Thursday, March 31, 2011

അഭാവം


പ്പോഴാണ് എല്ലാം നിശ്ശബ്ദമായത്.ഇപ്പോഴാണ് എല്ലാം കഠിനമായ ഏകാന്തതയിലായത്.ഇപ്പോഴാണ് നാം പരസ്പരമെത്ര ബഹുമാനിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.ഇപ്പോഴാണ് ഈ കുഴിയില്‍ ഞാന്‍ മാത്രമേയുള്ളുവെന്ന് അറിഞ്ഞത്.


വായില്‍ ഉളിപ്പല്ലുകള്‍ തെളിഞ്ഞ ചെന്നായ്ക്കള്‍ പുറത്ത് ഓലിയിടുന്നു..നിലാവ് എവിടെയാണ് അതിന്‍റെ പിഞ്ചിയ വസ്ത്രം കഴുകാന്‍ പോയിരിക്കുന്നത്..അരികുപൊട്ടിയ നക്ഷത്രങ്ങള്‍ ഇതേ സമയത്തുതന്നെ തുന്നല്‍ക്കാരനെ കാണാന്‍ പ്രാഞ്ചിപ്പോയതും നന്നായി.ആ അര്‍ശസ്സ് പിടിച്ച കാറ്റ് കുഴിക്കുപുറത്തുകിടക്കുന്ന എന്‍റെ ശവപ്പെട്ടിയുടെ മൂടിമേല്‍ തല്ലുന്നു...സര്‍വ്വം നിശ്ശബ്ദമായ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കായിപ്പോയ എന്‍റെ നിശ്വാസങ്ങള്‍മാത്രം നിന്‍റെ മുഖത്തേക്ക് ഓടിയണനാവാത്തതിന്‍റെ മുടിഞ്ഞ ഖേദത്തില്‍ ഈ നരകക്കുഴിയുടെ ഭിത്തിയില്‍ പതിക്കുകയാണ്...എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?


മരിച്ചുകഴിഞ്ഞതാണ്.അനവധി തവണ.അത്രയും തന്നെ പ്രാവശ്യം മരിച്ചടക്കും കഴിഞ്ഞതാണ്.കുഴിമൂടിയിരുന്നില്ലെന്ന് മാത്രം.അവര്‍ക്ക് ധൃതിയായിരുന്നു.എന്നെ കുഴിയില്‍ത്തള്ളി അവര്‍ അടുത്തയാളെ കൊന്നുകൊണ്ടുവരുവനായി ഓടിപ്പോയി.അവര്‍ക്ക് അതേ ആകുമായിരുന്നുള്ളൂ...അവരെ ഞാന്‍ കുറ്റം പറയുകയില്ല.പക്ഷേ ഒരു ശവത്തിന് തനിയെ തന്‍റെ കുഴി മൂടുവാനാവുകയില്ലല്ലോ.ഈ അഗാധതയില്‍ക്കിടന്ന് ഞാന്‍ ചീയുന്നതും പുഴുവരിക്കുന്നതും സ്നേഹത്തിനുവേണ്ടി വിതുന്പിയ എന്‍റെ ചുണ്ടുകള്‍ ഉണങ്ങിപ്പൊട്ടുന്നതും ഒടുക്കം അസഹ്യമായ ദുര്‍ഗന്ധത്തോടെ എന്‍റെ അവശിഷ്ടങ്ങള്‍ കുഴിയിലെ മണ്ണിലമരുന്നതും പ്രതീക്ഷിച്ചു ഞാന്‍ കിടന്നു.ആരെങ്കിലുമൊന്ന് ഈ കുഴി മൂടിത്തരണേ എന്ന് ഞാന്‍ നിശ്ശബ്ദം വിലപിച്ചു.ആരുമത് കേട്ടില്ല..ആരും.


