Thursday, November 22, 2012

'സങ്കടമോചനം' പ്രസിദ്ധീകരിച്ചു.

അടുത്തിടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച പത്ത് കഥകളുടെ സമാഹാരമായ 'സങ്കടമോചനം' തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.
രതിയും ആരാധികയും,സങ്കടമോചനം,സാമൂഹിക പ്രതിബദ്ധത,ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെ,അവര്‍ നനയും മഴ,കൈയൊപ്പിന്‍റെ മണം,കൊറ്റികളെ തിന്നുന്ന പശുക്കള്‍ ,ഹിംസ,ക്ഷണപ്രഭ,മാനസ സരസ് എന്നിവയാണ് ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
വില 75 രൂപ.

Tuesday, November 20, 2012

കുട്ടോത്തെ ജനങ്ങളും ചില നന്മകളും


സംസ്‌കാരമെന്നത്‌ രക്തത്തില്‍ പകര്‍ന്നുകിട്ടേണ്ടതാണെന്ന്‌ ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.ആ ചിന്തയെ ബലപ്പെടുത്തുന്ന ഒരു സാംസ്‌കാരികാനുഭവം കഴിഞ്ഞ ദിവസമുണ്ടായത്‌ രേഖപ്പെടുത്താനാണ്‌ ഈ കുറിപ്പ്‌.ഇതൊരു ആത്മപ്രശംസയായി ആരും കരുതരുതേ.
വടകര ദേശവുമായി ശുഷ്‌കമായ ബന്ധം പോലുമില്ലാത്ത ഒരാളാണ്‌ ഞാന്‍ .അടുത്തിടെ പ്രഖ്യാപിച്ച ചെറുകാട്‌ അവാര്‍ഡ്‌ എന്റെ `ബാര്‍കോഡ്‌' എന്ന കഥാസമാഹാരത്തിനായിരുന്നു.പെരിന്തല്‍മണ്ണയില്‍ വച്ചാണ്‌ മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ്‌ നല്‍കിയിട്ടുള്ളതെന്ന്‌ അറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ ഈ വര്‍ഷത്തെ ചെറുകാട്‌ അവാര്‍ഡ്‌ തരുന്നത്‌ വടകര കുട്ടോത്ത്‌ ചെറുകാട്‌ സ്‌മാരക ഗ്രന്ഥാലയത്തില്‍ വച്ചായിരിക്കുമെന്ന്‌ പെരിന്തല്‍മണ്ണയില്‍നിന്ന്‌ സംഘാടകര്‍ അറിയിച്ചപ്പോഴും സാധാരണനിലയിലുള്ള ഒരു പുരസ്‌കാരദാനച്ചടങ്ങ്‌ എന്നതിനപ്പുറം ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പത്തോ മുപ്പതോ ആളു കൂടുന്ന തീര്‍ത്തും വിരസമായ ഒരു ചടങ്ങ്‌.പലയിടത്തെയും പതിവ്‌ അതായിരുന്നു.
നാം കൂടി പങ്കെടുക്കുന്ന വേദിയിലിരുന്ന്‌ മറ്റാളുകള്‍ നമ്മെപ്പറ്റി ആവര്‍ത്തിച്ചു സംസാരിക്കുന്നത്‌ കേള്‍ക്കേണ്ടിവരിക എന്നത്‌ ഇത്തിരി പ്രയാസമേറിയ ഒരു അനുഭവമായിട്ടാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌.അവയ്‌ക്ക്‌ നല്ല വാക്കുകളുടെ പകിട്ടാണുള്ളതെങ്കില്‍ പറയുകയും വേണ്ട.എന്നുകരുതി യോഗ്യരായ ആളുകള്‍ വിളിച്ചു തരുന്ന ആദരവിനെയും അതിലൂടെ കിട്ടുന്ന പണത്തെയും `നിങ്ങളെന്നെ പുകഴ്‌ത്തി കൊല്ലും എന്ന കാരണത്താല്‍ ഞാന്‍ വേണ്ടെന്നു വയ്‌ക്കുന്നു' എന്നു പറയാനുമാവില്ലല്ലോ.അത്‌ ഉചിതമല്ല.
