കഴിഞ്ഞ ദിവസം ഞാനും എന്റെ പുതിയ സിനിമയുടെ സംവിധായകന്‍ ബിജു ബെര്‍ണാഡും കൂടി പാലക്കാട് പോയി മടങ്ങിവരികയായിരുന്നു.വരുന്ന വഴി പഴയ ലെക്കിടി എത്തിയപ്പോള്‍ ബിജു അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി എന്നോട് ചോദിച്ചു.നമുക്ക് ലോഹിയേട്ടന്റെ വീട്ടില്‍ കയറിയാലോ..?ഞാന്‍ അമ്പരന്നുപോയി.എങ്ങനെയാണ് ആ ശൂന്യതയിലേക്ക് കയറിച്ചെല്ലാനാവുക?
മനസ്സ് വല്ലാതെ തിങ്ങി.എങ്കിലും ഞാന്‍ പറഞ്ഞു.
``പിന്നെന്താ..പോകാം.പരിചയമുണ്ടോ വഴിയൊക്കെ..?''
``ലോഹിയേട്ടന്‍ മരിച്ച ദിവസം വന്നതാണ്.അന്നിവിടെ മുഴുവന്‍ ജനപ്രളയമായിരുന്നു.ചിത കത്തിത്തീര്‍ന്നിരുന്നില്ല ഞങ്ങള്‍ ചെല്ലുമ്പോള്‍.ചോദിച്ച് പോകാം.''
കാര്‍ ഇടത്തേക്ക് തിരിഞ്ഞ് അകലൂരിലേക്ക് നീങ്ങി.പാലക്കാട് നിന്ന് മാഞ്ഞുപോകാന്‍ പോകുന്ന ഗ്രാമീണഛായകളാണ് ചുറ്റിനും.മലയാളത്തെ പരിഭാഷപ്പെടുത്തിയ എഴുത്തുകാരന്‍ ജീവിക്കാന്‍ ഏറെ മോഹിച്ച സ്ഥലം ഇതായതില്‍ അത്ഭുതമില്ല.ഞാനേറെ കേട്ടിരുന്നു ലോഹിയേട്ടന്റെ വീടിനെപ്പറ്റി.ആ വീട്ടുമുറ്റത്തിരുന്ന് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടിട്ടുണ്ടായിരുന്നു.എപ്പോഴോ ആ വീടും പരിസരവും കാണമെന്ന് മനസ്സില്‍ തോന്നിയിരുന്നതാണ്.
ഞാന്‍ ബിജുവിനോട് ചോദിച്ചു.
``അവിടെ ഇപ്പോ ആരെങ്കിലും ഉണ്ടാവുമോ..ഉണ്ടെങ്കില്‍ തന്നെ അവരെ നിങ്ങള്‍ക്ക് പരിചയമുണ്ടോ..എന്തുപറഞ്ഞ് നമ്മളവിടെ ചെല്ലും.?''
അതെന്റെ സ്ഥായിയായ തോന്നലില്‍ നിന്നുണ്ടായ സംശയമായിരുന്നു.അധികം സ്‌നേഹബന്ധങ്ങളും ആത്മബന്ധങ്ങളും സൂക്ഷിക്കാനറിയാത്ത എനിക്ക് അപരിചിതരെ നേരിടാന്‍ കഴിയുമായിരുന്നില്ല.പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ് കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന് എന്നെ അറിയുന്നവര്‍ക്കറിയാം.ഇവിടെ അതുമാത്രമായിരുന്നില്ല പ്രശ്‌നമായി എനിക്കനുഭവപ്പെട്ടത്.അത് ലോഹിയേട്ടന്റെ അഭാവമായിരുന്നു.
കാര്‍ ഇടവഴികളിലൂടെ നീങ്ങുകയാണ്.വഴി പിശകിയോ എന്ന് ബിജുവിന് സംശയം.
``അന്ന് ധാരാളം ആളുകളും വാഹനങ്ങളും നിറഞ്ഞ് നിബിഢമായിരുന്നല്ലോ വഴി.''
