Saturday, July 23, 2011

അകലങ്ങളുടെ ഇരുകരകളിലിരുന്ന് വളരെ വൈകിയുറങ്ങിയ രാവുകള്‍ക്ക്,വളരെ നേരത്തേയുണര്‍ന്ന പുലരികള്‍ക്ക്.ഇടയിലെ ദീര്‍ഘമായ പകലുകള്‍ക്കും.



മഴക്കാലത്തും,


വേനലില്‍ അയച്ചുതന്ന ആ നിറഞ്ഞ കുളത്തിന്‍റെ ഓര്‍മ കെടാതിരിക്കുന്നു.


എനിക്ക് അസഹ്യമായ നിന്‍റെ മൌനത്തില്‍,


നിനക്ക് അസഹ്യമായ എന്‍റെ മൌനത്തിലും!


നമ്മുടെ സൌഭാഗ്യനിമിഷങ്ങളില്‍ പിറന്ന നല്ല മണമുള്ള പൂക്കള്‍.



Monday, July 4, 2011

കെ.വി.അനൂപിന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്കാരം

ചില ദിവസങ്ങള്‍ ഇങ്ങനെയാണ്.പൂവുകള്‍ പോലെ.അതീവ മൃദുലം.ഹര്‍ഷമുണ്ടാക്കുന്നത്ര നിര്‍മ്മലം.പറയാന്‍ കാരണം ഇന്നലത്തെ ദിവസമാ
എന്‍റെ സ്നേഹിതന്‍ കെ.വി.അനൂപിന്(സീനിയര്‍ സബ് എഡിറ്റര്‍,മാതൃഭൂമി സ്പോര്‍ട്സ്‌ മാസിക)മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്കാരം നല്കിയത് ഇന്നലെ ഉച്ചകഴിഞ്ഞ് പാലക്കാട് തൃപ്തി ഹാളില്‍ വച്ചായിരുന്നു.
അനൂപേട്ടന്‍റെ 'കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍'എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്.പതിനായിരത്തൊന്നു രൂപയും ഗായത്രി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് പാലക്കാട് കലക്ടര്‍ കെ.വി.മോഹന്‍ കുമാറാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.സപര്യ സാഹിത്യ വേദിയാണ് മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ചടങ്ങില്‍ രഘുനാഥന്‍ പറളി,ഇ.സന്തോഷ് കുമാര്‍,എം.രാജീവ് കുമാര്‍,ഡോ.പി.മുരളി,പ്രദീപ്,എം.നന്ദകുമാര്‍,കെ.എന്‍.സുരേഷ്കുമാര്‍,മനോജ് വെട്ടികാട്,ശരത്ബാബു തച്ചന്പാറ,പവിത്രന്‍ ഓലശ്ശേരി(ഇരുവരും സപര്യ ഭാരവാഹികള്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.മാതൃഭൂമി ബുക്സാണ് അവാര്‍ഡ് കൃതിയായ 'കാഴ്ചയ്‌ക്കുള്ള വിഭവങ്ങള്‍' പ്രസിദ്ധീകരിച്ചിട്ടുള്ളത്.അനൂപേട്ടന്‍റെ കഥകളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.
അതിനുശേഷം പ്രദീപിന്‍റെ രണ്ട് പുസ്തകങ്ങളും (സര്‍പ്പചിത്രണങ്ങളും കര്‍ണ്ണഭൂഷണങ്ങളും എന്ന ഹിതോമി കനഹാരെയുടെ ജാപ്പാനീസ് നോവലിന്‍റെ പരിഭാഷയും കോയന്പത്തൂര്‍ സ്ഫോടനം എന്ന കഥാസമാഹാരവും. പ്രസാധകര്‍-കാലം,തിരുവനന്തപുരം.)അവിടെവച്ച് പ്രകാശിപ്പിച്ചു.
കാലത്ത് അതേ ഹാളില്‍,കഴിഞ്ഞ പത്തോളം വര്‍ഷമായി എനിക്കറിയാവുന്ന ഏതാനും സുഹൃത്തുക്കളുടെ പാലക്കാടന്‍ സംരംഭമായ 'എഴുത്താണി' മാസിക(മോജസ് ബില്‍ഡിംഗ്‌,കോര്‍ട്ട് റോഡ്,ആലത്തൂര്‍,പാലക്കാട്-678541./e mail:ezhuthanimagazin@gmail.com)യുടെ ആദ്യലക്കത്തിന്‍റെ പ്രകാശനവും നടന്നു.കെ.വി.മോഹന്‍കുമാര്‍,സിവിക് ചന്ദ്രന്‍,പി.എം ആന്‍റണി,ഡോ.കെ.എം.ജോയ്പോള്‍,ഗായത്രി...തുടങ്ങി നിരവധി പേര്‍ മാസികാപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.വാസ്തവത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഹൃദ്യമായ പരിപാടികളായിരുന്നു ഇതെല്ലാം.
പാലക്കാട് താമസമാരംഭിച്ച് ആറു മാസമായെങ്കിലും ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്.അത് ഇത്തരത്തില്‍ സൌഹൃദത്താല്‍ ബന്ധിക്കപ്പെട്ട വേണ്ടപ്പെട്ടവരുടെ പരിപാടികള്‍ ആയിരുന്നതിനാല്‍ മാത്രം.സദസ്സ് നിറഞ്ഞ് പകല്‍ മുഴുവന്‍ നിന്ന സഹൃദയപങ്കാളിത്തം വാസ്തവത്തില്‍ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു.എന്നെ മാത്രമല്ല പങ്കെടുത്ത എല്ലാവരെയും.നിരവധി പ്രമുഖര്‍ സദസ്സിലുമുണ്ടായിരുന്നു.
ചില ദിവസങ്ങള്‍ ഇങ്ങനെ വീണുകിട്ടും.വളരെ മനോഹരമായ ഒരു പാട്ട് പോലെ അത് നമ്മളിലേക്ക് ഒഴുകും.ദിവസം തീര്‍ന്നാലും അതിന്‍റെ മാധുര്യം പരിസരത്തുതന്നെ തങ്ങിനില്‍ക്കും.
സ്ത്രീയുടെ വിരലടയാളങ്ങള്‍
എന്‍റെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഏതാനും സ്ത്രീകളെപ്പറ്റി ഞാന്‍ സംസാരിക്കുന്നത് സജില്‍ ശ്രീധര്‍ കേട്ടെഴുതിയത് ഈ ലക്കം കന്യക(2011,ജൂലൈ 1-15)യില്‍ സ്ത്രീയുടെ വിരലടയാളങ്ങള്‍ എന്ന തലക്കെട്ടില്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം.

