Tuesday, September 13, 2011

ഭൂമിയില്‍ ഒരു പൂവ്‌

രിത്തിരി സ്ഥലം വാങ്ങണമെന്നത്‌ വളരെക്കാലമായുള്ള എന്റെ മോഹമാണ്‌.ചിലരതിന്‌ ഭൂമി വാങ്ങണമെന്നാണ്‌ പറയുക.അതെങ്ങനെയാണ്‌ ശരിയാവുകയെന്ന്‌ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്‌.ഭൂമി സ്വന്തമാണെന്ന്‌ പറയാന്‍ നമുക്കെന്തവകാശം.?എന്നാലും നാം ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ കാലം വരെ കൈവശം വച്ച്‌ അനുഭവിക്കാന്‍ കഴിയുന്ന ഒരല്‌പം മണ്ണ്‌ സ്വന്തമായി വേണം എന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ അങ്ങനെ ആഗ്രഹിക്കുന്നതിനര്‍ത്ഥം.അതാണ്‌ സ്ഥലം വാങ്ങല്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
ഞാനും അത്തരത്തില്‍ ആഗ്രഹിക്കാന്‍ ചില കാരണങ്ങളുണ്ട്‌.ഇന്ത്യയില്‍ ഒട്ടാകെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌.ഭൂസൗന്ദര്യത്തിന്റെ പരമാവധി അനുഭവിപ്പിക്കുന്ന കശ്‌മീരില്‍ ആഴ്‌ചകളോളം താമസിക്കുകയും ചെയ്‌തു.എങ്കിലും എനിക്കിഷ്‌ടമായ പ്രദേശം പാലക്കാടാണ്‌.കണ്ണൂരും ഇടുക്കിയും എറണാകുളവും തൃശ്ശൂരും പോലെ വേറിട്ട പ്രദേശങ്ങളുടെ അനുഭവപശ്ചാത്തലം എനിക്കുണ്ടായിട്ടും ഹൃദയത്തില്‍ ഞാന്‍ സ്‌നേഹിച്ചത്‌ പാലക്കാടിനെയാണ്‌.വീടുവച്ചു താമസിക്കാനും വേണമെങ്കില്‍ കൃഷി നടത്താനും സ്വസ്ഥവും ലളിതവുമായി ജീവിതം നടത്താനും പാലക്കാടാണ്‌ നല്ലത്‌.തമിഴ്‌ ഗ്രാമങ്ങളോടുള്ള എന്റെയൊരിഷ്‌ടവും മറ്റ്‌ ഗൃഹാതുരസ്‌മൃതികളും ഇതിനു പിന്നിലുണ്ടാകാം.അങ്ങനെയാണ്‌ എന്നെങ്കിലും സ്ഥലം വാങ്ങുകയാണെങ്കില്‍ അത്‌ പാലക്കാടായിരിക്കണമെന്ന്‌ വര്‍ഷങ്ങള്‍ക്കു പിറകില്‍വച്ചേ ഞാന്‍ തീരുമാനിക്കാന്‍ കാരണം.
പാലക്കാട്‌ നല്ല കുറേ സ്‌നേഹിതരുണ്ട്‌.സാഹിത്യവും സാധാരണ ജീവിതവുമായി സമദൂരസിദ്ധാന്തം പാലിക്കുന്ന അവര്‍ക്ക്‌ എന്നെ എഴുത്തുകാരനായിട്ടല്ലാതെയും സ്‌നേഹിക്കാന്‍ കഴിയും.അതില്‍പ്പെട്ടതാണ്‌ പാടൂരുള്ള വിനോദ്‌ കൃഷ്‌ണന്‍ മാഷും മഞ്‌ജു ടീച്ചറും.എന്റെ ഹൈസ്‌കൂള്‍ കാലത്തെ പരിചയമാണ്‌ മഞ്‌ജുവിനെ.ഏതോ പ്രസിദ്ധീകരണത്തില്‍ കവിതയെഴുതി സമ്മാനം നേടിയതിനെ അഭിനന്ദിച്ചുകൊണ്ട്‌ ഞാനയച്ച കത്തില്‍നിന്നാണ്‌ ആ സൗഹൃദത്തിന്റെ തുടക്കം.പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അവര്‍ വിനോദ്‌ മാഷിനെ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും മകനുണ്ടാവുകയുമൊക്കെ ചെയ്‌തതിനുശേഷമാണ്‌ ഞങ്ങള്‍ ആദ്യമായി തമ്മില്‍ കാണുന്നത്‌.അത്‌ രണ്ടായിരത്തിലോ മറ്റോ ആണ്‌.അതുവരെ ഫോണല്ല,കത്തായിരുന്നു രണ്ട്‌ ജില്ലകളില്‍ താമസിക്കുന്ന ഞങ്ങള്‍ക്കിടയിലെ വിനിമയമാദ്ധ്യമം.
