Saturday, February 9, 2013

അയ്യോ അച്ഛാ കുടിക്കല്ലേ..!


ലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.അപ്പോള്‍ മനസ്സിലായ കാര്യം.കേരളത്തിലെ ഒട്ടുമിക്ക  സര്‍ക്കാര്‍ വിദ്യാലയങ്ങളും വളരെ മികച്ച രീതിയില്‍ വിദ്യ അഭ്യസിപ്പിക്കുന്നുണ്ട്.മിടുക്കന്മാരാണ് അവിടുത്തെ കുട്ടികളും അധ്യാപകരും രക്ഷാകര്‍തൃസമിതിയും.പക്ഷേ നമ്മളത് ശ്രദ്ധിക്കാറില്ലല്ലോ.

ഇവിടെ കാണുന്ന 'സ്നേഹക്കുടുക്ക' എന്നത് മിക്കവാറും മദ്യപാനികളായ മലമ്പുഴയിലെ രക്ഷിതാക്കളുടെ മക്കള്‍ അച്ഛന്മാര്‍ക്കായി വീട്ടില്‍ വയ്ക്കുന്ന നിക്ഷേപപ്പെട്ടിയാണ്.അവര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി ചെലവാക്കുന്ന പണം സ്നേഹക്കുടുക്കയില്‍ നിക്ഷേപിക്കുന്നതിനാണിത്.ഇങ്ങനെ നിക്ഷേപിക്കുന്ന പണം കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി എടുക്കാവുന്നതാണ്.ഉപരിവര്‍ഗ്ഗ നഗരജീവികള്‍ക്ക് ഈ സൂത്രം മനസ്സിലാവണമെന്നില്ല.പക്ഷേ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞ നിരവധി അമ്മമാര്‍ ആ സത്യം വെളിപ്പെടുത്തി.കുടിച്ചും വലിച്ചും നശിക്കുന്ന പാവപ്പെട്ടവരെ നേര്‍വഴിക്കാക്കാന്‍ ഇവിടെ ആരുമില്ല.അവരുടെ മക്കള്‍ക്ക് അതിനുള്ള വഴി തെളിച്ചുകൊടുക്കുകയാണ് കടുക്കാംകുന്നം സ്കൂളുകാര്‍ ചെയ്തത്.അങ്ങനെ ഒരു കുട്ടിക്ക് സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞു എന്ന് കേട്ട് ഞാന്‍ ഞെട്ടി.ദിവസവും ബിവേറജില്‍ ഒഴുക്കുന്ന പണം സംഭരിച്ചാല്‍ സൈക്കിളല്ല ഒരു 'ജില്ല' തന്നെ വാങ്ങാന്‍ കഴിയുമെന്നുറപ്പാണ്.
സ്നേഹക്കുടുക്ക വച്ചിട്ടുള്ള വീട്ടില്‍നിന്നും ഒരച്ഛന്‍ അധ്യാപികയ്ക്ക് അയച്ച കത്താണ് ഇതോടൊപ്പം.


