Tuesday, May 1, 2012

കാലിലേക്ക് ഇന്നലെയുടെ കടല്‍ത്തിരകള്‍ വന്നടിക്കുന്പോള്‍ ഉപ്പുതരികളേറ്റ് ദ്രവിച്ചുപോകുന്നു ലോലനഖങ്ങള്‍

രിയാണ്.ഇന്നെനിക്കിത് എഴുതാതെ വയ്യ.ഞാന്‍ വല്ലാതെ പരുക്കനായി പോകുന്നുണ്ടിപ്പോള്‍ .വര്‍ത്തമാനത്തിലും സഹവാസത്തിലും..എനിക്കിപ്പോള്‍ നിസ്സാരമായ സംഗതികള്‍പോലും സഹിക്കാനാവുന്നില്ല.ഏറ്റവും വലിയ കാപട്യമായി മനുഷ്യനും ഏറ്റവും വലിയ ദുരൂഹതയായി സ്ത്രീകളും ചുറ്റുപാടും വേഷം മാറുന്നത് ഞാനിപ്പോള്‍ കാണുന്നു.
എന്‍റെ കഥകള്‍ പോലും പ്രമേയങ്ങളില്‍ വ്യത്യാസപ്പെട്ടു.മാംസഭുക്കുകളും ബാര്‍കോഡും കൊറ്റികളെ തിന്നുന്ന പശുക്കളും ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെയും അപസര്‍പ്പകഛായാഗ്രഹകനുമായി കഥകളുടെ പ്രമേയങ്ങളെല്ലാം മാറിപ്പോയി.അതായത് എന്നിലെ ലോലമനസ്കന്‍ എവിടെവച്ചോ എന്നില്‍നിന്നിറങ്ങിപ്പോയിരിക്കുന്നു.ഒരുപക്ഷേ നെഞ്ചുപൊട്ടി മരിച്ചതാവാം.അല്ലെങ്കിലെനിക്ക് മാംസഭുക്കുകളും അപസര്‍പ്പകഛായാഗ്രഹകനും എഴുതാനാവുമായിരുന്നില്ല.
കൃത്യമായി എനിക്കുപറയാം.ഈ കഴിഞ്ഞ ഡിസംബറിനുശേഷം 2011 ജനുവരിയെപ്പോലെ 2012 ജനുവരിയും എന്നെ സ്വീകരിച്ചത് കറുത്ത പാഠപുസ്തകങ്ങളോടെയാണ്.ജീവിതത്തില്‍ ഒരു മനുഷ്യനുണ്ടായിരിക്കേണ്ട  അനിവാര്യമായ  നൈര്‍മ്മല്യവും സഹാനുഭൂതിയും ആര്‍ദ്രതയും അലിവും പരിഗണനയും എന്നില്‍ നിന്നകന്നുപോയിരിക്കുന്നു.ഞാന്‍ സകലതും തികഞ്ഞ ഒരു അസാന്മാര്‍ഗ്ഗിയായി പരിണമിച്ചതുപോലെ.കാട്ടിലലഞ്ഞ ഒറ്റയാന്‍ ചുട്ടിമാടിനെപ്പോലെ സമൂഹത്തിന്‍റെ വഴികളിലും വിളക്കില്ലാത്ത ചുമരുകള്‍ക്കിടയിലും ഞാന്‍ ഇടറിയിടറിപ്പോകുകയാണ്.വാസ്തവത്തില്‍ ഉറപ്പുള്ള ചുവടുകള്‍ തന്നെ.പക്ഷേ അതാര്‍ക്കുവേണം.ആര്‍ക്കും വേണ്ടാതാവുന്നതെന്നു എനിക്കു തോന്നുന്ന എന്‍റെ കാലടികളിലേക്ക് ഭൂതകാലത്തിന്‍റെ ലവണസാഗരം ആര്‍ത്തിരന്പിക്കയറുകയാണ്.