Wednesday, September 26, 2012

സമസ്‌തദേശം.കോം


ച്ഛന്റെ തറവാടും അച്ഛന്‍ പെങ്ങളുടെ പഴയ വീടും കാഞ്ഞിരോട്ടെ ഇടവഴികളും തറികളുടെ കുളമ്പൊച്ചകളും സ്വര്‍ണ്ണം പോലെ തിളങ്ങിയിരുന്ന പിച്ചളപ്പാത്രങ്ങളും തണുത്ത കിണര്‍വെള്ളവും വിശാലമായ അടുക്കളത്തളവും ചീരച്ചെടികള്‍ വക്കുപിടിപ്പിച്ച വഴിത്താരകളുമായിരുന്നു വാസ്‌തവത്തില്‍ എന്റെ പ്രിയനാടിന്റെ അടയാളങ്ങളാവേണ്ടിയിരുന്നത്‌.കാരണം എന്റെ രക്തത്തിലെ ദേശം കണ്ണൂര്‍ഗ്രാമത്തിന്റെതാണ്‌.അച്ഛന്‍ അടിമുടി കണ്ണൂരുകാരനായിരുന്നു.ഭാഷയിലും പ്രകൃതത്തിലും മനോഭാവത്തിലും.(ഇപ്പോള്‍ ,എന്റെ അനിയന്റെ എറണാകുളത്ത്‌ പിറന്നുവീണ മകളും പറയും,`എനക്ക്‌ വേണ്ട'എന്ന്‌.എന്തൊരു വിസ്‌മയം!ജീനുകള്‍ കുലം ചൂണ്ടിക്കാട്ടുന്നു.)
കണ്ണൂരിലായിരുന്നു എന്റെ ബാല്യമെങ്കില്‍ ഞാന്‍ മറ്റൊരാളായിത്തന്നെ തീരുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമൊന്നുമില്ല.കണ്ണൂര്‍ ഗ്രാമങ്ങളിലായിരുന്നു ജീവിതമെങ്കില്‍ -അച്ഛമ്മ മരിക്കുംമുന്നേ ഒരവധിക്കാലത്ത്‌ കുട്ടികളായ ഞങ്ങളെ കണ്ടപ്പോള്‍ അച്ഛനോട്‌ ചോദിച്ചത്‌,ഓനെന്താ പണി,ബീഡിപ്പണിയാണോ എന്നായിരുന്നു.അന്നത്‌ കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി.ഇതെന്തൊരു നാടാപ്പാ എന്നായിരുന്നു മനസ്സില്‍ !-നെയ്‌ത്തോ ബീഡിതെരപ്പോ വണ്ടിപ്പണിയോ തെരഞ്ഞെടുത്തില്ലെങ്കിലും ഇടതുപക്ഷവിശ്വാസിയായില്ലെങ്കിലും മറ്റൊരാളായി ഞാന്‍ മാറുമായിരുന്നു.പക്ഷേ എന്നിലെ എഴുത്തുകാരന്‍ മരിക്കുമായിരുന്നില്ല.കാരണം,കുട്ടിക്കാലത്ത്‌ സെന്റ്‌ ഏഞ്‌ജലോ കോട്ടയില്‍ പോയിരുന്ന സായാഹ്നങ്ങളില്‍ കണ്ട കടല്‍ എന്നോട്‌ അത്രയധികം കടല്‍ക്കാര്യങ്ങളും ചരിത്രഗാഥകളും സംസാരിച്ചിട്ടുണ്ട്‌.അവിടുത്തെ കടപ്പുറത്തെ പൊരിവെയിലില്‍ തിളങ്ങിക്കിടന്ന പൊടിമീനുകളുടെ ശവങ്ങള്‍ കഥകള്‍ പറഞ്ഞിട്ടുണ്ട്‌.കണ്ണൂരില്ലായിരുന്നെങ്കില്‍,അതിന്റെ പുരാവൃത്തവും ദൈവങ്ങളും എണ്ണില്ലാത്ത തെയ്യങ്ങളും തെയ്യം കെട്ടുന്നവരും അച്ഛന്റെ തറവാട്ടിലെ കുടുംബക്കാവും കാവിലെ മരങ്ങളും കാവില്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള വനദേവതയും അയല്‍വാസിയായ സാക്ഷാല്‍ മുത്തപ്പനും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്തുകാരനാകുമായിരുന്നില്ല.
