Saturday, January 12, 2013

സമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം


കഥ/
സുസ്‌മേഷ്‌ ചന്ത്രോത്ത്‌


സമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം


ചാരപൂര്‍വ്വമുള്ള അറിയിപ്പ്‌ കിട്ടിയതനുസരിച്ച്‌ സംസ്‌കാരകര്‍മ്മത്തിനു മടിക്കാതെ വന്നുചേര്‍ന്നവര്‍ പരേതന്റെ വേണ്ടപ്പെട്ടവരാണെന്നുപറയാം.എന്നാല്‍ അന്നുനടന്ന വിലാപയാത്രയെ സമ്പന്നമാക്കുംവിധം നാനാദിക്കില്‍ നിന്നും ഇളകിമറിഞ്ഞെത്തിയ ജനം നഗരത്തെ സംബന്ധിച്ച്‌ അത്ഭുതവും ആവേശവും ഒരുപോലെയുയര്‍ത്തുന്ന സംഭവമായിരുന്നു.

നഗരത്തിലെ പുരോഹിതന്മാര്‍ പറയാറുണ്ട്‌.അവധിദിനപ്രാര്‍ത്ഥനകള്‍ക്കും മരിച്ചടക്കലുകള്‍ക്കും ദേവാലയത്തില്‍ പഴയതുപോലെ ആളുകൂടാറില്ലെന്ന സങ്കടം.കഴിഞ്ഞയിടെ നഗരത്തില്‍ നടന്ന ഒരു അന്ത്യകൂദാശയില്‍ ബന്ധുക്കളടക്കം പതിനൊന്നു പേരുമാത്രമാണത്രേ ഉണ്ടായിരുന്നത്‌.അതില്‍ നൊമ്പരപ്പെട്ട്‌ മരിച്ചവന്‍ പോലും അതൃപ്‌തനായി മുഖം ചുളിച്ചാണത്രേ കിടന്നത്‌.തന്നെയുമല്ല നാലു കന്യാസ്‌ത്രീകളെ കിട്ടാന്‍ പരേതന്റെ ബന്ധുക്കള്‍ക്ക്‌ നൂറ്റിനാല്‌ കിലോമീറ്റര്‍ വാഹനമോടിക്കേണ്ടതായും വന്നുവെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു.
ഇത്‌ മരണത്തിന്റെ കാര്യം.വിവാഹത്തിനു കൂടുന്നതും അപ്രധാനകാര്യമായി കരുതുന്നവര്‍ നഗരത്തില്‍ വര്‍ദ്ധിക്കുകയാണെന്ന്‌ ഒരു ദേശീയമാധ്യമം കണ്ടുപിടിച്ച്‌ പുറത്തുവിട്ടത്‌ അടുത്തകാലത്താണ്‌.വിവാഹിതരാകുന്നവരുടെ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും മാത്രമേ മംഗല്യച്ചടങ്ങിനുപോലും ഇപ്പോള്‍ പങ്കെടുക്കാറുള്ളു.അതിന്റെ കാരണമായി അവലോകനത്തില്‍ ആ മാധ്യമം ഉയര്‍ത്തിക്കാട്ടിയത്‌ പെരുകുന്ന വിവാഹമോചനങ്ങള്‍ വ്യക്തികളെ ചടങ്ങുകളില്‍ നിന്നു വിഷമത്തോടെ പിന്തിരിപ്പിക്കുകയാണെന്നാണ്‌.വിവാഹകര്‍മ്മത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം മായും മുമ്പേ അവരുടെ വിവാഹമോചനത്തിലും കൂടി സംബന്ധിക്കേണ്ടിവരുന്നത്‌ അതീവദുഖകരമായ സംഗതിയാണെന്നു ആധുനിക നാഗരികജീവികള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും മാധ്യമം കണ്ടെത്തി.
കഴിഞ്ഞയിടെ പ്രധാന നഗരത്തിനു പുറത്തുള്ള ചെറിയ നഗരത്തിലെ മനസ്സമ്മതച്ചടങ്ങിനിടെ അവിടുത്തെ പുരോഹിതന്‍ ഒരു തമാശപൊട്ടിച്ചുപോലും.അതായത്‌ വിവാഹമോചിതരാകുന്നുണ്ടെങ്കില്‍ അത്‌ കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ട്‌ വേണമെന്നായിരുന്നു അത്‌.ഖേദത്തോടെയാണ്‌ അദ്ദേഹം പറഞ്ഞതെങ്കിലും കൂടിനിന്നവര്‍ പൊട്ടിച്ചിരിച്ചുവെന്നാണ്‌ പിറ്റേന്ന്‌ പെട്ടിവാര്‍ത്ത വന്നത്‌.
ചരമശ്രുശ്രൂഷയ്‌ക്ക്‌ ആളില്ലാതായാലുള്ള സങ്കടമോര്‍ത്ത്‌ എന്തെങ്കിലും പ്രയോജനമുണ്ടാകട്ടെയെന്നു കരുതിത്തന്നെയാണ്‌ തന്റെ സെല്‍ഫോണിനെ സംസ്‌ക്കരിക്കാനായി ദിവസം നിശ്ചയിച്ചകാര്യം സേവ്യര്‍ `സാമൂഹികതല്‌പരവിനിമയവല'യിലിട്ടത്‌.അതോടെ വാര്‍ത്തയ്‌ക്ക്‌ ജീവന്‍ വച്ചു.കൂടാതെ വേണ്ടപ്പെട്ടവര്‍ക്ക്‌ നല്‍കാനായി ചരമശ്രുശ്രൂഷയുടെ ആചാരക്കത്ത്‌ അച്ചടിപ്പിക്കുകയും ചെയ്‌തു.അന്നേദിവസം ഫോണിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ആളുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ടായത്‌ ഇക്കാരണത്താലാവാം.
പലരും ചോദിച്ച ചോദ്യം ഇതാണ്‌.
-എന്തിനാണ്‌ തരുണരൂപം കടന്നിട്ടില്ലാത്ത സെല്‍ഫോണിനെ കൊന്നടക്കുന്നത്‌?
സേവ്യര്‍ ആ ചോദ്യത്തോടുള്ള മറുപടിയായി ചിരിച്ചതല്ലാതെ വേറൊന്നും പറഞ്ഞില്ല.സ്ഥിതിഗതികള്‍ വച്ചുനോക്കുമ്പോള്‍ മറുപടി കേള്‍ക്കാനുള്ള അരനിമിഷം നഷ്‌ടപ്പടുത്താനില്ലാത്തതിനാല്‍ ആരുമത്‌ കേള്‍ക്കാനും നിന്നിട്ടുണ്ടാവില്ല.ഈ തീരുമാനത്തെക്കുറിച്ച്‌ സേവ്യറിനോട്‌ നഗരത്തിലെ മേയര്‍ വിളിച്ചു ചോദിച്ചതാണ്‌ എടുത്തുപറയേണ്ട പ്രത്യേകതയായി കാണേണ്ടത്‌.
അന്നേദിവസം കാലത്ത്‌ കിടക്കയില്‍ തലതൂക്കിയിരിക്കുകയായിരുന്ന സേവ്യറിനെ ഫോണ്‍ മണിയടിച്ചുണര്‍ത്തി.മരിക്കാന്‍ പോകുന്നതെന്നോ അവസാനശ്വാസം വലിക്കാന്‍ പോകുന്നതെന്നോ പറയാവുന്ന ഫോണിന്റെ അവസാനനേര ഉപയോഗസാധ്യതയെ ഉല്ലാസപൂര്‍വ്വം സ്വീകരിക്കാന്‍ ശ്രമിച്ച്‌ പരാജയമടഞ്ഞ്‌ തലേന്നു കിടന്നുറങ്ങിയതായിരുന്നു സേവ്യര്‍ .എന്നിട്ടും അയാള്‍ കേടുവന്ന ഒരു മനോഭാവത്തോടെയും താല്‌പര്യരാഹിത്യത്തോടെയും ഫോണെടുത്തു.പരിചയമില്ലാത്ത അക്കങ്ങള്‍ കണ്ടപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ള മുഷിച്ചിലോടെയും ഈര്‍ഷ്യയോടെയും അതെടുക്കണമോ വേണ്ടയോ എന്നാലോചിച്ചു.പിന്നെ മരിക്കാന്‍ പോകുന്ന ഒരാള്‍ക്കുകൊടുക്കുന്ന ദയാവായ്‌പ്പോടെ ഫോണെടുത്തു കാതോട്‌ വച്ച്‌ പതിയെ പ്രതികരിച്ചു.
``ഹലോ.''
മറുവശത്തുനിന്ന്‌ അക്ഷമനായ മേയര്‍ ചോദിച്ചു.
``ഇത്‌ സേവ്യറിന്റെ ഫോണല്ലേ.?''
``അതെ.''
``ഞാന്‍ നഗരത്തിലെ മേയറാണ്‌.''
``മേയര്‍ ..?''
``അതെ,മേയര്‍ തന്നെ.നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിനെ ആചാരപൂര്‍വ്വം ഖബറടക്കാന്‍ പോകുകയാണെന്ന്‌ കേട്ടു.?''
മേയറുടെ ചോദ്യത്തില്‍ മുഴച്ചുനിന്നത്‌ ആകാംക്ഷയാണോ വിചിത്രമായ ദുഖമാണോ നഗരാധിപന്റെ ഉത്‌കണ്‌ഠയാണോ എന്ന കാര്യത്തിലൊന്നും തീര്‍പ്പുകല്‍പ്പിക്കാന്‍ സേവ്യറിനായില്ല.സേവ്യര്‍ ഒന്നുമാത്രം ചിന്തിച്ചു.കുറേ നാളുകളായി തന്റെ തലയില്‍ വ്രണപ്പെട്ട ഒരു അസ്വസ്ഥതയാണിത്‌.അതിനെ അവസാനിപ്പിക്കാനാണ്‌ സംസ്‌കാരകര്‍മ്മത്തിനു മുതിരുന്നത്‌.ഇന്നത്തെ കാലത്തിന്റെ ഇത്തരം അസ്വസ്ഥതകള്‍ പേറിയാണോ മേയറും ജീവിക്കുന്നത്‌.അല്ലെങ്കില്‍ ഇത്രയും രാവിലെ മേയര്‍ ഇങ്ങനെയൊരു കാര്യത്തിന്‌ തന്നെപ്പോലൊരാളെ വിളിക്കേണ്ടതുണ്ടോ.?അതിനര്‍ത്ഥം മേയറും ഫോണ്‍ മൂലം അസ്വസ്ഥനാണെന്നല്ലേ.!
``എന്താണ്‌ സേവ്യര്‍ മിണ്ടാത്തത്‌.?നിങ്ങള്‍ നിങ്ങളുടെ ഫോണിനെ സംസ്‌കരിക്കാന്‍ പോവുകയാണോ.?''
ഇനിയൊന്നും ആലോചിച്ചു നില്‍ക്കേണ്ടതില്ലെന്ന്‌ ബോധ്യപ്പെടാന്‍ ആ നിമിഷത്തിനിടയില്‍ കര്‍ണ്ണങ്ങളില്‍ മുഴങ്ങിയ ഭാരിച്ച നിശ്ശബ്‌ദതമാത്രം മതിയായിരുന്നു.പേടിപ്പെടുത്തുന്ന മറ്റൊരാലോചനയുടെ തുമ്പുപിടിച്ച്‌ സേവ്യര്‍ നിശ്ചയസ്വരത്തില്‍ ഉറക്കെ പറഞ്ഞു.
``അതെ ബഹുമാന്യനായ മേയര്‍ .എന്റെ ഫോണിനെ ജനങ്ങളുടെ സമക്ഷത്തില്‍ വച്ച്‌ സംസ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഒഴിവുണ്ടെങ്കില്‍ അങ്ങയും പങ്കെടുക്കണം.''

