Wednesday, December 29, 2010

ഡിസംബറിലെ കിളിമുട്ടകള്‍

സാധാരണ ഞാന്‍ ഒഴിവാക്കി നിര്‍ത്താറുള്ള ജീവിതത്തിലെ തിരക്കുകളെല്ലാം കൂടി ഒന്നിച്ചുവന്ന മാസമായിരുന്നു ഡിസംബര്‍.ആ സമയത്തുതന്നെയാണ് താല്‍ക്കാലികമായി ആളൊഴിഞ്ഞ എന്‍റെ വീട്ടിലേക്ക് താമസിക്കാനായി അവര്‍ എത്തിയതും.
അവര്‍ കുറേ ദിവസങ്ങളായി എന്‍റെ വീടിന്‍റെ പരിസരത്ത് പതിവില്ലാതെ കറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.കറങ്ങുകയല്ല,പറക്കുകയായിരുന്നു.ഇടക്കിടെ പടിഞ്ഞാറേ മുറിയുടെ പൊട്ടിയ ജനാലച്ചില്ലിലൂടെ അകത്തേക്ക് വരും.അധികം തുണികള്‍ കിടക്കാറില്ലാത്ത കന്പിയഴയില്‍ വന്നിരിക്കും.എന്‍റെ സാന്നിദ്ധ്യമുണ്ടാവുന്പോള്‍ പുറത്തേക്ക് പറന്നുപോകും.
മുന്പിവിടെ എനിക്ക് സൌഹൃദത്തിന് വരാറുണ്ടായിരുന്നത് രണ്ട് ഇണപ്രാവുകളായിരുന്നു.വല്ലാത്ത അധികാരമായിരുന്നു അവര്‍ക്ക് ഈ വീടിനോടും എന്നോടും.കാലത്ത് എട്ടര എന്നൊരു സമയമുണ്ടെങ്കില്‍ അവര്‍ വന്ന് കതകില്‍ കൊത്തും.ഞാന്‍ അരി വിതറിക്കൊടുക്കും.അതെടുക്കാന്‍ പോകുന്പോഴോ കൊടുക്കാന്‍ വൈകുന്പോഴോ രണ്ടാളും പിന്നാലെ യാതൊരു ഭയവുമില്ലാതെ അകത്തേക്ക് വരും.പുലര്‍കാലത്തിന്‍റെ വെളിച്ചം വീണുകിടക്കുന്ന അകമുറിയിലേക്ക് ആ വെട്ടത്തിന്‍റെ അകന്പടിയോടെ ഇരുവരും വരുന്ന കാഴ്ച ഹൃദയത്തില്‍ അരച്ചിടുന്നു ചന്ദനമായിരുന്നു എനിക്ക്.ചോറ് രണ്ടാള്‍ക്കും പഥ്യമായിരുന്നില്ല.കൈയുടെ അടുത്തുവന്ന് കൊത്തിത്തിന്നും.ഒരിക്കല്‍ പരിക്ക് പറ്റിയ കാലുമായിട്ടാണ് അതിലെ ആണ്‍പ്രാവ് വന്നത്.കുറേ ദിവസംകൂടി കൂട്ടുകാരിയോടൊപ്പം അത് ഒക്കിച്ചവിട്ടി വന്നു.അരി തിന്നുപോയി.പിന്നീട് ഇരുവരും വരാതായി.കാത്തിരുന്നു കാത്തിരുന്നു ഞാന്‍ മടുത്തു.പരിക്കേറ്റ ആ കാലിന് എന്തുപറ്റിയെന്നും അവര്‍ ഇരുവരും വരാതായത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ എവിടെയാണെന്നും എനിക്കറിയില്ല.
ഞാന്‍ കിട്ടു എന്നു വിളിക്കുന്ന പൂച്ചയായിരുന്നു അടുത്ത കന്പനി.അത് അടുത്ത വീട്ടിലെ നിലയവിദ്വാനാണ്.ഇടക്കിടെ കോണി കയറി എന്നെക്കാണാന്‍ വരും.നമുക്ക് അവിശ്വസനീയത തോന്നുന്ന വിശ്വാസ്യതയായിരുന്നു അതിന്‍റെ മിടുക്ക്.അച്ചടക്കവും.അതായത് പുലര്‍കാലത്ത് തുറന്നു കിടക്കുന്ന ജനലിലൂടെയാണ് വരുന്നതെങ്കില്‍ മിണ്ടാതെവരും.എങ്ങാനും ഞാന്‍ അറിഞ്ഞു എന്നു മനസ്സിലായാല്‍ ഒന്നു കരയും.അകത്തേക്ക് പോകും.അതല്ല രാത്രി വന്നുകിടന്ന് കാലത്താണ് പോകുന്നതെങ്കില്‍ പോകുന്നവഴിക്ക് ഒന്നു കരഞ്ഞിട്ട് പോകും.ചിലപ്പോള്‍ നേരേ കയറിവന്ന് എല്ലാമൊന്നു നോക്കി.എല്ലാ മുറികളിലും കയറി മൌനം പാലിച്ച് ഇറങ്ങിപ്പോകും.തൊട്ടാല്‍ ഉടന്‍ ചരിഞ്ഞുകിടക്കും.കുറുകും.വയറില്‍ അമര്‍ത്തിയാല്‍ ബഹുസന്തോഷം.കഴുത്തില്‍ ചൊറിഞ്ഞാല്‍ ഹോയ് രീരേ...എന്ന ഇളയരാജ പാട്ട് മൂളും.മീശയില്‍ വലിച്ചാലും വായതുറന്ന് പല്ലെണ്ണിയാലും നഖം ചെളികുത്തി കഴുകിയാലും ആയ്ക്കോളൂ എന്ന വിനീതഭാവം.ചിലപ്പോള്‍ ഞാന്‍ വൃത്തിയായി ഷാംന്പൂ തേപ്പിച്ച് കുളിപ്പിക്കും.ചെറിയ കുതറലൊക്കെ നടത്തും അന്നേരം.എന്നാലും നമ്മുടെ ദേഹത്ത് നഖം കൊള്ളാതിരിക്കാന്‍ കക്ഷി ശ്രദ്ധിക്കും.
കിട്ടു അങ്ങനെ വന്നു പോകുന്പോള്‍ വീട്ടില്‍ ഒരു ബന്ധു വന്നുപോകുന്നതുപോലെയാണ് എനിക്ക്.