എന്‍റെ നഗ്നമാം കാലടികള്‍ അതില്‍ മുങ്ങുകയും നനയുകയും ചെയ്ത് ഉപ്പുതരികള്‍ പുരണ്ട് ഇല്ലാതാവുകയുമാണ്.ഞാന്‍ ഉപ്പുജലത്തിലേക്ക് പതിക്കാന്‍ പോകുന്ന പോലെ.അപ്പോഴാണ് ഞാന്‍ കുതറുന്നത്.അകലുന്നത്.അകലേക്ക് ഓടിമാറുന്നത്.
ഇതെല്ലാമറിഞ്ഞ് പ്രിയംവദേ,നീ തകരുന്നുവല്ലേ..ഇല്ല,നിന്നെ വേദനിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.
നീ വേദനിക്കുന്നു..എരിയുകയും നീറുകയും ചെയ്യുന്നു..അകലെ കാണുന്ന കടല്‍ ആ രഹസ്യം അറിയുന്നുണ്ടായിരുന്നു അല്ലേ..
നിന്നെ വേദനിപ്പിക്കണമെന്ന യാതൊരു ഉദ്ദേശവും എനിക്കില്ല.
നീയെനിക്ക് സമുദ്രം കാവല്‍ നിന്ന നഗരത്തിലെ ആതിഥേയയും അതിഥിയുമാണ്.ബഹുനിലകളുടെ അതീതാവസ്ഥകളില്‍ നമ്മള്‍ തനിച്ചായതൊക്കെയും നമുക്ക് നമ്മളായിരിക്കാന്‍ തന്നെയാണ്.
നിന്നിലേക്കു നീങ്ങുന്ന പ്രകാശമാണ് എന്‍റെ പകലുകള്‍ .നിന്നില്‍ നിന്നു വരുന്ന നന്മകളാണ് അറപ്പിക്കുന്ന എന്‍റെ നഗ്നതയെ പുതപ്പിക്കുന്ന വസ്ത്രങ്ങള്‍ .ഞാന്‍ ചുണ്ടുകൊണ്ട് മീട്ടിയ വീണയാണ് നിന്‍റെ മേനിയും സ്വപ്നങ്ങളും നിന്‍റെ വചനങ്ങളും.
അതെന്‍റെയാണ്.എന്‍റെ സ്വത്ത്.ആര്‍ക്കും അതില്‍ അധികാരമില്ല.ആരും കരുതേണ്ട എന്‍റെ മുദ്ര വച്ച വാക്കുകള്‍ നിന്നില്‍നിന്നു എടുത്തുമാറ്റപ്പെട്ടുവെന്ന്.എന്‍റെ കൈയില്‍ ദൈവം സൂക്ഷിക്കാന്‍ തന്നിരിക്കുന്ന വാക്കുകളുടെ പതക്കങ്ങള്‍ കളഞ്ഞുപോയെന്നും ആരും ആഹ്ലാദിക്കേണ്ട.
കാറ്റുകള്‍ വന്നാല്‍ വീഴുന്ന കൊടിമരത്തെ കൊടിമരമെന്നല്ല വിളിക്കാറ്.പ്രണന്‍ പോയ ശരീരത്തിന്‍റെ ഭാരത്തെ താങ്ങാനാവാത്ത മരക്കഷണത്തെ കൊലമരമെന്നല്ല എഴുതാറ്.
