Wednesday, September 15, 2010

ഇടുക്കിയെന്ന ഹരിതോദ്യാനവും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും





പഠിക്കുന്ന കാലത്ത്‌ പതിവായൊരു ചോദ്യമുണ്ടാകുമായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ ജില്ല?ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ അകത്തിരുന്നുകൊണ്ട്‌ ആവേശത്തോടെ ഓരോ കുട്ടിയും ഉത്തരമെഴുതും.

ഇടുക്കി ജില്ല.

ആ ഉത്തരം അതേ ആവേശത്തോടെ പല പരീക്ഷയ്‌ക്കുമെഴുതി മാര്‍ക്കുവാങ്ങിച്ച ഒരാളാണ്‌ ഞാനും.

ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി അല്ല.ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടമ്പുഴ പഞ്ചായത്തിനെ എറണാകുളം ജില്ലയോട്‌ ചേര്‍ത്തതോടെ ഇടുക്കിക്ക്‌ വലുപ്പത്തിന്റെ പെരുമ നഷ്‌ടപ്പെട്ടു.അഥവാ കുറച്ചു കാലങ്ങളായി പലതും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടുക്കിക്ക്‌ ഇപ്പോള്‍ ഭൂതകാലപ്പനി മാത്രം.വിട്ടുവിട്ടു ചരിത്രത്തെ പനിക്കുന്ന ഭൂതകാലത്തിന്റെ മാറാജ്വരം.

കേരളത്തിലെ വ്യാവസായിക ജില്ലയോ വരുമാനമുള്ള തീര്‍ത്ഥാടനമേഖലയോ ഐ.ടി മേഖലയോ അല്ല ഇടുക്കി.ദീര്‍ഘകാലവിളകളും ഹ്രസ്വകാലവിളകളുമടങ്ങിയ വിവിധയിനം നാണ്യവിളകളും ഭക്ഷ്യവിളകളും ഉല്‌പാദിപ്പിച്ചു വിതരണം ചെയ്യുന്ന സാധാരണകാര്‍ഷികമേഖലയാണ്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിയുംമുമ്പേ,വായ തിരിച്ചുള്ള പ്രസ്‌താവനകളും പ്രതിയോഗികളുടെ കഴിവുകേടുകള്‍ അക്കമിട്ടുനിരത്തുന്ന ഫ്‌ളക്‌സുകളും നിരത്തിലിറങ്ങുന്നതിനുമുമ്പേ ഒരു കാര്യം ഇടുക്കി ജില്ലക്കാരെയും ജില്ലയിലെ ഭരണസാരഥികളാകാന്‍ പോകുന്നവരേയും അറിയിക്കുന്നു.ഇടുക്കിക്ക്‌ ഇനി വേണ്ടത്‌ ജില്ല മുഴുവന്‍ ഉള്‍പ്പെടുന്ന സമഗ്ര ഹരിതസംരക്ഷണമാണ്‌.

ഏറ്റവും വലിയ ജില്ല അല്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായിത്തുടരുന്ന ഇടുക്കിയില്‍ ഏറ്റവും കൂടുതലുള്ളത്‌ കര്‍ഷകരാണ്‌.യാതൊരു തരത്തിലുമുള്ള പ്രത്യാശകളില്ലാതെ വേറേ നിവൃത്തിയില്ലാതെ കൃഷിപ്പണി തുടരുന്ന കര്‍ഷകര്‍.തരിപ്പണമായിനില്‍ക്കുന്ന അവരില്‍പ്പലര്‍ക്കും സാമ്പത്തികസഹായം നല്‍കി മാത്രമല്ല രക്ഷിക്കേണ്ടത്‌.മാറിയ കാലത്തിന്റെ രീതികള്‍ മനസ്സിലാക്കി ബോധവത്‌കരണം നല്‌കുകയുമാണ്‌.കൂടാതെ പാരമ്പര്യകൃഷികള്‍ മാത്രം തുടരാതെ ശീതകാലപച്ചക്കറികളും പൂകൃഷിയും പട്ടുനൂല്‍പ്പുഴുവളര്‍ത്തലും പരിശിലിപ്പിച്ച്‌ വഴിതിരിച്ചുവിടുകയും വേണം.മറയൂര്‍ ഭാഗങ്ങളില്‍ കരിമ്പും പട്ടുനൂല്‍പ്പുഴു കൃഷിയുമുണ്ടെങ്കിലും ജില്ലയുടെ ഇതര ഭാഗങ്ങളിലേക്ക്‌ ഇനിയുമത്‌ വ്യാപിച്ചിട്ടില്ല.സര്‍ക്കാര്‍ ഇടപെട്ട്‌ കൃത്യമായി പ്രവര്‍ത്തിക്കുന്ന വിപണികൂടി അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കണം.പൂകൃഷിക്ക്‌ ദൈനംദിനവിപണി ആവശ്യമാണ്‌.വിപണി കണ്ടെത്താന്‍ അതിന്‌ ഇടനിലക്കാരെയും ഗതാഗതസൗകര്യത്തെയും ഏര്‍പ്പെടുത്തണം.ഇതുതന്നെ പട്ടുനൂല്‍പ്പുഴുവിനും ബാധകമാണ്‌.തണുപ്പേറെയുള്ള സ്ഥലമായതിനാല്‍ നിഷ്‌പ്രയാസം വിജയിപ്പിക്കാന്‍ കഴിയുന്ന കൃഷികളാണ്‌ ഇത്‌.ഇതിനൊക്കെയാവശ്യമായ തണുപ്പും കാലാവസ്ഥയും നിലനിര്‍ത്താനാണ്‌ ജില്ലയ്‌ക്കാകെ ഹരിതസംരക്ഷണപദ്ധതി വേണമെന്നുപറയുന്നതും.

നാല്‌ കാര്യങ്ങളാണ്‌ ഇന്നത്തെ ഇടുക്കിക്ക്‌ അത്യാവശ്യം.

1)ഹൈറേഞ്ചിനെ ഗ്രീന്‍റേഞ്ചാക്കാനായി ഇടുക്കിജില്ലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഹരിതസംരക്ഷണപദ്ധതിയും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും.

2)കാറ്റാടി വൈദ്യതിയുടെ ഉത്‌പാദനവും വിരണവും.

3)വാണിജ്യാവശ്യങ്ങള്‍ക്കോ

വിനോദസഞ്ചാരമേഖലയുടെ വികസനത്തിനുവേണ്ടിയോ നടപ്പാക്കുന്ന റെയില്‍ ഗതാഗതം.

4)വിവിധ വകുപ്പുകളിലായി ജില്ലയിലേക്കയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സര്‍ക്കാറിന്റെ നേരിട്ടുള്ള സമിതി.

കര്‍ഷകരും ക്ഷീരകര്‍ഷകരും ഇതര ഉത്‌പാദകരുമടങ്ങുന്ന മുഴുവന്‍ ജനതയെയും ഭക്ഷ്യസുരക്ഷ നല്‍കി നിലനിര്‍ത്താനും സന്ദര്‍ശകരല്ലാത്ത സ്ഥിരം താമസക്കാരെ സാമ്പത്തികസുരക്ഷ നല്‍കി അധിവസിപ്പിക്കാനും കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച്‌ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്‌.വളരെ സമര്‍ത്ഥമായും പിഴവുകളില്ലാതെയും ജനപിന്തുണയോടെ നടപ്പാക്കാന്‍ കഴിയുന്ന ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമായാല്‍ ഒരു ജില്ലയുടെ പതനത്തില്‍നിന്ന്‌ അവിടുത്തെ ആയിരക്കണക്കിന്‌ സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ കഴിയും.അത്ര വേഗതയിലാണ്‌ ഇന്ന്‌ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത തദ്ദേശവാസികള്‍ ജില്ല വിട്ടുപോകുന്നത്‌.


