-Franklin D Roosevelt.
ആരാണ് വായനക്കാരന്‍..?അക്ഷരങ്ങള്‍ക്ക് ഗൂഢാലോചനയുണ്ടോ..?2010-ലെ പ്രധാന ചോദ്യങ്ങള്‍ ഇതാണ്.ട്രെന്റ് വന്നു എന്നും ട്രെന്റ് കടന്നുപോയി എന്നും പറയുന്നവര്‍ക്കുവേണ്ടിയാണ് ഇതെഴുതുന്നത്.
``വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ''എന്നൊരിക്കല്‍ ചോദിച്ചത് മരിച്ചുപോയ എം.കൃഷ്‌ണന്‍ നായര്‍ സാറാണ്.അദ്ദേഹമുണ്ടായിരുന്ന കാലത്തേക്കാള്‍ ഇപ്പോഴാ ചോദ്യത്തിന് പ്രസക്തിയേറിയിരിക്കുന്നു.അദ്ദേഹം മുന്നില്‍ക്കണ്ടത് സാഹിത്യത്തിന്റെ വായനക്കാരെയായിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിമാറി.നിസ്സാരമാണ് അതിനുള്ള മറുപടി.വായന വിപുലീകരിക്കപ്പെട്ടിരിക്കുന്നു.മൊത്തം ജീവിതവും.വായനക്കാരന്റെ അഭിരുചി അഭിരുചിയുടെ വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍(അത് മനുഷ്യവര്‍ഗ്ഗത്തിന്റെ മൊത്തം അഭിരുചിയാണ്.)ഏറെ ദൂരം മുന്നോട്ടുപോയതാണ് ഈ തോന്നലിനെല്ലാമുള്ള കാരണം.
വിപുലീകരിക്കപ്പെട്ടത് എങ്ങനെയൊക്കെയാണ്?അഭിരുചിയുടെ വിപ്ലവം സാദ്ധ്യമായത് എങ്ങനെയാണ്?
ഉദാഹരണത്തിന് നാട്ടിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെ മാറിയ സ്വഭാവം നോക്കാം.മുമ്പ്,സാഹിത്യം വായിക്കാന്‍ സാഹിത്യപ്രസിദ്ധീകരണങ്ങളും രാഷ്‌ട്രീയം വിലയിരുത്താന്‍ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങളും സിനിമ അറിയാന്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും അധമരതി ആസ്വദിക്കാന്‍ കമ്പിപ്പുസ്‌തകങ്ങളും സ്‌ത്രീകള്‍ക്ക് വായിക്കാന്‍ സ്‌ത്രീ പ്രസിദ്ധീകരണങ്ങളും നാട്ടിലുണ്ടായിരുന്നു.ജനപ്രിയസാഹിത്യം വായിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക് അതും. അച്ചടി പിച്ചവയ്‌ക്കുന്ന കാലമായിരുന്നു അത്.അവയുടെ ഉള്ളടക്കം അതത് വിഷയങ്ങളില്‍ ഊന്നിനിന്നുമാത്രമായിരുന്നു.അതോടൊപ്പം ഒരു വിഷയത്തിന്റെ പരിധിയില്‍ വരുന്ന മറ്റെല്ലാ വിഷയങ്ങളും അതിനോടൊപ്പമുണ്ടായിരുന്നു.അതായത്,സ്‌ത്രീ പ്രസിദ്ധീകരണത്തില്‍ പേരന്റിംഗ്,ഫാഷന്‍,ചമയം,പാചകം,സ്‌ത്രീരോഗങ്ങള്‍ക്കുള്ള വൈദ്യോപദേശം എന്നിവയൊക്കെ.ഇതൊരു സര്‍വ്വസമ്മതി നേടിയ അനുപാതമോ ഫോര്‍മുലയോ ആയിരുന്നു എന്നുപറയാം. എന്നാല്‍ വായനയുടെ വിപുലീകരണം പ്രചാരത്തിലായപ്പോള്‍ എല്ലാത്തിനും പ്രത്യേകം പ്രത്യേകം പ്രസിദ്ധീകരണങ്ങളായി.വായനയുടെ വിപുലീകരണമെന്നത് ഇന്ത്യയില്‍ കേരളവും ബംഗാളും ഡെല്‍ഹിയും പോലുള്ള കുറച്ചിടങ്ങളില്‍ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ.പിന്നെ ചില നഗരങ്ങളും.അതുകൊണ്ട് നമുക്ക് കേരളത്തിലേക്ക് വരാം.
