Tuesday, November 25, 2014

ആദരവോടെ,പ്രണാമം

ചളവറ എന്നത് എത്തിപ്പെടാന്‍ കുറേ എടങ്ങേറ് പിടിച്ച ഒരിടമാണ്.പാലക്കാടുകാര്‍ക്കുപോലും വലിയ ഇഷ്ടം കാണില്ല ആ സ്ഥലത്തോട്.അത്രയ്ക്കും ഗ്രാമ്യം.അത്രയ്ക്കും അപരിഷ്കൃതം.
രണ്ടോ മൂന്നോ കൊല്ലം മുന്നേ,ഞാന്‍ പാലക്കാട് താമസിക്കുമ്പോള്‍,എനിക്ക് നോ പറയാന്‍ സാധിക്കുകയില്ലാത്ത ഒരു സ്നേഹിതന്‍,ശശിയേട്ടന്‍ (നഗരിപ്പുറം)വിളിച്ചിട്ട് ചളവറ സ്കൂളില്‍ എന്തോ പരിപാടിക്ക് സംബന്ധിക്കാന്‍ ആവശ്യപ്പെട്ടു.പെട്ടെന്ന് എന്‍റെ മനസ്സില്‍ വന്നത് വിനിതയുടെ മുഖമാണ്.ഞാന്‍ സന്തോഷത്തോടെ ഓര്‍ത്തു.അത് വിനിതയുടെ നാടാണല്ലോ..വിനിത പഠിച്ച സ്കൂളാണല്ലോ അത്.ശശിയേട്ടനോട് ഞാന്‍ മറ്റൊന്നുമാലോചിക്കാതെ ചെല്ലാമെന്ന് സമ്മതിക്കുകയും ചെയ്തു.പറഞ്ഞ ദിവസം വളരെ കഷ്ടപ്പെട്ട് ഓട്ടോ പിടിച്ചും ബസ് പിടിച്ചും ഞാനാ ഗ്രാമത്തിലെത്തി.അമ്പത് കൊല്ലം മുമ്പത്തെ കേരളീയ ഗ്രാമം ചിത്രീകരിക്കാന്‍ പറ്റിയ ഒരിടം.കുന്നിന്‍മുകളിലാണ് സ്കൂള്‍.സത്യത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് ഞാനവിടെ എത്തിയത്.വൈകുന്നേരമാണ്.മഴയുമുണ്ട്. ഓട്ടോക്കാരന്‍ തിരിച്ചുപോയി.എങ്ങനെ മടങ്ങുമെന്നു പോലും അറിയില്ല.എങ്കിലും മനസ്സില്‍ വിനിതയുടെ മുഖം ഉണ്ടായിരുന്നു.പാലക്കാട് താമസിക്കുന്ന കാലത്ത് പാലക്കാട്ടെ ഉള്‍ഗ്രാമങ്ങളിലും ഇടത്തരം വികസിതപ്രദേശങ്ങളിലും സാഹിത്യ സംബന്ധിയായ പരിപാടികളികള്‍ക്ക് ഞാന്‍ പോകാറുണ്ടായിരുന്നു.അപ്പോഴൊക്കെ അസ്സലായി കവിത എഴുതുന്ന വിനിതയെ ഞാന്‍ കണ്ടിട്ടുമുണ്ട്.അതിനുമുന്നേ വിനിതയുടെ ആദ്യകവിതകള്‍ ബാലംപംക്തിയില്‍ അച്ചടിച്ചുവന്ന കാലത്ത് വിനിതയ്ത്ത് കത്തെഴുതിയിട്ടുമുണ്ട്. എനിക്കതോര്‍മ്മയുണ്ട്.വിനിതയ്ക്കും ഓര്‍മ്മയുണ്ട്.പക്ഷേ അങ്ങനെ ആള്‍ക്കുൂട്ടത്തില്‍ തിക്കിയെത്തുന്ന ഒരു മുഖവും നമ്മുടെ മനസ്സില്‍ നില്‍ക്കില്ല.അപ്പോള്‍ നമുക്കവരോട് ശരിക്കും സംസാരിക്കാനും കഴിയില്ല.അന്ന് ചളവറ സ്കൂളിലേക്ക് പോകുമ്പോള്‍ ഞാന്‍ ആഹ്ലാദിച്ചത് വിനിതയെ അവിടെ വച്ച് കാണാം സ്വസ്ഥമായി സംസാരിക്കാം എന്നുതന്നെയായിരുന്നു.അപ്പോഴേക്കും അഞ്ചിലും ആറിലും ഏഴിലും ഒക്കെ പഠിക്കുമ്പോള്‍ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച നിരവധി കവിതകളിലൂടെ വിനിത സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.ആസ്വാദകനെ നടുക്കിയ പ്രതിഭ പ്രദര്‍ശിപ്പിച്ച എഴുത്തുകാരിയായിരുന്നു വിനിത.എനിക്ക് വിനിതയോട് എന്നും ആദരവായിരുന്നു.പ്രായത്തില്‍ എന്നെക്കാള്‍ എത്രയോ ഇളയതാണ്.എന്നിട്ടും.
