Monday, October 31, 2011

പകല്‍ പോലെ ഒരു സ്‌ത്രീ


നാലുവര്‍ഷം മുമ്പ്‌ ഒരു മദ്ധ്യാഹ്നത്തില്‍ നിലത്തുവിരിച്ച പുല്‍പ്പായയില്‍ ഉച്ചമയക്കത്തിനു കിടന്നതായിരുന്നു ഞാന്‍.അന്നേരമാണ്‌ ഫോണ്‍ ശബ്‌ദിക്കുന്നത്‌.എനിക്കു പരിചയമില്ലാത്ത നമ്പരാണ്‌.ഉറക്കത്തിന്റെ സുഖം മുറിച്ച്‌ ഞാന്‍ ഫോണെടുത്തു.
``ഹലോ..?''
അങ്ങനെ പറഞ്ഞതും മറുവശത്തുനിന്ന്‌ സ്‌ത്രീസ്വരത്തില്‍ ഒരു ചീറല്‍ കേട്ടു.
``നിങ്ങളോടാരാണ്‌ ഫോണെടുക്കാന്‍ പറഞ്ഞത്‌.?''
എന്റെ ഉറക്കം പോയിക്കിട്ടി.ആളെ മനസ്സിലാവാതെ ഞാന്‍ പതിയെ ചോദിച്ചു.
``എന്റെ ഫോണില്‍ കോള്‍ വന്നാല്‍ പിന്നെ എടുക്കാതെ പറ്റുമോ..?''
മറുവശത്തുനിന്ന്‌ വിചിത്രമായ മറുപടി.
``ഞാന്‍ നിങ്ങളുടെ ഫോണിലെ പാട്ടുകേള്‍ക്കുകയല്ലേ.''
ഞാനമ്പരന്നുപോയി.ഞാന്‍ തിരക്കഥയെഴുതിയ `പകല്‍' എന്ന സിനിമയിലെ `എന്തിത്ര വൈകി നീ സന്ധ്യേ' എന്ന പാട്ടായിരുന്നു എന്റെ ഫോണില്‍.ഞാന്‍ പറഞ്ഞു.
``ശരി.നിങ്ങള്‍ പാട്ടുകേട്ടോളു.ഞാന്‍ ഫോണെടുക്കുന്നില്ല.''
അങ്ങനെ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്‌ത്‌ ഞാന്‍ കിടന്നു.
ആ നമ്പറില്‍നിന്ന്‌ വീണ്ടും കോള്‍ വന്നു.ഞാനെടുത്തില്ല.അവര്‍ എന്നോട്‌ സംസാരിക്കാനല്ലല്ലോ ആ പാട്ട്‌ കേള്‍ക്കാനല്ലേ വിളിക്കുന്നത്‌.എന്നാലും അവര്‍ക്കിഷ്‌ടപ്പെട്ട പാട്ട്‌ എന്റെ ഫോണിലുണ്ടെന്ന്‌ അവരെങ്ങനെ മനസ്സിലാക്കി എന്നു ഞാന്‍ ആലോചിക്കാതിരുന്നില്ല.
പിറ്റേന്നുമുതല്‍ ഇടയ്‌ക്കിടയ്‌ക്ക്‌ അവര്‍ വിളിക്കാന്‍ തുടങ്ങി.നമ്പര്‍ ഓര്‍മ്മയില്ലാതെ ഞാന്‍ ഫോണെടുക്കും.അവര്‍ പതിവുപോലെ എന്തിനാ ഫോണെടുത്തതെന്ന്‌ എന്നോട്‌ ചോദിക്കും.വേറൊന്നും പറയുകയുമില്ല.വാസ്‌തവത്തില്‍ ആ വിളികള്‍ എനിക്ക്‌ അരോചകമായി.എങ്കിലും ആ സ്വരത്തില്‍ ഒരു കുസൃതിയുണ്ടായിരുന്നു.അതെനിക്കിഷ്‌ടവുമായിരുന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
``അല്ല പാട്ടുകേട്ടാല്‍ മതിയോ.നിങ്ങള്‍ക്കെന്നോട്‌ സംസാരിക്കേണ്ടേ..?''
``വേണ്ട.പാട്ടുകേട്ടാല്‍ മതി.''
``എങ്കില്‍ എന്തിനാണ്‌ എന്റെ ഫോണിലേക്ക്‌ വിളിക്കുന്നത്‌.അതിന്റെ സിഡി വാങ്ങാന്‍ കിട്ടുമല്ലോ.''
``സിഡി കേള്‍ക്കാന്‍ എന്റെ കൈയില്‍ ഉപകരണമൊന്നുമില്ല.''
``എന്നാല്‍ റേഡിയോയിലേക്ക്‌ എഴുതി ചോദിക്ക്‌.അവരാ പാട്ട്‌ വച്ചുതരും.''
``ങാ,റേഡിയോയില്‍ നിന്നാ ഞാനാ പാട്ട്‌ കേട്ടിട്ടുള്ളത്‌.പക്ഷേ അതേത്‌ പടത്തിലേതാണെന്നൊന്നും എനിക്കറിയില്ല.ഞാന്‍ വിളിക്കുമ്പോ നിങ്ങള്‍ ഫോണെടുക്കാതിരുന്നാല്‍ മതി.നിങ്ങളുടെ ഫോണീന്ന്‌ ഞാന്‍ കേട്ടോളാം.''