രണ്ടായിരാമാണ്ടിനുശേഷമുള്ള കേരളത്തിലെ പുസ്‌തകവില്‍പനശാലയെ ഒന്നു വിലയിരുത്താം.ശരിക്കും പറഞ്ഞാല്‍ അതുമാത്രംപോരാ.ഇറച്ചിക്കടവരെ നിരീക്ഷിക്കണം.എന്തെന്തുമാറ്റങ്ങളാണ് അവിടെയുള്ളത്.വിഷയവൈവിദ്ധ്യത്തിന്റെ ഘോഷയാത്ര അകമ്പടിക്കാരോടൊപ്പം പോകുന്നത് പുസ്‌തകശാലയില്‍കാണാം.മോട്ടോര്‍ വാഹനങ്ങളുടെ വിശേഷങ്ങളറിയാന്‍,ഇന്റീരിയര്‍ ഡിസൈനിംഗിനെപ്പറ്റി അറിയാന്‍,കൃഷിയെപ്പറ്റിയറിയാന്‍,ചാനല്‍ വിശേഷമറിയാന്‍,അലോപ്പതിയെപ്പറ്റിയറിയാന്‍,ആയുര്‍വ്വേദത്തെപ്പറ്റിയറിയാന്‍,ബോഡിഫിറ്റ്‌നസ്സിനെപ്പറ്റി അറിയാന്‍,ബാങ്കിംഗിനെപ്പറ്റിയറിയാന്‍...അങ്ങനെയങ്ങനെ തരാതരം പ്രസിദ്ധീകരണങ്ങള്‍ പുസ്‌തകശാലകളില്‍ നിരക്കാന്‍ തുടങ്ങി.അതിനൊക്കെ വായനക്കാരുമുണ്ട്.എഴുത്തുകാരുമുണ്ട്.
മനുഷ്യന്റെ സമയമില്ലായ്‌മമൂലം സമൂഹത്തില്‍ വന്ന മാറ്റമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.അവിടെയാണ് അഭിരുചിയുടെ വിതാനത്തില്‍ സ്‌ത്രീകളിലും കുട്ടികളിലും വിപ്ലവം നടപ്പായത്.ആ വിപ്ലവം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന്റെ കൊടിയുയരല്‍ കൂടിയായിരുന്നു.സമൂഹത്തിലുണ്ടായ സാമ്പത്തികസമത്വത്തിന്റെ അടയാളംകൂടിയാണ് അത്.ആ വിപ്ലവമെന്നത് വിദ്യഭ്യാസത്തിന്റെ വിതരണത്തിലെ ജനകീയതയുടെ വിജയവുമാണ്.
