Wednesday, January 16, 2013


പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ 'കുടുംബശ്രീ' കഥ വന്നിട്ടുണ്ട്.വാരികയില്‍ വായിക്കാന്‍ സാധിച്ചവര്‍ അഭിപ്രായമറിയിക്കാന്‍ അപേക്ഷ.

Saturday, January 12, 2013

സമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം


കഥ/
സുസ്‌മേഷ്‌ ചന്ത്രോത്ത്‌


സമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം


ചാരപൂര്‍വ്വമുള്ള അറിയിപ്പ്‌ കിട്ടിയതനുസരിച്ച്‌ സംസ്‌കാരകര്‍മ്മത്തിനു മടിക്കാതെ വന്നുചേര്‍ന്നവര്‍ പരേതന്റെ വേണ്ടപ്പെട്ടവരാണെന്നുപറയാം.എന്നാല്‍ അന്നുനടന്ന വിലാപയാത്രയെ സമ്പന്നമാക്കുംവിധം നാനാദിക്കില്‍ നിന്നും ഇളകിമറിഞ്ഞെത്തിയ ജനം നഗരത്തെ സംബന്ധിച്ച്‌ അത്ഭുതവും ആവേശവും ഒരുപോലെയുയര്‍ത്തുന്ന സംഭവമായിരുന്നു.

നഗരത്തിലെ പുരോഹിതന്മാര്‍ പറയാറുണ്ട്‌.അവധിദിനപ്രാര്‍ത്ഥനകള്‍ക്കും മരിച്ചടക്കലുകള്‍ക്കും ദേവാലയത്തില്‍ പഴയതുപോലെ ആളുകൂടാറില്ലെന്ന സങ്കടം.കഴിഞ്ഞയിടെ നഗരത്തില്‍ നടന്ന ഒരു അന്ത്യകൂദാശയില്‍ ബന്ധുക്കളടക്കം പതിനൊന്നു പേരുമാത്രമാണത്രേ ഉണ്ടായിരുന്നത്‌.അതില്‍ നൊമ്പരപ്പെട്ട്‌ മരിച്ചവന്‍ പോലും അതൃപ്‌തനായി മുഖം ചുളിച്ചാണത്രേ കിടന്നത്‌.തന്നെയുമല്ല നാലു കന്യാസ്‌ത്രീകളെ കിട്ടാന്‍ പരേതന്റെ ബന്ധുക്കള്‍ക്ക്‌ നൂറ്റിനാല്‌ കിലോമീറ്റര്‍ വാഹനമോടിക്കേണ്ടതായും വന്നുവെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു.
ഇത്‌ മരണത്തിന്റെ കാര്യം.വിവാഹത്തിനു കൂടുന്നതും അപ്രധാനകാര്യമായി കരുതുന്നവര്‍ നഗരത്തില്‍ വര്‍ദ്ധിക്കുകയാണെന്ന്‌ ഒരു ദേശീയമാധ്യമം കണ്ടുപിടിച്ച്‌ പുറത്തുവിട്ടത്‌ അടുത്തകാലത്താണ്‌.വിവാഹിതരാകുന്നവരുടെ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും മാത്രമേ മംഗല്യച്ചടങ്ങിനുപോലും ഇപ്പോള്‍ പങ്കെടുക്കാറുള്ളു.അതിന്റെ കാരണമായി അവലോകനത്തില്‍ ആ മാധ്യമം ഉയര്‍ത്തിക്കാട്ടിയത്‌ പെരുകുന്ന വിവാഹമോചനങ്ങള്‍ വ്യക്തികളെ ചടങ്ങുകളില്‍ നിന്നു വിഷമത്തോടെ പിന്തിരിപ്പിക്കുകയാണെന്നാണ്‌.വിവാഹകര്‍മ്മത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം മായും മുമ്പേ അവരുടെ വിവാഹമോചനത്തിലും കൂടി സംബന്ധിക്കേണ്ടിവരുന്നത്‌ അതീവദുഖകരമായ സംഗതിയാണെന്നു ആധുനിക നാഗരികജീവികള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും മാധ്യമം കണ്ടെത്തി.
കഴിഞ്ഞയിടെ പ്രധാന നഗരത്തിനു പുറത്തുള്ള ചെറിയ നഗരത്തിലെ മനസ്സമ്മതച്ചടങ്ങിനിടെ അവിടുത്തെ പുരോഹിതന്‍ ഒരു തമാശപൊട്ടിച്ചുപോലും.അതായത്‌ വിവാഹമോചിതരാകുന്നുണ്ടെങ്കില്‍ അത്‌ കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ട്‌ വേണമെന്നായിരുന്നു അത്‌.ഖേദത്തോടെയാണ്‌ അദ്ദേഹം പറഞ്ഞതെങ്കിലും കൂടിനിന്നവര്‍ പൊട്ടിച്ചിരിച്ചുവെന്നാണ്‌ പിറ്റേന്ന്‌ പെട്ടിവാര്‍ത്ത വന്നത്‌.
ചരമശ്രുശ്രൂഷയ്‌ക്ക്‌ ആളില്ലാതായാലുള്ള സങ്കടമോര്‍ത്ത്‌ എന്തെങ്കിലും പ്രയോജനമുണ്ടാകട്ടെയെന്നു കരുതിത്തന്നെയാണ്‌ തന്റെ സെല്‍ഫോണിനെ സംസ്‌ക്കരിക്കാനായി ദിവസം നിശ്ചയിച്ചകാര്യം സേവ്യര്‍ `സാമൂഹികതല്‌പരവിനിമയവല'യിലിട്ടത്‌.അതോടെ വാര്‍ത്തയ്‌ക്ക്‌ ജീവന്‍ വച്ചു.കൂടാതെ വേണ്ടപ്പെട്ടവര്‍ക്ക്‌ നല്‍കാനായി ചരമശ്രുശ്രൂഷയുടെ ആചാരക്കത്ത്‌ അച്ചടിപ്പിക്കുകയും ചെയ്‌തു.അന്നേദിവസം ഫോണിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ആളുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ടായത്‌ ഇക്കാരണത്താലാവാം.
പലരും ചോദിച്ച ചോദ്യം ഇതാണ്‌.
-എന്തിനാണ്‌ തരുണരൂപം കടന്നിട്ടില്ലാത്ത സെല്‍ഫോണിനെ കൊന്നടക്കുന്നത്‌?
സേവ്യര്‍ ആ ചോദ്യത്തോടുള്ള മറുപടിയായി ചിരിച്ചതല്ലാതെ വേറൊന്നും പറഞ്ഞില്ല.സ്ഥിതിഗതികള്‍ വച്ചുനോക്കുമ്പോള്‍ മറുപടി കേള്‍ക്കാനുള്ള അരനിമിഷം നഷ്‌ടപ്പടുത്താനില്ലാത്തതിനാല്‍ ആരുമത്‌ കേള്‍ക്കാനും നിന്നിട്ടുണ്ടാവില്ല.ഈ തീരുമാനത്തെക്കുറിച്ച്‌ സേവ്യറിനോട്‌ നഗരത്തിലെ മേയര്‍ വിളിച്ചു ചോദിച്ചതാണ്‌ എടുത്തുപറയേണ്ട പ്രത്യേകതയായി കാണേണ്ടത്‌.
അന്നേദിവസം കാലത്ത്‌ കിടക്കയില്‍ തലതൂക്കിയിരിക്കുകയായിരുന്ന സേവ്യറിനെ ഫോണ്‍ മണിയടിച്ചുണര്‍ത്തി.മരിക്കാന്‍ പോകുന്നതെന്നോ അവസാനശ്വാസം വലിക്കാന്‍ പോകുന്നതെന്നോ പറയാവുന്ന ഫോണിന്റെ അവസാനനേര ഉപയോഗസാധ്യതയെ ഉല്ലാസപൂര്‍വ്വം സ്വീകരിക്കാന്‍ ശ്രമിച്ച്‌ പരാജയമടഞ്ഞ്‌ തലേന്നു കിടന്നുറങ്ങിയതായിരുന്നു സേവ്യര്‍ .എന്നിട്ടും അയാള്‍ കേടുവന്ന ഒരു മനോഭാവത്തോടെയും താല്‌പര്യരാഹിത്യത്തോടെയും ഫോണെടുത്തു.പരിചയമില്ലാത്ത അക്കങ്ങള്‍ കണ്ടപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ള മുഷിച്ചിലോടെയും ഈര്‍ഷ്യയോടെയും അതെടുക്കണമോ വേണ്ടയോ എന്നാലോചിച്ചു.പിന്നെ മരിക്കാന്‍ പോകുന്ന ഒരാള്‍ക്കുകൊടുക്കുന്ന ദയാവായ്‌പ്പോടെ ഫോണെടുത്തു കാതോട്‌ വച്ച്‌ പതിയെ പ്രതികരിച്ചു.
``ഹലോ.''
മറുവശത്തുനിന്ന്‌ അക്ഷമനായ മേയര്‍ ചോദിച്ചു.
``ഇത്‌ സേവ്യറിന്റെ ഫോണല്ലേ.?''
``അതെ.''
``ഞാന്‍ നഗരത്തിലെ മേയറാണ്‌.''
``മേയര്‍ ..?''
``അതെ,മേയര്‍ തന്നെ.നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിനെ ആചാരപൂര്‍വ്വം ഖബറടക്കാന്‍ പോകുകയാണെന്ന്‌ കേട്ടു.?''
മേയറുടെ ചോദ്യത്തില്‍ മുഴച്ചുനിന്നത്‌ ആകാംക്ഷയാണോ വിചിത്രമായ ദുഖമാണോ നഗരാധിപന്റെ ഉത്‌കണ്‌ഠയാണോ എന്ന കാര്യത്തിലൊന്നും തീര്‍പ്പുകല്‍പ്പിക്കാന്‍ സേവ്യറിനായില്ല.സേവ്യര്‍ ഒന്നുമാത്രം ചിന്തിച്ചു.കുറേ നാളുകളായി തന്റെ തലയില്‍ വ്രണപ്പെട്ട ഒരു അസ്വസ്ഥതയാണിത്‌.അതിനെ അവസാനിപ്പിക്കാനാണ്‌ സംസ്‌കാരകര്‍മ്മത്തിനു മുതിരുന്നത്‌.ഇന്നത്തെ കാലത്തിന്റെ ഇത്തരം അസ്വസ്ഥതകള്‍ പേറിയാണോ മേയറും ജീവിക്കുന്നത്‌.അല്ലെങ്കില്‍ ഇത്രയും രാവിലെ മേയര്‍ ഇങ്ങനെയൊരു കാര്യത്തിന്‌ തന്നെപ്പോലൊരാളെ വിളിക്കേണ്ടതുണ്ടോ.?അതിനര്‍ത്ഥം മേയറും ഫോണ്‍ മൂലം അസ്വസ്ഥനാണെന്നല്ലേ.!
``എന്താണ്‌ സേവ്യര്‍ മിണ്ടാത്തത്‌.?നിങ്ങള്‍ നിങ്ങളുടെ ഫോണിനെ സംസ്‌കരിക്കാന്‍ പോവുകയാണോ.?''
ഇനിയൊന്നും ആലോചിച്ചു നില്‍ക്കേണ്ടതില്ലെന്ന്‌ ബോധ്യപ്പെടാന്‍ ആ നിമിഷത്തിനിടയില്‍ കര്‍ണ്ണങ്ങളില്‍ മുഴങ്ങിയ ഭാരിച്ച നിശ്ശബ്‌ദതമാത്രം മതിയായിരുന്നു.പേടിപ്പെടുത്തുന്ന മറ്റൊരാലോചനയുടെ തുമ്പുപിടിച്ച്‌ സേവ്യര്‍ നിശ്ചയസ്വരത്തില്‍ ഉറക്കെ പറഞ്ഞു.
``അതെ ബഹുമാന്യനായ മേയര്‍ .എന്റെ ഫോണിനെ ജനങ്ങളുടെ സമക്ഷത്തില്‍ വച്ച്‌ സംസ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഒഴിവുണ്ടെങ്കില്‍ അങ്ങയും പങ്കെടുക്കണം.''

