Thursday, February 16, 2012

ആദരവോടെ..കൃതജ്ഞത




2004 ഡിസംബറില്‍ ഡി സി ബുക്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് എനിക്ക് കിട്ടുന്പോഴും ഇതായിരുന്നു അവസ്ഥ.മിണ്ടാനാവുന്നില്ല..വിസ്മയമോ..അവിശ്വസനീയതയോ..തലേന്നുവരെയുണ്ടായിരുന്ന തലേലെഴുത്ത് നൊടിനേരം കൊണ്ട് മാറിപ്പോയി.എന്നെയും പരിഗണിക്കാം എന്ന അവസ്ഥയിലേക്ക് വായനാകേരളം രൂപപ്പെട്ടു.അതെന്നിലുണ്ടാക്കിയ വലിയ ഉത്തരവാദിത്തത്തിലാണ് പിന്നീടിത്രകാലവും ഞാനെഴുതിയത്.വായനക്കാര്‍ക്ക് എന്നോടുണ്ടായി വന്ന വിശ്വാസത്തിനോട് നീതി പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.അതിനപ്പുറമാണ് 2012 ല്‍ ലഭിച്ചിട്ടുള്ള ഈ പുരസ്കാരവും അതെന്നിലുണ്ടാക്കുന്ന ഉത്തരവാദിത്തവും.വാസ്തവത്തില്‍ നടുക്കവും വിറയുമുണ്ട്.പക്ഷേ മുന്നോട്ട് പോയേ പറ്റൂ..എല്ലാവരും കൂടെയുണ്ടാവണം.വീഴ്ചകളില്‍ തഴയാതെ കാക്കണം.അനുഗ്രഹിക്കണം.എഴുത്തുകാരനായി ജീവിക്കാന്‍ തന്നെയാണ് എനിക്കാഗ്രഹം.

ഇതൊടൊപ്പം പുരസ്കാരം ലഭിച്ച മറ്റ് പതിനാറ് ഭാഷകളിലെയും എഴുത്തുകാര്‍ക്ക് എന്‍റെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.

വിവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി തുടരുന്ന സൌഹൃദവിളികള്‍ക്ക്,മെയിലുകള്‍ക്ക് ഓര്മ്മ‍പ്പെടുത്തലുകള്‍ക്ക്,വീണ്ടെടുക്കലുകള്‍ക്ക്,ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക്..നമസ്കാരം.

എന്‍റെ പ്രിയ വായനക്കാര്‍..ദൃശ്യ പത്ര മാധ്യമ സുഹൃത്തുക്കള്‍..പ്രസാധകസുഹൃത്തുക്കള്‍..ബ്ലോഗ് വായനക്കാര്‍..ഇത്രവരെയെത്തിച്ച എന്‍റെ പിന്നിലെ ശക്തികള്‍..എന്‍റെ സ്വകാര്യമായ അഹങ്കാരമേ നിനക്കും..എല്ലാ നല്ല സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.