ബിജു പറഞ്ഞു.
``ആരോടെങ്കിലും ചോദിക്കാം.''
കാര്‍ നിര്‍ത്തി വഴിയില്‍ കണ്ട ഒരാളോട് ചോദിക്കാന്‍ നേരം ഞാന്‍ പിന്നെയും കുഴങ്ങി.എന്താണ് ചോദിക്കേണ്ടത്.ലോഹിയേട്ടന്‍ ഇപ്പോഴില്ലല്ലോ.ഇപ്പോഴില്ലാത്ത ഒരാള്‍ക്ക് വീടില്ലല്ലോ.അങ്ങനെയെങ്കില്‍ ഇപ്പോഴില്ലാത്ത,വീടില്ലാത്ത ഒരാളുടെ പേരിലുണ്ടായിരുന്ന പഴയ വീടിനെപ്പറ്റിയല്ലേ ചോദിക്കേണ്ടത്.അതായത് അയാളുടെ ഒരു സ്‌മാരകത്തെപ്പറ്റി.?എന്റെ പരുങ്ങല്‍ കണ്ടിട്ടാവണം,ബിജു പെട്ടെന്ന് അന്വേഷിച്ചു.
``ലോഹിതദാസിന്റെ വീടെവിടെയാ..?''
ഞാനൊന്ന് അന്ധാളിച്ചു.ലോഹിതദാസ് എന്ന തിരക്കഥാകൃത്തും നാടകകൃത്തും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.?ആ സംശയത്തെ ശരി വയ്‌ക്കുന്ന വിധത്തില്‍ ഗ്രാമീണനായ മനുഷ്യന്‍ പറഞ്ഞു.
``നേരെ പോയാമതി.''
ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത് ലോഹിതതദാസ് എന്ന തിരക്കഥാകൃത്ത് കാത്തിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.ഇല്ലെങ്കില്‍ വഴി പറഞ്ഞുതന്ന മനുഷ്യന്‍ ഞങ്ങളെ രൂക്ഷമായി നോക്കുമായിരുന്നു.ഞങ്ങളുടെ കാറോടുന്ന മണ്‍വഴിയിലൂടെ അന്നുരാവിലെയും ലോഹിയേട്ടന്‍ നടക്കാന്‍ പോയിവന്നിട്ടുണ്ടാകണം.അങ്ങനെ ബിജുവിനും തോന്നിയിട്ടുണ്ടാകണം.കാറില്‍ അസുഖകരമായ മൗനം നിറഞ്ഞു.അതിനെ ഭേദിക്കാന്‍ ഞങ്ങള്‍ ലോഹിയേട്ടന്‍ ചെയ്‌ത സിനിമകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.തനിയാവര്‍ത്തനം മുതല്‍ എത്രയെത്ര സിനിമകള്‍.അധികം ശ്രദ്ധിക്കപ്പെടാതെ പോയ എഴുതാപ്പുറങ്ങളും മാലയോഗവും രാധാമാധവവും മുതല്‍ ചക്രം വരെ.ഹിറ്റുകളുടെ ബഹളത്തിനിടയില്‍ വേറിട്ടുനിന്ന മൃഗയയും സസ്‌നേഹവും കുടുംബപുരാണവും മഹായാനവും കുട്ടേട്ടനും വരെ.അങ്ങനെയങ്ങനെ സംസാരം നീണ്ടപ്പോള്‍ വീണ്ടും വഴിയെപ്പറ്റി സംശയമായി.അതുവഴി വന്ന പര്‍ദ്ദയിട്ട ഉമ്മയോട് തിരക്കി.ഉമ്മയും കൈ ചൂണ്ടി നിസ്സംശയം വഴി പറഞ്ഞുതന്നു.എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാന്‍ വിഷാദിയാവാന്‍ ആരംഭിച്ചു.