മലബാറുകാരുടെ പ്രത്യേകിച്ച്‌ കണ്ണൂരുകാരുടെ പ്രിയദൈവമായ മുത്തപ്പന്റെ പല കഥകളും കുട്ടിക്കാലത്ത്‌ കേട്ടിട്ടുള്ളത്‌ എന്നില്‍ വിശ്വാസത്തിലുപരിയായ നന്മകള്‍ വളര്‍ത്തിയിട്ടുണ്ട്‌.ദൈവത്തെക്കാളുപരി ഒരു മുത്തച്ഛനോട്‌ തോന്നുന്ന ആരാധനയും വിശ്വാസവുമാണ്‌ മുത്തപ്പനോടുണ്ടായിട്ടുള്ളത്‌.അതില്‍ നായകളോടൊപ്പമുള്ള സഹവാസവും കള്ളും മീനും എന്ന പ്രസാദലാളിത്യവും വീരപരിവേഷമില്ലാതെയുള്ള ആവിര്‍ഭാവവും നിലനില്‍പ്പും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്‌.തെയ്യക്കാലവും തെയ്യങ്ങളും ഒരു ഊറ്റമായി ചോരയില്‍ നിറയാത്തത്‌ ഞാനെന്നും കണ്ണൂരിലെ അതിഥിയായിമാത്രം ജീവിച്ചതുകൊണ്ടാവാം.ആവശ്യങ്ങള്‍ വരുമ്പോള്‍ പോയിവരുന്ന അതിഥിയാണല്ലോ ഇന്നും ഞാന്‍ .
പണ്ട്‌,വയലുകള്‍ കരയാകുംമുമ്പ്‌,അച്ഛന്റെ ബന്ധുവീടുകളില്‍ പോകുമ്പോള്‍ കാക്കപ്പൂവുകള്‍ വിരിഞ്ഞുകിടക്കുന്ന വരമ്പുകള്‍ ചവിട്ടുമായിരുന്നു.മേമമാരും മാമന്മാരും പരിചയപ്പെടാന്‍ വരുമായിരുന്നു.അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവര്‍ക്കും കേള്‍വിയില്‍ കൗതുകം നിറച്ചിട്ടുണ്ട്‌.വീടുകളില്‍ എനിക്കപരിചിതമായ സല്‍ക്കാരങ്ങളും സ്‌നേഹവചസ്സുകളും എന്നെ കാത്തിരിക്കുന്നുണ്ടായിരിക്കും.ചരല്‍ക്കുന്നുകളില്‍ പോയിരിക്കുമ്പോള്‍ കാണുന്ന കാഴ്‌ചകള്‍ സ്ഥലരാശികളുടെ അകലത്തെ അളന്നുതരുമായിരുന്നു.
അമ്മയുടെ നാടായ എറണാകുളത്തെ തൃക്കാരിയൂരിനും ഞാന്‍ ജനിച്ചുവളര്‍ന്ന ഇടുക്കിയിലെ വെള്ളത്തൂവലിനും കണ്ണൂര്‍ഗ്രാമങ്ങള്‍ക്കും ഇടയില്‍ എന്തൊരു അന്തരം!വിസ്‌മയിച്ചിട്ടുണ്ട്‌ വല്ലാതെ.ഓരോ അവധിക്കാലവും ദൂരദേശങ്ങളില്‍ ചെലവിട്ട്‌ തിരിച്ചുവരുമ്പോള്‍ അവിടുന്നുകിട്ടിയ ദേശവിശേഷങ്ങള്‍ മനസ്സിലും തലയിലും വന്നുനിറയും.അമ്മയുടെ അനുജത്തിമാരും അമ്മാവന്മാരും പല ജില്ലകളിലായിരുന്നു കുടുംബസ്ഥരായത്‌.അതായിരുന്നു അതിനുള്ള കാരണം.മലപ്പുറത്ത്‌,കോഴിക്കോട്‌,പത്തനംതിട്ടയില്‍ ,അട്ടപ്പാടിയില്‍ ,ഇടുക്കിയില്‍ .. മഞ്ചേരി ഇളയൂരിലെ പൊതുവായനശാല എന്നെ മടിയിലിരുത്തി സമൃദ്ധമായി ഊട്ടിയിട്ടുണ്ട്‌ ഏറെക്കാലം.കുട്ടിക്കാലത്തെ മഞ്ചേരിവാസക്കാലം പലനിലയിലും സമ്പന്നമായിരുന്നു.വേറെ ഭാഷയും ഭക്ഷണവും സമുദായവും ആചാരങ്ങളും എന്നെ സ്വീകരിച്ചു.ഒരു പുസ്‌തകത്തിലും ഞാന്‍ ചേര്‍ത്തിട്ടില്ലാത്ത ആദ്യകാലകഥകളില്‍ പലതും എഴുതുന്നത്‌ ആ കാലത്തും മറ്റുമാണ്‌.`മൈമൂന' എന്ന കഥയിലെ മൈമൂന ഇപ്പോഴെവിടെയാവും?