ഇതിനൊക്കെയിടയില്‍ അപ്രതീക്ഷിതമായിട്ടാണ് ഈ ഇരട്ടത്തലയന്‍ കമിതാക്കള്‍ എന്‍റെ വാസസ്ഥലം തിരഞ്ഞെടുത്തത്.അവരുടെ വരവും പോക്കും ഞാനറിയുന്നുണ്ടായിരുന്നെങ്കിലും അത് കൂടൊരുക്കാനാണെന്ന് വെറും മനുഷ്യബുദ്ധി മാത്രമുള്ള ഞാന്‍ ഒട്ടും കരുതിയിരുന്നില്ല.
പടിഞ്ഞാറേ മുറി പണ്ട് അച്ഛനും അമ്മയും ഇവിടെ താമസിച്ചിരുന്നപ്പോള്‍ അവരുടെ കിടപ്പുമുറിയായിരുന്നു.ഭാര്യ വന്നപ്പോള്‍ അത് അലങ്കാരമുറിയായി.ഇപ്പോള്‍ അവരും ഭാര്യയും അകലെയായപ്പോഴാണ് ഞാനിവിടെ തനിച്ചായത്.അതുകൊണ്ട് ആ മുറിയിലേക്ക് എനിക്ക് അധികം പോകേണ്ടിവരാറില്ല.കിടപ്പുമുറി കം ഓഫീസ് മുറി കം സ്വീകരണമുറി എന്ന നിലയില്‍ ഞാന്‍ പെരുമാറിക്കൊണ്ടിരിക്കുന്ന മുറി തന്നെ ഞാനൊരാള്‍ക്ക് ധാരാളമായിരുന്നു.എന്നല്ല അതാണ് പലപ്പോഴും എന്‍റെ ലോകവും.പോരാത്തതിന് അടുക്കളയും വിരുന്നുമുറിയും മുന്നിലേയും പിന്നിലേയും വിശാലമായ സ്ഥലവും എനിക്ക് മതിയാകുമായിരുന്നു.
ഒരിക്കല്‍ വേഷം മാറാനായി ആ മുറിയില്‍ ചെന്നപ്പോഴാണ് തറയില്‍ രണ്ട് വേപ്പില കിടക്കുന്നത് ഞാന്‍ കണ്ടത്.പഴുത്ത രണ്ട് തണ്ട് ഇല.രാവിലെ അടിച്ചിട്ടതാണ്.പിന്നെങ്ങനെ വന്നു.?
അപ്പോള്‍ കാറ്റിനെ കീറിമുറിച്ച് ഒരാള്‍ അകത്തേക്ക് വന്നു.അതാ ഇരട്ടത്തലയന്‍ ആയിരുന്നു.ചുവന്ന തൊപ്പിവച്ച തല.വയറിനടിഭാഗമാകെ വെള്ള.നീണ്ട വാല്‍.കാപ്പിക്കളരുള്ള ദേഹം.എന്നെക്കണ്ട പാടെ അതേപോലെ പുറത്തേക്ക് പാഞ്ഞു.എനിക്ക് കൌതുകമായി.
കിട്ടു എങ്ങാനും കാണുമോ എന്ന പേടിയും തലയ്ക്കകത്ത് ഓടി.പണ്ട് അവന്‍ അടുക്കളവശത്ത് കൂട്ടമായി വന്നിരിക്കാറുള്ള ചാരപ്രാവുകളിലൊന്നിനെ കടിച്ചെടുത്ത് ശബ്ദമുണ്ടാക്കാതെ എന്‍റെ പിന്നിലൂടെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.
എന്തായാലും ഇരട്ടത്തലയന്‍ അഞ്ചു പാളികളുള്ള ജനലിന്‍റെ ഇരട്ടക്കന്പിയില്‍ ശ്രമകരമായി കൂടൊരുക്കാന്‍ തുടങ്ങി.വയ്ക്കുന്ന ഓരോ കന്പും കോലും താഴേക്ക് വീഴും.അതെടുക്കാന്‍ മിനക്കെടാതെ പുറത്തുപോയി വേറെ കൊണ്ടുവരും.ഞാന്‍ എന്‍റെ കാര്യങ്ങള്‍ മാറ്റിവച്ച് നോക്കിനിന്നു.മണിക്കൂറുകള്‍ക്കകം അവന്‍ അതോ അവളോ അദ്യത്തെ ഉണക്കില ജനല്‍ക്കന്പിയില്‍ ഉറപ്പിച്ചു.അറിയാതെ ഞാന്‍ കൈയടിച്ചുപോയി.
മനുഷ്യാ..അഹങ്കാരീ..പോയി തൂങ്ങിച്ചാക് എന്നു വിളിച്ചുപറയാന്‍ തോന്നിയത് ഞാന്‍ അടക്കി.കാരണം ലളിതം.വെറും കൊക്കുകൊണ്ട് മാത്രമാണ് അത് ജനല്‍ക്കന്പിയില്‍ ആ ഇലത്തണ്ട് ഉറപ്പിച്ചത്.അങ്ങനെ അങ്ങനെ അന്ന് വൈകുന്നേരമായപ്പോഴേക്കും നാലഞ്ച് കന്പും നാരും വച്ച് അത് കൂട് കെട്ടിത്തുടങ്ങിയിരുന്നു.മുറി മുഴുവന്‍ നാശമായത് ഞാന്‍ അവഗണിച്ചു.പിറ്റേന്നുമുതല്‍ ചൂലുമായി അങ്ങോട്ട് കടക്കേണ്ടെന്ന് നിശ്ചയിക്കുകയും ചെയ്തു.മാത്രവുമല്ല വളരെ അടുപ്പമുള്ള നാലഞ്ചുപേരോട് ഈ സന്തോഷം sms ലൂടെ ഞാന്‍ പങ്കിടുകയും അവരുടെ ആഹ്ളാദസ്പന്ദനം സ്വീകരിക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ സാധാരണ പതിവില്ലാത്ത കുറേ തിരക്കുകള്‍ ഈ മാസം ഉണ്ടായി എന്നു പറഞ്ഞുവല്ലോ.അതിനാല്‍ നാലുദിവസമേ എനിക്ക് അവരുടെ കൂട് നിര്‍മ്മാണം ഇങ്ങനെ കാണാനും ആസ്വദിക്കാനും അതിലൂടെ എന്നെപ്പറ്റി പഠിക്കാനും കഴിഞ്ഞുള്ളൂ.നാല് ദിവസം കൊണ്ട് കൂടിന്‍റെ ഏകദേശരൂപരേഖ മാത്രമേ ശരിയായിരുന്നുള്ളു.19 ന് ഞാന്‍ തിരുവനന്തപുരത്തേക്ക് പോയി.അവിടുത്തെ പരിപാടികള്‍ക്കിടയില്‍ ദിവസങ്ങള്‍ ഓടിക്കടന്നുപോകുന്പോള്‍ ഞാന്‍ സത്യമായും വല്ലാത്ത വേവലാതിയിലായിരുന്നു.ഇരട്ടതലയന്‍റെയും കാമുകിയുടെയും ലക്ഷ്യബോധമുള്ള ജീവിതം എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.അവരുടെ ജീവിതം എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചിരുന്നു.അവള്‍ അവനായി ഇടുന്ന മുട്ടകളും അതിലൂടെ അവര്‍ക്കായി വിരിയുന്ന കുഞ്ഞുങ്ങളും എന്‍റെകൂടി സ്വപ്നമായിരുന്നു.അത് സംഭവിക്കുന്നത് കാണാന്‍ ഞാന്‍ വളരെ വളരെ കൊതിച്ചിരുന്നു.പക്ഷേ ഒഴിവാക്കാനാവാത്ത പരിപാടികളായിരുന്നു എനിക്ക് തിരുവനന്തപുരത്ത്.
