Tuesday, February 19, 2013

രണ്ടു ഭാവങ്ങളില്‍ നാം.

ഞാന്‍ 

അരികില്‍ വന്നു നില്‍ക്കണം..വെറുതെ.. പരിസരത്തുണ്ടെന്നറിഞ്ഞാല്‍ മതി എനിക്ക്.പിന്നെ പൊക്കോളൂ..പോയിട്ട് വരണം.രണ്ടുനിമിഷം കഴിയുമ്പോള്‍ ..അടുത്തുതന്നെയുണ്ടെന്നറിയാനാണ്.വന്നിട്ടുപോയാലും വരണം.വന്നുവെന്നറിയിച്ച് പോകണം.പോയിട്ടും സാന്നിധ്യമറിയിക്കണം..പോയിട്ടില്ലെന്ന് കാറ്റിനോട് പറഞ്ഞുവിടണം.പോകില്ലെന്നും.
ഇടക്കിടെ വഴക്കിടണം..ദേഷ്യം വരുന്നത്ര സംസാരിക്കണം..എന്നിട്ട് മാറിനില്‍ക്കണം.എനിക്ക് വരാനാണ്.പിന്നിലൂടെ..പതിയെ..അടുത്തുവന്ന് മുഖം കൈയിലെടുത്ത് നോക്കാനാണ്.കണ്ണുകള്‍ .കവിള്‍ത്തടങ്ങള്‍ ..മൂക്കിന്‍ ചരിവുകള്‍ ..മുടിയിഴകള്‍ ..നോക്കിനോക്കിനില്‍ക്കേ നീ ശുണ്ഠിയിടണം.എന്നിട്ടങ്ങ് തെന്നിപ്പോകണം..പറയുന്നതിനെല്ലാം കുറ്റപ്പെടുത്തണം..കളിയാക്കണം..അപ്പോഴുമെനിക്ക് വിടാതെ പിടിക്കണം..പിടിച്ചുപിടിച്ചു നീ കുതറണം.കുതറിക്കുതറി എനിക്കു ദേഷ്യം വരുന്നത്ര കുതറണം..എന്നിട്ട് അകലെപ്പോയിരിക്കണം.അപ്പോളും എനിക്ക് വരണം..നിന്നിലേക്ക്..നിന്നിലേക്ക്..നിന്നിലേക്കല്ലാതെ എവിടേക്കാണ് ഞാനോടിവരേണ്ടത്.

നീ

മിണ്ടാതെയിരിക്കണം.അടുത്തുവരരുത്.വിളിക്കരുത്.മിണ്ടരുത്.ചോദിക്കുന്നതിന് മറുപടി പറയരുത്.ഇവിടെയുണ്ടെന്ന് പരിഗണിക്കരുത്.ഇടക്കിടെ ആവശ്യങ്ങള്‍ക്ക് വന്നുനോക്കിപോകുമല്ലോ..ആവശ്യങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ .എന്നിട്ട് അവിടെ പോയി ഇരുന്നോണം.വല്യ ആളല്ലേ..അടുത്തുവരുന്നതും മിണ്ടുന്നതും വല്യഭാവം കുറച്ചെങ്കിലോ.ഒന്നു മുഖം കനപ്പിച്ച് പിടിച്ചാല്‍  കള്ളത്തരത്തില്‍ അടുത്ത് വരും..മുഖഭാവം ഇത്തിരി അയഞ്ഞാല്‍  വരുന്ന വഴിക്ക് തെന്നിപ്പോകാനും മതി.മഹാകള്ളനാണ്.എനിക്കറിയാം.അടുത്തുവന്നാലോ  തൊടുകയാണെന്ന് ഭാവിക്കും.ഇത്തിരി മുറുക്കിപ്പിടിച്ചാലെന്താ..വെണ്ണയല്ലല്ലോ ഞാന്‍ അമര്‍ത്തിപ്പിടിച്ചാല്‍ അലിഞ്ഞുപോകാന്‍ ..എനിക്ക് വേദനിക്കുകയില്ലെന്ന് ഇനിയെപ്പോഴാ മനസ്സിലാക്കുക..ഒരിക്കലും അത് മനസ്സിലാക്കില്ലെന്ന് മനസ്സിലാകുമ്പോള്‍ ഞാനങ്ങ് മാറിപ്പോകും.എന്നാലും തേടിവരും.വരാതിരിക്കില്ലെന്നറിയാം..വന്നിട്ട് പതിയെ പിടിക്കും.പൂവ് പൊട്ടിക്കാതെ തണ്ടോടെ ചേര്‍ത്ത് മുഖത്തമര്‍ത്തുംപോലെ പിടിക്കും.വാസനിക്കും. എനിക്കറിയാം..അങ്ങനെയേ പിടിക്കൂ..എനിക്ക് ചോദിക്കാന്‍ തോന്നും.എന്നാണൊന്ന് മുറുക്കി മുറുക്കി മുറുക്കി പിടിച്ച് ശ്വാസം മുട്ടിക്കുക..ഇല്ല.തഴുകുകയേയുള്ളൂ..പതിയെ പതിയെ..
എങ്കിലും എനിക്ക് വരണം ആ തഴുകലിലേക്ക്..അല്ലാതെവിടേക്ക് ചെന്നാലാ എനിക്ക് സ്വാസ്ഥ്യമുണ്ടാവുക.