അത്രയും ഒറ്റവീര്‍പ്പില്‍ പറഞ്ഞിട്ട്‌ സേവ്യര്‍ അക്ഷമനായി കാതോര്‍ത്തു.പക്ഷേ തന്റെ അക്ഷമ മേയറെ അറിയിക്കാന്‍ സേവ്യര്‍ ഒരുക്കമായിരുന്നില്ല.അതിനാല്‍ അങ്ങേയറ്റത്തെ ആത്മസംയമനം സേവ്യറിന്റെ ശ്വാസോച്ഛ്വാസത്തിലുണ്ടായിരുന്നു.
ദീര്‍ഘമായ നിശ്ശബ്‌ദതയായിരുന്നു മേയറുടെ മറുപടി.അതീവ തീവ്രമായ ഒരാലോചനയുടെ ഭാവവും അതിനുണ്ടായിരുന്നു.കുറേക്കഴിഞ്ഞപ്പോള്‍ അപ്പുറത്തുനിന്ന്‌ മേയറുടെ കനത്ത നെടുവീര്‍പ്പ്‌ അയഞ്ഞുവീഴുന്നതും സേവ്യര്‍ കേട്ടു.സേവ്യറിന്‌ അല്‌പം സമാധാനമായി.ഭയപ്പെട്ടത്‌ സംഭവിക്കാനിടയില്ല.അയാള്‍ക്ക്‌ തോന്നി.അയാള്‍ ഭയപ്പെട്ടത്‌ അനാവശ്യമായ ഒരു കാര്യത്തിനായിരുന്നില്ല.ഈ ആസന്നമൂഹൂര്‍ത്തത്തില്‍ തന്റെ സെല്‍ഫോണിനെ സംസ്‌കരിക്കാന്‍ നഗരപരിധിക്കുള്ളില്‍ എന്തെങ്കിലും വിലക്ക്‌ മേയര്‍ പുറപ്പെടുവിച്ചേക്കുമോ എന്നതായിരുന്നു ആ ഭയം.
അപ്പോള്‍ യാതൊരു ധൃതിയുമില്ലാത്തവനെപ്പോലെയും അവസാനത്തെ പ്രതീക്ഷയിന്മേല്‍ ജീവിക്കുന്നവനെപ്പോലെയും മേയര്‍ ചോദിച്ചു.
``സെല്‍ഫോണില്ലാതെ ജീവിക്കാനാവുമെന്നു ഉറപ്പുണ്ടോ.?''
ചോദ്യത്തിന്റെ ആലോചിച്ചുള്ള മറുപടിയായിട്ടല്ല,സംസ്‌കാരച്ചടങ്ങ്‌ വേഗത്തില്‍ നടന്നുകിട്ടാനുള്ള ആഗ്രഹത്തിലാണ്‌ സേവ്യര്‍ മറുപടി പറഞ്ഞത്‌.
``ഉണ്ട്‌.''
``തീരുമാനം നല്ലതാണെന്നു കരുതുന്നുണ്ടോ.?''
``ഇതുവരെ എടുത്തതില്‍ ഏറ്റവും നല്ല തീരുമാനം ഇതാണെന്നാണ്‌ മനസ്സിലാവുന്നത്‌.''
``ശരി.ചടങ്ങുകളെ മഴ ശല്യപ്പെടുത്താതിരിക്കട്ടെ.''
ഗാംഭീര്യം നഷ്‌ടപ്പെട്ട ഒച്ചയില്‍ അത്രയും പറഞ്ഞ്‌ മേയര്‍ ഫോണ്‍ വച്ചു.സേവ്യര്‍ കിടക്കയുടെ ഓരത്തേക്ക്‌ ഫോണിനെ അലക്ഷ്യമായി തള്ളി.എന്നിട്ടതിനെ ഒരു ചരിഞ്ഞ നോട്ടത്തില്‍ വീക്ഷിച്ചു.
ദിനംതോറും നൂറുകണക്കിന്‌ വിളികള്‍ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ .പലപ്പോഴും അത്‌ തുണയായിരുന്നു.കിടക്കയിലെ സഖി,ഭക്ഷണമേശയിലെ കൂട്ടുകാരന്‍ ,ഒഴിവുവേളകളിലെ ചങ്ങാതി,മധുശാലയിലെ ഇക്കിളിപ്പെടുത്തുന്ന ആതിഥേയ,ഹസ്‌തമൈഥുനത്തിന്റെ സഹചാരി,ഏകാന്തയാത്രകളിലെ സഹയാത്രികന്‍ ..ഓര്‍ത്തപ്പോള്‍ അനവധി ഭയങ്ങള്‍ ഒന്നിച്ചുണ്ടായി.ഓര്‍ക്കാതിരിക്കാനും മുന്നോട്ടുനോക്കാതിരിക്കാനും ജീവിക്കാതിരിക്കാനും സേവ്യര്‍ ആഗ്രഹിച്ചു.
അയാള്‍ക്ക്‌ അറപ്പുണ്ടായി.അത്രകാലവും ഓമനയായിരുന്ന ഫോണ്‍ കബന്ധം പോലെ അനുഭവപ്പെട്ടു.മനുഷ്യജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഇങ്ങനെയാവുമോ?ഒരിക്കല്‍ സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തില്‍ അയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി.
നഗരത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന പള്ളിയിലായിരുന്നു സംസ്‌കാരശ്രുശ്രൂഷകള്‍ ഏല്‍പ്പിച്ചിരുന്നത്‌.ശബ്‌ദമില്ലാതാക്കിവച്ചിരിക്കുന്ന ഫോണിനടുത്തായി മുഷ്‌ടി നിറയുന്നത്ര അഗര്‍ബത്തികളെടുത്ത്‌ സേവ്യര്‍ കത്തിച്ചുവച്ചു.അതിന്റെ പുകനൂലുകള്‍ മേലാപ്പിലേക്കുയര്‍ന്നു.
ജഢം പള്ളിയിലേക്കെടുക്കുംവരെ മറ്റെങ്ങും പോകേണ്ടതില്ലെന്ന്‌ സേവ്യര്‍ തീരുമാനിച്ചു.അന്നേദിവസം ഫോണിലേക്ക്‌ വരുന്ന കോളുകളൊന്നും എടുക്കേണ്ടതില്ലെന്നും.എങ്കിലും ഇടക്കിടെ ഫോണ്‍മുഖം വിളികളാല്‍ പ്രകാശിച്ചുകൊണ്ടിരുന്നത്‌ അയാളെ അസ്വസ്ഥനാക്കാതിരുന്നില്ല.അത്‌ ഫോണിന്റെ ഊര്‍ദ്ധന്‍ പോലെയാണ്‌ സേവ്യറിന്‌ തോന്നിയത്‌.
താമസിയാതെ തന്റെ വസതിക്ക്‌ പുറത്ത്‌ കാറുകള്‍ വന്ന്‌ ഇരമ്പുന്നതും ആളുകള്‍ വാതിലോളം ചെരിപ്പുരച്ചുവന്ന്‌ അറിയിപ്പുമണിയടിച്ച്‌ മടങ്ങുന്നതും ചെറിയ വൃത്തമുള്ള റീത്തുകള്‍ കതകിനടിയിലെ വിടവിലൂടെ അകത്തേക്ക്‌ തള്ളിവയ്‌ക്കപ്പെടുന്നതും സേവ്യര്‍ നോക്കിക്കണ്ടു.വെളുത്തതും വയലറ്റ്‌ നിറമുള്ളതുമായ പൂക്കളുടെ രണ്ട്‌ റീത്തുകള്‍ അയാള്‍ ഫോണിനുമേലെ വച്ചു.അതോടെ വിളി വരുമ്പോള്‍ പ്രകാശിച്ചുകൊണ്ടിരുന്ന ഫോണ്‍മുഖം മറഞ്ഞുകിട്ടി.അതൊരാശ്വാസമായിരുന്നു സേവ്യറിന്‌.അയാള്‍ വീണ്ടും പുതച്ചുമൂടി കിടന്നു.വൈകുന്നേരമായപ്പോളേക്കും കതകിനു പുറത്തെ വരാന്ത ദുഖസന്ദേശക്കുറിപ്പുകളും ആകാംക്ഷനിറഞ്ഞ ചോദ്യങ്ങളും പുഷ്‌പചക്രങ്ങളും ഒറ്റത്തണ്ടുള്ള പൂക്കളും പൂങ്കുലകളും നിറഞ്ഞ്‌ മനം മടുപ്പിക്കുന്ന ഗന്ധമുയര്‍ത്താന്‍ തുടങ്ങിയിരുന്നു.
അന്നത്തെ പകലില്‍ മഴയുടെ പഴുതുകളുണ്ടായിരുന്നത്‌ പ്രകൃതിയുടെ ഒരു അനുശോചനമായി നഗരവാസികള്‍ക്ക്‌ തോന്നി.ആകാശത്തിന്റെ നിറം അത്രമാത്രം ചാരം കലര്‍ന്നതായിരുന്നു.കറുപ്പുവസ്‌ത്രങ്ങളോ വെളുത്ത വസ്‌ത്രങ്ങളോ മാത്രമേ ആ കാലാവസ്ഥയുടെ നിറത്തിന്‌ അനുയോജ്യമായിരുന്നുള്ളൂ.ചിലര്‍ അത്തരം വേഷം പെട്ടെന്നുണ്ടാക്കാനായി തുന്നല്‍ക്കാര്‍ക്കരികിലേക്കോടി.തുന്നല്‍ക്കാര്‍ കൈമലര്‍ത്തുകയും ചുണ്ടുകള്‍ പിളര്‍ത്തി നിസ്സഹായതയുടെ ഭാവം ഹാസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു.അവരില്‍ ചിലര്‍ തങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങ്‌ കാണാന്‍ പോകേണ്ടതുണ്ടെന്ന്‌ ഏതാണ്ട്‌ വിരട്ടലിന്റെ മൂര്‍ച്ചയില്‍ പറഞ്ഞു.അങ്ങനെയൊക്കെ അതങ്ങ്‌ സേവ്യര്‍ പ്രതീക്ഷിച്ചതിനെക്കാളും ജനനിബിഡമാവുകയായിരുന്നു.