കിട്ടു ഞാനില്ലെങ്കില്‍ കയറിവരാറില്ല.എങ്കിലും കാലക്കേടിന് കയറിവരികയും അവരെ കാണുകയും പിടിച്ചുതിന്നുകയും ചെയ്യുമോ അല്ലെങ്കില്‍ ഒരാളെപ്പിടിച്ച് മറ്റൊരാളെ അനാഥമാക്കുമോ എന്നെല്ലാം ഞാന്‍ വല്ലാതെ ഉത്കണ്ഠപ്പെട്ടത് സ്വാഭാവികം.
27 നാണ് എനിക്കിവിടെ തിരിച്ചെത്താന്‍ കഴിഞ്ഞത്.എങ്ങനെയാണ് കതക് തുറന്ന് ഞാന്‍ അകത്ത് കയറിയത് എന്നറിയില്ല.വേഗം പടിഞ്ഞാറേ മുറിയിലേക്ക് പോയി.ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് നോക്കി.
മുറിച്ച നാളികേരപ്പാളി എടുത്തുവച്ചപോലെ കൂട് ജനല്‍ക്കന്പിയില്‍ തയ്യാറായിട്ടുണ്ട്.അടുത്തുചെല്ലാതെ ആകാംക്ഷയോടെ ഞാന്‍ നോക്കി.ഇണക്കിളികള്‍ എവിടെ..?
അപ്പോള്‍ കൂടിന്‍റെ ഭാഗമാണോ എന്നു സംശയം തോന്നിപ്പിച്ച ഒരു വസ്തു കുന്തം പോലെ പൊങ്ങിനില്‍ക്കുന്നതു കണ്ടു.അത് അമ്മക്കിളിയുടെ വാലായിരുന്നു.ഞാന്‍ കൈയിലെ ഭാരമെല്ലാം നിലത്തേക്കിട്ട് കതക് ചാരി ആശ്വാസത്തോടെനിന്നു.നിലം മുഴുവന്‍ കരയിലകളും കോലുമായിട്ടുണ്ട്.ഒരു കിളിക്ക് ചുണ്ടില്‍ കൊത്തിയെടുക്കാനാവുമോ എന്നു നമുക്ക് സംശയം തോന്നാവുന്നത്ര വലുപ്പമുള്ള കോലും കന്പും.ഇപ്പോള്‍ അതൊരു വീടും ഈറ്റുമുറിയുമാണ്.വാസ്തവത്തില്‍ എന്‍െറെ ഈ വീടാണ് ഊഷരത വെടിഞ്ഞ് സഫലമായത്.അവിടെ ഒരു ജീവിതം തളിര്‍ക്കുന്നു.ആ അമ്മക്കിളിയുടെ പൊരുന്നലിലും സ്വയംതാപനത്തിലും ഒന്നിലധികം ജന്മങ്ങള്‍ കണ്ണ് മിഴിക്കാന്‍ വെന്പുന്നു.അത് കാണാന്‍ ചാരത്തൊരാള്‍ കാത്തുനില്‍ക്കുന്നുമുണ്ട്.
അങ്ങനെ വിചാരിച്ചതേയുള്ളൂ,ജനല്‍ക്കന്പിയില്‍ മറ്റേയാള്-‍ആണോ പെണ്ണോ-എത്തിക്കഴിഞ്ഞു.സദാ ചുണ്ടുപിളര്‍ത്തി മുകളിലേക്ക് നോക്കിയാണ് പൊരുന്നക്കിളി കൂട്ടിലിരിക്കുന്നത്.കഷ്ടം തോന്നും.എന്‍റെ സാന്നിദ്ധ്യമോ ഫാനിടുന്നതോ ഒന്നും അതിന് പ്രശ്നമല്ല.പൊരുന്നയിരിക്കുന്ന പെണ്‍കിളിക്ക് ആണ്‍കിളിയാണ് തീറ്റതേടി കൊടുക്കുന്നതെന്ന് എവിടെയോ വായിച്ചിരുന്നു.എല്ലാ ഇനം പക്ഷികള്‍ക്കും അത് ബാധകമാണോ എന്നറിയില്ല.ഇനി എത്ര ദിവസം വേണം മുട്ട വിരിയാന്‍.?അറിയില്ല.എത്രനാള്‍ വേണം അവ പറക്കമുറ്റാന്‍..?അറിയില്ല.ഒന്നറിയാം ഇത് പ്രണയകാലമാണ്.അസൂയയുണ്ടാക്കുന്ന അനുരാഗത്തിന്‍റെ ആധുനിക രാഗവിപിനത്തിലാണ് ഇപ്പോഴവര്‍.