  • എന്താണ്‌ ഹരിതസംരക്ഷണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

അത്‌ അനധികൃതകെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി മൂന്നാറിന്റെ മാത്രം പച്ചപ്പ്‌ സംരക്ഷിക്കുന്ന മണ്ടന്‍ ആശയമല്ല.മൂന്നാര്‍ മാത്രം സംരക്ഷിക്കണമെന്നു വാദിക്കുന്നത്‌ മണ്ടന്‍ ആശയമാണെന്നു പറയാന്‍ കാരണം,ഒരിക്കലും ഒരു സ്ഥലത്തും ഒരു നിശ്ചിതപ്രദേശം മാത്രമായി വനസംരക്ഷണം നടത്താന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നതുകൊണ്ടാണ്‌.അത്തരം കാര്യങ്ങള്‍ റിസോട്ടുമുറ്റങ്ങളുടെ ലാന്റ്‌സ്‌കേപ്പ്‌ ഡിസൈനിംഗില്‍ മാത്രമേ സാദ്ധ്യമാവൂ.ഭൂമിക്ക്‌ വരയിട്ട്‌ മേഘത്തിനോട്‌ അതിനകത്ത്‌ മാത്രം നിഴല്‍ വീഴ്‌ത്താന്‍ പറയുന്ന വങ്കത്തരം പോലെയാണത്‌.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ്‌ വികസിതകേരളത്തിലെ ഇടുക്കിയുടെ ശാപം.ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും ഇന്നും കൃഷിചെയ്‌താണ്‌ ജീവിക്കുന്നത്‌.സര്‍ക്കാര്‍ജോലികൊണ്ടോ പുറംവരുമാനംകൊണ്ടോ അല്ല.കൃഷിക്കൊപ്പം പശുവളര്‍ത്തിയും പാലുവിറ്റും പ്രധാനമായും അവര്‍ ജീവിതാവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നു.കൃഷിയിറക്കാനും പശു വളര്‍ത്താനും ഏറ്റവും ആവശ്യം ആവാസവ്യവസ്ഥയുടെ സംതുലനമാണെന്നു തിരഞ്ഞെടുക്കപ്പെട്ടുവരുന്ന ജനനേതാക്കന്മാര്‍ മറന്നുപോകുമ്പോള്‍ നാട്ടില്‍ വറുതി പടരും.ഇന്ന്‌ പലര്‍ക്കും സമാധാനം കൊടുക്കുന്ന തൊഴിലുറപ്പു പദ്ധതിയൊക്കെ തങ്ങളുടെ ജീവിതത്തിന്റെ ദീര്‍ഘകാലപരിഹാരമല്ലെന്ന്‌ അതുചെയ്യുന്ന സാധാരണക്കാര്‍ക്കുപോലും അറിയാം.ഇടുക്കിയില്‍ ദശകങ്ങളായി സംഭവിക്കുന്നത്‌ ഫണ്ടുകളുടെ വിതറല്‍ മാത്രമാണ്‌.വിവിധ ഏജന്‍സികളുടെയും സര്‍ക്കാറിന്റെയും പല വകുപ്പുകളില്‍പ്പെടുന്ന ഫണ്ടുകള്‍ ഇടുക്കിയിലും പാഴാകുന്നു.എന്തിനാണ്‌?ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ക്കായി പണം പാഴാക്കുന്നതല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനം.

തൊടുപുഴ,ദേവികുളം,ഉടുമ്പന്‍ചോല,പീരുമേട്‌ താലൂക്കുകളെ ഉള്‍പ്പെടുത്തി ജില്ലയാകെ സംരക്ഷിക്കപ്പെടുന്ന ഒരു ഹരിതോദ്യാന പദ്ധതി ആവിഷ്‌കരിക്കണം.അതിനായി ജില്ലയാകെ പൂച്ചെടി വച്ചുപിടിപ്പിക്കണമെന്നല്ല.ലളിതമായ വനസംരക്ഷണം എന്ന അടിസ്ഥനത്തില്‍ ജില്ലയുടെ പ്രത്യേകതകളായ തണുപ്പും കാലാവസ്ഥയും മഞ്ഞും നിലനിര്‍ത്തണം.അതിനായി അനാവശ്യനിര്‍മ്മാണപ്രവര്‍ത്തനങ്ങളക്കമുള്ളവ നിര്‍ത്തിവയ്‌ക്കണം.ഈ ഹരിതോദ്യാനത്തില്‍ തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രവും നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകളും ചിന്നാര്‍ വന്യജീവിസങ്കേതവും പീരുമേട്ടിലെയും മൂന്നാറിയെയും തേയിലത്തോട്ടങ്ങളും ഇരവികുളം നാഷണല്‍ പാര്‍ക്കും ചന്ദനം നിറഞ്ഞ മറയൂരും തട്ടേക്കാട്‌ പക്ഷിസങ്കേതവും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വും ആനമുടിയും എല്ലാം ഉള്‍പ്പെട്ടുകിടക്കും.അതിനോടു ചേര്‍ന്ന മറ്റുഭാഗങ്ങളും തുല്യമായി സംരക്ഷിക്കപ്പെടുമ്പോള്‍ ഗ്രീന്‍ റേഞ്ച്‌ യാഥാര്‍ത്ഥ്യമാകും.ഇടഭാഗങ്ങള്‍ പ്രകൃതി തനിയെ പച്ചപിടിപ്പിച്ചുകൊള്ളും.അതിനൊക്കെ ദേവിമലയും കാത്തുമലയും കരിമലയും ചെന്തവരയും ആനമുടിയും മലകളായിട്ടുണ്ടല്ലോ.

നിലവിലുള്ള ജനങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും പ്രകൃതിയെയും കൃഷിയെയും മറ്റ്‌ വാണിജ്യ-വ്യാപാരാവശ്യങ്ങളെയും നിലനിര്‍ത്തിക്കൊണ്ടും എന്നാല്‍ അനധികൃതകൈയേറ്റങ്ങളേയും വനനശീകരണത്തെയും നിയമത്താല്‍ തടഞ്ഞുകൊണ്ടും സംരക്ഷിച്ചുകൊണ്ടുമായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്‌.സംസ്ഥാനത്തിന്റെ ഹരിതോദ്യാനമായി ജില്ലയെ പ്രഖ്യാപിക്കണം.ഓരോ കര്‍ഷകനും അതിഥിയെ സ്വീകരിക്കുന്ന ആതിഥേയന്മാരായി മാറാന്‍ അവസരമുണ്ടാകും.ടൂറിസത്തിന്റെ പുത്തന്‍ സാദ്ധ്യതയാണത്‌.ഇനിയതിന്റെ ആവശ്യം വളരെ പ്രസക്തമാണ്‌.കാരണം കുടിയേറ്റത്തിന്റെ എല്ലാ പ്രവാഹവും നിലച്ചുകഴിഞ്ഞു.ആരുമിപ്പോള്‍ മണ്ണ്‌ പൊന്നാക്കാന്‍ മല കയറുന്നില്ല.മറിച്ച്‌ മലയിറങ്ങുന്നവര്‍ നിരവധിയുണ്ടുതാനും.അവരില്‍ പുതുതലമുറ ഭൂരിഭാഗവും,ആണും പെണ്ണുമടക്കം,ജോലി തേടി നഗരങ്ങളെ സ്വീകരിച്ചുകഴിഞ്ഞു.അവിടെ ബാക്കിയായിരിക്കുന്നത്‌ ഇന്നും കൊക്കോ പറിച്ചും റബ്ബറുവെട്ടിയും കുരുമുളകുനട്ടും പാലുവിറ്റും പഴയപടി ജീവിക്കുന്ന പ്രായംചെന്നവരാണ്‌.

