Monday, November 19, 2012

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌'


`നാലഞ്ച്‌ തളിര്‍പ്പുതിന
രണ്ടു സ്‌പൂണ്‍ പഞ്ചസാര
മൂന്ന്‌ നാരങ്ങാ നീര്‌
രണ്ടര വോഡ്‌ക
ഐസ്‌

നാക്കിലമണ്ണിന്‍
രാവൂടുവഴിയിലൂടെ

ആടിയാടി പോകുന്ന പൂനിലാവേ നീ
ആണാണോ പെണ്ണാണോ?
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂനിലാവേ നീ
നേരാണോ പൊളിയാണോ?
പാടിപ്പാടിപ്പരക്കുന്ന പൂനിലാവേ നീ
വെയിലിന്റെ ആരാണോ?

പച്ചിലകള്‍ തോറും തട്ടിപ്പിടഞ്ഞ്‌ വീഴും
രണ്ടരത്തലമുറ നീലച്ച വാറ്റ്‌ചോരപ്പൂന്തെളിനിലാവേ നീ
ഞാനാണോ നീയാണോ?'


റമ്മിലോ വോഡ്‌കയിലോ ഉണ്ടാക്കുന്ന ക്യൂബന്‍ കോക്‌ടെയിലാണ്‌ `മൊഹീതോ'.ലോകമെങ്ങും ഇതിന്‌ പ്രാദേശികഭേദങ്ങളുണ്ടെന്ന്‌ പറയപ്പെടുന്നു.അനിതതമ്പിയാണ്‌ കവയിത്രി.മാതൃഭൂമിയില്‍ അനിതയെഴുതിയ കവിതയുടെ പേരാണ്‌ `മൊഹീതോ പാട്ട്‌'.എനിക്കിഷ്‌ടമായി ഇക്കവിത.കാരണമുണ്ട്‌,കേട്ടിടത്തോളം അതില്‍ കോക്‌ടെയിലിന്റെ ഇഫക്‌ട്‌ പടര്‍ന്നിട്ടുണ്ട്‌.അസ്സല്‌ പ്രയോഗങ്ങളും ഈ കവിതയിലുടനീളം കാണാം.
കുറച്ചുവര്‍ഷങ്ങളായി സമകാലിക കവിതയെ കൈവിട്ട ഒരാളാണ്‌ ഞാന്‍.നാല്‍പ്പത്‌ വയസ്സില്‍ താഴെയുള്ള പലരുടെയും കവിതകള്‍ ഞാന്‍ വായിക്കാറേ ഇല്ല.കാവ്യഭാവുകത്വത്തില്‍ എന്റെ ശീലം പഴയമട്ടിലാണ്‌ പതിഞ്ഞുകിടക്കുന്നത്‌ എന്നതിനാലാവാം.കവിതയിലെ കല്ലോലജാലങ്ങള്‍ കാണിച്ചുതരാന്‍ പഴയകവികളെക്കഴിഞ്ഞിട്ടേ പുതിയ കവികളുള്ളൂ എന്നാണ്‌ എന്റെ പക്ഷം.തര്‍ക്കത്തിനില്ല.പക്ഷേ,അനിതതമ്പിയുടെ കവിതകളില്‍ ഭാഷ വാക്കുകളുടെ പുതിയ വേഷമിട്ടും അര്‍ത്ഥങ്ങളുടെ കൈത്താളമിട്ടും വരുന്നത്‌ സന്തോഷമുള്ള കാഴ്‌ചയാണ്‌.
പ്രമേയത്തെ രചയിതാവ്‌ ആത്മാര്‍ത്ഥമായി പുണരുന്നിടത്താണ്‌ രചനയുടെ പിറവി.അനിത തന്റെ പ്രമേയത്തെ ഗാഢമായി ആലിംഗനം ചെയ്യുന്നുണ്ട്‌.മാധവിക്കുട്ടി പറയുമായിരുന്നു,താന്‍ തന്റെ വാക്കുകളെ നായ്‌ക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ചെയ്യുംപോലെ നക്കി നക്കി തോര്‍ത്തിമിനുക്കിക്കൊണ്ടിരിക്കും എന്ന്‌.അത്‌ പ്രമേയത്തിന്റെ പരിചരണത്തെ തെളിച്ചെടുക്കുന്ന പ്രക്രിയയാണ്‌.ഒരുവട്ടമെഴുതുന്നത്‌ തന്നെ അസ്സലെഴുത്താണ്‌ എന്ന്‌ കരുതുന്നവര്‍ക്ക്‌ ഇത്‌ മനസ്സിലാകണമെന്നില്ല.അവരോട്‌ നമുക്കൊന്നും പറയാനില്ല.നിര്‍ഭാഗ്യവശാല്‍ അങ്ങനെയെഴുതുന്നവരാണ്‌ ഇപ്പോള്‍ കവികളായി അറിയപ്പെടുന്നത്‌.
