Friday, December 30, 2011

ചുട്ടിമാട് പറയുന്നു,ഞാനും നിങ്ങളിലൊരാളാണ്.

വായനയെ ഞാന്‍ ഏറെക്കുറെ തിരിച്ചുപിടിച്ച വര്‍ഷമാണ് 2011.പണ്ട് വായിച്ച് മറന്നതും പുതിയതുമായ കുറേയേറെ വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങള്‍ എന്നെ ഈ വര്‍ഷമുടനീളം കൈ പിടിച്ച് നടത്തി.അതിന്‍റെ പ്രകാശത്തില്‍ ലോകത്തിന്‍റെ മുഖം ഞാന്‍ കാണുകയും ചെയ്തു.ഇരുട്ടില്‍ നടക്കുന്നവന്‍റെ കാല്‍ച്ചുവട്ടിലെ വെളിച്ചമാണല്ലോ പുസ്തകങ്ങള്‍.
ഞാന്‍ ജനിക്കുന്നതിനും മുന്പ് രാജന്‍ കാക്കനാടന്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രാവിവരണമാണ് ഈ വര്‍ഷമാദ്യം ഞാന്‍ വീണ്ടും വായിച്ച ഒരു പുസ്തകം.ഇതിനുമുന്പ് രണ്ടോ മൂന്നോ വട്ടം ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്.ആദ്യം വായിക്കുന്നത് ഹൈസ്കൂള്‍ കാലത്താണ്.ആയിടയ്ക്കുതന്നെയാണ് അദ്ദേഹത്തിന്‍റെ നേരമല്ലാത്ത നേരത്തും(നോവല്‍) വായിച്ചത്.പക്ഷേ അതിന്‍റെ പ്രമേയവും മറ്റും ഇപ്പോള്‍ ഓര്‍മ്മയില്ല.1975-ല്‍ രാജസ്ഥാന്‍റെ തെക്കുഭാഗത്തുള്ള ആംബു പര്‍വ്വതത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് രാജന്‍ കാക്കനാടന്‍ കാല്‍നടയായി നടത്തിയ അസാധാരണയാത്രയുടെ അനുഭവങ്ങളാണ് ഹിമവാന്‍റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകം.ഇപ്പോള്‍ വായിക്കുന്പോഴും ത്രില്ലടിപ്പിക്കുന്ന അനുഭവം.ജീവിതത്തില്‍ വല്ല പല്ലിയോ തേരട്ടയോ നേരെ വന്നാല്‍പ്പോലും വിരണ്ടുപോകുന്ന നമുക്ക് ദുനിയാവിലെ ഏത് ചെകുത്താന്‍ എതിരെ വന്നാല്‍പ്പോലും 'വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ' എന്നു സധൈര്യം വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന ജീവിതബോധവും സ്ഥൈര്യവും ആ പുസ്തകം നമുക്ക് തരും.
പരിണാമവും ഒന്നുകൂടി വായിച്ചു.എം.പി.നാരായണപിള്ള മാജിക്.വായിച്ചു പകുതിയാക്കിയത് വി.ടിയുടെ സന്പൂര്‍ണ്ണകൃതികള്‍.ആവര്‍ത്തിച്ചും ആസ്വദിച്ചും പഠിച്ചും വായിച്ച മറ്റൊരു പുസ്തകം അഷിതയുടെ കഥകളാണ്.ദൈവമേ,സ്ത്രീയുടെ കണ്ണുകളുടെയും മനസ്സിന്‍റെയും കരുത്തും മൂര്‍ച്ചയും ഭാഷയില്‍ പുനരാവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ നമ്മള്‍ അഷിതയുടെ കഥകള്‍ വായിക്കണം.ഉദാഹരണത്തിന്,ഒരു സ്ത്രീയും പറയാത്തത്,കല്ലുവച്ച നുണകള്‍,ഗമകം,അമ്മ എന്നോട് പറഞ്ഞ നുണകള്‍,പത്മനാഭന് ഒരു കഥ,ചതുരംഗം...
പെസഹാ തിരുനാള്‍ എന്ന കഥയില്‍ അഷിത എഴുതുന്നു.
''എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനായി ഞാന്‍ കഥ തുടരുകയായി.ഒരു കഥ പറയുക എത്രയോ എളുപ്പം.!''വെറുതെ വായിച്ചാല്‍ സാധാരണ വരികള്‍.ആലോചിച്ചുവായിച്ചാല്‍ ഹൃദയത്തില്‍ ചൂണ്ട മുറുക്കി വലിക്കുന്ന അനുഭവം.
കെ.എ ബീനയുടെ ബ്രഹ്മപുത്രയിലെ വീട് ഈ കൊല്ലമാണ് ഞാന്‍ വായിച്ചത്.നല്ല പുസ്തകം.ഒഴുക്കുള്ള രചന.കഴിഞ്ഞ വര്‍ഷത്തെ എന്‍റെ നാമമാത്രമായ ഭാരതപര്യടനത്തിന്‍റെ ആവേശത്തിലാണ് കേട്ടോ ഹിമവാന്‍റെ മുകള്‍ത്തട്ടിലും ബ്രഹ്മപുത്രയുമൊക്കെ ഞാന്‍ ഈ കൊല്ലമാദ്യം തന്നെ വായിച്ചത്.ഇനിയും കുറേ പുസ്തകങ്ങള്‍ കൂടി പറയാനുണ്ട്.പക്ഷേ അതൊന്നുമല്ലല്ലോ ഞാന്‍ പറയാന്‍ വരുന്നത്
2011ലെ എന്‍റെ പുസ്തകമേതാണ്..?എന്നെ ചിന്തിപ്പിച്ച,രസിപ്പിച്ച,കണ്ണുനനയിപ്പിച്ച,ആവേശം കൊള്ളിച്ച,ഓര്‍മ്മകളെ തിരിച്ചുവരുത്തിയ,ലക്ഷ്യങ്ങളെ ഓര്‍മ്മിപ്പിച്ച,ഭാഷയെ വിരുന്നൂട്ടിയ,വായനാലഹരിയില്‍ മയക്കം കൊള്ളിച്ച ആ പുസ്തകമേതാണ്?അത് വളരെ ചെറിയൊരു പുസ്തകമാണ്.
എന്‍.എ നസീറിന്‍റെ കാടും ഫോട്ടോഗ്രാഫറും.
കേരള സാഹിത്യ അക്കാദമി 2011 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 136 പേജുകളേയുള്ളൂ.അതില്‍ത്തന്നെ അനവധി പേജുകളിലും വര്‍ണ്ണചിത്രങ്ങളാണ്.ആകെ 20 അധ്യായങ്ങള്‍.അനുബന്ധമായി ഗിരീഷ് ജനാര്‍ദ്ദനന്‍ എഴുതിയ ഒരു വനചാരിയുടെ ആത്മകഥ എന്ന നസീറിന്‍റെ ലഘുജീവചരിത്രവുമുണ്ട്.
ഹോ...അസാധ്യം.അതല്ലാതെ ഒരു വാക്ക്-സാധ്യമാണ് അത്തരം ജീവിതം എന്ന് നസീര്‍ വാക്കുകളാലും ചിത്രങ്ങളാലും തെളിയിച്ചിട്ടും-പറയാനാവുന്നില്ല ഈ പുസ്തകം വായിച്ചുകഴിയുന്പോള്‍.ഓരോ അധ്യായവും വായിച്ചശേഷം ഞാന്‍ കുറേ നേരം അന്തം വിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും.
''ഒരുകൂട്ടം കാട്ടാനാകള്‍ നമ്മുടെ അരികിലൂടെ കടന്നുപോയാല്‍ നമ്മള്‍ തിരിച്ചറിയില്ല.പക്ഷേ,ഒരു മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരിക്കുന്പോള്‍ എല്ലാ ജീവികളും അതറിയുന്നു.''ഈ വരികള്‍ വായിക്കുന്പോള്‍ നാം കയറിച്ചെല്ലുന്ന അവസ്ഥയെപ്പറ്റി വിവരിക്കുവാന്‍ എളുപ്പമല്ല.ഒന്നറിയാം..നമ്മളെത്രയോ നിസ്സാരനാണ് സുഹൃത്തേ..!
നസീറിനൊപ്പം കാട് കയറിയവര്‍ പറഞ്ഞുപോരുന്ന ഒരു ഫലിതത്തെപ്പറ്റി ഗിരീഷ് ഇതിലെഴുതിയിട്ടുണ്ട്.അതിങ്ങനെയാണ്.''കാട് അയാള്‍ക്ക് ഒരു സ്റ്റുഡിയോ ഫ്ലോര്‍ പോലെയാണത്രേ.അവിടെ മൃഗങ്ങള്‍ മനുഷ്യരെപ്പോലെ അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.!''എന്തുരസമുള്ള പ്രയോഗം.ആലോചിച്ചാലോ നമ്മളെപ്പോലെയുള്ള സാധാരണക്കാരനില്‍ നടുക്കം മാത്രം അവശേഷിപ്പിക്കുന്നതും.
ഈ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കാട്ടില്‍പ്പോണോ,ഫോട്ടോയെടുപ്പ് തുടരണോ,പെയിന്‍റിംഗ് തുടരണോ,യോഗ പഠിക്കണോ,കരാട്ടേ പഠിക്കണോ,വാങ്ങിയ സ്ഥലത്ത് കാട് പിടിപ്പിക്കണോ,സഞ്ചാരിയാവണോ എന്നൊന്നുമല്ല മനസ്സില്‍ വന്നത്.സത്യമായും മനസ്സിലപ്പോള്‍ വന്നത് ഒരിക്കലെങ്കിലും ഒരു മയില്‍ പീലി വിരിക്കുന്നത് കാണാനായെങ്കില്‍,അല്ലെങ്കില്‍ കാട്ടാനക്കൂട്ടം നിറനിലാവില്‍ ആറാടിമദിക്കുന്നത് പരിസരത്തുനിന്ന് കാണാനായെങ്കില്‍,അതുമല്ലെങ്കില്‍ ആകാശസ്പര്‍ശിയായ ഒരു മലമുടിയുടെ മേലെ മഞ്ഞ് അതിന്‍റെ മുഖപടം വലിച്ചിടുന്നത് കാണാനായെങ്കില്‍ എന്നൊക്കെയാണ്.!
അതുകൊണ്ടൊക്കെത്തന്നെ വിസ്മയമാണ് എന്‍.എ നസീര്‍ എഴുതിയ/ജീവിക്കുന്ന ഈ പുസ്തകം.
രാജവെന്പാല,കരടി,കടുവ,കലമാന്‍,കാട്ടുപോത്ത്,പുള്ളിപ്പുലി,ആന,മൂങ്ങ,കാട്ടുനായ്ക്കള്‍,സിംഹവാലന്‍ കുരങ്ങ്,തീക്കാക്ക...ഒരു തിരശ്ശീലയിലെന്നപോലെ കഥാപാത്രങ്ങള്‍ അണിനിരക്കുകയാണ്.ലോകത്തിലെ എല്ലാ ഭാഷയിലെയും മികച്ച വാണിജ്യസിനിമാത്തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നിരുന്ന് എഴുതിയ പോലത്തെ ത്രില്ലര്‍ സീനുകളാണ് ഓരോ അധ്യായത്തിലും.ചിലപ്പോള്‍ വായനക്കിടയില്‍ രോമം കുത്തനെ നില്‍ക്കും,നമ്മള്‍ ശ്വാസമെടുക്കാന്‍ മറക്കും,ഒരു പുസ്തകവും വായിക്കുന്പോള്‍ കിട്ടാത്തത്ര തികഞ്ഞ ഏകാന്തതയിലുമാവും.അതാണ് വായനാനുഭവമെങ്കില്‍ അത്തരം യാത്രാനുഭവങ്ങള്‍ എത്രമേല്‍ തീവ്രമായിരിക്കും എന്നാലോചിക്കൂ.
പശുത്തൊഴുത്തില്‍ ചെന്നുനില്‍ക്കുന്പോള്‍ പശുക്കള്‍ ഉറക്കെ ഉച്ഛ്വസിക്കുന്നത് ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.(അതുപോലും അറിയണമെങ്കില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വല്ല ദിക്കിലുമെത്തണം.പിന്നേയ്..,പശുവിന്‍റെ കഴുത്തേല്‍ പിടിക്കാന്‍ ഇപ്പോ നാട്ടിലേക്ക് പോകുവല്ലേ,എന്നാണ് നമ്മളുടെ ചിന്ത.!)പശുക്കളുടെ മൂക്കിലെ നനവിലും നാവിന്‍റെ അരത്തിലും കാതുകളുടെ തരളഭംഗിയിലും താടഞൊറിവുകളുടെ വിലോലതയിലും കണ്ണുകളുടെ ആര്‍ദ്രതയിലും ഞാനങ്ങിനെ
മയങ്ങി നിന്നിട്ടുണ്ട്.പശുവോ പൂച്ചയോ നായയോ എരുമയോ താറാവോ നാട്ടാനയോ-വളര്‍ത്തുമൃഗങ്ങള്‍-ഏതുമാകട്ടെ..എനിക്ക് ഇങ്ങനെയാണ് അനുഭവം.എങ്കില്‍ ഒരു കാട്ടില്‍ പുള്ളിമാനുകളുടെ കൂട്ടത്തെയോ ശലഭങ്ങളെയോ ആനത്താരയിലെ യാത്രക്കാരെയോ നിലാവില്‍ മേയുന്ന കാട്ടുപോത്തുകളുടെ സംഘത്തെയോ അടുത്തറിയുന്ന അനുഭവം എത്ര ആനന്ദകരമായിരിക്കും.അത് എഴുതാന്‍ ഏതു ഭാഷയെ ഉപാസിക്കണം..?
ചാര അണ്ണാനെയും കുറിക്കണ്ണന്‍ പുള്ളിനെയും നീലഗിരി മാര്‍ട്ടനെയും കണ്ടെത്താന്‍ കഴിഞ്ഞ അനുഭവങ്ങള് ഈ പുസ്തകത്തില്‍ ‍വിവരിക്കുന്നത് അസാധാരണമായിട്ടാണ്.അതുകൊണ്ടൊക്കെ ഞാനുറപ്പിച്ചു പറയും,ഇതൊരു സര്‍വ്വകാലാശാലയാണ്.കാടിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഗ്രന്ഥമാണ്.പരിസ്ഥിതി എന്നാലെന്തെന്ന് നമ്മളെ പഠിപ്പിക്കുന്ന രാഷ്ട്രീയമാണ്.
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി,എന്‍.എ.നസീറിന്‍റെ കാടും ഫോട്ടോഗ്രാഫറും എന്ന പുസ്തകം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠപുസ്തകമാക്കണം.അല്ലെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ പുസ്തകം സൌജന്യമായോ ന്യായവിലയ്ക്കോ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കാന്‍ ഉത്തരവിടണം.കാരണം കുട്ടികളാണ് ഈ പുസ്തകം ഗ്രഹിക്കേണ്ടത്.അവരാണ് ഇനി പരിസ്ഥിതി സംരക്ഷകരായി വരും നാളെകള്‍ക്ക് തിരിച്ചറിവുകള്‍ പകരേണ്ടത്.ഈ പുസ്തകം വായിക്കുന്ന പത്തില്‍ ഒരു കുട്ടിയെങ്കിലും പ്രകൃതിയിലേക്കും പരിസ്ഥിതിസംരക്ഷണത്തിലേക്കും ജന്തുജാലപ്രേമത്തിലേക്കും തിരിയുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.അതാണ് ഈ പുസ്തകത്തിന്‍റെ ശക്തി.ആത്മാവും.
നമ്മുടെ മന്ത്രിമാരോട് പറയാമെന്നേയുള്ളു..നടപ്പാക്കാന്‍ നമുക്ക് അധികാരമില്ലല്ലോ.അതിനാല്‍ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന.കേരള സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.വില 400 രൂപയാണ്.മക്കളിലൊരാള്‍ക്ക് ഒരു ജോഡി ഉടുപ്പ് വാങ്ങുന്ന പണമേ ആവൂ.ഒരു ബുക്ക് വാങ്ങിയാല്‍ വീട്ടിലെ എല്ലാ മക്കള്‍ക്കും ഉപകാരപ്രദമാവുകയും ചെയ്യും.ഭാവിയില്‍ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത് നിങ്ങള്‍ വാങ്ങിക്കൊടുത്ത പട്ടുടുപ്പിന്‍റെയും ഭക്ഷണത്തിന്‍റെയും സ്മരണയിലായിരിക്കില്ല,അവര്‍ക്ക് വഴികാട്ടിവിട്ട ഒരു പുസ്തകത്തിന്‍റെ പേരിലായിരിക്കും.അതിനാല്‍ ഈ പുസ്തകമെങ്കിലും വാങ്ങി മക്കള്‍ക്ക് കൊടുക്കുക.
ഞാന്‍ പറയുന്നത് അവിശ്വസനീയമായി തോന്നുവര്‍ക്ക് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ പുതുവര്‍ഷപ്പതിപ്പ് വാങ്ങിക്കാം.വായിക്കാം.നസീറിന്‍റെയും ശശി ഗായത്രിയുടെയും ഡോ.അബ്ദുള്ള പാലേരിയുടെയും ചിത്രങ്ങളും എഴുത്തും വായിക്കാം.ചിത്രകാരന്‍ ഷെരീഫിന്‍റെ കാട് കാണാം.
(ഒന്നുകൂടി പറയട്ടെ ഈ മൂവരെയും ഞാന്‍ ഇതുവരെ പരിചയപ്പെടുകയോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല.സദാ സംശയാലുക്കളായ മലയാളികള്‍ക്ക് ഞാന്‍ എന്തെങ്കിലും കാര്യലാഭത്തിനായി ഈ പ്രകൃതീസ്നേഹികളുടെയും ആഴ്ചപ്പതിപ്പിന്‍റെയും വക്കാലത്തെടുക്കുകയാണെന്ന് തോന്നിയേക്കാം.അതാണിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നത്.)
2011ലെ എന്‍റെ പുസ്തകം ഇതാണ്.ഇതുമാത്രമാണ്.
എല്ലാ വായനക്കാര്‍ക്കും ഹരിതം നിറഞ്ഞ നവവത്സരാശംസകള്‍...

Wednesday, December 28, 2011

സര്‍,സര്‍,സര്‍!!

