Monday, December 31, 2012

book of the year-paper lodge

പ്രിയപ്പെട്ട വായനക്കാരേ,
ഈ വര്‍ഷം കടന്നുപോകുന്നത് എന്‍റെ സാഹിത്യ ജീവിതത്തിനും വ്യക്തിജീവിതത്തിനും ലഭിച്ച ഈ വലിയ സന്തോഷത്തോടെയാണ്.
നന്ദി.
നവവത്സരാശംസകള്‍ .

Tuesday, December 18, 2012

നക്ഷത്രങ്ങള്‍ തൂങ്ങുന്ന ആകാശം.


ഡിസംബര്‍ ആരംഭിക്കുന്നതോടെ മനസ്സിലേക്ക്‌ വരുന്നത്‌ നനുനനുന്നനെ വെളുത്ത മഞ്ഞുകാലമാണ്‌.കുട്ടിക്കാലത്ത്‌ വായിക്കാന്‍ കഴിഞ്ഞ റഷ്യന്‍ ക്ലാസിക്കുകള്‍ പരിചയപ്പെടുത്തിയ മഞ്ഞുകാലത്തിന്‌ മനസ്സില്‍ സാഹിത്യഭംഗി നിറയ്‌ക്കാന്‍ മാത്രമല്ല മാനവമായ ഉയര്‍ന്ന ചിന്ത പകരാനും പരത്താനും കഴിഞ്ഞിട്ടുണ്ട്‌.
നമ്മള്‍ മലയാളികള്‍ക്ക്‌ മഞ്ഞുകാലമെന്നത്‌ മൂന്നാറിലോ കൊഡൈക്കനാലിലോ ഊട്ടിയിലോ ഉത്തരേന്ത്യയിലോ ചെല്ലുമ്പോള്‍ കാണാനാവുന്നത്‌ മാത്രമാണല്ലോ.കേരളത്തില്‍ ഋതുക്കള്‍ അതിന്റെ വരവറിയിക്കുന്നതും സാന്നിദ്ധ്യം നിലനിര്‍ത്തുന്നതും പതിയെയാണ്‌.ഒരുതരം മടിപോലെ.നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്തിനും മഴക്കാലത്തിനും ഇടയില്‍ മൂന്നുമാസം നില്‍ക്കുന്ന മഞ്ഞുകാലവും ഉണ്ടായിരുന്നെങ്കില്‍ ..എങ്കില്‍ ,നമ്മുടെ സാഹിത്യവും സിനിമയും മറ്റൊരുതരത്തിലുള്ള പ്രമേയങ്ങള്‍ സ്വീകരിക്കുകയും നമ്മുടെ മനുഷ്യബന്ധങ്ങള്‍ വേറൊരു തലത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുമായിരുന്നു.
റഷ്യന്‍ കഥകളില്‍ വായിച്ചറിഞ്ഞ മഞ്ഞുകാലത്തെ എന്റെ കശ്‌മീര്‍ യാത്രയില്‍ നേരിട്ടറിയാനായിട്ടുണ്ട്‌.കാണുന്നിടത്തെല്ലാം വെളുപ്പ്‌ മാത്രം.അകത്തേക്കടിച്ചുകയറുന്നത്‌ തണുത്ത വായുമാത്രം.ചവിട്ടുന്നിടത്തെല്ലാം മഞ്ഞ്‌ മാത്രം.വല്ലാത്ത അനുഭവമായിരുന്നു അത്‌.
എന്റെ ഓര്‍മ്മകള്‍ ഡിസംബറിന്റെ വരവോടെ പതിവായി പിന്നോട്ടോടുന്നു.അത്‌ ചെന്നുനില്‍ക്കുന്നത്‌ ഹൈറേഞ്ചിലെ കാടുകളിലും മേടുകളിലുമാണ്‌.എന്റെ കുട്ടിക്കാലം ചെലവഴിച്ച വെള്ളത്തൂവല്‍ പട്ടണത്തിനു പരിസരത്ത്‌ എനിക്ക്‌ ഒരു സംഘം കൂട്ടുകാരുണ്ടായിരുന്നു.ഞങ്ങളുടെ പ്രധാനവിനോദങ്ങളിലൊന്നായിരുന്നു ഡിസംബറിലെ മലകയറ്റങ്ങള്‍ .അസാധാരണമായ അനുഭവങ്ങളും ഓര്‍മ്മകളും ചോറിന്‍ പശ ചേര്‍ത്ത്‌ ഒട്ടിച്ചുവച്ച നോട്ടുബുക്കാണ്‌ എനിക്ക്‌ ഡിസംബര്‍ .
വൃശ്ചികം പിറക്കുന്നതോടെ ഹൈറേഞ്ചിലെ വീടുകളില്‍ ശബരിമലയ്‌ക്കുപോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.ഒരുവീട്ടില്‍നിന്നും രണ്ടും മൂന്നും ആളുകള്‍ പോകുന്നുണ്ടാവും.കുട്ടികളുമുണ്ടാവും.പലവീടുകളിലും പെരിയ സ്വാമിമാരും ഉണ്ടാവും.എന്റെ അച്ഛന്‍ കമ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും ആയിരുന്നതിനാല്‍ ഞങ്ങള്‍ക്ക്‌ മലയ്‌ക്ക്‌ പോകാനുള്ള വ്രതം എടുക്കേണ്ടതായി വന്നിട്ടില്ല.അങ്ങനെയൊരു സംസാരം തന്നെ വീട്ടിലുണ്ടായിട്ടില്ല.അതേസമയം സ്‌കൂളിലും നാടുകളിലും വ്രതവിശേഷങ്ങളും ശരണംവിളികളും മാത്രമായിരിക്കും.
ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞതോടെ കൂട്ടിമുട്ടിയ ഞങ്ങള്‍ ആറു സുഹൃത്തുക്കള്‍ ഡിസംബര്‍ ആകുന്നതോടെ മറ്റൊരു യാത്രയ്‌ക്കുള്ള വ്രതം എടുത്തുതുടങ്ങും.അതും മലകയറ്റത്തിനുള്ള വ്രതമാണ്‌.ഹൈറേഞ്ചിലെ ഏതെങ്കിലും കുരിശ്‌മുടി കയറാനുള്ള തയ്യാറെടുപ്പ്‌.കൂവിവിളിച്ചുള്ള മലകയറ്റം.
പ്രധാനമായും ക്രിസ്‌ത്യാനികള്‍ അനുഷ്‌ഠിക്കുന്നതാണ്‌ ഈ പറഞ്ഞ മലകയറ്റം.ക്രിസ്‌മസ്‌ തലേന്ന്‌ മല കയറുക അവരുടെ ആചാരമാണ്‌.ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാവും.കനത്ത വെയിലുണ്ടാലും.മല മുകളിലെത്തിയാല്‍ തണുത്ത കാറ്റും മഞ്ഞും വരുന്നുണ്ടാവും.അവിടെ ആരെങ്കിലും സ്ഥാപിച്ച ഒരു കല്‍ക്കുരിശുണ്ടാവും.അതില്‍ തൊട്ടുവണങ്ങി തീര്‍ത്ഥാടകര്‍ തിരിച്ച്‌ മലയിറങ്ങും.
പക്ഷേ ഞങ്ങള്‍ക്കത്‌ ആചാരമോ അനുഷ്‌ഠാനമോ അല്ല ആഘോഷമാണ്‌.ഈ ആറുപേരില്‍ എല്ലാ മതക്കാരുമുണ്ട്‌.ആഘോഷമായിട്ടാണ്‌ ഞങ്ങളുടെ മലകയറ്റം.ഞങ്ങള്‍ ചെറുപ്പക്കാരുടെ യാത്ര സാഹസികസഞ്ചാരമാണ്‌.ആരും കയറാത്ത മലകള്‍ തെരഞ്ഞെടുത്താണ്‌ ഞങ്ങള്‍ കയറുക.അതിനായി എത്ര ദൂരവും വണ്ടിയോടിക്കും.ബൈക്കുകളിലാണ്‌ യാത്ര.ഇന്നോര്‍ക്കുമ്പോള്‍ പല യാത്രകളെക്കുറിച്ചും ചെറുതല്ലാത്ത ഭയം തോന്നുന്നുണ്ട്‌.ദേവികുളത്തിനടുത്തുള്ള ചൊക്കന്‍മുടി,ഇലവീഴാപ്പൂഞ്ചിറ,പാല്‍ക്കുളംമേട്‌,രാമക്കല്‍മേട്‌,ലക്ഷ്‌മിമുടി..പിന്നെ നോക്കിയാല്‍ വെല്ലുവിളി തോന്നുന്ന ഏതുകുന്നും.അതായിരുന്നു ആറേഴ്‌കൊല്ലത്തെ പതിവ്‌.പിന്നെ പലരും പല വഴിക്ക്‌ പിരിഞ്ഞു.ഇപ്പോള്‍ ആ യാത്രാസംഘമില്ല.
പലപ്പോഴും കുരിശ്‌ കുത്തിയിട്ടില്ലാത്ത കുന്നുകളിലേക്കാണ്‌ ഞങ്ങള്‍ കയറുക.തിരക്ക്‌ ഒഴിവാക്കാനും സ്വസ്ഥത നിലനിര്‍ത്താനുമാണത്‌.ഉയരത്തിലെത്തിയാല്‍ ശാന്തിയാണ്‌.ചിലയിടങ്ങളില്‍ ഞങ്ങള്‍ രാത്രി ചെലവഴിച്ചിട്ടുണ്ട്‌.പാട്ടും ഏകാംഗാഭിനയവും മറ്റുമായി നേരം പുലരും.അത്തരം യാത്രകളിലും രാത്രികളിലുമാണ്‌ ഹൈറേഞ്ചിന്റെ സൗന്ദര്യം ഞാന്‍ അനുഭവിച്ചിട്ടുള്ളത്‌.
നക്ഷത്രങ്ങള്‍ ദേഹത്തേക്ക്‌ ഉതിരുന്നതായി തോന്നും.കാറ്റില്‍ പുല്ലുലഞ്ഞുപോകുന്നത്‌ തിരമാലകള്‍ പോലെ തോന്നും.(സമീപകാലത്ത്‌ ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ കാറ്റുപിടിക്കുന്ന പുല്ലുകളുടെ ചാരുത ഞാന്‍ കണ്ടിരുന്നു.)ഡിസംബറിന്‌ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ചില ഭംഗികള്‍ പ്രകൃതി മനുഷ്യരിലേക്ക്‌ പകരുന്നത്‌ തൊട്ടറിഞ്ഞിട്ടുണ്ട്‌.അതില്‍ മറക്കാനാവാത്തതാണ്‌ മനുഷ്യരുണ്ടാക്കി തൂക്കുന്ന നക്ഷത്രവിളക്കുകളുടെ ഭംഗി.പിന്നെ ക്രിസ്‌മസ്‌ കാര്‍ഡുകളുടെ നിറവ്‌.
ഡിസംബറായാല്‍ ക്രിസ്‌മസ്‌-ന്യൂ ഇയര്‍ കാര്‍ഡുകള്‍ വാങ്ങുന്നതും അയക്കുന്നതുമായിരുന്നു കമ്പം.ഞങ്ങള്‍ കുറേപ്പേര്‍ തനിയെ വരച്ചുണ്ടാക്കുന്ന കാര്‍ഡുകളായിരുന്നു അയച്ചുകൊണ്ടിരുന്നത്‌.തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്ന ഒരു കാര്‍ഡ്‌ സമ്മാനിച്ച കണ്ണീര്‍ ഞാനിന്നും മറന്നിട്ടില്ല.
ഇതാ വീണ്ടും ഡിസംബര്‍.പന്ത്രണ്ട്‌ മാസങ്ങളിലെ ഏറ്റവും മനോഹരിയായ മാസം..ഇഷ്‌ടപ്പെട്ട കവിതാശകലംപോലെ..
(യുവ @ഹൈവേ)

Sunday, December 2, 2012

അധ്യാപകവിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പൂപ്പല്‍ബാധ


ടക്കന്‍ കേരളത്തിലെ അതിപ്രശസ്‌തമായ ഒരു കലാലയത്തില്‍ രണ്ടുദിവസമായി നടത്തിയ ദ്വിദിന ദേശീയ നോവല്‍ പഠനാസ്വാദന ശില്‌പശാലയില്‍ പങ്കെടുക്കുകയുണ്ടായി.കേരള സര്‍ക്കാരിന്റെ 2011-12 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഫാക്കല്‍റ്റി റിഫ്രഷര്‍ പ്രോഗ്രമായിരുന്നു അത്‌.അതായത് കോളജധ്യാപകര്‍ക്കായി നല്‍കുന്ന ഹ്രസ്വകാല പരിശീലനപരിപാടി.കിട്ടിയ അറിയിപ്പനുസരിച്ചാണെങ്കില്‍ വിവിധ കലാലയങ്ങളിലെ പതിനഞ്ചോളം അസിസ്റ്റന്റ്‌ പ്രൊഫസര്‍മാര്‍ (യുവാക്കള്‍ !)രണ്ടു ദിവസങ്ങളായി നടന്ന ശില്‌പശാലയില്‍ പങ്കെടുത്തിട്ടുണ്ടാവണം.കേട്ടിരിക്കാനും കുറേപ്പേര്‍ വന്നിട്ടുണ്ടാവണം.സമൃദ്ധമായ ചര്‍ച്ചകളും വിലയിരുത്തലും നിഗമനങ്ങളും അപഗ്രഥനങ്ങളും രണ്ടുദിവസങ്ങളിലായി നടന്നിരിക്കാനിടയുണ്ടെന്ന പ്രതീക്ഷയിലാണ്‌ ഞാനവിടെ എത്തിയത്‌.കാരണം ഫാക്കല്‍റ്റി റിഫ്രഷര്‍ പ്രോഗ്രാമാണല്ലോ ഇത്‌.എന്നാല്‍ നിരാശയായിരുന്നു ഫലം.

എന്തിനാണ്‌ ഇത്തരം പരിപാടികള്‍ സര്‍ക്കാരിന്റെ ഫണ്ട്‌ മുടക്കി അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്നത്‌.?
കടലാസ്‌ അവതരിപ്പിക്കാനും സംവാദത്തില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതുവഴി ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണോ ഇത്തരം അധ്യാപകരുടെ കണ്ണ്‌.?
അതോ ഇത്തരം പരിപാടികളില്‍ സംബന്ധിക്കുന്നതുവഴി ഉദ്യോഗത്തിനു ലഭിച്ചേക്കാവുന്ന സല്‍പ്പേരിന്റെയും അധികയോഗ്യതയുടെയും ലാഭമോ.?
ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ മാനസിക തൃപ്‌തിയും അറിയാവുന്ന വിഷയത്തിന്റെ വിപുലീകരണത്തിലൂടെ ലഭിക്കുന്ന അറിവിന്റെ വികാസവുമാണ്‌ അവിടെ സംഭവിക്കേണ്ടത്‌.വന്ന യുവ അധ്യാപകര്‍ ആ മട്ടിലുള്ള വികാസവും ഉയര്‍ച്ചയുമാണ്‌ ഉദ്ദേശിച്ചതെന്ന്‌ എനിക്ക്‌ തോന്നിയില്ല.എനിക്കങ്ങനെ തോന്നാത്തത്‌ സംവാദത്തില്‍ പങ്കെടുത്ത സദസ്സിന്റെ പ്രതികരണം കണ്ടിട്ടാണ്‌.അതേതാണ്ട്‌ ശവസംസ്‌കാരവേളയില്‍ കാണപ്പെടാറുള്ളതരം വേദനിപ്പിക്കുന്ന നിശ്ശബ്‌ദത മൂടിയതായിരുന്നു.
വേദിയിലിരിക്കുന്നവരൊക്കെ മരിച്ചവരാണെന്നും അങ്ങനെ വേദിയില്‍ ചത്തിരിക്കുന്നവരുടെ സംസ്‌കാരകര്‍മ്മമാണ്‌ അവിടെ നടക്കുന്നതെന്നും അതില്‍ മറ്റുള്ളവര്‍ പങ്കുകൊള്ളുകയാണെന്നും എനിക്കു തോന്നിപ്പോയി.അടക്കം പറച്ചിലുകള്‍പോലും ഉതിരുന്നുണ്ടായിരുന്നില്ല.സംവാദവേദി അങ്ങനെയായിരുന്നെങ്കില്‍ അതിനുമുമ്പും പിമ്പും നടന്ന കടലാസവതരണങ്ങള്‍ ഉറക്കം തൂങ്ങികളുടെ മധ്യത്തിലുള്ള മൂകാഭിനയമായിരിക്കാനാണിട.ഇതാണ്‌ യുവ കോളജ്‌ അധ്യാപകര്‍ക്ക്‌ നല്‍കുന്ന ഹ്രസ്വകാല പരിശീലന പരിപാടിയെങ്കില്‍ `ഹാ,കൊള്ളാം'എന്നുമാത്രമേ പറയാനുള്ളൂ.കുറ്റം സര്‍ക്കാരിന്റേതോ സംഘാടകരുടെതോ അല്ല.പങ്കെടുത്ത `വിദഗ്‌ധ'ജനങ്ങളുടെത്‌ മാത്രമാണ്‌.അവരെ വിദഗ്‌ധരായി പരിഗണിച്ചവരുടെതും.
സെമിനാറില്‍ ആദ്യവസാനം ഇരിക്കാതെയും അവതരിപ്പിച്ച പേപ്പറുകള്‍ കേള്‍ക്കാതെയും ഇങ്ങനെ അടച്ച്‌ കുറ്റം പറയുന്നത്‌ ശരിയല്ലെന്ന്‌ എനിക്കും അറിയാം.പക്ഷേ സംവാദമെന്നത്‌ അവിടെ നടക്കുന്ന ആകെ കടലാസവതരണങ്ങളിലെ ഏറ്റവും കനമേറിയ പരിപാടിയാണ്‌.കാരണം,2000-നു ശേഷമുള്ള മലയാളനോവലിനെയാണ്‌ അവിടെ പഠനവിശകലനങ്ങള്‍ക്ക്‌ വിധേയമാക്കുന്നത്‌.മലയാള നോവലുകളുടെ ഫലപ്രദമായ സാംസ്‌കാരികവായനകളാണ്‌ സംഘാടകരും സര്‍ക്കാരും ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്‌.അതിനര്‍ത്ഥം അവിടെ സംവാദത്തിനുപോകുന്നത്‌ സൂക്ഷിച്ചുവേണമെന്നാണ്‌.ആമുഖ പ്രഭാഷണത്തില്‍ ഞാനത്‌ എടുത്തുപറയുകയും ചെയ്‌തു.അതായത്‌ മാരകമായ ചോദ്യങ്ങളുമായി നേരിട്ടാല്‍ പതറിപ്പോവുകയേ ഉള്ളൂ എന്നാണ്‌ അല്‌പജ്ഞാനിയും നോവലെഴുത്തിലെ തുടക്കക്കാരനുമായ ഞാന്‍ പറഞ്ഞത്‌.അത്‌ ആത്മാര്‍ത്ഥമായും സദസ്സിന്റെ കഴിവിനെ ആദരിച്ചും ബഹുമാനിച്ചും തന്നെയാണ്‌ പറഞ്ഞത്‌.എന്നാല്‍ ബധിരരും മൂകരുമായ കോളജ്‌ അധ്യാപകര്‍ അവരുടെ നിശ്ശബ്‌ദതകൊണ്ട്‌ സകല അലങ്കാരങ്ങളും എടുപ്പുകളും പൊളിച്ചുനിലത്തിട്ടുതന്നതാണ്‌ പിന്നീട്‌ കണ്ടത്‌.എനിക്കുതന്നെ തോന്നിപ്പോയി,ഇവരെ പേടിച്ചിട്ടാണോ വലിയ വലിയ ചോദ്യങ്ങള്‍ ചോദിക്കുമോ എന്ന്‌ ആശങ്കപ്പെട്ടതെന്ന്‌.
2000-നുശേഷം നോവലെഴുതിയവര്‍ തന്നെയായിരുന്നു വേദിയിലുണ്ടായിരുന്നത്‌.രാജു കെ.വാസു(ചാവൊലി)ഖദീജ മുംതാസ്‌(ബര്‍സ,ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്‌,ആതുരം)സുഭാഷ്‌ ചന്ദ്രന്‍ (മനുഷ്യന്‌ ഒരു ആമുഖം) പിന്നെ ഞാനും.ഇത്രയും പേരാണ്‌ ആദ്യ ദിവസത്തെ സംവാദവേദിയില്‍ അഭിമുഖമിരുന്നത്‌.

ഇത്‌ വായിക്കുന്ന വായനക്കാര്‍ പറയൂ.നോവലും സമൂഹവും തമ്മിലുള്ള പാരസ്‌പര്യം തിരിച്ചറിയാനും സാംസ്‌കാരികമായ അന്വേഷണങ്ങളിലേക്ക്‌ വഴി തെളിക്കാനുമുള്ള പരിശ്രമമാണ്‌ ഈ ശില്‌പശാല എന്നു സംഘാടകര്‍ വിശേഷിപ്പിച്ചത്‌ അന്വര്‍ത്ഥമാക്കാന്‍ സദസ്സിന്‌ കഴിയേണ്ടതല്ലേ.?അതോ കടലാസവതരണങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്കുള്ള ദിവസക്കൂലി തന്നേക്കൂ,അതിലപ്പുറം സംസാരിക്കണമെങ്കില്‍ കാശ്‌ വേറെ തരേണ്ടിവരും എന്നാണോ.?അതോ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ സാദാവിദ്യാര്‍ത്ഥികളല്ല എന്ന ഭാവമോ.?അതുമല്ലെങ്കില്‍ വേദിയിലിരുന്ന എഴുത്തുകാര്‍ക്ക്‌ ശോഭ പോരാത്തതുകൊണ്ടാണോ.?
ഇതൊന്നുമല്ലെങ്കില്‍ അധ്യാപകരെ അധ്യാപകരാക്കുന്ന ഇവിടുത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക്‌ കാര്യമായ പോരായ്‌മ ഉള്ളതുകൊണ്ടാണെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.മിക്കവാറും അതായിരിക്കാനാണിട.എഴുന്നേറ്റ്‌ നിന്ന്‌ അവിടെ നടക്കുന്ന മുഖ്യവിഷയത്തിലൂന്നി ഒരു കാര്യം പോലും തിരക്കാന്‍ കഴിയാത്തവരാണ്‌ ആ അധ്യാപകരെങ്കില്‍ അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരായിത്തീരാനാണിട.!
എനിക്ക്‌ അമര്‍ഷമുണ്ട്‌.സര്‍ക്കാരിനോടല്ല,സംഘാടകരോടല്ല,പ്രതിബദ്ധതയില്ലാതെ എന്തോ എന്തിനോ കാട്ടിക്കൂട്ടന്ന ഈ അസിസ്റ്റന്‌റ്‌ പ്രൊഫസര്‍മാരോട്‌.ഇവരൊക്കെ നോവലുകള്‍ വായിക്കാതെയും അതിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കാതെയും ഇരിക്കുന്നതാണ്‌ നല്ലത്‌.അതേപോലെ ഇത്തരം മൂല്യശോഷണം വന്ന സദസ്സുകളിലേക്ക്‌ സംവാദത്തിനെന്ന പേരില്‍ എഴുത്തുകാരെ എഴുന്നള്ളിക്കാതിരിക്കാനും മാന്യത കാട്ടണം.വേറൊന്നുമല്ല,ഏര്‍പ്പെടുന്ന പ്രവൃത്തി നാലാളറിയുന്ന വിധത്തില്‍ വൃത്തിയായി ചെയ്യുന്നവരാണ്‌ എഴുത്തുകാരിലെ പലരും.ബധിരതയും മൂകതയും സമ്മേളിക്കുന്നിടത്ത്‌ കാഴ്‌ചവസ്‌തുവാക്കാനുള്ളതല്ല എഴുത്തുകാരനെ.

(യുവ @ ഹൈവേ-പുതിയ ലക്കം)

Thursday, November 22, 2012

'സങ്കടമോചനം' പ്രസിദ്ധീകരിച്ചു.





അടുത്തിടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച പത്ത് കഥകളുടെ സമാഹാരമായ 'സങ്കടമോചനം' തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.
രതിയും ആരാധികയും,സങ്കടമോചനം,സാമൂഹിക പ്രതിബദ്ധത,ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെ,അവര്‍ നനയും മഴ,കൈയൊപ്പിന്‍റെ മണം,കൊറ്റികളെ തിന്നുന്ന പശുക്കള്‍ ,ഹിംസ,ക്ഷണപ്രഭ,മാനസ സരസ് എന്നിവയാണ് ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
വില 75 രൂപ.

