Wednesday, December 29, 2010

ഡിസംബറിലെ കിളിമുട്ടകള്‍

സാധാരണ ഞാന്‍ ഒഴിവാക്കി നിര്‍ത്താറുള്ള ജീവിതത്തിലെ തിരക്കുകളെല്ലാം കൂടി ഒന്നിച്ചുവന്ന മാസമായിരുന്നു ഡിസംബര്‍.ആ സമയത്തുതന്നെയാണ് താല്‍ക്കാലികമായി ആളൊഴിഞ്ഞ എന്‍റെ വീട്ടിലേക്ക് താമസിക്കാനായി അവര്‍ എത്തിയതും.
അവര്‍ കുറേ ദിവസങ്ങളായി എന്‍റെ വീടിന്‍റെ പരിസരത്ത് പതിവില്ലാതെ കറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.കറങ്ങുകയല്ല,പറക്കുകയായിരുന്നു.ഇടക്കിടെ പടിഞ്ഞാറേ മുറിയുടെ പൊട്ടിയ ജനാലച്ചില്ലിലൂടെ അകത്തേക്ക് വരും.അധികം തുണികള്‍ കിടക്കാറില്ലാത്ത കന്പിയഴയില്‍ വന്നിരിക്കും.എന്‍റെ സാന്നിദ്ധ്യമുണ്ടാവുന്പോള്‍ പുറത്തേക്ക് പറന്നുപോകും.
മുന്പിവിടെ എനിക്ക് സൌഹൃദത്തിന് വരാറുണ്ടായിരുന്നത് രണ്ട് ഇണപ്രാവുകളായിരുന്നു.വല്ലാത്ത അധികാരമായിരുന്നു അവര്‍ക്ക് ഈ വീടിനോടും എന്നോടും.കാലത്ത് എട്ടര എന്നൊരു സമയമുണ്ടെങ്കില്‍ അവര്‍ വന്ന് കതകില്‍ കൊത്തും.ഞാന്‍ അരി വിതറിക്കൊടുക്കും.അതെടുക്കാന്‍ പോകുന്പോഴോ കൊടുക്കാന്‍ വൈകുന്പോഴോ രണ്ടാളും പിന്നാലെ യാതൊരു ഭയവുമില്ലാതെ അകത്തേക്ക് വരും.പുലര്‍കാലത്തിന്‍റെ വെളിച്ചം വീണുകിടക്കുന്ന അകമുറിയിലേക്ക് ആ വെട്ടത്തിന്‍റെ അകന്പടിയോടെ ഇരുവരും വരുന്ന കാഴ്ച ഹൃദയത്തില്‍ അരച്ചിടുന്നു ചന്ദനമായിരുന്നു എനിക്ക്.ചോറ് രണ്ടാള്‍ക്കും പഥ്യമായിരുന്നില്ല.കൈയുടെ അടുത്തുവന്ന് കൊത്തിത്തിന്നും.ഒരിക്കല്‍ പരിക്ക് പറ്റിയ കാലുമായിട്ടാണ് അതിലെ ആണ്‍പ്രാവ് വന്നത്.കുറേ ദിവസംകൂടി കൂട്ടുകാരിയോടൊപ്പം അത് ഒക്കിച്ചവിട്ടി വന്നു.അരി തിന്നുപോയി.പിന്നീട് ഇരുവരും വരാതായി.കാത്തിരുന്നു കാത്തിരുന്നു ഞാന്‍ മടുത്തു.പരിക്കേറ്റ ആ കാലിന് എന്തുപറ്റിയെന്നും അവര്‍ ഇരുവരും വരാതായത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ എവിടെയാണെന്നും എനിക്കറിയില്ല.