ഇന്ന്‌ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊതുപരിപാടികളില്‍ സ്വമനസ്സാലെ പങ്കെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നത്‌ സത്യമാണ്‌.ആരും അന്വേഷിച്ചുപിടിച്ച്‌ ഒരാളെ കേള്‍ക്കാനോ അഭിനന്ദിക്കാനോ ഇന്ന്‌ പുറപ്പെടുന്നില്ല.വഴിയോരയോഗങ്ങള്‍ കോടതി ഇടപെട്ട്‌ നിരോധിച്ചത്‌ നന്നായി.അല്ലെങ്കില്‍ ആളില്ലാവീഥിയോട്‌ സംസാരിക്കാന്‍ മടി തോന്നി പ്രാസംഗികര്‍ പ്രസംഗിക്കാന്‍ വരാത്ത സ്ഥിതിവിശേഷം തെരുവോരപരിപാടികള്‍ക്കുണ്ടാകുമായിരുന്നു.അല്ലെങ്കില്‍ അതിനും പണം കൊടുത്ത്‌ ആളെയിറക്കി തെരുവില്‍ കേഴ്‌വിക്കാരായി നിര്‍ത്തേണ്ടിവരുമായിരുന്നു.ഏതു കക്ഷിയുടേയും രാഷ്‌ട്രീയ പരിപാടികള്‍ക്കാവട്ടെ ദിവസച്ചെലവ്‌ നല്‍കി ആളെ വിളിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണല്ലോ ഇന്നുള്ളത്‌.സാഹിത്യ അക്കാദമിയില്‍പോലും സ്ഥിരം ക്ഷണിതാക്കളായും ആരും ക്ഷണിക്കാതെയും പരിപാടി ഏതെന്ന്‌ അന്വേഷിക്കാതെയും മുടങ്ങാതെ എത്തിച്ചേരുന്ന പത്തിരുപത്‌ പേരെ കിഴിച്ചാല്‍ അവിടെ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും കേട്ടറിഞ്ഞ്‌ വരുന്ന ആളില്ലെന്നതാണ്‌ വാസ്‌തവം.
കുട്ടോത്ത്‌ ചെറുകാട്‌ സ്‌മാരക ഗ്രന്ഥാലയത്തിന്‌ ഇരുപത്തിയഞ്ച്‌ വയസ്സായി.ഒരു വര്‍ഷമായി നടന്നുവരുന്ന അതിന്റെ ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തിലാണ്‌ ഇത്തവണത്തെ ചെറുകാട്‌ അവാര്‍ഡ്‌ വിതരണം.അവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലായി.പണ്ട്‌ നാട്ടുമ്പുറത്ത്‌ കൂടിയിരുന്ന കല്യാണപ്പരിപാടികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉത്സവാന്തരീക്ഷം അവിടെയുണ്ട്‌.വലിയ പന്തല്‍ .കൊടിതോരണങ്ങള്‍ .ശ്രമക്കാരായി ഓടിനടക്കുന്ന കുറേയധികം ചെറുപ്പക്കാര്‍ .അപ്പോള്‍ നാലുമണിയായിട്ടേയുള്ളൂ.എങ്കിലും റോഡിലും മറ്റും വന്നു ചേര്‍ന്നുനില്‍ക്കുന്ന നാട്ടുകാര്‍.ഞാന്‍ വായനശാലയിലേക്ക്‌ കയറി.നല്ല രീതിയില്‍ പണിതിട്ടുള്ള ഇരുനില മന്ദിരം.പണം മുടക്കി വലുപ്പത്തില്‍ ഒരു കെട്ടിടം(വീട്‌/ഓഫീസ്‌/വായനശാല/ആശ്രമം/ആരാധനാലയം..എന്തുമാവട്ടെ.)പണിതുവയ്‌ക്കുന്നതിലല്ല കാര്യമിരിക്കുന്നത്‌ അതില്‍നിന്നൊരു പോസിറ്റീവ്‌ എനര്‍ജി പ്രസരപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലാണ്‌.കുട്ടോത്തെ ചെറുകാട്‌ വായനശാലക്ക്‌ അത്തരം പോസിറ്റീവ്‌ ചാര്‍ജ്ജുണ്ട്‌.അതിനുള്ളിലിരിക്കുമ്പോള്‍ എനിക്കത്‌ അനുഭവപ്പെട്ടു.എല്ലാ സ്ഥലത്തും-വായനശാലകളില്‍പ്പോലും-അത്‌ കിട്ടാറില്ല എന്നതും വാസ്‌തവം.
