Tuesday, February 26, 2013

കലാമണ്ഡലത്തിലെ സന്ധ്യ


ളികണ്ട് നടന്ന കാലം പോയിമറഞ്ഞിട്ട് നാളേറെയായി.ചെറുതുരുത്തിയിലൂടെ തലങ്ങും വിലങ്ങും പോയപ്പോളൊന്നും കയറിയില്ല.ബഹുദൂരം തീവണ്ടി കയറി ശാന്തിനികേതനത്തില്‍ പോയി തങ്ങിയിട്ടും നാട്ടിലെ പുഴയോട് അന്യം തോന്നി.കാലം നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി.അങ്ങനെ 
കലാമണ്ഡലത്തില്‍ പോയി.ആദ്യമേ മഹാകവിയുടെ ശവകുടീരം കണ്ടുവണങ്ങി.മനസ്സില്‍ ക്ഷമാപണം നടത്തി.ബംഗാളത്തില്‍ ടാഗോറും കേരളത്തില്‍ വള്ളത്തോളും ചെയ്തത് മഹാകര്‍മ്മമാണ്.അത് നിളയിലെ മണല്‍ത്തരിപോലും അംഗീകരിച്ചു. ഇനിയും നൂറ്റാണ്ടുകള്‍ തലമുട്ടിച്ച് ക്ഷമ യാചിച്ചാലും നമ്മുടെ അറിവില്ലായ്മയ്ക്കും അംഗീകരിക്കാനുള്ള മടിക്കും പ്രായശ്ചിത്തമാവില്ല.അത് നിശ്ചയം.ഇന്നും കല പഠിക്കുക എന്നാല്‍ മ്ലേച്ഛം.കലാകാരി അപഥസഞ്ചാരിണി.കലാകാരന്‍ ഇരക്കാന്‍ യോഗം ചെയ്ത ഭാഗ്യദോഷി.ഇതാണ് മനോഭാവം.പക്ഷേ ഇവിടെനിന്നാണ് നാടറിഞ്ഞ കലാകാരന്മാര്‍ പുംഗവന്മാരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്.കഴിവ് കാണിച്ച് ക്ഷണിച്ച് വരുത്തിയതാണ്.പണം കാണിച്ച് മയക്കി  കൊണ്ടുവന്നതല്ല.അതാണ് കല.അങ്ങനെയാണ് കലാകാരന്‍ .
കേളിക്കൈ ഉയരുന്നു.ആരാണ് ?പടിക്കലെ പാഴിലകള്‍ക്കിടയില്‍ പല്ലു കുത്തിയിരിക്കുന്ന മലയണ്ണാന്‍ !ലജ്ജ തോന്നി.നാടു മുഴുവന്‍ തെണ്ടിയിട്ട് കാലുകഴുകാതെ സ്വന്തം വീട്ടിലെ പൂജാമുറി കാണാന്‍ വരുന്ന വികൃതിക്കുട്ടിയെപ്പോലെയല്ലേ ഞാനെന്ന് ചോദിക്കുകയാവണം.നടന്നു.സ്ഥാപകനായ മഹാകവി നോക്കിനില്‍പ്പുണ്ട്.അങ്ങയെക്കാളും പ്രിയം തോന്നിയത് പി.എന്ന ഭൈരവനോടാണ്.(ഇതെഴുതുമ്പോള്‍പ്പോലും.പി ഛായ!) പക്ഷേ കേരളത്തിന്‍റെ മര്‍മ്മത്ത് സ്ഥാപിച്ച ഈ കര്‍മ്മത്തിന് പകരം വയ്ക്കാനോ തുല്യം വയ്കാനോ വള്ളത്തോളല്ലാതെ മറ്റൊരാള്‍  ഇനിയുണ്ടാവില്ല.വല്ലപാടും അനാദരവ് തോന്നിപ്പോയിട്ടുണ്ടെങ്കില്‍ മാപ്പ്.