ഞാന്‍ കിട്ടു എന്നു വിളിക്കുന്ന പൂച്ചയായിരുന്നു അടുത്ത കന്പനി.അത് അടുത്ത വീട്ടിലെ നിലയവിദ്വാനാണ്.ഇടക്കിടെ കോണി കയറി എന്നെക്കാണാന്‍ വരും.നമുക്ക് അവിശ്വസനീയത തോന്നുന്ന വിശ്വാസ്യതയായിരുന്നു അതിന്‍റെ മിടുക്ക്.അച്ചടക്കവും.അതായത് പുലര്‍കാലത്ത് തുറന്നു കിടക്കുന്ന ജനലിലൂടെയാണ് വരുന്നതെങ്കില്‍ മിണ്ടാതെവരും.എങ്ങാനും ഞാന്‍ അറിഞ്ഞു എന്നു മനസ്സിലായാല്‍ ഒന്നു കരയും.അകത്തേക്ക് പോകും.അതല്ല രാത്രി വന്നുകിടന്ന് കാലത്താണ് പോകുന്നതെങ്കില്‍ പോകുന്നവഴിക്ക് ഒന്നു കരഞ്ഞിട്ട് പോകും.ചിലപ്പോള്‍ നേരേ കയറിവന്ന് എല്ലാമൊന്നു നോക്കി.എല്ലാ മുറികളിലും കയറി മൌനം പാലിച്ച് ഇറങ്ങിപ്പോകും.തൊട്ടാല്‍ ഉടന്‍ ചരിഞ്ഞുകിടക്കും.കുറുകും.വയറില്‍ അമര്‍ത്തിയാല്‍ ബഹുസന്തോഷം.കഴുത്തില്‍ ചൊറിഞ്ഞാല്‍ ഹോയ് രീരേ...എന്ന ഇളയരാജ പാട്ട് മൂളും.മീശയില്‍ വലിച്ചാലും വായതുറന്ന് പല്ലെണ്ണിയാലും നഖം ചെളികുത്തി കഴുകിയാലും ആയ്ക്കോളൂ എന്ന വിനീതഭാവം.ചിലപ്പോള്‍ ഞാന്‍ വൃത്തിയായി ഷാംന്പൂ തേപ്പിച്ച് കുളിപ്പിക്കും.ചെറിയ കുതറലൊക്കെ നടത്തും അന്നേരം.എന്നാലും നമ്മുടെ ദേഹത്ത് നഖം കൊള്ളാതിരിക്കാന്‍ കക്ഷി ശ്രദ്ധിക്കും.
കിട്ടു അങ്ങനെ വന്നു പോകുന്പോള്‍ വീട്ടില്‍ ഒരു ബന്ധു വന്നുപോകുന്നതുപോലെയാണ് എനിക്ക്.
ഇതിനൊക്കെയിടയില്‍ അപ്രതീക്ഷിതമായിട്ടാണ് ഈ ഇരട്ടത്തലയന്‍ കമിതാക്കള്‍ എന്‍റെ വാസസ്ഥലം തിരഞ്ഞെടുത്തത്.അവരുടെ വരവും പോക്കും ഞാനറിയുന്നുണ്ടായിരുന്നെങ്കിലും അത് കൂടൊരുക്കാനാണെന്ന് വെറും മനുഷ്യബുദ്ധി മാത്രമുള്ള ഞാന്‍ ഒട്ടും കരുതിയിരുന്നില്ല.
പടിഞ്ഞാറേ മുറി പണ്ട് അച്ഛനും അമ്മയും ഇവിടെ താമസിച്ചിരുന്നപ്പോള്‍ അവരുടെ കിടപ്പുമുറിയായിരുന്നു.ഭാര്യ വന്നപ്പോള്‍ അത് അലങ്കാരമുറിയായി.ഇപ്പോള്‍ അവരും ഭാര്യയും അകലെയായപ്പോഴാണ് ഞാനിവിടെ തനിച്ചായത്.അതുകൊണ്ട് ആ മുറിയിലേക്ക് എനിക്ക് അധികം പോകേണ്ടിവരാറില്ല.കിടപ്പുമുറി കം ഓഫീസ് മുറി കം സ്വീകരണമുറി എന്ന നിലയില്‍ ഞാന്‍ പെരുമാറിക്കൊണ്ടിരിക്കുന്ന മുറി തന്നെ ഞാനൊരാള്‍ക്ക് ധാരാളമായിരുന്നു.എന്നല്ല അതാണ് പലപ്പോഴും എന്‍റെ ലോകവും.പോരാത്തതിന് അടുക്കളയും വിരുന്നുമുറിയും മുന്നിലേയും പിന്നിലേയും വിശാലമായ സ്ഥലവും എനിക്ക് മതിയാകുമായിരുന്നു.
ഒരിക്കല്‍ വേഷം മാറാനായി ആ മുറിയില്‍ ചെന്നപ്പോഴാണ് തറയില്‍ രണ്ട് വേപ്പില കിടക്കുന്നത് ഞാന്‍ കണ്ടത്.പഴുത്ത രണ്ട് തണ്ട് ഇല.രാവിലെ അടിച്ചിട്ടതാണ്.പിന്നെങ്ങനെ വന്നു.?
അപ്പോള്‍ കാറ്റിനെ കീറിമുറിച്ച് ഒരാള്‍ അകത്തേക്ക് വന്നു.അതാ ഇരട്ടത്തലയന്‍ ആയിരുന്നു.ചുവന്ന തൊപ്പിവച്ച തല.വയറിനടിഭാഗമാകെ വെള്ള.നീണ്ട വാല്‍.കാപ്പിക്കളരുള്ള ദേഹം.എന്നെക്കണ്ട പാടെ അതേപോലെ പുറത്തേക്ക് പാഞ്ഞു.എനിക്ക് കൌതുകമായി.