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തില്‍ കോടീശ്വരനായ നായകനെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കഥാപാത്രം സ്റ്റീഫന്‍ ലൂയിസ് കഴുത്തിനുതാഴേക്ക് ചനലശേഷിയില്ലാത്ത വ്യക്തിയാണ്.അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് ശന്പളത്തിന് പാട്ടുകള്‍ പാടുന്ന കഥാപാത്രമാണ് അനൂപ് മേനോന്‍ അവതരിപ്പിച്ച ജോണ്‍.സ്റ്റീഫനും ജോണും തമ്മിലുള്ള പലനിലകളിലുള്ള അന്തരം ഇതിലൂടെ വ്യക്തമായിക്കാണുമല്ലോ.ഇനി നോക്കൂ..സ്റ്റീഫനെ കാണാന്‍ ആവശ്യപ്പെട്ടിട്ട് ജോണ്‍ ആദ്യമായി ആ വീട്ടിലെത്തുകയാണ്.വീടല്ലല്ലോ പണക്കാരന്‍റെ മാളിക!അവിടെ വച്ച് പരിചയപ്പെടലുകള്‍ക്കിടയില്‍ ജോണ്‍, സ്റ്റീഫനെ 'സര്‍' എന്നുവിളിക്കുന്പോള്‍ സ്റ്റീഫന്‍ പറയുന്നുണ്ട്,ആ സര്‍ വിളി വേണ്ട എന്ന്.അതെനിക്കിഷ്ടമായി.സാര്‍ വിളി കേള്‍ക്കാനാഗ്രഹിക്കുന്ന കേരളത്തിലെ കുറേ സാറന്മാരെങ്കിലും അത് കേട്ടുകാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.ആ സന്തോഷത്തോടെയാണ് ഞാനീ വര്‍ഷത്തിനോട് വിടപറയുന്നതും.
ആരാണ് ലോകത്തിലെ സാര്‍..?
ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണിത്.പലരെയും പലപ്പോഴും സര്‍ എന്ന് സംബോധന ചെയ്യേണ്ടിവരുന്പോള്‍ അനവധി തവണ ആവര്‍ത്തിച്ചിട്ടുള്ള ചോദ്യം.ഒരുപക്ഷേ അവജ്ഞയോടെ നിങ്ങളില്‍ പലരും പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടാകാനിടയുള്ള ചോദ്യം.അല്ലങ്കില്‍ എന്‍റെ വക അങ്ങോട്ടൊരു ചോദ്യം.ആരുടെയെങ്കിലും സര്‍ വിളി കേട്ടാല്‍ പുളകം കൊള്ളുന്നവരാണോ നിങ്ങളും?എങ്കില്‍ എനിക്ക് നിങ്ങളോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ.
പണ്ട് ഒരാളെ-പലരുടെയും പ്രതിനിധിയായ ഒരാളെ-ഞാന്‍ പരിചയപ്പെടാനിടയായി.അദ്ദേഹം സംസാരത്തിനിടയില്‍ പലപ്പോഴും സ്വയം സര്‍ എന്ന് വിളിച്ചാണ് തന്നപ്പറ്റി പറഞ്ഞിരുന്നത്.ഉദാഹരണത്തിന് അദ്ദേഹത്തിന്‍റെ പേര് കോശി എന്നാണെന്നിരിക്കട്ടെ,അദ്ദേഹം നമ്മളോട് പറയുന്നു,ഇന്നലെ കോശി സാറിനെ കാണാന്‍ വന്ന പൈലി പറയുകയാണ്..എന്ന മട്ടില്‍.ഇതു കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.സാറ്കോശിക്ക് ഞാന്‍ ചിരിച്ചതെന്തിനാണെന്ന് ഇത്രകാലമായിട്ടും മനസ്സിലായിട്ടുണ്ടാകില്ല.
എറണാകുളത്ത് ചെല്ലുന്പോള്‍ ഒരു സുവിശേഷകന്‍റെ ഫ്ലക്സുകള്‍ പലയിടത്തും കാണാറുണ്ട്.അദ്ദേഹം അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നത്,ഫ്ലക്സുകളില്‍ വിശേഷിപ്പിക്കുന്നത് സര്‍ എന്നാണ്.സര്‍ അദ്ദേഹത്തിന്‍റെ കുടുംബപ്പേരാണോ..?ബ്രിട്ടീഷ് സര്‍ക്കാരോ മറ്റോ അദ്ദേഹത്തിന് ആദരപൂര്‍വ്വം പതിച്ചു നല്‍കിയതാണോ സര്‍സ്ഥാനം..?അതോ ആളുകള്‍ വിളിച്ച് വിളിച്ച് അദ്ദേഹം ഒരു ദിനം സര്‍ ആയി മാറിയതാണോ..?(കാഫ്കയോട് കടപ്പാട്.)അതോ സാറാണെന്ന തോന്നലില്‍ സാറാകാന്‍ സാറാകുന്ന വിധമാണോ ഇതൊക്കെ..!
ആ സുവിശേഷകന്‍റെ ബാനറുകള്‍ കാണുന്പോള്‍ എനിക്ക് ചിരിയും വരും സഹതാപവും വരും.(അദ്ദേഹത്തിന് സര്‍ സ്ഥാനം കിട്ടിയ വഴി വ്യക്തമായാല്‍ ഈ അറിവില്ലായ്മ അവസാനിപ്പിക്കാന്‍ എനിക്ക് മടിയില്ലാട്ടോ.)
അര്‍ഹരായ സ്ഥാനങ്ങളില്‍ ഇരിക്കുന്പോള്‍ ഏതൊരാളും സര്‍ തന്നയൊണ്.ഒരു ബഹുമാനപ്പെടുത്തലാണത്.ചില പദവികളിലിരുന്ന് ചിലരൊക്കെ ചെയ്യുന്ന സദ്പ്രവര്‍ത്തികള്‍ അവരെ ഇരുന്നൂറുവട്ടം സര്‍ വിളിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.അതിലെനിക്ക് സംശയമില്ല.അങ്ങനെതന്നെ അവരെ ആദരിക്കുകയും സ്മരിക്കുകയും വേണം.എനിക്ക് എം.കൃഷ്ണന്‍ നായര്‍ എന്ന പണ്ഡിതനായ നിരൂപകനെ,വായനക്കാരനെ,വിമര്‍ശകനെ സര്‍ എന്ന് ചേര്‍ത്തല്ലാതെ വിളിക്കാന്‍ നാവുയരാറില്ല.അത് അദ്ദേഹം ദീര്‍ഘകാലം അദ്ധ്യാപകനായി ജീവിച്ചതുകൊണ്ടുമാത്രമല്ല.
പലപ്പോഴും അദ്ധ്യാപക ജോലി ചെയ്യുന്ന പ്രഗത്ഭരെ നാം സര്‍ എന്നുതന്നെ വിളിക്കാറുണ്ട്.അത് ശരിയുമാണ്.അത്തരം സര്‍ വിളികളെക്കുറിച്ചല്ല ഞാനിവിടെ വിമര്‍ശിക്കുന്നത്.(പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ കുട്ടികളെ ലൈംഗീകമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെയും നമ്മളിനി സര്‍ എന്നുതന്നെ വിളിക്കണമോ..?അവരൊക്കെയാണോ സാറന്മാര്‍..!എങ്കില്‍ സര്‍ വിളി കേട്ട് പുളകം കൊള്ളുന്ന പലരും പുനര്‍വിചിന്തനത്തിന് തയ്യാറാവേണ്ട കാലമായിയെന്ന് തോന്നുന്നു.)
കേന്ദ്രസര്‍ക്കാറിന്‍റെ വേതനം പറ്റുന്ന പോസ്റ്റ് മാനെയും റെയില്‍വേസ്റ്റേഷനിലെ ക്ലര്‍ക്കുമാരെയും സംസ്ഥാനസര്‍ക്കാറിന്‍റെ ഉദ്യാഗസ്ഥരായ ട്രാന്‍സ്പോര്‍ട്ട് ബസ് ജീവനക്കാരെയും നമ്മള്‍ ചേട്ടാ,ചേച്ചീ(കഴിയുമെങ്കില്‍ എടോ,വാടോ,ശൂശ്..ശ്ശ്..എന്നും.!)എന്നല്ലാതെ വിളിക്കാറില്ലല്ലോ.എന്നിട്ടാണ് നാല് കാശ് കൈയില്‍ വച്ചിരിക്കുന്നവനെയും അല്പം വിദ്യാഭ്യാസമുള്ളവനെയും കക്ഷിരാഷ്ട്രീയമുള്ളവനെയും സമുദായപ്രാണി(പ്രമാണി എന്നു തിരുത്തി വായിക്കാനപേക്ഷ) താണുതൊഴുത് നാണമില്ലാതെ സര്‍ വിളിക്കുന്നത്.അതോര്‍ക്കുന്പോഴാണ് അധാര്‍മ്മികമായ സര്‍ വിളികളില്‍ രോഷമുണ്ടാവുന്നത്.അതുകേട്ട് രോമാഞ്ചമണിയുന്നവരെ ഓര്‍ത്ത് പുച്ഛം തോന്നുന്നത്.
എന്‍റെയാരു ബന്ധുവിന് വര്‍ഷങ്ങളായി കാറുണ്ട്.എറണാകുളം നഗരത്തില്‍ സ്വന്തമായി വീടും സൌകര്യവുമുള്ള,വീട്ടിലിരുന്ന് സ്വയം തൊഴില്‍ ചെയ്ത് കാശ് സന്പാദിക്കുന്ന ആളാണ്.അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ അദ്ദേഹത്തെ സര്‍ എന്നു വിളിക്കുന്നതുകേട്ടപ്പോള്‍ എനിക്ക് സംശയം തോന്നി.അത്രക്കൊക്കെ സാറാകാന്‍ നോക്കേണ്ടതുണ്ടോ നമ്മള്‍..(മേല്‍പ്പറഞ്ഞ വ്യക്തിയോട് എനിക്കൊരു അസൂയയും വിദ്വേഷവും ഇല്ല.ദയവായി അങ്ങനെ തെറ്റിദ്ധരിക്കരുത്.)മലയാളിയുടെ രീതിയില്‍ ചേട്ടാ എന്നു വിളിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ സ്വത്തും സൌകര്യങ്ങളും ഇല്ലാതാകുമോ..?വലിയ സ്വാതന്ത്ര്യം കൊടുത്താല്‍ "ഇവറ്റ"തലയില്‍ കേറും എന്നാണെങ്കില്‍ തലയില്‍ കേറാതെ നിലയ്ക്കു നിര്‍ത്താനുള്ള മിടുക്ക് നിങ്ങള്‍ക്കില്ല എന്നല്ലേ അര്‍ത്ഥം!അപ്പോള്‍ അതൊന്നുമല്ല കാര്യം.വിളിയിലെ പദവിമാഹാത്മ്യത്തിലാണ് കണ്ണ്.ചുറ്റുംനിന്ന് നാലുപേര്‍ സര്‍ വിളിക്കാനുണ്ടെങ്കിലേ ഒരു ഗംഭീരനാവൂ എന്ന സ്വയംതോന്നല്‍ തന്നെ ഇത്.
ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആളിനെപ്പോലും സര്‍ എന്നു വിളിക്കുന്ന /വിളിപ്പിക്കുന്ന പലരും അവരുടെ വീട്ടിലെ ഭാര്യയെ അതേ നിലയില്‍ ബഹുമാനിക്കുന്നത് /ബഹുമാനിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സര്‍ എന്നു വിളിക്കുന്ന ആരും അതേ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ മാഡം എന്നു വിളിച്ച് കേള്‍ക്കാറുമില്ല.ഞാന്‍ പോലും തുല്യനിലയില്‍ ജോലിചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാരായ എന്‍റെ രണ്ട് സുഹത്തുക്കളില്‍ ഭര്‍ത്താവിനെ സര്‍ എന്നും ഭാര്യയെ ചേച്ചി എന്നുമാണ് വിളിക്കുന്നത്.അറിയാതെ അങ്ങനെയാണ് വിളിച്ചുതുടങ്ങിയത്.ഇതൊന്നും എനിക്കിനിയും പിടികിട്ടിയിട്ടില്ല സര്‍!
നമുക്ക് മാറ്റാന്‍ കഴിയാത്ത ചില ശീലങ്ങളുണ്ട്.അതില്‍ പെട്ടതാണ് ഈ കൊളോണിയല്‍ ഹാങ്ങോവറും.
നമുക്ക് ചേട്ടാ എന്നും ചേച്ചീ എന്നും പ്രായം കൂടിയവരാണെങ്കില്‍ അതോടൊപ്പം ബഹുമാനസൂചകങ്ങളുപയോഗിച്ചും സംസാരിച്ചാല്‍ പോരേ..(സര്‍!!)

ജീവിതത്തില്‍ ആരെക്കൊണ്ടും സര്‍ എന്ന് ഞാന്‍ വിളിപ്പിക്കാറില്ല.എനിക്കതിഷ്ടമല്ല.കാരണം,നിവൃത്തികേട് കൊണ്ടു നമ്മളുടെ മുന്നില്‍ നിന്ന് സര്‍ എന്നു വിളി‍ക്കേണ്ടി വരുന്ന ഒരാളാവാം അത്.ആ ആള്‍ സര്‍ എന്ന് നമ്മെ വിളിക്കുന്നത് അകത്ത് അക്ഷരം മാറ്റി തെറിയാക്കി വിളിച്ചുകൊണ്ടായിരിക്കാം.അല്ലെങ്കില്‍ നിന്നെയൊക്കെ ആരു ബഹുമാനിക്കുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടാവാം.അതുകൊണ്ട് ആരെങ്കിലും പരിചയപ്പെട്ടുകഴിഞ്ഞാലുടന്‍ അവര്‍ സര്‍ എന്നു വിളിച്ചാല്‍ ഞാന്‍ പറയാറുണട്‌ ദയവായി എന്നെ പേര് വിളിച്ചാല്‍ മതി എന്ന്.ആരായാലും എന്നെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം.അല്ലെങ്കില്‍ ചേട്ടാ എന്നു വിളിക്കുന്നത്.അതുപോലെ കുട്ടികളോടും പറയും,അവരെക്കൊണട് പറയിപ്പിക്കുന്നവരോടും പറയും,എന്നെ 'അമ്മാവന്‍' എന്നു വിളിച്ചോളൂ,എങ്കിലും 'അങ്കിള്‍' എന്നുവിളിക്കല്ലേ,വിളിപ്പിക്കല്ലേ എന്ന്.!
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Sunday, December 25, 2011

മുട്ടത്തോടുടച്ച് പുറത്തേക്ക്..

2011 കഴിഞ്ഞുപോകുന്നു.ഇന്നലെ രാത്രി കാണാനാവാതെ പോയ മുടിയേറ്റോടെ.അല്ലെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ അങ്ങനെ സാധിക്കാതെ പോയ അനവധി ചെറുതും വലുതുമായ കാര്യങ്ങളോടെ..ഓര്‍ക്കുന്പോള്‍ അതില്‍ വലിയ ഖേദത്തിനും സ്ഥാനമില്ലെന്ന് മനസ്സിലാവുന്നു.എന്തിന്..? ജീവിതം എന്നും അങ്ങനെ തന്നെയായിരുന്നില്ലേ..!
കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാനാവാത്തതാണ്.ജനുവരിയും.അതിനുശേഷം ഈ ഡിസംബറെത്തുന്പോള്‍ മനസ്സിലാക്കുന്നത് കഴിഞ്ഞുപോയ ഒരു വര്‍ഷമാണ് എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവങ്ങള്‍ പഠിച്ചതെന്നാണ്.അത്രമാത്രം തീക്ഷ്ണമായിരുന്നു എനിക്ക് കഴിഞ്ഞ 12 മാസങ്ങള്‍.കയ്പും ചവര്‍പ്പും നോവും സന്തോഷവും.. കടുത്ത ഏകാന്തത അതിന്‍റെ ആഴത്തില്‍ അറിഞ്ഞു.വല്ലാതെ ഒറ്റപ്പെട്ടു. ജീവിതത്തിന്‍റെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എഴുതിത്തുടങ്ങിയ ഒരു നോവല്‍ മുഴുമിപ്പിച്ചതൊഴിച്ചാല്‍ കാര്യമായൊന്നും എഴുതാനാവാത്ത വര്‍ഷവുമായി കഴിഞ്ഞത്.മാംസഭുക്കുകളും ബാര്‍കോഡും വര്‍ഷത്തിന്‍റെ തുടക്കത്തില്‍ എഴുതിവച്ചിരുന്നതാണ്.ബ്ലോഗും ഏറെക്കുറെ അനാഥമായപോലായി അല്ലേ..
സത്യത്തില്‍ ഞാനൊരുപാട് മാറിപ്പോയി.അതോ വളരെയധികം ഒതുങ്ങിപ്പോയെന്നാണോ പറയേണ്ടത്..എന്നെ അറിയാവുന്നവര്‍ക്ക് മനസ്സിലാകും,ഞാന്‍ ഒതുങ്ങിപ്പോയി എന്നുപറഞ്ഞാല്‍ വാസ്തവത്തില്‍ ഇല്ലാതായി എന്നാണ് അര്‍ത്ഥമെന്ന്. ബാഹ്യമായും ആന്തരികമായും.ഒരുപാട് സുഹൃദ്ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തു.പലരോടും അവരുടേതല്ലാത്ത കാരണങ്ങളാല്‍ വഴക്കിട്ടു,പിണങ്ങി,ഒരു മുറിയുടെ നിശ്ശബ്ദതയിലേക്ക് ഒതുങ്ങി.ദീര്‍ഘമായ ദിവസങ്ങള്‍ മിണ്ടാതിരുന്നു.എഴുത്തും വായനകളും യാത്രകളും ഇല്ലാതെ..
ഇതിനിടയില്‍ അതിജീവനത്തിനായിഏര്‍പ്പെട്ട ഒന്നുരണ്ട് സര്‍ഗ്ഗാത്മക സംരംഭങ്ങള്‍ വിചാരിച്ചപോലെയാകാതെ അമാന്തത്തിലുമായി.അങ്ങനെയും കുറേ മാസങ്ങള്‍ പോയി.
ഈ ഒരു കൊല്ലത്തിനുള്ളില്‍ വേദനിപ്പിക്കേണ്ടിവന്നു പല സുമനസ്സുകളേയും.കാരണങ്ങള്‍ പറയുവാനില്ല.അസ്വസ്ഥമായ മനസ്സിന് തല്ലുകൂടാന്‍ ഏറെ കാരണങ്ങളൊന്നും വേണ്ടല്ലോ.അസ്വസ്ഥതയ്ക്ക് കാരണം ഇപ്പോഴും വറ്റാതെയിരിക്കുന്ന സ്വപ്നഗ്രന്ഥികളാണ്.മാധവിക്കുട്ടി പ്രസ്താവിച്ചിട്ടുള്ളതുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അടങ്ങാത്ത കൊതി..അതങ്ങു മാറ്റുകയാണ്.ഞങ്ങളുടെ നാട്ടിലാണല്ലോ പൈങ്കിളി സാഹിത്യംവിളഞ്ഞത്.അതിന്‍റെ സ്വാധീനം ജീവിതത്തിലുമുണ്ടായത് പരാജയം.ഹുവാന്‍ റൂള്‍ഫോ ഒരാവേശമായിരുന്നു,അന്നും.ദസ്തയേവ്സ്കിയും.നിര്‍ഭാഗ്യവശാല്‍ സമ്മേളിച്ചത് രണ്ട് ധാരകളും കൂടിയായിപ്പോയി.പോരാത്തതിന് ശരാശരി മലയാളിയുടെഎല്ലാ ദുര്‍ബലതകളും.ഈ സ്വപ്നങ്ങളും കാല്പനികതയും വരുന്നത് അവിടെനിന്നാണല്ലോ..വരുന്പോള്‍ അണകെട്ടി തടുക്കാമെന്ന് കരുതി മനസ്സില്‍ സ്വയം കൂട്ടിവച്ചതെല്ലാം കരിങ്കല്ലുകളല്ല,മണ്ണാങ്കട്ടകളായിരുന്നു എന്നറിയുന്പോള്‍ ഇപ്പോള്‍ സുഖമാണ്.അണ വേണമെന്നും വേണ്ടെന്നുമാണല്ലോ ഇപ്പോഴത്തെ തര്‍ക്കം.ഒന്നും തടുത്തുനിര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല.ഒഴുകട്ടെ.തട ഭേദിക്കട്ടെ.അതാണ് നിത്യമായ സമാധാനം തരിക.അതുകൊണ്ട് ഇപ്പോഴത്തെ പ്രിയ ഗായിക ശ്രേയാ ഘോഷാലിനെ കാണുന്നു..കേള്‍ക്കുന്പോഴും കാണുന്പോഴും ഇന്പം.പിങ്ക് ഗൌണില്‍ വേദി നിറഞ്ഞ് ശ്രേയാ നീ പാടുന്പോള്‍ മനസ്സഴിയുന്നു..
കഴിഞ്ഞ ജനുവരിയിലെ നഷ്ടപ്പെടലുകള്‍ക്ക് പകരം വയ്ക്കുവാനൊന്നുമില്ലെന്ന് അറിയാം.തലവര പോലെയാണ് ബയോഡാറ്റ.ഒരിക്കല്‍ പതിഞ്ഞാല്‍ അതങ്ങനെ കിടക്കും.ശവക്കുഴി വരെ.എങ്കിലും പിരിഞ്ഞതിന്‍റെ ദീര്‍ഘമായ നിശ്ശബ്ദത.അഭാവം തന്നെ.പ്രിയപ്പെട്ടവരായിരുന്നവരുടെ ഭയം മനസ്സിലാകുന്നു.എല്ലാവരും അവരവരുടെ സ്വസ്ഥതകളില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു എന്നത് പരമമായ സത്യമാണ്.അതിനെ തെറി വിളിക്കേണ്ടതുമില്ല.സത്യത്തില്‍ മിസ്ഫിറ്റാണ് ഞാനീ ലോകത്തില്‍ എന്നു തോന്നാറുണ്ട്.ഒരു തോന്നല്‍ എന്നങ്ങു കൂട്ടാനുമാവുന്നില്ല.അതല്ലേ യാഥാര്‍ത്ഥ്യം.
പതിനൊന്ന് വര്‍ഷത്തിനുശേഷം iffk യില്‍ നാലുദിവസങ്ങള്‍ പങ്കെടുത്തതും മാര്‍ച്ചിലെ ഒരുമാസക്കാലം തിരുവനന്തപുരത്ത് താമസിച്ചതും പാലക്കാടന്‍ ദിനങ്ങളും എറണാകുളത്തെ ജൂണ്‍ മഴ ദിനങ്ങളും ഈ ഒരു വര്‍ഷക്കാലത്തിനിടയിലെ സൌഖ്യം.
ശരിക്കും മൂന്നു പതിറ്റാണ്ടിലേറെ ഒരുറക്കത്തിലായിരുന്നു ഞാന്‍.2011-ല്‍ ഉണര്‍ന്നു,ലോകം എന്നെ സ്വീകരിച്ചു.അതിന്‍റെ അഭിമാനമായ മ്യൂസിയം എന്നെ തുറന്നുകാട്ടി.ജനവരിയില്‍ കയറിയ ഞാന്‍ മ്യൂസിയം കാണാന്‍ തുടങ്ങിയിട്ട് ഇപ്പോ ഒരു വര്‍ഷമായി.ഞാനിതാ പുറത്തേക്ക് വരുന്നു.
ഇനി വരുന്ന 2012 നെ പുതിയ ചിന്തകളും പുതിയ ജീവിതവുമായി നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞു.നിങ്ങളും തയ്യാറല്ലേ..?
എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദ്യമായ ക്രിസ്മസ്-നവവത്സരാശംസകള്‍.

Wednesday, November 2, 2011

ഭാഷ മലയാളം
ന്നലെ സമസ്തകേരള സാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളം ജി.ഓഡിറ്റോറിയത്തില്‍ വച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മലയാള ഭാഷാ വരാചരണത്തിന് തുടക്കം കുറിച്ചു.ശ്രീ എം.ജി.എസ് നാരായണനായിരുന്നു ഉദ്ഘാടകന്‍.മറ്റ് പ്രമുഖരാണ് വേദിയില്‍..അതില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്‍റെ ആഹ്ലാദം പങ്കുവയ്ക്കലാണ് ഈ ചിത്രങ്ങള്‍.
ചിത്രങ്ങളെടുത്തുതന്ന പ്രസാദിന് നന്ദി.
സ്നേഹപൂര്‍വ്വം,
സുസ്മേഷ്.