കന്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത,മണലിന് അപേക്ഷിക്കേണ്ടാത്ത,സ്ഥലം വാങ്ങലില്‍ കൃത്രിമം കാണിക്കേണ്ടാത്ത,പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത,LIC യും KSFEയും കടന്നുവരാത്ത,സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത,സ്കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയുമില്ലാത്ത,മക്കളെച്ചൊല്ലി പാരന്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാന്പത്യം.അതാണ് ഓരോ കിളിജീവിതവും.
ഇനി മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2010 കടന്നുപോകും.2011 വരും.ആരോ പറഞ്ഞപോലെ.ടൂ സീറോ ഡബിള്‍ വണ്‍.
അതിനകം മുട്ടകള്‍ വിരിയുമോ..?ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.മുട്ടകള്‍ വിരിയുന്നതിന് മാത്രമല്ല,ആ കുഞ്ഞുങ്ങളും ഇണകളും എനിക്കായി കൊണ്ടുവരുന്ന പുതുമയേറിയ പുതുവത്സരത്തിനും.ഇത്രയേറിയ പ്രകാശപൂര്‍ണ്ണമായ ഒരു പുതുവര്‍ഷപ്പിറവി ഇനി ഈ ആയുസ്സില്‍ എനിക്ക് ലഭിക്കുമോ.?
എല്ലാ വായനക്കാര്‍ക്കും 'ഞങ്ങളുടെ' ഊഷ്മളമായ നവവത്സരാശംസകള്‍.
എല്ലാവര്‍ക്കും പ്രണയം നിറഞ്ഞ വാസന്തമാവട്ടെ വരുംവര്‍ഷം.
happy
new
year.

Friday, December 10, 2010

മെറൂണ്‍

സൈന്യത്തില്‍ ചേരുന്നതിന്‌ മുമ്പ്‌ എനിക്ക്‌ ചിത്രകലയിലായിരുന്നു താല്‌പര്യം.അതുകൊണ്ട്‌ പറയട്ടെ,നദിക്ക്‌ വെളുപ്പില്‍ പച്ച കലര്‍ന്ന ജലച്ചായനിറമായിരുന്നു.ശീതം കലര്‍ന്ന ഈ പച്ചയാണ്‌ സിന്ധുവിന്റെ സ്ഥായിയായ നിറം.കരയുടേത്‌ വെളുപ്പുകലര്‍ന്ന മഞ്ഞയും.വെള്ളത്തിലെത്തിയപ്പോള്‍ നദിയില്‍ നിന്ന്‌ തണുപ്പിന്റെ അനേകായിരം അലകള്‍ എന്റെ ശരീരകോശങ്ങളിലേക്ക്‌ കിനിഞ്ഞിറങ്ങി.അതെല്ലാം ഞാന്‍ മെറൂണ്‍ എന്ന ഇരുപത്‌കാരി പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി സഹിച്ചു.പക്ഷേ ആഴങ്ങളില്‍നിന്ന്‌ മൃതദേഹത്തിന്റെ വീണ്ടെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല.അതെനിക്കറിയാം.എങ്കിലും എനിക്കത്‌ കണ്ടെത്തിയേ മതിയാകൂ.അതുകൊണ്ട്‌ ആദ്യം ശിരസ്സ്‌,മുഖം,നെഞ്ച്‌,കാലുകള്‍?എന്നിങ്ങനെ ഞാന്‍ ജലത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു.
മെറൂണ്‍..
നദിയിലേക്ക്‌ ഊളിയിടുമ്പോള്‍ ഞാന്‍ നിശ്ശബ്‌ദം വിളിച്ചു.
വില്ലോ മരങ്ങള്‍ക്കിടയില്‍ മാനിനെപ്പോലെ അവള്‍ മറയുന്നത്‌ ഞാന്‍ അകക്കണ്ണില്‍ കണ്ടു.കരയില്‍ കാത്തുനില്‍ക്കുന്നവര്‍ കേള്‍ക്കുകയില്ല ഈ നിലവിളി.എന്നോടൊപ്പം വെള്ളത്തിലേക്ക്‌ കൂപ്പുകുത്തിയ മറ്റുള്ളവരും അറിയുകയില്ല ഈ ശബ്‌ദം.പക്ഷേ,മെറൂണ്‍ കേള്‍ക്കും.ഒരു സൈനികനോട്‌ ഇവിടുത്തെ ഏത്‌ ഗ്രാമവാസിക്കും തോന്നുന്ന മമതയും സ്‌നഹവും മാത്രമല്ല അത്‌.മെറൂണ്‍ മുതിരുമ്പോഴും വിവാഹിതയാവുമ്പോഴുമൊക്കെ ഞങ്ങളിവിടെയുണ്ടായിരുന്നു.മണല്‍ക്കുന്നുകളിലും കൃഷിയിടങ്ങളിലും ആടുകളെ മേയ്‌ക്കാന്‍ പോകുമ്പോഴും വില്ലോ മരത്തിന്റെ കൊമ്പുകളുമായി വീട്ടിലേക്ക്‌ പോകുമ്പോഴും അവള്‍ കൈയുയര്‍ത്തി വീശും.ലേയിലേക്കും ശ്രീനഗറിലേക്കുമുള്ള ഞങ്ങളുടെ യാത്രകളില്‍ എത്രയോ തവണ അവളെ വഴിയരികില്‍ കണ്ടിരിക്കുന്നു.വഴിയാത്രക്കാരായ കാറുകാരോട്‌ നിമ്മുവിലേക്കോ ഖാല്‍സിയിലേക്കോ ഒരു യാത്ര തരപ്പെടുത്താനായിരിക്കും ആ നില്‌പ്‌.കൂടെ ചിലപ്പോള്‍ ഗ്രാമത്തിലെ മറ്റു സ്‌ത്രീകളും കാണും.ബസുകളും സഞ്ചാരവാഹനങ്ങളും കുറവായതിനാല്‍ നാട്ടുകാരുടെ യാത്രയ്‌ക്ക്‌ അതേ വഴിയുണ്ടായിരുന്നുള്ളു.