പുരസ്‌കാരവിതരണ പരിപാടിക്ക്‌ ചെറുകാടിന്റെ മക്കളും കുടുംബാംഗങ്ങളും എത്തിച്ചേരുമെന്നും ഞാന്‍ കരുതിയിരുന്നില്ല.പെരിന്തല്‍മണ്ണയില്‍ നിന്നും അവര്‍കൂടി വന്നപ്പോള്‍ മനസ്സില്‍ സന്തോഷമായി.നാഥനില്ലാത്ത പരിപാടികളല്ല ഇത്‌.ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന ആരുടെയോ പരിപാടി അല്ല ഇത്‌.അനര്‍ഹമായ ഒരിടത്തല്ല ഞാനെത്തിയിരിക്കുന്നത്‌.
ആറുമണിക്ക്‌ പരിപാടി തുടങ്ങുമ്പോള്‍ പന്തല്‍ നിറയെ ആളുണ്ടായിരുന്നു.ഇബ്രാഹിം വെങ്ങര,പാലക്കീഴ്‌ നാരായണന്‍ മാഷ്‌,എം.എം നാരായണന്‍ മാഷ്‌,വി.സുകുമാരന്‍ സര്‍,പി.കെ.ശ്രീമതി ടീച്ചര്‍,മുന്‍ എം.എല്‍.എ വി.ശശികുമാര്‍ എന്നിങ്ങനെ പ്രമുഖര്‍ വേദിയില്‍ .സദസ്സിന്റൈ മുന്‍ നിരയില്‍ ചെറുകാട്‌ മാഷിന്റെ മക്കളും പേരക്കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ട്രസ്റ്റ്‌ അംഗങ്ങളും സഹൃദയരും.പിന്നെ പിന്നിലേക്ക്‌ പരന്നുകിടക്കുന്ന ജനക്കൂട്ടം.അതായിരുന്നു അമ്പരപ്പിച്ച കാഴ്‌ച.സ്‌ത്രീകളും കുട്ടികളും പുരുഷന്മാരും ചെറുപ്പക്കാരുമടങ്ങുന്ന ജനക്കൂട്ടം.ഞായറാഴ്‌ചയാണ്‌.മിക്കവാറും എല്ലാ വീട്ടിലും ടെലിവിഷനും ഇന്റര്‍നെറ്റുമുള്ളവരാണ്‌.അത്ര ദരിദ്രരോ പണക്കാരോ അല്ലാത്ത ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇടത്തരക്കാരായ സാധാരണക്കാരാണ്‌ ആ കൂടിയിരിക്കുന്നവരില്‍ ഏറെപ്പേരും.അവരാരും സാഹിത്യവിദ്യാര്‍ത്ഥികളോ നിര്‍ബന്ധമായി സാഹിത്യം പിന്തുടരുന്നവരോ ആയിരിക്കാനുമിടയുമില്ല.എന്നിട്ടും എന്തിനാണ്‌ ഇത്രയും പേര്‍ അവിടെ കൂടിയിരിക്കുന്നത്‌.വെറും പാര്‍ട്ടി താല്‍പര്യം മാത്രമായിരിക്കാനുമിടയില്ല എന്നത്‌ അവരുടെ മുഖഭാവങ്ങളില്‍നിന്നു വ്യക്തമാണ്‌.പിന്നെ സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എന്ന `ആഗോളപ്രശസ്‌ത'നും `സമുന്നതവ്യക്തിത്വ'ത്തിനുടമയുമായ പുരസ്‌കാരജേതാവിനെ കാണാനും ആശിര്‍വമദിക്കാനുമാണോ.!അല്ലെന്നുറപ്പാണല്ലോ.അവര്‍ക്ക്‌ എന്നെ കേട്ടുകേള്‍വി പോലുമുണ്ടായിരിക്കാനിടയില്ല.അവരെന്നെ വായിച്ചിട്ടുണ്ടാവില്ല.അപ്പോള്‍ അവര്‍ വന്നിരിക്കുന്നത്‌ അവരുടെ രക്തത്തില്‍ സംസ്‌കാരം കലര്‍ന്നുകിടക്കുന്നതുകൊണ്ടാണ്‌.അതുകൊണ്ടുമാത്രമാണ്‌.
