Tuesday, May 29, 2012

ശാന്തിനികേതനില്‍ നിന്ന്..


ജീവിതത്തിലെ കാലങ്ങള്‍ 

വെളിയില്‍ ഒന്നും എനിക്കു
കാണുവാന്‍ കഴിയുന്നില്ല.
അങ്ങ് വന്നു ചേരുന്ന വഴി
ഏതാണെന്ന് ഞാനാലോചിക്കുകയാണ്.
വിദൂരത്തിലുള്ള നദിയുടെ
മറുകരയില്‍ നിന്നോ?
ഗഹനമായ വനാന്തരത്തില്‍ നിന്നോ?
എവിടെ നിന്നാണ് എന്‍റെ
പ്രാണസുഹൃത്തായ അങ്ങ്
ഭയങ്കരമായ അന്ധകാരത്തിലൂടെ
ഇവിടേക്ക് വരുന്നത്?
രബീന്ദ്രനാഥ ടാഗോര്‍ / ഗീതാഞ്ജലി.

ദ്യനോവലായ ഡി യുടെ ആമുഖത്തില്‍ ആദരവോടെയും മറക്കരുതെന്നാഗ്രഹിക്കുന്ന ഓര്‍മ്മകളോടെയും ഞാന്‍ പകര്‍ത്തിവച്ച വരികളാണ് ഇത്. ഗീതാഞ്ജലിയുടെ ഈ പരിഭാഷ ആരുടേതാണെന്ന് എനിക്കറിയില്ല.അക്കാലത്തെനിക്കിത് അയച്ചുതന്ന ആളാവട്ടെ അത് പറഞ്ഞിരുന്നുമില്ല.പിന്നീട് സൌകര്യവും സന്ദര്‍ഭവും വരുന്പോള്‍ സാവകാശം ചോദിച്ചുമനസ്സിലാക്കാന്‍ ഞാന്‍ മാറ്റിവച്ചവയുടെ കൂട്ടത്തില്‍ ഇതും.നടക്കാതെ പോയ അനേകങ്ങളുടെ കൂട്ടത്തില്‍ മറ്റൊന്ന് കൂടി. സാരമില്ല.ചില കാര്യങ്ങള്‍ ഒരിക്കലും അറിയാതെയിരിക്കുന്നതാണ് സൌഖ്യം. ഗീതാഞ്ജലിയുടെ പല പരിഭാഷകളും പിന്നീട് വായിച്ചിട്ടുണ്ട്.എന്നിട്ടും ഇത് കണ്ടു പിടിക്കാന്‍ മിനക്കെട്ടിട്ടുമില്ല.
എന്നെങ്കിലും വന്ന് ചെവിട്ടില്‍ പതിയെ പറഞ്ഞുതരട്ടെ എന്നാണ് സമാധാനിക്കുന്നത്.


ഇപ്പോഴിത് ഇങ്ങനെ ഓര്‍ക്കാന്‍ കാരണം മുകളില്‍ കൊടുത്ത ഫോട്ടോകളാണ്.അടുത്തിടെ ബംഗാളില്‍ പോയപ്പോള്‍ ശാന്തിനികേതനില്‍ വച്ച് ഞാനെടുത്ത ഫോട്ടോകളാണ് ഇത്.അടിക്കുറിപ്പ് ആലോചിച്ചപ്പോള്‍ ഓര്‍മ്മയിലേക്ക് വന്നു പലതും.


ഓര്‍മ്മകള്‍ ശതാബ്ദിയാഘോഷിക്കുന്പോഴാണ് ജീവിതത്തിന് ആരംഭമുണ്ടാവുന്നത് എന്നു പഠിക്കാം നമുക്ക്.