അടിമാലി മുതല്‍ ബൈസണ്‍വാലിയും ചിന്നക്കനാലും വരെയുള്ള പ്രദേശങ്ങള്‍ റിസോട്ടുടമകളുടെയും ഹോട്ടല്‍നടത്തിപ്പുകാരുടെയും കൈകളിലാണ്‌.കുമളിയും കട്ടപ്പനയും നെടുങ്കണ്ടവും വ്യത്യസ്‌തമല്ല.ഇതിനിടയില്‍ കുടിവെള്ളത്തിനു മുതല്‍ നടക്കാനുള്ള വഴിക്കുവരെ മറുനാടന്‍ മുതലാളിമോരോട്‌ വഴക്കുണ്ടാക്കേണ്ട ഗതികേടിലാണ്‌ അവിടുത്തുകാര്‍.കൃഷിയില്‍ താല്‌പര്യമില്ലാത്ത യുവതലമുറയും കൃഷി മടുത്ത ഇത്തിരി കാര്യപ്രാപ്‌തിയുള്ള ചേട്ടന്മാരും സ്വന്തം പറമ്പില്‍ ബോര്‍ഡ്‌ വച്ച്‌ മൂന്നാര്‍ കാണാന്‍ പോകുന്നവര്‍ക്ക്‌ കപ്പയും പുഴമീനും കൊടുക്കുന്ന സല്‍ക്കാരപ്രിയരായി മാറി.ഇവരാരും മനസ്സിലാക്കാത്തത്‌ കാലാവസ്ഥ മാറിയാല്‍ സഞ്ചാരികള്‍ മൂന്നാറിനെ കൈയൊഴിയുമെന്ന യാഥാര്‍ത്ഥ്യമാണ്‌.മിതമായ രീതിയില്‍ താമസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ മൂന്നാറിലും ജില്ലയുടെ ഇതരഭാഗങ്ങളിലും ടൂറിസം നടപ്പാക്കാനാവും.ആശയപരമായി അതിന്‌ എതിരുനില്‍ക്കുന്നവരുണ്ടാകുമെന്ന്‌ തോന്നുന്നില്ല.പരിസ്ഥിതിസൗഹൃദ ജൈവകൃഷി കര്‍ഷകരിലെത്തിക്കണം.കൃഷിയും പ്രകൃതിയും ഒന്നിക്കണം.അതിലൂടെ വരുമാനവും നിലനില്‍പ്പുമുണ്ടാവണം. അത്‌ ജില്ലയാകെ നല്ല രീതിയില്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ്‌ ജില്ല തന്നെ ഒരു പരിസ്ഥിതിപാര്‍ക്ക്‌ എന്ന ആശയത്തിലൂടെ വിഭാവന ചെയ്യുന്നത്‌.എല്ലാത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളെയും കൈയേറ്റങ്ങളെയും ചെറുത്തുനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ പദ്ധതിയിലൂടെ കഴിയും.അതിന്‌ എല്ലാ പഞ്ചായത്തുകളെയും പഞ്ചായത്ത്‌ ഭരണാധികാരികളെയും തയ്യാറാക്കണം.കേരളത്തില്‍ ഇത്രയേറെ പരിസ്ഥിതിപ്രാധാന്യമുള്ള വേറൊരു ജില്ലയുമില്ലെന്നത്‌ നാം മറക്കാന്‍ പാടില്ല.

സുഗന്ധവ്യഞ്‌ജനങ്ങളുടെയും സംരക്ഷിതപ്രദേശങ്ങളുടെയും ആദിവാസിഗോത്രങ്ങളുടെയും ഉറവകളുടെയും നാട്‌ എന്ന അര്‍ത്ഥത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഒന്നിച്ചുനിന്ന്‌ നടപ്പാക്കേണ്ടത്‌ ഹരിതസംരക്ഷണ പദ്ധതിയാണ്‌.


  • വരളുന്ന നദികളും വറ്റുന്ന ഡാമുകളും.

വൈദ്യുതിയുല്‍പ്പാദനത്തിലെ മേല്‍ക്കോയ്‌മയിലാണ്‌ ജില്ല പിന്നെ അറിയപ്പെടുന്നത്‌.ജലത്തെ ആശ്രയിച്ച്‌ വൈദ്യൂതോല്‌പ്പാദനം നടത്തുന്നതിന്റെ കെടുതികള്‍ ലോകം മനസ്സിലാക്കിത്തുടങ്ങിയ സമയമാണിത്‌.പെരിയാറും മീനച്ചിലാറും മണിമലയാറും മുവാറ്റുപുഴയാറുമാണ്‌ ജില്ലയില്‍നിന്ന്‌ ഉത്ഭവിക്കുന്ന നദികള്‍.മുതിരപ്പുഴയാറും പെരിഞ്ചാന്‍കുട്ടിയും പാമ്പാറും പോഷകനദികള്‍.വനപ്രദേശം വര്‍ദ്ധിച്ച തോതില്‍ ചൂഷണം ചെയ്യപ്പെടുകയും രാസവളപ്രയോഗത്താല്‍ മണ്ണ്‌ ഊഷരമായിത്തീരുയും ചെയ്‌തതോടെ ഇവിടുത്തെ ഉറവകള്‍ മണ്ണിലേക്ക്‌തന്നെ വലിഞ്ഞുതുടങ്ങിയിരിക്കുന്നു.വേനല്‍ക്കാലത്ത്‌ രൂക്ഷമായ കുടിവെള്ള പ്രശ്‌നമനുഭവിക്കുന്നവരാണ്‌ ജില്ലയിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലുമുള്ളവര്‍.താല്‌ക്കാലിക തടയണകളോ കോണ്‍ക്രീറ്റ്‌ ജലവീപ്പയോ അല്ല അതിന്‌ പരിഹാരം.അശാസ്‌ത്രീയമായ കൃഷിരീതികള്‍ അവസാനിപ്പിക്കാനും ജൈവകൃഷിരീതി നടപ്പാക്കാനും അടിത്തട്ടുമുതല്‍ ശ്രമമുണ്ടാകണം.ഹരിതസംരക്ഷണ പദ്ധതിയിലൂടെ നീര്‍ച്ചാലുകളുടെ ആരോഗ്യം വീണ്ടെടുക്കാനും നിലനിര്‍ത്താനും കഴിയും.അതേസമയം പരമാവധി ജലവിനിയോഗം ചുരുക്കുക എന്ന ലക്ഷ്യം വച്ച്‌ മറ്റ്‌ പ്രകൃതിസ്രോതസ്സുകളെ വൈദ്യുതിയുല്‌പ്പാദനത്തിനായി നമുക്കുപയോഗിക്കാനും കഴിയണം.