വൈകുന്നേരം മൂന്നുമണിയോടെ പള്ളിപ്പരിസരത്തേക്ക്‌ ക്ഷണം കിട്ടിയവര്‍ ഒഴുകാന്‍ തുടങ്ങി.പലരും തങ്ങളുടെ മാറോട്‌ ചേര്‍ത്ത്‌ സ്വന്തം ഫോണിനെ സൂക്ഷിച്ചിരുന്നു.ചിലരൊക്കെ അത്‌ കൈയില്‍ത്തന്നെ സൂക്ഷിച്ചു.എല്ലാവരുടെ മുഖത്തും അവിശ്വസനീയതയും അമര്‍ഷവും ഒരേപോലെ പിണഞ്ഞുകിടന്നിരുന്നു.
അതിഥികളും പറഞ്ഞുകേട്ടെത്തിയ അഭ്യുദയകാംക്ഷികളും എത്തിച്ചേര്‍ന്നപ്പോള്‍ പള്ളിയങ്കണം പെട്ടെന്ന്‌ നിറഞ്ഞു.പള്ളിയുടെ അകത്ത്‌ വലിയ അലങ്കാരവിളക്കുകള്‍ തൂങ്ങുന്ന നീണ്ട മുറിയില്‍ സെല്‍ഫോണിന്റെ ജഡം വച്ചിരുന്നു.പുകയുന്ന ധൂമക്കുറ്റികളും മെഴുകുതിരികളും ഭാരമുള്ള നിശ്ശബ്‌ദതയും സെല്‍ഫോണിന്റെ കിടപ്പിനെ മരണയോഗ്യമായ കിടപ്പുതന്നെയാക്കിമാറ്റി.
അക്കൂട്ടത്തില്‍ സേവ്യര്‍ എന്ന മനുഷ്യനെയും അയാളുടെ ഫോണിനെയും പരിചയമില്ലാത്തവര്‍ അനവധിയായിരുന്നു.അങ്ങനെ വന്നുചേര്‍ന്നവര്‍ ആദ്യം ചെയ്‌തത്‌ തിക്കിത്തിരക്കി മുന്നില്‍ക്കയറി മൂന്നു കുരിശിനുമുന്നിലായി വെള്ളവിരിപ്പില്‍ കിടത്തിയിരിക്കുന്ന ഫോണിന്റെ നിശ്ചലദേഹം കണ്ട്‌ കേട്ടകാര്യം ഉറപ്പുവരുത്തുകയായിരുന്നു.അവരുടെ മുഖത്ത്‌ പൊടുന്നനെ പരന്നത്‌ അവിശ്വസനീയതയും ഭീതിയുമാണ്‌.അതുകൊണ്ടാവണം അവരൊക്കെ ഒറ്റനോട്ടത്തിനുശേഷം പിന്‍നിരയിലേക്ക്‌ പിന്‍വാങ്ങിയത്‌.സ്‌ത്രീകളുടെ മുഖം കഠിനമായ ചിന്തകളാല്‍ നിറം മങ്ങി കാണപ്പെട്ടു.
പലരും അപരിചിതരെന്നു നോക്കാതെ അടുത്തുനില്‍ക്കുന്നവരോട്‌ അച്ചന്‍ ഫോണിനെ കുഴിയിലടക്കാന്‍ സമ്മതിക്കുമോ എന്നും കുരിശുഫലകം സ്ഥാപിക്കുമോ എന്നും ഫോണിനെ എങ്ങനെയാണ്‌ ഇന്നത്തെക്കാലത്ത്‌ ഒരാള്‍ക്ക്‌ ഒഴിവാക്കാന്‍ തോന്നുന്നതെന്നും അടക്കിപ്പിടിച്ച്‌ ചോദിക്കുകയുണ്ടായി.കേട്ടവരും മറുപടി പറയാന്‍ സന്നദ്ധരായവരും ഉറപ്പില്ലാത്ത പലതരം മറുപടികള്‍ ഉരുവിട്ടു.ആ മറുപടികളില്‍ നിന്നും ചോദ്യങ്ങളുണ്ടായി.അതങ്ങനെ നീണ്ടുനിന്നു.
ദൂരെനിന്ന്‌ എത്തിച്ചേര്‍ന്ന കന്യാസ്‌ത്രീകള്‍ വെറുപ്പും കനവും കുമിഞ്ഞ മുഖത്തോടെ വേദപുസ്‌തകം വായിച്ചു.അവരില്‍ പലരും ഉടുപ്പിന്റെ പോക്കറ്റില്‍ കിടക്കുന്ന തങ്ങളുടെ ഫോണുകള്‍ വിറയല്‍ പുറപ്പെടുവിച്ചുകൊണ്ട്‌ ഒരു സന്ദേശത്തെ കൊണ്ടുവരുന്നുണ്ടോ എന്ന്‌ ആകുലപ്പെട്ടുകൊണ്ടേയിരുന്നു.അവരിലൊരാള്‍ വേദപുസ്‌തകം വായിക്കുന്നതിനിടയില്‍ തുടഭാഗത്തോട്‌ ചേര്‍ന്നു കിടക്കുന്ന സ്വന്തം ഫോണിനെ അരുമയായി തൊട്ടുനോക്കുകയും ചെയ്‌തു.അപ്പോള്‍ അവരുടെ മുഖത്ത്‌ ദിവ്യമായ ഒരു പുഞ്ചിരി ഓളം വെട്ടി.കന്യാസ്‌ത്രീകളെ മാത്രം നോക്കിനിന്ന ചിലരത്‌ കണ്ടുപിടിക്കുകയും ആശ്ചര്യത്തോടെ തങ്ങളുടെ വിചാരങ്ങളെ ഉള്ളില്‍ ശരിവയ്‌ക്കുകയും ചെയ്‌തു.
ഈ സമയമൊക്കെ പുരോഹിതന്റെ മുറിയിലിരിക്കുകയായിരുന്നു കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ സേവ്യര്‍ .പകല്‍ മുഴുവന്‍ കിടക്കയില്‍ ചെലവഴിച്ചതിന്റെ ഭാഗമായുള്ള വിളര്‍ച്ചയും പിത്തവും അയാളില്‍ പ്രകടമായിരുന്നു.
സന്ദര്‍ഭം മാനിച്ച്‌ തന്റെ സെല്‍ഫോണുകളുടെ പ്രവര്‍ത്തക്ഷമത ഏറെനേരമായി പുരോഹിതന്‍ കെടുത്തിവച്ചിരിക്കുകയായിരുന്നു.അതുകാരണം അച്ചന്റെ ഫോണുകളിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങളും വിളികളും അക്ഷമരായി പള്ളിയങ്കണത്തിനു പരിസരത്ത്‌ സാത്താന്മാരെപ്പോലെ വിലസാന്‍ തുടങ്ങി.സംസ്‌കാരച്ചടങ്ങ്‌ ആരംഭിക്കാറായപ്പോഴേക്കും പള്ളിപ്പരിസരത്തെ ഏതോ സെല്ലുലാര്‍ കമ്പനിയുടെ അടയാളസ്വീകാരത്തൂണ്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വിറയ്‌ക്കാനും ആരംഭിച്ചു.അച്ചന്‍ അതും അറിയുന്നുണ്ടായിരുന്നു.അച്ചന്‌ മൂന്ന്‌ ഫോണുകളുണ്ടായിരുന്നു.അതില്‍ രണ്ടെണ്ണമേ മേശപ്പുറത്തുണ്ടായിരുന്നുള്ളൂ.
മരിച്ചടക്ക്‌ അവസാനിപ്പിച്ച്‌ തന്റെ ഫോണുകള്‍ എത്രയും വേഗം ഉണര്‍ത്താനുള്ള കൊതിയോടെ പുരോഹിതന്‍ അന്വേഷിച്ചു.
``ചടങ്ങിന്‌ വലിയ നിലവിളിയും നാടകവും ഒന്നും ആവശ്യമില്ലെന്നാ എന്റെ പക്ഷം.മനപ്പൂര്‍വ്വമുള്ള മരിച്ചടക്കല്ലേ.കാര്യമായ നടപടികളൊന്നും വേണ്ടല്ലോ.ഞാനുദ്ദേശിച്ചത്‌ അഞ്ചുവട്ട പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ടോ എന്നാണ്‌.?''
``ഇല്ല.''
അച്ചന്‌ സേവ്യറിനോട്‌ വലിയ ആദരവ്‌ തോന്നി.നന്ദിയും.
``സേവ്യറിന്‌ വേറൊന്നും പറയാനില്ലെങ്കില്‍ ചടങ്ങ്‌ തുടങ്ങാം.ആരെങ്കിലും വരാനുണ്ടോ?''
പള്ളിയങ്കണത്തില്‍നിന്നും മുറിക്കുള്ളിലേക്കെത്തുന്ന ആരവം ശ്രദ്ധിച്ചുകൊണ്ട്‌ സേവ്യര്‍ അത്ര താല്‍പര്യമില്ലാത്ത സ്വരത്തില്‍ അറിയിച്ചു.
