Friday, December 30, 2011

ചുട്ടിമാട് പറയുന്നു,ഞാനും നിങ്ങളിലൊരാളാണ്.

വായനയെ ഞാന്‍ ഏറെക്കുറെ തിരിച്ചുപിടിച്ച വര്‍ഷമാണ് 2011.പണ്ട് വായിച്ച് മറന്നതും പുതിയതുമായ കുറേയേറെ വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങള്‍ എന്നെ ഈ വര്‍ഷമുടനീളം കൈ പിടിച്ച് നടത്തി.അതിന്‍റെ പ്രകാശത്തില്‍ ലോകത്തിന്‍റെ മുഖം ഞാന്‍ കാണുകയും ചെയ്തു.ഇരുട്ടില്‍ നടക്കുന്നവന്‍റെ കാല്‍ച്ചുവട്ടിലെ വെളിച്ചമാണല്ലോ പുസ്തകങ്ങള്‍.
ഞാന്‍ ജനിക്കുന്നതിനും മുന്പ് രാജന്‍ കാക്കനാടന്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രാവിവരണമാണ് ഈ വര്‍ഷമാദ്യം ഞാന്‍ വീണ്ടും വായിച്ച ഒരു പുസ്തകം.ഇതിനുമുന്പ് രണ്ടോ മൂന്നോ വട്ടം ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്.ആദ്യം വായിക്കുന്നത് ഹൈസ്കൂള്‍ കാലത്താണ്.ആയിടയ്ക്കുതന്നെയാണ് അദ്ദേഹത്തിന്‍റെ നേരമല്ലാത്ത നേരത്തും(നോവല്‍) വായിച്ചത്.പക്ഷേ അതിന്‍റെ പ്രമേയവും മറ്റും ഇപ്പോള്‍ ഓര്‍മ്മയില്ല.1975-ല്‍ രാജസ്ഥാന്‍റെ തെക്കുഭാഗത്തുള്ള ആംബു പര്‍വ്വതത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് രാജന്‍ കാക്കനാടന്‍ കാല്‍നടയായി നടത്തിയ അസാധാരണയാത്രയുടെ അനുഭവങ്ങളാണ് ഹിമവാന്‍റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകം.ഇപ്പോള്‍ വായിക്കുന്പോഴും ത്രില്ലടിപ്പിക്കുന്ന അനുഭവം.ജീവിതത്തില്‍ വല്ല പല്ലിയോ തേരട്ടയോ നേരെ വന്നാല്‍പ്പോലും വിരണ്ടുപോകുന്ന നമുക്ക് ദുനിയാവിലെ ഏത് ചെകുത്താന്‍ എതിരെ വന്നാല്‍പ്പോലും 'വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ' എന്നു സധൈര്യം വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന ജീവിതബോധവും സ്ഥൈര്യവും ആ പുസ്തകം നമുക്ക് തരും.
പരിണാമവും ഒന്നുകൂടി വായിച്ചു.എം.പി.നാരായണപിള്ള മാജിക്.വായിച്ചു പകുതിയാക്കിയത് വി.ടിയുടെ സന്പൂര്‍ണ്ണകൃതികള്‍.ആവര്‍ത്തിച്ചും ആസ്വദിച്ചും പഠിച്ചും വായിച്ച മറ്റൊരു പുസ്തകം അഷിതയുടെ കഥകളാണ്.ദൈവമേ,സ്ത്രീയുടെ കണ്ണുകളുടെയും മനസ്സിന്‍റെയും കരുത്തും മൂര്‍ച്ചയും ഭാഷയില്‍ പുനരാവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ നമ്മള്‍ അഷിതയുടെ കഥകള്‍ വായിക്കണം.ഉദാഹരണത്തിന്,ഒരു സ്ത്രീയും പറയാത്തത്,കല്ലുവച്ച നുണകള്‍,ഗമകം,അമ്മ എന്നോട് പറഞ്ഞ നുണകള്‍,പത്മനാഭന് ഒരു കഥ,ചതുരംഗം...
പെസഹാ തിരുനാള്‍ എന്ന കഥയില്‍ അഷിത എഴുതുന്നു.
''എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനായി ഞാന്‍ കഥ തുടരുകയായി.ഒരു കഥ പറയുക എത്രയോ എളുപ്പം.!''വെറുതെ വായിച്ചാല്‍ സാധാരണ വരികള്‍.ആലോചിച്ചുവായിച്ചാല്‍ ഹൃദയത്തില്‍ ചൂണ്ട മുറുക്കി വലിക്കുന്ന അനുഭവം.
