Tuesday, February 26, 2013

കലാമണ്ഡലത്തിലെ സന്ധ്യ


ളികണ്ട് നടന്ന കാലം പോയിമറഞ്ഞിട്ട് നാളേറെയായി.ചെറുതുരുത്തിയിലൂടെ തലങ്ങും വിലങ്ങും പോയപ്പോളൊന്നും കയറിയില്ല.ബഹുദൂരം തീവണ്ടി കയറി ശാന്തിനികേതനത്തില്‍ പോയി തങ്ങിയിട്ടും നാട്ടിലെ പുഴയോട് അന്യം തോന്നി.കാലം നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി.അങ്ങനെ 
കലാമണ്ഡലത്തില്‍ പോയി.ആദ്യമേ മഹാകവിയുടെ ശവകുടീരം കണ്ടുവണങ്ങി.മനസ്സില്‍ ക്ഷമാപണം നടത്തി.ബംഗാളത്തില്‍ ടാഗോറും കേരളത്തില്‍ വള്ളത്തോളും ചെയ്തത് മഹാകര്‍മ്മമാണ്.അത് നിളയിലെ മണല്‍ത്തരിപോലും അംഗീകരിച്ചു. ഇനിയും നൂറ്റാണ്ടുകള്‍ തലമുട്ടിച്ച് ക്ഷമ യാചിച്ചാലും നമ്മുടെ അറിവില്ലായ്മയ്ക്കും അംഗീകരിക്കാനുള്ള മടിക്കും പ്രായശ്ചിത്തമാവില്ല.അത് നിശ്ചയം.ഇന്നും കല പഠിക്കുക എന്നാല്‍ മ്ലേച്ഛം.കലാകാരി അപഥസഞ്ചാരിണി.കലാകാരന്‍ ഇരക്കാന്‍ യോഗം ചെയ്ത ഭാഗ്യദോഷി.ഇതാണ് മനോഭാവം.പക്ഷേ ഇവിടെനിന്നാണ് നാടറിഞ്ഞ കലാകാരന്മാര്‍ പുംഗവന്മാരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്.കഴിവ് കാണിച്ച് ക്ഷണിച്ച് വരുത്തിയതാണ്.പണം കാണിച്ച് മയക്കി  കൊണ്ടുവന്നതല്ല.അതാണ് കല.അങ്ങനെയാണ് കലാകാരന്‍ .
കേളിക്കൈ ഉയരുന്നു.ആരാണ് ?പടിക്കലെ പാഴിലകള്‍ക്കിടയില്‍ പല്ലു കുത്തിയിരിക്കുന്ന മലയണ്ണാന്‍ !ലജ്ജ തോന്നി.നാടു മുഴുവന്‍ തെണ്ടിയിട്ട് കാലുകഴുകാതെ സ്വന്തം വീട്ടിലെ പൂജാമുറി കാണാന്‍ വരുന്ന വികൃതിക്കുട്ടിയെപ്പോലെയല്ലേ ഞാനെന്ന് ചോദിക്കുകയാവണം.നടന്നു.സ്ഥാപകനായ മഹാകവി നോക്കിനില്‍പ്പുണ്ട്.അങ്ങയെക്കാളും പ്രിയം തോന്നിയത് പി.എന്ന ഭൈരവനോടാണ്.(ഇതെഴുതുമ്പോള്‍പ്പോലും.പി ഛായ!) പക്ഷേ കേരളത്തിന്‍റെ മര്‍മ്മത്ത് സ്ഥാപിച്ച ഈ കര്‍മ്മത്തിന് പകരം വയ്ക്കാനോ തുല്യം വയ്കാനോ വള്ളത്തോളല്ലാതെ മറ്റൊരാള്‍  ഇനിയുണ്ടാവില്ല.വല്ലപാടും അനാദരവ് തോന്നിപ്പോയിട്ടുണ്ടെങ്കില്‍ മാപ്പ്.
പരിസരത്തെ നാനാജാതി മരങ്ങളോട് കുശുമ്പ് തോന്നി.ഇളംകൈ മേളപ്പെടുന്നത് നോക്കിക്കണ്ട് തലയാട്ടാനുള്ള ഭാഗ്യമുണ്ടായല്ലോ.അയലത്തെ മാളികകളോട് അരിശം തോന്നി.കൊട്ടിന്‍റെ ശ്രുതിയെ അപകടപ്പെടുത്താനല്ലേ നിങ്ങളുടെ ചുമരുകള്‍ക്ക് കഴിയൂ.
അകലെ നിന്ന് ഇലകടന്നെത്തുന്ന പോക്കുവെയില്‍ .പൊന്നിന്‍റെ നിറം തന്നെ.പഴുക്കടക്ക കൂട്ടിയിടുകയാണെന്ന് തോന്നും.പകല്‍ വരുന്ന ആശാന്മാര്‍ക്ക് മുറുക്കാനായി.ഞാനങ്ങനെ നടന്നു.
മനസ്സില്‍ പൊയ്പ്പോയ കാലത്തിന്‍റെ ഭാരം നിറയുന്നു.കളിവിളക്കുകളും നിദ്ര തീണ്ടാത്ത രാവുകളും അകലെയായി.ഇരുളില്‍ നിന്ന് തീമഞ്ഞ വെട്ടത്തില്‍ അലറി വരുന്ന വേഷങ്ങളും മയങ്ങി മയങ്ങി അരങ്ങ് കീഴടക്കുന്ന മോഹിനികളും വലിയ ഉയരത്തില്‍ മുന്നിലെത്തിയിരുന്നത് ഏത് കാലത്താണ്.കഥാപാത്രങ്ങളെ അസാധാരണമാക്കുന്ന വലുപ്പത്തില്‍ കാണാനുള്ള മനസ്സ് പോയ്മറഞ്ഞോ..ഒരു ചെറുകാറ്റ്.വിളക്കിലെ നാളം ഉലയുന്നു.കെട്ടുപോകാം.വേദി ഇരുളുകയാണ്..ഇരുണ്ടുതന്നെ കിടക്കുകയാണ്.
എണ്ണ പകര്‍ന്ന് വിരല്‍ മുടിയില്‍ തുടച്ച് വിളക്ക് ആളിക്കത്തിക്കാന്‍ വന്ന ആളെവിടെ.
ചുറ്റിനും നോക്കി.ആളൊഴിഞ്ഞ കളരികള്‍ മാത്രം.
ശാന്തിനികേതന്‍ ഇങ്ങനെയല്ല.രാവും പകലും സജീവമാണ്.സൈക്കിളുകളില്‍ ആണും പെണ്ണും ഇടകലര്‍ന്ന് ഒഴുകും.കലയുടെ പ്രവാഹം പോലെ.ശരിയാണ്.ഇത് കേരളവും അത് ബംഗാളവുമാണല്ലോ.
ശാന്തിനികേതനം പോലെ കലയ്ക്കും സംസ്കാരത്തിനും വേണ്ടി ഒരു വിദ്യാലയം.കേരള കലാമണ്ഡലം.ദേശത്തിന്റെ ഐശ്വര്യം.
പൈങ്കുളം രാമച്ചാക്യാര്‍ കളരിയും പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ കളരിയും തോട്ടശ്ശേരി ചിന്നമ്മു അമ്മ കളരിയും കണ്ടു നടന്നപ്പോള്‍ മനസ്സും വപുസ്സും സ്വസ്ഥമായി.ഒരണ്ണാന്‍ ഓടിവന്ന് വഴിമധ്യേ നിന്ന് എന്താ ഇത്ര വൈകിയേ,ഇവിടുത്തെ കുട്യോളൊക്കെ ഇന്നത്തെ പഠനം കഴിഞ്ഞ് പോയല്ലോ എന്ന് പരിഭവം പറഞ്ഞു.ഒഴിഞ്ഞുമാറിയാണ് ശീലമെന്നും അതുകൊണ്ട് കാണേണ്ടത് പലതും കാണാതെയും കിട്ടേണ്ടത് പലതും അറിയാതെയും പോകുന്നത് പതിവാണെന്ന് മറുപടി പറഞ്ഞു.
പഴയ കലാമണ്ഡലം പറമ്പിലെ പ്ലാവില്‍ നിറയെ ചക്ക കായ്ച്ചുനില്‍ക്കുന്നു.ഉണ്ണിമാങ്ങാപ്രായം വിട്ട മാങ്ങകള്‍ വെയിലത്ത് വാടി വീണു തുടങ്ങിയിട്ടുണ്ട്.അവരെ നോക്കാന്‍ ആശുപത്രികളോ പരിചാരകരോ ഇല്ലെന്ന് സങ്കടം തോന്നി.പുളിയിലിരിക്കുന്ന കിളി ചില്ലകളിലൂടെ നടക്കന്നതുപോലും ചിന്നമ്മു അമ്മയുടെ അനുഗ്രഹത്താലാണെന്ന് തോന്നും.നോക്കിനിന്നുപോയി.വീട്ടിലുണ്ടായിരുന്ന ചിലങ്കയെ ഓര്‍മ വന്നു.സദാ കിലുങ്ങുമായിരുന്ന ചിലങ്ക.മണികള്‍ നൂറല്ല ആയിരമെന്ന് കലമ്പുന്ന കാലം.ഗുരുവായൂര് ഉണ്ടാക്കാനേല്‍പ്പിച്ചു.അവിടെ പോയാണ് വാങ്ങിയത്.അത് കൈയിലിരുന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ട്.വെറുതെ നിലത്തുകിടന്ന ഇല തട്ടിനീക്കി.
വേഷത്തിന്‍റെ കളരിമുറ്റത്ത് പൊതിയഴിച്ച് മുറക്കാനിരുന്ന കീരി തലപൊക്കി നോക്കി പറഞ്ഞു.അപ്പുറത്ത് പുഴയുണ്ട്.ചെന്നാല്‍ മണല്‍ നോക്കിയിരിക്കാം.ചന്തി പൊള്ളിപ്പൊങ്ങും.അതാ കഷ്ടം.മഹാകവിയുടെ പ്രതിമയുടെ വേഷ്ടിയില്‍ കേറിയിരിക്കുന്ന കുരുവി അങ്ങുമിങ്ങും നോക്കി  എന്നെ സമാധാനിപ്പിക്കാനെന്നതുപോലെ കവിയുടെ നാലുവരി പാടി.അകത്ത് വേനല്‍ പിളര്‍ത്തി നാലഞ്ചുതുള്ളി നീര് വീണു.ആദ്യം കണ്ട അണ്ണാനല്ല മറ്റൊരാള്‍ ഓടിവന്ന് പിന്നില്‍ നിന്നു പറഞ്ഞു.ഒരീസം  പകല്‍ വരൂ.വാടാത്ത വെറ്റില കൂട്ടി മുറുക്കാം.നളിനകാന്തികള്‍ കാല്‍ വിടര്‍ത്തി അമര്‍ത്തി ചവിട്ടുന്ന താളത്തില്‍ രണ്ട് പദം ചൊല്ലാം.
വേണ്ട.അതു വേണ്ട.കാണാന്‍ വയ്യ.മനസ്സില്‍ പറഞ്ഞു.പിന്നെ മനസ്സ് സുഖമാവാന്‍ 
ഓര്‍മയില്‍ നിന്നെടുത്ത് പാടി.
-കുവലയ വിലോചനേ..ബാലേ..
ഭൈമീ കിസലയാധരേ..ചാരുശീലേ..
നവയൌവനവും വന്നു നാള്‍തോറും 
വളരുന്നു..കളയൊല്ലേ വൃഥാകാലം നീ..!
എത്രകാലം മുമ്പ് കേട്ടതാണ്.
ദേഷ്യപ്പെട്ടും ചവിട്ടിക്കുതിച്ചും നീ പോകുന്നതിനുമുമ്പ്..കാല്‍പ്പടങ്ങള്‍ കോര്‍ത്ത് നീട്ടിവച്ച് നീ പാടിയിരുന്ന കീര്‍ത്തനങ്ങള്‍ ..അതും മറന്നു.എല്ലാം മറന്നു..കേള്‍വി എന്നത് വിരസസ്വരങ്ങള്‍ മാത്രം കേള്‍ക്കാനുള്ളതായി.
പടിക്കെട്ടിലിരുന്ന് സ്വയം പറഞ്ഞു.
ജന്മം ഇങ്ങനെയാവണമെന്നുണ്ടാവും.