അത്രയും ഒറ്റവീര്‍പ്പില്‍ പറഞ്ഞിട്ട്‌ സേവ്യര്‍ അക്ഷമനായി കാതോര്‍ത്തു.പക്ഷേ തന്റെ അക്ഷമ മേയറെ അറിയിക്കാന്‍ സേവ്യര്‍ ഒരുക്കമായിരുന്നില്ല.അതിനാല്‍ അങ്ങേയറ്റത്തെ ആത്മസംയമനം സേവ്യറിന്റെ ശ്വാസോച്ഛ്വാസത്തിലുണ്ടായിരുന്നു.
ദീര്‍ഘമായ നിശ്ശബ്‌ദതയായിരുന്നു മേയറുടെ മറുപടി.അതീവ തീവ്രമായ ഒരാലോചനയുടെ ഭാവവും അതിനുണ്ടായിരുന്നു.കുറേക്കഴിഞ്ഞപ്പോള്‍ അപ്പുറത്തുനിന്ന്‌ മേയറുടെ കനത്ത നെടുവീര്‍പ്പ്‌ അയഞ്ഞുവീഴുന്നതും സേവ്യര്‍ കേട്ടു.സേവ്യറിന്‌ അല്‌പം സമാധാനമായി.ഭയപ്പെട്ടത്‌ സംഭവിക്കാനിടയില്ല.അയാള്‍ക്ക്‌ തോന്നി.അയാള്‍ ഭയപ്പെട്ടത്‌ അനാവശ്യമായ ഒരു കാര്യത്തിനായിരുന്നില്ല.ഈ ആസന്നമൂഹൂര്‍ത്തത്തില്‍ തന്റെ സെല്‍ഫോണിനെ സംസ്‌കരിക്കാന്‍ നഗരപരിധിക്കുള്ളില്‍ എന്തെങ്കിലും വിലക്ക്‌ മേയര്‍ പുറപ്പെടുവിച്ചേക്കുമോ എന്നതായിരുന്നു ആ ഭയം.
അപ്പോള്‍ യാതൊരു ധൃതിയുമില്ലാത്തവനെപ്പോലെയും അവസാനത്തെ പ്രതീക്ഷയിന്മേല്‍ ജീവിക്കുന്നവനെപ്പോലെയും മേയര്‍ ചോദിച്ചു.
``സെല്‍ഫോണില്ലാതെ ജീവിക്കാനാവുമെന്നു ഉറപ്പുണ്ടോ.?''
ചോദ്യത്തിന്റെ ആലോചിച്ചുള്ള മറുപടിയായിട്ടല്ല,സംസ്‌കാരച്ചടങ്ങ്‌ വേഗത്തില്‍ നടന്നുകിട്ടാനുള്ള ആഗ്രഹത്തിലാണ്‌ സേവ്യര്‍ മറുപടി പറഞ്ഞത്‌.
``ഉണ്ട്‌.''
``തീരുമാനം നല്ലതാണെന്നു കരുതുന്നുണ്ടോ.?''
``ഇതുവരെ എടുത്തതില്‍ ഏറ്റവും നല്ല തീരുമാനം ഇതാണെന്നാണ്‌ മനസ്സിലാവുന്നത്‌.''
``ശരി.ചടങ്ങുകളെ മഴ ശല്യപ്പെടുത്താതിരിക്കട്ടെ.''
ഗാംഭീര്യം നഷ്‌ടപ്പെട്ട ഒച്ചയില്‍ അത്രയും പറഞ്ഞ്‌ മേയര്‍ ഫോണ്‍ വച്ചു.സേവ്യര്‍ കിടക്കയുടെ ഓരത്തേക്ക്‌ ഫോണിനെ അലക്ഷ്യമായി തള്ളി.എന്നിട്ടതിനെ ഒരു ചരിഞ്ഞ നോട്ടത്തില്‍ വീക്ഷിച്ചു.
ദിനംതോറും നൂറുകണക്കിന്‌ വിളികള്‍ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ .പലപ്പോഴും അത്‌ തുണയായിരുന്നു.കിടക്കയിലെ സഖി,ഭക്ഷണമേശയിലെ കൂട്ടുകാരന്‍ ,ഒഴിവുവേളകളിലെ ചങ്ങാതി,മധുശാലയിലെ ഇക്കിളിപ്പെടുത്തുന്ന ആതിഥേയ,ഹസ്‌തമൈഥുനത്തിന്റെ സഹചാരി,ഏകാന്തയാത്രകളിലെ സഹയാത്രികന്‍ ..ഓര്‍ത്തപ്പോള്‍ അനവധി ഭയങ്ങള്‍ ഒന്നിച്ചുണ്ടായി.ഓര്‍ക്കാതിരിക്കാനും മുന്നോട്ടുനോക്കാതിരിക്കാനും ജീവിക്കാതിരിക്കാനും സേവ്യര്‍ ആഗ്രഹിച്ചു.
അയാള്‍ക്ക്‌ അറപ്പുണ്ടായി.അത്രകാലവും ഓമനയായിരുന്ന ഫോണ്‍ കബന്ധം പോലെ അനുഭവപ്പെട്ടു.മനുഷ്യജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഇങ്ങനെയാവുമോ?ഒരിക്കല്‍ സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തില്‍ അയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി.
നഗരത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന പള്ളിയിലായിരുന്നു സംസ്‌കാരശ്രുശ്രൂഷകള്‍ ഏല്‍പ്പിച്ചിരുന്നത്‌.ശബ്‌ദമില്ലാതാക്കിവച്ചിരിക്കുന്ന ഫോണിനടുത്തായി മുഷ്‌ടി നിറയുന്നത്ര അഗര്‍ബത്തികളെടുത്ത്‌ സേവ്യര്‍ കത്തിച്ചുവച്ചു.അതിന്റെ പുകനൂലുകള്‍ മേലാപ്പിലേക്കുയര്‍ന്നു.
ജഢം പള്ളിയിലേക്കെടുക്കുംവരെ മറ്റെങ്ങും പോകേണ്ടതില്ലെന്ന്‌ സേവ്യര്‍ തീരുമാനിച്ചു.അന്നേദിവസം ഫോണിലേക്ക്‌ വരുന്ന കോളുകളൊന്നും എടുക്കേണ്ടതില്ലെന്നും.എങ്കിലും ഇടക്കിടെ ഫോണ്‍മുഖം വിളികളാല്‍ പ്രകാശിച്ചുകൊണ്ടിരുന്നത്‌ അയാളെ അസ്വസ്ഥനാക്കാതിരുന്നില്ല.അത്‌ ഫോണിന്റെ ഊര്‍ദ്ധന്‍ പോലെയാണ്‌ സേവ്യറിന്‌ തോന്നിയത്‌.
താമസിയാതെ തന്റെ വസതിക്ക്‌ പുറത്ത്‌ കാറുകള്‍ വന്ന്‌ ഇരമ്പുന്നതും ആളുകള്‍ വാതിലോളം ചെരിപ്പുരച്ചുവന്ന്‌ അറിയിപ്പുമണിയടിച്ച്‌ മടങ്ങുന്നതും ചെറിയ വൃത്തമുള്ള റീത്തുകള്‍ കതകിനടിയിലെ വിടവിലൂടെ അകത്തേക്ക്‌ തള്ളിവയ്‌ക്കപ്പെടുന്നതും സേവ്യര്‍ നോക്കിക്കണ്ടു.വെളുത്തതും വയലറ്റ്‌ നിറമുള്ളതുമായ പൂക്കളുടെ രണ്ട്‌ റീത്തുകള്‍ അയാള്‍ ഫോണിനുമേലെ വച്ചു.അതോടെ വിളി വരുമ്പോള്‍ പ്രകാശിച്ചുകൊണ്ടിരുന്ന ഫോണ്‍മുഖം മറഞ്ഞുകിട്ടി.അതൊരാശ്വാസമായിരുന്നു സേവ്യറിന്‌.അയാള്‍ വീണ്ടും പുതച്ചുമൂടി കിടന്നു.വൈകുന്നേരമായപ്പോളേക്കും കതകിനു പുറത്തെ വരാന്ത ദുഖസന്ദേശക്കുറിപ്പുകളും ആകാംക്ഷനിറഞ്ഞ ചോദ്യങ്ങളും പുഷ്‌പചക്രങ്ങളും ഒറ്റത്തണ്ടുള്ള പൂക്കളും പൂങ്കുലകളും നിറഞ്ഞ്‌ മനം മടുപ്പിക്കുന്ന ഗന്ധമുയര്‍ത്താന്‍ തുടങ്ങിയിരുന്നു.
അന്നത്തെ പകലില്‍ മഴയുടെ പഴുതുകളുണ്ടായിരുന്നത്‌ പ്രകൃതിയുടെ ഒരു അനുശോചനമായി നഗരവാസികള്‍ക്ക്‌ തോന്നി.ആകാശത്തിന്റെ നിറം അത്രമാത്രം ചാരം കലര്‍ന്നതായിരുന്നു.കറുപ്പുവസ്‌ത്രങ്ങളോ വെളുത്ത വസ്‌ത്രങ്ങളോ മാത്രമേ ആ കാലാവസ്ഥയുടെ നിറത്തിന്‌ അനുയോജ്യമായിരുന്നുള്ളൂ.ചിലര്‍ അത്തരം വേഷം പെട്ടെന്നുണ്ടാക്കാനായി തുന്നല്‍ക്കാര്‍ക്കരികിലേക്കോടി.തുന്നല്‍ക്കാര്‍ കൈമലര്‍ത്തുകയും ചുണ്ടുകള്‍ പിളര്‍ത്തി നിസ്സഹായതയുടെ ഭാവം ഹാസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു.അവരില്‍ ചിലര്‍ തങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങ്‌ കാണാന്‍ പോകേണ്ടതുണ്ടെന്ന്‌ ഏതാണ്ട്‌ വിരട്ടലിന്റെ മൂര്‍ച്ചയില്‍ പറഞ്ഞു.അങ്ങനെയൊക്കെ അതങ്ങ്‌ സേവ്യര്‍ പ്രതീക്ഷിച്ചതിനെക്കാളും ജനനിബിഡമാവുകയായിരുന്നു.
