Sunday, August 22, 2010

ബൗദ്ധികനിരാഹാരകാലത്തെ ഓണം

എല്ലാ മലയാളിക്കും ഓണക്കാലത്ത്‌ ഒരു സവിശേഷചിന്തയുണ്ടാകുന്നു.പണ്ട്‌,മലയാളികള്‍ ഇത്ര തിരക്കുള്ളവരായിരുന്നോ..?അല്ലെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.മുമ്പ്‌,എണ്ണിപ്പറയാന്‍ നമുക്ക്‌ ധാരാളം ആഘോഷങ്ങളുണ്ടായിരുന്നു.അതൊക്കെ ഭയങ്കരമായ പണച്ചിലവുള്ള ആഘോഷങ്ങള്‍ ആയിരുന്നുമില്ല.അന്ന്‌,ഒരുപാട്‌ വിനോദോപാധികളും നമുക്കുണ്ടായിരുന്നില്ല.കൊല്ലത്തിലൊരു ചാത്തമോ പിറന്നാളോ പറയെഴുന്നള്ളിപ്പോ ഓണമോ തന്നെ ധാരാളം.അതുകൊണ്ട്‌ കൊല്ലം മുഴുവന്‍ അതിനേപ്പറ്റിയായിരുന്നു ആളുകളുടെ ചിന്ത.പിന്നെ,ഒരുപാടൊരുപാട്‌ സമയവും ആളുകള്‍ക്കുണ്ടായിരുന്നു.അന്നായിരുന്നു നേരമ്പോക്കുകള്‍ സമൃദ്ധമായി പിറന്നിരുന്നത്‌.അപ്പോഴായിരുന്നു സന്തോഷം കുടുംബത്തിലേക്ക്‌ പടികയറിവരുന്നതും.ചിലരുടെയെങ്കിലും അഭിപ്രായത്തില്‍ അതായിരുന്നു യഥാര്‍ത്ഥത്തില്‍ `ഓണക്കാലം'.
ചേറില്‍ താമര വിരിയുന്നതുപോലെയാണ്‌ ആഘോഷങ്ങള്‍.കഷ്‌ടപ്പാടുകള്‍ക്കും-ജാതിവേര്‍തിരിവുകള്‍,സാമ്പത്തികാസമത്വം,സ്‌ത്രീ-പുരുഷ വിവേചനം,സ്‌ത്രീക്കുള്ള വേര്‍തിരിവുകള്‍,കുട്ടികള്‍ക്കുള്ള എല്ലാത്തരം പരിമിതികളും..-അടിച്ചമര്‍ത്തപ്പെട്ട സ്വപ്‌നങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനൊരു ദിവസം.അങ്ങനെയാണ്‌ പത്തുകൊല്ലംമുമ്പ്‌ വരെയുള്ള ആഘോഷവേളകള്‍.അതൊക്കെയാണ്‌ ഓണമായും നേര്‍ച്ചയായും പെരുന്നാളായും വിളിക്കപ്പെടുന്നത്‌.അതൊക്കെ ദിവസങ്ങള്‍ നീളുന്ന ഉത്സവമായി മാറുന്നത്‌ അന്നത്തെക്കാലത്ത്‌ സ്വാഭാവികം.ലോകത്തെങ്ങും മനുഷ്യരുടെ ഉത്സവങ്ങള്‍ ഇങ്ങനെ തന്നെയാണെന്ന്‌ പല സാഹിത്യകൃതികളും വായിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും.കാലാകാലങ്ങളില്‍,അവയ്‌ക്കൊക്കെ നമ്മുടെ ഓണത്തിനു സംഭവിച്ചിട്ടുള്ള മൂല്യച്യുതിതന്നെ നേരിടേണ്ടിവന്നിട്ടുമുണ്ട്‌.
ഓണപ്പതിപ്പുകളുടെ പേറ്റുമുറി
കഥയെഴുതി തുടങ്ങിയകാലം വെള്ളത്തൂവലിലെ കുട്ടിക്കാലമാണ്‌.അന്ന്‌ ആഡംബരമായി മോഹിച്ചിരുന്നത്‌ ഓണപ്പതിപ്പുകളായിരുന്നു.ഓണപ്പതിപ്പുകളില്‍ വരുന്ന കഥകള്‍ വായിക്കാനും ഫോട്ടോകള്‍ കാണാനുമായിരുന്നു കമ്പം.എം ടി,ഓണപ്പതിപ്പുകളില്‍ നിന്നു മാറിത്തുടങ്ങിയ കാലത്താണ്‌ എന്റെ വായന വരുന്നത്‌.അപ്പോഴും ടി,പത്മനാഭനും മാധവിക്കുട്ടിയും എം.മുകുന്ദനും കാക്കനാടനും വി.കെ.എന്നും ഒ.വി വിജയനുമുണ്ട്‌.പക്ഷേ അന്ന്‌ ഓണപ്പതിപ്പുകള്‍ എല്ലാം വാങ്ങാന്‍ പണമുണ്ടായിരുന്നില്ല.മാത്രവുമല്ല,എന്റെ നാട്ടില്‍ എല്ലാ ഓണപ്പതിപ്പുകളും വരികയുമില്ല.എങ്കിലും സസൂക്ഷ്‌മം പരസ്യങ്ങള്‍ ശ്രദ്ധിക്കും.ആരൊക്കെ എഴുതുന്നു എന്നു നിരീക്ഷിക്കും.അവരെപ്പോലെയൊക്കെ എഴുതാന്‍ പരിശ്രമിക്കും.
മാതൃഭൂമിയുടെ ഓണപ്പതിപ്പ്‌/ആഴ്‌ചപ്പതിപ്പ്‌ അച്ഛന്‍ വരുത്താറുണ്ട്‌.മനോരമയും കലാകൗമുദിയും വാങ്ങാന്‍ കിട്ടും.പക്ഷേ,ദേശാഭിമാനിയോ ദീപികയോ ജനയുഗമോ മറ്റ്‌ ഓണപ്പതിപ്പുകളോ അങ്ങനെ ഞങ്ങളുടെ നാട്ടില്‍ വരികയില്ല.അവയുടെയൊന്നും ഓണപ്പതിപ്പുകള്‍ വായിക്കാന്‍ അക്കാലത്തവിടെ ആളുണ്ടായിരുന്നില്ല.അതൊക്കെ കാണുന്നത്‌ പുറത്തേക്ക്‌ വല്ല സാഹിത്യപരിപാടിക്കും പോകുമ്പോഴാണ്‌.
അന്നത്തെ ഹൈറേഞ്ചില്‍ മംഗളം മുതല്‍ ചെമ്പകം വരെ പന്ത്രണ്ടോളം ജനപ്രിയപ്രസിദ്ധീകരണങ്ങള്‍ പതിവായിരുന്നു.അതായിരുന്നു അവിടെ പ്രചരിച്ചിരുന്ന ഉത്തമസാഹിത്യം.
ഞങ്ങളുടെ വീട്ടിലെ ഒരു മുറിയിലാണ്‌ കൊല്ലംതോറും ഓണപ്പതിപ്പുകള്‍ പ്രസവിക്കുന്നത്‌.വാസ്‌തവത്തിലത്‌ ഈറ്റുമുറി തന്നെയായിരുന്നു.കൃഷിക്കാരന്റെ ഇരുട്ടറ അഥവാ കലവറ.കൊല്ലത്തിലൊരിക്കല്‍ സാഹിത്യത്തിന്റെ പ്രസവമുറി.എങ്ങനെയാണത്‌ പേറ്റുമുറിയാവുന്നതെന്ന്‌ ചോദിച്ചാല്‍,ഇടയ്‌ക്കിടെ ഞാനവിടെ ചെല്ലും.ഓണപ്പതിപ്പുകളെടുത്ത്‌ കഥകള്‍ വായിക്കും.ഓരോ കഥയും എന്റെ നെഞ്ചില്‍ നൂറുനൂറായി പുനര്‍ജ്ജനിക്കും.ആ മുറിയാണോ എന്റെ ഹൃദയമായിരുന്നോ യഥാര്‍ത്ഥപേറ്റുമുറി എന്നുചോദിച്ചാല്‍ മൗനം മറുപടി.
ഇരുട്ടൊഴുകിക്കിടക്കും ആ മുറിയില്‍.ഇഞ്ചിയും കാച്ചിലും ചേമ്പും ചാണകം മുക്കിയ വിത്തുകളും നെല്ലും ഉണക്കക്കപ്പയും സംഭരിച്ചുവയ്‌ക്കുന്ന മുറിയായിരുന്നു അത്‌.വല്ലംകൊട്ടയിലും വള്ളിക്കൊട്ടയിലും പഴമുറത്തിലും ചാക്കിലും നിലത്തുമൊക്കെയായി കൂട്ടിവച്ചിരിക്കുന്ന കായ്‌കറികള്‍ക്ക്‌ വല്ലാത്ത ഒരു മണമുണ്ട്‌.അതിനകത്ത്‌ പകല്‍ പോലും തനിച്ചുകയറാന്‍ നന്നേകുട്ടിക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു.പാമ്പുണ്ടെന്ന്‌ തോന്നും.ഇല്ല.അതൊന്നുമില്ല.എന്നാലും ഭയം.ആ മുറിയിലാണ്‌ ഈ ഓണപ്പതിപ്പുകളും അച്ഛന്‍ സൂക്ഷിച്ചുവയ്‌ക്കുന്നത്‌.അതുകൊണ്ട്‌ എനിക്ക്‌ ഇടക്കിടെ അവിടെ കയറാതെ വയ്യ.അങ്ങനെ ആ മുറിയോടുള്ള ഭയം മാറി.
കയറുകെട്ടി പലക വച്ച ഒരു തട്ടിന്മേലാണ്‌ സാഹിത്യമിരിക്കുന്നത്‌.പൊടിയും മാറാലയുമുണ്ടാകും.കൂറയും പല്ലിയും എട്ടുകാലിയുമുണ്ടാകും.ജനലുകളില്ലായിരുന്നു ആ മുറിക്ക്‌.വാസ്‌തവത്തില്‍ ഓണപ്പതിപ്പുകളുടെ കലവറയായിരുന്നു അത്‌.കഥകള്‍..കവിതകള്‍..ലേഖനങ്ങള്‍..ഫോട്ടോകള്‍..അന്നൊക്കെ,ഓണപ്പതിപ്പുകളില്‍ ദേശവിശേഷങ്ങള്‍ വലിയ പുതുമയായിരുന്നു. ഓണത്തിന്റെ വിവിധതരം ഫോട്ടോകളുണ്ടാകും നടുത്താളുകളില്‍.തൃശൂരങ്ങാടിയുടെ,ചാല മാര്‍ക്കറ്റിന്റെ,കാഴ്‌ചക്കുലയുടെ..അരവിന്ദനും എ.എസും മലയാറ്റൂര്‍ രാമകൃഷ്‌ണനും ഓണത്തിന്‌ കാര്‍ട്ടൂണുകള്‍ വരയ്‌ക്കും.അതെല്ലാം പിന്നീടിരിക്കുന്നത്‌ ഈ ചേന-ചേമ്പ്‌-കാച്ചില്‍-ഇഞ്ചി-മഞ്ഞള്‍-ചുക്ക്‌-സമൃദ്ധികള്‍ക്കിടയിലാണ്‌.ഇപ്പോള്‍,എ.പി,എ.എഫ്‌.പി,പി.ടി.എ,റോയിട്ടേഴ്‌സ്‌,ടെലിവിഷന്‍,ഇന്റര്‍നെറ്റ്‌ ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക്‌ വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.

