പ്രണയം യാചിച്ചുവാങ്ങേണ്ടതല്ലെന്ന് അനുഭവം കൊണ്ട് ഏതൊരുവനെയുംപോലെ എനിക്കുമറിയാം.ഭയം,തെറ്റിദ്ധാരണ,സുരക്ഷിതത്വം...മതി,ബന്ധങ്ങള്‍ വേരറ്റ മരമാവാന്‍.!
നടിക്കാനെളുപ്പമാണ്,എന്തും.പ്രണയമാണെന്നും പ്രണയമില്ലെന്നും.
വാസ്തവമെന്താണ്..?
ഭംഗിയും ആഢ്യത്വവും തേടി അങ്ങോട്ടുപോയിക്കൊണ്ടേയിരിക്കും..ഇങ്ങോട്ടുവരുന്നതൊന്നും കാണില്ല,കണ്ടാലും തട്ടിത്തെറിപ്പിക്കും.അവമതിക്കും.എന്നിട്ട് പൊട്ടക്കിണറ്റില്‍ വീഴുവോളം തേടിനടക്കും.അവളെ,ആ ഒരാളെ.ഫലമില്ലാതെ.
പ്രണയം ഒരുവന്‍റെ എതിരെവരുന്നതാണോ പിന്നാലെ വരുന്നതാണോ അതോ ഒപ്പം വരുന്നതാണോ..?
എത്ര വൃത്തികേടുകള്‍ കാട്ടിയിട്ടും,നശ്വരമായ സൌന്ദര്യത്തിനുപിന്നാലെ എത്ര പാഞ്ഞിട്ടും പിന്നാലെ വരുന്നത് ഒരുവള്‍മാത്രം.അവള്‍,ദേവത..സരസ്വതി.
പ്രണയമെന്ന പേരില്‍ അവനവന്‍റെ ഉള്ളിലുള്ള കാമത്തെ പകര്‍ത്തിവച്ച് കവിതയെന്നു വിളിക്കുന്ന സമകാലികര്‍ക്കിടയില്‍ നീയെത്ര വാടിപ്പോയി,എത്രയെത്ര അപമാനിതയായി!
മനസ്സിലാവുന്നു,ആശങ്കയും ഭയവുമില്ലാത്തത് ഒരുവള്‍ക്കുമാത്രമാണ്.നിനക്ക്.നീ മാത്രമാണ് യഥാര്‍ത്ഥ തുണ.ഏതിരുട്ടിലും ഏത് കാട്ടിലും ഏത് നഗരത്തിലും ഏത് കഠോരമാര്‍ഗ്ഗത്തിലും കൈയില്‍ത്തൂങ്ങി ഒപ്പം വരുന്നത് നീ മാത്രം.
ദേവത.വാഗ്ദേവത.അമ്മ.
--------------------------------------------------------------------------------------
'കവിയുടെ കാല്‍പാടുകള്‍' വീണ്ടും വായിച്ചു.ആ പ്രചോദനത്തില്‍നിന്നാണ് ഈ വരികള്‍ ഉണ്ടായിവന്നത്.