ലോഹിതദാസ് ഒരെഴുത്തുകാരനായിരുന്നു.കടലാസിലും അഭ്രപാളിയിലും പകര്‍ത്തിയതിലുമധികം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ ഉലാത്തിയിട്ടുണ്ടാവും എന്നത് ഒരെഴുത്തുകാരനായ എനിക്കൂഹിക്കാം.അത്തരം ചിന്തകള്‍ അദ്ദേഹത്തിനു മനസ്സില്‍ തോന്നിയത് പല്ലു തേയ്‌ക്കുമ്പോഴോ വെറുതെ വഴിയിലേക്ക് നോക്കിയിരുന്നപ്പോഴോ ഇത്തിരി കഞ്ഞി കുടിച്ചപ്പോഴോ അര്‍ദ്ധമയക്കത്തിലോ ആയിരിക്കാം.അത്തരം ചിന്തകളിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോഴും അവിടെ കാണുകയും ചെയ്യും.അവിടേക്കാണ് ഞങ്ങള്‍ ചെല്ലുന്നത്.ഇടവഴികള്‍ പരിസരത്തെ ക്ഷേത്രത്തെ ഒന്നുവളഞ്ഞു.കാടുമൂടിയ പറമ്പുകളാണ് ചുറ്റിനും.തഴച്ചുവളര്‍ന്ന മുളങ്കൂട്ടം.
ഞാന്‍ പിന്നെയും തിരക്കി.
``നമ്മള്‍ എന്തു പറയും..എന്തിനു വന്നതാണെന്നു പറയും..?''
എന്റെ പരിഭ്രമം മനസ്സിലാക്കി ബിജു സമാധാനിപ്പിച്ചു.
``ലോഹിയേട്ടനുമായി പരിചയമുണ്ടായിരുന്നല്ലോ.ഇതുവഴി വന്നപ്പോ കയറിയതാണെന്ന് പറയാം.''
അതുപറഞ്ഞുതീര്‍ന്നതും ബിജു പുറത്തേക്ക് കൈചൂണ്ടി പറഞ്ഞു.
``അതാ ആ കാണുന്നതാണ് വളപ്പ്.അതാണ് വീട്.ദാ..അവിടെയാണ് സംസ്‌കരിച്ചത്.''
അമരാവതി എന്ന വീട് ഞാന്‍ കാറിലിരുന്ന് കണ്ടു.ഞങ്ങള്‍ പുറത്തേക്കിറങ്ങി.ഇരുവശവും കാട്ടുകല്ല് വച്ച് കെട്ടിയ ചെറിയ മതില്‍.അതിനപ്പുറം ലോഹിയേട്ടന്റെ വീടിരിക്കുന്ന സ്ഥലം.പറമ്പില്‍ മേയുന്ന പശു.അതിന്റെ അഴിഞ്ഞുകിടക്കുന്ന കയറ്.പലതരം പക്ഷികളുടെ ശബ്‌ദങ്ങള്‍.തണുത്ത നിഴല്‍ പതിഞ്ഞ വഴി നയിക്കുന്നത് പടിപ്പുരയ്‌ക്ക് മുന്നിലേക്കാണ്.ഞങ്ങള്‍ നിശ്ശബ്‌ദരായി നടന്നു.എന്തുകൊണ്ടാണ് ഇരുവര്‍ക്കുമിടയില്‍ നിശ്ശബ്‌ദത സംഭവിച്ചത്.അറിയില്ല.എന്തുകൊണ്ടാണ് ഞങ്ങളുടെ ശ്വാസത്തിനുപോലും അമിതമായ കനം അനുഭവപ്പെട്ടത്.അറിയില്ല.