ഇപ്പോള്‍,എ.പി,എ.എഫ്‌.പി,പി.ടി.എ,റോയിട്ടേഴ്‌സ്‌,ടെലിവിഷന്‍,ഇന്റര്‍നെറ്റ്‌
ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക്‌ വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.
ഓണപ്പതിപ്പുകള്‍ അവയുടെ സ്വഭാവവും കാലോചിതമായി പരിഷ്‌കരിച്ചു.അതോടെ പഴയ ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍ വായനയുടെ ഓണക്കാലമൗനികളായി.
അന്നൊക്കെ ഞാന്‍ പരീക്ഷയ്‌ക്കു പഠിക്കുന്ന ജാഗ്രതയോടെ ഓരോ കഥയും വായിക്കും.എഴുത്തുകാരായ മാസ്റ്റര്‍മാര്‍ ഈ കഥകളൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നാണ്‌ അന്വേഷിക്കുന്നത്‌.ആ അന്വേഷണത്തിന്റെ ചുവട്‌ പിടിച്ചാണ്‌ പിന്നത്തെ എഴുത്ത്‌.കഥ മാത്രമല്ല കവിതയും വായിക്കും.ഓണപ്പതിപ്പിലെ കവിതകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.സാധാരണ കവികള്‍ പരക്കെ പ്രയോഗിക്കുന്ന വിഷാദവും വിപ്ലവാത്മകതയും ക്ഷോഭവും അവയിലുണ്ടാവില്ല. അവയ്‌ക്കൊക്കെ സന്തോഷഭാവമായിരിക്കും.സന്തോഷമുള്ള കവിതകളെ ഓണപ്പതിപ്പില്‍ മാത്രമേ കാണാന്‍ കഴിയൂ.
അന്നുമിന്നും എഴുത്തുകാര്‍-ഇവിടത്തെയായാലും വിദേശത്തെയായാലും-എനിക്ക്‌ ആരാധനാപാത്രങ്ങളാണ്‌.1937-ല്‍ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്‌ത ഹംഗേറിയന്‍ സാഹിത്യകാരനാണ്‌ അറ്റില ജോസഫ്‌.(ഓര്‍ക്കണം,മുപ്പത്തിരണ്ട്‌ വയസ്സ്‌ വളരെ അപകടകാരിയാണ്‌.പലരും,ക്രിസ്‌തുവും പത്മിനിയും ചങ്ങമ്പുഴയും സില്‍വിയാ പ്ലാത്തുമടക്കം നിരവധിപേര്‍ സ്വയം ചാവേറുകളായത്‌ പ്രായത്തിന്റെ മുപ്പതുകളിലാണ്‌.)ലോകത്തിന്റെ മാറ്റം കൊതിച്ചിരുന്ന കവിയായിരുന്നു അറ്റില ജോസഫ്‌.അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇങ്ങനെയുണ്ട്‌.
ഞാന്‍ ജീവിച്ചിരുന്നപ്പോള്
‍ചുഴലിക്കാറ്റിനെതിരെ നില്‍ക്കുവാന്‍ശ്രമിച്ചിരുന്നു.
തമാശ ഇതാണ്‌,
എന്നെ ഉപദ്രവിച്ചതിനേക്കാള്‍കുറവുമാത്രമേ ഞാന്‍ ഉപദ്രവിച്ചിട്ടുള്ളൂ.
ഞാന്‍ പറഞ്ഞുവന്നത്‌ എന്റെ വീട്ടില്‍ കുട്ടിക്കാലത്തുണ്ടായിരുന്ന ഇരുട്ടുമുറിയെപ്പറ്റിയാണ്‌.സാഹിത്യത്തിനോടുള്ള മമതയും ആഴം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഭിനിവേശവുമാണ്‌ എന്നെ ആ ഇരുട്ടുമുറിയില്‍ നിന്ന്‌ ഇവിടെ എത്തിച്ചത്‌.പിന്നീട്‌,മക്കള്‍ മുതിര്‍ന്നപ്പോള്‍ നാണ്യവിളകള്‍ മാറ്റി അമ്മയാണ്‌ ആ മുറി ഒഴിപ്പിച്ചുതന്നത്‌.അവിടേക്ക്‌ വെളിച്ചം കയറി.ഇരുട്ടുമുറി എന്ന പേരുതന്നെ മാറി.ചുമരുകളില്‍ പുതിയ പലകത്തട്ടുകള്‍ വന്നു.എന്റെയും അനുജന്റെയും പാഠപുസ്‌തകങ്ങള്‍ അവിടെനിരന്നു.സാഹിത്യഗ്രന്ഥങ്ങള്‍ കൊക്കോ ചെടികളെയും കാപ്പിച്ചെടികളെയും വകഞ്ഞുമാറ്റി ഇടവഴിയിറങ്ങി മുറ്റം കയറിവന്നു.പത്രമാസികകളല്ല,പുസ്‌തകങ്ങള്‍..പുസ്‌തകങ്ങളാണ്‌ വന്നത്‌.ആദ്യം പരിഷത്തിന്റെ ശാസ്‌ത്രപുസ്‌തകങ്ങള്‍.പിന്നെ വായനശാലയിലെ സാഹിത്യകൃതികള്‍.അക്കൂട്ടത്തില്‍,തീര്‍ച്ചയായും എഴുത്തുകാരും പരിചയപ്പെടാന്‍ വന്നു..മുറ്റത്ത്‌,ഉള്ള സ്ഥലത്ത്‌ അവരെല്ലാവരും വട്ടമിട്ടിരുന്നു.ആ ചെമ്പരത്തിക്കൊമ്പുകള്‍ പലവട്ടം ഞാന്‍ അതിഥികള്‍ക്ക്‌ തലമുട്ടാതിരിക്കാന്‍ ഉയര്‍ത്തിപ്പിടിച്ചു.കുമ്പളങ്ങ കായ്‌ച്ചുകിടന്ന മുരിക്കുമരം വമ്പന്മാരെക്കണ്ട്‌ ഫാഷന്‍ഫ്രൂട്ടിന്റെ ശിഖരങ്ങളോട്‌ വര്‍ത്തമാനത്തിനു ചെന്നു.
ഗംഭീരമായ സായാഹ്നങ്ങളായിരുന്നു അത്‌.ഉറൂബ്‌,പൊറ്റെക്കാട്‌,തകഴി,ബഷീര്‍,വി.ടി,പുനത്തില്‍,വി.കെ.എന്‍,വിജയന്‍,മുകുന്ദന്‍,മാധവിക്കുട്ടി,സി.രാധാകൃഷ്‌ണന്‍,പത്മനാഭന്‍,എം.ടി,ബാറ്റണ്‍ബോസ്‌,കോട്ടയം പുഷ്‌പനാഥ്‌,തോമസ്‌ പാലാ,മരട്‌ രഘുനാഥ്‌,ദുര്‍ഗാപ്രസാദ്‌ ഖത്രി,ആര്‍തര്‍ കോനന്‍ ഡോയല്‍,അഗതാക്രിസ്റ്റി...ആര്‍ക്കുമിടയില്‍ അകല്‍ച്ചകളൊന്നുമില്ല.ചിലര്‍ ചെറിയ തിണ്ണയില്‍ ഇരിക്കുന്നു.ചിലര്‍ മാറിനിന്ന്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യോഗസ്ഥലത്ത്‌ കൂട്ടംവിട്ടുനിന്ന്‌ സ്വകാര്യം പറയുന്നതുപോലെ ചെവിയില്‍ കേള്‍ക്കാന്‍ സംസാരിക്കുന്നു.വേറെ ചിലര്‍ അവിടെക്കിടന്ന മാസികകള്‍ എടുത്തുനോക്കുന്നു.യു.കെ കുമാരനും കെ.പി രാമനുണ്ണിയും സി.വി ബാലകൃഷ്‌ണനും രവിയും ഗ്രേസിയും സാറാ ജോസഫും മനോജ്‌ ജാതവേദരുമടക്കം പലരും ഇരിക്കാനിടമില്ലാതെ നില്‍ക്കുകയാണ്‌.അന്ന്‌,ചെക്കോവോ പാസ്റ്റര്‍നാക്കോ മാര്‍ക്കേസോ ഹുവാന്‍ റൂള്‍ഫോയോ അരുന്ധതി റോയിയോ പ്രതിഭാറായിയോ ജയന്ത്‌ മഹാപത്രയോ അമിതാവ്‌ ഘോഷോ റോസ്‌മണ്ട്‌ പിള്‍ച്ചറോ പ്രവേശിച്ചിരുന്നില്ല.ആനന്ദും കോവിലനും മേതിലും നിര്‍മ്മല്‍കുമാറും കയറിവരികയും ക്ഷോഭിച്ച്‌ പലതവണ ഇറങ്ങിപ്പോവുകയും ചെയ്‌തിട്ടുണ്ടെങ്കിലും!