Wednesday, February 8, 2012

എന്റെ പ്രിയപ്പെട്ട സുമന

ഞാനാഗ്രഹിക്കുന്ന ഒരു സ്‌ത്രീ എങ്ങനെയായിരിക്കണം എന്നാരെങ്കിലും എന്നോട്‌ ചോദിച്ചാല്‍ അരനിമിഷം ആലോചിക്കാതെ ഞാനൊരാളെ ചൂണ്ടിക്കാണിക്കും.അത്‌ സുമനയാണ്‌.എന്റെ ഹരിതമോഹനം എന്ന കഥയിലെ കഥാപാത്രമാണ്‌ സുമന.വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങള്‍ കുറേയേറെയുണ്ടെങ്കിലും സുമനയാണ്‌ എനിക്കും എന്റെ പല വായനക്കാര്‍ക്കും ഇഷ്‌ടമായ പ്രധാന കഥാപാത്രം.
'മരണവിദ്യാലയ'ത്തിലെ നേത്രി,'ഉപജീവിതകലോത്സവ'ത്തിലെ ഖയിസ്സ്‌ മാഷ്‌,'ഗ്വാണ്ടാനാമോ'യിലെ ശ്രേയാറാവു,'നീര്‍ന്നായ'യിലെ ജയശീലന്‍,'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോക'ത്തിലെ അനാഥപ്പെണ്‍കുട്ടി,'ബാര്‍കോഡി'ലെ ലീലാംബരന്‍,'മെറൂണി'ലെ നായിക മെറൂണ്‍,'ചെമ്മണ്ണാര്‍-നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്ര' എന്ന കഥയിലെ നിസ്സഹായയായ ശരീരവില്‍പ്പനക്കാരി..അങ്ങനെ എടുത്തുപറയാന്‍ കുറേ കഥാപാത്രങ്ങളുണ്ടെങ്കിലും എന്നെ ഇവള്‍,സുമന മഥിക്കുന്നു.
പില്‍ക്കാലത്ത്‌ എന്റെ സ്‌ത്രീമാതൃകയായി ചൂണ്ടിക്കാണിക്കാനാവുന്ന ഒരു സ്‌ത്രീയായി തീരണം അത്‌ എന്ന തീര്‍പ്പോടെ എഴുതിയുണ്ടാക്കിയ കഥാപാത്രമല്ല സുമന.അവളങ്ങനെ ആവുകയായിരുന്നു.എന്നെ ആ കഥാപാത്രം പിന്നീട്‌ അതിശയിപ്പിക്കുകയായിരുന്നു.
ഇടത്തരം വരുമാനക്കാരനായ കഥാനായകന്‍ അരവിന്ദാക്ഷന്റെ ഭാര്യയാണ്‌ സുമന.വാടകയ്‌ക്ക്‌ എടുത്ത ഫ്‌ളാറ്റിലാണ്‌ അവരുടെയും രണ്ട്‌ പെണ്‍മക്കളുടെയും താമസം.കഥാനായകന്‌ സ്വന്തമായി അല്‌പം സ്ഥലം വാങ്ങണമെന്നുണ്ട്‌.റിയല്‍ എസ്റ്റേറ്റുകാരുടെയും നഗരജീവിതത്തിന്റെയും ഇടയില്‍ അയാള്‍ക്ക്‌ ഇത്തിരി മണ്ണ്‌ എന്ന സ്വപ്‌നം വെറും സ്വപ്‌നം മാത്രമായിത്തീരുമെന്ന ഭയമുണ്ട്‌.ആ ഭയത്തില്‍നിന്നുകൊണ്ട്‌ അയാള്‍ ചെയ്യുന്നത്‌ ചെറുതല്ലാത്ത ചില അസാധാരണകാര്യങ്ങളാണ്‌.മണ്ണിനെ സ്വപ്‌നം കാണുന്ന കഥാനായകന്‍ എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുന്ന സ്വന്തം സ്ഥലത്ത്‌ നടാനായി ചില വൃക്ഷത്തൈകളും ചെടികളും സംഭരിക്കാന്‍ തുടങ്ങുന്നിടത്താണ്‌ കഥയാരംഭിക്കുന്നത്‌.