ഒരാള്‍ നമ്മളെ പറ്റിക്കുകയാണെന്ന്‌ അറിഞ്ഞാല്‍ നമുക്കവരോട്‌ വല്ലാത്ത ദേഷ്യം തോന്നും.ഈ സംസാരവും കളിയാക്കുന്നതാണോ ആത്മാര്‍ത്ഥമായിട്ടാണോ എന്നറിയാന്‍ യാതൊരു വഴിയുമില്ല.അതുകൊണ്ട്‌ ദേഷ്യപ്പെടാനും വയ്യ.അവര്‍ പറഞ്ഞതുപോലെ ഒരു സിഡി പ്ലയറോ ഐപോഡോ ഒന്നുമില്ലാത്ത ഒരു സാധുവീട്ടിലെ കുട്ടിയാണെങ്കില്‍ ഞാന്‍ ധിക്കാരം കാണിക്കുന്നത്‌ അവിവേകമായിരിക്കും.ഞാന്‍ മയത്തില്‍ ചോദിച്ചു.
``നിങ്ങളുടെ പേരെന്താണ്‌..?''
``പേരെന്തിനാ അറിയുന്നത്‌.അതിന്റെ ആവശ്യമില്ല.''
താഴ്‌മയോടെ ഞാന്‍ അപേക്ഷിച്ചു.
``പേര്‌ അറിയണമെന്ന്‌ എനിക്കു നിര്‍ബന്ധമില്ല.അതറിഞ്ഞാല്‍ ഞാനീ ഫോണില്‍ സേവ്‌ ചെയ്‌തുവയ്‌ക്കാം.നിങ്ങളുടെ കാള്‍ വരുമ്പോള്‍ ഞാനെടുക്കാതിരിക്കാന്‍ അത്‌ സഹായിക്കും.അതിനാണ്‌.''
അതവര്‍ക്ക്‌ മനസ്സിലായെന്നു തോന്നുന്നു.എന്നോട്‌ പാതി അയഞ്ഞ സ്വരത്തില്‍ പറഞ്ഞു.
``എന്നാ ഏതെങ്കിലുമൊരു പേര്‌ സേവ്‌ ചെയ്യ്‌.''
ഞാന്‍ ഫോണില്‍ `പകല്‍' എന്ന്‌ അവരുടെ പേര്‌ രേഖപ്പെടുത്തി.
പിന്നീട്‌ പകലില്‍നിന്ന്‌ കോള്‍ വന്നപ്പോഴൊക്കെ ഞാന്‍ ഫോണ്‍ എടുക്കാതിരുന്നു.അങ്ങനെ മാസങ്ങള്‍ നീങ്ങിപ്പോയി.ഏതോ കുട്ടിയുടെ കുസൃതി എന്ന നിലയില്‍ ഞാനതിനെ തള്ളുകയും ചെയ്‌തു.
ഇനി ഇത്തിരി ഗൗരവമുള്ള വിചാരങ്ങള്‍ കഴിഞ്ഞ്‌ ഈ ഫോണിലേക്ക്‌ തിരിച്ചെത്താം.ലോകത്തിന്നുവരെ ഞാന്‍ കണ്ട വിസ്‌മയം സ്‌ത്രീകളാണ്‌.ഞാന്‍ കണ്ട സൗന്ദര്യവും ശക്തിയും അതുതന്നെ.ആ അര്‍ത്ഥത്തില്‍ എല്ലാ സ്‌ത്രീകളോടും എനിക്ക്‌ ബഹുമാനമുണ്ട്‌.എന്നാലും ചിലര്‍ നമ്മളില്‍ ആദരവുണ്ടാക്കുന്നതില്‍ പരാജയപ്പെടും.അത്തരക്കാരായ ഏതെങ്കിലും സ്‌ത്രീയോട്‌,അവരെത്ര സുന്ദരിയായിരുന്നാലും ധനികയായിരുന്നാലും കേമിയായിരുന്നാലും എനിക്ക്‌ സംസാരിക്കാന്‍ പോലും കഴിയുകയില്ല.എന്റെ അമ്മയും മദര്‍ തെരേസയും മാധവിക്കുട്ടിയും ഇറോം ശര്‍മ്മിളയും ദയാബായിയും പ്രൊതിമാബേദിയുമാണ്‌ ലോകത്ത്‌ ഞാനാരാധിച്ചിട്ടുള്ള സ്‌ത്രീകള്‍.ഒരു സ്‌ത്രീയില്‍ സമ്മേളിക്കണമെന്ന്‌ ഞാനാഗ്രഹിക്കുന്ന ഘടകങ്ങളെല്ലാം ഇവരിലായി നിറഞ്ഞുകിടപ്പുണ്ട്‌.പുരുഷന്‌ ബഹുമാനം തോന്നിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്നിടത്താണ്‌ സ്‌ത്രീയുടെ പൂര്‍ണ്ണത.