കണ്ണൂര്‍ കോടിയേരി ദേശീയ വായനശാല പ്രവര്‍ത്തകര്‍  കൂട്ടിക്കൊണ്ടുവന്ന ഇരുപത്തഞ്ചോളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടാണ് ഞാന്‍ ചെന്നത്.എന്തു പറയണമെന്നറിയില്ലായിരുന്നു.പുതിയ അറിവുകളുള്ള കുട്ടികളാണ്.അത് ശരി വയ്ക്കും പോലെ അവര്‍ ആദ്യത്തെ ചോദ്യം ചോദിച്ചു.
'എന്താണ് താങ്കളുടെ പേരിന്‍െ അര്‍ത്ഥം.?'
ഞാന്‍ പറഞ്ഞു.
'പേരിന്‍റെ അര്‍ത്ഥം പോലെ ജീവിക്കാന്‍ കഴിയാത്ത ഒരാളുടെ സങ്കടമെന്നാണ് ഈ പേരിന്‍റെ പുതിയ അര്‍ത്ഥം.'


Monday, February 25, 2013

ചിലതെനിക്ക് പറയാതെ വയ്യ

നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പ്രപഞ്ചം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പുഞ്ചിരി തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സുഗന്ധം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ശരീരം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ രുചി തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്നിഗ്ധത തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ഉന്മാദം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ദേഷ്യം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്വകാര്യത തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പ്രണയം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ഞാന്‍ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ വീട് തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ നഗരം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ കടല്‍ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്ത്രീ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ആഘോഷം തന്നെ എന്ത് എന്നെനിക്ക്  തോന്നുന്നത്.
എന്‍റെ മനോമോഹന ഗാനമേ...
നീ അരികില്‍ വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കുന്നുണ്ടന്ന് തോന്നുകയില്ല.അങ്ങനെ തോന്നണമെങ്കില്‍ നിന്‍റെ ശ്വാസമെനിക്ക് മധുരിക്കണം.
കുളിമുറിയിലും പൂജാമുറിയിലും ഭക്ഷണമുറിയിലും കിടപ്പറയിലും പൊതുസ്ഥലങ്ങളിലും നീ വന്ന് നിറയൂ..പൂക്കള്‍ പോലെ.ശലഭങ്ങളെപ്പോലെ.പക്ഷികളെപ്പോലെ.ഇല്ലെങ്കില്‍ മരിച്ചുപോകുകയൊന്നുമില്ല.പക്ഷേ ദ്രവിച്ചുപോകും.കടലരികില്‍ അടിഞ്ഞുകിടക്കുന്ന കള്ളന്മാരുപേക്ഷിച്ച കപ്പല്‍ പോലെ ഞാന്‍ ദ്രവിച്ചില്ലാതാകും.
ഇത്രയും പറയാനാണ് ഇപ്പോള്‍ വന്നത്.
ഇത്രയും പറയാന്‍ മാത്രം.

Tuesday, February 19, 2013

രണ്ടു ഭാവങ്ങളില്‍ നാം.

ഞാന്‍ 

അരികില്‍ വന്നു നില്‍ക്കണം..വെറുതെ.. പരിസരത്തുണ്ടെന്നറിഞ്ഞാല്‍ മതി എനിക്ക്.പിന്നെ പൊക്കോളൂ..പോയിട്ട് വരണം.രണ്ടുനിമിഷം കഴിയുമ്പോള്‍ ..അടുത്തുതന്നെയുണ്ടെന്നറിയാനാണ്.വന്നിട്ടുപോയാലും വരണം.വന്നുവെന്നറിയിച്ച് പോകണം.പോയിട്ടും സാന്നിധ്യമറിയിക്കണം..പോയിട്ടില്ലെന്ന് കാറ്റിനോട് പറഞ്ഞുവിടണം.പോകില്ലെന്നും.
ഇടക്കിടെ വഴക്കിടണം..ദേഷ്യം വരുന്നത്ര സംസാരിക്കണം..എന്നിട്ട് മാറിനില്‍ക്കണം.എനിക്ക് വരാനാണ്.പിന്നിലൂടെ..പതിയെ..അടുത്തുവന്ന് മുഖം കൈയിലെടുത്ത് നോക്കാനാണ്.കണ്ണുകള്‍ .കവിള്‍ത്തടങ്ങള്‍ ..മൂക്കിന്‍ ചരിവുകള്‍ ..മുടിയിഴകള്‍ ..നോക്കിനോക്കിനില്‍ക്കേ നീ ശുണ്ഠിയിടണം.എന്നിട്ടങ്ങ് തെന്നിപ്പോകണം..പറയുന്നതിനെല്ലാം കുറ്റപ്പെടുത്തണം..കളിയാക്കണം..അപ്പോഴുമെനിക്ക് വിടാതെ പിടിക്കണം..പിടിച്ചുപിടിച്ചു നീ കുതറണം.കുതറിക്കുതറി എനിക്കു ദേഷ്യം വരുന്നത്ര കുതറണം..എന്നിട്ട് അകലെപ്പോയിരിക്കണം.അപ്പോളും എനിക്ക് വരണം..നിന്നിലേക്ക്..നിന്നിലേക്ക്..നിന്നിലേക്കല്ലാതെ എവിടേക്കാണ് ഞാനോടിവരേണ്ടത്.

നീ

മിണ്ടാതെയിരിക്കണം.അടുത്തുവരരുത്.വിളിക്കരുത്.മിണ്ടരുത്.ചോദിക്കുന്നതിന് മറുപടി പറയരുത്.ഇവിടെയുണ്ടെന്ന് പരിഗണിക്കരുത്.ഇടക്കിടെ ആവശ്യങ്ങള്‍ക്ക് വന്നുനോക്കിപോകുമല്ലോ..ആവശ്യങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ .എന്നിട്ട് അവിടെ പോയി ഇരുന്നോണം.വല്യ ആളല്ലേ..അടുത്തുവരുന്നതും മിണ്ടുന്നതും വല്യഭാവം കുറച്ചെങ്കിലോ.ഒന്നു മുഖം കനപ്പിച്ച് പിടിച്ചാല്‍  കള്ളത്തരത്തില്‍ അടുത്ത് വരും..മുഖഭാവം ഇത്തിരി അയഞ്ഞാല്‍  വരുന്ന വഴിക്ക് തെന്നിപ്പോകാനും മതി.മഹാകള്ളനാണ്.എനിക്കറിയാം.അടുത്തുവന്നാലോ  തൊടുകയാണെന്ന് ഭാവിക്കും.ഇത്തിരി മുറുക്കിപ്പിടിച്ചാലെന്താ..വെണ്ണയല്ലല്ലോ ഞാന്‍ അമര്‍ത്തിപ്പിടിച്ചാല്‍ അലിഞ്ഞുപോകാന്‍ ..എനിക്ക് വേദനിക്കുകയില്ലെന്ന് ഇനിയെപ്പോഴാ മനസ്സിലാക്കുക..ഒരിക്കലും അത് മനസ്സിലാക്കില്ലെന്ന് മനസ്സിലാകുമ്പോള്‍ ഞാനങ്ങ് മാറിപ്പോകും.എന്നാലും തേടിവരും.വരാതിരിക്കില്ലെന്നറിയാം..വന്നിട്ട് പതിയെ പിടിക്കും.പൂവ് പൊട്ടിക്കാതെ തണ്ടോടെ ചേര്‍ത്ത് മുഖത്തമര്‍ത്തുംപോലെ പിടിക്കും.വാസനിക്കും. എനിക്കറിയാം..അങ്ങനെയേ പിടിക്കൂ..എനിക്ക് ചോദിക്കാന്‍ തോന്നും.എന്നാണൊന്ന് മുറുക്കി മുറുക്കി മുറുക്കി പിടിച്ച് ശ്വാസം മുട്ടിക്കുക..ഇല്ല.തഴുകുകയേയുള്ളൂ..പതിയെ പതിയെ..
എങ്കിലും എനിക്ക് വരണം ആ തഴുകലിലേക്ക്..അല്ലാതെവിടേക്ക് ചെന്നാലാ എനിക്ക് സ്വാസ്ഥ്യമുണ്ടാവുക.

നമ്മള്‍ 

അനുരാഗികളാണ് നാം.
ഉണരുന്നതും ഉറങ്ങുന്നതും ഒരേ ശ്വാസത്തിലൂടെയായ ഒരമ്മ പെറ്റ മക്കളെപ്പോലുള്ള അനുരാഗികള്‍ .
എന്നിട്ടുമെനിക്ക് വേണ്ടത്ര വെറുക്കാതെ വയ്യ.നിനക്കും. അതാണല്ലോ ശുദ്ധസ്നേഹം.