മലയാളത്തിനൊപ്പം ഹിന്ദി,ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോളെത്രയാണ് വിറ്റുപോകുന്നത്?തമിഴിനും കന്നഡയ്‌ക്കും ആവശ്യക്കാരുണ്ട്.അപ്പോള്‍ മലയാളി സ്വയം വികസിപ്പിക്കുകയാണ്.ഭാഷയിലൂടെ മാത്രമല്ല,ആകാശത്തിനുകീഴിലുള്ള നാനാജാതി വിഷയങ്ങളിലൂടെയും.ആണിനും പെണ്ണിനും മെച്ചപ്പെട്ട വിദ്യാഭ്യാസംകിട്ടിയപ്പോള്‍ തിരഞ്ഞെടുപ്പിന് സ്വാഭാവികമായും അവസരമേറി.ലോകമപ്പോള്‍ മലയാളിക്കുവേണ്ടി എന്നപോലെ കുതിക്കുകയായിരുന്നു.അതിനുനേരേ കണ്ണടയ്‌ക്കാന്‍ മലയാളിക്കാവില്ല.ഒരിക്കലും.അതുകൊണ്ടാണ് പേജുകളുടെ രൂപകല്‌പനയില്‍വരെ നമ്മള്‍ ദൃശ്യമാധ്യമരീതികളെ കൂടെക്കൂട്ടുന്നത്.അപ്പോഴാണ് ആസ്വദിച്ചുള്ള വായനയ്‌ക്ക് വൈവിദ്ധ്യം രൂപപ്പെട്ടത്.മലയാളിയുടെ ഉപഭോഗരീതി മാറിയതും നാം കാണാതിരുന്നുകൂടാ.ജീവിതത്തില്‍ നാം പണം കൈകാര്യം ചെയ്‌തിരുന്ന രീതിയില്‍ത്തന്നെ നാമേറെ മാറിപ്പോയില്ലേ?കച്ചിപ്പേപ്പറില്‍ അനാകര്‍ഷകമായി അച്ചടിച്ച് പിന്‍ ചെയ്‌ത് തുച്ഛവിലയ്‌ക്ക് അക്ഷരം കച്ചവടം ചെയ്‌തിരുന്ന രീതി മാറുന്നത് അങ്ങനെയാണ്.നല്ല പേപ്പറില്‍ ഒന്നാന്തരമായി അച്ചടിച്ച് ആകര്‍ഷകമായ പൊതിയില്‍ വിതരണം ചെയ്‌താലേ ഇന്നത്തെ മലയാളി വാങ്ങൂ,വായിക്കൂ..വില അമ്പത് രൂപയില്‍ താഴെ പോയാല്‍ അത് കച്ചവടത്തെത്തന്നെ സാരമായി ബാധിക്കും!
പണ്ട്,സുഗതകുമാരിടീച്ചര്‍ മാതൃഭുമി ആഴ്‌ചപ്പതിപ്പിന്റെ സാധാരണ ലക്കത്തില്‍ കവിതയോടൊപ്പം ഒരു കുറിപ്പു പ്രസിദ്ധീകരിച്ചിരുന്നത് ഞാനോര്‍ക്കുന്നു.അതിന്റെ ഉള്ളടക്കം,ജയിലില്‍ കഴിയുന്ന ഒരു വായനക്കാരന്‍,കവിത വായിച്ച് മാനസാന്തരപ്പെട്ട് കത്തെഴുതിയതോ മറ്റോ ആയിരുന്നു.അതോടൊപ്പം സാധാരണലക്കങ്ങളില്‍ കവിത വരുമ്പോള്‍ വിലകൊടുത്ത് വാങ്ങി വായിക്കാന്‍ പ്രയാസപ്പെടുന്ന വായനക്കാരെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു എന്നു തോന്നുന്നു.ഇതേകാര്യം ബാലചന്ദ്രന്‍ ചുള്ളിക്കാടും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.പണമില്ലാത്ത സാധാരണക്കാര്‍ക്ക് അനായാസം വാങ്ങിവായിക്കാന്‍ വേണ്ടി വില കൂടുതലുള്ള വാര്‍ഷികപ്പതിപ്പുകളില്‍ എഴുതുകയില്ല എന്ന്.
