Friday, February 25, 2011
rain@m g road
വൈകുന്നേരങ്ങള്‍ നമുക്കുള്ളതല്ല നിനക്കുള്ളതാണ്.
നീ വീടണയാന്‍ കിതക്കുന്നതും/ഉണങ്ങിയ തുണികളൊക്കെ ഏതൊക്കെയോ ഓര്‍മ്മയില്‍ ചറുപിറുന്നനെ വലിച്ചെടുത്ത് കിടക്കയില്‍ എറിയുന്നതും/അഗാധമായ ഓര്‍മ്മകളില്‍ താണുമുങ്ങി ചിത്രം പടര്‍ന്ന ഒരു ചൈനീസ് കപ്പില്‍ കുറുകിയ കാപ്പിയുമായി ഒറ്റക്കിരിക്കുന്നതും/അലതല്ലിയെത്തിയ കവിതയ്ക്കു പിന്നാലെ മനസ്സിനെ വിട്ട് കാപ്പിമട്ട് തട്ടിയ ചുണ്ടിന്‍ കോണില്‍ പാല്‍മണമുള്ള പുഞ്ചിരിയുമായി എഞ്ചിന്‍ വച്ച സ്വപ്നത്തിനുപിറകെ ഒപ്പമെത്തുന്നതും/പൂക്കള്‍ പിച്ചി നനവുമാറാത്ത മുടിക്കെട്ടില്‍ ആലോലമായി വയ്ക്കുന്നതും/എന്നെ ഓര്‍ത്ത് എന്നോട് തല്ലുകൂടുന്നതും ഒരു തലകുടയലോടെ ഇവനോടെനിക്ക് വഴക്കടിക്കാനുമാവുന്നില്ലല്ലോ എന്നു പിറുപിറുക്കുന്നതും ... സന്ധ്യകളിലാണ്.അതുകൊണ്ടാണ് സന്ധ്യകള്‍ നമ്മുടെതല്ല,തികച്ചും നിന്‍റെതാണ് എന്നു ഞാന്‍ ഓര്‍ത്തത്.
എവിടെവച്ചാണെന്നോ ഓര്‍ത്തത്..?കവിതയ്ക്കും പത്മയ്ക്കുമിടയില്‍..പണ്ട് അങ്ങനെയൊരു പരസ്യം വരുമായിരുന്നു അല്ലേ..?റേഡിയോയിലാണ്.അപ്പോ കുറേക്കാലം മുന്പ്.ഏതൊ സ്ഥാപനത്തിന്‍റെ പരസ്യം.
ആ സ്ഥാപനം ഇപ്പോ ഉണ്ടോ..?ഉണ്ടാവില്ല...പഴയ രമണിക...ങാ..സാരിയുടെ അഴക് ഗൌതം മേനോന്‍ ദക്ഷിണേന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തുംമുന്പ് സാരിയുടെ വശ്യഭംഗി അവതരിപ്പിച്ചത് അവരായിരുന്നല്ലോ.രമണികയാണ് നീ വാസ്തവത്തില്‍.ശീമാട്ടിയും ജയലക്ഷ്മിയും നിറയുന്നതിനുമുന്പ് മനത്താളില്‍ വന്നുകേറിയവള്‍ ...രമണീയ...!
ഞാനെഴുതുന്ന കവിത.ഞാന്‍ തീം കണ്ടെത്തുന്ന പരസ്യം.ഞാന്‍ നിന്നെ തിരയുന്ന സ്വപ്നം.പിന്നിലൂടെ വന്ന്...വയറിലൂടെ കൈചുറ്റി...കാല്‍പ്പാദത്തില്‍ കേറ്റിനിര്‍ത്തി കെട്ടിപ്പുണര്‍ന്ന് മുന്നോട്ടുമുന്നോട്ടു(കിടപ്പറ വരെ...)തള്ളുന്ന...കശ്മീരില്‍ ഞാന്‍ കണ്ട പാന്‍ഗോംഗ് തടാകം പോലെ കിടക്കുന്ന നിന്‍റെ വയറില്‍,നിന്‍റെ തന്നെ ചിരിയുണ്ടാക്കുന്ന കുഞ്ഞോളങ്ങളില്‍ നോക്കി...കണ്ണുകളിലേക്ക് നോക്കി പുരികത്തിലൂടെ വിരലോടിച്ച്...ഞാനെഴുതുന്ന കവിത.
സാരിയില്‍,ചുളിവ് നിവരാന്‍ മടക്കി മെത്തയ്ക്കടിലിട്ട സെറ്റ്മുണ്ടില്‍,വീട്ടിലിടുന്ന ത്രീഫോര്‍ത്തിലും ടീ ഷര്‍ട്ടിലും,എവിടെയും നീ ഭംഗിയാകുന്നു.ഓ..!നിന്നെവച്ച് 12ആശയങ്ങള്‍,12മാസങ്ങള്‍,12പടങ്ങള്‍ ചിത്രീകരിച്ച് കലണ്ടറുണ്ടാക്കണം.ഒരു കട്ടിലോളം വലുപ്പമുള്ള കലണ്ടര്‍.അതിലെ ഓരോ മാസത്തിലും കിടന്നുറങ്ങണം.(എന്‍റെ ഉന്മാദം ഇറങ്ങിപ്പോകാന്‍ മധുരപ്പുല്ല് ചുവയ്ക്കുന്ന നിന്‍റെ വായ തരൂ..നിന്‍റെ ഉമിനീര്‍ ഡ്രിപ്പ് ഇന്ജക്ഷനിലെന്നപോലെ നൂറുനൂറുവര്‍ഷങ്ങള്‍ എന്നിലേക്കിറങ്ങട്ടെ.)
പറഞ്ഞുവന്നത് എം.ജി.റോഡിനെപ്പറ്റിയാണ്.എം.ജി.റോഡിലൂടെ നടക്കുന്പോള്‍ കവിതയ്ക്കും പത്മയ്ക്കും ഇടയില്‍ വച്ച് ഞാന്‍ നിന്നെ ഓര്‍ത്തു.അപ്പോള്‍ സന്ധ്യയാവാറാവുകയായിരുന്നു...(നിന്‍റെ കവിളില്‍ അസ്തമയം കലങ്ങുന്നത് കാണണം.)അപ്പുറത്തെ കടലിന്‍റെ കണ്ണാടിയില്‍ ചരിഞ്ഞുമുഖം നോക്കുന്ന ആകാശം ചൂണ്ടുവിരല്‍ അമര്‍ത്തി വട്ടത്തില്‍ വരച്ചിട്ട പൊട്ടുപോലെ ചോപ്പ്.ആ ചോപ്പിന്‍റെ ധന്യതയില്‍ കിടിലം കൊള്ളിക്കുന്ന നിറമായി എം.ജി.റോഡില്‍ വീണുകിടക്കുന്ന സന്ധ്യ.ദൈവമേ...നീ ഈ നിമിഷം ഇവിടെയുണ്ടായിരുന്നെങ്കില്‍...ജീവിതം നീയില്ലാതെ ഇങ്ങനെ പാഴായിപ്പോവുകയാണല്ലോ.ഇല്ല..വാര്‍ദ്ധക്യത്തില്‍ ഞാനൊരു അടിപൊളി വൃദ്ധനായിരിക്കും.നീ വരുന്പോള്‍ നടുങ്ങണം.നീ വിസ്മയിക്കണം.ജരാനരകള്‍ക്കടിയില്‍ എന്‍റെ രക്തം നിന്നെക്കണ്ട് കുതിച്ചുയരും.ഇന്നും അന്നും നിന്‍റെ അരയില്‍ കൈചുറ്റി,നിന്നോടൊപ്പം തോന്ന്യാസം പറഞ്ഞ്,പഴയ ഇന്ത്യന്‍ കോഫീ ഹൌസിലും ഒബ്റോണ്‍മാളിലും ക്യൂ സിനിമാസിലും കാനൂസിലും കേറി,കടലിലും കായലിലും പോയി,ചരിത്രത്തിലും വര്‍ത്തമാനത്തിലും മുങ്ങി,സെന്‍റ് തെരേസാസിനും കോണ്‍വെന്‍റ് ജംഗ്ഷനും ഇടയില്‍ കറങ്ങി,ഓരോ പൊട്ടിനെയും നോക്കി കാണെടോ എന്‍റെ ഗോള്‍ഡന്‍ഗേളിനെ എന്നുതലതല്ലി ഫലിതം പറഞ്ഞ്...മഴ വരുന്പോള്‍ നിന്നെ തള്ളിത്തള്ളി മഴയില്‍ മുക്കി...
വിചാരിച്ചു തീര്‍ന്നില്ല..മഴ വന്നു.നിന്‍റെ തോഴി..മഴയെയാണ് നീ ആദ്യം എന്‍റെ അരികിലേക്ക് അയക്കുക.
ഓടണോ നനയണോ..!നീ ചിരിക്കുന്നത് എനിക്കു കാണാം.എന്‍റെ വെപ്രാളം നോക്കി.പിന്നെ ഇരുകൈയും ജീന്സിന്‍റെ പോക്കറ്റുകളില്‍ തിരുകി ഫുട്പാത്തിന്‍റെ ചോപ്പില്‍ ഷൂസുരച്ച് മാനം നോക്കി വിഷാദിയായ ഒരു നടത്തം.ഒറ്റയ്ക്ക്.നീയില്ലല്ലോ..ഇപ്പോള്‍ എന്‍റെ കണ്ണടച്ചില്ലില്‍ തുരുതുരാ വന്നുവീഴുന്നത് നിന്‍റെ ആനന്ദക്കണ്ണീരോ തോരാത്ത മുടിയുലച്ച് നീ എനിക്കുമുന്നില്‍ വിഹരിക്കുന്പോള്‍ തെറിക്കുന്ന ജലകണങ്ങളോ...!
