Friday, April 15, 2011

9 ന് രണ്ടാം പതിപ്പ്.അതോടൊപ്പം ചില കണക്കുകൂട്ടലുകളും.


ന്‍റെ രണ്ടാമത്തെ നോവലായ 9 ന് രണ്ടാം പതിപ്പിറങ്ങി.2007 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന് 2008 ഒക്ടോബറിലാണ് പുസ്തകരൂപം വന്നത്.ആ കാലതാമസം എന്‍റെ അമാന്തമായിരുന്നു.ഒന്നുകൂടി മിനുക്കിയെഴുതാനുള്ള പ്രേരണയാല് സംഭവിച്ച അമാന്തം.അന്ന് 1500 കോപ്പിയാണ് 9 അച്ചടിച്ചത്.ഇപ്പോള്‍ 2000 കോപ്പി.നാലു വര്ഷം വേണ്ടിവന്നു നാല്‍പ്പതിലധികം വിതരണ ശാലകളുള്ള പ്രമുഖ സ്ഥാപനത്തിലൂടെ ആദ്യത്തെ 1500 പ്രതി വിറ്റഴിയുവാന്‍.ഇത് സത്യമാണെങ്കില്‍,ദൈവമേ ഞാനൊരു എഴുത്തുകാരനാണോ..!
കഴിഞ്ഞ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം കേരളത്തില്‍ മൂന്നേകാല്‍ കോടിയോളം ജനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.സാക്ഷരതാശതമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും കേരളം തന്നെ.ആളോഹരി വരുമാനമനുസരിച്ച് ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നവരും കേരളീയരത്രേ.ഇവിടെ പ്രതിവര്‍ഷം വിറ്റഴിയപ്പെടുന്ന ഉല്പന്നങ്ങളുടെ കണക്കുകണ്ട് ഞെട്ടിയിട്ടാണല്ലോ അന്താരാഷ്ട്ര കച്ചവടഭീമന്മാര്‍ കടല്‍ കടന്ന് കേരളത്തിലേക്ക് പോരുന്നത്.കേരളത്തില്‍ മുളച്ചുപൊന്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അക്ഷരസ്നേഹികളായ നടത്തിപ്പുകാരുടെയും എണ്ണം കണ്ടാല്‍ നമുക്ക് തലചുറ്റിപ്പോകും.ഓരോ വീട്ടിലെയും വിദ്യാര്‍ത്ഥികള്‍ കാലത്ത് നാലുമുതല്‍ ട്യൂഷന്‍ പഠിക്കാന്‍ പോകുന്നുണ്ടെന്നാണ് അറിവ്.അത്രയേറെ വിജ്ഞാനദാഹികളാണ് നമ്മള്‍.
മൂന്നേകാല്‍ കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ പക്ഷേ ഒന്‍പതിനായിരത്തോളം വായനശാലകള്‍ മാത്രമേയുള്ളു എന്നത് അല്പം കഷ്ടമാണ്. ഇക്കണ്ട ദുനിയാവിലെ ഇസ്കൂളുകളിലെല്ലാം ഗ്രന്ഥപ്പുരകളുമുണ്ടത്രേ.അവിടെയും ഗ്രന്ഥങ്ങള്‍ വേണമല്ലോ.ഒന്‍പതിനായിരത്തോളം വായനശാലകള്‍ ഓരോ കോപ്പിവീതം വാങ്ങിയാലെങ്കിലും കൊള്ളാവുന്ന ഒരെഴുത്തുകാരന്‍റെ പുസ്തകം ആദ്യപതിപ്പില്‍ 9000 പ്രതികള്‍ അച്ചടിക്കേണ്ടതാണ്.നിര്‍ഭാഗ്യവശാല്‍ ഇവിടെ നാലോ അഞ്ചോ പതിപ്പിലായി അതി പ്രശസ്തരുടെതുപോലും കഷ്ടി ഒന്പതിനായിരമേ ചെലാകുന്നുളളൂത്രേ.പ്രസാധകര്‍ തരുന്ന കണക്കാണ്. വായനശാലയില്‍ പോകാതെ നേരിട്ടു പുസ്തകം വാങ്ങുന്ന ചിലരെങ്കിലും ഈ മൂന്നേകാല്‍ കോടിയില്‍ കാണുമല്ലോ.അങ്ങനെയെങ്കില്‍ അവരെയും കൂടി ഉള്‍പ്പെടുത്തി നോവലെങ്കിലും പതിനായിരം കോപ്പി നമ്മുടെ നാട്ടില്‍ ആദ്യപതിപ്പ് ഇറക്കാവുന്നതല്ലേ..?ധാരാളം മെന്പര്‍ഷിപ്പുള്ള ചില വലിയ ഗ്രന്ഥശാലകള്‍ക്ക് ഒരു കോപ്പി മതിയാവില്ല.അവര്‍ ഓരോ പുസ്തകവും രണ്ടുകോപ്പി വീതം വാങ്ങാറുണ്ടെന്നും കേള്‍ക്കുന്നു.അതൊക്കെപ്പോട്ടെ,ഒന്‍പതിനായിരം വായനശാലകളുടെ പാതി വായനശാലകള്‍ക്കെങ്കിലും ഓരോ പുസ്തകവും വാങ്ങാമല്ലോ.എന്നാലും ആദ്യപതിപ്പ് മൂവായിരമെങ്കിലും ആകില്ലേ.?
