Wednesday, March 20, 2013

നീര്‍നായ

പ്രിയപ്പെട്ട സുഹൃത്തുക്കളേ..

എന്‍റെ ആദ്യകാല കഥകളില്‍ നിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ നീര്‍നായ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഈ പുസ്തകത്തിന്‍റെ പ്രകാശനം മാര്‍ച്ച് 22 ന് പാലക്കാട് വച്ച് നടക്കുകയാണ്.ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവമാണ് വേദി(പാര്‍വ്വതി കല്യാണമണ്ഡപം,ചന്ദ്രനഗര്‍ )
സമയം രാവിലെ 10.00 മണി.
നീര്‍നായയുടെ പ്രകാശനച്ചടങ്ങിലേക്ക് നിങ്ങള്‍ ഓരോരുത്തരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
സുസ്മേഷ്.Tuesday, March 12, 2013

കടിച്ചുവലിച്ചുകുടിക്കേണ്ട മധു നിറച്ച ചഷകം നീ നീട്ടുമ്പോള്‍ ..


നെടുമ്പാശേരിയിലേക്ക് വന്ന നാള്‍ മുതല്‍ എന്നെ ആകര്‍ഷിക്കുന്നതാണ് വഴിയരികിലെ കുശുമാവുകള്‍ .വേനല്‍ മൂക്കുകയും നാടാകെ തീ സമാനമായ ചൂടും കാറ്റും പടരുകയും ചെയ്തപ്പോഴാണ് അവ പൂക്കാന്‍ തുടങ്ങിയത്.നോക്കിനോക്കി നില്‍ക്കേ പൂക്കള്‍ വിരിഞ്ഞ് കായ്കളായി.ഇളം പച്ച നിറമുള്ള കശുമാങ്ങകള്‍ കുലകളായി വളരാന്‍ തുടങ്ങി.മദിപ്പിക്കുന്ന മണത്തോടെ പൂങ്കുലകള്‍ ഫലങ്ങള്‍ക്ക് വഴിമാറി.പിന്നെ നടവഴിയിലാകെ പഴുത്ത കശുമാങ്ങയുടെ കൊതിപ്പിക്കുന്ന സൌരഭ്യമായി.തലയ്ക്കുമുകളില്‍ ചുവപ്പും ഇളം ചുവപ്പും മഞ്ഞയും തീക്ഷ്ണമഞ്ഞയും നിറങ്ങളില്‍ അവ പഴുത്തുതുടുത്തു കിടക്കാന്‍ തുടങ്ങി.ഇടക്കിടെ ഫലങ്ങളെ മറികടന്നു നടക്കുമ്പോള്‍ ഇടം കണ്ണിട്ടുനോക്കി കൊതിയടയാളം വയ്ക്കും.ഓര്‍മ്മ മലപ്പുറത്തെയും മഞ്ചേരിയിലെയും ബാല്യകാലത്തിലേക്ക് പോകും.തണല്‍പടര്‍ത്തിയ കൂറ്റന്‍ പറങ്കിമാവിന്‍ തോട്ടങ്ങള്‍ ആത്മാവിന് നിറവായി ഓര്‍മ്മയ്ക്ക് കൂട്ടുവരും.
കുട്ടിക്കാലത്ത് കടിച്ചുപങ്കിട്ട പറങ്കിമാങ്ങാപ്പഴങ്ങളുടെ സ്വാദ് എന്നെ നീറ്റാന്‍ തുടങ്ങിയിരുന്നു.
ഈ പ്രായത്തില്‍ ,ഈ വേഷഭൂഷാദികളില്‍ എങ്ങനെ ഒരു കശുമാങ്ങ കടിച്ചുതിന്നാം?
അഥവാ തിന്നാല്‍ത്തന്നെ അത് സാമൂഹികവിരുദ്ധമാവുമോ?
അന്യന്‍റെ പറമ്പിലെ മുതലാണ്.അതെങ്ങനെ ചോദിക്കാതെ പറിച്ചെടുക്കും.!
വേനലിനെ പിളര്‍ത്തിയും തളര്‍ത്തിയും മഴ അങ്ങിങ്ങായി വീഴാന്‍ തുടങ്ങി.രണ്ടാഴ്ച സ്ഥലത്തുണ്ടായിരുന്നില്ല.ഇന്ന് വരുമ്പോള്‍ ഫലങ്ങള്‍ മിക്കതും പൊഴിഞ്ഞുതുടങ്ങിയത് കണ്ടറിഞ്ഞു.ഖേദം തോന്നി.നല്ല നാട്ടുഫലങ്ങളാണ് നിലത്തു വീണു നശിക്കുന്നത്.ഒരെണ്ണമെങ്കിലും കടിച്ചുതിന്നില്ലെങ്കില്‍ ബാല്യത്തിന്‍റെ ഓര്‍മ്മയും പേറി ജീവിക്കുന്നതെന്തിനാണ്.!