ശരീരത്തെ പിളര്‍ത്തിയും ഹൃദയത്തെ ഒന്നാക്കിയും ഞാന്‍ നിന്നിലൂടെ വായിച്ച കവിതകളാണ് നമ്മുടെ കാലാതീതമായ പ്രണയം.അതാണ് സത്യം.ഇതിനിടയില്‍ വന്നകന്നുപോകുന്നതൊക്കെയും അകലേക്ക് പോകേണ്ടവരാണ്.അവര്‍ക്കുള്ളതാണ് ദൂരെക്കാണുന്ന വിളക്കുമരമോ നക്ഷത്രങ്ങളോ ചാന്ദ്രപ്രകാശമോ ഇല്ലാത്ത അഗാധഗര്‍ത്തങ്ങള്‍ .അവിടെ അവര്‍ക്ക് സാത്താന്മാര്‍ കൂട്ടുകാരായിരിക്കും.മറ്റൊന്നും കൊണ്ടല്ല,ഞാന്‍ നിങ്ങളെ വേദനിപ്പിക്കുകയായിരുന്നുവേന്ന്,തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന്,ധരിച്ചുവച്ചതിന്.അതിന്‍റെ പക എന്‍റെ മേല്‍ മൌനമായി വലിച്ചെറിഞ്ഞതിന്.
നിങ്ങളൊരിക്കലും സ്നേഹത്തെയും സൌഹൃദത്തെയും തിരിച്ചറിയുകയില്ലെന്നല്ല.അതല്ല നിങ്ങള്‍ക്കാവശ്യമെന്നാണ് ഞാനിപ്പോള്‍ പഠിക്കുന്നത്.
കറുത്ത പാഠപുസ്തകങ്ങള്‍ കഠാരമുനയാല്‍ നെഞ്ചിലെഴുതിപ്പഠിപ്പിക്കുന്ന പാഠങ്ങള്‍ .
ഇനിയും പറയട്ടെ.പരുക്കനാവുകയില്ല.മറന്നുപോവുകയുമില്ല മധു പുരട്ടിയ വിചാരങ്ങള്‍ .ഞാന്‍ ഞാനായിരിക്കുക തന്നെ ചെയ്യും.
നിനക്കായി..
എക്കാലത്തെയും എന്‍റെ കുഞ്ഞുമാലാഖേ,നിന്‍റെ പ്രകാശം എത്ര വിദൂരത്തുനിന്നു വന്നാലും അതെത്ര സന്പന്നമാണ്.
രണ്ടക്ഷരം കൊണ്ട് അളക്കുകയും പേര് വിളിക്കുകയും ചെയ്യുന്ന എന്‍റെ സര്‍വ്വരാജ്യമേ..നീയാണെന്‍റെ അതിര്‍ത്തി.അവിടെയാണെന്‍റെ സമ്രാജ്യം ഞാന്‍ പണിതുയര്‍ത്തുന്നത്.എന്തുകൊണ്ടെന്നാല്‍ ഇത്രയേയുള്ളൂ.
ക്ഷമിക്കാനും ഗ്രഹിക്കാനും തയ്യാറാവുന്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്.
നിനക്കെല്ലായ്പ്പോളും ക്ഷമയുണ്ട്. കേള്‍ക്കാനും മാപ്പുതരാനും മനസ്സിലാക്കാനും.എന്നെ സാന്ത്വനപ്പെടുത്തുന്നതും അതുമാത്രമാണല്ലോ.
കടലേ..അകലേ പോകുക..ഭൂതകാലത്തിന്‍റെ കെട്ടനാറ്റമുള്ള തിരകളുമായി നീ ഞങ്ങളുടെ  കരയിലേക്ക് പുറപ്പെടാതിരിക്കൂ..
ഓര്‍ത്തുവയ്ക്കുക.
എന്‍റെ ശിരോരേഖ തിരുത്താനുള്ള അധികാരം നിങ്ങള്‍ക്കുള്ളതല്ല,എനിക്കുമാത്രമുള്ളതാണ് .