ചെറുകാട്‌ എന്ന മഹാനായ മനുഷ്യനെ അറിഞ്ഞിട്ടുള്ളതിന്റെ സംസ്‌കാരം.പുസ്‌തകങ്ങള്‍ വായിച്ചിട്ടുള്ളതിന്റെ സംസ്‌കാരം.ആശയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.രാഷ്‌ട്രീയവും രാഷ്‌ട്രീയപ്രവര്‍ത്തനവും പൊതുജീവിതത്തിന്റെ ആവശ്യകതയാണ്‌ എന്നു മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.എനിക്കിഷ്‌ടമായി ആ ജനതയെ.അവര്‍ ഞങ്ങള്‍ക്കായി കാത്തുവച്ചിട്ടുള്ള അത്ഭുതം അവിടം കൊണ്ടും തീര്‍ന്നില്ല.ഓരോ പ്രസംഗത്തിനും ലഭിച്ച കൈയടി അത്‌ വ്യക്തമാക്കി.എനിക്കും ലഭിച്ചു ആ പ്രോത്സാഹനം.സംസാരം തീരുമ്പോള്‍ സാധാരണ മട്ടില്‍ നമ്മളെല്ലാം ചെയ്യുന്ന അനുഷ്‌ഠാനക്കൈയടി ആയിരുന്നില്ല അതൊന്നും.നന്ദിവാക്കുകള്‍ നാലോ അഞ്ചോ മിനിട്ടെടുത്ത്‌ പറഞ്ഞൊപ്പിക്കുന്നതിനിടയിലായിരുന്നു അത്‌.ഇടക്കിടെ ജനങ്ങള്‍ നമ്മള്‍ പറയുന്നത്‌ കേട്ട്‌ ഉറക്കെ കൈയടിക്കുന്നു.!അവര്‍ കളിയാക്കുകയാണോ എന്നുപോലും തോന്നിപ്പോയി.അല്ലെന്നുമനസ്സിലായപ്പോള്‍ മനസ്സില്‍ കനം തിങ്ങി.കൃതജ്ഞതയുടെ ഭാരം പകരുന്ന സന്തോഷം ശിരസ്സിനെ താഴ്‌ത്തി.
അത്തരമൊരനുഭവം ജീവിതത്തില്‍ ആദ്യത്തേതായിരുന്നു.പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ പുരസ്‌കൃതനായി എന്നുതന്നെ അനുഭവപ്പെട്ടു.സന്തോഷം.വിസ്‌മയം.കടപ്പാട്‌.എല്ലാത്തിനുമുപരിയായി മതിലരികിലും റോഡരികിലും തങ്ങിനിന്ന്‌ പരിപാടി തീരുംവരെ മുഷിയാതിരുന്ന ജനങ്ങള്‍ നല്‍കിയ പാഠം.നല്ല സംസ്‌കാരത്തിന്റെ വേരുകള്‍ക്ക്‌ വാട്ടം തട്ടിയിട്ടില്ലെന്ന നല്ല പാഠം.നന്ദി കുട്ടോത്തെ ജനങ്ങള്‍ക്ക്‌.
ഇത്രയുമെഴുതിയത്‌ എന്നെപ്പറ്റി പറയാനല്ല,എനിക്ക്‌ ഒരു ദേശത്തെ മനസ്സിലാക്കാനായത്‌ ഏതു വിധമാണെന്ന്‌ പറയേണ്ടിവന്നതുകൊണ്ടാണ്‌.കുട്ടോത്തെ ചെറുപ്പക്കാരും സ്‌ത്രീകളും കേരളത്തിന്‌ ഒരു പാഠം പകര്‍ന്നുകൊടുക്കുന്നുണ്ട്‌.സഹജീവിസ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടേയും മഹത്തായ തിരിച്ചറിവ്‌.അതൊടൊപ്പം ഞാന്‍ ആവര്‍ത്തിക്കാറുള്ള അതേ കാര്യവും.യുവാക്കള്‍ക്ക്‌ ദിശാബോധമില്ലെന്ന്‌ ആരാണ്‌ ആണയിടുന്നത്‌.?നല്ല വഴി കാട്ടിക്കൊടുത്താല്‍ ആ വഴിക്ക്‌ പോകുന്നവരാണ്‌ യുവാക്കള്‍ . മക്കള്‍ മോശമാകുന്നതിന്‌ മക്കളെ പഴിക്കുകയല്ല വേണ്ടത്‌ സ്വന്തം പിഴവുകള്‍ തിരുത്തുകയാണ്‌ ഒരു സമൂഹം ചെയ്യേണ്ടത്‌.അങ്ങനെ മാതൃക കാട്ടുന്ന ഒരു ജനതയെയാണ്‌ അവിടെ കണ്ടത്‌.
(യുവ @ ഹൈവേ)

