Tuesday, December 18, 2012

നക്ഷത്രങ്ങള്‍ തൂങ്ങുന്ന ആകാശം.


ഡിസംബര്‍ ആരംഭിക്കുന്നതോടെ മനസ്സിലേക്ക്‌ വരുന്നത്‌ നനുനനുന്നനെ വെളുത്ത മഞ്ഞുകാലമാണ്‌.കുട്ടിക്കാലത്ത്‌ വായിക്കാന്‍ കഴിഞ്ഞ റഷ്യന്‍ ക്ലാസിക്കുകള്‍ പരിചയപ്പെടുത്തിയ മഞ്ഞുകാലത്തിന്‌ മനസ്സില്‍ സാഹിത്യഭംഗി നിറയ്‌ക്കാന്‍ മാത്രമല്ല മാനവമായ ഉയര്‍ന്ന ചിന്ത പകരാനും പരത്താനും കഴിഞ്ഞിട്ടുണ്ട്‌.
നമ്മള്‍ മലയാളികള്‍ക്ക്‌ മഞ്ഞുകാലമെന്നത്‌ മൂന്നാറിലോ കൊഡൈക്കനാലിലോ ഊട്ടിയിലോ ഉത്തരേന്ത്യയിലോ ചെല്ലുമ്പോള്‍ കാണാനാവുന്നത്‌ മാത്രമാണല്ലോ.കേരളത്തില്‍ ഋതുക്കള്‍ അതിന്റെ വരവറിയിക്കുന്നതും സാന്നിദ്ധ്യം നിലനിര്‍ത്തുന്നതും പതിയെയാണ്‌.ഒരുതരം മടിപോലെ.നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്തിനും മഴക്കാലത്തിനും ഇടയില്‍ മൂന്നുമാസം നില്‍ക്കുന്ന മഞ്ഞുകാലവും ഉണ്ടായിരുന്നെങ്കില്‍ ..എങ്കില്‍ ,നമ്മുടെ സാഹിത്യവും സിനിമയും മറ്റൊരുതരത്തിലുള്ള പ്രമേയങ്ങള്‍ സ്വീകരിക്കുകയും നമ്മുടെ മനുഷ്യബന്ധങ്ങള്‍ വേറൊരു തലത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുമായിരുന്നു.
റഷ്യന്‍ കഥകളില്‍ വായിച്ചറിഞ്ഞ മഞ്ഞുകാലത്തെ എന്റെ കശ്‌മീര്‍ യാത്രയില്‍ നേരിട്ടറിയാനായിട്ടുണ്ട്‌.കാണുന്നിടത്തെല്ലാം വെളുപ്പ്‌ മാത്രം.അകത്തേക്കടിച്ചുകയറുന്നത്‌ തണുത്ത വായുമാത്രം.ചവിട്ടുന്നിടത്തെല്ലാം മഞ്ഞ്‌ മാത്രം.വല്ലാത്ത അനുഭവമായിരുന്നു അത്‌.
എന്റെ ഓര്‍മ്മകള്‍ ഡിസംബറിന്റെ വരവോടെ പതിവായി പിന്നോട്ടോടുന്നു.അത്‌ ചെന്നുനില്‍ക്കുന്നത്‌ ഹൈറേഞ്ചിലെ കാടുകളിലും മേടുകളിലുമാണ്‌.എന്റെ കുട്ടിക്കാലം ചെലവഴിച്ച വെള്ളത്തൂവല്‍ പട്ടണത്തിനു പരിസരത്ത്‌ എനിക്ക്‌ ഒരു സംഘം കൂട്ടുകാരുണ്ടായിരുന്നു.ഞങ്ങളുടെ പ്രധാനവിനോദങ്ങളിലൊന്നായിരുന്നു ഡിസംബറിലെ മലകയറ്റങ്ങള്‍ .അസാധാരണമായ അനുഭവങ്ങളും ഓര്‍മ്മകളും ചോറിന്‍ പശ ചേര്‍ത്ത്‌ ഒട്ടിച്ചുവച്ച നോട്ടുബുക്കാണ്‌ എനിക്ക്‌ ഡിസംബര്‍ .
വൃശ്ചികം പിറക്കുന്നതോടെ ഹൈറേഞ്ചിലെ വീടുകളില്‍ ശബരിമലയ്‌ക്കുപോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.ഒരുവീട്ടില്‍നിന്നും രണ്ടും മൂന്നും ആളുകള്‍ പോകുന്നുണ്ടാവും.കുട്ടികളുമുണ്ടാവും.പലവീടുകളിലും പെരിയ സ്വാമിമാരും ഉണ്ടാവും.എന്റെ അച്ഛന്‍ കമ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും ആയിരുന്നതിനാല്‍ ഞങ്ങള്‍ക്ക്‌ മലയ്‌ക്ക്‌ പോകാനുള്ള വ്രതം എടുക്കേണ്ടതായി വന്നിട്ടില്ല.അങ്ങനെയൊരു സംസാരം തന്നെ വീട്ടിലുണ്ടായിട്ടില്ല.അതേസമയം സ്‌കൂളിലും നാടുകളിലും വ്രതവിശേഷങ്ങളും ശരണംവിളികളും മാത്രമായിരിക്കും.
ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞതോടെ കൂട്ടിമുട്ടിയ ഞങ്ങള്‍ ആറു സുഹൃത്തുക്കള്‍ ഡിസംബര്‍ ആകുന്നതോടെ മറ്റൊരു യാത്രയ്‌ക്കുള്ള വ്രതം എടുത്തുതുടങ്ങും.അതും മലകയറ്റത്തിനുള്ള വ്രതമാണ്‌.ഹൈറേഞ്ചിലെ ഏതെങ്കിലും കുരിശ്‌മുടി കയറാനുള്ള തയ്യാറെടുപ്പ്‌.കൂവിവിളിച്ചുള്ള മലകയറ്റം.