കെ.എ ബീനയുടെ ബ്രഹ്മപുത്രയിലെ വീട് ഈ കൊല്ലമാണ് ഞാന്‍ വായിച്ചത്.നല്ല പുസ്തകം.ഒഴുക്കുള്ള രചന.കഴിഞ്ഞ വര്‍ഷത്തെ എന്‍റെ നാമമാത്രമായ ഭാരതപര്യടനത്തിന്‍റെ ആവേശത്തിലാണ് കേട്ടോ ഹിമവാന്‍റെ മുകള്‍ത്തട്ടിലും ബ്രഹ്മപുത്രയുമൊക്കെ ഞാന്‍ ഈ കൊല്ലമാദ്യം തന്നെ വായിച്ചത്.ഇനിയും കുറേ പുസ്തകങ്ങള്‍ കൂടി പറയാനുണ്ട്.പക്ഷേ അതൊന്നുമല്ലല്ലോ ഞാന്‍ പറയാന്‍ വരുന്നത്
2011ലെ എന്‍റെ പുസ്തകമേതാണ്..?എന്നെ ചിന്തിപ്പിച്ച,രസിപ്പിച്ച,കണ്ണുനനയിപ്പിച്ച,ആവേശം കൊള്ളിച്ച,ഓര്‍മ്മകളെ തിരിച്ചുവരുത്തിയ,ലക്ഷ്യങ്ങളെ ഓര്‍മ്മിപ്പിച്ച,ഭാഷയെ വിരുന്നൂട്ടിയ,വായനാലഹരിയില്‍ മയക്കം കൊള്ളിച്ച ആ പുസ്തകമേതാണ്?അത് വളരെ ചെറിയൊരു പുസ്തകമാണ്.
എന്‍.എ നസീറിന്‍റെ കാടും ഫോട്ടോഗ്രാഫറും.
കേരള സാഹിത്യ അക്കാദമി 2011 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 136 പേജുകളേയുള്ളൂ.അതില്‍ത്തന്നെ അനവധി പേജുകളിലും വര്‍ണ്ണചിത്രങ്ങളാണ്.ആകെ 20 അധ്യായങ്ങള്‍.അനുബന്ധമായി ഗിരീഷ് ജനാര്‍ദ്ദനന്‍ എഴുതിയ ഒരു വനചാരിയുടെ ആത്മകഥ എന്ന നസീറിന്‍റെ ലഘുജീവചരിത്രവുമുണ്ട്.
ഹോ...അസാധ്യം.അതല്ലാതെ ഒരു വാക്ക്-സാധ്യമാണ് അത്തരം ജീവിതം എന്ന് നസീര്‍ വാക്കുകളാലും ചിത്രങ്ങളാലും തെളിയിച്ചിട്ടും-പറയാനാവുന്നില്ല ഈ പുസ്തകം വായിച്ചുകഴിയുന്പോള്‍.ഓരോ അധ്യായവും വായിച്ചശേഷം ഞാന്‍ കുറേ നേരം അന്തം വിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും.
''ഒരുകൂട്ടം കാട്ടാനാകള്‍ നമ്മുടെ അരികിലൂടെ കടന്നുപോയാല്‍ നമ്മള്‍ തിരിച്ചറിയില്ല.പക്ഷേ,ഒരു മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരിക്കുന്പോള്‍ എല്ലാ ജീവികളും അതറിയുന്നു.''ഈ വരികള്‍ വായിക്കുന്പോള്‍ നാം കയറിച്ചെല്ലുന്ന അവസ്ഥയെപ്പറ്റി വിവരിക്കുവാന്‍ എളുപ്പമല്ല.ഒന്നറിയാം..നമ്മളെത്രയോ നിസ്സാരനാണ് സുഹൃത്തേ..!
നസീറിനൊപ്പം കാട് കയറിയവര്‍ പറഞ്ഞുപോരുന്ന ഒരു ഫലിതത്തെപ്പറ്റി ഗിരീഷ് ഇതിലെഴുതിയിട്ടുണ്ട്.അതിങ്ങനെയാണ്.''കാട് അയാള്‍ക്ക് ഒരു സ്റ്റുഡിയോ ഫ്ലോര്‍ പോലെയാണത്രേ.അവിടെ മൃഗങ്ങള്‍ മനുഷ്യരെപ്പോലെ അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.!''എന്തുരസമുള്ള പ്രയോഗം.ആലോചിച്ചാലോ നമ്മളെപ്പോലെയുള്ള സാധാരണക്കാരനില്‍ നടുക്കം മാത്രം അവശേഷിപ്പിക്കുന്നതും.
ഈ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കാട്ടില്‍പ്പോണോ,ഫോട്ടോയെടുപ്പ് തുടരണോ,പെയിന്‍റിംഗ് തുടരണോ,യോഗ പഠിക്കണോ,കരാട്ടേ പഠിക്കണോ,വാങ്ങിയ സ്ഥലത്ത് കാട് പിടിപ്പിക്കണോ,സഞ്ചാരിയാവണോ എന്നൊന്നുമല്ല മനസ്സില്‍ വന്നത്.സത്യമായും മനസ്സിലപ്പോള്‍ വന്നത് ഒരിക്കലെങ്കിലും ഒരു മയില്‍ പീലി വിരിക്കുന്നത് കാണാനായെങ്കില്‍,അല്ലെങ്കില്‍ കാട്ടാനക്കൂട്ടം നിറനിലാവില്‍ ആറാടിമദിക്കുന്നത് പരിസരത്തുനിന്ന് കാണാനായെങ്കില്‍,അതുമല്ലെങ്കില്‍ ആകാശസ്പര്‍ശിയായ ഒരു മലമുടിയുടെ മേലെ മഞ്ഞ് അതിന്‍റെ മുഖപടം വലിച്ചിടുന്നത് കാണാനായെങ്കില്‍ എന്നൊക്കെയാണ്.!
അതുകൊണ്ടൊക്കെത്തന്നെ വിസ്മയമാണ് എന്‍.എ നസീര്‍ എഴുതിയ/ജീവിക്കുന്ന ഈ പുസ്തകം.
