Monday, April 23, 2012

ഞാനിപ്പോള്‍ പരോളില്‍ നില്‍ക്കുന്ന എഴുത്തുകാരന്‍

പ്രിയപ്പെട്ട വായനക്കാരേ..,


ഇവിടെ ഇപ്പോള്‍ വേനല്‍മഴയുടെ വിരുന്നുവരവുകളാണ്.കുട്ടികളെപ്പോലെയും പറഞ്ഞുപറ്റിക്കുകയാണെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തിരക്കുള്ള വ്യക്തിയെപ്പോലെയും മഴ കൊതിപ്പിക്കുന്നു.വരാമെന്നു പറഞ്ഞിട്ട് മാറിപ്പോകുന്നു.ചിലപ്പോള്‍ ചില മരപ്പണിക്കാരെപ്പോലെ ഉളിയും മുഴക്കോലും വച്ച് വേറെ സ്ഥലത്ത് പണിക്കുപോകുന്നു.അങ്ങനെ നനച്ചുപോകുന്പോഴും വൈകാതെ വന്ന് ഒരു തച്ച് പണിത് നമ്മെ സന്തോഷിപ്പിക്കുമെന്ന് നമുക്കറിയാമല്ലോ.അതാണല്ലോ കാത്തിരിപ്പ്.അല്ലേ..?


കഴിഞ്ഞദിവസം കോഴിക്കോട് പുറക്കാട്ടിരിക്കടുത്ത് അനൂപേട്ടന്‍റെ വീട്ടില്‍ പോയപ്പോള്‍ നല്ല നാടന്‍ മാന്പഴം തിന്നു.ഗാര്‍ഡന്‍ ഫ്രഷ്!എന്‍റമ്മേ എന്തൊരു വാക്ക് !
രാത്രി ഞങ്ങള്‍ രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്പോള്‍(ഞങ്ങള്‍ തനിച്ചായിരുന്നു.അണ്‍ലിമിറ്റഡ് ടോക്ക് ടൈം ഓഫര്‍ !! ഭാര്യമാര്‍ പിണങ്ങരുതേ.)പുറത്ത് മാന്പഴം വീഴുന്ന സ്വരം കേള്‍ക്കാം.ചെറിയ നാടന്‍ മാങ്ങയാണ്.അതുകൊണ്ട് രുചിയാണെങ്കില്‍ പിടിച്ചാല്‍ കിട്ടാത്തതും.അനൂപേട്ടന്‍ ടോര്‍ച്ചുമായി ആദ്യമിറങ്ങും.പിന്നാലെ ഞാനും.അങ്ങനെയങ്ങനെ രാത്രി കുറേ മാന്പഴം തിന്നു.ഈ സീസണിലെ ആദ്യമാന്പഴരുചി.
അടിക്കുറിപ്പായി രേഖപ്പെടുത്തുന്ന സങ്കടം-മാന്പഴപ്പുളിശ്ശേരിക്ക് സാധ്യതയില്ലായിരുന്നു എന്നതാണത്.വല്ല മാര്‍ഗ്ഗവും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അവന്‌മാരെ തോര്‍ത്തില്‍ കെട്ടി വീട്ടിലെത്തിച്ചേനെ.ഹാ..ഓര്‍മ്മയിലെ മാന്പഴപ്പുളിശ്ശേരിക്കാലം.പിഴിഞ്ഞു പിഴിഞ്ഞു ചോറു മഞ്ഞയാക്കി മധുരത്തോടെ ഉണ്ടകാലം.
ചിലപ്പോള്‍ ഈ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.!