Monday, November 19, 2012

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌'


`നാലഞ്ച്‌ തളിര്‍പ്പുതിന
രണ്ടു സ്‌പൂണ്‍ പഞ്ചസാര
മൂന്ന്‌ നാരങ്ങാ നീര്‌
രണ്ടര വോഡ്‌ക
ഐസ്‌

നാക്കിലമണ്ണിന്‍
രാവൂടുവഴിയിലൂടെ

ആടിയാടി പോകുന്ന പൂനിലാവേ നീ
ആണാണോ പെണ്ണാണോ?
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂനിലാവേ നീ
നേരാണോ പൊളിയാണോ?
പാടിപ്പാടിപ്പരക്കുന്ന പൂനിലാവേ നീ
വെയിലിന്റെ ആരാണോ?

പച്ചിലകള്‍ തോറും തട്ടിപ്പിടഞ്ഞ്‌ വീഴും
രണ്ടരത്തലമുറ നീലച്ച വാറ്റ്‌ചോരപ്പൂന്തെളിനിലാവേ നീ
ഞാനാണോ നീയാണോ?'


റമ്മിലോ വോഡ്‌കയിലോ ഉണ്ടാക്കുന്ന ക്യൂബന്‍ കോക്‌ടെയിലാണ്‌ `മൊഹീതോ'.ലോകമെങ്ങും ഇതിന്‌ പ്രാദേശികഭേദങ്ങളുണ്ടെന്ന്‌ പറയപ്പെടുന്നു.അനിതതമ്പിയാണ്‌ കവയിത്രി.മാതൃഭൂമിയില്‍ അനിതയെഴുതിയ കവിതയുടെ പേരാണ്‌ `മൊഹീതോ പാട്ട്‌'.എനിക്കിഷ്‌ടമായി ഇക്കവിത.കാരണമുണ്ട്‌,കേട്ടിടത്തോളം അതില്‍ കോക്‌ടെയിലിന്റെ ഇഫക്‌ട്‌ പടര്‍ന്നിട്ടുണ്ട്‌.അസ്സല്‌ പ്രയോഗങ്ങളും ഈ കവിതയിലുടനീളം കാണാം.
കുറച്ചുവര്‍ഷങ്ങളായി സമകാലിക കവിതയെ കൈവിട്ട ഒരാളാണ്‌ ഞാന്‍.നാല്‍പ്പത്‌ വയസ്സില്‍ താഴെയുള്ള പലരുടെയും കവിതകള്‍ ഞാന്‍ വായിക്കാറേ ഇല്ല.കാവ്യഭാവുകത്വത്തില്‍ എന്റെ ശീലം പഴയമട്ടിലാണ്‌ പതിഞ്ഞുകിടക്കുന്നത്‌ എന്നതിനാലാവാം.കവിതയിലെ കല്ലോലജാലങ്ങള്‍ കാണിച്ചുതരാന്‍ പഴയകവികളെക്കഴിഞ്ഞിട്ടേ പുതിയ കവികളുള്ളൂ എന്നാണ്‌ എന്റെ പക്ഷം.തര്‍ക്കത്തിനില്ല.പക്ഷേ,അനിതതമ്പിയുടെ കവിതകളില്‍ ഭാഷ വാക്കുകളുടെ പുതിയ വേഷമിട്ടും അര്‍ത്ഥങ്ങളുടെ കൈത്താളമിട്ടും വരുന്നത്‌ സന്തോഷമുള്ള കാഴ്‌ചയാണ്‌.
പ്രമേയത്തെ രചയിതാവ്‌ ആത്മാര്‍ത്ഥമായി പുണരുന്നിടത്താണ്‌ രചനയുടെ പിറവി.അനിത തന്റെ പ്രമേയത്തെ ഗാഢമായി ആലിംഗനം ചെയ്യുന്നുണ്ട്‌.മാധവിക്കുട്ടി പറയുമായിരുന്നു,താന്‍ തന്റെ വാക്കുകളെ നായ്‌ക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ചെയ്യുംപോലെ നക്കി നക്കി തോര്‍ത്തിമിനുക്കിക്കൊണ്ടിരിക്കും എന്ന്‌.അത്‌ പ്രമേയത്തിന്റെ പരിചരണത്തെ തെളിച്ചെടുക്കുന്ന പ്രക്രിയയാണ്‌.ഒരുവട്ടമെഴുതുന്നത്‌ തന്നെ അസ്സലെഴുത്താണ്‌ എന്ന്‌ കരുതുന്നവര്‍ക്ക്‌ ഇത്‌ മനസ്സിലാകണമെന്നില്ല.അവരോട്‌ നമുക്കൊന്നും പറയാനില്ല.നിര്‍ഭാഗ്യവശാല്‍ അങ്ങനെയെഴുതുന്നവരാണ്‌ ഇപ്പോള്‍ കവികളായി അറിയപ്പെടുന്നത്‌.