വായനശാലകള്‍ക്കെല്ലാം നോവലുകള്‍ മതി.നോവലുകള്‍ മാത്രം.നോവല്‍ എന്ന് പുറം ചട്ടയില്‍ അടിച്ചിട്ട് അകത്ത് പാചകക്കുറിപ്പോ വല്ല ചവറോ നിറച്ചുവച്ചാലും ലൈബ്രറി കൌണ്‍സിലിന്‍റെ ആണ്ടുമേളയില്‍നിന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ നോവല്‍ വാങ്ങിക്കോളും.എന്നിട്ടും മുന്തിയ പ്രസാധകന്‍ പോലും ഇവിടെ നോവലിന് പുതിയ പതിപ്പിറക്കാന്‍ മടിക്കുന്നു.പലരും ആദ്യപതിപ്പ് 2000 കോപ്പിയേ പുറത്തിറക്കുന്നുള്ളു. എം.ടിയുടെയും സാറാ ജോസഫിന്‍റെയും ഒ.വി.വിജയന്‍റെയും ഒക്കെ നോവലുകള്‍ക്കും മറ്റ് നോവലെഴുത്തുകാര്‍ക്കും ഇതേ ഗതി.അതേസമയം ഇതേനാട്ടില്‍ത്തന്നെ എം.മുകുന്ദന്‍റെ പ്രവാസവും ആനന്ദിന്‍റെ വിഭജനങ്ങളും ആദ്യപതിപ്പില്‍ത്തന്നെ അയ്യായിരവും പതിനായിരവും ഇറങ്ങിയിട്ടുമുണ്ട്,വിജയന്‍റെ തലമുറകളും.പറയുന്നതിന് അപവാദം പോലെ ചില പുസ്തകങ്ങള്‍ മാത്രം മൂന്നുമാസം കൂടുന്പോള്‍ രണ്ടായിരമോ മൂവായിരമോ വീതം പതിവായി വിപണിയിലെത്തും.
അരുന്ധതി റോയിയുടെ ഇംഗ്ലീഷ് നോവലിന്‍റെ മലയാളവിവര്‍ത്തനം ഇക്കൊല്ലം 25000 പ്രതിയാണ് ആദ്യപതിപ്പില്‍ അച്ചടിച്ചത്.ഇത് വായിക്കുന്നത് മലയാളികളല്ലേ..?അവര്‍ക്ക് മറ്റ് മലയാളം എഴുത്തുകാരോട് വിരക്തിയാണോ..?
ഇതിനെക്കാള്‍ ഒട്ടും പിന്നിലല്ല ഇവിടെ പിറവിയെടുക്കുന്ന പ്രസാധകശാലകളും.ഓരോ വീട്ടിലും ഓരോ പ്രസാധകന്‍ ഉണ്ടെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഇടയില്‍ എവിടെയാണ് ഈ പരാമര്‍ശിക്കപ്പെടുന്ന വായനക്കാര്‍ മറഞ്ഞിരിക്കുന്നത്.?അല്ലെങ്കില്‍ മൂന്നേകാല്‍ കോടി ജനങ്ങളില്‍ കാല്‍ക്കോടി പോലും വായനാശീലമില്ലാത്തവരോ മായാജാലക്കാരോ ആണോ..?എങ്കില്‍ എല്ലാ ജില്ലയിലും താലൂക്കുകളിലും പ്രസാധകന്മാര്‍ സ്ഥാപനം തുറക്കുന്നത് എന്തിനാണ്…?വിപണിയില്ലെങ്കില്‍ എന്തിനാണ് പ്രസാധകര്‍ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ അച്ചടിപ്പിക്കുന്നത്..?എന്തുകൊണ്ടാണ് ജനപിന്തുണയുണ്ടെന്ന് പ്രസാധകര്‍ക്കുപോലും ഉറപ്പുള്ള എഴുത്തുകാരന്‍റെ നോവലുകള്‍ ആദ്യപതിപ്പ് പതിനായിരം കോപ്പിയോ അയ്യായിരം കോപ്പിയോ മൂവായിരം കോപ്പിയോ അടിക്കാത്തത്? ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെ എന്തിനാണ് ലൈബ്രറികൌണ്‍സിലിന്‍റെ മേളകളില്‍ ഇത്ര തിക്കും തിരക്കും.?