Monday, October 31, 2011

പകല്‍ പോലെ ഒരു സ്‌ത്രീ


നാലുവര്‍ഷം മുമ്പ്‌ ഒരു മദ്ധ്യാഹ്നത്തില്‍ നിലത്തുവിരിച്ച പുല്‍പ്പായയില്‍ ഉച്ചമയക്കത്തിനു കിടന്നതായിരുന്നു ഞാന്‍.അന്നേരമാണ്‌ ഫോണ്‍ ശബ്‌ദിക്കുന്നത്‌.എനിക്കു പരിചയമില്ലാത്ത നമ്പരാണ്‌.ഉറക്കത്തിന്റെ സുഖം മുറിച്ച്‌ ഞാന്‍ ഫോണെടുത്തു.
``ഹലോ..?''
അങ്ങനെ പറഞ്ഞതും മറുവശത്തുനിന്ന്‌ സ്‌ത്രീസ്വരത്തില്‍ ഒരു ചീറല്‍ കേട്ടു.
``നിങ്ങളോടാരാണ്‌ ഫോണെടുക്കാന്‍ പറഞ്ഞത്‌.?''
എന്റെ ഉറക്കം പോയിക്കിട്ടി.ആളെ മനസ്സിലാവാതെ ഞാന്‍ പതിയെ ചോദിച്ചു.
``എന്റെ ഫോണില്‍ കോള്‍ വന്നാല്‍ പിന്നെ എടുക്കാതെ പറ്റുമോ..?''
മറുവശത്തുനിന്ന്‌ വിചിത്രമായ മറുപടി.
``ഞാന്‍ നിങ്ങളുടെ ഫോണിലെ പാട്ടുകേള്‍ക്കുകയല്ലേ.''
ഞാനമ്പരന്നുപോയി.ഞാന്‍ തിരക്കഥയെഴുതിയ `പകല്‍' എന്ന സിനിമയിലെ `എന്തിത്ര വൈകി നീ സന്ധ്യേ' എന്ന പാട്ടായിരുന്നു എന്റെ ഫോണില്‍.ഞാന്‍ പറഞ്ഞു.
``ശരി.നിങ്ങള്‍ പാട്ടുകേട്ടോളു.ഞാന്‍ ഫോണെടുക്കുന്നില്ല.''
അങ്ങനെ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്‌ത്‌ ഞാന്‍ കിടന്നു.
ആ നമ്പറില്‍നിന്ന്‌ വീണ്ടും കോള്‍ വന്നു.ഞാനെടുത്തില്ല.അവര്‍ എന്നോട്‌ സംസാരിക്കാനല്ലല്ലോ ആ പാട്ട്‌ കേള്‍ക്കാനല്ലേ വിളിക്കുന്നത്‌.എന്നാലും അവര്‍ക്കിഷ്‌ടപ്പെട്ട പാട്ട്‌ എന്റെ ഫോണിലുണ്ടെന്ന്‌ അവരെങ്ങനെ മനസ്സിലാക്കി എന്നു ഞാന്‍ ആലോചിക്കാതിരുന്നില്ല.
പിറ്റേന്നുമുതല്‍ ഇടയ്‌ക്കിടയ്‌ക്ക്‌ അവര്‍ വിളിക്കാന്‍ തുടങ്ങി.നമ്പര്‍ ഓര്‍മ്മയില്ലാതെ ഞാന്‍ ഫോണെടുക്കും.അവര്‍ പതിവുപോലെ എന്തിനാ ഫോണെടുത്തതെന്ന്‌ എന്നോട്‌ ചോദിക്കും.വേറൊന്നും പറയുകയുമില്ല.വാസ്‌തവത്തില്‍ ആ വിളികള്‍ എനിക്ക്‌ അരോചകമായി.എങ്കിലും ആ സ്വരത്തില്‍ ഒരു കുസൃതിയുണ്ടായിരുന്നു.അതെനിക്കിഷ്‌ടവുമായിരുന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
``അല്ല പാട്ടുകേട്ടാല്‍ മതിയോ.നിങ്ങള്‍ക്കെന്നോട്‌ സംസാരിക്കേണ്ടേ..?''
``വേണ്ട.പാട്ടുകേട്ടാല്‍ മതി.''
``എങ്കില്‍ എന്തിനാണ്‌ എന്റെ ഫോണിലേക്ക്‌ വിളിക്കുന്നത്‌.അതിന്റെ സിഡി വാങ്ങാന്‍ കിട്ടുമല്ലോ.''
``സിഡി കേള്‍ക്കാന്‍ എന്റെ കൈയില്‍ ഉപകരണമൊന്നുമില്ല.''
``എന്നാല്‍ റേഡിയോയിലേക്ക്‌ എഴുതി ചോദിക്ക്‌.അവരാ പാട്ട്‌ വച്ചുതരും.''
``ങാ,റേഡിയോയില്‍ നിന്നാ ഞാനാ പാട്ട്‌ കേട്ടിട്ടുള്ളത്‌.പക്ഷേ അതേത്‌ പടത്തിലേതാണെന്നൊന്നും എനിക്കറിയില്ല.ഞാന്‍ വിളിക്കുമ്പോ നിങ്ങള്‍ ഫോണെടുക്കാതിരുന്നാല്‍ മതി.നിങ്ങളുടെ ഫോണീന്ന്‌ ഞാന്‍ കേട്ടോളാം.''
ഒരാള്‍ നമ്മളെ പറ്റിക്കുകയാണെന്ന്‌ അറിഞ്ഞാല്‍ നമുക്കവരോട്‌ വല്ലാത്ത ദേഷ്യം തോന്നും.ഈ സംസാരവും കളിയാക്കുന്നതാണോ ആത്മാര്‍ത്ഥമായിട്ടാണോ എന്നറിയാന്‍ യാതൊരു വഴിയുമില്ല.അതുകൊണ്ട്‌ ദേഷ്യപ്പെടാനും വയ്യ.അവര്‍ പറഞ്ഞതുപോലെ ഒരു സിഡി പ്ലയറോ ഐപോഡോ ഒന്നുമില്ലാത്ത ഒരു സാധുവീട്ടിലെ കുട്ടിയാണെങ്കില്‍ ഞാന്‍ ധിക്കാരം കാണിക്കുന്നത്‌ അവിവേകമായിരിക്കും.ഞാന്‍ മയത്തില്‍ ചോദിച്ചു.
``നിങ്ങളുടെ പേരെന്താണ്‌..?''
``പേരെന്തിനാ അറിയുന്നത്‌.അതിന്റെ ആവശ്യമില്ല.''
താഴ്‌മയോടെ ഞാന്‍ അപേക്ഷിച്ചു.
``പേര്‌ അറിയണമെന്ന്‌ എനിക്കു നിര്‍ബന്ധമില്ല.അതറിഞ്ഞാല്‍ ഞാനീ ഫോണില്‍ സേവ്‌ ചെയ്‌തുവയ്‌ക്കാം.നിങ്ങളുടെ കാള്‍ വരുമ്പോള്‍ ഞാനെടുക്കാതിരിക്കാന്‍ അത്‌ സഹായിക്കും.അതിനാണ്‌.''
അതവര്‍ക്ക്‌ മനസ്സിലായെന്നു തോന്നുന്നു.എന്നോട്‌ പാതി അയഞ്ഞ സ്വരത്തില്‍ പറഞ്ഞു.
``എന്നാ ഏതെങ്കിലുമൊരു പേര്‌ സേവ്‌ ചെയ്യ്‌.''
ഞാന്‍ ഫോണില്‍ `പകല്‍' എന്ന്‌ അവരുടെ പേര്‌ രേഖപ്പെടുത്തി.
പിന്നീട്‌ പകലില്‍നിന്ന്‌ കോള്‍ വന്നപ്പോഴൊക്കെ ഞാന്‍ ഫോണ്‍ എടുക്കാതിരുന്നു.അങ്ങനെ മാസങ്ങള്‍ നീങ്ങിപ്പോയി.ഏതോ കുട്ടിയുടെ കുസൃതി എന്ന നിലയില്‍ ഞാനതിനെ തള്ളുകയും ചെയ്‌തു.
ഇനി ഇത്തിരി ഗൗരവമുള്ള വിചാരങ്ങള്‍ കഴിഞ്ഞ്‌ ഈ ഫോണിലേക്ക്‌ തിരിച്ചെത്താം.ലോകത്തിന്നുവരെ ഞാന്‍ കണ്ട വിസ്‌മയം സ്‌ത്രീകളാണ്‌.ഞാന്‍ കണ്ട സൗന്ദര്യവും ശക്തിയും അതുതന്നെ.ആ അര്‍ത്ഥത്തില്‍ എല്ലാ സ്‌ത്രീകളോടും എനിക്ക്‌ ബഹുമാനമുണ്ട്‌.എന്നാലും ചിലര്‍ നമ്മളില്‍ ആദരവുണ്ടാക്കുന്നതില്‍ പരാജയപ്പെടും.അത്തരക്കാരായ ഏതെങ്കിലും സ്‌ത്രീയോട്‌,അവരെത്ര സുന്ദരിയായിരുന്നാലും ധനികയായിരുന്നാലും കേമിയായിരുന്നാലും എനിക്ക്‌ സംസാരിക്കാന്‍ പോലും കഴിയുകയില്ല.എന്റെ അമ്മയും മദര്‍ തെരേസയും മാധവിക്കുട്ടിയും ഇറോം ശര്‍മ്മിളയും ദയാബായിയും പ്രൊതിമാബേദിയുമാണ്‌ ലോകത്ത്‌ ഞാനാരാധിച്ചിട്ടുള്ള സ്‌ത്രീകള്‍.ഒരു സ്‌ത്രീയില്‍ സമ്മേളിക്കണമെന്ന്‌ ഞാനാഗ്രഹിക്കുന്ന ഘടകങ്ങളെല്ലാം ഇവരിലായി നിറഞ്ഞുകിടപ്പുണ്ട്‌.പുരുഷന്‌ ബഹുമാനം തോന്നിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്നിടത്താണ്‌ സ്‌ത്രീയുടെ പൂര്‍ണ്ണത.
ഇനി ആ ഫോണ്‍ സംഭാഷണത്തിലേക്ക്‌ വരാം.മാസങ്ങള്‍ കഴിഞ്ഞ്‌ പകല്‍ എന്ന നമ്പറില്‍നിന്ന്‌ ഒരു സന്ദേശം വന്നു.എന്തുകൊണ്ട്‌ ഞാന്‍ ഫോണ്‍ എടുക്കുന്നില്ല എന്ന ചോദ്യമായിരുന്നു അത്‌.അതിനും തുടര്‍ന്നുവന്ന വിളികള്‍ക്കും ഞാന്‍ നിശ്ശബ്‌ദതതന്നെ ഉത്തരമായി നല്‍കി.അവര്‍ വീണ്ടും സന്ദേശമയച്ചു.ദയവായി ഫോണെടുക്കൂ,നിങ്ങളുടെ കഥകള്‍ ഞാനിപ്പോഴാണ്‌ വായിക്കുന്നത്‌,എനിക്ക്‌ സംസാരിക്കാനുണ്ട്‌ എന്നായിരുന്നു അത്‌.അങ്ങനെ ഞാന്‍ അവരുടെ ഫോണ്‍ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്‌തു.
പിന്നീട്‌ ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അന്ന്‌ വിളിക്കാനുള്ള പ്രേരണയെന്തായിരുന്നുവെന്ന്‌.ആയിടയ്‌ക്ക്‌ കലാകൗമുദിയില്‍ ഞാനുമായുള്ള അഭിമുഖം വന്നിരുന്നു.അതു വായിച്ചപ്പോഴാണ്‌ അവര്‍ക്ക്‌ വിളിക്കാന്‍ തോന്നിയത്‌.വിളിച്ചപ്പോള്‍ കേട്ടത്‌ ആ പാട്ടാണ്‌.പാട്ടു കേള്‍ക്കുന്നത്‌ തടസ്സപ്പെടുത്തി ഞാന്‍ കോള്‍ എടുത്തതുകൊണ്ടാണ്‌ അന്നങ്ങനെ ഇത്തിരി ദേഷ്യപ്പെട്ടതെന്ന്‌ അവര്‍ പറഞ്ഞു.അതില്‍ കൂടുതലൊന്നും അവരെപ്പറ്റി വിശദീകരിച്ചില്ല.
എന്നെക്കാള്‍ മുതിര്‍ന്ന ഒരാളായിരുന്നു അവര്‍.കുട്ടിത്തം കൈമോശം വരുത്താത്ത സൗന്ദര്യമുള്ള ഒരു നല്ല സ്‌ത്രീ.പക്ഷേ വഴിയെ ചില കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി.അപ്പോഴാണ്‌ അതുവരെ തോന്നിയ ലാഘവത്വം മാറി ഞാന്‍ അമ്പരപ്പിലായത്‌.
അവരും ഭര്‍ത്താവും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ്‌.എന്നിട്ടും സ്വന്തമായി വീടുവയ്‌ക്കാതെ സര്‍ക്കാര്‍ കൊടുത്ത താമസസ്ഥലത്ത്‌ താമസിക്കുന്നു.ഫ്രിഡ്‌ജ്‌,ടെലിവിഷന്‍,സിഡിപ്ലയര്‍,ആഡംബരകസേരകള്‍,കട്ടിലുകള്‍,ഗൃഹോപകരണങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുന്നു.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പരിസരങ്ങളിലും റോഡുകളിലും ആരുടെയും പിന്തുണ നോക്കാതെ വ്യത്യസ്‌തങ്ങളായ മരങ്ങള്‍ നട്ടുപരിപാലിക്കുന്നു.ഒഴിവുദിവസങ്ങളില്‍ സ്‌കൂളുകളില്‍ പ്രൊജക്‌ടറുകളുമായി ചെന്ന്‌ ചെറിയ ചെറിയ സിനിമകള്‍ കുട്ടികള്‍ക്കായി കാണിച്ചുകൊടുക്കുന്നു.അല്ലാത്ത ദിവസങ്ങളില്‍ സാമൂഹിക പ്രസക്തിയുള്ള പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കുന്നു.സാധാരണ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നു.തീയേറ്ററുകളില്‍ പോയി കുടുംബസമേതം സിനിമകള്‍ കാണുന്നു.നിര്‍ദ്ധനര്‍ക്ക്‌ കുടകളും വസ്‌ത്രങ്ങളും വാങ്ങിക്കൊടുക്കുന്നു.ജയിലില്‍ കിടക്കുന്നവര്‍ക്ക്‌ കത്തുകളെഴുതുന്നു.അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ സൗജന്യസേവനം ചെയ്യുന്നു.ഏതിനുമുപരിയായി ധാരാളം പുസ്‌തകങ്ങള്‍ വായിക്കുന്നു.വായിച്ച പുസ്‌തകങ്ങളെപ്പറ്റി സംസാരിക്കുന്നു.പരാതികള്‍ക്കിടകൊടുക്കാതെ കുടുംബം നോക്കുന്നു.ശമ്പളം കിട്ടുമ്പോള്‍ സ്വര്‍ണ്ണം വാങ്ങി ലോക്കറുകളിലേക്ക്‌ ഓടാതിരിക്കുന്നു.പ്രിഡിഗ്രി പഠനത്തിനുശേഷം സാരിയുടുത്തിട്ടില്ലാത്ത,സ്വര്‍ണ്ണമണിയാത്ത,അംഗവൈകല്യമുള്ള ഒരാളെ പ്രണയിച്ചു വിവാഹം കഴിച്ച,അതിനെ എതിര്‍ത്ത വീട്ടുകാരെ അകറ്റിനിര്‍ത്തിയ ആ സ്‌ത്രീയുടെ ധൈര്യത്തെയും കറയില്ലാത്ത കാഴ്‌ചപ്പാടുകളെയും ഞാന്‍ നമിക്കുന്നു.
പുരുഷന്റെ സൗഹൃദമോ തണലോ പിടിച്ചുപറ്റാനായി നിലവാരമില്ലാത്ത കള്ളത്തരങ്ങള്‍ കാഴ്‌ചവയ്‌ക്കുന്ന സ്‌ത്രീകളെ കണ്ടുമടുത്ത എനിക്ക്‌ അവര്‍ അത്ഭുതം തന്നെയാണ്‌.എന്റെ പേപ്പര്‍ ലോഡ്‌ജ്‌ എന്ന നോവലിലെ ദീദിയെ ഞാന്‍ സൃഷ്‌ടിക്കുമ്പോള്‍ അവരായിരുന്നു മാതൃക.
അവര്‍ എന്നിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിസ്‌മയങ്ങള്‍ക്ക്‌ കണക്കില്ലെന്ന്‌ പറയാന്‍ കാരണം അവര്‍ എടുത്തു വളര്‍ത്തുന്ന അഞ്ച്‌ അനാഥക്കുട്ടികള്‍ കൂടിയാണ്‌.ഒരിക്കലും ആ കുട്ടികളെ മുഷിഞ്ഞതോ നിറമില്ലാത്തതോ ഫാഷനബിള്‍ അല്ലാത്തതോ ആയ വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടേയില്ല.സ്വന്തമായിട്ടുള്ള മകനൊപ്പം അവര്‍ മറ്റു മക്കളേയും സംരക്ഷിക്കുന്നു.
എനിക്ക്‌ അമ്പരപ്പും അസൂയയുമാണ്‌ ആ ജീവിതത്തോട്‌.നാട്ടുകാരുടെ കൈയടിയും മാധ്യമശ്രദ്ധയും അവര്‍ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ടാണ്‌ അവരുടെ പേര്‌ ഞാന്‍ പറയാതിരിക്കുന്നത്‌.ഇന്നും എന്നെ വിസ്‌മയിപ്പിക്കുന്ന ആദരവുള്ള സൗഹൃദമായി അത്‌ തുടരുന്നു.
ആള്‍ക്കൂട്ടത്തിലിറങ്ങാന്‍ നാണവും മടിയുമുള്ള എന്നെ വിളിച്ച്‌ കുറേനാള്‍ മുമ്പ്‌ അവര്‍ ചോദിച്ചു.
``നീ വരുന്നോ,ഞാന്‍ നിന്റെ നഗരത്തിലൂടെ പോവുകയാണ്‌.''
``എവിടേക്ക്‌.?''
``ഒരാളുടെ കൂടെ രണ്ടുദിവസം കഴിയാന്‍.വരുന്നെങ്കില്‍ വാ..''
``ആരാ അത്‌..?''
``ദയാബായി എന്നാ പേര്‌..''
ആ സമയത്ത്‌ ദയാബായി മലയാള മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല.സ്വാഭാവികമായും ദയാബായി എന്ന പേര്‌ ഞാനപ്പോള്‍ കേട്ടിട്ടുമില്ലായിരുന്നു.ഞാന്‍ പറഞ്ഞു.
``ഞാനില്ല.നിങ്ങള്‍ പൊയ്‌ക്കോ.''
ചില നഷ്‌ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ നമ്മുടെ പോരായ്‌മ മൂലമാണ്‌.അത്‌ തിരികെ പിടിക്കാന്‍ എത്ര ജന്മം ജീവിച്ചാലും കഴിയുകയുമില്ല.അക്കാര്യം ബോദ്ധ്യമാക്കിത്തരുന്ന സര്‍വ്വകലാശാലകളാണ്‌ ചില മനുഷ്യര്‍.
(ഈ വര്‍ഷത്തെ ഇന്ത്യാ ടുഡേ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണിത്.ഒരിക്കല്‍ വായിച്ചവര്‍ ക്ഷമിക്കുമല്ലോ.)

Saturday, October 22, 2011

നമുക്കിടയില്‍ ചിലര്‍ ജീവിച്ചിരിക്കുന്നു,സ്വയം കൈയടിക്കാതെ!

ന്‍റെയീ നിസ്സാരജീവിതത്തെ ഒരിക്കലെങ്കിലും കാരുണ്യത്തോടെയോ ദയവായ്പോടെയോ സ്നേഹത്തോടെയോ നോക്കിയിട്ടുള്ള ഏതൊരാളെയും എന്‍റെ അവസാനശ്വാസം വരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുവാന്‍ ഞാനാഗ്രഹിക്കാറുണ്ട്.അതിന് കഴിയുന്നത്ര പരിശ്രമിക്കാറുമുണ്ട്.ഭൌതികനേട്ടങ്ങള്‍ക്കായി പുതിയ ബന്ധങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ എനിക്കുവലിയ നോട്ടമില്ല.എനിക്കിഷ്ടം ഒരിക്കെലെങ്കിലും എന്നെ ചേര്‍ത്തുപിടിച്ചവരെ സദാ സ്നേഹിക്കുന്നതാണ്.
പാലക്കാട്ടേക്ക് വന്നനാള്‍ മുതല്‍ വിചാരിക്കുന്നതാണ് എം.ടി.എന്‍ സാറിനെ വീട്ടില്‍ച്ചെന്ന് കാണണമെന്ന്.ഇവിടെ താമസമാക്കും മുന്പ് പാലക്കാട് വന്നുപോകുന്പോഴും വിചാരിക്കാറുണ്ടായിരുന്നു.കഴിഞ്ഞിരുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ ദിവസം സുഹൃത്ത് പവിത്രന്‍ ഓലശ്ശേരിയെ വിളിച്ച് ഞാന്‍ പറഞ്ഞു.
എനിക്ക് എം.ടി.എന്‍ സാറിനെ കാണണമെന്നുണ്ട്.നമ്മള്‍ വരുന്നവിവരം അദ്ദേഹത്തെ വിളിച്ചുപറയണം.
സാറിന്‍റെ ഫോണ്‍ നന്പര്‍ പവിത്രന്‍ എടുത്തുതരികയും കൂടാതെ വിളിച്ചറിയിക്കുകയും ചെയ്തു.അത്ഭുതം!സാര്‍ എന്നെ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.!
ആ മനുഷ്യനും ഞാനുമായിട്ടുള്ള ബന്ധമെന്ത്..?പണ്‌ട്,വളരെ വര്‍ഷങ്ങള്‍ക്കുമുന്ന്,ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തില്‍ നിന്ന് സാഹിത്യത്തിന്‍റെയും പ്രണയത്തിന്‍റയും ചൂട് തലയ്ക്കുകേറി പാലക്കാട്ടെത്തുന്ന ഏതോ ഒരു പയ്യനായ എന്നോടും സംസാരിക്കാനുള്ള സൌമന്സ്യം കാണിച്ച വ്യക്തി എന്ന ബന്ധം.അതാണെനിക്ക് എം.ടി.നാരായണന്‍ നായര്‍.
ഇന്ന് സുസ്മേഷ് കാണാനാഗ്രഹിക്കുന്നു എന്നോ വന്നിരിക്കുന്നു എന്നോ പറഞ്ഞാല്‍,എഴുത്തും വായനയുമായി ബന്ധമുള്ള കുറച്ചുപേര്‍ക്കെങ്കിലും എന്നെ ഓര്‍മ്മ വരുമായിരിക്കും.എനിക്കൊരു കസേരയും സംസാരിക്കാനുള്ള സാഹചര്യവും കിട്ടുമായിരിക്കും.അന്ന്,ഇതൊന്നുമുണ്ടായിരുന്നില്ല.വെള്ളത്തൂവല്‍ പി.ഓ എന്ന നേരിയ വിലാസം മാത്രം.കഥകളെഴുതി ഇന്‍ലന്റ് മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടേയുള്ളു.പുസ്തകവായനയോ ലോകവിവരമോ ആയിട്ടില്ല.തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണിത്.പക്ഷേ ആ കൂടിക്കാഴ്ച അന്ന് എന്നില്‍ നിറച്ച ആത്മവിശ്വാസം വളരെ വലുതാണ്.ഞാനെന്തെങ്കിലുമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു പിറകില്‍ ആ ആത്മവിശ്വാസം തന്ന പ്രേരണയും ചെറുതല്ല.
അക്കാലത്തൊരിക്കല്‍,തൊണ്ണൂറ്റാറില്‍ പാലക്കാട് വരുന്പോള്‍ ഇതേ പവിത്രന്‍ തന്നെയാണ് ഓര്‍മ്മിപ്പിച്ചത്.
എം.ടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ ഇവിടെയാണ് താമസം.തുറന്ന കത്ത് എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്ററാണ് അദ്ദേഹം.വേണമെങ്കില്‍ പോകാം.
വോളന്‍റററി റിട്ടയര്‍മെന്‍റിനുശേഷമുള്ള അദ്ദേഹത്തിന്‍റെ വാസമുറപ്പിക്കലായിരുന്നു അത്.അതൊന്നും അന്നറിയില്ല.എം.ടിയുടെ ജ്യേഷ്ഠന്‍ എന്ന പരിചയപ്പെടുത്തല്‍,വിവര്‍ത്തകന്‍ എന്ന നിലയിലുള്ള വായനാപരിചയം അത്രയുമേ അദ്ദേഹത്തെ കാണണമെന്ന് വിചാരിക്കുന്പോള്‍ മനസ്സിലുണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ മേട്ടുപാളയം സ്ട്രീറ്റിലുള്ള തുറന്ന കത്തിന്‍റെ ഓഫീസില്‍ പോയി.
അവിടെ നിരന്തരം ഓളിയിടുന്ന പഴയൊരു ലെറ്റര്‍ പ്രസ്സിന്‍റെ വശത്തുള്ള പത്രാധിപര്‍ക്കുള്ള കുടുസ്സുമുറിയില്‍ പ്രൂഫില്‍ ചില തിരുത്തുകളുമായി അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു.മേശപ്പുറത്ത് പച്ചനിറമുള്ള പഴയൊരു ഫോണ്‍.ഞാനാവട്ടെ ചില ലിറ്റില്‍ മാഗസിനുകളിലേ അതുവരെ എഴുതിയിട്ടുള്ളൂ എങ്കിലും കാഫ്കയോ ഹുവാന്‍ റൂള്‍ഫോയോ ആണെന്ന മട്ടിലായിരുന്നു എന്‍റെ നടപ്പ്.ആ മട്ടിലാണ് തുറന്ന കത്തിലേക്ക് കയറിച്ചെല്ലുന്നതും.മുഖത്തത് പ്രകടമാക്കിയിട്ടുമുണ്ടാവണം.എന്നിട്ടും എം.ടി.എന്‍ സാര്‍ ഇരിക്കാന്‍ പറഞ്ഞു,വിശേഷങ്ങള്‍ ചോദിച്ചു.
വെറുതെ പരിചയപ്പെടാനായി വന്നതാണെന്ന് ഞാന്‍പറഞ്ഞപ്പോള്‍ അദ്ദേഹം തിരക്കുകള്‍ക്കിടയിലും സംസാരിക്കാന്‍ തയ്യാറായി.ഇടയ്ക്ക് പ്രസ്സിലെ ജോലിക്കാര്‍ പ്രൂഫോ മറ്റോ ആയി വരും.തുണി കെട്ടി മറച്ചതിനപ്പുറം സ്ത്രീകള്‍ ധൃതിയില്‍ വാര്‍ത്ത കന്പോസ് ചെയ്യുന്ന ശബ്ദം.വേറൊരിടത്ത് പേജുകള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്നു.തുറന്ന കത്ത് പാലക്കാട്ടെ പേരുള്ള,വായനക്കാരുള്ള,പരസ്യവരുമാനമുള്‌ള സായാഹ്നപത്രമായിരുന്നു അക്കാലത്ത്.(വന്‍കിട പത്രങ്ങള്‍ മിഡ് ഡേ ഡെയിലി എന്ന പരിപാടി ആരംഭിച്ചിരുന്നില്ല എന്നുസാരം.)അതിനിടയിലാണ് ഞങ്ങളോട് സംസാരിക്കാനുള്ള സാറിന്‍റെ സാഹസം.ഞാന്‍ നോക്കി.എം.ടിയുടെ ഛായ.ചിലപ്പോള്‍ അതേ ചിരി,കണ്ണുകള്‍.മീശ വെട്ടിയിരിക്കുന്നതുപോലും അങ്ങനെ തന്നെ.(മനപ്പൂര്‍വ്വമാവണമെന്നില്ല)എനിക്ക് അന്നുമിന്നും എം.ടിയുമായി അടുത്ത് സന്പര്‍ക്കമില്ല.അതിനുള്ള അവസരങ്ങളുണ്ടായിട്ടില്ല.ഉണ്ടായപ്പോള്ത്തന്നെ,സ്വയം പരിചയപ്പെടുത്തിയ സന്ദര്‍ഭത്തില്‍ കണ്ണുകളിലെ വലിയ ചിരിയോടെ അറിയാം,വായിക്കാറുണ്ട് എന്നോമറ്റോ പതിയെ പറഞ്ഞതല്ലാതെ വളരെയൊന്നും സംസാരിച്ചിട്ടുമില്ല.അതൊക്കെ അടുത്ത കാലത്താണ്.
എന്നാല്‍ അന്ന് എം.ടി.എന്‍ സാര്‍ മടിയില്ലാതെ സംസാരിച്ചുതുടങ്ങിയതോടെ ലോകസാഹിത്യം തുറന്ന കത്തിന്‍റെ മുറിയിലേക്ക് വരാന്‍ തുടങ്ങി.എന്നിലെ കാഫ്ക ഇറങ്ങിയോടി ഒറിജിനല്‍ കാഫ്കയെ കൂട്ടിവന്നു.ബര്‍ട്രാന്‍റ് റസ്സല്‍ വന്നു.ജിദ്ദു വന്നു.പാസ്റ്റര്‍നാക്ക് വന്നു.ജോസഫ് കെസ്സലും ആല്‍ബര്‍ട്ടോ മൊറോവിയയും കാവാബാത്തയും വന്നു.അവര്‍ വന്നപ്പോള്‍ ഇരിക്കാനും നില്‍ക്കാനുമിടമില്ലാതെ ഞാന്‍ ചുരുങ്ങാന്‍ തുടങ്ങി.ഒടുവില്‍ ഒരു മൂലയ്ക്ക് ഒതുങ്ങിനില്‍പ്പായി.അതാണ് അനുഭവം.
ഗുരുക്കന്മാര്‍ അങ്ങനെയാണ്.നമ്മളെ ചെറുതാക്കിത്തരും.അതാണ് ആഹ്ലാദം.അഹം വഴിമാറുന്ന ആഹ്ലാദം.
പിന്നീട് ഒന്നോ രണ്ടോ വട്ടംകൂടി അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയിരുന്നു.പിന്നീട് കുറേക്കാലത്തേക്ക് പാലക്കാട് ചെന്നതൊക്കെ മറ്റാരെയും പരിഗണിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.ആ നാളുകള്‍ വേഗം പോയി. ആരെയും കാണാനില്ലാത്ത,കണ്ടിട്ട് ഉന്മേഷമില്ലാത്ത കാലം ധൃതിയില്‍ വന്നു.ഞാന്‍ എം.ടി.എന്‍ സാറിനെയും മറന്നു.
അതിനിടയിലാണ് ഡി പിറക്കുന്നത്.അതിലെ വി.എന്‍ എന്ന പത്രാധിപരെ അനായാസം ഞാന്‍ സൃഷ്ടിച്ചെടുത്തത് എം.ടി.എന്‍ സാറിനെ മാതൃകാസ്ഥാനത്ത് നിര്‍ത്തിയായിരുന്നു.നെഹ്റു നേരിട്ട് സ്വന്തം പേന കൊടുത്ത പത്രാധിപരായിരുന്നു വി.എന്‍.
ഇടയില്‍ സാറിനെ ഓര്‍മ്മ വന്നപ്പോള്‍ എറണാകുളത്തുനിന്ന് ഞാന്‍ കത്തുകള്‍ അയച്ചു.സാറെനിക്ക് മറുപടിയും എഴുതി.അതില്‍ ചില അസുഖങ്ങള്‍ ശല്യപ്പെടുത്തുന്ന വിവരമൊക്കെയുണ്ടായിരുന്നു.
പിന്നീട് രണ്ടായിരത്തിന്‍റെ മദ്ധ്യത്തിലൊരിക്കല്‍ പാലക്കാട് വന്നപ്പോള്‍ ഞാന്‍ ധോണിയിലുള്ള സാറിന്‍റെ വീട് അന്വേഷിച്ചുപോവുകതന്നെ ചെയ്തു.കണ്ടു.സംസാരിച്ചു.അപ്പോഴേക്കും പതിവായി ഓഫീസില്‍ പോകുന്നത് സാര്‍ വേണ്ടെന്നുവച്ചിരുന്നു.
മുപ്പതോളം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട് അദ്ദേഹം.കാവാബാത്തയുടെ ഹിമഭൂമിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണ ഗ്രന്ഥങ്ങളും കോളിന്‍ വില്‍സന്‍റെ ലൈംഗീകവാസനയുടെ ഉല്‍പ്പത്തിയുമടക്കം നിരവധി ഗ്രന്ഥങ്ങള്‍.മാതൃഭൂമിയും ഡിസിയും ഒലിവും പഴയ മള്‍ബെറിയുമൊക്കെയാണ് ആ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.എന്നിട്ടും പലര്‍ക്കും അദ്ദേഹത്തെ വേണ്ടപോലെ അറിയില്ലെന്ന് തോന്നുന്നു.സതേണ്‍ റെയില്‍വേയിലായിരുന്നു ജോലി.പ്രധാനമായും വിവര്‍ത്തന പരിശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.അദ്ദേഹവുമായി സംസാരിച്ചിരിക്കുന്പോള്‍ എനിക്കു തോന്നാറുണ്ട്,നേരിട്ട് എഴുത്തില്‍ വന്നിരുന്നെങ്കില്‍,സ്വന്തമായി ഫിക്ഷന്‍ എഴുതിയിരുന്നെങ്കില്‍ ഇദ്ദേഹത്തില്നിന്ന് എത്രയോ മികച്ച കൃതികള്‍ മലയാളത്തിന് ലഭിക്കുമായിരുന്നു എന്ന്.എനിക്കുതോന്നുന്നത് ആദ്യകാലത്ത് അദ്ദേഹം സ്വന്തമായി കഥകളെഴുതിയിരുന്നു എന്നുതന്നെയാണ്.
ഇന്നലെ വൈകുന്നേരം നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഞാന്‍ സാറിനെ തേടിപ്പോയി.ഇനിയും മുഴുവനായും പോയിട്ടില്ലാത്ത അഹങ്കാരത്തില്‍ എന്‍റെ മരണവിദ്യാലയമെടുത്ത് കൈയില്‍ വച്ചു.ലോകത്തെ വിറപ്പിച്ച മഹാസാഹിത്യകാരന്മാരെ വായിക്കുന്ന ഒരാള്‍ക്കാണ് ഞാന്‍ സ്വന്തം പുസ്തകം കൊണ്ടുപോകുന്നത്.അതേ കൊടുക്കാനുണ്ടായിരുന്നുള്ളൂ.
ലോകസാഹിത്യം പിന്നാലെ നടന്ന് വായിക്കുന്ന ഒരാളല്ല ഞാന്‍.അതിനുള്ള കഴിവുമില്ല.അതുകൊണ്ടുതന്നെ സാര്‍ വായിക്കാത്ത ഒരു കേമന്‍ പുസ്തകം ഇതാ എന്നുപറഞ്ഞ് എന്തെങ്കിലും വാങ്ങിച്ചെല്ലാനുള്ള ധൈര്യവുമില്ല.അപ്പോള്‍പിന്നെ,സാറ്‍ വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകം ഇതുതന്നെയായിരിക്കണം.!
റെയില്‍വേ കോളനിയിലേക്കുള്ള വഴി എത്രയോ മാറിയിരിക്കുന്നു.ഉമ്മിണിയും എഞ്ചീനീയറിംഗ് കോളജിലേക്കുള്ള പാതയും ഒക്കെ വല്ലാതെ മാറിയിട്ടുണ്ട്.തെക്കേപ്പാട്ട് എന്ന വീടിരിക്കുന്ന ചെറിയ മേടും മാറ്റങ്ങള്ക്ക് വിധേയമായി.പരിസരത്ത് ധാരാളം വീടുകള്‍ വന്നു.
മാറ്റമില്ലാത്തത് സാറിനുമാത്രം.പഴയ അതേ മനുഷ്യന്‍.എന്നെയും സമഭാവനയോടെ പരിഗണിച്ച അതേ മനുഷ്യന്‍.ഒന്നരവര്‍ഷം മുന്പ് സാറിന്‍റെ ഭാര്യ മരിച്ചു.മകളാണിപ്പോള്‍ കൂടെ.പകലുകളുടെ വിരസതയെ അതിജീവിക്കാനായി സാറിപ്പോഴും പുസ്തകങ്ങള്‍ വായിക്കുന്നു,അത് വിവര്‍ത്തനം ചെയ്യുന്നു.മുന്നിലെ മേശപ്പുറത്ത് കുഞ്ഞ് കൈയക്ഷരങ്ങള്‍ അടുങ്ങിക്കിടക്കുന്ന കടലാസുകള്‍.ഇത്തവണ എന്‍റെ കൂടെ വന്നത് സദാനന്ദന്‍ ആയക്കാട് എന്ന സ്നേഹിതനായിരുന്നു.വണ്ടി തന്നയച്ചത് പവിത്രനും.
മനസ്സിന് വളരെ ലാഘവം തോന്നി.കാണണമെന്ന് കരുതിയിരുന്ന യൊരാളെയാണ് കാണാന്‍ കഴിഞ്ഞത്.സായന്തനങ്ങള്‍ പകരുന്ന അപ്രതീക്ഷിത വിസ്മയങ്ങളില്‍ മറ്റൊന്ന്.
ഞാന്‍ സാറിന് ഒരു പുസ്തകം കൊടുത്തപ്പോള്‍ എനിക്കു തരാനായി സാര്‍ പൊതിഞ്ഞുവച്ചിരുന്നത് നാല് പുസ്തകങ്ങള്‍!വീണ്ടും അങ്ങനെ തന്നെ.ഗുരുക്കന്മാര്‍ ഗുരുക്കന്മാര്‍ തന്നെ.