വില്‍സിന്‍റെ പഴയ പരസ്യങ്ങള്‍ ഓര്‍മ്മയില്ലേ...അവര്‍ കാറുകഴുകുന്നതും പുസ്തകം വായിക്കുന്നതും ചൂണ്ടയിടുന്നതും..
കാമസൂത്രയുടെ പഴയ പരസ്യങ്ങളും..ശരീരത്തിന്‍റെയും കാമത്തിന്‍റെയും യഥാര്‍ത്ഥ നിറം നീലിമയാണെന്നു പ്രഖ്യാപിച്ച... ഉം,ഓര്‍മ്മിക്കൂ ..നിത്യജീവിതത്തില്‍ നാം കാണാതെ പോകുന്ന പരസ്യത്തിന്‍റെ സ്വാധീനങ്ങളെപ്പറ്റി..അവ വെറും പരസ്യങ്ങള്‍ മാത്രമല്ലല്ലോ.അല്ലെന്നു നമുക്കറിയാം ല്ലേ.
എവിടെ രണ്ടുപേര്‍ ഒട്ടിനില്‍ക്കുന്നുവോ അപ്പോള്‍ നിന്നെയെനിക്കു ഓര്‍മ്മവരും.നിനക്ക് എന്നെയും.ഏപ്രിലില്‍ പൂക്കുന്ന മെയ് വാകകള്‍ കാണുന്പോഴെന്നപോലെ...പുതുമഴ കണ്ണില്‍ വീഴുന്പോഴെന്നപോലെ.
എന്നാണ് സൌരഭ്യമേ..നീ എനിക്കരികില്‍ ഇനിയും വരിക..?അന്ന് കുളങ്ങള്‍,പായല്‍ കയറിയ കല്ലുവഴികള്‍,കാലന്‍കുട ചൂടി നാം മറികടന്ന വരന്പുകള്‍,സെറ്റ് മുണ്ടിനടിയിലെ നീളം കുറഞ്ഞ ചരടുള്ള വെള്ളപ്പാവാട,നിലാവ് കണ്ട് നാം കിടന്ന ദിവാന്‍കോട്ട്...എല്ലാം എം.ജി.റോഡിലെ ഹോര്‍ഡിംഗ്സില്‍ പുനര്‍ജ്ജനിക്കും.
മായ്ച്ചാലും മായ്ച്ചാലും പോകാത്തവിധം കാലം എനിക്കായി നിന്നില്‍ കരുതിവച്ചിട്ടുള്ള പ്രണയത്തിന്‍റെ ആ പാരന്പര്യമണം മാത്രം എന്‍റെ ഹൃദയത്തില്‍ പരക്കും.
Tuesday, February 22, 2011
ചില്ലറ വസ്തുക്കളുടെ വില്‍പ്പനയ്ക്കുശേഷം
ഒരാഴ്ചക്കാലത്തെ അരിച്ചുപെറുക്കലും അളന്നെടുക്കലും വേര്‍തിരിക്കലും വിലയിരുത്തലുമാണ് ഇപ്പോള്‍ പെട്ടിഓട്ടോയില്‍ കേറി ആക്രിക്കടയിലേക്ക് ആഘോഷമായി പോകുന്നത്.ഇപ്പോള്‍ മനസ്സ് പരമശാന്തം.പക്ഷേ അല്പനിമിഷം മുന്പ് വരെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.നിസ്സാരമാണ് കാരണം.കഴിഞ്ഞ ഇരുത്തിയഞ്ചുകൊല്ലത്തെ ജീവചരിത്രമാണ് വേര്‍തിരിച്ചെടുത്ത് വിധി പറയാനായി മാറ്റിക്കൊണ്ടിരുന്നത്.അതുവേണോ ഇതുവേണോ എന്ന സംശയങ്ങള്‍.ഏത് സൂക്ഷിക്കണം ഏത് കളയണം എന്ന സന്ദേഹങ്ങള്‍..ഒടുവില്‍,വെള്ളത്തൂവല്‍ ഗ്രാമത്തില്‍നിന്നു പോന്നപ്പോള്‍ മുതല്‍ പല കാലത്തും ദേശത്തുമായി നെഞ്ചോടു ചേര്‍ത്തു കൊണ്ടു നടന്നിരുന്നെതെല്ലാം മറ്റൊന്നും നോക്കാതെ ഇവിടെവച്ച് എടുത്തുകളയുക.അതായത് ഗൃഹാതുരവിഷാദിയാവാതെ ഭൂതകാലത്തെ വലിച്ചെറിയുക!
അങ്ങനെ തീരുമാനിച്ചതോടെയാണ് മനസ്സ് ഒന്നു ശാന്തമായത്.പിന്നെ എല്ലാം എളുപ്പത്തില്‍ കഴിഞ്ഞു.കഴിഞ്ഞ കാലത്തിനിടയില്‍,വെള്ളത്തൂവലിലും തൃശൂരിലും പാലക്കാട്ടും കോഴിക്കോട്ടും എറണാകുളത്തും തമിഴ്നാട്ടിലും അടക്കം താമസിച്ച സ്ഥലങ്ങളില്‍ ഒഴിവാക്കാന്‍ മനസ്സു വരാതെ കാത്തുവച്ച തുണ്ടുകടലാസ് അടക്കം എല്ലാം ഞാന്‍ ആക്രിക്കാരനുള്ള ചാക്കില്‍ കേറ്റി.ജീവിക്കാന്‍ അച്ഛന്‍ തരുന്ന പണം മാത്രമുള്ള കാലത്തും പണിയില്ലാത്ത കാലത്ത് ഭക്ഷണം കഴിക്കാന്‍ മിച്ചം വച്ചിരുന്ന പണം മാത്രമുണ്ടായിരുന്ന കാലത്തും സ്വന്തമായി വരുമാനമായിത്തുടങ്ങിയപ്പോള്‍ ആഘോഷത്തോടെ പണം ചെലവിട്ട കാലത്തും വാങ്ങിവച്ച പുസ്തകങ്ങള്‍ എടുത്ത് ആദ്യമേ ചാക്കിലിട്ടു.പിന്നെ ആദ്യത്തെ ആ കുസൃതികള്‍ കോറിയ നോട്ടുബുക്കുകള്‍,അതിലെ നൂറുകണക്കിന് കുത്തിവരകള്‍,മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും പാഠാവലികളും നോട്ടുബുക്കുകളും,ജലച്ചായത്തിലും പോസ്റ്റര്‍ കളറിലും ഇന്ത്യന്‍ ഇങ്കിലും എണ്ണച്ചായത്തിലും വരച്ച ചിത്രങ്ങള്‍,ആല്‍ബം ഡിസൈനിങ് തൊഴിലാക്കിയിരുന്ന കാലത്ത് സ്പ്രേ ഗണ്ണില്‍ ചെയ്ത ആല്‍ബം പേജുകളുടെ മാതൃകകള്‍,പേപ്പര്‍ പള്‍പ്പില്‍ ചെയ്തിരുന്ന കുഞ്ഞുകുഞ്ഞു ശില്പങ്ങള്‍,സ്കൂള്‍കാലത്ത് ഓടിനടന്ന് വാങ്ങിയിരുന്ന വിവിധ മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍,യു.പി സ്കൂള്‍ കാലത്ത് അയല്‍പക്കത്തെ കുട്ടികളുടെ കൂടെ തയ്യാറാക്കിയിരുന്ന കൈയെഴുത്ത് മാസികകള്‍-ഹാ...'ഭാവന'..!അതായിരുന്നു അതിന്‍റെ പേര്.അതിനുമുന്പ് രണ്ടുലക്കം മാത്രം ഇറങ്ങിയ 'പുലരി'യുണ്ടായിരുന്നു-,ഹൈസ്കൂള്‍ കാലത്ത് ഇറക്കിയിരുന്ന ചുമര്‍പത്രമായ 'സംസ്കാര',സോവിയറ്റ് യൂണിയനിന്‍റെയും ജര്‍മ്മന്‍ ന്യൂസിന്‍റെയും ആര്‍ട്ടിസ്റ്റിന്‍റെയും ലക്കങ്ങള്‍,ഫോട്ടോഗ്രാഫി ഭ്രമവും തൊഴിലുമാക്കിയ ചെറിയ കാലത്ത് എടുത്ത ഫോട്ടോകളുടെ അസംഖ്യം നെഗറ്റീവുകളും പ്രിന്‍റുകളും,ആ പഴയ കാനണ്‍ എസ്.എല്‍.ആര്‍ കാമറ,പന്തീരാണ്ടുകൊല്ലത്തെ പ്രധാന ഞായറാഴ്ചപ്പതിപ്പുകള്‍,ദി ഹിന്ദു ഇറക്കിയിരുന്ന ഫോളിയോകള്‍,എണ്‍പതുകളില്‍ എന്‍റെ വല്യമ്മാവനെയും അദ്ദേഹത്തിന്‍റെ സ്കൂളിനെയും പറ്റി മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച സചിത്ര ഫീച്ചറുകള്‍ അടങ്ങിയ പത്രങ്ങള്‍,ഇ.എം.എസും തകഴിയും ഇന്ദിരാഗാന്ധിയും ഒ.വി.വിജയനും മാധവിക്കുട്ടിയും മരിച്ച ദിവസത്തെ എല്ലാ മലയാളപത്രങ്ങളും....