``സെല്ലുലാര്‍ കമ്പനിയുടെ ഡിവിഷണല്‍ മാനേജരും ഹാന്റ്‌സെറ്റിന്റെ മേഖലാതല മേധാവിയും പ്രതിഷേധിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.അങ്ങനെയെങ്കില്‍ അവര്‍ക്കതിനുള്ള സൗകര്യം ചെയ്‌തുകൊടുക്കണം.കാരണം അവര്‍ക്ക്‌ കോടതിയെ സമീപിച്ച്‌ എന്നെ പരമാവധി ബുദ്ധിമുട്ടിക്കാവുന്ന ഒരു വിഷയമാണിത്‌.ഇക്കാര്യത്തില്‍ കോടതി ഇടപെടുകയാണെങ്കില്‍ ചിലപ്പോ ഈ സംസ്‌കാരം തന്നെ നടന്നു എന്നു വരില്ല.അല്ലെങ്കില്‍ നീട്ടിവയ്‌ക്കപ്പെടുകയും പാര്‍ലമെന്റിലടക്കം ചര്‍ച്ചയ്‌ക്ക്‌ ഇട വരികയും ചെയ്യുമായിരുന്നു.''
``അതൊക്കെ അവരുടെ കാര്യം.സംസ്‌കാരകര്‍മ്മം നടത്തിത്തരികയാണ്‌ എന്റെ ജോലി.അത്‌ വേഗം തുടങ്ങാം.''
അച്ചന്റെ മുഷിച്ചില്‍ മനസ്സിലാക്കി സേവ്യര്‍ വേറൊന്നും പറയാന്‍ നിന്നില്ല.
മാറത്ത്‌ ഒപ്പീസു ചൊല്ലുമ്പോഴുള്ള നിറമുള്ള പട്ടയിട്ട്‌ പുറത്തേക്കുവന്ന പുരോഹിതനൊപ്പം കറുത്ത വേഷത്തില്‍ സേവ്യറിനെയും കണ്ടതോടെ തങ്ങള്‍ കേട്ടതൊക്കെ ഒരു തമാശയല്ലെന്ന്‌ കൂടിനിന്ന ജനത്തിനു ഒന്നുകൂടി ബോധ്യമായി.പലരും അതുവരെ പ്രവര്‍ത്തനരഹിതമാക്കാതിരുന്ന സ്വന്തം ഫോണുകള്‍ ധൃതിയില്‍ ഓഫാക്കാന്‍ തുടങ്ങി.അന്തരീക്ഷത്തിന്റെ ചാരനിറം വികൃതമായി.മഴ പെയ്യുമോ എന്നറിയാന്‍ പലരും മാനത്തേക്ക്‌ നോക്കി.
തലയുയര്‍ത്തിപ്പിടിച്ച്‌ അച്ചന്‍ പള്ളിക്കുള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഫോണ്‍ വച്ച പെട്ടിക്കടുത്തുനിന്ന്‌ ആള്‍ക്കൂട്ടം മാറിക്കൊടുത്തു.അദ്ദേഹം നേരെ വന്ന്‌ കൈക്കാരന്റെ കൈയില്‍ നിന്ന്‌ പരിശുദ്ധജലം വാങ്ങി ചുറ്റിനും നിന്നവര്‍ക്കുമേല്‍ തളിച്ചു.അനന്തരം പ്രാര്‍ത്ഥനാപൂര്‍വ്വം കര്‍മ്മങ്ങള്‍ നടത്താന്‍ ആരംഭിച്ചു.ആ നേരമത്രയും സേവ്യര്‍ വയറിനുതാഴെയായി വിരലുകള്‍ കോര്‍ത്ത്‌ തന്റെ ഫോണിന്റെ സമീപത്തുതന്നെ തലതാഴ്‌ത്തിനില്‍ക്കുകയായിരുന്നു.
ഒച്ചയടക്കി ഒരാള്‍ മറ്റൊരാളോട്‌ ചോദിച്ചു.
``ഫോണ്‍ ഓഫല്ലേ.?''
``ങേ..?''
``പെട്ടിയില്‍ വച്ചിരിക്കുന്ന സേവ്യറിന്റെ ഫോണ്‍ ഓഫല്ലേ എന്ന്‌.''
ഉത്തരവാദിത്തത്തോടെ ആരോ സേവ്യറിനോടും അതുതന്നെ ചോദിച്ചു.
``താന്‍ ഓഫ്‌ ചെയ്‌തിട്ടല്ലേ പെട്ടിയിലേക്ക്‌ ഫോണ്‍ വച്ചത്‌.?''
സേവ്യര്‍ ചോദിച്ചയാളെ തിരിഞ്ഞുനോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.നിരന്തരം പ്രകാശിച്ചുകൊണ്ടിരുന്ന തന്റെ ഫോണിന്റെ വാവട്ടം സേവ്യര്‍ അവസാനമായി നോക്കിക്കണ്ടു.ഏറെനേരം നിരന്തരം അറിയിപ്പുകളെ സ്വീകരിച്ച്‌ പ്രകാശിച്ചുകൊണ്ടിരുന്നശേഷം ഇപ്പോഴത്‌ ചലനരഹിതമാണ്‌.അയാള്‍ക്ക്‌ ദുഖം തോന്നിയില്ല.അഭിമാനം തോന്നി.താന്‍ തന്റെ സെല്‍ഫോണിനെ ഉപേക്ഷിക്കാന്‍ മനധൈര്യം കാണിച്ചിരിക്കുന്നു.ആ തീരുമാനത്തിലേക്ക്‌ തന്നെ എത്തിച്ചതെന്താണ്‌.അയാള്‍ സ്വയം ചോദിച്ചു.
പെട്ടെന്നൊരാള്‍ കുനിഞ്ഞ്‌ സേവ്യറിനോട്‌ പറഞ്ഞു.
``മേയര്‍ വന്നിട്ടുണ്ട്‌.''
അയാള്‍ പ്രതീക്ഷിച്ചത്‌ പ്രതിഷേധിക്കാനെത്തുമെന്ന്‌ അറിയിച്ചിരുന്ന ഫോണ്‍ കമ്പനിയുടെ ഡിവിഷണല്‍ മാനേജരെയും മേഖലാതല മേധാവിയെയുമാണ്‌.സേവ്യര്‍ മുഖമുയര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല.മേയര്‍ വരുന്നകാര്യം മനസ്സിലായ പുരോഹിതന്‍ പ്രാര്‍ത്ഥന മുറിക്കാതെ തലയാട്ടി.
മേയര്‍ പരിവാരസമേതം പള്ളിക്കുള്ളിലേക്ക്‌ കയറിവന്നു.ആറടിയോളം ഉയരവും ഭംഗിയുമുണ്ടായിരുന്നു മേയറിന്‌.അച്ചന്‍ അല്‌പനേരത്തേക്ക്‌ പ്രാര്‍ത്ഥന നിര്‍ത്തിവച്ചു.കന്യാസ്‌ത്രീകളും ആരാധനയോടെ മേയറെ വണങ്ങി.
എല്ലാവര്‍ക്കും മുഖം കൊടുത്തശേഷം മേയര്‍ വന്ന്‌ സെല്‍ഫോണിനു മുന്നില്‍ മൂന്നുനിമിഷം കണ്ണടച്ചുനിന്നു.പിന്നെ അനുയായിയുടെ കൈയില്‍ നിന്ന്‌ ചുവന്ന പനിനീര്‍പ്പുക്കളാല്‍ നിര്‍മ്മിച്ച പുഷ്‌പചക്രം വാങ്ങി ഫോണിന്റെ നെഞ്ചത്തുവച്ചു.
എന്നിട്ട്‌ കുനിഞ്ഞ്‌ ഏറ്റവും താഴ്‌ന്ന സ്വരത്തില്‍ സേവ്യറിനോട്‌ പറഞ്ഞു.
``ധീരനാണ്‌ താങ്കള്‍ .''
മേയര്‍ പറഞ്ഞതെന്താണെന്ന്‌ മറ്റാരും കേട്ടില്ല.പുരോഹിതന്‍ പോലും.സേവ്യര്‍ ആര്‍ക്കും തിരിച്ചറിയാനാവാത്തവിധം ഒന്നു മന്ദഹസിച്ചു.
അവസാനത്തെ ജപവും അവസാനിപ്പിച്ച്‌ അച്ചന്‍ നിര്‍ദ്ദേശിച്ചു.
``ഇനി എടുക്കാം.''
പള്ളിയങ്കണത്തിലും പുറത്തും സെമിത്തേരിയിലേക്കുള്ള വഴിയിലുമായി തിങ്ങിനിന്നവര്‍ക്കിടയില്‍ ഒരാരവമുണ്ടായി.അത്ഭുതകരമായ കാര്യം എല്ലാവരും ഫോണ്‍ വിറയല്‍സ്വഭാവത്തില്‍ വച്ചിരുന്നു എന്നതാണ്‌.അതിലും അത്ഭുതകരമായ കാര്യം എല്ലാ ഫോണുകളുംതന്നെ വിളി വന്ന്‌ വിറയ്‌ക്കുന്നുണ്ടായിരുന്നു എന്നതാണ്‌.പക്ഷേ ആരും വിളികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നില്ല.ഒരുതരം ആശങ്ക എല്ലാവരെയും ചൂഴ്‌ന്നുനിന്നിരുന്നു.