പറഞ്ഞുവന്നത്‌ പില്‍ക്കാലത്ത്‌ അവരിരുവരും എന്റെ ജീവിതത്തില്‍ നല്ല രക്ഷിതാക്കള്‍കൂടിയായി മാറിയെന്നാണ്‌.ഇടയ്‌ക്കിടെ ആലത്തൂരിനും തിരുവില്വാമലയ്‌ക്കുമിടയിലുള്ള പാടൂര്‌ `സ്വപ്‌ന'ത്തില്‍ പോകാറുള്ളപ്പോള്‍ ഞാനത്‌ രണ്ടാളോടും സൂചിപ്പിക്കാറുണ്ടായിരുന്നു.അവരത്‌ അത്ര കാര്യമായി എടുക്കാതിരുന്നതിന്‌ കാരണം എന്റെ കൈയില്‍ സ്ഥലം വാങ്ങാനുള്ള കാശൊന്നുമില്ല എന്നറിയാവുന്നതുകൊണ്ടാവാം.എങ്കിലും കഴിഞ്ഞ ഓണത്തിന്‌ അവരെന്റെ എറണാകുളത്തെ വാടകവീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അല്‌പം കാര്യമായിത്തന്നെ പറഞ്ഞു.
``മാഷേ,എനിക്കൊരു സ്ഥലം നോക്കിത്തരണം.''
മാഷും മഞ്‌ജുവും അക്കാര്യമേറ്റു.എന്റെ `ഹരിതമോഹനം' എന്ന കഥയുടെ വലിയൊരു ഇഷ്‌ടക്കാരനായിരുന്നു മാഷ്‌.
ഞാന്‍ പാടൂര്‌ ചെല്ലുമ്പോഴൊക്കെ അവരുടെ മകന്‍ പത്താം ക്ലാസുകാരന്‍ ആദിത്യനെയും കൂട്ടി പാടൂരും കാവശ്ശേരിയിലും നടക്കാന്‍ പോകുമായിരുന്നു.വയലുകളും കരിമ്പനപ്പറമ്പുകളും കാവുകളും പുഴകളും താണ്ടി ഞങ്ങളിരുവരും പകല്‍ തോറും നടന്നലയും.വാസ്‌തവത്തില്‍ എത്ര മുക്കിക്കുടിച്ചാലും മതിവരാത്ത പാലക്കാടിന്റെ ഹരിതഭംഗി എന്നെ അന്നൊക്കെ വല്ലാതെ മുഗ്‌ധനാക്കിയിട്ടുണ്ട്‌.വെറും സാധാരണക്കാരുടെ നാട്‌ കൂടിയാണല്ലോ പാലക്കാട്‌.ജാടയൊന്നും ആരിലുമില്ല.അതിനെക്കാളുപരിയാണ്‌ അവരുടെ മനസ്സിലെ നന്മ.കഥകള്‍ എത്ര വേണമെങ്കിലും കിട്ടുന്ന മണ്ണും കാറ്റും വെയിലും മഴയും.പിന്നെ ഞാനെങ്ങനെ പാലക്കാടിനെ ഇഷ്‌ടപ്പെടാതിരിക്കും.?
കഴിഞ്ഞ ജനുവരിയോടെ എന്റെ ജീവിതം അപ്രതീക്ഷിതമായ വിധത്തില്‍ മാറിമറിഞ്ഞു.സ്വന്തമായ നിലനില്‍പ്‌ എന്നത്‌ ഏതുവിധേനയും കൂടിയേതീരൂ എന്ന അവസ്ഥയിലേക്ക്‌ ഞാനെത്തിപ്പെട്ടു.അവനവന്റെ ജംഗമങ്ങള്‍ പെറുക്കിവയ്‌ക്കാനൊരിടം എന്നത്‌ ജീവിതത്തിലെ ഏറ്റവും വലിയ അത്യാവശ്യമായി മാറി.സങ്കീര്‍ണ്ണമായ സ്ഥിതിഗതികളിലേക്ക്‌ ഞാനുണര്‍ന്നത്‌ അന്നേരമാണെന്നും പറയാം.അപ്പോഴേക്കും ജീവിതത്തിലെ വലിയ അലസതയുടെ ശിക്ഷ എനിക്കുകിട്ടിക്കഴിഞ്ഞിരുന്നു.