എന്നെക്കുറിച്ചു വന്നിട്ടുള്ള ചെറുതും വലുതുമായ കുറിപ്പുകളുടെയും വിവരങ്ങളുടെയും സമാഹരണങ്ങള്‍,ഞാന്‍ കഥ എഴുതിത്തുടങ്ങിയ കാലത്തെ മിനിമാസികകളും വാരാന്തപ്പതിപ്പുകളും(എന്നെ ഞാനാക്കിയ കാലത്തിന്‍റെ സാക്ഷ്യങ്ങള്‍..),ഒരിക്കലും മറക്കാനാവാത്ത സൌഹൃദങ്ങള്‍ എനിക്കെഴുതിയ കത്തുകള്‍,അനേകം പെണ്‍കുട്ടികള്‍ ഓരോ കാലത്തായി എഴുതിയ പ്രേമാഭ്യര്‍ത്ഥനകള്‍,അവരയച്ച ആശംസാകാര്‍ഡുകള്‍...ഞാന്‍ സഹപത്രാധിപരായി പണിയെടുത്ത കാലത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളുടെ ബൈന്‍റ് ചെയ്ത വാള്യങ്ങള്‍,ഇത്രയും കാലം നെഞ്ചോടമര്‍ത്തി വച്ചിരുന്ന എന്‍റെ 'ഡി'യുടെയും '9'ന്‍റെയും 'പകലി'ന്‍റെയും മറ്റ് ഷോര്‍ട്ട്ഫിലിമുകളുടെയും കൈയെഴുത്ത് പ്രതികള്‍,ആദ്യ പുസ്തകമായ 'വെയില്‍ ചായുന്പോള്‍ നദിയോര'ത്തിന്‍റെ ഫസ്റ്റ്പ്രൂഫ്,പണ്ട് കീറിയാലും കളയാന്‍ കഴിയാതിരുന്ന ഇന്ന് കീറും മുന്പേ കളയാന്‍ സാഹചര്യമൊരുക്കുന്ന വസ്ത്രങ്ങള്‍,അടുക്കള പാത്രങ്ങള്‍(അതൊക്കെ നാട്ടിലുപയോഗിച്ചിരുന്നതാണ്.അമ്മയുടെ കൈരേഖ വീണിട്ടുള്ളവ.)പിന്നെ കഴിഞ്ഞ മൂന്നര വര്‍ഷത്തിന്‍റ നീക്കിയിരിപ്പുകളായ വളകളും സ്റ്റിക്കര്‍ കുങ്കുമവും സ്ലൈഡുകളും മറ്റും...അങ്ങനെ അങ്ങനെ ഒത്തിരി ചെറിയ വലിയ കാര്യങ്ങള്‍ ഞാനാ ചാക്കിലേക്ക് തള്ളി.ആഹാ..എന്തൊരു സുഖം..പൂര്‍വ്വഭാരങ്ങളുടെ പ്രൂഫില്ലാതെ ജീവിക്കാന്‍...എന്നു പറയാവുന്ന അവസ്ഥ!
അതൊക്കെയാണ് ഇപ്പോള്‍ സൌത്ത് കളമശ്ശേരിയിലെ ആക്രിക്കടയിലേക്ക് ഇങ്ങനെ ആടിയുലഞ്ഞ് പോകുന്നത്.
എന്‍റെ കാലില്‍ എന്തോ തട്ടി.ഞാന്‍ നോക്കി.പേനകള്‍ ഇട്ടുവച്ചിരുന്ന പാത്രമാണ്.ആരോ വര്‍ഷങ്ങള്‍ക്കു പിറകില്‍വച്ച് തന്നത്.അതായത് ആരുടെയോ സ്നേഹം,കരുതല്‍.എല്ലാം ഇത്രയേയുള്ളൂ..ഒരു പരിധിവരെ സൂക്ഷിക്കും.നിവൃത്തിയില്ലെന്നായാല്‍ ഉപേക്ഷിക്കും.ഞാന്‍ ചെയ്യുന്നതും അതുതന്നെയല്ലേ..?
അഞ്ചുകൊല്ലമായി ഞാന്‍ കാണുന്ന മരങ്ങള്‍ക്കിടയിലേക്ക് സൂര്യന്‍ ചരിയുന്നു.ഈ കാഴ്ചകളും അവസാനിക്കുകയാണ്.അഞ്ചുവര്‍ഷമായി താമസിച്ച വീടിനോടും വിട.ഓര്‍മ്മകള്‍...ഓര്‍മ്മകള്‍...!ഉയര്‍ച്ചകളും വീഴ്ചകളും വല്ലായ്മകളും കണ്ട വീട്.കിട്ടിയിട്ടുള്ള പുരസ്കാരങ്ങളും തിരസ്കാരങ്ങളും കാത്തുവച്ചിരുന്ന വീട്.സ്വപ്നവും കാമവും കണ്ട വീട്.വിശപ്പും വെറുപ്പും കണ്ട വീട്.എന്നോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്ത വീട്. ശരിക്കും ഇതുവരെ ഞാന്‍ താമസിച്ചതില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച വീട്.ഇത്രയും നല്ല വീട്ടുടമസ്ഥരെ ഇനി കിട്ടുകയില്ലെന്ന് എനിക്കുറപ്പുണ്ടാക്കിയ വീട്.(ഇപ്പോള്‍,വാടക കൂട്ടലില്ല,എഗ്രിമെന്റില്ല..ഉടന്പടികളില്ലാത്ത സ്നേഹം മാത്രം.ഒഴിപ്പിക്കാനുള്ള അനേകം സാഹചര്യങ്ങള്‍ വന്നിട്ടും എന്നെ അസ്വസ്ഥരാക്കാതിരുന്ന
നല്ല മനുഷ്യര്‍!ബെന്നിച്ചേട്ടനും കുടുംബത്തിനും എന്നുമെന്നും നന്ദിയും കടപ്പാടും ഹൃദയത്തിലിടവും.)
പെട്ടിഓട്ടോ കടയിലെത്തി.അവിടുത്തെ ജോലിക്കാര്‍ ഓരോ ചാക്കുകളായി നിലത്തിറക്കി.ഇത്രകാലം കുഞ്ഞുങ്ങളെപ്പോലെ ഞാന്‍ ഓമനിച്ചു പെരുമാറിയിരുന്ന വസ്തുക്കളാണ് അവരെടുത്ത് നിര്‍ദ്ദാക്ഷിണ്യം നിലത്തെറിയുന്നത്.!വിഷമം തോന്നിയില്ല.ഇനി വിഷമിക്കരുത് എന്ന് മനസ്സിനോട് പറഞ്ഞിരുന്നു.മനസ്സ് അത് നന്നായി അനുസരിക്കുന്നുമുണ്ട്.സ്വന്തമായി ഒന്നുമില്ലാത്തവന് ഒന്നിനും അര്‍ഹതയില്ല.ആര്‍ക്കുവേണ്ടിയും അവന്‍ ഒന്നും കരുതിവയ്ക്കേണ്ടതുമില്ല.അവന്‍ കൂട്ടിവച്ചിട്ടുള്ള ജീവിതം കണ്ട് ആരും ആനന്ദിക്കുകയോ അഭിമാനിക്കുകയോ അധികമായി സ്നേഹിക്കുകയോ ചെയ്യുകയുമില്ല.വലുതാകുന്പോള്‍ രക്തബോധത്തോടെ തൊട്ടുനോക്കാനായി ഒരു കുട്ടിയും മുതിരുകയുമില്ല..!ഒന്നുമില്ലാത്തവന്‍ അങ്ങനെയൊക്കെ സ്വപ്നം കാണുന്നതുതന്നെ തെറ്റ്. പിന്നെ എന്തിനാണ് ഭൂതകാലം...??
പെട്ടി ഓട്ടോ ശരിക്കും കാലിയായി.ഞാന്‍ ഓട്ടോയിലെ ആ ശൂന്യതയിലേക്ക് നോക്കി.ഒരു കുഞ്ഞുചെപ്പിലെ സിന്ദൂരം മാത്രം തട്ടിമറിഞ്ഞുകിടക്കുന്നു.എവിടെവച്ച് ഏതുദിവസം വാങ്ങിയതാവാം അത്..?ഓര്‍മ്മ വന്നില്ല.
ഓട്ടോഡ്രൈവര്‍ ഒരു ബ്രഷെടുത്ത് പെട്ടിക്കകം അടിച്ചു നിലത്തേക്കിട്ടു.സിന്ദൂരം മണ്ണില്‍ തൂവി.ഒപ്പം രണ്ട് ഫാന്‍സി വളകളും.ഓട്ടോക്കാരന് ഞാന്‍ കാശ് കൊടുത്തു.അയാള്‍ അലക്ഷ്യമായി വണ്ടി പിന്നിലേക്കെടുത്തപ്പോള്‍ അറിയാതെ ഞാന്‍ ഒച്ചവച്ചുപോയി.
അയാള്‍ വണ്ടി ചവിട്ടി നിര്‍ത്തി വേവലാതിയോടെ തല പുറത്തേക്കിട്ട് എന്‍റെ കാലിലേക്ക് നോക്കി ചോദിച്ചു.
''കാലേ മുട്ടിയോ..?''
ജാള്യം മറച്ച് ഞാന്‍ പറഞ്ഞു.
''ഇല്ല..എങ്കിലും ഇത്തിരി മാറ്റിയെടുത്തോളൂ.."