സാഹിത്യത്തിനോടും സാഹിത്യകാരന്മാരോടുമുള്ള എന്റെ ആരാധനയുടെ തോത്‌ മനസ്സിലാക്കാനായി ഇന്നും ഞാന്‍ പൊടിപിടിച്ച അലമാരത്തട്ടുകള്‍ക്കരികില്‍ കുനിഞ്ഞിരുന്നാല്‍ മാത്രം മതി.വാരികത്താളുകളില്‍ നിന്നിറങ്ങിവരുന്ന എഴുത്തുകാരെ ഞാന്‍ എഴുന്നേറ്റുനിന്നു നമസ്‌കരിക്കും.അത്‌ ബാലപംക്തിയില്‍ എഴുതുന്നവരായാല്‍ക്കൂടിയും.
എന്നെ സ്വാധീനിച്ച രണ്ടു പേര്‌ ഞാന്‍ പറയാം.വിക്‌ടര്‍ ലീനസ്സും യു.പി ജയരാജും.എനിക്ക്‌ സംശയമില്ല.ഞാന്‍ മനസ്സിലാക്കിയ സാഹിത്യം എഴുതിയത്‌ അവരാണ്‌.ഇന്നും എഡിറ്റിംഗ്‌ വേണ്ടാതെ അതിശയിപ്പിച്ചുകൊണ്ട്‌ അവര്‍ കാലത്തിനുമുന്നില്‍ നില്‍ക്കുന്നു.
അവരിരുവരും-വളരെ കുറച്ച്‌ കഥകള്‍ മാത്രം എഴുതിയവര്‍.നോവലെഴുതാത്തവര്‍.പ്രശസ്‌തിക്കു പിന്നാലെ പോകാത്തവര്‍.കത്തുകള്‍ എഴുതിയവര്‍.സ്‌നേഹിച്ചവര്‍.ഒരിക്കലും മരിക്കാത്ത സ്‌നേഹിതരുള്ളവര്‍..ജീവിതത്തില്‍ രണ്ടേരണ്ടു ഫോട്ടോ മാത്രം അവശേഷിപ്പിച്ചവര്‍!
എന്റെ മുറിയില്‍ വിക്‌ടര്‍ലീനസ്സും യു.പി.ജയരാജും ആരുമില്ലാത്തപ്പോഴേ വരാറുണ്ടായിരുന്നുള്ളൂ.അവര്‍ വന്നാല്‍മാത്രം ആകാശവും പൂച്ചയും കോഴികളും ചര്‍ച്ച കേള്‍ക്കാന്‍ പ്രവേശിക്കും.പിന്നെ,പറമ്പുകളില്‍ അടയാളങ്ങളില്ലാതെ കുഴിതോണ്ടി അടക്കം ചെയ്യപ്പെട്ട കുടിയേറ്റക്കാരായ പലതരം പരേതരും.
ഒരുതരത്തില്‍ പറഞ്ഞാല്‍ നശിച്ച ജന്മങ്ങളാണ്‌ രണ്ടിന്റേതും.അതുകൊണ്ടാണ്‌ കുഴിയിലടക്കപ്പെട്ടതിനുശേഷവും വായനക്കാരെ അസ്വസ്ഥരാക്കാനായി അവര്‍ രാക്ഷസന്മാരായി പരിണമിച്ചത്‌.യഥാര്‍ത്ഥ പിശാചുക്കള്‍!
വെള്ളത്തൂവലിലെ ബുദ്ധിജീവി
ഒരിക്കല്‍,വെള്ളത്തൂവലിലെ ഏ.കെ.ജി ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്‌,ഓണക്കാലത്ത്‌ നടത്തിയ ഓണപ്പരിപാടികളിലൊന്ന്‌ കഥയെഴുത്തുമത്സരമായിരുന്നു.ഞാനും പങ്കെടുത്തു.
അന്ന്‌ വെള്ളത്തൂവല്‍ വലിയ പട്ടണമാണ്‌.ധാരാളം വാഹനങ്ങളും കച്ചവടക്കാരും തിരക്കുമുള്ള പട്ടണം.ചുറ്റുപാടുകളില്‍ നിന്ന്‌ മലയിറങ്ങി ആളുകള്‍ വരിക വെള്ളത്തൂവലിലേക്കാണ്‌.ചന്ത,സിനിമാക്കൊട്ടക,അച്ചടിശാല,നാടകവേദി,ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബ്‌,അനവധി സ്ഥിരവരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ സൈ്വരവിഹാരകേന്ദ്രങ്ങള്‍,ആള്‍ക്കൂട്ടവലിപ്പമുള്ള കുട്ടികള്‍ പഠിക്കുന്ന വലിയ സ്‌കൂള്‍,അത്രത്തോളം കുട്ടികള്‍ പഠിക്കുന്ന പാരലല്‍കോളജ്‌,ടൈപ്പ്‌റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌...
പഴയമട്ടിലുള്ള കെട്ടിടങ്ങളാണ്‌ അധികവും.മരത്തിന്റെ കോണിപ്പടികളും ഇരുമ്പിന്റെ ചുറ്റുഗോവണികളുമുള്ള രണ്ടുനിലമന്ദിരങ്ങള്‍.അതിലൊന്നിലാണ്‌ ഏ.കെ.ജി ക്ലബും.താഴെ മക്കാരുടെ റേഷന്‍കട.റേഷന്‍കടയുടെ അരികിലൂടെ കുത്തനെവച്ച തടിച്ച മരഗോവണി കയറണം മുകളിലെത്താന്‍.മത്സരത്തില്‍ പങ്കെടുക്കാനായി അച്ഛനൊപ്പം ഞാന്‍ ചെന്നു.
വരാന്തയില്‍ പലഭാഗത്തുനിന്നുമെത്തിയ കുറേ കുട്ടികള്‍ കാത്തുനില്‍പ്പുണ്ട്‌.ക്ലബ്‌ തുറന്നിട്ടില്ല.പലരും നേരത്തേ വന്നവരാണ്‌.എല്ലാവരുമങ്ങനെ കാത്തുനില്‍ക്കുമ്പോള്‍,ഒരാള്‍ വലിയ ഗൗരവത്തില്‍ വന്ന്‌ ക്ലബ്‌ തുറന്നു.ഉണ്ണി എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌.പാക്കുണ്ണി എന്നു പറഞ്ഞാലേ നാട്ടുകാരറിയൂ.പാക്ക്‌ പറിക്കലാണ്‌ പ്രധാനജോലി.എത്ര ഉയരമുള്ള അടയ്‌ക്കാമരത്തിലും കയറും.ആടിയാടി മരം പകര്‍ന്ന്‌ പോകും.ഒരു തോട്ടത്തിലെ ഒരു മരത്തിലേ കയറൂ.അടയ്‌ക്ക മുഴുവന്‍ പറിച്ചുതീര്‍ത്ത്‌ തോട്ടത്തിന്റെ മറ്റൊരു ഭാഗത്തുചെന്ന്‌ ഇറങ്ങും.അധികമാരോടും സംസാരിക്കില്ല.പാക്കുണ്ണിച്ചേട്ടന്‌ പുസ്‌തകം വായനയൊക്കെ ഉണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു.ക്ലബിലേക്ക്‌ കയറിവരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തടിച്ച നാലഞ്ച്‌ പുസ്‌തകങ്ങളുണ്ട്‌.ആരോടും സംസാരിക്കാതെ അദ്ദേഹം കതകു തുറന്ന്‌ അകത്തുകയറി ചുമരലമാരയില്‍ നിന്നൊരു പുസ്‌തകമെടുത്തു തുറന്നു.അത്‌ വായിക്കാന്‍ തുടങ്ങി.അഗാധമായ വായന.കാലിന്മേല്‍ കാല്‍ കയറ്റിവച്ച്‌ പരിസരം ശ്രദ്ധിക്കാതെ ഗംഭീരമായ വായന. ഞങ്ങള്‍ കുറേ കുട്ടികള്‍,രക്ഷിതാക്കളും ജനലിലൂടെ ഇടക്കിടെ നോക്കുന്നുണ്ട്‌. ഇരിപ്പുകണ്ടാല്‍ ഏംഗല്‍സോ കൊസാംബിയോ ആണെന്നുതോന്നും!
അത്‌ മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുക തുടങ്ങിയവ.
അത്‌ മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും
ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി
മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു
ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുക
തുടങ്ങിയവ.
ഉണ്ണിച്ചേട്ടന്‍ എതീസ്റ്റിന്റെ യുക്തിവാദഗ്രന്ഥങ്ങളാണ്‌ വായിച്ചുകൊണ്ടിരുന്നത്‌ എന്നു ഞാനോര്‍ക്കുന്നു.അന്ന്‌ യുക്തിവാദവും നിരീശ്വരചിന്തയും മാര്‍ക്‌സിസ്‌റ്റുകാര്‍ക്കിടയില്‍ പ്രകടമായ വികാരമായിരുന്നു.
വെള്ളത്തൂവലില്‍ വാച്ച്‌ നന്നാക്കുന്ന കട നടത്തിയിരുന്ന വിശ്വന്‍(വിശ്വനാഥന്‍)ചേട്ടനായിരുന്നു മറ്റൊരു യുക്തിവാദി.ആ കടയില്‍,അകത്ത്‌ ട്യൂബ്‌ ലൈറ്റിട്ട ചില്ലുകൂടിനടിയില്‍,ഒരു കണ്ണില്‍ ഭുതക്കണ്ണാടിയും വച്ച്‌ വിശ്വന്‍ ചേട്ടനിരിക്കും.അഴിച്ചലങ്കോലമാക്കിയിട്ട ഒരുപാട്‌ വാച്ചുകള്‍ക്കിടയില്‍,ദാലിയുടെ കാറുകളുടെ പ്രേതമെന്ന ചിത്രത്തിലേപ്പോലെ,ഘടികാരരൂപങ്ങളുടെ ജ്യോമട്രിയില്‍ ഈശ്വരനുമായി ഒരു നിശ്ശബ്‌ദസംവാദം.നിരത്തിലൂടെ ശവം വലിച്ചിഴയ്‌ക്കുന്ന ഒച്ചയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടാകും. ഇടക്കിടെ പുറംലോകത്ത്‌ നടക്കുന്നതെന്താണെന്ന്‌ അറിയാന്‍ അദ്ദേഹം തലപൊക്കിനോക്കും.
ഇപ്പോള്‍ എറണാകുളത്ത്‌ ചുറ്റിനടക്കുമ്പോഴും ഞാനിത്തരം പഴയ കടകള്‍ അങ്ങിങ്ങായി കാണാറുണ്ട്‌.വളരെ പഴയ കടകള്‍.മരത്തിന്റെ തട്ടിയും ആമത്താഴുമുള്ള എണ്ണപ്പശയുണങ്ങാത്ത കടകള്‍.എണ്ണം വളരെ കുറവാണെങ്കിലും അവ പോയകാലത്തിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.അത്തരം കടകളില്‍ കുത്തിയിരുന്ന വിശ്വനാഥന്മാര്‍ ഏതു ശവക്കല്ലറകളിലാണ്‌ അന്ത്യവിശ്രമം കൊള്ളുന്നത്‌?
ഓര്‍മ്മകളല്ല ഇവയെല്ലാം.ഭരണകൂടം ഇറോംശര്‍മ്മിളയ്‌ക്ക്‌ നിര്‍ബന്ധമായി കൊടുക്കുന്ന പാനീയാഹാരം പോലുള്ള ചെലുത്തലുകളാണ്‌.ഇറോം ശര്‍മ്മിള വേണ്ട വേണ്ട എന്നുപറഞ്ഞാലും നിയമവും ഭരണകൂടവും സമ്മതിക്കില്ല.അതേപോലെ എഴുത്തുകാരനും പൊറുതികേടുകള്‍മൂലം ബൗദ്ധികമായ നിരാഹാരം കിടക്കുമ്പോള്‍ സമൂഹം നിര്‍ബന്ധമായി ഊട്ടുന്ന അന്നപാനീയങ്ങളാണ്‌ സ്‌മൃതികള്‍.അതുകൊണ്ടാണ്‌ എനിക്ക്‌ വെള്ളത്തൂവലിനെ ഓര്‍ക്കേണ്ടിവരുന്നത്‌.
അന്ന്‌,കുറേക്കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ചുമതലയുള്ളവര്‍ ക്ലബിലേക്ക്‌ എത്തി.ഉണ്ണിച്ചേട്ടന്‍ മാറിയിരുന്ന്‌ വായന തുടര്‍ന്നു എന്നുമാത്രം.ഞങ്ങളെയും കൂട്ടി സംഘാടകര്‍ തൊട്ടടുത്ത കുന്നിന്മുകളിലുള്ള പാരലല്‍കോളജിലേക്ക്‌ പോയി.അവിടെ പലതരം ഓണമത്സരങ്ങള്‍ നടക്കുന്നുണ്ട്‌.നിരവധി കാഴ്‌ചക്കാര്‍.അധികവും ചുറ്റുമുള്ള കോളനികളിലെ സ്‌ത്രീകള്‍.ഊഴം വന്നപ്പോള്‍ കഥാമത്സരം തുടങ്ങി.തന്ന വിഷയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.പ്രോത്സാഹനസമ്മാനമുണ്ടായിരുന്നു.ഒരു സ്റ്റീല്‍ടംബ്ലര്‍.ഞാനിപ്പോള്‍ അതിലാണ്‌ എഴുത്തുപേനകള്‍ സൂക്ഷിക്കുന്നത്‌.അതില്‍ എ.കെ.ജി എന്നെഴുതിയ സ്റ്റിക്കറുണ്ട്‌.അന്ന്‌ നാലിലോ അഞ്ചിലോ ആണ്‌ പഠിക്കുന്നത്‌.ഇപ്പോള്‍ പാക്കുണ്ണിച്ചേട്ടന്‍ എവിടെയാവും?അദ്ദേഹം യുക്തിവാദിയായിരുന്നതിനാല്‍ ഈശ്വരനോട്‌ ചോദിക്കുക വയ്യ.പലകാര്യങ്ങളും അങ്ങനെയാണ്‌.ഒരു ഘട്ടം കഴിഞ്ഞാല്‍ ഈശ്വരനോടുപോലും ചോദിക്കാനാവാതെ വരും.അവിടെയാണ്‌ സാഹിത്യവും സാഹിത്യകാരനും മായാജാലം കാണിക്കുന്നത്‌.
അടിച്ചുതളിയില്ലാത്ത
കരളിനുള്ളിലേക്കു ഹാ,
നെടുവീര്‍പ്പിട്ടുനോക്കുന്നു
ധനുമാസനിലാവൊളി.(തോണിപ്പുരയില്‍.)
കോട്ടക്കല്‍ ശിവരാമനെ ദമയന്തി ശിവരാമനെന്നു വിളിച്ച,രാത്രിനിലാവത്ത്‌ വെറ്റില മുറുക്കുമ്പോള്‍,നിലാവും ചുണ്ണാമ്പും തമ്മില്‍ മാറിപ്പോകുന്നു എന്നു പറഞ്ഞ,പി.കുഞ്ഞിരാമന്‍ നായരുടെ വരികളാണിത്‌.ഓണമാവുമ്പോള്‍ ഓണത്തെപ്പറ്റി മുപ്പത്തിയാറിലധികം കവിതകളെഴുതിയ കുഞ്ഞിരാമന്‍ മാഷേ എനിക്കോര്‍മ്മ വരും.മറ്റാരേ ഓര്‍ക്കാന്‍?
ആരംഭിച്ചത്‌,നന്മകളെപ്പറ്റി പറഞ്ഞാണ്‌.പോയതായിരുന്നു നല്ലതെന്ന അതിവിചാരം എനിക്കില്ല.ഇന്നത്തെക്കാലം മുന്നില്‍ വയ്‌ക്കുന്ന സൗഭാഗ്യങ്ങള്‍ വേറേതുകാലത്ത്‌ കിട്ടും?കുട്ടികള്‍ സ്വതന്ത്രരായി.സ്‌ത്രീകള്‍ സ്വയംപ്രാപ്‌തരായി.പ്രത്യക്ഷമായ തീണ്ടലും തൊടീലും അവസാനിച്ചു.സാമൂഹികസമത്വം എല്ലാവര്‍ക്കുമുണ്ട്‌.പഠിക്കാന്‍ പണസഹായം കിട്ടും.ഇന്റര്‍നെറ്റും ടെലിവിഷനുമുണ്ട്‌.സ്വകാര്യമേഖലയില്‍ പണി കിട്ടാനുണ്ട്‌.വിദേശത്തുപോകാന്‍ എളുപ്പമുണ്ട്‌.
ഇതാണ്‌ കാലം.ഇപ്പോള്‍,അമേരിക്ക അമേരിക്ക അല്ല.റഷ്യ റഷ്യയുമല്ല.ഇന്ത്യന്‍ എന്ന അപകര്‍ഷവും വേണ്ട.നമ്മള്‍ ഏകലോകജീവികളായി.വാസ്‌തവത്തില്‍ ഇതാണ്‌ നല്ല `ഓണക്കാലം.'