പെട്ടി എടുക്കുംമുമ്പ്‌ സേവ്യര്‍ തന്റെ സെല്‍ഫോണിനെ അവസാനമായി നോക്കി.അലങ്കരിച്ച ചെറിയ പെട്ടിക്കുള്ളില്‍ മരണത്തിന്റെ ഭയപ്പെടുത്തലുകളില്ലാതെയും ഒരു കൊച്ചു സമ്മാനത്തിന്റെ ശോഭയോടെയും തന്റെ ഫോണ്‍ കിടക്കുന്നത്‌ സേവ്യര്‍ വികാരരഹിതമായി കണ്ടു.സേവ്യറില്‍ നിന്നെന്തെങ്കിലും ശോകമൂകമായ ചടുലനീക്കം പ്രതീക്ഷിച്ചുനിന്ന ചിലര്‍ അങ്ങനെയെങ്കില്‍ അയാളെ അടക്കിപ്പിടിക്കാന്‍ തയ്യാറായി.എന്നാല്‍ അതുവേണ്ടി വന്നില്ല.പെട്ടിയുയര്‍ത്താന്‍ ശ്രമിക്കുമ്പോഴും സേവ്യര്‍ വികാരരഹിതനായിരുന്നു.
ഏവരെയും ഭയപ്പെടുത്തിക്കൊണ്ട്‌ ആ നിമിഷം കുഴിയിലേക്ക്‌ പോകാന്‍ കാത്തിരുന്ന ഫോണ്‍ ശബ്‌ദിച്ചു.പലര്‍ക്കും അടിവയറ്റില്‍നിന്നൊരു ആന്തലുണ്ടായി.പലരുടെയും രക്തസമ്മര്‍ദ്ദമുയര്‍ന്നു.പലരും തളര്‍ച്ച നേരിട്ടു.മേയറിന്റെ മുഖം വിവര്‍ണ്ണമായി.പുരോഹിതന്‍ വേദപുസ്‌തകത്തില്‍ നിന്നു പിടിവിടാതെ ആത്മസംയമനം പാലിച്ചു.അവസാനനിമിഷവും അതെല്ലാം പ്രതീക്ഷിക്കുന്നതുപോലെയായിരുന്നു സേവ്യറിന്റെ ഭാവം.അയാളൊന്ന്‌ മുഖം കോട്ടി പുഞ്ചിരിക്കുകയാണുണ്ടായത്‌.അതുകണ്ട്‌ പലരും അമ്പരന്നു.
``അപ്പോ,ഓഫല്ലായിരുന്നോ.?''
``ഓഫായിട്ടുണ്ടാവില്ലായിരിക്കും.പരീക്ഷണത്തിനുനില്‍ക്കാതെ ബാറ്ററി ഊരി വച്ചാ മതിയായിരുന്നു.''
``ശ്ശോ..ഇതൊക്കെ നേരത്തെ നോക്കണ്ടേ.''
``അതിനിഷ്‌ടമല്ലാന്നേ ഇപ്പോളേ ഓഫാകാന്‍ ..ഇനിയുമെത്രയോ കോളുകളും മെസേജുകളും വരാനുള്ളതാ.''
``ആരായിരിക്കും ഈ നേരത്ത്‌ വിളിച്ചത്‌..അതും ഓഫ്‌ മോഡിനെ മറികടന്ന്‌.''
പലരും പലവിധ അഭിപ്രായങ്ങളോടെ സേവ്യറിനെ നോക്കി.പുരോഹിതന്‍ പോലും ചോദിച്ചു.
``എടുക്കുന്നുണ്ടോ..അവസാനത്തെ കോളായി വേണെങ്കില്‍ എടുക്കാം.''
എല്ലാവരും സേവ്യറിനെ നോക്കി.പുഷ്‌പചക്രങ്ങളാല്‍ പെട്ടി മൂടിയിരുന്നതിനാല്‍ വിളിക്കുന്നയാളിന്റെ പേര്‌ കാണാന്‍ കുനിഞ്ഞുനോക്കി ശ്രമിച്ചവരും നിരാശരായി.അവരുടെ പിറുപിറുപ്പുകള്‍ക്കുമേലെ സേവ്യറിന്റെ ശബ്‌ദം പൊങ്ങി.
``ഇല്ല.ഓഫ്‌ ചെയ്‌തുവച്ചാലും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ഫോണില്‍ നിന്നും അവസാനത്തെ കോളും ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു.''
മേയര്‍ പെട്ടെന്ന്‌ പുറത്തേക്ക്‌ തിരിഞ്ഞുനടന്നു.അവിടെ പലതരം മുറുമുറുപ്പുണ്ടായി.ചിലരൊക്കെ നെറ്റി ചുളിച്ച്‌ അന്യോന്യം നോക്കുകയും വാക്കുകളുടെ മൂടിളക്കി രഹസ്യമായി വല്ലതുമുണ്ടോ എന്നാരായുകയും ചെയ്‌തു.അവസാനത്തെ കോള്‍..അതിനെത്തുടര്‍ന്നാണോ സേവ്യര്‍ എന്ന ചെറുപ്പക്കാരന്‍ ഫോണിനെ കൊല്ലാനും അടക്കാനും തീരുമാനിച്ചത്‌.ആര്‍ക്കും ഉത്തരം കിട്ടിയില്ല.ഒരാള്‍ അല്‌പം മുന്നോട്ടുനീങ്ങി ഉറക്കെത്തന്നെ ചോദിച്ചു.
``അല്ല..ജീവനോടെ കിടന്ന്‌ അത്‌ മണിയടിച്ചോണ്ടിരിക്കുമ്പം കുഴിയിലേക്കെടുക്കുകാന്നു പറഞ്ഞാ..നിങ്ങക്കു വേണ്ടപ്പെട്ട കോളാണെങ്കിലോ..ഈ അടക്ക്‌ ഒഴിവാക്കാന്‍ കഴിയുന്ന ഏതെങ്കിലും കാള്‍ ..''
അതിനു മറുപടിയായി സേവ്യര്‍ അല്‌പം നീരസത്തോടെ പറഞ്ഞു.
``അതിനീം അടിക്കും.അടുത്ത റിങ്ങ്‌ വരുന്നതിനുമുമ്പ്‌ ശവം എടുക്ക്‌.''
സേവ്യര്‍ ഉച്ചരിച്ച ആ വാക്ക്‌ ജനത്തെ ഒന്നുകൂടി സംഭീതരാക്കി.ഒരാള്‍ ഇരുകൈയിലുമായി പെട്ടി ഏന്തി വയറിനുകുറുകെ പിടിച്ചു മുന്നോട്ടുനീങ്ങി.സമീപത്തായി അച്ചനും കന്യാസ്‌ത്രീകളും സേവ്യറും നടന്നു.നഗരം അതുവരെ കാണാത്തത്രയും ജനം വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
തികഞ്ഞ മൗനത്തോടെ വിലാപയാത്ര കുന്നുകയറി.നീലപ്പൂക്കള്‍ വിരിഞ്ഞ പച്ച മരങ്ങള്‍ക്കിടയിലായി പുല്‍ത്തകിടിയില്‍ കൊച്ചുകുഴി ഒരുങ്ങിക്കിടന്നിരുന്നു.വിലാപയാത്ര വരുന്നതും കാത്ത്‌ അവിടെയും അടക്കിപ്പിടിച്ച നിശ്ശബ്‌ദതയോടെ ജനം കൂടിനില്‍പ്പുണ്ടായിരുന്നു.സംഭവ്യമല്ലാത്ത ഒരു കാര്യത്തെ നേരിട്ടുകണ്ട്‌ ബോധ്യപ്പെടുകയാണ്‌ തങ്ങളുടെ വരവിന്റെ ഉദ്ദേശമെന്ന്‌ അവരെല്ലാവരും പ്രഖ്യാപിക്കുന്നതായി സേവ്യറിന്‌ തോന്നി.
കുഴിമൂടല്‍ച്ചടങ്ങുകള്‍ പെട്ടെന്നു സമാപിച്ചു.മേയര്‍ ആശിര്‍വദിച്ചതുപോലെ മഴ ഒഴിഞ്ഞുനിന്നുകൊടുത്തു.അന്തരീക്ഷത്തിലെ ചാരവര്‍ണ്ണം ഇരുട്ടിനുവഴിമാറി.നേരത്തെ സന്ധ്യയായതിന്റെ പ്രതീതിയില്‍ ആള്‍ക്കൂട്ടം കുന്നിറങ്ങി.അപ്പോള്‍ തേനീച്ചകളുടെയോ കടന്നലുകളുടെയോ നൂറായിരം വയലിനുകളുടെയോ ശ്രുതി പോലെ ആള്‍ക്കൂട്ടത്തിന്റെ സെല്‍ഫോണുകള്‍ വിറയല്‍സ്വഭാവത്തില്‍ നിന്നും മുക്തരായി ശബ്‌ദിക്കാനും സംസാരം കൈമാറാനും തുടങ്ങിയിരുന്നു.വല്ലാത്തൊരു ആര്‍ത്തി ആ സംസാരങ്ങളിലെല്ലാം പ്രകടമായിരുന്നു.സേവ്യര്‍ നിസ്സംഗനായി അതുനോക്കിനിന്നു.
ഒടുവിലാണ്‌ സേവ്യര്‍ കുന്നിറങ്ങിയത്‌.വര്‍ഷങ്ങളോളം തന്റെ കൂടെ വിട്ടുപോകാതെ നിന്നിരുന്ന ശത്രു മണ്ണടിഞ്ഞതിന്റെ ആഹ്ലാദമാണ്‌ തനിക്കനുഭവപ്പെടുന്നതെന്ന്‌ സേവ്യറിന്‌ മനസ്സിലായി.മണ്ണിനടിയില്‍നിന്നും ഫോണ്‍ തന്നെ വിളിക്കുന്നതായി തോന്നിയപ്പോള്‍ അയാള്‍ നടപ്പിനു വേഗം കൂട്ടി.


(ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

36 comments:

  1. കഥ ബ്ലോഗിലിടുന്നു.പ്രതികരണങ്ങള്‍ക്ക് സ്വാഗതം.

    ReplyDelete
  2. സെല്‍ ഫോണ്‍ റെസ്റ്റ് ഇന്‍ പീസ്
    കൂടുതല്‍ വായനയ്ക്കായി ഞാന്‍ ഒന്നുകൂടെ വരും സുസ്മേഷ്

    ReplyDelete
  3. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു വിറയലും ഭാരവും ..എന്തിനെന്നറിയില്ല.. കഥ മനസിലായിട്ടാണെന്ന് തോന്നുന്നുമില്ല....

    ReplyDelete
  4. നല്ല concept... നല്ല അവതരണം....
    അവസാന നിമിഷങ്ങളിലെ നാടകീയത നന്നായിരുന്നു....

    ReplyDelete
  5. കഥ ബ്ലോഗിലിട്ടതിനു പെരുത്തു നന്ദി ,വാരികകള്‍ വല്ലപ്പോഴും മാത്രം കാണാന്‍ കിട്ടുന്ന ഞങ്ങള്‍ക്ക് അത് വലിയ അനുഗ്രഹമാണ് .ഈ കഥ ആധുനിക സൌകര്യങ്ങള്‍ മനുഷ്യനോടു എത്രമാത്രം ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്ന് വെളിവാക്കുന്നു .എത്ര കുഴിച്ചു മൂടിയാലും വിടാതെ നമ്മെ അലട്ടുന്ന ഈ വ്വിനിമയോപാധിയെ സംസ്കരിക്കാന്‍ തീരുമാനിച്ച സെവ്യരിനും കഥാകൃത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും സിയാഫ്.താങ്കളെപ്പോലുള്ള മറുനാടന്‍ വായനക്കാരെ ഉദ്ദേശിച്ചുമാത്രമാണ് കഥകള്‍ ബ്വോഗിലിടുന്നത്.കേരളത്തിലുള്ളവര്‍ വാരിക തേടി വായിക്കുകയാണ് പതിവെന്ന് തോന്നുന്നു.അല്ലെങ്കില്‍ പുസ്തകങ്ങള്‍ വാങ്ങിക്കും.
      പ്രതികരണത്തിന് നന്ദി.

      Delete
  6. vethysthamaya premeyam...aakamsha niranja avatharanam...