കിട്ടു എങ്ങാനും കാണുമോ എന്ന പേടിയും തലയ്ക്കകത്ത് ഓടി.പണ്ട് അവന്‍ അടുക്കളവശത്ത് കൂട്ടമായി വന്നിരിക്കാറുള്ള ചാരപ്രാവുകളിലൊന്നിനെ കടിച്ചെടുത്ത് ശബ്ദമുണ്ടാക്കാതെ എന്‍റെ പിന്നിലൂടെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.
എന്തായാലും ഇരട്ടത്തലയന്‍ അഞ്ചു പാളികളുള്ള ജനലിന്‍റെ ഇരട്ടക്കന്പിയില്‍ ശ്രമകരമായി കൂടൊരുക്കാന്‍ തുടങ്ങി.വയ്ക്കുന്ന ഓരോ കന്പും കോലും താഴേക്ക് വീഴും.അതെടുക്കാന്‍ മിനക്കെടാതെ പുറത്തുപോയി വേറെ കൊണ്ടുവരും.ഞാന്‍ എന്‍റെ കാര്യങ്ങള്‍ മാറ്റിവച്ച് നോക്കിനിന്നു.മണിക്കൂറുകള്‍ക്കകം അവന്‍ അതോ അവളോ അദ്യത്തെ ഉണക്കില ജനല്‍ക്കന്പിയില്‍ ഉറപ്പിച്ചു.അറിയാതെ ഞാന്‍ കൈയടിച്ചുപോയി.
മനുഷ്യാ..അഹങ്കാരീ..പോയി തൂങ്ങിച്ചാക് എന്നു വിളിച്ചുപറയാന്‍ തോന്നിയത് ഞാന്‍ അടക്കി.കാരണം ലളിതം.വെറും കൊക്കുകൊണ്ട് മാത്രമാണ് അത് ജനല്‍ക്കന്പിയില്‍ ആ ഇലത്തണ്ട് ഉറപ്പിച്ചത്.അങ്ങനെ അങ്ങനെ അന്ന് വൈകുന്നേരമായപ്പോഴേക്കും നാലഞ്ച് കന്പും നാരും വച്ച് അത് കൂട് കെട്ടിത്തുടങ്ങിയിരുന്നു.മുറി മുഴുവന്‍ നാശമായത് ഞാന്‍ അവഗണിച്ചു.പിറ്റേന്നുമുതല്‍ ചൂലുമായി അങ്ങോട്ട് കടക്കേണ്ടെന്ന് നിശ്ചയിക്കുകയും ചെയ്തു.മാത്രവുമല്ല വളരെ അടുപ്പമുള്ള നാലഞ്ചുപേരോട് ഈ സന്തോഷം sms ലൂടെ ഞാന്‍ പങ്കിടുകയും അവരുടെ ആഹ്ളാദസ്പന്ദനം സ്വീകരിക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ സാധാരണ പതിവില്ലാത്ത കുറേ തിരക്കുകള്‍ ഈ മാസം ഉണ്ടായി എന്നു പറഞ്ഞുവല്ലോ.അതിനാല്‍ നാലുദിവസമേ എനിക്ക് അവരുടെ കൂട് നിര്‍മ്മാണം ഇങ്ങനെ കാണാനും ആസ്വദിക്കാനും അതിലൂടെ എന്നെപ്പറ്റി പഠിക്കാനും കഴിഞ്ഞുള്ളൂ.നാല് ദിവസം കൊണ്ട് കൂടിന്‍റെ ഏകദേശരൂപരേഖ മാത്രമേ ശരിയായിരുന്നുള്ളു.19 ന് ഞാന്‍ തിരുവനന്തപുരത്തേക്ക് പോയി.അവിടുത്തെ പരിപാടികള്‍ക്കിടയില്‍ ദിവസങ്ങള്‍ ഓടിക്കടന്നുപോകുന്പോള്‍ ഞാന്‍ സത്യമായും വല്ലാത്ത വേവലാതിയിലായിരുന്നു.ഇരട്ടതലയന്‍റെയും കാമുകിയുടെയും ലക്ഷ്യബോധമുള്ള ജീവിതം എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.അവരുടെ ജീവിതം എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചിരുന്നു.അവള്‍ അവനായി ഇടുന്ന മുട്ടകളും അതിലൂടെ അവര്‍ക്കായി വിരിയുന്ന കുഞ്ഞുങ്ങളും എന്‍റെകൂടി സ്വപ്നമായിരുന്നു.അത് സംഭവിക്കുന്നത് കാണാന്‍ ഞാന്‍ വളരെ വളരെ കൊതിച്ചിരുന്നു.പക്ഷേ ഒഴിവാക്കാനാവാത്ത പരിപാടികളായിരുന്നു എനിക്ക് തിരുവനന്തപുരത്ത്.