വൈകുന്നേരം മൂന്നുമണിയോടെ പള്ളിപ്പരിസരത്തേക്ക്‌ ക്ഷണം കിട്ടിയവര്‍ ഒഴുകാന്‍ തുടങ്ങി.പലരും തങ്ങളുടെ മാറോട്‌ ചേര്‍ത്ത്‌ സ്വന്തം ഫോണിനെ സൂക്ഷിച്ചിരുന്നു.ചിലരൊക്കെ അത്‌ കൈയില്‍ത്തന്നെ സൂക്ഷിച്ചു.എല്ലാവരുടെ മുഖത്തും അവിശ്വസനീയതയും അമര്‍ഷവും ഒരേപോലെ പിണഞ്ഞുകിടന്നിരുന്നു.
അതിഥികളും പറഞ്ഞുകേട്ടെത്തിയ അഭ്യുദയകാംക്ഷികളും എത്തിച്ചേര്‍ന്നപ്പോള്‍ പള്ളിയങ്കണം പെട്ടെന്ന്‌ നിറഞ്ഞു.പള്ളിയുടെ അകത്ത്‌ വലിയ അലങ്കാരവിളക്കുകള്‍ തൂങ്ങുന്ന നീണ്ട മുറിയില്‍ സെല്‍ഫോണിന്റെ ജഡം വച്ചിരുന്നു.പുകയുന്ന ധൂമക്കുറ്റികളും മെഴുകുതിരികളും ഭാരമുള്ള നിശ്ശബ്‌ദതയും സെല്‍ഫോണിന്റെ കിടപ്പിനെ മരണയോഗ്യമായ കിടപ്പുതന്നെയാക്കിമാറ്റി.
അക്കൂട്ടത്തില്‍ സേവ്യര്‍ എന്ന മനുഷ്യനെയും അയാളുടെ ഫോണിനെയും പരിചയമില്ലാത്തവര്‍ അനവധിയായിരുന്നു.അങ്ങനെ വന്നുചേര്‍ന്നവര്‍ ആദ്യം ചെയ്‌തത്‌ തിക്കിത്തിരക്കി മുന്നില്‍ക്കയറി മൂന്നു കുരിശിനുമുന്നിലായി വെള്ളവിരിപ്പില്‍ കിടത്തിയിരിക്കുന്ന ഫോണിന്റെ നിശ്ചലദേഹം കണ്ട്‌ കേട്ടകാര്യം ഉറപ്പുവരുത്തുകയായിരുന്നു.അവരുടെ മുഖത്ത്‌ പൊടുന്നനെ പരന്നത്‌ അവിശ്വസനീയതയും ഭീതിയുമാണ്‌.അതുകൊണ്ടാവണം അവരൊക്കെ ഒറ്റനോട്ടത്തിനുശേഷം പിന്‍നിരയിലേക്ക്‌ പിന്‍വാങ്ങിയത്‌.സ്‌ത്രീകളുടെ മുഖം കഠിനമായ ചിന്തകളാല്‍ നിറം മങ്ങി കാണപ്പെട്ടു.
പലരും അപരിചിതരെന്നു നോക്കാതെ അടുത്തുനില്‍ക്കുന്നവരോട്‌ അച്ചന്‍ ഫോണിനെ കുഴിയിലടക്കാന്‍ സമ്മതിക്കുമോ എന്നും കുരിശുഫലകം സ്ഥാപിക്കുമോ എന്നും ഫോണിനെ എങ്ങനെയാണ്‌ ഇന്നത്തെക്കാലത്ത്‌ ഒരാള്‍ക്ക്‌ ഒഴിവാക്കാന്‍ തോന്നുന്നതെന്നും അടക്കിപ്പിടിച്ച്‌ ചോദിക്കുകയുണ്ടായി.കേട്ടവരും മറുപടി പറയാന്‍ സന്നദ്ധരായവരും ഉറപ്പില്ലാത്ത പലതരം മറുപടികള്‍ ഉരുവിട്ടു.ആ മറുപടികളില്‍ നിന്നും ചോദ്യങ്ങളുണ്ടായി.അതങ്ങനെ നീണ്ടുനിന്നു.
ദൂരെനിന്ന്‌ എത്തിച്ചേര്‍ന്ന കന്യാസ്‌ത്രീകള്‍ വെറുപ്പും കനവും കുമിഞ്ഞ മുഖത്തോടെ വേദപുസ്‌തകം വായിച്ചു.അവരില്‍ പലരും ഉടുപ്പിന്റെ പോക്കറ്റില്‍ കിടക്കുന്ന തങ്ങളുടെ ഫോണുകള്‍ വിറയല്‍ പുറപ്പെടുവിച്ചുകൊണ്ട്‌ ഒരു സന്ദേശത്തെ കൊണ്ടുവരുന്നുണ്ടോ എന്ന്‌ ആകുലപ്പെട്ടുകൊണ്ടേയിരുന്നു.അവരിലൊരാള്‍ വേദപുസ്‌തകം വായിക്കുന്നതിനിടയില്‍ തുടഭാഗത്തോട്‌ ചേര്‍ന്നു കിടക്കുന്ന സ്വന്തം ഫോണിനെ അരുമയായി തൊട്ടുനോക്കുകയും ചെയ്‌തു.അപ്പോള്‍ അവരുടെ മുഖത്ത്‌ ദിവ്യമായ ഒരു പുഞ്ചിരി ഓളം വെട്ടി.കന്യാസ്‌ത്രീകളെ മാത്രം നോക്കിനിന്ന ചിലരത്‌ കണ്ടുപിടിക്കുകയും ആശ്ചര്യത്തോടെ തങ്ങളുടെ വിചാരങ്ങളെ ഉള്ളില്‍ ശരിവയ്‌ക്കുകയും ചെയ്‌തു.
ഈ സമയമൊക്കെ പുരോഹിതന്റെ മുറിയിലിരിക്കുകയായിരുന്നു കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ സേവ്യര്‍ .പകല്‍ മുഴുവന്‍ കിടക്കയില്‍ ചെലവഴിച്ചതിന്റെ ഭാഗമായുള്ള വിളര്‍ച്ചയും പിത്തവും അയാളില്‍ പ്രകടമായിരുന്നു.
സന്ദര്‍ഭം മാനിച്ച്‌ തന്റെ സെല്‍ഫോണുകളുടെ പ്രവര്‍ത്തക്ഷമത ഏറെനേരമായി പുരോഹിതന്‍ കെടുത്തിവച്ചിരിക്കുകയായിരുന്നു.അതുകാരണം അച്ചന്റെ ഫോണുകളിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങളും വിളികളും അക്ഷമരായി പള്ളിയങ്കണത്തിനു പരിസരത്ത്‌ സാത്താന്മാരെപ്പോലെ വിലസാന്‍ തുടങ്ങി.സംസ്‌കാരച്ചടങ്ങ്‌ ആരംഭിക്കാറായപ്പോഴേക്കും പള്ളിപ്പരിസരത്തെ ഏതോ സെല്ലുലാര്‍ കമ്പനിയുടെ അടയാളസ്വീകാരത്തൂണ്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വിറയ്‌ക്കാനും ആരംഭിച്ചു.അച്ചന്‍ അതും അറിയുന്നുണ്ടായിരുന്നു.അച്ചന്‌ മൂന്ന്‌ ഫോണുകളുണ്ടായിരുന്നു.അതില്‍ രണ്ടെണ്ണമേ മേശപ്പുറത്തുണ്ടായിരുന്നുള്ളൂ.
മരിച്ചടക്ക്‌ അവസാനിപ്പിച്ച്‌ തന്റെ ഫോണുകള്‍ എത്രയും വേഗം ഉണര്‍ത്താനുള്ള കൊതിയോടെ പുരോഹിതന്‍ അന്വേഷിച്ചു.
``ചടങ്ങിന്‌ വലിയ നിലവിളിയും നാടകവും ഒന്നും ആവശ്യമില്ലെന്നാ എന്റെ പക്ഷം.മനപ്പൂര്‍വ്വമുള്ള മരിച്ചടക്കല്ലേ.കാര്യമായ നടപടികളൊന്നും വേണ്ടല്ലോ.ഞാനുദ്ദേശിച്ചത്‌ അഞ്ചുവട്ട പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ടോ എന്നാണ്‌.?''
``ഇല്ല.''
അച്ചന്‌ സേവ്യറിനോട്‌ വലിയ ആദരവ്‌ തോന്നി.നന്ദിയും.
``സേവ്യറിന്‌ വേറൊന്നും പറയാനില്ലെങ്കില്‍ ചടങ്ങ്‌ തുടങ്ങാം.ആരെങ്കിലും വരാനുണ്ടോ?''
പള്ളിയങ്കണത്തില്‍നിന്നും മുറിക്കുള്ളിലേക്കെത്തുന്ന ആരവം ശ്രദ്ധിച്ചുകൊണ്ട്‌ സേവ്യര്‍ അത്ര താല്‍പര്യമില്ലാത്ത സ്വരത്തില്‍ അറിയിച്ചു.