28 comments:

  1. പ്രിയപ്പെട്ട വായനക്കാരേ..,
    'ബൗദ്ധികനിരാഹാരകാലത്തെ ഓണം' മാധ്യമം പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ 22-8-10-ല്‍ പ്രസിദ്ധീകരിച്ചതാണ്‌.നിങ്ങളുടെ സജീവമായ അഭിപ്രായങ്ങള്‍ക്ക്‌ സ്വാഗതം.
    എല്ലാ വായനക്കാര്‍ക്കും സമൃദ്ധമായ ഓണാശംസകള്‍.

    ReplyDelete
  2. വേറിട്ട ഓണ ഓര്‍മ്മകള്‍..
    കലവറയുടെ ഇരുട്ടിലേക്കിറങ്ങി വന്ന എഴുത്തുകാരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി വായിച്ച ആ കുട്ടിക്കാലം വളരെയിഷ്ടമായി..

    പുതിയ ഓണത്തിനും അതിന്റേതായ സൌഭാഗ്യങ്ങളുണ്ടെന്നു തിരിച്ചറിയുമ്പോഴും എന്തോ ഒന്ന് കളഞ്ഞു പോയെന്നുള്ള ആ അതി വിചാരം ഇടയ്ക്കു പിന്നെയും തല പൊക്കുന്നതെന്താണാവോ.:(

    ഹൃദ്യമായ ഓണാശംസകള്‍..

    ReplyDelete
  3. സുസ്മേഷ്,
    ഓണപ്പതിപ്പുകളില്‍ പുണ്ട് കിടാന്നിരുന്ന ഒരു കാലമുണ്ടായിരുന്നു സഹൃദയനായ മലയാളിക്ക്. പക്ഷെ ഇപ്പോള്‍ ചാനലുകള്‍ അത് ഏറ്റെടുത്തതിനാല്‍ അത്രത്തോളം ഓണപ്പതിപ്പുകള്‍ക്ക് പ്രചാരം കുറഞ്ഞോ എന്ന് തോന്നുന്നു. പിന്നെ പറഞ്ഞപോലെ ഓണപ്പതിപ്പുകളിലെ കവിതകളും കഥകളും പൊതുവെ ദുരന്തപര്യവസാനികളാകാറില്ല. ഏതോ ഒരു വര്‍ഷം (വര്‍ഷം ഓര്‍മയില്ല) വായിച്ച ഓണപ്പതിപ്പുകളിലൊക്കെ ഒരു പട്ടാളകഥ ഉണ്ടായിരുന്നു. രസകരമായ പട്ടാളകഥകള്‍.. ഇന്നിപ്പോള്‍ എംടിയും , മറ്റും ഒഴിഞ്ഞ് നില്‍ക്കുന്ന ഓണപ്പതിപ്പുകളേക്കാള്‍ മലയാളികള്‍ ചാനലിലെ വര്‍ണ്ണകാഴ്ചകളിലേക്ക് കൂപ്പ് കുത്തുന്നു. ഒരു സംശയം കൂടി. “ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍“ ഇതിലെ ഭേസി എന്നവാക്കിന്റെ അര്‍ത്ഥമെന്താ?

    ഒരു ഓഫ് ടോപ്പിക്ക് : പ്രിന്റ് മീഡിയയുടെ സ്വാധീനമാണോ എന്നറിയില്ല, സുസ്മേഷിന്റെ പോസ്റ്റില്‍ ഇടക്ക് ചില ഭാഗങ്ങള്‍ ഹൈലേറ്റ് ചെയ്ത് വീണ്ടും കാട്ടിയിരിക്കുന്നു. ബ്ലോഗില്‍ പൊതുവെ കാണാത്ത ഒന്ന്.. മോശമെന്ന് ഞാന്‍ പറഞ്ഞില്ല കേട്ടൊ:)

    ReplyDelete
  4. ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ. കഴിയുമെങ്കില്‍ ബ്ലോഗ് ജാലകത്തിലോ ചിന്തയിലോ രജിസ്റ്റര്‍ ചെയ്യൂ.. കൂടുതല്‍ പേരിലേക്ക് വായന എത്തട്ടെ.. ഈ കമന്റ് ഇവിടെ ഡിസ് പ്ലേ ചെയ്യണം എന്നില്ല കേട്ടോ.. അതു പൊലെ കമന്റ് മോഡറേഷനും അനാവശ്യമല്ലേ എന്നൊരു തോന്നല്‍.. എന്റെ തോന്നല്‍ മാത്രം..

    ReplyDelete
  5. പ്രിയ സുസ്മേഷ് ചന്ത്രോത്ത്,
    ആനുകാലികങ്ങളിൽ താല്പര്യപൂർവ്വം ഞാൻ വായിച്ചിരുന്ന താങ്കളെ, ബ്ലോഗിലും കാണാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു. അതുകൊണ്ടുതന്നെ, ഈ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാ‍ത്ത ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.


    ബ്ലോഗിനെ പ്രിന്റ് മീഡിയയിൽ നിന്നു വ്യത്യസ്തമാക്കുന്ന സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്ന്, ‘കമന്റുകൾ‘ ആണല്ലോ.. ബ്ലോഗ് , പ്രിന്റ് മീഡിയ പോലെ ‘വൺ വേ’ അല്ല ! എഴുത്തുകാരൻ, വായനക്കാരൻ -- എന്ന പരമ്പരാഗത സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് തീർച്ചയായും ബ്ലോഗിൽ സംഭവിക്കുന്നുണ്ട്. ബ്ലോഗിലെ കമന്റുകൾ താരാരാധനയുടെ അന്ധമായ വെറും പതഞ്ഞുയരലുകളല്ല. കമന്റുകാരനിലേക്കും ചെല്ലാനും അയാളെ വായിച്ചറിയാനുമുള്ള ഒരു ‘പാലം’ കൂടിയാണ്. താങ്കളുടെ ബ്ലോഗുകളിൽ കമന്റുന്നവരുടെയും ഒരു വായനക്കാരനാണു ഞാൻ. അവരുടെ ബ്ലോഗുകളിലൊന്നും താങ്കളുടെ വായനാസ്പർശം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. താങ്കളെപ്പോലെ പരിണതപ്രജ്ഞനായ ഒരാളുടെ സാന്നിദ്ധ്യം അവർക്കെത്രമാത്രം പ്രചോദനകരമായിരിക്കുമെന്നോ.


    മറ്റൊരു കാര്യം : ആനുകാലികങ്ങളിൽ ഒരിക്കൽ പ്രസിദ്ധീകരിച്ച രചനകളാണ് താങ്കളുടെ ബ്ലോഗിൽ വായിക്കാൻ ലഭിക്കുന്നത്. ബ്ലോഗിന്റെ അസ്തിത്വത്തെ പരിമിതപ്പെടുത്തുന്ന ഒരു നടപടിയായാണ് എനിക്കത് അനുഭവപ്പെടുന്നത്. പ്രിന്റ് മീഡിയയിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ഒരു ഡിജിറ്റൽ കോപ്പി സൂക്ഷിക്കാനുള്ളയിടം മാത്രമല്ല ബ്ലോഗ്. മലയാളത്തിലെ ആനുകാലികങ്ങളും വായിക്കുന്ന ഞങ്ങൾ, താങ്കളുടെ വേറേ രചനകൾക്കായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. ഞങ്ങൾക്കുണ്ടാകുന്ന നിരാശയുടെ ആഴം താങ്കൾക്കൂഹിക്കാനാവുമോ ആവോ! ദയവായി ബ്ലോഗിനെ വ്യത്യസ്തമായ മീഡിയമായി കണ്ട്, പോസ്റ്റുകൾ തയ്യാറാക്കണമെന്ന് താല്പര്യപ്പെടുന്നു. ബ്ലോഗ് രംഗത്തെ താങ്കളുടെ സംഭാവനകൾ ആനുകാലികങ്ങളുടെ പകർത്തിയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കട്ടെ.

    ReplyDelete
  6. പാക്കുണ്ണിച്ചേട്ടന്‌ പുസ്‌തകം വായനയൊക്കെ ഉണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു.