അനിതയുടെ `മൊഹീതോ പാട്ട്‌' എന്ന കവിതയും സവിശേഷമാണ്‌.ഇതില്‍ ,ആടിയാടിപ്പോകുന്ന പൂനിലാവില്‍ ആണത്തമാണോ പെണ്ണത്തമാണോ മുന്നില്‍ എന്നും പാടിപ്പാടി പ്രകൃതിയില്‍ ഓളം വെട്ടുന്ന പൂനിലാവ്‌ വെയിലിന്റെ ആരാണോ എന്നും തിരക്കുന്നുണ്ട്‌.വെയിലിന്റെ ആരാണോ എന്നുചോദിക്കാന്‍ ലഹരിയില്‍ കുഴഞ്ഞ നാവിനേ കഴിയൂ എന്നിരിക്കേ ഈ കവിത ലളിതസമ്പന്നമാകുന്നു.ലാളിത്യമാണ്‌ മഹത്വത്തിന്റെ അടയാളം.
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂവിനിലാവിനോട്‌ നീ നേരാണോ പൊളിയാണോ എന്ന്‌ ചോദിക്കുമ്പോള്‍ അതില്‍ കവി കഴിച്ച മദ്യത്തിന്റെ ഉന്മത്തത മാസ്‌മരികമായി കലരുന്നതായി കാണാം.പണ്ട്‌ ഇതേസംശയം കവി കുഞ്ഞിരാമന്‍നായരും ചോദിച്ചിരുന്നു.നറുനിലാവില്‍ വെറ്റിലയില്‍ നൂറുതേയ്‌ക്കുന്നതാണ്‌ സന്ദര്‍ഭം.തനിക്ക്‌ നിലാവും ചുണ്ണാമ്പും മാറിപ്പോകുന്നു എന്നാണ്‌ അന്ന്‌ പി പറഞ്ഞത്‌.അതില്‍ കവിയുടെ ഉള്ളിലെ നിതാന്തലഹരിയുടെ സാന്നിദ്ധ്യം നമുക്കറിയാനാകും.ഇവിടെ അനിതയും അതേപോലെ തലയിലെ ലഹരിയെ ആവാഹിച്ച്‌ അസൂയാവഹമാം വിധം പ്രകൃതിയോടോ സഹയാത്രികനായ മനസ്സിനോടോ ചോദിക്കുന്നു.ഇവിടെ നിലാവിനെ ആവാഹിച്ചിട്ടാണ്‌ അനിത കോക്‌ടെയിലിന്റെ അനുഭവം വിവരിക്കുന്നത്‌.അതുകൊണ്ട്‌ പ്രമേയത്തിന്റെ കരുത്ത്‌ ഉറപ്പിക്കുകയും കവിത ഋജുവാക്കുകയും അതിലൂടെ കവിത ലളിതമാകുകയും ആസ്വാദനത്തിന്‌ നേരഴക്‌ പകരുകയും ചെയ്യുന്നു.
ഈ കവിതയില്‍ പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി ഇണക്കപ്പെട്ടതായി കണ്ടതാണ്‌ എന്റെ കുറിപ്പിന്‌ കാരണം.`കേരളം വളരുന്നു' എന്നെഴുതിയത്‌ പാലാ നാരായണന്‍ നായരാണ്‌.അതിനുമുമ്പും പിമ്പും പലരും പലരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.പല എഴുത്തിലും ഐതിഹ്യത്തിന്റെയോ പുരാണത്തിന്റെയോ ചരിത്രത്തിന്റെയോ വ്യാഖ്യാനങ്ങളിലാണ്‌ കല്‌പനകള്‍ പൂര്‍ണ്ണമാവുന്നതും.`മഴുവിന്റെ കഥ' എന്ന പ്രശസ്‌തമായ കവിതയില്‍ ബാലാമണിയമ്മ കേരളത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.