ഓര്‍മ്മ വച്ച കാലം മുതല്‍ കെട്ടിപ്പൊതിഞ്ഞ്‌ ചിതലിനും മണ്ണിനും തീയ്‌ക്കും കൊടുക്കാതെ കൊണ്ടുനടന്നതെല്ലാം നഷ്‌ടപ്പെടുമെന്ന അവസ്ഥയെ ഞാന്‍ നേരിട്ടു.
അനവധി സുഹൃത്തുക്കളെ തന്ന കത്തെഴുത്തുകാലത്തെ ഫയലുകള്‍ മുതല്‍ ആദ്യകഥകള്‍ വന്ന സ്വന്തം കൈയെഴുത്തുമാസികകള്‍ വരെ എന്നെ നോക്കി അമ്പരപ്പോടെ നിന്നു.ആദ്യകാല കഥകള്‍ വന്ന (ഒരു സമാഹാരത്തിലും ഞാന്‍ ഉള്‍പ്പെടുത്താത്ത) മാസികകളെ ഇനി ഞാനെവിടെ സൂക്ഷിക്കും.
അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ സങ്കടം പൊട്ടും.വീട്‌ മുഴുവന്‍ ഞാന്‍ ശ്രദ്ധിച്ചു.ഒരോ ചുമരിലും കയറിയിരിപ്പുണ്ട്‌ എന്തെങ്കിലുമൊക്കെ ഓര്‍മ്മകള്‍,അടയാളങ്ങള്‍,ഭദ്രമാക്കിവയ്‌ക്കേണ്ട നിസ്സാരമെന്നു തോന്നുന്ന മുദ്രകള്‍.പക്ഷേ വീടൊഴിയുമ്പോള്‍ അതൊക്കെ എവിടെവയ്‌ക്കും..?ഞാനെന്ത്‌ മറുപടി പറയാന്‍..!
പെട്ടിവണ്ടി വിളിച്ചുകൊണ്ടുവന്ന്‌ എല്ലാം അതിലിട്ട്‌ ആക്രികച്ചവടക്കാരന്‌ വിറ്റു.പോയതെല്ലാം വിലപ്പെട്ടതാണ്‌.കാലത്തിന്റെ കലവറയില്‍ ചിത്രപ്പൂട്ടിട്ട്‌ വയ്‌ക്കേണ്ടിയിരുന്ന വിഭവങ്ങളും വിലപ്പെട്ട രേഖകളും.
എങ്ങനെ അവ നഷ്‌ടമായി അഥവാ എന്തിന്‌ അവയെ നഷ്‌ടപ്പെടുത്തി.?ഒരേയൊരുത്തരം:സ്വന്തമായി ഒരിത്തിരി ഇടമില്ലാത്തതുകൊണ്ടുമാത്രം.
ഞാന്‍ മാഷിനെ വിളിച്ചു.
``മാഷേ,എനിക്കുടനെ സ്ഥലം വേണം.അഞ്ച്‌ സെന്റ്‌ മതി.അതിനുള്ള കാശുണ്ട്‌.പോരാത്തത്‌ ഉണ്ടാക്കാം.''
ഇത്തവണ സാഹചര്യങ്ങള്‍ കേട്ട മാഷ്‌ പിറ്റേന്നുതന്നെ എന്നെ വിളിച്ചു.
``സ്ഥലമുണ്ട്‌.അത്‌ ഞങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ചിരുന്നതാണ്‌.പക്ഷേ ഇപ്പോ ഞങ്ങള്‍ക്കതിന്‌ സാധിക്കില്ല.അത്‌ സൗകര്യമായി.നിനക്കുതരാം.വില ഇത്രയാണ്‌ പറയുന്നത്‌.''
എന്നിട്ട്‌ മാഷ്‌ സെന്റിന്റെ വില പറഞ്ഞു.അത്രയും സംഖ്യ എന്റെ കൈയിലുണ്ടായിരുന്നില്ല.എന്നാല്‍ ഉണ്ടാക്കാമെന്ന്‌ ഉറപ്പുണ്ടായിരുന്നു.അതുകൊണ്ട്‌ ക്ഷണനേരം കളയാതെ ഞാന്‍ പറഞ്ഞു.