രാജവെന്പാല,കരടി,കടുവ,കലമാന്‍,കാട്ടുപോത്ത്,പുള്ളിപ്പുലി,ആന,മൂങ്ങ,കാട്ടുനായ്ക്കള്‍,സിംഹവാലന്‍ കുരങ്ങ്,തീക്കാക്ക...ഒരു തിരശ്ശീലയിലെന്നപോലെ കഥാപാത്രങ്ങള്‍ അണിനിരക്കുകയാണ്.ലോകത്തിലെ എല്ലാ ഭാഷയിലെയും മികച്ച വാണിജ്യസിനിമാത്തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നിരുന്ന് എഴുതിയ പോലത്തെ ത്രില്ലര്‍ സീനുകളാണ് ഓരോ അധ്യായത്തിലും.ചിലപ്പോള്‍ വായനക്കിടയില്‍ രോമം കുത്തനെ നില്‍ക്കും,നമ്മള്‍ ശ്വാസമെടുക്കാന്‍ മറക്കും,ഒരു പുസ്തകവും വായിക്കുന്പോള്‍ കിട്ടാത്തത്ര തികഞ്ഞ ഏകാന്തതയിലുമാവും.അതാണ് വായനാനുഭവമെങ്കില്‍ അത്തരം യാത്രാനുഭവങ്ങള്‍ എത്രമേല്‍ തീവ്രമായിരിക്കും എന്നാലോചിക്കൂ.
പശുത്തൊഴുത്തില്‍ ചെന്നുനില്‍ക്കുന്പോള്‍ പശുക്കള്‍ ഉറക്കെ ഉച്ഛ്വസിക്കുന്നത് ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.(അതുപോലും അറിയണമെങ്കില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വല്ല ദിക്കിലുമെത്തണം.പിന്നേയ്..,പശുവിന്‍റെ കഴുത്തേല്‍ പിടിക്കാന്‍ ഇപ്പോ നാട്ടിലേക്ക് പോകുവല്ലേ,എന്നാണ് നമ്മളുടെ ചിന്ത.!)പശുക്കളുടെ മൂക്കിലെ നനവിലും നാവിന്‍റെ അരത്തിലും കാതുകളുടെ തരളഭംഗിയിലും താടഞൊറിവുകളുടെ വിലോലതയിലും കണ്ണുകളുടെ ആര്‍ദ്രതയിലും ഞാനങ്ങിനെ
മയങ്ങി നിന്നിട്ടുണ്ട്.പശുവോ പൂച്ചയോ നായയോ എരുമയോ താറാവോ നാട്ടാനയോ-വളര്‍ത്തുമൃഗങ്ങള്‍-ഏതുമാകട്ടെ..എനിക്ക് ഇങ്ങനെയാണ് അനുഭവം.എങ്കില്‍ ഒരു കാട്ടില്‍ പുള്ളിമാനുകളുടെ കൂട്ടത്തെയോ ശലഭങ്ങളെയോ ആനത്താരയിലെ യാത്രക്കാരെയോ നിലാവില്‍ മേയുന്ന കാട്ടുപോത്തുകളുടെ സംഘത്തെയോ അടുത്തറിയുന്ന അനുഭവം എത്ര ആനന്ദകരമായിരിക്കും.അത് എഴുതാന്‍ ഏതു ഭാഷയെ ഉപാസിക്കണം..?
ചാര അണ്ണാനെയും കുറിക്കണ്ണന്‍ പുള്ളിനെയും നീലഗിരി മാര്‍ട്ടനെയും കണ്ടെത്താന്‍ കഴിഞ്ഞ അനുഭവങ്ങള് ഈ പുസ്തകത്തില്‍ ‍വിവരിക്കുന്നത് അസാധാരണമായിട്ടാണ്.അതുകൊണ്ടൊക്കെ ഞാനുറപ്പിച്ചു പറയും,ഇതൊരു സര്‍വ്വകാലാശാലയാണ്.കാടിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഗ്രന്ഥമാണ്.പരിസ്ഥിതി എന്നാലെന്തെന്ന് നമ്മളെ പഠിപ്പിക്കുന്ന രാഷ്ട്രീയമാണ്.
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി,എന്‍.എ.നസീറിന്‍റെ കാടും ഫോട്ടോഗ്രാഫറും എന്ന പുസ്തകം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠപുസ്തകമാക്കണം.അല്ലെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ പുസ്തകം സൌജന്യമായോ ന്യായവിലയ്ക്കോ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കാന്‍ ഉത്തരവിടണം.കാരണം കുട്ടികളാണ് ഈ പുസ്തകം ഗ്രഹിക്കേണ്ടത്.അവരാണ് ഇനി പരിസ്ഥിതി സംരക്ഷകരായി വരും നാളെകള്‍ക്ക് തിരിച്ചറിവുകള്‍ പകരേണ്ടത്.ഈ പുസ്തകം വായിക്കുന്ന പത്തില്‍ ഒരു കുട്ടിയെങ്കിലും പ്രകൃതിയിലേക്കും പരിസ്ഥിതിസംരക്ഷണത്തിലേക്കും ജന്തുജാലപ്രേമത്തിലേക്കും തിരിയുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.അതാണ് ഈ പുസ്തകത്തിന്‍റെ ശക്തി.ആത്മാവും.