ഇങ്ങനെ ചെറുപ്പത്തിലേ തന്നെ യാത്രകളും വ്യത്യസ്‌തമായ ഊരുകളും പരിചിതമാവുകയാണ്‌.ഭാഷകളും ആചാരങ്ങളും കലരുകയാണ്‌.ദേശങ്ങള്‍ അടുത്തുകാണുകയാണ്‌.പല പല അടരുകളിലും വിതാനങ്ങളിലും അവയെയെല്ലാം അനുഭവിക്കുകയാണ്‌.നൂതനവും നവ്യവുമായ അനുഭവമായി രൂപപ്പെടുകയാണ്‌ ഓരോ ദേശവും ദേശത്തെ ജീവിതങ്ങളും.
എന്നിട്ടും പില്‍ക്കാലത്ത്‌ ഞാനെങ്ങനെയാണ്‌ പാലക്കാടിനെ ഇത്രകണ്ട്‌ സ്‌നേഹിച്ചുപോയത്‌?എന്റെ കൗമാരത്തിന്റെ കടപ്പാടായിരിക്കാം അത്‌.ഇഷ്‌ടദേശം പറയാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യമെന്റെ നാവില്‍ വരിക പാലക്കാടാണ്‌.പാലക്കാട്‌ തന്നെ അട്ടപ്പാടി മേഖലകളും മണ്ണാര്‍ക്കാട്‌ ഭാഗങ്ങളും അല്ല എനിക്ക്‌ പ്രിയം.ഏറനാട്‌ മുതല്‍ പാലക്കാട്‌ വരെയെത്തുന്ന വള്ളുവനാടന്‍ മണ്ണും പ്രകൃതിയും പട്ടണപ്പരിസരങ്ങളും മാത്രമാണ്‌.ഇന്നും പാലക്കാട്‌ പോയിവരുമ്പോള്‍ കിട്ടുന്ന മനസ്സുഖം മറ്റൊരു പ്രദേശവും എനിക്ക്‌ തരാറില്ല.ചിലപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌.കണ്ണൂരിലും പാലക്കാടും കാലത്തിന്റെ അടയാളമായ കോട്ടയുണ്ട്‌.അതാണോ ഈ രണ്ട്‌ നാടുകളോടുള്ള മമതയ്‌ക്ക്‌ നിദാനം.അതാവണമെന്നില്ല.എന്നാലും രണ്ട്‌ കോട്ടയും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഒരു ദശകക്കാലം മുമ്പാണ്‌ എഴുത്താവശ്യത്തിനായി അംശംദേശം എന്ന സാങ്കല്‍പ്പിക ഭൂപ്രദേശം ഞാനുണ്ടാക്കിയെടുത്തത്‌.അതെനിക്ക്‌ തന്നത്‌ കൂറ്റനാടും തൃത്താലയും കുമ്പിടിയും മേഴത്തൂരും വട്ടേനാടുമൊക്കെ ചേര്‍ന്ന നിളയുടെ കരയാണ്‌.അംശത്തിലെ വിരുന്നുകാര്‍,ചുടലയില്‍ നിന്നുള്ള വെട്ടം,വിമാനപ്പുര,ഒരു മരണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ തുടങ്ങിയ കഥകളിലൊക്കെ അംശംദേശം ആവര്‍ത്തിക്കുന്നുണ്ട്‌.ഒടുവിലത്തെ തച്ച്‌,വയസ്സ്‌ 50 എന്നീ കഥകളുടെ ഭൂമികയും വള്ളുവനാടും ഏറനാടും തന്നെയാണ്‌.അല്‌പം ഭ്രമാത്മകതയും സ്വപ്‌നാവസ്ഥയും മിത്തുകളും കടന്നുവരുന്ന ഒരു കഥയാലോചിക്കുമ്പോള്‍ ഞാനതിനെ അംശംദേശത്തിലേക്ക്‌ പറിച്ചുനടും.
അങ്ങനെയങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാട്ടുപ്രദേശങ്ങളും നാട്ടാചാരങ്ങളും മിത്തുകളും ഐതിഹ്യങ്ങളും തന്നെയാണ്‌ എന്റെ ഇന്ധനം.അതുകൊണ്ടുതന്നെ ഒന്നിനൊന്നു പ്രിയപ്പെട്ടതായി തീരുകയാണ്‌ ഓരോ ദേശവും എന്നതില്‍ തര്‍ക്കമില്ല.