Tuesday, November 20, 2012

കുട്ടോത്തെ ജനങ്ങളും ചില നന്മകളും


സംസ്‌കാരമെന്നത്‌ രക്തത്തില്‍ പകര്‍ന്നുകിട്ടേണ്ടതാണെന്ന്‌ ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.ആ ചിന്തയെ ബലപ്പെടുത്തുന്ന ഒരു സാംസ്‌കാരികാനുഭവം കഴിഞ്ഞ ദിവസമുണ്ടായത്‌ രേഖപ്പെടുത്താനാണ്‌ ഈ കുറിപ്പ്‌.ഇതൊരു ആത്മപ്രശംസയായി ആരും കരുതരുതേ.
വടകര ദേശവുമായി ശുഷ്‌കമായ ബന്ധം പോലുമില്ലാത്ത ഒരാളാണ്‌ ഞാന്‍ .അടുത്തിടെ പ്രഖ്യാപിച്ച ചെറുകാട്‌ അവാര്‍ഡ്‌ എന്റെ `ബാര്‍കോഡ്‌' എന്ന കഥാസമാഹാരത്തിനായിരുന്നു.പെരിന്തല്‍മണ്ണയില്‍ വച്ചാണ്‌ മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ്‌ നല്‍കിയിട്ടുള്ളതെന്ന്‌ അറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ ഈ വര്‍ഷത്തെ ചെറുകാട്‌ അവാര്‍ഡ്‌ തരുന്നത്‌ വടകര കുട്ടോത്ത്‌ ചെറുകാട്‌ സ്‌മാരക ഗ്രന്ഥാലയത്തില്‍ വച്ചായിരിക്കുമെന്ന്‌ പെരിന്തല്‍മണ്ണയില്‍നിന്ന്‌ സംഘാടകര്‍ അറിയിച്ചപ്പോഴും സാധാരണനിലയിലുള്ള ഒരു പുരസ്‌കാരദാനച്ചടങ്ങ്‌ എന്നതിനപ്പുറം ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പത്തോ മുപ്പതോ ആളു കൂടുന്ന തീര്‍ത്തും വിരസമായ ഒരു ചടങ്ങ്‌.പലയിടത്തെയും പതിവ്‌ അതായിരുന്നു.
നാം കൂടി പങ്കെടുക്കുന്ന വേദിയിലിരുന്ന്‌ മറ്റാളുകള്‍ നമ്മെപ്പറ്റി ആവര്‍ത്തിച്ചു സംസാരിക്കുന്നത്‌ കേള്‍ക്കേണ്ടിവരിക എന്നത്‌ ഇത്തിരി പ്രയാസമേറിയ ഒരു അനുഭവമായിട്ടാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌.അവയ്‌ക്ക്‌ നല്ല വാക്കുകളുടെ പകിട്ടാണുള്ളതെങ്കില്‍ പറയുകയും വേണ്ട.എന്നുകരുതി യോഗ്യരായ ആളുകള്‍ വിളിച്ചു തരുന്ന ആദരവിനെയും അതിലൂടെ കിട്ടുന്ന പണത്തെയും `നിങ്ങളെന്നെ പുകഴ്‌ത്തി കൊല്ലും എന്ന കാരണത്താല്‍ ഞാന്‍ വേണ്ടെന്നു വയ്‌ക്കുന്നു' എന്നു പറയാനുമാവില്ലല്ലോ.അത്‌ ഉചിതമല്ല.
ഇന്ന്‌ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊതുപരിപാടികളില്‍ സ്വമനസ്സാലെ പങ്കെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നത്‌ സത്യമാണ്‌.ആരും അന്വേഷിച്ചുപിടിച്ച്‌ ഒരാളെ കേള്‍ക്കാനോ അഭിനന്ദിക്കാനോ ഇന്ന്‌ പുറപ്പെടുന്നില്ല.വഴിയോരയോഗങ്ങള്‍ കോടതി ഇടപെട്ട്‌ നിരോധിച്ചത്‌ നന്നായി.അല്ലെങ്കില്‍ ആളില്ലാവീഥിയോട്‌ സംസാരിക്കാന്‍ മടി തോന്നി പ്രാസംഗികര്‍ പ്രസംഗിക്കാന്‍ വരാത്ത സ്ഥിതിവിശേഷം തെരുവോരപരിപാടികള്‍ക്കുണ്ടാകുമായിരുന്നു.അല്ലെങ്കില്‍ അതിനും പണം കൊടുത്ത്‌ ആളെയിറക്കി തെരുവില്‍ കേഴ്‌വിക്കാരായി നിര്‍ത്തേണ്ടിവരുമായിരുന്നു.ഏതു കക്ഷിയുടേയും രാഷ്‌ട്രീയ പരിപാടികള്‍ക്കാവട്ടെ ദിവസച്ചെലവ്‌ നല്‍കി ആളെ വിളിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണല്ലോ ഇന്നുള്ളത്‌.സാഹിത്യ അക്കാദമിയില്‍പോലും സ്ഥിരം ക്ഷണിതാക്കളായും ആരും ക്ഷണിക്കാതെയും പരിപാടി ഏതെന്ന്‌ അന്വേഷിക്കാതെയും മുടങ്ങാതെ എത്തിച്ചേരുന്ന പത്തിരുപത്‌ പേരെ കിഴിച്ചാല്‍ അവിടെ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും കേട്ടറിഞ്ഞ്‌ വരുന്ന ആളില്ലെന്നതാണ്‌ വാസ്‌തവം.
കുട്ടോത്ത്‌ ചെറുകാട്‌ സ്‌മാരക ഗ്രന്ഥാലയത്തിന്‌ ഇരുപത്തിയഞ്ച്‌ വയസ്സായി.ഒരു വര്‍ഷമായി നടന്നുവരുന്ന അതിന്റെ ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തിലാണ്‌ ഇത്തവണത്തെ ചെറുകാട്‌ അവാര്‍ഡ്‌ വിതരണം.അവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലായി.പണ്ട്‌ നാട്ടുമ്പുറത്ത്‌ കൂടിയിരുന്ന കല്യാണപ്പരിപാടികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉത്സവാന്തരീക്ഷം അവിടെയുണ്ട്‌.വലിയ പന്തല്‍ .കൊടിതോരണങ്ങള്‍ .ശ്രമക്കാരായി ഓടിനടക്കുന്ന കുറേയധികം ചെറുപ്പക്കാര്‍ .അപ്പോള്‍ നാലുമണിയായിട്ടേയുള്ളൂ.എങ്കിലും റോഡിലും മറ്റും വന്നു ചേര്‍ന്നുനില്‍ക്കുന്ന നാട്ടുകാര്‍.ഞാന്‍ വായനശാലയിലേക്ക്‌ കയറി.നല്ല രീതിയില്‍ പണിതിട്ടുള്ള ഇരുനില മന്ദിരം.പണം മുടക്കി വലുപ്പത്തില്‍ ഒരു കെട്ടിടം(വീട്‌/ഓഫീസ്‌/വായനശാല/ആശ്രമം/ആരാധനാലയം..എന്തുമാവട്ടെ.)പണിതുവയ്‌ക്കുന്നതിലല്ല കാര്യമിരിക്കുന്നത്‌ അതില്‍നിന്നൊരു പോസിറ്റീവ്‌ എനര്‍ജി പ്രസരപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലാണ്‌.കുട്ടോത്തെ ചെറുകാട്‌ വായനശാലക്ക്‌ അത്തരം പോസിറ്റീവ്‌ ചാര്‍ജ്ജുണ്ട്‌.അതിനുള്ളിലിരിക്കുമ്പോള്‍ എനിക്കത്‌ അനുഭവപ്പെട്ടു.എല്ലാ സ്ഥലത്തും-വായനശാലകളില്‍പ്പോലും-അത്‌ കിട്ടാറില്ല എന്നതും വാസ്‌തവം.
പുരസ്‌കാരവിതരണ പരിപാടിക്ക്‌ ചെറുകാടിന്റെ മക്കളും കുടുംബാംഗങ്ങളും എത്തിച്ചേരുമെന്നും ഞാന്‍ കരുതിയിരുന്നില്ല.പെരിന്തല്‍മണ്ണയില്‍ നിന്നും അവര്‍കൂടി വന്നപ്പോള്‍ മനസ്സില്‍ സന്തോഷമായി.നാഥനില്ലാത്ത പരിപാടികളല്ല ഇത്‌.ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന ആരുടെയോ പരിപാടി അല്ല ഇത്‌.അനര്‍ഹമായ ഒരിടത്തല്ല ഞാനെത്തിയിരിക്കുന്നത്‌.
ആറുമണിക്ക്‌ പരിപാടി തുടങ്ങുമ്പോള്‍ പന്തല്‍ നിറയെ ആളുണ്ടായിരുന്നു.ഇബ്രാഹിം വെങ്ങര,പാലക്കീഴ്‌ നാരായണന്‍ മാഷ്‌,എം.എം നാരായണന്‍ മാഷ്‌,വി.സുകുമാരന്‍ സര്‍,പി.കെ.ശ്രീമതി ടീച്ചര്‍,മുന്‍ എം.എല്‍.എ വി.ശശികുമാര്‍ എന്നിങ്ങനെ പ്രമുഖര്‍ വേദിയില്‍ .സദസ്സിന്റൈ മുന്‍ നിരയില്‍ ചെറുകാട്‌ മാഷിന്റെ മക്കളും പേരക്കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ട്രസ്റ്റ്‌ അംഗങ്ങളും സഹൃദയരും.പിന്നെ പിന്നിലേക്ക്‌ പരന്നുകിടക്കുന്ന ജനക്കൂട്ടം.അതായിരുന്നു അമ്പരപ്പിച്ച കാഴ്‌ച.സ്‌ത്രീകളും കുട്ടികളും പുരുഷന്മാരും ചെറുപ്പക്കാരുമടങ്ങുന്ന ജനക്കൂട്ടം.ഞായറാഴ്‌ചയാണ്‌.മിക്കവാറും എല്ലാ വീട്ടിലും ടെലിവിഷനും ഇന്റര്‍നെറ്റുമുള്ളവരാണ്‌.അത്ര ദരിദ്രരോ പണക്കാരോ അല്ലാത്ത ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇടത്തരക്കാരായ സാധാരണക്കാരാണ്‌ ആ കൂടിയിരിക്കുന്നവരില്‍ ഏറെപ്പേരും.അവരാരും സാഹിത്യവിദ്യാര്‍ത്ഥികളോ നിര്‍ബന്ധമായി സാഹിത്യം പിന്തുടരുന്നവരോ ആയിരിക്കാനുമിടയുമില്ല.എന്നിട്ടും എന്തിനാണ്‌ ഇത്രയും പേര്‍ അവിടെ കൂടിയിരിക്കുന്നത്‌.വെറും പാര്‍ട്ടി താല്‍പര്യം മാത്രമായിരിക്കാനുമിടയില്ല എന്നത്‌ അവരുടെ മുഖഭാവങ്ങളില്‍നിന്നു വ്യക്തമാണ്‌.പിന്നെ സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എന്ന `ആഗോളപ്രശസ്‌ത'നും `സമുന്നതവ്യക്തിത്വ'ത്തിനുടമയുമായ പുരസ്‌കാരജേതാവിനെ കാണാനും ആശിര്‍വമദിക്കാനുമാണോ.!അല്ലെന്നുറപ്പാണല്ലോ.അവര്‍ക്ക്‌ എന്നെ കേട്ടുകേള്‍വി പോലുമുണ്ടായിരിക്കാനിടയില്ല.അവരെന്നെ വായിച്ചിട്ടുണ്ടാവില്ല.അപ്പോള്‍ അവര്‍ വന്നിരിക്കുന്നത്‌ അവരുടെ രക്തത്തില്‍ സംസ്‌കാരം കലര്‍ന്നുകിടക്കുന്നതുകൊണ്ടാണ്‌.അതുകൊണ്ടുമാത്രമാണ്‌.
ചെറുകാട്‌ എന്ന മഹാനായ മനുഷ്യനെ അറിഞ്ഞിട്ടുള്ളതിന്റെ സംസ്‌കാരം.പുസ്‌തകങ്ങള്‍ വായിച്ചിട്ടുള്ളതിന്റെ സംസ്‌കാരം.ആശയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.രാഷ്‌ട്രീയവും രാഷ്‌ട്രീയപ്രവര്‍ത്തനവും പൊതുജീവിതത്തിന്റെ ആവശ്യകതയാണ്‌ എന്നു മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.എനിക്കിഷ്‌ടമായി ആ ജനതയെ.അവര്‍ ഞങ്ങള്‍ക്കായി കാത്തുവച്ചിട്ടുള്ള അത്ഭുതം അവിടം കൊണ്ടും തീര്‍ന്നില്ല.ഓരോ പ്രസംഗത്തിനും ലഭിച്ച കൈയടി അത്‌ വ്യക്തമാക്കി.എനിക്കും ലഭിച്ചു ആ പ്രോത്സാഹനം.സംസാരം തീരുമ്പോള്‍ സാധാരണ മട്ടില്‍ നമ്മളെല്ലാം ചെയ്യുന്ന അനുഷ്‌ഠാനക്കൈയടി ആയിരുന്നില്ല അതൊന്നും.നന്ദിവാക്കുകള്‍ നാലോ അഞ്ചോ മിനിട്ടെടുത്ത്‌ പറഞ്ഞൊപ്പിക്കുന്നതിനിടയിലായിരുന്നു അത്‌.ഇടക്കിടെ ജനങ്ങള്‍ നമ്മള്‍ പറയുന്നത്‌ കേട്ട്‌ ഉറക്കെ കൈയടിക്കുന്നു.!അവര്‍ കളിയാക്കുകയാണോ എന്നുപോലും തോന്നിപ്പോയി.അല്ലെന്നുമനസ്സിലായപ്പോള്‍ മനസ്സില്‍ കനം തിങ്ങി.കൃതജ്ഞതയുടെ ഭാരം പകരുന്ന സന്തോഷം ശിരസ്സിനെ താഴ്‌ത്തി.
അത്തരമൊരനുഭവം ജീവിതത്തില്‍ ആദ്യത്തേതായിരുന്നു.പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ പുരസ്‌കൃതനായി എന്നുതന്നെ അനുഭവപ്പെട്ടു.സന്തോഷം.വിസ്‌മയം.കടപ്പാട്‌.എല്ലാത്തിനുമുപരിയായി മതിലരികിലും റോഡരികിലും തങ്ങിനിന്ന്‌ പരിപാടി തീരുംവരെ മുഷിയാതിരുന്ന ജനങ്ങള്‍ നല്‍കിയ പാഠം.നല്ല സംസ്‌കാരത്തിന്റെ വേരുകള്‍ക്ക്‌ വാട്ടം തട്ടിയിട്ടില്ലെന്ന നല്ല പാഠം.നന്ദി കുട്ടോത്തെ ജനങ്ങള്‍ക്ക്‌.
ഇത്രയുമെഴുതിയത്‌ എന്നെപ്പറ്റി പറയാനല്ല,എനിക്ക്‌ ഒരു ദേശത്തെ മനസ്സിലാക്കാനായത്‌ ഏതു വിധമാണെന്ന്‌ പറയേണ്ടിവന്നതുകൊണ്ടാണ്‌.കുട്ടോത്തെ ചെറുപ്പക്കാരും സ്‌ത്രീകളും കേരളത്തിന്‌ ഒരു പാഠം പകര്‍ന്നുകൊടുക്കുന്നുണ്ട്‌.സഹജീവിസ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടേയും മഹത്തായ തിരിച്ചറിവ്‌.അതൊടൊപ്പം ഞാന്‍ ആവര്‍ത്തിക്കാറുള്ള അതേ കാര്യവും.യുവാക്കള്‍ക്ക്‌ ദിശാബോധമില്ലെന്ന്‌ ആരാണ്‌ ആണയിടുന്നത്‌.?നല്ല വഴി കാട്ടിക്കൊടുത്താല്‍ ആ വഴിക്ക്‌ പോകുന്നവരാണ്‌ യുവാക്കള്‍ . മക്കള്‍ മോശമാകുന്നതിന്‌ മക്കളെ പഴിക്കുകയല്ല വേണ്ടത്‌ സ്വന്തം പിഴവുകള്‍ തിരുത്തുകയാണ്‌ ഒരു സമൂഹം ചെയ്യേണ്ടത്‌.അങ്ങനെ മാതൃക കാട്ടുന്ന ഒരു ജനതയെയാണ്‌ അവിടെ കണ്ടത്‌.
(യുവ @ ഹൈവേ)

Monday, November 19, 2012

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌'


`നാലഞ്ച്‌ തളിര്‍പ്പുതിന
രണ്ടു സ്‌പൂണ്‍ പഞ്ചസാര
മൂന്ന്‌ നാരങ്ങാ നീര്‌
രണ്ടര വോഡ്‌ക
ഐസ്‌

നാക്കിലമണ്ണിന്‍
രാവൂടുവഴിയിലൂടെ

ആടിയാടി പോകുന്ന പൂനിലാവേ നീ
ആണാണോ പെണ്ണാണോ?
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂനിലാവേ നീ
നേരാണോ പൊളിയാണോ?
പാടിപ്പാടിപ്പരക്കുന്ന പൂനിലാവേ നീ
വെയിലിന്റെ ആരാണോ?

പച്ചിലകള്‍ തോറും തട്ടിപ്പിടഞ്ഞ്‌ വീഴും
രണ്ടരത്തലമുറ നീലച്ച വാറ്റ്‌ചോരപ്പൂന്തെളിനിലാവേ നീ
ഞാനാണോ നീയാണോ?'


റമ്മിലോ വോഡ്‌കയിലോ ഉണ്ടാക്കുന്ന ക്യൂബന്‍ കോക്‌ടെയിലാണ്‌ `മൊഹീതോ'.ലോകമെങ്ങും ഇതിന്‌ പ്രാദേശികഭേദങ്ങളുണ്ടെന്ന്‌ പറയപ്പെടുന്നു.അനിതതമ്പിയാണ്‌ കവയിത്രി.മാതൃഭൂമിയില്‍ അനിതയെഴുതിയ കവിതയുടെ പേരാണ്‌ `മൊഹീതോ പാട്ട്‌'.എനിക്കിഷ്‌ടമായി ഇക്കവിത.കാരണമുണ്ട്‌,കേട്ടിടത്തോളം അതില്‍ കോക്‌ടെയിലിന്റെ ഇഫക്‌ട്‌ പടര്‍ന്നിട്ടുണ്ട്‌.അസ്സല്‌ പ്രയോഗങ്ങളും ഈ കവിതയിലുടനീളം കാണാം.
കുറച്ചുവര്‍ഷങ്ങളായി സമകാലിക കവിതയെ കൈവിട്ട ഒരാളാണ്‌ ഞാന്‍.നാല്‍പ്പത്‌ വയസ്സില്‍ താഴെയുള്ള പലരുടെയും കവിതകള്‍ ഞാന്‍ വായിക്കാറേ ഇല്ല.കാവ്യഭാവുകത്വത്തില്‍ എന്റെ ശീലം പഴയമട്ടിലാണ്‌ പതിഞ്ഞുകിടക്കുന്നത്‌ എന്നതിനാലാവാം.കവിതയിലെ കല്ലോലജാലങ്ങള്‍ കാണിച്ചുതരാന്‍ പഴയകവികളെക്കഴിഞ്ഞിട്ടേ പുതിയ കവികളുള്ളൂ എന്നാണ്‌ എന്റെ പക്ഷം.തര്‍ക്കത്തിനില്ല.പക്ഷേ,അനിതതമ്പിയുടെ കവിതകളില്‍ ഭാഷ വാക്കുകളുടെ പുതിയ വേഷമിട്ടും അര്‍ത്ഥങ്ങളുടെ കൈത്താളമിട്ടും വരുന്നത്‌ സന്തോഷമുള്ള കാഴ്‌ചയാണ്‌.
പ്രമേയത്തെ രചയിതാവ്‌ ആത്മാര്‍ത്ഥമായി പുണരുന്നിടത്താണ്‌ രചനയുടെ പിറവി.അനിത തന്റെ പ്രമേയത്തെ ഗാഢമായി ആലിംഗനം ചെയ്യുന്നുണ്ട്‌.മാധവിക്കുട്ടി പറയുമായിരുന്നു,താന്‍ തന്റെ വാക്കുകളെ നായ്‌ക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ചെയ്യുംപോലെ നക്കി നക്കി തോര്‍ത്തിമിനുക്കിക്കൊണ്ടിരിക്കും എന്ന്‌.അത്‌ പ്രമേയത്തിന്റെ പരിചരണത്തെ തെളിച്ചെടുക്കുന്ന പ്രക്രിയയാണ്‌.ഒരുവട്ടമെഴുതുന്നത്‌ തന്നെ അസ്സലെഴുത്താണ്‌ എന്ന്‌ കരുതുന്നവര്‍ക്ക്‌ ഇത്‌ മനസ്സിലാകണമെന്നില്ല.അവരോട്‌ നമുക്കൊന്നും പറയാനില്ല.നിര്‍ഭാഗ്യവശാല്‍ അങ്ങനെയെഴുതുന്നവരാണ്‌ ഇപ്പോള്‍ കവികളായി അറിയപ്പെടുന്നത്‌.
അനിതയുടെ `മൊഹീതോ പാട്ട്‌' എന്ന കവിതയും സവിശേഷമാണ്‌.ഇതില്‍ ,ആടിയാടിപ്പോകുന്ന പൂനിലാവില്‍ ആണത്തമാണോ പെണ്ണത്തമാണോ മുന്നില്‍ എന്നും പാടിപ്പാടി പ്രകൃതിയില്‍ ഓളം വെട്ടുന്ന പൂനിലാവ്‌ വെയിലിന്റെ ആരാണോ എന്നും തിരക്കുന്നുണ്ട്‌.വെയിലിന്റെ ആരാണോ എന്നുചോദിക്കാന്‍ ലഹരിയില്‍ കുഴഞ്ഞ നാവിനേ കഴിയൂ എന്നിരിക്കേ ഈ കവിത ലളിതസമ്പന്നമാകുന്നു.ലാളിത്യമാണ്‌ മഹത്വത്തിന്റെ അടയാളം.
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂവിനിലാവിനോട്‌ നീ നേരാണോ പൊളിയാണോ എന്ന്‌ ചോദിക്കുമ്പോള്‍ അതില്‍ കവി കഴിച്ച മദ്യത്തിന്റെ ഉന്മത്തത മാസ്‌മരികമായി കലരുന്നതായി കാണാം.പണ്ട്‌ ഇതേസംശയം കവി കുഞ്ഞിരാമന്‍നായരും ചോദിച്ചിരുന്നു.നറുനിലാവില്‍ വെറ്റിലയില്‍ നൂറുതേയ്‌ക്കുന്നതാണ്‌ സന്ദര്‍ഭം.തനിക്ക്‌ നിലാവും ചുണ്ണാമ്പും മാറിപ്പോകുന്നു എന്നാണ്‌ അന്ന്‌ പി പറഞ്ഞത്‌.അതില്‍ കവിയുടെ ഉള്ളിലെ നിതാന്തലഹരിയുടെ സാന്നിദ്ധ്യം നമുക്കറിയാനാകും.ഇവിടെ അനിതയും അതേപോലെ തലയിലെ ലഹരിയെ ആവാഹിച്ച്‌ അസൂയാവഹമാം വിധം പ്രകൃതിയോടോ സഹയാത്രികനായ മനസ്സിനോടോ ചോദിക്കുന്നു.ഇവിടെ നിലാവിനെ ആവാഹിച്ചിട്ടാണ്‌ അനിത കോക്‌ടെയിലിന്റെ അനുഭവം വിവരിക്കുന്നത്‌.അതുകൊണ്ട്‌ പ്രമേയത്തിന്റെ കരുത്ത്‌ ഉറപ്പിക്കുകയും കവിത ഋജുവാക്കുകയും അതിലൂടെ കവിത ലളിതമാകുകയും ആസ്വാദനത്തിന്‌ നേരഴക്‌ പകരുകയും ചെയ്യുന്നു.
ഈ കവിതയില്‍ പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി ഇണക്കപ്പെട്ടതായി കണ്ടതാണ്‌ എന്റെ കുറിപ്പിന്‌ കാരണം.`കേരളം വളരുന്നു' എന്നെഴുതിയത്‌ പാലാ നാരായണന്‍ നായരാണ്‌.അതിനുമുമ്പും പിമ്പും പലരും പലരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.പല എഴുത്തിലും ഐതിഹ്യത്തിന്റെയോ പുരാണത്തിന്റെയോ ചരിത്രത്തിന്റെയോ വ്യാഖ്യാനങ്ങളിലാണ്‌ കല്‌പനകള്‍ പൂര്‍ണ്ണമാവുന്നതും.`മഴുവിന്റെ കഥ' എന്ന പ്രശസ്‌തമായ കവിതയില്‍ ബാലാമണിയമ്മ കേരളത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.
`പച്ചനാക്കില വച്ച പോലൊരു
നാടുണ്ടെന്‍ കണ്ണെപ്പോഴുമോടും ദിക്കില്‍ '
പച്ചനാക്കില വിരിച്ചപോലെയാണ്‌ കേരളം എന്ന ചിന്ത എത്ര മനോജ്ഞമാണ്‌.കേരളത്തിന്‌ അതില്‍പ്പരം മനോഹരമായ ഒരു വിശേഷണം വേറെ കൊടുക്കാനില്ലെന്ന്‌ തോന്നും.എന്നാല്‍ മൊഹീതോ പാട്ടില്‍ അനിത ഒരു പടികൂടി കടന്ന്‌ `നാക്കിലമണ്ണ്‌' എന്നുതന്നെ കേരളത്തെപ്പറ്റി പാടിയിരിക്കുന്നു.പച്ച നാക്കില വച്ചപോലെയുള്ള നാടല്ല,നാക്കിലമണ്ണുതന്നെയാണീ കേരളമെന്ന്‌ പാടുമ്പോള്‍ കവിയുടെ വാക്കുകള്‍ പുളകമുയര്‍ത്തുന്നു അനുവാചകനില്‍ .മുമ്പൊരു കവിതയില്‍ യോനി(വജൈന)ക്ക്‌ `അടിവായ' എന്ന പുത്തന്‍പദം നല്‍കിയിട്ടുണ്ട്‌ അനിതതമ്പി.ഇതെല്ലാം സന്തോഷമാണ്‌.
കവിയോ കഥാകൃത്തോ എഴുതുന്നത്‌ സ്വന്തം ജീവിതാനുഭവമാണെന്ന്‌ തെറ്റിദ്ധരിക്കുന്നവരോട്‌ ഒരുവാക്ക്‌.കവിയുടെയോ കഥാകൃത്തിന്റെയോ ഉള്ളില്‍ കടക്കുന്ന ലഹരിക്ക്‌ ആധാരം ഒരിക്കലും സാധാരണ മദ്യമല്ല.സാധാരണമദ്യത്തിന്‌ ശരാശരി ലഹരി പകരാനേ സാധിക്കൂ.കലാകാരന്‌ കിട്ടേണ്ടത്‌ സവിശേഷമായ `കോക്‌ടെയില്‍ ' തന്നെയാണ്‌.ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും നിറനിലാവാണ്‌ ആ കോക്‌ടെയില്‍ . അല്ലാതെ വെറുതെ വാറ്റിയെടുക്കുന്ന മദ്യമല്ല.പലതിനെ കൂട്ടിയെടുത്ത്‌ സൃഷ്‌ടി നടത്തുന്ന കലാകാരന്റെ പൂവന്‍കോഴിപ്പിന്നഴകാണ്‌ വിചിത്രമായ ഭാവനകള്‍ .അതാണ്‌ അവരുടെ അലങ്കാരവും അഹങ്കാരവും.നിലാവിന്‌ ഉന്മാദം എന്ന വകഭേദം കൂടി നാം കല്‍പ്പിച്ചിട്ടുണ്ടല്ലോ.
ഭാഷ വളരുന്നത്‌ എഴുത്തുകാരുടെ മിടുക്കിലൂടെയാണ്‌.ഇന്നത്തെ കാലത്തുനിന്നിട്ട്‌ അത്‌ മാധ്യമപ്രവര്‍ത്തകരിലൂടെയാണെന്നും പറയാം.കാരണം,ആകാശവാണി സജീവമായിരുന്ന കാലത്തെ തെളിമലയാളവും ഉച്ചാരണഭംഗിയും ടെലിവിഷന്റെ പ്രചാരത്തോടെ നഷ്‌ടമാകുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.പുതിയ കവിതകളും കഥകളും നിലാവിന്റെ വീര്യം കുടിച്ച്‌ ഉന്മത്തരായി രാത്രിസഞ്ചാരത്തിനിറങ്ങട്ടെ.വായനയില്‍ അപഥസഞ്ചാരത്തിനിറങ്ങുന്ന വായനക്കാര്‍ അവയെക്കണ്ട്‌ പരിസരം മറന്ന്‌ ആടിയാടിപ്പോകുന്ന പൂനിലാവ്‌ ആണാണോ പെണ്ണാണോ എന്ന്‌ അമ്പരക്കട്ടെ.
(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)

Wednesday, November 7, 2012

ആദ്യം കണ്ട പട്ടണം


ഞാന്‍ കണ്ട ആദ്യത്തെ നഗരമാണ്‌ വെള്ളത്തൂവല്‍ .വലിയ ലോറികള്‍ .കാറുകള്‍ .അനവധി ജീപ്പുകള്‍ .പവര്‍ ഹൗസിലേക്ക്‌ പോവുകയും വരികയും ചെയ്യുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ .അങ്ങനെ തിരക്കിന്റെ ഉത്സവമാണ്‌ കുട്ടിക്കാലത്ത്‌ ഞാന്‍ വെള്ളത്തുവലില്‍ കണ്ടിട്ടുള്ളത്‌.അന്ന്‌ റോഡ്‌ മുറിച്ചുകടക്കാന്‍ എന്തൊരു പേടിയായിരുന്നു.
വലിയ കെട്ടിടങ്ങളും ആദ്യമായി കാണുന്നത്‌ ഇതേ വെള്ളത്തൂവലിലാണ്‌.പവര്‍ ഹൗസുകളും കെ.എസ്‌.ഇ.ബിയുടെ കോളനികളും അവരുടെ സംഭരണശാലകളും ടൂറിസ്റ്റ്‌ ബംഗ്ലാവും എല്ലാം ഇവിടെയുണ്ടായിരുന്നു.വലിയ മരങ്ങളും മുരിങ്ങകളും ഇവിടെയുണ്ടായിരുന്നു.രാത്രികളുടെ ഭംഗി ആദ്യമായി നുണഞ്ഞ നഗരവും ഇതാണ്‌.പനി പിടിച്ച്‌ വിമലാസിറ്റിയിലെ വിമലാ ഹോസ്‌പിറ്റലില്‍ കിടക്കുന്ന രാവുകളില്‍ വരാന്തയിലെ മരബെഞ്ചില്‍ വന്നിരിക്കുമ്പോള്‍ മുന്നിലെ പവര്‍ ഹൗസിലെ വെളിച്ചങ്ങള്‍ രാത്രിയുടെ അസാധാരണ സൗന്ദര്യം കാട്ടിത്തരുമായിരുന്നു.അങ്ങനെ ഒരായിരം നിഗൂഢതകളുടെ ദേവാലയമാണ്‌ എനിക്ക്‌ വെള്ളത്തൂവല്‍ പട്ടണം.