Saturday, July 2, 2011

വിവാഹം-ശത്രുരാജ്യത്തലവന്മാരുടെ ഒന്നിച്ചുജീവിതം

ന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പല പുരോഗതികളുണ്ടെങ്കിലും സങ്കീര്‍ണ്ണമായ മാനസികഘടനയുള്ള സ്‌ത്രീ-പുരുഷന്മാരുടെ ചെറുചെറുകൂട്ടങ്ങളാണ്‌ കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ളതെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.ഇതിന്‌ കാല-ദേശ-പ്രായ-മതവ്യത്യാസങ്ങള്‍ ഉണ്ടാവാം.പക്ഷേ എന്നിരുന്നാലും ദാമ്പത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇവരെല്ലാവരും ഒറ്റക്കെട്ടാണ്‌.പ്രധാനമായും അത്‌ പ്രായപൂര്‍ത്തിയെത്തിയ സ്‌ത്രീപുരുഷന്മാരുടെ ലൈംഗീകതയാണ്‌.

മക്കത്തായം,മരുമക്കത്തായം,സംബന്ധം,ബാന്ധവം തുടങ്ങി പലപേരില്‍ നൂറ്റാണ്ടുകളായി സ്‌ത്രീപുരുഷബന്ധങ്ങളെയും കുടുംബവ്യവസ്ഥയെയും നിര്‍ണ്ണയിച്ചുപോരുന്ന കേരളത്തില്‍ നൂറ്റാണ്ടുകളായി മനുഷ്യജീനുകളില്‍ ഒരേപോലെ പതിഞ്ഞുപോയ ഒരേയൊരുകാര്യം ദാമ്പത്യത്തിലെ ലൈംഗീകതയെ സംബന്ധിച്ച അടിയുറച്ച ചില ചിന്തകളാണ്‌.അതില്‍ പലതും അസംബന്ധമാണെന്ന്‌ ആരും ശ്രദ്ധിക്കുന്നില്ല.ദാമ്പത്യത്തിലെ ലൈംഗീകതയില്‍ തുറക്കലുകളില്ല അടയ്‌ക്കലുകളേയുള്ളു.എല്ലാക്കാലത്തും അടച്ചുവച്ചും മൂടിവച്ചും അനുഷ്‌ഠിച്ചുപോന്നിരുന്ന ലൈംഗീകതയെ സംബന്ധിച്ച്‌ ഓരോ തലമുറയും മനസ്സിലാക്കിയിട്ടുള്ളത്‌ കേരളത്തില്‍ ഒരേ രീതിയിലാണ്‌.അതായത്‌ സ്‌ത്രീപുരുഷന്മാരുടെ സ്‌നേഹം(പ്രത്യേകിച്ചും ശാരീരികസ്‌നേഹം)അവര്‍ക്കിടയില്‍പ്പോലും പ്രകടിപ്പിക്കാനുള്ളതല്ല എന്നതാണ്‌.അത്‌ കഴിയുന്നത്ര ഗോപ്യമാക്കി വയ്‌ക്കാനുള്ളതാണത്രേ.