ഇനി ആ ഫോണ്‍ സംഭാഷണത്തിലേക്ക്‌ വരാം.മാസങ്ങള്‍ കഴിഞ്ഞ്‌ പകല്‍ എന്ന നമ്പറില്‍നിന്ന്‌ ഒരു സന്ദേശം വന്നു.എന്തുകൊണ്ട്‌ ഞാന്‍ ഫോണ്‍ എടുക്കുന്നില്ല എന്ന ചോദ്യമായിരുന്നു അത്‌.അതിനും തുടര്‍ന്നുവന്ന വിളികള്‍ക്കും ഞാന്‍ നിശ്ശബ്‌ദതതന്നെ ഉത്തരമായി നല്‍കി.അവര്‍ വീണ്ടും സന്ദേശമയച്ചു.ദയവായി ഫോണെടുക്കൂ,നിങ്ങളുടെ കഥകള്‍ ഞാനിപ്പോഴാണ്‌ വായിക്കുന്നത്‌,എനിക്ക്‌ സംസാരിക്കാനുണ്ട്‌ എന്നായിരുന്നു അത്‌.അങ്ങനെ ഞാന്‍ അവരുടെ ഫോണ്‍ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്‌തു.
പിന്നീട്‌ ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അന്ന്‌ വിളിക്കാനുള്ള പ്രേരണയെന്തായിരുന്നുവെന്ന്‌.ആയിടയ്‌ക്ക്‌ കലാകൗമുദിയില്‍ ഞാനുമായുള്ള അഭിമുഖം വന്നിരുന്നു.അതു വായിച്ചപ്പോഴാണ്‌ അവര്‍ക്ക്‌ വിളിക്കാന്‍ തോന്നിയത്‌.വിളിച്ചപ്പോള്‍ കേട്ടത്‌ ആ പാട്ടാണ്‌.പാട്ടു കേള്‍ക്കുന്നത്‌ തടസ്സപ്പെടുത്തി ഞാന്‍ കോള്‍ എടുത്തതുകൊണ്ടാണ്‌ അന്നങ്ങനെ ഇത്തിരി ദേഷ്യപ്പെട്ടതെന്ന്‌ അവര്‍ പറഞ്ഞു.അതില്‍ കൂടുതലൊന്നും അവരെപ്പറ്റി വിശദീകരിച്ചില്ല.
എന്നെക്കാള്‍ മുതിര്‍ന്ന ഒരാളായിരുന്നു അവര്‍.കുട്ടിത്തം കൈമോശം വരുത്താത്ത സൗന്ദര്യമുള്ള ഒരു നല്ല സ്‌ത്രീ.പക്ഷേ വഴിയെ ചില കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി.അപ്പോഴാണ്‌ അതുവരെ തോന്നിയ ലാഘവത്വം മാറി ഞാന്‍ അമ്പരപ്പിലായത്‌.
അവരും ഭര്‍ത്താവും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ്‌.എന്നിട്ടും സ്വന്തമായി വീടുവയ്‌ക്കാതെ സര്‍ക്കാര്‍ കൊടുത്ത താമസസ്ഥലത്ത്‌ താമസിക്കുന്നു.ഫ്രിഡ്‌ജ്‌,ടെലിവിഷന്‍,സിഡിപ്ലയര്‍,ആഡംബരകസേരകള്‍,കട്ടിലുകള്‍,ഗൃഹോപകരണങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുന്നു.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പരിസരങ്ങളിലും റോഡുകളിലും ആരുടെയും പിന്തുണ നോക്കാതെ വ്യത്യസ്‌തങ്ങളായ മരങ്ങള്‍ നട്ടുപരിപാലിക്കുന്നു.ഒഴിവുദിവസങ്ങളില്‍ സ്‌കൂളുകളില്‍ പ്രൊജക്‌ടറുകളുമായി ചെന്ന്‌ ചെറിയ ചെറിയ സിനിമകള്‍ കുട്ടികള്‍ക്കായി കാണിച്ചുകൊടുക്കുന്നു.അല്ലാത്ത ദിവസങ്ങളില്‍ സാമൂഹിക പ്രസക്തിയുള്ള പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കുന്നു.സാധാരണ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നു.തീയേറ്ററുകളില്‍ പോയി കുടുംബസമേതം സിനിമകള്‍ കാണുന്നു.നിര്‍ദ്ധനര്‍ക്ക്‌ കുടകളും വസ്‌ത്രങ്ങളും വാങ്ങിക്കൊടുക്കുന്നു.ജയിലില്‍ കിടക്കുന്നവര്‍ക്ക്‌ കത്തുകളെഴുതുന്നു.അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ സൗജന്യസേവനം ചെയ്യുന്നു.ഏതിനുമുപരിയായി ധാരാളം പുസ്‌തകങ്ങള്‍ വായിക്കുന്നു.വായിച്ച പുസ്‌തകങ്ങളെപ്പറ്റി സംസാരിക്കുന്നു.പരാതികള്‍ക്കിടകൊടുക്കാതെ കുടുംബം നോക്കുന്നു.