നമ്മള്‍ 

അനുരാഗികളാണ് നാം.
ഉണരുന്നതും ഉറങ്ങുന്നതും ഒരേ ശ്വാസത്തിലൂടെയായ ഒരമ്മ പെറ്റ മക്കളെപ്പോലുള്ള അനുരാഗികള്‍ .
എന്നിട്ടുമെനിക്ക് വേണ്ടത്ര വെറുക്കാതെ വയ്യ.നിനക്കും. അതാണല്ലോ ശുദ്ധസ്നേഹം.



15 comments:

  1. വെറും തോന്നലുകള്‍ക്കപ്പുറം മനോഹരമായെന്തുണ്ട് കഥാകാരാ...

    ReplyDelete
  2. സുസ്മേഷ് ...


    വെറും തോന്നലുകള്‍ !!!!

    ReplyDelete
  3. ഇനിയും എത്രയെത്ര ഭാവങ്ങളായിരുന്നു

    ReplyDelete
  4. എഴുത്തുകാരന്റെ ഉള്ളിലെ തോന്നലുകൾ വെറും തോന്നലുകളല്ല. അത് പ്രപഞ്ചത്തിന്റെ ചിന്തകൾ അവനിലുളവാക്കുന്ന അസ്വസ്ഥതകളല്ലേ... ആ ചിന്തകൾ കോർത്തെടുത്ത് അക്ഷരങ്ങൾ കൊണ്ട് അവൻ മായാപ്രപഞ്ചം സൃഷ്ടിക്കുന്നു.

    ReplyDelete
  5. എന്നിട്ടുമെനിക്ക് വേണ്ടത്ര വെറുക്കാതെ വയ്യ.നിനക്കും. അതാണല്ലോ ശുദ്ധസ്നേഹം.
    മനോഹരം........

    ReplyDelete
  6. ജീവിതം മനോഹരമാക്കുന്നത് ഇതുപോലുള്ള തോന്നലുകളാണല്ലൊ,,,

    ReplyDelete
  7. നല്ല രസമുണ്ട് ഈ തോന്നലുകള്‍ വായിക്കാന്‍........

    ReplyDelete
  8. വെറും തോന്നലുകളെ വാക്കുകളില്‍ ആവാഹിച്ച് ഇത്രയും മനോഹരമായി അവതരിപ്പിച്ചതാണ് ഒരെഴുത്തുകാരന്‍റെ കഴിവ് ...

    ReplyDelete
  9. പ്രണയാര്‍ദ്രം ......!................

    ReplyDelete
  10. ഓര്‍ക്കാന്‍ സുഖമുള്ള തോന്നലുകള്‍!!!!

    ReplyDelete
  11. എന്നിട്ടുമെനിക്ക് വേണ്ടത്ര വെറുക്കാതെ വയ്യ.നിനക്കും. അതാണല്ലോ ശുദ്ധസ്നേഹം.
    മനോഹരം........
    http://valappott.blogspot.in/

    ReplyDelete
  12. ഇതെനിക്കൊത്തിരിയിഷ്ടായിട്ടൊ...
    വെറും തോന്നലുകള്‍ക്കും ഇത്ര മനോഹാരിതയോ !

    ReplyDelete
  13. തോന്നലുകള്‍ ഉണ്ടാവട്ടെ ഇനിയും...

    ReplyDelete