കഴിഞ്ഞ നാലഞ്ചു ദിവസായി സ്ഥിരമായി മൂന്നുനേരം എനിക്കൊരു മെസേജ് വരുന്നുണ്ട്.ഞാനിന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു വായനക്കാരി സുഹൃത്താണ് അയക്കുന്നത്.മെസേജ് പരന്പരയുടെ ആദ്യത്തെ തുടക്കം ഇങ്ങനെയാണ്.'ഹേയ്,എനിക്കൊരു മുളംതത്ത കുഞ്ഞിനെ കിട്ടി.പറക്കാന്‍ പഠിപ്പിക്കുന്പോള്‍ വീണുപോയതാണെന്ന് തോന്നുന്നു.കാലിനെന്തോ വയ്യായ്ക ഉണ്ട്.മാന്പഴച്ചാറ് ചുണ്ടിലിറ്റിച്ചു കൊടുക്കുന്നു.പീലിയെന്നാണ് ഞാന്‍ പേരിട്ടിരിക്കുന്നത്.'
എനിക്ക് വലിയ സന്തോഷമായി.പീലി എന്ന് തത്തക്കുഞ്ഞിന് പേരിട്ടതുതന്നെ കാരണം.പീലി എന്‍റെ കഥയിലെ പേരാണല്ലോ.ഒരെഴുത്തുകാരന് ഇതില്‍പ്പരം ആഹ്ലാദം വേറെന്തുവേണം.?
ഇപ്പോ ദിനവും മെസേജ് വരും.പീലിയുടെ വിശേഷങ്ങളാണ്.ഇന്നലെ കക്ഷിക്ക് കുഞ്ഞിച്ചുണ്ടുകൊണ്ട് രണ്ടു കൊത്ത് കിട്ടിയത്രേ.നന്നായിപ്പോയി!മുറിയില്‍ പറത്തി പരിശീലനം കൊടുക്കുകയാണ്.വാവു മാറുന്പോ പറന്നുപൊക്കോളും.
ആ നന്മയുള്ള സ്നേഹിതയ്ക്കും എനിക്കു സന്തോഷം പകര്‍ന്ന് അയച്ചുതന്ന സന്ദേശങ്ങള്‍ക്കും നന്ദി.ഇനി പ്രധാനകാര്യത്തിലേക്ക് വരാം.(നിങ്ങളുടെ തലേവിധി!)വര്‍ത്തമാനം ദിനപ്പത്രത്തില്‍ ഇന്നലെ വന്ന അഭിമുഖമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.രാധിക സി.നായര്‍ നടത്തിയ ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം keralaliterature.com -ല്‍ വായിക്കാം.
നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും പങ്കിടുമല്ലോ..സ്നേഹത്തോടെ,
സുസ്മേഷ്.

Thursday, April 19, 2012

ബാര്‍കോഡ് - പുതിയ കഥാസമാഹാരം പുറത്തിറങ്ങി


പ്രിയപ്പെട്ട വായനക്കാരേ..,


വളരെ സന്തോഷത്തോടെ എന്‍റെ പുതിയ കഥകളുടെ സമാഹാരം ബാര്‍കോഡ് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു.
ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം(chinthapublishers@gmail.com) ആണ് പ്രസാധകര്‍ . വില 70 രൂപ.
മെറൂണ്‍ ,ബാര്‍കോഡ്,മാംസഭുക്കുകള്‍ ,ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം,ചക്ക,ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ,പൂച്ചി മാ,ദാരുണം,സാമൂഹിക പ്രതിബദ്ധത,ബുബു എന്നീ പത്ത് കഥകളാണ് ബാര്‍കോഡ് സമാഹാരത്തില്‍ ഉള്ളത്.ചിന്ത പ്രസിദ്ധീകരിക്കുന്ന എന്‍റെ ആദ്യ സമാഹാരവും കൂടിയാണിത്.എന്‍റെ മറ്റ് പുസ്തകങ്ങളെ സ്വീകരിച്ച വായനക്കാര്‍ ബാര്‍കോഡിനെയും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നല്ല രീതിയില്‍ പുസ്തകം പുറത്തിറക്കിയിട്ടുള്ള ചിന്തയ്ക്ക് എന്‍റെ നന്ദിയും സന്തോഷവും.
ഇനി വിലയിരുത്തേണ്ടത് നിങ്ങളാണല്ലോ.നക്ഷത്രം നക്ഷത്രമാണെന്നും പുല്‍ക്കൊടി പുല്‍ക്കൊടിയാണെന്നും പറയാനുള്ള ആര്‍ജ്ജവും അറിവും മറ്റാര്‍ക്കാണ്.!