നമ്മുടെ മന്ത്രിമാരോട് പറയാമെന്നേയുള്ളു..നടപ്പാക്കാന്‍ നമുക്ക് അധികാരമില്ലല്ലോ.അതിനാല്‍ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന.കേരള സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.വില 400 രൂപയാണ്.മക്കളിലൊരാള്‍ക്ക് ഒരു ജോഡി ഉടുപ്പ് വാങ്ങുന്ന പണമേ ആവൂ.ഒരു ബുക്ക് വാങ്ങിയാല്‍ വീട്ടിലെ എല്ലാ മക്കള്‍ക്കും ഉപകാരപ്രദമാവുകയും ചെയ്യും.ഭാവിയില്‍ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത് നിങ്ങള്‍ വാങ്ങിക്കൊടുത്ത പട്ടുടുപ്പിന്‍റെയും ഭക്ഷണത്തിന്‍റെയും സ്മരണയിലായിരിക്കില്ല,അവര്‍ക്ക് വഴികാട്ടിവിട്ട ഒരു പുസ്തകത്തിന്‍റെ പേരിലായിരിക്കും.അതിനാല്‍ ഈ പുസ്തകമെങ്കിലും വാങ്ങി മക്കള്‍ക്ക് കൊടുക്കുക.
ഞാന്‍ പറയുന്നത് അവിശ്വസനീയമായി തോന്നുവര്‍ക്ക് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ പുതുവര്‍ഷപ്പതിപ്പ് വാങ്ങിക്കാം.വായിക്കാം.നസീറിന്‍റെയും ശശി ഗായത്രിയുടെയും ഡോ.അബ്ദുള്ള പാലേരിയുടെയും ചിത്രങ്ങളും എഴുത്തും വായിക്കാം.ചിത്രകാരന്‍ ഷെരീഫിന്‍റെ കാട് കാണാം.
(ഒന്നുകൂടി പറയട്ടെ ഈ മൂവരെയും ഞാന്‍ ഇതുവരെ പരിചയപ്പെടുകയോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല.സദാ സംശയാലുക്കളായ മലയാളികള്‍ക്ക് ഞാന്‍ എന്തെങ്കിലും കാര്യലാഭത്തിനായി ഈ പ്രകൃതീസ്നേഹികളുടെയും ആഴ്ചപ്പതിപ്പിന്‍റെയും വക്കാലത്തെടുക്കുകയാണെന്ന് തോന്നിയേക്കാം.അതാണിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നത്.)
2011ലെ എന്‍റെ പുസ്തകം ഇതാണ്.ഇതുമാത്രമാണ്.
എല്ലാ വായനക്കാര്‍ക്കും ഹരിതം നിറഞ്ഞ നവവത്സരാശംസകള്‍...

Wednesday, December 28, 2011

സര്‍,സര്‍,സര്‍!!

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തില്‍ കോടീശ്വരനായ നായകനെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കഥാപാത്രം സ്റ്റീഫന്‍ ലൂയിസ് കഴുത്തിനുതാഴേക്ക് ചനലശേഷിയില്ലാത്ത വ്യക്തിയാണ്.അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് ശന്പളത്തിന് പാട്ടുകള്‍ പാടുന്ന കഥാപാത്രമാണ് അനൂപ് മേനോന്‍ അവതരിപ്പിച്ച ജോണ്‍.സ്റ്റീഫനും ജോണും തമ്മിലുള്ള പലനിലകളിലുള്ള അന്തരം ഇതിലൂടെ വ്യക്തമായിക്കാണുമല്ലോ.ഇനി നോക്കൂ..സ്റ്റീഫനെ കാണാന്‍ ആവശ്യപ്പെട്ടിട്ട് ജോണ്‍ ആദ്യമായി ആ വീട്ടിലെത്തുകയാണ്.വീടല്ലല്ലോ പണക്കാരന്‍റെ മാളിക!അവിടെ വച്ച് പരിചയപ്പെടലുകള്‍ക്കിടയില്‍ ജോണ്‍, സ്റ്റീഫനെ 'സര്‍' എന്നുവിളിക്കുന്പോള്‍ സ്റ്റീഫന്‍ പറയുന്നുണ്ട്,ആ സര്‍ വിളി വേണ്ട എന്ന്.അതെനിക്കിഷ്ടമായി.സാര്‍ വിളി കേള്‍ക്കാനാഗ്രഹിക്കുന്ന കേരളത്തിലെ കുറേ സാറന്മാരെങ്കിലും അത് കേട്ടുകാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.ആ സന്തോഷത്തോടെയാണ് ഞാനീ വര്‍ഷത്തിനോട് വിടപറയുന്നതും.
ആരാണ് ലോകത്തിലെ സാര്‍..?
ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണിത്.പലരെയും പലപ്പോഴും സര്‍ എന്ന് സംബോധന ചെയ്യേണ്ടിവരുന്പോള്‍ അനവധി തവണ ആവര്‍ത്തിച്ചിട്ടുള്ള ചോദ്യം.ഒരുപക്ഷേ അവജ്ഞയോടെ നിങ്ങളില്‍ പലരും പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടാകാനിടയുള്ള ചോദ്യം.അല്ലങ്കില്‍ എന്‍റെ വക അങ്ങോട്ടൊരു ചോദ്യം.ആരുടെയെങ്കിലും സര്‍ വിളി കേട്ടാല്‍ പുളകം കൊള്ളുന്നവരാണോ നിങ്ങളും?എങ്കില്‍ എനിക്ക് നിങ്ങളോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ.