ഇരുവശവും മുള്ളുവേലി വച്ചു തിരിച്ച വഴിയുടെ അറ്റത്തുള്ള പടിപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു.ഞങ്ങള്‍ അങ്ങോട്ട് ചെന്നു.അവിടെ ആരുമുണ്ടായിരുന്നില്ല.ദ്രവിച്ചുതുടങ്ങിയ പടിപ്പുരക്കതകിന്റെ വിടവിലൂടെ ഞാന്‍ അകത്തേക്ക് നോക്കി.വലിയ വീട്.വിശാലമായ ഉമ്മറം.കല്ലിട്ടു ചുവട് കെട്ടിയ മരങ്ങള്‍.സുഗന്ധസസ്യങ്ങള്‍ തിങ്ങിയ മുറ്റം.ഇടത്തുമാറി ഒരറ്റത്ത് രണ്ട് കല്ലോടുകള്‍ ചരിച്ചുവച്ച ഒരിടം.ഒരു ചെരാത് അവിടെ ഇരിക്കുന്നുണ്ടാകണം.ശരിയാണ്.ലോഹിതദാസ് അവിടെയില്ല.ആള്‍ത്താമസമില്ലാത്തതിന്റെ പരുക്കന്‍സ്വഭാവം പരിസരത്തിനുണ്ട്.ഞങ്ങള്‍ വെറുതെ അടച്ചിട്ട പടിപ്പുരത്തിണ്ടില്‍ ഇരുന്നു.
ഞാനും ബിജുവും എഴുത്തുകാരാണ്.ലോഹിയേട്ടനെ അവസാനമായി കാണാന്‍ വന്ന് നമസ്‌കരിച്ചുപോയ ആളാണ് ബിജു.ആ പറമ്പിലെവിടെയോ അലിഞ്ഞുകിടക്കുന്ന ലോഹിയേട്ടന്റെ സ്‌മരണയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരയുടെ ഒരു തുമ്പ് ഞങ്ങളിലൂടെയും അദൃശ്യമായി തുടരുന്നുണ്ട്.അതുകൊണ്ടാണ് ഞങ്ങള്‍ക്കിവിടെ എത്താന്‍ തോന്നിയത്.
അപ്പോള്‍ ഇലകളും ചുള്ളികളും ഞെരിയുന്ന ഒച്ചകേട്ടു.മുള്ളുവേലിക്കപ്പുറം കൈയിലുള്ള കമ്പിന്റെ ബലത്തില്‍ നടന്നുവരുന്ന ഒരു വൃദ്ധ.ഞാനും ബിജുവും അമ്പരപ്പോടെ മുഖാമുഖം നോക്കി.
``ഇത്..ഇത്..അവരല്ലേ..കന്മദത്തിലേ..!''
ബിജു എന്നോട് ചോദിച്ചു.മറുപടി പറയാനാവാതെ വിറങ്ങലിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.അതെ എന്നു ഞാന്‍ പറയും മുമ്പ് അവരിങ്ങോട്ട് ചോദിച്ചു.
``ആരാ..എന്തിനാ വന്നേ..?''
``ഞങ്ങള്‍ ഇതിലെ പോയപ്പോള്‍ കയറിയതാണ്.''
``ഓ..ഇവിടെ ആരുമില്ല.ഞാനീ പശുവിനെ തെളിക്കാന്‍ വന്നതാ..''
അവര്‍ അതും പറഞ്ഞ് നടന്നുനീങ്ങി.ഞാനും ബിജുവും വാക്കുകള്‍ നഷ്‌ടപ്പെട്ട് നിന്നു.അത് `കന്മദം' സിനിമയിലെ മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയുടെ ഛായയുള്ള ആരോ ആയിരുന്നു.ആ കഥാപാത്രത്തിന്റെ ഛായ അവര്‍ക്ക് അത്ഭുതകരമായ വിധത്തില്‍ കൃത്യമായിരുന്നു.ഞങ്ങള്‍ ഇരുവര്‍ക്കും അത് ഒരേപോലെ തോന്നിയതാണോ തോന്നിപ്പിച്ചതാണോ അതോ എല്ലാം ഒരു തോന്നലാണോ.!നിശ്ശബ്‌ദരായി വന്ന് ഞങ്ങള്‍ കാറില്‍ കയറി.
കാര്‍ അകലൂരില്‍ നിന്നിറങ്ങി തിരിച്ച് ഹൈവേയില്‍ കയറിയിട്ടും ഞങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല.
(ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്നത്.)