ബധിരത നടിച്ച് നക്ഷത്രങ്ങള്‍ രാത്രിയില്‍ ധരിക്കാനുള്ള ഉടുപ്പുതുന്നിക്കൊണ്ടിരുന്നു.തന്‍റെ മുയല്‍ക്കുഞ്ഞുങ്ങളോടൊപ്പം അന്പിളിക്കുട്ടന്‍ പുല്‍വട്ടിയില്‍ ഉറങ്ങി.ഭൂമിയിലെ ചരാചരങ്ങള്‍ വല തുന്നി.സന്തോഷത്തെ പിടികൂടാനുള്ള വലയായിരുന്നു അത്.വല തുന്നിത്തീര്‍ത്തശേഷം അവര്‍ സന്തോഷത്തെ കണ്ടുപിടിക്കാനായി എവിടേക്കോ പുറപ്പെട്ടുപോയി.ഭൂമി വിജനമാവുകയായിരുന്നു.എങ്കിലും ഒരിക്കല്‍ ജീവിച്ചിരുന്ന എന്‍റെ ശരീരത്തിന് തന്‍റെ ശവക്കുഴിയില്‍ക്കിടന്ന് വ്യക്തമായും പരസ്യമായും ദ്രവിച്ചുപോകുവാനാകുമായിരുന്നില്ല.അതില്‍ ജാള്യം തോന്നുന്നുണ്ടായിരുന്നു..ഞാന്‍ നിര്‍ദ്ദയം എന്നെ കൊന്നുതള്ളിയവരോട് വിലപിച്ചു.


ദയവായി മണ്ണിട്ടുപോകൂ...കല്ലും കുപ്പിച്ചിലും ചെരിപ്പും ചവര്‍പ്പും കയ്പ്പും തുപ്പലും എറിഞ്ഞ് എന്നെ കൊന്നപ്പോള്‍ കുഴിമൂടാനുള്ള വെണ്ണീറോ നിങ്ങളുടെ എച്ചിലുകളോ ചത്ത ജന്തുക്കളുടെ അവശിഷ്ടങ്ങളോകൂടി കരുതി വയ്ക്കാമായിരുന്നില്ലേ..?എന്തിനിതിങ്ങനെ തുറന്നിടുന്നു..?


അപ്പോഴാണാണ് അകലെനിന്ന് പരിമളം പരന്നത്..തുളസിക്കാടുകള്‍ ഒന്നിച്ച് കതിരിട്ടപോലെ.


നീ വരികയായിരുന്നു.


പുല്‍വട്ടിയില്‍ കിടന്ന ശശിബിംബവും തുന്നല്‍ക്കാരനെ കാത്തിരുന്ന നക്ഷത്രങ്ങളും വിരുന്നുപോയിരുന്ന മേഘങ്ങളും തിരസ്കൃതരുടെ ശവക്കുഴിക്കുമേലെ ഒന്നിച്ചുപരന്നു.ഒരു പക്ഷേ ഈ ഭൂമിയില്‍ എന്നെ പോലെ വിചാരണകളില്ലാതെ കൊല ചെയ്യപ്പെട്ട അനേകം നിര്‍ഭാഗ്യവാന്മാരുടെ കുഴികള്‍ക്ക് അനക്കം പിടിച്ചിട്ടുണ്ടാകണം.അവരെയൊക്കെത്തഴഞ്ഞ് കുഴിമൂടുന്നവന്‍ പോലും വരില്ലെന്ന് ഉറപ്പിച്ചിരുന്ന ദൌര്‍ഭാഗ്യവാനായ എനിക്കരികിലേക്കാണല്ലോ ഓമലേ നീ വന്നത്!


ശോഭ കെട്ട ആ നക്ഷത്രങ്ങള്‍ക്കും നിലാവിനും അസൂയ പിടിച്ച് പനി കയറുന്നത് ഞാനറിഞ്ഞു.അപ്പോള്‍ നീ എന്‍റെ കുഴിയില്‍ എനിക്കു മറയും മതിലും സംരക്ഷണവുമായി സഹവസിക്കുകയായിരുന്നു.മരിച്ചുണങ്ങിയ എന്‍റെ കണ്ണുകള്‍ വീണ്ടും ജലാര്‍ദ്രമാവുന്നതും ഉറുന്പുകള്‍ അടര്‍ത്തിയ എന്‍റെ ചുണ്ടുകള്‍ ചിരിയുടെ രേഖ പിടിക്കാന്‍ യത്നിക്കുന്നതും ദൈവം മാത്രം കണ്ടു.