പണ്ട് ഒരാളെ-പലരുടെയും പ്രതിനിധിയായ ഒരാളെ-ഞാന്‍ പരിചയപ്പെടാനിടയായി.അദ്ദേഹം സംസാരത്തിനിടയില്‍ പലപ്പോഴും സ്വയം സര്‍ എന്ന് വിളിച്ചാണ് തന്നപ്പറ്റി പറഞ്ഞിരുന്നത്.ഉദാഹരണത്തിന് അദ്ദേഹത്തിന്‍റെ പേര് കോശി എന്നാണെന്നിരിക്കട്ടെ,അദ്ദേഹം നമ്മളോട് പറയുന്നു,ഇന്നലെ കോശി സാറിനെ കാണാന്‍ വന്ന പൈലി പറയുകയാണ്..എന്ന മട്ടില്‍.ഇതു കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.സാറ്കോശിക്ക് ഞാന്‍ ചിരിച്ചതെന്തിനാണെന്ന് ഇത്രകാലമായിട്ടും മനസ്സിലായിട്ടുണ്ടാകില്ല.
എറണാകുളത്ത് ചെല്ലുന്പോള്‍ ഒരു സുവിശേഷകന്‍റെ ഫ്ലക്സുകള്‍ പലയിടത്തും കാണാറുണ്ട്.അദ്ദേഹം അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നത്,ഫ്ലക്സുകളില്‍ വിശേഷിപ്പിക്കുന്നത് സര്‍ എന്നാണ്.സര്‍ അദ്ദേഹത്തിന്‍റെ കുടുംബപ്പേരാണോ..?ബ്രിട്ടീഷ് സര്‍ക്കാരോ മറ്റോ അദ്ദേഹത്തിന് ആദരപൂര്‍വ്വം പതിച്ചു നല്‍കിയതാണോ സര്‍സ്ഥാനം..?അതോ ആളുകള്‍ വിളിച്ച് വിളിച്ച് അദ്ദേഹം ഒരു ദിനം സര്‍ ആയി മാറിയതാണോ..?(കാഫ്കയോട് കടപ്പാട്.)അതോ സാറാണെന്ന തോന്നലില്‍ സാറാകാന്‍ സാറാകുന്ന വിധമാണോ ഇതൊക്കെ..!
ആ സുവിശേഷകന്‍റെ ബാനറുകള്‍ കാണുന്പോള്‍ എനിക്ക് ചിരിയും വരും സഹതാപവും വരും.(അദ്ദേഹത്തിന് സര്‍ സ്ഥാനം കിട്ടിയ വഴി വ്യക്തമായാല്‍ ഈ അറിവില്ലായ്മ അവസാനിപ്പിക്കാന്‍ എനിക്ക് മടിയില്ലാട്ടോ.)
അര്‍ഹരായ സ്ഥാനങ്ങളില്‍ ഇരിക്കുന്പോള്‍ ഏതൊരാളും സര്‍ തന്നയൊണ്.ഒരു ബഹുമാനപ്പെടുത്തലാണത്.ചില പദവികളിലിരുന്ന് ചിലരൊക്കെ ചെയ്യുന്ന സദ്പ്രവര്‍ത്തികള്‍ അവരെ ഇരുന്നൂറുവട്ടം സര്‍ വിളിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.അതിലെനിക്ക് സംശയമില്ല.അങ്ങനെതന്നെ അവരെ ആദരിക്കുകയും സ്മരിക്കുകയും വേണം.എനിക്ക് എം.കൃഷ്ണന്‍ നായര്‍ എന്ന പണ്ഡിതനായ നിരൂപകനെ,വായനക്കാരനെ,വിമര്‍ശകനെ സര്‍ എന്ന് ചേര്‍ത്തല്ലാതെ വിളിക്കാന്‍ നാവുയരാറില്ല.അത് അദ്ദേഹം ദീര്‍ഘകാലം അദ്ധ്യാപകനായി ജീവിച്ചതുകൊണ്ടുമാത്രമല്ല.
പലപ്പോഴും അദ്ധ്യാപക ജോലി ചെയ്യുന്ന പ്രഗത്ഭരെ നാം സര്‍ എന്നുതന്നെ വിളിക്കാറുണ്ട്.അത് ശരിയുമാണ്.അത്തരം സര്‍ വിളികളെക്കുറിച്ചല്ല ഞാനിവിടെ വിമര്‍ശിക്കുന്നത്.(പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ കുട്ടികളെ ലൈംഗീകമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെയും നമ്മളിനി സര്‍ എന്നുതന്നെ വിളിക്കണമോ..?അവരൊക്കെയാണോ സാറന്മാര്‍..!എങ്കില്‍ സര്‍ വിളി കേട്ട് പുളകം കൊള്ളുന്ന പലരും പുനര്‍വിചിന്തനത്തിന് തയ്യാറാവേണ്ട കാലമായിയെന്ന് തോന്നുന്നു.)