കേന്ദ്ര ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ എന്‍റെ പരിചയക്കാരന്‍ മാസങ്ങളോളം ലീവെടുത്തുനിന്ന് പുസ്തകം പ്രസിദ്ധീകരിച്ച് മേളകളില്‍ തൊണ്ടകീറി വില്‍ക്കുന്നതുകാണാം. ലാഭമില്ലെങ്കില്‍ അതായത് വില്‍പനയില്ലെങ്കില്‍ പിന്നെ അവരൊക്കെ ഈ പണിക്ക് നില്‍ക്കുമോ..എട്ടുമണി കഴിഞ്ഞ് ചെന്നാല്‍ അദ്ദേഹം പറയും.’’ദാ ആ പ്രസാധകന്‍ ചാക്കിലാ പണം കൊണ്ടുപോകുന്നത്..മറ്റേ പ്രസാധകന്‍ മൊത്തം കച്ചവടത്തിന്‍റെ മൂന്നിലൊന്ന് കൊണ്ടോയി..’’ എന്നിങ്ങനെ.ഈ താല്‍ക്കാലിക പ്രസാധകരൊക്കെ എഴുത്തുകാര്‍ക്ക് കൃത്യമായും പണം കൊടുക്കുന്നുണ്ടോ..?
എന്നെപ്പോലുള്ള താരതമ്യേന നവാഗതനായ എഴുത്തുകാരന് പോലും ഒരു നോവലിന്‍റെ 1500 കോപ്പി വിറ്റുകിട്ടാന്‍ നാലു കൊല്ലം ഈ കേരളത്തിലെ വായനാസമൂഹത്തില്‍ കാത്തുനില്‍ക്കണമോ..?എങ്കില്‍ പുസ്തകശാലകളില്‍ അതേ പുസ്തകം നാലുകൊല്ലവും കെട്ടിക്കിടക്കേണ്ടതല്ലേ..? അതു സംഭവിക്കുന്നില്ലെങ്കില്‍ വിറ്റുതീര്‍ന്നാലുടന്‍ പുതിയ പതിപ്പ് ഇറക്കിക്കൂടേ.?ഡി ആദ്യപതിപ്പ് 2005 ല്‍ 2000 കോപ്പിയായിരുന്നു.അതേ വര്‍ഷം തന്നെ 1000 കോപ്പികൂടി പ്രസിദ്ധീകരിച്ചു.പിന്നെ ഇതുവരെ പുതിയ പതിപ്പ് ഉണ്ടായിട്ടില്ല.ഇവിടെ നോവലിന് വില്‍പ്പനയുണ്ടെന്ന് പറയുന്നത് നേരാണെങ്കില്‍ എന്തുകൊണ്ട് ഡി പുതിയ പതിപ്പിറങ്ങുന്നില്ല.ഡി പോലുള്ള മറ്റ് നോവലുകളും ഇറങ്ങുന്നില്ല.മൂന്നേകാല്‍ കോടി ജനങ്ങളില്‍ എന്നെ (ഞങ്ങളെ) വായിക്കാന്‍ മൂവായിരം പേര്‍ മാത്രം എന്നര്‍ത്ഥം.ഇപ്പോള്‍ എന്‍റെ അഹങ്കാരവും ശരീരഭാരവും കുറഞ്ഞ് കുറഞ്ഞ് നാമമാത്രമാവുകയാണ്..എഴുത്തുകാരനെന്ന നിലയില്‍ ഇതൊക്കെ എനിക്കുമാത്രമല്ല ബാധകം. മറ്റുള്ളവരുടെ കൃതികളുടെ പേര് പറഞ്ഞാല്‍ അവര്‍ക്ക് ആക്ഷേപമാകുമോ എന്നു ഭയന്ന് ഞാനെന്‍റെ പുസ്തകങ്ങളുടെ കണക്ക് നിരത്തീന്നേ ഉള്ളൂ.സമകാലികരായ മിക്കവാറും എഴുത്തുകാരുടെയും അവസ്ഥ കേരളത്തില്‍ ഇതുതന്നെ.