ഇന്നുച്ചയ്ക്ക് ഫ്ലാറ്റില്‍ നിന്നും ഇറങ്ങി.മുന്നിലെ കശുമാവിന്‍ ചോട്ടിലേക്ക് ചെന്നു.മുകളിലേക്ക് നോക്കി.തലയ്ക്കുമുകളില്‍ വഴിനക്ഷത്രങ്ങള്‍ പോലെ സമ്പന്നമായ കശുമാങ്ങാപ്പഴങ്ങള്‍ .നിലത്തുകിടന്ന ഉണക്കക്കമ്പെടുത്ത് വീശിയെറിഞ്ഞു.പഴത്തെ മാത്രം ഉന്നമിട്ടാണ് എറിഞ്ഞത്.കുട്ടിക്കാലത്തെപ്പോലെ  കുലയോ മൂക്കാകായകളോ തല്ലിക്കളയാന്‍ മനസ്സ് വന്നില്ല.കൃത്യമായി വീണത് ഒന്നാന്തരം പഴം.വലംകൈയുടെ പെരുവിരലും ചൂണ്ടുവിരലും അണ്ടിയില്‍ അമര്‍ത്തിപ്പിടിച്ച് മൂടുമുതലേ കടിച്ചുവലിച്ചു കുടിച്ചു.ഓ..രാക്ഷസനെപ്പോലെ കശുമാമ്പഴത്തെ ആക്രമിക്കുന്ന ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും.ലജ്ജ തോന്നിയതിനെ മാമ്പഴരുചി പൂഴ്ത്തിക്കളഞ്ഞു.അടുത്ത ഏറിന് സജ്ജമായി.മലപ്പുറത്തെ കുന്നിന്‍ ചരിവുകള്‍ ആര്‍പ്പിടുന്നത് ഞാന്‍ കേട്ടു.രണ്ടാമത്തെ ഏറിനും കൃത്യം ഒരു ഫലം.അതും തിന്നു.ഉടുപ്പില്‍ കറ വീഴാതെ വളഞ്ഞുനിന്ന് തിന്നു.പരിസരം നോക്കിയില്ല.കാറില്‍ പോണ വഴിയാത്രക്കാരെ ശ്രദ്ധിച്ചില്ല.കാല്‍നടക്കാര്‍ നോക്കിനോക്കി പോകുന്നുണ്ടായിരുന്നു.
മനസ്സുകൊണ്ട് ഞാനൊരു യാത്ര പോവുകയായിരുന്നു അപ്പോള്‍ .അകലേക്ക്..കുഞ്ഞുപ്രായത്തിന്‍റെ ആരവങ്ങള്‍ തിരമാലകള്‍ പോലെ ഉയരുന്നുണ്ടായിരുന്നു.അടുത്തതും എറിഞ്ഞുവീഴ്ത്തി കടിച്ചീമ്പി തിന്നു.വിലയുള്ള കശുവണ്ടി ചുവട്ടില്‍തന്നെ ഇട്ടു.വയറും മനസ്സും കുടുകുടാ നിറഞ്ഞു.ഒരേറൊക്കെ എറിയാന്‍ ഇന്നും മറന്നിട്ടില്ല.ഉന്നം പിടിക്കുന്നതില്‍ നോട്ടം പതറിയിട്ടില്ല.നാവിലെ രുചിയെ ഒരു കറയും മൂടിയിട്ടില്ല.ഞാന്‍ പശിമയുള്ള ചാറൊലിക്കുന്ന ഇരും കൈയും അകറ്റിപ്പിടിച്ച് ഫ്ലാറ്റിലേക്ക് നടന്നു.
വുഡ് ലാന്‍റിന്‍റെ ഷൂസും ഇംപീരിയലിന്‍റെ വാച്ചും പെപ്പേ ജീന്‍സിന്‍റെ കണ്ണടയും മോശമല്ലാത്ത വിലയുടെ ജീന്സും ഷര്‍ട്ടുമൊക്കെ ഇടാന്‍ സാധിക്കുമ്പോഴും ഒരു മാമ്പഴം പറിച്ചുതിന്നാനുള്ള സന്നദ്ധത കൈമോശം വരാതെ സൂക്ഷിക്കുന്നതിനെയാണ് നാം ജീവിതം എന്ന് തിരിച്ചറിയേണ്ടതെന്നു തോന്നുന്നു. 

Monday, March 4, 2013

ഞാന്‍ മീര

ഈ കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍റേതായി ആദ്യമായി അച്ചടിച്ചു വന്നത്.2003 ജൂലൈയില്‍ .ഇന്നും എന്‍റെ പ്രിയ കഥകളിലൊന്നും ഇതുതന്നെ.വന്നവഴി മറക്കാതിരിക്കാന്‍ ഇടക്കിടെ ഇപ്പോളും ഞാനീ ലക്കം എടുത്തുനോക്കും.ആഴ്ചപ്പതിപ്പിന്‍റെ രൂപഭംഗി മാറിയ ഈ കാലത്ത് ഇതൊരു നൊസ്റ്റാള്‍ജിയ കൂടിയാണ്.

