയഗൗണില്‍ ശ്രേയ വരുമ്പോള്‍ ശ്വാസം നിലച്ചുപോകുന്നതും പിന്‍കഴുത്തില്‍ പ്രിയമുള്ളൊരാളുടെ നിശ്വാസം പതിഞ്ഞുവീഴുന്നതും ഞാനറിയും.പ്രണയത്തെ അതിന്റെ ആഴത്തില്‍ തിരിച്ചെടുക്കാന്‍ ശ്രേയയുടെ സ്വരത്തിനേ കഴിയൂ എന്നിപ്പോള്‍ തോന്നാറുണ്ട്‌.
പ്രണയഭാവങ്ങളുടെ രാജകുമാരിയാണ്‌ ശ്രേയയുടെ സ്വരമെങ്കില്‍ പ്രണയാനുഭവങ്ങളുടെ ദൈവികതയാണ്‌ തമിഴിലെ പാട്ടെഴുത്തുപടയാളി താമര.തമിഴില്‍ മാത്രമെഴുതുന്ന,ദ്വയാര്‍ത്ഥങ്ങളോ മോശം അര്‍ത്ഥമുള്ള വാക്കുകളോ മീറ്റര്‍ പിടിച്ചെഴുതേണ്ട പാട്ടെഴുത്തില്‍ കൊണ്ടുവരില്ലെന്ന്‌ നിശ്ചയിച്ചിട്ടുള്ള മിടുക്കി.താമരപ്പാട്ടില്‍ ആദ്യമായെന്നെ സ്‌പര്‍ശിച്ചതും അവരുടെ എഴുത്തുജീവിതത്തിന്‌ ബ്രേക്ക്‌ കൊടുത്ത അതേ പാട്ടുതന്നെയാണ്‌.മലയാളിക്കരുത്തുള്ള ഗൗതം മേനോന്റെ `മിന്നലെ'യിലെ ഹാരിസ്‌ ജയരാജ്‌ ഈണമിട്ട `വസീഗരാ'.വെള്ളമൊഴുകുന്ന ചില്ലുമറയുടെ അപ്പുറത്ത്‌ അനുരാഗവിവശതയും എതിര്‍ലിംഗസാമിപ്യവും തഴുകിയിറക്കി നായിക പാടിയ അതേ വസീഗര.വാസ്‌തവത്തില്‍ ഞെട്ടിപ്പോയി.മലയാളത്തില്‍ നായകന്മാര്‍ മുണ്ടു പറിച്ചടിക്കുന്ന കാലം.നായികമാര്‍ കരഞ്ഞുകരഞ്ഞ്‌ കര കാണാതെ ഉഴലുന്ന കാലം.തമിഴിലാവട്ടെ മാറ്റങ്ങളുടെ പിച്ചനടപ്പ്‌ ആരംഭിച്ചിട്ടേയുള്ളൂ.പരുത്തിവീരനോ സുബ്രഹ്മണ്യപുരമോ പിറക്കും മുമ്പ്‌ കാക്ക കാക്കയ്‌ക്കും മുമ്പ്‌ ബോംബെ ജയശ്രീയുടെ സ്വരത്തില്‍ വന്ന `മിന്നലേ'.അതായിരുന്നു അത്‌.അയല്‍നാട്ടില്‍നിന്ന്‌ നമ്മെ സംഭ്രമിപ്പിക്കാനെത്തിയ യാഥാര്‍ത്ഥ മിന്നല്‍.!
വസീഗരാ എന്‍ നെഞ്ചിനിക്ക ഉന്‍ പൊന്‍മടിയില്‍ തൂങ്കിനാല്‍ പോതും
അതേ കണം എന്‍ കണ്ണുറങ്ങാ മുന്‍ജന്മങ്ങളില്‍ ഏക്കങ്ങള്‍ തീരും
നാന്‍ നേസിപ്പതും ശ്വാസിപ്പതും ഉന്‍ ദയവാല്‍ താനേ
ഏങ്കുകിറേന്‍ ഏങ്കുകിറേന്‍ ഉന്‍ നിനൈവാല്‍ താനേ നാന്‍..
പ്രണയത്തിലും സ്‌നേഹത്തിലും ആണ്ടുമുങ്ങി ഈറനായ മനസ്സോടെയേ ഒരാള്‍ക്കിങ്ങനെ എഴുതാന്‍ കഴിയൂ..വര്‍ഷമെത്ര കഴിഞ്ഞിട്ടും ഇന്നും വസീഗര കേള്‍ക്കുമ്പോള്‍ വരികള്‍ക്കൊപ്പം മനമോടാറുണ്ട്‌.എന്തായാലും പാട്ടുകളിലെ സാഹിത്യമായാലും അതിലെ സംഗീതമായാലും പാടിയ ആളുടെ സ്വരമായാലും നമ്മെ തൊടുന്നത്‌ അതിലെ മാന്ത്രികമായ ആകര്‍ഷണീയതയാലാണ്‌.അത്‌ സമര്‍പ്പിതചേതനയില്‍ നിന്നുണ്ടാവുന്നതാണ്‌.താമരയ്‌ക്കും ശ്രേയയ്‌ക്കും അതുണ്ട്‌.