സാസ്‌പോളിലായിരുന്നു അവളുടെ വീട്‌.കല്ല്‌ പെറുക്കി വച്ച്‌ മുകളില്‍ ചുള്ളിക്കമ്പ്‌ വിതറിയ അതിരുകള്‍.അതിനപ്പുറം മെറൂണിന്റെ ബന്ധുക്കളുടെ കൃഷിസ്ഥലം.തല വലുതായ കഴുതകള്‍ അലഞ്ഞുനടക്കുന്ന വഴികള്‍.അലസമായി ഉറങ്ങിക്കിടക്കുന്ന നായകള്‍.ട്രക്കുകളുടെ പിന്‍ഭാഗത്ത്‌ മടിയില്‍ നിറച്ച തോക്കുകളുമായി ഞങ്ങള്‍ ഇരിക്കുമ്പോള്‍ പാതവക്കില്‍ മെറൂണിനെ കാണുന്നത്‌ ഐശ്വര്യമായിരുന്നു.ഞങ്ങള്‍ ചിലപ്പോള്‍ വാതുവയ്‌ക്കും.
ഇന്ന്‌ ട്രാന്‍സിസ്റ്റ്‌ക്യാമ്പിനപ്പുറം മെറൂണുണ്ടായിരിക്കും.
അല്ല,അവളിന്ന്‌ പാടത്തായിരിക്കും.
ഇല്ല,മാര്‍ക്കറ്റിലേ കാണൂ,ഇന്ന്‌ വെയിലുണ്ടല്ലോ..
എവിടെയാണെങ്കിലും ഞാനവള്‍ക്ക്‌ ഒരു പറക്കുന്ന ചുംബനം കൊടുക്കും.
ഞാനും കൊടുക്കും.പക്ഷേ അവളെനിക്കേ തിരിച്ചുതരൂ..
കൈകള്‍ വീശി തുഴയുന്നതിനിടയില്‍ ഞാന്‍ വിചാരിച്ചു.മെറൂണിന്റെ മൃതദേഹം എനിക്കുതന്നെ നദിയുടെ ആഴങ്ങളില്‍നിന്ന്‌ കോരിയെടുക്കണം.പതിനെട്ടുമാസം മുമ്പ്‌ അവളുടെ ഭര്‍ത്താവ്‌ ഫൈസലിന്റെ ചിന്നിച്ചിതറിയ മൃതദേഹവും വാരിയെടുത്തത്‌ ഞാനാണ്‌.ശ്രീനഗറിലെ ചന്തയില്‍ ശിവാലിക്‌ ഹോട്ടലിനുസമീപം ന്യൂ കാശ്‌മീര്‍ ഡ്രൈഫ്രൂട്ട്‌സ്‌ കട നടത്തുകയായിരുന്നു ഫൈസല്‍.വൈകുന്നേരം ആറുമണിക്കുണ്ടായ സ്‌ഫോടനം.മിലിറ്റന്റ്‌സിനെ വധിച്ചശേഷം ഞങ്ങള്‍ തകര്‍ന്ന കടയ്‌ക്കരികിലെത്തി.അത്‌ മെറൂണിന്റെ ഭര്‍ത്താവിന്റെ കടയാണെന്ന്‌ ഞങ്ങളില്‍ ചിലര്‍ക്ക്‌ അറിയാമായിരുന്നു.ഫൈസലിന്റെ മൃതദേഹത്തിന്‌ ചൂടും രക്തപ്പശയും മാംസത്തിന്റെ ചിന്നിപ്പറിഞ്ഞ ശകലങ്ങളുമുണ്ടായിരുന്നു.ഫൈസല്‍ എന്ന സങ്കല്‌പത്തില്‍ വീണുകിടന്നു കരയുമ്പോള്‍ മെറൂണ്‍ ഞങ്ങള്‍ക്ക്‌ അപരിചിതയായി.അതുവരെ കാണാത്ത വേറേതോ മെറൂണ്‍.എന്നാല്‍ ഇപ്പോള്‍ ഞാന്‍ കണ്ടെടുക്കാന്‍ പോകുന്ന മെറൂണിന്റെ ശവം ചിതറിയിട്ടുണ്ടാവില്ല,വിറങ്ങലിച്ചിട്ടേ ഉണ്ടാകൂ.പക്ഷേ അത്‌ മെറൂണിന്റേതാണ്‌.അതിനാല്‍ മണ്ണിനെയും വെയിലിനെയുമൊക്കെപ്പോലെ ഒരു ചൈതന്യം ശവശരീരത്തിലും അവള്‍ അവശേഷിപ്പിച്ചുണ്ടാകും.
മെറൂണ്‍..
ചുണ്ണാമ്പുകല്ലിന്റെയും പരുക്കന്‍ കല്ലിന്റെയും ഇടയിലാണോ നീ.?
ഞാന്‍ ആഴങ്ങളിലേക്ക്‌ കണ്ണുതുറന്ന്‌ അന്വേഷിച്ചു.അപ്പോള്‍ അദ്‌ഭുതകരമായ വിധത്തില്‍ ജലത്തില്‍ നിന്ന്‌ ഞാനവളുടെ ഞരക്കം കേട്ടു.അതുകേട്ടതോടെ ആഹ്ലാദത്തിന്റെ ഒരു നുര എന്നെ വന്നുതൊട്ടു.പക്ഷേ അത്‌ ക്ഷണികമായിരുന്നു.മരിച്ചുകഴിഞ്ഞ മെറൂണിന്റെ സ്വരമാണ്‌ ഞാന്‍ കേട്ടതെന്ന്‌ വൈകാതെയെനിക്ക്‌ മനസ്സിലായി.അതു അത്രമാത്രം നേര്‍ത്തിരുന്നു.അതില്‍ പ്രത്യാശയുടെയോ അതിജീവനത്തിന്റെയോ കണികപോലും ഉണ്ടായിരുന്നില്ല.അതിനര്‍ത്ഥം അവള്‍ ഈ ദേശം വിട്ട്‌ പോയിക്കഴിഞ്ഞു എന്നുതന്നെയാണ്‌.
അപ്പോള്‍ അഗാധതയില്‍നിന്ന്‌ മെറൂണിന്റെ ശബ്‌ദം വീണ്ടും കേട്ടു.പോപ്ലാര്‍ മരങ്ങളുടെ ഇലകളുലയുന്നതുപോലെയായിരുന്നു അത്‌.