സാധ്യമാകുമെങ്കില്‍ എല്ലാവരും പുസ്തകം വാങ്ങിവായിക്കണമെന്നും അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ,
സുസ്മേഷ്.

Tuesday, April 17, 2012

പേപ്പര്‍ ലോഡ്ജ് വായിക്കുമല്ലോ.


പ്രിയപ്പെട്ട വായനക്കാരേ..
നമ്മള്‍ തമ്മിലുള്ള പരസ്പരബന്ധമാണല്ലോ ഈ ബ്ലോഗും അതിന്‍റെ പ്രചാരവും.നിങ്ങളെല്ലാവരും എന്‍റെ നോവല്‍ -പേപ്പര്‍ ലോഡ്ജ് - വാങ്ങിവായിക്കണമെന്നും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ,
സുസ്മേഷ്.

Wednesday, April 4, 2012

കഥാകാരനാക്കിയ കാലം


ചിന്തിച്ചാല്‍ വളരെ അതിശയം തോന്നുന്നതാണ്‌ സാഹിത്യരചനയിലേക്കുള്ള എന്റെ രംഗപ്രവേശവും അതിന്‌ കളമൊരുക്കിയ സാഹചര്യങ്ങളും.എഴുത്തുകാരനാകണമെന്ന തോന്നല്‍ എവിടെനിന്നാണ്‌ വന്നതെന്ന്‌ എനിക്കറിയില്ല.എന്നാണ്‌ ആദ്യകഥയെഴുതിയത്‌ എന്നുമറിയില്ല.എന്തായാലും ഒന്നുറപ്പാണ്‌.ഏറെക്കുറെ ബോധമുറച്ചപ്പോഴേ ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു എഴുത്തുകാരനായാല്‍ മതിയെന്ന്‌.ആ ബോധത്തിലാണ്‌ പിന്നീടങ്ങോട്ട്‌-ഇന്നുവരെ-ജീവിച്ചിട്ടുള്ളതും.


പരിസരം കാണാനാവുന്ന കണ്ണുറച്ച കാലം മുതല്‍ തന്നെ പലതരം പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടാവുന്നുണ്ട്‌.അത്‌ എണ്‍പതുകളുടെ ആരംഭത്തിലാണ്‌.കണ്ണൂര്‍ സ്വദേശിയായ അച്ഛന്‍ വീട്ടില്‍ വരുത്തുന്ന മാതൃഭൂമി അഴ്‌ചപ്പതിപ്പും കേരളശബ്‌ദവും.അമ്മയുടെ തറവാട്ടില്‍ അമ്മാവന്മാര്‍ യാത്രകള്‍ക്കിടയില്‍ കൊണ്ടുവരുന്ന കലാകൗമുദിയും കഥ ദൈ്വവാരികയും.അയല്‍പക്കത്ത്‌ വ്യാപകമായിരുന്ന ഏഴോളം ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍.ഇതിനിടയില്‍ അമ്പിളി അമ്മാവനും മുത്തശ്ശിയും പൂമ്പാറ്റയും യുറീക്കയും അടങ്ങുന്ന ബാലപ്രസിദ്ധീകരണങ്ങള്‍.അദ്ധ്യാപകനായിരുന്ന മുതിര്‍ന്ന അമ്മാവന്‍ പരിചയപ്പെടുത്തിയ റഷ്യന്‍ ബാലസാഹിത്യം.അങ്ങനെ നോക്കുമ്പോള്‍ വായനയുടെ സജീവസാഹചര്യം അക്കാലത്തുണ്ടായിരുന്നു.പക്ഷേ ബാലപ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നത്‌ മുഴുവന്‍ കോട്ടയത്തുനിന്നു വരുന്ന ജനപ്രിയവാരികകള്‍ ആയിരുന്നു.ജനപ്രിയ സാഹിത്യം വായിക്കുന്നതും അവ വീട്ടില്‍ കൊണ്ടുവരുന്നതും കര്‍ശനമായി അച്ഛന്‍ വിലക്കിയിരുന്നു.മാത്രവുമല്ല മാതൃഭൂമിയും മറ്റും വായിച്ചാല്‍ മതിയെന്ന്‌ ശാസിക്കുകയും ചെയ്‌തിരുന്നു.