കിട്ടു ഞാനില്ലെങ്കില്‍ കയറിവരാറില്ല.എങ്കിലും കാലക്കേടിന് കയറിവരികയും അവരെ കാണുകയും പിടിച്ചുതിന്നുകയും ചെയ്യുമോ അല്ലെങ്കില്‍ ഒരാളെപ്പിടിച്ച് മറ്റൊരാളെ അനാഥമാക്കുമോ എന്നെല്ലാം ഞാന്‍ വല്ലാതെ ഉത്കണ്ഠപ്പെട്ടത് സ്വാഭാവികം.
27 നാണ് എനിക്കിവിടെ തിരിച്ചെത്താന്‍ കഴിഞ്ഞത്.എങ്ങനെയാണ് കതക് തുറന്ന് ഞാന്‍ അകത്ത് കയറിയത് എന്നറിയില്ല.വേഗം പടിഞ്ഞാറേ മുറിയിലേക്ക് പോയി.ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് നോക്കി.
മുറിച്ച നാളികേരപ്പാളി എടുത്തുവച്ചപോലെ കൂട് ജനല്‍ക്കന്പിയില്‍ തയ്യാറായിട്ടുണ്ട്.അടുത്തുചെല്ലാതെ ആകാംക്ഷയോടെ ഞാന്‍ നോക്കി.ഇണക്കിളികള്‍ എവിടെ..?
അപ്പോള്‍ കൂടിന്‍റെ ഭാഗമാണോ എന്നു സംശയം തോന്നിപ്പിച്ച ഒരു വസ്തു കുന്തം പോലെ പൊങ്ങിനില്‍ക്കുന്നതു കണ്ടു.അത് അമ്മക്കിളിയുടെ വാലായിരുന്നു.ഞാന്‍ കൈയിലെ ഭാരമെല്ലാം നിലത്തേക്കിട്ട് കതക് ചാരി ആശ്വാസത്തോടെനിന്നു.നിലം മുഴുവന്‍ കരയിലകളും കോലുമായിട്ടുണ്ട്.ഒരു കിളിക്ക് ചുണ്ടില്‍ കൊത്തിയെടുക്കാനാവുമോ എന്നു നമുക്ക് സംശയം തോന്നാവുന്നത്ര വലുപ്പമുള്ള കോലും കന്പും.ഇപ്പോള്‍ അതൊരു വീടും ഈറ്റുമുറിയുമാണ്.വാസ്തവത്തില്‍ എന്‍െറെ ഈ വീടാണ് ഊഷരത വെടിഞ്ഞ് സഫലമായത്.അവിടെ ഒരു ജീവിതം തളിര്‍ക്കുന്നു.ആ അമ്മക്കിളിയുടെ പൊരുന്നലിലും സ്വയംതാപനത്തിലും ഒന്നിലധികം ജന്മങ്ങള്‍ കണ്ണ് മിഴിക്കാന്‍ വെന്പുന്നു.അത് കാണാന്‍ ചാരത്തൊരാള്‍ കാത്തുനില്‍ക്കുന്നുമുണ്ട്.
അങ്ങനെ വിചാരിച്ചതേയുള്ളൂ,ജനല്‍ക്കന്പിയില്‍ മറ്റേയാള്-‍ആണോ പെണ്ണോ-എത്തിക്കഴിഞ്ഞു.സദാ ചുണ്ടുപിളര്‍ത്തി മുകളിലേക്ക് നോക്കിയാണ് പൊരുന്നക്കിളി കൂട്ടിലിരിക്കുന്നത്.കഷ്ടം തോന്നും.എന്‍റെ സാന്നിദ്ധ്യമോ ഫാനിടുന്നതോ ഒന്നും അതിന് പ്രശ്നമല്ല.പൊരുന്നയിരിക്കുന്ന പെണ്‍കിളിക്ക് ആണ്‍കിളിയാണ് തീറ്റതേടി കൊടുക്കുന്നതെന്ന് എവിടെയോ വായിച്ചിരുന്നു.എല്ലാ ഇനം പക്ഷികള്‍ക്കും അത് ബാധകമാണോ എന്നറിയില്ല.ഇനി എത്ര ദിവസം വേണം മുട്ട വിരിയാന്‍.?അറിയില്ല.എത്രനാള്‍ വേണം അവ പറക്കമുറ്റാന്‍..?അറിയില്ല.ഒന്നറിയാം ഇത് പ്രണയകാലമാണ്.അസൂയയുണ്ടാക്കുന്ന അനുരാഗത്തിന്‍റെ ആധുനിക രാഗവിപിനത്തിലാണ് ഇപ്പോഴവര്‍.