കേന്ദ്രസര്‍ക്കാറിന്‍റെ വേതനം പറ്റുന്ന പോസ്റ്റ് മാനെയും റെയില്‍വേസ്റ്റേഷനിലെ ക്ലര്‍ക്കുമാരെയും സംസ്ഥാനസര്‍ക്കാറിന്‍റെ ഉദ്യാഗസ്ഥരായ ട്രാന്‍സ്പോര്‍ട്ട് ബസ് ജീവനക്കാരെയും നമ്മള്‍ ചേട്ടാ,ചേച്ചീ(കഴിയുമെങ്കില്‍ എടോ,വാടോ,ശൂശ്..ശ്ശ്..എന്നും.!)എന്നല്ലാതെ വിളിക്കാറില്ലല്ലോ.എന്നിട്ടാണ് നാല് കാശ് കൈയില്‍ വച്ചിരിക്കുന്നവനെയും അല്പം വിദ്യാഭ്യാസമുള്ളവനെയും കക്ഷിരാഷ്ട്രീയമുള്ളവനെയും സമുദായപ്രാണി(പ്രമാണി എന്നു തിരുത്തി വായിക്കാനപേക്ഷ) താണുതൊഴുത് നാണമില്ലാതെ സര്‍ വിളിക്കുന്നത്.അതോര്‍ക്കുന്പോഴാണ് അധാര്‍മ്മികമായ സര്‍ വിളികളില്‍ രോഷമുണ്ടാവുന്നത്.അതുകേട്ട് രോമാഞ്ചമണിയുന്നവരെ ഓര്‍ത്ത് പുച്ഛം തോന്നുന്നത്.
എന്‍റെയാരു ബന്ധുവിന് വര്‍ഷങ്ങളായി കാറുണ്ട്.എറണാകുളം നഗരത്തില്‍ സ്വന്തമായി വീടും സൌകര്യവുമുള്ള,വീട്ടിലിരുന്ന് സ്വയം തൊഴില്‍ ചെയ്ത് കാശ് സന്പാദിക്കുന്ന ആളാണ്.അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ അദ്ദേഹത്തെ സര്‍ എന്നു വിളിക്കുന്നതുകേട്ടപ്പോള്‍ എനിക്ക് സംശയം തോന്നി.അത്രക്കൊക്കെ സാറാകാന്‍ നോക്കേണ്ടതുണ്ടോ നമ്മള്‍..(മേല്‍പ്പറഞ്ഞ വ്യക്തിയോട് എനിക്കൊരു അസൂയയും വിദ്വേഷവും ഇല്ല.ദയവായി അങ്ങനെ തെറ്റിദ്ധരിക്കരുത്.)മലയാളിയുടെ രീതിയില്‍ ചേട്ടാ എന്നു വിളിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ സ്വത്തും സൌകര്യങ്ങളും ഇല്ലാതാകുമോ..?വലിയ സ്വാതന്ത്ര്യം കൊടുത്താല്‍ "ഇവറ്റ"തലയില്‍ കേറും എന്നാണെങ്കില്‍ തലയില്‍ കേറാതെ നിലയ്ക്കു നിര്‍ത്താനുള്ള മിടുക്ക് നിങ്ങള്‍ക്കില്ല എന്നല്ലേ അര്‍ത്ഥം!അപ്പോള്‍ അതൊന്നുമല്ല കാര്യം.വിളിയിലെ പദവിമാഹാത്മ്യത്തിലാണ് കണ്ണ്.ചുറ്റുംനിന്ന് നാലുപേര്‍ സര്‍ വിളിക്കാനുണ്ടെങ്കിലേ ഒരു ഗംഭീരനാവൂ എന്ന സ്വയംതോന്നല്‍ തന്നെ ഇത്.
ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആളിനെപ്പോലും സര്‍ എന്നു വിളിക്കുന്ന /വിളിപ്പിക്കുന്ന പലരും അവരുടെ വീട്ടിലെ ഭാര്യയെ അതേ നിലയില്‍ ബഹുമാനിക്കുന്നത് /ബഹുമാനിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സര്‍ എന്നു വിളിക്കുന്ന ആരും അതേ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ മാഡം എന്നു വിളിച്ച് കേള്‍ക്കാറുമില്ല.ഞാന്‍ പോലും തുല്യനിലയില്‍ ജോലിചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാരായ എന്‍റെ രണ്ട് സുഹത്തുക്കളില്‍ ഭര്‍ത്താവിനെ സര്‍ എന്നും ഭാര്യയെ ചേച്ചി എന്നുമാണ് വിളിക്കുന്നത്.അറിയാതെ അങ്ങനെയാണ് വിളിച്ചുതുടങ്ങിയത്.ഇതൊന്നും എനിക്കിനിയും പിടികിട്ടിയിട്ടില്ല സര്‍!
നമുക്ക് മാറ്റാന്‍ കഴിയാത്ത ചില ശീലങ്ങളുണ്ട്.അതില്‍ പെട്ടതാണ് ഈ കൊളോണിയല്‍ ഹാങ്ങോവറും.
നമുക്ക് ചേട്ടാ എന്നും ചേച്ചീ എന്നും പ്രായം കൂടിയവരാണെങ്കില്‍ അതോടൊപ്പം ബഹുമാനസൂചകങ്ങളുപയോഗിച്ചും സംസാരിച്ചാല്‍ പോരേ..(സര്‍!!)