മെറൂണ്‍..ആകാശനീല നിറമുള്ള ശിരോവസ്‌ത്രമണിഞ്ഞ്‌ പാദാകൃതിയുള്ള ഷൂസുമിട്ട്‌ മുതുകില്‍ വച്ച കുട്ടയും പേറി നീയിങ്ങനെ ഓടല്ലേ.കൂണുകളല്ല,മൈനുകളാണ്‌ അതെല്ലാം.
ഫൈസല്‍ മരിച്ചതിനുശേഷമുള്ള മെറൂണാണ്‌ മറുപടി പറയുന്നത്‌.
ഇല്ല ബാബു,മൈനുകളെ എനിക്കിപ്പോള്‍ ഭയമില്ല.ഫൈസലിനുശേഷം ഞാന്‍ ജീവിച്ചത്‌ എന്റെ ഉപ്പയ്‌ക്കുവേണ്ടിയാണ്‌.സഞ്ചാരികളെ കൂട്ടിനടന്ന്‌ ദേശം കാട്ടി കുടുമ്പം പുലര്‍ത്തിയ ഉപ്പയ്‌ക്കുവേണ്ടി.പിന്നെ..
മെറൂണ്‍ നിശ്ശബ്‌ദയായി.അവള്‍ ആരെയോ ഓര്‍മ്മിക്കുകയായിരുന്നു.
അവളുടെ അച്ഛന്‍ അലി എന്റെ മനസ്സിലേക്ക്‌ വന്നു.നീണ്ട മൂക്കുളള സാധുവായ ലഡാക്കി.സഞ്ചാരികളെയും കൂട്ടി സീസണുകളില്‍ അയാള്‍ തടാകങ്ങള്‍ ചുറ്റാനിറങ്ങും.ദാലിന്റെ നെഞ്ചിലൂടെ ശിക്കാറിയില്‍ അയാള്‍ പകലുകള്‍ താണ്ടും.അല്ലാത്തപ്പോള്‍ തടാകത്തിന്റെ നാഭിയില്‍ ചൂണ്ടലിട്ട്‌ മത്സ്യങ്ങളെ പിടിക്കും.ഒഴിവുനേരങ്ങളില്‍ മരുമകന്റെ കടയില്‍ ചെന്നിരിക്കും.ഞാന്‍ ആ ചിന്തകളില്‍ നിന്നു കുതറിമാറി.പക്ഷേ മെറൂണ്‍ ഓരോന്ന്‌ ഓര്‍മ്മിച്ചുകൊണ്ട്‌ പറയുകയും ചിരിക്കുകയും ചെയ്‌തു.
ബാബു,ഫൈസല്‍ എന്നോട്‌ പൊറുക്കട്ടെ,ഇമ്രാനെന്നാണ്‌ അവന്റെ പേര്‌.തെമ്മാടിയില്‍ ഒട്ടും കുറയാത്ത ഒരുത്തന്‍.അവന്‍ എന്നെ കാണാന്‍ വന്നു.പലതവണ ഞാനും അവനെ കാണാന്‍ പോയി.അതറിഞ്ഞ്‌ ഉപ്പ എല്ലായ്‌പ്പോഴും എന്നെ വിലക്കി.അപ്പോള്‍ ഞാന്‍ കരയും.ഞാന്‍ കരയുമ്പോള്‍ ഉപ്പയും കരയും.ഒടുവില്‍ ഒരു വിധവയായിരുന്നിട്ടും അവന്റെ കൂടെ ജീവിക്കാന്‍ ഉപ്പ എന്നെ അനുവദിച്ചു.പക്ഷേ അവന്‍ അനുവദിക്കും മുമ്പേ...
മെറൂണ്‍ നിശ്ശബ്‌ദയായി. ഫൈസലിന്റെ ജീവിതത്തിനുശേഷം അവളെ നേരിടാന്‍ ഞങ്ങള്‍ക്ക്‌ മടിയുണ്ടായിരുന്നു.ഞങ്ങള്‍ വെറും പട്ടാളക്കാര്‍ മാത്രമായിരുന്നില്ല.ഗ്രാമീണരായിരുന്നു ഞങ്ങളുടെ ബന്ധുക്കള്‍.അതുകൊണ്ട്‌ ഞങ്ങള്‍ക്കാ കഥ അറിയില്ലായിരുന്നു.
സിന്ധുവിന്റെ തണുപ്പിലേക്ക്‌ ഞാന്‍ ഊളിയിട്ടുപോയി.മെറൂണ്‍ പറയുന്നത്‌ കേള്‍ക്കാന്‍.
ബാബു,വില്ലോ മരങ്ങളെ കണ്ടിട്ടില്ലേ.നീണ്ടുയര്‍ന്ന്‌,പച്ചിലകള്‍ നിറച്ച്‌,കാറ്റിലുലഞ്ഞ്‌ നില്‍ക്കുന്നത്‌.അതേപോലെയായിരുന്നു ഇമ്രാനും.ഖാല്‍സിയില്‍ വച്ചാണ്‌ ഞാനവനെ ആദ്യമായി കണ്ടത്‌.ഉയരമായിരുന്നു അവന്റെ ഗാംഭീര്യം.വേണമെങ്കില്‍ അവനൊരു നാടോടിയായിരുന്നു എന്നു പറയാം.അവനാണെനിക്ക്‌ ജീവിതത്തെപ്പറ്റി പറഞ്ഞുതന്നത്‌.അല്ലെങ്കില്‍ ഫൈസല്‍ മരിച്ച ദുഖത്തില്‍ ഞാന്‍ പതറിപ്പോകുമായിരുന്നു.
മെറൂണ്‍ അവനുമൊത്തുള്ള സംഭാഷണങ്ങള്‍ ഓര്‍മ്മിച്ചു.
ഞാന്‍ ചോദിച്ചു.
ഇമ്രാന്‍,മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളെ എന്തുചെയ്യണം.
ഇമ്രാന്‍ പറഞ്ഞു.
അങ്ങനെയൊന്നില്ല.എല്ലായ്‌പ്പോഴും അവശേഷിക്കുന്നത്‌ വിസര്‍ജ്ജ്യം മാത്രമാണ്‌.മനസ്സിന്റെയും ശരീരത്തിന്റെയും.രണ്ടും നമുക്കാവശ്യമില്ല.
ഞാന്‍ ചോദിച്ചു.
എങ്ങനെയാണ്‌ ലഘുവാകാന്‍ കഴിയുന്നത്‌.