അതുകൊണ്ടാണ്‌ മലയാളികള്‍,ആരെയും കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ ഇഷ്‌ടമല്ലാത്ത നമ്മള്‍ മലയാളികള്‍ ഇവരെയങ്ങ്‌ സ്വീകരിച്ചത്‌.താമരയും പിന്നെ വന്ന ശ്രേയയും നമ്മെ വിസ്‌മയപ്പെടുത്തുന്നത്‌ സാദൃശ്യങ്ങളോ പിന്‍ഗാമികളുടെ നിഴലുകളോ ഇല്ലാത്ത അവരുടെ സ്വതസിദ്ധമായ വൈഭവത്താലാണ്‌.ഇപ്പോ ഇതാ അങ്ങനെയൊന്ന്‌ മലയാളത്തിലും സംഭവിച്ചേക്കും എന്നു തോന്നുന്നു.മറ്റാരുമല്ല,അടുത്തിടെ `തട്ടത്തിന്‍ മറയത്തെ' പെണ്ണിനെ നമുക്കുമുന്നില്‍ പിടിച്ചുനിര്‍ത്തിയ അനു തന്നെ.എനിക്ക്‌ സന്തോഷമുണ്ട്‌ അനു എലിസബത്ത്‌ ജോസിന്റെ എന്‍ട്രിയില്‍.
എന്നോമലേ..എന്‍ ശ്വാസമേ..എന്‍ ജീവനേ..ആയിഷാ..
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാന്‍ ഉള്ളിനുള്ളില്‍ നിന്നൊരു ശ്രീരാഗം
മൂടല്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും എന്റെ കനവുകളില്‍
വരവായി നീ ആയിഷാ..
അനുവിന്റെ കമ്പികെട്ടിയ പല്ലിനപ്പുറത്തെ ചിരിയില്‍ അയലത്തെ അനിയത്തിയുടെ നിഷ്‌കളങ്കചാരുതയുണ്ട്‌.വിനീത്‌ ശ്രീനിവാസന്റെ കണ്ടെത്തല്‍ മലയാളത്തിനു മുതല്‍ക്കൂട്ടായി തീരട്ടെ.അങ്ങനെ ആശംസിക്കാന്‍ കാരണം അനുവില്‍ എഴുത്തുകാരിയും നല്ല നിരീക്ഷകയുമുണ്ടെന്നതാണ്‌.മലയാളം മരിക്കുന്നു എന്നും ഭാഷ പഠിക്കുന്ന കുട്ടികള്‍ ഇല്ലാത്തതിനാല്‍ കാലാന്തരത്തില്‍ ഭാഷ ഇല്ലാതാകും എന്നുമൊക്കെ നിലവിളിക്കുന്നവര്‍ക്ക്‌ ഒരു മറുപടിയായിട്ട്‌ അനുവിന്റെ വരവിനെ ഞാന്‍ കാണുന്നു.പത്താംക്ലാസിനപ്പുറം മലയാളം പഠിച്ചിട്ടില്ലെങ്കിലും അനുവില്‍ മലയാളമുണ്ട്‌.കോയമ്പത്തൂരിലെ ഗവ.കോളജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചീനീയറിംഗില്‍ ഗ്രാജ്വേറ്റായ താമരയ്‌ക്കും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി സെക്‌ടറില്‍ പണിയെടുക്കുന്ന അനുവിനുമൊക്കെയുള്ള മേന്മ അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ഭാഷയോടുള്ള സ്‌നേഹവും എഴുത്തിനോടുള്ള കൂറുമാണ്‌.നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ ഇവര്‍ മികച്ച മാതൃകകളായിത്തീരും.
തെളിമയുള്ള മലയാളത്തില്‍ അനുവിന്‌ ഇനിയുമിനിയും സിനിമാപ്പാട്ടുകള്‍ എഴുതാന്‍ കഴിയട്ടെ.വസ്‌ത്രാലങ്കാരകയായ സമീറ സനീഷിനെ പോലെ എഴുത്തുകാരിയും സംവിധായികയുമായ അഞ്‌ജലി മേനോനെപ്പോലെ അനുവിനും മലയാളം അംഗീകരിക്കുന്ന സിനിമാക്കാരിയാകാനും കഴിയട്ടെ.അതിലൂടെ നിരവധി ചെറുപ്പക്കാരികള്‍ രംഗത്തേക്കും വരട്ടെ.