ജീവിതത്തില്‍ ആരെക്കൊണ്ടും സര്‍ എന്ന് ഞാന്‍ വിളിപ്പിക്കാറില്ല.എനിക്കതിഷ്ടമല്ല.കാരണം,നിവൃത്തികേട് കൊണ്ടു നമ്മളുടെ മുന്നില്‍ നിന്ന് സര്‍ എന്നു വിളി‍ക്കേണ്ടി വരുന്ന ഒരാളാവാം അത്.ആ ആള്‍ സര്‍ എന്ന് നമ്മെ വിളിക്കുന്നത് അകത്ത് അക്ഷരം മാറ്റി തെറിയാക്കി വിളിച്ചുകൊണ്ടായിരിക്കാം.അല്ലെങ്കില്‍ നിന്നെയൊക്കെ ആരു ബഹുമാനിക്കുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടാവാം.അതുകൊണ്ട് ആരെങ്കിലും പരിചയപ്പെട്ടുകഴിഞ്ഞാലുടന്‍ അവര്‍ സര്‍ എന്നു വിളിച്ചാല്‍ ഞാന്‍ പറയാറുണട്‌ ദയവായി എന്നെ പേര് വിളിച്ചാല്‍ മതി എന്ന്.ആരായാലും എന്നെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം.അല്ലെങ്കില്‍ ചേട്ടാ എന്നു വിളിക്കുന്നത്.അതുപോലെ കുട്ടികളോടും പറയും,അവരെക്കൊണട് പറയിപ്പിക്കുന്നവരോടും പറയും,എന്നെ 'അമ്മാവന്‍' എന്നു വിളിച്ചോളൂ,എങ്കിലും 'അങ്കിള്‍' എന്നുവിളിക്കല്ലേ,വിളിപ്പിക്കല്ലേ എന്ന്.!
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Sunday, December 25, 2011

മുട്ടത്തോടുടച്ച് പുറത്തേക്ക്..

2011 കഴിഞ്ഞുപോകുന്നു.ഇന്നലെ രാത്രി കാണാനാവാതെ പോയ മുടിയേറ്റോടെ.അല്ലെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ അങ്ങനെ സാധിക്കാതെ പോയ അനവധി ചെറുതും വലുതുമായ കാര്യങ്ങളോടെ..ഓര്‍ക്കുന്പോള്‍ അതില്‍ വലിയ ഖേദത്തിനും സ്ഥാനമില്ലെന്ന് മനസ്സിലാവുന്നു.എന്തിന്..? ജീവിതം എന്നും അങ്ങനെ തന്നെയായിരുന്നില്ലേ..!
കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാനാവാത്തതാണ്.ജനുവരിയും.അതിനുശേഷം ഈ ഡിസംബറെത്തുന്പോള്‍ മനസ്സിലാക്കുന്നത് കഴിഞ്ഞുപോയ ഒരു വര്‍ഷമാണ് എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവങ്ങള്‍ പഠിച്ചതെന്നാണ്.അത്രമാത്രം തീക്ഷ്ണമായിരുന്നു എനിക്ക് കഴിഞ്ഞ 12 മാസങ്ങള്‍.കയ്പും ചവര്‍പ്പും നോവും സന്തോഷവും.. കടുത്ത ഏകാന്തത അതിന്‍റെ ആഴത്തില്‍ അറിഞ്ഞു.വല്ലാതെ ഒറ്റപ്പെട്ടു. ജീവിതത്തിന്‍റെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എഴുതിത്തുടങ്ങിയ ഒരു നോവല്‍ മുഴുമിപ്പിച്ചതൊഴിച്ചാല്‍ കാര്യമായൊന്നും എഴുതാനാവാത്ത വര്‍ഷവുമായി കഴിഞ്ഞത്.മാംസഭുക്കുകളും ബാര്‍കോഡും വര്‍ഷത്തിന്‍റെ തുടക്കത്തില്‍ എഴുതിവച്ചിരുന്നതാണ്.ബ്ലോഗും ഏറെക്കുറെ അനാഥമായപോലായി അല്ലേ..
സത്യത്തില്‍ ഞാനൊരുപാട് മാറിപ്പോയി.അതോ വളരെയധികം ഒതുങ്ങിപ്പോയെന്നാണോ പറയേണ്ടത്..എന്നെ അറിയാവുന്നവര്‍ക്ക് മനസ്സിലാകും,ഞാന്‍ ഒതുങ്ങിപ്പോയി എന്നുപറഞ്ഞാല്‍ വാസ്തവത്തില്‍ ഇല്ലാതായി എന്നാണ് അര്‍ത്ഥമെന്ന്. ബാഹ്യമായും ആന്തരികമായും.ഒരുപാട് സുഹൃദ്ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തു.പലരോടും അവരുടേതല്ലാത്ത കാരണങ്ങളാല്‍ വഴക്കിട്ടു,പിണങ്ങി,ഒരു മുറിയുടെ നിശ്ശബ്ദതയിലേക്ക് ഒതുങ്ങി.ദീര്‍ഘമായ ദിവസങ്ങള്‍ മിണ്ടാതിരുന്നു.എഴുത്തും വായനകളും യാത്രകളും ഇല്ലാതെ..
ഇതിനിടയില്‍ അതിജീവനത്തിനായിഏര്‍പ്പെട്ട ഒന്നുരണ്ട് സര്‍ഗ്ഗാത്മക സംരംഭങ്ങള്‍ വിചാരിച്ചപോലെയാകാതെ അമാന്തത്തിലുമായി.അങ്ങനെയും കുറേ മാസങ്ങള്‍ പോയി.