ഇമ്രാന്‍ പറഞ്ഞു.
വിസര്‍ജ്ജ്യത്തെ സംബന്ധിച്ച കാര്യങ്ങളില്‍ പുരുഷന്മാര്‍ക്ക്‌ ലഘുവാകാന്‍ കഴിയും.സ്‌ത്രീകള്‍ക്ക്‌ സങ്കീര്‍ണ്ണമാകാനേ സാധിക്കൂ.
ബാബൂ,ഞാനന്നേരം മിണ്ടാതെ നിന്നു.എന്റെ മനസ്സിന്റെയും ശരീരത്തിന്‍യും വിസര്‍ജ്ജ്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധാലുവാകാതെ എനിക്കു കഴിയുകയില്ലായിരുന്നു.അതെനിക്കറിയാമായിരുന്നല്ലോ.ഫൈസല്‍ മരിച്ചതിനുശേഷം,ഞങ്ങളുടെ ഗാമത്തിലെ മഞ്ഞകൊക്കുകളുള്ള കാക്കകളെപ്പോലെയായിരുന്നു കലണ്ടര്‍.നിശ്ചലം.അതിനെ ഭേദിച്ചത്‌ നിങ്ങളുടെയും അവരുടെയും തോക്കുകളുടെ ശബ്‌ദം.പിന്നെ ഇമ്രാന്റെ സ്വരവും.
എന്നിട്ട്‌,ഇമ്രാനെന്തു സംഭവിച്ചു.എന്തുകൊണ്ട്‌ നീ ഇമ്രാനുവേണ്ടി നിലപാടെടുത്തില്ല.
ഞാന്‍ ചോദിച്ചു.ഒരിടത്തുനിന്നും മറുപടി വന്നില്ല.
ഞാന്‍ ചുറ്റിനും നോക്കി.പച്ച കലര്‍ന്ന ജലനീലിമ മാത്രം.അതിനിടയില്‍ അവളുടെ മുടിയിഴകള്‍ പോലെ എന്തോ ഉലഞ്ഞെത്തുന്നത്‌ ഞാന്‍ കണ്ടു.
ഞാന്‍ അവിടേക്ക്‌ നീങ്ങിക്കൊണ്ട്‌ ഉറക്കെ വിളിച്ചു.
മെറൂണ്‍..
ബാബൂ,മരിച്ചുകഴിഞ്ഞ എന്നെയിനി തിരയുന്നതെന്തിനാണ്‌.ഉപ്പയ്‌ക്ക്‌ എന്റെ ശവം കാണുമ്പോള്‍ വലിയ സങ്കടമാവും.
അതവഗണിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
മെറൂണ്‍,കരയില്‍ കാത്തിരിക്കുന്നവര്‍ക്കിടയില്‍ നിന്റെ ഇമ്രാനുണ്ടോ.
ബാബൂ,ഇമ്രാന്‍ കരയില്‍ വന്ന്‌ കാത്തിരിക്കുമെന്ന്‌ ഞാന്‍ കരുതുന്നില്ല.
എന്തുകൊണ്ട്‌.
ബാബൂ,ഇമ്രാന്‍ അങ്ങനെ ശീലിച്ചിട്ടില്ല.അവന്‍ സഞ്ചാരിയാണ്‌.അവന്‍ പറഞ്ഞിട്ടുള്ളത്‌ ആഗ്രഹങ്ങള്‍ക്കപ്പുറത്തേക്ക്‌ പറക്കാനാണ്‌.ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതും അതാണ്‌.പിന്നെ കരയില്‍ വന്ന്‌ എന്റെ ശവം കാത്തിരിക്കാന്‍ അവനിപ്പോള്‍ ജീവിച്ചിരിപ്പില്ല.
ഞാന്‍ ഭയാനകമായ ഒരു ചുഴിയിലകപ്പെട്ടു.ചുഴിയില്‍ നിന്നു പുറത്തുവരുമ്പോള്‍ എനിക്കെന്റെ മേലുള്ള നിയന്ത്രണം മുക്കാലും നഷ്‌ടമായിക്കഴിഞ്ഞിരുന്നു.മെറൂണിന്റെ യാതൊരു ഒച്ചയും കേള്‍ക്കാനില്ല.
നദിയുടെ അടിയൊഴുക്കിന്റെ ഒച്ച എനിക്കു കേള്‍ക്കാമായിരുന്നു.അലര്‍ച്ചപോലെയായിരുന്നു അത്‌.കൂര്‍ത്ത പാറക്കല്ലുകള്‍ തലപൊക്കി നില്‍ക്കുന്നത്‌ കാണാം.
ബാബു,നിങ്ങളുടെ ആളുകളാണ്‌ എന്റെ ഇമ്രാനെ കൊന്നത്‌.
ഞാന്‍ തുഴച്ചില്‍ നിര്‍ത്തി.നദി എന്നെയൊന്നു വട്ടം കറക്കി.ഇപ്പോള്‍ വളരെ അടുത്തെവിടെയോ ആണ്‌ മെറൂണ്‍.പച്ചവെള്ളത്തിനടിയിലെ കൊട്ടാരത്തില്‍ അവള്‍ ശ്വാസമെടുക്കുന്നത്‌ അറിയാം.സൈന്യമെന്തിനാണ്‌ ഇമ്രാനെ കൊല്ലുന്നത്‌.അതിനര്‍ത്ഥം അവന്‍ അപകടകാരിയായ..
ടപട്ടെന്ന്‌ എന്റെ മനസ്സു വായിച്ചതുപോലെ മെറൂണ്‍ ഉറക്കെ പറഞ്ഞു.
ഇല്ല,എന്റെ ഇമ്രാന്‍ യാതൊന്നു ചെയ്‌തിട്ടില്ല.ചെയ്‌തത്‌ നിങ്ങളൊക്കെയാണ്‌.
മെറൂണ്‍,വായടയ്‌ക്ക്‌.
ഞാന്‍ വെള്ളത്തിനടിയില്‍ സാധിക്കുന്നതുപോലെ അലറി.