പ്രധാനമായും ക്രിസ്‌ത്യാനികള്‍ അനുഷ്‌ഠിക്കുന്നതാണ്‌ ഈ പറഞ്ഞ മലകയറ്റം.ക്രിസ്‌മസ്‌ തലേന്ന്‌ മല കയറുക അവരുടെ ആചാരമാണ്‌.ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാവും.കനത്ത വെയിലുണ്ടാലും.മല മുകളിലെത്തിയാല്‍ തണുത്ത കാറ്റും മഞ്ഞും വരുന്നുണ്ടാവും.അവിടെ ആരെങ്കിലും സ്ഥാപിച്ച ഒരു കല്‍ക്കുരിശുണ്ടാവും.അതില്‍ തൊട്ടുവണങ്ങി തീര്‍ത്ഥാടകര്‍ തിരിച്ച്‌ മലയിറങ്ങും.
പക്ഷേ ഞങ്ങള്‍ക്കത്‌ ആചാരമോ അനുഷ്‌ഠാനമോ അല്ല ആഘോഷമാണ്‌.ഈ ആറുപേരില്‍ എല്ലാ മതക്കാരുമുണ്ട്‌.ആഘോഷമായിട്ടാണ്‌ ഞങ്ങളുടെ മലകയറ്റം.ഞങ്ങള്‍ ചെറുപ്പക്കാരുടെ യാത്ര സാഹസികസഞ്ചാരമാണ്‌.ആരും കയറാത്ത മലകള്‍ തെരഞ്ഞെടുത്താണ്‌ ഞങ്ങള്‍ കയറുക.അതിനായി എത്ര ദൂരവും വണ്ടിയോടിക്കും.ബൈക്കുകളിലാണ്‌ യാത്ര.ഇന്നോര്‍ക്കുമ്പോള്‍ പല യാത്രകളെക്കുറിച്ചും ചെറുതല്ലാത്ത ഭയം തോന്നുന്നുണ്ട്‌.ദേവികുളത്തിനടുത്തുള്ള ചൊക്കന്‍മുടി,ഇലവീഴാപ്പൂഞ്ചിറ,പാല്‍ക്കുളംമേട്‌,രാമക്കല്‍മേട്‌,ലക്ഷ്‌മിമുടി..പിന്നെ നോക്കിയാല്‍ വെല്ലുവിളി തോന്നുന്ന ഏതുകുന്നും.അതായിരുന്നു ആറേഴ്‌കൊല്ലത്തെ പതിവ്‌.പിന്നെ പലരും പല വഴിക്ക്‌ പിരിഞ്ഞു.ഇപ്പോള്‍ ആ യാത്രാസംഘമില്ല.
പലപ്പോഴും കുരിശ്‌ കുത്തിയിട്ടില്ലാത്ത കുന്നുകളിലേക്കാണ്‌ ഞങ്ങള്‍ കയറുക.തിരക്ക്‌ ഒഴിവാക്കാനും സ്വസ്ഥത നിലനിര്‍ത്താനുമാണത്‌.ഉയരത്തിലെത്തിയാല്‍ ശാന്തിയാണ്‌.ചിലയിടങ്ങളില്‍ ഞങ്ങള്‍ രാത്രി ചെലവഴിച്ചിട്ടുണ്ട്‌.പാട്ടും ഏകാംഗാഭിനയവും മറ്റുമായി നേരം പുലരും.അത്തരം യാത്രകളിലും രാത്രികളിലുമാണ്‌ ഹൈറേഞ്ചിന്റെ സൗന്ദര്യം ഞാന്‍ അനുഭവിച്ചിട്ടുള്ളത്‌.
നക്ഷത്രങ്ങള്‍ ദേഹത്തേക്ക്‌ ഉതിരുന്നതായി തോന്നും.കാറ്റില്‍ പുല്ലുലഞ്ഞുപോകുന്നത്‌ തിരമാലകള്‍ പോലെ തോന്നും.(സമീപകാലത്ത്‌ ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ കാറ്റുപിടിക്കുന്ന പുല്ലുകളുടെ ചാരുത ഞാന്‍ കണ്ടിരുന്നു.)ഡിസംബറിന്‌ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ചില ഭംഗികള്‍ പ്രകൃതി മനുഷ്യരിലേക്ക്‌ പകരുന്നത്‌ തൊട്ടറിഞ്ഞിട്ടുണ്ട്‌.അതില്‍ മറക്കാനാവാത്തതാണ്‌ മനുഷ്യരുണ്ടാക്കി തൂക്കുന്ന നക്ഷത്രവിളക്കുകളുടെ ഭംഗി.പിന്നെ ക്രിസ്‌മസ്‌ കാര്‍ഡുകളുടെ നിറവ്‌.
ഡിസംബറായാല്‍ ക്രിസ്‌മസ്‌-ന്യൂ ഇയര്‍ കാര്‍ഡുകള്‍ വാങ്ങുന്നതും അയക്കുന്നതുമായിരുന്നു കമ്പം.ഞങ്ങള്‍ കുറേപ്പേര്‍ തനിയെ വരച്ചുണ്ടാക്കുന്ന കാര്‍ഡുകളായിരുന്നു അയച്ചുകൊണ്ടിരുന്നത്‌.തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്ന ഒരു കാര്‍ഡ്‌ സമ്മാനിച്ച കണ്ണീര്‍ ഞാനിന്നും മറന്നിട്ടില്ല.
ഇതാ വീണ്ടും ഡിസംബര്‍.പന്ത്രണ്ട്‌ മാസങ്ങളിലെ ഏറ്റവും മനോഹരിയായ മാസം..ഇഷ്‌ടപ്പെട്ട കവിതാശകലംപോലെ..
(യുവ @ഹൈവേ)