പക്ഷേ വിനിത ആ സ്കൂളില്‍നിന്നും പത്താംക്ലാസ് പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം വേറെ സ്കൂളിലേക്ക് മാറിയിരുന്നു.ഞാനതറിഞ്ഞിരുന്നില്ല.എനിക്കെപ്പോഴും വിനിത ചെറിയ കുട്ടിയാണ്.എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിനി.എനിക്കു വിഷമമായി.പക്ഷേ ആരോ പറഞ്ഞു,ഞങ്ങള്‍ക്ക് ഈ സ്കൂളില്‍ വിനിതയില്ലാതെ ഒരു പരിപാടി ആലോചിക്കാന്‍ കഴിയില്ല,അതിനാല്‍ താങ്കള്‍ വരുന്ന കാര്യം അറിയിച്ചിട്ടുണ്ട്,വിനിത ക്ലാസ് കഴിഞ്ഞ് ഉടനെത്തും,എന്നിട്ടു നമുക്കുതുടങ്ങാം.
അധ്യാപകര്‍ക്കെല്ലാം വിനിത എന്നു പറയുമ്പോള്‍ നൂറ് നാവ്.
എനിക്ക് സന്തോഷമായി.വിനിത വന്നു.എനിക്ക് ശരിക്കും സന്തോഷമായി.നേരത്തേ ഏതൊക്കെയോ സാഹിത്യക്യാമ്പുകളില്‍ കേള്‍വിക്കാരിയും " ഇടപെട്ടളയുന്ന " ആളുമായി ഇരുന്ന കുറുത്തു മെലിഞ്ഞ ചെറിയ കുട്ടിയില്‍ നിന്നും കണ്ണട വച്ച് വെളുത്ത ഒരു പക്വമതിയായി ആ പതിനാറുകാരി -അതോ പതിനേഴുകാരിയോ- മാറിയിരുന്നു. അന്ന് വിനിതയാണ് എന്നെ സദസ്സിന് പരിചയപ്പെടുത്തിയത്.വിനിത എന്നെപ്പറ്റി പറയുന്നതുകേട്ട് അഭിമാനത്തോടെ ഞാനിരുന്നു.അത് എന്നെപ്പറ്റി പറയുന്നത് കേട്ടിട്ടല്ല.വിനിത അങ്ങനെ വളരുന്നത് കണ്ടിട്ടാണ്.
പിന്നെ,കുറേനാളുകള്‍ക്കുശേഷം ,കഴിഞ്ഞ ഏപ്രിലിലോ മറ്റോ പാലക്കാട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം നടക്കുമ്പോള്‍ ഞാന്‍ പോയിരുന്നു.അന്നവിടെ കുറേ കൂട്ടുകാരുടെ കൂടെ ഒരു റാണിയെപ്പോലെ വിനിത വന്നു.ആവശ്യം എന്‍റെ ഇന്‍റര്‍വ്യൂ വേണം.അത് ആവശ്യപ്പെടലാണ്.താങ്കള്‍ എന്നൊക്കെ സംബോധന ചെയ്താണ് ആവശ്യപ്പെടുന്നത്.അനുസരിക്കാതെ പറ്റില്ലെന്നു തോന്നും.അത്രയ്ക്ക് ഗാംഭീര്യമുണ്ട് വിനിതയുടെ തുളച്ചുകയറുന്ന നോട്ടത്തിനും സംസാരത്തിനും.ചളവറയില്‍നിന്നും ഒരു കുട്ടിക്കും അങ്ങനെ വളര്‍ന്നുകേറാന്‍ സാധിക്കില്ല.എനിക്കതറിയാം.