ഇന്നും  പട്ടണമെന്നത്‌ എനിക്ക്‌ വെള്ളത്തൂവലാണ്‌.അത്‌ കുട്ടിക്കാലം മനസ്സില്‍ പകര്‍ത്തിയിടുന്ന ചിത്രങ്ങളുടെ അസാമാന്യ വലുപ്പം കൊണ്ടാവാം.രാത്രികളുടെ മാസ്‌മരികത എന്നത്‌ വെള്ളത്തൂവല്‍ പട്ടണത്തിലെയും പരിസരത്തെയും കുന്നിന്‍മുകളിലെ രാത്രി  സഞ്ചാരങ്ങളില്‍ കണ്ടിട്ടുള്ളതാണ്‌.നക്ഷത്രങ്ങള്‍ എനിക്കൊപ്പം കൂട്ടുനടക്കുന്നതായി തോന്നിയിട്ടുള്ളത്‌ ആനച്ചാല്‍ മുതല്‍ മുതുവാന്‍കുടി വരെ നടന്നിട്ടുള്ളപ്പോഴാണ്‌.വെള്ളത്തൂവലിലെ ഹൈസ്‌കൂളിലേക്കുള്ള വളഞ്ഞ റോഡിലൂടെ നടക്കുമ്പോഴാണ്‌ പടങ്ങളില്‍ കണ്ടിട്ടുള്ള വിദേശരാജ്യങ്ങളിലെ ഭൂപ്രകൃതിയുടെ സാദൃശ്യം ഞാന്‍ ഭാവനയില്‍ കണ്ടിട്ടുള്ളത്‌.
വെള്ളത്തൂവലാണ്‌ ഞാനാദ്യമായി രുചിച്ചറിഞ്ഞ ജീവിതലോകം.ഇന്നുമെന്റെ ഓര്‍മ്മകളില്‍ പഴയ പ്രൗഢിയോടെ വെള്ളത്തൂവല്‍ തിളങ്ങിനില്‍ക്കുന്നു.
---------------------------------------------

ഇടുക്കിയിലെ വെള്ളത്തൂവല്‍ സര്‍ക്കാര്‍ പള്ളിക്കൂടത്തിന് 60 വയസ്സ് പൂര്‍ത്തിയായി.അതേസമയം sslc ബാച്ചുകള്‍ ആരംഭിച്ചിട്ട് 52  വര്‍മേ ആയിട്ടുള്ളൂ.ഈ വരുന്ന പതിനൊന്നാം തീയതി ഞായറാഴ്ച വെള്ളത്തൂവല്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്.52 sslc ബാച്ചുകളിലെ ജീവിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു എന്നത് സവിശേഷമാണല്ലോ.ആ ത്രില്ലിലാണ് ഞാനും.
ആ ഓര്‍മ്മയില്‍ നിന്നാണ് ഈ കുറിപ്പ്.

Tuesday, October 30, 2012

ചെരാതുറങ്ങുന്ന വീട്‌


ഴിഞ്ഞ ദിവസം ഞാനും എന്റെ പുതിയ സിനിമയുടെ സംവിധായകന്‍ ബിജു ബെര്‍ണാഡും കൂടി പാലക്കാട്‌ പോയി മടങ്ങിവരികയായിരുന്നു.വരുന്ന വഴി പഴയ ലെക്കിടി എത്തിയപ്പോള്‍ ബിജു അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി എന്നോട്‌ ചോദിച്ചു.നമുക്ക്‌ ലോഹിയേട്ടന്റെ വീട്ടില്‍ കയറിയാലോ..?ഞാന്‍ അമ്പരന്നുപോയി.എങ്ങനെയാണ്‌ ആ ശൂന്യതയിലേക്ക്‌ കയറിച്ചെല്ലാനാവുക?
മനസ്സ്‌ വല്ലാതെ തിങ്ങി.എങ്കിലും ഞാന്‍ പറഞ്ഞു.

``പിന്നെന്താ..പോകാം.പരിചയമുണ്ടോ വഴിയൊക്കെ..?''
``ലോഹിയേട്ടന്‍ മരിച്ച ദിവസം വന്നതാണ്‌.അന്നിവിടെ മുഴുവന്‍ ജനപ്രളയമായിരുന്നു.ചിത കത്തിത്തീര്‍ന്നിരുന്നില്ല ഞങ്ങള്‍ ചെല്ലുമ്പോള്‍.ചോദിച്ച്‌ പോകാം.''
കാര്‍ ഇടത്തേക്ക്‌ തിരിഞ്ഞ്‌ അകലൂരിലേക്ക്‌ നീങ്ങി.പാലക്കാട്‌ നിന്ന്‌ മാഞ്ഞുപോകാന്‍ പോകുന്ന ഗ്രാമീണഛായകളാണ്‌ ചുറ്റിനും.മലയാളത്തെ പരിഭാഷപ്പെടുത്തിയ എഴുത്തുകാരന്‍ ജീവിക്കാന്‍ ഏറെ മോഹിച്ച സ്ഥലം ഇതായതില്‍ അത്ഭുതമില്ല.ഞാനേറെ കേട്ടിരുന്നു ലോഹിയേട്ടന്റെ വീടിനെപ്പറ്റി.ആ വീട്ടുമുറ്റത്തിരുന്ന്‌ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടിട്ടുണ്ടായിരുന്നു.എപ്പോഴോ ആ വീടും പരിസരവും കാണമെന്ന്‌ മനസ്സില്‍ തോന്നിയിരുന്നതാണ്‌.
ഞാന്‍ ബിജുവിനോട്‌ ചോദിച്ചു.
``അവിടെ ഇപ്പോ ആരെങ്കിലും ഉണ്ടാവുമോ..ഉണ്ടെങ്കില്‍ തന്നെ അവരെ നിങ്ങള്‍ക്ക്‌ പരിചയമുണ്ടോ..എന്തുപറഞ്ഞ്‌ നമ്മളവിടെ ചെല്ലും.?''
അതെന്റെ സ്ഥായിയായ തോന്നലില്‍ നിന്നുണ്ടായ സംശയമായിരുന്നു.അധികം സ്‌നേഹബന്ധങ്ങളും ആത്മബന്ധങ്ങളും സൂക്ഷിക്കാനറിയാത്ത എനിക്ക്‌ അപരിചിതരെ നേരിടാന്‍ കഴിയുമായിരുന്നില്ല.പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ്‌ കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം.ഇവിടെ അതുമാത്രമായിരുന്നില്ല പ്രശ്‌നമായി എനിക്കനുഭവപ്പെട്ടത്‌.അത്‌ ലോഹിയേട്ടന്റെ അഭാവമായിരുന്നു.
കാര്‍ ഇടവഴികളിലൂടെ നീങ്ങുകയാണ്‌.വഴി പിശകിയോ എന്ന്‌ ബിജുവിന്‌ സംശയം.
``അന്ന്‌ ധാരാളം ആളുകളും വാഹനങ്ങളും നിറഞ്ഞ്‌ നിബിഢമായിരുന്നല്ലോ വഴി.''

ബിജു പറഞ്ഞു.
``ആരോടെങ്കിലും ചോദിക്കാം.''
കാര്‍ നിര്‍ത്തി വഴിയില്‍ കണ്ട ഒരാളോട്‌ ചോദിക്കാന്‍ നേരം ഞാന്‍ പിന്നെയും കുഴങ്ങി.എന്താണ്‌ ചോദിക്കേണ്ടത്‌.ലോഹിയേട്ടന്‍ ഇപ്പോഴില്ലല്ലോ.ഇപ്പോഴില്ലാത്ത ഒരാള്‍ക്ക്‌ വീടില്ലല്ലോ.അങ്ങനെയെങ്കില്‍ ഇപ്പോഴില്ലാത്ത,വീടില്ലാത്ത ഒരാളുടെ പേരിലുണ്ടായിരുന്ന പഴയ വീടിനെപ്പറ്റിയല്ലേ ചോദിക്കേണ്ടത്‌.അതായത്‌ അയാളുടെ ഒരു സ്‌മാരകത്തെപ്പറ്റി.?എന്റെ പരുങ്ങല്‍ കണ്ടിട്ടാവണം,ബിജു പെട്ടെന്ന്‌ അന്വേഷിച്ചു.
``ലോഹിതദാസിന്റെ വീടെവിടെയാ..?''
ഞാനൊന്ന്‌ അന്ധാളിച്ചു.ലോഹിതദാസ്‌ എന്ന തിരക്കഥാകൃത്തും നാടകകൃത്തും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.?ആ സംശയത്തെ ശരി വയ്‌ക്കുന്ന വിധത്തില്‍ ഗ്രാമീണനായ മനുഷ്യന്‍ പറഞ്ഞു.
``നേരെ പോയാമതി.''
ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.ഇല്ലെങ്കില്‍ വഴി പറഞ്ഞുതന്ന മനുഷ്യന്‍ ഞങ്ങളെ രൂക്ഷമായി നോക്കുമായിരുന്നു.ഞങ്ങളുടെ കാറോടുന്ന മണ്‍വഴിയിലൂടെ അന്നുരാവിലെയും ലോഹിയേട്ടന്‍ നടക്കാന്‍ പോയിവന്നിട്ടുണ്ടാകണം.അങ്ങനെ ബിജുവിനും തോന്നിയിട്ടുണ്ടാകണം.കാറില്‍ അസുഖകരമായ മൗനം നിറഞ്ഞു.അതിനെ ഭേദിക്കാന്‍ ഞങ്ങള്‍ ലോഹിയേട്ടന്‍ ചെയ്‌ത സിനിമകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.തനിയാവര്‍ത്തനം മുതല്‍ എത്രയെത്ര സിനിമകള്‍.അധികം ശ്രദ്ധിക്കപ്പെടാതെ പോയ എഴുതാപ്പുറങ്ങളും മാലയോഗവും രാധാമാധവവും മുതല്‍ ചക്രം വരെ.ഹിറ്റുകളുടെ ബഹളത്തിനിടയില്‍ വേറിട്ടുനിന്ന മൃഗയയും സസ്‌നേഹവും കുടുംബപുരാണവും മഹായാനവും കുട്ടേട്ടനും വരെ.അങ്ങനെയങ്ങനെ സംസാരം നീണ്ടപ്പോള്‍ വീണ്ടും വഴിയെപ്പറ്റി സംശയമായി.അതുവഴി വന്ന പര്‍ദ്ദയിട്ട ഉമ്മയോട്‌ തിരക്കി.ഉമ്മയും കൈ ചൂണ്ടി നിസ്സംശയം വഴി പറഞ്ഞുതന്നു.എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാന്‍ വിഷാദിയാവാന്‍ ആരംഭിച്ചു.
ലോഹിതദാസ്‌ ഒരെഴുത്തുകാരനായിരുന്നു.കടലാസിലും അഭ്രപാളിയിലും പകര്‍ത്തിയതിലുമധികം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ ഉലാത്തിയിട്ടുണ്ടാവും എന്നത്‌ ഒരെഴുത്തുകാരനായ എനിക്കൂഹിക്കാം.അത്തരം ചിന്തകള്‍ അദ്ദേഹത്തിനു മനസ്സില്‍ തോന്നിയത്‌ പല്ലു തേയ്‌ക്കുമ്പോഴോ വെറുതെ വഴിയിലേക്ക്‌ നോക്കിയിരുന്നപ്പോഴോ ഇത്തിരി കഞ്ഞി കുടിച്ചപ്പോഴോ അര്‍ദ്ധമയക്കത്തിലോ ആയിരിക്കാം.അത്തരം ചിന്തകളിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോഴും അവിടെ കാണുകയും ചെയ്യും.അവിടേക്കാണ്‌ ഞങ്ങള്‍ ചെല്ലുന്നത്‌.ഇടവഴികള്‍ പരിസരത്തെ ക്ഷേത്രത്തെ ഒന്നുവളഞ്ഞു.കാടുമൂടിയ പറമ്പുകളാണ്‌ ചുറ്റിനും.തഴച്ചുവളര്‍ന്ന മുളങ്കൂട്ടം.
ഞാന്‍ പിന്നെയും തിരക്കി.
``നമ്മള്‍ എന്തു പറയും..എന്തിനു വന്നതാണെന്നു പറയും..?''
എന്റെ പരിഭ്രമം മനസ്സിലാക്കി ബിജു സമാധാനിപ്പിച്ചു.
``ലോഹിയേട്ടനുമായി പരിചയമുണ്ടായിരുന്നല്ലോ.ഇതുവഴി വന്നപ്പോ കയറിയതാണെന്ന്‌ പറയാം.''
അതുപറഞ്ഞുതീര്‍ന്നതും ബിജു പുറത്തേക്ക്‌ കൈചൂണ്ടി പറഞ്ഞു.
``അതാ ആ കാണുന്നതാണ്‌ വളപ്പ്‌.അതാണ്‌ വീട്‌.ദാ..അവിടെയാണ്‌ സംസ്‌കരിച്ചത്‌.''
അമരാവതി എന്ന വീട്‌ ഞാന്‍ കാറിലിരുന്ന്‌ കണ്ടു.ഞങ്ങള്‍ പുറത്തേക്കിറങ്ങി.ഇരുവശവും കാട്ടുകല്ല്‌ വച്ച്‌ കെട്ടിയ ചെറിയ മതില്‍.അതിനപ്പുറം ലോഹിയേട്ടന്റെ വീടിരിക്കുന്ന സ്ഥലം.പറമ്പില്‍ മേയുന്ന പശു.അതിന്റെ അഴിഞ്ഞുകിടക്കുന്ന കയറ്‌.പലതരം പക്ഷികളുടെ ശബ്‌ദങ്ങള്‍.തണുത്ത നിഴല്‍ പതിഞ്ഞ വഴി നയിക്കുന്നത്‌ പടിപ്പുരയ്‌ക്ക്‌ മുന്നിലേക്കാണ്‌.ഞങ്ങള്‍ നിശ്ശബ്‌ദരായി നടന്നു.എന്തുകൊണ്ടാണ്‌ ഇരുവര്‍ക്കുമിടയില്‍ നിശ്ശബ്‌ദത സംഭവിച്ചത്‌.അറിയില്ല.എന്തുകൊണ്ടാണ്‌ ഞങ്ങളുടെ ശ്വാസത്തിനുപോലും അമിതമായ കനം അനുഭവപ്പെട്ടത്‌.അറിയില്ല.
ഇരുവശവും മുള്ളുവേലി വച്ചു തിരിച്ച വഴിയുടെ അറ്റത്തുള്ള പടിപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു.ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.അവിടെ ആരുമുണ്ടായിരുന്നില്ല.ദ്രവിച്ചുതുടങ്ങിയ പടിപ്പുരക്കതകിന്റെ വിടവിലൂടെ ഞാന്‍ അകത്തേക്ക്‌ നോക്കി.വലിയ വീട്‌.വിശാലമായ ഉമ്മറം.കല്ലിട്ടു ചുവട്‌ കെട്ടിയ മരങ്ങള്‍.സുഗന്ധസസ്യങ്ങള്‍ തിങ്ങിയ മുറ്റം.ഇടത്തുമാറി ഒരറ്റത്ത്‌ രണ്ട്‌ കല്ലോടുകള്‍ ചരിച്ചുവച്ച ഒരിടം.ഒരു ചെരാത്‌ അവിടെ ഇരിക്കുന്നുണ്ടാകണം.ശരിയാണ്‌.ലോഹിതദാസ്‌ അവിടെയില്ല.ആള്‍ത്താമസമില്ലാത്തതിന്റെ പരുക്കന്‍സ്വഭാവം പരിസരത്തിനുണ്ട്‌.ഞങ്ങള്‍ വെറുതെ അടച്ചിട്ട പടിപ്പുരത്തിണ്ടില്‍ ഇരുന്നു.
ഞാനും ബിജുവും എഴുത്തുകാരാണ്‌.ലോഹിയേട്ടനെ അവസാനമായി കാണാന്‍ വന്ന്‌ നമസ്‌കരിച്ചുപോയ ആളാണ്‌ ബിജു.ആ പറമ്പിലെവിടെയോ അലിഞ്ഞുകിടക്കുന്ന ലോഹിയേട്ടന്റെ സ്‌മരണയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരയുടെ ഒരു തുമ്പ്‌ ഞങ്ങളിലൂടെയും അദൃശ്യമായി തുടരുന്നുണ്ട്‌.അതുകൊണ്ടാണ്‌ ഞങ്ങള്‍ക്കിവിടെ എത്താന്‍ തോന്നിയത്‌.
അപ്പോള്‍ ഇലകളും ചുള്ളികളും ഞെരിയുന്ന ഒച്ചകേട്ടു.മുള്ളുവേലിക്കപ്പുറം കൈയിലുള്ള കമ്പിന്റെ ബലത്തില്‍ നടന്നുവരുന്ന ഒരു വൃദ്ധ.ഞാനും ബിജുവും അമ്പരപ്പോടെ മുഖാമുഖം നോക്കി.
``ഇത്‌..ഇത്‌..അവരല്ലേ..കന്മദത്തിലേ..!''
ബിജു എന്നോട്‌ ചോദിച്ചു.മറുപടി പറയാനാവാതെ വിറങ്ങലിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.അതെ എന്നു ഞാന്‍ പറയും മുമ്പ്‌ അവരിങ്ങോട്ട്‌ ചോദിച്ചു.
``ആരാ..എന്തിനാ വന്നേ..?''
``ഞങ്ങള്‍ ഇതിലെ പോയപ്പോള്‍ കയറിയതാണ്‌.''
``ഓ..ഇവിടെ ആരുമില്ല.ഞാനീ പശുവിനെ തെളിക്കാന്‍ വന്നതാ..''
അവര്‍ അതും പറഞ്ഞ്‌ നടന്നുനീങ്ങി.ഞാനും ബിജുവും വാക്കുകള്‍ നഷ്‌ടപ്പെട്ട്‌ നിന്നു.അത്‌ `കന്മദം' സിനിമയിലെ മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയുടെ ഛായയുള്ള ആരോ ആയിരുന്നു.ആ കഥാപാത്രത്തിന്റെ ഛായ അവര്‍ക്ക്‌ അത്ഭുതകരമായ വിധത്തില്‍ കൃത്യമായിരുന്നു.ഞങ്ങള്‍ ഇരുവര്‍ക്കും അത്‌ ഒരേപോലെ തോന്നിയതാണോ തോന്നിപ്പിച്ചതാണോ അതോ എല്ലാം ഒരു തോന്നലാണോ.!നിശ്ശബ്‌ദരായി വന്ന്‌ ഞങ്ങള്‍ കാറില്‍ കയറി.
കാര്‍ അകലൂരില്‍ നിന്നിറങ്ങി തിരിച്ച്‌ ഹൈവേയില്‍ കയറിയിട്ടും ഞങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല.
(ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്നത്.)

Monday, October 15, 2012

അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും


ആല്‍ഫാ വണ്‍ പബ്ലിഷേഴ്സ് ,കണ്ണൂര്‍ (ഫോണ്‍ -0497 2713737) പ്രസിദ്ധീകരിച്ചിട്ടുള്ള എന്‍റെ പുതിയ പുസ്തകമാണ് 'അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും'.വില 100 രൂപ.136 പേജ്.
ഞാനെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്.ഒ.വി വിജയന്‍ ,ബഷീര്‍ ,ഉറൂബ്,ഇടശ്ശേരി,മാധവിക്കുട്ടി,കെ.പി.അപ്പന്‍ ,ടി പത്മനാഭന്‍ ,എം.ടി,സച്ചിന്‍ ടെന്‍ഡുല്‍കര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഈ ലേഖനങ്ങളില്‍ കടന്നുവരുന്നു.
വെളിച്ചം മുന്നേ പോകുന്നു ഇരുള്‍ പിന്നാലെയും ,മധു പുരണ്ട കഠാരകള്‍ നിരത്തിയ ജീവിതപ്പാത ,അഭിരുചികള്‍ ധ്യാനിക്കുന്ന പ്രാര്‍ത്ഥനാലയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിന്.ആകെ ഇരുപത് ലേഖനങ്ങള്‍ .
ആദ്യമായാണ് എന്‍റെ ലേഖനങ്ങള്‍ സമാഹരിക്കപ്പെടുന്നത്.
പ്രിയ വായനക്കാര്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നു.

Wednesday, October 10, 2012

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍


കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും യാത്രയുടെയും ഭാഷയുടെയും നിയമാവലികള്‍ തെറ്റിച്ച്‌ അഭംഗുരം യാത്ര ചെയ്യുന്നവനാണ്‌ എഴുത്തുകാരന്‍ .വഴിയമ്പലങ്ങള്‍ നല്‍കുന്ന പാഥേയമാണ്‌ അവന്‍ ലോകത്തിനു കൊടുക്കുന്ന സാഹിത്യകൃതികള്‍ .അത്‌ ഭുജിക്കാനും പ്രസാദം പോലെ സൂക്ഷിച്ചുവയ്‌ക്കാനും സഹജീവികള്‍ക്കു പകരാനും വിധിക്കപ്പെട്ട ഭാഗ്യശാലികളാണ്‌ വായനക്കാര്‍ .ലോകത്തെങ്ങുമുള്ള വായനക്കാര്‍ .
ബാല്യകൗമാരസാഹസങ്ങള്‍ക്കിടയില്‍ സാഹിത്യത്തെ ഉപാസിക്കുന്നവനായിത്തീരുന്നിടത്ത്‌ എന്നെ കാത്തുനിന്നത്‌ രണ്ടുപേരാണ്‌.ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും.റൂള്‍ഫോ അസ്സല്‍ അധ്യാപകനായിരുന്നു.എങ്ങനെ മാറിച്ചിന്തിക്കാം എന്നു ചിന്തകളെ മറിച്ചിട്ടു കാണിച്ചുതന്ന ഗുരു.ദസ്‌തയേവ്‌സ്‌കി ഋഷിയായിരുന്നു.ശാന്തതയും അപാരതയുമായിരുന്നു അവിടെനിന്ന്‌ കിട്ടിയത്‌.മനുഷ്യമനസ്സുകളാണ്‌ എഴുത്തുകാരന്റെ ഏറ്റവും വലിയ കളം എന്ന വലിയ പാഠം കിട്ടിയത്‌ അവിടെനിന്നാണ്‌.പിന്നീട്‌ വന്ന മിലാന്‍ കുന്ദേരയാവട്ടെ വായനക്കാരന്‍ കൂടിയാക്കി എന്നെ.എഴുത്തുകാരനായാല്‍ മാത്രം പോരാ അവനവന്റെ കൃതികളിലൂടെയും അന്യരുടെ കൃതികളിലൂടെയും അഭിരമിച്ചു കടന്നുപോകുന്ന വായനക്കാരന്‍ കൂടിയായിരിക്കണം നാം എന്ന്‌ ബോധ്യപ്പെടുത്തിയത്‌ കുന്ദേരയാണ്‌.ആ അര്‍ത്ഥത്തില്‍ എനിക്ക്‌ ഞാനെഴുതിയ ഓരോ കൃതിയെയും പൊളിച്ചെഴുതാം.വീണ്ടും അനവധി വായനകള്‍ അതില്‍ സൃഷ്‌ടിക്കാം.അത്‌ സാധ്യമാണ്‌.അത്‌ തിരുത്തുമാണ്‌.ഞാനതിന്‌ ഇപ്പോള്‍ മുതിരുന്നില്ലെങ്കിലും.
ഈ സന്ദര്‍ഭത്തിലാണ്‌ ഒരു വ്യാഴവട്ടത്തിനുമുമ്പ്‌ ഞാന്‍ പൗലോ കോയ്‌ലോയെ വായിക്കുന്നത്‌.കോയ്‌ലോ എന്ന എഴുത്തുകാരനാണ്‌ സഞ്ചാരിയുടെ ഗൃഹപാഠം എഴുത്തിലുപയോഗിക്കുന്നതിനെപ്പറ്റി ആദ്യമായി എനിക്ക്‌ പറഞ്ഞുതന്നത്‌.കാളിദാസനെ ഇവിടെ മറക്കുകയല്ല ചെയ്യുന്നത്‌.ആധുനികകാലത്തെ സാമൂഹികസാഹചര്യങ്ങളില്‍ നിന്ന്‌ ചിന്തിക്കാന്‍ ശ്രമിക്കുകമാത്രമാണ്‌.അങ്ങനെ നോക്കുമ്പോള്‍ എഴുത്തിലേക്ക്‌ സഞ്ചാരിയുടെ അനുഭവത്തെ ക്ലേശമില്ലാതെ കയറ്റിവയ്‌ക്കുന്നതില്‍ രാജന്‍ കാക്കനാടനോളം വിജയിച്ച മറ്റൊരാളുണ്ടോ എന്നെനിക്ക്‌ സംശയമാണ്‌.പക്ഷേ അത്‌ യാത്രാനുഭവങ്ങളുടെ പുസ്‌തകമായിരുന്നല്ലോ.എന്നാല്‍ സാഹിത്യമെഴുതുമ്പോള്‍ യാത്രയില്‍ നിന്ന്‌ ലഭിച്ച ദര്‍ശനങ്ങള്‍ സമ്മിശ്രമായും അരോചകമാവാതെയും കഥാപാത്രങ്ങളിലേക്കും കഥാപശ്ചാത്തലങ്ങളിലേക്കും കരുത്തോടെ പകരുന്നതില്‍ വിജയിച്ചത്‌ കോയ്‌ലോയാണ്‌.
ആല്‍ക്കെമിസ്റ്റ്‌ എന്ന നോവല്‍ സാന്റിയാഗോ എന്ന ഇടയന്റെ യാത്രയുടെ കഥയാണെന്ന്‌ സാമാന്യമായി പറയാം.സ്‌പെയിനിലെ ഒരു പള്ളിമുറ്റത്ത്‌ നിന്നാരംഭിക്കുന്ന സാധാരണമായ യാത്ര പിന്നീട്‌ അസാധാരണമായ യാത്രയായിമാറുന്നു.ഇതാണ്‌ സാന്റിയാഗോയുടെ ജീവിതക്കാഴ്‌ചകളുടെ പുസ്‌തകമായി തീരുന്നത്‌.ഇവിടെ ചില ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ (വായനക്കാരനും)ഉത്തരം കൊടുക്കേണ്ടതുണ്ട്‌.അത്‌ ചിന്തകളിലെയും അനുഭവങ്ങളിലെയും പങ്കിടലാണ്‌.ആനന്ദിനെ വായിക്കുമ്പോള്‍ നമ്മള്‍ സര്‍ഗ്ഗാത്മകമായിട്ടാണ്‌ വായിക്കേണ്ടിവരുന്നതെന്ന്‌ പറയുംപോലെ പൗലോ കോയ്‌ലോയെ വായിക്കുമ്പോള്‍ നമ്മള്‍ ധ്യാനാവസ്ഥയെക്കൂടി പങ്കിടേണ്ടിവരുമെന്ന്‌ കണ്ടെത്താം.ഉദാഹരണം-``കുറേ കല്ലുകളുടെ ഒരു കൂമ്പാരം.പറഞ്ഞുവരുമ്പോള്‍ അതല്ലേ ഈ പിരമിഡ്‌.അതു കാണാന്‍ ഈ മരുഭൂമിയൊക്കെ കടന്ന്‌ ആരാ അത്രയും ദൂരം പോവുക..?''
രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ സാന്റിയാഗോ ജോലിചെയ്യുന്ന ചില്ലുപാത്രക്കടയുടെ മുതലാളി അവനോട്‌ ചോദിക്കുന്ന ചോദ്യമാണിത്‌.ഇത്‌ എന്നോട്‌ തന്നെ പലവട്ടം ഞാനും ചോദിച്ചു.കുറേ കല്ലുകളുടെ കൂമ്പാരമാണ്‌ പിരമിഡ്‌.അതെന്തിനു കാണണം.പിന്നെയും ഞാന്‍ ചോദിച്ചു.കുറേ എല്ലുകളുടെയും രക്തത്തിന്റെയും മുടിയുടെയും സ്രവങ്ങളുടെയും കൂമ്പാരമാണ്‌ മനുഷ്യസ്‌ത്രീ.അതില്‍ നിന്നെന്താണ്‌ ഇത്ര അത്ഭുതകരമായി അനുഭവിക്കാനിരിക്കുന്നത്‌.വീണ്ടും ഞാന്‍ എന്നോട്‌ ചോദിച്ചു.കുറേ സങ്കല്‍പ്പങ്ങളുടെയും ഭയങ്ങളുടെയും അഭയത്തിന്റെയും അവ്യക്തരൂപമാണ്‌ ദൈവം.ദൈവത്തെ പരമിതപ്പെടുത്തുന്നത്‌ എന്തിനാണ്‌.അഥവാ ദൈവത്തെ പേടിക്കുന്നത്‌ എന്തിനാണ്‌.അതായത്‌ കുറേ കല്ലുകളുടെ അസാധാരണമായ കൂട്ടിയിടലാണ്‌ പിരമിഡ്‌.എന്നിട്ടും അത്‌ ലോകാത്ഭുതമായി മാറുന്നു.വാക്കുകളും അതേപോലെ കൂട്ടിയിടുന്നു.പക്ഷേ അതും അമ്പരപ്പിക്കുന്ന ഒരു കഥയോ നോവലോ ആയി മാറുന്നു.അപ്പോള്‍ പരിസരത്തുള്ളതിനെ കണ്ടെത്തുകയോ കാഴ്‌ചകൊണ്ട്‌ നമ്മള്‍ അഴിക്കുകയോ ചെയ്യുകയാണ്‌.അപ്പോഴാണ്‌ പിരമിഡ്‌ കല്ലുകൂട്ടമാവുന്നത്‌.ഒരു ക്ഷേത്രത്തെ,പള്ളിയെ,മോസ്‌കിനെ,ഗുരുദ്വാരയെ ഒക്കെ നമ്മള്‍ അറിവുകൊണ്ട്‌ അഴിക്കുകയാണ്‌.അല്ലെങ്കില്‍ പൊളിക്കുകയാണ്‌.അപ്പോള്‍ അത്‌ ഒരുകൂട്ടം കല്ലുകളുടെയും ഇഷ്‌ടികകളുടെയും കൂട്ടം മാത്രമാണ്‌.അവിടെ നമുക്ക്‌ മതാധ്യക്ഷന്മാരും പുരോഹിതന്മാരും പറഞ്ഞുവച്ചിട്ടുള്ള ദൈവത്തെ കണ്ടെത്താനാവുകയില്ല.ഇത്‌ പൗലോ കോയ്‌ലോ ആവിഷ്‌കരിക്കുന്നുണ്ട്‌.ജീവിതത്തിലേക്കുള്ള വെറോനിക്കയുടെ തിരിഞ്ഞുനടപ്പിനെ ഞാന്‍ സത്യസന്ധമായി സ്‌നേഹിക്കുന്നത്‌ ഇക്കാരണത്താലാണ്‌.കാര്യകാരണസഹിതമാണ്‌ കോയ്‌ലോയുടെ കഥാപാത്രങ്ങള്‍ പെരുമാറുന്നത്‌.ലോജിക്ക്‌ എന്നത്‌ കഥയിലും ജീവിതത്തിലും പ്രധാനമാണല്ലോ.
ആല്‍ക്കെമിസ്റ്റാണ്‌ ഞാന്‍ അദ്ദേഹത്തിന്റേതായി ആദ്യം വായിച്ച പുസ്‌തകം.(ലോകമെങ്ങും 65 മില്യന്‍ കോപ്പികള്‍ വിറ്റുപോയ പുസ്‌തകം.67 ലോകഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്‌തുപോയ പുസ്‌തകം.വായനക്കാരന്റെ വിസ്‌മയം.ഓരോ എഴുത്തുകാരന്റെയും ആസൂയ.അതല്ലേ ആല്‍ക്കെമിസ്റ്റ്‌?)പിന്നെ ഫിഫ്‌ത്‌ മൗണ്ടന്‍ ,വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു തുടങ്ങി ഒട്ടെല്ലാ നോവലുകളും വായിച്ചിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ചില പാട്ടുകളും പിന്നീട്‌ നെറ്റില്‍ പോയി തിരഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ ശ്രമിച്ചിട്ട്‌ കഴിഞ്ഞുമില്ല.എങ്കിലും അദ്ദേഹം അതൊന്നുമല്ല,നോവലിസ്റ്റാണ്‌.അതെനിക്കുറപ്പുണ്ട്‌.കാരണം പൗലോ കോയ്‌ലോ ലോകമെങ്ങും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.സരളമായ ഭാഷയിലൂടെ സംവദിച്ചുകൊണ്ടേയിരിക്കുന്നു.
എന്നെ സംബന്ധിച്ച്‌,മുന്നേ പറഞ്ഞപോലെ ഹുവാന്‍ റൂള്‍ഫോയെയോ ദസ്‌തയേവ്‌സ്‌കിയെയോ അതിശയിപ്പിക്കുന്ന നോവലിസ്റ്റല്ല ഈ ബ്രസീലിയന്‍ എഴുത്തുകാരന്‍ . ആല്‍ക്കെമിസ്റ്റിന്റെ ഇതിവൃത്തം തന്നെ നമ്മള്‍ ഭാരതീയര്‍ക്ക്‌ അസാധാരണമല്ല.യേശുവിന്റെ യാത്രകളും അത്ഭുതപ്രവര്‍ത്തികളും മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസവും നമുക്കന്യമല്ലാത്തതുപോലെ.(ഹൈറേഞ്ചില്‍ ജനിച്ചു ബാല്യകൗമാരം കഴിച്ച എനിക്ക്‌ ഹൈറേഞ്ചില്‍ കാണാത്ത ഒരു മാജിക്കല്‍ റിയലിസവും മാര്‍ക്കേസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌.)അതേസമയം കോയ്‌ലോ വിസ്‌മയിപ്പിക്കുന്നുണ്ട്‌.ആശയങ്ങളിലൂടെയും ഭാഷയിലൂടെയും.പൗലോയും ക്രിസും മരുഭൂമിയിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ (ദി വാല്‍കിരീസ്‌)ഒരെഴുത്തുകാരന്റെ തുടര്‍ച്ചയുടെയോ അനിവാര്യമാകുന്ന ചില ആവര്‍ത്തനങ്ങളുടെയോ കഥയോര്‍മ്മിപ്പിക്കുന്നുണ്ട്‌.കോയ്‌ലോയില്‍ ഭാരതീയത കൂടിയ അളവില്‍ കിടപ്പുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.അങ്ങനെയുള്ള ചില നിരീക്ഷണങ്ങളും വായിച്ചിട്ടുണ്ട്‌.ലാറ്റിനമേരിക്കന്‍ കടല്‍ത്തീരങ്ങളോടും ജീവിതത്തോടും നമുക്കുള്ള മമത പോലെ ഭാരതത്തിലെ ഗഹനമായ വിജ്ഞാനശ്രോതസ്സുകളോട്‌ ഒരു ബ്രസീലിയന്‍ എഴുത്തുകാരനും മമത ഉണ്ടാകാവുന്നതാണ്‌.
തീര്‍ച്ചയായും പൗലോ കോയ്‌ലോ എന്ന എഴുത്തുകാരനില്‍നിന്നു കിട്ടുന്ന പ്രേരണകളാണ്‌ എന്നെ സംബന്ധിച്ച്‌ പ്രധാനം.സഞ്ചാരിയുടെ കുതൂഹലങ്ങള്‍ എന്നും എഴുത്തുകാരന്റെ അതിന്ദ്രീയ മനോവ്യാപാരങ്ങള്‍ എന്നും ആ അറിവുകളെ വിളിക്കാം.അതുകാരണമാണ്‌ എനിക്ക്‌ നൂതനമായിരിക്കാനും സാധിക്കുന്നത്‌.