അതിന്റെ ശിക്ഷയാണ്‌ ഇന്ന്‌ കേരളത്തില്‍ വ്യാപകമാവുന്ന വിവാഹമോചനത്തിലെ എണ്ണപ്പെരുപ്പം.പണമുണ്ട്‌,വിദ്യാഭ്യാസമുണ്ട്‌,സാമൂഹികപദവികളുണ്ട്‌,സാമ്പത്തികസ്വാതന്ത്ര്യമുണ്ട്‌,ആഡംബരജീവിതമുണ്ട്‌,എന്നിരുന്നാലും സ്‌നേഹത്തിലധിഷ്‌ഠിതമായ ലൈംഗികജീവിതം പങ്കുവയ്‌ക്കുന്നതില്‍ സ്‌ത്രീ-പുരുഷന്മാര്‍ ഇവിടെ ഒരേപോലെ പരാജിതരാവുന്നു.പരാജിതരുടെ ജീവിതത്തിലേക്ക്‌ കയറിവരുന്ന സമാധാനവും സന്തോഷവും നിലനിര്‍ത്താനുമുള്ള കുറുക്കുവഴികളാണ്‌ അവരെ വിവാഹമോചനമെന്ന വിജയത്തിലേക്ക്‌ എത്തിക്കുന്നത്‌.കീഴെത്തട്ടിലെയും മേലേത്തട്ടിലെയും വിവാഹമോചനത്തിലെ എണ്ണപ്പെരുപ്പത്തിനുകാരണങ്ങള്‍ പ്രധാനമായും ലൈംഗീകതയിലെ അസമത്വമല്ലെങ്കിലും,മദ്യപാനം,സാമ്പത്തിക സുരക്ഷിതത്വമില്ലായ്‌മ,സാമൂഹികനിലകളിലെ അസന്തുലനം,ഈഗോ എന്നിവയൊക്കെയാണെങ്കിലും,ലൈംഗീകജീവിതത്തിലെ അതൃപ്‌തിയും പ്രധാനമല്ലാത്ത സ്ഥാനം അവര്‍ക്കിടയിലും വഹിക്കുന്നുണ്ട്‌.എന്നാല്‍ ഭൂരിപക്ഷം വരുന്നത്‌ മദ്ധ്യവര്‍ഗ്ഗമായതിനാല്‍ നമുക്കാവഴിക്ക്‌ ചിലത്‌ ചിന്തിക്കാം.

വേര്‍പിരിയാന്‍ തീരുമാനിക്കുന്നവരില്‍ ഏറെയും അഭ്യസ്‌തവിദ്യരാണെന്നതു ശ്രദ്ധേയമാണ്‌.എന്തുകൊണ്ട്‌ അഭ്യസ്‌തവിദ്യര്‍..?ദാമ്പത്യത്തിലായാലും യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ നിര്‍ഭയം തീരുമാനങ്ങളെടുക്കുന്നു എന്നതുതന്നെ കാരണം.എന്നാല്‍ പിന്നാക്കാവസ്ഥകളില്‍ നില്‍ക്കുന്ന പലര്‍ക്കും ഇത്തരം കാര്യങ്ങളില്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കാനോ തീരുമാനങ്ങളെടുക്കാനോ കഴിയുന്നില്ല.പലപ്പോഴും മതത്തിനുപോലും തടയാനാവാത്ത വിധത്തില്‍ ഇന്ന്‌ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്‌.

വേര്‍പിരിയേണ്ടിവരുന്നതിനുള്ള പ്രധാനകാരണം ആരുംതന്നെ പുറത്തുപറഞ്ഞില്ലെങ്കിലും ആഴത്തിലുള്ള സ്‌നേഹമില്ലായ്‌മയാണ്‌ കാരണമെന്നു വ്യക്തമാണ്‌.