കന്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത,മണലിന് അപേക്ഷിക്കേണ്ടാത്ത,സ്ഥലം വാങ്ങലില്‍ കൃത്രിമം കാണിക്കേണ്ടാത്ത,പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത,LIC യും KSFEയും കടന്നുവരാത്ത,സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത,സ്കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയുമില്ലാത്ത,മക്കളെച്ചൊല്ലി പാരന്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാന്പത്യം.അതാണ് ഓരോ കിളിജീവിതവും.
ഇനി മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2010 കടന്നുപോകും.2011 വരും.ആരോ പറഞ്ഞപോലെ.ടൂ സീറോ ഡബിള്‍ വണ്‍.
അതിനകം മുട്ടകള്‍ വിരിയുമോ..?ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.മുട്ടകള്‍ വിരിയുന്നതിന് മാത്രമല്ല,ആ കുഞ്ഞുങ്ങളും ഇണകളും എനിക്കായി കൊണ്ടുവരുന്ന പുതുമയേറിയ പുതുവത്സരത്തിനും.ഇത്രയേറിയ പ്രകാശപൂര്‍ണ്ണമായ ഒരു പുതുവര്‍ഷപ്പിറവി ഇനി ഈ ആയുസ്സില്‍ എനിക്ക് ലഭിക്കുമോ.?
എല്ലാ വായനക്കാര്‍ക്കും 'ഞങ്ങളുടെ' ഊഷ്മളമായ നവവത്സരാശംസകള്‍.
എല്ലാവര്‍ക്കും പ്രണയം നിറഞ്ഞ വാസന്തമാവട്ടെ വരുംവര്‍ഷം.
happy
new
year.

Friday, December 10, 2010

മെറൂണ്‍

സൈന്യത്തില്‍ ചേരുന്നതിന്‌ മുമ്പ്‌ എനിക്ക്‌ ചിത്രകലയിലായിരുന്നു താല്‌പര്യം.അതുകൊണ്ട്‌ പറയട്ടെ,നദിക്ക്‌ വെളുപ്പില്‍ പച്ച കലര്‍ന്ന ജലച്ചായനിറമായിരുന്നു.ശീതം കലര്‍ന്ന ഈ പച്ചയാണ്‌ സിന്ധുവിന്റെ സ്ഥായിയായ നിറം.കരയുടേത്‌ വെളുപ്പുകലര്‍ന്ന മഞ്ഞയും.വെള്ളത്തിലെത്തിയപ്പോള്‍ നദിയില്‍ നിന്ന്‌ തണുപ്പിന്റെ അനേകായിരം അലകള്‍ എന്റെ ശരീരകോശങ്ങളിലേക്ക്‌ കിനിഞ്ഞിറങ്ങി.അതെല്ലാം ഞാന്‍ മെറൂണ്‍ എന്ന ഇരുപത്‌കാരി പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി സഹിച്ചു.പക്ഷേ ആഴങ്ങളില്‍നിന്ന്‌ മൃതദേഹത്തിന്റെ വീണ്ടെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല.അതെനിക്കറിയാം.എങ്കിലും എനിക്കത്‌ കണ്ടെത്തിയേ മതിയാകൂ.അതുകൊണ്ട്‌ ആദ്യം ശിരസ്സ്‌,മുഖം,നെഞ്ച്‌,കാലുകള്‍?എന്നിങ്ങനെ ഞാന്‍ ജലത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു.
മെറൂണ്‍..
നദിയിലേക്ക്‌ ഊളിയിടുമ്പോള്‍ ഞാന്‍ നിശ്ശബ്‌ദം വിളിച്ചു.