Tuesday, February 12, 2013

കുടുംബശ്രീ

കഥ

ബാങ്കിലെ ആവശ്യം കഴിഞ്ഞിറങ്ങുമ്പോള്‍ വല്ലാതെ സമയം വൈകിയതായി അനിതയ്‌ക്ക്‌ മനസ്സിലായി.
ഇനി വീട്ടിലേക്ക്‌ പോകാനായാലും മകനെ വിളിച്ചുകൊണ്ടുവരാന്‍ സ്‌കൂളിലേക്ക്‌ പോകാനായാലും ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ കാണാന്‍ പോകാനായാലും സമയമില്ല.പന്ത്രണ്ടരയ്‌ക്ക്‌ സ്‌കൂളിലെത്തിയില്ലെങ്കില്‍ പപ്പു പേടിക്കും.മറ്റ്‌ കുട്ടികളൊക്കെ അവരെ കാത്തുനില്‍ക്കുന്ന രക്ഷിതാക്കളുടെ വാഹനങ്ങളില്‍ കയറി കൈവീശി പോകാന്‍ തുടങ്ങുന്നതോടെ അവന്റെ കുഞ്ഞിച്ചുണ്ടുകള്‍ പതിയെ വിറയ്‌ക്കാന്‍ തുടങ്ങും.തന്നെ കാണുംവരെ ആ വിറയലുണ്ടാകും.കാണുന്നതോടെ മുഖത്തെ ചുവപ്പിക്കുന്ന ഒരു വിതുമ്പലായി അതുമാറുകയും ചെയ്യും.എത്രനേരം മാറിലമര്‍ത്തി നിന്നാലാണ്‌ അതൊഴിയുക എന്നു പറയാനും പറ്റില്ല.അനിതയെ പരിഭ്രമം ബാധിക്കാന്‍ തുടങ്ങി.
തെരഞ്ഞെടുത്ത ചെറിയ കുട്ടികള്‍ക്കായി നല്‍കുന്ന പ്രശ്‌നോത്തരി മത്സരപ്പരിശീലനത്തില്‍ പങ്കെടുക്കാനാണ്‌ ശനിയാഴ്‌ചയായിട്ടും പപ്പു സ്‌കൂളില്‍ പോയിരിക്കുന്നത്‌.കൈയിലുള്ള ചെക്കുബുക്കുകളും പേനയും തൂവാലയും പേഴ്‌സും കുടയും വച്ച ചെറിയ തുണിസഞ്ചി കൈയില്‍ തൂക്കി അനിത വേഗം ബാങ്കിനുതാഴേക്കെത്തി.
അവള്‍ മൊബൈല്‍ ഫോണെടുത്ത്‌ സമയം നോക്കി.ഉച്ച പന്ത്രണ്ടായിട്ടുണ്ട്‌.പപ്പുവിന്റെ പഠനസമയം തീരാന്‍ ഇരുപത്‌ മിനിട്ടോളം കാത്തുനില്‍ക്കേണ്ടിവരുമെങ്കിലും നേരെ സ്‌കൂളിലേക്ക്‌ പോകുന്നതാണ്‌ നല്ലത്‌.യാത്രക്കാരനില്ലാതെ ഓടിവന്ന ഓട്ടോറിക്ഷയ്‌ക്ക്‌ അനിത കൈകാണിച്ചു.
റിക്ഷയിലേക്ക്‌ കയറും മുമ്പ്‌ അനിതയുടെ തലച്ചോറില്‍ അടിയന്തിരമായ ഒരു അടയാളം കൊമ്പുകുത്തിവീണു.`സൂക്ഷിക്കണം വൈകാതെ എന്തോ സംഭവിക്കാന്‍ പോകുന്നു' എന്നതായിരുന്നു അത്‌.അനിത ഓട്ടോഡ്രൈവറെ ശ്രദ്ധിച്ചു.ശരീരചലനങ്ങളില്‍ അക്ഷമ പ്രകടിപ്പിക്കുന്നതും വിയര്‍പ്പു പൊടിഞ്ഞ നെറ്റിയുള്ളതുമായ മദ്ധ്യവയസ്‌കനായിരുന്നു റിക്ഷാസാരഥി.അവള്‍ക്ക്‌ അവിശ്വാസം തോന്നിയില്ല.
``പ്രസിഡന്‍സി സ്‌കൂള്‍.''
റിക്ഷയെ റോഡില്‍ തിരിച്ചെടുത്ത്‌ അയാള്‍ സ്‌കൂളിലേക്കുള്ള അനുബന്ധവഴിയിലേക്കിറക്കി.നീളത്തില്‍ കിടക്കുന്ന തണലുകളുള്ള ഇടുങ്ങിയ വീഥി.രാവിലെയും വൈകുന്നേരത്തും മാത്രം തിരക്കനുഭവപ്പെടുന്ന വഴിയായിരുന്നു അത്‌.
അനിത സഞ്ചി മടിയില്‍വച്ച്‌ മൊബൈല്‍ ഫോണെടുത്ത്‌ സന്ദേശങ്ങള്‍ വല്ലതും വന്നിട്ടുണ്ടോ എന്നുനോക്കി.അതുകഴിഞ്ഞ്‌ ബാങ്കില്‍ നിന്നിറങ്ങി ശേഷം മകനെ കൂട്ടാന്‍ താന്‍ സ്‌കൂളിലേക്ക്‌ പോകുന്നു എന്നൊരു സന്ദേശം നഗരത്തില്‍ തന്നെ ജോലിചെയ്യുന്ന ഭര്‍ത്താവായ ഉണ്ണിക്കയച്ചു.അതുംകഴിഞ്ഞ്‌ അവള്‍ പുറത്തേക്കുതന്നെ നോക്കിയിരുന്നു.അപ്പോഴവള്‍ ആലോചിച്ചുകൊണ്ടിരുന്നത്‌ റിക്ഷയില്‍ കയറും മുമ്പ്‌ തനിക്കുലഭിച്ച അജ്ഞാതമായ അടയാളത്തെപ്പറ്റിയായിരുന്നു.
മകന്‍ വല്ല വികൃതിയും കാണിച്ചിട്ടുണ്ടെങ്കിലും തട്ടിത്തടഞ്ഞ്‌ വീണ്‌ ദേഹം മുറിച്ചിട്ടുണ്ടെങ്കിലും ഇതിനകം സ്‌കൂളില്‍നിന്ന്‌ ടീച്ചര്‍മാരിലാരെങ്കിലും വിളിച്ചുപറയാതിരിക്കില്ലെന്നും അനിതയ്‌ക്കറിയാം.പിന്നെ എന്തായിരിക്കും തന്റെ തലച്ചോറ്‌ മുന്നറിയിപ്പ്‌ നല്‍കിയ തനിക്ക്‌ സംഭവിക്കാന്‍ പോകുന്ന കാര്യം?
ആ നിമിഷം അനിത ഉള്ളിലകപ്പെട്ട തീച്ചൂടോടെ ഭര്‍ത്താവിനായിരിക്കുമോ എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടാവുക എന്ന്‌ ചിന്തിച്ചു.മനസ്സിലൂടെ പലതരം ചിത്രങ്ങള്‍ വന്ന്‌ മിന്നിപ്പോയി.വല്ലാതെ ഭയക്കാനും കാലുകളുടെ അടിഭാഗം തണുത്തുറയാനും അത്രയും ആലോചിച്ചാല്‍ മതിയായിരുന്നു അനിതയ്‌ക്ക്‌.ഓടുന്ന വാഹനത്തിലിരിക്കുകയാണ്‌ താനെന്ന ബോധംപോലും അവള്‍ക്ക്‌ നഷ്‌ടമാകാന്‍ അധികനേരം വേണ്ടിവന്നില്ല.
നഗരത്തിലെ ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്നു ഉണ്ണി.പലപ്പോഴും ബൈക്കിലും കാറിലും നഗരത്തിരക്കില്‍ യാത്ര ചെയ്യുന്നയാള്‍.അനിത വേഗം ഉണ്ണിയെ ഫോണ്‍ ചെയ്‌തു.അയാള്‍ തന്നെയാണ്‌ ഫോണെടുത്തത്‌.
``എന്താ അനീ..സ്‌കൂളിലെത്തിയോ?''
``ഇല്ല.എത്താറായി.എവിടെയാ?''
``ഞാന്‍ സൈറ്റില്‍.ങും?''
``ഒന്നൂല്യ.പെട്ടെന്ന്‌ വിളിക്കാന്‍ തോന്നി.''
``താന്‍ കാര്യം പറയെടോ.''
``ഒന്നൂല്യ ഉണ്ണിയേട്ടാ,ഭര്‍ത്താവും മക്കളും ഒക്കെ നന്നായിത്തന്നെയിരിക്കുന്നോ എന്ന ആധി കേറുമ്പോ വിളിക്കുന്നതാ.മിണ്ടാണ്ട്‌ ജോലി ചെയ്‌തോളൂ.''
മറുവശത്ത്‌ ഉണ്ണിയുടെ ചിരി.ഉണ്ണി പറഞ്ഞു.
``നിനക്കുടനെ ജോലിയാക്കിത്തരുന്നുണ്ട്‌.ഇനി അതാ വേണ്ടത്‌.''
അനിത ഒന്നും പറയാതെ ഫോണ്‍ വച്ചു.പപ്പു സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഇനി ജോലിക്കുപോയിത്തുടങ്ങാം എന്ന്‌ അനിതയും വിചാരിച്ചു തുടങ്ങിയിരുന്നു.അനിത ആലോചിച്ചത്‌ മനസ്സില്‍ നേരത്തേ തോന്നിയ കറുത്ത വിചാരത്തെപ്പറ്റിയാണ്‌.എന്തിനോ മനസ്സില്‍ തോന്നിയ ആ സംഭ്രമം എങ്ങനെ അടക്കണമെന്നറിയാതെ അനിത കുഴങ്ങി.അനിതയുടെ ചിന്തകളെ മുറിച്ചുകൊണ്ട്‌ ഓട്ടോറിക്ഷ ഒരിടത്തായി ഒതുക്കിനിര്‍ത്തി ഡ്രൈവര്‍ തിരക്കിട്ടിറങ്ങിയത്‌ അന്നേരമാണ്‌.തൊട്ടടുത്ത തെരുവില്‍നിന്നും ഉച്ചയെ കീറി ചൂളംവിളിപോലെ ഏതോ വാഹനത്തിന്റെ ഹോണ്‍ മുഴങ്ങി.
