Friday, February 1, 2013

ദൂരെയോ അരികെയോ..!

ന്നലെകളില്‍ നിന്നും നീ കയറിവരുന്നു.!കേട്ടോ,ഇന്നലെകളില്‍ നിന്നും നീ കയറി വരുന്നു എന്ന്.?

എവിടെയോ പോയിരിക്കുകയായിരുന്നു നീ.പോയിക്കഴിഞ്ഞ ശേഷമാണ് മഴ പുറത്ത് പെയ്യാന്‍ തുടങ്ങിയത്.നീ കുടയെടുത്തോ,പോകുമ്പോള്‍ ഉടുത്തിരുന്നത് സാരിയായിരുന്നുവോ നീളമുള്ള നനുത്ത പാവാടയുടുപ്പായിരുന്നുവോ.. എന്നൊന്നും ഞാന്‍ ഓര്‍ത്തതേയില്ല.മനപ്പൂര്‍വ്വം.!കഷ്ടം തോന്നി എന്‍റെ മനോനിലയെപ്പറ്റി ആലോചിച്ചപ്പോള്‍ .പിന്നെ സമാധാനിച്ചു.അല്പം വഴക്കിട്ടിരുന്നല്ലോ നമ്മള്‍ . എന്തിനോ..ഏതിനോ..!അത് വഴക്കായിരുന്നുവോ അതോ സ്നേഹമായിരുന്നുവോ..?
മഴ കനത്തപ്പോള്‍ പുറത്ത് പ്രകാശം മങ്ങിത്തുടങ്ങിയപ്പോള്‍ നേരം മുടന്തി മുടന്തി നീങ്ങിയപ്പോള്‍ എല്ലാം നിന്നെപ്പറ്റി അത്യധികമായ സ്നേഹത്തോടെ,വിഷാദത്തോടെ,കുറ്റബോധത്തോടെ ഓര്‍ത്തു.
ഉയര്‍ത്തിവച്ച പാദങ്ങളില്‍ നിന്നും ഊര്‍ന്നുകിടക്കുന്ന പാദസരത്തെപ്പറ്റി,തീവണ്ടിയുടെ യാത്രാമണവുമായി അടുത്തിരുന്നതിനെപ്പറ്റി,ഒരു തുള്ളി ചായയെടുത്ത് മധുരം പാകം നോക്കുന്നതിനെപ്പറ്റി,നിലത്തു പറ്റിവീണ ഒരു കടലാസ് നുള്ളിയെടുക്കാന്‍ പാടുപെട്ടിട്ട് സ്വയം ദേഷ്യപ്പെടുന്നതിനെപ്പറ്റി..!
എന്തൊരു മഴയായിരുന്നു.!
ഇനി നീ വന്നു കേറുമ്പോള്‍ നിന്‍റെ ഉടുപ്പിന്‍റെ തുമ്പുകളില്‍ നിന്നും വിദ്വേഷമഴ വീഴില്ലേ തുള്ളിതുള്ളിയായി..?ചിലപ്പോള്‍ മിണ്ടാതെ അങ്ങു അകത്തേക്ക് പോകുമായിരിക്കും.എന്നിട്ട് എന്നെ നോക്കുമായിരിക്കും.എന്നാലും നീ വന്നല്ലോ..ഇനി നമുക്കൊന്നിച്ച് മഴ മാറുമ്പോള്‍ പുറത്തേക്കോ അകത്തേക്കോ പോകാമല്ലോ..അതുകൊണ്ട് ഞാനീ ഇരുപ്പില്‍ നിന്നും എഴുന്നേല്‍ക്കട്ടെ.

എത്ര മുഷിഞ്ഞാലും നിന്നെ മണക്കുമ്പോള്‍ മാറുന്നല്ലോ മനസ്സിലെ പൌരുഷം.!

17 comments:

  1. പതിവില്‍ നിന്നും മാറിയുള്ള ഒരു എഴുത്താണല്ലോ..ഇന്ന് .

    ReplyDelete
  2. എത്ര മുഷിഞ്ഞാലും നിന്നെ മണക്കുമ്പോള്‍ മനസ്സിലെ പൌരുഷം ...

    ReplyDelete
  3. തൊട്ടരികെയാണ് ....ഹൃദയത്തില്‍!!!!

    ReplyDelete
  4. സ്നേഹത്തെപ്പറ്റി സ്നേഹിക്കുന്നവരെപറ്റി ചിന്തിക്കാൻ എന്തൊരു രസമാണ്! ദൂരെയായാലും അരികിൽ നീ ഉണ്ടായിരിക്കും...

    ReplyDelete
  5. ദൂരെയല്ല അരികെ, തൊട്ടരികെയാണെന്ന് മനസ്സിലാകുന്നു

    ReplyDelete
  6. അവൾക്ക് അകലെയെങ്ങും പോകാനാവില്ല...?
    കാരണം അവളുടെ മേൽ‌വിലാസം അവന്റെ കയ്യിലല്ലെ...!!
    ആശംസകൾ...

    ReplyDelete
  7. മടുപ്പിന്‍റെ കാല്‍ച്ചങ്ങലകള്‍ വല്ലാതെ മുറുക്കിയിടുമ്പോള്‍ കാറ്റും വെളിച്ചവും കേറാന്‍ തുറന്നിടുന്നതാണീ ജനാലകള്‍ .

    ReplyDelete
  8. കയറി വരട്ടെ കാറ്റും വെളിച്ചവും സ്നേഹവും.........
    സസ്നേഹം
    അജിത

    ReplyDelete
  9. മഴ മാറുമ്പോള്‍ പുറത്തേയ്ക്കോ അകത്തെയ്ക്കോ ......എന്തായാലും പോകുന്നത് ഒന്നിച്ചാണല്ലോ സുസ്മേഷ് ........

    അമ്പിളി .


    ReplyDelete
  10. അരികില് തന്നെയാണല്ലോ മാഷേ...

    ReplyDelete
  11. ഇന്നലെകളില്‍ നിന്നും നീ കയറിവരുന്നു.!

    ReplyDelete
  12. :)

    ഏഴാം തിയ്യതിയല്ലെ പേപ്പര്‍ ലോഡ്ജിന്റെ വാതിലും ജനലും തുറന്ന് വായിക്കാന്‍ വരുന്നെ..:)

    ReplyDelete
  13. ചിലപ്പോ ദൂരെയും ചിലപ്പോ അരികെയും......

    ReplyDelete
  14. So close to the love, I believe nobody could explain rain so easily !!!!

    ReplyDelete
  15. So close to the love, nobody could explain rain so easily

    ReplyDelete
  16. ഒരു ഘട്ടത്തില്‍ മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ ആര്‍ദ്രതകളെ തിരികെ കൊണ്ടുവരാനാവുമോ എന്ന ശ്രമമായിരുന്നു ഇത്.മനസ്സ് നിരാര്‍ദ്രമായാല്‍ ജീവിതത്തിന്‍റെ മനോഹാരിതകളെ നമുക്ക് കാണാന്‍ കഴിയുകയില്ല.
    വന്നു വായിച്ച എല്ലാവര്‍ക്കും നന്ദി.നമസ്കാരം.

    ReplyDelete