എന്താണ് വിദ്യാഭ്യാസം?അത് സിലബസ് കാണാതെ പഠിക്കലല്ലല്ലോ.പൊതുവിദ്യാലയങ്ങളില്‍ വൃത്തിയില്ല,അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ഇംഗ്ലീഷ് പരിശീലനം കൊടുക്കാന്‍ കഴിയില്ല,കുട്ടികള്‍ പട്ടിണിപ്പാവങ്ങളും ദരിദ്രനാരായണന്മാരുമായ സാധാരണക്കാരുടെ മക്കളുമായി ഇടപഴകി വേണ്ടാത്ത ശീലങ്ങളും രുചികളും പഠിക്കുന്നു എന്നതൊക്കെയാണല്ലോ പൊതുവിദ്യാലയങ്ങളെ അകറ്റി നിര്‍ത്തുന്നവര്‍ പറയുന്ന ന്യായങ്ങള്‍ .ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇന്ന് കേരളത്തിലെ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
അവിടുത്തെ അധ്യാപകര്‍ നാലുമണിയടിച്ചാല്‍ വീടുപിടിക്കുന്നവരല്ല.കുട്ടികളെ സിലബസ് മാത്രം പഠിപ്പിക്കുന്നവരല്ല.ജീവിതം പഠിപ്പിക്കുന്നവരാണെന്ന് നമ്മള്‍ തിരിച്ചറിയണം.
ഒരനുഭവം പറയാം.ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ സന്ദര്‍ശിച്ചു.അവിടെ ഇരുപതിനടുത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം.തൊട്ടുടുത്ത് ഹരിജന്‍ കോളനിയാണ്.മിക്കവാറും വീടുകളിലെ ഒരംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലിയുമുണ്ട്.എന്നാലും മക്കളെ അവര്‍ പഠിച്ചു വലുതായ മുറ്റത്തെ വിദ്യാലയത്തില്‍ അയക്കില്ല.ദൂരെയുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ അയക്കും.ഇത് ഒരു നല്ല മനോഭാവമല്ല.ഹരിജനക്ഷേമത്തിനായുള്ള സ്കൂളായതിനാല്‍ അത് നിര്‍ത്തിപ്പോകില്ലായിരിക്കും.എന്നാലും അവിടെ വിദ്യാര്‍ത്ഥികളില്ലാത്ത അവസ്ഥ വേദനിപ്പിക്കുന്നതാണ്.ഇന്നു പഠിച്ചിറങ്ങി ജോലിക്കു കയറിയ ഏതു അധ്യാപകനും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അധ്യാപകരെപ്പോലെ പഠിപ്പിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കം വേണ്ട.യാഥാര്‍ത്ഥ്യം ഇതൊക്കെയാണെങ്കിലും നമുക്കുവേണ്ടത് അതല്ല.ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.പൊങ്ങച്ച പ്രകടനങ്ങള്‍ മാത്രമാണ്.


എന്തായാലും എന്‍റെ അനുഭവത്തില്‍ കാണാനിടയായ പലതും നല്ല മാതൃകകളാണ്.
എന്‍റെ സന്തോഷം ഞാന്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നു.സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ മടിക്കുന്ന നമ്മുടെ സഹജീവികള്‍ ഇതെല്ലാം ദയവായി മനസ്സിലാക്കുമല്ലോ.

14 comments:

  1. Replies
    1. സർക്കാർ പള്ളിക്കൂടങ്ങൾ ഇന്ന് പഴയതു പോലെ ഉറക്കം തൂങ്ങുകയല്ല. അവരും മുൻപന്തിയിലെത്താൻ പരിശ്രമിക്കുന്നുണ്ട്. അതിന്റെ നല്ല റിസൽട്ടും പല പള്ളിക്കൂടങ്ങളും കരസ്തമാക്കുന്നുണ്ട്. ഞാനും മലയാളം പള്ളിക്കൂടത്തിൽ പഠിച്ചു വളർന്നവനാണ്. അന്നതേ ഉണ്ടായിരുന്നുള്ളുവെന്നത് ഒരു വസ്തുതയാണ്. മറിച്ചായിരുന്നെങ്കിൽ ഞാനെവിടെ പഠിക്കുമായിരുന്നുവെന്ന് പറയാൻ പറ്റില്ല. അതൊന്നും കുട്ടികളല്ലല്ലൊ തീരുമാനിക്കുക. ഒരു പക്ഷെ, പുത്തൻ വിദ്യാലയങ്ങളുടെ വരവോടെ സർക്കാർ പള്ളിക്കൂടങ്ങൾക്കുണ്ടായിരുന്ന ഒരു വിശ്വാസത്തകർച്ചയാകാം അവരെ കുറച്ചു പിന്നോട്ടടിക്കാൻ കാരണം. മാത്രമല്ല പുത്തൻ വിദ്യാലയങ്ങളിലെ ഏകീകൃത വസ്ത്രധാരണ രീതി ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെട്ടിരുന്നു. അന്നും ഇന്നും സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് യോഗ്യതക്കുറവുകളൊന്നും ഉണ്ടായിരുന്നില്ല. സർക്കാർ വിദ്യാലയങ്ങളും മുൻപന്തിയിൽ എത്തിച്ചേരുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.
      ആശംസകൾ...