(കറന്‍റ് ബുക്സ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചത് )

Monday, October 1, 2012

തിലകം


പുല്ലുകള്‍ വളര്‍ന്ന ഒരു ഭൂപ്രദേശം മനസ്സില്‍ കാണുക.നമ്മുടെ ചുറ്റിനും കാലങ്ങളായിട്ടുള്ളതാണ്‌ അത്‌.ഇപ്പോഴാണ്‌ നമ്മളതിനെ ശ്രദ്ധിക്കുന്നതെന്നുമാത്രം.ഇടക്കിടെ മരങ്ങള്‍ .പലതും പടര്‍ന്നു പന്തലിച്ചത്‌.ചിലത്‌ ഒറ്റപ്പെട്ടത്‌.പലതിലും കിളികള്‍ കുടുകെട്ടിയത്‌.കിളികള്‍ വന്നിരിക്കുകപോലും ചെയ്യാത്തതും.ചിലതിനുതാഴെ മൂര്‍ഖന്‍ പാമ്പുകളും പഴുതാരകളും വസിക്കുന്നുണ്ട്‌.പുല്ലുകള്‍ക്കിടയില്‍ കല്ലുകള്‍ .വലിയ പാറക്കെട്ടുകള്‍ .കുട്ടികള്‍ കണ്ടാല്‍ പെറുക്കി കീശയിലാക്കുന്നതരം വെള്ളാരങ്കല്ലുകളുമുണ്ട്‌ അവയ്‌ക്കിടയില്‍ .പ്രാണികളുണ്ട്‌.ശലഭങ്ങളുണ്ട്‌.തേന്‍കുടിക്കുന്ന ചെറുപക്ഷികള്‍ക്കിണങ്ങിയ വിധത്തില്‍ കാണപ്പെടുന്ന പൂക്കളും പൂച്ചെടികളുമുണ്ട്‌.അതിനൊക്കെയിടയില്‍ കുറ്റിച്ചെടികളും പതുങ്ങിയിരിക്കുന്ന കാറ്റുമുണ്ട്‌.കാറ്റിനൊപ്പം പരക്കുന്ന സുധന്ധവും ദുര്‍ഗന്ധവുമുണ്ട്‌.മേലെ ആകാശമുണ്ട്‌.താഴെ അടരടരുകളായി മണ്ണും.
ഋതുഭേദങ്ങള്‍ മാറുന്നു.അതും നമ്മളറിയുന്നില്ല.നമ്മള്‍ ശ്രദ്ധിക്കുന്നില്ല അതൊന്നും.മഞ്ഞുകാലത്ത്‌ മരങ്ങളും മണ്ണും പാറകളും വിറങ്ങലിക്കുന്നു.ആകാശം വിളറുകയും നിറം വയ്‌ക്കുകയും ചെയ്യുന്നു.വേനല്‍ക്കാലത്ത്‌ അവ ആഹ്ലാദിക്കുന്നു.വേനലിനൊപ്പം വരുന്ന വസന്തകാലമാകട്ടെ പ്രപഞ്ചത്തെത്തന്നെ ശിശുക്കളെപ്പോലെ ഹര്‍ഷോന്മാദികളാക്കും.മഴക്കാലത്ത്‌ വിത്തുകള്‍ വീഴുകയും മണ്ണ്‌ അവയ്‌ക്കായി പുതിയ സ്ഥലങ്ങള്‍ ഒരുക്കുകയും ചെയ്യും.പൂക്കള്‍.ചിലത്‌ നിറമില്ലാത്തത്‌.മണമില്ലാത്തത്‌.ചിലത്‌ കൊതിപ്പിക്കുന്നതും മദിപ്പിക്കുന്നതും മറക്കാന്‍ സമ്മതിക്കാത്തതും.
ആ പ്രദേശത്തുകൂടി യാത്ര ചെയ്യുകയായിരുന്നു.പല പല കാലങ്ങളില്‍ .അപ്പോളൊക്കെ അവിടെ കരിയിലകള്‍ വീഴുന്നുണ്ടായിരുന്നു.വീഴുന്ന കരിയിലകള്‍ മണ്ണിലേക്ക്‌ ലയിക്കുകയായിരുന്നു.ഇല കനം കുറഞ്ഞ്‌ കനം കുറഞ്ഞ്‌ മണ്ണിന്റെ ഏറ്റവും ഉപരിതലത്തോട്‌ ചേര്‍ന്ന്‌ മാഞ്ഞുപോകുന്ന പ്രക്രിയ നോക്കിനില്‍ക്കുന്നതാരായിരിക്കാം.!തീര്‍ച്ചയായുമത്‌ കുറുനരികളോ സിംഹങ്ങളോ ആയിരിക്കാനിടയില്ല.ചിതലുകളും ചെറിയ പ്രാണികളുമായിരിക്കും ഒരു കരിയിലയുടെ ഭൂമിയിലേക്കുള്ള അപ്രത്യക്ഷമാകല്‍ കണ്ടിരിക്കാനിട.ചിലപ്പോള്‍ കരിയിലനിറവും തീക്ഷ്‌ണമഞ്ഞനിറവുമുള്ള ശലഭങ്ങള്‍ ഇലയുടെ ഫോസിലിനുമീതെ അല്‌പംകാലം വിശ്രമിച്ചിരിക്കാം.അവയോട്‌ കരിയിലയുടെ അസ്ഥികള്‍ അവസാനത്തെ ഉറക്കത്തെപ്പറ്റി ദീര്‍ഘമായി സംസാരിച്ചിരിക്കാം.എന്നാലും മടുക്കുന്നില്ലല്ലോ നമുക്ക്‌.എന്തൊരു വൈവിദ്ധ്യമാണ്‌ ഭൂമിയിലെ കാഴ്‌ചകള്‍ക്ക്‌!
ഇനി അല്‌പം ചിന്ത.ഈ ഭൂമിയില്‍ എവിടെയെല്ലാം കാണാം ഇത്തരം സ്ഥലങ്ങളും സന്ദര്‍ഭങ്ങളും.ഇലകളുടെ മരണത്തെക്കുറിച്ച്‌ നാം ചിന്തിക്കാറില്ല.ഇലകള്‍ മരിക്കേണ്ടതുതന്നെയാണെന്നും അത്‌ അനുസ്‌മരിക്കപ്പെടേണ്ടതല്ലെന്നും നാം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.പുലിയുടെ വിശപ്പിനെപ്പറ്റി നാമാലോചിക്കാറേയില്ല.പുലി എല്ലാ കാലത്തും പുലികളും ഈച്ചകള്‍ എല്ലാ കാലത്തും ഈച്ചകളുമാണെന്നാണ്‌ നമ്മള്‍ കരുതുന്നത്‌.പൂച്ചകളാകുകയാണ്‌ ചില പുലികള്‍ ചില കാലങ്ങളില്‍.എന്നാലും പൂച്ചകള്‍ക്കൊരിക്കലും പുലികളാകാന്‍ കഴിയുകയില്ല.നാട്ടിലിറങ്ങി നാശനഷ്‌ടം വരുത്തിയ പുലിയെ കെണിയൊരുക്കി പിടിച്ച്‌ കൊന്നിട്ട്‌ പോസ്‌ററ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ വൈദ്യന്‍ അസന്നിഗ്‌ധമായി വിധിയെഴുതുന്നു.പുലിയുടെ ആമാശയത്തില്‍ ഭക്ഷണം ചെന്നിട്ട്‌ ആഴ്‌ചകളായിരിക്കുന്നു.!പുലിയുടെ ക്ഷോഭത്തോടാണ്‌ നമ്മുടെ പക.പുലിയുടെ വിശപ്പിനോടോ വിശപ്പ്‌ എല്ലാവര്‍ക്കും ബാധകമാണെന്നും അത്‌ പരിഹരിക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുബോധത്തോടോ കടമയോടോ അല്ല.
തിലകന്‍ എന്ന അഭിനേതാവ്‌ മരിച്ചുപോയി.ആരായിരുന്നു തിലകന്‍ .?ഒരില.ഒരു ചെന്നായ.ഒരു ഒറ്റയാന്‍ .മരുഭൂവിലെ ഒരു മരം.കൊടുങ്കാട്ടിലെ ഏകാന്തനായ ഒരു വൃക്ഷം.പൊയ്‌കയിലെ തളിര്‍ജലത്തിനുമീതെ അഭ്യാസം കാട്ടുന്ന ഒരു നീര്‍ക്കുതിര.മരത്തില്‍ നിന്നു മരത്തിലേക്ക്‌ വല കെട്ടുന്ന ചിലന്തി.അനേകം മനുഷ്യര്‍ക്കിടയില്‍ രക്തമുണ്ടായിരുന്ന ഒരു ജീവി.സ്വന്തം രക്തത്തെ വെള്ളമായി സങ്കല്‍പ്പിക്കുന്നിടത്ത്‌ രക്തത്തെ രക്തമായി തിരിച്ചറിയുന്നതാണ്‌ ജീവിയുടെ സത്യം.
മരങ്ങള്‍ക്ക്‌ തണുക്കും.പാറകള്‍ക്ക്‌ പൊള്ളും.പ്രാണികള്‍ക്ക്‌ രോഗങ്ങള്‍ വരും.വിത്തുകള്‍ പൊട്ടുമ്പോള്‍ മണ്ണിന്‌ വിറ വരും.നമ്മളത്‌ അിറയുന്നേയില്ല.തിരിച്ചറിവുകളില്ലാത്ത നമ്മള്‍ ആരാണ്‌?ശരിയാണ്‌.ആ പ്രദേശം എല്ലാക്കാലത്തേക്കുമായി അങ്ങനെ കിടക്കുന്നു.അവിടെ പാറകളും പറവകളും ജന്തുക്കളുമുണ്ട്‌.ആനകളും കഴുതകളും മുല്ലകളും നക്ഷത്രങ്ങളുമുണ്ട്‌.കാറ്റും വെളിച്ചവും മഞ്ഞും മഴയും പൊടിപടലങ്ങളുമുണ്ട്‌.എന്നിട്ടും അത്‌ അങ്ങനെ നിലകൊള്ളുന്നു.അതായിത്തന്നെ തുടരുന്നു.കൂസാതെ.
തിലകന്‍ എന്ന അഭിനേതാവിനെ തിരശ്ശീലയിലാണ്‌ എനിക്കേറെ പരിചയം.`കോലങ്ങള്‍' എന്ന സിനിമ മറക്കാനാവില്ല.കള്ളുവര്‍ക്കിയെയും.കെ.ജി ജോര്‍ജ്ജിനെയും.`നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമ മറക്കാനാവില്ല.അത്‌ ഒരിക്കലേ കണ്ടിട്ടുള്ളൂ.അതിന്റെ തിരക്കഥ പാതി വരെയേ ഇന്നും വായിച്ചിട്ടുള്ളൂ.പത്മരാജനോടും തിലകനോടുമുള്ള ആദരവോടെയാണ്‌ പറയുന്നത്‌.അത്‌ അവരുടെ വിജയമായിരുന്നു.എഴുത്തുകാരന്റെയും നടന്റെയും.എഴുതിയുണ്ടാക്കിയ കഥാപാത്രത്തിന്‌ ഒരു നടന്‍ വന്ന്‌ ഭാവം പകരുമ്പോള്‍ പ്രപഞ്ചത്തെയാണ്‌ ഓര്‍മ്മ വരിക.പ്രപഞ്ചത്തിലെ ചരാചരങ്ങളെയും.നടന്‍ പ്രതിനിധാനം ചെയ്യുന്നത്‌ ചരാചരങ്ങളുടെ സവിശേഷ ഭാവങ്ങളെയാണ്‌.അല്ലാതെ മറ്റൊരു മനുഷ്യന്റെ ഭാവഹാവാദികളെയല്ല.അത്‌ മിമിക്രിയാണ്‌.സ്വാംശീകരണമല്ല.സ്വാംശീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവന്റെ മൗനമാണ്‌ ഋതുക്കളെ ഓര്‍മ്മിപ്പിക്കുക.ഓരോ ഋതുവും മൗനമാണ്‌.മൗനത്തിനൊടുവില്‍ മണ്ണിനെ വിറപ്പിച്ചുകൊണ്ട്‌ ഒരു വിത്ത്‌ പൊട്ടുന്നു.എഴുത്തുകാരനും നടനും ആ വിറയലിന്‌ വഴിയൊരുക്കുന്ന ശക്തികളാണ്‌.അതാണ്‌ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ തിലകനെ വെറുക്കുന്നതും ഒരു സിനിമയെത്തന്നെ(സൃഷ്‌ടിയെത്തന്നെ)അമ്പരപ്പോടെ സമീപിക്കാന്‍ മടിക്കുന്നതും.ഒരിക്കലേ `കിരീടം' കണ്ടിട്ടുള്ളൂ.അത്‌ അവിടെത്തന്നെ പതിഞ്ഞുകിടക്കുകയാണ്‌.വീണ്ടും കാണേണ്ടതില്ല.നാടകമാണ്‌ വീണ്ടും കാണേണ്ടത്‌.നാടകത്തിലാണ്‌ നടന്‍ ഒരുവേഷം മാറിമാറി അഭിനയിക്കുന്നത്‌.സിനിമയില്‍ നടന്‍ ഒരിക്കലേ അഭിനയിക്കുന്നുള്ളൂ.അത്‌ യഥാര്‍ത്ഥ കാണി ഒരിക്കലേ കാണുന്നുള്ളൂ.ഞാനിപ്പോള്‍ `ദി റേ' എന്ന അനശ്വര ചലച്ചിത്രം ഓര്‍ക്കുന്നു.റേ ചാള്‍സ്‌ എന്ന പാട്ടുകാരന്റെ ജീവിതത്തെ ആസ്‌പദമാക്കി ടെയ്‌ലര്‍ ഹാക്ക്‌ ഫോഡ്‌ സംവിധാനം ചെയ്‌ത്‌ റേ ആയി ജാമി ഫോക്‌സ്‌ അഭിനയിച്ച വിഖ്യാത ചലച്ചിത്രം.അങ്ങനെ ഒരു ബയോഗ്രാഫിക്കല്‍ സിനിമ തിലകനെക്കുറിച്ചും ഉണ്ടാവേണ്ടതുണ്ട്‌.പക്ഷേ അതില്‍ ആരഭിനയിക്കും തിലകനായി!തിലകന്റെ പുലര്‍കാലത്തെ മരണസമയം നാം ഓര്‍മ്മിക്കുക.ജീവിതം വച്ച്‌ ശരിയാക്കിയ കണക്കു തെറ്റിക്കുന്നവരാണ്‌ പ്രതിഭകള്‍.
ആദ്യമായി `പകല്‍ ' എന്ന ചലച്ചിത്രത്തിന്‌ തിരക്കഥയൊരുക്കുമ്പോള്‍ എനിക്കറിയുമായിരുന്നില്ല അതില്‍ തിലകന്‍ അഭിനയിക്കുമെന്ന്‌.പക്ഷേ അതിലെ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ എഴുതുമ്പോള്‍ ശക്തനായ ഒരു നടന്‍ ചമയങ്ങളില്ലാതെ നടനായിത്തന്നെ എന്റെ അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു.എഴുതിത്തീര്‍ത്ത്‌ സ്‌ക്രിപ്‌റ്റ്‌ കൊടുക്കുന്നതും കാത്ത്‌.തിലകന്‍ ചേട്ടനാണ്‌ പകലിലെ കുഞ്ഞപ്പനായത്‌.ആദ്യദിവസം മുതല്‍ അവസാനദിവസം വരെ കാമറയ്‌ക്കും മോണിറ്ററിനും മുന്നില്‍ നിന്ന്‌ ഞാനാ മനുഷ്യനെ കണ്ടുകൊണ്ടിരുന്നു.അന്ന്‌ ഒന്നിച്ചെടുത്ത ഫോട്ടോകള്‍ പോലും ഇന്നെന്റെ കൈയിലില്ല.തിലകന്‍ ചേട്ടന്റെ ഒപ്പം ഞാന്‍ നില്‍ക്കുന്ന ഒരു ഫോട്ടോയല്ല ഓര്‍മ്മയില്‍ വേണ്ടത്‌.ഞാനെഴുതിയ സ്‌ക്രിപ്‌റ്റ്‌ കൈയില്‍ വാങ്ങി വായിച്ച്‌ അതിനെപ്പറ്റി സംസാരിക്കുന്ന അഭിനേതാവിന്റെ അകത്തുനിന്നു വരുന്ന ഊര്‍ജ്ജമാണ്‌.ആ ഊര്‍ജ്ജം ഞാന്‍ തിരിച്ചറിയുന്നു.എന്നെയൊക്കെ വീണ്ടും എഴുത്തുകാരനാക്കി നിലനിര്‍ത്തിയതിനുപിന്നില്‍ കലാകാരനുണ്ടായിരിക്കേണ്ട ആ ഊര്‍ജ്ജത്തിന്റെ ഓര്‍മ്മപ്പെടുത്തലുണ്ട്‌.
മഴ പെയ്യുന്നു.ഇലകള്‍ മഴയില്‍ താഴുന്നു.ചിലയിടങ്ങളില്‍ വെയില്‍ പരക്കുന്നു.പക്ഷികള്‍ താഴ്‌ന്നു പറക്കുന്നു.കാറ്റ്‌ സമ്മിശ്രഗന്ധങ്ങളുമായി നിരന്തരം പ്രവഹിക്കുന്നു.പ്രപഞ്ചം നിലകൊള്ളുന്നു.ഊര്‍ജ്ജത്തിന്മേല്‍.അപാരമായ ഊര്‍ജ്ജപ്രവാഹങ്ങളില്‍ ഊറ്റം കൊള്ളുന്നു.തിലകന്‍ അത്തരത്തിലൊരു മഹാമേരുവായി നിലകൊള്ളുന്നുണ്ട്‌,സദാ.
എന്നും യുവാവായിരുന്ന ഒരാളാണ്‌ തിലകന്‍.വൃദ്ധനായും ക്ഷോഭിക്കുന്നവനായും മരണപ്പെട്ടവനായും വേഷം കെട്ടുകമാത്രമാണ്‌ അദ്ദേഹം ചെയ്‌തിട്ടുള്ളത്‌.