പരിഭ്രമസ്വരത്തിലൂടെ `എന്താ' എന്ന്‌ അനിത ചോദിച്ചെങ്കിലും അയാളത്‌ ശ്രദ്ധിച്ചതുപോലുമില്ല.അനിതയെ ഗൗനിക്കാതെ തിരക്കിട്ട്‌ റിക്ഷയുടെ മുന്‍ഭാഗം പരിശോധിക്കുകയായിരുന്നു ഡ്രൈവര്‍.റിക്ഷാച്ചക്രത്തിനുമുന്നിലായി ആയിരത്തിന്റെ ഒരു കറന്‍സിനോട്ട്‌ നിവര്‍ന്നുകിടപ്പുണ്ടായിരുന്നു.തല പുറത്തേക്കിട്ട്‌ നോക്കിയ അനിത ഒരു ഞെട്ടലോടെ നെറ്റി ചുളിച്ചുപോയി.ഡ്രൈവര്‍ പണമെടുത്തു ചുറ്റിനും നോക്കി കൗശലത്തോടെ പോക്കറ്റില്‍ വച്ചു.അവിദഗ്‌ധനായ ഒരു കള്ളന്റേതുപോലെയായിരുന്നു അയാളുടെ ചലനങ്ങള്‍.
``ഹേയ്‌..എന്തായിത്‌..ആരുടെയാ ക്യാഷ്‌?''
അനിത ഉറക്കെ ചോദിച്ചു.
അതിനു മറുപടി പറയുന്നതിനുപകരം ഡ്രൈവര്‍ അവളെ ശ്രദ്ധിക്കാതെ പിന്നെയും പുറകിലേക്ക്‌ ഓടി.അനിതയും പുറത്തിറങ്ങി അയാള്‍ എങ്ങോട്ടാണ്‌ ആ വിധം ഓടുന്നതെന്ന്‌ നോക്കി.ഡ്രൈവര്‍ റോഡില്‍നിന്ന്‌ വീണ്ടും എന്തോ കുനിഞ്ഞെടുക്കുന്നത്‌ അവള്‍ അത്ഭുതത്തോടെ കണ്ടു.അതും ആയിരത്തിന്റെ പുത്തന്‍ താളുകളായിരുന്നു.അവള്‍ അങ്കലാപ്പോടെ അങ്ങോട്ട്‌ ഓടിച്ചെന്നു.അയാളപ്പോഴേക്കും റോഡിലാകെ തിരച്ചില്‍ നടത്തി നാലഞ്ച്‌ നോട്ടുകള്‍ കൂടി പെറുക്കിയെടുത്തു കീശയിലാക്കിക്കഴിഞ്ഞിരുന്നു.
ഒരു വിഡ്‌ഢിച്ചിരിയോടെ അയാള്‍ അവള്‍ കേള്‍ക്കാനായി പറഞ്ഞു.
``കള്ളനോട്ടാണോ എന്തോ..!''
``നല്ല നോട്ടായാലുമെന്താ.അത്‌ നിങ്ങള്‍ക്കുള്ളതല്ലല്ലോ.ആരുടെയോ കൈയില്‍ നിന്ന്‌ വഴിയില്‍ വീണുപോയതാണത്‌.അത്‌ തിരിച്ചുകൊടുക്കണം.''
റിക്ഷാക്കാരന്‍ അതുകേട്ട്‌ സ്വന്തം മുഖത്തെ ചിരി മായ്‌ച്ചുകളഞ്ഞതിനുശേഷം അനിതയെ ഒരു നോട്ടം നോക്കി.തലേദിവസം കണ്ട ഏതോ ദുസ്വപ്‌നത്തെ ഓര്‍ത്തെടുക്കുന്നതുപോലെയുള്ള ഒരു നോട്ടമായിരുന്നു അത്‌.ആ സമയത്ത്‌ പരിസരത്തെങ്ങും ചലനങ്ങളോ ശബ്‌ദങ്ങളോ ഉണ്ടായിരുന്നില്ല.എന്നിട്ടും അവള്‍ക്ക്‌ ഭയമൊന്നും തോന്നിയില്ല.എന്നുമാത്രവുമല്ല,കള്ളത്തരത്തിനു കൂട്ട്‌ നില്‍ക്കാനാവുകയില്ലെന്ന്‌ അവള്‍ മനസ്സാലെ തീരുമാനിക്കുകയും ചെയ്‌തിരുന്നു.
റിക്ഷാക്കാരന്‍ അനിതയെ തീര്‍ത്തും അവഗണിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
``വഴിയില്‍ കിടന്നു കിട്ടിയത്‌ നിങ്ങളുടെ പേഴ്‌സില്‍ നിന്നു വീണതല്ലല്ലോ.ഇതെന്തു ചെയ്യണമെന്ന്‌ എനിക്കറിയാം.''
``നിങ്ങളതെന്തു ചെയ്യും?അതാണു എനിക്കുമറിയേണ്ടത്‌?''
ഇത്തവണ റിക്ഷാക്കാരന്‍ ഒന്നുനിന്നിട്ട്‌ അവളെനോക്കി സഹതാപം നിറച്ച ഒരു ചിരി ചിരിച്ചു.പക്ഷേ അതില്‍ ഭയപ്പെട്ടുത്താന്‍ പോന്ന ഒരു സന്ദേശത്തെ അയാള്‍ ഒളിച്ചുവച്ചിട്ടുണ്ടായിരുന്നു.അനിതയ്‌ക്ക്‌ അത്‌ മനസ്സിലാകാതിരുന്നില്ല.അവളും അടുത്തതായി എന്തുവേണമെന്ന്‌ ഒന്നാലോചിച്ചുനില്‍ക്കേ അയാള്‍ ധൃതിവച്ച്‌ വണ്ടിയില്‍ കേറിയിരുന്നിട്ട്‌ അത്‌ ഓടിക്കാന്‍ തയ്യാറാക്കി.പിന്നെ തല പുറത്തേക്കിട്ട്‌ വരുന്നില്ലേ എന്ന മട്ടില്‍ അനിതയെ നോക്കി.വണ്ടി ഒരിരമ്പത്തോടെ മുന്നോട്ട്‌ കുതിക്കാന്‍ പോവുകയാണ്‌.അയാള്‍ അനിതയെ നിസ്സാരമാക്കുന്ന മട്ടില്‍ പറഞ്ഞു.
``നിങ്ങള്‍ കേറ്‌ പെങ്ങളേ..പ്രസിഡന്‍സി സ്‌കൂളിലല്ലേ പോകേണ്ടത്‌..''
അനിത നെറ്റിചുളിച്ച്‌ അയാളെ നോക്കിക്കൊണ്ട്‌ റിക്ഷയില്‍ തിരിച്ചുകയറി.നട്ടുച്ചയുടെ പൊട്ടിച്ചിരിത്തിളക്കം പോലെ ചുറ്റുപാടും വെയില്‍.അനിത അമ്പരന്നുനോക്കി.ആരെങ്കിലും ചോദിച്ചാല്‍ പുറത്തെ വെയിലിന്‌ ചൂടാണോ തണുപ്പാണോ എന്നു പറയാന്‍പോലും അവള്‍ക്കപ്പോള്‍ സാധിക്കുമായിരുന്നില്ല.
റിക്ഷാക്കാരന്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്‌ വണ്ടിയോടിക്കുന്നത്‌.അയാളുടെ കീശയില്‍ അയാളുടേതല്ലാത്ത ചുളിവുവീഴാത്ത ആയിരത്തിന്റെ നോട്ടുകള്‍ അയാളുടേതെന്നപോലെ മടങ്ങിക്കിടക്കുന്നുണ്ട്‌.ആ പണം ഏതെങ്കിലും ഭാഗ്യദോഷിയുടെതായിരിക്കുമെന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌.അനിത സങ്കടത്തോടെ ആലോചിച്ചുനോക്കി.അനിതയ്‌ക്ക്‌ ആരോടൊക്കെയോ നിസ്സഹായമായ ദേഷ്യവും തോന്നി.അപ്പോള്‍ തന്നിലുണ്ടാവുന്ന ഏതുവികാരത്തിനും പ്രകടമാവുന്നതിന്‌ പരിമിതികളുണ്ടെന്നതും അനിത നിവൃത്തികേടോടെ മനസ്സിലാക്കി.ഒരു മനുഷ്യനെ സംബന്ധിച്ച്‌ അതൊരു താഴ്‌ന്ന അവസ്ഥയായിരുന്നു.
യാത്രയിലുടനീളം അനിത അതുതന്നെ ആലോചിക്കുകയായിരുന്നു.പ്രധാന തപാല്‍നിലയവും ബാങ്കുകളും പ്രവര്‍ത്തിക്കുന്ന സജീവമായ റോഡാണ്‌ തൊട്ടപ്പുറത്തുള്ളത്‌.മിക്കവാറും നേരങ്ങളില്‍ ആളൊഴിഞ്ഞു കാണാറുള്ള ഈ ലിങ്ക്‌ റോഡാവട്ടെ അതിലേക്കുള്ള എളുപ്പമാര്‍ഗ്ഗവും.ബാങ്കിലോ തപാല്‍നിലയത്തിലോ പോയ ആരുടെയെങ്കിലും കൈയില്‍നിന്നു വീണതാവാം ആ പണം.പണം നഷ്‌ടപ്പെട്ട പരാതിക്കാരന്‍ ഇപ്പോള്‍ അധികാരികള്‍ക്ക്‌ മുന്നില്‍ സങ്കടക്കടലാസുമായി നില്‍ക്കുകയാവും.
ഒട്ടും മടിക്കാതെ അനിത ആവശ്യപ്പെട്ടു.
``വണ്ടി പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിടൂ..നമുക്കീ ക്യാഷ്‌ അവിടെ കൊടുക്കാം.''
അയാള്‍ വണ്ടിയുടെ വേഗം കുറയ്‌ക്കാതെതന്നെ ക്രൂരമായ ഒരു ഭാവത്തില്‍ തിരിഞ്ഞുനോക്കി.