അന്നുമുതല്‍ ഇന്നുവരെ ഒപ്പമുള്ള വായനക്കാര്‍ക്ക് 


നന്ദി.നമസ്കാരം.

ഈ ദിവസത്തിന്‍റെ കഥ

ലദോഷത്തിന്‍റെ മൂഡുണ്ട്.അതെന്ത് മൂഡാണോ ആവോ.പനിക്കുമോ എന്ന് തോന്നും.കുളിരുന്നുണ്ടോ എന്ന് തോന്നും.തോന്നലുകളാണ് എല്ലാം.പലവിധ തോന്നലുകളാവുമ്പോള്‍ പലതും ചെയ്യും.വൈകിട്ട് പുറത്തുപോയപ്പോള്‍ ചുക്കുകാപ്പിപ്പൊടി വാങ്ങിവന്നു.ഉണ്ടാക്കികുടിച്ചപ്പോള്‍ ഒരു സ്വാദുമില്ലാത്ത വെള്ളം.കഴിഞ്ഞ ദിവസം പഴുത്ത ചോളം പുഴുങ്ങി പാക്കറ്റിലാക്കി വിലയിട്ടു വച്ചിരിക്കുന്നത് കമ്പോളത്തില്‍ കണ്ടിരുന്നു.(യാത്രകള്‍ക്കിടയില്‍  ചുട്ട ചോളവും പുഴുങ്ങിയ  ചോളവും നീ രുചിച്ചുതിന്ന നാളുകളോര്‍ത്തു.ഉപ്പിലിട്ടതും വെള്ളത്തിലിട്ടതും ഉണക്കിവച്ചതുമൊക്കെ ആവശ്യപ്പെടുന്നത് നിനക്കിഷ്ടമാണല്ലോ.)കുട്ടിക്കാലത്ത് കുരുമുളക് വള്ളികളായിരുന്നു മുറ്റത്തരികില്‍ കാണാനുണ്ടായിരുന്നത്.കണ്ണും ചിമ്മി എഴുന്നേറ്റ് വന്ന് മൂത്രമൊഴിക്കാനിരിക്കുന്നത് ഒരു കുരുമുളക് ചെടിയുടെ ചോട്ടിലായിരുന്നു.വീട്ടിലെന്നും നല്ല കുരുമുളക് മണി കാണും.വെയിലത്ത് ഉണക്കി കറുപ്പിച്ചത്.ഒരെണ്ണം കടിച്ചാല്‍ മതി വായ  നീറിപ്പുകയാന്‍ .അതില്‍ കുറച്ചെടുത്താണ് അമ്മ രസമുണ്ടാക്കുന്നതും ജലദോഷം വരുമ്പോള്‍ ചുക്കുകാപ്പി ഉണ്ടാക്കുന്നതും.ആ കാപ്പി കുടിച്ചിറക്കാന്‍ ഇത്തിരി പ്രയാസമുണ്ടായിരുന്നു.ഇപ്പോള്‍ സാധാരണ  ഹോട്ടലുകളിള്‍ കിട്ടുന്ന കുരുമുളക് പൊടി എന്ന പുകയിലപ്പൊടി പോലുള്ള സാധനം മണത്താല്‍ തുമ്മല്‍ പോലും വരാറില്ല.
ജലദോഷത്തിന്റെ മൂഡ് ചിലപ്പോള്‍ നല്ല അനുഭവം തരും.പലപ്പോഴും മറിച്ചായിരിക്കും ഫലം.വൃത്തികെട്ട സ്വപ്നങ്ങള്‍ കാണുമെന്നതാണ് സങ്കടം.തണുക്കുമെന്നതാണ് അതിലേറെ കഷ്ടം.അസുഖം വന്നിട്ട് തണുക്കുമ്പോള്‍ പ്രിയപ്പെട്ടൊരാളുടെ ചൂട് തന്നെ വേണം.
സാന്തോര്‍ മറായിയുടെ എമ്പേഴ്സ് വായിച്ചു.മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം സിനിമ കണ്ടു.നിന്നെ ഓര്‍ത്തു.നമ്മുടെ വാര്‍ദ്ധക്യവും.

സ്നേഹം വെയിലത്തുണക്കിയ ഒരു കുരുമുളക് മണിയാണല്ലേ.എത്രകാലം ഇരുന്നാലും കെട്ടുപോവില്ല.എരിവും മണവും ഗുണവും പോവില്ല.സേവിച്ചാല്‍ അസുഖങ്ങളൊക്കെ പോവുകയും ചെയ്യും.നമ്മളും നമ്മുടെ സ്നേഹവും നല്ല തോട്ടത്തില്‍ നല്ല കൃഷിക്കാരനുണ്ടാക്കിയ നല്ല ഔഷധിയെപ്പോലെയാവട്ടെ.