അങ്ങനെയുള്ള കുട്ടിക്കാലത്തെപ്പോഴോ ആണ്‌ ഞാന്‍ ഗൗരവമായി സാഹിത്യത്തെ നോക്കിക്കാണാന്‍ തുടങ്ങിയത്‌.ആദ്യത്തെ കഥ ബാലപംക്തിക്കുവേണ്ടി അച്ഛന്‍ പറഞ്ഞ്‌ എഴുതിയതാണെന്നോര്‍മ്മ.നാലാം ക്‌ളാസിലോ മറ്റോ പഠിക്കുന്ന കാലത്ത്‌.ബാലപംക്തിക്ക്‌ അച്ഛന്‍ ആ കഥയയച്ചെങ്കിലും അതൊന്നും അച്ചടിച്ച്‌ വന്നതേയില്ല.അത്‌ വരുന്നതോ വരാതിരിക്കുന്നതോ എനിക്കൊരു വിഷയവുമായിരുന്നില്ല.കാരണം അതിലേറെ ഭാഗങ്ങളും എഴുതിത്തന്നതോ എഴുതിച്ചേര്‍ത്തതോ അച്ഛന്‍ തന്നെയായിരുന്നു.എന്നാല്‍ യു.പി സ്‌കൂളിലേക്ക്‌ വന്നതോടെ ഞാന്‍ എഴുത്തില്‍ സജീവമായതായി എനിക്കു നല്ല ഓര്‍മ്മയുണ്ട്‌.അച്ഛനെ പിന്നിലേക്ക്‌ മാറ്റി സ്വന്തമായിട്ടായിരുന്നു പിന്നത്തെ എഴുത്ത്‌.മാത്രവുമല്ല,ഇന്നുള്ളതിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല അന്നത്തെ അഹങ്കാരവും.കാരണം ഞാനെഴുതിയ കഥകള്‍ അച്ഛനോട്‌ പണം വാങ്ങി തപാല്‍ മുദ്ര പതിച്ച്‌ പിന്നീടയച്ചത്‌ ബാലപംക്തിക്കല്ല,മാതൃഭൂമിയിലെ മുതിര്‍ന്നവരുടെ കഥകളുടെ വിഭാഗത്തിലേക്കാണ്‌!സ്‌കെച്ച്‌ പേനയുപയോഗിച്ച്‌ തലക്കെട്ടുകള്‍ക്ക്‌ നിറച്ചര്‍ത്ത്‌ നല്‍കിയായിരുന്നു ആ കാലത്ത്‌ കഥകള്‍ അയച്ചുകൊണ്ടിരുന്നത്‌.പറയേണ്ടല്ലോ,അവയൊക്കെ അച്ചടിക്കപ്പെടാതെയും തിരിച്ചുകിട്ടാതെയും എവിടെയോ മറഞ്ഞു.അങ്ങനെയായിരുന്നു വേണ്ടതും.അതെനിക്ക്‌ നിരന്തരമായി കഥയെഴുതാനുള്ള പ്രേരണയും വാശിയുമായി.