അഭിമുഖം-പ്രത്യേകിച്ച് കോളജ് മാഗസിന്‍,സുവനീര്‍,സ്മരണിക പരിപാടികള്‍ക്ക് -സൂക്ഷ്മമായി മാധ്യമത്തെ വിലയിരുത്തിയല്ലാതെ അനുവദിക്കാറില്ലാത്ത ഞാന്‍ വിക്ടോറിയ കോളജിലെ വിനിതയുടെ മാഗസിനായി സംസാരിക്കാന്‍ തയ്യാറായി.അതും വിനിത പറഞ്ഞിട്ടുമാത്രം.കാരണം വിനിത പൊട്ടച്ചോദ്യങ്ങളുമായി ഒരാളുടേയും സമയം മെനക്കെടുത്തില്ല.വിനിത ഏത് ആംഗിളില്‍ കാര്യങ്ങളെ കാണുന്നു എന്നറിയുന്നതും ഒരു വിദ്യാഭ്യാസമാണെന്ന് എനിക്കറിയാം.
അന്നവിടെ രാവിലെ ഏറ്റ ചില പരിപാടികള്‍ ഉണ്ടായിട്ടും ,വിനിതയെയും സംഘത്തേയും കുറെനേരം കാത്തിരുത്തേണ്ടി വന്നിട്ടും,ഞാനവരുടെ കൂടെ ആഹ്ലാദത്തോടെ കൂടി.സംസാരിച്ചു.ആ അഭിമുഖം വന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല.
പക്ഷേ അതുകഴിയുമ്പോള്‍ വിനിത കെഞ്ചിച്ചോദിച്ചിരുന്നു,എന്‍റെ മേല്‍വിലാസം കൊടുക്കണമെന്ന്.
വിനിതയ്‌ക്ക് എന്തോ പറയാനുണ്ടെന്നും അത് വിശദമായി കത്തിലെഴുതാമെന്നും അത് എഴുതി അയച്ചേ മതിയാകൂ എന്നും എന്നോട് പറഞ്ഞിരുന്നു.ഞാനന്ന് കൊല്‍ക്കത്തയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.ടിക്കറ്റ് എടുത്തുകഴിഞ്ഞിരുന്നു.മേല്‍വിലാസം മാറാനുള്ള കാര്യങ്ങള്‍ നടക്കുന്നു.അതിനിടയില്‍ വിലാസം കൊടുക്കാന്‍ മടി തോന്നി.വിനിത വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വിലാസം കൊടുത്തു.പിന്നീട് പാലക്കാട് വിടുന്നതുവരേയും വിനിതയുടെ കത്തിനായി കാത്തിരുന്നു.വിലാസം മാറിയാലും കത്ത് കൊല്‍ക്കത്തയിലെത്തുമെന്ന് എനിക്കറിയാം.ഇവിടെ വന്നശേഷവും ഞാന്‍ കാത്തിരുന്നു.
സ്റ്റേജില്‍ പ്രസംഗിച്ചിറങ്ങിയ നാടറിയുന്ന യുവജനപ്രതിനിധിയോട് നിങ്ങളുടെ ഈ സംസാരവും പ്രസംഗവും പ്രവര്‍ത്തനശൈലിയും നിര്‍ത്തേണ്ട കാലം കഴിഞ്ഞു എന്ന് മുഖത്തുനോക്കി പറഞ്ഞ പെണ്‍കുരുന്നാണ്.എന്നോടെന്തായിരിക്കും പറയാനുള്ളത് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാന്‍.
പക്ഷേ അല്പം മുമ്പറിഞ്ഞു.വിനിത ഇനി എനിക്കായി ആ കത്തെഴുതില്ലെന്ന്.വിനിത ഇന്നുകാലത്ത് വിക്ടോറിയ കോളജിന്‍റെ മുന്നില്‍നിന്നും ഏതോ ഫോട്ടോസ്റ്റാറ്റ് എടുത്ത് റോഡ് മുറിച്ചുനടക്കവേ വാഹനം തട്ടി മരിച്ചുപോയി.