വീലുകള്‍ വളയില്‍ കയറാതെ മാറിപ്പോകുന്നത് ഞാന്‍ ഉള്ളിലൂറിയ ആശ്വാസത്തോടെ നോക്കിനിന്നു.പിന്നെ റോഡരികിലെ പൊടിയില്‍ കിടന്ന ആ വളകള്‍ എടുത്ത് തുടച്ചിട്ട് ആക്രിക്കാരന്‍ പലവകകള്‍ക്കായി വിരിച്ച ചാക്കിലെ അനേകമനേകം തട്ടുമുട്ടുസാധനങ്ങള്‍ക്കിടയിലേക്കിട്ടു.
''തീര്‍ന്നോ..?''
കടക്കാരന്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു.
''ഇതോടെ എല്ലാം തീര്‍ന്നു.''
അയാള്‍ എന്‍റെ ഭൂതകാലത്തെ തരം തിരിച്ചു വിലകൂട്ടി.
കീറക്കടലാസ് എന്ന ഗണത്തില്‍ എന്‍റെ എല്ലാ കൈയെഴുത്തുപ്രതികളും വന്നുപെട്ടു.അതിന് വിലകുറവാണ്.ഞാന്‍ സമ്മതിച്ചു.ഒടുവില്‍ അയാള്‍ കണക്കുകൂട്ടി കടലാസ്സ് കാണിച്ചു.ഞാന്‍ പറഞ്ഞു.
''തന്നാമതി.എനിക്കു ബോദ്ധ്യമാണ്.''
എന്‍റെ ജീവിതം എനിക്കു ബോദ്ധ്യമുള്ളതായിരുന്നു.എന്‍റെ ഭൂതകാലവും.അയാള്‍ തന്ന പണം വാങ്ങി ഞാന്‍ ഇരുട്ടു പറ്റിയ വഴികളിലൂടെ വീട്ടിലേക്ക് നടന്നു.അതിപ്പോള്‍ വീടാണോ..?അതോ വീടിന്‍റെ ഫ്രെയിമോ..!
പിറ്റേന്നുരാത്രി പതിവുപോലെ ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം നിലത്തുവിരിച്ച ദിനപ്പത്രത്തില്‍ വച്ച് ഞാന്‍ കഴിക്കാനിരുന്നു.ഇപ്പോള്‍ ചുറ്റിനും ഒന്നുമില്ല.ശൂന്യമായ വീട്.കഴിക്കാനുള്ള ഭക്ഷണവും ആ പത്രക്കടലാസും മാത്രം.ഞാനിട്ടിരിക്കുന്ന വേഷവും.ബാക്കിയെല്ലാം ഞാന്‍ അമ്മയുടെ അടുത്തേക്ക് മാററിയിരുന്നു.അതായത് സുസ്മേഷ് എന്ന വ്യക്തി ഇപ്പോള്‍ ഒരു അലമാരയില്‍ കൊള്ളാനുള്ള അത്രയും ചെറിയ ജീവിതമുള്ള ഒരുവനായിരിക്കുന്നു.ഇടാനുള്ള വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളും പുരസ്കാരഫലകങ്ങളും ഈ ലോപ്ടോപ്പും മാത്രം.എവിടേക്കു വേണമെങ്കിലും പോകാം.തയ്യാറെടുപ്പുകളുടെ ആവശ്യമില്ല.മനുഷ്യന്‍ വരുന്നതും കൈയിലൊന്നുമായിട്ടല്ലല്ലോ.
ഇന്നുരാത്രികൂടി 'റോസ് വില്ല'യില്‍ തനിയെ കഴിയണമെന്നത് എന്‍റെ വാശിയായിരുന്നു.
ഭക്ഷണം കഴിച്ചശേഷം നിലാവ് കണ്ട് ഞാന്‍ ടെറസ്സില്‍ പോയിരുന്നു.കിഴക്കേമാനത്ത് ദിവസങ്ങള്‍ക്കുശേഷം ചന്ദ്രനുദിക്കുന്നു.ഞാന്‍ അകത്തുപോയി നിലത്ത് പത്രം വിരിച്ച് കിടന്നു.അകത്തേക്ക് പതിവുപോലെ നിലാവ് കടന്നുവന്നിട്ടുണ്ട്.മനസ്സിലോര്‍ത്തു.
നാളെമുതല്‍ ഞാനിവിടെ ഇല്ല.
അതിനിയും ഞാന്‍ തീരുമാനിച്ചിട്ടില്ല.അല്ലെങ്കിലും വ്യക്തിജീവിതത്തില്‍(എഴുത്തുജീവിതത്തിലല്ല)ഞാനെടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം തെറ്റായിരുന്നതിനാല്‍ ഇനിയും ഞാനെടുക്കുന്ന തീരുമാനത്തിനെന്താണ് പ്രസക്തി..!?എല്ലാം വരുന്നതുപോലെ വരട്ടെ.
ഞാന്‍ നിലാവില്‍ കുളിര്‍ന്നു കിടന്നു...അകമേ എല്ലാത്തിനോടും നന്ദിയും യാത്രയും വിനീതമായി പറഞ്ഞുകൊണ്ട് വെറും നിലാവില്‍ വെറുതെ....!
Monday, February 7, 2011
ഇപ്പോള്‍ ആ മൃതദേഹം മെല്ലെ പുഞ്ചിരിക്കുകയായിരിക്കാം...
ഇരുളുകീറി മടങ്ങുകയാണു നാം
കയറിയ മൌനപേടകം;ദൂരെ വന്‍
നഗരകോലാഹലത്തില്‍ ലയിക്കുവാന്‍
മറവിയിലേക്കിറങ്ങി മറയുവാന്‍.
പി.പി.രാമചന്ദ്രന്‍/ജലസ്തംഭം/1989
ഇന്ന് എന്‍റെ പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉപവസിക്കുകയാണ്.രണ്ടുമക്കളുടെ അമ്മ,കുടുംബിനി.കാലത്ത് മക്കളെയും ഭര്‍ത്താവിനെയും അതാതിടങ്ങളിലേക്ക് പറഞ്ഞയച്ചശേഷം സ്വതീരുമാനപ്രകാരം അവര്‍ ഉപവസിക്കുന്നു.ഒരു sms ന്‍റെ പ്രേരണയിലാണ് ഉപവാസം.സാധാരണ സെക്രട്ടറിയേറ്റ് നടക്കല്‍ മാധ്യമങ്ങള്‍ക്കുമുന്നിലാണ് പൊതുപ്രവര്‍ത്തകരുടെ ഉപവാസം നടക്കാറ്.അതല്ലാതെ ആരെങ്കിലും വീട്ടില്‍ ഉപവസിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ വരെ അങ്ങനെ ചെയ്യാറില്ലെന്നാണ് തോന്നുന്നത്.
അതവിടെ നില്‍ക്കട്ടെ,ഇവരുടെ ഉപവാസം വളരെ ചെറിയൊരു കാര്യത്തിനാണ്.ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരുപത്തിമൂന്നു വയസ്സുള്ള ഒരു അവിവാഹിതയുവതി മരണമടഞ്ഞിരുന്നു. സൌമ്യ എന്നാണ് കുട്ടിയുടെ പേര്.ദിവസങ്ങള്‍ക്കുമുന്പ് ആ കുട്ടി എറണാകുളത്തുനിന്ന് പാസഞ്ചര്‍ തീവണ്ടിയില്‍ വീട്ടിലേക്കു വരും വഴി ആളൊഴിഞ്ഞ ലേഡീസ് കന്പാര്‍ട്ട്മെന്‍റില്‍ വച്ച് ഒരു മനുഷ്യനാല്‍ ആക്രമിക്കപ്പെടുകയും ഗുരുതരാവസ്ഥയില്‍ ആശുപ്തിയില്‍ ചികിത്സയ്ക്ക് വിധേയയാവുകയുമായിരുന്നു.ചികിത്സയ്ക്കിടയിലാണ് സൌമ്യ മരണമടഞ്ഞത്.
നമ്മുടെയൊക്കെ ജീവിതത്തിലെ തിരക്കുകളും അത്യാവശ്യങ്ങളും രാജ്യം നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളുമൊക്കെ വച്ചു നോക്കുന്പോള്‍ ഇത് ഭരണകൂടത്തിനും നമുക്കും അത്ര സാരമുള്ളതാവാനിടയില്ല.പ്രത്യേകിച്ചും റൌഫിനെയും കുഞ്ഞാലിക്കുട്ടിയെയും വി.എസിനെയുമൊക്കെ വച്ച് ഗോപീകൃഷ്ണന്‍ സമാഗമം കാര്‍ട്ടൂണ്‍ വരയ്ക്കാനിടയായ കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്പോള്‍. പോരാത്തതിന് പി.ശശിയുടെ തൂലികാസൌഹൃദവും പുരോഗമിക്കുന്നു.അതിനിടയില്‍ ഒരു സൌമ്യയുടെ മരണത്തില്‍ നമുക്ക് ആകുലപ്പെടാന്‍ ഒന്നുമുണ്ടാവില്ല.നേരവുമുണ്ടാവില്ല.പക്ഷേ,ദാരുണമായ ആ മരണം മനസ്സാക്ഷിയുള്ള പലരെയും ആഴത്തില്‍ മുറിവേല്‍പ്പിച്ചു.അതുകൊണ്ടാണ് സൌമ്യയുടെ ബന്ധുവോ കൂട്ടുകാരിയോ അയല്‍ക്കാരിയോ ഒന്നുമല്ലാത്ത ഒരു വീട്ടമ്മ ഉപവസിക്കാന്‍ തീരുമാനിക്കുന്നത്.അവര്‍ മാത്രമാവില്ല,ഹൃദയമുള്ള ആണുങ്ങളും പെണ്ണുങ്ങളും വേദനിക്കുന്നുണ്ടാവും.ആഹാരവും ഇന്നൊരു ദിവസം ഉപേക്ഷിക്കുന്നുണ്ടാവും.എനിക്കിന്നലെ പലരയച്ച ധാരാളം sms കള്‍ കിട്ടി.അതിലൊന്ന് ക്രൂരമായ ആക്ഷേപഹാസ്യമെന്നോ ഒഴിഞ്ഞുമാറലെന്നോ തോന്നിപ്പിച്ചേക്കാവുന്ന ഒരു സന്ദേശമാണ്.a journey from hell to heaven.thanks,railway.ഇതായിരുന്നു ആ സന്ദേശം.