(ചന്ദ്രിക ദിനപത്രത്തിന്‍റെ ഞായറാഴ്ചപ്പതിപ്പില്‍ പതിവായി ഞാനെഴുതുന്ന പംക്തിയുടെ ഈ ആഴ്ച.)

19 comments:

  1. ചന്ദ്രിക ദിനപത്രത്തിന്‍റെ ഞായറാഴ്ചപ്പതിപ്പില്‍ പതിവായി ഞാനെഴുതുന്ന പംക്തിയുടെ ഈ ആഴ്ച.

    ReplyDelete
  2. ആദ്യത്തെ അഭിപ്രായം ഇതാ.. പ്രതീക്ഷകള്‍ സഫലമാവട്ടെ..
    നല്ല മലയാളം പരയുംമ പെണ്‍കുട്ടികള്‍ കേരളത്തിലും ഉണ്ട് കേട്ടോ.. ഒരിത്തിരി പരിഭവം തോന്നി..
    :)

    ReplyDelete
  3. ശ്രേയ ഖോഷാല്‍ യേശു ദാസിന്റെ കൂടെ "സുറുമൈ അഖിയോം മേ.." എന്ന ഗാനം അതിന്റെ തമിഴ് പതിപ്പും മിക്സ് ചെയ്തു ഒരു സ്റ്റേജ് ഷോവില്‍ പാടി കേട്ടത് മറക്കാന്‍ കഴിയുന്നില്ല. ശബ്ദം കൊണ്ട് ശ്രേയ ശ്രോതാക്കളെ പിടിച്ചു നിര്‍ത്തുന്നതുപോലെ വാക്കുകള്‍ കൊണ്ട് അനുവിനും കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  4. ശ്രേയ ഘോഷാല്‍....മിടുമിടുക്കി
    താമരയെ അറിയില്ല
    നോക്കട്ടെ

    ReplyDelete
  5. എന്ത് മുഴക്കമുള്ള,പ്രണയാതുരമായ സ്വരമാണ് ശ്രേയയുടേത്..? എല്ലാം സത്യം തന്നെ.. വരും ആഴ്ചകളിലെ കുറിപ്പുകള്‍ കാത്തിരിക്കുന്നു. അവ വ്യത്യസ്തവും ഹൃദയത്തെ തൊടുന്നതും ആയിരിക്കുമല്ലോ..കാരണം എഴുതുന്നത്‌ സുസ്മേഷ് ആണല്ലോ.

    ReplyDelete
  6. ശ്രേയയോടും താമരയോടും സ്നേഹവും ആദരവും ബഹുമാനവും...... കൺകൾ ഇരണ്ടാൽ ഉൻ കൺകൾ ഇരണ്ടാൽ എന്ന ഗാനവും നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന ഗാനവും താമര എഴുതിയതാണല്ലോ....... അങ്ങനെ ഒത്തിരി വരികൾ ...

    കുറിപ്പ് മനോഹരമായിട്ടുണ്ട്...

    ReplyDelete
  7. പ്രണയഭാവങ്ങളുടെ രാജകുമാരിയാണ്‌ ശ്രേയയുടെ സ്വരമെങ്കില്‍""....100% true ,,,

    ReplyDelete
  8. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  9. മലയാളം മരിക്കുന്നു എന്നും ഭാഷ പഠിക്കുന്ന കുട്ടികള്‍ ഇല്ലാത്തതിനാല്‍ കാലാന്തരത്തില്‍ ഭാഷ ഇല്ലാതാകും എന്നുമൊക്കെ നിലവിളിക്കുന്നവര്‍ക്ക്‌ ഒരു മറുപടി

    ReplyDelete
  10. ജീവിതത്തില്‍ നമ്മെ ആശ്രയിച്ചുനില്‍ക്കുന്ന മറ്റു പലര്‍ക്കും പലതിനും മുന്‍ഗണന കൊടുക്കുമ്പോ സ്വന്തം പ്രണയം മറന്നുപോകും പലപ്പോഴും... അപ്പോഴെല്ലാം ആശ്വാസം ആഴത്തിലാഴത്തില്‍ കുഴിച്ചിട്ട പ്രണയത്തെ തൊട്ടുണര്‍ത്തുന്ന പാട്ടുകളാണ്. ചില വരികള്‍ ചില സ്വരങ്ങള്‍ ..... ശ്രേയയും താമരയും എന്റെ പ്രിയപ്പെട്ടവരാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെ.....