ഇന്ന് അങ്ങനെയൊരു അവസ്ഥയ്‌ക്ക് മാറ്റം വന്നിട്ടുണ്ട്.ഇന്നത്തെ എഴുത്തുകാരന് അവന്റെ വായനക്കാരന് പ്രാപ്യമാവാന്‍വേണ്ടി വാര്‍ഷികപ്പതിപ്പുകളില്‍ എഴുതാതിരിക്കേണ്ടതില്ല.വിലയൊന്നും ഇന്നുള്ള മലയാളിവായനക്കാരന് ബാധകമല്ല.മേനിമിനുപ്പിലാണ് കാര്യം.എഴുത്തുകാരന്‍തന്നെ മുഷിഞ്ഞുനാറി നടന്നാല്‍ വായനക്കാരന്‍ വായിക്കാതെ പേജ്‌മറിച്ച് കടന്നുകളയും.ആപ്പിളിന്റെ ലാപ്‌ടോപ്പും ഐപോഡും ബ്ലാക്ക്‌ബെറിയുടെ സെല്‍ഫോണും എഴുത്തുകാരന്‍ ഉപയോഗിക്കണമെന്ന് ഇന്നത്തെ മദ്ധ്യവര്‍ഗ്ഗവായനക്കാരന്‍പോലും വിചാരിക്കുന്നുണ്ട്.ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍പോലും ഗ്ലോസിലാമിനേഷനിലേക്കും ഉന്നതനിലവാരമുള്ള അച്ചടിയിലേക്കും മാറിപ്പോയത് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ്.
ഇത് ആനുകാലികങ്ങളുടെ കാര്യം.
- തലപ്പാവ് വച്ച പുസ്‌തകങ്ങള്‍
കഥയും കവിതയും നിരൂപണവും വായിക്കാനാളില്ലെന്ന് പ്രസാധകര്‍ പറയുന്നു.നോവലാണെങ്കില്‍ ആര് എങ്ങനെ എഴുതീതായാലും അച്ചടിക്കാം വില്‍ക്കാം എന്നതാണ് പ്രസാധകസംസാരം.പോരാത്തതിന് ഉടുപ്പിടീപ്പിച്ചും കിന്നരിവച്ച പുറംകുപ്പായം ചാര്‍ത്തിയും മോടിപിടിപ്പിക്കാം.വൈക്കോല്‍കൊണ്ടും കണ്ണാടികൊണ്ടും എഴുത്തുകാരന്റെ കൈയൊപ്പുകൊണ്ടും ഗ്രന്ഥം കമനീയമാക്കാം.ഇതൊക്കെ സാദ്ധ്യതകളാണ്.യാഥാസ്ഥിതികവായനക്കാരന്‍ അതിശയപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ലാത്ത വ്യതിയാനങ്ങള്‍.കാലോചിതമായ പരിഷ്‌കാരം എന്നു പറയുന്നതില്‍നിന്ന്,അതായത് കാലത്തിന്റെ വേഗതയില്‍നിന്ന്,സാഹിത്യവും സാഹിത്യകാരനും മാത്രം മാറിനില്‍ക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നതെന്തിനാണെന്ന് എനിക്കുമനസ്സിലാവാറില്ല.
വിപണി ആഗോളമായതാണ് ഒരു കാരണം.വായനക്കാരുള്ള സാഹിത്യം ചൂടാറും മുമ്പേ പോര്‍ച്ചുഗലില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വിമാനത്തില്‍ വരും.അനുമതിപത്രത്തിനായി കത്തയച്ച് യുഗങ്ങളോളം പരിഭാഷകന് കാത്തിരിക്കേണ്ടതില്ല.ജന്മം മുഴുവന്‍ സമര്‍പ്പിച്ച് വിവര്‍ത്തകനാകേണ്ടതില്ല.വരിക്കുവരി തര്‍ജ്ജമ പറഞ്ഞുകൊടുത്താല്‍ വിവര്‍ത്തകനും പ്രസാധകനും അത്രയുംലാഭം.വായനക്കാരനും അത്രയേ വേണ്ടൂ.