ഒന്നാലോചിച്ചാല്‍ ഇഹലോകമെന്ന നരകത്തില്‍ നിന്ന്,മാനസികവൈകൃതമുള്ളവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനുമായ അത്തരം അനേകം 'മനുഷ്യ'രുടെയിടയില്‍നിന്ന് സൌമ്യ സ്വര്‍ഗ്ഗത്തിലേക്ക് പോയിരിക്കുന്നു.പക്ഷേ ഈ ഭൂമിയിലെ സുഖദുഖങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ നമുക്ക് എന്ത് അധികാരം..?ജീവിതം നിഷേധിക്കുന്നതില്‍പരം നികൃഷ്ടത എന്താണ്..?
ഈ വിഷയത്തില്‍ നമ്മള്‍ വല്ലാതെ വേദനിച്ചു.സംഭവിച്ചത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന സാഹചര്യങ്ങളെ പറ്റി ഏറെ ചര്‍ച്ച ചെയ്തു.കുടുംബത്തിന് 'നഷ്ടപരിഹാരം' വാങ്ങിക്കൊടുത്തു.റെയില്‍വേ വനിതാ കന്പാര്‍ട്ട്മെന്‍റ് വണ്ടിയുടെ നടുവിലാക്കാന്‍ തീരുമാനിച്ചേക്കും.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ എടുത്തേക്കും.പൊലീസ് ഏറ്റവും കാര്യക്ഷമമായി പ്രതിയെ പിടികൂടി.എല്ലാം ശരിയാണ്,പക്ഷേ ചിലരെങ്കിലും ആലോചിക്കാതെ പറഞ്ഞു.ഇത് മൃഗീയമായ സംഭവം എന്ന്.!
ഞാന്‍ പറയുന്നു.മൃഗങ്ങളെ നിങ്ങള്‍ അപമാനിക്കരുത്.നിങ്ങള്‍ക്ക് അവയെപ്പറ്റി അറിയില്ലെങ്കില്‍,മൃഗീയം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ദയവായി അസ്ഥാനത്തു പ്രയോഗിക്കരുത്.കാരണം ആ അധമന്‍ ചെയ്തതുപോലെ ഒരു മൃഗവും സഹജീവികളോട് പെരുമാറുകയില്ല.ജന്തുക്കള്‍ വിശന്നിരിക്കുന്പോഴാണ് ഇര തേടാറുള്ളത്.അതും അതിന് വിധിച്ചിട്ടുള്ള ഇരയെ മാത്രം.ഒരു നേരം പോക്കിന് സിംഹം മുയലിനെ പിടിക്കാറില്ല.കൊല്ലാനുള്ള കഴിവ് പോയോ എന്നു പരിശോധിക്കാന്‍ പുലി മാനിനെ പിടിക്കാറില്ല.അതേപോലെ,ഇണയുടെ വിസ്സമ്മതത്തില്‍ ജന്തുക്കള്‍ കാമം തീര്‍ക്കാറില്ല.ലൈംഗികശേഷി അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ മൃഗങ്ങള്‍ ശവഭോഗം ചെയ്യാറില്ല.ഭോഗാസക്തി ഉണ്ടാവുന്പോള്‍ തലയ്ക്കടിച്ച് മൃതപ്രായയാക്കിയിട്ടിട്ട് ഇരയുടെ ഒഴുകുന്ന രക്തത്തില്‍ ചവിട്ടി കാമം തീര്‍ക്കാറില്ല.പ്രജനനത്തിന് കാലമാവുന്പോള്‍ പരസ്പരാകര്‍ഷണത്തിലൂടെ ഇണകളെ കണ്ടെത്തുകയാണ് മൃഗങ്ങള്‍ ചെയ്യാറ്.അല്പം ആലോചിച്ചാല്‍ മനസ്സിലാകും.ജന്തുക്കള്‍ ഒരിക്കലും ബലാല്‍സംഗം ചെയ്യാറില്ല.അത് മനുഷ്യന് മാത്രമേ പറ്റൂ.
നമ്മുടെയിടയില്‍ ഇതൊക്കെ ചെയ്യുന്നത് മനുഷ്യരാണ്.സംസ്കാരസന്പന്നരായ മനുഷ്യര്‍.വിദ്യാഭ്യാസവും ലോകപരിചയവുമുള്ള മനുഷ്യര്‍.തലച്ചോറിന് വികാസമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള മനുഷ്യര്‍.അതിനാല്‍ ദയവായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്പോള്‍ അവയെ മൃഗീയമെന്നു വിളിക്കരുത്.മൃഗങ്ങളെ നമ്മുടെ അറിവില്ലായ്മ കൊണ്ട് അപമാനിക്കരുത്.
പൊലീസിനോട് ഒരു കാര്യം.
പ്രതിയെ ജനരോഷം ഭയന്ന് തെളിവെടുപ്പിനു കൊണ്ടുവരാതിരുന്നല്ലോ.കഷ്ടമായിപ്പോയി.കല്ലെടുത്ത് കാത്തുനിന്ന ജനങ്ങള്‍ക്കുമുന്നിലേക്ക് അയാളെ കൊണ്ടുവരണമായിരുന്നു.അയാള്‍ ദയയര്‍ഹിക്കാത്ത വിധം വധിക്കപ്പെടാന്‍ അര്‍ഹനാണ്.അയാളെ ജനം കൊന്നാല്‍ നിങ്ങളില്‍ച്ചിലര്‍ക്ക് കൃത്യവിലോപത്തിന് സസ്പെന്‍ഷന്‍ കിട്ടുമായിരിക്കും.എങ്കിലും ചെയ്ത പ്രവര്‍ത്തിയെപ്പറ്റി ഓര്‍ത്ത് അഭിമാനിച്ച് വീട്ടിലിരിക്കാമായിരുന്നു.അന്വേഷണം കഴിയുന്പോള്‍ എന്തായാലും ജോലി കിട്ടാതിരിക്കില്ലല്ലോ.പിന്നെ നാട്ടില്‍ നടക്കുന്ന പല കൊള്ളരുതായ്മകളെയും വച്ചു നോക്കുന്പോള്‍ ഇതൊക്കെയല്ലേ സാറേ എളുപ്പത്തില്‍ പറ്റുക..?അല്ലാതെ വി.എസ്. പറയുന്ന പോലത്തെ ഉന്നതന്മാരുടെ കൈയാമകലാപരിപാടികളൊന്നും സാധാരണ പൊലീസുക്കാര്‍ക്കോ നാട്ടുകാര്‍ക്കോ നടപ്പാക്കാനാവുന്നതല്ലല്ലോ.അതുകൊണ്ട് ചിന്തിച്ചുപോയെന്നുമാത്രം.പിന്നെ നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും നിഷേധിക്കാന്‍ പാടില്ലെന്ന കാര്യം.പത്രം വായിക്കുന്നവരോട് അതിനെപ്പറ്റി വല്ലതും പറയേണ്ടതുണ്ടോ..!!
ഉപവസിക്കുന്ന സുഹൃത്തേ...ഈ നേരം വരെ-ഉച്ച ഒന്നര മണി-ഞാനും ഒന്നും കഴിച്ചിട്ടില്ല.ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കാമെന്ന് കാലത്തുതന്നെ ഞാനും വിചാരിച്ചു.അത്രയേ ചിലപ്പോള്‍ എനിക്കു കഴിയൂ..എങ്കിലും നമുക്കിടയില്‍ വലിയ വ്യത്യാസമുണ്ട്.താങ്കള്‍ അത് സ്വകാര്യമായി നിര്‍വ്വഹിക്കുന്നു.മനപ്പൂര്‍വ്വമുള്ള ഉദ്ദേശത്തോടെ അല്ലെങ്കിലും ഞാനിത് പരസ്യപ്പെടുത്തുന്പോള്‍ എന്‍റെ പ്രതിച്ഛായയില്‍ മാറ്റം വരും. അതോടെ എന്‍റെ പ്രവൃത്തിയുടെ മാഹാത്‌മ്യം നഷ്ടമാകും.എങ്കിലും ഇപ്പോളെനിക്ക് താങ്കളെക്കുറിച്ച് എഴുതാതിരിക്കാനാവില്ല. മൃതദേഹത്തിന്‍റെ ദേഹപരിശോധനയും ആന്തരികാവയവങ്ങളുടെ പരിശോധനയും നിയമാനുസൃതമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പക്ഷേ നടന്നു കഴിഞ്ഞ ഈ സമയത്ത് ആഹാരം കഴിച്ച് തൃപ്തരായിരിക്കുവാന്‍ നമുക്കാര്‍ക്കും മനസ്സു വരികയില്ല.എനിക്കു കഴിയുമോ..?ഇല്ല എന്നു മനസ്സിലായി.അങ്ങനെ ചിന്തിക്കുവാനും ഈ കുറിപ്പ് എഴുതുവാനും എന്നെ പ്രേരിപ്പിച്ചത് താങ്കളാണ്.