ആണിന്റെയും പെണ്ണിന്റെയും പരസ്‌പരസ്‌നേഹത്തില്‍ അലിഞ്ഞുതീരാത്ത അഭിപ്രായഭിന്നതകളില്ല.സ്‌നേഹത്തില്‍ നിന്ന്‌ നല്ല ലൈംഗികബന്ധവും സ്വാഭാവികമായും ഉണ്ടാകും.നല്ല ലൈംഗികത സാദ്ധ്യമാകുന്നതോടെ ദമ്പതികളില്‍ മാനസികപിരിമുറുക്കങ്ങള്‍ ഇല്ലാതെയാകും.മാനസികപിരിമുറക്കങ്ങള്‍ വിട്ടകന്ന മനസ്സില്‍ സമാധാനത്തോടെ പ്രശ്‌നപരിഹാരങ്ങള്‍ തേടാനുള്ള പ്രവണതയുണ്ടാകും.പങ്കാളികളില്‍ സ്‌നേഹം തിരയാനും കൊടുക്കാനും മനസ്സുകൊടുക്കാത്തവരാണ്‌(അല്ലെങ്കില്‍ അതിനു സാഹചര്യമില്ലാത്തവരാണ്‌)അന്യബന്ധങ്ങളില്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതും വഴിയേ അത്‌ നിത്യപരാജയത്തിലേക്ക്‌ എത്തിച്ചേരുന്നതും.

കേരളത്തില്‍ എല്ലാ മതവും വലിയ ശക്തിയായി വിവാഹബന്ധം വേര്‍പിരിയുന്നതിനെ എതിര്‍ക്കുന്നുണ്ട്‌.അഭിപ്രായ ഐക്യം നഷ്‌ടപ്പെട്ട ദമ്പതികള്‍ ഒരു മേല്‍ക്കൂരയ്‌ക്കടിയില്‍ നാടകം കളി തുടരട്ടെ എന്നാണ്‌ പലപ്പോഴും അതിനര്‍ത്ഥം.രണ്ടാമത്‌ അനാഥമായിപ്പോകുന്ന കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്‌കണ്‌ഠ.പക്ഷേ സ്വരച്ചേര്‍ച്ചയില്ലാത്തവരുടെ ഒന്നിച്ചുജീവിതം ആരോഗ്യമില്ലാത്ത സമൂഹത്തെ,രോഗാതുരമായ വ്യക്തികളെ സമൂഹത്തിനു സമ്മാനിക്കാനേ ഉപകരിക്കൂ.

കോടതികളിലെത്തുന്ന ദമ്പതികളില്‍ ബഹുഭൂരിപക്ഷത്തിനും സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ പിരിയാനുള്ള കാരണം.അതിന്റെ ഉപ കാരണങ്ങളാണ്‌ പണം,സംശയം,മദ്യം മുതലായവ.വ്യക്തികള്‍ക്ക്‌ ശരിയായ കൂട്ട്‌ സ്വയം കണ്ടെത്താന്‍ കഴിയാത്തതും ആ സാഹചര്യത്തില്‍ കണ്ടെത്തിക്കൊടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളുമാണ്‌ അതിന്റെ ഉത്തരവാദികള്‍.കാരണം ഇവിടെ വിവാഹം കഴിക്കേണ്ടിവരുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ കാര്യത്തില്‍ സ്വന്തം നിലയില്‍ യാതൊരു ഉത്തരവാദിത്തവുമില്ല.അഥവാ ഏറ്റെടുക്കാന്‍ തയ്യാറല്ല.അതൊക്കെ രക്ഷിതാക്കളുടെ തലയിലേക്കാണ്‌ കേരളത്തിലെ അഭ്യസ്‌തവിദ്യരും ഐടി ഫ്രഫഷണലുകളുമായ യുവതീയുവാക്കള്‍ ഇട്ടുകൊടുക്കുന്നത്‌.ഇന്നും.

കാരണം-1. സ്വന്തമായി കണ്ടെത്തിയ പെണ്‍കുട്ടിയെ ആണ്‍കുട്ടിക്കോ,ആണ്‍കുട്ടിയെ പെണ്‍കുട്ടിക്കോ കെട്ടിച്ചുകൊടുക്കാന്‍ ജീവിതത്തിന്റെ മദ്ധ്യവയസ്സ്‌ താണ്ടിയ ഇരുപക്ഷത്തെയും രക്ഷിതാക്കള്‍ തയ്യാറായിരിക്കില്ല.എന്തുകൊണ്ട്‌..?സ്വന്തം മക്കള്‍ പങ്കാളിയോടൊത്ത്‌ ലൈംഗികബന്ധം നടത്തി സന്തതികളുണ്ടാക്കുന്നതിലും കുടുംബമായി ജീവിക്കുന്നതിലും പരാജിതരാവുമെന്ന്‌ അവര്‍ ഏതൊക്കെയോ മുന്‍വിധികളോടെ ഭയപ്പെടുന്നു.