(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)

Wednesday, September 26, 2012

സമസ്‌തദേശം.കോം


ച്ഛന്റെ തറവാടും അച്ഛന്‍ പെങ്ങളുടെ പഴയ വീടും കാഞ്ഞിരോട്ടെ ഇടവഴികളും തറികളുടെ കുളമ്പൊച്ചകളും സ്വര്‍ണ്ണം പോലെ തിളങ്ങിയിരുന്ന പിച്ചളപ്പാത്രങ്ങളും തണുത്ത കിണര്‍വെള്ളവും വിശാലമായ അടുക്കളത്തളവും ചീരച്ചെടികള്‍ വക്കുപിടിപ്പിച്ച വഴിത്താരകളുമായിരുന്നു വാസ്‌തവത്തില്‍ എന്റെ പ്രിയനാടിന്റെ അടയാളങ്ങളാവേണ്ടിയിരുന്നത്‌.കാരണം എന്റെ രക്തത്തിലെ ദേശം കണ്ണൂര്‍ഗ്രാമത്തിന്റെതാണ്‌.അച്ഛന്‍ അടിമുടി കണ്ണൂരുകാരനായിരുന്നു.ഭാഷയിലും പ്രകൃതത്തിലും മനോഭാവത്തിലും.(ഇപ്പോള്‍ ,എന്റെ അനിയന്റെ എറണാകുളത്ത്‌ പിറന്നുവീണ മകളും പറയും,`എനക്ക്‌ വേണ്ട'എന്ന്‌.എന്തൊരു വിസ്‌മയം!ജീനുകള്‍ കുലം ചൂണ്ടിക്കാട്ടുന്നു.)
കണ്ണൂരിലായിരുന്നു എന്റെ ബാല്യമെങ്കില്‍ ഞാന്‍ മറ്റൊരാളായിത്തന്നെ തീരുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമൊന്നുമില്ല.കണ്ണൂര്‍ ഗ്രാമങ്ങളിലായിരുന്നു ജീവിതമെങ്കില്‍ -അച്ഛമ്മ മരിക്കുംമുന്നേ ഒരവധിക്കാലത്ത്‌ കുട്ടികളായ ഞങ്ങളെ കണ്ടപ്പോള്‍ അച്ഛനോട്‌ ചോദിച്ചത്‌,ഓനെന്താ പണി,ബീഡിപ്പണിയാണോ എന്നായിരുന്നു.അന്നത്‌ കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി.ഇതെന്തൊരു നാടാപ്പാ എന്നായിരുന്നു മനസ്സില്‍ !-നെയ്‌ത്തോ ബീഡിതെരപ്പോ വണ്ടിപ്പണിയോ തെരഞ്ഞെടുത്തില്ലെങ്കിലും ഇടതുപക്ഷവിശ്വാസിയായില്ലെങ്കിലും മറ്റൊരാളായി ഞാന്‍ മാറുമായിരുന്നു.പക്ഷേ എന്നിലെ എഴുത്തുകാരന്‍ മരിക്കുമായിരുന്നില്ല.കാരണം,കുട്ടിക്കാലത്ത്‌ സെന്റ്‌ ഏഞ്‌ജലോ കോട്ടയില്‍ പോയിരുന്ന സായാഹ്നങ്ങളില്‍ കണ്ട കടല്‍ എന്നോട്‌ അത്രയധികം കടല്‍ക്കാര്യങ്ങളും ചരിത്രഗാഥകളും സംസാരിച്ചിട്ടുണ്ട്‌.അവിടുത്തെ കടപ്പുറത്തെ പൊരിവെയിലില്‍ തിളങ്ങിക്കിടന്ന പൊടിമീനുകളുടെ ശവങ്ങള്‍ കഥകള്‍ പറഞ്ഞിട്ടുണ്ട്‌.കണ്ണൂരില്ലായിരുന്നെങ്കില്‍,അതിന്റെ പുരാവൃത്തവും ദൈവങ്ങളും എണ്ണില്ലാത്ത തെയ്യങ്ങളും തെയ്യം കെട്ടുന്നവരും അച്ഛന്റെ തറവാട്ടിലെ കുടുംബക്കാവും കാവിലെ മരങ്ങളും കാവില്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള വനദേവതയും അയല്‍വാസിയായ സാക്ഷാല്‍ മുത്തപ്പനും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്തുകാരനാകുമായിരുന്നില്ല.
മലബാറുകാരുടെ പ്രത്യേകിച്ച്‌ കണ്ണൂരുകാരുടെ പ്രിയദൈവമായ മുത്തപ്പന്റെ പല കഥകളും കുട്ടിക്കാലത്ത്‌ കേട്ടിട്ടുള്ളത്‌ എന്നില്‍ വിശ്വാസത്തിലുപരിയായ നന്മകള്‍ വളര്‍ത്തിയിട്ടുണ്ട്‌.ദൈവത്തെക്കാളുപരി ഒരു മുത്തച്ഛനോട്‌ തോന്നുന്ന ആരാധനയും വിശ്വാസവുമാണ്‌ മുത്തപ്പനോടുണ്ടായിട്ടുള്ളത്‌.അതില്‍ നായകളോടൊപ്പമുള്ള സഹവാസവും കള്ളും മീനും എന്ന പ്രസാദലാളിത്യവും വീരപരിവേഷമില്ലാതെയുള്ള ആവിര്‍ഭാവവും നിലനില്‍പ്പും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്‌.തെയ്യക്കാലവും തെയ്യങ്ങളും ഒരു ഊറ്റമായി ചോരയില്‍ നിറയാത്തത്‌ ഞാനെന്നും കണ്ണൂരിലെ അതിഥിയായിമാത്രം ജീവിച്ചതുകൊണ്ടാവാം.ആവശ്യങ്ങള്‍ വരുമ്പോള്‍ പോയിവരുന്ന അതിഥിയാണല്ലോ ഇന്നും ഞാന്‍ .
പണ്ട്‌,വയലുകള്‍ കരയാകുംമുമ്പ്‌,അച്ഛന്റെ ബന്ധുവീടുകളില്‍ പോകുമ്പോള്‍ കാക്കപ്പൂവുകള്‍ വിരിഞ്ഞുകിടക്കുന്ന വരമ്പുകള്‍ ചവിട്ടുമായിരുന്നു.മേമമാരും മാമന്മാരും പരിചയപ്പെടാന്‍ വരുമായിരുന്നു.അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവര്‍ക്കും കേള്‍വിയില്‍ കൗതുകം നിറച്ചിട്ടുണ്ട്‌.വീടുകളില്‍ എനിക്കപരിചിതമായ സല്‍ക്കാരങ്ങളും സ്‌നേഹവചസ്സുകളും എന്നെ കാത്തിരിക്കുന്നുണ്ടായിരിക്കും.ചരല്‍ക്കുന്നുകളില്‍ പോയിരിക്കുമ്പോള്‍ കാണുന്ന കാഴ്‌ചകള്‍ സ്ഥലരാശികളുടെ അകലത്തെ അളന്നുതരുമായിരുന്നു.
അമ്മയുടെ നാടായ എറണാകുളത്തെ തൃക്കാരിയൂരിനും ഞാന്‍ ജനിച്ചുവളര്‍ന്ന ഇടുക്കിയിലെ വെള്ളത്തൂവലിനും കണ്ണൂര്‍ഗ്രാമങ്ങള്‍ക്കും ഇടയില്‍ എന്തൊരു അന്തരം!വിസ്‌മയിച്ചിട്ടുണ്ട്‌ വല്ലാതെ.ഓരോ അവധിക്കാലവും ദൂരദേശങ്ങളില്‍ ചെലവിട്ട്‌ തിരിച്ചുവരുമ്പോള്‍ അവിടുന്നുകിട്ടിയ ദേശവിശേഷങ്ങള്‍ മനസ്സിലും തലയിലും വന്നുനിറയും.അമ്മയുടെ അനുജത്തിമാരും അമ്മാവന്മാരും പല ജില്ലകളിലായിരുന്നു കുടുംബസ്ഥരായത്‌.അതായിരുന്നു അതിനുള്ള കാരണം.മലപ്പുറത്ത്‌,കോഴിക്കോട്‌,പത്തനംതിട്ടയില്‍ ,അട്ടപ്പാടിയില്‍ ,ഇടുക്കിയില്‍ .. മഞ്ചേരി ഇളയൂരിലെ പൊതുവായനശാല എന്നെ മടിയിലിരുത്തി സമൃദ്ധമായി ഊട്ടിയിട്ടുണ്ട്‌ ഏറെക്കാലം.കുട്ടിക്കാലത്തെ മഞ്ചേരിവാസക്കാലം പലനിലയിലും സമ്പന്നമായിരുന്നു.വേറെ ഭാഷയും ഭക്ഷണവും സമുദായവും ആചാരങ്ങളും എന്നെ സ്വീകരിച്ചു.ഒരു പുസ്‌തകത്തിലും ഞാന്‍ ചേര്‍ത്തിട്ടില്ലാത്ത ആദ്യകാലകഥകളില്‍ പലതും എഴുതുന്നത്‌ ആ കാലത്തും മറ്റുമാണ്‌.`മൈമൂന' എന്ന കഥയിലെ മൈമൂന ഇപ്പോഴെവിടെയാവും?
ഇങ്ങനെ ചെറുപ്പത്തിലേ തന്നെ യാത്രകളും വ്യത്യസ്‌തമായ ഊരുകളും പരിചിതമാവുകയാണ്‌.ഭാഷകളും ആചാരങ്ങളും കലരുകയാണ്‌.ദേശങ്ങള്‍ അടുത്തുകാണുകയാണ്‌.പല പല അടരുകളിലും വിതാനങ്ങളിലും അവയെയെല്ലാം അനുഭവിക്കുകയാണ്‌.നൂതനവും നവ്യവുമായ അനുഭവമായി രൂപപ്പെടുകയാണ്‌ ഓരോ ദേശവും ദേശത്തെ ജീവിതങ്ങളും.
എന്നിട്ടും പില്‍ക്കാലത്ത്‌ ഞാനെങ്ങനെയാണ്‌ പാലക്കാടിനെ ഇത്രകണ്ട്‌ സ്‌നേഹിച്ചുപോയത്‌?എന്റെ കൗമാരത്തിന്റെ കടപ്പാടായിരിക്കാം അത്‌.ഇഷ്‌ടദേശം പറയാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യമെന്റെ നാവില്‍ വരിക പാലക്കാടാണ്‌.പാലക്കാട്‌ തന്നെ അട്ടപ്പാടി മേഖലകളും മണ്ണാര്‍ക്കാട്‌ ഭാഗങ്ങളും അല്ല എനിക്ക്‌ പ്രിയം.ഏറനാട്‌ മുതല്‍ പാലക്കാട്‌ വരെയെത്തുന്ന വള്ളുവനാടന്‍ മണ്ണും പ്രകൃതിയും പട്ടണപ്പരിസരങ്ങളും മാത്രമാണ്‌.ഇന്നും പാലക്കാട്‌ പോയിവരുമ്പോള്‍ കിട്ടുന്ന മനസ്സുഖം മറ്റൊരു പ്രദേശവും എനിക്ക്‌ തരാറില്ല.ചിലപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌.കണ്ണൂരിലും പാലക്കാടും കാലത്തിന്റെ അടയാളമായ കോട്ടയുണ്ട്‌.അതാണോ ഈ രണ്ട്‌ നാടുകളോടുള്ള മമതയ്‌ക്ക്‌ നിദാനം.അതാവണമെന്നില്ല.എന്നാലും രണ്ട്‌ കോട്ടയും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഒരു ദശകക്കാലം മുമ്പാണ്‌ എഴുത്താവശ്യത്തിനായി അംശംദേശം എന്ന സാങ്കല്‍പ്പിക ഭൂപ്രദേശം ഞാനുണ്ടാക്കിയെടുത്തത്‌.അതെനിക്ക്‌ തന്നത്‌ കൂറ്റനാടും തൃത്താലയും കുമ്പിടിയും മേഴത്തൂരും വട്ടേനാടുമൊക്കെ ചേര്‍ന്ന നിളയുടെ കരയാണ്‌.അംശത്തിലെ വിരുന്നുകാര്‍,ചുടലയില്‍ നിന്നുള്ള വെട്ടം,വിമാനപ്പുര,ഒരു മരണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ തുടങ്ങിയ കഥകളിലൊക്കെ അംശംദേശം ആവര്‍ത്തിക്കുന്നുണ്ട്‌.ഒടുവിലത്തെ തച്ച്‌,വയസ്സ്‌ 50 എന്നീ കഥകളുടെ ഭൂമികയും വള്ളുവനാടും ഏറനാടും തന്നെയാണ്‌.അല്‌പം ഭ്രമാത്മകതയും സ്വപ്‌നാവസ്ഥയും മിത്തുകളും കടന്നുവരുന്ന ഒരു കഥയാലോചിക്കുമ്പോള്‍ ഞാനതിനെ അംശംദേശത്തിലേക്ക്‌ പറിച്ചുനടും.
അങ്ങനെയങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാട്ടുപ്രദേശങ്ങളും നാട്ടാചാരങ്ങളും മിത്തുകളും ഐതിഹ്യങ്ങളും തന്നെയാണ്‌ എന്റെ ഇന്ധനം.അതുകൊണ്ടുതന്നെ ഒന്നിനൊന്നു പ്രിയപ്പെട്ടതായി തീരുകയാണ്‌ ഓരോ ദേശവും എന്നതില്‍ തര്‍ക്കമില്ല.

(സമകാലിക മലയാളം വാരിക)

Monday, September 24, 2012

ഒരു ചെറുപ്പക്കാരന്റെ വീട്‌


ഥാകൃത്തും അധ്യാപകനുമായ എന്‍ .പ്രദീപ്‌കുമാര്‍ പാലക്കാട്‌ കൂറ്റനാടിനടുത്ത്‌ പുതിയ വീട്‌ വച്ച്‌ താമസം മാറിയത്‌ കഴിഞ്ഞ മാസം 27 നാണ്‌.അന്നെനിക്ക്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.പക്ഷേ സ്ഥലം വാങ്ങിയപ്പോഴും വീട്‌ പണി തുടങ്ങിയപ്പോഴും പ്രദീപിന്റെ കൂടെ ഞാനവിടെ പോയിട്ടുണ്ടായിരുന്നു.വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള പരിചയമായിരുന്നു ഞങ്ങളുടെത്‌.രണ്ടുകൊല്ലം മുമ്പ്‌ ദെല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നു ക്ഷണിക്കപ്പെട്ട രണ്ടുപേരും ഞങ്ങളായിരുന്നു.`കൊങ്കണ്‍കന്യാ എക്‌സ്‌പ്രസും' `പൂച്ചയും' `ഒരു നിരൂപകന്റെ മരണവും അനുബന്ധസാഹിത്യസമീപനങ്ങളും' `കടല്‍ ഒരു കരയെടുക്കുന്നു' തുടങ്ങിയ എന്‍ .പ്രദീപ്‌കുമാറിന്റെ കഥാപുസ്‌തകങ്ങളും വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ.
വീടുകേറിത്താമസം ഗംഭീരമായി ആഘോഷിക്കണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹം.ഞാനടക്കമുള്ള പല സ്‌നേഹിതരെയും കാലേകൂട്ടിത്തന്നെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തിരുന്നു.പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കന്ന്‌ പങ്കെടുക്കാനാവുമായിരുന്നില്ല.എന്റെ ഒഡീഷദിനങ്ങളിലൊന്നിലായിരുന്നു അത്‌.ആ വിഷമം തീര്‍ക്കാന്‍ നാട്ടിലെത്തിയ ഉടനെ ഞാന്‍ പ്രദീപിന്റെ സ്ഥലത്തെത്തി.ഇനിയുള്ള വിവരണം അവിടെയെത്തിയശേഷം കണ്ടതും,നിങ്ങളും കാണേണ്ടതും അറിയേണ്ടതുമായ ചില പ്രധാന കാര്യങ്ങളെക്കുറിച്ചാണ്‌.
ഇരുപത്തഞ്ച്‌ സെന്റ്‌ സ്ഥലമാണ്‌ അദ്ദേഹം വാങ്ങിയിട്ടുള്ളത്‌.അറിയാമല്ലോ ഇന്ന്‌ നല്ല സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ട്‌.അതിനെക്കാള്‍ പ്രയാസമാണ്‌ ഒരു വീട്‌ കെട്ടിപ്പൊക്കാനുള്ള ബദ്ധപ്പാട്‌.അപ്പോള്‍ സ്ഥലം വാങ്ങുകയും കടം വാങ്ങിയാണെങ്കിലും(ഇക്കാലത്ത്‌ ആര്‍ക്കാ കടമില്ലാത്തത്‌?ആരാ വാടകക്കാരല്ലാത്തത്‌?)വീട്‌ കേറ്റുകയും ചെയ്യുന്നവരുടെ ചെറുതല്ലാത്ത സന്തോഷത്തില്‍ നമ്മളും കൂടുകതന്നെ വേണം.അങ്ങനെ ഞാനവിടെയെത്തി.നല്ല പച്ചപ്പുള്ള ഒരു പറമ്പിലാണ്‌ പ്രദീപിന്റെ പ്ലോട്ട്‌.പാലക്കാടന്‍ ഗ്രാമങ്ങള്‍ ഇന്നും അങ്ങനെതന്നെ.പക്ഷേ പലതും വെറുതെ പച്ച പിടിച്ചുകിടക്കുന്നതായിരിക്കുമെന്നുമാത്രം.
പ്രദീപ്‌കുമാറിന്റെ വീടിനുമുന്നിലായി പുതിയ മതില്‍ കെട്ടിയിട്ടുണ്ട്‌.നോക്കുമ്പോള്‍ മതിലിലെല്ലാം കുത്തനെയുള്ള ദ്വാരങ്ങള്‍.മനപൂര്‍വ്വം വിടവിട്ട്‌ മതില്‍ പണിതിരിക്കുന്നതാണതെന്ന്‌ മനസ്സിലായി.ഗേറ്റ്‌ എന്നു പറഞ്ഞാല്‍ അടച്ചിട്ടാലും അകത്തിരിക്കുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും പരസ്‌പരം കാണാവുന്ന വിധത്തിലാണ്‌.അതായത്‌ വല്ല പോസ്റ്റുമാനോ അയല്‍ക്കാരനോ പാല്‍ക്കാരനോ ഒക്കെ വന്നാല്‍ ഗേറ്റ്‌ തുറന്നോ തുറക്കാതെയോ അവരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന വിധം.മുറ്റത്ത്‌ ചരലാണ്‌ വിരിച്ചിരിക്കുന്നത്‌.അതും അഞ്ചടി വീതിയില്‍ നടക്കാനുള്ള ഭാഗം മാത്രം.ബാക്കിഭാഗമൊക്കെ ഇഷ്‌ടികവച്ച്‌ അതിരിട്ട്‌ പഴയമട്ടില്‍ മണ്‍മുറ്റമായി ഇട്ടിരിക്കുന്നു.വീട്‌ നോക്കി.ഒറ്റനിലയേ ഉള്ളോ എന്ന്‌ അമ്പരപ്പായി എനിക്ക്‌.ഇപ്പോഴാരാണ്‌ ഒറ്റനില വീട്‌ പണിയുക.?ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരു കുട്ടിക്കും വേണ്ടി താഴെയും മുകളിലും മൂന്ന്‌ കിടപ്പുമുറികളും അത്രതന്നെ കക്കൂസുകളുമുള്ള വീട്‌(വീടോ?)പണിയുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍.കാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ട്‌ കാറിടാനുള്ള കാര്‍പ്പോര്‍ച്ചും പണിതിടും.കാരണം, ഭയങ്കരമായ ബുദ്ധിമാന്‍മാരാണ്‌ നമ്മള്‍ എന്നു നാട്ടുകാരെ അറിയിക്കണം.ഇതിപ്പോ അങ്ങനെയൊന്നുമല്ല.പ്രദീപിനും ഭാര്യ പ്രസീദയ്‌ക്കും മകന്‍ മഹാദേവനും കൂടി രണ്ട്‌ ബെഡ്‌റൂമും അടുക്കളയും ഇരിപ്പുമുറിയുമുള്ള ചെറിയ വീട്‌.അത്യാവശ്യം അതിഥികളെ സല്‍ക്കരിക്കാനും കിടത്താനുമുള്ള സൗകര്യങ്ങള്‍ക്ക്‌ അതുമതി.മുകളിലേക്കുള്ള ഗോവണി പണിതിട്ടിട്ടുണ്ട്‌.അത്‌ കയറിച്ചെല്ലുന്നിടത്ത്‌ ചെറിയൊരു സ്ഥലം കണ്ടെത്തി വലിയ ബുക്ക്‌ഷെല്‍ഫ്‌.അതില്‍ നിറയെ പുസ്‌തകങ്ങള്‍ .വേണമെങ്കില്‍ അവിടെ ഒരു കസേരയിട്ടിരുന്ന്‌ വായിക്കാനുള്ള സൗകര്യവുമുണ്ട്‌.അത്രയേയുള്ളൂ.മതിയല്ലോ.
എനിക്ക്‌ വലിയ മതിപ്പായി.പ്രദീപിനെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി മുറ്റം ചുറ്റി.പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്നറിയില്ല.കൃത്യമായ പദ്ധതിയോടെ തയ്യാറാക്കിയിരിക്കുകയായിരുന്നു വീട്‌ കഴിഞ്ഞ്‌ മിച്ചമുള്ള സ്ഥലം.അവിടെ ഇലമുരിങ്ങ,ചെടിമുരിങ്ങ,കറിവേപ്പ്‌,ചീര,പയര്‍ ,പാവല്‍ ,കോവല്‍ ,വെണ്ട,വഴുതിനങ്ങ,വാഴ...തുടങ്ങി വീട്ടിലേക്ക്‌ വേണ്ട പച്ചക്കറികളെല്ലാം നട്ടിട്ടുണ്ടായിരുന്നു.ഞാനൊരു കോവയ്‌ക്ക പൊട്ടിച്ച്‌ ആര്‍ത്തിയോടെ ചവച്ചു.രാസവളസ്‌പര്‍ശമില്ലാത്തനിനാലാവും എന്തൊരു സ്വാദായിരുന്നു അതിന്‌!പിന്നെ പ്രദീപ്‌ ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി.അതിരുതീര്‍ത്ത്‌ ഇടവിട്ടിടവിട്ട്‌ മാവ്‌,പ്ലാവ്‌,ഇരുമ്പന്‍പുളി,കുടമ്പുളി,നെല്ലി,അരിനെല്ലി,പേര,ചാമ്പ,ചിക്കു,ചെറുനാരകം,കറിനാരകം,സപ്പോട്ട,കടപ്ലാവ്‌,തെങ്ങ്‌ അതില്‍ത്തന്നെ പതിനെട്ടാംപട്ടയും ചെന്തെങ്ങും ഇളനീരിനായുള്ള ഗംഗാഗുണ്ടും പിന്നെ തരാതരം വാഴകളും ഒട്ടുമാവുകളും.ശരിക്കും സമ്പല്‍സമൃദ്ധമായ പറമ്പ്‌.
ഒരു ചെറുപ്പക്കാരന്റെ വീടും പറമ്പും ഇന്നത്തെ കാലത്ത്‌ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌.കാരണമുണ്ട്‌.പലരെയും പോലെ അദ്ദേഹത്തിനും മുറ്റം കോണ്‍ക്രീറ്റ്‌ ചെയ്യാമായിരുന്നു.ആള്‍പ്പൊക്കത്തില്‍ മതില്‍ കെട്ടിവയ്‌ക്കാമായിരുന്നു.കൂറ്റന്‍ ഗേറ്റ്‌ വയ്‌ക്കാമായിരുന്നു.വലിയ മാളിക പണിയാമായിരുന്നു.എന്നിട്ട്‌ മിച്ചമുള്ള സ്ഥലത്ത്‌ മണവും നിറവും ഗുണവുമില്ലാത്ത ചെടികള്‍ വലിയ വിലയ്‌ക്ക്‌ വാങ്ങി ചട്ടികളില്‍ നട്ടുപിടിപ്പിക്കാമായിരുന്നു.മഴവെള്ളം സംഭരിക്കാന്‍ മണ്ണിന്‌ ഇടം കൊടുക്കാതെ വരള്‍ച്ചയെ വിളിച്ചുവരുത്താമായിരുന്നു.എന്നിട്ട്‌ ഇപ്പോഴത്തെ സാദാ മലയാളികളെപ്പോലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോയി പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ കാരറ്റും ബീറ്റ്‌റൂട്ടും ഉരുളന്‍കിഴങ്ങും വാങ്ങി വരാമായിരുന്നു.പ്രദീപ്‌ കുമാര്‍ അങ്ങനെയാവാത്തതില്‍ നാം അദ്ദേഹത്തെ തുറന്ന മനസ്സോടെ അഭിനന്ദിക്കണം.സ്ഥലവും വീടുമില്ലാത്തവരോടും വീട്‌ വച്ചിട്ട്‌ മിച്ചം സ്ഥലമില്ലാത്തവരോടും നമുക്കിത്‌ പറയാനാവില്ല.എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും വേണ്ടെന്നു വച്ചിരിക്കുന്ന മലയാളികളോട്‌ എനിക്കിക്കാര്യം അഭിമാനത്തോടെ പറഞ്ഞേപറ്റൂ.
വളരെ സന്തോഷത്തോടെ ഊണു കഴിച്ച്‌ അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പ്രദീപിനോടും പ്രസീദയോടും പറഞ്ഞു.
``വിളിച്ചില്ലെങ്കിലും ഇനിയും വരും.ഹോട്ടലൂണും അതിര്‍ത്തി കടന്നുവരുന്ന വിഷച്ചെടികളും ഫലങ്ങളും കഴിച്ച്‌ വയറും മനസ്സും വിഷമയമാവുമ്പോളാവും കേറിവരിക.അപ്പോള്‍ ഒരില ഊണുവേണം.ഞാനൊരു സാധാരണക്കാരനായ മലയാളിമാത്രമാണ്‌.എന്റെ കൊതികള്‍ നമ്മുടെ തനിമയില്‍ നിന്നു വരുന്നവയോട്‌ മാത്രമാണ്‌.''
ആരാണ്‌ പറഞ്ഞത്‌ യുവാക്കള്‍ക്ക്‌ ലക്ഷ്യബോധമില്ലെന്ന്‌.!
-ചന്ദ്രിക വാരാന്തപ്പതിപ്പ്,യുവ@ഹൈവേ

Sunday, September 16, 2012

ഇലക്‌ട്രോശക്തിയും പൂജാബേദിയുടെ കണ്ടെത്തലും



Every women wants her man to be james bond who holds the image of tall dark handsome and also has a kid within him.women still fantasise with fairy tales-pooja bedi

പ്രമുഖ അഭിനേത്രിയും ടിവി അവതാരകയുമായ പൂജാബേദിയുടെ കണ്ടെത്തലാണിത്‌.എനിക്കിഷ്‌ടമായി ഈ നിരീക്ഷണം.അനേകം പുരുഷന്മാരെ ജീവിതത്തില്‍ കൈകാര്യം ചെയ്യുന്നവരാണ്‌ മിക്കവാറും സ്‌ത്രീകള്‍ .അവര്‍ക്കറിയാം മുന്നില്‍ നില്‍ക്കുന്ന പുരുഷന്‍ ഏത്‌ മനസ്സോടെയാവും നില്‍ക്കുന്നതെന്ന്‌.ഇത്‌ വീട്ടമ്മമാരേക്കാള്‍ കൂടുതലായി ഓഫീസിലോ ഏതെങ്കിലും ബിസിനസ്‌ രംഗത്തോ മറ്റ്‌ സാമൂഹികസാഹചര്യങ്ങളിലോ ജീവിക്കുന്ന സ്‌ത്രീകള്‍ക്കായിരിക്കും കൂടുതല്‍ മനസ്സിലാവുക.അവര്‍ പുരുഷന്മാരെ കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോള്‍ സ്‌ത്രീയുടെ ഇച്ഛാശക്തിയും നിരീക്ഷണശക്തിയും മനസ്സിലാവുമെന്നര്‍ത്ഥം.
പൂജാ ബേദിയുടെ അമ്മയായിരുന്നല്ലോ പ്രതിമാബേദി.എനിക്കിഷ്‌ടമായിരുന്നു അവരെയും.

ഉറച്ച കാഴ്‌ചപ്പാടുകളും ജീവിതബോധവുമുള്ള ഒരു സ്‌ത്രീയായിട്ടാണ്‌ ഞാന്‍ പ്രതിമയെ കണ്ടിട്ടുള്ളത്‌.അവരുടെ ആത്മകഥ (ടൈംപാസ്)വായിക്കുമ്പോള്‍ നമ്മള്‍ തന്റേടമുള്ള ഒരു സ്‌ത്രീയെയോ തനിച്ചായിപ്പോയ ഒരു പെണ്ണിനെയോ മാത്രമല്ല കാണുന്നത്‌ പുരുഷന്മാരെ തിരിച്ചറിയാന്‍ ശ്രമിച്ച അപൂര്‍വ്വം സ്‌ത്രീകളിലൊരാളായിട്ടു കൂടിയാണ്‌.ഇപ്പോള്‍ പൂജ പറയുന്നതും അതേ രീതിയിലുള്ള മികച്ച നിരീക്ഷണമാണ്‌.അതായത്‌ പുരുഷനില്‍ സദാ ഒരു കുട്ടിയുണ്ടായിരിക്കണം എന്ന നിലവാരമുള്ള നിരീക്ഷണം.പ്രണയിക്കുന്ന സ്‌ത്രീയെ ശ്രദ്ധിച്ചാല്‍ ഇതറിയാം.അവര്‍ പ്രണയിക്കുന്നതും താലോലിക്കുന്നതും ഇഷ്‌ടപ്പെടുന്നതും ഓര്‍ത്തുവയ്‌ക്കുന്നതും പ്രണയിക്കുന്ന പുരുഷനിലെ കുട്ടിത്തത്തെയാണ്‌.പുരുഷനില്‍ നിന്ന്‌ ഗര്‍ഭവതിയാകാന്‍ സ്‌ത്രീ ആഗ്രഹിക്കുമ്പോള്‍ അവള്‍ തേടുന്നതും പ്രിയ പുരുഷന്റെ കുട്ടിത്തത്തെയാണ്‌.അതൊരു തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.അത്‌ അംഗീകരിച്ച പൂജാബേദിക്ക്‌ ഒരു ഷേക്ക്‌ ഹാന്റ്‌.
ആറ്റുമണല്‍ പായയില്‍ ..റഫീഖിന്റെ വരികള്‍ ,ലാലേട്ടന്റെ വോയ്‌സ്‌.
യൂട്യൂബില്‍ അടുത്തിടെ ഹിറ്റായ മലയാള ഗാനമാണല്ലോ ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍ ..

കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ..
എന്റെ പ്രിയ പാട്ടെഴുത്തുകാരനും കവിയുമായ റഫീഖ്‌ അഹമ്മദിന്റെതാണ്‌ വരികള്‍.പാടിയതാവട്ടെ മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലും.
വൈ ദിസ്‌ കൊലവെറി ഹിറ്റായപ്പോള്‍ നമ്മള്‍ ആലോചിച്ചു.എന്താണ്‌ ആ പാട്ട്‌ ഹിറ്റാവാന്‍ കാരണം.ഗായകന്‍ ജയചന്ദ്രന്‍ പരസ്യമായി ക്ഷോഭിച്ചു.പലരും വിമര്‍ശിച്ചു.ധനുഷ്‌ പാടിയത്‌ കൊണ്ടാണെന്നും വാക്കുകളുടെ വേറിട്ട അവതരണം കാരണമാണെന്നും പലരും പലതും പറഞ്ഞു.എന്തായാലും പാട്ട്‌ ലക്ഷങ്ങള്‍ കണ്ടു.ലക്ഷങ്ങള്‍ കേട്ടു.പടം പാളിയെങ്കിലും പാട്ട്‌ തുള്ളി.അതേപോലെയല്ല ആറ്റുമണല്‍ പായയില്‍ ..വരികളില്‍ സംഗീതമുണ്ട്‌.സാഹിത്യവുമുണ്ട്‌.സംഗീതത്തിനാണെങ്കില്‍ കാതുകളെ തൊടുന്ന ഇമ്പമുണ്ട്‌.ലാലേട്ടന്റെ ആലാപനത്തിലും സ്വരത്തിലും വശീകരണശക്തിയുമുണ്ട്‌.ജോഷി എന്ന സമര്‍ത്ഥനായ സംവിധായകന്‍ മോഹന്‍ലാലിനെയും അമലാപോളിനെയും വച്ച്‌ രാജശേഖരന്റെ കാമറയില്‍ പാട്ട്‌ ഒരുക്കിയപ്പോള്‍ ആ മികവ്‌ നിലനിര്‍ത്തുകയും ചെയ്‌തു.ഇപ്പോള്‍ എല്ലാവരും പാടുന്നു ആറ്റുമണല്‍ പായയില്‍ ..
നമുക്കറിയാം.ഇത്‌ ഇന്‍സ്റ്റന്റ്‌ ഹിറ്റുകളുടെ കാലമാണ്‌.ഒന്നും അധികകാലം നിലനില്‍ക്കില്ല.ദാ വന്നു..ദേ പോയി..അതാണ്‌ സ്റ്റൈല്‍ .എങ്കിലും തൊട്ടതെല്ലാം ഹിറ്റാക്കുന്ന റഫീഖിന്റെ വിരലുകള്‍ മലയാളിയെ ഇനിയും മലയാളിയാക്കട്ടെ എന്നാഗ്രഹിക്കാം നമുക്ക്‌.
ദെല്‍ഹിയുടെ ഇലക്‌ട്രോശക്തി!
ദെല്‍ഹിയില്‍ പോയപ്പോളൊക്കെ(മറ്റ്‌ ദക്ഷിണേന്ത്യക്കാരെ പോലെ)എന്നെയും വിഷമിപ്പിച്ച ഒരു കാഴ്‌ചയാണ്‌ അവിടുത്തെ മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ .ഉത്തര്‍പ്രദേശിലെയും ബംഗാളിലെയും യാത്രകളില്‍ ഞാന്‍ കയറാത്ത ഒരേയൊരു വാഹനം ഈ റിക്ഷകള്‍ ആയിരിക്കണം.
കൊഴുത്തു മെഴുത്ത സമ്പന്ന യുവതികള്‍ വൃദ്ധന്‍മാര്‍ വലിക്കുന്ന റിക്ഷകളില്‍ യാത്ര ചെയ്യുന്നത്‌ പലവട്ടം എന്റെ കാമറയ്‌ക്ക്‌ കാഴ്‌ചയായിട്ടുണ്ട്‌.പക്ഷേ,പടമെടുത്തിട്ട്‌ എന്തു കാര്യം!അതവിടുത്തെ ജാതി വ്യവസ്ഥയുടെയും നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിന്റെയും അന്ധരായ രാഷ്‌ട്രീയനേതാക്കളുടെ കെടുകാര്യസ്ഥതയുടെയും ഫലമാണ്‌.പെട്ടെന്നൊരുനാള്‍ മാറ്റം വരുത്താനാവാത്ത കാര്യങ്ങളിലൊന്ന്‌.പക്ഷേ ഏത്‌ പരമ്പരാഗത ആചാരത്തെയും രീതികളെയും മാറ്റാന്‍ ടെക്‌നോളജിക്ക്‌ കഴിയും.ജ്യോത്സ്യം മുതല്‍ വാസ്‌തു വരെ കമ്പ്യൂട്ടറിലായതുപോലെ,ചാകാത്ത തവളയെയും പാറ്റയെയും കീറിമുറിച്ചുള്ള പരീക്ഷകള്‍ ജീവികളെ കൊല്ലാതെ പരീക്ഷണം നടത്താവുന്നവിധം കമ്പ്യൂട്ടറിലായതുപോലെ,ഏതു കീഴ്‌വഴക്കത്തെയും ഇല്ലാതാക്കാനോ അട്ടിമറിക്കാനോ പുതിയ സാങ്കേതിക വിദ്യകള്‍ക്ക്‌ കഴിയും.
ഇപ്പോള്‍ ദെല്‍ഹിയില്‍ അവതരിച്ചിരിക്കുന്ന ഇലക്‌ട്രോ ശക്തി എന്ന റിക്ഷകളാണ്‌ പുതിയ ഉദാഹരണം.ഇക്കോ ഫ്രണ്ട്‌ലിയായിട്ടുള്ള ഈ ഇലക്‌ട്രിക്‌ റിക്ഷകള്‍ക്ക്‌ ഒരു തവണ ചാര്‍ജ്ജ്‌ ചെയ്‌താല്‍ 70 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമത്രേ.നല്ലകാര്യം.യുവാക്കള്‍ക്കും റിക്ഷ ഓടിക്കാന്‍ താല്‍പര്യമാവും.ഒരേ സമയം മൂന്ന്‌ യാത്രക്കാര്‍ക്കുവരെ ഇതില്‍ യാത്ര ചെയ്യാമെന്നതാണ്‌ പ്രത്യേകത.
എന്തായാലും മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന പ്രാകൃതവും ഹീനവുമായ ആ ഇന്ത്യന്‍ കാഴ്‌ചകള്‍ക്ക്‌ ഇനി വിട പറയാം.
(yuva @highway on chandrika)

Saturday, September 15, 2012

500!!

ന്‍റെ ബ്ലോഗിന് 500 വായനക്കാരെ തികഞ്ഞ സന്തോഷവാര്‍ത്ത അഭിമാനപൂര്‍വ്വം,സസന്തോഷം പ്രിയ വായനക്കാരെ അറിയിക്കുന്നു.

ഞാനിതു വരെ എത്ര പോസ്റ്റ് എഴുതിയിട്ടു എന്നെനിക്കറിയില്ല.നോക്കിയിട്ടുമില്ല.ഈയിടെ എച്ച്മുക്കുട്ടിയുടെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ നൂറാമത്തെ പോസ്റ്റാണ് എന്നു വ്യക്തമാക്കി ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് കാണുകയും വായിക്കുകയും ചെയ്തിരുന്നു.അന്നത് കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതം ഇപ്പോഴും മാറിയിട്ടില്ല.ഞാനെന്നാണ് സെഞ്ച്വറി തികയ്ക്കുക?
എനിക്കെത്ര പോസ്റ്റായി എന്ന് ആരെങ്കിലും നോക്കിപ്പറഞ്ഞാല്‍ വലിയ ഉപകാരം.
സ്വന്തം സാധനങ്ങള്‍ വായിക്കുന്നതാണ് എന്നെ സംബന്ധിച്ച് വലിയ ബോറടി.അപ്പോ പിന്നെ അത് എണ്ണിനോക്കുന്ന കാര്യം പറയാനുണ്ടോ.!അതുകൊണ്ടാണ്.

അതവിടെ നില്‍ക്കട്ടെ,500 വായനക്കാരില്‍ 50 വായനക്കാരുടെപോലും സജീവ പിന്തുണ എന്‍റെ പോസ്റ്റുകള്‍ക്കില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്.ആരൊക്കെ വായിക്കുന്നുണ്ടെന്ന് അറിയില്ല.അനോണിമസ് കമന്‍റ്സ് ആണ് ഏറെയും.അങ്ങനെ ചെയ്യല്ലേ എന്നു പറഞ്ഞാലും ആരും കേള്‍ക്കില്ല.ഒരെഴുത്തുകാരന്‍റെ വാക്കുകള്‍ക്ക് ഇത്രയേ വിലയുള്ളോ.ആവോ.

എല്ലാ വായനക്കാര്‍ക്കും വായിക്കാത്തവര്‍ക്കും വായിച്ചിട്ട് കമന്‍റ് ഇടാത്തവര്‍ക്കും വായിക്കാതെ കമന്‍റ് ഇടുന്നവര്‍ക്കും അനോണിമസ് ആയിവരുന്ന സുന്ദരിമാര്‍ക്കും(എന്നു ഞാന്‍ കരുതുന്നു! അവര്‍ എന്നെ പേടിച്ചിട്ടായിരിക്കുമല്ലോ പേര് വയ്ക്കാത്തത്!)എന്‍റെ സന്തോഷവും നന്ദിയും ആദരവും.

സ്നേഹത്തോടെ,
സുസ്മേഷ്

Friday, September 14, 2012

പാറ്റ്‌ന എക്‌സ്‌പ്രസും കണ്ണീരൊഴുകിയ പാട്ടും


രാ
ത്രി എട്ട്‌ ഇരുപതിനാണ്‌ ഭുവനേശ്വറിലേക്കുള്ള തീവണ്ടി.രണ്ട്‌ മാസങ്ങള്‍ക്കുമുന്നേ വണ്ടിയിലെ ഇരിപ്പിടം എനിക്കായി പറഞ്ഞുറപ്പിക്കാനായി ചെന്നപ്പോള്‍ മുതല്‍ അക്കാര്യം എനിക്കറിയാവുന്നതാണ്‌.എന്തൊരു തിരക്കാണ്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വണ്ടികളില്‍.ഹൗറയിലേക്കും ഗോഹട്ടിയിലേക്കും പോകുന്ന വണ്ടികളുടെ സമീപം ചെന്നുനിന്നാല്‍ വിസ്‌മയപ്പെടുത്തുന്ന കാഴ്‌ച കാണാം.സ്ലീപ്പര്‍ കോച്ചുകളുടെ ലാട്രിനുകളില്‍പ്പോലും തിങ്ങിനില്‍ക്കുന്ന യാത്രക്കാര്‍.രണ്ട്‌ മാസം മുന്നേ ഭുവനേശ്വര്‍ യാത്രക്കായി ടിക്കറ്റെടുക്കാന്‍ ചെന്നിട്ടും എനിക്ക്‌ പതിനഞ്ചാം നിരയിലായിരുന്നു സ്ഥാനം.യാത്ര അടുത്തിട്ടും അത്‌ അഞ്ചായിട്ടേ ഉള്ളൂ.എ.സി ക്ലാസിലേക്കുള്ള ടിക്കറ്റുകളുടെ റദ്ദാക്കല്‍ വളരെ കുറവാണ്‌.അതിനാല്‍ ആര്‍.എ.സിയിലോ മറ്റോ ചാടിക്കിടക്കും എന്നല്ലാതെ യാത്ര സുഗമമാവും എന്നതിന്‌ യാതൊരു ഉറപ്പുമില്ല.അതിനായി ഞാന്‍ എമര്‍ജന്‍സി ക്വാട്ടയ്‌ക്ക്‌ ശ്രമിച്ചു.കാരണം എന്തായാലും എനിക്ക്‌ പോയേപറ്റൂ.നിത്യവും തീവണ്ടികളില്ലാത്ത ദിക്കാണത്‌.ഈ വണ്ടി പോയിട്ട്‌ അടുത്ത ദിവസത്തെ വണ്ടിക്ക്‌ തല്‍ക്കാല്‍ എടുക്കാം എന്നു കരുതിയാല്‍ പിറ്റേദിവസം വണ്ടിയില്ല.അങ്ങനെയായാല്‍ ഭുവനേശ്വറില്‍ നടക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ വിതരണ പരിപാടിയില്‍ എനിക്ക്‌ പങ്കെടുക്കാനാകാതെയാകും.അക്കാദമിയില്‍ നിന്ന്‌ അ??യിപ്പ്‌ കിട്ടിയ ഉടനെ ഞാന്‍ പോയി ടിക്കറ്റ്‌ എടുത്തത്‌ അതിനാലാണ്‌.
യാത്ര പോകുന്ന അന്ന്‌ മൂന്നരയോടെ ഇ.ക്യൂവില്‍ ടിക്കറ്റ്‌ ഓകെയായതായി റെയില്‍വേയിലെ സുഹൃത്ത്‌ അറിയിച്ചു.സമാധാനം.ഞാന്‍ പതിവുപോലെ അലസനായി സമയമാകാന്‍ കാത്തിരുന്നു.പന്ത്രണ്ട്‌ ദിവസത്തെ യാത്രയാണ്‌.യാത്രാസഞ്ചി ഒരുക്കുന്നത്‌ ആറുമണിക്ക്‌.ഏഴുമണിക്ക്‌ പുറപ്പെട്ടെങ്കിലേ അരമണിക്കൂര്‍ മുന്നേ റെയില്‍വേ സ്റ്റേഷനില്‍ എത്താനാവൂ.ഞാന്‍ ഏഴേ കാലിന്‌ ഇറങ്ങി.ഓട്ടോയെടുക്കാതെ ബസിനു കയറി സാവകാശം നീങ്ങി.വഴിയില്‍ നിന്ന്‌ വാങ്ങാനുള്ള ഒന്നുരണ്ട്‌ സാധനങ്ങള്‍ വാങ്ങി.വണ്ടി എട്ട്‌ ഇരുപതിനാണല്ലോ.സമയം ഏഴേ മുക്കാലാവുന്നതേയുള്ളൂ.വണ്ടി സമയം അതുതന്നെയാണെന്ന ഒരോര്‍മ്മയേ എനിക്കുള്ളൂ.അങ്ങനെ മന്ദമന്ദം സ്റ്റേഷനില്‍ എത്തുമ്പോ അവ്യക്തമായി ഒരറിയിപ്പ്‌ കേള്‍ക്കാം.എന്താണെന്നറിയാന്‍ കാതോര്‍ത്തു.എറണാകുളത്തുനിന്നും പുറപ്പെടുന്ന പാറ്റ്‌ന എക്‌സ്‌പ്രസ്‌ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നു.സമയം നോക്കി.എട്ടാകാന്‍ അഞ്ച്‌ മിനിട്ട്‌ മാത്രം.അപ്പോള്‍ വണ്ടി നേരത്തെയെത്തിയോ?
ഞാനപ്പോള്‍ റെയില്‍വേസ്റ്റേഷന്റെ പുറത്താണ്‌.നെഞ്ച്‌ ഒന്നാളിയോ.അതുവരെയുണ്ടായിരുന്ന എന്റെ അലസത പുകപോലെ പോയി.ഞാനൊന്നു കുതിച്ചു.മുതുകത്തു കിടക്കുന്ന വലിയ ബാഗുമായിട്ടുള്ള ആ ഓട്ടം തികച്ചും ക്ലേശകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.ജനക്കൂട്ടത്തിനിടയിലൂടെ ഓടി മേല്‍പ്പാലം ലക്ഷ്യമിട്ട്‌ വീണ്ടും കുതിച്ചു.പുറത്ത്‌ നല്ല മഴയാണ്‌.മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലാണ്‌ വണ്ടി.അപ്പോള്‍ വന്ന ഏതൊക്കെയോ വണ്ടികളില്‍ നിന്ന്‌ ഇറങ്ങി പുറത്തേക്കു വരുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവവും തിരക്കും.അതിനിടയിലൂടെ അങ്ങോട്ട്‌ കുതിക്കുന്നത്‌ ഞാന്‍ മാത്രവും.വണ്ടി ഏതുനിമിഷവും എടുക്കാം.അതിന്റെ വാലിലെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..എന്റെ രണ്ട്‌ മാസത്തെ കാത്തിരിപ്പ്‌..അവിടെ നടക്കുന്ന അഭിമാനകരമായ പരിപാടിയുടെ ഭാഗമാകാനുള്ള ഭാഗ്യമില്ലായ്‌മ..യാത്ര പറഞ്ഞവരുടെ മുഴുവന്‍ മിഴികളിലുണ്ടാകാനിടയുള്ള ദേഷ്യം..അവസാനനിമിഷം ടിക്കറ്റ്‌ ഓകെ ആക്കിയെടുക്കാന്‍ പാടുപെട്ട ഉദ്യോഗസ്ഥ സ്‌നേഹിതന്റെ പല്ലുകടി..അതെല്ലാം ഞാന്‍ ഓര്‍ത്തെടുത്തു.അപ്പോളെന്റെ മനസ്സിലേക്ക്‌ വന്നതെന്താണ്‌.ഇതൊന്നുമായിരുന്നില്ല.മണി രത്‌നത്തിന്റെ അലൈപായുതേയും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായയും ഒക്കെ.ആള്‍ക്കൂട്ടത്തില്‍ പരിഭ്രാന്തനായ ഒരു നായകനായി ഞാന്‍..ജനത്തെ വകഞ്ഞു മുന്നേറുന്നത്‌ തീവണ്ടി പിടിക്കാന്‍.അതില്‍ നായികയില്ല.പക്ഷേ ഗൗരവതരമായ ഒരു ലക്ഷ്യം ആ തീവണ്ടിയില്‍ എന്നെ സ്വീകരിക്കാനായി ഉണ്ട്‌.ചെറുപ്പത്തിന്റെ ഊറ്റമല്ലാതെ മറ്റെന്ത്‌!
കാത്തുകിടക്കുന്ന വണ്ടി തേടി മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലേക്കുള്ള മേല്‍പ്പാലത്തിന്റെ പടവുകള്‍ ചാടിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.യുവപുരസ്‌കാര്‍ വാങ്ങുന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ ഓരോ അവാര്‍ഡ്‌ ജേതാവിനും ഒരാളെക്കൂടി കൊണ്ടുപോകാം.അവരുടെ യാത്രാ താമസ ഭക്ഷണ സൗകര്യങ്ങള്‍ എല്ലാം അക്കാദമി വഹിക്കും.എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല.എന്റെ കൂടെ വരുവാനും ആരുമുണ്ടായിരുന്നില്ല.പതിവുപോലെ ഞാന്‍ തനിയെയായിരുന്നു.ഇപ്പോള്‍ എന്റെ കൂടെ അമ്മയോ ഭാര്യയോ കാമുകിയോ മകളോ ഉണ്ടായിരുന്നെങ്കില്‍ ഈ ഓട്ടം ഓടുവാന്‍ ഒരുപക്ഷേ അവര്‍ക്ക്‌ ആകുമായിരുന്നോ..അഥവാ ഓടിയെത്തിയാല്‍ തന്നെ അവരെന്നെ എത്രമാത്രം ശകാരവാക്കുകള്‍ പറയുമായിരിക്കും.അവരെത്ര പരിഭ്രമിക്കുമായിരിക്കും.ഒരുനിമിഷം എന്റെ ജീവിതത്തെപ്പറ്റി ഞാനോര്‍ത്തുപോയി.ഇങ്ങനെയായിരുന്നു പലപ്പോഴും ജീവിതം.അവസാനനിമിഷത്തിലെ തീരുമാനങ്ങള്‍..അവസാനനിമിഷത്തിലെ പരിഭ്രമങ്ങള്‍..തീരാത്ത ഓടിപ്പിടിത്തങ്ങള്‍..അതിനായുള്ള പരക്കം പാച്ചിലിനിടയിലെ പ്രിയജനങ്ങളുടെ ശാപവചനങ്ങള്‍..ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം.ഒപ്പം ഓടിയെത്താന്‍ കഴിയാത്തവര്‍ ഉപേക്ഷിച്ചുപോകും.അല്ലെങ്കില്‍ ഇത്തരം ഓട്ടങ്ങളാണ്‌ ജീവിതമെന്ന്‌ മനസ്സിലാക്കാനാവാതെയും അടുത്ത ഓട്ടത്തെ നേരിടാനാവാതെയും ഇടയില്‍ പിന്തിരിഞ്ഞുപോകും.
മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലെത്തുമ്പോള്‍ സിഗ്നല്‍ വീണുകഴിഞ്ഞിരുന്നു.കണ്ടു ത്രില്ലടിച്ച അനേകം സിനിമകളിലെന്നപോലെ എന്റെ തീവണ്ടി എന്നെ കയറ്റാതെ അകലാന്‍ പോവുകയാണ്‌.എന്റെ ഹൃദയം തെറിച്ചുപോകുന്നത്ര ശക്തമായി മിടിക്കുന്നു.തൊണ്ടയും നാവും ഉണങ്ങുന്നതിന്റെ അസ്വസ്ഥതയോടെ ഞാന്‍ വണ്ടിയെ നോക്കി.പാറ്റ്‌ന എക്‌സ്‌പ്രസ്‌.അലസതയ്‌ക്കുള്ള മറുപടിയായി എന്നെ കാത്തുകിടക്കുന്നു.
അവസാനത്തെ കരുത്തിന്റെ തുള്ളികളും രക്തത്തിലേക്ക്‌ കലര്‍ത്തി ഞാന്‍ കുതിച്ചുചെന്നു.വണ്ടിയിലേക്ക്‌ ചാടിവീണു.അപ്പോഴും വണ്ടി എടുത്തിരുന്നില്ല.വണ്ടിക്കുള്ളിലൂടെ ഞാന്‍ എന്റെ ബി കോച്ചിലേക്ക്‌ ആശ്വാസത്തോടെ നടന്നു.നടക്കാനാവുന്നില്ല.ഞാന്‍ ഒരിടത്തിരുന്ന്‌ കിതപ്പാറ്റി.അപ്പോള്‍ വണ്ടി പതിയെ ചലിക്കാന്‍ തുടങ്ങി.ഏതോ നന്മകള്‍ നമ്മെ നിലനിര്‍ത്തുന്നുവെന്ന്‌ അപ്പോള്‍ ഞാനോര്‍ത്തു.അല്ലെങ്കില്‍ ഈ വണ്ടി കിട്ടുമായിരുന്നില്ല.അവാര്‍ഡ്‌ നേരിട്ട്‌ വാങ്ങാന്‍ എനിക്കാവുമായിരുന്നില്ല.അത്രമാത്രം അലസനും മന്ദഗായിയുമായിരുന്നു ഞാന്‍.പെട്ടെന്ന്‌ ഒരുപാട്‌ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വന്നു.കരഞ്ഞുപോകുമെന്ന ആ ഘട്ടത്തില്‍ മേഘങ്ങള്‍ പൊഴിക്കുന്ന ഒരുപാട്ട്‌ ഞാന്‍ കേട്ടു.
പാനീ കാ രംഗ്‌ ദേഖ്‌ കേ..
ആഖീയാം ജോ ആസു റൂഡ്‌ ദേ.
മാഹിയാ നാ ആയാ മേരാ,മാഹിയാ നാ ആയാ..
രഞ്‌ജനാ നാ ആയാ മേരാ,മാഹിയാ നാ ആയാ..
ദൈവമേ..കുസും വര്‍മ്മ എഴുതിയ വരികള്‍ എനിക്കായി എഴുതപ്പെട്ടതായിരിക്കുമോ.അഭിഷേക്‌ അക്ഷയ്‌ ഈണമിടുമ്പോള്‍ ഇതൊരിക്കല്‍ എന്നെപ്പോലൊരാള്‍ ശ്വാസം വലിഞ്ഞ നെഞ്ചുമായി ഓടുന്ന തീവണ്ടിയിലിരുന്ന്‌ കേള്‍ക്കുമെന്ന്‌ കരുതിക്കാണുമോ..ഇല്ല.എപ്പോഴാണ്‌ ഒരു പാട്ട്‌ നമുക്ക്‌ പ്രിയങ്കരമാവുന്നത്‌.അത്‌ കേള്‍ക്കുന്ന സന്ദര്‍ഭത്തിന്റെ നീറ്റലനുസരിച്ചാണ്‌.
എന്റെ കോച്ചിലെത്തി സീറ്റിലിരുന്ന്‌ ഞാന്‍ കണ്ണുകളടച്ചു.എനിക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നു പാട്ടിന്റെ അര്‍ത്ഥം.

Seeing the color of water,
tears roll down my eyes
my lover didn't come, my beloved didn't come..
seeing the glow of the eyes,
tears roll down my eyes..

Friday, August 31, 2012

എസ്‌.എം.എസ്‌ ഇല്ല,ഓട്ട്‌സ്‌ ഉണ്ട്‌!


ഗരങ്ങളിലൂടെ അലയുന്നവനാണ്‌ ഇവന്‍.കേരളത്തില്‍ മാത്രമായിട്ടല്ല.ഇന്ത്യയിലെ പലയിടത്തും.വലിയ നഗരങ്ങള്‍ മുതല്‍ ചെറിയ നഗരങ്ങള്‍ വരെ.അലച്ചില്‍ എന്നു പറയുമ്പോള്‍ പഴയകാലത്തെ കലാകാരന്മാരുടെ ശീലമായിരുന്ന ദാരിദ്ര്യത്തിന്റെയോ അസ്‌തിത്വവ്യഥകളുടെയോ ചോദ്യങ്ങള്‍ക്കുത്തരം തേടിയുള്ള അശാന്തിയുടെയോ യാത്രകളല്ല.ഓരോരോ ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍.താമസസ്ഥലവും സുരക്ഷിതത്വവുമുള്ള യാത്രകള്‍.അത്തരം സഞ്ചാരങ്ങളില്‍ കണ്ടുമുട്ടുന്ന യുവത്വത്തിനെ പരമാവധി ശ്രദ്ധിക്കാറുണ്ട്‌.യുവ@ഹൈവേയുടെ പിറവി അങ്ങനെയാണ്‌.എഴുതാനിരിക്കുമ്പോള്‍ മനസ്സിലേക്ക്‌ വരുന്നത്‌ യുവത്വത്തിന്റെ ലോകം തന്നെയാവുന്നതും അങ്ങനെ തന്നെ.