      Delete
  2. സുസ്മേഷ് പറഞ്ഞത് മുഴുവൻ വാസ്തവമാണെന്ന് ഒരു സർക്കാർ പള്ളിക്കൂടത്തിലെ അദ്ധ്യാപകനായ എനിക്ക് നന്നായി അറിയാം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പലതരം പദ്ധതികളുടെ ഇടപെടലിലൂടെ അത്യാവശ്യം വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഇന്ന് എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ഉണ്ട്. വിദ്യാഭ്യാസരംഗത്ത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനു വേണ്ട ഉപകരണങ്ങളും, വിദ്യാഭ്യാസമേഖലയിൽ തൽപ്പരരായ പുത്തൻ ആശയഗതിക്കാരായ അദ്ധ്യാപകരും സർക്കാർ വിദ്യാലയങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്....

    സർക്കാർ വിദ്യാലയങ്ങളുടെ നന്മ അറിയിക്കാനുള്ള സുസ്മേഷിന്റെ മനോഭാവത്തിന് പ്രണാമം....

    ReplyDelete
  3. സര്‍ക്കാര്‍ വിദ്യാലയങ്ങളെ തികഞ്ഞ മുന്‍ വിധിയോടെ മാറ്റിനിര്‍ത്തുന്ന ഭൂരിപക്ഷം ......കൂട്ടത്തില്‍, ആരെങ്കിലും ഇത് വായിച്ച ശേഷം തങ്ങളുടെ അഭിപ്രായം മാറ്റാന്‍ തയാര്‍ അല്ലെങ്കിലും സുസ്മേഷ് പറഞ്ഞതിനെ കുറിച്ച് ഒന്ന് ആലോചിയ്ക്കയെന്കിലും ചെയ്താല്‍ ഈ ബ്ലോഗ്‌ എന്‍ട്രി യുടെ ഉദേശം സാധിച്ചു എന്ന് കരുതാം അല്ലെ സുസ്മേഷ് ??
    സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പല നല്ല പ്രവര്‍ത്തനങ്ങളും വേണ്ടത്ര ഫലപ്രദമായി പൊതു സമൂഹം അറിയാറില്ല....സ്വകാര്യ വിദ്യാലയങ്ങളുടെ കെട്ടു കാഴ്ചയ്ക്ക് ഒപ്പം നില്ക്കാന്‍ അവര്‍ക്ക് സാധിയ്ക്കാറും ഇല്ല...

    ഒരു സര്‍ക്കാര്‍ വക മലയാളം മീഡിയം സ്കൂള്‍ ആയിരുന്നിട്ടും , ഇംഗ്ലീഷ് ക്ലബ്‌ ഉം പ്രവര്‍ത്തനങ്ങളും ഒക്കെ ആയി കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും തല്പരരാക്കിയ എന്റെ സ്കൂളിനെയും അധ്യാപകരെയും ഒക്കെ ഓര്‍ത്തു പോയി ഇത് വായിച്ചപ്പോള്‍ ...

    നന്നായി സുസ്മേഷ്..... സര്‍ക്കാര്‍ സ്കൂള്‍ കളെ കണ്ടതില്‍.........., വായനക്കാരിലേക്ക് എത്തിയ്ക്കാന്‍ ശ്രെമിച്ചതില്‍...... ..... ......., ......

    അമ്പിളി .

    ReplyDelete
  4. പഠിപ്പിക്കാനും പ്രവര്‍ത്തിക്കാനും നന്മയുള്ള അധ്യാപകര്‍ നമുക്കുണ്ട്. മാറിവരുന്ന സര്‍ക്കാറുകള്‍ കൈകടത്താതെ ഏകീകൃതമായ നല്ലൊരു സിലബസും കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ......