കാരണം-2. തങ്ങള്‍ പങ്കാളിയെ കണ്ടുപിടിച്ചാല്‍ അത്‌ അച്ഛനമ്മമാരെ വേദനിപ്പിക്കുന്നതും ധിക്കരിക്കുന്നതുമാവില്ലേ എന്നുകരുതി പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും സ്വാഭിപ്രായങ്ങള്‍ മറച്ചുവയ്‌ക്കുന്നു.റിസ്‌ക്‌ എടുത്ത്‌ അപകടമായാല്‍ കൂടെ നില്‍ക്കാന്‍ രക്ഷിതാക്കളുണ്ടാവില്ലെന്ന ഭയവും അവരെ പിന്തിരിപ്പിക്കുന്നു.ഏറെക്കുറെ ആണുങ്ങളും ഇതേ ചിന്താഗതി പിന്തുടരുന്നു.എന്നാല്‍ ആണ്‍കുട്ടികളിലെ ഈ ചിന്താഗതി പെണ്‍വീട്ടുകാരില്‍നിന്ന്‌ കനത്ത സ്‌ത്രീധനം വാങ്ങിച്ചെടുക്കുന്നതിനുമാത്രമാണ്‌.അത്തരക്കാര്‍ക്ക്‌ പങ്കാളി ആരായാലും പ്രശ്‌മമല്ല.സ്‌ത്രീധനമാണ്‌ അവര്‍ക്ക്‌ പ്രധാനം.അത്‌ വാങ്ങിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ടവരത്രേ അവരുടെ രക്ഷിതാക്കള്‍.

സ്വന്തം മക്കളുടെ ഭാവി എന്നത്‌ സാമ്പത്തികസുരക്ഷിതത്വം മാത്രമാവുമ്പോള്‍ ഇതൊക്കെ സംഭവിക്കും.പരമാവധി സ്‌ത്രീധനം കിട്ടുന്ന പെണ്ണിനാണ്‌ ഗുണം കൂടുതല്‍ എന്ന മട്ടിലും പല രക്ഷിതാക്കളുടെയും ചിന്ത പോകുന്നു.ഇതൊന്നും കെട്ടുറപ്പുള്ള മനസ്സുകളെ ഉണ്ടാക്കിയെടുക്കാന്‍ കാര്യമായി സഹായിക്കുകയില്ല.വിവാഹമോചനം തേടി ആളുകള്‍ കോടതികളില്‍ എത്തുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ..?ഇത്തരം സാഹചര്യത്തില്‍ സ്‌ത്രീ പുരുഷനെയും പുരുഷന്‍ സ്‌ത്രീയെയുമല്ല ഇരുപക്ഷത്തെയും വിവരദോഷികളായ രക്ഷിതാക്കളും സമൂഹവുമാണ്‌ ഇവരെ പീഡിപ്പിക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റാവുമോ..?

കാരണം-3. മതം-ജാതി സമുദായങ്ങള്‍ ഊരിപ്പിടിച്ച വാളുമായി ചുറ്റിനും നില്‍ക്കുന്നതിനാല്‍ കേരളത്തിലെ വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്ന പണിയും സമുദായാചാര്യന്മാരെ രക്ഷിതാക്കള്‍ വഴി ഏല്‍പ്പിക്കുന്നു.എന്തെന്നാല്‍ അടിയുറച്ച ജാതിമതബോധം അവരെ സ്വതന്ത്രരായി നീങ്ങുന്നതില്‍ നിന്ന്‌ അബോധമായി പിന്തിരിപ്പിക്കുന്നു.