ഇന്ന്‌ ഇന്ത്യയില്‍ എവിടെപ്പോയാലും മാറിയ യുവത്വത്തിനെ കാണാം.പാരമ്പര്യവേഷങ്ങളല്ല അവര്‍ക്ക്‌.ഇന്ത്യയിലെവിടെയും സാധാരണമായ വേഷം.പ്രാദേശികതയുടെ നിയന്ത്രണങ്ങളില്ല വേഷത്തിലും ഭക്ഷണത്തിലും.ജീന്‍സ്‌,ബ്രാന്റഡ്‌ ഷര്‍ട്ട്‌,ചുരിദാര്‍ അല്ലെങ്കില്‍ ജീന്‍സും ടോപ്പും.മലയാളിയാണോ മറാത്തിയാണോ കശ്‌മീരിയാണോ എന്ന്‌ വേഷം നോക്കി ആരെയും നമുക്ക്‌ തിരിച്ചറിയാന്‍ പറ്റില്ല.അതുതന്നെ സൗഹൃദങ്ങളുടെ കാര്യത്തിലും.ഇന്നത്തെ ചെറുപ്പക്കാരന്റെ/ചെറുപ്പക്കാരിയുടെ സുഹൃത്തുക്കളില്‍ അയല്‍ക്കാരനും സഹപാഠിക്കും അപ്പുറം അന്യനാട്ടുകാരന്‍ മുതല്‍ വിദേശി വരെയുണ്ടാകും.`അഭിയും നാനും' എന്ന തമിഴ്‌പ്പടം ഓര്‍ക്കുക.പ്രകാശ്‌ രാജിന്റെ മകള്‍ ഇഷ്‌ടപ്പെടുന്നത്‌ ഒരു പഞ്ചാബിയെയാണല്ലോ.രണ്ട്‌ സംസ്‌കാരങ്ങള്‍ കലര്‍ന്നേ പറ്റു എന്ന്‌ ചില അവസരങ്ങളില്‍ അങ്ങനെ നാം മനസ്സിലാക്കുന്നു.
ഉത്തരേന്ത്യയില്‍ ഹോളിക്കും ദീപാവലിക്കുമിടയില്‍,ബംഗാളില്‍ കാളിപൂജയ്‌ക്കും നവരാത്രിക്കും ഇടയില്‍,തമിഴ്‌നാട്ടില്‍ പൊങ്കലിനും ആടിയാഘോഷത്തിനുമിടയില്‍,കേരളത്തില്‍ ഓണത്തിനും പെരുന്നാളിനുമിടയില്‍ എവിടെയും ആഘോഷദിവസങ്ങളെ പൊലിപ്പിക്കുന്നത്‌ യുവത്വമാണ്‌.എല്ലാക്കാലത്തും അത്‌ അങ്ങനെയായിരിക്കും.നമ്മുടെ മാതാപിതാക്കളുടെ യൗവനത്തിലെ ആഘോഷങ്ങളെയാണ്‌ അവരെല്ലായ്‌പ്പോഴും ഓര്‍മ്മിക്കുന്നത്‌.അല്ലാതെ അവരുടെ വാര്‍ദ്ധക്യത്തിലെ ഓര്‍മ്മകളല്ല.പഴയ കാലത്തിന്റെ ഓര്‍മ്മയിലാണ്‌ അവര്‍ ഓരോന്ന്‌ ചെയ്യുന്നത്‌.പുതിയ കാലത്തിന്റെ തിരിച്ചറിവിലല്ല.ബാല്യവും കൗമാരവും യൗവനവുമാണ്‌ മനുഷ്യനെ കരുത്തനും വ്യത്യസ്‌തനുമാക്കുന്നത്‌.അങ്ങനെ ചിന്തിച്ചാല്‍ മുതിര്‍ന്നവര്‍ വഴികാട്ടുന്ന യുവാക്കളുടെ തിമിര്‍പ്പാണ്‌ ഓരോ വിശേഷദിവസവും എന്നു പറയാന്‍ കഴിയും.ഇവിടെ മാത്രമല്ല,ലോകത്തെവിടെയും.
കേരളത്തിലെ ഓണാഘോഷത്തിലേക്ക്‌ വന്നാല്‍,കാലം മാറുന്നതിനനുസരിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളില്‍ നിര്‍ബന്ധിതമായ മാറ്റം വരികയാണ്‌.ആ മാറ്റത്തെ നാം മിമിക്രിയാക്കരുത്‌.കണ്ടില്ലെന്നു നടിക്കുകയുമരുത്‌.കഴിഞ്ഞ കുറേക്കാലമായി പൂവിളി ഇല്ലാതായില്ലേ.!ആരാണ്‌ പൂ വിളിച്ചിരുന്നത്‌.അത്‌ കുട്ടികളായിരുന്നവത്രേ.ഇന്ന്‌ കുട്ടികള്‍ക്ക്‌ പൂ പറിക്കാന്‍ പോകേണ്ടതില്ല.ഞാനാലോചിക്കും.നമ്മള്‍ ദിനപത്രങ്ങളിലും ചാനലുകളിലും വിശേഷദിവസങ്ങളില്‍ കാണിക്കുന്നതിനായി കുട്ടികളെ ഒരുക്കിനിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത്‌ പ്രദര്‍ശിപ്പിക്കുമല്ലോ.അതിന്റെ റിയാലിറ്റി എന്താണ്‌..?മുതിര്‍ന്ന കൗമാരക്കാരികളെ ഇന്നത്തെ അമ്മമാര്‍ പട്ടുപാവാടയും ഉടുപ്പുമിടുവിച്ച്‌ മുടിയില്‍ പൂവും ചൂടി കൈയില്‍ കൂടയുമായി അടുത്ത തൊടികളിലേക്ക്‌ പൂ പറിക്കാന്‍ വിടുമോ.വിരൂപകളെയും മനോവിഭ്രാന്തിയുള്ളവരെയും അന്യസംസ്ഥാനത്തൊഴിലാളികളിലെ പെണ്ണുങ്ങളെയുംവരെ മിഴിയുഴിഞ്ഞ്‌ ജീവിക്കുന്ന മലയാളികള്‍ക്കിടയിലേക്ക്‌ ഒരമ്മയും പെണ്‍മക്കളെ അങ്ങനെ വേഷം കെട്ടിച്ച്‌ വിടില്ല.അവര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തി കാറിലിരുന്ന്‌ കൈനീട്ടി കച്ചവടക്കാരില്‍നിന്ന്‌ പൂ വാങ്ങും.പ്ലാസ്റ്റിക്‌ കവറില്‍ പൂക്കളും പിന്‍സീറ്റില്‍ ചുരുട്ടിവച്ച പൂക്കളത്തിന്റെ ഡിസൈനുമായി അവര്‍ വീട്ടില്‍ പോകും.ട്യൂഷന്‍ കഴിഞ്ഞ്‌ വരുന്ന കുട്ടികള്‍ക്ക്‌ വെള്ളം തളിച്ചിട്ടോ റഫ്രിജറേറ്ററിലോ വച്ചിരിക്കുന്ന പൂക്കളെടുത്ത്‌ കൊടുക്കും.അതിന്റെ യഥാര്‍ത്ഥ ചിത്രങ്ങളാണ്‌ ദിനപത്രങ്ങളില്‍ ഇന്ന്‌ വരേണ്ടത്‌.ചാനലുകളില്‍ വരേണ്ടതും ആ യാഥാര്‍ത്ഥ്യമാണ്‌.എന്നാല്‍ മാധ്യമങ്ങള്‍ ജനങ്ങളെ പിന്നിലേക്ക്‌ കൊണ്ടുപോയി മായാലോകത്ത്‌ നിര്‍ത്തുന്നു.നൊസ്റ്റാള്‍ജിയയാണ്‌ കേമം എന്നു ഉറപ്പിച്ചു പറയുകയും കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.അവിടെയാണ്‌ യുവത്വം സ്വത്വം വീണ്ടെടുക്കുന്നതും സമൂഹത്തെ ചലനാത്മകമാക്കുന്നതില്‍ മുന്‍കൈയെടുക്കുന്നതും.
ഓണക്കാലത്തും പരീക്ഷക്കാലത്തും അവര്‍ ജീന്‍സും ടീ ഷര്‍ട്ടും ലെഗ്ഗിസും ഫ്രോക്കും ധരിക്കും.ഓണ്‍ലൈനില്‍ ബുക്കുചെയ്‌ത്‌ വരുത്തിയ ബ്രാന്റഡ്‌ കണ്ണട മുഖത്തണിയും.ബൈക്കിലും കാറിലും കറങ്ങും.ബിയര്‍ കുടിക്കും.എന്നുകരുതി അഴിഞ്ഞുനടക്കുകയല്ല നമ്മുടെ യുവത്വം.അവരൊക്കെ സമയത്ത്‌ വീട്ടില്‍ വരും.രക്ഷിതാക്കളുടെ കൂടെ അവരുടെ കുറെ സെന്റിമെന്‍സുകളില്‍,അതായത്‌,പഴയ കാലത്തെ ഓര്‍മ്മകള്‍,ബന്ധുവീടുകളിലെ വിശേഷങ്ങള്‍,ഏത്‌ ആഘോഷമായാലും വയ്‌ക്കുന്ന പായസമെന്ന മാരകസംഭവം..എന്നതിലൊക്കെ മുഴുകും.പിന്നെ ടി.വി കാണും.വൈകിട്ട്‌ പുറത്തുപോയി റെഡിമിക്‌സ്‌ ഫുഡ്‌ കഴിക്കും.വീട്ടില്‍ വന്നാല്‍ വീട്ടുകാരുടെ വക ഉപ്പേരിയും പപ്പടവും ഇലയിട്ടുള്ള സദ്യയുമായി വീടുമായി ഇഴുകിച്ചേരും.ഇതൊക്കെയല്ലേ ഇന്ന്‌ നടക്കുന്നത്‌.അല്ലാതെ ചാനലുകളില്‍ കാണിക്കുന്ന ഓണത്തിന്റെ പീരീഡ്‌ ഷോകളാണോ.അല്ല.അല്ലേയല്ല.
എവിടെയാണ്‌ ഓണക്കോടിയുടെ പുതുമ ഇന്ന്‌ കാണാന്‍ കഴിയുന്നത്‌.എവിടെയാണ്‌ ഓണസദ്യയുടെ വിശിഷ്‌ടതയ്‌ക്കായി വിശക്കുന്നവര്‍ കാത്തിരിക്കുന്നത്‌.പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഓണത്തിന്‌ അവധി കൊടുക്കാന്‍ പറ്റാത്തവരുടെ വീടുകളില്‍ ദാരിദ്ര്യം കൊണ്ടല്ല,അനാരോഗ്യാവസ്ഥകൊണ്ടാണ്‌ ഓണദിവസവും സാധാരണ ദിവസമാകുന്നത്‌.അവിടെയും വിശേഷദിവസത്തെ വിശേഷദിവസമായി ആഘോഷിക്കുന്നതും അറിയുന്നതും സമൂഹത്തെ അറിയിക്കുന്നതും യുവാക്കളാണ്‌.യൂവാക്കള്‍ മാത്രം.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ,മലയാളിയുടെ പുതിയ ഭക്ഷണശീലത്തെ.?അത്‌ ഓട്ട്‌സിന്റെ ജനപ്രീതി നിങ്ങളോട്‌ വിളിച്ചുപറയും.
``ഒരു ഗ്ലാസ്‌ ഓട്ട്‌സ്‌ കുടിച്ചു.മതി.''
പലരുടെയും സ്ഥിരം വര്‍ത്തമാനവും ഇപ്പോഴത്തെ ചിട്ടയും ഇങ്ങനെയാണ്‌.
എന്തായാലും പൊറോട്ടയും ഓംലെറ്റും കയറിവന്നതുപോലെ തീന്‍മേശയിലെ പ്രഥമനായി ഓട്ട്‌സുല്‍പ്പനങ്ങള്‍ മാറിക്കഴിഞ്ഞു എന്നത്‌ സത്യമാണ്‌.
ഇതിന്റെ ചരിത്രമെന്താണ്‌.കഴിഞ്ഞ കാല്‍നൂറ്റാണ്ടിനടുത്തായി കേരളത്തിലെ പ്രധാന വിപണികളില്‍ ഓട്ട്‌സ്‌ ലഭ്യമായിരുന്നു.ഇടത്തരക്കാരും അതിനുമേലെയുള്ളവരുമായ പല വീട്ടമ്മമാര്‍ക്കും ഓട്ട്‌സിനെപ്പറ്റി മുന്നേ അറിയാമായിരുന്നു.ഇന്നത്‌ ഏത്‌ സാധാരണക്കാരനും പരിചിതമായി എന്നുമാത്രം.രൂപയുടെ മൂല്യം കുറഞ്ഞാലും മലയാളിക്കിന്ന്‌ കാണം വില്‍ക്കാതെ ഓട്ട്‌സും ഷവര്‍മ്മയും കഴിക്കാമെന്നു സാരം.പറഞ്ഞുവരുന്നത്‌ ഇത്‌ പുതിയ അത്ഭുത സംഭവമല്ല എന്നറിയിക്കാനാണ്‌.പക്ഷേ അതൊരു സംഭവമായി നമ്മുടെ വീടുകളില്‍ മാറിക്കഴിഞ്ഞു.ഒരുകാര്യം ഏറെക്കുറെ ഉറപ്പാണ്‌.ഈ ഓണക്കാലത്ത്‌ ഓട്ട്‌സും നമ്മുടെ വീടുകളില്‍ അത്ഭുതം കാണിച്ചേക്കാം.ഓണവിഭവങ്ങളില്‍ കുറേയെങ്കിലും ഓട്ട്‌സ്‌ വിഭവങ്ങളായേക്കാം.അതില്‍ അസാധാരണത്വമൊന്നും കാണേണ്ടതില്ല.ഇപ്പോഴത്തെ യുവാക്കളുടെ രക്ഷിതാക്കളും ഏറെക്കുറെ യുവാക്കളായിരിക്കുമല്ലോ.അവരും പറയും.ഓണത്തിന്‌ ഓട്ട്‌സ്‌ മതി!
ഇത്തവണ അത്തം മുതല്‍ പത്തുദിവസമില്ലല്ലോ തിരുവോണത്തിന്‌.ഒന്‍പത്‌ ദിവസമേയുള്ളൂ.അത്‌ ചരിത്രത്തിലെ ഒരപൂര്‍വ്വത.മറ്റൊരു ആധുനികമായ അപൂര്‍വ്വതയും ഇക്കുറി ഓണക്കാലത്തെ കാത്തിരിക്കുന്നുണ്ട്‌.അത്‌ ഓണത്തിന്‌ എസ്‌.എം.എസില്ല എന്നതാണ്‌.!
ആസാം കലാപത്തെത്തുടര്‍ന്ന്‌ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ എസ്‌.എം.എസുകള്‍ക്ക്‌ തടയിടാനാണ്‌ സെപ്‌തം 8 വരെ ദിനംപ്രതി ഒരാള്‍ക്ക്‌ 5 (പിന്നീട് 20)  എസ്‌.എം.എസ്‌ മാത്രം എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്‌.ഏതായാലും അത്‌ സെല്ലുലാര്‍ കമ്പനികള്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും ദുരിതമായി.ഇക്കാരണത്താല്‍ ചിലപ്പോള്‍ ഈ ഓണക്കാലത്ത്‌ ആശംസാക്കാര്‍ഡുകള്‍ വിപണിയിലേക്ക്‌ മടങ്ങിവന്നേക്കാം.കാരണം നമുക്ക്‌ വിശേഷാവസരങ്ങളെ ആഘോഷിക്കാതെ വയ്യ.ഓട്ട്‌സ്‌ കുടിച്ചും സദ്യവട്ടത്തിനിടയില്‍ അല്‌പം ചിക്കന്‍ വിളമ്പിയും പുറത്തുപോയി ബിയര്‍ മോന്തിയും ഇന്‍ര്‍നെറ്റിനുമുന്നില്‍ ആകാംക്ഷപ്പെട്ടിരുന്നും നമുക്ക്‌ ആഘോഷിക്കാതെ വയ്യ.മാറിയ കാലത്ത്‌ ആഘോഷമെന്നാല്‍ അത്‌ ഫോണ്‍സന്ദേശങ്ങളും കൂടിയാണ്‌.
എസ്‌.എം.എസ്‌ ഇല്ലാതെന്തു ഓണം എന്നു ചോദിക്കും ഇക്കൊല്ലത്തെ യുവതലമുറ.കാരണം മലയാളി യുവത്വത്തിന്റെ സ്‌നേഹിതര്‍ കിടക്കുന്നത്‌ ഇങ്ങ്‌ കേരളത്തില്‍ മാത്രമല്ല.ബാംഗ്ലൂരും ചെന്നൈയും മുംബൈയും സിംഗപ്പൂരും ദെല്‍ഹിയും മുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളും യുറോപ്യന്‍ രാജ്യങ്ങളും വരെയാണ്‌.മലയാളികള്‍ തന്നെയാവണമെന്നില്ല.മറുഭാഷക്കാരും ആവാം.പഠിക്കാന്‍ പോയിട്ടും രക്ഷിതാക്കളുടെ കൂടെ താമസിച്ചിട്ടും കിട്ടിയവര്‍.ഫേസ്‌ബുക്കും വെബ്‌ക്യാമും സ്‌മാര്‍ട്ട്‌ഫോണും വഴി ലഭിച്ചവര്‍.സൗഹൃദത്തിന്‌ കാലദേശഭേദങ്ങളില്ലാതാവുന്നത്‌ കാട്ടിത്തരുന്നതും യുവാക്കള്‍ തന്നെ.
എസ്‌.എം.എസ്‌ ഇല്ലെങ്കിലും റംസാനും ക്രിസ്‌മസും വിഷുവും ഓണവും ഒരുത്സവമാണ്‌.മാറി മാറി ഉടയാടകള്‍ അണിയുന്ന കാലത്തിന്റെ ഉത്സവം.തരുണീമണികളും തരുണന്മാരും പെട്ടെന്ന്‌ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവരായി മാറിപ്പോകുന്നത്‌ ഏതെങ്കിലും ഉത്സവത്തിനോട്‌ അടുപ്പിച്ചായിരിക്കുമല്ലോ.ഓര്‍ത്തുനോക്കുമ്പോള്‍ സത്യമാണെന്ന്‌ മനസ്സിലാവും.ഇത്തവണയും മലയാളി യുവത്വങ്ങളില്‍ നിന്ന്‌ കുറേപ്പേര്‍ ഈ ഓണത്തിന്‌ പെട്ടെന്ന്‌ ഗൗരവക്കാരായി മാറി മൗനികളാകും.അവരെ നോക്കി പച്ചയായ ജീവിതം പറയും.
``കമോണ്‍ ഗൈയ്‌സ്‌..ഇത്‌ ലൈഫാണ്‌.മൂഡൗട്ടാകാതെ വന്ന്‌ അടിച്ചുപൊളിക്ക്‌..!''
അതെ.അവന്‍/അവള്‍ അടിച്ചുപൊളിക്കാന്‍ പോകാന്‍ തീരുമാനിക്കും.അതായത്‌ കുടുംബസ്ഥനാകാന്‍.എന്നുപറഞ്ഞാല്‍ പാരമ്പര്യങ്ങളുടെ തുടര്‍ച്ച കൊണ്ടുപോകാനായി ഒരു പെണ്ണിന്റെ/ആണിന്റെ കൈപിടിക്കാന്‍!
ആശംസകള്‍.

Monday, August 20, 2012

കമ്പി കെട്ടിയ ചിരിയുടെ മറയത്ത്‌


പാ
ട്ടിനെ പറ്റി പറഞ്ഞാല്‍ പറയുന്നത്‌ തീരില്ലെന്നതാണ്‌ അനുഭവം.അടുത്തകാലത്തായി രണ്ട്‌ രുചികള്‍ അഭിരുചികളായി എന്നെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്‌.ഇപ്പോഴിതാ മൂന്നാമതൊന്നും.അതിലൊന്ന്‌ താമരയും മറ്റൊന്ന്‌ ശ്രേയയുമാണ്‌.താമര തമിഴിലെ മുന്‍നിരപാട്ടെഴുത്തുകാരി.ശ്രേയ മഹാഗായികയായി വിരാജിക്കുന്ന ശ്രേയാഘോഷാലും.മനസ്സിലായില്ലേ അഭിരുചിക്ക്‌ വരരുചിപ്പഴമയുടെ മാറ്റ്‌ കിട്ടിയെന്ന്‌.
ശ്രേയയെ ഇഷ്‌ടപ്പെടാനുള്ള കാരണം ഒന്നുമാത്രമാണ്‌.അവരുടെ ഉച്ചാരണത്തിലുള്ള നിഷ്‌ട.പുറത്തുനിന്നുവന്ന്‌ ആരാണിങ്ങനെ മലയാളം മലയാളമായി പാടി ഫലിപ്പിച്ചിട്ടുള്ളത്‌.?ഏതു യുവഗായികയാണ്‌ പാട്ടിന്റെ ഭാവത്തിലേക്ക്‌ പ്രവേശിച്ച്‌ നമ്മെ വിസ്‌മയപ്പെടുത്തുന്ന മിടുക്കോടെ കഴിഞ്ഞ നാലഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പാടിയിട്ടുള്ളത്‌.?ഗായത്രിയും മഞ്‌ജരിയുമാണ്‌ ആ നിരയിലേക്ക്‌ ഉയരാന്‍ അര്‍ഹതയുള്ളവര്‍.നിര്‍ഭാഗ്യവശാല്‍ അവര്‍ക്കുകിട്ടുന്ന അവസരങ്ങള്‍ പരിമിതമായിപ്പോകുന്നു.
ശ്രേയ തമിഴ്‌ പാടുമ്പോള്‍ അത്‌ തമിഴ്‌ പാട്ടാണ്‌.ഹിന്ദി പാടുമ്പോള്‍ ഹിന്ദിയും.നോക്കണേ ഒരു ബംഗാളിഗായികയുടെ മിടുക്ക്‌.നമ്മുടെ ഷേക്ക്‌ഹാന്റ്‌ ആ മിടുക്കിനാണ്‌.എ.ആര്‍.റഹ്മാന്റെ ഈണത്തിലെ കള്‍വരേ കള്‍വരേ കേട്ടുനോക്കൂ..എത്ര ആവര്‍ത്തിച്ചുകേട്ടാലും ഉള്ളുതൊടുന്ന നൈര്‍മ്മല്യമാണ്‌ ആ പാട്ടിന്‌.അടുത്തിടെ വന്ന വീരപുത്രനിലെ കണ്ണോട്‌ കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത്‌ ഒളിച്ചാലുമാണെങ്കില്‍ കാതിനെ കൊതിപ്പിക്കുന്ന റേഞ്ചുള്ള പാട്ടും.
പാടുവാന്‍ മൈക്കുമായി വേദിയിലേക്ക്‌ പ്രിയഗൗണില്‍ ശ്രേയ വരുമ്പോള്‍ ശ്വാസം നിലച്ചുപോകുന്നതും പിന്‍കഴുത്തില്‍ പ്രിയമുള്ളൊരാളുടെ നിശ്വാസം പതിഞ്ഞുവീഴുന്നതും ഞാനറിയും.പ്രണയത്തെ അതിന്റെ ആഴത്തില്‍ തിരിച്ചെടുക്കാന്‍ ശ്രേയയുടെ സ്വരത്തിനേ കഴിയൂ എന്നിപ്പോള്‍ തോന്നാറുണ്ട്‌.
പ്രണയഭാവങ്ങളുടെ രാജകുമാരിയാണ്‌ ശ്രേയയുടെ സ്വരമെങ്കില്‍ പ്രണയാനുഭവങ്ങളുടെ ദൈവികതയാണ്‌ തമിഴിലെ പാട്ടെഴുത്തുപടയാളി താമര.തമിഴില്‍ മാത്രമെഴുതുന്ന,ദ്വയാര്‍ത്ഥങ്ങളോ മോശം അര്‍ത്ഥമുള്ള വാക്കുകളോ മീറ്റര്‍ പിടിച്ചെഴുതേണ്ട പാട്ടെഴുത്തില്‍ കൊണ്ടുവരില്ലെന്ന്‌ നിശ്ചയിച്ചിട്ടുള്ള മിടുക്കി.താമരപ്പാട്ടില്‍ ആദ്യമായെന്നെ സ്‌പര്‍ശിച്ചതും അവരുടെ എഴുത്തുജീവിതത്തിന്‌ ബ്രേക്ക്‌ കൊടുത്ത അതേ പാട്ടുതന്നെയാണ്‌.മലയാളിക്കരുത്തുള്ള ഗൗതം മേനോന്റെ `മിന്നലെ'യിലെ ഹാരിസ്‌ ജയരാജ്‌ ഈണമിട്ട `വസീഗരാ'.വെള്ളമൊഴുകുന്ന ചില്ലുമറയുടെ അപ്പുറത്ത്‌ അനുരാഗവിവശതയും എതിര്‍ലിംഗസാമിപ്യവും തഴുകിയിറക്കി നായിക പാടിയ അതേ വസീഗര.വാസ്‌തവത്തില്‍ ഞെട്ടിപ്പോയി.മലയാളത്തില്‍ നായകന്മാര്‍ മുണ്ടു പറിച്ചടിക്കുന്ന കാലം.നായികമാര്‍ കരഞ്ഞുകരഞ്ഞ്‌ കര കാണാതെ ഉഴലുന്ന കാലം.തമിഴിലാവട്ടെ മാറ്റങ്ങളുടെ പിച്ചനടപ്പ്‌ ആരംഭിച്ചിട്ടേയുള്ളൂ.പരുത്തിവീരനോ സുബ്രഹ്മണ്യപുരമോ പിറക്കും മുമ്പ്‌ കാക്ക കാക്കയ്‌ക്കും മുമ്പ്‌ ബോംബെ ജയശ്രീയുടെ സ്വരത്തില്‍ വന്ന `മിന്നലേ'.അതായിരുന്നു അത്‌.അയല്‍നാട്ടില്‍നിന്ന്‌ നമ്മെ സംഭ്രമിപ്പിക്കാനെത്തിയ യാഥാര്‍ത്ഥ മിന്നല്‍.!
വസീഗരാ എന്‍ നെഞ്ചിനിക്ക ഉന്‍ പൊന്‍മടിയില്‍ തൂങ്കിനാല്‍ പോതും
അതേ കണം എന്‍ കണ്ണുറങ്ങാ മുന്‍ജന്മങ്ങളില്‍ ഏക്കങ്ങള്‍ തീരും
നാന്‍ നേസിപ്പതും ശ്വാസിപ്പതും ഉന്‍ ദയവാല്‍ താനേ
ഏങ്കുകിറേന്‍ ഏങ്കുകിറേന്‍ ഉന്‍ നിനൈവാല്‍ താനേ നാന്‍..
പ്രണയത്തിലും സ്‌നേഹത്തിലും ആണ്ടുമുങ്ങി ഈറനായ മനസ്സോടെയേ ഒരാള്‍ക്കിങ്ങനെ എഴുതാന്‍ കഴിയൂ..വര്‍ഷമെത്ര കഴിഞ്ഞിട്ടും ഇന്നും വസീഗര കേള്‍ക്കുമ്പോള്‍ വരികള്‍ക്കൊപ്പം മനമോടാറുണ്ട്‌.എന്തായാലും പാട്ടുകളിലെ സാഹിത്യമായാലും അതിലെ സംഗീതമായാലും പാടിയ ആളുടെ സ്വരമായാലും നമ്മെ തൊടുന്നത്‌ അതിലെ മാന്ത്രികമായ ആകര്‍ഷണീയതയാലാണ്‌.അത്‌ സമര്‍പ്പിതചേതനയില്‍ നിന്നുണ്ടാവുന്നതാണ്‌.താമരയ്‌ക്കും ശ്രേയയ്‌ക്കും അതുണ്ട്‌.അതുകൊണ്ടാണ്‌ മലയാളികള്‍,ആരെയും കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ ഇഷ്‌ടമല്ലാത്ത നമ്മള്‍ മലയാളികള്‍ ഇവരെയങ്ങ്‌ സ്വീകരിച്ചത്‌.താമരയും പിന്നെ വന്ന ശ്രേയയും നമ്മെ വിസ്‌മയപ്പെടുത്തുന്നത്‌ സാദൃശ്യങ്ങളോ പിന്‍ഗാമികളുടെ നിഴലുകളോ ഇല്ലാത്ത അവരുടെ സ്വതസിദ്ധമായ വൈഭവത്താലാണ്‌.ഇപ്പോ ഇതാ അങ്ങനെയൊന്ന്‌ മലയാളത്തിലും സംഭവിച്ചേക്കും എന്നു തോന്നുന്നു.മറ്റാരുമല്ല,അടുത്തിടെ `തട്ടത്തിന്‍ മറയത്തെ' പെണ്ണിനെ നമുക്കുമുന്നില്‍ പിടിച്ചുനിര്‍ത്തിയ അനു തന്നെ.എനിക്ക്‌ സന്തോഷമുണ്ട്‌ അനു എലിസബത്ത്‌ ജോസിന്റെ എന്‍ട്രിയില്‍.
എന്നോമലേ..എന്‍ ശ്വാസമേ..എന്‍ ജീവനേ..ആയിഷാ..
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാന്‍ ഉള്ളിനുള്ളില്‍ നിന്നൊരു ശ്രീരാഗം
മൂടല്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും എന്റെ കനവുകളില്‍
വരവായി നീ ആയിഷാ..
അനുവിന്റെ കമ്പികെട്ടിയ പല്ലിനപ്പുറത്തെ ചിരിയില്‍ അയലത്തെ അനിയത്തിയുടെ നിഷ്‌കളങ്കചാരുതയുണ്ട്‌.വിനീത്‌ ശ്രീനിവാസന്റെ കണ്ടെത്തല്‍ മലയാളത്തിനു മുതല്‍ക്കൂട്ടായി തീരട്ടെ.അങ്ങനെ ആശംസിക്കാന്‍ കാരണം അനുവില്‍ എഴുത്തുകാരിയും നല്ല നിരീക്ഷകയുമുണ്ടെന്നതാണ്‌.മലയാളം മരിക്കുന്നു എന്നും ഭാഷ പഠിക്കുന്ന കുട്ടികള്‍ ഇല്ലാത്തതിനാല്‍ കാലാന്തരത്തില്‍ ഭാഷ ഇല്ലാതാകും എന്നുമൊക്കെ നിലവിളിക്കുന്നവര്‍ക്ക്‌ ഒരു മറുപടിയായിട്ട്‌ അനുവിന്റെ വരവിനെ ഞാന്‍ കാണുന്നു.പത്താംക്ലാസിനപ്പുറം മലയാളം പഠിച്ചിട്ടില്ലെങ്കിലും അനുവില്‍ മലയാളമുണ്ട്‌.കോയമ്പത്തൂരിലെ ഗവ.കോളജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചീനീയറിംഗില്‍ ഗ്രാജ്വേറ്റായ താമരയ്‌ക്കും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി സെക്‌ടറില്‍ പണിയെടുക്കുന്ന അനുവിനുമൊക്കെയുള്ള മേന്മ അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ഭാഷയോടുള്ള സ്‌നേഹവും എഴുത്തിനോടുള്ള കൂറുമാണ്‌.നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ ഇവര്‍ മികച്ച മാതൃകകളായിത്തീരും.
തെളിമയുള്ള മലയാളത്തില്‍ അനുവിന്‌ ഇനിയുമിനിയും സിനിമാപ്പാട്ടുകള്‍ എഴുതാന്‍ കഴിയട്ടെ.വസ്‌ത്രാലങ്കാരകയായ സമീറ സനീഷിനെ പോലെ എഴുത്തുകാരിയും സംവിധായികയുമായ അഞ്‌ജലി മേനോനെപ്പോലെ അനുവിനും മലയാളം അംഗീകരിക്കുന്ന സിനിമാക്കാരിയാകാനും കഴിയട്ടെ.അതിലൂടെ നിരവധി ചെറുപ്പക്കാരികള്‍ രംഗത്തേക്കും വരട്ടെ.