അതിനായി പലതരം പൂമരത്തൈകള്‍ വാങ്ങിക്കൊണ്ടുവന്ന്‌ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ചട്ടിയില്‍ അയാള്‍ നട്ടുവയ്‌ക്കുന്നു.ഒരിക്കല്‍ ചെടി വാങ്ങി ലിഫ്‌റ്റില്‍ കൊണ്ടുവരുമ്പോള്‍ ലിഫ്‌റ്റില്‍ തൂവിപ്പോയ മണ്ണിനെ പിന്തുടര്‍ന്നെത്തുന്ന സൂക്ഷിപ്പുകാരന്‍ ഇതെല്ലാം കണ്ട്‌ അയാളെ ശകാരിക്കുന്നു.അത്‌ ലിഫ്‌റ്റില്‍ മണ്ണ്‌ തൂവി വൃത്തികേടാക്കിയതിനാണ്‌.
അങ്ങനെ അയാള്‍ വാങ്ങിക്കൂട്ടിയ പലതരം മരത്തൈകള്‍വളര്‍ന്ന്‌ ബാല്‍ക്കണി ഭാഗം കാടുമൂടുമ്പോഴും സൂക്ഷിപ്പുകാരന്‍ വഴക്കുണ്ടാക്കി കയറിവരുന്നു.ഇതിനിടയില്‍ പലതരം സംശയാസ്‌പദമായ സാഹചര്യത്തിലേക്കും അയാള്‍ ചെന്നു പതിക്കുന്നുണ്ട്‌.അപ്പോളെല്ലാം സുമന അയാളെ മനസ്സിലാക്കി കൂടെനില്‍ക്കുന്നു.പ്രതിരോധിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അയാള്‍ക്കായി അവള്‍ മറ്റുള്ളവരോട്‌ പോരടിക്കുന്നു.അങ്ങനെ കഥയിലുടനീളം സുമന ഒരു നിശ്ശബ്‌ദസ്‌നേഹമാകുന്നു.ഇപ്പോഴും സുമനയുടെ സ്‌നേഹത്തെപ്പറ്റി ഓര്‍ത്താല്‍ എനിക്കെന്റെ കണ്ണുകള്‍ നനയുന്നതെന്തിനാണെന്ന്‌ എനിക്കറിയില്ല.
ഭര്‍ത്താവിനെയും അയാളുടെ പ്രകൃതത്തെയും നിസ്സഹായതയെയും ആഗ്രഹങ്ങളെയും അവള്‍ മനസ്സിലാക്കുന്നത്‌ അസാധാരണമായ സംയമനത്തോടെയും സ്‌ത്രീ സഹജമായ വൈഭവത്തോടെയുമാണ്‌.വാസ്‌തവത്തില്‍ സുമനയുടെ പിന്തുണയില്ലെങ്കില്‍ കഥാനായകന്‌ ജീവിതം പണ്ടേ വിരസവും ദുസ്സഹവുമായിത്തീരുമായിരുന്നു.മാത്രവുമല്ല വല്ലാത്തൊരു പ്രണയവും അവര്‍ക്കിടയിലുണ്ട്‌.വേണ്ടത്ര സ്വത്തും ബന്ധുബലവുമൊന്നും ഇല്ലാത്ത വീട്ടിലേതാണ്‌ സുമന.അയാള്‍ ചെന്നുകണ്ട്‌ ഇഷ്‌ടപ്പെട്ട്‌ വിവാഹം കഴിച്ചതാണ്‌ അവളെ.അതുകൊണ്ടുതന്നെ ഇല്ലായ്‌മയുടെ ചില നിരാശകള്‍ പങ്കുവച്ചിട്ടുള്ളതല്ലാതെ അവളയാളെ കുറ്റപ്പെടുത്താറില്ല.രണ്ട്‌ പെണ്‍മക്കളുടെ പഠനച്ചെലവിനും ജീവിതച്ചെലവിനുമിടയില്‍ ഭാവി മുന്നില്‍ വന്ന്‌ ഭീഷണിയുയര്‍ത്തുമ്പോഴും അവര്‍ പുഞ്ചിരിയോടെ ജീവിക്കുന്നു.സ്വപ്‌നം കാണുന്നു.
കഥയിലെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സുമന ഇങ്ങനെയാണ്‌ ഇടപെടുന്നത്‌.
സുമനയോടായി രാജന്‍പിള്ള പറഞ്ഞു.``ഇതില്‍പറഞ്ഞിരിക്കുന്നത്‌ നിങ്ങളുടെ ഭര്‍ത്താവ്‌ വെന്റിലേറ്റര്‍ വഴി റാണിമാഡത്തിന്റെ കുളിമുറിയിലേക്ക്‌ എത്തിക്കുത്തിനോക്കീന്നാണ്‌.ഞാനെന്താ വേണ്ടത്‌..?''