Wednesday, February 2, 2011
ജനുവരിയുടെ വിഷാദം
ഇനി ക്രമത്തില്‍ത്തന്നെ പറയാം.പുതുവര്‍ഷത്തിന് ഞാന്‍ ചെന്നൈയിലായിരുന്നു.ഡിസംബര്‍ 30ന് പോയതാണ്.ജനുവരി 3നാണ് മടങ്ങിയെത്തിയത്.അപ്പോളേ എനിക്കു തോന്നിയിരുന്നു.തിരിച്ചുവരുന്പോള്‍ കണ്‍മണികള്‍ രണ്ടെണ്ണം കാണുമെന്ന്.പിങ്ക് നിറമുള്ള രണ്ട് മുട്ടകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്.അവയ്ക്ക് മാറിമാറി രണ്ടുപേരും അടയിരിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ പോയതും.ഒരു സമാധാനമുണ്ടായിരുന്നു.ഞാന്‍ ചെന്നൈയ്ക്ക് പോകുന്ന ദിവസം കിട്ടു കയറിവന്നിരുന്നു.ദയനീയമായിരുന്നു വരവ്.ആദ്യം വാതില്‍ പാതി മറഞ്ഞുനിന്ന് ഒന്നു കരഞ്ഞു.ഞാനീ ലാപ്പില്‍ നിന്ന് തലപൊക്കി നോക്കിയപ്പോള്‍ ആളൊന്നുകൂടി കരഞ്ഞിട്ട് അകത്തേക്കു കയറാതെ പുറത്തേക്കിറങ്ങി.എന്തോ പന്തികേട് മണത്ത ഞാന്‍ പിന്നാലെ ചെന്നു.സംശയിച്ചതുതന്നെ.തലേദിവസത്തെ പോരാട്ടത്തില്‍ എതിരാളി കിട്ടുവിനെ മലര്‍ത്തിയടിച്ചിരിക്കുന്നു.തുട പൊളിഞ്ഞിട്ടുണ്ട്.പിന്നിലെ ഇടംകാല്‍ നിലത്തുകുത്തുന്നില്ല.ഞാന്‍ പിന്നിലുണ്ടെന്നറിഞ്ഞതേ ടെറസില്‍ കിടന്ന് മൂപ്പര് പൊളിഞ്ഞ ഭാഗം കാണിച്ചുതന്നു.പരമാവധി ദയനീയത മുഖത്തുകൊണ്ടുവന്ന് എന്നെ നോക്കുന്നുമുണ്ട്.ഞാന്‍ അടുത്തുചെന്നിരുന്നു.തൊടാന്‍ സമ്മതിക്കുന്നില്ല.സര്‍ ചാത്തുവിന്‍റെ കാര്യസ്ഥനെപ്പോലെ കിട്ടുവിന്‍റെ കാലിനും മുടന്തായി.ഞാനവനോട് പറഞ്ഞു.
''നന്നായെടാ.ഇനിയെങ്കിലും നിന്‍റെ എടുത്തുചാട്ടം കുറേ കുറയുമല്ലോ.''
മൂന്നുകാലുകൊണ്ട് ഞാന്‍ എടുത്തുചാട്ടം തുടരും എന്ന മട്ടില്‍ കിട്ടു വയലിന്‍ വായിച്ചു.അവനെ എനിക്കറിയാം.പൂച്ചയാണെന്നു പറഞ്ഞിട്ടോ ഒരു തുള്ളി പുലിയാണെന്നു പറഞ്ഞിട്ടോ യാതൊരു കാര്യവുമില്ല.'മനുഷ്യത്വം' കൂടുതലാണ്.ചെന്ന് കടി വാങ്ങും.അടിയും കടിയും കിട്ടിയാല്‍ കുറേ ദിവസത്തേക്ക് പരമസാത്വികനാണ് തന്പുരാന്‍.എവിടെയെങ്കിലും കിടന്നോളും.കടിച്ചുനേടാന്‍ ത്രാണിയില്ലെങ്കില്‍ അവന് വഴക്കിന് പോകേണ്ട കാര്യമുണ്ടോ.?അതവന്‍ അനുസരിക്കുകയുമില്ല.ഇത്തവണ ഞാന്‍ മഞ്ഞള്‍പ്പൊടി കലക്കി ധാര കോരാനൊന്നും നിന്നില്ല.ഒന്നാമത് എനിക്കു നേരമില്ല.രണ്ടാമത്,പലതവണയായി ഈ കലാപരിപാടി.നാണമില്ലാതെ കടി വാങ്ങി വരിക,കരഞ്ഞുനിലവിളിച്ച് സഹതാപം വാങ്ങിക്കൂട്ടി ലീവെടുത്ത് കിടക്കുക..
കിട്ടുവിനും മനസ്സിലായിക്കാണണം.ട്രീറ്റ്മെന്‍റ് തനിയെ നടത്തിക്കോളാം എന്ന മട്ടില്‍ ഓട്ടോറിക്ഷ പോകുംപോലെ മൂന്നുകാലില്‍ കോണിയിറങ്ങി ആള്‍ താഴേക്ക് പോയി.ഞാന്‍ അകത്തുകയറി യാത്രക്കായി ബാഗ് ഒരുക്കുന്പോള്‍ ജനല്‍പ്പടിയിലെ കിളിക്കൂട്ടില്‍ പൊരുന്നക്കിളി അര്‍ദ്ധസമാധിയില്‍ ഇരിപ്പുണ്ട്.ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു.എന്തായാലും കിട്ടുവിന് ഒരാഴ്ച സിക്ക് ലീവാണ്.സമാധാനം.(കതകടച്ചുപോയാല്‍ അവന് അകത്തു കയറാന്‍ പറ്റില്ല.അതറിയാം.എന്നാലും വെടിമരുന്നും തീയുമല്ലേ..!)
ചെന്നൈയില്‍നിന്ന് ഞാന്‍ എത്തിയത് പുലര്‍ച്ചെയാണ്.മുറി തുറന്ന് നോക്കുന്പോള്‍ കൂട്ടില്‍ ആരുമില്ല.മുറി കുറേക്കൂടി വൃത്തികേടായി ഏതാണ്ട് ആഴ്ചച്ചന്ത പോലായിട്ടുണ്ട്.നേരിയ പരിഭ്രമത്തോടെ ഞാന്‍ ജനല്‍പ്പടിയില്‍ പിടിച്ചുകയറി കൂട്ടിലേക്കുനോക്കി.ഒന്നും കാണാനില്ല.കൂട്ടില്‍ എന്‍റെ സ്പര്‍ശനമോ മണമോ ഏല്‍ക്കേണ്ടെന്നു കരുതി വളരെ ശ്രദ്ധിച്ചാണ് എന്‍റെ നീക്കം.ഒന്നും കാണാതെ വന്നപ്പോള്‍ പലവിധ ആശങ്കകളോടെ ഞാന്‍ കുറേക്കൂടി അടുത്തേക്കുചെന്ന് നോക്കി.അദ്ഭുതം!ഒരു മുട്ട അവിടെത്തന്നെയുണ്ട്.അതിനരികില്‍ അറപ്പിക്കുന്ന കറുപ്പും ചുവപ്പും കലര്‍ന്ന നിറത്തില്‍ ഒരു വസ്തു.!ഒരു മാംസത്തുണ്ട്!
ഇതാണോ കിളിക്കുഞ്ഞ്...?ഇതാണോ തൂവലും ഭംഗിയും വന്ന് പക്ഷിയായി ലോകത്തെ മയക്കുന്നത്..!
സത്യത്തില്‍ എനിക്ക് നിരാശയും വേദനയും തോന്നി.അതൊരു പുഴുവിനോളമേ ഉണ്ടായിരുന്നുള്ളൂ.അതാണെങ്കില്‍ വലിയ തല വലിച്ച് പൊട്ടാത്ത മുട്ടയ്ക്കുമേലെ ഇഴയുന്നു.ചിറകെന്നോ വയറെന്നോ പറയാനാവാത്ത ഭാഗം വികൃതമായി അനങ്ങുന്നതിനെയാണ് ഞാന്‍ ചലനമെന്നു പറഞ്ഞത്.
ഞാന്‍ താഴെയിറങ്ങി.പിന്നെ ആലോചിച്ചു.ഞാനുണ്ടായപ്പോഴും ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാം.ചോരയും നീരും പുരണ്ട് പൊക്കിള്‍ക്കൊടിയുടെ ഭാരവും വേദനയുമായി കണ്ണുതുറക്കാനാവാതെ ഞാനും കിടന്നിട്ടുണ്ടാവുമല്ലോ.എന്നെക്കണ്ടും ആരെങ്കിലും മുഖം തിരിച്ചിട്ടുണ്ടാവാം. എല്ലാ പിറവിയും വൈരൂപ്യത്തില്‍ നിന്നാവാം സൌന്ദര്യമെന്ന അഹന്തയിലേക്ക് വളരുന്നത്.അവസാനം ചെന്നെത്തുന്നതും വൈരൂപ്യമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണല്ലോ.സുന്ദരനും സുന്ദരിയുമായി മരിക്കുന്നവര്‍ അപൂര്‍വ്വമല്ലേ..?