എനിക്കറിയില്ല,വിനിത ഇനി പറയുവാന്‍.
സുസ്മേഷേട്ടാ എന്ന നിന്‍റെ വിളി കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്.
നീ പ്രതിഭയായിരുന്നു.അസാമാന്യമായ മിടുക്കുണ്ടായിരുന്ന പ്രതിഭ.
നിന്‍റെ കരുത്തിനും കഴിവിനും മുന്നില്‍ സമകാലികരൊന്നും ഒന്നുമായിരുന്നില്ല.
ഇനി നീയില്ല എന്നത് വേദനയല്ല ഓര്‍മയാണ്.ഒരിക്കലും കെടാത്ത ഒരോര്‍മ്മ.

Sunday, November 23, 2014

ഉച്ചയൂണ്


കാലത്തുമുതല്‍ അവിടങ്ങനെ ഓരോന്നു കണ്ടു നടക്കുന്നതാണ്.കുളങ്ങളും കൃഷിയും വീടുകളും.. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം കുറച്ചധികം ആളുകള്‍ കൂടെയുണ്ട്.ഉച്ചയായപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള പുരുഷന്‍,നരച്ച താടിയും പല്ലു കുറഞ്ഞ വായുമുള്ള ഒരു വൃദ്ധന്‍,വന്ന് കൈ പിടിച്ചിട്ട് വിളിച്ചു.
"വരൂ..ഊണു കഴിക്കാം.''
നന്നായി വിശക്കുന്നുണ്ടായിരുന്നു.അടുക്കളയോടു ചേര്‍ന്ന ചായ്ച്ചു കെട്ടിയ മുറിയിലാണ് തീന്‍മേശ.ചെമ്പിന്‍റെ തളികകള്‍.കൈകഴുകാന്‍ വെള്ളം നിറച്ച പാത്രം എടുത്തുതന്നു.മുറ്റത്തേക്ക് കൈ കഴുകി അകത്തുവന്ന് മേശയ്ക്കരികിലിരുന്നു.ആദ്യമായി ചെല്ലുന്ന എവിടേയും പറയുന്നപോലെ പതിയെ പറഞ്ഞു.
"പച്ചക്കറിയാണ് ശീലം.''
അവരുടെ മുഖമൊന്ന് മങ്ങിയതായി തോന്നി.
"മീനും കഴിക്കില്ലേ."
"ഇല്ല,അതു സാരമില്ല.മറ്റ് വിഭവങ്ങള്‍ വേണ്ടുവോളമുണ്ടല്ലോ'' എന്നു പറഞ്ഞു സമാധാനിപ്പിച്ചു.
വലിയ വട്ടമുള്ള തളികയിലേക്ക് ചോറു വിളമ്പി.വിളമ്പിയത് വെളുത്തു തടിച്ച അധികം പ്രായമില്ലാത്ത അമ്മ.ആദ്യം വന്നത് നിറങ്ങളില്‍ കുളിച്ചു കിടക്കുന്ന വലിയ  മീനിന്‍റെ കറി.അത് മാറ്റിവച്ചു.പകരം നാലോ അഞ്ചോ തരം പച്ചക്കറികള്‍ കൊണ്ടുവന്നത് അടുത്തേക്കു വച്ചു.പരിപ്പു കറി ചോറിലൊഴിച്ചു.പരിപ്പും ഉരുളക്കിഴങ്ങുമൊഴികെ ഒരു സാധനവും കണ്ടിട്ടുള്ളതല്ല.ഇലക്കറികള്‍ പ്രത്യേകിച്ചും.എനിക്കതൊന്നും പ്രശ്നമായിത്തോന്നിയില്ല.
എല്ലാമെടുത്ത് അടുത്തുവച്ചിട്ട് ഊണു കഴിക്കാനാരംഭിച്ചു.നല്ല രുചിയുള്ള ചോറും കറികളും.കൈപുണ്യമുള്ള പാചകം.
ഊണിനിടയിലെ വര്‍ത്തമാനത്തിനിടയില്‍ പറഞ്ഞുതന്നു.
"നെല്ല്,ദേ,ആ കണ്ടത്തിലേതാണ്."
"ഉവ്വോ."
"പച്ചക്കറികളും ഇവിടുത്തെ തന്നെ."