പരിസരത്തെ നാനാജാതി മരങ്ങളോട് കുശുമ്പ് തോന്നി.ഇളംകൈ മേളപ്പെടുന്നത് നോക്കിക്കണ്ട് തലയാട്ടാനുള്ള ഭാഗ്യമുണ്ടായല്ലോ.അയലത്തെ മാളികകളോട് അരിശം തോന്നി.കൊട്ടിന്‍റെ ശ്രുതിയെ അപകടപ്പെടുത്താനല്ലേ നിങ്ങളുടെ ചുമരുകള്‍ക്ക് കഴിയൂ.
അകലെ നിന്ന് ഇലകടന്നെത്തുന്ന പോക്കുവെയില്‍ .പൊന്നിന്‍റെ നിറം തന്നെ.പഴുക്കടക്ക കൂട്ടിയിടുകയാണെന്ന് തോന്നും.പകല്‍ വരുന്ന ആശാന്മാര്‍ക്ക് മുറുക്കാനായി.ഞാനങ്ങനെ നടന്നു.
മനസ്സില്‍ പൊയ്പ്പോയ കാലത്തിന്‍റെ ഭാരം നിറയുന്നു.കളിവിളക്കുകളും നിദ്ര തീണ്ടാത്ത രാവുകളും അകലെയായി.ഇരുളില്‍ നിന്ന് തീമഞ്ഞ വെട്ടത്തില്‍ അലറി വരുന്ന വേഷങ്ങളും മയങ്ങി മയങ്ങി അരങ്ങ് കീഴടക്കുന്ന മോഹിനികളും വലിയ ഉയരത്തില്‍ മുന്നിലെത്തിയിരുന്നത് ഏത് കാലത്താണ്.കഥാപാത്രങ്ങളെ അസാധാരണമാക്കുന്ന വലുപ്പത്തില്‍ കാണാനുള്ള മനസ്സ് പോയ്മറഞ്ഞോ..ഒരു ചെറുകാറ്റ്.വിളക്കിലെ നാളം ഉലയുന്നു.കെട്ടുപോകാം.വേദി ഇരുളുകയാണ്..ഇരുണ്ടുതന്നെ കിടക്കുകയാണ്.
എണ്ണ പകര്‍ന്ന് വിരല്‍ മുടിയില്‍ തുടച്ച് വിളക്ക് ആളിക്കത്തിക്കാന്‍ വന്ന ആളെവിടെ.
ചുറ്റിനും നോക്കി.ആളൊഴിഞ്ഞ കളരികള്‍ മാത്രം.
ശാന്തിനികേതന്‍ ഇങ്ങനെയല്ല.രാവും പകലും സജീവമാണ്.സൈക്കിളുകളില്‍ ആണും പെണ്ണും ഇടകലര്‍ന്ന് ഒഴുകും.കലയുടെ പ്രവാഹം പോലെ.ശരിയാണ്.ഇത് കേരളവും അത് ബംഗാളവുമാണല്ലോ.
ശാന്തിനികേതനം പോലെ കലയ്ക്കും സംസ്കാരത്തിനും വേണ്ടി ഒരു വിദ്യാലയം.കേരള കലാമണ്ഡലം.ദേശത്തിന്റെ ഐശ്വര്യം.
പൈങ്കുളം രാമച്ചാക്യാര്‍ കളരിയും പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ കളരിയും തോട്ടശ്ശേരി ചിന്നമ്മു അമ്മ കളരിയും കണ്ടു നടന്നപ്പോള്‍ മനസ്സും വപുസ്സും സ്വസ്ഥമായി.ഒരണ്ണാന്‍ ഓടിവന്ന് വഴിമധ്യേ നിന്ന് എന്താ ഇത്ര വൈകിയേ,ഇവിടുത്തെ കുട്യോളൊക്കെ ഇന്നത്തെ പഠനം കഴിഞ്ഞ് പോയല്ലോ എന്ന് പരിഭവം പറഞ്ഞു.ഒഴിഞ്ഞുമാറിയാണ് ശീലമെന്നും അതുകൊണ്ട് കാണേണ്ടത് പലതും കാണാതെയും കിട്ടേണ്ടത് പലതും അറിയാതെയും പോകുന്നത് പതിവാണെന്ന് മറുപടി പറഞ്ഞു.