ബാബൂ,ദേഷ്യപ്പെട്ടിട്ട്‌ എന്താണു കാര്യം.മരിച്ചുപോയ എന്റെ ഇമ്രാനെ ഇനി തിരിച്ചുകിട്ടുമോ. അന്ന്‌ മച്ചിലില്‍ ഒരേറ്റുമുട്ടലുണ്ടായത്‌ ഓര്‍ക്കുന്നില്ലേ.തീവ്രവാദികളെന്നു മുദ്ര കുത്തപ്പെട്ട നാലുപേരാണ്‌ അന്ന്‌ മരിച്ചത്‌.അതിലൊരാള്‍ വെറും നാടോടിയായിരുന്ന ഇമ്രാനായിരുന്നു.നിങ്ങള്‍ തന്നെ പിന്നീട്‌ പറഞ്ഞില്ലേ,അത്‌ വെറുമൊരു പകപോക്കലായിരുന്നു എന്ന്‌.വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന്‌.
മെറൂണിന്റെ കരച്ചില്‍ ഞാന്‍ കേട്ടു.ജലം തൊടും പോലെ ആര്‍ദ്രമായിരുന്നു അത്‌.
ഞാന്‍ ഓര്‍മ്മിച്ചു.ആറ്‌ ആഴ്‌ചകള്‍ക്കുമുമ്പ്‌ കുപ്‌ വാരയിലെ മച്ചിലില്‍ അങ്ങനെ ഒരേറ്റുമുട്ടലുണ്ടായിട്ടുണ്ട്‌.പിന്നീടത്‌ കമാന്‍ഡിങ്‌ ഓഫീസര്‍ കേണല്‍ പത്താനിയുടെയും മേജര്‍ ഉപീന്ദറിന്റെയും പ്രാദേശികവൈരാഗ്യമായിരുന്നു എന്ന്‌ സൈനികതലത്തില്‍ നിന്നുതന്നെ വിശദീകരണം വന്നിരുന്നു.രജപുത്‌ റജിമെന്റിലെ ഓഫീസര്‍മാരായിരുന്നു അവര്‍.നെഞ്ചില്‍ വെടിയേറ്റ്‌ മരിച്ചുവീണ നാലുചെറുപ്പക്കാരില്‍ ഒരാള്‍ അസാമാന്യ ഉയരമുണ്ടായിരുന്ന ഒരാളാണെന്ന്‌ ഞാനോര്‍മ്മിച്ചു.അതായിരിക്കണം ഇമ്രാന്‍.ഈ ഗ്രാമവാസികള്‍ക്ക്‌ ഇങ്ങനെയും ഒടുങ്ങാതെ വയ്യ.
മെറൂണ്‍,ഖാല്‍സിയില്‍ വച്ചു നീ പരിചയപ്പെട്ടത്‌ നിന്റെ വിധിയെയാണ്‌.
ഞാന്‍ പറഞ്ഞു.
നാണമില്ലേ ബാബൂ,നിരപരാധികളെ തോന്ന്യാസത്തിന്‌ വെടിവച്ചുകാന്നിട്ട്‌ ന്യായീകരിക്കാന്‍.നഷ്‌ടപ്പെട്ടത്‌ ഞാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച എന്റെ ജീവിതമാണ്‌.എന്റെ യൗവനവും സ്വപ്‌നങ്ങളുമാണ്‌.എന്റെ രാജ്യസ്‌നേഹം പോലുമാണ്‌.അറിയ്യോ..
മെറൂണ്‍..
എന്നെ വിളിക്കേണ്ട,എന്റെ ശവം കാണുകയും വേണ്ട,ഞാന്‍ ഒഴുകുകയാണ്‌.ദൂരേയ്‌ക്ക്‌..
മെറൂണ്‍..
കൈ കുഴയും പോലെ എനിക്കു തോന്നി.എന്നെയാരോ താഴേക്ക്‌ വലിച്ചെടുക്കുംപോലെ.ശ്വാസത്തിനായി ഞാനൊന്നുപിടഞ്ഞു.പിന്നെ വീണ്ടും അടിത്തട്ടിലേക്ക്‌ ഊളിയിട്ടു.അപ്പോള്‍ ദൂരെയായി മെറൂണ്‍ ഒഴുകിനീങ്ങുന്നത്‌ കണ്ടു.എനിക്കു പിടിതരാതിരിക്കാന്‍ അവള്‍ വേഗത്തിലാണ്‌ നീങ്ങിക്കൊണ്ടിരുന്നത്‌.

Thursday, December 2, 2010

അങ്കണം അവാര്‍ഡും കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരവും.

30 ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2010 വിടപറയുമല്ലോ.
ഈ വര്‍ഷം എന്‍റെ എഴുത്തുജീവിതത്തിന് തന്നത് കനപ്പെട്ട രണ്ടുപുരസ്കാരങ്ങളാണ്.രണ്ട് അവാര്‍ഡുകളും കിട്ടിയത് നവംബറിലാണ്. 'മരണവിദ്യാലയം' എന്ന കഥയ്ക്ക് ആദരണീയനായ പത്രാധിപര്‍ കെ.എ.കൊടുങ്ങല്ലൂരിന്‍റെ പേരിലുള്ള കഥാപുരസ്കാരവും '9' എന്ന നോവലിന് അങ്കണം അവാര്‍ഡും.സന്തോഷമുണ്ട്.വളരെയേറെ.ആ സന്തോഷമാണ് ഇപ്പോള്‍ എന്‍റെ പ്രിയവായനക്കാരുമായി ഞാന്‍ പങ്കിടുന്നത്.
എഴുതിയ രണ്ടുനോവലും അംഗീകാരങ്ങള്‍ നേടി.അതിലെ കഥാപാത്രങ്ങള്‍ ഇതാ ഇപ്പോള്‍ എന്നോടൊപ്പം.കള്ളന്‍ വെളുത്ത അന്ത്രുവും ഇച്ചിരയും ദീപക്കും സരോജയും സുപ്രിയയും നന്തിയാട്ട് മാര്‍ക്കോസും തൂവാനം ഫിലിപ്പും കുഞ്ഞിക്കണ്ണനും ഇതാ എനിക്കരികില്‍..അവര്‍ 9 -ലെ കഥാപാത്രങ്ങളാണ്.ഡി-യിലെ ദാമുവും നിലാവതിയും നദിയും സുഹറയും അവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്.എല്ലാവരും സന്തുഷ്ടരാണ്.ഈ ഞാനും.
നോവലുകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത ധാരാളം പേരുണ്ട്.എല്ലാവര്‍ക്കും നന്ദി.