ശമ്പളം കിട്ടുമ്പോള്‍ സ്വര്‍ണ്ണം വാങ്ങി ലോക്കറുകളിലേക്ക്‌ ഓടാതിരിക്കുന്നു.പ്രിഡിഗ്രി പഠനത്തിനുശേഷം സാരിയുടുത്തിട്ടില്ലാത്ത,സ്വര്‍ണ്ണമണിയാത്ത,അംഗവൈകല്യമുള്ള ഒരാളെ പ്രണയിച്ചു വിവാഹം കഴിച്ച,അതിനെ എതിര്‍ത്ത വീട്ടുകാരെ അകറ്റിനിര്‍ത്തിയ ആ സ്‌ത്രീയുടെ ധൈര്യത്തെയും കറയില്ലാത്ത കാഴ്‌ചപ്പാടുകളെയും ഞാന്‍ നമിക്കുന്നു.
പുരുഷന്റെ സൗഹൃദമോ തണലോ പിടിച്ചുപറ്റാനായി നിലവാരമില്ലാത്ത കള്ളത്തരങ്ങള്‍ കാഴ്‌ചവയ്‌ക്കുന്ന സ്‌ത്രീകളെ കണ്ടുമടുത്ത എനിക്ക്‌ അവര്‍ അത്ഭുതം തന്നെയാണ്‌.എന്റെ പേപ്പര്‍ ലോഡ്‌ജ്‌ എന്ന നോവലിലെ ദീദിയെ ഞാന്‍ സൃഷ്‌ടിക്കുമ്പോള്‍ അവരായിരുന്നു മാതൃക.
അവര്‍ എന്നിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിസ്‌മയങ്ങള്‍ക്ക്‌ കണക്കില്ലെന്ന്‌ പറയാന്‍ കാരണം അവര്‍ എടുത്തു വളര്‍ത്തുന്ന അഞ്ച്‌ അനാഥക്കുട്ടികള്‍ കൂടിയാണ്‌.ഒരിക്കലും ആ കുട്ടികളെ മുഷിഞ്ഞതോ നിറമില്ലാത്തതോ ഫാഷനബിള്‍ അല്ലാത്തതോ ആയ വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടേയില്ല.സ്വന്തമായിട്ടുള്ള മകനൊപ്പം അവര്‍ മറ്റു മക്കളേയും സംരക്ഷിക്കുന്നു.
എനിക്ക്‌ അമ്പരപ്പും അസൂയയുമാണ്‌ ആ ജീവിതത്തോട്‌.നാട്ടുകാരുടെ കൈയടിയും മാധ്യമശ്രദ്ധയും അവര്‍ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ടാണ്‌ അവരുടെ പേര്‌ ഞാന്‍ പറയാതിരിക്കുന്നത്‌.ഇന്നും എന്നെ വിസ്‌മയിപ്പിക്കുന്ന ആദരവുള്ള സൗഹൃദമായി അത്‌ തുടരുന്നു.
ആള്‍ക്കൂട്ടത്തിലിറങ്ങാന്‍ നാണവും മടിയുമുള്ള എന്നെ വിളിച്ച്‌ കുറേനാള്‍ മുമ്പ്‌ അവര്‍ ചോദിച്ചു.
``നീ വരുന്നോ,ഞാന്‍ നിന്റെ നഗരത്തിലൂടെ പോവുകയാണ്‌.''
``എവിടേക്ക്‌.?''
``ഒരാളുടെ കൂടെ രണ്ടുദിവസം കഴിയാന്‍.വരുന്നെങ്കില്‍ വാ..''
``ആരാ അത്‌..?''
``ദയാബായി എന്നാ പേര്‌..''
ആ സമയത്ത്‌ ദയാബായി മലയാള മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല.സ്വാഭാവികമായും ദയാബായി എന്ന പേര്‌ ഞാനപ്പോള്‍ കേട്ടിട്ടുമില്ലായിരുന്നു.ഞാന്‍ പറഞ്ഞു.
``ഞാനില്ല.നിങ്ങള്‍ പൊയ്‌ക്കോ.''
ചില നഷ്‌ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ നമ്മുടെ പോരായ്‌മ മൂലമാണ്‌.അത്‌ തിരികെ പിടിക്കാന്‍ എത്ര ജന്മം ജീവിച്ചാലും കഴിയുകയുമില്ല.അക്കാര്യം ബോദ്ധ്യമാക്കിത്തരുന്ന സര്‍വ്വകലാശാലകളാണ്‌ ചില മനുഷ്യര്‍.
(ഈ വര്‍ഷത്തെ ഇന്ത്യാ ടുഡേ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണിത്.ഒരിക്കല്‍ വായിച്ചവര്‍ ക്ഷമിക്കുമല്ലോ.)