"വെറുതെയല്ല ഇത്ര സ്വാദ്."
അപ്പോളേക്കും വീണ്ടും വീണ്ടും കറികളെത്തി.അടുത്തടുത്ത വീടുകളില്‍ നിന്നെല്ലാം ഉച്ചയൂണിന്‍റെ കറികള്‍ അതിഥികള്‍ക്കു നല്‍കാനായി കൊണ്ടുവന്നിരിക്കുന്നതാണ്.
ചില കറികള്‍ എടുത്തൊഴിച്ചു.അതില്‍ പച്ചക്കറികള്‍ക്കിടയില്‍ ചെറുമീനുകള്‍.മീനില്ലാത്ത ഒരാഹാരം ബംഗാളികള്‍ക്ക് വിഷമമാണ്.മീനുകളെ പെറുക്കിമാററിവച്ച് ആ കറി ഒഴിവാക്കി.
അവസാനം കൊണ്ടുവന്ന പല കറികളും ഖേദത്തോടെ വേണ്ടെന്നുവച്ചു.ഇനി ചെല്ലാനിടമില്ല. ഷര്‍ട്ട് പൊക്കി നിറഞ്ഞ വയറ് കാണിച്ചുകൊടുത്ത്  അവരെ  വിശ്വസിപ്പിക്കേണ്ടിവന്നു എന്നതാണ് വാസ്തവം.
"ദാ,മുട്ട കഴിക്കുമെന്നല്ലേ പറഞ്ഞത്,ഇതാ ഓംലെറ്റ്.മുട്ടയും ഇവിടുത്തെ കോഴി ഇടുന്നതാ.."
അമ്മയുടെ നിര്‍ബന്ധം.നോക്കുമ്പോള്‍ മുട്ടക്കറികള്‍ വേറേയും.എന്‍റെ ഊണ് കഴിയാറായിരുന്നു.
രണ്ടാം ചോറിന് തൈര് തന്നു.അവിടുത്തെ പശുവിന്‍റെ പാലിന്‍റെ തൈര്.വിരല്‍ വടിച്ചുണ്ടു.നോക്കുമ്പോള്‍ ചെമ്പുകിണ്ണം സ്വര്‍ണം പോലെ തിളങ്ങുന്നു.ഉപ്പൊഴികെ സകലതും അവിടെ വിളയുന്നതാണ്.അവര്‍ വിളയിക്കുന്നതാണ്.ഇത്ര ആസ്വാദ്യമായി ബംഗാളില്‍ വന്നിട്ട് ഉണ്ടിട്ടില്ലെന്ന് തോന്നി.
ചെറിയ പെങ്ങള്‍ വെള്ളവുമായി വന്നു.കൈ കഴുകി.
മുറ്റത്തേക്കു കൈ കഴുകി കുലുക്കുഴിഞ്ഞ് തുപ്പുമ്പോള്‍ കുട്ടിക്കാലജീവിതവും വീടുകളും ഓര്‍മ വന്നു.വാഷ്ബേസിനില്ലാതിരുന്ന കാലം.!
മണ്ണു പൊത്തി പണിത ചുമരുകളുള്ള മുറിയില്‍ വെടിവട്ടത്തിലിരിക്കുമ്പോള്‍ അമ്മ വെറ്റിലപ്പാത്രവുമായെത്തി.നമ്മുടെ അടയ്ക്കാവെട്ടി.!
"ഈ വെറ്റിലയാണ് നമ്മുടെ പ്രധാന കൃഷി.''
അവര്‍ പറഞ്ഞു.തലേന്ന് വെറ്റില വിപണി കണ്ടത് ഓര്‍മ്മ വന്നു.ഞാന്‍ തലകുലുക്കി.
അമ്മ നൂറു തേച്ച് ചുരുട്ടിത്തന്ന വെറ്റിലയും പാക്കും ചവയ്ക്കുമ്പോള്‍ എനിക്കെന്‍റെ അമ്മയെ ഓര്‍മ്മ വന്നു.അമ്മയോടൊപ്പമിരുന്ന് മുറുക്കുന്നത് കണ്ണില്‍ തടഞ്ഞു.ഒരമ്മ ദൂരെ.ഒരമ്മ അരികെ.എല്ലാം അങ്ങനെ തന്നെ.