14 comments:

  1. എക്കാലത്തെയും എന്‍റെ കുഞ്ഞുമാലാഖേ,നിന്‍റെ പ്രകാശം എത്ര വിദൂരത്തുനിന്നു വന്നാലും അതെത്ര സന്പന്നമാണ്.

    ReplyDelete
  2. വിദൂരത്തുനിന്നുവരുന്ന പ്രകാശം...സമ്പന്നമായത്.

    ഊഷ്മളമായ എഴുത്ത്.

    ReplyDelete
  3. നിന്നിലേ വേരുകള്‍ തേടി പൊകുവാന്‍ എനിക്കാവതില്ല ..
    എന്റെ കാതിലിപ്പൊഴും തിളക്കുന്നുണ്ട് നിന്റെ മൗനം ..
    ചിലപൊള്‍ ഇങ്ങനെയാണ് , കാലം മാറ്റുന്നതല്ല
    സ്വയം മാറി പൊകുന്നതാണ് , എങ്കിലും ഉള്ളില്‍
    ആര്‍ജവവും , ചുവടുകള്‍ക്ക് ശക്തിയും തെളിയുന്നുണ്ട്
    പക്ഷേ മാറ്റങ്ങളുടെ ചെരു തിരകള്‍ പൊലും
    ഉള്ളറകളുടെ തീരത്തേ കവരുന്നു , ഇല്ലാതാകുന്നു ..
    എത്ര വിദൂരെ നിന്നായാലും നിന്നില്‍ നിന്നും വരുന്ന
    കുഞ്ഞു കുഞ്ഞു പ്രതീഷകള്‍ പൊലും എന്നെ തളിര്‍പ്പിക്കുന്നു
    മഴയുടെ കുളിര്‍മയില്‍ നനയിപ്പിക്കുന്നു ..
    ഈ എഴുത്തും സമ്പന്നം സഖേ .. ഇഷ്ടമായി ..
    വരികളില്‍ മനസ്സിന്റെ കണങ്ങള്‍ കൊരുത്തു വച്ചിരിക്കുന്നു .....

    ReplyDelete
  4. "ദൈവം സൂക്ഷിക്കാന്‍ തന്ന വാക്കുകളുടെ പതക്കങ്ങള്‍ കളഞ്ഞുപോയിട്ടില്ല"! ആ വരി സന്തോഷം പകരുന്നു. . അതുകൊണ്ട് കുഞ്ഞു മാലാഖയും മലാഖയുടെ കുഞ്ഞും എന്നും സുഖമായിരിക്കട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.
    സസ്നേഹം അജിത

    ReplyDelete
  5. കേൾക്കുകയായിരുന്നു സശ്രദ്ധം.

    ReplyDelete
  6. പ്രിയപ്പെട്ടവരേ..
    കാതോര്‍ത്ത നിങ്ങള്‍ക്ക് നമസ്കാരം.നന്ദിയും.

    ReplyDelete
  7. കേൾക്കാൻ കഴിഞ്ഞു....

    ReplyDelete
  8. vallatha oru nombaram thonnunnu ennalum mashe athinum oru sukhamund alle

    ReplyDelete
  9. എഴുത്തിന്റെ പ്രമേയങ്ങളെക്കുറിച്ച് പറയാനാണെങ്കില്‍ നിര്‍മലമായ, ഹൃദ്യമായ പ്രമേയങ്ങളെഴുതുന്നതിലും നല്ലത് വേദനിപ്പിക്കുന്ന, അല്ലെങ്കില്‍ പരുക്കനായ പ്രമേയങ്ങളെഴുതുന്നത് തന്നെയാണെന്നാണെനിക്ക് തോന്നുന്നത്.. മാംസഭുക്കിന്റെ പ്രമേയം പോലുള്ളവ... ആദ്യം പറഞ്ഞ കാറ്റഗറിയില്‍ വരുന്ന സുഖകരമായ കഥകളെഴുതാനൊരുപാട് പേരുണ്ടല്ലോ.. നീറ്റുന്ന കഥകളെഴുതുമ്പോഴല്ലേ കല കലാപമാവുക.. കലാപം സൃഷ്ടിക്കുന്ന കഥകളേ കാലാതിര്‍വര്‍ത്തിയാവൂ എന്നാണ് ഞാന്‍ കരുതുന്നത്. എന്‍ എസ് മാധവന്റെ തിരുത്തും നിലവിളിയുമൊക്കെ പോലെ... പിന്നെ വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല... നിങ്ങളും പ്രിയംവദയും മറ്റുള്ളവരുമൊക്കെയായി അതങ്ങനെ നീങ്ങട്ടെ...