Monday, October 17, 2011

മരണവിദ്യാലയത്തിന് രണ്ടാം പതിപ്പ്

പ്രിയപ്പെട്ട വായനക്കാരേ..,
എന്റെ "മരണവിദ്യാലയം" കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകൃതമായ പുസ്തകമാണ് മരണവിദ്യാലയം.ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പതിപ്പ് സാദ്ധ്യമാക്കിയ പ്രിയവായനക്കാര്‍ക്ക് നന്ദി.
സ്നേഹത്തോടെ
സുസ്മേഷ്.

Tuesday, October 11, 2011

രണ്ടുകഥകള്‍ : നിങ്ങള്‍ എന്തു പറയുന്നു..?

പ്രിയപ്പെട്ട വായനക്കാരേ,

രണ്ടുകഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.കഴിഞ്ഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'മാംസഭുക്കുകള്‍' ഈ ലക്കം മലയാളം വാരികയില്‍ വന്നിട്ടുള്ള 'ബാര്‍ കോഡ്' എന്നിവയാണ് അവ.നിങ്ങളില്‍ ചിലരെങ്കിലും ഈ കഥകള്‍ വായിച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.വായിച്ചിട്ടുള്ളവരില്‍നിന്ന് കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാനാണ് ഈ കുറിപ്പ്.ദയവായി കഥകളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

കഥകള്‍ അതേപടി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മനസ്സിലാക്കാനപേക്ഷ.

സ്നേഹത്തോടെ,

നിങ്ങളുടെ സുസ്മേഷ്.

Thursday, October 6, 2011

അമുദക്കുട്ടി ലോകത്തിന്‍റെ സര്‍വ്വകലാശാലയിലേക്ക് പഠിക്കാന്‍ പോകുന്പോള്‍..


അമുദ(രണ്ടരവയസ്സ്).എന്‍റെ അനിയന്‍റെ മകള്‍.ഇന്ന് അവളുടെ വിദ്യാരംഭമായിരുന്നു.ഞാന്‍ നാവിലെഴുതണമെന്നായിരുന്നു അനിയന്‍റെയും ചിന്നുവിന്‍റെയും നിര്‍ബന്ധം.ഞങ്ങളുടെ അമ്മാവന്‍റെ മകള്‍ ചിന്നുവിനെയാണ് അവന്‍ വിവാഹം ചെയ്തിട്ടുള്ളത്.അച്ഛനും അമ്മാവനും ഉള്ളപ്പോള്‍ ഞാനിതു ചെയ്യണോ..അതായിരുന്നു എന്‍റെ സംശയം.പക്ഷേ അവരുടെയാഗ്രഹം അതായിരുന്നു.അത് ഞാനൊരു എഴുത്തുകാരനായതുകൊണ്ടൊന്നുമല്ലെന്ന് എനിക്കറിയാം.

ഇതുവരെ ഞാനാരുടെയും നാവിലെഴുതിയിട്ടില്ല.പല കുഞ്ഞുങ്ങളും പലയിടത്തായി വിദ്യാരംഭം കുറിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്.അപ്പോഴൊക്കെ മനസ്സില്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.എങ്കിലും ജീവിതത്തിലാദ്യമായി വിദ്യാരംഭത്തിനിരുന്നപ്പോള്‍ പകച്ചുപോയി.വിയര്‍ത്തുപോയി.അകാരണമായ പരിഭ്രമം.ദൈവമേ,എന്‍റെ പിഴകള്‍ പൊറുത്ത് ഞങ്ങളുടെ കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും നല്‍കണേ എന്നുമാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വര്‍ണ്ണമെടുത്ത് നാവിലെഴുതി.അമുദ വലിയ ആഹ്ലാദത്തിലായിരുന്നു.ഉത്സാഹത്തിലും.അവള്‍ വലുതാകും.വ്യക്തിത്വമുള്ള പെണ്ണാകും.തനിക്കുചുറ്റും പ്രകാശം പ്രസരിപ്പിക്കും.ലോകം തന്നെ പ്രകാശമാനമാകും.മതി.

വല്യച്ഛനെന്ന നിലയില്‍ തൃപ്തിയാകാന്‍ എനിക്ക് അത്രമതി.എന്‍റെ സന്തോഷമാണ് ഈ പോസ്റ്റ്.

നിങ്ങളുടെ അനുഗ്രഹങ്ങളും കൂടി അവള്‍ക്കുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

അതിന്‍റെ ചിത്രമാണ് ഇത്.അനിയന്‍ സുമേഷാണ് ഒപ്പമുള്ളത്.

Tuesday, September 13, 2011

ഭൂമിയില്‍ ഒരു പൂവ്‌

രിത്തിരി സ്ഥലം വാങ്ങണമെന്നത്‌ വളരെക്കാലമായുള്ള എന്റെ മോഹമാണ്‌.ചിലരതിന്‌ ഭൂമി വാങ്ങണമെന്നാണ്‌ പറയുക.അതെങ്ങനെയാണ്‌ ശരിയാവുകയെന്ന്‌ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്‌.ഭൂമി സ്വന്തമാണെന്ന്‌ പറയാന്‍ നമുക്കെന്തവകാശം.?എന്നാലും നാം ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ കാലം വരെ കൈവശം വച്ച്‌ അനുഭവിക്കാന്‍ കഴിയുന്ന ഒരല്‌പം മണ്ണ്‌ സ്വന്തമായി വേണം എന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ അങ്ങനെ ആഗ്രഹിക്കുന്നതിനര്‍ത്ഥം.അതാണ്‌ സ്ഥലം വാങ്ങല്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
ഞാനും അത്തരത്തില്‍ ആഗ്രഹിക്കാന്‍ ചില കാരണങ്ങളുണ്ട്‌.ഇന്ത്യയില്‍ ഒട്ടാകെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌.ഭൂസൗന്ദര്യത്തിന്റെ പരമാവധി അനുഭവിപ്പിക്കുന്ന കശ്‌മീരില്‍ ആഴ്‌ചകളോളം താമസിക്കുകയും ചെയ്‌തു.എങ്കിലും എനിക്കിഷ്‌ടമായ പ്രദേശം പാലക്കാടാണ്‌.കണ്ണൂരും ഇടുക്കിയും എറണാകുളവും തൃശ്ശൂരും പോലെ വേറിട്ട പ്രദേശങ്ങളുടെ അനുഭവപശ്ചാത്തലം എനിക്കുണ്ടായിട്ടും ഹൃദയത്തില്‍ ഞാന്‍ സ്‌നേഹിച്ചത്‌ പാലക്കാടിനെയാണ്‌.വീടുവച്ചു താമസിക്കാനും വേണമെങ്കില്‍ കൃഷി നടത്താനും സ്വസ്ഥവും ലളിതവുമായി ജീവിതം നടത്താനും പാലക്കാടാണ്‌ നല്ലത്‌.തമിഴ്‌ ഗ്രാമങ്ങളോടുള്ള എന്റെയൊരിഷ്‌ടവും മറ്റ്‌ ഗൃഹാതുരസ്‌മൃതികളും ഇതിനു പിന്നിലുണ്ടാകാം.അങ്ങനെയാണ്‌ എന്നെങ്കിലും സ്ഥലം വാങ്ങുകയാണെങ്കില്‍ അത്‌ പാലക്കാടായിരിക്കണമെന്ന്‌ വര്‍ഷങ്ങള്‍ക്കു പിറകില്‍വച്ചേ ഞാന്‍ തീരുമാനിക്കാന്‍ കാരണം.
പാലക്കാട്‌ നല്ല കുറേ സ്‌നേഹിതരുണ്ട്‌.സാഹിത്യവും സാധാരണ ജീവിതവുമായി സമദൂരസിദ്ധാന്തം പാലിക്കുന്ന അവര്‍ക്ക്‌ എന്നെ എഴുത്തുകാരനായിട്ടല്ലാതെയും സ്‌നേഹിക്കാന്‍ കഴിയും.അതില്‍പ്പെട്ടതാണ്‌ പാടൂരുള്ള വിനോദ്‌ കൃഷ്‌ണന്‍ മാഷും മഞ്‌ജു ടീച്ചറും.എന്റെ ഹൈസ്‌കൂള്‍ കാലത്തെ പരിചയമാണ്‌ മഞ്‌ജുവിനെ.ഏതോ പ്രസിദ്ധീകരണത്തില്‍ കവിതയെഴുതി സമ്മാനം നേടിയതിനെ അഭിനന്ദിച്ചുകൊണ്ട്‌ ഞാനയച്ച കത്തില്‍നിന്നാണ്‌ ആ സൗഹൃദത്തിന്റെ തുടക്കം.പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അവര്‍ വിനോദ്‌ മാഷിനെ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും മകനുണ്ടാവുകയുമൊക്കെ ചെയ്‌തതിനുശേഷമാണ്‌ ഞങ്ങള്‍ ആദ്യമായി തമ്മില്‍ കാണുന്നത്‌.അത്‌ രണ്ടായിരത്തിലോ മറ്റോ ആണ്‌.അതുവരെ ഫോണല്ല,കത്തായിരുന്നു രണ്ട്‌ ജില്ലകളില്‍ താമസിക്കുന്ന ഞങ്ങള്‍ക്കിടയിലെ വിനിമയമാദ്ധ്യമം.
പറഞ്ഞുവന്നത്‌ പില്‍ക്കാലത്ത്‌ അവരിരുവരും എന്റെ ജീവിതത്തില്‍ നല്ല രക്ഷിതാക്കള്‍കൂടിയായി മാറിയെന്നാണ്‌.ഇടയ്‌ക്കിടെ ആലത്തൂരിനും തിരുവില്വാമലയ്‌ക്കുമിടയിലുള്ള പാടൂര്‌ `സ്വപ്‌ന'ത്തില്‍ പോകാറുള്ളപ്പോള്‍ ഞാനത്‌ രണ്ടാളോടും സൂചിപ്പിക്കാറുണ്ടായിരുന്നു.അവരത്‌ അത്ര കാര്യമായി എടുക്കാതിരുന്നതിന്‌ കാരണം എന്റെ കൈയില്‍ സ്ഥലം വാങ്ങാനുള്ള കാശൊന്നുമില്ല എന്നറിയാവുന്നതുകൊണ്ടാവാം.എങ്കിലും കഴിഞ്ഞ ഓണത്തിന്‌ അവരെന്റെ എറണാകുളത്തെ വാടകവീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അല്‌പം കാര്യമായിത്തന്നെ പറഞ്ഞു.
``മാഷേ,എനിക്കൊരു സ്ഥലം നോക്കിത്തരണം.''
മാഷും മഞ്‌ജുവും അക്കാര്യമേറ്റു.എന്റെ `ഹരിതമോഹനം' എന്ന കഥയുടെ വലിയൊരു ഇഷ്‌ടക്കാരനായിരുന്നു മാഷ്‌.
ഞാന്‍ പാടൂര്‌ ചെല്ലുമ്പോഴൊക്കെ അവരുടെ മകന്‍ പത്താം ക്ലാസുകാരന്‍ ആദിത്യനെയും കൂട്ടി പാടൂരും കാവശ്ശേരിയിലും നടക്കാന്‍ പോകുമായിരുന്നു.വയലുകളും കരിമ്പനപ്പറമ്പുകളും കാവുകളും പുഴകളും താണ്ടി ഞങ്ങളിരുവരും പകല്‍ തോറും നടന്നലയും.വാസ്‌തവത്തില്‍ എത്ര മുക്കിക്കുടിച്ചാലും മതിവരാത്ത പാലക്കാടിന്റെ ഹരിതഭംഗി എന്നെ അന്നൊക്കെ വല്ലാതെ മുഗ്‌ധനാക്കിയിട്ടുണ്ട്‌.വെറും സാധാരണക്കാരുടെ നാട്‌ കൂടിയാണല്ലോ പാലക്കാട്‌.ജാടയൊന്നും ആരിലുമില്ല.അതിനെക്കാളുപരിയാണ്‌ അവരുടെ മനസ്സിലെ നന്മ.കഥകള്‍ എത്ര വേണമെങ്കിലും കിട്ടുന്ന മണ്ണും കാറ്റും വെയിലും മഴയും.പിന്നെ ഞാനെങ്ങനെ പാലക്കാടിനെ ഇഷ്‌ടപ്പെടാതിരിക്കും.?
കഴിഞ്ഞ ജനുവരിയോടെ എന്റെ ജീവിതം അപ്രതീക്ഷിതമായ വിധത്തില്‍ മാറിമറിഞ്ഞു.സ്വന്തമായ നിലനില്‍പ്‌ എന്നത്‌ ഏതുവിധേനയും കൂടിയേതീരൂ എന്ന അവസ്ഥയിലേക്ക്‌ ഞാനെത്തിപ്പെട്ടു.അവനവന്റെ ജംഗമങ്ങള്‍ പെറുക്കിവയ്‌ക്കാനൊരിടം എന്നത്‌ ജീവിതത്തിലെ ഏറ്റവും വലിയ അത്യാവശ്യമായി മാറി.സങ്കീര്‍ണ്ണമായ സ്ഥിതിഗതികളിലേക്ക്‌ ഞാനുണര്‍ന്നത്‌ അന്നേരമാണെന്നും പറയാം.അപ്പോഴേക്കും ജീവിതത്തിലെ വലിയ അലസതയുടെ ശിക്ഷ എനിക്കുകിട്ടിക്കഴിഞ്ഞിരുന്നു.
ഓര്‍മ്മ വച്ച കാലം മുതല്‍ കെട്ടിപ്പൊതിഞ്ഞ്‌ ചിതലിനും മണ്ണിനും തീയ്‌ക്കും കൊടുക്കാതെ കൊണ്ടുനടന്നതെല്ലാം നഷ്‌ടപ്പെടുമെന്ന അവസ്ഥയെ ഞാന്‍ നേരിട്ടു.
അനവധി സുഹൃത്തുക്കളെ തന്ന കത്തെഴുത്തുകാലത്തെ ഫയലുകള്‍ മുതല്‍ ആദ്യകഥകള്‍ വന്ന സ്വന്തം കൈയെഴുത്തുമാസികകള്‍ വരെ എന്നെ നോക്കി അമ്പരപ്പോടെ നിന്നു.ആദ്യകാല കഥകള്‍ വന്ന (ഒരു സമാഹാരത്തിലും ഞാന്‍ ഉള്‍പ്പെടുത്താത്ത) മാസികകളെ ഇനി ഞാനെവിടെ സൂക്ഷിക്കും.
അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ സങ്കടം പൊട്ടും.വീട്‌ മുഴുവന്‍ ഞാന്‍ ശ്രദ്ധിച്ചു.ഒരോ ചുമരിലും കയറിയിരിപ്പുണ്ട്‌ എന്തെങ്കിലുമൊക്കെ ഓര്‍മ്മകള്‍,അടയാളങ്ങള്‍,ഭദ്രമാക്കിവയ്‌ക്കേണ്ട നിസ്സാരമെന്നു തോന്നുന്ന മുദ്രകള്‍.പക്ഷേ വീടൊഴിയുമ്പോള്‍ അതൊക്കെ എവിടെവയ്‌ക്കും..?ഞാനെന്ത്‌ മറുപടി പറയാന്‍..!
പെട്ടിവണ്ടി വിളിച്ചുകൊണ്ടുവന്ന്‌ എല്ലാം അതിലിട്ട്‌ ആക്രികച്ചവടക്കാരന്‌ വിറ്റു.പോയതെല്ലാം വിലപ്പെട്ടതാണ്‌.കാലത്തിന്റെ കലവറയില്‍ ചിത്രപ്പൂട്ടിട്ട്‌ വയ്‌ക്കേണ്ടിയിരുന്ന വിഭവങ്ങളും വിലപ്പെട്ട രേഖകളും.
എങ്ങനെ അവ നഷ്‌ടമായി അഥവാ എന്തിന്‌ അവയെ നഷ്‌ടപ്പെടുത്തി.?ഒരേയൊരുത്തരം:സ്വന്തമായി ഒരിത്തിരി ഇടമില്ലാത്തതുകൊണ്ടുമാത്രം.
ഞാന്‍ മാഷിനെ വിളിച്ചു.
``മാഷേ,എനിക്കുടനെ സ്ഥലം വേണം.അഞ്ച്‌ സെന്റ്‌ മതി.അതിനുള്ള കാശുണ്ട്‌.പോരാത്തത്‌ ഉണ്ടാക്കാം.''
ഇത്തവണ സാഹചര്യങ്ങള്‍ കേട്ട മാഷ്‌ പിറ്റേന്നുതന്നെ എന്നെ വിളിച്ചു.
``സ്ഥലമുണ്ട്‌.അത്‌ ഞങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ചിരുന്നതാണ്‌.പക്ഷേ ഇപ്പോ ഞങ്ങള്‍ക്കതിന്‌ സാധിക്കില്ല.അത്‌ സൗകര്യമായി.നിനക്കുതരാം.വില ഇത്രയാണ്‌ പറയുന്നത്‌.''
എന്നിട്ട്‌ മാഷ്‌ സെന്റിന്റെ വില പറഞ്ഞു.അത്രയും സംഖ്യ എന്റെ കൈയിലുണ്ടായിരുന്നില്ല.എന്നാല്‍ ഉണ്ടാക്കാമെന്ന്‌ ഉറപ്പുണ്ടായിരുന്നു.അതുകൊണ്ട്‌ ക്ഷണനേരം കളയാതെ ഞാന്‍ പറഞ്ഞു.
``അതെനിക്കുവേണം.അതെനിക്കുവേണം.''
``എന്നാല്‍ സൗകര്യം നോക്കി നീയൊരു ദിവസം വരൂ.മഞ്‌ജുവിന്റെ സ്‌കൂളില്‍ ചെന്നാല്‍ മതി.പ്ലോട്ട്‌ കാണിച്ചുതരും.''
എനിക്ക്‌ വലിയ സന്തോഷമായി.എറണാകുളത്തുനിന്ന്‌ ഒരു ദിവസം ഞാനവിടെ ചെന്നു.ക്ലാസ്‌ കഴിഞ്ഞ്‌ മഞ്‌ജു എന്നെയും കൂട്ടി സ്ഥലം കാണിച്ചുതരാന്‍ വന്നു.
ആദ്യമായി സ്ഥലം വാങ്ങാന്‍ പോകുന്നവന്റെ ഗര്‍വ്വോടെയാണ്‌ ഓട്ടോയിറങ്ങി ഞാന്‍ നടന്നത്‌.പെട്ടെന്ന്‌ ഞാന്‍ നിന്നു.ചുറ്റും നോക്കി.നല്ല പരിചയമുള്ള സ്ഥലം.ഇതെവിടെയാണ്‌.?ഓര്‍മ്മയില്‍ പരതി.വൈകാതെ മനസ്സിലായി.അതേ വഴികള്‍..
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കപ്പുറം നഷ്‌ടപ്പെട്ടുപോയ പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ ഒരു സായാഹ്നത്തില്‍ ഞാനിതിലെ വന്നിട്ടുണ്ട്‌.അന്ന്‌ അസ്‌തമയാകാശത്തിന്റെ അവസാനനേരപൊട്ടുതരികള്‍ അവളുടെ മുഖത്ത്‌ വീണുകിടന്നിരുന്നു.അതിനെക്കാള്‍ തീക്ഷ്‌ണമായിരുന്നു അന്നവളുടെ മുഖത്തുണ്ടായിരുന്ന വിഷാദഛായ.അക്കാലത്ത്‌ ഒരു ഹ്രസ്വകാലം അവളുടെ ചേച്ചി ഇവിടെയടുത്തായിരുന്നു താമസിച്ചിരുന്നത്‌.
കാലത്തിനിപ്പുറത്തുനിന്നു നോക്കുമ്പോള്‍ എന്തൊരു വിസ്‌മയം.ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ലെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.?
ഞാന്‍ നിശ്ശബ്‌ദനായി നടന്നു.പരിസരത്ത്‌ കാല്‍പ്പെരുമാറ്റത്തിന്റെ പരിചിതസ്വരം.അത്‌ വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണ്‌.മതി.ഇതുതന്നെ മതി എനിക്കു ജീവിക്കാനുള്ള സ്ഥലം.ഞാന്‍ മനസ്സിലോര്‍ത്തു.
ആദ്യമായി വരുന്നതിനാല്‍ പരിസരം പഠിക്കുന്നതിനായി പ്രധാനനിരത്തില്‍ നിന്നുള്ള ദൂരം നടക്കാമെന്നാണ്‌ മഞ്‌ജു പറഞ്ഞത്‌.വഴിയില്‍ വൈകുന്നേരത്തെ വെയില്‍ വീഴുന്നുണ്ട്‌.കണ്ണെത്താദൂരം നിരന്നുകിടക്കുന്ന പ്രദേശം.ഇടയില്‍ ചില വീടുകള്‍.വളഞ്ഞു ചരിഞ്ഞു കിടക്കുന്ന വീതികുറഞ്ഞ ടാര്‍നിരത്ത്‌.അകലെയായി എന്റെ വരവ്‌ നോക്കി നില്‍ക്കുന്ന കരിമ്പനകള്‍.കൃഷിയൊഴിഞ്ഞ പാടത്ത്‌ കൊറ്റികളും കിളികളും.അപ്പുറത്ത്‌ അധികം പരപ്പില്ലാത്ത ഒരു കുളം.അതിനെച്ചുറ്റി ചെന്നാല്‍ കാണുന്നതാണ്‌ ഞാന്‍ വാങ്ങാന്‍ പോകുന്ന സ്ഥലം.കുറേ അകലെയായി ഗായത്രിപ്പുഴ.പുഴയുടെ തിളക്കം കാണാമോ..?എന്റെ മനസ്സ്‌ നിറഞ്ഞു.
അളന്നിട്ട സ്ഥലത്ത്‌ തറച്ചിട്ടുള്ള കുറ്റികള്‍ കാണിച്ച്‌ മഞ്‌ജു അതിരുകള്‍ പറഞ്ഞുതന്നു.എനിക്കൊന്നും പിടികിട്ടിയില്ല.എങ്കിലും സ്ഥലം കണ്ടു,മനസ്സിലായി.ഞാന്‍ മൊബൈല്‍ കാമറയില്‍ സ്ഥലത്തിന്റെ ഫോട്ടോയെടുത്തു.തിരിച്ചുവരുമ്പോള്‍ ഞാന്‍ മഞ്‌ജുവിനെ നോക്കി.പണ്ട്‌,വളരെ പണ്ട്‌ നീല ഇന്‍ലന്റില്‍ എനിക്കു കത്തയച്ചിരുന്ന ഏതോ ദേശത്തെ പെണ്‍കുട്ടി ഇപ്പോള്‍ എനിക്ക്‌ വാങ്ങാന്‍ സ്ഥലം കാണിച്ചുതരുന്നു.എന്റെ രക്തബന്ധുവല്ല,ആരുമല്ല,ഞാനവര്‍ക്ക്‌ നയാപൈസയുടെ ഉപകാരം ചെയ്‌തിട്ടുമില്ല.എന്നിട്ടും..
പോക്കുവെയില്‍ തങ്ങിനില്‍ക്കുന്ന കരിമ്പനകള്‍ ഇതെല്ലാമടങ്ങിയിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ രഹസ്യം മനുഷ്യരോട്‌ പറയട്ടെ.അതിനുത്തരം പോലെ ഒരു ചെമ്പരുന്ത്‌ മാനത്ത്‌ പറക്കുന്നത്‌ ഞാന്‍ കണ്ടു.
ഞങ്ങള്‍ ബസിന്‌ മടങ്ങി.സത്യത്തില്‍ പിന്നീടുള്ള വ്യവഹാരജോലികളും ഇടപാടുകളും ഞാനറിഞ്ഞില്ല.അവരെന്നെ ബുദ്ധിമുട്ടിച്ചില്ല എന്നല്ലേ പറയേണ്ടത്‌.അവര്‍ തന്നെ സ്ഥലമുടമയെ കണ്ടു സംസാരിച്ചു.എനിക്കായി അഡ്വാന്‍സ്‌ കൊടുത്തു.അളപ്പിക്കാന്‍ ആളെ ഏര്‍പ്പാടാക്കി.അപ്പോള്‍ ചെറിയൊരു പ്രശ്‌നം തലപൊക്കി.അളന്നുവന്നപ്പോള്‍ അത്‌ എട്ടു സെന്റുണ്ട്‌.അത്രയും വാങ്ങാനുള്ള പണം എന്റെ കൈയിലില്ല.അഞ്ച്‌ സെന്റ്‌ മതിയായിരുന്നു എനിക്ക്‌.വേണ്ടെന്നുവച്ചാല്‍ വേറാരെങ്കിലും വാങ്ങിപ്പോകും.
ഇത്തിരി ഭയപ്പാടോടെ ഞാനാലോചിക്കുക മാത്രമല്ല പുതിയ പ്രതിസന്ധിയെപ്പറ്റി എനിക്ക്‌ വളരെ അടുപ്പമുള്ളവരോട്‌ പറയുകയും ചെയ്‌തു.അപ്പോഴുണ്ടായ പ്രതികരണങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചത്‌.എന്തുവന്നാലും സ്ഥലം നഷ്‌ടപ്പെടുത്തരുതെന്നും തികയാത്ത പണം എത്രയായാലും എനിക്ക്‌ തരാമെന്നുമായിരുന്നു അത്‌.
അതെനിക്കൊരു ധൈര്യമായിരുന്നു.അതെനിക്ക്‌ കിട്ടിയ,എന്റെ ഇത്രയും കാലത്തെ എഴുത്തിന്‌ കിട്ടിയ,സ്‌നേഹവും വലിയ പിന്തുണയുമായിരുന്നു.അപ്പോള്‍ ഗായത്രിപ്പുഴയുടെ തണുത്ത ഓര്‍മ്മ എന്നെ തഴുകി.
സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട കാര്യങ്ങളെല്ലാം മാഷ്‌ ചെയ്‌തു.ആധാരം എഴുതാന്‍ ഏല്‍പ്പിച്ചു.ഇതിനെല്ലാം വേണ്ടി ഒന്നിലേറെ തവണ ഓടിനടന്നത്‌ കാഴ്‌ചയ്‌ക്ക്‌ കാര്യമായ വിഷമമുള്ള മാഷും മഞ്‌ജുവുമാണ്‌.
മൂന്ന്‌ പേര്‍ എനിക്ക്‌ പലിശയില്ലാതെ പണം തന്ന്‌ സഹായിച്ചില്ലായിരുന്നെങ്കില്‍ (ദൈവമേ,ആ കടപ്പാടുകള്‍ ജീവന്‍ വിട്ടുപോകുന്ന അവസാനനിമിഷത്തിലും ഞാനോര്‍ത്തുവയ്‌ക്കും.)അവസാനനിമിഷം ഞാനാ സ്ഥലം വേണ്ടെന്നു വയ്‌ക്കുമായിരുന്നു.
പണം തന്നവരോടുള്ള അഗാധമായ നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനൊപ്പം ഈ രണ്ടുപേരെപ്പറ്റി കൂടുതലായി ഞാന്‍ എടുത്തുപറയാന്‍ കാരണമുണ്ട്‌.ഇവരില്ലായിരുന്നെങ്കില്‍ ഇത്തരം കച്ചവടം നടത്തി യാതൊരു പരിചയവുമില്ലാത്ത ഞാന്‍ ഇടനിലക്കാരാല്‍ വല്ലാതെ പറ്റിക്കപ്പെടുകയോ പരിചയമില്ലാത്ത സ്ഥലത്ത്‌ കഷ്‌ടപ്പെടുകയോ ചെയ്യേണ്ടിവരുമായിരുന്നു.മാത്രവുമല്ല ഇത്തരം വ്യവഹാരകാര്യങ്ങളിലൊക്കെ എന്റെ അറിവ്‌ എന്നത്‌ വട്ടപ്പൂജ്യമാണ്‌.ആരേക്കാളും നന്നായി അതെനിക്കറിയാം.ഒരു പ്രതിഫലവും പറ്റാതെ എനിക്കായി അവര്‍ കഷ്‌ടപ്പെട്ടത്‌ എന്നോടുള്ള മമത കൊണ്ടുമാത്രമാണ്‌.അത്‌ എന്റെ സാഹിത്യം വായിച്ചിട്ടുള്ള ആരാധനയില്‍നിന്നോ ആഹ്ലാദത്തില്‍ നിന്നോ മാത്രമുള്ളതല്ലെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.അത്‌ ഒരു സഹജീവി എന്ന നിലയില്‍ വര്‍ഷങ്ങളായി അവരെന്നെ തിരിച്ചറിഞ്ഞിട്ടുള്ളത്‌ കൊണ്ടാണ്‌.
ഇന്ന്‌ ആ സ്ഥലത്തു പോകുമ്പോള്‍ ഓര്‍മ്മകള്‍ പലതാണ്‌.എന്റെ പേരിലുള്ള ഇത്തിരി മണ്ണാണത്‌.ആരിറക്കിവിട്ടാലും ഏത്‌ വീടൊഴിഞ്ഞാലും ആരുപേക്ഷിച്ചുപോയാലും എനിക്കീ ഭൂമിയില്‍ വരാനൊരിടമുണ്ട്‌.
നീലാകാശത്തിനുതാഴെ എന്റെ മണ്ണില്‍ നില്‍ക്കുമ്പോഴെനിക്ക്‌ ഒരു ഏട്ടനെ പോലെ കൂടെനിന്ന മാഷെ ഓര്‍മ്മവരും.സ്‌നേഹം മനസ്സുകളില്‍ മരിക്കുകയില്ലെന്ന്‌ അപ്പോള്‍ അതുവഴി വരുന്ന കരിമ്പനക്കാറ്റ്‌ എന്നോട്‌ പറയാറുണ്ട്‌..

(ഒരല്പം പൊങ്ങച്ചത്തിന്‍റെ സ്വഭാവമുള്ള ഈ കുറിപ്പ് ഇക്കൊല്ലത്തെ കേരള കൌമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.ഒരിക്കല്‍ വായിച്ചവര്‍ ദയവായി ക്ഷമിക്കുമല്ലോ.)

Saturday, July 23, 2011

അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്,വളരെ നേരത്തേയുണര്‍ന്ന പുലരികള്‍ക്ക്.ഇടയിലെ ദീര്‍ഘമായ പകലുകള്‍ക്കും.മഴക്കാലത്തും,


വേനലില്‍ അയച്ചുതന്ന ആ നിറഞ്ഞ കുളത്തിന്‍റെ ഓര്‍മ കെടാതിരിക്കുന്നു.


എനിക്ക് അസഹ്യമായ നിന്‍റെ മൌനത്തില്‍,


നിനക്ക് അസഹ്യമായ എന്‍റെ മൌനത്തിലും!


നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍.Monday, July 4, 2011

കെ.വി.അനൂപിന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്കാരം

ചില ദിവസങ്ങള്‍ ഇങ്ങനെയാണ്.പൂവുകള്‍ പോലെ.അതീവ മൃദുലം.ഹര്‍ഷമുണ്ടാക്കുന്നത്ര നിര്‍മ്മലം.പറയാന്‍ കാരണം ഇന്നലത്തെ ദിവസമാ
എന്‍റെ സ്നേഹിതന്‍ കെ.വി.അനൂപിന്(സീനിയര്‍ സബ് എഡിറ്റര്‍,മാതൃഭൂമി സ്പോര്‍ട്സ്‌ മാസിക)മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്കാരം നല്കിയത് ഇന്നലെ ഉച്ചകഴിഞ്ഞ് പാലക്കാട് തൃപ്തി ഹാളില്‍ വച്ചായിരുന്നു.
അനൂപേട്ടന്‍റെ 'കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍'എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്.പതിനായിരത്തൊന്നു രൂപയും ഗായത്രി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് പാലക്കാട് കലക്ടര്‍ കെ.വി.മോഹന്‍ കുമാറാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.സപര്യ സാഹിത്യ വേദിയാണ് മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ചടങ്ങില്‍ രഘുനാഥന്‍ പറളി,ഇ.സന്തോഷ് കുമാര്‍,എം.രാജീവ് കുമാര്‍,ഡോ.പി.മുരളി,പ്രദീപ്,എം.നന്ദകുമാര്‍,കെ.എന്‍.സുരേഷ്കുമാര്‍,മനോജ് വെട്ടികാട്,ശരത്ബാബു തച്ചന്പാറ,പവിത്രന്‍ ഓലശ്ശേരി(ഇരുവരും സപര്യ ഭാരവാഹികള്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.മാതൃഭൂമി ബുക്സാണ് അവാര്‍ഡ് കൃതിയായ 'കാഴ്ചയ്‌ക്കുള്ള വിഭവങ്ങള്‍' പ്രസിദ്ധീകരിച്ചിട്ടുള്ളത്.അനൂപേട്ടന്‍റെ കഥകളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.
അതിനുശേഷം പ്രദീപിന്‍റെ രണ്ട് പുസ്തകങ്ങളും (സര്‍പ്പചിത്രണങ്ങളും കര്‍ണ്ണഭൂഷണങ്ങളും എന്ന ഹിതോമി കനഹാരെയുടെ ജാപ്പാനീസ് നോവലിന്‍റെ പരിഭാഷയും കോയന്പത്തൂര്‍ സ്ഫോടനം എന്ന കഥാസമാഹാരവും. പ്രസാധകര്‍-കാലം,തിരുവനന്തപുരം.)അവിടെവച്ച് പ്രകാശിപ്പിച്ചു.
കാലത്ത് അതേ ഹാളില്‍,കഴിഞ്ഞ പത്തോളം വര്‍ഷമായി എനിക്കറിയാവുന്ന ഏതാനും സുഹൃത്തുക്കളുടെ പാലക്കാടന്‍ സംരംഭമായ 'എഴുത്താണി' മാസിക(മോജസ് ബില്‍ഡിംഗ്‌,കോര്‍ട്ട് റോഡ്,ആലത്തൂര്‍,പാലക്കാട്-678541./e mail:ezhuthanimagazin@gmail.com)യുടെ ആദ്യലക്കത്തിന്‍റെ പ്രകാശനവും നടന്നു.കെ.വി.മോഹന്‍കുമാര്‍,സിവിക് ചന്ദ്രന്‍,പി.എം ആന്‍റണി,ഡോ.കെ.എം.ജോയ്പോള്‍,ഗായത്രി...തുടങ്ങി നിരവധി പേര്‍ മാസികാപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.വാസ്തവത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഹൃദ്യമായ പരിപാടികളായിരുന്നു ഇതെല്ലാം.
പാലക്കാട് താമസമാരംഭിച്ച് ആറു മാസമായെങ്കിലും ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്.അത് ഇത്തരത്തില്‍ സൌഹൃദത്താല്‍ ബന്ധിക്കപ്പെട്ട വേണ്ടപ്പെട്ടവരുടെ പരിപാടികള്‍ ആയിരുന്നതിനാല്‍ മാത്രം.സദസ്സ് നിറഞ്ഞ് പകല്‍ മുഴുവന്‍ നിന്ന സഹൃദയപങ്കാളിത്തം വാസ്തവത്തില്‍ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു.എന്നെ മാത്രമല്ല പങ്കെടുത്ത എല്ലാവരെയും.നിരവധി പ്രമുഖര്‍ സദസ്സിലുമുണ്ടായിരുന്നു.
ചില ദിവസങ്ങള്‍ ഇങ്ങനെ വീണുകിട്ടും.വളരെ മനോഹരമായ ഒരു പാട്ട് പോലെ അത് നമ്മളിലേക്ക് ഒഴുകും.ദിവസം തീര്‍ന്നാലും അതിന്‍റെ മാധുര്യം പരിസരത്തുതന്നെ തങ്ങിനില്‍ക്കും.
സ്ത്രീയുടെ വിരലടയാളങ്ങള്‍
എന്‍റെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഏതാനും സ്ത്രീകളെപ്പറ്റി ഞാന്‍ സംസാരിക്കുന്നത് സജില്‍ ശ്രീധര്‍ കേട്ടെഴുതിയത് ഈ ലക്കം കന്യക(2011,ജൂലൈ 1-15)യില്‍ സ്ത്രീയുടെ വിരലടയാളങ്ങള്‍ എന്ന തലക്കെട്ടില്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം.

Saturday, July 2, 2011

വിവാഹം-ശത്രുരാജ്യത്തലവന്മാരുടെ ഒന്നിച്ചുജീവിതം

ന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പല പുരോഗതികളുണ്ടെങ്കിലും സങ്കീര്‍ണ്ണമായ മാനസികഘടനയുള്ള സ്‌ത്രീ-പുരുഷന്മാരുടെ ചെറുചെറുകൂട്ടങ്ങളാണ്‌ കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ളതെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.ഇതിന്‌ കാല-ദേശ-പ്രായ-മതവ്യത്യാസങ്ങള്‍ ഉണ്ടാവാം.പക്ഷേ എന്നിരുന്നാലും ദാമ്പത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇവരെല്ലാവരും ഒറ്റക്കെട്ടാണ്‌.പ്രധാനമായും അത്‌ പ്രായപൂര്‍ത്തിയെത്തിയ സ്‌ത്രീപുരുഷന്മാരുടെ ലൈംഗീകതയാണ്‌.

മക്കത്തായം,മരുമക്കത്തായം,സംബന്ധം,ബാന്ധവം തുടങ്ങി പലപേരില്‍ നൂറ്റാണ്ടുകളായി സ്‌ത്രീപുരുഷബന്ധങ്ങളെയും കുടുംബവ്യവസ്ഥയെയും നിര്‍ണ്ണയിച്ചുപോരുന്ന കേരളത്തില്‍ നൂറ്റാണ്ടുകളായി മനുഷ്യജീനുകളില്‍ ഒരേപോലെ പതിഞ്ഞുപോയ ഒരേയൊരുകാര്യം ദാമ്പത്യത്തിലെ ലൈംഗീകതയെ സംബന്ധിച്ച അടിയുറച്ച ചില ചിന്തകളാണ്‌.അതില്‍ പലതും അസംബന്ധമാണെന്ന്‌ ആരും ശ്രദ്ധിക്കുന്നില്ല.ദാമ്പത്യത്തിലെ ലൈംഗീകതയില്‍ തുറക്കലുകളില്ല അടയ്‌ക്കലുകളേയുള്ളു.എല്ലാക്കാലത്തും അടച്ചുവച്ചും മൂടിവച്ചും അനുഷ്‌ഠിച്ചുപോന്നിരുന്ന ലൈംഗീകതയെ സംബന്ധിച്ച്‌ ഓരോ തലമുറയും മനസ്സിലാക്കിയിട്ടുള്ളത്‌ കേരളത്തില്‍ ഒരേ രീതിയിലാണ്‌.അതായത്‌ സ്‌ത്രീപുരുഷന്മാരുടെ സ്‌നേഹം(പ്രത്യേകിച്ചും ശാരീരികസ്‌നേഹം)അവര്‍ക്കിടയില്‍പ്പോലും പ്രകടിപ്പിക്കാനുള്ളതല്ല എന്നതാണ്‌.അത്‌ കഴിയുന്നത്ര ഗോപ്യമാക്കി വയ്‌ക്കാനുള്ളതാണത്രേ.

അതിന്റെ ശിക്ഷയാണ്‌ ഇന്ന്‌ കേരളത്തില്‍ വ്യാപകമാവുന്ന വിവാഹമോചനത്തിലെ എണ്ണപ്പെരുപ്പം.പണമുണ്ട്‌,വിദ്യാഭ്യാസമുണ്ട്‌,സാമൂഹികപദവികളുണ്ട്‌,സാമ്പത്തികസ്വാതന്ത്ര്യമുണ്ട്‌,ആഡംബരജീവിതമുണ്ട്‌,എന്നിരുന്നാലും സ്‌നേഹത്തിലധിഷ്‌ഠിതമായ ലൈംഗികജീവിതം പങ്കുവയ്‌ക്കുന്നതില്‍ സ്‌ത്രീ-പുരുഷന്മാര്‍ ഇവിടെ ഒരേപോലെ പരാജിതരാവുന്നു.പരാജിതരുടെ ജീവിതത്തിലേക്ക്‌ കയറിവരുന്ന സമാധാനവും സന്തോഷവും നിലനിര്‍ത്താനുമുള്ള കുറുക്കുവഴികളാണ്‌ അവരെ വിവാഹമോചനമെന്ന വിജയത്തിലേക്ക്‌ എത്തിക്കുന്നത്‌.കീഴെത്തട്ടിലെയും മേലേത്തട്ടിലെയും വിവാഹമോചനത്തിലെ എണ്ണപ്പെരുപ്പത്തിനുകാരണങ്ങള്‍ പ്രധാനമായും ലൈംഗീകതയിലെ അസമത്വമല്ലെങ്കിലും,മദ്യപാനം,സാമ്പത്തിക സുരക്ഷിതത്വമില്ലായ്‌മ,സാമൂഹികനിലകളിലെ അസന്തുലനം,ഈഗോ എന്നിവയൊക്കെയാണെങ്കിലും,ലൈംഗീകജീവിതത്തിലെ അതൃപ്‌തിയും പ്രധാനമല്ലാത്ത സ്ഥാനം അവര്‍ക്കിടയിലും വഹിക്കുന്നുണ്ട്‌.എന്നാല്‍ ഭൂരിപക്ഷം വരുന്നത്‌ മദ്ധ്യവര്‍ഗ്ഗമായതിനാല്‍ നമുക്കാവഴിക്ക്‌ ചിലത്‌ ചിന്തിക്കാം.

