Thursday, June 7, 2012

മുസ്ലീം പെണ്‍കുട്ടികളെ പതിനഞ്ചാം വയസ്സില്‍ കൊലയ്ക്കു കൊടുക്കരുതേ..!

ഴിഞ്ഞ രണ്ടു ദിവസമായി മലയാള പത്രങ്ങളില്‍  പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയാണിത്.കഴിഞ്ഞ ദിവസം വന്ന ദെല്‍ഹി ഹൈക്കോടതിയുടെ വിധിയാണ് വാര്‍ത്തയ്ക്ക് ആധാരം.അതുപ്രകാരം ലൈംഗികപ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലീം പെണ്‍കുട്ടിക്ക് 15വയസ്സില്‍ വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഒരു ഉത്തരവിലൂടെ പറയുന്നത്.
നീതിയുടെ കണ്ണ് മൂടപ്പെട്ട ഒരവസ്ഥ ഈ വിധി പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഏതുനിലയിലും ഇത് പ്രതിഷേധാര്‍ഹമാണ്.ഇന്ത്യയിലെ പൌരനുള്ള പ്രായപൂര്‍ത്തി നിയമം തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടത്.അതിന് ഇസ്ലാമികനിയമത്തെ കൂട്ടുപിടിക്കാന്‍ പാടില്ല.
ദാരിദ്ര്യത്തിലും നിരക്ഷരതയിലും അരക്ഷിതമായ ഗാര്‍ഹികസാഹചര്യങ്ങളിലും അശരണരായി വളരുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലീം പെണ്‍കുട്ടികളും.അവരെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് നഗ്നമായ സൌകര്യം ചെയ്തുകൊടുക്കലാണ് ഹൈക്കോടതി വിധി ചെയ്തിരിക്കുന്നത്.
ഇരയാക്കപ്പെടുന്ന ഒരു മുസ്ലീംപെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ,അവളെ ചൂഷണം ചെയ്യുന്ന വ്യക്തികള്‍ക്ക് ഒരു വിവാഹക്കരാര്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ഇനി എത്രയോ എളുപ്പമായിരിക്കും!
കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഇപ്പോഴും പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നു എന്ന് അടുത്തുകാലത്തുപോലും വാര്‍ത്തകള്‍ വന്നിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും.
ലൈംഗീകചൂഷണങ്ങള്‍ ,വേശ്യാവൃത്തി,ബഹുഭാര്യാത്വം,വിവാഹമോചിതകളുടെ എണ്ണപ്പെരുപ്പം,ആത്മഹത്യ ചെയ്യുന്ന യുവതികളുടെ കുഞ്ഞുങ്ങളുടെ അനാഥത്വം തുടങ്ങി വളരെ ഗൌരവമായ പല പ്രശ്നങ്ങള്‍ക്കും ഈ വിധി വളം വയ്ക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.
ഒരു പെണ്‍കുട്ടിക്ക് (ആണ്‍കുട്ടിക്കും) അവര്‍ ധനികരായാലും ദരിദ്രരായാലും വിവാഹം കഴിക്കാനുള്ള പ്രായമല്ല പതിനഞ്ച് വയസ്സ്.വിദ്യാഭ്യാസം ചെയ്യാനുള്ള പ്രായമാണ്.ജീവിതത്തെയും സാമൂഹികജീവിതത്തെയും വൈവാഹികജീവിതത്തെയും  സംബന്ധിച്ച തിരിച്ചറിവുകളോ വിവേകമോ ഉദിക്കാത്ത ഇളം പ്രായത്തില്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന വിവാഹജീവിതവും തുടര്‍ന്ന് സ്വാഭാവികമായും നടക്കാനിടയുള്ള പ്രസവവും കുഞ്ഞിന്‍റെ ഉത്തരവാദിത്തവും അവരില്‍ അതിഗുരുതരമായ മാനസികപ്രയാസങ്ങളും നൈരാശ്യങ്ങളും ഉണ്ടാക്കും.ആത്മഹത്യകള്‍ പെരുകുന്നതിനും ഇത് കാരണമാകാം.
അതിനാല്‍ ഈ വിധിയെ അപലപിക്കേണ്ടതുണ്ട്.
സാധാരണ സമുദായ വിശ്വാസികളും മുസ്ലീം മതാധ്യക്ഷന്മാരും ഉണര്‍ന്നു ചിന്തിക്കുമെന്ന് കരുതാം.