    ReplyDelete
  5. സുസ്മേഷ്, ഇക്കഴിഞ്ഞ അവധിയ്ക്ക് ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ പഠിച്ചിരുന്ന യു.പി സ്കൂളില്‍ പോയി. സത്യം പറഞ്ഞാല്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ പോക്ക്. കണ്ടിട്ട് എനിയ്ക്ക് വളരെ അത്ഭുതവും ആഹ്ലാദവും ഉണ്ടായി. എത്ര സൌകര്യങ്ങളാണ് പുതുതായ് ചേര്‍ക്കപ്പെട്ടിരിയ്ക്കുന്നത്. പക്ഷെ ക്ലാസ് റൂമുകള്‍ പലതും പൂട്ടപ്പെട്ടിരിയ്ക്കയാണ്. സ്റ്റുഡന്റ്സിന്റെ ലിസ്റ്റ് ഓരോ ക്ലാസിലും എഴുതി വച്ചിരിയ്ക്കുന്നത് കണ്ടിട്ട് സങ്കടം വന്നു. മൂന്ന് നാല് കുട്ടികള്‍ മാത്രം ഓരോ ക്ലാസിലും. ഞങ്ങള്‍ പഠിച്ചിരുന്ന കാലം സ്കൂള്‍ വിട്ടാല്‍ നെല്ലിക്കാക്കൊട്ട മറിച്ചിടുന്നതുപോലെ ആയിരുന്നു പിള്ളേര് ഇറങ്ങുന്നത്. എനിയ്ക്കൊരു കുട്ടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ സ്കൂളില്‍ പഠിപ്പിച്ചേനെ എന്ന് അവിടെ ഇരുന്ന് ചിന്തിക്കയും ചെയ്തു. മറക്കാതിരിയ്ക്കാന്‍ വേണ്ടി സ്കൂളിന്റെ പശ്ചാത്തലത്തില്‍ കുറെ ഫോട്ടോയും എടുത്തു.

    സുസ്മേഷിന്റെ നല്ല കുറിപ്പ് വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്ന് തോന്നി

    ReplyDelete
  6. നന്ദി സുസ്മേഷ്.. പഠിച്ച സര്‍ക്കാര്‍സ്കൂളില്‍ തന്നെ പഠിപ്പിക്കുന്ന ഒരധ്യാപികയാണ് ഞാന്‍. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന വിഭാഗത്തില്‍ പെടുന്നവള്‍.. സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം വാങ്ങുന്നുവെന്നും, നികുതിപ്പണത്തിന്റെ ഭൂരിഭാഗം വിഴുങ്ങുന്നുവെന്നും പറയുമ്പോള്‍ ഞങ്ങളെ പോലുള്ളവരുടെ ബുദ്ധിമുട്ടുകള്‍ വിസ്മരിക്കപ്പെടുന്നു. സ്കൂളില്‍ നിന്ന് കിട്ടുന്നതു മാത്രമേ ഉള്ളു ഞങ്ങളുടെ കുട്ടികള്‍ക്ക്.. പണവും, പദവിയുമായി പിന്നാലെ വരാന്‍ രക്ഷിതാക്കളില്ല. പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ വരുന്ന ദിവസം ഒരു ദിവസത്തെ പണി പോകുമല്ലോ എന്നോര്‍ക്കുന്ന അവരോടു ഞങ്ങള്‍ക്ക് ഒരു വിരോധവും തോന്നാറില്ല.. തനതുപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും ഞങ്ങള്‍. അതിനു പിന്തുണയുമായി എത്തുന്ന നിങ്ങളെ പോലുള്ളവര്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പൊതുവിദ്യാഭ്യാസം നിലനില്‍ക്കണം. നിലനില്‍ക്കും.

    ReplyDelete
  7. സുസ്മേഷ്ജീ..
    നല്ലപാഠം പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാമതെത്തിയത് ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂളാണ്. കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് ഒരു ഗ്രാമം ദത്തെടുത്ത് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.സുസ്മേഷ് ചന്ത്രോത്തിനെപ്പോലുള്ളവര്‍ സ്കൂള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ കുട്ടികള്‍ക്കതൊരു പ്രചോദനമായേനെ. സ്കൂളിലേക്കു ക്ഷമിക്കുന്നു.