``ഇതെന്തു കൂത്ത്‌.ആരുടെയോ പൈസ..അത്‌ കിട്ടിയത്‌ എനിക്ക്‌..ഇനിയിത്‌ ആരെ കണ്ടുപിടിച്ച്‌ കൊടുക്കാനാണ്‌.പൊലീസിനെ ഏല്‍പ്പിച്ചാല്‍ അവരിത്‌ വിഴുങ്ങും..അല്ലാതെ ഉടമസ്ഥരെ തേടിപ്പിടിച്ച്‌ ഏല്‍പ്പിക്കാനൊന്നും പോകുന്നില്ല.പൊലീസുകാരെയൊക്കെ എനിക്കറിയാം.''
എവിടെനിന്നോ ഒരു ധൈര്യം അനിതയിലേക്കെത്തി.അവള്‍ ഒച്ചപൊക്കി.
``സ്റ്റേഷനിലേക്ക്‌ വിട്‌.ബാക്കിയൊക്കെ ഞാന്‍ ചെയ്‌തോളാം.''
റിക്ഷാക്കാരന്‍ തിരിഞ്ഞുനോക്കാതെ അലക്ഷ്യമായി പറഞ്ഞു.
``ഓഹോ..ഓട്ടം വിളിച്ച സ്ഥലത്തേക്കല്ലാതെ ഒരിടത്തേക്കും ഞാനീ വണ്ടി ഓടിക്കില്ല.നിങ്ങളുടെ കൈയില്‍ ഒരു തെളിവുമില്ല ഞാനീ കാശ്‌ എടുത്തതിന്‌.ഉണ്ടോ.?ഉണ്ടെങ്കില്‍ തനിയെ പോയി കേസു കൊടുത്തോ.!''
ഡ്രൈവര്‍ പറയുന്നതുകേട്ട്‌ അനിത നിശ്ശബ്‌ദയായി.അയാള്‍ ആത്മവിശ്വാസത്തോടെ പറയുന്നതെല്ലാം വസ്‌തുതകളാണ്‌.അയാള്‍ പണമെടുക്കുന്നത്‌ മറ്റാരും കണ്ടിട്ടില്ല.താനത്‌ എങ്ങനെ തെളിയിക്കാനാണ്‌.പണം നഷ്‌ടപ്പെട്ടയാള്‍ പരാതി കൊടുത്തിട്ടില്ലെങ്കില്‍ പൊലീസിനും ഊഹത്തിന്റെ പേരില്‍ ഒന്നും ചെയ്യാനാവില്ല.ഒരു കറന്‍സിയിലും ഉടമസ്ഥന്റെ പേരെഴുതിവച്ചിട്ടില്ലല്ലോ.
അനിത അല്‌പം മുന്നോട്ടാഞ്ഞ്‌ ഡ്രൈവറോട്‌ തന്ത്രപരമായി പറഞ്ഞുനോക്കി.
``ചേട്ടാ,അതേതെങ്കിലും അത്യാവശ്യക്കാരന്റേതായിരിക്കും.ഉള്ളവന്റെ മുതലൊന്നും നിലത്തുപോകില്ല.വീണുപോകുന്ന പൈസയൊക്കെ പാവപ്പെട്ടവന്റെയാണെന്നല്ലേ വായിക്കണ വാര്‍ത്തേലൊക്കെ കാണാറ്‌.''
അനിതയെ നടുക്കുന്ന ഒരു തെറിവാക്ക്‌ ഉച്ചത്തില്‍ ഉച്ചരിക്കുകയാണ്‌ ആയാളാദ്യം ചെയ്‌തത്‌.അനിത അല്‌പം പിന്നോട്ടായിപ്പോയി അതുകേട്ടപ്പോള്‍.
റിക്ഷാക്കാരന്‍ കൂസലില്ലാതെ തുടര്‍ന്നുപറഞ്ഞു.
``ഇറങ്ങണ്ടിടത്ത്‌ എറങ്ങിക്കോണം.അല്ലെങ്കീ ചെലപ്പോ വീട്ടില്‍ ചെല്ലാന്‍ പറ്റീന്ന്‌ വരില്ല.''
അനിത നിശ്ശബ്‌ദയായി.
റിക്ഷാക്കാരന്‍ ഇപ്പോള്‍ സ്വസ്ഥനായി വണ്ടിയോടിച്ചുകൊണ്ട്‌ പാട്ടുപാടുകയാണ്‌.അയാള്‍ പാടുന്ന പാട്ട്‌ ഇനി ജീവിതത്തിലെപ്പോള്‍ കേട്ടാലും താന്‍ വെറുക്കുമെന്നും ഈ നിസ്സഹായമായ പകലിനെ ഓര്‍ക്കുമെന്നും ഉടനെ താന്‍ കാതടച്ചുപിടിക്കുമെന്നും അനിത തിരിച്ചറിഞ്ഞു.ജീവന്‍ പാതിയൊഴിഞ്ഞപോലെ അവളുടെ ദേഹം തളര്‍ന്നു.അവള്‍ പിന്നിലേക്ക്‌ ചാരിക്കിടന്നു.അടുത്തതായി എന്തുചെയ്യാനാവുമെന്നായിരുന്നു അപ്പോഴും അനിതയുടെ ആലോചന.ഉണ്ണിയെയോ മറ്റാരെയെങ്കിലുമോ വിളിച്ചറിയിക്കാനോ നടപടിയെടുപ്പിക്കാനോ ആ ഓട്ടോയിലിരുന്നുകൊണ്ട്‌ സാധിക്കുമായിരുന്നില്ല.അവള്‍ സെല്‍ഫോണിനെ കൈവെള്ളയിലിട്ട്‌ ഞെരിച്ചു.പിന്നെ പല്ല്‌ കടിച്ചു.പരമാവധി ഡ്രൈവറുടെ മുഷിഞ്ഞതും പാറിപ്പറന്നതുമായ പിന്‍തല കാണാതിരിക്കാനും ശ്രദ്ധ വച്ചു.സന്ദര്‍ഭത്തെ മറികടക്കാന്‍ അതുകൊണ്ടൊന്നും കഴിയുമായിരുന്നില്ലെങ്കിലും.
അനിത പുറത്തേക്ക്‌ നോക്കി.സ്‌കൂള്‍ എത്താറായിരുന്നു.ഒരു വളവ്‌ തിരിഞ്ഞ്‌ പ്രധാന നിരത്തിലേക്ക്‌ കയറി അടുത്ത റോഡിലിറങ്ങിയാല്‍ സ്‌കൂളായി.സമയം പന്ത്രണ്ടരയാവുകയാണ്‌.പഠനസഞ്ചിയും തൂക്കി ഉല്ലാസത്തോടെ പപ്പു ഇപ്പോള്‍ പുറത്തേക്ക്‌ വരും.അവനങ്ങനെ വന്ന്‌ കാത്തുനില്‍ക്കുമെന്നതും ഒരു പ്രശ്‌നമാണ്‌.സമയം തീരെയില്ലെന്ന്‌ തോന്നുന്ന മനുഷ്യജീവിതത്തിലെ ഒരു ഘട്ടമായിരുന്നു അത്‌.
അനിത അങ്ങനെയൊക്കെ ആലോചിക്കുമ്പോഴേക്കും വീണ്ടും വണ്ടി നിന്നു.പെട്ടെന്നുള്ള നിര്‍ത്തലായിരുന്നു അത്‌.പിടിച്ചിരുന്നിട്ടും അവള്‍ മുന്നോട്ടാഞ്ഞുപോയി.
``ഇടെടാ അവിടെ.''
അനിത ഒന്നുകൂടി നടുങ്ങി.അങ്ങനെ ഒരാക്രോശത്തോടെ റിക്ഷാക്കാരന്‍ പുറത്തിറങ്ങി ഓടുന്നത്‌ അവള്‍ കണ്ടു.ആകസ്‌മികങ്ങളുടെ പരമ്പര തനിക്കായി അന്നേദിവസം സൃഷ്‌ടിക്കപ്പെടുകയാണെന്നുമാത്രം അനിതയ്‌ക്ക്‌ ബോധ്യമായി.സംഭവിക്കുന്നതെന്താണെന്ന്‌ വ്യക്തമാകാത്തതിന്റെ നെഞ്ചിടിപ്പോടെ അവളും വേഗം പുറത്തിറങ്ങിനോക്കി.
മുന്നിലായി തിളങ്ങുന്ന ഒരു ബൈക്ക്‌ നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു.വെയിലിനെ വക വയ്‌ക്കാതെ പാതമധ്യത്തില്‍ കാല്‍ മടക്കിയിരുന്ന്‌ ഒരു ചെറുപ്പക്കാരന്‍ ധൃതിയില്‍ പണം പെറുക്കിയെടുക്കുന്നുണ്ടായിരുന്നു.ഇളം ചുവപ്പുനിറമുള്ള ആയിരം രൂപയുടെ പുത്തന്‍താളുകള്‍ തന്നെയായിരുന്നു അതും.ആ ചെറുപ്പക്കാരന്റെ സമീപത്തേക്കാണ്‌ ഓട്ടോ ഡ്രൈവറും ഓടിച്ചെല്ലുന്നത്‌.അതുകണ്ട്‌ ഒരു ഞെട്ടലോടെ ചെറുപ്പക്കാരന്‍ തലയുയര്‍ത്തുന്നതും അനിത കണ്ടു.സംഭവങ്ങളുടെ ഗതി ആരും പറയാതെതന്നെ അവള്‍ക്ക്‌ വേഗം മനസ്സിലായി.
ഏതുവിധേനയും ചെറുപ്പക്കാരനെ സഹായിക്കണമെന്ന ലക്ഷ്യത്തോടെ അവളും വേഗം ഓട്ടോയില്‍ നിന്നു പുറത്തേക്കിറങ്ങി.വലിയൊരു തര്‍ക്കത്തിനു തുടക്കം കുറിക്കുകയായിരുന്നു റിക്ഷാക്കാരനും ബൈക്കില്‍ വന്ന ചെറുപ്പക്കാരനും.
ഒരു ലജ്ജയുമില്ലാതെ റിക്ഷാക്കാരന്‍ വിളിച്ചുപറയുന്നത്‌ അവള്‍ കേട്ടു.
``എന്റെ കൈയില്‍നിന്നു വീണുപോയ കാശാണ്‌.നോക്ക്‌..ഇതിന്റെ ബാക്കിനോട്ടുകള്‍.അത്‌ തിരഞ്ഞുവരികയായിരുന്നു ഞാന്‍..മര്യാദയ്‌ക്ക്‌ അതിങ്ങ്‌ തന്നോ.''