Tuesday, June 5, 2012

ഇന്നലത്തെ മേഘങ്ങള്‍ എന്നോടു് പറഞ്ഞത്

1
അതിരാവിലെ ഉണര്‍ന്ന ഞാന്‍ പ്രത്യാശയോടെ ജനല്‍ തുറന്ന് ആകാശത്തേക്ക് നോക്കി.മൂപ്പരുടെ വരവ് കാണാനുണ്ടോ..?തലേന്നത്തേതിനേക്കാള്‍ പ്രകാശമാനമായി ചിരി പൊഴിക്കുന്ന മാനം.നീലവാനം.മൂപ്പരു പോയിട്ട് മൂപ്പരുടെ ബീടര് പോലും വരുന്ന ഭാവമില്ല.യാതൊരു താല്പര്യവുമില്ലാതെ കതക് തുറന്ന് മുറ്റത്തെ തെങ്ങിന്‍റെ മേലേക്ക് നോക്കി.ഇളനീര്‍ക്കുലകള്‍ കാണുന്നത് കണ്ണിനും മനസ്സിനും സുഖമാണെന്ന സ്വയം വിശ്വാസത്തിലാണ് നോട്ടം.അതിനപ്പുറം കാണുന്നത് നീലാകാശം.സുഖദമായ നീലിമ.അതീവ തീക്ഷ്ണമായ പ്രകാശം തിങ്ങിയ പുലരി.
ജൂണ്‍ നാല് തന്നെയല്ലേ..?ഞാനാലോചിച്ചു.സ്കൂള്‍ തുറക്കുന്ന ദിവസം കടലും കാറ്റും കാലാവസ്ഥയുമുണ്ടെങ്കില്‍ മഴ ഉണ്ടാകേണ്ടതാണ്.എന്നാല്‍ യാതൊരു ലക്ഷണവുമില്ല.