നീ വര്‍ഷമായിരുന്നു.


മുകിലും മയുരവുമായിരുന്നു.


പ്രകാശിക്കുന്ന നിന്‍റെ കണ്ണുകള്‍ കണ്ടപ്പോഴാണ് നക്ഷത്രങ്ങള്‍ പകലിലും ചൂളിപ്പോയത്.നിന്‍റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങിപ്പോയ വിത്തുകള്‍ തോലുപൊട്ടി പുറത്തുവന്നത്.നിന്‍റെ ദയവ് കണ്ടപ്പോഴാണ് ഞാന്‍ മരിക്കുകയല്ല മരണത്തിലൂടെ ജീവിതത്തെ പിന്നെയും പിടിച്ചെടുക്കുകയാണെന്ന് അറിഞ്ഞത്.


ഇപ്പോള്‍ അവര്‍ നിന്നെയും എന്നില്‍നിന്ന് അതേ സാമര്‍ത്ഥ്യത്തോടെ അടര്‍ത്തിമാറ്റിയിരിക്കുന്നു.


ഈ മരുഭൂമിയില്‍ നന്മകളും വേണ്ടെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടാവാം.ഞാന്‍ പറയുന്നു.


ഓടിപ്പോകൂ..ഓടി രക്ഷപ്പെടൂ...ഇനിയും വീണുകിടക്കുന്ന ഒരു ശവത്തിനെപ്പോലും നീ ശ്രുശ്രൂഷിക്കാതിരിക്കൂ.


എങ്കിലും നീ തന്ന നന്മയുടെ വെട്ടം ഈ കുഴിയിലെ ഇരുളിനുമേല്‍ നിത്യമായി പ്രകാശിച്ചുനില്‍ക്കുന്നു.


ഇപ്പോഴാണ് എല്ലാം നിശ്ശബ്ദമായത്.ഇപ്പോഴാണ് എല്ലാം കഠിനമായ ഏകാന്തതയിലായതും..ആ അര്‍ശസ്സ് പിടിച്ച കാറ്റ് കുഴിക്കുപുറത്തുകിടക്കുന്ന എന്‍റെ ശവപ്പെട്ടിയുടെ മൂടിമേല്‍ തല്ലിക്കൊണ്ടേയിരിക്കുന്നു...സര്‍വ്വം നിശ്ശബ്ദമായ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കായിപ്പോയ എന്‍റെ നിശ്വാസങ്ങള്‍മാത്രം നിന്‍റെ മുഖത്തേക്ക് ഓടിയണയാനാവാത്തതിന്‍റെ മുടിഞ്ഞ ഖേദത്തില്‍ ഈ നരകക്കുഴിയുടെ ഭിത്തിയില്‍ ആഞ്ഞാഞ്ഞ് പതിക്കുകയാണ്...


എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?

26 comments:

  1. എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?

    ReplyDelete
  2. വായന അടയാളപ്പെടുത്തുന്നു!

    ReplyDelete
  3. എന്തിനാണ് അവളെ പറഞ്ഞുവിടുന്നത്?

    ReplyDelete
  4. ഒറ്റ വാക്കിനു വറ്റിപ്പോയ ഒരു കവിതയുടെ
    മുഴുവന്‍ ഏകാന്തതയും.
    കല്ലറകള്‍ക്കുള്ളിലും ജ്വലിക്കുന്ന സ്നേഹത്തിന്റെ
    നാളങ്ങളെ കാറ്റ് വായിക്കുന്നത് ഇങ്ങിനെ തന്നെയാവും.
    നന്ദി, ഇങ്ങനെ ഹൃദയത്തെ ഉലക്കുന്ന ഈ വാക്കുകള്‍ക്ക്.

    ReplyDelete
  5. തിരസ്കൃതരുടെ ശവക്കുഴിയിൽ ആരാണ് വർഷമായി എത്തുന്നത്? ആരാണ് അടർത്തിയെടുക്കുന്നത്? വാക്കുകൾ കൊണ്ട് കൃത്യമായ, മൌലികതയുള്ള അന്തരീക്ഷസൃഷ്ടി നടത്തുന്നതിൽ താങ്കൾ അദ്വിതീയനാണെന്ന് ഈ കുറിപ്പ് തെളിയിക്കുന്നു.