ആയിടയ്‌ക്ക്‌ മറ്റൊരു അത്ഭുതം എനിക്ക്‌ വഴിത്തിരിവായി സംഭവിക്കുന്നുണ്ട്‌.അച്ഛനും അമ്മാവന്മാരും ഇടുക്കിക്ക്‌ വെളിയില്‍ പോകുന്നവരും യാത്ര ചെയ്യുന്നവരുമായിരുന്നു.അതിനാല്‍ അവര്‍ ഹൈറേഞ്ചില്‍ കിട്ടാത്ത പലതരം പ്രസിദ്ധീകരണങ്ങള്‍ വാങ്ങിവരുന്നതില്‍ അതിശയിക്കാനൊന്നുമുണ്ടായിരുന്നില്ല.എന്നാല്‍ എന്റെ അയല്‍പക്കത്തുള്ള ബി.എ ജയിച്ച ഒരു പാരലല്‍ കോളജ്‌ അദ്ധ്യാപകന്റെ വീട്ടില്‍ വച്ച്‌ ഞാനൊരു ചെറു മാസിക,ഒരു ഇന്‍ലന്റ്‌ വലുപ്പമുള്ള മാസിക കാണുന്നു.`ഇന്ന്‌' എന്നാണ്‌ അതിന്റെ പേര്‌.എന്തൊരു അതിശയമായിരുന്നു അതെന്നോ.ആ മാഷിനും അദ്ദേഹത്തിന്റെ അനുജനും ഒരു വിനോദമുണ്ടായിരുന്നു.സൗജന്യമായി തപാലില്‍ കിട്ടുന്ന എന്തിനും അവര്‍ പോസ്റ്റ്‌ കാര്‍ഡില്‍ വിലാസമറിയിക്കും.അങ്ങനെ,വീട്ടില്‍ നിത്യേന തപാല്‍ക്കാരന്‍ വരാനുള്ള മോഹത്തില്‍നിന്നു അവര്‍ വിലാസമയച്ചുകൊടുത്ത്‌ വന്നതായിരിക്കണം ആ കുഞ്ഞുശലഭം.എന്തായാലും മലപ്പുറത്തുനിന്ന്‌ 1981 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഇന്ന്‌ മാസിക 1986 ല്‍ ഞാന്‍ കാണാനിടയാവുന്നു.ഇടുക്കിയില്‍ അതെത്തുക അത്ര എളുപ്പമായിരുന്നില്ല അക്കാലത്ത്‌.അതിലൂടെയാണ്‌ ഞാന്‍ ചെറുരചനകളെ ആദ്യമായി പരിചയപ്പെടുന്നത്‌.വൈകാതെ ഒ.വി.വിജയനും വി.കെ.എന്നും വി.പി.ശിവകുമാറും മറ്റും എഴുതിയ മലയാളത്തിലെ ഗൗരവമുള്ള കുഞ്ഞുകഥകള്‍ വായിക്കാനിടയായി.അതുകൊണ്ട്‌ അക്കാലത്തെ,ഇക്കാലത്തെയും സാധാരണ ചെറു പ്രസിദ്ധീകരണങ്ങളിലെ കുഞ്ഞുകഥകളുടെ നിലവാരത്തകര്‍ച്ചയിലേക്ക്‌ എന്റെ ആദ്യകാല കുഞ്ഞുകഥകള്‍ പതിച്ചില്ലെന്ന ഭാഗ്യമുണ്ട്‌.അതൊരു വഴിത്തിരിവായിരുന്നു എനിക്കും.ഗൗരവത്തോടെ കുഞ്ഞുകഥകള്‍ എഴുതാനും അവ ചെറുമാസികകള്‍ക്ക്‌ അയക്കാനും നിമിത്തമായത്‌ ഇന്ന്‌ മാസികയാണ്‌.


എന്റെ ആദ്യ കഥ,കഥയോ എന്നറിയില്ല,സ്വന്തം പേരില്‍ അച്ചടിമഷി പുരണ്ട്‌ ആദ്യമായി അച്ചടിച്ചുവരുന്നത്‌,`അമ്മിണി' എന്നൊരു രചനയാണ്‌.മക്കരപ്പറന്പയില്‍ നിന്ന് കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ എന്നൊരാള്‍ അച്ചടിച്ചുപുറത്തിറക്കിയിരുന്ന `കൊലുസ്‌' എന്ന ഇന്‍ലന്റ്‌ മാസികയിലായിരുന്നു അത്‌.അദ്ദേഹമാണ്‌ എന്റെ ആദ്യ പത്രാധിപര്‍ .നിര്‍ഭാഗ്യവശാല്‍ കൊലുസിന്റെ ആ ലക്കം ഏത്‌ വര്‍ഷമാണ്‌ ഇറങ്ങിയതെന്ന്‌ അതില്‍ അച്ചടിച്ചിട്ടില്ലായിരുന്നു.വിട്ടുപോയതാവാം.അതിനാല്‍ ആദ്യരചന വെളിച്ചം കണ്ട വര്‍ഷമേതെന്ന്‌ എനിക്കിപ്പോഴുമറിയില്ല.എന്റെ ആദ്യ പത്രാധിപരെയും ഞാനിന്നുവരെ കണ്ടിട്ടില്ല.