പൗലോ കോയ്‌ലോ സ്വദേശത്തും വിദേശത്തും തത്സമയം പ്രത്യക്ഷനാകുന്നു.നൂറുകണക്കിന് പ്രദേശികഭാഷകളില്‍ അവയുടെ തര്‍ജ്ജമകള്‍ നാളുകള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്നു.ഈ തരംഗത്തെ ഒപ്പംകൂട്ടി സ്വന്തം കച്ചവടം ലാഭകരമാക്കാന്‍ പ്രസാധകന്‍ ശ്രമിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല.അതിന്റെകൂടി ഭാഗമാണ് അലങ്കാരംവച്ച പുസ്‌തകങ്ങള്‍.തീര്‍ച്ചയായും ഇതില്‍ നല്ല വായനക്കാരന്‍ കുറെയൊക്കെ വഞ്ചിക്കപ്പെടുന്നുണ്ട്.അത് ഒത്തുതീര്‍പ്പിന്റെ മധ്യധരണ്യാഴി.
കാലത്തിന്റെ നട്ടുച്ചയ്‌ക്ക് വായനയും കമനീയമായി.തുണിക്കടയും സ്വര്‍ണ്ണക്കടയും എങ്ങനെ മാറിയോ പലചരക്കുകട എങ്ങനെ റിലയന്‍സിലെത്തിയോ അതുപോലെ വായനയും പുസ്‌തകവും റാമ്പില്‍ നടക്കാനെത്തി.അതിനെ പ്രസാധകന്റെ അട്ടിമറിയെന്നോ പത്രാധിപരുടെ കൗശലമെന്നോ വായനക്കാരന്റെ അവിവേകമെന്നോ കള്ളിതിരിക്കുന്നത് അസംബന്ധമാവും.അനാവശ്യവും.
വാസ്‌തവത്തില്‍ രണ്ടായിരത്തിനുശേഷം ഉള്ളടക്കം നവീകരിക്കുകയല്ല പ്രസാധകരും പത്രാധിപന്മാരും ചെയ്‌തത്.ഉള്ളടക്കം എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന് മാറ്റം വരുത്തുകയാണ്.അങ്ങനെ മാറ്റം വരുത്തിയ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു തെഹല്‍ക്ക എന്ന പുസ്‌തകം.മീനാക്ഷിയുടെ ബ്ലോഗിന്റെ പുസ്‌തകരൂപമായ യൂ ആര്‍ ഹിയര്‍.മലയാളത്തില്‍ നളിനിജമീല മുതല്‍ ജെസ്‌മി വരെ.ഇതെല്ലാം വായനക്കാരന്റെ മനോഭാവത്തില്‍ വന്ന ഇക്കിളിസംസ്‌കാരമാണെന്ന് അടച്ച്‌വിധിയെഴുതുന്നതില്‍ കാര്യമില്ല.അങ്ങനെയായിരുന്നെങ്കില്‍,ബൈബിളും മഹാഭാരതവും ഗ്രീക്ക് പുരാണങ്ങളും വായിച്ച് അതിലെ ഘോരമായ ക്രൂരകൃത്യങ്ങളും തിന്മയുടെ പരകായപ്രവേശവും മനസ്സിലാക്കി ചിത്തബോധം സ്വരൂപിച്ച എഴുത്തുകാര്‍ പില്‍ക്കാലത്ത് അധമസാഹിത്യം രചിക്കാന്‍ മിനക്കെടാതെ സന്മാര്‍ഗ്ഗ സാഹിത്യത്തിന്റെ പ്രവാചകന്മാരായേനെ.അവയുടെ വായനക്കാര്‍ പുസ്‌തകങ്ങള്‍ കത്തിച്ച് അച്ചടിയന്ത്രത്തിന് തീ കൊടുത്ത് വായനയില്ലാത്ത പുണ്യാളന്മാരായേനെ.അപ്പോള്‍ അതൊന്നുമല്ല കാര്യം.കാര്യം നമുക്കുപിടികിട്ടാത്ത വേറെന്തോ ആണ്.