രാജന്‍പിള്ളയുടെ മുന്നിലേക്ക്‌ വന്നിട്ട്‌ സുമന പറഞ്ഞു.
``പിള്ളച്ചേട്ടനൊന്നുവരൂ.''
അയാളുടെ പ്രതികരണത്തിന്‌ കാത്തുനില്‍ക്കാതെ സുമന നടന്നു.എന്നെയൊന്ന്‌ നോക്കിയിട്ട്‌ രാജന്‍പിള്ളയും അവള്‍ക്കു പിന്നാലെ ചെന്നു.
ടെറസ്സിലേക്കുള്ള വാതില്‍ തുറന്നതേ നടുപകുത്ത മന്ദാരത്തിന്റെ ഇലകള്‍ അകത്തേക്ക്‌ തല നീട്ടി.ഒപ്പം നാഗലിംഗമരത്തിന്റെ കരിമ്പച്ച ഇലകളും.
``ഹെന്തായിത്‌.?''
രാജന്‍ പിള്ള ചോദിച്ചു.അയാള്‍ അമ്പരന്നുപോയിരുന്നു.സുമന പറഞ്ഞു.
``ഹെര്‍ബേറിയം.''
രാജന്‍പിള്ളയെക്കാളും അത്ഭുതസ്‌തബ്‌ധനായി ഞാനവളെ നോക്കി.ഇക്കണോമിക്‌സ്‌ പഠിച്ച്‌ ഗുമസ്‌തപ്പണിയെടുക്കുന്ന സുമന ഹെര്‍ബേറിയത്തെപ്പറ്റി പറയുന്നു.
സുമന എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.
``ഇന്നലെ എന്താ ഉണ്ടായത്‌..?''
ആകാശത്ത്‌ നിന്നുള്ള വെളിച്ചം അവളുടെ മുഖത്ത്‌ വീഴുന്നുണ്ടായിരുന്നു.അത്‌ വെയിലായിരുന്നില്ല.
ഞാന്‍ പറഞ്ഞു.
``ഷൈന തന്ന കണിക്കൊന്ന വിത്തുകള്‍ ഞാനിന്നലെ രാത്രി..കാര്‍ഷെഡ്ഡിനരികില്‍..''
രാജന്‍പിള്ള ഒന്നും പറയാതെ ഇറങ്ങിപ്പോയി.
ഭര്‍ത്താവിനെ മനസ്സിലാക്കുക മാത്രമല്ല പിന്താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌ത്രീകൂടിയാണ്‌ കഥയിലെ സുമന.ആ സ്‌നേഹത്തില്‍ ഒരു ഭാര്യയുടെ കരുതല്‍ മാത്രമല്ല ഒരമ്മയുടെ വാത്സല്യംകൂടി അവള്‍ അയാള്‍ക്കു നല്‍കുന്നുണ്ട്‌.
കഥയിലൊരിടത്ത്‌ സൂക്ഷിപ്പുകാരനായ രാജന്‍പിള്ള കഥാനായകനെ വഴക്കുപറഞ്ഞതിന്റെ പിറ്റേന്ന്‌ അയാളുടെ മൂടിക്കെട്ടിയുള്ള ഇരിപ്പ്‌ കണ്ട്‌ സുമന പറയുന്നുണ്ട്‌.
``അരവിന്ദേട്ടനെന്താ ഒരുമാതിരി..അയാളുവല്ലതും പറഞ്ഞതിനാണോ..അതു കാര്യാക്കേണ്ട..അതിനുള്ളത്‌ ഞാന്‍ നാളെ രാവിലെ അങ്ങോട്ട്‌ പറഞ്ഞോളാം.അയാളെ ചീത്തവിളിക്കാനാണോ കാരണങ്ങളില്ലാത്തത്‌.''
സുമന സാമര്‍ത്ഥ്യവും ബുദ്ധിയും പ്രായോഗികതയും ക്ഷമയും സഹനവും പ്രണയവുമുള്ള സ്‌ത്രീയാണ്‌.അമ്മയും ഭാര്യയും കൂട്ടുകാരിയും ഭരണാധികാരിയുമാണ്‌.ശബ്‌ദായമാനമായ നിശ്ശബ്‌ദത സൂക്ഷിക്കുന്നവളാണ്‌.അതുകൊണ്ടെല്ലാമാണ്‌ സുമന എന്റെ പ്രിയ കഥാപാത്രമാകുന്നതും വിടാതെ പിന്തുടരുന്നതും.