Wednesday, May 2, 2012

മെറൂണ്‍ മുതല്‍ ബുബു വരെ


ചിന്ത പുസ്തകവാര്‍ത്തയുടെ മുഖപടം
ബാര്‍കോഡിന്‍റെ മുന്‍പിന്‍ പുറങ്ങള്‍


"ബാര്‍കോഡ് " പ്രസിദ്ധീകരിച്ചു.പത്ത് കഥകളാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലുള്ളത്.
മെറൂണ്‍ ,മാംസഭുക്കുകള്‍ ,ബാര്‍കോഡ്,പൂച്ചി മാ,ദാരുണം,ചക്ക,ബുബു,സാമൂഹിക പ്രതിബദ്ധത,ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ,ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം
എന്നിവയാണ് കഥകള്‍ .
എല്ലാ പ്രമുഖ പുസ്തകശാലകളിലും ദേശാഭിമാനി ബുക്ക് ഹൌസുകളിലും ഏജന്‍സികളിലും ചിന്ത ബുക്സ് കോര്‍ണറുകളിലും ബാര്‍കോഡ് ലഭിക്കും.
(അന്വഷണങ്ങള്‍ -0471 2303026,6063020.)
താലപര്യമുള്ളവര്‍ വാങ്ങിവായിക്കുകയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ എന്നെ അറിയിക്കുകയും 
ചെയ്യുമല്ലാ.
സ്നേഹത്തോടെ,
സുസ്മേഷ്.

Tuesday, May 1, 2012

കാലിലേക്ക് ഇന്നലെയുടെ കടല്‍ത്തിരകള്‍ വന്നടിക്കുന്പോള്‍ ഉപ്പുതരികളേറ്റ് ദ്രവിച്ചുപോകുന്നു ലോലനഖങ്ങള്‍