Saturday, October 22, 2011

നമുക്കിടയില്‍ ചിലര്‍ ജീവിച്ചിരിക്കുന്നു,സ്വയം കൈയടിക്കാതെ!

ന്‍റെയീ നിസ്സാരജീവിതത്തെ ഒരിക്കലെങ്കിലും കാരുണ്യത്തോടെയോ ദയവായ്പോടെയോ സ്നേഹത്തോടെയോ നോക്കിയിട്ടുള്ള ഏതൊരാളെയും എന്‍റെ അവസാനശ്വാസം വരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുവാന്‍ ഞാനാഗ്രഹിക്കാറുണ്ട്.അതിന് കഴിയുന്നത്ര പരിശ്രമിക്കാറുമുണ്ട്.ഭൌതികനേട്ടങ്ങള്‍ക്കായി പുതിയ ബന്ധങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ എനിക്കുവലിയ നോട്ടമില്ല.എനിക്കിഷ്ടം ഒരിക്കെലെങ്കിലും എന്നെ ചേര്‍ത്തുപിടിച്ചവരെ സദാ സ്നേഹിക്കുന്നതാണ്.
പാലക്കാട്ടേക്ക് വന്നനാള്‍ മുതല്‍ വിചാരിക്കുന്നതാണ് എം.ടി.എന്‍ സാറിനെ വീട്ടില്‍ച്ചെന്ന് കാണണമെന്ന്.ഇവിടെ താമസമാക്കും മുന്പ് പാലക്കാട് വന്നുപോകുന്പോഴും വിചാരിക്കാറുണ്ടായിരുന്നു.കഴിഞ്ഞിരുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ ദിവസം സുഹൃത്ത് പവിത്രന്‍ ഓലശ്ശേരിയെ വിളിച്ച് ഞാന്‍ പറഞ്ഞു.
എനിക്ക് എം.ടി.എന്‍ സാറിനെ കാണണമെന്നുണ്ട്.നമ്മള്‍ വരുന്നവിവരം അദ്ദേഹത്തെ വിളിച്ചുപറയണം.
സാറിന്‍റെ ഫോണ്‍ നന്പര്‍ പവിത്രന്‍ എടുത്തുതരികയും കൂടാതെ വിളിച്ചറിയിക്കുകയും ചെയ്തു.അത്ഭുതം!സാര്‍ എന്നെ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.!
ആ മനുഷ്യനും ഞാനുമായിട്ടുള്ള ബന്ധമെന്ത്..?പണ്‌ട്,വളരെ വര്‍ഷങ്ങള്‍ക്കുമുന്ന്,ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തില്‍ നിന്ന് സാഹിത്യത്തിന്‍റെയും പ്രണയത്തിന്‍റയും ചൂട് തലയ്ക്കുകേറി പാലക്കാട്ടെത്തുന്ന ഏതോ ഒരു പയ്യനായ എന്നോടും സംസാരിക്കാനുള്ള സൌമന്സ്യം കാണിച്ച വ്യക്തി എന്ന ബന്ധം.അതാണെനിക്ക് എം.ടി.നാരായണന്‍ നായര്‍.
ഇന്ന് സുസ്മേഷ് കാണാനാഗ്രഹിക്കുന്നു എന്നോ വന്നിരിക്കുന്നു എന്നോ പറഞ്ഞാല്‍,എഴുത്തും വായനയുമായി ബന്ധമുള്ള കുറച്ചുപേര്‍ക്കെങ്കിലും എന്നെ ഓര്‍മ്മ വരുമായിരിക്കും.എനിക്കൊരു കസേരയും സംസാരിക്കാനുള്ള സാഹചര്യവും കിട്ടുമായിരിക്കും.അന്ന്,ഇതൊന്നുമുണ്ടായിരുന്നില്ല.വെള്ളത്തൂവല്‍ പി.ഓ എന്ന നേരിയ വിലാസം മാത്രം.കഥകളെഴുതി ഇന്‍ലന്റ് മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടേയുള്ളു.പുസ്തകവായനയോ ലോകവിവരമോ ആയിട്ടില്ല.തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണിത്.പക്ഷേ ആ കൂടിക്കാഴ്ച അന്ന് എന്നില്‍ നിറച്ച ആത്മവിശ്വാസം വളരെ വലുതാണ്.ഞാനെന്തെങ്കിലുമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു പിറകില്‍ ആ ആത്മവിശ്വാസം തന്ന പ്രേരണയും ചെറുതല്ല.
അക്കാലത്തൊരിക്കല്‍,തൊണ്ണൂറ്റാറില്‍ പാലക്കാട് വരുന്പോള്‍ ഇതേ പവിത്രന്‍ തന്നെയാണ് ഓര്‍മ്മിപ്പിച്ചത്.
എം.ടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ ഇവിടെയാണ് താമസം.തുറന്ന കത്ത് എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്ററാണ് അദ്ദേഹം.വേണമെങ്കില്‍ പോകാം.
വോളന്‍റററി റിട്ടയര്‍മെന്‍റിനുശേഷമുള്ള അദ്ദേഹത്തിന്‍റെ വാസമുറപ്പിക്കലായിരുന്നു അത്.അതൊന്നും അന്നറിയില്ല.എം.ടിയുടെ ജ്യേഷ്ഠന്‍ എന്ന പരിചയപ്പെടുത്തല്‍,വിവര്‍ത്തകന്‍ എന്ന നിലയിലുള്ള വായനാപരിചയം അത്രയുമേ അദ്ദേഹത്തെ കാണണമെന്ന് വിചാരിക്കുന്പോള്‍ മനസ്സിലുണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ മേട്ടുപാളയം സ്ട്രീറ്റിലുള്ള തുറന്ന കത്തിന്‍റെ ഓഫീസില്‍ പോയി.