കഥാസാഹിത്യം ലോകത്ത് പിറന്നിട്ട് രണ്ടോ രണ്ടരയോ നൂറ്റാണ്ട് ആവുന്നതേയുള്ളൂ.മലയാളത്തില്‍ കഥ പിറവിയെടുത്തിട്ട് ഒന്നേകാല്‍ നൂറ്റാണ്ടും. എങ്കില്‍,അതിനുമുമ്പ് ആര് മറച്ചുവച്ചിട്ടാണ് കഥാരൂപം സാഹിത്യത്തിലുണ്ടാവാതെ പോയത്?അല്ലെങ്കില്‍ അതിനൊക്കെ മുമ്പ് നാം ഇന്ന് പരിഗണന കൊടുക്കുന്ന ചിട്ടപ്പടി കഥകള്‍ മാനവരാശിക്കിടയില്‍ ഇല്ലായിരുന്നു എന്നുറപ്പു പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..?
- അധമമല്ല ആസ്വാദനം
ജോസ് സരമാഗുവിനെപ്പോലെ ഈ വര്‍ഷം മരിച്ച മറ്റൊരു മഹാസാഹിത്യകാരനായിരുന്നല്ലോ ജെ.ഡി.സാലിഞ്ചര്‍.അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതിയായ `ദ കാച്ചര്‍ ഇന്‍ ദ റേ' 1951-ല്‍ ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ആ പുസ്‌തകത്തിന്റെ രണ്ടു ലക്ഷത്തിലധികം പ്രതികള്‍ ഓരോ വര്‍ഷവും ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ടത്രേ.സമാനതകള്‍ തെല്ലുമില്ലെങ്കിലും നമ്മുടെ ഭാഷയിലെ രണ്ടാമൂഴവും ഒരു സങ്കീര്‍ത്തനംപോലെയും മുമ്മൂന്ന് മാസത്തിലൊരിക്കലെങ്കിലും രണ്ടായിരം പ്രതികള്‍വീതം പുതിയ പതിപ്പുകള്‍ ഇറങ്ങുന്ന പുസ്‌തകങ്ങളാണ്.ഓരോ പതിപ്പിലും ഇവയൊന്നും മാറ്റിയെഴുതപ്പെടുന്നില്ല.എന്നിട്ടും പുതിയ വായനക്കാര്‍ വായിക്കുന്നുണ്ട്.ഉത്തരം ലളിതം.അവ വായനക്കാരനെ വായിപ്പിക്കുന്നു.
പരിഭാഷകളിലും ഇത് കാണാം.മാര്‍ക്കേസാവണം മലയാളത്തിലെ ആദ്യത്തെ വിദേശ ബെസ്റ്റ്‌സെല്ലര്‍ എഴുത്തുകാരന്‍.അതിനുമുമ്പ് ദസ്‌തയേവ്‌സ്‌കിയും വിക്‌ടര്‍ ഹ്യൂഗോയും മറ്റുപലരും വന്നിട്ടുണ്ടെങ്കിലും മാര്‍ക്കേസ് കയറിപ്പോയ പടവുകള്‍ കുറേയേറെയായിരുന്നു.ഇക്കാര്യത്തില്‍,അതായത് പരിഭാഷയെ സംബന്ധിച്ച കാര്യത്തില്‍ മാധവിക്കുട്ടിയുടെ നിരീക്ഷണമുണ്ട്.``വിവര്‍ത്തനത്തെപ്പറ്റി എനിക്കു ചില ഉറച്ച അഭിപ്രായങ്ങളുണ്ട്.പദാനുപദവിവര്‍ത്തനത്തില്‍ എനിക്കു താല്‌പര്യമില്ല.വിവര്‍ത്തനത്തില്‍ മൗലികകൃതിയുടെ ആത്മവത്ത നിലനിര്‍ത്താനാണ് ഞാനെപ്പോഴും ശ്രമിച്ചിട്ടുള്ളത്.''