രാമക്കല്‍മേട്‌ കാറ്റാടി പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത അതാണ്‌.വെറുതെ ലഭിക്കുന്ന കാറ്റിനെ കറന്റാക്കി മാറ്റാന്‍ നമുക്ക്‌ കഴിയാത്തത്‌ അധികൃതരുടെയും ഇടനിലക്കാരുടെയും ഉദ്ദേശ്യത്തില്‍ വേറെ ലക്ഷ്യം കലരുമ്പോഴാണ്‌.മണിക്കൂറില്‍ നൂറ്‌ മുതല്‍ നൂറ്റിയിരുപത്‌ വരെ വേഗതയില്‍ കാറ്റ്‌ ലഭിക്കുന്ന മറ്റു പ്രദേശങ്ങള്‍ നമുക്ക്‌ കേരളത്തിലില്ല.സമതലങ്ങളില്ലാത്ത കുന്നുകളേറെയുള്ള ജില്ലയില്‍ തമിഴ്‌നാട്‌ നോക്കിക്കിടക്കുന്ന രാമക്കല്‍മേട്‌ മാത്രമേ ഇത്ര കാറ്റുള്ളൂ.പക്ഷേ വലിയൊരു സാധ്യതയായി നമ്മളത്‌ തിച്ചറിയുന്നില്ല.


  • കടലും തീവണ്ടിയും കടന്നുവരാത്ത ജില്ല

ഇതൊരു സ്വപ്‌നമാണ്‌.കടലിനെ കെട്ടിവലിച്ചു കൊണ്ടുവരിക എന്തായാലും സാദ്ധ്യമല്ല.എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്നാറിലുണ്ടായിരുന്ന റെയിലിനെ മറ്റുവഴികളിലൂടെ വീണ്ടുമെത്തിക്കാന്‍ നമുക്ക്‌ സാധിക്കില്ലേ. വിനോദസഞ്ചാരികള്‍ക്കായി മൂന്നാറിന്റെ പരിസരപ്രദേശത്തുമാത്രമായിട്ടും റെയില്‍ഗതാഗതം നടപ്പാക്കാം.സ്വിറ്റ്‌സര്‍ലന്റിലും ഊട്ടിയിലും സാദ്ധ്യമായിട്ടുള്ള മലമ്പാതയാത്രതന്നെ ഇത്‌.(മെട്രോ റെയില്‍ പണ്ടേയ്‌ക്കുപണ്ടേ വരേണ്ട എറണാകുളത്ത്‌ അതിനിയും വന്നിട്ടില്ല.പിന്നല്ലേ ഈ കാട്ടുമുക്കില്‍ എന്നു പരിഹസിക്കുന്നവരുണ്ടാകാം.ശരിയാണ്‌.എന്തുചെയ്യാം.)

ഇപ്പോള്‍ ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റിയായ തൊടുപുഴ വരെ വരുന്ന വിധത്തില്‍ റെയില്‍വേയുടെ സര്‍വ്വേ നടത്തിയെങ്കിലും അതും നടപടിയാവാതെ പോവുന്നതാണ്‌ നാം കാണുന്നത്‌.പുനരാലോചനയ്‌ക്ക്‌ വയ്‌ക്കേണ്ട കാര്യമാണിത്‌.തൊടുപുഴ വരെയല്ല,പത്തനംതിട്ട ജില്ലയില്‍ നിന്ന്‌ നേര്യമംഗലം വരെയെങ്കിലും റെയില്‍ഗതാഗതം സ്ഥാപിക്കാന്‍ കഴിയണം.ഹൈറേഞ്ചിലേക്കുള്ള വാതിലാണല്ലോ നേര്യമംഗലം.

റെയില്‍ ഗതാഗതമെന്നതിലൂടെ പ്രധാനമായും രണ്ട്‌ ഉദ്ദേശമാണുള്ളത്‌.

1)ജില്ലയുടെ യാത്രാ-വാണിജ്യ ആവശ്യങ്ങള്‍ പരിഹരിക്കുക.

2)മൂന്നാറിലേക്ക്‌ കൂടുതലായി സഞ്ചാരികളെ ആകര്‍ഷിക്കുക.

നിലവില്‍ വളരെയധികം യാത്രാക്ലേശമനുഭവിക്കുന്നവരാണ്‌ ഇടുക്കിജില്ലക്കാര്‍.റോഡുകള്‍മാത്രം യാത്രാദുരിതം പരിഹരിക്കുകയില്ല.യാത്രാദുരിതം മറികടക്കാനും മറ്റുജില്ലക്കാര്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ കടന്നുവരാനും ഇതിലൂടെ കഴിയും.ജില്ല 'ഹരിതകേദാര'മാവുമ്പോള്‍ അതിന്റെ ഫലം നാനാമേഖലകളിലേക്കും പടരുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.തീവണ്ടിയുടെ ആവശ്യകതയും അപ്പോള്‍ കൂടുതലായി ഉയര്‍ന്നുവരും.


  • മടിയന്മാരായ സര്‍ക്കാര്‍നിയമിതപ്രഭുക്കന്മാരും പാദസേവകരും

ജില്ല രൂപീകരിച്ച കാലം മുതല്‍ ഇടുക്കി ജില്ലയ്‌ക്കുള്ള പ്രധാനദോഷമാണ്‌ ശിക്ഷ കിട്ടി പണിക്കുവരുന്നവരുടെ അലസത.സര്‍ക്കാര്‍ നിയമിതപ്രഭുക്കന്മാരായ അവരുടെ ആത്മരോഷവും അതുമൂലമുള്ള അലസതയും ജില്ലയെ മറ്റുജില്ലകളില്‍ നിന്ന്‌ പിന്നോട്ടടിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.ഭാവനാശാലിയായ ഉദ്യേഗസ്ഥര്‍വേണം ഇടുക്കി ഭരിക്കാന്‍.അപ്പോഴോ ജില്ല ശരിയായ രീതിയില്‍ സൗന്ദര്യവും ആരോഗ്യവും കൈവരിക്കൂ.പഞ്ചായത്ത്‌ ഓഫീസുകളും വില്ലേജ്‌ ഓഫീസുകളും കൃഷി ഭവനുകളും സഹകരണബാങ്കുകളും പറയുന്നതുകേട്ട്‌ ജീവിക്കുന്ന ധാരാളം പേരുണ്ട്‌ ഇടുക്കിയില്‍.അവരെ കൃത്യമായി സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അധികാരത്തിലിരുന്നാല്‍ സാധാരണക്കാര്‍ക്ക്‌ വലിയ ആശ്വാസമാവും.പലപ്പോഴും സര്‍ക്കാര്‍ കാട്ടുന്ന ഉദ്യോഗസ്ഥനിയമനങ്ങളുടെ അലംഭാവപ്രകൃതത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികള്‍ വലിയ താല്‌പര്യം കാട്ടാറില്ല.പിന്നാക്കജീവിതാവസ്ഥകളോട്‌ പൊരുതിക്കയറിയ ആ പാവം ജനനേതാക്കന്മാര്‍ക്ക്‌ അതിനുള്ള ഭാവനയും ജില്ലയ്‌ക്ക്‌ ആവശ്യമുള്ളത്‌ നേടിയെടുക്കാനുള്ള ആര്‍ജ്ജവവും ഇല്ല.പൊലീസിലായാലും ഫോറസ്റ്റിലായാലും പഞ്ചായത്തിലായാലും തനിക്ക്‌ വഴങ്ങുന്നവരെ വാഴിക്കുക എന്നതാണല്ലോ സമാന്തരനാടുവാഴികളുടെ കാലാകാലമായുള്ള തന്ത്രം.അതിന്‌ മാറ്റം വരണം.