``അതെനിക്കുവേണം.അതെനിക്കുവേണം.''
``എന്നാല്‍ സൗകര്യം നോക്കി നീയൊരു ദിവസം വരൂ.മഞ്‌ജുവിന്റെ സ്‌കൂളില്‍ ചെന്നാല്‍ മതി.പ്ലോട്ട്‌ കാണിച്ചുതരും.''
എനിക്ക്‌ വലിയ സന്തോഷമായി.എറണാകുളത്തുനിന്ന്‌ ഒരു ദിവസം ഞാനവിടെ ചെന്നു.ക്ലാസ്‌ കഴിഞ്ഞ്‌ മഞ്‌ജു എന്നെയും കൂട്ടി സ്ഥലം കാണിച്ചുതരാന്‍ വന്നു.
ആദ്യമായി സ്ഥലം വാങ്ങാന്‍ പോകുന്നവന്റെ ഗര്‍വ്വോടെയാണ്‌ ഓട്ടോയിറങ്ങി ഞാന്‍ നടന്നത്‌.പെട്ടെന്ന്‌ ഞാന്‍ നിന്നു.ചുറ്റും നോക്കി.നല്ല പരിചയമുള്ള സ്ഥലം.ഇതെവിടെയാണ്‌.?ഓര്‍മ്മയില്‍ പരതി.വൈകാതെ മനസ്സിലായി.അതേ വഴികള്‍..
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കപ്പുറം നഷ്‌ടപ്പെട്ടുപോയ പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ ഒരു സായാഹ്നത്തില്‍ ഞാനിതിലെ വന്നിട്ടുണ്ട്‌.അന്ന്‌ അസ്‌തമയാകാശത്തിന്റെ അവസാനനേരപൊട്ടുതരികള്‍ അവളുടെ മുഖത്ത്‌ വീണുകിടന്നിരുന്നു.അതിനെക്കാള്‍ തീക്ഷ്‌ണമായിരുന്നു അന്നവളുടെ മുഖത്തുണ്ടായിരുന്ന വിഷാദഛായ.അക്കാലത്ത്‌ ഒരു ഹ്രസ്വകാലം അവളുടെ ചേച്ചി ഇവിടെയടുത്തായിരുന്നു താമസിച്ചിരുന്നത്‌.
കാലത്തിനിപ്പുറത്തുനിന്നു നോക്കുമ്പോള്‍ എന്തൊരു വിസ്‌മയം.ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ലെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.?
ഞാന്‍ നിശ്ശബ്‌ദനായി നടന്നു.പരിസരത്ത്‌ കാല്‍പ്പെരുമാറ്റത്തിന്റെ പരിചിതസ്വരം.അത്‌ വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണ്‌.മതി.ഇതുതന്നെ മതി എനിക്കു ജീവിക്കാനുള്ള സ്ഥലം.ഞാന്‍ മനസ്സിലോര്‍ത്തു.
ആദ്യമായി വരുന്നതിനാല്‍ പരിസരം പഠിക്കുന്നതിനായി പ്രധാനനിരത്തില്‍ നിന്നുള്ള ദൂരം നടക്കാമെന്നാണ്‌ മഞ്‌ജു പറഞ്ഞത്‌.വഴിയില്‍ വൈകുന്നേരത്തെ വെയില്‍ വീഴുന്നുണ്ട്‌.കണ്ണെത്താദൂരം നിരന്നുകിടക്കുന്ന പ്രദേശം.ഇടയില്‍ ചില വീടുകള്‍.വളഞ്ഞു ചരിഞ്ഞു കിടക്കുന്ന വീതികുറഞ്ഞ ടാര്‍നിരത്ത്‌.അകലെയായി എന്റെ വരവ്‌ നോക്കി നില്‍ക്കുന്ന കരിമ്പനകള്‍.കൃഷിയൊഴിഞ്ഞ പാടത്ത്‌ കൊറ്റികളും കിളികളും.അപ്പുറത്ത്‌ അധികം പരപ്പില്ലാത്ത ഒരു കുളം.അതിനെച്ചുറ്റി ചെന്നാല്‍ കാണുന്നതാണ്‌ ഞാന്‍ വാങ്ങാന്‍ പോകുന്ന സ്ഥലം.കുറേ അകലെയായി ഗായത്രിപ്പുഴ.പുഴയുടെ തിളക്കം കാണാമോ..?എന്റെ മനസ്സ്‌ നിറഞ്ഞു.