വളരെ ശക്തമായ വേറിട്ട ഒരഭിപ്രായമാണിത്.വിപണിയുടെ മായാജാലങ്ങളല്ല കൃതിയുടെ വായനക്കാരോടുള്ള കൂറാണ് വിജയംവരിക്കുന്നത്. ഇവിടെയെല്ലാം ഇടനിലക്കാരന്റെ കാലാനുസൃതഭാവനകള്‍ അനുവാചകനെ അലോസരപ്പെടുത്തുന്നില്ല.അത് നിലനില്‍ക്കുന്ന സാഹിത്യത്തിന്റെ അന്തസ്സ്.ഇന്ന് വിപണി തിരിച്ചുവിടുന്നു എന്നു നാം ഉത്‌കണ്‌ഠപ്പെടുന്ന ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ എല്ലാകാലത്തുമുണ്ടായിരിക്കാനിടയുള്ളതാണ്.മനുഷ്യന്റെ അഭിരുചികള്‍ വിഭിന്നമാണ് എന്നതാണ് അതിനുകാരണം.അതില്‍ നാം ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമേയില്ല.
വായനക്കാരനും തന്റെ അഭിരുചിയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്യമുണ്ട്.അതിനെ നാം അംഗീകരിക്കുകയും കള്ളന്റെ ആത്മകഥയ്‌ക്കും മീനാക്ഷിയുടെ ബ്ലോഗെഴുത്തിനും സൈറാബാനുവിന്റെ ഡ്യൂപ്പ് ജീവിതത്തിനും കൈയടി കൊടുക്കുകയും വേണം.
പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടകളും നാളെ പുസ്‌തകമായിവരാം.വിദ്യഭ്യാസകച്ചവടം നടത്തുന്ന മതാദ്ധ്യക്ഷന്മാരുമായി ഇന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തുന്ന ചര്‍ച്ചകളും നാളെ പുസ്‌തകമായിവരാം.ആണവക്കരാറിന്റെ പിന്നാമ്പുറങ്ങള്‍ ഒന്നാന്തരം അപസര്‍പ്പകകഥയായേക്കാം.കെ.മുരളീധരന്റെ ആത്മകഥ ഈച്ചരവാരിയര്‍ക്കുള്ള തിലോദകമായേക്കാം.ഡി സി ബുക്‌സിന് വീണ്ടും വീണ്ടും ടിന്റുമോന്‍ കഥകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നേക്കാം.എച്ച് & സി ബുക്‌സിന് വീണ്ടും വീണ്ടും കാരൂരിനെയും എം.സുകുമാരനെയും അച്ചടിക്കേണ്ടിവന്നേക്കാം.ഇതെല്ലാം പ്രസാധകനെക്കൊണ്ട് ദൈവം തോന്നിപ്പിക്കുന്നതല്ല,വായനക്കാരന്‍ ഇടപെടുന്നതുമല്ല.ഇത് ട്രെന്റുമല്ല.ജനിച്ചദിവസം തന്നെ "മസ്‌തിഷ്‌കവളര്‍ച്ചയില്‍" മരിച്ചുപോയവര്‍ വിവരദോഷം പറയുന്നതുപോലെയാണത്.
കലപ്പയ്‌ക്കു പകരം ട്രാക്‌ടര്‍ വന്നതുപോലെ റെഡിമിക്‌സ് വിഭവങ്ങള്‍ വന്നതുപോലെ ഓട്‌സ് വന്നതുപോലെ ഛായാഗ്രഹണത്തിലെ രാസസാങ്കേതികവിദ്യ ഡിജിറ്റലായതുപോലെയുള്ള മാറ്റങ്ങള്‍.
മാറ്റങ്ങളെ എനിക്കിഷ്‌ടമാണ്.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു.