പാലക്കാട്ടെ പകലുകളിലൊന്നിലെ അലസമായ ചുറ്റിനടക്കലുകള്‍ക്കിടയില്‍ ഒരു ദിവസം ഞാന്‍ വഴിയോരവിപണിയിലേക്ക് ചെന്നു.അടുക്കടുക്കായി വച്ചിരിക്കുന്ന പഴയ പുസ്‌തകങ്ങള്‍.ഏറെയും പൊടിപറ്റി മഞ്ഞനിറം പൂണ്ടത്.മുഖത്താളുകള്‍ പൊളിഞ്ഞത്.എങ്കിലും ഞാനവയെ നോക്കിനിന്നു.അവ ഏറെ വിറ്റുപോയ, ഇന്നും വിറ്റുകൊണ്ടിരിക്കുന്ന നല്ല പുസ്‌തകങ്ങളുടെ കള്ളപ്പതിപ്പുകളാണ്.കള്ളപ്പതിപ്പുകളാകട്ടെ എങ്കിലും അവ നല്ല നല്ല പുസ്‌തകങ്ങളാണല്ലോ.
ഇംഗ്ലീഷിലേക്ക് വന്നിട്ടുള്ളതും ഇംഗ്ലീഷില്‍ നേരിട്ടെഴുതിയിട്ടുള്ളതുമായ ജനപ്രിയ നോവലുകളാണ് അധികവും.മറ്റുള്ളവ പഠിക്കാനുള്ളതും ചിലരൊക്കെ പഠിച്ചുകഴിഞ്ഞതുമായ പുസ്‌തകങ്ങള്‍.ചിലത് ഞാനെടുത്തുനോക്കി.അഗതാക്രിസ്റ്റിയൊക്കെയാണ്.എറണാകുളത്ത് വച്ചു കാണുമ്പോഴൊക്കെ എന്നോട് ഇംഗ്‌ളീഷ് പുസ്‌തകങ്ങള്‍ പരമാവധി വായിക്കണമെന്ന് ഏറെക്കുറെ ശകാരം പോലെ ഓര്‍മ്മിപ്പിക്കാറുള്ള വൈക്കം മുരളി സാറിനെ ഞാനോര്‍ത്തു.അത്തരം ചില ഓര്‍മ്മയില്‍ അവിടെനിന്നുകൊണ്ട് ഏതാനും പുസ്‌തകങ്ങള്‍ മറിച്ചുനോക്കി.ചേതന്‍ ഭഗതിന്റെ ട്രെന്റ് അറിയാനും വഴിക്കച്ചവടക്കാരനെ സമീപിച്ചാല്‍ മതിയല്ലോ ഇപ്പോള്‍.ചിലപ്പോള്‍ അവന്‍,കച്ചവടക്കാരന്‍ ഏതെങ്കിലും ഭീകരനെ പൊക്കിക്കാണിച്ച് ഇത് വായിച്ചതാണോ എന്നു ചോദിച്ച് നമ്മെ നാണം കെടുത്താനും മതി.എന്തായാലും ഓര്‍ഹാന്‍ പാമുഖിനും മാര്‍ക്കേസിനും പൗലോ കോയ്‌ലോയ്‌ക്കും ചേതന്‍ ഭഗതിനും ഇടയില്‍ പെട്ടെന്ന് ചെറിയൊരു പുസ്‌തകം ഞാന്‍ കണ്ടു.ഒരാവേശത്തോടെ ഞാനത് വലിച്ചെടുത്തു.അത് വളരെ പേരുകേട്ട ഒരു പഴയ നോവലായിരുന്നു.ഡോക്‌ടര്‍ ഷിവാഗോ എന്നായിരുന്നു അതിന്റെ പേര്.
ഷിവാഗോ കൈയിലിരുന്നപ്പോള്‍ ഞാന്‍ അജയ് പി.മങ്ങാട്ട് എന്ന നാട്ടുകാരനും മിത്രവുമായ വലിയ വായനക്കാരനെയാണ് ആദ്യം ഓര്‍ത്തത്.അതങ്ങനെയാണല്ലോ.വെള്ളത്തൂവലില്‍ അജയ് ആയിരുന്നു പുസ്‌തകങ്ങളിലേക്കുള്ള വഴികാട്ടി.ആദ്യമായി ഹുവാന്‍ റൂള്‍ഫോവിനെ,ദസ്‌തയേവസ്‌കിയെ,ജയന്ത് മഹാപത്രയെ,കെ.എ.ജയശീലനെ,(ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല,മറ്റേപ്പൂവിന്‍ വിചാരം നിമിത്തം!)ഹെര്‍മ്മന്‍ ഹെസ്സെയെ ഒക്കെ ഞാനറിയുന്നത് അങ്ങനെയാണ്.
എന്റെ മനസ്സിലൂടെ പലവിധത്തിലുള്ള ചിത്രങ്ങള്‍ ഓടി.ആ പുസ്‌തകവും കൈയില്‍ പിടിച്ച് ഞാന്‍ നിന്നു.പണ്ട് കോഴിക്കോടന്‍ വഴിയോരവാണിഭപ്പുരയില്‍നിന്ന് ഇതേപോലെ എനിക്കൊരു പുസ്‌തകം കിട്ടിയിരുന്നു.പാപ്പിയോണ്‍ എന്ന അതിമഹത്തായ നോവലായിരുന്നു അത്.പക്ഷേ അത് കള്ളപ്പതിപ്പായിരുന്നു.എന്നിട്ടും അന്നത്തെ ദാരിദ്യത്തില്‍ അത് വാങ്ങി.അന്ന് അത് വാങ്ങാനെ കഴിയുമായിരുന്നുള്ളൂ.എന്നാല്‍ എന്റെ കൈയിലിരിക്കുന്ന ഡോ.ഷിവാഗോ കള്ളപ്പതിപ്പല്ല.അതായിരുന്നു അതിശയം.അതൊരു പേപ്പര്‍ബാക്ക് എഡിഷനായിരുന്നു.
റഷ്യയില്‍നിന്ന് ഇംഗ്ലീഷിലേക്ക് മാക്‌സ് ഹേവാഡും മാന്യ ഹരാരിയും ചേര്‍ന്ന് തര്‍ജ്ജമ ചെയ്‌തിട്ടുള്ള ഈ പതിപ്പ് ആ പുസ്‌തകത്തിന്റെ മുപ്പത്തിയഞ്ചാമത്തെ പതിപ്പാണ്.1958 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നതാകട്ടെ ന്യൂയോര്‍ക്കിലെ പ്രസാധകരും.
എന്താണെന്നുവച്ചാല്‍ ഞാന്‍ അജയിനെ ഓര്‍ത്തതുപോലെ അജ്ഞാതനായ മറ്റൊരാളെയും ഓര്‍ക്കുകയായിരുന്നു അപ്പോള്‍.അത് ആ പുസ്‌തകം തെരുവുകച്ചവടക്കാരനിലേക്ക് കൈമാറിയെത്തുന്നതിനുമുമ്പ് സൂക്ഷിച്ചിരുന്ന-പ്രണയിനിയെ എന്നപോലെ കരുതിവച്ചിരുന്ന-ഉടമസ്ഥനെപ്പറ്റിയല്ലാതെ വേറെ ആരെക്കുറിച്ചും ആയിരുന്നില്ല.കാരണം അതിന്റെ ആദ്യപേജില്‍ ആ ഉടമസ്ഥന്റെ ശാന്തഗംഭീരവും ആജ്ഞാശക്തിയുള്ളതുമായ കൈയൊപ്പുണ്ടായിരുന്നു.അക്കാലത്ത് കേരളത്തില്‍ പുസ്‌തകം വിറ്റത് കറന്റ് ബുക്‌സ് തൃശൂരാണ്.(അവിടെ തോമസ് മുണ്ടശേരിക്കൊപ്പമുണ്ടായിരുന്ന പഴയ മാനേജര്‍ ജയപാലമേനോന്റെ കൈവിയര്‍പ്പ് പതിഞ്ഞതാണല്ലോ അക്കാലത്തെ നല്ല ഇംഗ്ലീഷ് പുസ്‌തകങ്ങളെല്ലാം)പഴക്കം മൂലം മഷി പടര്‍ന്ന തൃശൂര്‍ കറന്റിന്റെ റബ്ബര്‍മുദ്രയാണ് അത് വ്യക്തമാക്കിയത്.
പുസ്‌തകത്തിന്റെ ആദ്യതാളില്‍ ഇളം നീല മഷിയില്‍ നൊസ്‌റ്റാള്‍ജിയ എന്ന വാക്കിന്റെ ആഴം പോലെ ഉടമസ്ഥന്റെ കൈയൊപ്പ് അമര്‍ന്നുകിടന്നിരുന്നു.എനിക്കത് വായിക്കാനായില്ല.വരിഷ്‌ഠനായ ആരുടെയോ കൈമുദ്ര തന്നെയായിരുന്നു അത്.അനേകം പെണ്‍കൊടികള്‍ അനുരാഗികളായി വീണിരിക്കാനിടയുള്ള കൈയൊപ്പ്.അത്ര സുഭഗത അതിനുണ്ട്.നീല മഷിയില്‍ രണ്ട് കൈയൊപ്പുകള്‍ ആ പുസ്‌തകത്തില്‍ കാണാം.അതിനര്‍ത്ഥം അത് രണ്ടുവട്ടം വിവാഹം കഴിക്കുകയോ പ്രണയത്തില്‍ പെടുകയോ ചെയ്‌തിട്ടുണ്ട് എന്നാണല്ലോ.ഒന്നില്‍ താഴെ തീയതി എഴുതിയിട്ടുണ്ട്.14-10-1972.
ദൈവമേ,നിന്റെ കാരുണ്യമാണോ അതോ താക്കീതാണോ ഇത്തരം ആകസ്‌മികതകള്‍.ഞാന്‍ അറിയാതെ ചോദിച്ചുപോയി.ഞാന്‍ ജനിക്കുന്നതിനും അഞ്ച് വര്‍ഷം മുമ്പുള്ളതാണല്ലോ ആ തീയതി.അത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചൊന്നുമില്ല.എത്രയോ കാര്യങ്ങള്‍ നമ്മുടെ പിറവിക്കുമുന്നേ സംഭവിച്ചിരിക്കുന്നു.പക്ഷേ,ഒരു വായനക്കാരനെ സംബന്ധിച്ച് അതൊരു പുസ്‌തകമാവുമ്പോള്‍ അതൊരു വിലയേറിയ നിധിതന്നെയായി മാറുകയാണ്.ഒരു ചുമതലയായി പരിവര്‍ത്തനപ്പെടുകയാണ്.എന്തെന്നാല്‍,ആരോ ഇത്രകാലം കൈവശം വച്ച്,നിവൃത്തിയില്ലാതെ ഉപേക്ഷിച്ച ഒരു പുസ്‌തകത്തെ ഇനി സൂക്ഷിക്കേണ്ട ചുമതല എന്നിലാണ് വന്നുചേര്‍ന്നിരിക്കുന്നത്.അതൊരു കഷണം അപ്പമോ റൊട്ടിയോ ആയിരുന്നെങ്കില്‍,ഒരു കഷണം തുണിയായിരുന്നെങ്കില്‍,ഒരു പാറക്കഷണമോ വാളോ മറ്റേതെങ്കിലും ആയുധമോ ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ.ഇത്രയും കാലം നിലനില്‍ക്കുമായിരുന്നില്ല.ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം.അതൊരു പുസ്‌തകമായതിനാല്‍ മാത്രമാണ് അത് നശിച്ചുപോകാതിരുന്നത്.അതുകൊണ്ടുമാത്രമാണ് അതെന്റെ കൈയിലേക്ക് സൂക്ഷിക്കപ്പെടുവാനുള്ള അഭ്യര്‍ത്ഥനയുമായി എത്തിപ്പെട്ടത്.വാസ്‌തവത്തില്‍ മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ അതിന്റെ ഉടമസ്ഥന്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവില്ലേ..
ഒരു പക്ഷേ പ്രായാധിക്യത്തില്‍ കുടുംബകാര്യങ്ങള്‍ കൈയില്‍നിന്ന് പോയപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോ മരുമക്കളോ പേരക്കുട്ടികളോ ആയിരിക്കാം ആ പുസ്‌തകത്തെ വഴിയില്‍ വലിച്ചറിഞ്ഞത്.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണശേഷം ഉപേക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടതാവാം അത്.എന്തായാലും ഡോ.ഷിവാഗോ ഇപ്പോള്‍ എന്നോടൊപ്പമുണ്ട്.ഇനിയും വായിച്ചിട്ടില്ലാത്ത ആ പുസ്‌തകത്തിന്റെ കാവലാള്‍ ഇനി ഞാനാണ്.58 ല്‍ പുറത്തിറങ്ങി,72ല്‍ ആരുടെയോ കൈയൊപ്പ് കിട്ടി,2011 ല്‍ എന്റെ കൈയിലെത്തിയ ഈ പുസ്‌തകത്തിന് അതിന്റെ ഉള്ളടക്കത്തെക്കാള്‍ സംഭവബഹുലമായ ഒരു ചരിത്രം ഉണ്ടായിട്ടുണ്ടാവാം.ആര്‍ക്കറിയാം.ഒരു പുസ്‌തകം ഒരുപാട് മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു,ഉള്ളടക്കം കൊണ്ടു മാത്രമല്ല,അതിന്റെ ചരിത്രം കൊണ്ടും.ആ തിരിച്ചറിവിലാണ് ഞാന്‍ എഴുത്തുകാരനായി 2012 ലേക്ക് സധൈര്യം കടക്കുന്നത്.
(ഇത് നാട്ടുപച്ചയിലും തോര്‍ച്ച മാസികയിലും പ്രസിദ്ധീകരിച്ചതാണ്.രണ്ട് മൂന്നിടത്ത് ആവര്‍ത്തിക്കാനുള്ള കേമത്തമുണ്ടായിട്ടല്ല,ഒരിക്കല്‍ വായിക്കാത്ത വായനക്കാര്‍ക്കായിട്ടാണ് ഇപ്പോള്‍ ബ്ലോഗിലും ഇടുന്നത്.രണ്ടാമത് വായിക്കേണ്ടി വന്നവര്‍ ക്ഷമിക്കുമല്ലോ.)