വേര്‍പിരിയാന്‍ തീരുമാനിക്കുന്നവരില്‍ ഏറെയും അഭ്യസ്‌തവിദ്യരാണെന്നതു ശ്രദ്ധേയമാണ്‌.എന്തുകൊണ്ട്‌ അഭ്യസ്‌തവിദ്യര്‍..?ദാമ്പത്യത്തിലായാലും യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ നിര്‍ഭയം തീരുമാനങ്ങളെടുക്കുന്നു എന്നതുതന്നെ കാരണം.എന്നാല്‍ പിന്നാക്കാവസ്ഥകളില്‍ നില്‍ക്കുന്ന പലര്‍ക്കും ഇത്തരം കാര്യങ്ങളില്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കാനോ തീരുമാനങ്ങളെടുക്കാനോ കഴിയുന്നില്ല.പലപ്പോഴും മതത്തിനുപോലും തടയാനാവാത്ത വിധത്തില്‍ ഇന്ന്‌ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്‌.

വേര്‍പിരിയേണ്ടിവരുന്നതിനുള്ള പ്രധാനകാരണം ആരുംതന്നെ പുറത്തുപറഞ്ഞില്ലെങ്കിലും ആഴത്തിലുള്ള സ്‌നേഹമില്ലായ്‌മയാണ്‌ കാരണമെന്നു വ്യക്തമാണ്‌.

ആണിന്റെയും പെണ്ണിന്റെയും പരസ്‌പരസ്‌നേഹത്തില്‍ അലിഞ്ഞുതീരാത്ത അഭിപ്രായഭിന്നതകളില്ല.സ്‌നേഹത്തില്‍ നിന്ന്‌ നല്ല ലൈംഗികബന്ധവും സ്വാഭാവികമായും ഉണ്ടാകും.നല്ല ലൈംഗികത സാദ്ധ്യമാകുന്നതോടെ ദമ്പതികളില്‍ മാനസികപിരിമുറുക്കങ്ങള്‍ ഇല്ലാതെയാകും.മാനസികപിരിമുറക്കങ്ങള്‍ വിട്ടകന്ന മനസ്സില്‍ സമാധാനത്തോടെ പ്രശ്‌നപരിഹാരങ്ങള്‍ തേടാനുള്ള പ്രവണതയുണ്ടാകും.പങ്കാളികളില്‍ സ്‌നേഹം തിരയാനും കൊടുക്കാനും മനസ്സുകൊടുക്കാത്തവരാണ്‌(അല്ലെങ്കില്‍ അതിനു സാഹചര്യമില്ലാത്തവരാണ്‌)അന്യബന്ധങ്ങളില്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതും വഴിയേ അത്‌ നിത്യപരാജയത്തിലേക്ക്‌ എത്തിച്ചേരുന്നതും.

കേരളത്തില്‍ എല്ലാ മതവും വലിയ ശക്തിയായി വിവാഹബന്ധം വേര്‍പിരിയുന്നതിനെ എതിര്‍ക്കുന്നുണ്ട്‌.അഭിപ്രായ ഐക്യം നഷ്‌ടപ്പെട്ട ദമ്പതികള്‍ ഒരു മേല്‍ക്കൂരയ്‌ക്കടിയില്‍ നാടകം കളി തുടരട്ടെ എന്നാണ്‌ പലപ്പോഴും അതിനര്‍ത്ഥം.രണ്ടാമത്‌ അനാഥമായിപ്പോകുന്ന കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്‌കണ്‌ഠ.പക്ഷേ സ്വരച്ചേര്‍ച്ചയില്ലാത്തവരുടെ ഒന്നിച്ചുജീവിതം ആരോഗ്യമില്ലാത്ത സമൂഹത്തെ,രോഗാതുരമായ വ്യക്തികളെ സമൂഹത്തിനു സമ്മാനിക്കാനേ ഉപകരിക്കൂ.

കോടതികളിലെത്തുന്ന ദമ്പതികളില്‍ ബഹുഭൂരിപക്ഷത്തിനും സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ പിരിയാനുള്ള കാരണം.അതിന്റെ ഉപ കാരണങ്ങളാണ്‌ പണം,സംശയം,മദ്യം മുതലായവ.വ്യക്തികള്‍ക്ക്‌ ശരിയായ കൂട്ട്‌ സ്വയം കണ്ടെത്താന്‍ കഴിയാത്തതും ആ സാഹചര്യത്തില്‍ കണ്ടെത്തിക്കൊടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളുമാണ്‌ അതിന്റെ ഉത്തരവാദികള്‍.കാരണം ഇവിടെ വിവാഹം കഴിക്കേണ്ടിവരുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ കാര്യത്തില്‍ സ്വന്തം നിലയില്‍ യാതൊരു ഉത്തരവാദിത്തവുമില്ല.അഥവാ ഏറ്റെടുക്കാന്‍ തയ്യാറല്ല.അതൊക്കെ രക്ഷിതാക്കളുടെ തലയിലേക്കാണ്‌ കേരളത്തിലെ അഭ്യസ്‌തവിദ്യരും ഐടി ഫ്രഫഷണലുകളുമായ യുവതീയുവാക്കള്‍ ഇട്ടുകൊടുക്കുന്നത്‌.ഇന്നും.

കാരണം-1. സ്വന്തമായി കണ്ടെത്തിയ പെണ്‍കുട്ടിയെ ആണ്‍കുട്ടിക്കോ,ആണ്‍കുട്ടിയെ പെണ്‍കുട്ടിക്കോ കെട്ടിച്ചുകൊടുക്കാന്‍ ജീവിതത്തിന്റെ മദ്ധ്യവയസ്സ്‌ താണ്ടിയ ഇരുപക്ഷത്തെയും രക്ഷിതാക്കള്‍ തയ്യാറായിരിക്കില്ല.എന്തുകൊണ്ട്‌..?സ്വന്തം മക്കള്‍ പങ്കാളിയോടൊത്ത്‌ ലൈംഗികബന്ധം നടത്തി സന്തതികളുണ്ടാക്കുന്നതിലും കുടുംബമായി ജീവിക്കുന്നതിലും പരാജിതരാവുമെന്ന്‌ അവര്‍ ഏതൊക്കെയോ മുന്‍വിധികളോടെ ഭയപ്പെടുന്നു.

കാരണം-2. തങ്ങള്‍ പങ്കാളിയെ കണ്ടുപിടിച്ചാല്‍ അത്‌ അച്ഛനമ്മമാരെ വേദനിപ്പിക്കുന്നതും ധിക്കരിക്കുന്നതുമാവില്ലേ എന്നുകരുതി പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും സ്വാഭിപ്രായങ്ങള്‍ മറച്ചുവയ്‌ക്കുന്നു.റിസ്‌ക്‌ എടുത്ത്‌ അപകടമായാല്‍ കൂടെ നില്‍ക്കാന്‍ രക്ഷിതാക്കളുണ്ടാവില്ലെന്ന ഭയവും അവരെ പിന്തിരിപ്പിക്കുന്നു.ഏറെക്കുറെ ആണുങ്ങളും ഇതേ ചിന്താഗതി പിന്തുടരുന്നു.എന്നാല്‍ ആണ്‍കുട്ടികളിലെ ഈ ചിന്താഗതി പെണ്‍വീട്ടുകാരില്‍നിന്ന്‌ കനത്ത സ്‌ത്രീധനം വാങ്ങിച്ചെടുക്കുന്നതിനുമാത്രമാണ്‌.അത്തരക്കാര്‍ക്ക്‌ പങ്കാളി ആരായാലും പ്രശ്‌മമല്ല.സ്‌ത്രീധനമാണ്‌ അവര്‍ക്ക്‌ പ്രധാനം.അത്‌ വാങ്ങിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ടവരത്രേ അവരുടെ രക്ഷിതാക്കള്‍.

സ്വന്തം മക്കളുടെ ഭാവി എന്നത്‌ സാമ്പത്തികസുരക്ഷിതത്വം മാത്രമാവുമ്പോള്‍ ഇതൊക്കെ സംഭവിക്കും.പരമാവധി സ്‌ത്രീധനം കിട്ടുന്ന പെണ്ണിനാണ്‌ ഗുണം കൂടുതല്‍ എന്ന മട്ടിലും പല രക്ഷിതാക്കളുടെയും ചിന്ത പോകുന്നു.ഇതൊന്നും കെട്ടുറപ്പുള്ള മനസ്സുകളെ ഉണ്ടാക്കിയെടുക്കാന്‍ കാര്യമായി സഹായിക്കുകയില്ല.വിവാഹമോചനം തേടി ആളുകള്‍ കോടതികളില്‍ എത്തുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ..?ഇത്തരം സാഹചര്യത്തില്‍ സ്‌ത്രീ പുരുഷനെയും പുരുഷന്‍ സ്‌ത്രീയെയുമല്ല ഇരുപക്ഷത്തെയും വിവരദോഷികളായ രക്ഷിതാക്കളും സമൂഹവുമാണ്‌ ഇവരെ പീഡിപ്പിക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റാവുമോ..?

കാരണം-3. മതം-ജാതി സമുദായങ്ങള്‍ ഊരിപ്പിടിച്ച വാളുമായി ചുറ്റിനും നില്‍ക്കുന്നതിനാല്‍ കേരളത്തിലെ വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്ന പണിയും സമുദായാചാര്യന്മാരെ രക്ഷിതാക്കള്‍ വഴി ഏല്‍പ്പിക്കുന്നു.എന്തെന്നാല്‍ അടിയുറച്ച ജാതിമതബോധം അവരെ സ്വതന്ത്രരായി നീങ്ങുന്നതില്‍ നിന്ന്‌ അബോധമായി പിന്തിരിപ്പിക്കുന്നു.

ഫലത്തില്‍ നാമമാത്രമായ ഏതാനും പേരൊഴിച്ച്‌ മറ്റാരും കേരളത്തില്‍ സ്വമനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുത്ത്‌ വിവാഹം കഴിക്കുന്നില്ല.ബാക്കി ഒട്ടെല്ലാ വിവാഹങ്ങളും ജനാധിപത്യത്തിന്റെ കാര്യം പറഞ്ഞതുപോലെ,രക്ഷിതാക്കള്‍ക്കുവേണ്ടി,രക്ഷിതാക്കളാല്‍,അവരെപ്പോലെയുള്ള വാര്‍പ്പുമാതൃകകളെ സൃഷ്‌ടിക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത്‌ നടത്തുന്ന നിഷ്‌ഫലകര്‍മ്മമായി മാറുന്നു.നിഷ്‌ഫലമെന്ന്‌ പറയാന്‍ കാരണം,യാതൊരുവിധ മാനസികാടുപ്പവുമില്ലാത്ത,ആണും പെണ്ണുമാണ്‌ എന്ന ഒരേയാരു യോഗ്യതമാത്രമുള്ള ഇവരാണ്‌ മൂന്നാംമാസം മുതല്‍ കുടുംബക്കോടതി വരാന്തകളില്‍ ജീവിതത്തെ തള്ളിനീക്കുന്നതും ഹോമിക്കുന്നതും.വാസ്‌തവത്തില്‍ വിവാഹമെന്ന സമ്പ്രദായത്തിന്റെ ഇരകള്‍.ഈ ഇടപാടില്‍ താല്‌കാലികമായി വിജയിക്കുന്നതും അന്തിമമായി പരാജയപ്പെടുന്നതും രക്ഷിതാക്കളാണ്‌.നിലനിര്‍ത്തുന്ന അസംതൃപ്‌ത വിവാഹത്തില്‍നിന്നുണ്ടാവുന്ന,ശരീരം സമ്മതിക്കാതെ ഇണചേരേണ്ടിവന്നതുമൂലം ഉണ്ടായിപ്പോയ അവരുടെയൊക്കെ കുട്ടികളാവട്ടെ മറ്റൊരു ക്രിമിനല്‍സമൂഹത്തിലേക്കുള്ള വാഗ്‌ദാനങ്ങളും.

ഇങ്ങനെയൊക്കെ വിവാഹിതരായാലും കേടുപാടുകളില്ലാതെ ജീവിതം കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യവും അറിവും ഇവിടെയുണ്ട്‌.എന്നിട്ടും പലര്‍ക്കും അതിന്‌ കഴിയാത്തതെന്താണ്‌..?

അനുകരിക്കാന്‍ പൂര്‍വ്വമാതൃകകളില്ലാത്തതാണ്‌ ഒരു കാരണം.നല്ല രക്ഷിതാക്കളായി മക്കള്‍ക്കുമുന്നില്‍ ജീവിതം കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞ തലമുറയിലെ പല ദമ്പതികള്‍ക്കും കഴിഞ്ഞിട്ടില്ല.മക്കള്‍ക്കു മുന്നില്‍ പരസ്‌പരം സ്‌പര്‍ശിക്കുന്ന എത്ര മാതാപിതാക്കളെ കഴിഞ്ഞ തലമുറയില്‍ കാണാന്‍ കഴിയും.?വെറും സ്‌പര്‍ശനമാണ്‌ ഞാന്‍ ചോദിക്കുന്നത്‌.

പൂര്‍വ്വമാതൃകകളെ സൃഷ്‌ടിക്കുന്നതില്‍ പരാജയപ്പെട്ട ആ തലമുറ അവസാനിച്ചുതുടങ്ങി.എണ്‍പതുകള്‍ക്കുശേഷം കേരളത്തില്‍ ജനിച്ച കുട്ടികളെല്ലാവരും ധാരാളം കാര്യങ്ങളില്‍ ഭാഗ്യവാന്മാരാണ്‌.പക്ഷേ വരുകാലത്തെ വൈവാഹികജീവിതഭീഷണികളില്‍നിന്ന്‌ അവരും മോചിതരല്ല.എന്നാല്‍ അവര്‍ക്ക്‌ സ്വന്തം വഴിനോക്കി എളുപ്പം പോകാന്‍ കഴിയും.

കേരളത്തിലെ സ്‌ത്രീ-പുരുഷന്മാരില്‍ രണ്ട്‌ പ്രവണതകള്‍ ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നുണ്ട്‌.

ഒന്ന്‌-പുരുഷന്റെ ഭരണം(അധികാരം)ശബ്‌ദായമാനമാണ്‌.അത്‌ പുറംസമൂഹം വളരെപ്പെട്ടെന്ന്‌ അറിയും.എന്നാല്‍,സ്‌ത്രീയുടെ ഭരണം(അധികാരം)നിശ്ശബ്‌ദമാണ്‌.അത്‌ പുറംലോകം അറിയാന്‍ വൈകും.

രണ്ട്‌-പുരുഷന്മാര്‍ പ്രശ്‌നങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍ മദ്യത്തെ കൂട്ടുപിടിക്കും.അതേസമയം സ്‌ത്രീ നല്ല സൗഹൃദത്തിനായല്ല,സമാധാനത്തിനായി സെല്‍ഫോണിനെ കൂട്ടുപിടിക്കും.രണ്ടും പതിവായും അളവിലുമധികവും ഉപയോഗിച്ചാല്‍ വിഷമാണ്‌.വിഷമമാണ്‌.

കേരളത്തില്‍ ധാരാളം വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വളരെയധികം അപമാനം സഹിച്ച്‌ സ്വന്തം കുടുംബത്തിനകത്തും ഭര്‍ത്താവിന്റെ കുടുംബത്തിനകത്തും കഴിയുന്നതും നാം കാണാതെ പോകുന്നു.തന്റെ അധ്വാനത്തിന്റെ കൂലി ഇന്നും സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഇവിടെ കഴിയുന്നില്ല.പുരുഷന്‍ എന്ന ലിംഗപദവിയുപയോഗിച്ച്‌ ധാരാളം ആണുങ്ങള്‍ സ്‌ത്രീയുടെ എല്ലാത്തരത്തിലുമുള്ള കഴിവുകളെയും അവസരങ്ങളെയും അടിച്ചമര്‍ത്തി ആഹ്ലാദിക്കുന്നുണ്ട്‌.

ലോകത്തെവിടെപ്പോയാലും എത്ര പഠിച്ചാലും എത്ര ഉന്നതമായ സ്ഥാനത്തിരുന്നാലും മലയാളിക്ക്‌ സ്‌ത്രീധനവും ഭാര്യയുടെ ശമ്പളവും ഇരന്നുവാങ്ങുന്നതും ഭാര്യയെ മര്‍ദ്ദിക്കുന്നതും ഒഴിവാക്കാനാവില്ല.പല പത്രവാര്‍ത്തകളും ഉദാഹരണം.പല സ്‌ത്രീകളും തങ്ങള്‍ നേരിടുന്നത്‌ പുറത്തുപറയുന്നില്ല.ചിലര്‍ക്കൊക്കെ ഇക്കാര്യം വൈവാഹികജീവിതത്തിലെ എഴുതപ്പെടാത്ത നിയമമല്ലേ എന്ന മട്ടാണ്‌.

കുടുംബകോടതികളില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥത്തിലുള്ളതിന്റെ നാലിലൊന്ന്‌ വരില്ലെന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.വാസ്‌തവത്തില്‍ കുടുംബത്തിനുള്ളിലെ പരസ്‌പരപീഡനമാണ്‌ സര്‍വ്വത്ര നടക്കുന്നത്‌.വിവാഹമോചനമോ വേര്‍പിരിയലോ അതിനെ നിയന്ത്രിക്കുന്നതേയില്ല.പരസ്‌പരപീഢനത്തിന്റെ കാര്യത്തില്‍ സ്‌ത്രീയും പുരുഷനും മത്സരിക്കുന്നുമുണ്ട്‌.ഇതെല്ലാം സംഭവിക്കുന്നത്‌ മാനസികാടുപ്പമില്ലാത്തതുകൊണ്ടല്ലേ.!

സ്‌ത്രീയായാലും പുരുഷനായാലും ഭരണം അഥവാ അധികാരത്തെ കൂട്ടുപിടിക്കേണ്ടിവരുന്നത്‌ എവിടെയായാലും സ്‌നേഹനിരാസത്തില്‍നിന്നാണ്‌.സ്‌നേഹമില്ലായ്‌മയില്‍നിന്നാണ്‌ ഓരോ മനുഷ്യനിലും മടുപ്പ്‌ പൊട്ടിമുളയ്‌ക്കുന്നത്‌.വിരസത പൊട്ടിമുളയ്‌ക്കുന്നത്‌.അമര്‍ഷം പൊട്ടിമുളയ്‌ക്കുന്നത്‌.സ്‌നേഹമില്ലായ്‌മയാണ്‌ യാഥാര്‍ത്ഥ ലൈംഗീകതയെ നിരാകരിക്കുകയോ വെറും ചടങ്ങാക്കി മാറ്റുകയോ ചെയ്യുന്നത്‌.അത്തരത്തില്‍ യഥാര്‍ത്ഥ ലൈംഗീകത നിഷേധിക്കപ്പെടുമ്പോള്‍ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിലെ ഊര്‍ജ്ജം സ്വാഭാവികമായ വിസ്‌ഫോടനത്തിന്‌,അതായത്‌ പുറംതള്ളലിന്‌ തയ്യാറെടുക്കും.അതത്ര എളുപ്പമല്ല.അപ്പോള്‍ തിങ്ങിനിറഞ്ഞ ലൈംഗികോര്‍ജ്ജം തങ്ങളില്‍ത്തന്നെ തികഞ്ഞ ഭാരമായിമാറുന്നത്‌ ഓരോരുത്തര്‍ക്കും അറിയാനാവും.

തന്നിലെന്താണ്‌ കനത്തുവരുന്നതെന്ന്‌ തിരിച്ചറിയാതെ എന്തോ പിടികിട്ടാത്ത ഭാരമായും അജ്ഞാതരോഗമായും അതിനെ ഓരോരുത്തരും സ്വയം വിധിയെഴുതും.വിഷാദരോഗമാണെന്ന്‌ പ്രചരിപ്പിക്കാന്‍ ഇവിടെ ധാരാളം ആരോഗ്യ പ്രസിദ്ധീകരണങ്ങളുമുണ്ടല്ലോ.അവിടെനിന്നാണ്‌ മദ്യത്തിലേക്കും ഫോണിലെ ചങ്ങാതിയിലേക്കും സ്‌ത്രീ-പുരുഷന്മാര്‍ ഒരുപരിധിവരെ വഴുതിപ്പോകുന്നത്‌.വൈകാതെ അവര്‍ക്ക്‌ വിവാഹമോചനത്തിലേക്ക്‌ എത്താന്‍ എളുപ്പമാണ്‌.

പരിഹാരമാണെന്ന്‌ കരുതിയാണ്‌ വിവാഹമോചനത്തിന്‌ പലരും പുറപ്പെടുന്നത്‌.അല്ലെങ്കില്‍ സഹനത്തില്‍നിന്ന്‌ വിടുതല്‍നേടാന്‍.എന്നാല്‍ ഇതേ മാനസികാവസ്ഥയും മാറാന്‍ താല്‌പര്യമില്ലാത്ത മനോഭാവവുമായി വിവാഹമോചനം നേടിയിട്ടെന്ത്‌..!വീണ്ടും മറ്റൊരിടത്ത്‌ ഇതേ കളി തുടരാം.സമൂഹത്തെ ഭയന്ന്‌ കിട്ടിയതില്‍ കടിച്ചുതൂങ്ങി മറ്റുള്ളവര്‍ക്കായി ജീവിതം തുടരാം.

നമ്മള്‍ പരസ്‌പരം സ്‌നേഹിക്കാന്‍ മക്കളെ പഠിപ്പിക്കണം.അവര്‍ക്ക്‌ നല്ല ലൈംഗീകവിദ്യാഭ്യാസം കൊടുക്കണം.അവരവര്‍ക്ക്‌ യോജിക്കുന്ന പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്‍കണം.അവര്‍ കണ്ടെത്തുന്ന പങ്കാളിയെ നമ്മുടെ മുന്‍വിധികളും ദുശ്ശാഠ്യങ്ങളും മാറ്റിവച്ച്‌ സ്വീകരിക്കാന്‍ മനസ്സുകാണിക്കണം,അവരുടെ പാളിച്ചകളില്‍ ധൈര്യം പകര്‍ന്ന്‌ കൂടെനില്‍ക്കണം.സ്‌ത്രീ പുരുഷനെയും പുരുഷന്‍ സ്‌ത്രീയെയും ഇപ്പോഴത്തെപ്പോലെ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്ന അനാരോഗ്യകരമായ പ്രവണത അങ്ങനെയെല്ലാം വലിയൊരളവില്‍ നമുക്ക്‌ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും.

ഇതല്ലാതെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന സ്‌ത്രീ-പുരുഷന്മാരുടെ സമൂഹമാണ്‌ നമ്മുടെതെന്ന്‌ ഞാന്‍ കരുതുന്നില്ല.

(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2011 ജൂണ്‍ 11 ന്‍റെ ലക്കത്തില്‍ വൈവാഹിക ജീവിതത്തിലെ താളക്കേടുകളെപ്പറ്റിയും വേര്‍പിരിയലുകളെപ്പറ്റിയും തയ്യാറാക്കിയ കവര്‍ സ്റ്റോറിക്കായി എഴുതിയ ലേഖനം.ഇത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.)

Saturday, June 4, 2011

നിന്നെ നീ തന്നെ കാത്തോളണേ...!

മെയ് മാസത്തിന്‍റെ ഒടുവിലെ ഒരു ദിവസമാണ് ഈ ചിത്രമെടുത്തത്.ഇപ്പോള്‍ ഇത് വായനക്കാര്‍ക്കായി പങ്കിടണമെന്ന് തോന്നി.വരും ദിവസങ്ങളില്‍ ഈ സെഷനിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടേക്കാം.മറിച്ചും സംഭവിക്കാം.എന്തായാലും വായനക്കാര്‍ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Thursday, June 2, 2011

പരിഭവക്കാളി!