(ചന്ദ്രിക ദിനപത്രത്തിന്‍റെ ഞായറാഴ്ചപ്പതിപ്പില്‍ പതിവായി ഞാനെഴുതുന്ന പംക്തിയുടെ ഈ ആഴ്ച.)

Sunday, August 19, 2012

സ്നേഹിക്കാനും വെറുക്കാനും കരളുറപ്പുള്ള ഒരേയൊരു ജീവി

ന്ന് ഞാന്‍ സ്നേഹത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.
എന്താണത്.?കുന്പളങ്ങയോ കപ്പലണ്ടിയോ പോലെയുള്ള എന്തെങ്കിലുമാണോ.അതോ മലബാര്‍ സിമന്‍റ്‌ വാങ്ങി കുറേ കന്പിയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന വല്ല രൂപവുമാണോ.അതുമല്ലെങ്കില്‍ ഈശ്വരനെപ്പോലെ അരൂപിയും നിശ്ശബ്ദനുമായ വല്ലതുമാണോ.അല്ലേയല്ല.സ്നേഹത്തെയും നമുക്ക് മനോഭാവം എന്നു വിളിക്കാം.ഒന്നിന്   മറ്റൊന്നിനോട് തോന്നുന്ന മനോഭാവമാണ് സ്നേഹം.മനോഭാവത്തിലെ വ്യതിയാനമനുസരിച്ച് സ്നേഹവും ഏറിയും കുറഞ്ഞും ഇരിക്കും.എങ്കിലും അത് തീരെ ഇല്ലാതാകുമെന്ന് കരുതാന്‍ വയ്യ.
എന്നാലും ഒരുകാര്യം ഉറപ്പിച്ചുപറയാം.
സ്നേഹിക്കാനും പിന്നെ ക്രൂരമായി വെറുക്കാനും മറന്നതായി നടിക്കാനും കണ്‍മുന്നില്‍ പെട്ടാലും കാണാത്തപോലെ നടക്കാനും മനുഷ്യനുമാത്രമേ കഴിയൂ.
മനുഷ്യന്‍ എത്ര പാവമാണല്ലേ.എത്ര ദുര്‍ബലനും.!
ഞാനും മനുഷ്യനായിപ്പോയി.ഒരു കുരുവിയായാല്‍ മതിയായിരുന്നു.

തെഴുതുന്പോള്‍ എനിക്കിന്ന് പ്രത്യേക സന്തോഷമുണ്ട്.സൂര്യരശ്മികള്‍ ഉതിരുന്ന മിഴികളുമായി  ഇത് നീ വായിക്കുന്നുണ്ടല്ലോ.നീയത് എന്നോട് പറഞ്ഞല്ലോ.
സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ?

Monday, August 6, 2012

രമ്യം സ്തന്യം

'കൊഴുപ്പിന്‍റെ വലിയ കിഴിയാണ് മുല' എന്നെഴുതിയത് സോണിയയാണ്.പാക്കിസ്ഥാനി എഴുത്തുകാരിയായ സോണിയ നഹീദ് കമാല്‍ .
എനിക്ക് നിന്നെയും തീവണ്ടിയെയും ഓര്‍മ്മ വന്നു.എന്‍റെ പാവം ഹൃദയത്തെയും.
പണ്ട്,വളരെ പണ്ട്,കഥയെഴുതിത്തുടങ്ങിയ കാലത്ത്,മുല എന്ന പേരില്‍ മുല ഒരു തുരങ്കമാണ് എന്ന ആശയം വരുന്ന കഥയെഴുതാന്‍ ഞാനാഗ്രഹിച്ചിരുന്നു.അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും തിരിച്ചും രൂപപ്പെടുന്ന തുരങ്കമെന്ന അര്‍ത്ഥത്തെ തല തിരിച്ചിടുന്ന ആശയമായിരുന്നു അത്.
ഒരു മുല എങ്ങനെയായിരിക്കുമെന്ന് അന്നെനിക്കറിയില്ലായിരുന്നു.അതുകൊണ്ടാവണം എഴുത്ത് നടന്നില്ല.ഇപ്പോള്‍ മുല എങ്ങനെയാണെന്നറിയാം.പക്ഷേ അതൊരു തുരങ്കമോ പാലമോ ദൂതോ അല്ലെന്നുമറിയാം.അത് സോണിയ പറയും പോലെ കൊഴുപ്പിന്‍റെ ഒരു കിഴിയാണെന്നു കരുതാനും വയ്യ.
അടുത്തിടെയും ആലോചിച്ചിരുന്നു.മുലയെപ്പറ്റി കഥയെഴുതണമെന്ന്.പക്ഷേ,തെറിയാവാതെ,അശ്ലീലമാവാതെ,വികാരോദ്ദീപനമാവാതെ,ക്ലീഷേയാവാതെ,ചര്‍വ്വിതചര്‍വ്വണമാവാതെ എങ്ങനെയാണ് ആ അനുഭവത്തെ ആവിഷ്കരിക്കുക എന്നറിയില്ല.
ഓടുന്ന തീവണ്ടിയില്‍ നിന്നാണല്ലോ ഗൌതം മേനോന്‍റെ സിനിമകളില്‍ പ്രണയം ആരംഭിക്കുക.
തീവണ്ടിയില്‍ നിന്നെ കണ്ടുമുട്ടാറുണ്ട് ഞാന്‍ .മണിരത്നത്തിന്‍റെ അലൈപായുതേയില്‍ മാധവന്‍ ശാലിനിയെ കണ്ടെത്തുന്നതുപോലെ.richard linklater ന്‍റെ before sunrise ലെ ആകസ്മികമായ കണ്ടെത്തല്‍ പോലെ..ഓരോ യാത്രയിലും നീ വരാറുണ്ട്.മഞ്ഞപ്പേപ്പറില്‍ എഴുതിയ പ്രണയലേഖനവുമായി..
ഒന്നെനിക്കറിയാം.ഓര്‍മ്മയില്‍ പോലും ഭാരത്തെ ലഘുവാക്കുന്ന അനുഭവമാണ് മുല.
ഓരോ ഓര്‍മ്മയിലും ജീവിതത്തെ അടയാളമിടുന്നതാണ് പ്രണയം.

Tuesday, July 24, 2012

'വാക്കുകളും' 'ഡി'യും-പ്രകാശനം




ഇ.സന്തോഷ് കുമാറിന്‍റെ നോവല്‍ വാക്കുകളുടെ പുതിയ പതിപ്പും എന്‍റെ ഡി യുടെ പുതിയ പതിപ്പും 28 ശനിയാഴ്ച തൃശൂരില്‍ സി.വി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യും.
പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഇതാ ക്ഷണക്കത്ത്.
തീര്‍ച്ചയായും പങ്കെടുക്കുമല്ലോ.
സ്നേഹത്തോടെ,
സുസ്മേഷ്.

Wednesday, July 18, 2012

'ഡി' യുടെ കവറും കഥയുടെ പരസ്യവും



ജൂലൈ 28 ന് തൃശൂരില്‍ നടക്കുന്ന 'മാതൃഭൂമി' പുസ്തകോത്സവത്തില്‍ വച്ച് ഡി പ്രകാശനം ചെയ്യുന്നു.എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Friday, July 13, 2012

സ്‌പൈ കാമില്‍ ഒരു ശലഭം


ന്റെ ഒഴിവുസമയങ്ങളില്‍ ഞാനേര്‍പ്പെടുന്ന വിനോദം അല്ലെങ്കില്‍ എഴുത്തുകാരനെന്ന നിലയിലുള്ള അനുഭവാന്വേഷണം മിക്കവാറും നടക്കുന്നത്‌ അടുത്തകാലത്തായി ഇന്റര്‍നെറ്റിലൂടെയാണ്‌.ഇത്‌ എനിക്കു മാത്രമായിരിക്കില്ലെന്നു തോന്നുന്നു.കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കുന്ന മിക്കവാറും മനുഷ്യരെല്ലാവരും ഇന്ന്‌ സമയം തള്ളിനീക്കാനായും സൗഹൃദങ്ങള്‍ ബലപ്പെടുത്താനായും വിനോദവേളകള്‍ ആനന്ദപ്രദമാക്കുന്നതിനായും ആശ്രയിക്കുന്നതോ അടിമപ്പെട്ടിരിക്കുന്നതോ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളെയാണ്‌.

ഒരു ബ്ലോഗുണ്ടെങ്കിലും ഞാന്‍ അനുഭവം തേടി പോകുന്നത്‌ നെറ്റിലെ രഹസ്യങ്ങളുടെ ലോകത്തേക്കാണ്‌.അവിടെ നിന്നാണ്‌ ഞാനാ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കണ്ടെത്തിയത്‌.എനിക്കെന്നല്ല ഒരാള്‍ക്കും രക്ഷിക്കാനാവാത്ത വിധം അവര്‍ ചീഞ്ഞഴുകിപ്പോയിരുന്നു അപ്പോഴേക്കും.
മനുഷ്യരുടെ ജന്മവാസനകളിലേക്ക്‌ കടന്നുകയറുന്നതിനായിട്ടാണ്‌ ഞാന്‍ വിവരവിനിമയവല(ഇന്റര്‍നെറ്റ്‌)യുടെ സൗകര്യം ഉപയോഗിക്കുന്നത്‌.അങ്ങനെയാണ്‌ ആ വലയില്‍ കുരുങ്ങുന്ന കീടങ്ങളെയും ഹിംസ്രമൃഗങ്ങളെയും ഞാന്‍ കണ്ടെത്തുന്നതും അവര്‍ക്ക്‌ മനുഷ്യരുടെ ഛായ അത്ഭുതകരമായ വിധത്തില്‍ ചേര്‍ന്നിരിക്കുന്നതായി തിരിച്ചറിയുന്നതും.വാസ്‌തവത്തില്‍ അത്‌ നമുക്കിടയിലെ മനുഷ്യര്‍ തന്നെയാണ്‌.സാഹചര്യമനുസരിച്ച്‌ പ്രാണിയോ വേട്ടമൃഗമോ ആയി പരിവര്‍ത്തനപ്പെടുന്ന ഒരര്‍ത്ഥത്തില്‍ നിസ്സഹായരായ മനുഷ്യര്‍.
മനുഷ്യരുടെ നിഗൂഢതകളെയും സ്വകാര്യതകളെയും ഇന്നത്തെ കാലത്തിനുവേണ്ടി അനാവരണം ചെയ്യുന്ന സാങ്കേതികമുന്നേറ്റമാണല്ലോ കാമറകളുടെ പുതിയ രൂപഭാവങ്ങള്‍.അത്‌ മൊബൈല്‍ ഫോണിലെ കാമറയാവാം,ഐ പോഡിലെ വീഡിയോ ആവാം,ലാപ്പ്‌ടോപ്പിലെ വെബ്‌കാമറയാവാം,ഡിജിറ്റല്‍ വിപ്ലവകാലത്തെ ഏതു ചാര ഛായാഗ്രഹണോപകരണവുമാവാം.
ചാരപ്പണിക്ക്‌ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രാചീനകാലം മുതലേ മനുഷ്യരുടെ വികാസത്തിനൊപ്പമുണ്ട്‌.എന്നാല്‍ അതെല്ലാം രാജ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു.അല്ലെങ്കില്‍ പ്രഖ്യാപിത ശത്രുക്കളുടെ നീക്കത്തെ ഉന്നമിട്ടായിരുന്നു.ചുരുക്കിപ്പറഞ്ഞാല്‍ സ്വയം പ്രതിരോധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു.കാലം മാറിയപ്പോഴത്തെ സ്ഥിതി അതാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?
ഇന്നത്തെ ഓരോ മനുഷ്യനും ഓരോ ചാരനാണ്‌.അമ്മയുടെ,പെങ്ങളുടെ,ഭാര്യയുടെ,അയല്‍വാസിയായ സ്‌ത്രീയുടെ,അധ്യാപികയുടെ അങ്ങനെ ഏതു സ്‌ത്രീയുടെയും പുരുഷന്റെയും പിന്നിലുള്ള ചാരക്കണ്ണുകളായി മനുഷ്യനേത്രങ്ങള്‍ മാറിയിട്ടില്ലേ..ഉണ്ടെന്നു തെളിവുകള്‍ തരികയും വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുകയും ചെയ്യുകയാണ്‌ എഴുത്തുകാരനെന്ന നിലയില്‍ ഒരു മുറിയുടെ ചതുരപരിമിതികളിലിരുന്ന്‌ ഞാന്‍ കണ്ടെത്തുന്ന ചാരപ്പടങ്ങള്‍.അതായത്‌ ഇന്റര്‍നെറ്റില്‍ സമൃദ്ധമായ ഒളിക്കാമറാദൃശ്യങ്ങള്‍.അതിന്‌ പ്രാദേശികമെന്നോ വൈദൈശികമെന്നോ വേര്‍തിരിവുകളില്ല.അവിടെ അമ്മപെങ്ങന്മാരുടെ പേരിലുള്ള കാലഹരണപ്പെട്ട മുറവിളികളുമില്ല.
സാധാരണ കലാകാരന്മാരെല്ലാം,പ്രത്യേകിച്ചും എഴുത്തുകാര്‍ ഒളിഞ്ഞുനോട്ടക്കാര്‍ തന്നെയാണ്‌.സാമ്പ്രദായികമായ അര്‍ത്ഥത്തിലല്ലെന്നുമാത്രം.അന്യരുടെ മനസ്സിലേക്ക്‌ നോക്കി പലതും സങ്കല്‍പ്പിച്ചെടുക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌.അല്ലെങ്കില്‍ അന്യരെ നിരീക്ഷിച്ച്‌ പല നിഗമനങ്ങളിലും എത്തുന്നു.ചിരപരിചയം നിമിത്തവും കടന്നുകാണാനുള്ള നൈസര്‍ഗ്ഗികസിദ്ധി നിമിത്തവും ലോകത്തെങ്ങുമുള്ള എഴുത്തുകാരുടെ ഇത്തരം സാമൂഹിക നിരീക്ഷണങ്ങള്‍ മിക്കതും ശരിയാവുകയാണ്‌ പതിവ്‌.എന്നാല്‍ ചാരക്കാമറകള്‍ വന്നതോടെ ഊഹങ്ങള്‍ അവസാനിക്കുന്നു.ഭാവനകള്‍ വഴിയാധാരമാകുന്നു.
മഞ്ഞുവീണ ഒരു കുന്നിന്‍ പ്രദേശം.അതിമനോഹരമായ ഏതോ വിനോദസഞ്ചാര കേന്ദ്രമാണതെന്ന്‌ വ്യക്തമാണ്‌.അവിടെക്കാണുന്ന മിക്കവാറും മഞ്ഞുമൂടിയ ടാറിട്ട റോഡ്‌.അത്ര കനത്ത മഞ്ഞുണ്ടെന്ന്‌ പറഞ്ഞുകൂടാ.ഒരു വശത്തായി ഒരു കെട്ടിടത്തിന്റെയോ മറ്റോ ഭിത്തിയും കാണാം.അവിടെ നില്‍ക്കുന്ന രണ്ടുപേര്‍.ഒരാണും പെണ്ണും.ഇരുപതില്‍ താഴയേ അവര്‍ക്ക്‌ പ്രായം തോന്നുന്നുള്ളൂ.അതീവ മനോഹരിയും ധനികയുമായ വിദ്യാര്‍ത്ഥിനിയാണ്‌ ആ പെണ്‍കുട്ടിയെന്ന്‌ നമുക്ക്‌ നിഷ്‌പ്രയാസം മനസ്സിലാക്കാം.ഒപ്പമുള്ളത്‌ തീര്‍ച്ചയായും സഹപാഠിയായിരിക്കണം.അവളുടെ ജീവിതനിലവാരത്തില്‍ നിന്നുതന്നെ വരുന്നവനാണെന്ന്‌ വ്യക്തം.അവര്‍ ഇരുവരുടെയും ചുംബനാലിംഗനാദികളുടെയും തിടുക്കത്തിലുള്ള ലൈംഗീകബന്ധത്തിന്റെയും രഹസ്യമായി നടത്തിയ വീഡിയോ ചിത്രീകരണമാണ്‌ നെറ്റിലുള്ളതും ഞാന്‍ ലക്ഷങ്ങളിലൊരുവനായി അത്‌ കണ്ടതും.
ചില ചോദ്യങ്ങള്‍-അത്‌ ആരാണ്‌ ചിത്രീകരിച്ചത്‌.?ചിത്രീകരിച്ചത്‌ അവരുടെ സമ്മതത്തോടെയാണോ.?ആണെങ്കില്‍ത്തന്നെ അത്‌ പ്രക്ഷേപണം ചെയ്‌തത്‌ അവരുടെ സമ്മതപ്രകാരമാണോ.?ഇതൊന്നുമല്ലെങ്കില്‍ അത്‌ ഒളിഞ്ഞുനോക്കി ചിത്രീകരിച്ചതും അവരുടെ സ്വകാര്യതയെ കൊന്നുകൊണ്ട്‌ ലോകത്തിനുമുന്നിലേക്ക്‌ എറിഞ്ഞുകൊടുത്തതും അതിലൂടെ വഞ്ചന നടത്തിയതും ആരാണ്‌.?അതിനുള്ള അധികാരം ആരാണ്‌ നല്‍കിയത്‌.?അത്‌ ധാര്‍മ്മികതയാണോ.?
ഏതാണ്ട്‌ പതിനഞ്ചുമിനിട്ടോളം വരുന്ന ആ വീഡിയോ ചിത്രീകരണം കണ്ട്‌ ഞാന്‍ ഭയന്നുപോയി.ഏറെനേരം ആലോചിച്ചിരിക്കുകയും ചെയ്‌തു.ഒരേയൊരു കാര്യത്തിലാണ്‌ ഞാന്‍ ആശങ്കപ്പെട്ടത്‌.അത്‌ പ്രായപൂര്‍ത്തിയെത്തിയതെന്നു ഉറപ്പുള്ള രണ്ടുപേരുടെ പരസ്‌പരസമ്മതത്തോടെ നടന്ന ലൈംഗീകസമ്പര്‍ക്കത്തെക്കുറിച്ചല്ലേയല്ല.മറിച്ച്‌ അവരുടെ സ്വകാര്യതയെ ഒളികണ്ണാല്‍ കവര്‍ന്നെടുത്ത അധമന്റെ മനോനിലയെക്കുറിച്ചും അയാള്‍ സമൂഹത്തിനു നല്‍കുന്ന അരക്ഷിതത്വത്തെക്കുറിച്ചുമാണ്‌.
അതാണെന്നെ ഭയപ്പെടുത്താന്‍ കാരണമെന്ന്‌ പറയുന്നത്‌,അത്‌ ചിത്രീകരിക്കുകയും ഒരു തുറന്ന ലോകത്തിനു മുന്നിലേക്ക്‌ അത്‌ പരസ്യമാക്കുകയും ചെയ്‌ത ആള്‍ തീര്‍ച്ചയായും സമൂഹത്തിനു ഉപകാരിയാണെന്ന്‌ എനിക്ക്‌ അഭിപ്രായമില്ല എന്നതുകൊണ്ടാണ്‌.ഉപകാരമാണ്‌ അയാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ താന്‍ രഹസ്യമായി ചിത്രീകരിച്ച വീഡിയോ ആ കുട്ടികളെ അല്ലെങ്കില്‍ കുട്ടികളുടെ മാതാപിതാക്കളെ അതിന്റെ ഒറിജിനല്‍ സഹിതം ഏല്‍പ്പിക്കുകയാണ്‌ വേണ്ടത്‌.
എന്നാല്‍ ഇവിടെ സംഭവിച്ചത്‌ അതൊന്നുമല്ല.ആ വ്യക്തി സമൂഹത്തിന്റെ സുരക്ഷിതബോധത്തെ തകര്‍ക്കുകയാണ്‌ ഈ പ്രവര്‍ത്തിയിലൂടെ ചെയ്‌തിരിക്കുന്നത്‌.ആ വ്യക്തി സമൂഹത്തിന്റെ പോക്കില്‍ ഉല്‍ക്കണ്‌ഠാകുലനായ ഒരാളേയല്ല,മറിച്ച്‌ അന്യരുടെ സ്വകാര്യതയില്‍ കടന്നുകയറുകയും അവരെ പരസ്യമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്ന ഒരുവനാണ്‌.ന്യായമായ ചികിത്സയും ശിക്ഷയും അര്‍ഹിക്കുന്ന മനോരോഗി കൂടിയാണ്‌ അയാള്‍.ഇങ്ങനെയാണ്‌ കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എനിക്കും നിങ്ങള്‍ക്കും ഈ സമൂഹത്തില്‍ എവിടെയാണ്‌ ഭരണഘടന പൗരന്‌ ഉറപ്പുനല്‍കുന്ന സുരക്ഷിതത്വവും സ്വകാര്യതയും സ്വാതന്ത്ര്യവും പാലിക്കപ്പെടുന്നത്‌.?പൊതുസ്ഥലത്ത്‌ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതോ ആലിംഗനചുംബനാദികളില്‍ പരസ്‌പരം അനുരക്തരാവുന്നതോ വ്യക്തികളുടെ സ്വകാര്യമായ കാര്യങ്ങള്‍ മാത്രമാണ്‌.അതില്‍ ഉത്‌കണ്‌ഠപ്പെടുന്നവര്‍ തീര്‍ച്ചയായും അവരെ തിരുത്താന്‍ മാന്യമായ വഴികള്‍ തേടുകയാണ്‌ വേണ്ടത്‌.
ഇത്‌ ലൈംഗികരംഗങ്ങള്‍ ഒളിഞ്ഞുനോക്കി ചിത്രീകരിച്ച്‌ പരസ്യപ്പെടുത്തുന്നതില്‍മാത്രം ഒതുങ്ങുന്നില്ല.എന്തുമേതും കാഴ്‌ചക്കാരനുള്ള വിഭവങ്ങളായി മാറ്റിയെടുക്കുകയാണെന്നുസാരം.വിശദമാക്കാം,ഒരു പുരുഷനോ സ്‌ത്രീയോ പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ കുളിക്കുന്നത്‌,വിസര്‍ജ്ജിക്കുന്നത്‌,തമ്മില്‍ സംസാരിക്കുന്നത്‌ എല്ലാം പരസ്യമാവുകയാണ്‌.
മനുഷ്യരുടെ അത്തരത്തിലുള്ള ദൈനംദിനകൃത്യങ്ങളെല്ലാം രഹസ്യമായി ചിത്രീകരിച്ച്‌ പരസ്യപ്പെടുത്താവുന്ന കാര്യമാണെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?ഒരു സ്‌ത്രീ തന്റെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്‌ രഹസ്യമായി ചിത്രീകരിച്ച്‌ പരസ്യപ്പെടുത്തുന്നതില്‍ യാതൊരു അശ്ലീലതയുമില്ലെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ..?അതോ രതിസംബന്ധമായ രംഗങ്ങള്‍ കാണിക്കുന്നതുമാത്രമാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ അശ്ലീലം..?
ഞാന്‍ ന്യായമായും ഭയപ്പെടുന്നു.ഇത്തരത്തിലുള്ള നൂറുകണക്കിന്‌,ആയിരക്കണക്കിന്‌ വീഡിയോകളും നിശ്ചലദൃശ്യങ്ങളും നെറ്റില്‍ സുലഭമാണ്‌.മനുഷ്യന്റെ കുമാര്‍ഗ്ഗങ്ങളെ തിരഞ്ഞുപോകാന്‍ താല്‍പര്യം കാണിക്കുന്നവര്‍ പല തരക്കാരാണെന്നത്‌ ഞാന്‍ വിസ്‌മരിക്കുന്നില്ല.അതിനര്‍ത്ഥം ഇത്രയേയുള്ളു..പകര്‍ത്തുന്നവനും കാണുന്നവനും കൈമാറ്റം ചെയ്യുന്നവനും ചാരക്കണ്ണുകളുടെ ഉടമകളാവുന്നു.
നമ്മുടെയൊക്കെ സ്വകാര്യത കവര്‍ന്നെടുക്കപ്പെടുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ യാതൊരു കാരണവശാവും സംരക്ഷിക്കാന്‍ പാടുള്ളതല്ല.അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും മറ്റുള്ളവര്‍ക്ക്‌ താക്കീതാവുന്ന തരത്തില്‍ ശിക്ഷിക്കുകയും വേണം.അതിന്‌ സ്വാതന്ത്ര്യം നല്‌കുന്ന തരത്തിലുള്ള പ്രക്ഷേപണസൗകര്യങ്ങള്‍ക്ക്‌ അറുതിവരുത്തുകയും വേണം.അല്ലെങ്കില്‍ സ്വന്തം കൈയിലെ കാമറയില്‍ നമ്മളും പതിപ്പിച്ചെടുക്കും ഒരു ചിത്രം.അമ്മ കുളിക്കുന്നതോ അനിയത്തി മറപ്പുരയില്‍ ഇരിക്കുന്നതോ ഭാര്യ വേഷം മാറുന്നതോ ഒക്കെ.എന്തുകൊണ്ടെന്നാല്‍ അറിയാതെ ഒരു ചാരനായിക്കൊണ്ടിരിക്കുകയാണല്ലോ നമ്മളും.അത്‌ നമ്മളില്‍നിന്നു ചോര്‍ത്തി പ്രക്ഷേപണം ചെയ്യാന്‍ സൗകര്യമുള്ളവര്‍ നമ്മുടെ വീടിന്റെ മതിലിനരികിലും കാതോര്‍ത്തിരിപ്പുണ്ടെന്നത്‌ മറക്കേണ്ട.
മനുഷ്യന്റെ സ്വകാര്യത സൂക്ഷിക്കാന്‍ ലോക്കറുകള്‍ തേടിപ്പോകേണ്ട കാലത്താണ്‌ നാം ജീവിക്കുന്നതെന്ന കണ്ടെത്തലാണ്‌ ഇത്‌.ചാരക്കണ്ണുകള്‍ക്കുമുന്നില്‍ അകപ്പെട്ട ആ ശലഭങ്ങളുടെ വിധി ഇനി അകപ്പെടാനിരിക്കുന്ന ശലഭങ്ങളുടെ വിധിയും കൂടി നിര്‍ണ്ണയിച്ചുകഴിഞ്ഞിരിക്കുന്നു.
(ദേശാഭിമാനി സ്ത്രീയില്‍ പ്രസിദ്ധീകരിച്ചത്)