    നാട്ടില്‍ പനമ്പിള്ളി സ്മാരകവായനശാലയില്‍ ഒരു ചേട്ടന്‍ വരുമായിരുന്നു. സന്യാസിമായുടെ തരം ഗംഭീര കറുകറുത്ത താടിയൊക്കെയായി. ആള്‍ക്കു കല്ലു (ശില്പങ്ങള്‍) കൊത്തലാണ് പണി. പക്ഷേ നല്ല പരന്ന വായനക്കാരന്‍. വാ തുറന്നാല്‍ പല വരികളും അന്നു തലയില്‍ കയറില്ലായിരുന്നു.

    :-)
    സുനില്‍ || ഉപാസന

    ReplyDelete
  7. പ്ര തി ക ര ണ ന്‌ മ റു പ ടി.
    പ്രിയ പ്രതികരണന്‍,
    ആദ്യംതന്നെ താങ്കളുടെ വ്യത്യസ്‌തമായ പ്രതികരണത്തിന്‌ നന്ദി.
    ബ്ലോഗിനെ പ്രിന്റ്‌ മീഡിയയില്‍നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌,താങ്കള്‍ വിചാരിക്കുംപോലെ അതില്‍ 'കമന്റുകള്‍' ഉണ്ട്‌‌ എന്നതല്ല.അതിനൊരു 'എഡിറ്റര്‍' ഇല്ല എന്നതാണ്‌.ബ്ലോഗില്‍ അവനവനാണ്‌ എഡിറ്ററും പബ്ലിഷറും.അത്‌ അതിന്റെ ശക്തിയും പോരായ്‌മയുമാണ്‌.(അതവിടെ നില്‍ക്കട്ടെ.നമ്മുടെ വിഷയം ഇപ്പോള്‍ അതല്ലല്ലോ.)മാത്രവുമല്ല,പ്രിന്റ്‌മീഡിയ താങ്കള്‍ പറഞ്ഞതുപോലെ 'വണ്‍വേ' അല്ലതാനും.അങ്ങോട്ടുമിങ്ങോട്ടും പ്രതികരണങ്ങള്‍ കൈമാറുന്നതിന്‌ അല്‌പം കാലതാമസമുണ്ട്‌ എന്നുമാത്രം.അല്ലെങ്കില്‍ പത്ര-വാരികകളില്‍ ഒരുകാലത്തും 'കത്തുക'ളും 'മറുപടി'യും ഉള്‍പ്പെടുത്തേണ്ട കാര്യമില്ലല്ലോ.താങ്കളുടെ ഒരു ധാരണ കൂടി തെറ്റാണ്‌."എഴുത്തുകാരന്‍,വായനക്കാരന്‍ എന്ന പരമ്പരാഗത സങ്കല്‍പങ്ങളുടെ പൊളിച്ചെഴുത്ത്‌" പ്രിന്റ്‌ മീഡിയയിലും സംഭവിക്കുന്നുണ്ട്‌.ഇല്ലെങ്കില്‍ കഴിഞ്ഞ ദശകത്തിന്റെ ആരംഭത്തില്‍ത്തന്നെ ലോകത്തെങ്ങുമുള്ള പത്രവാരികകള്‍ നിലച്ചുപോകുമായിരുന്നു.(ചിലത്‌‌ രംഗം വിട്ടിട്ടുണ്ട്‌.മറക്കുന്നില്ല.)
    ബ്ലോഗിലെ എന്നല്ല,പ്രിന്റ്‌മീഡിയയിലേയും എന്റെ രചനകള്‍ക്ക്‌ വരാറുള്ള വായനക്കാരുടെ കമന്റുകളെ താങ്കള്‍ വിശേഷിപ്പിച്ചപോലെ,"താരാരാധനയുടെ അന്ധമായ വെറും പതഞ്ഞുയരലുക"ളായി ഞാനൊരിക്കലും കരുതിയിട്ടില്ല.അതേസമയം സുഖം തരുന്ന അഭിപ്രായങ്ങളില്‍ സുഖിക്കാറുമുണ്ട്‌.വിമര്‍ശനങ്ങളില്‍ പരിതപിച്ചിട്ടുമില്ല.
    പ്രിന്റ്‌ മീഡിയയില്‍ എഴുതിയതിന്റെ ഡിജിറ്റല്‍കോപ്പി സൂക്ഷിക്കാനുള്ള ഇടമായി ഞാന്‍ ബ്ലോഗിനെ മാറ്റിയിരുന്നെങ്കില്‍,എന്റെ എല്ലാ രചനകളും-കഥകളടക്കം-ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമായിരുന്നു.ഈ ഓണക്കാലത്ത്‌,മാധ്യമം,മംഗളം,ദേശാഭിമാനി വാര്‍ഷികപ്പതിപ്പുകളിലും വിശകലനത്തിലും ഞാന്‍ കഥ എഴുതിയിട്ടുണ്ട്‌.മാധ്യമം,വര്‍ത്തമാനം,തനിനിറം പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌.അതിലെത്രയെണ്ണം എന്റെ ബ്ലോഗ്‌ വായനക്കാര്‍ വായിച്ചിട്ടുണ്ടാവും?വിരലിലെണ്ണാന്‍മാത്രമാളുകളേ വായിച്ചിട്ടുണ്ടാവൂ..നെറ്റിലെ വായനക്കാരില്‍ ഭൂരിഭാഗവും അച്ചടിമാധ്യമത്തിന്റെ വായനക്കാരല്ല.പ്രത്യേകിച്ചും കേരളത്തിനുവെളിയിലുള്ളവര്‍.സത്യമല്ലേ?
    കഴിഞ്ഞ ജൂണിലാണ്‌ ഞാന്‍ ബ്ലോഗെഴുത്ത്‌ ആരംഭിക്കുന്നത്‌.ഇന്നുവരെ ഇട്ട പതിനഞ്ചോളം പോസ്‌റ്റുകളില്‍ വെറും മൂന്നെണ്ണം മാത്രമാണ്‌ അച്ചടി മാധ്യമത്തില്‍ വന്നിട്ടുള്ളത്‌‌.അതും ഞാന്‍ അടിക്കുറിപ്പില്‍ സൂചിപ്പിച്ചില്ലെങ്കില്‍ ഒരുപക്ഷേ,താങ്കള്‍ക്കടക്കം എന്റെ മറ്റു വായനക്കാര്‍ക്ക്‌‌ മനസ്സിലാവുകയുമില്ല.പ്രത്യകിച്ച്‌ പ്രവാസികള്‍ക്ക്‌.കാരണം,വളരെ അപ്രശസ്‌‌തമായ പ്രസിദ്ധീകരണങ്ങളിലും ഞാനെഴുതാറുണ്ട്‌‌.അതെല്ലാം കേരളത്തിലെപോലും എല്ലാ വായനക്കാരും കാണണമെന്ന്‌‌ യാതൊരു നിര്‍ബന്ധവുമില്ല.കാണുന്നുമുണ്ടാവില്ല.
    അച്ചടിച്ച മാറ്റര്‍ ബ്ലോഗില്‍ പുനപ്രസിദ്ധീകരിക്കുമ്പോള്‍,ഒരിക്കല്‍ വായിച്ച വായനക്കാര്‍ക്ക്‌ ആവര്‍ത്തനവിരസതയുണ്ടാകുമെന്നത്‌ വാസ്‌തവം.അത്‌ തല്‌ക്കാലം ക്ഷമിക്കാന്‍ അപേക്ഷ.ചില എഴുത്തുകള്‍ കൂടുതല്‍പേരിലേക്ക്‌‌ എത്തണമെന്ന അത്യാഗ്രഹമൊ്‌ന്നുകൊണ്ടു മാത്രമാണ്‌ അത്‌.
    താങ്കള്‍ പ്രധാനമായും ആഗ്രഹിക്കുന്നത്‌ എനിക്കു കമന്റിടുന്നവരുടെ ബ്ലോഗുകള്‍ ഞാന്‍ സന്ദര്‍ശിക്കണമെന്നാണല്ലോ.കഴിയുന്നത്ര അത്‌ ചെയ്യാറുണ്ട്‌ എന്നറിയിക്കട്ടെ.എന്നെ ഫോളോ ചെയ്യാത്തവരുടെയും ഞാന്‍ ഫോളോ ചെയ്യാത്തവരുടെയും ബ്ലോഗുകളും വായിക്കാറുണ്ട്‌.എല്ലാ പോസ്‌റ്റുകള്‍ക്കും കമന്റ്‌ ഇടാന്‍ കഴിഞ്ഞിട്ടില്ല എന്നതു അംഗീകരിക്കുന്നു.അറിയില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം വേണ്ട എന്നുകരുതിയായിരുന്നു അത്‌.
    താങ്കളുടെ പ്രതികരണത്തിലെ നല്ല നിര്‍ദ്ദേശങ്ങള്‍ അതിലെ ഉദ്ദേശശുദ്ധിയോടെ ഞാന്‍ സ്വീകരിക്കുന്നു.നന്ദി.

    ReplyDelete
  8. ഓണാശംസകള്‍.