``സെല്ലുലാര്‍ കമ്പനിയുടെ ഡിവിഷണല്‍ മാനേജരും ഹാന്റ്‌സെറ്റിന്റെ മേഖലാതല മേധാവിയും പ്രതിഷേധിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.അങ്ങനെയെങ്കില്‍ അവര്‍ക്കതിനുള്ള സൗകര്യം ചെയ്‌തുകൊടുക്കണം.കാരണം അവര്‍ക്ക്‌ കോടതിയെ സമീപിച്ച്‌ എന്നെ പരമാവധി ബുദ്ധിമുട്ടിക്കാവുന്ന ഒരു വിഷയമാണിത്‌.ഇക്കാര്യത്തില്‍ കോടതി ഇടപെടുകയാണെങ്കില്‍ ചിലപ്പോ ഈ സംസ്‌കാരം തന്നെ നടന്നു എന്നു വരില്ല.അല്ലെങ്കില്‍ നീട്ടിവയ്‌ക്കപ്പെടുകയും പാര്‍ലമെന്റിലടക്കം ചര്‍ച്ചയ്‌ക്ക്‌ ഇട വരികയും ചെയ്യുമായിരുന്നു.''
``അതൊക്കെ അവരുടെ കാര്യം.സംസ്‌കാരകര്‍മ്മം നടത്തിത്തരികയാണ്‌ എന്റെ ജോലി.അത്‌ വേഗം തുടങ്ങാം.''
അച്ചന്റെ മുഷിച്ചില്‍ മനസ്സിലാക്കി സേവ്യര്‍ വേറൊന്നും പറയാന്‍ നിന്നില്ല.
മാറത്ത്‌ ഒപ്പീസു ചൊല്ലുമ്പോഴുള്ള നിറമുള്ള പട്ടയിട്ട്‌ പുറത്തേക്കുവന്ന പുരോഹിതനൊപ്പം കറുത്ത വേഷത്തില്‍ സേവ്യറിനെയും കണ്ടതോടെ തങ്ങള്‍ കേട്ടതൊക്കെ ഒരു തമാശയല്ലെന്ന്‌ കൂടിനിന്ന ജനത്തിനു ഒന്നുകൂടി ബോധ്യമായി.പലരും അതുവരെ പ്രവര്‍ത്തനരഹിതമാക്കാതിരുന്ന സ്വന്തം ഫോണുകള്‍ ധൃതിയില്‍ ഓഫാക്കാന്‍ തുടങ്ങി.അന്തരീക്ഷത്തിന്റെ ചാരനിറം വികൃതമായി.മഴ പെയ്യുമോ എന്നറിയാന്‍ പലരും മാനത്തേക്ക്‌ നോക്കി.
തലയുയര്‍ത്തിപ്പിടിച്ച്‌ അച്ചന്‍ പള്ളിക്കുള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഫോണ്‍ വച്ച പെട്ടിക്കടുത്തുനിന്ന്‌ ആള്‍ക്കൂട്ടം മാറിക്കൊടുത്തു.അദ്ദേഹം നേരെ വന്ന്‌ കൈക്കാരന്റെ കൈയില്‍ നിന്ന്‌ പരിശുദ്ധജലം വാങ്ങി ചുറ്റിനും നിന്നവര്‍ക്കുമേല്‍ തളിച്ചു.അനന്തരം പ്രാര്‍ത്ഥനാപൂര്‍വ്വം കര്‍മ്മങ്ങള്‍ നടത്താന്‍ ആരംഭിച്ചു.ആ നേരമത്രയും സേവ്യര്‍ വയറിനുതാഴെയായി വിരലുകള്‍ കോര്‍ത്ത്‌ തന്റെ ഫോണിന്റെ സമീപത്തുതന്നെ തലതാഴ്‌ത്തിനില്‍ക്കുകയായിരുന്നു.
ഒച്ചയടക്കി ഒരാള്‍ മറ്റൊരാളോട്‌ ചോദിച്ചു.
``ഫോണ്‍ ഓഫല്ലേ.?''
``ങേ..?''
``പെട്ടിയില്‍ വച്ചിരിക്കുന്ന സേവ്യറിന്റെ ഫോണ്‍ ഓഫല്ലേ എന്ന്‌.''
ഉത്തരവാദിത്തത്തോടെ ആരോ സേവ്യറിനോടും അതുതന്നെ ചോദിച്ചു.
``താന്‍ ഓഫ്‌ ചെയ്‌തിട്ടല്ലേ പെട്ടിയിലേക്ക്‌ ഫോണ്‍ വച്ചത്‌.?''
സേവ്യര്‍ ചോദിച്ചയാളെ തിരിഞ്ഞുനോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.നിരന്തരം പ്രകാശിച്ചുകൊണ്ടിരുന്ന തന്റെ ഫോണിന്റെ വാവട്ടം സേവ്യര്‍ അവസാനമായി നോക്കിക്കണ്ടു.ഏറെനേരം നിരന്തരം അറിയിപ്പുകളെ സ്വീകരിച്ച്‌ പ്രകാശിച്ചുകൊണ്ടിരുന്നശേഷം ഇപ്പോഴത്‌ ചലനരഹിതമാണ്‌.അയാള്‍ക്ക്‌ ദുഖം തോന്നിയില്ല.അഭിമാനം തോന്നി.താന്‍ തന്റെ സെല്‍ഫോണിനെ ഉപേക്ഷിക്കാന്‍ മനധൈര്യം കാണിച്ചിരിക്കുന്നു.ആ തീരുമാനത്തിലേക്ക്‌ തന്നെ എത്തിച്ചതെന്താണ്‌.അയാള്‍ സ്വയം ചോദിച്ചു.
പെട്ടെന്നൊരാള്‍ കുനിഞ്ഞ്‌ സേവ്യറിനോട്‌ പറഞ്ഞു.
``മേയര്‍ വന്നിട്ടുണ്ട്‌.''
അയാള്‍ പ്രതീക്ഷിച്ചത്‌ പ്രതിഷേധിക്കാനെത്തുമെന്ന്‌ അറിയിച്ചിരുന്ന ഫോണ്‍ കമ്പനിയുടെ ഡിവിഷണല്‍ മാനേജരെയും മേഖലാതല മേധാവിയെയുമാണ്‌.സേവ്യര്‍ മുഖമുയര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല.മേയര്‍ വരുന്നകാര്യം മനസ്സിലായ പുരോഹിതന്‍ പ്രാര്‍ത്ഥന മുറിക്കാതെ തലയാട്ടി.
മേയര്‍ പരിവാരസമേതം പള്ളിക്കുള്ളിലേക്ക്‌ കയറിവന്നു.ആറടിയോളം ഉയരവും ഭംഗിയുമുണ്ടായിരുന്നു മേയറിന്‌.അച്ചന്‍ അല്‌പനേരത്തേക്ക്‌ പ്രാര്‍ത്ഥന നിര്‍ത്തിവച്ചു.കന്യാസ്‌ത്രീകളും ആരാധനയോടെ മേയറെ വണങ്ങി.
എല്ലാവര്‍ക്കും മുഖം കൊടുത്തശേഷം മേയര്‍ വന്ന്‌ സെല്‍ഫോണിനു മുന്നില്‍ മൂന്നുനിമിഷം കണ്ണടച്ചുനിന്നു.പിന്നെ അനുയായിയുടെ കൈയില്‍ നിന്ന്‌ ചുവന്ന പനിനീര്‍പ്പുക്കളാല്‍ നിര്‍മ്മിച്ച പുഷ്‌പചക്രം വാങ്ങി ഫോണിന്റെ നെഞ്ചത്തുവച്ചു.
എന്നിട്ട്‌ കുനിഞ്ഞ്‌ ഏറ്റവും താഴ്‌ന്ന സ്വരത്തില്‍ സേവ്യറിനോട്‌ പറഞ്ഞു.
``ധീരനാണ്‌ താങ്കള്‍ .''
മേയര്‍ പറഞ്ഞതെന്താണെന്ന്‌ മറ്റാരും കേട്ടില്ല.പുരോഹിതന്‍ പോലും.സേവ്യര്‍ ആര്‍ക്കും തിരിച്ചറിയാനാവാത്തവിധം ഒന്നു മന്ദഹസിച്ചു.
അവസാനത്തെ ജപവും അവസാനിപ്പിച്ച്‌ അച്ചന്‍ നിര്‍ദ്ദേശിച്ചു.
``ഇനി എടുക്കാം.''
പള്ളിയങ്കണത്തിലും പുറത്തും സെമിത്തേരിയിലേക്കുള്ള വഴിയിലുമായി തിങ്ങിനിന്നവര്‍ക്കിടയില്‍ ഒരാരവമുണ്ടായി.അത്ഭുതകരമായ കാര്യം എല്ലാവരും ഫോണ്‍ വിറയല്‍സ്വഭാവത്തില്‍ വച്ചിരുന്നു എന്നതാണ്‌.അതിലും അത്ഭുതകരമായ കാര്യം എല്ലാ ഫോണുകളുംതന്നെ വിളി വന്ന്‌ വിറയ്‌ക്കുന്നുണ്ടായിരുന്നു എന്നതാണ്‌.പക്ഷേ ആരും വിളികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നില്ല.ഒരുതരം ആശങ്ക എല്ലാവരെയും ചൂഴ്‌ന്നുനിന്നിരുന്നു.