`പച്ചനാക്കില വച്ച പോലൊരു
നാടുണ്ടെന്‍ കണ്ണെപ്പോഴുമോടും ദിക്കില്‍ '
പച്ചനാക്കില വിരിച്ചപോലെയാണ്‌ കേരളം എന്ന ചിന്ത എത്ര മനോജ്ഞമാണ്‌.കേരളത്തിന്‌ അതില്‍പ്പരം മനോഹരമായ ഒരു വിശേഷണം വേറെ കൊടുക്കാനില്ലെന്ന്‌ തോന്നും.എന്നാല്‍ മൊഹീതോ പാട്ടില്‍ അനിത ഒരു പടികൂടി കടന്ന്‌ `നാക്കിലമണ്ണ്‌' എന്നുതന്നെ കേരളത്തെപ്പറ്റി പാടിയിരിക്കുന്നു.പച്ച നാക്കില വച്ചപോലെയുള്ള നാടല്ല,നാക്കിലമണ്ണുതന്നെയാണീ കേരളമെന്ന്‌ പാടുമ്പോള്‍ കവിയുടെ വാക്കുകള്‍ പുളകമുയര്‍ത്തുന്നു അനുവാചകനില്‍ .മുമ്പൊരു കവിതയില്‍ യോനി(വജൈന)ക്ക്‌ `അടിവായ' എന്ന പുത്തന്‍പദം നല്‍കിയിട്ടുണ്ട്‌ അനിതതമ്പി.ഇതെല്ലാം സന്തോഷമാണ്‌.
കവിയോ കഥാകൃത്തോ എഴുതുന്നത്‌ സ്വന്തം ജീവിതാനുഭവമാണെന്ന്‌ തെറ്റിദ്ധരിക്കുന്നവരോട്‌ ഒരുവാക്ക്‌.കവിയുടെയോ കഥാകൃത്തിന്റെയോ ഉള്ളില്‍ കടക്കുന്ന ലഹരിക്ക്‌ ആധാരം ഒരിക്കലും സാധാരണ മദ്യമല്ല.സാധാരണമദ്യത്തിന്‌ ശരാശരി ലഹരി പകരാനേ സാധിക്കൂ.കലാകാരന്‌ കിട്ടേണ്ടത്‌ സവിശേഷമായ `കോക്‌ടെയില്‍ ' തന്നെയാണ്‌.ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും നിറനിലാവാണ്‌ ആ കോക്‌ടെയില്‍ . അല്ലാതെ വെറുതെ വാറ്റിയെടുക്കുന്ന മദ്യമല്ല.പലതിനെ കൂട്ടിയെടുത്ത്‌ സൃഷ്‌ടി നടത്തുന്ന കലാകാരന്റെ പൂവന്‍കോഴിപ്പിന്നഴകാണ്‌ വിചിത്രമായ ഭാവനകള്‍ .അതാണ്‌ അവരുടെ അലങ്കാരവും അഹങ്കാരവും.നിലാവിന്‌ ഉന്മാദം എന്ന വകഭേദം കൂടി നാം കല്‍പ്പിച്ചിട്ടുണ്ടല്ലോ.
ഭാഷ വളരുന്നത്‌ എഴുത്തുകാരുടെ മിടുക്കിലൂടെയാണ്‌.ഇന്നത്തെ കാലത്തുനിന്നിട്ട്‌ അത്‌ മാധ്യമപ്രവര്‍ത്തകരിലൂടെയാണെന്നും പറയാം.കാരണം,ആകാശവാണി സജീവമായിരുന്ന കാലത്തെ തെളിമലയാളവും ഉച്ചാരണഭംഗിയും ടെലിവിഷന്റെ പ്രചാരത്തോടെ നഷ്‌ടമാകുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.പുതിയ കവിതകളും കഥകളും നിലാവിന്റെ വീര്യം കുടിച്ച്‌ ഉന്മത്തരായി രാത്രിസഞ്ചാരത്തിനിറങ്ങട്ടെ.വായനയില്‍ അപഥസഞ്ചാരത്തിനിറങ്ങുന്ന വായനക്കാര്‍ അവയെക്കണ്ട്‌ പരിസരം മറന്ന്‌ ആടിയാടിപ്പോകുന്ന പൂനിലാവ്‌ ആണാണോ പെണ്ണാണോ എന്ന്‌ അമ്പരക്കട്ടെ.
(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)