(സമകാലിക മലയാളം വാരിക)

9 comments:

  1. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാട്ടുപ്രദേശങ്ങളും നാട്ടാചാരങ്ങളും മിത്തുകളും ഐതിഹ്യങ്ങളും തന്നെയാണ്‌ എന്റെ ഇന്ധനം.

    ReplyDelete
  2. സുസ്മേഷ്,ഇത് താങ്കളുടെ മാത്രം കാര്യമല്ല.ഓരോ എഴുത്തുകാരനേയും രൂപപ്പെടുത്തിയതില്‍ അറിഞ്ഞും അറിയാതേയും ചേര്‍ന്നും ചേരാതേയും ഇടകലര്‍ന്നുകിടക്കുന്ന ഒത്തിരി നാട്ടാവേശങ്ങളുണ്ടാകും.ഇഴപിരിച്ചറിയുമ്പോഴും പറയുമ്പോഴും വായനക്കാരന് അത് പുതുമയുള്ള അനുഭവങ്ങളോ ഓര്‍മ്മപ്പെടുത്തലോ ആയിത്തീരുന്നു.ഇനിയും വരാം.
    സസ്നേഹം
    രമേഷ്.

    ReplyDelete

  3. ഈ നാടിന്റെ ഓര്‍മ്മകള്‍ ഒരിക്കലും തീരാത്ത ഇന്ധനമായി മുന്നോട്ടു നയിക്കട്ടെ
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  4. "കണ്ണൂരിലായിരുന്നു എന്റെ ബാല്യമെങ്കില്‍ ഞാന്‍ മറ്റൊരാളായിത്തന്നെ തീരുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമൊന്നുമില്ല."

    തുറന്നു പറയുന്നതു നല്ല ശീലമാണ്‌.
    ഇടുക്കിയിലെത്തിയ കഥയും ഇനി എഴുതണം.
    ഒരാളെ പൂർണ്ണമായും അറിയുമ്പോഴാണു സ്വന്തമാകുന്നത്‌.

    ReplyDelete
  5. ഓരോ മനുഷ്യന്‍റെയും ജീവിതത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നതില്‍ സാഹചര്യത്തിനും സ്ഥലത്തിനും വലിയ പങ്കുണ്ട്. സുസ്മേഷ് എഴുത്തുകാരനെ രൂപപ്പെടുത്തിയ ദേശങ്ങളെ കണ്ടറിയാന്‍ സാധിച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍! എഴുത്തിന്റെയും ജീവിതത്തിന്റെയും പുതിയ പുതിയ ദേശങ്ങള്‍ താങ്കള്‍ക്കായി ഇനിയും കാത്തിരിക്കുന്നുണ്ടാവാം.!

    ReplyDelete
  6. നാട്ടാചാരങ്ങളും പഴമകളും മിത്തുകളും എന്നും എഴുത്തുകാരന്റെ ഊര്‍ജ്ജമാണ്
    അതുപയോഗിച്ച് എഴുത്തുകാര്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ വായനക്കാരനത് പുതുമയുള്ളതാകുന്നു .

    ആശംസകളോടെ ..

    ReplyDelete
  7. സജീവമായി പ്രതികരിച്ച ഹരിത,മിനി ടീച്ചര്‍ ,കലാവല്ലഭന്‍ ,ഗോപന്‍ കുമാര്‍ ,രമേഷ് സുകുമാരന്‍ ..എല്ലാവര്‍ക്കും മറ്റ് വായനക്കാര്‍ക്കും നന്ദി.സന്തോഷം.

    ReplyDelete
  8. എല്ലാവരുടേയും ഇന്ധനം .........

    ReplyDelete
  9. അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും വായിച്ചപ്പോഴാണ് ബ്ളോഗ് നോക്കിയത്.നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം...

    ReplyDelete