വില്ലോ മരങ്ങള്‍ക്കിടയില്‍ മാനിനെപ്പോലെ അവള്‍ മറയുന്നത്‌ ഞാന്‍ അകക്കണ്ണില്‍ കണ്ടു.കരയില്‍ കാത്തുനില്‍ക്കുന്നവര്‍ കേള്‍ക്കുകയില്ല ഈ നിലവിളി.എന്നോടൊപ്പം വെള്ളത്തിലേക്ക്‌ കൂപ്പുകുത്തിയ മറ്റുള്ളവരും അറിയുകയില്ല ഈ ശബ്‌ദം.പക്ഷേ,മെറൂണ്‍ കേള്‍ക്കും.ഒരു സൈനികനോട്‌ ഇവിടുത്തെ ഏത്‌ ഗ്രാമവാസിക്കും തോന്നുന്ന മമതയും സ്‌നഹവും മാത്രമല്ല അത്‌.മെറൂണ്‍ മുതിരുമ്പോഴും വിവാഹിതയാവുമ്പോഴുമൊക്കെ ഞങ്ങളിവിടെയുണ്ടായിരുന്നു.മണല്‍ക്കുന്നുകളിലും കൃഷിയിടങ്ങളിലും ആടുകളെ മേയ്‌ക്കാന്‍ പോകുമ്പോഴും വില്ലോ മരത്തിന്റെ കൊമ്പുകളുമായി വീട്ടിലേക്ക്‌ പോകുമ്പോഴും അവള്‍ കൈയുയര്‍ത്തി വീശും.ലേയിലേക്കും ശ്രീനഗറിലേക്കുമുള്ള ഞങ്ങളുടെ യാത്രകളില്‍ എത്രയോ തവണ അവളെ വഴിയരികില്‍ കണ്ടിരിക്കുന്നു.വഴിയാത്രക്കാരായ കാറുകാരോട്‌ നിമ്മുവിലേക്കോ ഖാല്‍സിയിലേക്കോ ഒരു യാത്ര തരപ്പെടുത്താനായിരിക്കും ആ നില്‌പ്‌.കൂടെ ചിലപ്പോള്‍ ഗ്രാമത്തിലെ മറ്റു സ്‌ത്രീകളും കാണും.ബസുകളും സഞ്ചാരവാഹനങ്ങളും കുറവായതിനാല്‍ നാട്ടുകാരുടെ യാത്രയ്‌ക്ക്‌ അതേ വഴിയുണ്ടായിരുന്നുള്ളു.
സാസ്‌പോളിലായിരുന്നു അവളുടെ വീട്‌.കല്ല്‌ പെറുക്കി വച്ച്‌ മുകളില്‍ ചുള്ളിക്കമ്പ്‌ വിതറിയ അതിരുകള്‍.അതിനപ്പുറം മെറൂണിന്റെ ബന്ധുക്കളുടെ കൃഷിസ്ഥലം.തല വലുതായ കഴുതകള്‍ അലഞ്ഞുനടക്കുന്ന വഴികള്‍.അലസമായി ഉറങ്ങിക്കിടക്കുന്ന നായകള്‍.ട്രക്കുകളുടെ പിന്‍ഭാഗത്ത്‌ മടിയില്‍ നിറച്ച തോക്കുകളുമായി ഞങ്ങള്‍ ഇരിക്കുമ്പോള്‍ പാതവക്കില്‍ മെറൂണിനെ കാണുന്നത്‌ ഐശ്വര്യമായിരുന്നു.ഞങ്ങള്‍ ചിലപ്പോള്‍ വാതുവയ്‌ക്കും.
ഇന്ന്‌ ട്രാന്‍സിസ്റ്റ്‌ക്യാമ്പിനപ്പുറം മെറൂണുണ്ടായിരിക്കും.
അല്ല,അവളിന്ന്‌ പാടത്തായിരിക്കും.
ഇല്ല,മാര്‍ക്കറ്റിലേ കാണൂ,ഇന്ന്‌ വെയിലുണ്ടല്ലോ..
എവിടെയാണെങ്കിലും ഞാനവള്‍ക്ക്‌ ഒരു പറക്കുന്ന ചുംബനം കൊടുക്കും.
ഞാനും കൊടുക്കും.പക്ഷേ അവളെനിക്കേ തിരിച്ചുതരൂ..