ഒന്നുകില്‍ വൃദ്ധസദനം എന്നുപേരുകേട്ട ജില്ല അല്ലെങ്കില്‍ കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന്‌ സഞ്ചാരികള്‍ വരാതായതോടെ മനുഷ്യരുപേക്ഷിച്ചുപോയ ജില്ല.ഇതിലൊരു ദുഷ്‌പേരായിരിക്കും രണ്ടോ മൂന്നോ ദശകങ്ങള്‍ കഴിഞ്ഞാല്‍ ഇടുക്കിയെപ്പറ്റി പഠിക്കാനുണ്ടാവുക.അതുകൊണ്ട്‌,ജില്ലയെ സമഗ്രമായി മനസ്സിലാക്കുന്ന ദീര്‍ഘവീക്ഷണമുള്ള ഭാവനാശാലികളായ ഭരണതന്ത്രജ്ഞരും അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥരുമാണ്‌ ഇടുക്കിക്ക്‌ ഇന്നാവശ്യം. കേരളത്തിന്റെ ഔദ്യോഗിക ഹരിതചിഹ്നമാവാന്‍ അതിലൂടെ ഇടുക്കിക്ക്‌ കഴിയും.

ഫോട്ടോ-സുസ്‌മേഷ്‌ ചന്ത്രോത്ത്‌

24 comments:

  1. ഇടുക്കിയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഹരിതോദ്യാനമായി പ്രഖ്യാപിക്കുകയും സംരക്ഷിക്കുകയുമാണ്‌ വേണ്ടത്‌.തിരഞ്ഞെടുപ്പ്‌ അടുത്ത സന്ദര്‍ഭത്തിലാണ്‌ ഇങ്ങനെ ആലോചിക്കുന്നത്‌.വായനക്കാര്‍ എന്തുപറയുന്നു..?

    ReplyDelete
  2. Wonderfully woven article.....as a fellow 'idukkian'(bison valley), i know the plight and i can relate easily to the needs and necessity of idukki. 'green range' is something which has to be accomplished not just for Idukki but for the entire kerala, as idukki plays an important role in shaping up the economic and climatic conditions of the state.

    ReplyDelete
  3. ഈ പോസ്റ്റ് ബ്ലോഗിന്റെ പുറത്തേയ്ക്കു കടക്കേണ്ടതല്ലേ? കുറഞ്ഞപക്ഷം ഇടുക്കിക്കാര്‍ -അതായത് അവിടുത്തെ സധാരണക്കാര്‍ മുതല്‍ അധികാരിവര്‍ഗ്ഗം വരെ - ഇക്കാര്യം ഒന്നു ചിന്തിച്ചുപോകില്ലെ ഇതു വായിച്ചാല്‍? ഒരെഴുത്തുകാരന്റെ സ്വപ്നം എന്ന രീതിയില്‍ മാത്രം നില്‍ക്കാതെ ഒരു development project എന്ന രീതിയില്‍ കാണാന്‍ കഴിയുന്നവര്‍ ഇതു വായിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നു.

    ReplyDelete
  4. സംഗതി ഇഷ്ട്ടമായി ....ഇപ്പോള്‍ ഞങ്ങള്‍ പാലക്കാട്ടുകാര്‍ ഒരു കൊരിട്ടരിപ്പോടെ പറയും പാലക്കാട്‌ .......green kerala xpressilum ഞങ്ങള്‍ തന്നെ

    ReplyDelete
  5. ഇടുക്കിയില്‍ ഒരു വീടുണ്ടയിരുന്നുനെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു കൊല്ലം ജില്ലക്കാരന്‍ ആണ് ഞാന്‍.

    ReplyDelete
  6. ആസ്വദിച്ചു

    ReplyDelete
  7. തകഴിക്കാലത്തിനുശേഷം വന്ന എഴുത്തുകാർക്കൊന്നും നാടെന്നൊരു വിചാരമില്ലെന്നു പലരും പറയാറുണ്ട്, സ്വന്തം നാടിന്റെ പ്രശ്നം എത്ര ഭംഗിയായി പഠിച്ച്, ചർച്ചക്ക് തയ്യാറാണ് താങ്കൾ! സമ്മതിച്ചിരിക്കുന്നു, പിന്നെ കാറ്റാടി വൈദ്യുതിയും ചെറിയ കുത്തുകളിൽ സ്ഥാപിക്കാവുന്ന മൈക്രോ ഹൈഡൽ പ്രോജെക്റ്റുകളും ഇടുക്കിയിൽ ഒരേ ഗ്രിഡിലേക്ക് ഫീഡ് ചെയ്യാവുന്നതാണ്, ആണ്ടു മുഴുവനും വൈദ്യുതി (കാറ്റുള്ളപ്പോൾ അത്, വെക്ക്ക്കമുള്ളപ്പോൾ അത്) ലോക്കലായി ഉണ്ടാക്കാം, സാധാരണ ആൾട്ടർനേറ്ററുകൾക്ക് പകരം ഇൻഡക്ഷൻ ജനറേറ്റരുകൾ ഉപയോഗിക്കാം!ചെലവു കുറയും, പിന്നെ കാറ്റു പോലെ എപ്പോഴും ഒരേപോലെയല്ലാത്ത ശക്തിക്ക് അനുയോജ്യവും.

    ReplyDelete
  8. വളരെ ഗൌരവത്തോടെ കാണേണ്ട ഒരു പോസ്റ്റ്‌.
    ഇതൊക്കെ ബന്ധപ്പെട്ടവര്‍ വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്ന് എപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ മുക്തമാകുന്നുവോ അന്നേ നമ്മുടെ നാടിനു രക്ഷയുള്ളൂ.
    അങ്ങിനെയൊരു നാള്‍ വരുമോ?

    ReplyDelete
  9. നമുക്ക് മാറ്റം പേടിയാണ്, സുസ്മേഷ്.
    അഴിമതിയിൽ നിന്ന്, അനാചാരങ്ങളിൽ നിന്ന്, പതിവ് സങ്കൽ‌പ്പങ്ങളിൽ നിന്ന്...........അങ്ങനെയെല്ലാറ്റിൽ നിന്നും മാറുവാൻ പേടിയാണ്. ആർക്കും ആരോടും ബാധ്യതയില്ലാത്തതുകൊണ്ട് ഭരണതന്ത്രജ്ഞരും ഉദ്യോഗസ്ഥരുമൊന്നും ജനങ്ങളെ അവസാന പരിഗണനപോലുമാക്കുന്നില്ല.
    അഭിനന്ദനങ്ങൾ, നല്ലൊരു പോസ്റ്റായിരുന്നു.

    ReplyDelete
  10. നല്ല പോസ്റ്റ്.
    ഞാനും ഒരു ചെറിയ ഇടുക്കിപ്രേമിയാണ്, അവിടുത്തുകാരനല്ലെങ്കിലും.
    ഡോക്ടറായ ശേഷം ഉപ്പുതറ, കട്ടപ്പന, ഇരട്ടയാർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. 1995 -96 കാലത്ത്. ഇപ്പോഴും ആ സ്ഥലങ്ങൾ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

    ആശംസകൾ!