അളന്നിട്ട സ്ഥലത്ത്‌ തറച്ചിട്ടുള്ള കുറ്റികള്‍ കാണിച്ച്‌ മഞ്‌ജു അതിരുകള്‍ പറഞ്ഞുതന്നു.എനിക്കൊന്നും പിടികിട്ടിയില്ല.എങ്കിലും സ്ഥലം കണ്ടു,മനസ്സിലായി.ഞാന്‍ മൊബൈല്‍ കാമറയില്‍ സ്ഥലത്തിന്റെ ഫോട്ടോയെടുത്തു.തിരിച്ചുവരുമ്പോള്‍ ഞാന്‍ മഞ്‌ജുവിനെ നോക്കി.പണ്ട്‌,വളരെ പണ്ട്‌ നീല ഇന്‍ലന്റില്‍ എനിക്കു കത്തയച്ചിരുന്ന ഏതോ ദേശത്തെ പെണ്‍കുട്ടി ഇപ്പോള്‍ എനിക്ക്‌ വാങ്ങാന്‍ സ്ഥലം കാണിച്ചുതരുന്നു.എന്റെ രക്തബന്ധുവല്ല,ആരുമല്ല,ഞാനവര്‍ക്ക്‌ നയാപൈസയുടെ ഉപകാരം ചെയ്‌തിട്ടുമില്ല.എന്നിട്ടും..
പോക്കുവെയില്‍ തങ്ങിനില്‍ക്കുന്ന കരിമ്പനകള്‍ ഇതെല്ലാമടങ്ങിയിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ രഹസ്യം മനുഷ്യരോട്‌ പറയട്ടെ.അതിനുത്തരം പോലെ ഒരു ചെമ്പരുന്ത്‌ മാനത്ത്‌ പറക്കുന്നത്‌ ഞാന്‍ കണ്ടു.
ഞങ്ങള്‍ ബസിന്‌ മടങ്ങി.സത്യത്തില്‍ പിന്നീടുള്ള വ്യവഹാരജോലികളും ഇടപാടുകളും ഞാനറിഞ്ഞില്ല.അവരെന്നെ ബുദ്ധിമുട്ടിച്ചില്ല എന്നല്ലേ പറയേണ്ടത്‌.അവര്‍ തന്നെ സ്ഥലമുടമയെ കണ്ടു സംസാരിച്ചു.എനിക്കായി അഡ്വാന്‍സ്‌ കൊടുത്തു.അളപ്പിക്കാന്‍ ആളെ ഏര്‍പ്പാടാക്കി.അപ്പോള്‍ ചെറിയൊരു പ്രശ്‌നം തലപൊക്കി.അളന്നുവന്നപ്പോള്‍ അത്‌ എട്ടു സെന്റുണ്ട്‌.അത്രയും വാങ്ങാനുള്ള പണം എന്റെ കൈയിലില്ല.അഞ്ച്‌ സെന്റ്‌ മതിയായിരുന്നു എനിക്ക്‌.വേണ്ടെന്നുവച്ചാല്‍ വേറാരെങ്കിലും വാങ്ങിപ്പോകും.
ഇത്തിരി ഭയപ്പാടോടെ ഞാനാലോചിക്കുക മാത്രമല്ല പുതിയ പ്രതിസന്ധിയെപ്പറ്റി എനിക്ക്‌ വളരെ അടുപ്പമുള്ളവരോട്‌ പറയുകയും ചെയ്‌തു.അപ്പോഴുണ്ടായ പ്രതികരണങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചത്‌.എന്തുവന്നാലും സ്ഥലം നഷ്‌ടപ്പെടുത്തരുതെന്നും തികയാത്ത പണം എത്രയായാലും എനിക്ക്‌ തരാമെന്നുമായിരുന്നു അത്‌.
അതെനിക്കൊരു ധൈര്യമായിരുന്നു.അതെനിക്ക്‌ കിട്ടിയ,എന്റെ ഇത്രയും കാലത്തെ എഴുത്തിന്‌ കിട്ടിയ,സ്‌നേഹവും വലിയ പിന്തുണയുമായിരുന്നു.അപ്പോള്‍ ഗായത്രിപ്പുഴയുടെ തണുത്ത ഓര്‍മ്മ എന്നെ തഴുകി.
സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട കാര്യങ്ങളെല്ലാം മാഷ്‌ ചെയ്‌തു.ആധാരം എഴുതാന്‍ ഏല്‍പ്പിച്ചു.ഇതിനെല്ലാം വേണ്ടി ഒന്നിലേറെ തവണ ഓടിനടന്നത്‌ കാഴ്‌ചയ്‌ക്ക്‌ കാര്യമായ വിഷമമുള്ള മാഷും മഞ്‌ജുവുമാണ്‌.
മൂന്ന്‌ പേര്‍ എനിക്ക്‌ പലിശയില്ലാതെ പണം തന്ന്‌ സഹായിച്ചില്ലായിരുന്നെങ്കില്‍ (ദൈവമേ,ആ കടപ്പാടുകള്‍ ജീവന്‍ വിട്ടുപോകുന്ന അവസാനനിമിഷത്തിലും ഞാനോര്‍ത്തുവയ്‌ക്കും.)അവസാനനിമിഷം ഞാനാ സ്ഥലം വേണ്ടെന്നു വയ്‌ക്കുമായിരുന്നു.
പണം തന്നവരോടുള്ള അഗാധമായ നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനൊപ്പം ഈ രണ്ടുപേരെപ്പറ്റി കൂടുതലായി ഞാന്‍ എടുത്തുപറയാന്‍ കാരണമുണ്ട്‌.ഇവരില്ലായിരുന്നെങ്കില്‍ ഇത്തരം കച്ചവടം നടത്തി യാതൊരു പരിചയവുമില്ലാത്ത ഞാന്‍ ഇടനിലക്കാരാല്‍ വല്ലാതെ പറ്റിക്കപ്പെടുകയോ പരിചയമില്ലാത്ത സ്ഥലത്ത്‌ കഷ്‌ടപ്പെടുകയോ ചെയ്യേണ്ടിവരുമായിരുന്നു.മാത്രവുമല്ല ഇത്തരം വ്യവഹാരകാര്യങ്ങളിലൊക്കെ എന്റെ അറിവ്‌ എന്നത്‌ വട്ടപ്പൂജ്യമാണ്‌.ആരേക്കാളും നന്നായി അതെനിക്കറിയാം.ഒരു പ്രതിഫലവും പറ്റാതെ എനിക്കായി അവര്‍ കഷ്‌ടപ്പെട്ടത്‌ എന്നോടുള്ള മമത കൊണ്ടുമാത്രമാണ്‌.അത്‌ എന്റെ സാഹിത്യം വായിച്ചിട്ടുള്ള ആരാധനയില്‍നിന്നോ ആഹ്ലാദത്തില്‍ നിന്നോ മാത്രമുള്ളതല്ലെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.അത്‌ ഒരു സഹജീവി എന്ന നിലയില്‍ വര്‍ഷങ്ങളായി അവരെന്നെ തിരിച്ചറിഞ്ഞിട്ടുള്ളത്‌ കൊണ്ടാണ്‌.
ഇന്ന്‌ ആ സ്ഥലത്തു പോകുമ്പോള്‍ ഓര്‍മ്മകള്‍ പലതാണ്‌.എന്റെ പേരിലുള്ള ഇത്തിരി മണ്ണാണത്‌.ആരിറക്കിവിട്ടാലും ഏത്‌ വീടൊഴിഞ്ഞാലും ആരുപേക്ഷിച്ചുപോയാലും എനിക്കീ ഭൂമിയില്‍ വരാനൊരിടമുണ്ട്‌.
നീലാകാശത്തിനുതാഴെ എന്റെ മണ്ണില്‍ നില്‍ക്കുമ്പോഴെനിക്ക്‌ ഒരു ഏട്ടനെ പോലെ കൂടെനിന്ന മാഷെ ഓര്‍മ്മവരും.സ്‌നേഹം മനസ്സുകളില്‍ മരിക്കുകയില്ലെന്ന്‌ അപ്പോള്‍ അതുവഴി വരുന്ന കരിമ്പനക്കാറ്റ്‌ എന്നോട്‌ പറയാറുണ്ട്‌..

(ഒരല്പം പൊങ്ങച്ചത്തിന്‍റെ സ്വഭാവമുള്ള ഈ കുറിപ്പ് ഇക്കൊല്ലത്തെ കേരള കൌമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.ഒരിക്കല്‍ വായിച്ചവര്‍ ദയവായി ക്ഷമിക്കുമല്ലോ.)