പെട്ടി എടുക്കുംമുമ്പ്‌ സേവ്യര്‍ തന്റെ സെല്‍ഫോണിനെ അവസാനമായി നോക്കി.അലങ്കരിച്ച ചെറിയ പെട്ടിക്കുള്ളില്‍ മരണത്തിന്റെ ഭയപ്പെടുത്തലുകളില്ലാതെയും ഒരു കൊച്ചു സമ്മാനത്തിന്റെ ശോഭയോടെയും തന്റെ ഫോണ്‍ കിടക്കുന്നത്‌ സേവ്യര്‍ വികാരരഹിതമായി കണ്ടു.സേവ്യറില്‍ നിന്നെന്തെങ്കിലും ശോകമൂകമായ ചടുലനീക്കം പ്രതീക്ഷിച്ചുനിന്ന ചിലര്‍ അങ്ങനെയെങ്കില്‍ അയാളെ അടക്കിപ്പിടിക്കാന്‍ തയ്യാറായി.എന്നാല്‍ അതുവേണ്ടി വന്നില്ല.പെട്ടിയുയര്‍ത്താന്‍ ശ്രമിക്കുമ്പോഴും സേവ്യര്‍ വികാരരഹിതനായിരുന്നു.
ഏവരെയും ഭയപ്പെടുത്തിക്കൊണ്ട്‌ ആ നിമിഷം കുഴിയിലേക്ക്‌ പോകാന്‍ കാത്തിരുന്ന ഫോണ്‍ ശബ്‌ദിച്ചു.പലര്‍ക്കും അടിവയറ്റില്‍നിന്നൊരു ആന്തലുണ്ടായി.പലരുടെയും രക്തസമ്മര്‍ദ്ദമുയര്‍ന്നു.പലരും തളര്‍ച്ച നേരിട്ടു.മേയറിന്റെ മുഖം വിവര്‍ണ്ണമായി.പുരോഹിതന്‍ വേദപുസ്‌തകത്തില്‍ നിന്നു പിടിവിടാതെ ആത്മസംയമനം പാലിച്ചു.അവസാനനിമിഷവും അതെല്ലാം പ്രതീക്ഷിക്കുന്നതുപോലെയായിരുന്നു സേവ്യറിന്റെ ഭാവം.അയാളൊന്ന്‌ മുഖം കോട്ടി പുഞ്ചിരിക്കുകയാണുണ്ടായത്‌.അതുകണ്ട്‌ പലരും അമ്പരന്നു.
``അപ്പോ,ഓഫല്ലായിരുന്നോ.?''
``ഓഫായിട്ടുണ്ടാവില്ലായിരിക്കും.പരീക്ഷണത്തിനുനില്‍ക്കാതെ ബാറ്ററി ഊരി വച്ചാ മതിയായിരുന്നു.''
``ശ്ശോ..ഇതൊക്കെ നേരത്തെ നോക്കണ്ടേ.''
``അതിനിഷ്‌ടമല്ലാന്നേ ഇപ്പോളേ ഓഫാകാന്‍ ..ഇനിയുമെത്രയോ കോളുകളും മെസേജുകളും വരാനുള്ളതാ.''
``ആരായിരിക്കും ഈ നേരത്ത്‌ വിളിച്ചത്‌..അതും ഓഫ്‌ മോഡിനെ മറികടന്ന്‌.''
പലരും പലവിധ അഭിപ്രായങ്ങളോടെ സേവ്യറിനെ നോക്കി.പുരോഹിതന്‍ പോലും ചോദിച്ചു.
``എടുക്കുന്നുണ്ടോ..അവസാനത്തെ കോളായി വേണെങ്കില്‍ എടുക്കാം.''
എല്ലാവരും സേവ്യറിനെ നോക്കി.പുഷ്‌പചക്രങ്ങളാല്‍ പെട്ടി മൂടിയിരുന്നതിനാല്‍ വിളിക്കുന്നയാളിന്റെ പേര്‌ കാണാന്‍ കുനിഞ്ഞുനോക്കി ശ്രമിച്ചവരും നിരാശരായി.അവരുടെ പിറുപിറുപ്പുകള്‍ക്കുമേലെ സേവ്യറിന്റെ ശബ്‌ദം പൊങ്ങി.
``ഇല്ല.ഓഫ്‌ ചെയ്‌തുവച്ചാലും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ഫോണില്‍ നിന്നും അവസാനത്തെ കോളും ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു.''
മേയര്‍ പെട്ടെന്ന്‌ പുറത്തേക്ക്‌ തിരിഞ്ഞുനടന്നു.അവിടെ പലതരം മുറുമുറുപ്പുണ്ടായി.ചിലരൊക്കെ നെറ്റി ചുളിച്ച്‌ അന്യോന്യം നോക്കുകയും വാക്കുകളുടെ മൂടിളക്കി രഹസ്യമായി വല്ലതുമുണ്ടോ എന്നാരായുകയും ചെയ്‌തു.അവസാനത്തെ കോള്‍..അതിനെത്തുടര്‍ന്നാണോ സേവ്യര്‍ എന്ന ചെറുപ്പക്കാരന്‍ ഫോണിനെ കൊല്ലാനും അടക്കാനും തീരുമാനിച്ചത്‌.ആര്‍ക്കും ഉത്തരം കിട്ടിയില്ല.ഒരാള്‍ അല്‌പം മുന്നോട്ടുനീങ്ങി ഉറക്കെത്തന്നെ ചോദിച്ചു.
``അല്ല..ജീവനോടെ കിടന്ന്‌ അത്‌ മണിയടിച്ചോണ്ടിരിക്കുമ്പം കുഴിയിലേക്കെടുക്കുകാന്നു പറഞ്ഞാ..നിങ്ങക്കു വേണ്ടപ്പെട്ട കോളാണെങ്കിലോ..ഈ അടക്ക്‌ ഒഴിവാക്കാന്‍ കഴിയുന്ന ഏതെങ്കിലും കാള്‍ ..''
അതിനു മറുപടിയായി സേവ്യര്‍ അല്‌പം നീരസത്തോടെ പറഞ്ഞു.
``അതിനീം അടിക്കും.അടുത്ത റിങ്ങ്‌ വരുന്നതിനുമുമ്പ്‌ ശവം എടുക്ക്‌.''
സേവ്യര്‍ ഉച്ചരിച്ച ആ വാക്ക്‌ ജനത്തെ ഒന്നുകൂടി സംഭീതരാക്കി.ഒരാള്‍ ഇരുകൈയിലുമായി പെട്ടി ഏന്തി വയറിനുകുറുകെ പിടിച്ചു മുന്നോട്ടുനീങ്ങി.സമീപത്തായി അച്ചനും കന്യാസ്‌ത്രീകളും സേവ്യറും നടന്നു.നഗരം അതുവരെ കാണാത്തത്രയും ജനം വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
തികഞ്ഞ മൗനത്തോടെ വിലാപയാത്ര കുന്നുകയറി.നീലപ്പൂക്കള്‍ വിരിഞ്ഞ പച്ച മരങ്ങള്‍ക്കിടയിലായി പുല്‍ത്തകിടിയില്‍ കൊച്ചുകുഴി ഒരുങ്ങിക്കിടന്നിരുന്നു.വിലാപയാത്ര വരുന്നതും കാത്ത്‌ അവിടെയും അടക്കിപ്പിടിച്ച നിശ്ശബ്‌ദതയോടെ ജനം കൂടിനില്‍പ്പുണ്ടായിരുന്നു.സംഭവ്യമല്ലാത്ത ഒരു കാര്യത്തെ നേരിട്ടുകണ്ട്‌ ബോധ്യപ്പെടുകയാണ്‌ തങ്ങളുടെ വരവിന്റെ ഉദ്ദേശമെന്ന്‌ അവരെല്ലാവരും പ്രഖ്യാപിക്കുന്നതായി സേവ്യറിന്‌ തോന്നി.
കുഴിമൂടല്‍ച്ചടങ്ങുകള്‍ പെട്ടെന്നു സമാപിച്ചു.മേയര്‍ ആശിര്‍വദിച്ചതുപോലെ മഴ ഒഴിഞ്ഞുനിന്നുകൊടുത്തു.അന്തരീക്ഷത്തിലെ ചാരവര്‍ണ്ണം ഇരുട്ടിനുവഴിമാറി.നേരത്തെ സന്ധ്യയായതിന്റെ പ്രതീതിയില്‍ ആള്‍ക്കൂട്ടം കുന്നിറങ്ങി.അപ്പോള്‍ തേനീച്ചകളുടെയോ കടന്നലുകളുടെയോ നൂറായിരം വയലിനുകളുടെയോ ശ്രുതി പോലെ ആള്‍ക്കൂട്ടത്തിന്റെ സെല്‍ഫോണുകള്‍ വിറയല്‍സ്വഭാവത്തില്‍ നിന്നും മുക്തരായി ശബ്‌ദിക്കാനും സംസാരം കൈമാറാനും തുടങ്ങിയിരുന്നു.വല്ലാത്തൊരു ആര്‍ത്തി ആ സംസാരങ്ങളിലെല്ലാം പ്രകടമായിരുന്നു.സേവ്യര്‍ നിസ്സംഗനായി അതുനോക്കിനിന്നു.
ഒടുവിലാണ്‌ സേവ്യര്‍ കുന്നിറങ്ങിയത്‌.വര്‍ഷങ്ങളോളം തന്റെ കൂടെ വിട്ടുപോകാതെ നിന്നിരുന്ന ശത്രു മണ്ണടിഞ്ഞതിന്റെ ആഹ്ലാദമാണ്‌ തനിക്കനുഭവപ്പെടുന്നതെന്ന്‌ സേവ്യറിന്‌ മനസ്സിലായി.മണ്ണിനടിയില്‍നിന്നും ഫോണ്‍ തന്നെ വിളിക്കുന്നതായി തോന്നിയപ്പോള്‍ അയാള്‍ നടപ്പിനു വേഗം കൂട്ടി.


(ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

റെയില്‍വേ സ്റ്റേഷനില്‍ ഒരു ബാലിക


ഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വണ്ടികാത്തുനില്‍ക്കുകയായിരുന്നു ഞാന്‍ .അധികം തിരക്കില്ലാത്ത ദിവസം.എനിക്കുള്ള വണ്ടി വരാന്‍ ഒരു മണിക്കൂറോളം സമയമുണ്ട്‌.സാധാരണ അത്തരം വേളകളില്‍ ലളിതമായ വായനകള്‍ക്കായി സമയം നീക്കിവയ്‌ക്കുകയാണ്‌ പതിവ്‌.അന്ന്‌ ഉച്ചനേരമായതിനാല്‍ ഊണു കഴിച്ചിട്ടാവാം യാത്ര എന്നു കരുതി വായന മാറ്റിവച്ച്‌ നേരെ കാന്റീനിലേക്ക്‌ നടന്നു.മേല്‍പ്പാലത്തിന്റെ പലഭാഗത്തായി കാറ്റേറ്റ്‌ തീവണ്ടി കാത്തുനില്‍ക്കുന്നവരെ കാണാം.ശക്തിയായ പാലക്കാടന്‍ കാറ്റില്‍ അവരുടെ മുടിയും ഉടയാടകളും പാറിക്കളിക്കുന്നു.അവര്‍ക്കിടയിലൂടെ താഴേക്കിറങ്ങി.
പച്ചക്കറിഭക്ഷണമാണ്‌ ശീലമെന്നതിനാല്‍ മേല്‍പ്പാലമിറങ്ങി ഇടത്തുവശത്തുള്ള വെജിറ്റേറിയന്‍ കാന്റീന്‍ ലക്ഷ്യമാക്കിയാണ്‌ എന്റെ നടപ്പ്‌.കോഴിക്കോടും പാലക്കാടും നവീകരിച്ചിട്ടുള്ള വെജിറ്റേറിയന്‍ കാന്റീനുകളാണുള്ളത്‌.അവയുടെ ഉള്‍ഭാഗക്രമീകരണം ഭക്ഷണം കഴിക്കാന്‍ നമുക്കൊരു ആഹ്ലാദം തരുന്നതാണ്‌.അവിടെ ഭക്ഷണം തരുന്ന പുതിയ ഇനം പ്ലാസ്റ്റിക്‌ പ്ലേറ്റുകളും കൊള്ളാം.വൃത്തി തോന്നിപ്പിക്കും.പാലക്കാട്ടെ റെയില്‍വേ കാന്റീനില്‍ കാലത്ത്‌ ചെന്നാല്‍ നല്ല ഉപ്പുമാവ്‌ കിട്ടും.പരിസരത്തുനിന്നു വീശിയടിക്കുന്ന പാലക്കാടിന്റെ തനതായ അപ്പിമണം മാറ്റിനിര്‍ത്തിയാല്‍ സംഗതി ആസ്വാദ്യകരം.എനിക്ക്‌ അത്തരം ദുര്‍ഗന്ധങ്ങളോ കാഴ്‌ചകളോ വലിയ പ്രശ്‌നമായി അനുഭവപ്പെടാറുമില്ല.താരതമ്യേന ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇപ്പോള്‍ കുപ്രസിദ്ധമായ ആ ചീത്തപ്പേരില്‍ നിന്നും മോചനം നേടിവരുന്നുണ്ട്‌.
ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക്‌ തിരിച്ചുവരാം.കൂപ്പണെടുത്ത്‌ ഭക്ഷണമേശയ്‌ക്കടുത്തിരുന്നു.തിരക്കാവുന്നതേയുള്ളൂ.നീലയില്‍ കളങ്ങളുള്ള വേഷവും ഏപ്രണും കെട്ടിയ വിളമ്പുകാരികളും വിളമ്പുകാരന്മാരും അങ്ങിങ്ങ്‌ അലസരായി നില്‍ക്കുന്നുണ്ട്‌.എനിക്ക്‌ ചോറു വന്നു.വിളമ്പുകാരന്‍ കറികള്‍ വിളമ്പാന്‍ തുടങ്ങി.അപ്പോഴാണ്‌ മടക്കിയ ഒരു നൂറുരൂപ നോട്ട്‌ എന്റെ മുന്നിലേക്ക്‌ നീണ്ടുവന്നത്‌.അത്‌ വിളമ്പുകാരനായി നീട്ടിയതാണ്‌.അതെനിക്കു മനസ്സിലായി.ഒപ്പം അയാളോടുള്ള തമിഴ്‌ കലര്‍ന്ന ഒരു കിളിമൊഴിയും കേട്ടു.
``ശാപ്പാട്‌ കൊട്‌.''
ഞാന്‍ നോക്കി.ഒരു കൊച്ചു തമിഴ്‌ പെണ്‍കുട്ടിയാണ്‌.കടുത്ത ഓറഞ്ച്‌ നിറമുള്ള പട്ടുപാവാടയും ബ്ലൗസുമാണ്‌ വേഷം.അഞ്ചോ ആറോ വയസ്സുകാണും.അലസമായി കിടക്കുന്ന എണ്ണമയവും ജലമയവുമില്ലാത്ത മുടി.മുഷിഞ്ഞ കവിളുകളും കണ്ണുകളും.ജീവിതത്തിന്റെ അസ്വസ്ഥതകള്‍ കലരാത്ത സ്വരം.അവള്‍ക്ക്‌ വേഗം തന്നെ തനിക്കുപറ്റിയ അബദ്ധം മനസ്സിലായി.അബദ്ധം മറയ്‌ക്കാന്‍ ഒന്നു ചിരിക്കുകപോലും ചെയ്യാതെ വിളമ്പുകാരനെ വിട്ട്‌ അവള്‍ കൂപ്പണ്‍ കൊടുക്കുന്ന മേശയ്‌ക്കരികിലേക്ക്‌ ഓടിപ്പോയി.ഓടിപ്പോവുകതന്നെയാണ്‌ അവള്‍ ചെയ്‌തത്‌.അപ്പോഴാണ്‌ ഞാനവളുടെ പിന്‍ഭാഗം കണ്ടത്‌.
പിന്‍ഭാഗത്ത്‌ കുടുക്ക്‌ വച്ചിട്ടുള്ളത്‌ പൊട്ടിയിട്ട്‌ തുറന്നു കിടക്കുകയായിരുന്നു അവളുടെ കൊച്ചുബ്ലൗസ്‌.അതിലൂടെ അവളുടെ ഇരുണ്ട പുറം മുഴുവന്‍ പുറത്തുകാണാമായിരുന്നു.അതില്‍ എല്ലുകള്‍ എഴുന്നുനില്‍ക്കുന്നു.വാരിയ ചോറ്‌ കൈയില്‍ തടഞ്ഞു.അത്‌ വായിലേക്കുയര്‍ത്താന്‍ എനിക്കായില്ല.അവള്‍ അതൊന്നും ശ്രദ്ധിക്കാതെ ഇതൊക്കെ ശീലവും ജീവിതവുമായതിന്റെ ചുറുചുറുക്കില്‍ മേശയ്‌ക്കരികില്‍നിന്ന്‌ പണം കൊടുത്ത്‌ ചോറിനുള്ള കൂപ്പണ്‍ വാങ്ങുകയാണ്‌.ഞാന്‍ തലതാഴ്‌ത്തിയിരുന്നു.
എന്റെ മനസ്സിലൂടെ വീടും വിദ്യാഭ്യാസവുമില്ലാത്ത അനേകം മക്കളുടെ മുഖങ്ങള്‍ ഓടിപ്പോയി.ഇന്ത്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പലസ്‌തീനിലെയും ഇറാഖിലെയും ഇസ്രയേലിലെയും മക്കള്‍ .ഇന്ത്യയിലെ തെരുവുകളിലെ മക്കള്‍ . അതിലൊരാളാണ്‌ ആ പെണ്‍കുട്ടിയും.അവളുടെ വീട്‌ ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷന്‍ തന്നെയാവാം.അല്ലെങ്കില്‍ അതുപോലുള്ള റെയില്‍വേസ്റ്റേഷനുകള്‍ .എന്റെ തൊട്ടടുത്ത്‌ എത്രയോ അമ്മമാര്‍ ഇരിക്കുന്നുണ്ട്‌.അച്ഛന്മാരുണ്ട്‌.അവരുടെയൊക്കെ മക്കളുടെ ഉടുപ്പിന്റെ ഒരു കുടുക്ക്‌ പൊട്ടിയാല്‍ ഇതുപോലുള്ള കുട്ടികള്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിട്ട്‌ പുതിയത്‌ വാങ്ങിക്കൊടുക്കാന്‍ സാമൂഹിക സാഹചര്യമുള്ളവര്‍  .ആരെയും കുറ്റപ്പെടുത്താനാവില്ല.ഓരോരോ പ്രദേശത്തെ ഓരോരോ സാഹചര്യങ്ങള്‍ .കാലാകാലങ്ങളായി നമ്മുടെ ചുറ്റിനും ഇല്ലാത്തവരെ കാണുന്നുണ്ട്‌.ഒരിക്കലും ലോകത്തുനിന്ന്‌ ദാരിദ്ര്യവും ഇല്ലായ്‌മയും ചൂഷണവും പൂര്‍ണ്ണമായും തുടച്ചുനീക്കാനും സാധിക്കില്ല.മനുഷ്യകുലത്തിന്റെ വിധിയാണിത്‌.നമുക്കതില്‍ പരിതപിക്കാനേ കഴിയൂ.
ആ കുട്ടി അഴിഞ്ഞുപോയ ഉടുപ്പുമായി പ്ലാറ്റ്‌ഫോമുകള്‍ തോറും നടക്കുന്നതും അവളെ ചിലരെങ്കിലും ദുരുദ്ദേശത്തോടെ നോട്ടമിടുന്നതും ഞാന്‍ സങ്കല്‍പ്പിച്ചു.അവളുടെ കുരുന്ന്‌ പാവാടക്കുത്ത്‌ അഴിഞ്ഞുവീഴാന്‍ എത്ര ഇരുട്ടുപരക്കേണ്ടതുണ്ടെന്ന്‌ മാത്രം ആലോചിച്ചാല്‍ മതി.സൗമ്യ കൊല്ലപ്പെട്ടത്‌ ഇവിടെനിന്നും അധികം ദൂരെയായിട്ടല്ലല്ലോ.മനസ്സില്‍ വീണ കനലണയാന്‍ ഇനി സമയമെടുക്കുമെന്ന്‌ ഉറപ്പാണ്‌.സാവകാശം ഞാന്‍ തലയുയര്‍ത്തിനോക്കി.പെട്ടെന്ന്‌ എന്റെ ചുണ്ടിലൊരു പുഞ്ചിരി പരന്നു.
കൗണ്ടറിനരികില്‍ നിന്നുകൊണ്ട്‌ യൂണിഫോമിട്ട വിളമ്പുകാരികളിലൊരാള്‍ ആ പെണ്‍കുട്ടിയുടെ ഉടുപ്പിനു ക്ഷമയോടെ പിന്നു കുത്തി കൊടുക്കുന്നു.ഒരമ്മയെപ്പോലെ,ഒരു സഹോദരിയെപ്പോലെ..ഒരേ സമയം സമാധാനം തരുന്നതും അതേസമയം ഈ ലോകത്തെ തന്നെ വല്ലാതെ സ്‌നേഹിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു കാഴ്‌ചയായിരുന്നു അത്‌.ഞാനോര്‍ത്തു.ആ വിളമ്പുകാരി രാവിലെ ജോലി ചെയ്യാനായി അവിടേക്ക്‌ വരുന്നത്‌ അതേ പോലുള്ള മക്കളെ സ്‌കൂളിലയച്ചിട്ടാവാം.മക്കളുള്ള ഒരാള്‍ക്കല്ലേ മറ്റൊരാളുടെ മക്കളെയും സ്വന്തം മക്കളെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയൂ.ഒരുപക്ഷേ അവര്‍ക്കുള്ള കുട്ടിയും അതേപോലൊരു പെണ്‍കുട്ടി തന്നെയാവണം.ആ അമ്മയ്‌ക്ക്‌ നല്ലതു ഭവിക്കട്ടെ എന്നു മനസ്സില്‍ നേര്‍ന്നു.അതെന്റെ കൃതജ്ഞതയായിരുന്നു.
ആ തമിഴ്‌പ്പെണ്‍കുട്ടി പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ കൗണ്ടറിലുള്ള വേറൊരു സ്‌ത്രീയോട്‌ തമാശകള്‍ പറഞ്ഞ്‌ ചിരിക്കുകയാണ്‌.പിന്നെ പൊതിച്ചോറും വാങ്ങി എങ്ങോട്ടോ പോയി.ഞാനോര്‍ത്തു,ആ പെണ്‍കുട്ടിക്ക്‌ എന്നുമെന്നും ചിരിക്കാന്‍ കഴിയട്ടെ.ജീവിതം അതിനെ കരയിക്കാതിരിക്കട്ടെ.സന്തോഷം തോന്നിയ മനസ്സുമായി വേഗം വേഗം ഞാന്‍ ഭക്ഷണം കഴിക്കാനാരംഭിച്ചു.