    ReplyDelete
  6. നല്ല വായനക്ക് നന്ദി. ഇത്തവണത്തെ കലാകൌമുദിയില്‍ കണ്ടു താങ്കള്‍ ബ്ലോഗെഴുത്ത് നിര്‍ത്തുന്നു എന്നു...അക്കാര്യം പുന:പരിശോധിക്കും എന്നു കരുതുന്നു.
    ആശംസകളോടെ..

    ReplyDelete
  7. സുസ്മേഷ് ഭായ്,താങ്കളുടെ എഴുത്ത് നിസ്തുലം.അഭിവാദനങ്ങള്‍.

    ReplyDelete
  8. ആരും പറയാത്തത്...

    ReplyDelete
  9. നിന്‍റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങിപ്പോയ വിത്തുകള്‍ തോലുപൊട്ടി പുറത്തുവന്നത്.
    nice..

    ReplyDelete
  10. ദൈവം മാത്രം കണ്ട കാഴ്ചകളെ എങ്ങനെയാണ് വാക്കുകളിലാക്കിയത്?
    പുല്‍വട്ടിയില്‍ കിടന്ന ശശിബിംബവും തുന്നല്‍ക്കാരനെ കാത്തിരുന്ന നക്ഷത്രങ്ങളും പിന്നെ വായില്‍ ഉളിപ്പല്ലുകള്‍ തെളിഞ്ഞ ചെന്നായ്ക്കളും ഒന്നിച്ചൊരു കാഴ്ചാചിത്രത്തില്‍ തെളിയുമ്പോള്‍.....

    ReplyDelete
  11. എഴുത്ത് നിസ്തുലം.അഭിവാദനങ്ങള്‍

    sudhi puthenvelikara
    Bahrain

    ReplyDelete
  12. നന്നായെഴുതിയിരിക്കുന്നു..പ്രകാശം പരത്തിയെത്തിയ അവളെയാരാണ് മടക്കി വിട്ടത്..

    മുല്ല പറഞ്ഞ കാര്യം ശരിയാണോ? ഏത് തിരക്കിനിടയിലും കൊച്ചു,കൊച്ചെഴുത്തുകള്‍ക്കായെങ്കിലും ഈ ഇടമൊന്ന് മാറ്റി വെക്കണേ..

    ReplyDelete
  13. അരികിലേക്ക് വരൂ

    ReplyDelete
  14. സുസ്മേഷ്,

    മികച്ച ഒരു വായന പ്രദാനം ചെയ്യുന്നുണ്ട് ഈ പോസ്റ്റ്. ചിലയിടങ്ങളില്‍ അക്ഷരപ്പിശകുകള്‍ കല്ലുകടിയാവുന്നു. അത് സുസ്മേഷിനെ പോലെയൊരാളില്‍ നിന്നാവുമ്പോള്‍ (ടൈപ്പിങ് എറര്‍ ആണെങ്കില്‍ കൂടി) ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ല.. പിന്നെ മുകളില്‍ മുല്ലയുടെ കമന്റില്‍ കണ്ടു ബ്ലോഗെഴുത്ത് നിറുത്തുന്നു എന്ന്.. എന്തുപറ്റി?? മുല്ല പറഞ്ഞപോലെ തീരുമാനം പുന:പരിശോധിക്കുമെന്ന് കരുതട്ടെ..

    ReplyDelete
  15. ഒരുനാള്‍ വരും... വിചാരണയില്ലാതെ കൊന്നുതള്ളപ്പെട്ട ആത്മാക്കളുടെ ദിനം.. അഴുകാതെ, ദ്രവിക്കാതെ, സ്വയം കാത്തുവക്കുക..

    ReplyDelete
  16. നല്ല വായനക്ക് നന്ദി.

    ReplyDelete
  17. ബ്ലോഗ്‌ നിറുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  18. ചില മടക്കയാത്രകള്‍ അനിവാര്യമാണ്..ചില വേര്പിരിയലുകളും..