തനിക്ക്‌ ആദ്യം കിട്ടിയ നോട്ടുകളെ കീശയില്‍ നിന്നും വലിച്ചെടുത്ത്‌ അയാള്‍ ചെറുപ്പക്കാരനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ അനിത കണ്ടു.അയാളുടെ നുണ സമര്‍ത്ഥിക്കാനുള്ള കഴിവ്‌ മറ്റാര്‍ക്കും കിട്ടാത്ത വിധത്തില്‍ മികച്ചതാണെന്നും അമ്പരപ്പോടെ അവള്‍ തിരിച്ചറിഞ്ഞു.ചെറുപ്പക്കാരന്‍ എങ്ങനെ അതിനെ പ്രതിരോധിക്കുമെന്നും താനെങ്ങനെ ചെറുപ്പക്കാരനെ സഹായിക്കുമെന്നും ഇതിനിടയില്‍ അനിത ആലോചിക്കാതിരുന്നില്ല.
ചെറുപ്പക്കാരന്‍ എഴുന്നേറ്റു.തല്ലുമെന്ന ഭാവത്തില്‍ കൈചുരുട്ടിക്കൊണ്ട്‌ റിക്ഷാക്കാരനോട്‌ അയാള്‍ പറഞ്ഞു.
``കിട്ടിയതുമായി പോകാന്‍ നോക്കെടോ.കാശ്‌ പോയവന്‍ തപ്പി വന്നാ എനിക്കും നിനക്കും ഉള്ളതും കൂടി പോകും.''
ചെറുപ്പക്കാരന്‍ പറയുന്നതുകേട്ടപ്പോള്‍ അടി കിട്ടിയതുപോലെയായത്‌ അനിതയ്‌ക്കാണ്‌.കേട്ടത്‌ വിശ്വസിക്കാന്‍ തന്നെ അവള്‍ക്ക്‌ പണിപ്പെടേണ്ടിവന്നു.വാസ്‌തവത്തില്‍ താനെവിടെയാണെന്നും അവിടെയുള്ളതൊക്കെ ആരാണെന്നും ഒരു നിമിഷത്തേക്ക്‌ അവള്‍ക്ക്‌ നിശ്ചയമില്ലാതായി.നേരും നെറിയും സ്‌പര്‍ശിക്കാത്തവരാണ്‌ ഇരുവരുമെന്ന്‌ അനിതയ്‌ക്ക്‌ മനസ്സിലായി.ആരുടെയോ വിയര്‍പ്പിന്‌ നാണമില്ലാതെ അവകാശമുന്നയിക്കുകയാണ്‌ റിക്ഷാക്കാരനും ചെറുപ്പക്കാരനും.
ദൈവമേ..ബധിരതയെയാണോ നീ കര്‍ണ്ണാഭരണമാക്കിയിരിക്കുന്നത്‌?
അനിത അകം പുകയുന്നതിന്റെ നീറലോടെ ചോദിച്ചു.ഉത്തരം കിട്ടുകയില്ലെന്ന്‌ ഉറപ്പുള്ള ചോദ്യമായതിനാല്‍ താന്‍ തന്നെ ഇതില്‍ ഇടപെടേണ്ടതുണ്ടെന്ന്‌ അനിത ഉറപ്പിച്ചു.
``ഈ പണം നിങ്ങള്‍ രണ്ടാളുടേതുമല്ല.ഞാനിപ്പോ പൊലീസിനെ വിളിക്കും.''
ഒരു നിമിഷം കൊണ്ട്‌ അവിടുത്തെ ബഹളമൊതുങ്ങി.ചെറിയൊരു കാറ്റുവീശി.ചില നോട്ടുകള്‍ അപ്പോഴും വെയിലില്‍ തിളങ്ങി നടുപ്പാതയില്‍ കിടന്നു.അത്‌ കുനിഞ്ഞെടുക്കാന്‍ മിനക്കെടാതെ ഇരുവരും തലയുയര്‍ത്തി അനിതയെ നോക്കി.അന്നേരത്താണ്‌ അങ്ങനെ മൂന്നാമതൊരാളുടെ സാന്നിധ്യം ഇരുവരും ശ്രദ്ധിക്കുന്നതെന്ന്‌ അനിതയ്‌ക്ക്‌ മനസ്സിലായി.ചെറുപ്പക്കാരന്‍ അതാരാണെന്ന മട്ടില്‍ റിക്ഷാക്കാരനെ നോക്കി.റിക്ഷാക്കാരന്‍ അവളെ സമീപിച്ച്‌ സ്വരം താഴ്‌ത്തി പറഞ്ഞു.
``നിക്കണ്ട നീയ്‌.സ്ഥലം വിട്ടോ.''
അനിതയ്‌ക്ക്‌ അപകടം മനസ്സിലായി.
``ആരാ അത്‌.?''
ചെറുപ്പക്കാരന്‍ റിക്ഷാക്കാരനോട്‌ അല്‌പം മയംവന്ന സ്വരത്തില്‍ തെളിച്ചുചോദിച്ചു.ചെറിയൊരു പേടി അയാളുടെ സ്വരത്തില്‍ കലര്‍ന്നിട്ടില്ലേ എന്ന്‌ അനിതയ്‌ക്ക്‌ സംശയമായി.
``അതുവിട്ടേക്ക്‌.വാടക വിളിച്ചതാ.''
റിക്ഷാക്കാരന്‍ പറഞ്ഞു.അതോടെ ചെറുപ്പക്കാരന്റെ പുരികങ്ങള്‍ വളയുന്നതും അടിപ്പോളയില്‍ നിന്നും കണ്ണുകളിലേക്ക്‌ തീജ്വാലകള്‍ ആളാന്‍ തുടങ്ങുന്നതും അതിന്റെ പുകയില്‍ അയാളൂടെ മേല്‍പ്പോളകള്‍ ചീര്‍ക്കാന്‍ തുടങ്ങുന്നതും അനിത കണ്ടു.പണം കാലുറയുടെ കീശയില്‍ തിരുകിക്കേറ്റിക്കൊണ്ട്‌ ചെറുപ്പക്കാരന്‍ അവളുടെ അടുത്തേക്ക്‌ വന്നു.അയാളുടെ കക്ഷത്തില്‍ നിന്ന്‌ വിയര്‍പ്പില്‍ നനഞ്ഞ ശരീരസുഗന്ധത്തിന്റെ കൃത്രിമമണം അസഹ്യമായ വിധം അവളിലേക്ക്‌ അടുക്കാന്‍ ആരംഭിച്ചു.അനിത എന്തുവേണമെന്നറിയാതെ പകച്ചു.
``എന്താടീ വേണ്ടത്‌?''
തന്റെ അനിയന്റെ പ്രായമുള്ളവന്‍ തന്നെ എടീ എന്നു വിളിച്ചത്‌ അവള്‍ക്ക്‌ വല്ലാത്ത അപമാനമായി തോന്നി.അനിതയ്‌ക്ക്‌ അടിമുടി വിറ പടര്‍ന്നു.പക്ഷേ അനങ്ങാനാവാത്ത വിധം അവളുടെ കാലുകളും കൈകളും നിയന്ത്രിക്കപ്പെട്ടിരുന്നു.
``ഇതെങ്ങാനും എവിടേങ്കിലും പറഞ്ഞാ..''
ചെറുപ്പക്കാരന്‍ അത്രയുമേ പറഞ്ഞുള്ളൂ.അയാള്‍ അത്രയും പറഞ്ഞാല്‍ മതിയായിരുന്നു.അതില്‍ത്തന്നെ ആവശ്യത്തിലധികം ഭീഷണിക്കുള്ള കോപ്പുകളുണ്ടായിരുന്നു.അനിത ഒരിറക്ക്‌ ഉമിനീര്‍ വിഴുങ്ങി.ചെന്നിയിലൂടെ വിയര്‍പ്പിന്റെ ഒരു ചാല്‍ താഴോട്ടിറങ്ങുന്നത്‌ അനിത അറിഞ്ഞു.താന്‍ ചെന്നുപെട്ടിരിക്കുന്നത്‌ സര്‍വ്വത്ര ആപത്തിലാണെന്ന്‌ അവള്‍ക്ക്‌ ബോധ്യമായി.ഈ സമയത്ത്‌ തന്നെ രക്ഷിക്കാന്‍ ആരും വരില്ലെന്നും അനിതയ്‌ക്ക്‌ വ്യക്തമായി.
``കള്ളത്തരത്തിനു കൂട്ടുനില്‍ക്കാന്‍ എന്നെ കിട്ടില്ല.''
അവള്‍ മുന്നോട്ട്‌ നടന്നു.
ചെറുപ്പക്കാരന്‍ വഴി തടഞ്ഞുനിന്നിട്ട്‌ അവളോട്‌ ചോദിച്ചു.
``എവിടേക്കാ നീ.?''
അവള്‍ ഉത്തരം പറഞ്ഞില്ല.മുന്നോട്ട്‌ നടന്നതേയുള്ളൂ.
``എടീ,പൊലീസിനെ വിളിക്കാനാണോ..കൊന്നുകളയും നിന്നെ.''
അനിത പെട്ടെന്ന്‌ തിരിഞ്ഞുനിന്നിട്ട്‌ ഉറക്കെ പറഞ്ഞു.
``ഒരു പൊലീസിനേം എനിക്ക്‌ വിശ്വാസമില്ല.ദൈവം ഒണ്ടെങ്കീ നിങ്ങളോട്‌ ചോദിക്കും.നീയൊക്കെ നശിച്ചുപോകും.അത്രേയുള്ളൂ.''
പിറകില്‍ ചെറുപ്പക്കാരന്റെ പൊട്ടിച്ചിരി അവള്‍ കേട്ടു.അവള്‍ക്ക്‌ ദേഷ്യം അടക്കാനായില്ല.അവള്‍ പല്ലു കടിക്കുന്നുണ്ടായിരുന്നു.അനിത സഞ്ചിയും ചേര്‍ത്തുപിടിച്ച്‌ മുന്നോട്ടോടി.മകന്റെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സില്‍.സമയം വൈകുകയാണ്‌.ഇപ്പോഴവന്റെ ചുണ്ടുകള്‍ വിറയ്‌ക്കാന്‍ ആരംഭിച്ചിട്ടുണ്ടാകും.മറ്റുകുട്ടികള്‍ രക്ഷിതാക്കളുടെ വാഹനങ്ങളില്‍ കയറിയിരുന്ന്‌ അവനെ നോക്കി കൈവീശുന്നുണ്ടാവും.ലോകത്താകെ ഒറ്റപ്പെട്ടതുപോലെ അവന്‍ അമ്മയെ തിരയുന്നുണ്ടാവും.അനിതയുടെ കാലുകള്‍ക്ക്‌ ധൃതി കൂടി.എന്നിട്ടും ചെരുപ്പ്‌ തകര്‍ത്ത്‌ കാലില്‍ മുള്ളേറ്റപോലെ അവള്‍ നിന്നു.അവള്‍ കിതപ്പോടെ നിലത്തേക്ക്‌ നോക്കി.ആശ്ചര്യമല്ല,ഒരു സങ്കടമാണ്‌ അവളെ വന്ന്‌ തൊട്ടത്‌.