അവിടെ നിരന്തരം ഓളിയിടുന്ന പഴയൊരു ലെറ്റര്‍ പ്രസ്സിന്‍റെ വശത്തുള്ള പത്രാധിപര്‍ക്കുള്ള കുടുസ്സുമുറിയില്‍ പ്രൂഫില്‍ ചില തിരുത്തുകളുമായി അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു.മേശപ്പുറത്ത് പച്ചനിറമുള്ള പഴയൊരു ഫോണ്‍.ഞാനാവട്ടെ ചില ലിറ്റില്‍ മാഗസിനുകളിലേ അതുവരെ എഴുതിയിട്ടുള്ളൂ എങ്കിലും കാഫ്കയോ ഹുവാന്‍ റൂള്‍ഫോയോ ആണെന്ന മട്ടിലായിരുന്നു എന്‍റെ നടപ്പ്.ആ മട്ടിലാണ് തുറന്ന കത്തിലേക്ക് കയറിച്ചെല്ലുന്നതും.മുഖത്തത് പ്രകടമാക്കിയിട്ടുമുണ്ടാവണം.എന്നിട്ടും എം.ടി.എന്‍ സാര്‍ ഇരിക്കാന്‍ പറഞ്ഞു,വിശേഷങ്ങള്‍ ചോദിച്ചു.
വെറുതെ പരിചയപ്പെടാനായി വന്നതാണെന്ന് ഞാന്‍പറഞ്ഞപ്പോള്‍ അദ്ദേഹം തിരക്കുകള്‍ക്കിടയിലും സംസാരിക്കാന്‍ തയ്യാറായി.ഇടയ്ക്ക് പ്രസ്സിലെ ജോലിക്കാര്‍ പ്രൂഫോ മറ്റോ ആയി വരും.തുണി കെട്ടി മറച്ചതിനപ്പുറം സ്ത്രീകള്‍ ധൃതിയില്‍ വാര്‍ത്ത കന്പോസ് ചെയ്യുന്ന ശബ്ദം.വേറൊരിടത്ത് പേജുകള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്നു.തുറന്ന കത്ത് പാലക്കാട്ടെ പേരുള്ള,വായനക്കാരുള്ള,പരസ്യവരുമാനമുള്‌ള സായാഹ്നപത്രമായിരുന്നു അക്കാലത്ത്.(വന്‍കിട പത്രങ്ങള്‍ മിഡ് ഡേ ഡെയിലി എന്ന പരിപാടി ആരംഭിച്ചിരുന്നില്ല എന്നുസാരം.)അതിനിടയിലാണ് ഞങ്ങളോട് സംസാരിക്കാനുള്ള സാറിന്‍റെ സാഹസം.ഞാന്‍ നോക്കി.എം.ടിയുടെ ഛായ.ചിലപ്പോള്‍ അതേ ചിരി,കണ്ണുകള്‍.മീശ വെട്ടിയിരിക്കുന്നതുപോലും അങ്ങനെ തന്നെ.(മനപ്പൂര്‍വ്വമാവണമെന്നില്ല)എനിക്ക് അന്നുമിന്നും എം.ടിയുമായി അടുത്ത് സന്പര്‍ക്കമില്ല.അതിനുള്ള അവസരങ്ങളുണ്ടായിട്ടില്ല.ഉണ്ടായപ്പോള്ത്തന്നെ,സ്വയം പരിചയപ്പെടുത്തിയ സന്ദര്‍ഭത്തില്‍ കണ്ണുകളിലെ വലിയ ചിരിയോടെ അറിയാം,വായിക്കാറുണ്ട് എന്നോമറ്റോ പതിയെ പറഞ്ഞതല്ലാതെ വളരെയൊന്നും സംസാരിച്ചിട്ടുമില്ല.അതൊക്കെ അടുത്ത കാലത്താണ്.
എന്നാല്‍ അന്ന് എം.ടി.എന്‍ സാര്‍ മടിയില്ലാതെ സംസാരിച്ചുതുടങ്ങിയതോടെ ലോകസാഹിത്യം തുറന്ന കത്തിന്‍റെ മുറിയിലേക്ക് വരാന്‍ തുടങ്ങി.എന്നിലെ കാഫ്ക ഇറങ്ങിയോടി ഒറിജിനല്‍ കാഫ്കയെ കൂട്ടിവന്നു.ബര്‍ട്രാന്‍റ് റസ്സല്‍ വന്നു.ജിദ്ദു വന്നു.പാസ്റ്റര്‍നാക്ക് വന്നു.ജോസഫ് കെസ്സലും ആല്‍ബര്‍ട്ടോ മൊറോവിയയും കാവാബാത്തയും വന്നു.അവര്‍ വന്നപ്പോള്‍ ഇരിക്കാനും നില്‍ക്കാനുമിടമില്ലാതെ ഞാന്‍ ചുരുങ്ങാന്‍ തുടങ്ങി.ഒടുവില്‍ ഒരു മൂലയ്ക്ക് ഒതുങ്ങിനില്‍പ്പായി.അതാണ് അനുഭവം.
ഗുരുക്കന്മാര്‍ അങ്ങനെയാണ്.നമ്മളെ ചെറുതാക്കിത്തരും.അതാണ് ആഹ്ലാദം.അഹം വഴിമാറുന്ന ആഹ്ലാദം.
പിന്നീട് ഒന്നോ രണ്ടോ വട്ടംകൂടി അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയിരുന്നു.പിന്നീട് കുറേക്കാലത്തേക്ക് പാലക്കാട് ചെന്നതൊക്കെ മറ്റാരെയും പരിഗണിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.ആ നാളുകള്‍ വേഗം പോയി. ആരെയും കാണാനില്ലാത്ത,കണ്ടിട്ട് ഉന്മേഷമില്ലാത്ത കാലം ധൃതിയില്‍ വന്നു.ഞാന്‍ എം.ടി.എന്‍ സാറിനെയും മറന്നു.
അതിനിടയിലാണ് ഡി പിറക്കുന്നത്.അതിലെ വി.എന്‍ എന്ന പത്രാധിപരെ അനായാസം ഞാന്‍ സൃഷ്ടിച്ചെടുത്തത് എം.ടി.എന്‍ സാറിനെ മാതൃകാസ്ഥാനത്ത് നിര്‍ത്തിയായിരുന്നു.നെഹ്റു നേരിട്ട് സ്വന്തം പേന കൊടുത്ത പത്രാധിപരായിരുന്നു വി.എന്‍.
ഇടയില്‍ സാറിനെ ഓര്‍മ്മ വന്നപ്പോള്‍ എറണാകുളത്തുനിന്ന് ഞാന്‍ കത്തുകള്‍ അയച്ചു.സാറെനിക്ക് മറുപടിയും എഴുതി.അതില്‍ ചില അസുഖങ്ങള്‍ ശല്യപ്പെടുത്തുന്ന വിവരമൊക്കെയുണ്ടായിരുന്നു.