ഫലത്തില്‍ നാമമാത്രമായ ഏതാനും പേരൊഴിച്ച്‌ മറ്റാരും കേരളത്തില്‍ സ്വമനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുത്ത്‌ വിവാഹം കഴിക്കുന്നില്ല.ബാക്കി ഒട്ടെല്ലാ വിവാഹങ്ങളും ജനാധിപത്യത്തിന്റെ കാര്യം പറഞ്ഞതുപോലെ,രക്ഷിതാക്കള്‍ക്കുവേണ്ടി,രക്ഷിതാക്കളാല്‍,അവരെപ്പോലെയുള്ള വാര്‍പ്പുമാതൃകകളെ സൃഷ്‌ടിക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത്‌ നടത്തുന്ന നിഷ്‌ഫലകര്‍മ്മമായി മാറുന്നു.നിഷ്‌ഫലമെന്ന്‌ പറയാന്‍ കാരണം,യാതൊരുവിധ മാനസികാടുപ്പവുമില്ലാത്ത,ആണും പെണ്ണുമാണ്‌ എന്ന ഒരേയാരു യോഗ്യതമാത്രമുള്ള ഇവരാണ്‌ മൂന്നാംമാസം മുതല്‍ കുടുംബക്കോടതി വരാന്തകളില്‍ ജീവിതത്തെ തള്ളിനീക്കുന്നതും ഹോമിക്കുന്നതും.വാസ്‌തവത്തില്‍ വിവാഹമെന്ന സമ്പ്രദായത്തിന്റെ ഇരകള്‍.ഈ ഇടപാടില്‍ താല്‌കാലികമായി വിജയിക്കുന്നതും അന്തിമമായി പരാജയപ്പെടുന്നതും രക്ഷിതാക്കളാണ്‌.നിലനിര്‍ത്തുന്ന അസംതൃപ്‌ത വിവാഹത്തില്‍നിന്നുണ്ടാവുന്ന,ശരീരം സമ്മതിക്കാതെ ഇണചേരേണ്ടിവന്നതുമൂലം ഉണ്ടായിപ്പോയ അവരുടെയൊക്കെ കുട്ടികളാവട്ടെ മറ്റൊരു ക്രിമിനല്‍സമൂഹത്തിലേക്കുള്ള വാഗ്‌ദാനങ്ങളും.

ഇങ്ങനെയൊക്കെ വിവാഹിതരായാലും കേടുപാടുകളില്ലാതെ ജീവിതം കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യവും അറിവും ഇവിടെയുണ്ട്‌.എന്നിട്ടും പലര്‍ക്കും അതിന്‌ കഴിയാത്തതെന്താണ്‌..?

അനുകരിക്കാന്‍ പൂര്‍വ്വമാതൃകകളില്ലാത്തതാണ്‌ ഒരു കാരണം.നല്ല രക്ഷിതാക്കളായി മക്കള്‍ക്കുമുന്നില്‍ ജീവിതം കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞ തലമുറയിലെ പല ദമ്പതികള്‍ക്കും കഴിഞ്ഞിട്ടില്ല.മക്കള്‍ക്കു മുന്നില്‍ പരസ്‌പരം സ്‌പര്‍ശിക്കുന്ന എത്ര മാതാപിതാക്കളെ കഴിഞ്ഞ തലമുറയില്‍ കാണാന്‍ കഴിയും.?വെറും സ്‌പര്‍ശനമാണ്‌ ഞാന്‍ ചോദിക്കുന്നത്‌.

പൂര്‍വ്വമാതൃകകളെ സൃഷ്‌ടിക്കുന്നതില്‍ പരാജയപ്പെട്ട ആ തലമുറ അവസാനിച്ചുതുടങ്ങി.എണ്‍പതുകള്‍ക്കുശേഷം കേരളത്തില്‍ ജനിച്ച കുട്ടികളെല്ലാവരും ധാരാളം കാര്യങ്ങളില്‍ ഭാഗ്യവാന്മാരാണ്‌.പക്ഷേ വരുകാലത്തെ വൈവാഹികജീവിതഭീഷണികളില്‍നിന്ന്‌ അവരും മോചിതരല്ല.എന്നാല്‍ അവര്‍ക്ക്‌ സ്വന്തം വഴിനോക്കി എളുപ്പം പോകാന്‍ കഴിയും.

കേരളത്തിലെ സ്‌ത്രീ-പുരുഷന്മാരില്‍ രണ്ട്‌ പ്രവണതകള്‍ ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നുണ്ട്‌.

ഒന്ന്‌-പുരുഷന്റെ ഭരണം(അധികാരം)ശബ്‌ദായമാനമാണ്‌.അത്‌ പുറംസമൂഹം വളരെപ്പെട്ടെന്ന്‌ അറിയും.എന്നാല്‍,സ്‌ത്രീയുടെ ഭരണം(അധികാരം)നിശ്ശബ്‌ദമാണ്‌.അത്‌ പുറംലോകം അറിയാന്‍ വൈകും.