ഈ ഒരു കൊല്ലത്തിനുള്ളില്‍ വേദനിപ്പിക്കേണ്ടിവന്നു പല സുമനസ്സുകളേയും.കാരണങ്ങള്‍ പറയുവാനില്ല.അസ്വസ്ഥമായ മനസ്സിന് തല്ലുകൂടാന്‍ ഏറെ കാരണങ്ങളൊന്നും വേണ്ടല്ലോ.അസ്വസ്ഥതയ്ക്ക് കാരണം ഇപ്പോഴും വറ്റാതെയിരിക്കുന്ന സ്വപ്നഗ്രന്ഥികളാണ്.മാധവിക്കുട്ടി പ്രസ്താവിച്ചിട്ടുള്ളതുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അടങ്ങാത്ത കൊതി..അതങ്ങു മാറ്റുകയാണ്.ഞങ്ങളുടെ നാട്ടിലാണല്ലോ പൈങ്കിളി സാഹിത്യംവിളഞ്ഞത്.അതിന്‍റെ സ്വാധീനം ജീവിതത്തിലുമുണ്ടായത് പരാജയം.ഹുവാന്‍ റൂള്‍ഫോ ഒരാവേശമായിരുന്നു,അന്നും.ദസ്തയേവ്സ്കിയും.നിര്‍ഭാഗ്യവശാല്‍ സമ്മേളിച്ചത് രണ്ട് ധാരകളും കൂടിയായിപ്പോയി.പോരാത്തതിന് ശരാശരി മലയാളിയുടെഎല്ലാ ദുര്‍ബലതകളും.ഈ സ്വപ്നങ്ങളും കാല്പനികതയും വരുന്നത് അവിടെനിന്നാണല്ലോ..വരുന്പോള്‍ അണകെട്ടി തടുക്കാമെന്ന് കരുതി മനസ്സില്‍ സ്വയം കൂട്ടിവച്ചതെല്ലാം കരിങ്കല്ലുകളല്ല,മണ്ണാങ്കട്ടകളായിരുന്നു എന്നറിയുന്പോള്‍ ഇപ്പോള്‍ സുഖമാണ്.അണ വേണമെന്നും വേണ്ടെന്നുമാണല്ലോ ഇപ്പോഴത്തെ തര്‍ക്കം.ഒന്നും തടുത്തുനിര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല.ഒഴുകട്ടെ.തട ഭേദിക്കട്ടെ.അതാണ് നിത്യമായ സമാധാനം തരിക.അതുകൊണ്ട് ഇപ്പോഴത്തെ പ്രിയ ഗായിക ശ്രേയാ ഘോഷാലിനെ കാണുന്നു..കേള്‍ക്കുന്പോഴും കാണുന്പോഴും ഇന്പം.പിങ്ക് ഗൌണില്‍ വേദി നിറഞ്ഞ് ശ്രേയാ നീ പാടുന്പോള്‍ മനസ്സഴിയുന്നു..
കഴിഞ്ഞ ജനുവരിയിലെ നഷ്ടപ്പെടലുകള്‍ക്ക് പകരം വയ്ക്കുവാനൊന്നുമില്ലെന്ന് അറിയാം.തലവര പോലെയാണ് ബയോഡാറ്റ.ഒരിക്കല്‍ പതിഞ്ഞാല്‍ അതങ്ങനെ കിടക്കും.ശവക്കുഴി വരെ.എങ്കിലും പിരിഞ്ഞതിന്‍റെ ദീര്‍ഘമായ നിശ്ശബ്ദത.അഭാവം തന്നെ.പ്രിയപ്പെട്ടവരായിരുന്നവരുടെ ഭയം മനസ്സിലാകുന്നു.എല്ലാവരും അവരവരുടെ സ്വസ്ഥതകളില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു എന്നത് പരമമായ സത്യമാണ്.അതിനെ തെറി വിളിക്കേണ്ടതുമില്ല.സത്യത്തില്‍ മിസ്ഫിറ്റാണ് ഞാനീ ലോകത്തില്‍ എന്നു തോന്നാറുണ്ട്.ഒരു തോന്നല്‍ എന്നങ്ങു കൂട്ടാനുമാവുന്നില്ല.അതല്ലേ യാഥാര്‍ത്ഥ്യം.
പതിനൊന്ന് വര്‍ഷത്തിനുശേഷം iffk യില്‍ നാലുദിവസങ്ങള്‍ പങ്കെടുത്തതും മാര്‍ച്ചിലെ ഒരുമാസക്കാലം തിരുവനന്തപുരത്ത് താമസിച്ചതും പാലക്കാടന്‍ ദിനങ്ങളും എറണാകുളത്തെ ജൂണ്‍ മഴ ദിനങ്ങളും ഈ ഒരു വര്‍ഷക്കാലത്തിനിടയിലെ സൌഖ്യം.
ശരിക്കും മൂന്നു പതിറ്റാണ്ടിലേറെ ഒരുറക്കത്തിലായിരുന്നു ഞാന്‍.2011-ല്‍ ഉണര്‍ന്നു,ലോകം എന്നെ സ്വീകരിച്ചു.അതിന്‍റെ അഭിമാനമായ മ്യൂസിയം എന്നെ തുറന്നുകാട്ടി.ജനവരിയില്‍ കയറിയ ഞാന്‍ മ്യൂസിയം കാണാന്‍ തുടങ്ങിയിട്ട് ഇപ്പോ ഒരു വര്‍ഷമായി.ഞാനിതാ പുറത്തേക്ക് വരുന്നു.
ഇനി വരുന്ന 2012 നെ പുതിയ ചിന്തകളും പുതിയ ജീവിതവുമായി നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞു.നിങ്ങളും തയ്യാറല്ലേ..?
എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദ്യമായ ക്രിസ്മസ്-നവവത്സരാശംസകള്‍.