അടങ്ങിയിരിക്കാനാവാതെ പിറ്റേന്നും ഞാന്‍ കയറിനോക്കി.'അത് ' അതേപടി തന്നെ.ഇണപ്പക്ഷികള്‍ വരുന്നുണ്ട്.എന്നെ അവഗണിച്ചും ഭയപ്പെടാതെയും തീറ്റ കൊടുക്കുന്നുണ്ട്.കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ.ഞാന്‍ വിചാരിച്ചു.രണ്ടുദിവസം കൂടി കഴിഞ്ഞപ്പോള്‍ അടുത്ത മുട്ടയും വിരിഞ്ഞു.ആദ്യത്തെ കുഞ്ഞ് ഇപ്പോള്‍ അല്പം കിളിരൂപമായിട്ടുണ്ട്.ഇറച്ചിനിറം മാഞ്ഞു.രോമത്തിന്‍റെ ഒരു കറുപ്പ് പരന്നിട്ടുണ്ട്.സമാധാനമായി.ഇപ്പോള്‍ തീറ്റകുടിയാണ് പരിപാടി.രണ്ടാളും മത്സരിച്ചാണ് തീറ്റ കൊണ്ടുവരുന്നത്.വായ മാത്രം പാതാളം പോലെ വലുതായ ജീവി പിറന്നുവീണ കിളിക്കുഞ്ഞാവാം!
അങ്ങനെ എന്‍റെ നേരംപോക്ക് ഇതായി.എന്‍റെ ചലനം അറിഞ്ഞാലും കുഞ്ഞുങ്ങള്‍ വായ തുറന്ന് മേലേക്ക് നോക്കി തൊണ്ടയില്‍നിന്ന് ഒച്ചയുണ്ടാക്കും.പരമദയനീയമായ യാചന.അതിന്‍റെ ലോകത്ത് ചലനവും ശബ്ദവും എന്നാല്‍ ഭക്ഷണത്തിന്‍റെ വരവാണ്.!ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു.കിളിയച്ഛനും കിളിയമ്മയും രാത്രി കൂട്ടില്‍ മക്കള്‍ക്ക് കൂട്ടിരിക്കുന്നില്ല.നേരം പുലരുന്പോഴാണ് രണ്ടാളും വരുന്നത്.അതു കൊള്ളാമല്ലോ എന്നായി ഞാന്‍.പിന്നെ പെട്ടെന്നാണ് വീട് അങ്കണവാടിയായത്.ആദ്യം പിറന്ന കുട്ടി കൂടിന് വെളിയിലേക്ക്,തൊട്ടടുത്തുള്ള അഴയിലേക്ക് പറന്നു.!അതോ ചാടിയതോ.?പിന്നെ കിളിയച്ഛന്‍റെ (അമ്മയുടെ) പരിശീലനപ്രക്രിയയാണ്.അടുത്ത അഴയിലിരുന്ന് ഒരുതരം ഒച്ചയുണ്ടാക്കിക്കൊണ്ട് അത് ചിറകടി കാണിച്ചുകൊടുക്കും.കുഞ്ഞിനുമുന്നില്‍ അങ്ങുമിങ്ങും പറന്നുകാണിക്കും.അസ്സല്‍ മിമിക്രി.നോക്കിനില്‍ക്കുന്ന നമ്മള്‍ അറിയാതെ ഇരുകൈയുമിളക്കിപ്പോകും.എന്നാലും കിളിക്കുഞ്ഞ് ഇതെല്ലാം നോക്കി കാലത്തു 'രണ്ടെണ്ണം' വിട്ടവനെപ്പോലെ തൂങ്ങിയിരിക്കും.കിളിക്കുഞ്ഞ് ഇരിക്കുന്നത് എവിടെയാണോ അവിടെവച്ചായി തീറ്റകൊടുക്കലൊക്കെ.ഞാന്‍ മുറിയിലെ വസ്ത്രങ്ങളും ബാഗുകളും മറ്റുമൊക്കെ സ്ഥലംമാറ്റി.കാരണം കിളിക്കുഞ്ഞുങ്ങളുടെ പ്രധാനവിനോദം തീറ്റ കഴിഞ്ഞാല്‍ ഉടനെ അപ്പിയിടുന്നതാണ്.ആദ്യമാദ്യം കുറെയൊക്കെ ഞാന്‍ മാറ്റി വൃത്തിയാക്കി.അപ്പോ തീറ്റ കൊടുത്തുകഴിഞ്ഞ് അടുത്തുതന്നെയിരുന്ന് വിശ്രമിക്കുന്ന വല്യകിളികളുടെ പരിപാടിയും ഇതുതന്നെയാണെന്ന് മനസ്സിലായി.രക്ഷിതാക്കളും കുട്ടികളും അപ്പിയിടല്‍ മത്സരം.അതും എന്നെ തോല്‍പ്പിക്കാന്‍.മുറി പാണ്ടുപിടിച്ചാലും വേണ്ടില്ല കക്ഷികള്‍ സ്ഥലം വിട്ടിട്ടേ ഇനി ആ മുറി വൃത്തിയാക്കലുള്ളൂ എന്ന് ഞാനും നിശ്ചയിച്ചു.
പിന്നെ പിന്നെ രണ്ടു കുട്ടികളും കൂടിയായി കളി.ഒരാള്‍ ഇത്തിരി പറന്നുതുടങ്ങി.(എന്നാല്‍,അതിന്‍റെ അഹങ്കാരമൊന്നും ഇല്ലാട്ടോ.ഹഹ..പഴേ തമാശ.ല്ലേ..?)മറ്റേയാള്‍ ഒരുനാള്‍ ഞാനും വളരും വലുതാകും എന്ന മട്ടില്‍ നോക്കിയിരിക്കും.ഇതിനിടയിലാണ് രക്ഷിതാക്കളുടെ പരിശീലനവും താരാട്ടും തീറ്റെകാടുക്കലും.
കിളിമക്കള്‍ പറന്നു തുടങ്ങിയതോടെ അടുത്ത പ്രശ്നം തലപൊക്കി.കിട്ടു ചില എക്സര്‍സൈസുകള്‍ കാലത്തും വൈകിട്ടും അടുത്ത വീട്ടില്‍ കിടന്ന് ചെയ്യുന്നത് ഞാന്‍ കാണാനിടയായി.ഒന്നുകില്‍ കടിയും വാങ്ങി നാണമില്ലാതെ കിടക്കാന്‍,അല്ലെങ്കില്‍ കിളിമക്കളുടെ ഇളംമാംസത്തിന്‍റെ രുചിയറിയാന്‍ പല്ലും രാകി മുകളില്‍ കേറിവരാന്‍..രണ്ടായാലും പ്രശ്നമാണ്.ഒറ്റ വഴിയേയുള്ളു.തല്‍ക്കാലത്തേക്ക് കിട്ടുവിനെ കണ്ടഭാവം വയ്ക്കാതിരിക്കുക.ഞാന്‍ അതുതന്നെ ചെയ്തു.അതോടെ ആ പ്രശ്നം ഒതുങ്ങി.അപ്പോഴേക്കും കിളിക്കുട്ടികള്‍ നിലത്തും നടുമുറിയിലും വന്നിരിക്കുന്നതും മറ്റും പതിവായി.ഞാന്‍ പുറത്തുപോയി വന്നാല്‍ വളരെ സൂക്ഷിച്ചേ അകത്തു കടക്കൂ.രണ്ടും കൂടി എവിടെയാ ഇരിക്കുക എന്നറിയില്ലല്ലോ.അറിയാതെങ്ങാനും ചവിട്ടിപ്പോയാലോ..ചിലപ്പോ മുറിയില്‍ ചെന്നുനോക്കുന്പോള്‍ ഒന്നിനെ കാണാനുണ്ടാവില്ല.പിന്നെ അതിനെ വിളിച്ച് നടക്കലാവും എന്‍റെ പണി.ഒടുവില്‍ കട്ടിലിനടിയിലോ ഭിത്തിയിലെ കോണ്‍ക്രീറ്റ്തട്ടില്‍ വച്ചിരിക്കുന്ന തട്ടുമുട്ടു സാധനങ്ങള്‍ക്കിടയിലോ ഇരുന്ന് ഉറങ്ങുന്നുണ്ടാവും.സംഗതി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ നമ്മുടെ ആവലാതി ഒഴിഞ്ഞു.ശരിക്കും കുട്ടികളെ വളര്‍ത്തുന്നതിന്‍റെ പങ്കപ്പാട് ഞാന്‍ കുറേയൊക്കെ മനസ്സിലാക്കിയത് ഇതോടെയാണ്.
അങ്കണവാടിയായ് വീട് മാറി.പിന്നെ പരിശീലനപ്പറക്കല്‍ നടുമുറിയിലൂടെയായി.വിമാനങ്ങള്‍ പറന്നിറങ്ങുകയും ഉയരുകയും ചെയ്യുന്ന വിമാനത്താവളം.പറക്കുന്ന പക്ഷികളെ മുട്ടാതെ നടക്കേണ്ട അവസ്ഥയായി എനിക്ക്.തരിപോലും പേടിയില്ല വല്യ രണ്ടു കിളികള്‍ക്കും.വാസ്തവത്തില്‍ അവരുടെ ഔദാര്യം പോലെയായിരുന്നു ആ ദിവസങ്ങളിലെ എന്‍റെ അവിടുത്തെ താമസം.അതായത് രാത്രി കുട്ടികള്‍ രണ്ട് അഴകളിലുമായിട്ടാവും ഇരുന്ന് ഉറങ്ങുന്നത്.അഴയില്‍ വിരിച്ചിട്ട തോര്‍ത്തു പോലും എനിക്കടുക്കാനാവില്ല.അഴയനങ്ങിയാല്‍ അവരുടെ ഉറക്കം പോകുമല്ലോ.ഉറക്കം കാണാനും നല്ല രസമാണ്.തല എവിടെയാണെന്ന് മനസ്സിലാവില്ല.തല ദേഹത്ത് എവിടെയോ തിരുകിയിട്ടാണ് ഉറക്കം.അഴയില്‍ ഉരുണ്ട എന്തോ സാധനമിരിക്കുന്നതുപോലെയേ നമുക്കു തോന്നു.ഇതാണോ വളര്‍ന്ന് തൊപ്പിയും വാലും നിറവും കൊക്കുമുള്ള പക്ഷിയാവുന്നത്..?ഞാന്‍ ഏറെ നേരം സന്തോഷത്തോടെ നോക്കിനില്‍ക്കും.വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്പോള്‍ നമ്മള്‍ ഒച്ചയനക്കങ്ങള്‍ ഒഴിവാക്കുമല്ലോ.
ഒരു ദിവസം വൈകിട്ട് പുറത്തുപോകാനായി ഞാന്‍ കുളിച്ചൊരുങ്ങി ആ മുറിയില്‍ ചെന്നു.അവരോട് പറയാതെ പോകാന്‍ തോന്നാറുണ്ടായിരുന്നില്ല.എന്‍റെ വീടിന്‍റെ ചലനം അവരായിരുന്നല്ലോ.ചൈതന്യവും.പക്ഷേ രണ്ടെണ്ണത്തില്‍ ഒരാളെ കാണാനില്ല.കാണാതായതാണ് അത്യാവശ്യം പറക്കാറായത്.ഞാന്‍ കുറേ തിരഞ്ഞു.ഒടുക്കം മുന്നിലെ ടെറസ്സില്‍ ചെന്നപ്പോള്‍ ദാ കക്ഷി അവിടെ ഇരിക്കുന്നു.കിട്ടു മുതല്‍ നാലഞ്ച് പൂച്ചകള്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്ന പരിസരമാണ് ഇത്.മണം കാറ്റില്‍ പരക്കാനും അവന്മാരുടെ മൂക്കിലെത്താനും അധികനേരം വേണ്ട.അതിനെ അവിടെ ഇരുത്തി ഞാനെങ്ങനെ മനസ്സമാധാനത്തോടെ പുറത്തുപോകും.!എനിക്കിതിനെ എടുത്ത് അകത്തു വയ്ക്കാം.പക്ഷേ എന്‍റെ മണം പുരണ്ടിട്ട് അതിനെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചാലോ.തനിയെ അധികം പറക്കാനും തീറ്റതേടാനും ആയിട്ടുമില്ല.ഞാന്‍ ശൂ..ശൂ...എന്നൊക്കെ കുറേ ഒച്ചവച്ചുനോക്കി.പേപ്പറെടുത്ത് അരികില്‍ തട്ടി അകത്തേക്ക് ഓടിച്ചുകയറ്റാന്‍ നോക്കി.അത് തമാശക്കളിയിലാണ്.അങ്ങുമിങ്ങും പറന്നുമാറും.അകത്തേക്കുമാത്രം കേറില്ല.എത്രപറഞ്ഞാലും കേള്‍ക്കാത്ത കളി.കുറുന്പ്.
ഒടുക്കം എന്‍റെ പുറത്തുപോകല്‍ മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.സമയം അപ്പോള്‍ സന്ധ്യ കഴിഞ്ഞിട്ടുണ്ട്.പിന്നെ ഒരു തോന്നലിന് ഞാന്‍ ജനലുകള്‍ മലര്‍ക്കെ തുറന്നിട്ടു.അപ്പോള്‍ എന്തുകൊണ്ടോ അത് അകത്തേക്ക് പറന്നുവന്നു.വലിയ ആശ്വാസത്തോടെ ഞാന്‍ എല്ലാം അടച്ചുപൂട്ടി പുറത്തുപോയി.
ഇങ്ങനെയായിരുന്നു ജനുവരിയിലെ എന്‍റെ ദിനരാത്രങ്ങള്‍.ശരിക്കും ആഹ്ലാദകരം.വീട് നിറയെ അനക്കം.തിളക്കം.ഉത്സാഹം.
എത്ര വേഗത്തിലാണ് കിളിക്കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായത്..അവയ്ക്ക് ഭംഗി വന്നത്..അവ തനിയെ പറക്കാറായത്..എത്ര ഇണക്കത്തിലാണ് അവ എന്നോട് പെരുമാറിയിരുന്നത്...സത്യത്തില്‍ ചെറിയ വേദന തോന്നി.അത്ര വേഗം അവ വലുതാകേണ്ടിയിരുന്നില്ല.ഇനി എപ്പോള്‍ വേണമെങ്കിലും അവയ്ക്ക് പറന്നുപോകാം.അതേപോലെ തന്നെ സംഭവിച്ചു.
ഒരു ദിവസം പുറത്തുപോയി രാത്രി ഞാന്‍ തിരിച്ചെത്തുന്പോള്‍ മുറി ശൂന്യമായിരുന്നു.ഇരുവരും വലുതായതില്‍ പിന്നെ കൂട്ടില്‍ക്കിടപ്പ് അവസാനിപ്പിച്ച് അഴയിലോ ജനല്‍ക്കന്പികളിലോ ആയിരുന്നു ഉറക്കം..ഇപ്പോള്‍ കൂടും ശൂന്യമായി,വീടും ശൂന്യമായി.
ഒരു കാര്യത്തില്‍മാത്രം വല്ലാത്ത ദുഖം തോന്നി.നാലാള്‍ക്കും എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നു.ഞാനുള്ളപ്പോള്‍ എന്‍റെ മുന്നിലൂടെ മക്കളെ പറത്തിക്കൊണ്ടുപോകാമായിരുന്നു.അതെനിക്ക് നിറയെ സന്തോഷമായേനെ.ഇതിപ്പോള്‍ എനിക്കറിയില്ല.അവര്‍ പറന്നുപോയതുതന്നെയാണോ എന്ന്.ഞാന്‍ ദുഖത്തോടെ നിലത്തുനോക്കി.അവര്‍ തിന്ന കുരുമുളക് മണി പോലത്തെ എന്തോ കായകള്‍ നിലം നിറയെ ചിതറിക്കിടക്കുന്നു.നിലത്തും ഇരുഭാഗത്തെയും ജനാലപ്പടിയിലും മറ്റു വസ്തുക്കളിലും ഉണങ്ങിയ കിളിക്കാട്ടം.പഴച്ചാറ് പിഴിഞ്ഞപോലെ തറനിറയെ കിളിത്തൂറല്‍.അന്നുരാത്രി ഈ വീട്ടില്‍ ഞാനനുഭവിച്ച ഏകാന്തതയാണ് ഏകാന്തത.എന്തൊരു നിശ്ശബ്ദതയായിരുന്നു ഇവിടെ.കണ്ണടച്ചാല്‍ തലങ്ങും വിലങ്ങും പറക്കുന്ന കിളികളും മക്കളുമായിരുന്നു മനസ്സില്‍.
പിറ്റേന്ന് കാലത്ത് ഞാനെന്തോ ചെയ്യുന്പോള്‍ ഒരനക്കം കേട്ടു.ജനല്‍ക്കന്പിയില്‍ ആ അച്ഛന്‍കിളിയും അമ്മക്കിളിയും.അവര്‍ തിരിച്ചുവന്നതോ എന്നെ കാണാന്‍ വന്നതോ.അടുത്തേക്ക് ചെന്ന് ഞാന്‍ ചോദിച്ചു.
''എവിടെ കിളിക്കുട്ടികള്‍...?''
അവര്‍ ഒന്നും പറഞ്ഞില്ല.മുറിയില്‍ ഒന്നു വട്ടം ചുറ്റിയിട്ട് രണ്ടാളും പുറത്തേക്ക് പറന്നുപോയി. യാത്ര പറയാനോ പറയാതെ മക്കളെ കൂട്ടി പോയതിന് ക്ഷമാപണം നടത്താനോ അവര്‍ വന്നത്.?അറിയില്ല.പിന്നീട് ഇന്നുവരെ അവര്‍ വന്നിട്ടുമില്ല.ആ മക്കള്‍ വലുതായി എന്‍റെ മുന്നിലൂടെ പറന്നാലും ഞാനവരെ ഇനി തിരിച്ചറിയുകയുമില്ല.ആ അച്ഛന്‍കിളിയെയും അമ്മക്കിളിയെയും പോലും അറിയുകയില്ല.അത്രയ്ക്കുണ്ട് നിസ്സാരനായ എന്‍റെ അറിവ്.
ഇപ്പോഴും ആ കൂട് അതേപടി ജനല്‍ക്കന്പിയിലുണ്ട്.കഴിഞ്ഞദിവസം വെറുതെ ഞാന്‍ കയറിനോക്കി.അതിനകത്ത് മാറാല നിറഞ്ഞിരിക്കുന്നു.ഉള്ളു നൊന്തു.എന്നിട്ടും കൈതൊട്ട് കൂട് വൃത്തിയാക്കാന്‍ തോന്നിയില്ല.അവര്‍ ഇനി ഈ കൂട് ആശ്രയിക്കുകയില്ലെന്നറിയാം.എങ്കിലും എന്‍റെ മണം പരന്നിട്ട് കൂടിനൊരു ദോഷവും വരേണ്ട..!