    ReplyDelete
  10. പ്രിയപ്പെട്ട ചന്ദ്രകാന്തന്‍ ,
    ഇത്തരം സര്‍ഗ്ഗാത്മകമായ പ്രതികരണങ്ങള്‍ എന്‍റെ ബ്ലോഗിന് ലഭിക്കുന്നത് വളരെ കുറവാണ്.പലരും കരുതുന്നത് എന്നോട് അഭിപ്രായം പങ്കിടാനും മാത്രം അവര്‍ ആയിട്ടില്ലെന്നോ മറ്റോ ആണ്.അങ്ങനെ കരുതുന്നതുകൊണ്ട് എല്ലാവരും വായിക്കും.പ്രതികരണം അറിയിക്കില്ല.താങ്കള്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി.കാലാതിവര്‍ത്തിയായേക്കാവുന്ന കഥകള്‍ക്കായി ഞാന്‍ പരിശ്രമിക്കാം.താങ്കളുടെ വാക്കുകള്‍ വലിയ പിന്‍ബലം തരുന്നു.
    പിന്നെ,വ്യക്തിപരമായ വിഷയങ്ങള്‍ ഇതിലൊന്നുമില്ല.വായനക്കാര്‍ക്ക് സുഖമായി വായിക്കാവുന്ന വിചാരങ്ങള്‍ മാത്രേ എഴുതാറുള്ളൂ.
    വീണ്ടും വരണം,സ്നേഹത്തോടെ,
    സുസ്മേഷ്.

    ReplyDelete
    Replies
    1. Hello Susmesh,
      I have the taste of ur story when i went through "apasarpakka chayagrahakan".I take an anticipatory bail before i thump in my thoughts.Sir i had gr8 expectations, as i heard about ur crafts from my friends.Now i feel a bit disheartened.I am no writer, neither a good reader, but i could tell you with my hands on heart, that i want to see you better. Sorry to say, i felt u complicate ur theme by using rudimentary malayalam words, which a common man of this era finds difficult to digest. your ideas are great, but needs chiseling before it is put for others to read.Sir pardon me if i cross the limit, but ur this entry in the blog is just like a page from diary.
      Congratulations for the Award.Hope to see u again in flying colours, cutting short.

      Delete
  11. വീണ്ടും വന്നു. :)