രണ്ട്‌-പുരുഷന്മാര്‍ പ്രശ്‌നങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍ മദ്യത്തെ കൂട്ടുപിടിക്കും.അതേസമയം സ്‌ത്രീ നല്ല സൗഹൃദത്തിനായല്ല,സമാധാനത്തിനായി സെല്‍ഫോണിനെ കൂട്ടുപിടിക്കും.രണ്ടും പതിവായും അളവിലുമധികവും ഉപയോഗിച്ചാല്‍ വിഷമാണ്‌.വിഷമമാണ്‌.

കേരളത്തില്‍ ധാരാളം വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വളരെയധികം അപമാനം സഹിച്ച്‌ സ്വന്തം കുടുംബത്തിനകത്തും ഭര്‍ത്താവിന്റെ കുടുംബത്തിനകത്തും കഴിയുന്നതും നാം കാണാതെ പോകുന്നു.തന്റെ അധ്വാനത്തിന്റെ കൂലി ഇന്നും സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഇവിടെ കഴിയുന്നില്ല.പുരുഷന്‍ എന്ന ലിംഗപദവിയുപയോഗിച്ച്‌ ധാരാളം ആണുങ്ങള്‍ സ്‌ത്രീയുടെ എല്ലാത്തരത്തിലുമുള്ള കഴിവുകളെയും അവസരങ്ങളെയും അടിച്ചമര്‍ത്തി ആഹ്ലാദിക്കുന്നുണ്ട്‌.

ലോകത്തെവിടെപ്പോയാലും എത്ര പഠിച്ചാലും എത്ര ഉന്നതമായ സ്ഥാനത്തിരുന്നാലും മലയാളിക്ക്‌ സ്‌ത്രീധനവും ഭാര്യയുടെ ശമ്പളവും ഇരന്നുവാങ്ങുന്നതും ഭാര്യയെ മര്‍ദ്ദിക്കുന്നതും ഒഴിവാക്കാനാവില്ല.പല പത്രവാര്‍ത്തകളും ഉദാഹരണം.പല സ്‌ത്രീകളും തങ്ങള്‍ നേരിടുന്നത്‌ പുറത്തുപറയുന്നില്ല.ചിലര്‍ക്കൊക്കെ ഇക്കാര്യം വൈവാഹികജീവിതത്തിലെ എഴുതപ്പെടാത്ത നിയമമല്ലേ എന്ന മട്ടാണ്‌.

കുടുംബകോടതികളില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥത്തിലുള്ളതിന്റെ നാലിലൊന്ന്‌ വരില്ലെന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.വാസ്‌തവത്തില്‍ കുടുംബത്തിനുള്ളിലെ പരസ്‌പരപീഡനമാണ്‌ സര്‍വ്വത്ര നടക്കുന്നത്‌.വിവാഹമോചനമോ വേര്‍പിരിയലോ അതിനെ നിയന്ത്രിക്കുന്നതേയില്ല.പരസ്‌പരപീഢനത്തിന്റെ കാര്യത്തില്‍ സ്‌ത്രീയും പുരുഷനും മത്സരിക്കുന്നുമുണ്ട്‌.ഇതെല്ലാം സംഭവിക്കുന്നത്‌ മാനസികാടുപ്പമില്ലാത്തതുകൊണ്ടല്ലേ.!

സ്‌ത്രീയായാലും പുരുഷനായാലും ഭരണം അഥവാ അധികാരത്തെ കൂട്ടുപിടിക്കേണ്ടിവരുന്നത്‌ എവിടെയായാലും സ്‌നേഹനിരാസത്തില്‍നിന്നാണ്‌.സ്‌നേഹമില്ലായ്‌മയില്‍നിന്നാണ്‌ ഓരോ മനുഷ്യനിലും മടുപ്പ്‌ പൊട്ടിമുളയ്‌ക്കുന്നത്‌.വിരസത പൊട്ടിമുളയ്‌ക്കുന്നത്‌.അമര്‍ഷം പൊട്ടിമുളയ്‌ക്കുന്നത്‌.സ്‌നേഹമില്ലായ്‌മയാണ്‌ യാഥാര്‍ത്ഥ ലൈംഗീകതയെ നിരാകരിക്കുകയോ വെറും ചടങ്ങാക്കി മാറ്റുകയോ ചെയ്യുന്നത്‌.അത്തരത്തില്‍ യഥാര്‍ത്ഥ ലൈംഗീകത നിഷേധിക്കപ്പെടുമ്പോള്‍ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിലെ ഊര്‍ജ്ജം സ്വാഭാവികമായ വിസ്‌ഫോടനത്തിന്‌,അതായത്‌ പുറംതള്ളലിന്‌ തയ്യാറെടുക്കും.അതത്ര എളുപ്പമല്ല.അപ്പോള്‍ തിങ്ങിനിറഞ്ഞ ലൈംഗികോര്‍ജ്ജം തങ്ങളില്‍ത്തന്നെ തികഞ്ഞ ഭാരമായിമാറുന്നത്‌ ഓരോരുത്തര്‍ക്കും അറിയാനാവും.