( ഈ ചെറുകുറിപ്പ് ചന്ദ്രിക വാരാന്തപ്പതിപ്പിലെ 'വിടാതെ കഥാപാത്രങ്ങള്‍' എന്ന പംക്തിയില്‍ രണ്ടാഴ്ച മുന്പ് പ്രസിദ്ധീകരിച്ചതാണ്.അവിടെ വായിക്കാത്തവര്‍ക്കായി പുനപ്രസിദ്ധീകരിക്കുന്നു.)

Thursday, February 2, 2012

ഋതുഭേദങ്ങള്‍ തുളുന്പുന്ന പുസ്തകങ്ങള്‍

കാറ്റടിക്കുന്നു..ചിലപ്പോള്‍ മഴ പെയ്യുന്നു..മഞ്ഞും വീണേക്കാം.വെയില്‍ തീര്‍ച്ചയായും ഉണ്ട്.പുസ്തകങ്ങളും നിശ്ചയമായും നമുക്കിടയില്‍ ഉണ്ട്.അതെ,ഡോ.ഷിവാഗോയുടെ തുടര്‍ച്ചയായി എന്‍റെ മേശപ്പുറത്തെത്തിയ 3 പുസ്തകങ്ങളെപ്പറ്റിയാണ് ഈ കുറിപ്പ്.
ഇവ മൂന്നും അടുത്തടുത്ത നാളുകളിലായി ഇറങ്ങിയവയാണ്.പ്രകാശനം പോലും കഴിഞ്ഞിട്ടില്ല.
നല്ല നല്ല കഥകളിലൂടെ ശ്രദ്ധേയനായ വി.ദിലീപിന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'വംശഗാഥകള്‍ മൂളും ടാക്കീസ് 'ആണ് ആദ്യത്തെ പുസ്തകം.സൈകതം ബുക്സ് ആണ് പ്രസാധകര്‍.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒന്നാന്തരം മുഖപടലേഖനങ്ങള്‍ എഴുതി വായനക്കാരെ നേടിയെടുത്തിട്ടുള്ള മൈന ഉമൈബാന്‍റെ ലേഖനങ്ങളുടെ സമാഹാരമായ 'ആത്മദംശന'മാണ് രണ്ടാമത്തേത്.മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍.മൂന്നാമത്തെ പുസ്തകം ഒരു നോവലാണ്.ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'താന്പ്രച്ചി'.മുന്പ് കഥാകൃത്ത് സി.ഗണേഷിനൊപ്പം ഇണ/ജീവിതം-ദി എന്‍ട്രോപ്പി എന്ന നോവല്‍ എഴുതിയിട്ടുള്ള മഹേന്ദര്‍ ആണ് താന്പ്രച്ചിയുടെ കര്‍ത്താവ്.
താന്പ്രച്ചിയെന്ന പാലക്കാടന്‍ ഗ്രാമത്തിലെത്തുന്ന ഒരെഴുത്തുകാരന്‍റെ രേഖാചിത്രങ്ങളാണ് മഹേന്ദറിന്‍റെ നോവലിലൂടെ പൂര്‍ണ്ണമാവുന്നത്.അയത്നലളിതമായി വായിച്ചുപോകാവുന്ന നല്ല നോവലാണിത്.
വംശഗാഥകള്‍ മൂളും ടാക്കീസ് എന്ന ലേഖന സമാഹാരത്തിലൂടെ വി.ദിലീപ് നമ്മെ സമ്മോഹനമായ ഒരു കാലത്തിന്‍റെ സന്പന്നമായ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.മൊകേരി എന്ന സ്വന്തം ദേശത്തിന് എഴുത്തുകാരന്‍ നല്‍കുന്ന അഭിവാദ്യമാണ് ഈ പുസ്തകം.ഒപ്പം മദനന്‍റെ രേഖാചിത്രീകരണവും.
മൈന എന്‍റെ ചിരകാല സുഹൃത്തും നാട്ടുകാരിയുമാണ്.പരിസ്ഥിതികാവബോധം വലിയൊരു ആവശ്യകതയായി അടുത്തകാലത്തു മലയാളിക്കു മുന്നിലെത്തിച്ചതില്‍ മൈനയുടെ ലേഖനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് സൌഹൃദം മാറ്റിവച്ചിട്ട് ചിന്തിച്ചാല്‍പോലും മനസ്സിലാകുന്നത്.ഏഴ് ലേഖനങ്ങളും കെ.ഷെരീഫിന്‍റെ അതിഗംഭീരമായ ചിത്രങ്ങളുമാണ് ആത്മദംശനത്തിലുള്ളത്.
ഇങ്ങനെ മൂന്ന് വേറിട്ട പുസ്തകങ്ങള്‍.അവരവരുടെ കൈയൊപ്പിട്ടുതന്ന മൂന്ന് പുസ്തകങ്ങള്‍.വ്യത്യസ്തമായ വായന..മഴയും മഞ്ഞും വെയിലും നിലാവും ഉറഞ്ഞുകിടക്കുന്ന വഴിത്താരകളാണ് ആ പുസ്തകത്തില്‍ നിന്നു പുറത്തേക്ക് നീളുന്നത്..അത് വായനക്കാരനും എഴുത്തുകാരനും എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നു.ആ സന്തോഷം നിങ്ങളിലേക്കുകൂടി പകരാനാണ് ഈ ചെറുകുറിപ്പ്.