ആയതിനാല്‍ പ്രിയ സുഹൃത്തുക്കളേ..ആരാധനയൊക്കെ കുറച്ചോളൂ..ഞങ്ങളൊക്കെ നിങ്ങളാല്‍ വായിക്കപ്പെടാത്ത,അറിയപ്പെടാത്ത പേനയുന്തുകാര്‍ മാത്രമാണ്.മൂന്നേകാല്‍ കോടി ജനങ്ങളിലെ സാക്ഷരന്മാരില്‍ വെറും രണ്ടായിരമോ അയ്യായിരമോ പേര്‍ മാത്രം കഷ്ടിച്ച് തിരിച്ചറിയുന്ന പാവങ്ങള്‍ മാത്രമാണ്.മറിച്ചാണെന്ന് അഹങ്കരിക്കുന്ന അധമന്മാരുമാണ്.
ഇന്ന് ഈ കേരളത്തില്‍ നന്നായി വിറ്റുപോകുന്ന സാഹിത്യം ലക്ഷ്മിനായരുടെ മൂന്ന് പാചകപ്പുസ്തകങ്ങളാണ്.അവ ഓരോ പതിപ്പിലും അയ്യായിരമാണ് അച്ചടിക്കുന്നത്.പലതും പതിനഞ്ചും പതിനെട്ടും എഡിഷനുകളായിട്ടുമുണ്ട്.ഏറെക്കുറെ മൂന്നുമാസം കൂടുന്പോള്‍ അവ റീ പ്രിന്‍റ് ചെയ്യുന്നുമുണ്ട്.മലയാളിപ്പെണ്‍കുട്ടികള്‍ മുഴുവന്‍ പുസ്തകം വായിച്ചാണോ ഭക്ഷണണമുണ്ടാക്കുന്നത്.ആയിരിക്കില്ല..അതോ സാഹിത്യം വായിക്കുന്നവര്‍ കറിമസാലയുടെ മണമുള്ള പാചകക്കൂട്ടുകളിലാണോ ഇപ്പോ രസം കണ്ടെത്തുന്നത്..ലക്ഷ്മിനായര്‍ കഴിഞ്‍ഞാല്‍ പിന്നത്തെ പാചകക്കാരും കൃതികളും ഇവരാണ്.പെരുന്പടവത്തിന്‍റെ ഒരു സങ്കീര്‍ത്തനം പോലെ.എം.ടിയുടെ രണ്ടാമൂഴം,എം.കെ.രാമചന്ദ്രന്‍റെ മൂന്ന് ഹിമാലയ യാത്രവിവരണങ്ങള്‍, ഇപ്പോള്‍ ബെന്യാമിന്‍റെ ആടുജീവിതവും.(ഇവയൊക്കെ മലയാളിയെ ആഴത്തില്‍ സ്വാധീനിച്ച കൃതികളാണെന്നതില്‍ എനിക്ക് അഭിപ്രായവ്യത്യാസമോ കുശുന്പോ ഇല്ല.വില്പനയിലെ ചില കണക്കുകളുടെ വൈരുദ്ധ്യം അന്വേഷിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.)ബാക്കിയൊക്കെ ആദ്യം പറഞ്ഞപോലെ ആദ്യപതിപ്പിലെ ആയിരം കടന്നുകിട്ടാനും അഞ്ച് കൊല്ലം കഴിഞ്ഞ് ഭാഗ്യമുണ്ടെങ്കില്‍ സംഭവിക്കുന്ന രണ്ടാംപതിപ്പിലെ ആയിരം കോപ്പി തീര്‍ന്നുകിട്ടാനും വേളാങ്കണ്ണിയിലും ശബരിമലയിലും മക്കയിലും പ്രസാധകസ്ഥാപനത്തിലും എഴുത്തുകാരന്‍ വഴിപാട് കഴിക്കണം. അടുക്കളയ്ക്കു പുറത്തുകൂട്ടിയ അടുപ്പില്‍ മൂന്നുനേരം വിവാദം വേവിക്കയും വേണം.