ഇന്നലത്തെ ദിവസത്തിന്‍റെ ആരംഭം അങ്ങനെയായിരുന്നു.
അതായത്,തലേന്ന് പിണങ്ങിക്കിടന്ന ഭാര്യയെ മൂഡ് മാറാതെ കാലത്ത് കണ്ടതുപോലുള്ള അവസ്ഥ!
2
പത്ത്മണിക്ക് ആകാശത്ത് കണ്ട മേഘം വല്ലാതെ കലങ്ങിയിരുന്നു.കാര്‍മേഘമല്ലായിരുന്നു അത്.ഒരമ്മ മേഘം.കാലത്തെഴുതിയ കണ്‍മഷി ശ്രദ്ധയില്ലാതെ എപ്പോഴോ തുടച്ചതിനാല്‍ പടര്‍ന്നു പരന്ന കണ്‍തടങ്ങള്‍ .യുവതിയായ മേഘമാണ്.അധികം വിസ്താരമില്ല ഒന്നിനും.വല്ലാതെ എടുത്തുപിടിച്ചുനില്‍ക്കുന്നുണ്ടുതാനും.
ഞാന്‍ അടുത്തുകൂടി ചോദിച്ചു.
എന്തേ..?
മേഘം വിതുന്പി.പതിയെ പറഞ്ഞു.
കണ്‍മണിയെ പിരിയാന്‍ വയ്യ...
എനിക്കും സങ്കടം വന്നു.ഒരമ്മയാണത്.ആദ്യദിവസം സ്കൂളില്‍ വന്നതാണ്.ജനലിനപ്പുറമിരിപ്പുണ്ട് കണ്‍മണി.കണ്ണുകള്‍ രണ്ടും തുളുന്പി മേഘങ്ങളായ കുഞ്ഞുമല്‍ഹാര്‍ തന്നെ.
ഞാന്‍ പിന്തിരിഞ്ഞു.
അമ്മമേഘം പതിയെ പറഞ്ഞിട്ടുണ്ടാകണം.
അമ്മേടെ വാവക്കുട്ടന്‍ അടങ്ങിയൊതുങ്ങി ഇരുന്നോളണം കേട്ടോ.വൈകിട്ട് വരുന്പോള്‍ വാ നിറച്ചും വയറു നിറച്ചും അമ്മിഞ്ഞ തരാം.
3
വേനലവധി വാസ്തവത്തില്‍ എത്ര ദിവസങ്ങളാണ്.?
ഒരു മയില്‍ത്തൂവല്‍ അഴകൊത്ത സപ്തവര്‍ണ്ണപ്പീലിയായി മുകില്‍ നിറയ്ക്കാനെടുക്കുന്ന കാലമാണോ.?
ആയിരിക്കാം.
4
അറുപതു ദിവസവും കണ്ടുകണ്ടിരുന്ന കാമുകി പ്രിയനോട് പരിഭവിച്ചു.
എത്ര പ്രസവിച്ചിട്ടും എത്ര മുലയൂട്ടിയിട്ടും പിന്നെയും നീയെന്നെ കന്യകയാക്കി.
ഇപ്പോഴെന്‍റെ കന്യാമുലകള്‍ പിടയ്ക്കുന്നു.
നിന്‍റെ ചോരിവായ്ച്ചുവപ്പിനായി.
പോയിവരാം ഞാന്‍ വൈകുന്നേരം.
കുഞ്ഞുണ്ണിയെപ്പോല്‍ അവികൃതിയായിരിക്കുക.
അമ്മയായി നിറയാം നിറയ്ക്കാം പൈംപാല്‍ .
കാമുകന്‍ പറഞ്ഞു.
മേഘങ്ങള്‍ ..മേഘമാലകള്‍ ...മേഘജ്യോതിസ്സുകള്‍ ..
അകലെയകലെ നീയുണ്ടെന്ന വിചാരം മാത്രം മതി മഴ വരുമെന്ന വിചാരത്തെ പെയ്യിക്കാന്‍ .
5
ഇന്ന് മഴ പെയ്തില്ല ഇവിടെയെങ്ങും.പകല്‍ നല്ല തെളിച്ചമായിരുന്നു.വടക്കേയിന്ത്യയിലെ ആകാശം പോലെ അഗാധനീലയും.എവിടെയും വെള്ളിമേഘങ്ങള്‍ .കനത്തുരുണ്ട് മെത്ത പൊട്ടിച്ചു ചിതറിയ പഞ്ഞിത്തുണ്ടുകളെപ്പോലെ മാനത്തെങ്ങും വെണ്‍മേഘങ്ങള്‍ .കരുത്തുറ്റ മേഘങ്ങള്‍ .
തൂതപ്പുഴ കണ്ടു.പുഴയില്‍ കുളിക്കുന്ന പെണ്ണുങ്ങളും അരികത്തായി കുളിക്കുകയും പന്തു കളിക്കുകയും ചെയ്യുന്ന ആണുങ്ങളും.എന്തൊരു സ്വച്ഛന്ദമായ ഗ്രാമജീവിതം.
മല്ലീശ്വരന്‍ മുടിക്കുമേലെ കാര്‍മേഘങ്ങള്‍ .
കൈതയും പാഴിലകളും മറ ചൂടിയ തോടുകള്‍ .കരിയിലകള്‍ അടിച്ചുവാരി കത്തിക്കുന്ന ഗ്രമീണവഴികള്‍ ..
മേഘങ്ങള്‍ കാരിരുന്പാണ്.കറുത്തിട്ടാണ്.കമാന്നൊരക്ഷരം മിണ്ടാതെയാണ്.എങ്കിലും,മഴ പെയ്തേക്കും.രാത്രിയില്‍ !
6
നാളെ പുലരു്പോള്‍ ഝടുതിയില്‍ ഉണര്‍ന്നു നോക്കും.
വന്നുകിടക്കണം sms ആയിട്ടെങ്കിലും രണ്ട് തുള്ളി മഴ!