പഴയ കലാമണ്ഡലം പറമ്പിലെ പ്ലാവില്‍ നിറയെ ചക്ക കായ്ച്ചുനില്‍ക്കുന്നു.ഉണ്ണിമാങ്ങാപ്രായം വിട്ട മാങ്ങകള്‍ വെയിലത്ത് വാടി വീണു തുടങ്ങിയിട്ടുണ്ട്.അവരെ നോക്കാന്‍ ആശുപത്രികളോ പരിചാരകരോ ഇല്ലെന്ന് സങ്കടം തോന്നി.പുളിയിലിരിക്കുന്ന കിളി ചില്ലകളിലൂടെ നടക്കന്നതുപോലും ചിന്നമ്മു അമ്മയുടെ അനുഗ്രഹത്താലാണെന്ന് തോന്നും.നോക്കിനിന്നുപോയി.വീട്ടിലുണ്ടായിരുന്ന ചിലങ്കയെ ഓര്‍മ വന്നു.സദാ കിലുങ്ങുമായിരുന്ന ചിലങ്ക.മണികള്‍ നൂറല്ല ആയിരമെന്ന് കലമ്പുന്ന കാലം.ഗുരുവായൂര് ഉണ്ടാക്കാനേല്‍പ്പിച്ചു.അവിടെ പോയാണ് വാങ്ങിയത്.അത് കൈയിലിരുന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ട്.വെറുതെ നിലത്തുകിടന്ന ഇല തട്ടിനീക്കി.
വേഷത്തിന്‍റെ കളരിമുറ്റത്ത് പൊതിയഴിച്ച് മുറക്കാനിരുന്ന കീരി തലപൊക്കി നോക്കി പറഞ്ഞു.അപ്പുറത്ത് പുഴയുണ്ട്.ചെന്നാല്‍ മണല്‍ നോക്കിയിരിക്കാം.ചന്തി പൊള്ളിപ്പൊങ്ങും.അതാ കഷ്ടം.മഹാകവിയുടെ പ്രതിമയുടെ വേഷ്ടിയില്‍ കേറിയിരിക്കുന്ന കുരുവി അങ്ങുമിങ്ങും നോക്കി  എന്നെ സമാധാനിപ്പിക്കാനെന്നതുപോലെ കവിയുടെ നാലുവരി പാടി.അകത്ത് വേനല്‍ പിളര്‍ത്തി നാലഞ്ചുതുള്ളി നീര് വീണു.ആദ്യം കണ്ട അണ്ണാനല്ല മറ്റൊരാള്‍ ഓടിവന്ന് പിന്നില്‍ നിന്നു പറഞ്ഞു.ഒരീസം  പകല്‍ വരൂ.വാടാത്ത വെറ്റില കൂട്ടി മുറുക്കാം.നളിനകാന്തികള്‍ കാല്‍ വിടര്‍ത്തി അമര്‍ത്തി ചവിട്ടുന്ന താളത്തില്‍ രണ്ട് പദം ചൊല്ലാം.
വേണ്ട.അതു വേണ്ട.കാണാന്‍ വയ്യ.മനസ്സില്‍ പറഞ്ഞു.പിന്നെ മനസ്സ് സുഖമാവാന്‍ 
ഓര്‍മയില്‍ നിന്നെടുത്ത് പാടി.
-കുവലയ വിലോചനേ..ബാലേ..
ഭൈമീ കിസലയാധരേ..ചാരുശീലേ..
നവയൌവനവും വന്നു നാള്‍തോറും 
വളരുന്നു..കളയൊല്ലേ വൃഥാകാലം നീ..!
എത്രകാലം മുമ്പ് കേട്ടതാണ്.
ദേഷ്യപ്പെട്ടും ചവിട്ടിക്കുതിച്ചും നീ പോകുന്നതിനുമുമ്പ്..കാല്‍പ്പടങ്ങള്‍ കോര്‍ത്ത് നീട്ടിവച്ച് നീ പാടിയിരുന്ന കീര്‍ത്തനങ്ങള്‍ ..അതും മറന്നു.എല്ലാം മറന്നു..കേള്‍വി എന്നത് വിരസസ്വരങ്ങള്‍ മാത്രം കേള്‍ക്കാനുള്ളതായി.
പടിക്കെട്ടിലിരുന്ന് സ്വയം പറഞ്ഞു.
ജന്മം ഇങ്ങനെയാവണമെന്നുണ്ടാവും.