ആദ്യപതിപ്പിറക്കാന്‍ കന്പോസിങ്ങ് ചാര്‍ജ്ജും പ്രൂഫ് കൂലിയും കവര്‍ രൂപകല്‍പനയുടെ ചെലവും അച്ചടിക്കൂലിയും വിതരണക്കൂലിയും പരസ്യക്കൂലിയും എല്ലാം കൂടി പ്രസാധകന് നല്ലൊരു സംഖ്യ ചെലവ് വരുമെന്നത് സത്യമാണ്. എന്നാല്‍ രണ്ടാം പതിപ്പിറക്കാന്‍ അതേ പ്രസാധകന് ഇന്നത്തെക്കാലത്ത് അച്ചടിക്കടലാസിന്‍റെയും വിതരണച്ചെലവിന്‍റെയും മുതല്‍മുടക്കില്ലാതെ വല്ലതും കൂടുതലായി ആവശ്യമുണ്ടോ..?എന്നിട്ടും എന്താണ് രണ്ടാം പതിപ്പില്‍ എഴുത്തുകാരന് റോയല്‍റ്റി വര്‍ദ്ധിപ്പിച്ചു നല്‍കാത്തത്..?റോയല്‍റ്റി വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ ഇത്രയും ദരിദ്രമായ വായനാസാഹചര്യം നില്നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടാം പതിപ്പ് മുതല്‍ പുസ്തകത്തിന് പ്രസാധകന്‍ വില കുറയ്ക്കാത്തത് എന്താണ്..?അങ്ങനെയെങ്കില്‍ കൂടുതല്‍ വായനക്കാര്‍ പുസ്തകം വാങ്ങുകയില്ലേ…?രണ്ടാം പതിപ്പിനും മൂന്നാം പതിപ്പിനും വീണ്ടും കന്പോസിങും മുഖപടനിര്‍മ്മാണവും ഒക്കെ ആവശ്യമായിരുന്ന ലെറ്റര്‍ പര്സ് അച്ചടിക്കാലത്തെ പ്രസാധക കരാറിന് ഇന്നത്തെക്കാലത്ത് മാറ്റം വരുത്തേണ്ടതല്ലേ..? റോയല്‍റ്റി ആനുപാതികമായി കൂട്ടേണ്ടതല്ലേ..? എന്തുകൊണ്ട്,എന്തുകൊണ്ട്,എന്തുകൊണ്ട് ഇതൊന്നും സംഭവിക്കുന്നില്ല..?
എന്തായാലും പുറത്തുവരുന്ന എല്ലാ കണക്കിലും എനിക്ക് അവിശ്വസനീയതയുണ്ട്.സര്‍ക്കാരിന്‍റെ ജനസംഖ്യാകണക്കിലും. ഇത്തരം അവിശ്വസനീയതകള്‍ എന്നെ കൂടുതല്‍ സന്ദേഹിയാക്കുന്നു.മൂന്നേകാല്‍ കോടി ജനങ്ങള്‍ വാസ്തവത്തില്‍ കേരളത്തില്‍ കാണുകയില്ല..അതൊരു പെരും നുണയായിരിക്കാം.അതുപോലെ ഒന്പതിനായിരത്തോളം വായനശാലകളും കാണുകയില്ല.ഉണ്ടെന്ന് കണക്കുകളില്‍ ഭാവിക്കുന്നതായിരിക്കും.വല്ല രണ്ടായിരമോ മറ്റോ വായനശാലകളേ നാട്ടില്‍ കാണൂ.. സ്കൂള്‍ ലൈബ്രറികളും മായയായിരിക്കാം.അല്ലെങ്കില്‍ പുറത്തുവിട്ടിരിക്കുന്ന സാക്ഷരതയുടെ കണക്കിലാവാം തട്ടിപ്പ്.വായനക്കാരുടെ കണക്കിലും,ലൈബ്രറിമേളകളിലെ ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളിലും വില്‍ക്കപ്പെടുന്ന പുസ്തകത്തിന്‍റെ കണക്കുകളിലും മൊത്തം ജനസംഖ്യയുടെ കാര്യത്തിലും കുട്ടിച്ചാത്തന്‍ കളിക്കുന്നുണ്ടാവാം.നമ്മള്‍ ഇക്കാണുന്നതൊക്കെ മായയാവാം.
അങ്ങനെയെങ്കില്‍ മലയാളികളുടെ അദൃശ്യപരിപാടികളില്‍ ഒന്നത്രേ എവിടെയോ മറഞ്ഞുനിന്നുള്ള പുസ്തകം വാങ്ങലും വായനയും.

--------- എല്ലാ വായനക്കാര്‍ക്കും വിഷു ആശംസകള്‍ -------------