    നന്ദി...

    ReplyDelete
  11. പംക്തി സ്ഥിരമായി വായിക്കുന്നുണ്ട്.
    നല്ല ചിന്തകള്‍..
    നല്ല എഴുത്ത്...

    ReplyDelete
  12. നല്ല നിരീക്ഷണങ്ങൾ സുസ്മേഷ്. ശ്രേയയുടെ പാട്ടുപോലെ, പ്രതിഭാഷാ- ഉച്ചാരണഭേദം അത്ഭുതകരം (നമ്മുടെ മലയാളിപ്പെൺകിടാങ്ങൾ കേട്ടു പഠിക്കേണ്ട ഒന്ന്).വസീഗരയെപ്പോലെ പുതിയകാലത്ത് ആത്മാവിൽ വന്നൂ വീണ പാട്ട് അപൂർവ്വവും.അനു എലിസബത്ത് (എനിക്ക് പുതിയ അറിവാണ്) നല്ലൊരു കാൽവെപ്പാണ്,ഇനിയും അവസരങ്ങൾ ലഭിക്കട്ടെ!

    ReplyDelete
  13. നൂറു ശതമാനവും ശരിയായ നിരീക്ഷണം,സുസ്മേഷ്. രഞ്ജിനി ഹരിദാസിനെ 'ആധുനിക മലയാളത്തിന്റെ അമ്മ ' എന്ന് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത് കേട്ട് തരിച്ചുപോയ മനസിന്‌ ഴ യും ഷ യും ശരിയായി ഉച്ചരിക്കുന്ന ശ്രേയ നല്‍കുന്ന ആശ്വാസം ചെറുതല്ല.

    ReplyDelete
  14. നല്ല എഴുത്ത്... നല്ല നിരീക്ഷണം.. അതിലുമുപരി പരമാര്‍ഥം തന്നെ.. മലയാളി ആണെന്നുപോലും പറയാന്‍ മടിക്കുന്ന പുതു തലമുറ സത്യത്തില്‍ മാതൃകയാക്കേണ്ട ഒരാളാണ് ശ്രേയ.. താമരയെപ്പോലെ, ശ്രേയയെപ്പോലെ മലയാളിയുടെ സ്വന്തം അനുവും രാജ്യമെങ്ങും അറിയപ്പെടട്ടെ!! സുസ്മേഷിനു ഒരിക്കല്‍ കൂടി ആശംസകള്‍ !! തുടരുക...

    ReplyDelete
  15. ശ്രേയയെപ്പറ്റി പറഞ്ഞതിനൊരു സ്പെഷൽ കൈയ്യടി.. കണ്ണോട് കണ്ണോരത്തിലെ ആ ശിഞ്ജിതം എന്ന വാക്കൊക്കെ ശ്രേയ പാടുമ്പോൾ വരുന്നൊരു ഭാവമുണ്ടല്ലോ..വല്ലാതെ അത്ഭുതപ്പെടുത്തുന്ന ഗായിക..അനുവിനെയും ശ്രദ്ധിച്ചു..പുതിയ പെൺകൊടിമാർ സ്വരമായും,വാക്കായും നിറയട്ടെ..
    താമര വസീഗര എഴുതിയത് ജീവിതത്തിലെ പ്രണയം നഷ്ടപ്പെട്ട ഏറ്റവും വെറുക്കപ്പെട്ട നാളുകളിൽ ആണെന്ന് കേട്ടിട്ടുണ്ട്.. അതോർക്കുമ്പോൾ ആ വരികളോടിപ്പഴും അത്ഭുതം..

    ReplyDelete
  16. വളരെ നല്ല പ്രതികരണങ്ങള്‍ നല്‍കിയ നിങ്ങളോരോരുത്തര്‍ക്കും നന്ദി.
    മറ്റുള്ളവരെ പറ്റി നല്ലതു പറയുന്പോള്‍ അനുകൂലിക്കാന്‍ പൊതുവേ മടിയാണല്ലോ നമുക്കെല്ലാം.നിങ്ങളെല്ലാവരും ആ മനോഭാവത്തെ അകറ്റിനിര്‍ത്തി.സന്തോഷം.

    ReplyDelete
  17. ഭാവുകങ്ങള്‍ ... :)

    ReplyDelete