പ്രഭാതം.നേര്‍ത്ത വെളിച്ചം.മഴ പെയ്യുമോ..പുറത്ത് എന്താണ് അവസ്ഥ..ആകാശത്ത് കരിമേഘങ്ങള്‍..മാവിന്‍റെ ഇലകളില്‍ ഇരുണ്ട വെളിച്ചം.തണുപ്പുണ്ട്.മഴ നേര്‍ത്തുപെയ്തേക്കാം.തലേന്നുവരെ കാലത്തും രാത്രിയിലും വെയിലേറ്റ് വാടിയ ചൂടുവെള്ളം തന്നിരുന്ന പൈപ്പിലൂടെ തണുത്തവെള്ളം.കുളിരുന്ന തണുപ്പില്‍ കുളിക്കാനെന്തുസുഖം.പുറത്തിറങ്ങിയപ്പോള്‍ മഴ പെയ്തുതുടങ്ങിയിരുന്നു.പതിയെ പതിയെ..കുടയെടുത്തില്ല.നനയാം.ജൂണിലെ ആദ്യമഴയല്ലേ..പരിചയമുള്ള സ്കൂള്‍മാഷുമാരെ വിളിച്ച് പ്രവേശനോത്സവത്തെപ്പറ്റി തിരക്കി.പണ്ട് ഇതുപോലൊരു ജൂണൊന്നാം തീയതി കീയോ കീയോ കരഞ്ഞ് പള്ളിക്കൂടത്തില്‍ പോയത് ഓര്‍മ്മവന്നു.അന്ന് അക്ഷരം എഴുതിത്തന്നത് ബിയാട്രീസ് എന്ന കന്യാസ്ത്രീയമ്മയാണ്.അതുവരെ നിലത്തെഴുത്തുപോലും ഞാന്‍ പഠിച്ചിരുന്നില്ല.മണലിലായിരുന്നില്ല,ആദ്യാക്ഷരം.സ്ലേറ്റിലായിരുന്നു,കല്ലുപെന്‍സില്‍കൊണ്ട്.കല്ലക്ഷരങ്ങള്‍.നടക്കുന്പോള്‍ ബിയാട്രീസ് ടീച്ചറെ ഓര്‍ത്തു.അന്നും അന്പതിനുവയസ്സിനുമേലെ പ്രായമുണ്ടായിരുന്നു ടീച്ചറിന്.ഇപ്പോള്‍ ടീച്ചര്‍ ആരെയാവും അക്ഷരമെഴുതിക്കൊടുത്ത് അനുഗ്രഹിക്കുന്നുണ്ടാവുക..
കുഞ്ഞുങ്ങളെ കുത്തിനിറച്ച ബസുകള്‍ മഴയിലൂടെ നീങ്ങുന്നു.സൈക്കിള്‍ യാത്രക്കാര്‍ മഴയോടൊപ്പം സൈക്കിള്‍ ചവിട്ടുന്നു.റോഡ് എത്ര പെട്ടെന്നാണ് അവളുടെ മുടി പോലെ കറുത്തുപോയത്!
സ്വാമിയുടെ കടയില്‍ പതിവുകാര്‍.പതിവില്ലാത്തത് ഉമ്മറത്ത് ചാറ്റല്‍ മഴ നനയുന്ന തമിഴ് പത്രമാണ്.ഇന്നലെ വരെ വെയിലായിരുന്നു അവിടെ.ഇന്ന് പാലളന്നുവാങ്ങാന്‍ ചായക്കടയില്‍ വന്ന പെണ്‍കുട്ടിയായി മഴ.തളിരിലയില്‍ ദോശ.പച്ചമുളകരച്ച ചട്ണി.ചുവന്ന മുളകരച്ച ചമ്മന്തി.നാളികേരമരച്ച വെള്ളനിറച്ചമ്മന്തി.പോരാത്തതിന് ആവോളം നീളം വയ്ക്കാന്‍ കഴിയുന്ന സ്നേഹമുള്ള സാന്പാറും.ചായ.ചൂടുള്ള പാല്‍ച്ചായ.പോരേ!
പുറത്ത് മഴ ഒരുതരം കൊതിയോടെ നോക്കിനില്‍ക്കുന്നു.
നിരത്തിലെങ്ങും തിരക്ക്.അത്ഭുതം തോന്നി.എങ്ങനെയാണ് ഇത്ര കൃത്യമായി ഒന്നാം തീയതി കാലത്തുതന്നെ മഴ നാട്ടിലേക്ക് വരുന്നത്!
ഉച്ചവരെ മൂപ്പര്‍ പോയില്ല.കാലത്ത് അലക്കിയ തുണികള്‍ സാധാരണഗതിയില്‍ ഉച്ചയാവുന്പോള്‍ പപ്പടമാവുന്നതാണ്.ഇന്ന് നനഞ്ഞ പൂവുപോലെ ഷര്‍ട്ടും മറ്റും അയയില്‍.എങ്കിലും രസകരമായി.മഴയല്ലേ..ഇനി നിരത്തൊക്കെ നല്ല ഭംഗിയാവും.ഗുല്‍മോഹറൊക്കെ ചോരച്ചുവപ്പിലാണ് പൂക്കള്‍ വിരിയിക്കുന്നത്.നടപ്പാത പരവതാനി വിരിച്ചപോലായി..വയലില്‍ കൃഷിയും തുടങ്ങിക്കഴിഞ്ഞു.
സ്വാമി ഉച്ചയ്ക്ക് ഇലയില്‍ ഊണുവിളന്പി.സുഖം.ഇന്നലെ വരെ രണ്ട് ടംബ്ലര്‍ മോരില്ലാതെ സാദ്ധ്യമല്ലായിരുന്നു.ഇന്നിപ്പോ മോര് രണ്ടാംചോറിന് മതി.മഴക്കാലത്ത് രസം കുടിക്കുന്നതാണ് ഉഷാര്‍.
മഴയില്ല.മാനത്തിന് തെളിനീല.പാടത്തിന് പൊടിയടങ്ങിയ നിറം.
'സങ്കല്‍പ'യില്‍ (എന്‍റെ ഇപ്പോഴത്തെ താമസസ്ഥലം)എത്തുന്പോഴേക്കും മയക്കം പിടികൂടിയിരുന്നു.പുറത്ത് സാന്ദ്രമായ വെയില്‍.മുറിക്കകത്ത് സ്വച്ഛന്ദിയായ തണുപ്പ്.കിടന്നു.ജൂണിലെ ആദ്യമഴദിവസമല്ലേ.ഒരുറക്കമൊക്കെ ആവാം.ഇന്നലെവരെ കിടന്നശേഷം ശരണം വിളിക്കണമായിരുന്നു ഉറക്കം കിട്ടാന്‍.ഇപ്പോ ദേ വരുന്നു മൂപ്പര്‍ പാട്ടുംപാടി ഇങ്ങോട്ട്.എന്നെ ഉറക്കാതെ സമ്മതിക്കില്ല എന്നപോലെ.കാസരോഗിയെപ്പോലെ ആഞ്ഞുനിലവിളിച്ചുകൊണ്ടിരുന്ന പങ്കയ്ക്കും സമാധാനം.മുറിയില്‍ മൊത്തത്തില്‍ ശാന്തിയും കുളിര്‍മ്മയുമായി.
ഈ മഴക്കാലത്തിന്‍റെ ഒരു കാര്യമേ...ദാ,ഇപ്പോ അഞ്ചരയ്ക്കാണ് പള്ളിയുറക്കം കഴിഞ്ഞത്.പൂച്ച മൂരിനിവരുംപോലെ ഒന്നു കുടഞ്ഞുണര്‍ന്നു.ജനലിനപ്പുറം ഇരുട്ടുപോലെ.പുറത്തുവന്നു നോക്കുന്പോള്‍ വരാന്തയില്‍ വന്നുപോയതിന്‍റെ അടയാളമിട്ടിട്ടുണ്ട് പരിഭവക്കാളി.!
സാരമില്ല.നാളെക്കൊടുക്കാം വാരിപ്പിടിച്ചൊരുമ്മ!

Sunday, May 29, 2011

തെറ്റിദ്ധരിക്കാനെളുപ്പമുള്ള വരികള്‍

നിന്നെ മറക്കാനാവുന്നില്ല..

ഓര്‍ക്കാതിരിക്കുന്നത് അസഹ്യമാണെന്നതുപോലെ തന്നെ ഓര്‍ക്കുന്നതും അങ്ങേയറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു.

പ്രണയം യാചിച്ചുവാങ്ങേണ്ടതല്ലെന്ന് അനുഭവം കൊണ്ട് ഏതൊരുവനെയുംപോലെ എനിക്കുമറിയാം.ഭയം,തെറ്റിദ്ധാരണ,സുരക്ഷിതത്വം...മതി,ബന്ധങ്ങള്‍ വേരറ്റ മരമാവാന്‍.!


നടിക്കാനെളുപ്പമാണ്,എന്തും.പ്രണയമാണെന്നും പ്രണയമില്ലെന്നും.


വാസ്തവമെന്താണ്..?


ഭംഗിയും ആഢ്യത്വവും തേടി അങ്ങോട്ടുപോയിക്കൊണ്ടേയിരിക്കും..ഇങ്ങോട്ടുവരുന്നതൊന്നും കാണില്ല,കണ്ടാലും തട്ടിത്തെറിപ്പിക്കും.അവമതിക്കും.എന്നിട്ട് പൊട്ടക്കിണറ്റില്‍ വീഴുവോളം തേടിനടക്കും.അവളെ,ആ ഒരാളെ.ഫലമില്ലാതെ.


പ്രണയം ഒരുവന്‍റെ എതിരെവരുന്നതാണോ പിന്നാലെ വരുന്നതാണോ അതോ ഒപ്പം വരുന്നതാണോ..?


എത്ര വൃത്തികേടുകള്‍ കാട്ടിയിട്ടും,നശ്വരമായ സൌന്ദര്യത്തിനുപിന്നാലെ എത്ര പാഞ്ഞിട്ടും പിന്നാലെ വരുന്നത് ഒരുവള്‍മാത്രം.അവള്‍,ദേവത..സരസ്വതി.


പ്രണയമെന്ന പേരില്‍ അവനവന്‍റെ ഉള്ളിലുള്ള കാമത്തെ പകര്‍ത്തിവച്ച് കവിതയെന്നു വിളിക്കുന്ന സമകാലികര്‍ക്കിടയില്‍ നീയെത്ര വാടിപ്പോയി,എത്രയെത്ര അപമാനിതയായി!


മനസ്സിലാവുന്നു,ആശങ്കയും ഭയവുമില്ലാത്തത് ഒരുവള്‍ക്കുമാത്രമാണ്.നിനക്ക്.നീ മാത്രമാണ് യഥാര്‍ത്ഥ തുണ.ഏതിരുട്ടിലും ഏത് കാട്ടിലും ഏത് നഗരത്തിലും ഏത് കഠോരമാര്‍ഗ്ഗത്തിലും കൈയില്‍ത്തൂങ്ങി ഒപ്പം വരുന്നത് നീ മാത്രം.


ദേവത.വാഗ്ദേവത.അമ്മ.


--------------------------------------------------------------------------------------


'കവിയുടെ കാല്‍പാടുകള്‍' വീണ്ടും വായിച്ചു.ആ പ്രചോദനത്തില്‍നിന്നാണ് ഈ വരികള്‍ ഉണ്ടായിവന്നത്.

Saturday, May 28, 2011

വായനക്കാരാ,ഞാന്‍ മരിച്ചാല്‍ ബാക്കിയെന്ത്..?

പ്രിലില്‍ ഞാനെഴുതിയ പുസ്തകപ്രസാധനത്തിലെ ചില സമകാലിക സന്ദിഗ്ധതകളെ സംബന്ധിച്ചുള്ള പോസ്റ്റിലെ ഉള്ളടക്കം വായനക്കാരില്‍ ചിലരെങ്കിലും സ്വാഭാവികമായും,ചിലരെങ്കിലും തികച്ചും മനപ്പൂര്‍വ്വമായും തെറ്റിദ്ധരിച്ചിട്ടുണ്ട്.രണ്ടിലും എന്‍റേതായ സന്തോഷവും അഭിമാനവും അറിയിക്കട്ടെ.
എന്‍റെ പുസ്തകത്തിന് അല്ലെങ്കില്‍ പുസ്തകങ്ങള്‍ക്ക് വില്പനയുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം.എന്റെ പുസ്തകങ്ങളുടെ വില്പനയെ സംബന്ധിച്ച് ആ പോസ്റ്റ് വായിച്ച ചിലരൊക്കെ ഭാവന ചെയ്യുകയും ആഹ്ലാദിക്കുകയും ചെയ്ത തരത്തില്‍ ദുഖിച്ചും പായാരം പറഞ്ഞും പരസ്യമായി കണ്ണീരൊഴുക്കാനും മാത്രം വങ്കനല്ല ഞാന്‍.ഞാനുദ്ദേശിച്ചത്,പുസ്തകപ്രസാധനത്തിലെയും പ്രസാധകര്‍ക്ക് എഴുത്തുകാരോടുള്ള ഇന്നത്തെക്കാലത്തെ ബന്ധത്തിലെയും നിലവിലുള്ള (പ്രത്യേകിച്ച് വില്പനയെ സംബന്ധിച്ച്)അവ്യക്തതയെപ്പറ്റി വായനക്കാരോടും പുസ്തകങ്ങളുടെ ഉപഭോക്താക്കളോടും ചിലത് പറയാമെന്നാണ്.അത് പറയുവാന്‍ 9 ന്‍റെ രണ്ടാം പതിപ്പ് വന്ന സാഹചര്യം ഉപയോഗിച്ചു എന്നുമാത്രം.അല്ലാതെ 9 കുറച്ചേ വിറ്റുള്ളൂ എന്ന ദയനീയവിലാപമായിരുന്നില്ല.മൂന്നേകാല്‍ കോടി മലയാളികളുള്ള നാട്ടില്‍ കണക്കനുസരിച്ച് ഒരു പുസ്തകത്തിന്‍റെ 50,000 പ്രതികള്‍ വില്‍ക്കാന്‍പോലും ഭാഗ്യം സിദ്ധിച്ച എഴുത്തുകാര്‍ ലബ്ധപ്രതിഷ്ഠ നേടിയവര്‍ക്കിടയില്‍പ്പോലും ഇന്ന് വിരളമാണ് എന്നത് പരമാര്‍ത്ഥമത്രേ.നിങ്ങള്‍ പല മുതിര്‍ന്ന എഴുത്തുകാരോടും ചോദിച്ചുനോക്കൂ.ഞാന്‍ പറഞ്ഞതിനപ്പുറത്ത് ഞെട്ടിക്കുന്ന സങ്കടങ്ങള്‍ അവര്‍ പറയും.നമ്മളെക്കാള്‍ കുറവ് ഭാഷ സംസാരിക്കുന്ന നാടുകളില്‍നിന്നുപോലും നല്ല കൃതികള്‍ ഉണ്ടാവുകയും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും വിപുലമായി ലോകത്തുടനീളം വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്.രണ്ട് കാരണം കൊണ്ടാണ് അത്.
1)കൃതി നന്നായതുകൊണ്ട്.
2)തര്‍ജ്ജമ വിപുലമായ പ്രചാരം നേടിയതുകൊണ്ട്.
പക്ഷേ എന്‍റെ സന്ദേഹം,ഇത്രയേറെ പ്രബുദ്ധരും പഠിതാക്കളും വായനക്കാരും സര്‍വ്വോപരി ബുദ്ധിജീവികളുമുള്ള കേരളത്തില്‍ എന്തുകൊണ്ട് പുസ്തകം(എന്‍റെ മാത്രമല്ല)വിറ്റുപോകുന്നില്ല എന്നാണ്..!എന്തുകൊണ്ട് ആറുമാസത്തിലധികം വില്പനശാലകളില്‍ ഇരിക്കാത്ത പുസ്തകങ്ങള്‍ക്ക്(അക്കൂട്ടത്തില്‍ എന്‍റെ പുസ്തകങ്ങളും നിസ്സംശയം ഉള്‍പ്പെടും) പുതിയ പതിപ്പ് ഇറക്കാന്‍ പ്രസാധകന്‍ തയ്യാറാകുന്നില്ല എന്നാണ്.!
ഇതായിരുന്നു സന്ദേഹങ്ങള്‍.
എന്തായാലും എന്‍റെ ആ പോസ്റ്റ് f e c പോലുള്ള നല്ല ചര്‍ച്ചാവേദികളിലും ഫേസ് ബുക്കിലെ ചില കൂട്ടായ്മകളിലും ഒക്കെ പല നിലവാരത്തിലുള്ള ചര്‍ച്ചയ്ക്ക് നിദാനമായി എന്നത് സന്തോഷം തരുന്നു.ധാരാളം പ്രമുഖര്‍ ഞാനുന്നയിച്ച യഥാര്‍ത്ഥ അവസ്ഥകള്‍ മനസ്സിലാക്കി കാര്യഗൌരവത്തോടെ പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴും പലരും ആ പോസ്റ്റ് പലര്‍ക്കും കോപ്പി ചെയ്ത് അയക്കുന്നുമുണ്ട്.അതിലും നിറഞ്ഞ സന്തോഷം.
ഇനി സ്വന്തം കൃതികളുടെ കാര്യത്തിലുള്ള എന്‍റെ നിലപാട്:
കാലമാണ് എഴുത്തുകാരന്‍റെ ഏറ്റവും വലിയ വിധികര്‍ത്താവെന്ന് ഞാന്‍ വിശ്വസിക്കുന്നു.പുരസ്കാരങ്ങളും പണവും ലഭിക്കുന്നുണ്ടെങ്കില്‍ അത് യൌവ്വനത്തില്‍ത്തന്നെ (കാശിന് ആവശ്യമുള്ളപ്പോള്‍,അടിച്ചുപൊളിക്കാന്‍ പറ്റുന്ന പ്രായത്തില്‍ !)കിട്ടണം.
ഞാന്‍ മരിച്ചുകഴിഞ്‍് എനിക്കോ എന്‍റെ കൃതികള്‍ക്കോ കിട്ടാവുന്ന പ്രശംസയിലും ജനപ്രീതിയിലും അംഗീകാരങ്ങളിലും ഒരു കാരണവശാലും ഞാന്‍ ആകുലപ്പെടുന്നില്ല.അതെനിക്ക് ഒരു തരത്തിലും ബാധകവുമല്ല.ഞാന്‍ ഈ ജന്മത്തില്‍ മാത്രമേ ഇപ്പോള്‍ വിശ്വസിക്കുന്നുള്ളു.പരലോകത്തെ വായനക്കാര്‍ എന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് സാരം.ഇക്കാര്യങ്ങളില്‍ ഭാവിയിലും ആകുലപ്പെടില്ലെന്നും എനിക്ക് ഉത്തമബോദ്ധ്യമുണ്ട്.
ഒരു വായനക്കാരന്‍/ഒരു വായനക്കാരി ഒരിക്കലെങ്കിലും ഞാനെഴുതിയ എന്തെങ്കിലും വായിച്ച് ഒരു നിമിഷം ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ,എങ്കില്‍ അതുമാത്രം മതിയെനിക്ക് എഴുത്തുകാരനായി ഭൂമി വിട്ടുപോകാന്‍.
സംവദിച്ച കാണാമറയത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മണ്‍സൂണ്‍ ആശംസകള്‍.

Sunday, May 22, 2011

ഒരു നടനും നടനവും അംഗീകരിക്കപ്പെടുന്നു.നമുക്ക് അഭിനന്ദിക്കാം.