    ReplyDelete
  12. പ്രിയപ്പെട്ട kaali,
    എന്‍റെ എഴുത്തിനെപ്പറ്റി എന്തു പറയാനും മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ല.സുഹൃത്തുക്കള്‍ പറഞ്ഞത് തീര്‍ച്ചയായും അവരുടെ അഭിപ്രായമാണ്.പക്ഷേ താങ്കള്‍ക്ക് അങ്ങനെ ഒരഭിപ്രായമുണ്ടാകണമെങ്കില്‍ അപസര്‍പ്പക ഛായഗ്രഹകന്‍ മാത്രം വായിച്ചാല്‍ പോരാ.കുറഞ്ഞത് പത്തു കഥയെങ്കിലും വായിക്കണം.എന്നെ മാത്രമല്ല,ഏത് എഴുത്തുകാരനെ വിലയിരുത്താനും അതാവശ്യമാണ്.അപസര്‍പ്പക ഛായാഗ്രഹകന്‍ രചനയില്‍ ചില പോരായ്മകള്‍ എനിക്കും തോന്നിപ്പിച്ച കഥയാണ്.അത് അടുത്തതില്‍ തിരുത്താന്‍ ശ്രമിക്കാം.
    പിന്നെ കഥയുടെ ആഖ്യാനത്തില്‍ കഴിയുന്നത്ര മലയാളപദങ്ങള്‍ ഉപയോഗിക്കുന്ന കാര്യം.അഥ് ആഖ്യാനത്തില്‍ മാത്രമല്ലേയുള്ളൂ.സംഭാഷണങ്ങളില്‍ അങ്ങനെ നിര്‍ബന്ധം വയ്ക്കാറില്ലല്ലോ.അത് മനപ്പൂര്‍വ്വമാണ്.അതായത് നമ്മുടെ നിത്യജീവിതത്തിലെ പല സാധനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇംഗ്ലീഷിലെ പദങ്ങള്‍ കല്ലിച്ചുകിടക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.ഉദാ-ഫ്രിഡ്ജ്,ഈ മെയ്ല്‍ ,കന്പ്യൂട്ടര്‍ ,പ്രിന്‍റര്‍ .. നമ്മുടെ നല്ല ഭാഷയാണ്.തത്തുല്യമായ മലയാളപദങ്ങള്‍ കണ്ടെത്തി പ്രയോഗിക്കാത്ത കുഴപ്പമേയുള്ളൂ.അതിനാണ് ഞാന്‍ ശ്രമിക്കുന്നത്.ഇന്നല്ലെങ്കില്‍ നാളെ അത് പ്രയോഗത്തിലായിക്കൊള്ളും.
    മരിച്ചുപോയ ആബേലച്ചനാണ് പല കുര്‍ബാനകളും പ്രാര്‍ത്ഥനകളും പണ്ടുകാലത്ത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.അതായത് അച്ചന്‍ ചെയ്ത സംഭാവനയാണ് മലയാളി ക്രിസ്ത്യാനികള്‍ മലയാള ഭാഷയില്‍ ഇന്നും ആവര്‍ത്തിക്കുന്നത്.അതേപോലെ പലരും ചെയ്തിട്ടുണ്ട്.അതൊക്കെയാണ് നമ്മുടെ ഭാഷയുടെ സൌന്ദര്യം. അത്തരം മലയാള തര്‍ജ്ജമകളും പദപ്രയോഗങ്ങളും ആര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിട്ടില്ലല്ലോ.
    സംസ്കൃത പദങ്ങളോ കടിച്ചാല്‍ പൊട്ടാത്ത മലയാള പര്യായപദങ്ങളോ ഞാന്‍ ഉപയോഗിക്കാറുമില്ല.
    ഗോറ്റിന് മതില്‍ വാതില്‍ എന്നും ലിഫ്റ്റിന് ഉയരും മുറി എന്നും എയര്‍കണ്ടീഷണറിന് ശീതീകരണി എന്നുമൊക്കെയാണ് ഞാന്‍ പ്രയോഗിക്കുന്നത്.ഇത് എല്ലാവര്‍ക്കും മനസ്സിലാവുന്നതല്ലേ..?
    ഇനി അങ്ങോട്ടൊരു ചോദ്യം.ഇംഗ്ലീഷ് വായിക്കുന്പോള്‍ പെട്ടെന്ന്‌ അര്‍ത്ഥം കിട്ടാത്ത എത്രയെത്ര വാക്കുകളും പ്രയോഗങ്ങളും നമ്മള്‍ വിഴുങ്ങാറുണ്ട്.?അതുകൊണ്ട് ആശയം മനസ്സിലാക്കാതെ പോകാറുണ്ടോ..? അവയുടെ അര്‍ത്ഥം ആലോചിച്ചോ നിഘണ്ടു നോക്കിയോ കണ്ടുപിടിക്കുകയല്ലേ ചെയ്യുക..?
    അതേ വിധത്തില്‍ മലയാള ഭാഷ മനസ്സിലാക്കാനും എല്ലാവരും പഠിക്കേണ്ടതുണ്ട്.അത് ഭാഷയോടുള്ള എന്‍റെ സ്നേഹമാണ്.
    ദയവായി ആ ശൈലി തുടരുന്നതിന് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
    താങ്കളുടെ ആത്മാര്‍ത്ഥതയോട് ഹൃദയപൂര്‍വ്വം നന്ദിയും കടപ്പാടും അറിയിക്കുന്നു.ഇനിയും വായിക്കണം,അഭിപ്രായങ്ങള്‍ എഴുതണം.ഇതൊരു ഏറ്റുമുട്ടലായി കണക്കാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
    സ്നേഹത്തോടെ,
    സുസ്മേഷ്.

    ReplyDelete
  13. <>
    <>
    (കുറച്ചു കാലം ആയി എന്നെ അലട്ടുന്നതും ഇതേ കാര്യം.)
    മനോഹരമായ ശൈലി, അഭിനന്ദനങ്ങള്‍.

    ReplyDelete