Tuesday, January 8, 2013

മലയാള യുവകവിതയില്‍ ഒരു ലോപ


കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന 2012 ലെ യുവപുരസ്‌കാറിന്‌ ഇത്തവണ മലയാളത്തില്‍നിന്നും അര്‍ഹയായത്‌ ലോപയാണ്‌.`പരസ്‌പരം' എന്ന കാവ്യപുസ്‌തകത്തിനാണ്‌ മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരം ലോപയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌.

മലയാള കവിതയെ ബാധിച്ച തളര്‍ച്ച തന്നെ ബാധിക്കാതിരിക്കാന്‍ പരിശ്രമിക്കുന്ന കവയിത്രിയാണ്‌ ലോപ എന്ന്‌ അവരുടെ കവിതകള്‍ക്ക്‌ വായിക്കുന്നൊരാള്‍ക്ക്‌ മനസ്സിലാകും.യുവലോകത്തെ കാവ്യസപര്യയാല്‍ ദീപ്‌തമാക്കിയ ലോപയെ നമുക്ക്‌ ആത്മാര്‍ത്ഥമായി അഭിനന്ദിക്കാം.
എഴുത്തുമേശതന്‍ 
ജനാലയ്‌ക്കപ്പുറം
വിളര്‍ത്തുപോകുന്ന
വ്യഥിതചന്ദ്രന്റെ
വെളിച്ചത്തില്‍ നിന്റെ-
യഴകു കണ്ടു ഞാന്‍ 
നിറമൊടുങ്ങാത്ത
കടല്‍ മയൂരമേ...(സ്വര്‍ണത്താമര)
ഇതാണ്‌ ലോപയുടെ കവിതയുടെ ഭാവം.മാതൃഭൂമി വിഷുപ്പതിപ്പ്‌ കവിതാമത്സരത്തില്‍ സമ്മാനാര്‍ഹയായ കാലം മുതല്‍ വായനക്കാരനെന്ന നിലയില്‍ ഞാന്‍ ലോപയെ പിന്തുടരുന്നു.പിന്നീടിങ്ങോട്ട്‌ ഇടയ്‌ക്ക്‌ സജീവമായും ഇടക്കാലം നിശ്ശബ്‌ദയായും മറ്റൊരവസരം ഇടവിട്ടിടവിട്ടും ലോപ കവിത നല്‍കിക്കൊണ്ടേയിരുന്നു.
`പരസ്‌പരം' എന്ന പുസ്‌തകം വന്നപ്പോള്‍ അത്‌ വാങ്ങി പലര്‍ക്കും സമ്മാനിച്ചിരുന്നു.ഇടയ്‌ക്ക്‌ ലോകത്തെ വെറുത്തിരിക്കുന്ന ഇടനേരങ്ങളില്‍ മറിച്ചുനോക്കി മനസ്സുമായി കിന്നരിക്കാനിടമൊരുക്കുന്ന കവിതകളാണിവ.അതില്‍ നമുക്ക്‌ നമ്മെ കാണാന്‍ കഴിയും.മലയാള കവിത അന്തസ്സോടെ സഞ്ചരിച്ച വഴിയും കാണാനാവും.വിട്ടുപോന്ന തറവാടിന്റെ ഓര്‍മ്മയില്‍ തറവാടിത്തം വിടാതെ നടക്കുന്ന കവിയുടെ കാല്‍പ്പാടുകള്‍ പുതഞ്ഞതാണ്‌ പരസ്‌പരത്തിലെ കവിതകള്‍ . 