    ReplyDelete
  19. ഉള്ളിനെ ഉലയ്ക്കുന്ന വാക്കുകള്‍ .
    ബ്ലോഗെഴുത്ത് തുടരണം

    NIDHISH

    ReplyDelete
  20. മരിച്ചുകഴിഞ്ഞതാണ്.അനവധി തവണ.അത്രയും തന്നെ പ്രാവശ്യം മരിച്ചടക്കും കഴിഞ്ഞതാണ്.കുഴിമൂടിയിരുന്നില്ലെന്ന് മാത്രം....

    ReplyDelete
  21. നീ വന്നുവെന്നത് സ്വപ്നമായിരുന്നോ...ഒരു നനുത്ത സ്പർശം പോലെ നെറ്റിമേൽ തഴുകിപ്പോയ നിലാവ്...വയ്യ..എങ്ങനെയാണ് ഞാനീ നിമിഷങ്ങളെ തരണം ചെയ്യേണ്ടത്.?

    ReplyDelete
  22. പ്രകാശിക്കുന്ന നിന്‍റെ കണ്ണുകള്‍ കണ്ടപ്പോഴാണ് നക്ഷത്രങ്ങള്‍ പകലിലും ചൂളിപ്പോയത്.നിന്‍റെ കാരുണ്യം കണ്ടപ്പോഴാണ് ഭൂമിക്കടിയില്‍ ഉണങ്ങിപ്പോയ വിത്തുകള്‍ തോലുപൊട്ടി പുറത്തുവന്നത്

    ReplyDelete
  23. ലോകത്തിലെ ഏതൊരു സ്ത്രീയും താജ് മഹലിന്റെ പേരില്‍ മും‌താസിനോട് അസൂയപ്പെടുമെന്നതുപോലെ, ഈ കുറിപ്പിന്റെ പേരില്‍ , ആ പ്രണയിനിയോട് ഏതൊരു പെണ്ണും അസൂയപ്പെട്ടുപോകും. ആ അജ്ഞാതകാമുകിയ്ക്ക് ആശ്വസിക്കാം, പിരിഞ്ഞു പോകേണ്ടിവെന്നെങ്കിലും പ്രണയത്തിന്റെ ദേവന്‍ , അവളെ ഇനി വരും ജന്മങ്ങളിലേയ്ക്ക് പോലും അനുഗ്രഹിച്ചിരിക്കുന്നു.

    ReplyDelete
  24. ആദ്യം വായിച്ചു, പിന്നെ ഒന്നും കൂടി വായിച്ചു.

    ഉലയ്ക്കുന്ന വരികളാണധികവും........


    കലാകൌമുദീല് ബ്ലോഗെഴുത്തും നിർത്തി ഭും എന്ന് ഇരിയ്ക്കാൻ പോവാണെന്ന് കണ്ടു. പിന്നെ മാധവിക്കുട്ടിയേം അഷിതയേം ഒഴിച്ചാൽ നല്ല എഴുത്തുകാരികളില്ലാന്നും പറഞ്ഞിട്ടുണ്ടല്ലോ.

    സുസ്മേഷ് ബ്ലോഗ് എഴുതണംന്നാ എന്റെ അഭിപ്രായം.

    ReplyDelete
  25. മരിച്ചാലും ചിലര്‍ ചിന്തിക്കും, അട്ടഹസിക്കും, അലറും.
    പക്ഷെ കേള്‍വിക്കാര്‍ ഇല്ലാത്ത അരങ്ങിലാണവര്‍ ഇപ്പോള്‍. ആരും അത് ശ്രദ്ദിക്കാന്‍ വരില്ല.
    പക്ഷെ ഈ വരികള്‍ ഒരു കൊത്തിവെക്കലാണ്‌. അത് മായില്ല.
    വളരെ നല്ലൊരു പോസ്റ്റ്.

    ReplyDelete
  26. വായിച്ചു തീരുന്നില്ല.
    നന്മയുടെ വെട്ടം ഈ കുഴിയിലെ ഇരുളിനുമേല്‍ നിത്യമായി പ്രകാശിച്ചുനില്‍ക്കുന്നു.

    ReplyDelete