അനിതയുടെ `മൊഹീതോ പാട്ട്‌' എന്ന കവിതയും സവിശേഷമാണ്‌.ഇതില്‍ ,ആടിയാടിപ്പോകുന്ന പൂനിലാവില്‍ ആണത്തമാണോ പെണ്ണത്തമാണോ മുന്നില്‍ എന്നും പാടിപ്പാടി പ്രകൃതിയില്‍ ഓളം വെട്ടുന്ന പൂനിലാവ്‌ വെയിലിന്റെ ആരാണോ എന്നും തിരക്കുന്നുണ്ട്‌.വെയിലിന്റെ ആരാണോ എന്നുചോദിക്കാന്‍ ലഹരിയില്‍ കുഴഞ്ഞ നാവിനേ കഴിയൂ എന്നിരിക്കേ ഈ കവിത ലളിതസമ്പന്നമാകുന്നു.ലാളിത്യമാണ്‌ മഹത്വത്തിന്റെ അടയാളം.
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂവിനിലാവിനോട്‌ നീ നേരാണോ പൊളിയാണോ എന്ന്‌ ചോദിക്കുമ്പോള്‍ അതില്‍ കവി കഴിച്ച മദ്യത്തിന്റെ ഉന്മത്തത മാസ്‌മരികമായി കലരുന്നതായി കാണാം.പണ്ട്‌ ഇതേസംശയം കവി കുഞ്ഞിരാമന്‍നായരും ചോദിച്ചിരുന്നു.നറുനിലാവില്‍ വെറ്റിലയില്‍ നൂറുതേയ്‌ക്കുന്നതാണ്‌ സന്ദര്‍ഭം.തനിക്ക്‌ നിലാവും ചുണ്ണാമ്പും മാറിപ്പോകുന്നു എന്നാണ്‌ അന്ന്‌ പി പറഞ്ഞത്‌.അതില്‍ കവിയുടെ ഉള്ളിലെ നിതാന്തലഹരിയുടെ സാന്നിദ്ധ്യം നമുക്കറിയാനാകും.ഇവിടെ അനിതയും അതേപോലെ തലയിലെ ലഹരിയെ ആവാഹിച്ച്‌ അസൂയാവഹമാം വിധം പ്രകൃതിയോടോ സഹയാത്രികനായ മനസ്സിനോടോ ചോദിക്കുന്നു.ഇവിടെ നിലാവിനെ ആവാഹിച്ചിട്ടാണ്‌ അനിത കോക്‌ടെയിലിന്റെ അനുഭവം വിവരിക്കുന്നത്‌.അതുകൊണ്ട്‌ പ്രമേയത്തിന്റെ കരുത്ത്‌ ഉറപ്പിക്കുകയും കവിത ഋജുവാക്കുകയും അതിലൂടെ കവിത ലളിതമാകുകയും ആസ്വാദനത്തിന്‌ നേരഴക്‌ പകരുകയും ചെയ്യുന്നു.
ഈ കവിതയില്‍ പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി ഇണക്കപ്പെട്ടതായി കണ്ടതാണ്‌ എന്റെ കുറിപ്പിന്‌ കാരണം.`കേരളം വളരുന്നു' എന്നെഴുതിയത്‌ പാലാ നാരായണന്‍ നായരാണ്‌.അതിനുമുമ്പും പിമ്പും പലരും പലരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.പല എഴുത്തിലും ഐതിഹ്യത്തിന്റെയോ പുരാണത്തിന്റെയോ ചരിത്രത്തിന്റെയോ വ്യാഖ്യാനങ്ങളിലാണ്‌ കല്‌പനകള്‍ പൂര്‍ണ്ണമാവുന്നതും.`മഴുവിന്റെ കഥ' എന്ന പ്രശസ്‌തമായ കവിതയില്‍ ബാലാമണിയമ്മ കേരളത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.