22 comments:

  1. ഡിസംബറും മഞ്ഞും തണുപ്പും പുൽക്കൊടിത്തുമ്പിലെ മഞ്ഞു കണങ്ങളും ഇല്ലാതായിട്ട് വർഷങ്ങൾ എത്ര..! ഡിസംബർ പകുതി കഴിഞ്ഞിട്ടും തണുപ്പ് എന്ന് പറയാൻ തക്ക ഒരു തണുപ്പ് ഇനിയും എത്തി നോക്കിയിട്ടില്ല ഇവിടെ.. ജീവിത യാത്രയിൽ ഇങ്ങനേയും ഒരു കാലം...
    ആശംസകൾ...

    ReplyDelete
    Replies
    1. എറണാകുളത്തും എന്ത് തണുപ്പ്.!!

      Delete
  2. പന്ത്രണ്ട്‌ മാസങ്ങളിലെ ഏറ്റവും മനോഹരിയായ മാസം വിട പറച്ചിലിന്റെ വിങ്ങല്ലിലും മറ്റൊരു സന്തോഷം കൊണ്ടുവരുന്ന ഡിസംബര്‍.

    ReplyDelete
    Replies
    1. ജനുവരിക്ക് കെട്ടിയ പടിപ്പുരയാണ് ഡിസംബര്‍ .

      Delete
  3. എനിക്കും ഒന്നു മലകയറുവാൻ തോന്നുന്നു.............

    ReplyDelete
    Replies
    1. ചുമ്മാ പോയി ഓടിക്കയറൂ മനോജേ..അതൊരു സുഖമല്ലേ.നഷ്ടപ്പെടുത്തല്ലേ.