കണ്ണൂര്‍ കോടിയേരി ദേശീയ വായനശാല പ്രവര്‍ത്തകര്‍  കൂട്ടിക്കൊണ്ടുവന്ന ഇരുപത്തഞ്ചോളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടാണ് ഞാന്‍ ചെന്നത്.എന്തു പറയണമെന്നറിയില്ലായിരുന്നു.പുതിയ അറിവുകളുള്ള കുട്ടികളാണ്.അത് ശരി വയ്ക്കും പോലെ അവര്‍ ആദ്യത്തെ ചോദ്യം ചോദിച്ചു.
'എന്താണ് താങ്കളുടെ പേരിന്‍െ അര്‍ത്ഥം.?'
ഞാന്‍ പറഞ്ഞു.
'പേരിന്‍റെ അര്‍ത്ഥം പോലെ ജീവിക്കാന്‍ കഴിയാത്ത ഒരാളുടെ സങ്കടമെന്നാണ് ഈ പേരിന്‍റെ പുതിയ അര്‍ത്ഥം.'


11 comments:

  1. 'എന്താണ് താങ്കളുടെ പേരിന്‍െ അര്‍ത്ഥം.?'
    ഞാന്‍ പറഞ്ഞു.
    'പേരിന്‍റെ അര്‍ത്ഥം പോലെ ജീവിക്കാന്‍ കഴിയാത്ത ഒരാളുടെ സങ്കടമെന്നാണ് ഈ പേരിന്‍റെ പുതിയ അര്‍ത്ഥം.'

    ReplyDelete
  2. നല്ല ഭാഷ......
    ഇത് താങ്കളെ വായിക്കുമ്പോള്‍ മനസ്സ് ഇപ്പോഴും പറയാറുള്ളതാണ്..... നേരില്‍ പറയാന്‍ കഴിഞ്ഞതില്‍ സന്തോഷം......
    ഇന്ന് മുതല്‍ ഞാനും ഇവിടുത്തെ തീര്‍തഥാടകനാവാം.....

    ReplyDelete
  3. നല്ല രസം വായിക്കാന്‍..

    ReplyDelete
  4. പേരിന്റെ അര്‍ത്ഥം....!!!
    ഇങ്ങനെ അര്‍ത്ഥം മാറ്റിമറിയ്ക്കാന്‍ ആര്‍ പെര്‍മിഷന്‍ തന്നു?

    ReplyDelete
  5. ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന് പറയുമെങ്കിലും എല്ലാ പേരിലും അർത്ഥം ഉണ്ടല്ലൊ, നല്ല വായനാനുഭവം.

    ReplyDelete
  6. ഭാവസാന്ദ്രമാ‍യ ഭാഷ..അസ്വാദ്യകരമായ കുറിപ്പ്.

    രഘുനാഥ്

    ReplyDelete
  7. സുഖകരമായൊരു നീറ്റല്‍ മനസ്സിനുള്ളില്‍.......
    നല്ല എഴുത്ത്‌.......ഹൃദ്യം........

    ReplyDelete
  8. പേരിന്‍റെ അര്‍ത്ഥം അത് മനസ്സില്‍ കൊളുത്തി.

    ReplyDelete
  9. പിന്നെയും മികവിന്റെ പര്യായം....

    ReplyDelete
  10. ഇത്ര കാല്പനികമായി.....
    ഇത്രമേല് ആര്ദ്രമായി......
    ഇത്രക്കിത്രക്ക് മനോഹരമായി......
    എഴുതുമ്പോള്....
    സന്തോഷമായിരിക്കൂ.....
    പേരിന്റര്ത്ഥമനുസരിച്ച് തന്നെ
    ജീവിക്കും എന്ന് വാശി
    പിടിക്കൂ.....

    ReplyDelete
  11. പാഠം ഒന്ന്
    പേരിലൊരു പോര്‌

    ReplyDelete