    ReplyDelete
  11. നാടിനോടുള്ള ആത്മാര്‍ഥത മുഴുവന്‍ ഈ പോസ്റ്റില്‍ കാണാം.ശ്രീനാഥന്‍ മാഷ് പറഞ്ഞ പോലെ അത് തീര്‍ച്ചയായും സന്തോഷിപ്പിച്ചു..
    ഇടുക്കിയ്ക്കു വേണ്ടതെന്തെന്നും,നേടേണ്ടതെങ്ങനെയെന്നും വിളിച്ചു പറയുന്ന ഈ പോസ്റ്റ് വേണ്ടപ്പെട്ടിരുന്നവര്‍ കണ്ടിരുന്നെങ്കില്‍ എന്നേയുള്ളൂ ആഗ്രഹം..

    ReplyDelete
  12. നല്ലൊരു പഠന റിപ്പോർട്ട്.
    സ്മിത മീനാക്ഷി പറഞ്ഞതുപോലെ ഇത് ബ്ലോഗിലൊതുങ്ങാതെ കുറെക്കൂടി വിയശാലമായ ഒരു മാധ്യമത്തിലൂടെ പൊതുജനങ്ങളിലും അധികാര മനസ്സുകളിലും എത്തണം.

    ReplyDelete
  13. ജാലകത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. കൂടുതൽ മൌസുകളുടെ മുന്നിലേയ്ക്ക് താങ്കളുടെ രചനകൾ എത്തിച്ചേരട്ടെ. ആശംസകൾ!

    ReplyDelete
  14. നല്ല ലേഖനം. ഇടുക്കി മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ പഞ്ചായത്തുകളിലും ഇങ്ങനെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ഒരോ സ്ഥലത്തെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് തന്നെ ചെയ്യേണ്ടതുണ്ട്. അതിനാണല്ലൊ ത്രിതലപഞ്ചായത്ത് സംവിധാനം തന്നെ. പക്ഷെ ഒന്നും നടക്കാന്‍ പോകുന്നില്ല. കാരണം ഉദ്യോഗസ്ഥന്മാര്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ല. മറ്റൊന്ന് ഭാവനയുള്ളവര്‍ക്ക് ഒരു വാര്‍ഡ് മെമ്പര്‍ ആകാന്‍ പോലും പറ്റില്ല. ആരാണ് ഓരോ തട്ടിലുമുള്ള പ്രതിനിധികള്‍ ആകേണ്ടത് എന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കുത്താനല്ലെ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കക്ഷിരാഷ്ട്രീയക്കാരും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി ജയിച്ചു വരുന്നവര്‍ക്ക് പാര്‍ട്ടിയോട് മാത്രമേ ബാധ്യത ഉള്ളൂ താനും. കക്ഷിരാഷ്ട്രീയം നമ്മുടെ നാട്ടിനെ വിഴുങ്ങിയിരിക്കുകയാണ്. ഇത് പറഞ്ഞാല്‍ അരാഷ്ട്രീയമെന്ന് പറയും. രാഷ്ട്രീയമെന്ന് വെച്ചാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് പതിവായി ആ പാര്‍ട്ടിക്ക് വോട്ട് കുത്തുക എന്നാണ് നമ്മുടെ നാട്ടിലെ വിവരമുള്ളവര്‍ വരെ ധരിച്ചു വെച്ചിരിക്കുന്നത്.

    അത്കൊണ്ട് ഈ ലേഖനം ബ്ലോഗിന് പുറത്ത് എത്തിച്ചാലും ഓരോ ആളും വായിച്ച് ശരിയാണ് എന്ന് മനസ്സില്‍ പറയുകയേയുള്ളൂ. മറ്റെന്താണ് ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക?

    അതെ, ജനങ്ങള്‍ക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക...?

    ReplyDelete
  15. ഹരിതസംരക്ഷണ പദ്ധതിയും കാര്‍ഷിക മേഖലയുടെ അഴിച്ചുപണിയുമൊക്കെ ഇടുക്കിക്ക് മാത്രമല്ല കേരളം മുഴുവന്‍ തന്നെ വേണ്ടതാണ്. പക്ഷെ പലപ്പോഴും പദ്ധതികളില്ലാഞ്ഞിട്ടല്ല ഉള്ളവ വേണ്ട വിധം നടപ്പില്‍ വരുന്നില്ല എന്നതാണ് ഈ നാടിന്റെ ദുരിതം.The real development will come only when we start integrating various programmes instead of compartmentalising them.

    ReplyDelete
  16. പ്രിയ സുഹൃത്തുക്കളേ,
    നന്ദി.നമസ്‌കാരം.എല്ലാവര്‍ക്കും.
    ശ്രീ ശ്രീനാഥന്‍,ആശയം നല്ലതാണ്‌.ചില പ്രവര്‍ത്തനങ്ങള്‍ കഞ്ഞിക്കുഴി,വെണ്‍മണി ഭാഗങ്ങളില്‍ കുറേ വര്‍ഷം മുമ്പ്‌ നടന്നതായി കേട്ടിരുന്നു.തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല.പക്ഷേ വരും വര്‍ഷങ്ങളില്‍ ഉണ്ടായേക്കാം.
    ശ്രീ കലാവല്ലഭന്‍,ഇത്‌ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ആവശ്യപ്പെട്ടിട്ട്‌ അവര്‍ക്കായി എഴുതിയതാണ്‌.അതിനെ കുറേക്കൂടി വിപുലമാക്കിയാണ്‌ ബ്ലോഗിലിട്ടത്‌.ആഴ്‌ചപ്പതിപ്പില്‍ വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.
    ശ്രീ കെ.പി.എസ്‌ അഞ്ചരകണ്ടി,
    വളരെ ശരിയാണ്‌.നമ്മുടെ നാട്ടിലെ നല്ല പൊതുപ്രവര്‍ത്തകനെ വോട്ടിലൂടെ തിരഞ്ഞെടുക്കാന്‍ നമുക്ക്‌ നിര്‍വ്വാഹമില്ല ഇപ്പോഴും.ഇടതുവലതു പാര്‍ട്ടിക്കാര്‍ നിര്‍ത്തുന്നവരെ ജയിപ്പിക്കുകയേ ജനത്തിന്‌ വഴിയുള്ളൂ.താങ്കളുടെ കമന്റ്‌ മാനസികോര്‍ജ്ജം തന്നു കേട്ടോ.
    കുസൃതി:
    എച്ചുമുക്കുട്ടിയുടെ പശുവിനെക്കണ്ടപ്പോള്‍ എന്നിലെ ഇടുക്കിക്കാരന്‍ ഒരുപിടി പുല്ലു പറിച്ചുനീട്ടിപ്പോയി.അറിയാതെ..!എച്ചുമുക്കുട്ടി വന്നതില്‍ വലിയ സന്തോഷം.
    ഒരിക്കല്‍ക്കൂടി,ഇത്തിരി ഗൗരവമുള്ള ഈ പോസ്‌റ്റിനോട്‌ ക്ഷമാപൂര്‍വ്വം വായിച്ച്‌ പ്രതികരിച്ച ഓരോരുത്തര്‍ക്കും നന്ദി.

    ReplyDelete
  17. ഇടുക്കി ജില്ലയിലെ ഒരു പട്ടണത്തിൽ ചെറിയൊരു ജോലിയുമായി ആറുവർഷം ജീവിച്ചതിന്റെ പശ്ചാത്തലത്തിൽ ആവേശപൂർവ്വമാണ് താങ്കളെ വായിച്ചത്.