പരസ്‌പരത്തിന്‌ അവതാരിക എഴുതിയ കെ.പി.ശങ്കരന്‍ മാഷ്‌ പറയുന്നുണ്ട്‌,``ഇന്നത്തെ പുതുകവികളില്‍ ഭൂരിപക്ഷത്തിനും വൃത്തമോ ഈണമോ വേണമെന്നേയില്ല,അങ്ങനെയിരിക്കേ,ലോപ ഏറെ രചനകളിലും രണ്ടും നിലനിര്‍ത്തിയിരിക്കുന്നതില്‍ ഏതോ ആദിധാരയുടെ പ്രേരണയുണ്ടാവാം''എന്ന്‌.
കവിതയ്‌ക്ക്‌ വൃത്തവും ഛന്ദസും വേണമെന്ന കാര്യത്തില്‍ എനിക്കുമില്ല കണിശത.പക്ഷേ കവിതയ്‌ക്ക്‌ താളമുണ്ടാവണം.പദങ്ങളില്‍ പടരുന്ന ഉന്നതമായ ഒതു താളത്തില്‍ അനുവാചകഹൃദയമാനത്തേറി വിരിയുന്നതാവണം കവിത.
കൈകോര്‍ത്തൊപ്പം നടന്നാലും

കൈവിട്ടോടും മനസ്സിനെ
ഒന്നായിച്ചേര്‍ത്തുനിര്‍ത്തുന്ന
താലിനൂല്‍പ്പാലജാഗ്രത... 
(പാലങ്ങള്‍ /ജീവിതം)
എന്നു വായിക്കുമ്പോള്‍ വായനക്കാരനെ അവനവന്റെ ജീവിതം വന്നു വിളിക്കാതിരിക്കില്ല.സമൂഹത്തോടും വ്യക്തിയോടും പിന്തിരിഞ്ഞുപോയിട്ട്‌ വ്യര്‍ത്ഥസ്വപ്‌നങ്ങളെപ്പറ്റി മൂഢമനസ്സോടെ പാടുകയല്ല,പ്രതിബദ്ധത നിറഞ്ഞ ബോധത്തോടെ പ്രതികരിക്കുകയാണ്‌ ലോപയുടെ കവിത.

മാധവിക്കുട്ടിയുടെ ചരമസംസ്‌കാരം നടക്കുമ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെപ്പറ്റി ലോപ എഴുതുന്നതില്‍ കവിയുടെ കണ്ണ്‌ ജ്വലിക്കുന്നത്‌ കാണാം.
പ്രഹസനങ്ങള്‍ തന്‍ 

തെരുവിലാഘോഷം
തിമര്‍ക്കയാണു നീ
ചിറകൊതുക്കുമ്പോള്‍ ..(സ്വര്‍ണത്താമര)
ഈ അടുത്തകാലത്താണ്‌ ലോപ വീണ്ടും സജീവമായത്‌.ചില ഫോണ്‍ സംഭാഷണങ്ങളില്‍ എന്റെ പ്രിയസുഹൃത്തിനോട്‌ ഞാന്‍ അപേക്ഷിക്കാറുണ്ടായിരുന്നു,കവിതയിലേക്ക്‌ വരൂ എന്ന്‌.പതിഞ്ഞ ചിരിയുടെ മറുപടിക്കിപ്പുറം പ്രത്യാശ പുരട്ടിയ മൗനവുമായി ഞാന്‍ നിശ്ശബ്‌ദനാകും.എഴുതാതിരിക്കാനാവില്ല ഈ കവിക്കെന്ന്‌ വായനക്കാരനുറപ്പുണ്ടല്ലോ.ലോപയുടെ കവിതയിലെ പല വരികളും നമ്മുടെ കൂടെ പോരും.കൂടെ പോരുന്ന ചില വരികള്‍ പൂര്‍വ്വികരുടെ അനുഗ്രഹസ്‌പര്‍ശങ്ങളെ നമുക്ക്‌ കാട്ടിത്തന്നേക്കും.അതും ഒരു ധന്യതയാണ്‌.ഒന്നും മൗലികമായി ഈ ഭൂമിയിലില്ലല്ലോ.`ഒരു മുക്കൂറ്റിപ്പൂങ്കനകത്താക്കോലാല്‍ തുറന്ന മഹാവസന്തത്തിന്‍ നട' എന്നെഴുതി വായിക്കുമ്പോള്‍ അതിലെന്റെ പ്രിയമഹാകവി പി.കുഞ്ഞിരാമന്‍ നായരെ കാണാനാവുന്നത്‌ സന്തോഷം തന്നെയാണ്‌.`സ്‌നേഹം തിങ്ങുന്ന കണ്ണെല്ലാം നിന്‍ പീലിക്കണ്ണുതാനെടോ' എന്ന്‌ `കൃഷ്‌ണാര്‍പ്പണ'ത്തില്‍ ലോപ എഴുതുമ്പോള്‍ അതില്‍ `ഉണ്ണികൃഷ്‌ണനോട്‌' എന്ന കവിതയില്‍ ഇടശ്ശേരി കണ്ണനെ `എടോ' എന്നു വിളിച്ചതിന്റെ ധീരസാമ്യം നിഴലിച്ചിരിക്കുന്നതിനെപ്പറ്റി ശങ്കരന്‍ മാഷ്‌ പറയുന്നുണ്ട്‌.``ഇതില്‍ ലോപയെപ്പോലെ ഉത്തിഷ്‌ഠമാനസയായ കവിക്ക്‌ ലജ്ജിക്കാനൊന്നുമില്ല,`ഉണ്ണികൃഷ്‌ണനോട്‌' എന്ന രചനയിലെ ഉല്ലംഘത പുനരാവിഷ്‌കരിക്കുന്നതുപോട്ടെ,ഉള്‍ക്കൊള്ളുന്നതുപോലും പുതിയൊരു കവിക്ക്‌ പ്രചോദകമല്ലേ'' എന്നാണ്‌ മാഷ്‌ ചോദിക്കുന്നത്‌.എത്ര അര്‍ത്ഥഗര്‍ഭമാണ്‌ മാഷിന്റെ വിസ്‌താരം.ഇങ്ങനെയെങ്കില്‍ ഒരു പഴഞ്ചന്‍ കവിയാണോ ഈ ലോപ എന്നാരും ധരിക്കേണ്ട.
ഇലഞ്ഞിപ്പൂവുകള്‍ ചൊരിയുമോര്‍മ്മകള്‍
പുലരുന്നേയുള്ളൂ,കനിഞ്ഞുകിട്ടിയ
കടുനാളിന്റെ കൈപിടിച്ചു നീങ്ങുമ്പോള്‍
കുരുന്നുകാലടി പുണര്‍ന്നു പൂവിടാ-
തുറങ്ങിയേല്‍ക്കുന്ന വിളര്‍ത്ത മുറ്റങ്ങള്‍
വിയര്‍പ്പും ചോരയും കലര്‍ന്നപോലുപ്പില്‍
നിറങ്ങള്‍ ചാലിച്ച ബഹുവര്‍ണ്ണക്കളം
അടഞ്ഞ വാതിലിനകത്തു ചാനലിന്‍
പെരുമഴ വീണു നിറയും ടിവികള്‍
ഇലപോലും വിലകൊടുത്തു വാങ്ങുവോര്‍
വിളമ്പും സദ്യതന്‍ വിരോധാഭാസങ്ങള്‍ ..!(മടങ്ങും മുമ്പ്‌)
എന്തൊരു സന്തോഷമാണ്‌ ഈ കവിതകള്‍ വായിക്കുമ്പള്‍ .!യുവപുരസ്‌കാരം അത്‌ അര്‍ഹിക്കുന്ന കൈകളിലാണ്‌ കിട്ടിയിരിക്കുന്നതെന്നതില്‍ എനിക്ക്‌ വലിയ സന്തോഷമുണ്ട്‌.തീര്‍ച്ചയായും സാമകാലികരായ കവികള്‍ നേര്‍ത്ത രോഷത്തോടെയും പരിഹാസത്തോടെയും എതിര്‍പ്പോടെയുമാവും ലോപയുടെ പുരസ്‌കാരലബ്‌ധിയെ സ്വീകരിക്കുക എന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌.അവരുടെ വഴി വിട്ട പോക്കിനെ അനുകരിക്കാത്തതാണ്‌ ലോപയുടെ വഴക്കം.2001 ല്‍ കലാകൗമുദിയില്‍ വിജയലക്ഷ്‌മി എഴുതിയ `ലോപയ്‌ക്ക്‌' എന്ന കവിത ഉദ്ധരിച്ചുകൊണ്ട്‌ അവസാനിപ്പിക്കാം.
ഇപ്പോഴും നില്‍ക്കുന്നൂ ഞാ-
നത്ഭുതാദരാല്‍ ,മഷി-
പ്പച്ചയും സ്ലേറ്റും കൈയി-
ലേന്തി നീയെഴുതുമ്പോള്‍ ,
`കോടിവാക്കുകള്‍ ..'കുഞ്ഞേ,
തേടുക പദം,പദം,
നേടുക ജഗല്ലയം
പദസന്നിധൗ മാത്രം!

Wednesday, January 2, 2013

സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം




പുതിയ കഥയായ 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' ഈ ലക്കത്തെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
വേറിട്ട ഒരു പ്രമേയമാണ് ഇക്കുറി സ്വീകരിച്ചിട്ടുള്ളത്.സ്വന്തം സെല്‍ ഫോണിനെ സ്വിച്ച് ഓഫ് ചെയ്ത ശേഷം പള്ളിയില്‍ കൊണ്ടുപോയി എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും സംസ്കരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിത്.
കഥ വായിച്ച് അഭിപ്രായം ദയവായി അറിയിക്കുമല്ലോ.