വെകാതെ ഇന്‍ലന്റ്‌ മാസികകളില്‍ നിന്ന്‌ മുതിരാനുള്ള ശ്രമം ഞാന്‍ തുടങ്ങി.വലിയ കഥകള്‍ എഴുതാനായി പിന്നത്തെ ശ്രമം.അത്ര വലുതല്ല..ഇടത്തരം വലിയ കഥകള്‍ .കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍ വാരാന്തപ്പതിപ്പുകള്‍ക്ക്‌ പാകത്തിനുള്ള കഥകള്‍ .അന്നൊക്കെ എല്ലാ വാരാന്തപ്പതിപ്പുകളും കഥകള്‍ വൃത്തിയായും കൃത്യമായും പ്രസിദ്ധീകരിക്കുമായിരുന്നു.അങ്ങനെ `വല്‍സല സുകുമാരന്‍ സ്വപ്‌നം കാണുന്നു' എന്നൊരു കഥ ഞാനെഴുതി.അത്‌ ദേശാഭിമാനി വാരാന്തപ്പതിപ്പിന്‌ അയച്ചു.ആ കഥ ദേശാഭിമാനിയില്‍ വരികയും ചെയ്‌തു.കഥകളിങ്ങനെ പല വാരാന്തപ്പതിപ്പുകള്‍ക്കും അയക്കാറുണ്ടെങ്കിലും അവയൊന്നും മുടങ്ങാതെ കാണാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നില്ല.അതിനാല്‍ മൂന്നുദിവസം കഴിഞ്ഞ്‌,ഇടപ്പള്ളിയില്‍ നിന്ന്‌ സാഹിത്യന്‍ മാസിക നടത്തിയിരുന്ന ടി.ബി.ഷാജിയുടെ തപാല്‍ കാര്‍ഡ്‌ വരുമ്പോഴാണ്‌ ഈ കഥ വന്ന വിവരവും ഞാനറിയുന്നത്‌.അതില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എന്റെ കഥ വായിച്ച വിവരമുണ്ടായിരുന്നു.അഭിനന്ദനമുണ്ടായിരുന്നു.
എവിടെയൊക്കെയോ ഓടിനടന്ന്‌ ഞാന്‍ തലേ ആഴ്‌ചയിലെ പത്രം സംഘടിപ്പിച്ചു.വലിയ സന്തോഷം തോന്നി.ഇലസ്‌ട്രേഷനോടെ എന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്‌.ആ കഥയാണ്‌ എന്റെ ഭാഗ്യകഥ,അങ്ങനെയൊന്നുണ്ടെങ്കില്‍!അതിന്റെ പ്രസിദ്ധീകരണമാണ്‌ കഥയെഴുത്തില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തിയത്‌.വിചിത്രമായ സംഗതി ഇനി പറയുന്നതാണ്‌.ആ ലക്കത്തിന്റെ പ്രസിദ്ധീകരണത്തീയതി അച്ചടിക്കാന്‍ ദേശാഭിമാനിയും മറന്നുപോയിരുന്നു.അതിനാല്‍ ആ കഥ വന്ന തീയതിയും വര്‍ഷവും മനസ്സിലാക്കാനും നിര്‍വാവഹമില്ല.എന്റെ വലിയ കഥ വായിച്ച്‌ ആദ്യമായി രേഖാമൂലം അഭിനന്ദിക്കുന്ന വായനക്കാരന്‍ ടി.ബി.ഷാജിയാണ്‌.അദ്ദേഹത്തെയും ഞാനിന്നുവരെ കണ്ടിട്ടില്ല.


ഇങ്ങനെ സവിശേഷമായ ഒന്നിലധികം ധാരകള്‍ എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയതുകൊണ്ടാണ്‌ വളരെ ചെറുപ്പത്തിലെ തന്നെ ഞാന്‍ എഴുത്തിലേക്ക്‌ വന്നെത്തിയതെന്ന്‌ എനിക്കുറപ്പുണ്ട്‌.(ഇത് കേരള സാഹിത്യ അക്കാദമിയുടെ "സാഹിത്യ ചക്രവാള"ത്തില്‍ 2012 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചതാണ്.)