    ReplyDelete
  7. നന്ദി
    കഥക്കും. അത് ബ്ലോഗിലിട്ടതിനും. ഇപ്പോള്‍ നാട്ടിലായതിനാല്‍ വാരികകള്‍ തേടിപ്പിടിച്ചു വായിക്കാന്‍ കഴിയും. വിദേശത്തുള്ളപ്പോള്‍ കഥകള്‍ ബ്ലോഗുകള്‍ വന്നെങ്കില്‍ എന്നാശിക്കും

    ReplyDelete
  8. ....എന്നിട്ട് സേവ്യർ ഒരു ഐ ഫോൺ കൈക്കലാക്കി. മറുനാട്ടി നിന്നും വന്ന ഒരാൾ കൊടുത്തത്. അതിൽ റിങ്ങ് അത്യാവശ്യമല്ല. വിളിച്ചയാൾ പറയുന്നത് വായിച്ചെടുക്കാം. നെറ്റ് സൌകര്യവുമുണ്ട്. ഇ മെയിൽ അതിൽ ചെക്ക് ചെയ്യാം. ക്യാമെറാ സൌകര്യം ഉള്ളതുകൊണ്ട് സേവ്യർ എടുക്കുന്ന ഈവെനിങ് ക്ലാസിലെ ടീച്ചർ ബോറ്ഡിൽ എഴുതുന്നത് ബുക്കിൽ എഴുതേണ്ട, ഫോടോ എടുത്താൽ മതി. ജി പി എസ് സംവിധാനവുമുള്ളത് കൊണ്ട് കുടുംബ സഹിതം സർക്കീട്ടിനു പോകുമ്പോൾ വഴി തെറ്റുകയില്ല.ഇതിനെ അടക്കണമെങ്കിൽ പള്ളിയിൽ പറ്റുമോ? ഇത് ക്രിസ്ത്യാനി പോലുമല്ലല്ലോ എന്ന് സേവ്യർ അദ്ഭുതം കൂറി.സേവ്യറുടെ പോക്കറ്റിൽ തുടയോട് അടുത്ത് ചൂടു പറ്റിക്കിടക്കുന്നത് സേവ്യറിനു ഒരു ഗൂഢസന്തോഷവും നൽകുന്നുവെന്ന അറിവ് സേവ്യറിനെത്തന്നെ പലപ്പോഴും ആഹ്ലാദിപ്പിച്ചു.

    ReplyDelete
  9. ആദ്യം വന്നപ്പോൾ കമന്റ് ബോക്സ് ഓണായിരുന്നില്ല.കഥ നന്നായി.കൂടുതൽ എഴുതുന്നുണ്ട്.പ്രതീക്ഷിക്കാം.

    ReplyDelete
  10. കഥ ബ്ലോഗിലൂടെ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. അടുത്ത ബന്ധുവും സുഹൃത്തും ആയ സെൽ ഫോണിന്റെ അന്ത്യയാത്ര ശരിക്കും ഞെട്ടിച്ചു. ഒടുവിൽ ഞാനെന്റെ സ്വന്തം മൊബൈലിലേക്ക് നോക്കിയപ്പോൾ അതെന്നെ നോക്കി ചിരിച്ചു.

    ReplyDelete
  11. പ്രിയ സുസ്മേഷ്,

    കഥ ബ്ലോഗിലിട്ടത് നന്ദി ആദ്യം തന്നെ.

    ഈ കഥ ജീവിതത്തിനോട് വെറുപ്പ് ബാധിച്ചവന്റെ ആത്മഹത്യാക്കുറിപ്പ് പോലെയാണ്` തോന്നിയത്. അയാള്‍ കൊല്ലുന്നത് ഫോണിയെല്ല, അയാളെത്തന്നെയാണെന്ന് തോന്നി. സമൂഹം, കൂട്ടത്തിലൊരുവന്റെ പരാജയവും, വീഴ്ചയും മരണവും ആഘോഷിക്കാന്‍ തിടുക്കം കൂട്ടുന്നത് അവരുടെ സൈലന്റ് മോഡില്‍ കിടന്ന് പിടയ്ക്കുന്ന ഫോണുകളിലൂടെ സുന്ദരമായി പറഞ്ഞു. നന്മ വറ്റുന്ന ലോകത്തില്‍ ഒറ്റപ്പെട്ടു പോകുന്നവന്റെ കുറ്റസമ്മതമായും ഈ കഥയെ വായിക്കുന്നു.

    മനോഹരമായ കഥ.
    നന്ദി

    സസ്നേഹം

    എസ് ജയേഷ്

    ReplyDelete
  12. സത്യത്തില്‍ പലരും ആഗ്രഹിയ്ക്കുന്നതും എന്നാല്‍ ഓരിയ്ക്കലും സാധിയ്ക്കാത്തതുമായ ഒരു ശവമടക്ക്. വളരെ വ്യത്യസ്ഥം. നല്ല പ്രമേയം. നല്ല അവതരണം. നല്ല വായന സമ്മാനിച്ചതിന് നന്ദി പറയുന്നു.

    ReplyDelete
  13. നന്ദി സുസ്മേഷ്...
    കഥകൾ ബ്ലോഗിലും എഴുതൂ....
    ദേശാഭിമാനി വാരിക സ്ഥിരമായി വായിക്കാത്തതുകൊണ്ട് ഈ കഥ വന്ന കാര്യം അറിഞ്ഞിരുന്നില്ല... ബ്ലോഗിൽ എഴുതിയതുകൊണ്ട് സുസ്മേഷിന്റെ ഒരു നല്ല കഥകൂടി വായിക്കാൻ അവസരം ലഭിച്ചു.....

    ReplyDelete
  14. എങ്കിലും ഈ ക്രൂരത എന്തിന് വേണ്ടിയായിരുന്നു.മറ്റുള്ളവരില്‍ നിന്നും സ്വയം ഒളിച്ചോടി, ഒരു ശവപ്പെട്ടിയില്‍ കയറിക്കിടന്നത് സേവ്യര്‍ തന്നെയല്ലേ?..ഒരു ശത്രു മണ്ണടിഞ്ഞതിന്റെ ആഹ് ളാദം സേവ്യറിലുണ്ടായപ്പോള്‍ ...അവസാന നിമിഷമെങ്കിലും മനം മാറുമെന്ന് കരുതിയ സേവ്യറിന്റെ നേരെ, ഞാന്‍ ഒരു പിടി മണ്ണ് വാരി ഏറിഞ്ഞു.

    ReplyDelete
  15. ഇന്നലെ ധൃതി പിടിച്ച ഒരു വായനയായിരുന്നു
    ഇന്ന് വീണ്ടും വായിയ്ക്കുകയാണ്.
    സെല്‍ ഫോണിനല്ല സേവ്യറിനാണ് റെസ്റ്റ് ഇന്‍ പീസ് കൂടുതല്‍ അനുയോജ്യം എന്ന് വായിയ്ക്കുന്നു.
    ആദ്യവരികളില്‍ ശവമടക്കിനു വെറും പതിനൊന്ന് പേര്‍ മാത്രം സന്നിഹിതരായിരുന്നുവെന്നും സെല്‍ഫോണിന്റെ അടക്കിനു മേയര്‍ ഉള്‍പ്പെടെ വിശിഷ്ടവ്യക്തിത്വങ്ങളും വന്‍ ജനാവലിയും എത്തിച്ചേരുന്ന വിവരവും പറയുമ്പോള്‍ എന്നെപ്പോലെ പഴയകാലത്തിന്റെ ഉല്പന്നങ്ങള്‍ “ശരിയാണ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയൊക്കെയേ സംഭവിക്കൂ” എന്ന് തലയാട്ടുന്നു.
    നിര്‍വ്യാജമായ മനുഷ്യസ്നേഹത്തിനുപകരം കച്ചവടതാല്പര്യത്തിലൂന്നിയ കമ്മ്യൂണിക്കേഷനുകള്‍ പുതുകാലത്തെ മനുഷ്യര്‍ക്ക് പിന്തുടര്‍ന്ന് വന്ന് ശല്യപ്പെടുത്തുന്ന ചൊറിച്ചിലുകളായി അനുഭവപ്പെടുന്നതും കാണായ് വന്നു.

    ഇനിയും പലവിധ കാഴ്ചകള്‍ എനിയ്ക്ക് കാണിച്ചുതരുന്നു ഈ കഥ
    സുസ്മേഷ് എഴുതിയതിന് ഞാന്‍ എഴുതാപ്പുറം വായിയ്ക്കുകയാണോ എന്ന സന്ദേഹത്തില്‍ നിര്‍ത്തുകയാണ്.

    കഥ വല്ലപ്പോഴും ഇങ്ങനെ ബ്ലോഗിലിട്ടാല്‍ നന്നായിരുന്നു

    ReplyDelete
  16. കൂടിവരുന്ന സൌകര്യങ്ങള്‍ ഒരു ശാപമായിമാറുന്ന കാഴ്ച..
    നല്ല കഥ. ഇഷ്ടായി.

    ReplyDelete
  17. അഭിപ്രായം പറയാന്‍ ആളല്ല. ബ്ലോഗിലിട്ടതിനു നന്ദി.
    ലഭിച്ചു കൊണ്ടിരിക്കുന്ന സൌക്രര്യങ്ങകെ ത്യ്ജിക്കുവാനുള്ള വിഷമമല്ലേ പ്രമേയം ( അങ്ങിനെ തന്നെയല്ലേ) എങ്കില്‍ എന്ത് കൊണ്ടാണ് കഥക്ക് ഈ പേര് എന്നൊരു സംശയം ബാക്കിയാകുന്നു.

    ReplyDelete
  18. 'കഥയിലെ കഥ' എന്ന എന്റെ കുറിപ്പ് കണ്ടാലും.