പ്രിയപ്പെട്ട ശ്രീ സലീംകുമാര്‍,താങ്കള്‍ക്ക് എന്‍റെ ആത്മാര്‍ത്ഥമായ അഭിന്ദനങ്ങള്‍.ദേശീയ അംഗീകാരത്തിലും ഒപ്പം സംസ്ഥാന ബഹുമതിയിലും.
താങ്കളും താങ്കള്‍ക്ക് അവാര്‍ഡ് നേടിത്തന്ന സിനിമയായ ആദാമിന്‍റെ മകന്‍ അബുവും അതിന്‍റെ പ്രവര്‍ത്തകരും ഈ സന്തോഷം സ്വീകരിക്കുക.പ്രിയ സലീം അഹമ്മദ്,അനുമോദനങ്ങള്‍.
നമുക്ക് ചില ന്യായീകരണങ്ങളുണ്ട്.വിവാഹകന്പോളത്തിലാണെങ്കില്‍ പെണ്ണിന് ഗുണത്തേക്കാള്‍ ഏറെ നിറം മതി എന്നത് അതിലൊന്നാണ്.ആണിനാണെങ്കില്‍ ആണാണ് എന്നതുമാത്രം യോഗ്യതയായി പോരേ എന്നും.!തൊഴിലിടങ്ങളില്‍ മേലധികാരിയാണെങ്കില്‍ അത് പുരുഷനായിരിക്കണം,രണ്ടാമത് സവര്‍ണ്ണനായിരിക്കണം എന്നത് മറ്റൊന്ന്.(ഇല്ലെങ്കില്‍ കസേരയൊഴിഞ്ഞാല്‍ സഹപ്രവര്‍ത്തകര്‍ മേലധികാരി അതുവരെ ഇരുന്ന കസേരയിലും ഉപയോഗിച്ച കാറിലും ചാണകവെള്ളം തളിക്കും.കഴിഞ്‌ഞ മാസം തിരുവനന്തപുരത്ത് സംഭവിച്ചത്.)അങ്ങനെ മലയാളിയെ സംബന്ധിച്ച് ചില വിചാരങ്ങളുണ്ട്.അതില്‍ മത-ജാതീയത മുതല്‍ രാഷ്ട്രീയ-ലിംഗ വിഭാഗീയത വരെ പ്രതിഫലിക്കും എന്നത് തര്‍ക്കമില്ലാത്ത വസ്തുത.ഏത് രംഗത്തായാലും അംഗീകാരം നേടുന്നത് ഏതെങ്കിലും വിധത്തില്‍ അധകൃതനാണെങ്കില്‍ അംഗീകരിക്കാന്‍ നമ്മള്‍ അറയ്ക്കും.അത് ജാതീയമായിത്തന്നെ വേണമെന്നില്ല.ഉദാഹരണത്തിന് സ്കൂളില്‍ മികച്ച പാഠ്യേതരപ്രവ്രത്തനങ്ങള്‍ നടത്തി ഒരു അദ്ധ്യാപകന്‍ വല്ല ജനശ്രദ്ധയും നേടിയാല്‍ അത് പ്രാധാന അദ്ധ്യാപകന് അര്‍ഹതപ്പെട്ടതല്ലേ എന്ന് ചില 'വാലു'കള്‍ക്ക് ഒരു തോന്നല്‍ വരും.മറ്റൊരു ഉദാഹരണം പറഞ്‍ഞാല്‍, നാടുവിറപ്പിച്ച കള്ളത്തിരുമാലിയെ ജീവന്‍ പണയം വച്ച് ഏതെങ്കിലും കോണ്‍സ്റ്റബിള്‍ പിടികൂടിയാല്‍ പേരാര്‍ക്കാണ്?സി.ഐ മുതല്‍ സംവരണത്തില്‍ ഉല്‍പ്പെടുത്തി രണ്ട് വനിതാകോണ്‍സ്റ്റബിള്‍മാരടക്കമുള്ള പടയ്ക്ക്.!ഇങ്ങനെതന്നെ വാര്‍ത്ത വരണമെന്നത് ഈ വരേണ്യചിന്തയുടെ അലിഖിതകീഴ്വഴക്കമാണ്.അഥവാ നമ്മുടെ ഹിപ്പോക്രസി ഇങ്ങനെയൊക്കെയാണ് പെരുമാറാന്‍ പഠിപ്പിച്ചിരിക്കുന്നത്.അവിടെ മരണത്തെപ്പോലും മുഖാമുഖം കണ്ട യാഥാര്‍ത്ഥ സാഹസികന്‍ കൂട്ടത്തിലൊരാളായിരിക്കും. വീട്ടില്‍ കിടന്നുറങ്ങിയ(അല്ലെങ്കില്‍ നേതൃത്വം കൊടുക്കുകമാത്രം ചെയ്ത)മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും മുന്‍പന്തിയില്‍.ഇതെല്ലാം മലയാളി സമൂഹത്തില്‍ വ്യാപകമായ ചില പ്രവണതകളാണ്.
സലീംകുമാര്‍ എന്ന ചലച്ചിത്ര നടന്‍ ഏതു ജാതിയില്‍പ്പെട്ടയാളാണെന്ന് എനിക്കറിയില്ല.പക്ഷേ ജാതിവിഭാഗീയതക്കപ്പുറം അദ്ദേഹത്തെ ഒരു നടനായി അംഗീകരിക്കാന്‍ ഇവിടെ പലര്‍ക്കും തടസ്സമായി നില്‍ക്കുന്ന ഒരു പ്രധാന വസ്തുതയുണ്ട്.അത് അദ്ദേഹം പോപ്പുലര്‍ സിനിമകളില്‍ സ്ഥിരമായി തമാശവേഷങ്ങള്‍ കെട്ടുന്നു എന്നതുമാത്രമാണ്.അന്തരിച്ച നടന്മാരായ പപ്പുച്ചേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണനും അബൂബക്കറിനും ഒരു പരിധിവരെ ശങ്കരാടിച്ചേട്ടനും വേറൊരു വിധത്തില്‍ അച്ചന്‍കുഞ്ഞിനും നമ്മുടെയിടയില്‍ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.വിദ്യാരംഭമെന്ന ചലച്ചിത്രത്തില്‍ അതുവരെ തമാശവേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള മാമുക്കോയ എന്ന നടനിലെ അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടം നാം ഒരു സീനില്‍ വ്യക്തമായും കണ്ടു.ദി കിംഗില്‍ പപ്പു ചേട്ടനും മുഖത്തടി കൊടുക്കുംപോലെ അത് പ്രേക്ഷകനെ കാട്ടി.അപ്പോഴൊക്കെ ഹാസ്യനടന്മാരെ നല്ല നടന്മാരായി അംഗീകരിക്കാന്‍ ചലച്ചിത്രലോകത്തിന്(പ്രേക്ഷകലോകത്തിനല്ല) മടിയാണ്.ഭരത് ഗോപിയും ഭരത് മുരളിയും അച്ചന്‍ കുഞ്ഞും ആദ്യമഭിനയിച്ച പടങ്ങള്‍ ഗൌരവമുള്ളതായിരുന്നില്ലെങ്കില്‍ അവരും തമാശപ്പടങ്ങളാണ് അഭിനയിച്ചിരുന്നതെങ്കില്‍ അവരെയും നല്ല നടന്മാരായി നമ്മള്‍ അംഗീകരിക്കില്ലായിരുന്നു.എന്തുകൊണ്ട് അവര്‍ക്ക് ഹാസ്യം വഴങ്ങില്ലെന്ന് നാം തീരുമാനിക്കുന്നു..?ജഗതി ശ്രീകുമാറും സലീംകുമാറും ഇന്ദ്രന്‍സും മാമുക്കോയയും അടങ്ങിയ നടന്മാര്‍ ആദ്യമേതന്നെ ഗൌരവമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ നമ്മുടെ മനോഭാവം മാറിയേനെ.പക്ഷേ അങ്ങനെ തീര്‍ത്തുപറയാന്‍ കഴിയില്ല.ഓരോരുത്തര്‍ക്കും തുറന്നുകിട്ടുന്നത് ഓരോ വഴിയാണ്.കിട്ടിയ വഴിയിലൂടെ വന്ന് വേദി പിടിച്ചടക്കുന്നതാണ് പ്രതിഭകളുടെ രീതി.അതാണ് അവരുടെ മിടുക്ക്.അതാണിപ്പോള്‍ സലീംകുമാര്‍ സാധിച്ചെടുത്തിരിക്കുന്നതും.
മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച നടന്മാരാണ്.അവര്‍ ആഴമുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കടന്നുവന്ന് പിന്നീട് ധാരാളം തമാശക്കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.നമ്മള്‍ അംഗീകരിച്ചിട്ടുമുണ്ട്.അതേപോലെ അസാമാന്യ പ്രതിഭകളായ തിലകന്‍ ചേട്ടനും നെടുമുടി വേണുവും ഒന്നാന്തരമായി ഹാസ്യം അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.ജഗതി ശ്രീകുമാറിനെ പോലുള്ള നടന്മാര്‍ അതിഗംഭീരമായി അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.അത് നടന്മാരുടെ കഴിവിന്‍റെ വ്യാപ്തിയാണ്.
എന്നാല്‍ മാമുക്കോയയെ പോലെ,സലീംകുമാറിനെപ്പോലെ,ഇന്ദ്രന്‍സിനെപ്പോലെ ഒരു നടന്‍ മുന്‍നിരയിലേക്ക് വരുന്പോള്‍ മലയാളത്തിലെ പല പ്രതിഭകള്‍ക്കും അവരുടെ വാലുകള്‍ക്കും സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമാണ്.മാധ്യമങ്ങള്‍പോലും ഒരു ചക്കവീണ് മുയല്‍ ചത്തു എന്ന മട്ടില്‍ സംഭവങ്ങളെ അവതരിപ്പിക്കുന്നു എന്നെനിക്ക് തോന്നാറുണ്ട്.സംസ്ഥാന അവര്‍ഡ് പ്രഖ്യാപനം വരുന്ന ഇന്ന്(ഞായറാഴ്ച)മുഖ്യധാരയിലെ മറ്റ് പത്രങ്ങളല്ല മാധ്യമം പത്രമാണ് സലീംകുമാറിനെപ്പറ്റി എഡിറ്റ് പേജില്‍ എഴുതാന്‍ തയ്യാറായത്.നോക്കൂ,സിനിമയെ പ്രോത്സാഹിപ്പിക്കാത്ത ഒരു മതസംഘടനയുടെ പത്രമാണല്ലോ മാധ്യമം.
വിവാഹം കഴിക്കുന്ന പെണ്ണ് എന്തായാലും വെളുത്തിരിക്കണമെന്നും വരന്‍ കാഴ്ചയ്ക്ക് ആണായാല്‍ മതിയെന്നുമുള്ള കടുപിടുത്തങ്ങള്‍പോലെ നല്ല നടന്‍ തൊലിവെളുപ്പുള്ളവനും നല്ല കുടുംബാംഗവും സര്‍വ്വോപരി സ്ഥിരം സംവിധായകരുടെ സ്ഥിരം വടിവൊത്ത വേഷങ്ങള്‍ ചെയ്യുന്നവനുമായിരിക്കണമെന്ന ചിന്താഗതിയും നമുക്കൊന്ന് മാറ്റിപ്പിടിക്കാം.നമുക്ക് തുറന്ന മനസ്സോടെ കഴിവുള്ള ഏതൊരാളെയും അംഗീകരിക്കാം.അവരെ ഇനിയുമിനിയും പ്രോത്സാഹിപ്പിക്കാം.
ഇതിനുമുന്പ് സലീംകുമാറിന് നല്ല വേഷങ്ങള്‍ കൊടുത്ത ലാല്‍ജോസും കമലും അന്‍വര്‍ റഷീദും എം.പത്മകുമാറും ഇപ്പോള്‍ ഓര്‍ക്കപ്പെടേണ്ടതുണ്ട്.
സലീംകുമാര്‍ ഇനിയും പഴയ പോലെ എല്ലാ വേഷങ്ങളും ചെയ്യണം.അതിനിടയില്‍ സലീം അഹമ്മദിനെപ്പോലെ ചിലര്‍ വരും.അവരെ കണ്ടില്ലെന്നു വയ്ക്കാതിരുന്നാല്‍ മതി.ബാക്കി കാലമൊരുക്കിത്തരും.
ഒരിക്കല്‍ കൂടി,ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ട സലീംകുമാര്‍ താങ്കള്‍ക്ക് പുരസ്കാരലബ്ധിയില്‍ അഭിനന്ദനങ്ങള്‍.

Saturday, May 21, 2011

നീലനീലമാം രാവിതില്‍ തേച്ച ചന്ദനവരക്കുറി.

തേയ്,അന്നു ഞാനുറങ്ങുന്പോഴാണ് കുട്ടീ അവര്‍ വന്നത്.നേരം ഉച്ച കഴിഞ്ഞിരുന്നു.അവര്‍ എട്ടുപേരുണ്ടായിരുന്നു.ആരാന്നോ,ങാ,എട്ട് അരയന്നങ്ങള്‍.അതില്‍ നേതാവിന്‍റെ പേര് എന്താന്നറിയോ,സായാഹ്നലത.!
നീ പിണങ്ങല്ലേ,ഞാന്‍ പറയട്ടെ,സായാഹ്നലത എന്നോട് ചോദിച്ചു:
ഊം..എന്താ ഇങ്ങനെ ഉറങ്ങുന്നത്..ഞങ്ങള്‍ വരുമെന്നു പറഞ്ഞിരുന്നതല്ലേ..വേഗം വരൂ പോകാം..
എങ്ങോട്ട്..?
അന്ധാളിപ്പില്‍ നീ ചോദിക്കുന്നത് എനിക്കു കേള്‍ക്കാം.പറയട്ടെ.ധൃതി പാടില്ല,ഒന്നിലും.അതുതന്നെയാണ് ഞാനും അവരോട് ചോദിച്ചത്.അപ്പോ കാര്യം പിടികിട്ടി.
അവരേ കഴിഞ്ഞ ദിവസം എന്നോട് ഫോണില്‍ സൌകര്യം ചോദിച്ചിരുന്നു.എന്തിനെന്ന് ചോദിക്കാന്‍ വരട്ടെ. അക്ഷമ വിടൂ..അവര് ചോദിച്ചത് അവരുടെ കൂടെ വരുന്നോന്നാണ്.വരുന്നോന്നോ..എവിടേക്ക്..അന്പരപ്പോടെ ഞാന്‍ തിരക്കിയിരുന്നു.അപ്പോ സായാഹ്നലത നേര്‍ത്ത ചിരിയോടെ പറയുകാ.,നമുക്ക് മാനസസരസ്സിനടുത്ത് ഒരു തടാകമുണ്ട്,അതിന്‍റെ പേര് സ്വപ്നസരസ്സെന്നാണ്,അവിടെപോകാം എന്ന്.അറിയില്ലേ,ഹിമാലയത്തിലാണ് സംഭവം.അങ്ങോട്ടാണ് പോകേണ്ടത്.!
ദേ,നോക്കൂ..നുള്ളരുത്,ഞാന്‍ പറഞ്ഞു,നീയില്ലാതെ ഞാനെവിടേക്കും വരില്ലാന്ന്.അപ്പോ സായാഹ്നലത ചുണ്ടു കൂര്‍ന്പിച്ച് എന്നോട് പിണങ്ങി.സത്യമായും പിണങ്ങി.ബാക്കി ഏഴ് അരയന്നങ്ങളും പിണങ്ങി.ഞാന്‍ തീര്‍ത്തു പറഞ്ഞൂട്ടോ നീ ഇല്ലാതെ വരാനാവില്ലെന്ന്.വേണെങ്കീ വിശ്വസിച്ചാമതി.
നീ അകലെയാണല്ലോ,എനിക്കറിയില്ലല്ലോ നീ എന്നു വരുമെന്ന്..ശരിക്കും എനിക്ക് നിന്നോട് ദേഷ്യമുണ്ടായിരുന്നു. അതുകൊണ്ട് അരയന്നങ്ങളുടെ കൂടെ കറങ്ങിവരാന്‍ വാസ്തവത്തില്‍ അരമനസ്സുണ്ടായിരുന്നു എനിക്ക്.
വേണ്ട,വേണ്ട,ഒരു കഷണം ബ്ലാക്ക് ഫോറസ്റ്റ് നീട്ടിത്തന്നാലൊന്നും തീരില്ല എന്‍റെ പിണക്കം.ങാ പറയട്ടെ,പിണക്കത്തില്‍ കഥ പറയാനും ഭംഗിയുണ്ട് അല്ലേ..നീയല്ലേ..അതേയ്,ബ്ലാക്ക് ഫോറസ്റ്റ് ഇങ്ങു തരൂ,നീട്ടിയതല്ലേ,ഇരിക്കട്ടെ.
ങാ,അങ്ങനെ പറഞ്ഞിട്ട് ഞാന്‍ തിരിഞ്ഞുകിടന്ന് പിന്നെയും ഉറങ്ങി.നല്ല ഉറക്കം.അപ്പോ ഉറക്കത്തില്‍ നിന്നെ കണ്ടു.നീ കണ്ണട വച്ച് സിനിമ കണ്ടുകൊണ്ടിരിക്കുന്നു.എനിക്കിഷ്ടായി നിന്‍റെ ഇരിപ്പ്.ഇടവേള വരുന്പോ എന്നെ നീ തലചെരിച്ച് നോക്കുമല്ലോ..പക്ഷേ പെട്ടെന്ന് ഭയങ്കര കുലുക്കമുണ്ടായി.ഞാന്‍ കണ്ണു തുറന്നു.
നിനക്കു കേക്കണോ സംഭവിച്ചത്?എട്ട് അരയന്നങ്ങളും ചേര്‍ന്ന് അവരുടെ ചിറകിന്‍റെ വിരിപ്പില്‍ എന്നെ കിടത്തി പറന്നുപോവുകയാണ്.എവിടേക്കെന്നോ സ്വപ്നസരസ്സിലേക്ക്..!
നീ തീയേറ്ററില്‍ ഇരുന്ന് സിനിമ കാണുവാണല്ലോ,ഇടവേള വരുന്പോ നീ എന്നെ തിരയുമല്ലോ എന്നൊക്കെ ഞാനോര്‍ത്തു.വേവലാതിയോടെ അരയന്നങ്ങളുടെ ചിറകില്‍നിന്ന് ചാടാന്‍ പോയി.സത്യമായും ഞാന്‍ ചാടാന്‍ പോയി.അന്നേരം പെട്ടെന്ന് ഓര്‍ത്തു:
അങ്ങനെ ചാടി എന്‍റെ ജീവന്‍ പോയാല്‍ നീ ഭൂമിയില്‍ വിരസയാവില്ലേ.!
അതോര്‍ത്തപ്പോള്‍ എനിക്ക് താഴേക്ക് ചാടാന്‍ തോന്നിയില്ല.
അങ്ങനെ കുറേക്കഴിഞ്ഞ് സ്വപ്നസരസ്സിലെത്തി.
എന്താ ആ ജലഭംഗി മോളേ..നീലയാണോ,അല്ല സ്ഫടികത്തിളക്കമാണോ,അല്ല,പച്ചയാണോ,അല്ല,പിന്നെയെന്തു നിറമാണ്.!
ശരിക്കും നിന്‍റെ ത്വക്കിന്‍റെ ചന്തം.
ചന്ദനത്തണുപ്പുള്ള മൃദുവായ നിറം.നീ നിറഞ്ഞ് താഴെ ഒരു തടാകമായി കിടക്കുംപോലെ.!
ഉടന്‍ അരയന്നങ്ങളുടെ ചിറകുകളുടെ തല്പത്തില്‍നിന്ന് ഞാന്‍ സ്വപ്നസരസ്സിലേക്ക് എടുത്തുചാടി.എന്‍റെ പിന്നാലെ എട്ട് അരയന്നങ്ങളും പറന്നിറങ്ങി.അങ്ങനെ ഞങ്ങള്‍ സ്വപ്നസരസ്സില്‍ നീന്തിത്തുടിച്ചു.
സായാഹ്നലതയാണ് അസ്തമയം കഴിഞ്ഞപ്പോള്‍ നേരമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചത്.അതുവരെ നിന്നില്‍ തുടിക്കുകയായിരുന്ന ഞാന്‍ നേരം പോയത് അറിഞ്ഞിരുന്നില്ലല്ലോ.എനിക്കു മതി വന്നിരുന്നില്ല.ഞാന്‍ കോരി കോരി കുടിക്കുകയായിരുന്നു നിന്നെ.ജലകേളിയില്‍ എന്‍റെ നിറം തന്നെ നിന്‍റെ നിറമായി മാറിയിരുന്നു.
സൂര്യനൊക്കെ കടലില്‍ പോയി.മാനത്ത് അന്പിളി തളിക.!എനിക്കായി ആ തളിക താഴ്ന്നുവന്നു.ഈറന്‍ തുടയ്‌ക്കാന് നില്‍ക്കാതെ ഞാന്‍ അന്പിളിയുടെ പുറത്തേറി ഇങ്ങുപോന്നു.അപ്പോഴും സ്വപ്നസരസ്സില്‍ അരയന്നങ്ങള്‍ നീന്തുന്നുണ്ടായിരുന്നു.
ഇതാണ് അന്ന് സംഭവിച്ചത്.നോക്കൂ,ഇപ്പോ എനിക്ക് ജലദോഷമാണ്.അന്നത്തെ കളീം ചിരീം വരുത്തിവച്ചത്.പനിയാവുമോ..!
കണ്ടോ,പിണക്കം മാറി നീ ചിരിക്കുന്നത്!എനിക്ക് വയ്യാണ്ടായെന്ന് അറിഞ്ഞപ്പോ നിന്നെ കൊണ്ടുപോകാത്തതിന്‍റെ പിണക്കം മാറി ഇല്ലേ?
ചിരിക്കേണ്ട..സന്തോഷിക്കേണ്ട..നിന്നില്‍ കുത്തിമറിഞ്ഞിട്ടാണ് ഈ ജലദോഷം വന്നത്.നീയാണ് എനിക്കിത് തന്നത്.പിന്നേയ്,അരയന്നങ്ങള്‍ ഇനി നമ്മെ രണ്ടാളെയും കൊണ്ടുപോകാന്ന് പറഞ്ഞിട്ടുണ്ട് ട്ടോ.

പോയിട്ട് ഒന്നിച്ചു ജലദോഷം പിടിച്ചു മടങ്ങിവരാം

Tuesday, May 17, 2011

പ്രേരണകള്‍ തരുന്ന പെണ്‍കുയില്‍

വേനലാണിത്.കഠിനമായ വേനല്‍.വരണ്ടുകിടക്കുകയാണ് എല്ലാം.മനസ്സും ശരീരവും..ഏകാന്തമായ ദ്വീപുകളില്‍ വസിക്കുന്നവരത്രേ നമ്മളിപ്പോള്‍.എന്നിട്ടും…

നോക്കൂ,കുയിലുകള്‍ നിരന്തരം കൂവുന്ന മാസങ്ങളാണിത്.നമ്മളിലെ നമ്മെ തിരയുന്ന കോകിലങ്ങളായി കാലത്തിനുമുന്നില്‍ നീയും ഞാനും..ഓര്‍മ്മ,മറവിക്കെതിരെയുള്ള കലാപമാണെന്ന് പറഞ്ഞതാരാണ്.ഇപ്പോള്‍ എന്നുമെന്നപോലെ,മുന്പത്തേക്കാള്‍ തീക്ഷ്ണമായി ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു..എല്ലാം ഒന്നുവീതം മാത്രമുള്ള ഈ മുറിയില്‍ ഇരട്ടയായിട്ടുള്ളത് നമ്മള്‍ മാത്രമാണ്.ഞാനും നീയും.എന്‍റെയും നിന്‍റെയും മായാനിഴലുകള്‍..അവരുടെ ചലനങ്ങള്‍..അനവദ്യസുന്ദരം.!

ഈ ഒറ്റമുറിയുടെ അയല്‍പക്കത്ത് കാടുമൂടിയ ഏതോ ഇല്ലപ്പറന്പ്..കഥകളില്‍ പലരും പറഞ്ഞുകഴിഞ്ഞിട്ടുള്ളപോലെ പൂമൂടിയ വള്ളികള്‍ ചുറ്റിയ മരങ്ങള്‍.പഴങ്ങള്‍ തൂങ്ങുന്ന ലതകള്‍.ഇലകള്‍ തിങ്ങിയ കുറേയേറെ വിജനപ്രദേശം.മരങ്ങള്‍ക്കിടയിലൂടെ കാണുന്ന നിത്യപൂജയില്ലാത്ത അന്പലത്തിന്‍റെ മേല്‍ക്കൂര. സദാ പക്ഷികളുടെ ദര്‍ബാര്‍.കിളികള്‍ മാത്രമല്ല അണ്ണാറക്കണ്ണനും ശലഭങ്ങളും.അതിനിടയില്‍ മറഞ്ഞിരുന്നാണ് കുയില്‍ എനിക്കുവേണ്ടി പാടുന്നത്..നീ കേള്‍ക്കുന്നില്ലേ അതവിടെ..?അടുക്കളയിലോ പുറംവരാന്തയിലോ ബാല്‍ക്കണിയിലോ നില്‍ക്കുന്പോള്‍ നീ മറുകൂവലിടുന്നത് എനിക്ക് സങ്കല്‍പ്പിക്കാം.മയിലിനെപ്പോലെ ഒച്ചയുണ്ടാക്കു്നതും കുയിലിനെപ്പോലെ കൂവുന്നതും നിന്‍റെ പതിവാണല്ലോ.കുസൃതിയില്‍ നിന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക..തലവെട്ടിച്ചുള്ള കുടുകുടാ ചിരിയില്‍,പ്രസരിപ്പില്‍,മുഖകാന്തിയില്‍..

പ്രിയമേ,എന്നോടുവന്ന് കുയില്‍ പറയുന്നത് നിന്നെപ്പറ്റിയല്ലേ..നീ അവിടെ വിരഹിയാണെന്ന്.!

പരിമിതമായ വസന്തമാണ് നമ്മുടെത്.അതിനെ നമ്മള്‍ മറികടക്കുന്നത് മനസ്സുകൊണ്ടാണ്.മനസ്സിലെന്നും പൂക്കാലം.വിരസമായ പകലുകളിലും രാത്രികളിലും കാടുമൂടിയ പറന്പിലേക്ക് നോക്കി ഞാനിപ്പോള്‍ നില്‍ക്കാറുണ്ട്.നിലാവില്‍ കാണുന്ന കാടിന് എന്തൊരു ഭംഗിയാണ്.അപ്പോള്‍ പകല്‍ മുഴുവന്‍ പാടി തളര്‍ന്നുറങ്ങിപ്പോയ ഇണപ്പക്ഷിയെ എനിക്കോര്‍മ്മവരും.

പ്രേരണകള്‍ തരുന്ന എന്‍റെ പെണ്‍കുയില്‍..

ചിറകിനടിയില്‍ സൌരഭ്യമൊളിപ്പിച്ച കോകിലം..

എന്‍റെ പോകാവസന്തം.!

ഇടപെടലുകള്‍ക്ക് നന്ദി.

ന്‍റെ കഴിഞ്ഞ പോസ്റ്റിന് വളരെയധികം പ്രതികരണങ്ങള്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാക്കുന്നു. പുസ്തകപ്രസാധനത്തിലെ പ്രവണതകളെ സംബന്ധിച്ചുള്ള എന്‍റെ നിരീക്ഷണങ്ങള്‍ക്ക് ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും മറ്റ് ബ്ലോഗുകളിലും കാര്യമായ ശ്രദ്ധ കിട്ടി.fec പോലുള്ള സജീവവും ആഴമേറിയതുമായ ഇന്‍റ്ര്‍നെറ്റ് കൂട്ടായ്മകളില്‍ ആവേശകരമായ സംവാദമായി അത് മാറിയതില്‍,വായനക്കാരും പത്രപ്രവര്‍ത്തകരും മാറ്റിയതില്‍ ചെറുതല്ലാത്ത ആഹ്ലാദമുണ്ട്.സച്ചിദാനന്ദന്‍ മാഷേപ്പോലെ നിരവധി പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.ബ്ലോഗല്ലാതെ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഞാന്‍ അംഗമല്ലാത്തതിനാല്‍ ചര്‍ച്ചകളുടെ ഗതി എന്നെ യാഥാസമയം അറിയിച്ച ധാരാളം സുഹൃത്തുക്കളുണ്ട്.എല്ലാവര്‍ക്കും നന്ദി.

പുസ്തകം വിറ്റുപോകാത്തതിലുള്ള എന്‍റെ കരച്ചിലും വിലാപവുമായി ആ അഭിപ്രായങ്ങളെ കണ്ടെത്തിയ ഏതാനും പേരുണ്ട്.അവരോടുള്ള എന്‍റെ അഗാധമായ സഹതാപവും രേഖപ്പെടുത്തുന്നു.എന്നെങ്കിലും സ്വന്തം പേരില്‍ ഒരു പുസ്തകം മുന്‍നിര പ്രസാധകനിലൂടെ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നും അതിന് വായനക്കാരെ നേടിയെടുക്കാന്‍ സാധിക്കട്ടെ എന്നും അതിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ എന്നും ആശംസിക്കുന്നു.

മറ്റൊരു വിശേഷം.

2009 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ എന്‍റെ ആതിര 10 സി എന്ന ചിത്രത്തിന് ഹ്രസ്വചിത്ര വിഭാഗത്തില്‍ 5 അവാര്‍ഡുകള്‍ ലഭിച്ചു എന്ന സന്തോഷവാര്‍ത്തയാണ്.മികച്ച ചിത്രം,സംവിധായകന്‍,തിരക്കഥ,എഡിറ്റിംഗ്,ശബ്ദലേഖനം എന്നിലയ്ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.എനിക്ക് ആദ്യമായി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരമാണ്‌ ഇത്.അത് തിരക്കഥയ്ക്ക് ആയതില്‍ പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്.

ആതിര 10 സിയുടെ സംവിധായകനടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്ക് എന്‍റെ അനുമോദനങ്ങള്‍.