    ReplyDelete
  8. നല്ല അനുഭവങ്ങളും മനസ്സും പങ്കുവച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.
    സ്നേഹത്തോടെ..

    ReplyDelete
  9. ഒരു നാട്ടിന്‍പുറത്തെ സ്കൂളില്‍ പഠിച്ച എന്നെ പോലെ ഉള്ളവര്‍ക്ക്, ഈ എഴുത്ത് വീണ്ടും ഒരിക്കല്‍ കൂടി അതൊക്കെ ഓര്‍മ്മിക്കാനും സന്തോഷിക്കാനുമുള്ള അവസരം തന്നു...നന്ദി..
    അതെ സര്‍, നാട്ടിന്‍പുറത്തെ സ്കൂളില്‍ പഠനത്തിനു പുറമേ, നന്മയും സ്നേഹവും ഒത്തൊരുമയും ഒക്കെ കാണാം.

    ReplyDelete
  10. പൊതു വിദ്യാലയങ്ങളില്‍ പഠിച്ചു post graduation വരെ എത്തിയ എനിക്ക് അറിയാം പൊതു വിദ്യാലയങ്ങളുടെ മേന്മ്മ .. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഇത്രയേറെ പുരോഗതി കൈവരിക്കാന്‍ പ്രാപ്തമാകിയ സാമൂഹ്യ പരിഷക്കരണ സ്ഥാപനങ്ങള്‍ ആണ് പൊതു വിദ്യാലയങ്ങള്‍ ... അഭിമാനം തോന്നി ലേഖനം വായിച്ചപ്പോള്‍ ...

    ReplyDelete
  11. തിരിച്ചറിവിന്റെ നല്ലപാഠങ്ങള്‍.......
    സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ എന്റെ മനവും കുളിരണിഞ്ഞു...... കണ്ണുകള്‍ ഈറനണിഞ്ഞു.....

    എന്റെ സ്കുള്‍ അനുഭവങ്ങള്‍ വായിച്ചറിയാന്‍ ഇവിടേക്ക് (സ്കൂള്‍ ദിനങ്ങള്‍)ക്ഷ​ണിക്കുന്നു...

    ReplyDelete
  12. മലയാളിയുടെ മിഥ്യാഭിമാനമാണ് സര്‍ക്കാര്‍ സ്കൂളുകളോടുള്ള അവരുടെ വിരക്തിക്കു കാരണം....സമൂബത്തിലെ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവനുമായി മത്സരിക്കാന്‍ ശ്രമിക്കുന്ന ഇടത്തരക്കാരനാണ് ആ ദുരവസ്ഥ സൃഷ്ടിക്കുന്നത്....സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം എം എ ബേബിയുടെ കാലത്ത് കേട്ടിരുന്നു.,ഇത് നടപ്പിലായാല്‍ പൊതു വിദ്യാലയങ്ങള്‍ അഭിവൃദ്ധി പ്രാപിക്കും......

    ReplyDelete
  13. സര്‍ക്കാര്‍ വിദ്യാലയം, സര്‍ക്കാര്‍ ആശുപത്രി, സര്‍ക്കാര്‍ വെള്ളം, സര്‍ക്കാര്‍ ഭക്ഷണം ( റേഷന്‍ കട), സര്‍ക്കാര്‍ വണ്ടി........ ഇതു മാതിരിയുള്ളതെല്ലാം വേണ്ട വേണ്ട അവയൊക്കെ നിര്‍ത്തലാക്കണം എന്ന് വിളിച്ചു പറയുന്നവര്‍ പലതും കാണാറില്ല..... കേള്‍ക്കാറില്ല, അറിയാറില്ല.......
    ഈ കുറിപ്പ് വളരെ നന്നായി..... അഭിനന്ദനങ്ങള്‍

    ReplyDelete