      Delete
  4. തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്ന കാര്‍ഡ്.....പിന്നെ അതൊരു ആല്‍ബമായി മാറി...ഡിസംബറില്‍ തന്നെ...

    ReplyDelete
  5. ആകാശത്ത് മാത്രമല്ല വീടുകളിലും നക്ഷത്രങ്ങള്‍ തൂങ്ങുന്ന മാസമാണ് ഡിസംബർ. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

    ReplyDelete
  6. മഞ്ഞിന്റെ മറ നീക്കി വരുന്ന പുലരികളും
    നക്ഷത്രപ്രകാശവുമായി വരുന്ന സന്ധ്യകളും
    മത്രമല്ല ഡിസംബറിനെ എനിക്ക് പ്രിയങ്കരിയാക്കുന്നത്.
    കണ്ണില്‍ നക്ഷത്ര വിളക്കും കൊടുത്ത് ദൈവം അവളെ
    എന്നരികിലേക്ക് പറഞ്ഞുവിട്ടതും ഒരു ഡിസംബറിലാണ്.
    സസ്നേഹം അജിത.

    ReplyDelete
  7. ഇടുക്കി ഏലപ്പാറയിലാണ് ഭാര്യാഗൃഹം.
    ഓരോ തവണ പോകുമ്പോഴും ഉയര്‍ന്ന് നില്‍ക്കുന്ന പര്‍വതങ്ങള്‍ കാണുമ്പോള്‍ “ഇതിന്റെ ഉച്ചിയിലൊന്ന് കയറീട്ട് തന്നെ കാര്യം” എന്ന് തീരുമാനിക്കും.
    തീരുമാനം നടപ്പിലായിട്ടില്ല ഇതുവരെ.
    (അതികഠിനമായ തണുപ്പാണെന്ന് ഹൈറേഞ്ചില്‍ നിന്ന് ന്യൂസ് കിട്ടീട്ടുണ്ട് ഇന്ന്!!)

    പക്ഷെ തണുപ്പിനും ഭംഗിയുണ്ടെന്ന് സുസ്മേഷിന്റെ ഈ കുറിപ്പ് വായിക്കുമ്പോ തോന്നുന്നു

    ReplyDelete
  8. കുറെയേറെ ഓര്‍മകളുടെ കൂടി തണുപ്പുണ്ട് ഡിസംബറിനു ..
    തുളഞ്ഞു കയറുന്ന തണുപ്പ്..
    ഓര്‍മകളുടെ തണുപ്പ്

    ReplyDelete
  9. നക്ഷത്രങ്ങള്‍ ദേഹത്തേക്ക്‌ ഉതിരുന്നതായി തോന്നും.കാറ്റില്‍ പുല്ലുലഞ്ഞുപോകുന്നത്‌ തിരമാലകള്‍ പോലെ തോന്നും...wayi thetti vananthaa iwide enikishtmayii oru paranna wayankku veedum waraam (sory oficile malyalm warunnilla athanu maghlishil ezudendi wananth )aashamsakal nerunu ...

    ReplyDelete
  10. ഹാവൂ,എനിക്കെത്ര നാളായീ ന്നറിയ്വോ നിങ്ങളുടെ പോസ്റ്റിൽ വായിച്ച് കമന്റിടുക എന്ന ആഗ്രഹം വന്നിട്ട്.? ഞാൻ പല സമയങ്ങളിലും ഗ്രൂപ്പുകളും മറ്റു തിരക്കുകളുമായി അങ്ങനെ ഒരു പ്രത്യേക മൂഡിൽ അങ്ങനിരിക്കും. ഇപ്പോൾ കുറച്ച് ദിവസമായി ഫേയ്സ് ബുക്ക് ഗ്രൂപ്പുകളിലുള്ള സന്ദർശനം നന്നായി വെട്ടിക്കുറച്ചിരിക്കുന്നു,ഇല്ലാ ന്ന് തന്നെ പറയാം.!
    ഒന്നുമല്ല......വെറുതെ....
    ഞാനിപ്പൊ സർവ്വത്ര സ്വതന്ത്രനായി വന്നതാ,നിങ്ങളുടെ എഴുത്തിന്റെ ആ സുഖമറിയാൻ.
    വായിച്ചു,അറിഞ്ഞു. ആ മഞ്ഞുകാലത്തിന്റെ തണുപ്പും സുഖവും, മഞ്ഞ് വീഴുന്ന പകലുകളിൽ മഞ്ഞിനെ ചവുട്ടിയരച്ചുകൊണ്ടുള്ള നടപ്പും നന്നായി വായിച്ചനുഭവിക്കാനായി, സന്തോഷം.
    ആശംസകൾ.