    ReplyDelete
  9. പ്രിയ എഴുത്തുകാരാ,
    വിഷയം ചർച്ച ചെയ്തുകഴിഞ്ഞു എന്ന് തീരുമാനിച്ചതിനാലല്ല ; താങ്കളുടെ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാത്ത കുറിപ്പുമായി ഞാൻ നിരന്തരം സ്ഥലം മെനക്കെടുത്തുന്നത് ശരിയല്ല എന്ന തോന്നലിനാൽ. ‘പാർലമെന്ററി വ്യാമോഹം’ എന്നൊക്കെപ്പറയുന്നപോലെ, ഒരു അമിതമായ ‘പബ്ലിസിറ്റി വ്യാമോഹ’മായി എന്റെ കുറിപ്പുകൾ തെറ്റിദ്ധരിക്കപ്പെടേണ്ട എന്നും കരുതി! താങ്കളുടെ മറുകുറികൾ നൽകുന്ന സന്തോഷം ചില്ലറയല്ല . സന്ദർശിക്കപ്പെട്ടതിലുള്ള സന്തോഷവും മറച്ചുവയ്ക്കുന്നില്ല. നന്ദി.

    ReplyDelete
  10. പ്രിയ സുസ്മേഷ്
    ഓണപ്പതിപ്പുകളില്ലാത്ത ഈ ദ്വീപില്‍
    ഓണം വന്നു എന്ന വിളിച്ചറിയിക്കലായി ഈ പോസ്റ്റ്‌....
    സ്നേഹം ഉപാധികളോടെ നോക്കിക്കാണുന്ന സമൂഹത്തില്‍
    ഓണം കാലം തെറ്റി പിറന്ന കുഞ്ഞിനെപ്പോലെ അലമുറയിട്ടു
    കരയുന്നത് കാണാനെങ്കിലും നിറയെ പരസ്യപേജുകള്‍
    തുന്നിക്കെട്ടിയ ഓണപ്പതിപ്പുകള്‍ വാങ്ങാന്‍ ചേട്ടനോട്
    പറഞ്ഞുവച്ചിട്ടുണ്ട്...
    ഓര്‍മ്മകള്‍ വസന്തമായി വന്നു പൂമരം കുലുക്കാനെങ്കിലും
    പഴയ ഓണമല്ലേ നല്ലത്....???
    ആരും എവിടെയും പരസ്യം പറയാത്ത ഓണം.....അല്ലെ???
    .....................................................................
    നല്ല ഓര്‍മ്മകള്‍ ആണ് കേട്ടോ....
    എന്നും വരാം....

    ReplyDelete
  11. നല്ലൊരു ഓണം ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി. നിങ്ങള്‍ ബ്ലോഗില്‍ ഉള്ളത് നേരത്തെ അറിയില്ലായിരുന്നു. ഭാവുകങ്ങള്‍ നേരുന്നു..

    ReplyDelete
  12. രാത്രിനിലാവിൽ വെറ്റില മുറുക്കുമ്പോൾ നിലാവും ചുണ്ണാമ്പും മാറിപ്പോവുമെന്നു പറഞ്ഞ....
    അതാണ്!
    വെക്കം വാ:)

    ReplyDelete
  13. സുസ്മേഷ്, താങ്കളുടെ ഈ കുറിപ്പ് വളരെ നന്നായി, ലീനസ്, ജയരാജ്-രണ്ടു പേരേയും ഓർത്തു, എനിക്ക് വളരെ ഇഷ്ടമായിരുന്നു രണ്ടു പേരേയും, ഒരു വിഷമമാണ് അവരെ ഓർക്കുമ്പോൾ! മാ‍തൃഭൂമിയുടെ ഓണപ്പതിപ്പിൽ നിന്നാനു ഞാൻ സാഹിത്യം ആസ്വദിച്ചു തുടങ്ങിയതെന്നു പറയാം. ആ പാക്കുണ്ണി സ്മരണയും നന്നായി.

    ReplyDelete
  14. അച്ചടി പതിപ്പില്‍ വായിക്കാനായില്ല, ബ്ലോഗ് എന്തായാലും ആ കുറവ് തീര്‍ത്തു.
    ഓണപ്പതിപ്പിലെ മിക്ക എഴുത്തുകാരുടെ രചനകളും പത്രാധിപരുടെ സ്നേഹ നിര്‍ബന്ധങ്ങളില്‍ പിറവിയെടുക്കുന്നതിനാലാകും അത്രയ്ക്ക് രുചികരമാകാത്തത്. അപൂര്‍വം ചില മികച്ച എഴുത്തുകള്‍ ഉണ്ടെങ്കിലും. സംഘം ചേര്‍ന്നുള്ള ചര്‍ച്ച (ഇത്തവണ സമകാലിക മലയാളത്തില്‍ കവികള്‍ ,മാതൃഭൂമിയില്‍ ശാരദക്കുട്ടി ടീച്ചറും സംഘവും )കളും നല്ല വായനാനുഭവം തരുന്നുണ്ട്. മലയാളി വായനക്കാര്‍ താത്പര്യപൂര്‍വമാണ് ഒരോ ഓണപ്പതിപ്പിനെയും കാത്തിരിക്കുന്നത്, എന്നാല്‍ അവരുടെ പ്രതീക്ഷക്ക് ഒത്ത് സമീപകാല പതിപ്പുകള്‍ മാറുന്നുണ്ടോ.
    സംശയമാണ്. ചിലപ്പോള്‍ വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള പാച്ചിലും അരോചകമാവാറുണ്ട്.

    താങ്കളുടെ അഭിപ്രായം പൊലെ
    “ഓണപ്പതിപ്പുകള്‍ അവയുടെ സ്വഭാവവും കാലോചിതമായി പരിഷ്‌കരിച്ചു.അതോടെ പഴയ ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍ വായനയുടെ ഓണക്കാലമൗനികളായി.
    അന്നൊക്കെ ഞാന്‍ പരീക്ഷയ്‌ക്കു പഠിക്കുന്ന ജാഗ്രതയോടെ ഓരോ കഥയും വായിക്കും.എഴുത്തുകാരായ മാസ്റ്റര്‍മാര്‍ ഈ കഥകളൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നാണ്‌ അന്വേഷിക്കുന്നത്‌.ആ അന്വേഷണത്തിന്റെ ചുവട്‌ പിടിച്ചാണ്‌ പിന്നത്തെ എഴുത്ത്‌.“

    വരും കാല സുസ്മേഷുമാര്‍ക്ക് എന്തെങ്കിലും ഈ വര്‍ഷത്തെ ഓണപ്പതിപ്പുകള്‍ ബാക്കിവയ്‌ക്കുന്നുണ്ടോ? എന്ന ചോദ്യം ബാക്കിയാകുന്നു

    ReplyDelete
  15. ഓണപ്പതിപ്പുകളോട് ആഴമുള്ള ഇഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന കുട്ടിക്കാലം തന്നെ ഓര്‍മ്മവരുന്നു..
    ഇടയ്ക്കുള്ള കട്ടിപ്പേജുകളിലെ ഓണച്ചിത്രങ്ങള്‍..ദേശക്കാഴ്ചകള്‍..

    ഇപ്പോള്‍..ഓണപ്പതിപ്പുകളിലെ മുഖചിത്രങ്ങള്‍ കാണുമ്പോള്‍ സിനിമ വാരികകളെ ഓര്‍മ്മിക്കേണ്ടിവരുന്ന സങ്കടവും!!

    ReplyDelete
  16. സുസ്മേഷേ,

    മിക്കവാറും ഞാന്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ബ്ലോഗുകള്‍ എല്ലാം തന്നെ ഇഷ്ടപെട്ടുവെങ്കിലും ഇതിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. പഴയ ഒരുപാടു ഓര്‍മകളെ ഇതു വിളിച്ചുണര്‍ത്തി. മാധ്യമം വാങ്ങി വെച്ചിട്ടുണ്ട്..."ചക്ക " വായിക്കണം. വിശദമായി പിന്നീടു സംസാരിക്കാം..നന്മകള്‍ നേരുന്നു....

    സ്നേഹത്തോടെ
    പ്രമോദ്

    ReplyDelete
  17. ഒരുപക്ഷെ കേരളത്തിന് പൊതുആഭിമുഖ്യമുണ്ടായിരുന്ന ഓണപ്പതിപ്പുകളുടേയും വായനശാലകളുടേയും ഈ ഓര്‍മ്മപുതുക്കല്‍ നന്നായി.
    വായനയുടെ, കൂട്ടായ്മയുടെ ഒരു കാലത്തിന്റെ ഒട്ടും മങ്ങാത്ത ഒരു ഓര്‍മ്മപ്പെടുത്തല്‍.
    കേവലം ബുദ്ധിജീവിനാട്യങങളും ഉപരിപ്ലചിന്തകളും ചര്‍ച്ചകളും, പരസ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട്
    കുറെ താളുകളിലും ഒതുങ്ങിപ്പോകുന്ന ഓണപ്പതിപ്പുകള്‍ എന്താണ് നമുക്കും പിന്നാലെ വരുന്നവര്‍ക്കും നല്‍കുന്ന പ്രതീക്ഷ?

    മാതൃഭൂമിപോലും വ്യത്യസ്തമല്ല എന്നതു ഏറെ കഷ്ടം.

    ReplyDelete
  18. പ്രിയ സുസ്മേഷ്,
    ബൌദ്ധിക നിരാഹാരം എന്ന് പറഞ്ഞാല്‍ ബുദ്ദി പരമായുള്ള ചിന്തകളുടെ അഭാവം എന്നാണോ അതോ ബുദ്ധിയും ചിന്തയും ഒന്നും ഉപയോഗ്യമല്ലാത്ത അവസ്ഥ എന്നാണോ?
    നിരാഹാരം എന്നുപയോഗിച്ചിരിക്കുന്നതാണ് എന്നെ സംശയിപ്പിക്കുന്നത്...