`പച്ചനാക്കില വച്ച പോലൊരു
നാടുണ്ടെന്‍ കണ്ണെപ്പോഴുമോടും ദിക്കില്‍ '
പച്ചനാക്കില വിരിച്ചപോലെയാണ്‌ കേരളം എന്ന ചിന്ത എത്ര മനോജ്ഞമാണ്‌.കേരളത്തിന്‌ അതില്‍പ്പരം മനോഹരമായ ഒരു വിശേഷണം വേറെ കൊടുക്കാനില്ലെന്ന്‌ തോന്നും.എന്നാല്‍ മൊഹീതോ പാട്ടില്‍ അനിത ഒരു പടികൂടി കടന്ന്‌ `നാക്കിലമണ്ണ്‌' എന്നുതന്നെ കേരളത്തെപ്പറ്റി പാടിയിരിക്കുന്നു.പച്ച നാക്കില വച്ചപോലെയുള്ള നാടല്ല,നാക്കിലമണ്ണുതന്നെയാണീ കേരളമെന്ന്‌ പാടുമ്പോള്‍ കവിയുടെ വാക്കുകള്‍ പുളകമുയര്‍ത്തുന്നു അനുവാചകനില്‍ .മുമ്പൊരു കവിതയില്‍ യോനി(വജൈന)ക്ക്‌ `അടിവായ' എന്ന പുത്തന്‍പദം നല്‍കിയിട്ടുണ്ട്‌ അനിതതമ്പി.ഇതെല്ലാം സന്തോഷമാണ്‌.
കവിയോ കഥാകൃത്തോ എഴുതുന്നത്‌ സ്വന്തം ജീവിതാനുഭവമാണെന്ന്‌ തെറ്റിദ്ധരിക്കുന്നവരോട്‌ ഒരുവാക്ക്‌.കവിയുടെയോ കഥാകൃത്തിന്റെയോ ഉള്ളില്‍ കടക്കുന്ന ലഹരിക്ക്‌ ആധാരം ഒരിക്കലും സാധാരണ മദ്യമല്ല.സാധാരണമദ്യത്തിന്‌ ശരാശരി ലഹരി പകരാനേ സാധിക്കൂ.കലാകാരന്‌ കിട്ടേണ്ടത്‌ സവിശേഷമായ `കോക്‌ടെയില്‍ ' തന്നെയാണ്‌.ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും നിറനിലാവാണ്‌ ആ കോക്‌ടെയില്‍ . അല്ലാതെ വെറുതെ വാറ്റിയെടുക്കുന്ന മദ്യമല്ല.പലതിനെ കൂട്ടിയെടുത്ത്‌ സൃഷ്‌ടി നടത്തുന്ന കലാകാരന്റെ പൂവന്‍കോഴിപ്പിന്നഴകാണ്‌ വിചിത്രമായ ഭാവനകള്‍ .അതാണ്‌ അവരുടെ അലങ്കാരവും അഹങ്കാരവും.നിലാവിന്‌ ഉന്മാദം എന്ന വകഭേദം കൂടി നാം കല്‍പ്പിച്ചിട്ടുണ്ടല്ലോ.
ഭാഷ വളരുന്നത്‌ എഴുത്തുകാരുടെ മിടുക്കിലൂടെയാണ്‌.ഇന്നത്തെ കാലത്തുനിന്നിട്ട്‌ അത്‌ മാധ്യമപ്രവര്‍ത്തകരിലൂടെയാണെന്നും പറയാം.കാരണം,ആകാശവാണി സജീവമായിരുന്ന കാലത്തെ തെളിമലയാളവും ഉച്ചാരണഭംഗിയും ടെലിവിഷന്റെ പ്രചാരത്തോടെ നഷ്‌ടമാകുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.പുതിയ കവിതകളും കഥകളും നിലാവിന്റെ വീര്യം കുടിച്ച്‌ ഉന്മത്തരായി രാത്രിസഞ്ചാരത്തിനിറങ്ങട്ടെ.വായനയില്‍ അപഥസഞ്ചാരത്തിനിറങ്ങുന്ന വായനക്കാര്‍ അവയെക്കണ്ട്‌ പരിസരം മറന്ന്‌ ആടിയാടിപ്പോകുന്ന പൂനിലാവ്‌ ആണാണോ പെണ്ണാണോ എന്ന്‌ അമ്പരക്കട്ടെ.
(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)