റോഡരികില്‍ അവള്‍ക്കുമാത്രം കാണാനെന്നതുപോലെ ആയിരത്തിന്റെ ഒരു നോട്ട്‌ അപ്പോഴും മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.ചെറുപ്പക്കാരന്റെയും റിക്ഷാക്കാരന്റെയും കണ്ണില്‍പ്പെടാതെ മിച്ചം വന്ന പണം.ആ ആയിരം രൂപയ്‌ക്ക്‌ എന്തെല്ലാം കാര്യങ്ങള്‍ താന്‍ നടത്താറുണ്ട്‌..?ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടുകാര്യങ്ങള്‍ നോക്കാനായി അനിതയ്‌ക്ക്‌ ഭര്‍ത്താവ്‌ കൊടുക്കാറുള്ളത്‌ ആയിരത്തിന്റെ നോട്ടായിരുന്നു.അതില്‍ ബാക്കിവരുന്നതായിരുന്നു അനിതയുടെ കീശപ്പണം.അതില്‍ നിന്നായിരുന്നു അവള്‍ പപ്പുവിന്‌ അപ്രതീക്ഷിതസമ്മാനങ്ങള്‍ വാങ്ങാറുണ്ടായിരുന്നത്‌.
അവള്‍ കാശില്‍നിന്നു മുഖമുയര്‍ത്തിയിട്ട്‌ തിരിഞ്ഞുനോക്കി.റോഡില്‍ അവസാനത്തെ തിരച്ചിലും നടത്തി ചെറുപ്പക്കാരന്‍ ബൈക്കില്‍ കയറാന്‍ പോവുകയായിരുന്നു.റിക്ഷാക്കാരന്‍ അപ്പോഴും ആര്‍ത്തിയോടെ അവിടവിടെയായി കുനിഞ്ഞുനോക്കി നടക്കുന്നുണ്ട്‌.അനിത വിളിച്ചുപറഞ്ഞു.
``ദേ..ഇവിടേം കിടക്കുന്നു.ഇതും കൂടി എടുത്തോ.''
വിളിച്ചുപറഞ്ഞ ശേഷം അനിത നിന്നില്ല.അവള്‍ ആകാവുന്നത്ര വേഗതയില്‍ ഓടി.ഓടുന്നതിനിടെ അവള്‍ തിരിഞ്ഞുനോക്കി.
ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക്‌ ഓടിയടുക്കുന്നതും എന്നാല്‍ ചെറുപ്പക്കാരന്‍ റിക്ഷാക്കാരനെ ഓടാന്‍ സമ്മതിക്കാതെ റോഡിലേക്ക്‌ തള്ളിയിടുന്നതും അനിത കണ്ടു.അടുത്തക്ഷണം റിക്ഷാക്കാരന്‍ ചാടിയെഴുന്നേറ്റ്‌ ചെറുപ്പക്കാരനെ നിലത്തുവീഴ്‌ത്തുന്നതും അവള്‍ കണ്ടു.ഇരുവരുടെയും മല്‍പ്പിടുത്തം മുന്നേറുമ്പോള്‍ അനിത ആകാവുന്നത്ര വേഗതയില്‍ ഓടുകയായിരുന്നു.
അനിതയുടെ ഓട്ടം അവസാനിച്ചത്‌ ലിങ്ക്‌ റോഡ്‌ ആരംഭിക്കുന്നിടത്തെ കവലയിലായിരുന്നു.
വാഹനങ്ങള്‍ തിരിച്ചുവിടുന്ന പൊലീസുകാരനെ അവള്‍ അവിടെ കണ്ടു.അയാളുടെ ജോലിത്തിരക്ക്‌ ശ്രദ്ധിച്ചുകൊണ്ട്‌ അനിത ചുറ്റും നോക്കി.കുറച്ചുമാറി കരിക്കു വില്‍പ്പനക്കാരന്‍ വച്ചിരിക്കുന്ന തണലിനടുത്തായി മറ്റൊരു പൊലീസുകാരന്‍ നിന്ന്‌ സെല്‍ഫോണില്‍ സംസാരിക്കുന്നുണ്ട്‌.
അനിത വേഗം നടന്ന്‌ അങ്ങോട്ടെത്തി.
``സര്‍,സര്‍..''
അയാള്‍ നോക്കി.അവള്‍ നടന്ന കാര്യം പറഞ്ഞു.പിന്നെ ഓട്ടോയിലിരിക്കേ എഴുതിയെടുത്ത റിക്ഷാക്കാരന്റെ വണ്ടിപ്പേരും നമ്പറും കൈമാറി.ചെറുപ്പക്കാരന്റെ വണ്ടി നമ്പര്‍ ഓര്‍മ്മയിലില്ലായിരുന്നെങ്കിലും അതൊരു കറുത്ത പള്‍സര്‍ ബൈക്കായിരുന്നുവെന്ന്‌ അവള്‍ക്കോര്‍മ്മയുണ്ടായിരുന്നു.
വിവരങ്ങള്‍ കൈമാറിയിട്ട്‌ അനിത തിരക്കിട്ട്‌ സ്‌കൂളിലേക്ക്‌ നടന്നു.
എല്ലാ കുട്ടികളും പോയിട്ടും അമ്മ വരാത്തതെന്തെന്ന്‌ നോക്കി പള്ളിക്കൂടം തിണ്ണയില്‍ നില്‍ക്കുകയായിരുന്നു പപ്പു.അനിതയെ കണ്ടപാടെ അല്‌പം ചുവക്കാന്‍ തുടങ്ങിയ കണ്ണുകളോടെ പപ്പു ചോദിച്ചു.
``ടെന്‍ മിനിട്ട്‌സായി കഴിഞ്ഞിട്ട്‌.എവിടെപ്പോയിരിക്കുകയായിരുന്നു അമ്മ.?''
കടലിലെത്തിയ മീനിനെപ്പോലെ സ്വയം കിതപ്പടക്കിക്കൊണ്ട്‌ അനിത അവനെ നോക്കി ചിരിച്ചു.പപ്പു അമ്മയെത്തന്നെ അമ്പരപ്പോടെ നോക്കി.അനിത അവന്റെ മുടിയിഴകള്‍ മാടിവച്ചുകൊണ്ട്‌ പറഞ്ഞു.
``ഓട്ടോയില്‍ കേറിയപ്പോള്‍ അമ്മയ്‌ക്ക്‌ ഒരു സിഗ്നല്‍ കിട്ടി.അതനുസരിച്ച്‌ കള്ളനെ പിടിക്കാന്‍ പോയി.''
എല്ലാ പരിഭവവും മറന്നുകൊണ്ട്‌ പപ്പു ഉത്സാഹിയായി.
``കള്ളനോ..അമ്മ കള്ളന്മാരെ പിടിച്ചോ.?നുണ.''
``അമ്മ നുണ പറയുമോ പപ്പു.?''
``ഇല്ല.''
മകനൊരുമ്മ കൊടുത്തിട്ട്‌ അനിത അവനെയും കൂട്ടി സ്‌കൂളിനു പുറത്തെത്തി.മറ്റൊരു ഓട്ടോറിക്ഷ വിളിച്ച്‌ വീട്ടിലേക്ക്‌ പുറപ്പെട്ടു.പോകാന്‍ നേരം റിക്ഷാക്കാരനോട്‌ ഒരു കാര്യം പറയാന്‍ അനിത മറന്നില്ല.അത്‌ ലിങ്ക്‌ റോഡ്‌ വഴിയേതന്നെ പോകണമെന്നായിരുന്നു.
ലിങ്ക്‌ റോഡില്‍ സംഭവം നടന്ന സ്ഥലത്ത്‌ പൊലീസ്‌ വണ്ടിയും നാലഞ്ച്‌ ആളുകളും കൂടിനില്‍ക്കുന്നുണ്ടായിരുന്നു.അവര്‍ ചെല്ലുമ്പോള്‍ ആ റിക്ഷാക്കാരനെയും ബൈക്കില്‍ വന്ന ചെറുപ്പക്കാരനെയും പൊലീസ്‌ ജീപ്പിലേക്ക്‌ കയറ്റുകയായിരുന്നു.തനിക്ക്‌ പങ്കില്ലാത്ത ഒരു സംഭവത്തെ കാണുന്നതുപോലെ അനിത പപ്പുവിനൊപ്പം പുറത്തേക്ക്‌ നോക്കി.
പിറ്റേന്ന്‌ കാലത്ത്‌ പത്രം വായിക്കാനെടുത്ത ഉണ്ണി സന്തോഷത്തോടെ വായിച്ചു.
``വീട്ടമ്മയുടെ സാമര്‍ത്ഥ്യം കള്ളന്മാരെ കുടുക്കി.യഥാര്‍ത്ഥ വ്യക്തിക്ക്‌ നഷ്‌പ്പെട്ട പണം തിരിച്ചുകിട്ടി.''
അനിത തിരക്കിനിടയിലും വന്ന്‌ പത്രം എത്തിനോക്കി അടുക്കളയിലേക്കുതന്നെ മടങ്ങി.വാര്‍ത്ത വിശദമായി വായിക്കാന്‍ അനിതയ്‌ക്ക്‌ അപ്പോള്‍ സമയമുണ്ടായിരുന്നില്ല.പത്രമുപേക്ഷിച്ച്‌ അനിതയുടെ പിന്നാലെ അടുക്കളയിലെത്തിയ ഉണ്ണി പതിയെ ചുറ്റിപ്പിടിച്ചിട്ട്‌ ചോദിച്ചു.
``തലച്ചോറിന്റെ ഏതു ഭാഗമാ നിനക്കാ സിഗ്നല്‍ തന്നത്‌?''
അനിത ചിരിയോടെ പറഞ്ഞു.
``എവിടെയോ പതറിനില്‍ക്കുന്ന ആവശ്യക്കാരനാണ്‌ എല്ലാര്‍ക്കും സിഗ്നല്‍സ്‌ അയക്കുന്നത്‌.നമ്മുടെ തലച്ചോറല്ല.നമ്മുടെ റിസീവര്‍ അത്‌ സ്വീകരിക്കുന്നുവെന്നേയുള്ളൂ.''
ഉണ്ണി അവളെ പതിയെ ചുംബിച്ചു.ജീവകോശങ്ങളും നാഡികളും ഞരമ്പുകളും പെരുത്ത്‌ അനിത ഭൂമിയോളം നിറഞ്ഞു.