7 comments:

  1. കവിത കണ്ടില്ലായിരുന്നു.
    അവരുടെ കവിതകളും പുത്തന്‍ വാക്കുകളും എല്ലാം താല്‍പര്യത്തോടെ ശ്രദ്ധിക്കാറുണ്ട്. ഈ ചൊടിയുള്ള കുറിപ്പ് ബഹുത്ത് അച്ഛാ.
    മൊഗാംബോ ഖുശ് ഹോ ഗയാ..എന്നെഴുതട്ടെ.

    ReplyDelete
  2. വന്നുവന്ന് കാവ്യനിരൂപണത്തിന്റെ കുപ്പായവുമെടുത്തണിഞ്ഞോ? ഇനി ശത്രുക്കളുടെ എണ്ണം കൂടും...

    ReplyDelete
  3. കവിത ഉള്ളിലുടക്കിയിരുന്നു ..ആസ്വാദനവും നന്നായി

    ReplyDelete
  4. മാതൃഭൂമിയിലെ കവിത വായിച്ചിരുന്നു. ഇരുപത് വര്‍ഷം മുന്പ് (എന്നു തോന്നുന്നു) യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ കവിതയ്ക്ക് സമ്മാനം കിട്ടിയനാള്‍ മുതല്‍ അനിത തമ്പിയെ ശ്രദ്ധിക്കാറുണ്ട്.ഇഷ്ട്മാണ്

    ReplyDelete
  5. ഉഗ്രന്‍ കവിതയാണ്. വായിച്ച രാത്രിയിലും തുടര്‍ന്നും മൊഹീതോ ലഹരി കുറേ നീണ്ടു...
    അവിചാരിതമായാണ് താങ്കളുടെ കുറിപ്പ് കണ്ടത്. സന്തോഷം.

    ReplyDelete
  6. സുസ്മേഷ്,ഞാൻ ശക്തമായി വിയോജിക്കുന്നു.സുസ്മേഷിന്റെ ആസ്വാദനക്കുറിപ്പ് കവിതയെ ‘മഹത്തരമാക്കി’.വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്.അത്രയും നേട്ടം!എന്നാൽ
    പ്രശസ്തർ പലപ്പോഴും നുകത്തിലെ കാളകളെപ്പോലെ പരിമിതമായി കാണുന്നവരോ അങ്ങനെ നടിക്കുന്നവരോ ആണ്.ഇന്ന് വാരികകളിൽ അച്ചടിച്ചുവരുന്ന സാഹിത്യം മാത്രമാണ് യഥാർത്ഥ സാഹിത്യമെന്ന് കൊച്ചുകുട്ടികൾ പോലും പറയുമെന്ന് തോന്നുന്നില്ല.ഇ-വായനയുടെ സാംഗത്യവും പ്രസക്തിയും മനസ്സിലാക്കിയിട്ടുള്ളതിന്റെ തെളിവാണ് ബ്ളോഗിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രശസ്തരും അതിപ്രശസ്തരുമൊക്കെ കടന്നുവരാനിടയാക്കിയിട്ടുള്ളത്.അച്ചടിച്ചുവരുന്നതിനേക്കാൾ മികച്ചതുപലതും ഇന്ന് സ്വയം പ്രസിദ്ധീകരിക്കപ്പെടുകയാണ്.മുൻവിധികളില്ലാതെ നോക്കിക്കാണാവുന്നത്.കാണാൻ ശ്രമിക്കാത്തവരെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല.പക്ഷേ കാലം മാറുകയാണ്.വെറും പുകഴ്ത്തലുകൾ കൊണ്ട് ഒരു കൃതിക്കും നിലനില്ക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല.സ്വയം സംവേദനക്ഷമമാകേണ്ടത് ഏതൊരു രചനയുടേയും ധർമ്മമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹിത്യത്തിലെ ടിപ്പണികൊണ്ട് പാഠപുസ്തകങ്ങൾ പഠിക്കപ്പെടാം,ആസ്വദിക്കപ്പെടാനുള്ള സാധ്യത വിരളം.ജിയുടേയും വൈലോപ്പിള്ളിയുടേയും അടിക്കുറിപ്പുകളെപ്പോലും മലയാളം അകല്ചയോടെയേ കണ്ടിട്ടുള്ളൂ എന്ന് പഠിച്ചവർക്കറിയാം.മേതിലാൻ എങ്ങനെ തലകുത്തിക്കളിച്ചാലും ഒരു ലക്കം വാരിക തുലയ്ക്കാമെന്നല്ലാതെ വായനയേയും ആസ്വാദനത്തേയും കുറിച്ചുള്ള പരികല്പനകളിൽ
    വായനക്കാരൻ വഴിതെറ്റിപ്പിക്കപ്പടാനിടയില്ല.പത്രാധിപരുടേയും അച്ചടി പ്രസിദ്ധീകരണങ്ങളുടേയും സ്ഥാനങ്ങൾ മാറ്റി നിർവ്വചിക്കപ്പെടാൻ പോകുകയാണ്,വെറുതേ അന്ധാളിച്ചിട്ട് കാര്യമില്ല, ആരും.കാണേണ്ടത് കാണേണ്ട സമയത്ത് കാണണം.ദയവായി തെരഞ്ഞെടുപ്പുകൾ വായനക്കാരന് വിടുക,അതെങ്കിലും അവനിരിക്കട്ടെ.കൂടെത്തന്നെ പറയട്ടെ സുസ്മേഷ് നന്നായി എഴുതി.അതിന് പ്രത്യേകം അഭിനന്ദനങ്ങൾ.

    ReplyDelete