    തീർച്ചയായും ഹരിതസംരക്ഷണപദ്ധതി ഇടുക്കിക്ക് ആവശ്യമുണ്ട്. 14 വർഷം മുമ്പ് ആദ്യമായി ഹൈറേഞ്ചിലെത്തിയ കാലത്തെ കാലാവസ്ഥ ഇന്നവിടെ കാണാനില്ല. പതിനാലാം നമ്പർ മഴ ചരിത്രത്തിലേയ്ക്ക് പിൻ‌വാങ്ങിയിരിക്കുന്നു. ഏലത്തോട്ടങ്ങളിലെ മരങ്ങൾ, ഓരോ ഇലക്ഷൻ ദിനങ്ങളിലും ഒളിച്ചുകടത്തപ്പെടുന്നു.

    കാർഷികമേഖലയെ അഴിച്ചു പണിയുമ്പോൾ ഇടുക്കി ജില്ലയെ മാത്രം മനസ്സിൽ കണ്ടാൽ പോരാ. ഓരോ വർഷവും എത്ര ടൺ കീടനാശിനികളാണ് ഇടുക്കിയിലെ തോട്ടങ്ങളിൽ പ്രയോഗിക്കപ്പെടുന്നത്. അത് അധികം വൈകാതെ താഴ്വാര ജില്ലകളിലെത്തുന്നുണ്ട്. വളം/കീടനാശിനിക്കമ്പനികൾ ഇത്രയേറേ സജീവമായ മറ്റൊരു ജില്ല ഉണ്ടാവില്ല. രാസമാലിന്യങ്ങളെ ഒഴിവാക്കുന്ന, പരിസ്ഥിതി സൌഹൃദപരമായ ഒരു കൃഷിരീതി ഇടുക്കിയിൽ ഉണ്ടാകാൻ വൈകിയിരിക്കുന്നു. നെടുംകണ്ടം പട്ടണം ഇന്നു പേരിനെ കയ്യൊഴിയേണ്ട അവസ്ഥയിലാണ്. പട്ടണത്തിന്റെ രണ്ടു കവലകളെ തമ്മിൽ ബന്ധിപ്പിച്ചു കിടന്നിരുന്ന, ഒരു കിലോമീറ്ററോളം ദൈർഘ്യമുണ്ടായിരുന്ന വയൽ ഇന്ന് കോൺക്രീറ്റുകാടായി മാറിയിരിക്കുന്നു.

    ReplyDelete
  18. ഇടുക്കിയുടെ വനസംരക്ഷണത്തിനാദ്യം ചെയ്യേണ്ടത്, വനസംരക്ഷണത്തിന്റെ പേരിൽ പടച്ചുണ്ടാക്കിയ യൂക്കാലിക്കാടുകളെ ഉന്മൂലനാശം ചെയ്യുക എന്നതാണ്.അവിടെ എന്തെങ്കിലും കാടുപടർപ്പുകൾ വളർന്നോട്ടെ. വനസംരക്ഷണച്ചുമതല വനംവകുപ്പിനെ ഏൽ‌പ്പിക്കാതിരിക്കുകയായിരിക്കും ഭേദം. മുൻ വർഷം നീലക്കുറിഞ്ഞി കാണാനെത്തുന്നവരിൽ നിന്ന് ഫീസു പിരിച്ച് ദൂരെ കൊണ്ടുപോകുന്നതിനു വേണ്ടി , വഴിയരികിലെ നീലക്കുറിഞ്ഞികൾ പറിച്ചുകളഞ്ഞവരാണവർ!

    കാറ്റാടിപദ്ധതിയ്ക്ക് രാമക്കൽമേട് അനുയോജ്യം തന്നെ. അതോടൊപ്പം, ചതുരംഗപ്പാറ തുടങ്ങിയ മെട്ടുകളുടെ സാധ്യതയും പരിഗണിക്കണം.

    ‘ഭാവനാശാലികളായ ഉദ്യോഗസ്ഥർ വേണം ഇടുക്കി ഭരിക്കാൻ’ എന്ന അഭിപ്രായത്തോടു യോജിക്കുന്നു. ‘ഗിരിപർവ്വ’ത്തിന്റെ മാതൃകയും നമ്മുടെ മുന്നിലുണ്ട്. എങ്കിലും, ഉദ്യോഗസ്ഥരിൽ തദ്ദേശീയരുടെ സംഖ്യ അത്ര പരിമിതമാണോ?

    എന്റെ അഭിപ്രായത്തിൽ, ഇടുക്കിയുടെ വികസനത്തിന് അത്യാവശ്യമായ ഒരു പ്രവർത്തനം തൊടുപുഴയെ ഇടുക്കിജില്ലയിൽ നിന്ന് ഒഴിവാക്കുകയാണ്. ഇടുക്കിയ്ക്കു കിട്ടുന്ന സൌകര്യങ്ങൾ ആ സമതല പട്ടണം അടിച്ചുമാറ്റുമ്പോൾ പാവം ഹൈറേഞ്ചുകാർ കാഴ്ചക്കാരായി നരകിക്കുകയാണ്.

    ReplyDelete
  19. ബുദ്ധിജീവി നാട്യങ്ങളില്ലാതെ, നേരെ വാ,നേരെ പോ മട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു.
    അതെ വീക്ഷണം,അധികാര സ്ഥാപങ്ങ്ങളില്‍ ഇരിക്കുന്നവര്‍ക്കു ഇല്ലായെന്നതു
    കാലാകാലങ്ങളായി അവരുടെ പ്രവ്ര്ത്തനങ്ങളിലൂടെ തെളീയിക്കപ്പെട്ടീരിക്കുന്നതാണല്ലോ.
    പ്രാദേശിക പ്രത്യേകതകള്‍ക്കനുസരണമായി, ഡിസൈന്‍ ചെയ്യപ്പെട്ട വികസന മാതൃകകള്‍
    നമ്മുടെ നാട്ടിന്റെ വികസനതിന്റെ ബ്ലൂപ്രിന്റുകള്‍ ആഅവുന്ന കാലത്തിനു വേണ്ടി കാക്കാം..
    കാത്തിരിപ്പിന്റെ ദൂരം ഒരു നാടിന്റെ ഭൂതകാലത്തിന്റെ പച്ചപ്പുകളെ നെടുവീര്‍പ്പുകളില്‍
    മാത്രം ചെര്‍ത്തു വെയ്ക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാം...
    നല്ല പോസ്റ്റ്; സുസ്മെഷ്.

    ReplyDelete
  20. really its a good article.the government must do the things for the development of idukki.