    ReplyDelete
  11. ഡിസംബറിനെ സ്നേഹിക്കുന്ന വരികള്‍ .ഇന്നലെ രാത്രിയും ആകാശത്ത് നക്ഷത്രങ്ങള്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു ഒപ്പം അവര്‍ക്ക് കൂട്ടായി നിലാവും താഴെ അവരുടെ കുസൃതികള്‍ കണ്ടു കാറ്റും . ആശംസകള്‍ കേട്ടോ ഈ എഴുത്തിനു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete
  12. ഹിമാചലില്‍ പോവാനുള്ളാ ചാന്‍സ് കിട്ടിയതെ ഞാന്‍ പുതിയ ഷൂവും സ്വെറ്ററുമൊക്കെ സംഘടിപ്പിച്ചു.. അതു രണ്ടും എന്റെ ലഗേജിന്റെ പകുതി സ്ഥലം കീഴടക്കി.. മഞ്ഞില്‍ നടക്കുന്നതും മഞ്ഞ് കയ്യില്‍ കോരിയെടുക്കുന്നതും ഒക്കെ സ്വപ്നം കണ്ടാ യാത്ര തുടങ്ങിയെ.. പക്ഷെ ആഗസ്റ്റ് മാസ്ത്തില്‍ ഞാന്‍ പോയിടത്തൊന്നും മഞ്ഞു വീഴുന്ന സ്ഥലങ്ങള്‍ ആയിരുന്നില്ല.. ഇനി മഞ്ഞ് വീഴുന്ന കാലത്ത് ഒരിക്കല്‍ കൂടി പോണം..

    എനിക്ക് തോന്നാറുള്ളത് ആള്‍ക്കാര്‍ക്കൊക്കെ ഡിസംബറില്‍ ഭയങ്കര തിരക്കാന്നാ.. എന്തിനൊക്കെയൊ വേണ്ടിയുള്ള ഓട്ടം.. എന്തൊക്കെയൊ തീര്‍ന്നു പോവും പോലെ.. ജനുവരി ഒന്നായാല്‍ വീണ്ടും തഥൈവ..

    ReplyDelete
  13. മഞ്ഞു പുതഞ്ഞു നിൽകുന്ന മലയിലേക്ക് നടന്നു കയറുമ്പോൾ പറഞ്ഞറിയിക്കാനറിയാത്ത ഒരു പ്രത്യേകസുഖമുണ്ട് . ജീവിത തിരക്കുകൾ മാറ്റിവച്ച് അങ്ങനെയൊരു യാത്ര കഴിഞ്ഞെത്തുമ്പോൾ മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവുമായിരിക്കും ...

    ReplyDelete
  14. ഡിസംബറിലെ പ്രഭാതങ്ങൾ പുകമഞ്ഞിനാൽ മൂടി നിന്നിരുന്ന ഒരു മലഞ്ചെരുവ്.... വെള്ളതിരശ്ശീല പോലെ കുന്നിൻ ചെരുവിലെ റബ്ബർമരങ്ങൾക്കിടയിലൂടെ മഞ്ഞ് മേഞ്ഞു നടന്നിരുന്നു. എത്രയോ പ്രഭാതങ്ങൾ കുന്നിൻ മുകളിലെ ഒറ്റക്കല്ലിനു മുകളിൽ കയറി നിന്ന് ആ വെണ്മ കണ്ടിരിക്കുന്നു. നിന്റെ മനോഹരമായ കുറിപ്പ് ഒരു ഓർമ്മപ്പെടുത്തലാണ്. നന്ദി

    ReplyDelete
  15. പ്രഭാതങ്ങളിൽ കുന്നിൻ മുകളിലെ ഒറ്റക്കല്ലിലിരുന്ന് താഴെ പാൽക്കടൽ പോലെ മഞ്ഞ് നിറഞ്ഞൊഴിയുന്നത് കണ്ടിരുന്ന ഡിസംബർ... ഇത് ഒരോർമ്മപ്പെടുത്തലാണ്. മനോഹരം. നന്ദി

    ReplyDelete
  16. ഡിസംബറിലെ മനോഹര നക്ഷത്രങ്ങളോട് പ്രതികരിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.
    നവവത്സരാശംസകള്‍ .

    ReplyDelete