    ഗ്രഹാതുരത്വം എല്ലാവരും, അതിപ്പോ ഓണമായാലും വിഷുവായാലും അല്ലെങ്കില്‍ ഏതെങ്കിലും ഒരാഖോഷമായാലും പ്രകടിപ്പിക്കുന്ന ഒരു വികാരമാണ്.."ഹോ, അതൊക്കെയായിരുന്നു കാലം, ഹ്ങ്ങാ..." ആ ഒരു ലൈന്‍. അതല്ല, ഇപ്പോഴത്തെ ഈ അവസ്ഥ,[സമത്വം എന്നാണോ ഉദ്ദേശിച്ചത് എന്നറിയില്ല, അങ്ങിനെയാണെങ്കില്‍,എങ്ങിനെ എന്നൊരു ചോദ്യമുണ്ട് എനിക്ക്], തന്നെയാണ് നല്ലത്,ഇതാണ്‌ നല്ല `ഓണക്കാലം.', എന്ന് പറയുമ്പോഴും സാധാരണ മലയാളിയുടെ ശീലം, ഗ്രഹാതുരനാവുക എന്നത്, വെള്ളത്തൂവല്‍ സ്മരണകളിലൂടെയും ഓണപ്പതിപ്പ് വിശേഷങ്ങളിലൂടെയും[ഇവിടെ ഞാന്‍ യോജിക്കുന്നു, കാരണം കഴിഞ്ഞ 10 വരഷങ്ങളായി ഓണപ്പതിപ്പുകള്‍ സ്ഥിരമായി വായിക്കാറുണ്ട് ഞാന്‍] കാട്ടുകയും ചെയ്യുന്നു സുസ്മേഷ്.

    പക്ഷെ ഇപ്പോഴാണ് നല്ല ഓണക്കാലമെങ്കില്‍ എന്താണ് ബൌദ്ധികമായ നിരഹാരകാലത്തിലെ ഓണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്?? നിരാഹാരം എന്നത് ആഹാരം ഇല്ലാത്ത അവസ്ഥയാണോ അതോ വേണ്ട എന്ന് വയ്ക്കുന്ന അവസ്ഥയാണോ??

    വിമര്‍ശിക്കാന്‍ വേണ്ടി തന്നെ എഴുതിയതാണ് ഇത്രയും ഭാഗം.

    കുട്ടിക്കാലത്തിന്റെ ഓര്‍മകളിലൂടെ കടന്നുപോകുമ്പോള്‍ എവിടെയൊക്കെയോ ഞാന്‍ എന്നെ കാണുമ്പോള്‍, ഞാന്‍ എഴുതേണ്ടത് ആണല്ലോ ഇവിടെ ഒരാള്‍ എഴുതി വച്ചിരിക്കുന്നത് എന്ന മനുഷ്യസഹജമായ അസൂയ, കുശുമ്പ്, കുന്നായ്മ തുടങ്ങിയ വികാരങ്ങളുടെ സമ്മര്‍ദഫലമാണിത്. അതുതന്നെയായിരിക്കാം ബൌദ്ധികമായ നിരാഹാരാവസ്ഥ അല്ലെ??????

    ReplyDelete
  19. നല്ലൊരു ഓണം ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി.

    ReplyDelete
  20. പ്രിയ വായനക്കാരേ..,
    എല്ലാ അഭിപ്രായങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ചു.എല്ലാവര്‍ക്കും നന്ദി.വിമര്‍ശനങ്ങള്‍ യഥാവിധം ഉള്‍ക്കൊള്ളുന്നു.

    ReplyDelete
  21. പ്രിയ സുസ്മേഷ്, ബ്ലോഗില്‍ വായിക്കുന്ന പതിവ് ഇല്ലെങ്കിലും ഇവിടെ നോക്കി. വായിച്ചു. തുടരുക. ഓണം. ഓണപ്പതിപ്പ്. വെള്ളത്തൂവല്‍ കാലം. അതെല്ലാം നന്നായി എഴുതി. ഗ്രാമം എല്ലാത്തരം ദാരിദ്ര്യവും കൊണ്ട് നടക്കുന്ന സ്ഥലമാണ്. ഗ്രാമം വിട്ടു പോന്നാല്‍ നാം അവിടെ ഭാവന കൊണ്ട് കളിക്കുകയാണ് നാം. ഓര്മ നാം ഉണ്ടാക്കിയെടുക്കുന്നതാണ് എന്നു പറയുന്നത് എത്ര ശരി. അത് കൊണ്ട് ഞാന്‍ ഓര്‍മകളെ വിട്ടു.

    ReplyDelete
  22. അചഛന്‍ പറയാറുണ്ട്, ഇപ്പൊ എല്ലാ ദിവസവും ഓണമല്ലേ എന്ന്.ശരിയാണ്‌.
    വലിയോരു പോസ്റ്റ് ആണെങ്കിലും ഒരു വരി പോലും മടുപ്പിച്ചില്ല, എനിക്കൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു കാലത്തേയും, ഒരു ജീവിതത്തേയും നന്നായി വരച്ചുവെച്ചിര്‍ക്കുന്നു.ഈ വര്‍ഷത്തേയും മാതൃഭൂമി ഓണപതിപ്പ് വാങ്ങിയിട്ടുണ്ടായിരുന്നു, അതു വാങ്ങിക്കുമ്പോള്‍ എന്റെ കൂട്ടുകാരന്‍ ചോദിച്ചതാണെനിക്ക് ഓര്‍മ്മ വരുന്നത് ജ്യോതിര്‍മയിയുടെ ചിത്രം കാണാന്‍ വേണ്ടിയാണോ എന്ന്.ആ മുഖചിത്രം മുതല്‍ വെളിവാക്കപെടുന്നു എനിക്കു മുന്‍പ് പലരും സൂചിപ്പിച്ച ആ മാറ്റം.

    ReplyDelete
  23. വിശകലനത്തില്‍ എന്റെ ഒരു കൊച്ചു കവിതയുമുണ്ടേ..
    ആശംസകളോടെ

    ReplyDelete
  24. പ്രിയപ്പെട്ട അജയ്‌മാഷ്‌,
    എന്റെ ബ്ലോഗ്‌ വായിച്ചതില്‍ ഒരുപാടൊരുപാട്‌ സന്തോഷം.അതെനിക്ക്‌ ചെറുതല്ലാത്ത ഊര്‍ജ്ജം തരുന്നു മുന്നോട്ടുപോകാന്‍.
    ഇടക്കിടെയെങ്കിലും വരണമെന്ന വിനീതമായ അഭ്യര്‍ത്ഥന.

    ReplyDelete
  25. സുസ്മേഷ് ,
    പ്രിന്റില്‍ തങ്ങളുടെ കഥകളും , പിന്നെ ഡി യും വായിച്ചിട്ടുണ്ട്. ബ്ലോഗിലും കാണാനായതില്‍ സന്തോഷം

    ReplyDelete
  26. ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍... ഇവിടെ വീട്ടില്‍ എന്റെ മുറിയില്‍ ബെര്‍ത്തിന്റെ മുകളിലുമിരിപ്പുണ്ട് ഏതാണ്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ഓണപ്പതിപ്പുകള്‍.. ജനയുഗം, മനോരമ, മംഗളം, മനോരാജ്യം, മനോരമ, മാതൃഭൂമി... അങ്ങനെയങ്ങനെ.. മിക്കതും മഞ്ഞനിറമായി മങ്ങിയിരിക്കുന്നു.. കുറേയൊക്കെ പാറ്റയും ഇരട്ടവാലനും തിന്നുതീര്‍ത്തിരിക്കുന്നു.. എന്നാലും ഞാന്‍ വല്ലപ്പോഴും.. വല്ലപ്പോഴുമെന്നാല്‍ ശരിക്കും വല്ലപ്പോഴും അവയിലൂടെയൊക്കെ പോകും.. ആദ്യം വായനയിലേയ്ക്കും എഴുത്തുകാരിലേയ്ക്കുമൊക്കെ എത്തിയ ഘനപ്പെട്ട വഴികള്‍... ഈ ഓര്‍മ്മക്കുറിപ്പ് അവയൊക്കെയും ഓര്‍മ്മിപ്പിക്കുന്നു..

    ReplyDelete
  27. ഈ ബ്ലോഗ്കിലേക്ക് വരാന്‍ കുറച്ചു വൈകിയോ എന്നൊരു സംശയം. വായിക്കുംതോറും അതിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2012-April-29) വന്ന അപസര്‍പ്പക ഛായാഗ്രാഹകന്‍ എന്ന കഥയാണ്‌ താങ്കളെകുറിച്ചു കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിച്ചതും ഈ ബ്ലോഗ്കിലേക്ക് വഴി കാണീച്ചതും. താങ്കളുടെ പ്രൊഫൈല് കണ്ടപ്പോള്‍ തന്നെ വീണ് പോയി. ഒരു വായനക്കാരനായി തുടരും.

    ReplyDelete