തന്നിലെന്താണ്‌ കനത്തുവരുന്നതെന്ന്‌ തിരിച്ചറിയാതെ എന്തോ പിടികിട്ടാത്ത ഭാരമായും അജ്ഞാതരോഗമായും അതിനെ ഓരോരുത്തരും സ്വയം വിധിയെഴുതും.വിഷാദരോഗമാണെന്ന്‌ പ്രചരിപ്പിക്കാന്‍ ഇവിടെ ധാരാളം ആരോഗ്യ പ്രസിദ്ധീകരണങ്ങളുമുണ്ടല്ലോ.അവിടെനിന്നാണ്‌ മദ്യത്തിലേക്കും ഫോണിലെ ചങ്ങാതിയിലേക്കും സ്‌ത്രീ-പുരുഷന്മാര്‍ ഒരുപരിധിവരെ വഴുതിപ്പോകുന്നത്‌.വൈകാതെ അവര്‍ക്ക്‌ വിവാഹമോചനത്തിലേക്ക്‌ എത്താന്‍ എളുപ്പമാണ്‌.

പരിഹാരമാണെന്ന്‌ കരുതിയാണ്‌ വിവാഹമോചനത്തിന്‌ പലരും പുറപ്പെടുന്നത്‌.അല്ലെങ്കില്‍ സഹനത്തില്‍നിന്ന്‌ വിടുതല്‍നേടാന്‍.എന്നാല്‍ ഇതേ മാനസികാവസ്ഥയും മാറാന്‍ താല്‌പര്യമില്ലാത്ത മനോഭാവവുമായി വിവാഹമോചനം നേടിയിട്ടെന്ത്‌..!വീണ്ടും മറ്റൊരിടത്ത്‌ ഇതേ കളി തുടരാം.സമൂഹത്തെ ഭയന്ന്‌ കിട്ടിയതില്‍ കടിച്ചുതൂങ്ങി മറ്റുള്ളവര്‍ക്കായി ജീവിതം തുടരാം.

നമ്മള്‍ പരസ്‌പരം സ്‌നേഹിക്കാന്‍ മക്കളെ പഠിപ്പിക്കണം.അവര്‍ക്ക്‌ നല്ല ലൈംഗീകവിദ്യാഭ്യാസം കൊടുക്കണം.അവരവര്‍ക്ക്‌ യോജിക്കുന്ന പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്‍കണം.അവര്‍ കണ്ടെത്തുന്ന പങ്കാളിയെ നമ്മുടെ മുന്‍വിധികളും ദുശ്ശാഠ്യങ്ങളും മാറ്റിവച്ച്‌ സ്വീകരിക്കാന്‍ മനസ്സുകാണിക്കണം,അവരുടെ പാളിച്ചകളില്‍ ധൈര്യം പകര്‍ന്ന്‌ കൂടെനില്‍ക്കണം.സ്‌ത്രീ പുരുഷനെയും പുരുഷന്‍ സ്‌ത്രീയെയും ഇപ്പോഴത്തെപ്പോലെ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്ന അനാരോഗ്യകരമായ പ്രവണത അങ്ങനെയെല്ലാം വലിയൊരളവില്‍ നമുക്ക്‌ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും.

ഇതല്ലാതെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന സ്‌ത്രീ-പുരുഷന്മാരുടെ സമൂഹമാണ്‌ നമ്മുടെതെന്ന്‌ ഞാന്‍ കരുതുന്നില്ല.

(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2011 ജൂണ്‍ 11 ന്‍റെ ലക്കത്തില്‍ വൈവാഹിക ജീവിതത്തിലെ താളക്കേടുകളെപ്പറ്റിയും വേര്‍പിരിയലുകളെപ്പറ്റിയും തയ്യാറാക്കിയ കവര്‍ സ്റ്റോറിക്കായി എഴുതിയ ലേഖനം.ഇത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.)