രിയാണ്.ഇന്നെനിക്കിത് എഴുതാതെ വയ്യ.ഞാന്‍ വല്ലാതെ പരുക്കനായി പോകുന്നുണ്ടിപ്പോള്‍ .വര്‍ത്തമാനത്തിലും സഹവാസത്തിലും..എനിക്കിപ്പോള്‍ നിസ്സാരമായ സംഗതികള്‍പോലും സഹിക്കാനാവുന്നില്ല.ഏറ്റവും വലിയ കാപട്യമായി മനുഷ്യനും ഏറ്റവും വലിയ ദുരൂഹതയായി സ്ത്രീകളും ചുറ്റുപാടും വേഷം മാറുന്നത് ഞാനിപ്പോള്‍ കാണുന്നു.
എന്‍റെ കഥകള്‍ പോലും പ്രമേയങ്ങളില്‍ വ്യത്യാസപ്പെട്ടു.മാംസഭുക്കുകളും ബാര്‍കോഡും കൊറ്റികളെ തിന്നുന്ന പശുക്കളും ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെയും അപസര്‍പ്പകഛായാഗ്രഹകനുമായി കഥകളുടെ പ്രമേയങ്ങളെല്ലാം മാറിപ്പോയി.അതായത് എന്നിലെ ലോലമനസ്കന്‍ എവിടെവച്ചോ എന്നില്‍നിന്നിറങ്ങിപ്പോയിരിക്കുന്നു.ഒരുപക്ഷേ നെഞ്ചുപൊട്ടി മരിച്ചതാവാം.അല്ലെങ്കിലെനിക്ക് മാംസഭുക്കുകളും അപസര്‍പ്പകഛായാഗ്രഹകനും എഴുതാനാവുമായിരുന്നില്ല.
കൃത്യമായി എനിക്കുപറയാം.ഈ കഴിഞ്ഞ ഡിസംബറിനുശേഷം 2011 ജനുവരിയെപ്പോലെ 2012 ജനുവരിയും എന്നെ സ്വീകരിച്ചത് കറുത്ത പാഠപുസ്തകങ്ങളോടെയാണ്.ജീവിതത്തില്‍ ഒരു മനുഷ്യനുണ്ടായിരിക്കേണ്ട  അനിവാര്യമായ  നൈര്‍മ്മല്യവും സഹാനുഭൂതിയും ആര്‍ദ്രതയും അലിവും പരിഗണനയും എന്നില്‍ നിന്നകന്നുപോയിരിക്കുന്നു.ഞാന്‍ സകലതും തികഞ്ഞ ഒരു അസാന്മാര്‍ഗ്ഗിയായി പരിണമിച്ചതുപോലെ.കാട്ടിലലഞ്ഞ ഒറ്റയാന്‍ ചുട്ടിമാടിനെപ്പോലെ സമൂഹത്തിന്‍റെ വഴികളിലും വിളക്കില്ലാത്ത ചുമരുകള്‍ക്കിടയിലും ഞാന്‍ ഇടറിയിടറിപ്പോകുകയാണ്.വാസ്തവത്തില്‍ ഉറപ്പുള്ള ചുവടുകള്‍ തന്നെ.പക്ഷേ അതാര്‍ക്കുവേണം.ആര്‍ക്കും വേണ്ടാതാവുന്നതെന്നു എനിക്കു തോന്നുന്ന എന്‍റെ കാലടികളിലേക്ക് ഭൂതകാലത്തിന്‍റെ ലവണസാഗരം ആര്‍ത്തിരന്പിക്കയറുകയാണ്.എന്‍റെ നഗ്നമാം കാലടികള്‍ അതില്‍ മുങ്ങുകയും നനയുകയും ചെയ്ത് ഉപ്പുതരികള്‍ പുരണ്ട് ഇല്ലാതാവുകയുമാണ്.ഞാന്‍ ഉപ്പുജലത്തിലേക്ക് പതിക്കാന്‍ പോകുന്ന പോലെ.അപ്പോഴാണ് ഞാന്‍ കുതറുന്നത്.അകലുന്നത്.അകലേക്ക് ഓടിമാറുന്നത്.
ഇതെല്ലാമറിഞ്ഞ് പ്രിയംവദേ,നീ തകരുന്നുവല്ലേ..ഇല്ല,നിന്നെ വേദനിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.
നീ വേദനിക്കുന്നു..എരിയുകയും നീറുകയും ചെയ്യുന്നു..അകലെ കാണുന്ന കടല്‍ ആ രഹസ്യം അറിയുന്നുണ്ടായിരുന്നു അല്ലേ..
നിന്നെ വേദനിപ്പിക്കണമെന്ന യാതൊരു ഉദ്ദേശവും എനിക്കില്ല.
നീയെനിക്ക് സമുദ്രം കാവല്‍ നിന്ന നഗരത്തിലെ ആതിഥേയയും അതിഥിയുമാണ്.ബഹുനിലകളുടെ അതീതാവസ്ഥകളില്‍ നമ്മള്‍ തനിച്ചായതൊക്കെയും നമുക്ക് നമ്മളായിരിക്കാന്‍ തന്നെയാണ്.