പിന്നീട് രണ്ടായിരത്തിന്‍റെ മദ്ധ്യത്തിലൊരിക്കല്‍ പാലക്കാട് വന്നപ്പോള്‍ ഞാന്‍ ധോണിയിലുള്ള സാറിന്‍റെ വീട് അന്വേഷിച്ചുപോവുകതന്നെ ചെയ്തു.കണ്ടു.സംസാരിച്ചു.അപ്പോഴേക്കും പതിവായി ഓഫീസില്‍ പോകുന്നത് സാര്‍ വേണ്ടെന്നുവച്ചിരുന്നു.
മുപ്പതോളം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട് അദ്ദേഹം.കാവാബാത്തയുടെ ഹിമഭൂമിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണ ഗ്രന്ഥങ്ങളും കോളിന്‍ വില്‍സന്‍റെ ലൈംഗീകവാസനയുടെ ഉല്‍പ്പത്തിയുമടക്കം നിരവധി ഗ്രന്ഥങ്ങള്‍.മാതൃഭൂമിയും ഡിസിയും ഒലിവും പഴയ മള്‍ബെറിയുമൊക്കെയാണ് ആ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.എന്നിട്ടും പലര്‍ക്കും അദ്ദേഹത്തെ വേണ്ടപോലെ അറിയില്ലെന്ന് തോന്നുന്നു.സതേണ്‍ റെയില്‍വേയിലായിരുന്നു ജോലി.പ്രധാനമായും വിവര്‍ത്തന പരിശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.അദ്ദേഹവുമായി സംസാരിച്ചിരിക്കുന്പോള്‍ എനിക്കു തോന്നാറുണ്ട്,നേരിട്ട് എഴുത്തില്‍ വന്നിരുന്നെങ്കില്‍,സ്വന്തമായി ഫിക്ഷന്‍ എഴുതിയിരുന്നെങ്കില്‍ ഇദ്ദേഹത്തില്നിന്ന് എത്രയോ മികച്ച കൃതികള്‍ മലയാളത്തിന് ലഭിക്കുമായിരുന്നു എന്ന്.എനിക്കുതോന്നുന്നത് ആദ്യകാലത്ത് അദ്ദേഹം സ്വന്തമായി കഥകളെഴുതിയിരുന്നു എന്നുതന്നെയാണ്.
ഇന്നലെ വൈകുന്നേരം നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഞാന്‍ സാറിനെ തേടിപ്പോയി.ഇനിയും മുഴുവനായും പോയിട്ടില്ലാത്ത അഹങ്കാരത്തില്‍ എന്‍റെ മരണവിദ്യാലയമെടുത്ത് കൈയില്‍ വച്ചു.ലോകത്തെ വിറപ്പിച്ച മഹാസാഹിത്യകാരന്മാരെ വായിക്കുന്ന ഒരാള്‍ക്കാണ് ഞാന്‍ സ്വന്തം പുസ്തകം കൊണ്ടുപോകുന്നത്.അതേ കൊടുക്കാനുണ്ടായിരുന്നുള്ളൂ.
ലോകസാഹിത്യം പിന്നാലെ നടന്ന് വായിക്കുന്ന ഒരാളല്ല ഞാന്‍.അതിനുള്ള കഴിവുമില്ല.അതുകൊണ്ടുതന്നെ സാര്‍ വായിക്കാത്ത ഒരു കേമന്‍ പുസ്തകം ഇതാ എന്നുപറഞ്ഞ് എന്തെങ്കിലും വാങ്ങിച്ചെല്ലാനുള്ള ധൈര്യവുമില്ല.അപ്പോള്‍പിന്നെ,സാറ്‍ വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകം ഇതുതന്നെയായിരിക്കണം.!
റെയില്‍വേ കോളനിയിലേക്കുള്ള വഴി എത്രയോ മാറിയിരിക്കുന്നു.ഉമ്മിണിയും എഞ്ചീനീയറിംഗ് കോളജിലേക്കുള്ള പാതയും ഒക്കെ വല്ലാതെ മാറിയിട്ടുണ്ട്.തെക്കേപ്പാട്ട് എന്ന വീടിരിക്കുന്ന ചെറിയ മേടും മാറ്റങ്ങള്ക്ക് വിധേയമായി.പരിസരത്ത് ധാരാളം വീടുകള്‍ വന്നു.
മാറ്റമില്ലാത്തത് സാറിനുമാത്രം.പഴയ അതേ മനുഷ്യന്‍.എന്നെയും സമഭാവനയോടെ പരിഗണിച്ച അതേ മനുഷ്യന്‍.ഒന്നരവര്‍ഷം മുന്പ് സാറിന്‍റെ ഭാര്യ മരിച്ചു.മകളാണിപ്പോള്‍ കൂടെ.പകലുകളുടെ വിരസതയെ അതിജീവിക്കാനായി സാറിപ്പോഴും പുസ്തകങ്ങള്‍ വായിക്കുന്നു,അത് വിവര്‍ത്തനം ചെയ്യുന്നു.മുന്നിലെ മേശപ്പുറത്ത് കുഞ്ഞ് കൈയക്ഷരങ്ങള്‍ അടുങ്ങിക്കിടക്കുന്ന കടലാസുകള്‍.ഇത്തവണ എന്‍റെ കൂടെ വന്നത് സദാനന്ദന്‍ ആയക്കാട് എന്ന സ്നേഹിതനായിരുന്നു.വണ്ടി തന്നയച്ചത് പവിത്രനും.
മനസ്സിന് വളരെ ലാഘവം തോന്നി.കാണണമെന്ന് കരുതിയിരുന്ന യൊരാളെയാണ് കാണാന്‍ കഴിഞ്ഞത്.സായന്തനങ്ങള്‍ പകരുന്ന അപ്രതീക്ഷിത വിസ്മയങ്ങളില്‍ മറ്റൊന്ന്.
ഞാന്‍ സാറിന് ഒരു പുസ്തകം കൊടുത്തപ്പോള്‍ എനിക്കു തരാനായി സാര്‍ പൊതിഞ്ഞുവച്ചിരുന്നത് നാല് പുസ്തകങ്ങള്‍!വീണ്ടും അങ്ങനെ തന്നെ.ഗുരുക്കന്മാര്‍ ഗുരുക്കന്മാര്‍ തന്നെ.