    ReplyDelete
    Replies
    1. കഥയിലെ കഥ വായിച്ചു.വളരെ സന്തോഷായി.ഈ സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി.

      Delete
  19. ഇത് ബ്ലോഗില്‍ ഇട്ടതില്‍ സന്തോഷം.തുടര്‍ന്നും ഞങ്ങള്‍ക്ക് കഥകള്‍ ബ്ലോഗില്‍ പ്രതീക്ഷിക്കാമല്ലോ .


    "നഗരത്തില്‍ നടന്ന ഒരു അന്ത്യകൂദാശയില്‍ ബന്ധുക്കളടക്കം പതിനൊന്നു പേരുമാത്രമാണത്രേ...."
    ഇവിടെ ഒരു തിരുത്ത് വേണം എന്ന് തോന്നുന്നു.അന്ത്യകൂദാശ എന്ന് പറയുന്നത് മരിച്പോയ ആള്‍ക്ക് മരിക്കുന്നതിനു മുന്‍പ്‌ പുരോഹിതന്‍ അയാള്‍ക്ക്‌ നല്‍കുന്ന പ്രാര്‍ത്ഥനയാണ്. ഇവടെ ശവസംസ്കാര ശുശ്രൂഷയെക്കുറിച്ചല്ലേ പറയുന്നത്.

    ReplyDelete
    Replies
    1. ഇപ്പോ എനിക്കും സംശയം.ആരോടെങ്കിലും ഞാനൊന്നു ചോദിക്കട്ടെ.തിരുത്ത് വേണമെങ്കില്‍ തീര്‍ച്ചയായും പുസ്തകത്തിലാക്കുമ്പോള്‍ തിരുത്താം.
      ഇങ്ങനെ കണിശമായി വിലയിരുത്തണം എന്നെ.അതാണെനിക്കിഷ്ടം.
      നന്ദി.സ്നേഹം.ആദരം.

      Delete
    2. സന്തോഷം കമന്റു ശ്രധിച്ചതില്‍ . മരിക്കുന്നതിനു മുന്‍പ്‌ സ്വര്‍ഗ്ഗ പ്രവേശനം ഈസിയാക്കുകുന്നതിനു വേണ്ടി. ജീവിതകാലത്ത് ചെയ്തു കൂട്ടിയ മഹാ പാപങ്ങളെല്ലാം പുരോഹിതനോടു പറഞ്ഞു മാപ്പാക്കുന്നു. പുരോഹിതന്‍ അത് ദൈവത്തോടു പറഞ്ഞു രാജിയാക്കുന്നു. അതാണ്‌ അന്ത്യ കൂദാശ. :) :).
      മരിക്കാറായ ഒരാള്‍ക്ക്‌ അത് കൊടുത്തു കഴിഞ്ഞു ചിലപ്പോള്‍ അയാള്‍ എഴുന്നേറ്റു പോയാലും അയാള്‍ക്ക്‌ വീണ്ടും മരണം മുന്നില്‍ വരുമ്പോള്‍ ഒന്ന് കൂടെ കൊടുക്കും.

      Delete
  20. ആദ്യമേ തന്നെ ബ്ലോഗില്‍ കഥ പങ്കുവെച്ചതിനു നന്ദി . പലപ്പോഴും എല്ലാ മാസികകളും ലഭിക്കാറില്ല . ഇതാകുമ്പോള്‍ നഷ്ടമാകാതെ വായിക്കാനാവും . സുസ്മേഷിന്റെ " ഡി " വായിച്ചുകൊണ്ടിരിക്കുന്നു ഇപ്പോള്‍ . ഈ കഥയിലെ വേറിട്ട ചിന്തകളാണ് ആദ്യം ആകര്‍ഷിക്കുന്നത് . ഒരു നിമിഷം പോലും മൊബൈല്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരാണ് നമുക്കിടയില്‍ ഇന്നേറെയും . മദ്യപാനം പോലൊരു ആസക്തി തന്നെ ഒരുതരത്തില്‍ . അതില്‍ നിന്നും ഓടിഒളിക്കാന്‍ ശ്രമിക്കുന്ന നായകന്‍ . ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ളൊരു കഥ . ചിന്തിക്കുതോറും അവനവന്റെ ഉള്ളിലേക്കൊന്നു പാളി നോക്കാതെ വയ്യ .

    ReplyDelete
  21. ജീവനോടെ കുഴിച്ചു മൂടുന്ന ഈ ഏർപ്പാട് അന്ധകാരയുഗത്തിലുണ്ടായിരുന്നു പോലും! തച്ചുകൊന്നോ, വെള്ളത്തിൽ മുക്കിയോ ഓടുന്ന വണ്ടിക്കു മുന്നിൽ തള്ളിയിട്ട് അപകടപ്പെടുത്തിയോ കൊന്നിട്ട് ചെയ്താലും ഇത്രേം ക്രൂരമാകുമായിരുന്നില്ല :-) 

    മേയറുടെ സന്ദേഹം എനിക്കുമുണ്ട്! ഇതില്ലാതെ ജീവിക്കാമെന്നുറപ്പുണ്ടോ എന്ന് ചോദിച്ചാൽ....

    ReplyDelete
  22. സന്തോഷം കഥ ബ്ലോഗ്ഗിലിട്ടതിന്. ഇതിനു മുന്‍പ് മെറൂണ്‍ എന്ന കഥയും ഇവിടെയാണ് വായിച്ചത്. കഥ നന്നായി.

    ReplyDelete
  23. നല്ല കഥ... ഇഷ്ടായി..
    നല്ല വായന സമ്മാനിച്ചതിനും , ബ്ലോഗിലിട്ടതിനും നന്ദി

    ReplyDelete
  24. :)

    ഏകദേശം രണ്ടു മാസം മുമ്പ് ഫേസ് ബുക്കിൽ മൂന്നു മണിക്കൂർ എന്നു മാത്രം പ്രതിഞ്ജയെടുത്തിരുന്നു.

    പ്രതിജ്ഞ മരിച്ചു. ചിലരൊക്കെ വന്നു. സങ്കടപ്പെട്ടു. ചിലർ കൊന്നുവല്ലേടാ എന്നു ദേഷ്യപ്പെട്ടു. മറ്റു ചിലർ എന്തൊരു തമാശ എന്നു ചിരിച്ചു.

    എന്തു ചെയ്യാൻ ! കുഴിച്ചു മൂടി. വിവരങ്ങൾ കോറിയിട്ട ഒരു സ്മാരകശില ഇപ്പോഴുമുണ്ട്. ഇനിയും ഉയിർക്കുമായിരിക്കും.. :)

    നന്ദി, ഈ കഥയ്ക്ക്.

    ReplyDelete
  25. ബ്ലോഗില്‍ വന്നതിനാല്‍ വായിക്കാന്‍ കഴിഞ്ഞു.
    പുതുമ നഷ്ടപ്പെടുകയും അത് പിന്നീട് ഒരു ബാധ്യത ആയിത്തീരുകയും ചെയ്യുമ്പോള്‍ എന്തുചെയ്യണം എന്നറിയാത്ത മനുഷ്യന്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത് സ്വയം തന്നെയാണ് എന്നോര്‍മ്മിപ്പിച്ചു.
    ഫുള്‍സ്റ്റോപ്പ്‌ കഴിഞ്ഞ് അടുത്ത വാചകം തുടങ്ങുന്നതിനു മുന്പ് ഒരു സ്പെയ്സ് ഉണ്ടായാല്‍ വായാന ഒന്നുകൂടി സുഖകരമാകും.

    ReplyDelete
  26. വാരികയിലും ബ്ലോഗിലും വായിച്ചു കഥ... ഇഷ്ടമായി.ഇനിയും ബ്ലോഗില്‍ കഥ വരുമെന്ന് വിചാരിക്കുന്നു.

    ReplyDelete
  27. വായിച്ചു, ഇഷ്ടപ്പെട്ടു, ബ്ലോഗിലല്ലയിരുന്നെങ്കില്‍ ചിലപ്പോ ഈ വായന നഷ്ടമായിപ്പോയേനെ! നന്ദി

    ReplyDelete
  28. എല്ലാവര്‍ക്കും നന്ദി.സ്നേഹപൂര്‍വ്വം.

    ReplyDelete
  29. നന്നായെഴുതി ...ആസ്വദിച്ച് വായിക്കാനായി.

    ReplyDelete
  30. ഒരു ഫോണിനെ കൊന്ന കഥ
    കൊള്ാളം......നല്ല ഒഴുക്കുണ്ട്,ഒറ്റ വായനയ്ക്ക് തീര്‍ന്നു ....
    അഭിനന്ദനങള്‍ ....

    ReplyDelete
  31. സുസ്മേഷ്‌, കാലികമായ പ്രമേയം, പുതുമയുള്ള അവതരണം. നന്ദി നല്ല കഥയ്ക്ക്‌.

    ReplyDelete