Wednesday, November 7, 2012

ആദ്യം കണ്ട പട്ടണം


ഞാന്‍ കണ്ട ആദ്യത്തെ നഗരമാണ്‌ വെള്ളത്തൂവല്‍ .വലിയ ലോറികള്‍ .കാറുകള്‍ .അനവധി ജീപ്പുകള്‍ .പവര്‍ ഹൗസിലേക്ക്‌ പോവുകയും വരികയും ചെയ്യുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ .അങ്ങനെ തിരക്കിന്റെ ഉത്സവമാണ്‌ കുട്ടിക്കാലത്ത്‌ ഞാന്‍ വെള്ളത്തുവലില്‍ കണ്ടിട്ടുള്ളത്‌.അന്ന്‌ റോഡ്‌ മുറിച്ചുകടക്കാന്‍ എന്തൊരു പേടിയായിരുന്നു.
വലിയ കെട്ടിടങ്ങളും ആദ്യമായി കാണുന്നത്‌ ഇതേ വെള്ളത്തൂവലിലാണ്‌.പവര്‍ ഹൗസുകളും കെ.എസ്‌.ഇ.ബിയുടെ കോളനികളും അവരുടെ സംഭരണശാലകളും ടൂറിസ്റ്റ്‌ ബംഗ്ലാവും എല്ലാം ഇവിടെയുണ്ടായിരുന്നു.വലിയ മരങ്ങളും മുരിങ്ങകളും ഇവിടെയുണ്ടായിരുന്നു.രാത്രികളുടെ ഭംഗി ആദ്യമായി നുണഞ്ഞ നഗരവും ഇതാണ്‌.പനി പിടിച്ച്‌ വിമലാസിറ്റിയിലെ വിമലാ ഹോസ്‌പിറ്റലില്‍ കിടക്കുന്ന രാവുകളില്‍ വരാന്തയിലെ മരബെഞ്ചില്‍ വന്നിരിക്കുമ്പോള്‍ മുന്നിലെ പവര്‍ ഹൗസിലെ വെളിച്ചങ്ങള്‍ രാത്രിയുടെ അസാധാരണ സൗന്ദര്യം കാട്ടിത്തരുമായിരുന്നു.അങ്ങനെ ഒരായിരം നിഗൂഢതകളുടെ ദേവാലയമാണ്‌ എനിക്ക്‌ വെള്ളത്തൂവല്‍ പട്ടണം.

ഇന്നും  പട്ടണമെന്നത്‌ എനിക്ക്‌ വെള്ളത്തൂവലാണ്‌.അത്‌ കുട്ടിക്കാലം മനസ്സില്‍ പകര്‍ത്തിയിടുന്ന ചിത്രങ്ങളുടെ അസാമാന്യ വലുപ്പം കൊണ്ടാവാം.രാത്രികളുടെ മാസ്‌മരികത എന്നത്‌ വെള്ളത്തൂവല്‍ പട്ടണത്തിലെയും പരിസരത്തെയും കുന്നിന്‍മുകളിലെ രാത്രി  സഞ്ചാരങ്ങളില്‍ കണ്ടിട്ടുള്ളതാണ്‌.നക്ഷത്രങ്ങള്‍ എനിക്കൊപ്പം കൂട്ടുനടക്കുന്നതായി തോന്നിയിട്ടുള്ളത്‌ ആനച്ചാല്‍ മുതല്‍ മുതുവാന്‍കുടി വരെ നടന്നിട്ടുള്ളപ്പോഴാണ്‌.വെള്ളത്തൂവലിലെ ഹൈസ്‌കൂളിലേക്കുള്ള വളഞ്ഞ റോഡിലൂടെ നടക്കുമ്പോഴാണ്‌ പടങ്ങളില്‍ കണ്ടിട്ടുള്ള വിദേശരാജ്യങ്ങളിലെ ഭൂപ്രകൃതിയുടെ സാദൃശ്യം ഞാന്‍ ഭാവനയില്‍ കണ്ടിട്ടുള്ളത്‌.
വെള്ളത്തൂവലാണ്‌ ഞാനാദ്യമായി രുചിച്ചറിഞ്ഞ ജീവിതലോകം.ഇന്നുമെന്റെ ഓര്‍മ്മകളില്‍ പഴയ പ്രൗഢിയോടെ വെള്ളത്തൂവല്‍ തിളങ്ങിനില്‍ക്കുന്നു.
---------------------------------------------

ഇടുക്കിയിലെ വെള്ളത്തൂവല്‍ സര്‍ക്കാര്‍ പള്ളിക്കൂടത്തിന് 60 വയസ്സ് പൂര്‍ത്തിയായി.അതേസമയം sslc ബാച്ചുകള്‍ ആരംഭിച്ചിട്ട് 52  വര്‍മേ ആയിട്ടുള്ളൂ.ഈ വരുന്ന പതിനൊന്നാം തീയതി ഞായറാഴ്ച വെള്ളത്തൂവല്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്.52 sslc ബാച്ചുകളിലെ ജീവിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു എന്നത് സവിശേഷമാണല്ലോ.ആ ത്രില്ലിലാണ് ഞാനും.
ആ ഓര്‍മ്മയില്‍ നിന്നാണ് ഈ കുറിപ്പ്.