    ReplyDelete
  21. പ്രിയപ്പെട്ട സുസ്മേഷ്

    തങ്ങളുടെ ബ്ലോഗ്‌ എന്‍റെ മനസ്സില്‍ ചില ചിന്തകള്‍ ഉണര്‍ത്തുന്നു പ്രത്യേകിച്ചും ഈ സാഹചര്യത്തില്‍.ഇന്ന് രാജ്യമാകെ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍.ഇടുക്കി ജില്ലയുടെ കാലാവസ്ഥ പച്ചക്കറി കൃഷിക്ക് വളരെ അനുയോജ്യമാണ് പ്രതേകിച്ചു വട്ടവട കാന്തല്ലൂര്‍ മൂന്നാര്‍ എന്നിവടങ്ങളില്‍ കേരളത്തിലേക്ക് ആവശ്യമുള്ളതില്‍ നല്ലൊരുപങ്ക് പച്ചക്കറി എവിടെ ഉല്പാദിപ്പിക്കാം പറ്റും ഇപ്പോള്‍ ഇവിടെ ഉണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് കര്‍ഷകര്‍ക്ക് വളരെ തുച്ചമായ വില മാത്രമേ ലഭിക്കുന്നുള്ളൂ എറണാകുളത്തെയും ഇടുക്കി ജില്ലയിലെയും മൊത്ത കച്ചവടക്കാരന്‍ ലാഭം എടുക്കുന്നു കൃഷി ചെയുന്ന കൃഷിക്കാര്‍ക്ക് വളരെ തുച്ചമായ പണം മാത്രമേ കിട്ടുന്നുള്ളൂ സര്‍ക്കാര്‍ ഇടപെട്ട് കൃഷിക്കാരുടെ വിളകള്‍ വാങ്ങാന്‍ അവസരം ഉണ്ടാക്കണം അതിനായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുക ജില്ലയില്‍ നിന്നുള്ള പച്ചക്കറി കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ വരെ വിതരണം ചെയാനുള്ള സംവിധാനം ഉണ്ടാക്കണം കേരളത്തിലെ ജനഞ്ഞള്‍ക്കും വലിയോരുസഹായം ആവും.കേരള സര്‍ക്കാര്‍ കേരളത്തിലെ എല്ലാ ജില്ലകളും ഐ ടി പാര്‍ക്ക് അരംഭിക്കുനുണ്ടല്ലോ? ഇടുക്കി വയനാട് പോലുള്ള ജില്ലകളില്‍ പച്ചക്കറി പാല്‍ എന്നിവ സഭാരിക്കുന്നതിനു ആവശ്യമായ ആധുനിക കേന്ദ്രങ്ങള്‍ തുടങ്ങുക ഐ ടി ഒടൊപ്പം ആളുകള്‍ അത്യാവശ്യത്തിനു ജനങ്ങള്‍ ഭഷണം കഴിക്കട്ടെ എന്നിട്ടാവാം ഐ ടി .സര്‍ക്കാര്‍ ആദ്യമായി ഓരോജില്ലക്കും വേണ്ട കൃഷി തിരഞ്ഞെടുക്കുക എന്നിട്ട് ജനങ്ങളെ അതിനു പ്രോത്സാഹിപ്പിക്കുക അതിനു വേണ്ട സഹായം ചെയ്തു കൊടുക്കുക
    മറ്റൊരു പ്രധാനപെട്ട കാര്യം ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യമാണ്.ജില്ലയുടെപ്രത്യേക ഭൂപ്രകൃതി മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്ത് എത്തിപ്പെടാന്‍ വളരെ ബുധിമുട്ടിണ്ട്.ഇപ്പോള്‍ സാധാരണക്കാരന്‌ എന്തെങ്ങിലും ആവശ്യത്തിന് പോകണമെങ്കില്‍ കുയിലമാലയിലോ തൊടുപുഴയിലോ പോവണം കുയിലിമല ആണെങ്ങില്‍ ഒരു ഓണം കേറാമൂലയില്‍ ആണ് തൊടുപുഴ ആണെങ്ങില്‍ ജില്ലയുടെ മറ്റൊരു അതിര്‍ത്തിയിലും ഇതിനു ഒരുമാറ്റം വരണം
    കേന്ദ്ര ഗവണ്മെന്റ്‌ പ്രക്യപിച്ച ഇടുക്കി പാക്കേജ് ഇത് വരെ നടപ്പിലാക്കാന്‍ ഉള്ള നടപടി ഉണ്ടായിട്ടില്ല ഇനി എന്ന് ഉണ്ടാവുമോ ആവൊ? ചിലപ്പോള്‍ ഇനി ഇടുക്കിക്കാര്‍ അടുതടുത്തി ഈ പേര് കേള്‍ക്കാം തിരഞ്ഞെടെപ്പ്‌ ഇങ്ങെത്തിപോയല്ലോ!!!!
    മറ്റൊരുകാര്യം കേരള കോണ്‍ഗ്രസിന്റെയും പ്ജ്‌ ജോസെഫ്ന്റെയും കഥയാണ്ഇടുക്കിക്കായി എന്ത് പ്രൊജക്റ്റ്‌ വന്നാലും അത് തൊടുപുഴയില്‍ എത്തിയിട്ടുണ്ടാവും ഉദാഹരണത്തിന്‌ സുഗന്ധവിള പാര്‍ക്ക് മൂപ്പര്‍ക്കു ഒരേ വാശി ഇപ്പോള്‍ എന്തായി കടിച്ചതും ഇല്ല പിടിച്ചതും ഇല്ല നായ്‌ വയികൊലില്‍ കിടക്കുന്ന അവസ്ഥ.തൊടുപുഴയെ ഇടുക്കിയില്‍നിന്നു മാറ്റി കോട്ടയതോട് ചേര്‍ക്കുക പേര് മാത്രമേ ഇടുക്കിയില്‍ ഉള്ളൂ ബന്ധങ്ങള്‍ മുഴുവന്‍ കോട്ടയവുംയാണ്അങ്ങനെ എങ്കിലും ജില്ലക്കായി പ്രക്യപിക്കുന്ന പദ്ധധികള്‍ തട്ടി പോവില്ല എന്ന് വിചാരിക്കാം കേരള കോണ്‍ഗ്രസ് പാര്‍ടികളുടെ അവശ്യം ഇടുക്കിക്ക് വിമാനത്താവളം വേണംപോലും!!! റബ്ബര്‍ പാര്‍ടികള്‍ക്ക് കൃഷിക്കാരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയില്ല റബ്ബറിന് അഞ്ചു ഉറുപ്പിക കുറഞ്ഞാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്പില്പോയി സമരം ചെയും ഇവറ്റകള്‍
    മറ്റൊന്ന് ഇടുക്കി ജില്ലയുടെ പ്രകൃതി വിഭവങ്ങള്‍ സംരഷിക്കാന്‍ പ്രതേക നടപടി വേണം വിശാല പ്രകൃതി വിഭവങ്ങള്‍ ഉള്ള ജില്ലയാണിത് കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പിന് ഇവിടുത്തെ വെള്ളത്തിനോട് മാത്രമാണ് കമ്പം വിദ്യുച്ഛക്തി നിലയങ്ങള്‍ സംരക്ഷിക്കണമെന്നു വലിയ താല്പര്യമില്ല അതിനുദാഹരണമാണ് കല്ലാര്‍കുട്ടി പൊന്മുടി പന്നിയാര്‍ പോലുള്ള ഡാമുകള്‍
    വനംവകുപ്പിന്റെയും കാര്യം മറ്റൊന്നല്ല ഇത്രയും വനം ഉള്ള ജില്ല ആയിട്ടുപോലും ഫോരെസ്റ്റ്‌ ആസ്ഥാനം കോട്ടയമാണ് ഉദാഹരണത്തിന് മറയൂരില്‍ ഒരു ചന്ദന മോഷണ കേസ് ഉണ്ടായാല്‍ ഉദോഗ പരിവാരങ്ങള്‍ കോട്ടയത്തുനിന്ന് നിയന്ത്രിക്കണം.ബ്ലോഗില്‍ എന്തെങ്കിലും കടുത്ത പ്രയോഗം നടത്തിയത് ആരെയും വേദനപ്പിക്കാന്‍ വേണ്ടിയല്ലേ ജില്ലയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി ഒരു പഴയ ഇടുക്കികാരന്റെ കുത്തി കുറിക്കലാണ്

    ReplyDelete
  22. Idukki has lot of resources which is not utilised properly.Proper planning is necessary for that.

    ReplyDelete
  23. ayyo visadamayi vayikan samayamillallo. veendum vannu vayikam.
    alla vayikum allathe vayyallo, njanum oru idukkikariyanallo

    ReplyDelete