Saturday, February 9, 2013

അയ്യോ അച്ഛാ കുടിക്കല്ലേ..!


ലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.അപ്പോള്‍ മനസ്സിലായ കാര്യം.കേരളത്തിലെ ഒട്ടുമിക്ക  സര്‍ക്കാര്‍ വിദ്യാലയങ്ങളും വളരെ മികച്ച രീതിയില്‍ വിദ്യ അഭ്യസിപ്പിക്കുന്നുണ്ട്.മിടുക്കന്മാരാണ് അവിടുത്തെ കുട്ടികളും അധ്യാപകരും രക്ഷാകര്‍തൃസമിതിയും.പക്ഷേ നമ്മളത് ശ്രദ്ധിക്കാറില്ലല്ലോ.

ഇവിടെ കാണുന്ന 'സ്നേഹക്കുടുക്ക' എന്നത് മിക്കവാറും മദ്യപാനികളായ മലമ്പുഴയിലെ രക്ഷിതാക്കളുടെ മക്കള്‍ അച്ഛന്മാര്‍ക്കായി വീട്ടില്‍ വയ്ക്കുന്ന നിക്ഷേപപ്പെട്ടിയാണ്.അവര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി ചെലവാക്കുന്ന പണം സ്നേഹക്കുടുക്കയില്‍ നിക്ഷേപിക്കുന്നതിനാണിത്.ഇങ്ങനെ നിക്ഷേപിക്കുന്ന പണം കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി എടുക്കാവുന്നതാണ്.ഉപരിവര്‍ഗ്ഗ നഗരജീവികള്‍ക്ക് ഈ സൂത്രം മനസ്സിലാവണമെന്നില്ല.പക്ഷേ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞ നിരവധി അമ്മമാര്‍ ആ സത്യം വെളിപ്പെടുത്തി.കുടിച്ചും വലിച്ചും നശിക്കുന്ന പാവപ്പെട്ടവരെ നേര്‍വഴിക്കാക്കാന്‍ ഇവിടെ ആരുമില്ല.അവരുടെ മക്കള്‍ക്ക് അതിനുള്ള വഴി തെളിച്ചുകൊടുക്കുകയാണ് കടുക്കാംകുന്നം സ്കൂളുകാര്‍ ചെയ്തത്.അങ്ങനെ ഒരു കുട്ടിക്ക് സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞു എന്ന് കേട്ട് ഞാന്‍ ഞെട്ടി.ദിവസവും ബിവേറജില്‍ ഒഴുക്കുന്ന പണം സംഭരിച്ചാല്‍ സൈക്കിളല്ല ഒരു 'ജില്ല' തന്നെ വാങ്ങാന്‍ കഴിയുമെന്നുറപ്പാണ്.
സ്നേഹക്കുടുക്ക വച്ചിട്ടുള്ള വീട്ടില്‍നിന്നും ഒരച്ഛന്‍ അധ്യാപികയ്ക്ക് അയച്ച കത്താണ് ഇതോടൊപ്പം.


എന്താണ് വിദ്യാഭ്യാസം?അത് സിലബസ് കാണാതെ പഠിക്കലല്ലല്ലോ.പൊതുവിദ്യാലയങ്ങളില്‍ വൃത്തിയില്ല,അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ഇംഗ്ലീഷ് പരിശീലനം കൊടുക്കാന്‍ കഴിയില്ല,കുട്ടികള്‍ പട്ടിണിപ്പാവങ്ങളും ദരിദ്രനാരായണന്മാരുമായ സാധാരണക്കാരുടെ മക്കളുമായി ഇടപഴകി വേണ്ടാത്ത ശീലങ്ങളും രുചികളും പഠിക്കുന്നു എന്നതൊക്കെയാണല്ലോ പൊതുവിദ്യാലയങ്ങളെ അകറ്റി നിര്‍ത്തുന്നവര്‍ പറയുന്ന ന്യായങ്ങള്‍ .ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇന്ന് കേരളത്തിലെ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
അവിടുത്തെ അധ്യാപകര്‍ നാലുമണിയടിച്ചാല്‍ വീടുപിടിക്കുന്നവരല്ല.കുട്ടികളെ സിലബസ് മാത്രം പഠിപ്പിക്കുന്നവരല്ല.ജീവിതം പഠിപ്പിക്കുന്നവരാണെന്ന് നമ്മള്‍ തിരിച്ചറിയണം.
ഒരനുഭവം പറയാം.ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ സന്ദര്‍ശിച്ചു.അവിടെ ഇരുപതിനടുത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം.തൊട്ടുടുത്ത് ഹരിജന്‍ കോളനിയാണ്.മിക്കവാറും വീടുകളിലെ ഒരംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലിയുമുണ്ട്.എന്നാലും മക്കളെ അവര്‍ പഠിച്ചു വലുതായ മുറ്റത്തെ വിദ്യാലയത്തില്‍ അയക്കില്ല.ദൂരെയുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ അയക്കും.ഇത് ഒരു നല്ല മനോഭാവമല്ല.ഹരിജനക്ഷേമത്തിനായുള്ള സ്കൂളായതിനാല്‍ അത് നിര്‍ത്തിപ്പോകില്ലായിരിക്കും.എന്നാലും അവിടെ വിദ്യാര്‍ത്ഥികളില്ലാത്ത അവസ്ഥ വേദനിപ്പിക്കുന്നതാണ്.ഇന്നു പഠിച്ചിറങ്ങി ജോലിക്കു കയറിയ ഏതു അധ്യാപകനും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അധ്യാപകരെപ്പോലെ പഠിപ്പിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കം വേണ്ട.യാഥാര്‍ത്ഥ്യം ഇതൊക്കെയാണെങ്കിലും നമുക്കുവേണ്ടത് അതല്ല.ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.പൊങ്ങച്ച പ്രകടനങ്ങള്‍ മാത്രമാണ്.


എന്തായാലും എന്‍റെ അനുഭവത്തില്‍ കാണാനിടയായ പലതും നല്ല മാതൃകകളാണ്.
എന്‍റെ സന്തോഷം ഞാന്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നു.സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ മടിക്കുന്ന നമ്മുടെ സഹജീവികള്‍ ഇതെല്ലാം ദയവായി മനസ്സിലാക്കുമല്ലോ.

Friday, February 1, 2013

ദൂരെയോ അരികെയോ..!

ന്നലെകളില്‍ നിന്നും നീ കയറിവരുന്നു.!കേട്ടോ,ഇന്നലെകളില്‍ നിന്നും നീ കയറി വരുന്നു എന്ന്.?

എവിടെയോ പോയിരിക്കുകയായിരുന്നു നീ.പോയിക്കഴിഞ്ഞ ശേഷമാണ് മഴ പുറത്ത് പെയ്യാന്‍ തുടങ്ങിയത്.നീ കുടയെടുത്തോ,പോകുമ്പോള്‍ ഉടുത്തിരുന്നത് സാരിയായിരുന്നുവോ നീളമുള്ള നനുത്ത പാവാടയുടുപ്പായിരുന്നുവോ.. എന്നൊന്നും ഞാന്‍ ഓര്‍ത്തതേയില്ല.മനപ്പൂര്‍വ്വം.!കഷ്ടം തോന്നി എന്‍റെ മനോനിലയെപ്പറ്റി ആലോചിച്ചപ്പോള്‍ .പിന്നെ സമാധാനിച്ചു.അല്പം വഴക്കിട്ടിരുന്നല്ലോ നമ്മള്‍ . എന്തിനോ..ഏതിനോ..!അത് വഴക്കായിരുന്നുവോ അതോ സ്നേഹമായിരുന്നുവോ..?
മഴ കനത്തപ്പോള്‍ പുറത്ത് പ്രകാശം മങ്ങിത്തുടങ്ങിയപ്പോള്‍ നേരം മുടന്തി മുടന്തി നീങ്ങിയപ്പോള്‍ എല്ലാം നിന്നെപ്പറ്റി അത്യധികമായ സ്നേഹത്തോടെ,വിഷാദത്തോടെ,കുറ്റബോധത്തോടെ ഓര്‍ത്തു.
ഉയര്‍ത്തിവച്ച പാദങ്ങളില്‍ നിന്നും ഊര്‍ന്നുകിടക്കുന്ന പാദസരത്തെപ്പറ്റി,തീവണ്ടിയുടെ യാത്രാമണവുമായി അടുത്തിരുന്നതിനെപ്പറ്റി,ഒരു തുള്ളി ചായയെടുത്ത് മധുരം പാകം നോക്കുന്നതിനെപ്പറ്റി,നിലത്തു പറ്റിവീണ ഒരു കടലാസ് നുള്ളിയെടുക്കാന്‍ പാടുപെട്ടിട്ട് സ്വയം ദേഷ്യപ്പെടുന്നതിനെപ്പറ്റി..!
എന്തൊരു മഴയായിരുന്നു.!
ഇനി നീ വന്നു കേറുമ്പോള്‍ നിന്‍റെ ഉടുപ്പിന്‍റെ തുമ്പുകളില്‍ നിന്നും വിദ്വേഷമഴ വീഴില്ലേ തുള്ളിതുള്ളിയായി..?ചിലപ്പോള്‍ മിണ്ടാതെ അങ്ങു അകത്തേക്ക് പോകുമായിരിക്കും.എന്നിട്ട് എന്നെ നോക്കുമായിരിക്കും.എന്നാലും നീ വന്നല്ലോ..ഇനി നമുക്കൊന്നിച്ച് മഴ മാറുമ്പോള്‍ പുറത്തേക്കോ അകത്തേക്കോ പോകാമല്ലോ..അതുകൊണ്ട് ഞാനീ ഇരുപ്പില്‍ നിന്നും എഴുന്നേല്‍ക്കട്ടെ.

എത്ര മുഷിഞ്ഞാലും നിന്നെ മണക്കുമ്പോള്‍ മാറുന്നല്ലോ മനസ്സിലെ പൌരുഷം.!