അപ്പോള്‍ കണ്ണുകളില്‍ തൃപ്തിയുടെ മയക്കം വന്നു കൂടുകെട്ടുകയായിരുന്നു.

മനുഷ്യന് പരസ്പരം സ്നേഹിക്കാന്‍ ഭാഷ വേണമെന്നും ജാതി വേണമെന്നും മതം വേണമെന്നും രാജ്യം വേണമെന്നും ആരാണ് ശഠിക്കുന്നത് ?
എല്ലാ മനുഷ്യരും ജിപ്സികളാകണം.ജീവിതം പഠിക്കാന്‍.!

നീ പിന്തുണച്ച കാലത്തിലേക്ക് വീണ്ടും..

പ്രിയപ്പെട്ട സുഹൃത്തുക്കളേ,
ഞാനിപ്പോള്‍ കേരളത്തില്‍നിന്നും കൊല്‍ക്കത്തയിലേക്ക് താമസം മാറിയിട്ട് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഇത്രയും കാലത്തിനിടയില്‍ ഇതാദ്യമായാണ് കേരളത്തിനു പുറത്തൊരു ദിക്കില്‍ ഇത്രയധികം നാളുകള്‍ പാര്‍ക്കുന്നത്.എന്നാണിനി ഞാന്‍ മടങ്ങിപ്പോവുക എന്നറിയില്ല.മടങ്ങിപ്പോവുമോ എന്നും.
വാസ്തവത്തില്‍ ഞാനാരാണ്?
ഞാനൊരു യാത്രികനാണോ..അല്ല.
ഞാനൊരു അവധൂതനാണോ..അല്ല.
ഞാനൊരു സഞ്ചാരസാഹിത്യകാരനാണോ..അല്ല.
വീടുവിട്ടലയുന്ന അരാജകവാദിയാണോ..അല്ല.
കൃത്യമായി പദ്ധതികള്‍ തയ്യാറാക്കി യാത്ര ചെയ്യുകയും അതിനൊരു ലക്ഷ്യം കല്‍പ്പിക്കുകയും ചെയ്യുന്ന ആളാണോ ഞാന്‍..? അല്ല.
ഞാനൊരു പൊഴിഞ്ഞ തൂവലാണ്.കാറ്റിനൊത്ത് പാറിപ്പോകുന്ന തൂവല്‍.കൃത്യമായി എവിടെ ചെന്നു  പറന്നുവീഴുമെന്നറിയാതെ,എന്നാല്‍ വെള്ളത്തിലോ തീയിലോ പതിക്കാതെ കാറ്റിനൊത്ത് പറക്കുന്ന തൂവല്‍.അതിന്റെ സുഖം അനിര്‍വ്വചനീയമാണ്.അതിന്‍റെ വേദനയാകട്ടെ പറഞ്ഞറിയിക്കാനാവാത്തത്ര തീവ്രവും.
കുറച്ചുകാലമായി ഫേസ് ബുക്കില്‍ സജീവമായതോടെ ബ്ലോഗെഴുത്തിനെ മറന്നിരിക്കുകയായിരുന്നു.പക്ഷേ എനിക്ക് ഏറ്റവും നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ സമ്മാനിച്ച വളരെ കുറച്ച് സ്നേഹിതരെ ലഭിച്ചത് ഇവിടെനിന്നാണ്.ബ്ലോഗിനെക്കുറിച്ചും ബ്ലോഗിങ്ങിനെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ ഞാനവരെയെല്ലാം ഓര്‍ക്കുന്നു.അവരില്ലായിരുന്നെങ്കില്‍ ആ ദിവസങ്ങളൊന്നും പിറക്കുമായിരുന്നില്ലല്ലോ.ആ ദിവസങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഈ കാലത്തെ നേരിടാന്‍ ഞാനുണ്ടാവുകയുമില്ലായിരുന്നു.അതിനാല്‍ സ്മരണയില്‍ ഒരു തിരിനാളം കൊളുത്തുന്നു.
ഉറ്റവര്‍ക്കായി.വേര്‍പെട്ടവര്‍ക്കായി.മുന്നില്‍വരാതെയെങ്കിലും അനുഗമിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കായി.

ഇത് നീ വായിക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും ബ്ലോഗിലേക്ക്....