Monday, October 17, 2011

മരണവിദ്യാലയത്തിന് രണ്ടാം പതിപ്പ്

പ്രിയപ്പെട്ട വായനക്കാരേ..,
എന്റെ "മരണവിദ്യാലയം" കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകൃതമായ പുസ്തകമാണ് മരണവിദ്യാലയം.ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പതിപ്പ് സാദ്ധ്യമാക്കിയ പ്രിയവായനക്കാര്‍ക്ക് നന്ദി.
സ്നേഹത്തോടെ
സുസ്മേഷ്.

Tuesday, October 11, 2011

രണ്ടുകഥകള്‍ : നിങ്ങള്‍ എന്തു പറയുന്നു..?

പ്രിയപ്പെട്ട വായനക്കാരേ,

രണ്ടുകഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.കഴിഞ്ഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'മാംസഭുക്കുകള്‍' ഈ ലക്കം മലയാളം വാരികയില്‍ വന്നിട്ടുള്ള 'ബാര്‍ കോഡ്' എന്നിവയാണ് അവ.നിങ്ങളില്‍ ചിലരെങ്കിലും ഈ കഥകള്‍ വായിച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.വായിച്ചിട്ടുള്ളവരില്‍നിന്ന് കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാനാണ് ഈ കുറിപ്പ്.ദയവായി കഥകളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

കഥകള്‍ അതേപടി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മനസ്സിലാക്കാനപേക്ഷ.

സ്നേഹത്തോടെ,

നിങ്ങളുടെ സുസ്മേഷ്.

Thursday, October 6, 2011

അമുദക്കുട്ടി ലോകത്തിന്‍റെ സര്‍വ്വകലാശാലയിലേക്ക് പഠിക്കാന്‍ പോകുന്പോള്‍..


അമുദ(രണ്ടരവയസ്സ്).എന്‍റെ അനിയന്‍റെ മകള്‍.ഇന്ന് അവളുടെ വിദ്യാരംഭമായിരുന്നു.ഞാന്‍ നാവിലെഴുതണമെന്നായിരുന്നു അനിയന്‍റെയും ചിന്നുവിന്‍റെയും നിര്‍ബന്ധം.ഞങ്ങളുടെ അമ്മാവന്‍റെ മകള്‍ ചിന്നുവിനെയാണ് അവന്‍ വിവാഹം ചെയ്തിട്ടുള്ളത്.അച്ഛനും അമ്മാവനും ഉള്ളപ്പോള്‍ ഞാനിതു ചെയ്യണോ..അതായിരുന്നു എന്‍റെ സംശയം.പക്ഷേ അവരുടെയാഗ്രഹം അതായിരുന്നു.അത് ഞാനൊരു എഴുത്തുകാരനായതുകൊണ്ടൊന്നുമല്ലെന്ന് എനിക്കറിയാം.

ഇതുവരെ ഞാനാരുടെയും നാവിലെഴുതിയിട്ടില്ല.പല കുഞ്ഞുങ്ങളും പലയിടത്തായി വിദ്യാരംഭം കുറിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്.അപ്പോഴൊക്കെ മനസ്സില്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.എങ്കിലും ജീവിതത്തിലാദ്യമായി വിദ്യാരംഭത്തിനിരുന്നപ്പോള്‍ പകച്ചുപോയി.വിയര്‍ത്തുപോയി.അകാരണമായ പരിഭ്രമം.ദൈവമേ,എന്‍റെ പിഴകള്‍ പൊറുത്ത് ഞങ്ങളുടെ കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും നല്‍കണേ എന്നുമാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വര്‍ണ്ണമെടുത്ത് നാവിലെഴുതി.അമുദ വലിയ ആഹ്ലാദത്തിലായിരുന്നു.ഉത്സാഹത്തിലും.അവള്‍ വലുതാകും.വ്യക്തിത്വമുള്ള പെണ്ണാകും.തനിക്കുചുറ്റും പ്രകാശം പ്രസരിപ്പിക്കും.ലോകം തന്നെ പ്രകാശമാനമാകും.മതി.

വല്യച്ഛനെന്ന നിലയില്‍ തൃപ്തിയാകാന്‍ എനിക്ക് അത്രമതി.എന്‍റെ സന്തോഷമാണ് ഈ പോസ്റ്റ്.

നിങ്ങളുടെ അനുഗ്രഹങ്ങളും കൂടി അവള്‍ക്കുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

അതിന്‍റെ ചിത്രമാണ് ഇത്.അനിയന്‍ സുമേഷാണ് ഒപ്പമുള്ളത്.