നിന്നിലേക്കു നീങ്ങുന്ന പ്രകാശമാണ് എന്‍റെ പകലുകള്‍ .നിന്നില്‍ നിന്നു വരുന്ന നന്മകളാണ് അറപ്പിക്കുന്ന എന്‍റെ നഗ്നതയെ പുതപ്പിക്കുന്ന വസ്ത്രങ്ങള്‍ .ഞാന്‍ ചുണ്ടുകൊണ്ട് മീട്ടിയ വീണയാണ് നിന്‍റെ മേനിയും സ്വപ്നങ്ങളും നിന്‍റെ വചനങ്ങളും.
അതെന്‍റെയാണ്.എന്‍റെ സ്വത്ത്.ആര്‍ക്കും അതില്‍ അധികാരമില്ല.ആരും കരുതേണ്ട എന്‍റെ മുദ്ര വച്ച വാക്കുകള്‍ നിന്നില്‍നിന്നു എടുത്തുമാറ്റപ്പെട്ടുവെന്ന്.എന്‍റെ കൈയില്‍ ദൈവം സൂക്ഷിക്കാന്‍ തന്നിരിക്കുന്ന വാക്കുകളുടെ പതക്കങ്ങള്‍ കളഞ്ഞുപോയെന്നും ആരും ആഹ്ലാദിക്കേണ്ട.
കാറ്റുകള്‍ വന്നാല്‍ വീഴുന്ന കൊടിമരത്തെ കൊടിമരമെന്നല്ല വിളിക്കാറ്.പ്രണന്‍ പോയ ശരീരത്തിന്‍റെ ഭാരത്തെ താങ്ങാനാവാത്ത മരക്കഷണത്തെ കൊലമരമെന്നല്ല എഴുതാറ്.
ശരീരത്തെ പിളര്‍ത്തിയും ഹൃദയത്തെ ഒന്നാക്കിയും ഞാന്‍ നിന്നിലൂടെ വായിച്ച കവിതകളാണ് നമ്മുടെ കാലാതീതമായ പ്രണയം.അതാണ് സത്യം.ഇതിനിടയില്‍ വന്നകന്നുപോകുന്നതൊക്കെയും അകലേക്ക് പോകേണ്ടവരാണ്.അവര്‍ക്കുള്ളതാണ് ദൂരെക്കാണുന്ന വിളക്കുമരമോ നക്ഷത്രങ്ങളോ ചാന്ദ്രപ്രകാശമോ ഇല്ലാത്ത അഗാധഗര്‍ത്തങ്ങള്‍ .അവിടെ അവര്‍ക്ക് സാത്താന്മാര്‍ കൂട്ടുകാരായിരിക്കും.മറ്റൊന്നും കൊണ്ടല്ല,ഞാന്‍ നിങ്ങളെ വേദനിപ്പിക്കുകയായിരുന്നുവേന്ന്,തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന്,ധരിച്ചുവച്ചതിന്.അതിന്‍റെ പക എന്‍റെ മേല്‍ മൌനമായി വലിച്ചെറിഞ്ഞതിന്.
നിങ്ങളൊരിക്കലും സ്നേഹത്തെയും സൌഹൃദത്തെയും തിരിച്ചറിയുകയില്ലെന്നല്ല.അതല്ല നിങ്ങള്‍ക്കാവശ്യമെന്നാണ് ഞാനിപ്പോള്‍ പഠിക്കുന്നത്.
കറുത്ത പാഠപുസ്തകങ്ങള്‍ കഠാരമുനയാല്‍ നെഞ്ചിലെഴുതിപ്പഠിപ്പിക്കുന്ന പാഠങ്ങള്‍ .
ഇനിയും പറയട്ടെ.പരുക്കനാവുകയില്ല.മറന്നുപോവുകയുമില്ല മധു പുരട്ടിയ വിചാരങ്ങള്‍ .ഞാന്‍ ഞാനായിരിക്കുക തന്നെ ചെയ്യും.
നിനക്കായി..
എക്കാലത്തെയും എന്‍റെ കുഞ്ഞുമാലാഖേ,നിന്‍റെ പ്രകാശം എത്ര വിദൂരത്തുനിന്നു വന്നാലും അതെത്ര സന്പന്നമാണ്.
രണ്ടക്ഷരം കൊണ്ട് അളക്കുകയും പേര് വിളിക്കുകയും ചെയ്യുന്ന എന്‍റെ സര്‍വ്വരാജ്യമേ..നീയാണെന്‍റെ അതിര്‍ത്തി.അവിടെയാണെന്‍റെ സമ്രാജ്യം ഞാന്‍ പണിതുയര്‍ത്തുന്നത്.എന്തുകൊണ്ടെന്നാല്‍ ഇത്രയേയുള്ളൂ.
ക്ഷമിക്കാനും ഗ്രഹിക്കാനും തയ്യാറാവുന്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്.
നിനക്കെല്ലായ്പ്പോളും ക്ഷമയുണ്ട്. കേള്‍ക്കാനും മാപ്പുതരാനും മനസ്സിലാക്കാനും.എന്നെ സാന്ത്വനപ്പെടുത്തുന്നതും അതുമാത്രമാണല്ലോ.
കടലേ..അകലേ പോകുക..ഭൂതകാലത്തിന്‍റെ കെട്ടനാറ്റമുള്ള തിരകളുമായി നീ ഞങ്ങളുടെ  കരയിലേക്ക് പുറപ്പെടാതിരിക്കൂ..
ഓര്‍ത്തുവയ്ക്കുക.
എന്‍റെ ശിരോരേഖ തിരുത്താനുള്ള അധികാരം നിങ്ങള്‍ക്കുള്ളതല്ല,എനിക്കുമാത്രമുള്ളതാണ് .