കൈകള്‍ വീശി തുഴയുന്നതിനിടയില്‍ ഞാന്‍ വിചാരിച്ചു.മെറൂണിന്റെ മൃതദേഹം എനിക്കുതന്നെ നദിയുടെ ആഴങ്ങളില്‍നിന്ന്‌ കോരിയെടുക്കണം.പതിനെട്ടുമാസം മുമ്പ്‌ അവളുടെ ഭര്‍ത്താവ്‌ ഫൈസലിന്റെ ചിന്നിച്ചിതറിയ മൃതദേഹവും വാരിയെടുത്തത്‌ ഞാനാണ്‌.ശ്രീനഗറിലെ ചന്തയില്‍ ശിവാലിക്‌ ഹോട്ടലിനുസമീപം ന്യൂ കാശ്‌മീര്‍ ഡ്രൈഫ്രൂട്ട്‌സ്‌ കട നടത്തുകയായിരുന്നു ഫൈസല്‍.വൈകുന്നേരം ആറുമണിക്കുണ്ടായ സ്‌ഫോടനം.മിലിറ്റന്റ്‌സിനെ വധിച്ചശേഷം ഞങ്ങള്‍ തകര്‍ന്ന കടയ്‌ക്കരികിലെത്തി.അത്‌ മെറൂണിന്റെ ഭര്‍ത്താവിന്റെ കടയാണെന്ന്‌ ഞങ്ങളില്‍ ചിലര്‍ക്ക്‌ അറിയാമായിരുന്നു.ഫൈസലിന്റെ മൃതദേഹത്തിന്‌ ചൂടും രക്തപ്പശയും മാംസത്തിന്റെ ചിന്നിപ്പറിഞ്ഞ ശകലങ്ങളുമുണ്ടായിരുന്നു.ഫൈസല്‍ എന്ന സങ്കല്‌പത്തില്‍ വീണുകിടന്നു കരയുമ്പോള്‍ മെറൂണ്‍ ഞങ്ങള്‍ക്ക്‌ അപരിചിതയായി.അതുവരെ കാണാത്ത വേറേതോ മെറൂണ്‍.എന്നാല്‍ ഇപ്പോള്‍ ഞാന്‍ കണ്ടെടുക്കാന്‍ പോകുന്ന മെറൂണിന്റെ ശവം ചിതറിയിട്ടുണ്ടാവില്ല,വിറങ്ങലിച്ചിട്ടേ ഉണ്ടാകൂ.പക്ഷേ അത്‌ മെറൂണിന്റേതാണ്‌.അതിനാല്‍ മണ്ണിനെയും വെയിലിനെയുമൊക്കെപ്പോലെ ഒരു ചൈതന്യം ശവശരീരത്തിലും അവള്‍ അവശേഷിപ്പിച്ചുണ്ടാകും.
മെറൂണ്‍..
ചുണ്ണാമ്പുകല്ലിന്റെയും പരുക്കന്‍ കല്ലിന്റെയും ഇടയിലാണോ നീ.?
ഞാന്‍ ആഴങ്ങളിലേക്ക്‌ കണ്ണുതുറന്ന്‌ അന്വേഷിച്ചു.അപ്പോള്‍ അദ്‌ഭുതകരമായ വിധത്തില്‍ ജലത്തില്‍ നിന്ന്‌ ഞാനവളുടെ ഞരക്കം കേട്ടു.അതുകേട്ടതോടെ ആഹ്ലാദത്തിന്റെ ഒരു നുര എന്നെ വന്നുതൊട്ടു.പക്ഷേ അത്‌ ക്ഷണികമായിരുന്നു.മരിച്ചുകഴിഞ്ഞ മെറൂണിന്റെ സ്വരമാണ്‌ ഞാന്‍ കേട്ടതെന്ന്‌ വൈകാതെയെനിക്ക്‌ മനസ്സിലായി.അതു അത്രമാത്രം നേര്‍ത്തിരുന്നു.അതില്‍ പ്രത്യാശയുടെയോ അതിജീവനത്തിന്റെയോ കണികപോലും ഉണ്ടായിരുന്നില്ല.അതിനര്‍ത്ഥം അവള്‍ ഈ ദേശം വിട്ട്‌ പോയിക്കഴിഞ്ഞു എന്നുതന്നെയാണ്‌.
അപ്പോള്‍ അഗാധതയില്‍നിന്ന്‌ മെറൂണിന്റെ ശബ്‌ദം വീണ്ടും കേട്ടു.പോപ്ലാര്‍ മരങ്ങളുടെ ഇലകളുലയുന്നതുപോലെയായിരുന്നു അത്‌.
മെറൂണ്‍..ആകാശനീല നിറമുള്ള ശിരോവസ്‌ത്രമണിഞ്ഞ്‌ പാദാകൃതിയുള്ള ഷൂസുമിട്ട്‌ മുതുകില്‍ വച്ച കുട്ടയും പേറി നീയിങ്ങനെ ഓടല്ലേ.കൂണുകളല്ല,മൈനുകളാണ്‌ അതെല്ലാം.
ഫൈസല്‍ മരിച്ചതിനുശേഷമുള്ള മെറൂണാണ്‌ മറുപടി പറയുന്നത്‌.
ഇല്ല ബാബു,മൈനുകളെ എനിക്കിപ്പോള്‍ ഭയമില്ല.ഫൈസലിനുശേഷം ഞാന്‍ ജീവിച്ചത്‌ എന്റെ ഉപ്പയ്‌ക്കുവേണ്ടിയാണ്‌.സഞ്ചാരികളെ കൂട്ടിനടന്ന്‌ ദേശം കാട്ടി കുടുമ്പം പുലര്‍ത്തിയ ഉപ്പയ്‌ക്കുവേണ്ടി.പിന്നെ..
മെറൂണ്‍ നിശ്ശബ്‌ദയായി.അവള്‍ ആരെയോ ഓര്‍മ്മിക്കുകയായിരുന്നു.
അവളുടെ അച്ഛന്‍ അലി എന്റെ മനസ്സിലേക്ക്‌ വന്നു.നീണ്ട മൂക്കുളള സാധുവായ ലഡാക്കി.സഞ്ചാരികളെയും കൂട്ടി സീസണുകളില്‍ അയാള്‍ തടാകങ്ങള്‍ ചുറ്റാനിറങ്ങും.ദാലിന്റെ നെഞ്ചിലൂടെ ശിക്കാറിയില്‍ അയാള്‍ പകലുകള്‍ താണ്ടും.അല്ലാത്തപ്പോള്‍ തടാകത്തിന്റെ നാഭിയില്‍ ചൂണ്ടലിട്ട്‌ മത്സ്യങ്ങളെ പിടിക്കും.ഒഴിവുനേരങ്ങളില്‍ മരുമകന്റെ കടയില്‍ ചെന്നിരിക്കും.ഞാന്‍ ആ ചിന്തകളില്‍ നിന്നു കുതറിമാറി.പക്ഷേ മെറൂണ്‍ ഓരോന്ന്‌ ഓര്‍മ്മിച്ചുകൊണ്ട്‌ പറയുകയും ചിരിക്കുകയും ചെയ്‌തു.
ബാബു,ഫൈസല്‍ എന്നോട്‌ പൊറുക്കട്ടെ,ഇമ്രാനെന്നാണ്‌ അവന്റെ പേര്‌.തെമ്മാടിയില്‍ ഒട്ടും കുറയാത്ത ഒരുത്തന്‍.അവന്‍ എന്നെ കാണാന്‍ വന്നു.പലതവണ ഞാനും അവനെ കാണാന്‍ പോയി.അതറിഞ്ഞ്‌ ഉപ്പ എല്ലായ്‌പ്പോഴും എന്നെ വിലക്കി.അപ്പോള്‍ ഞാന്‍ കരയും.ഞാന്‍ കരയുമ്പോള്‍ ഉപ്പയും കരയും.ഒടുവില്‍ ഒരു വിധവയായിരുന്നിട്ടും അവന്റെ കൂടെ ജീവിക്കാന്‍ ഉപ്പ എന്നെ അനുവദിച്ചു.പക്ഷേ അവന്‍ അനുവദിക്കും മുമ്പേ...
മെറൂണ്‍ നിശ്ശബ്‌ദയായി. ഫൈസലിന്റെ ജീവിതത്തിനുശേഷം അവളെ നേരിടാന്‍ ഞങ്ങള്‍ക്ക്‌ മടിയുണ്ടായിരുന്നു.ഞങ്ങള്‍ വെറും പട്ടാളക്കാര്‍ മാത്രമായിരുന്നില്ല.ഗ്രാമീണരായിരുന്നു ഞങ്ങളുടെ ബന്ധുക്കള്‍.അതുകൊണ്ട്‌ ഞങ്ങള്‍ക്കാ കഥ അറിയില്ലായിരുന്നു.
സിന്ധുവിന്റെ തണുപ്പിലേക്ക്‌ ഞാന്‍ ഊളിയിട്ടുപോയി.മെറൂണ്‍ പറയുന്നത്‌ കേള്‍ക്കാന്‍.
ബാബു,വില്ലോ മരങ്ങളെ കണ്ടിട്ടില്ലേ.നീണ്ടുയര്‍ന്ന്‌,പച്ചിലകള്‍ നിറച്ച്‌,കാറ്റിലുലഞ്ഞ്‌ നില്‍ക്കുന്നത്‌.അതേപോലെയായിരുന്നു ഇമ്രാനും.ഖാല്‍സിയില്‍ വച്ചാണ്‌ ഞാനവനെ ആദ്യമായി കണ്ടത്‌.ഉയരമായിരുന്നു അവന്റെ ഗാംഭീര്യം.വേണമെങ്കില്‍ അവനൊരു നാടോടിയായിരുന്നു എന്നു പറയാം.അവനാണെനിക്ക്‌ ജീവിതത്തെപ്പറ്റി പറഞ്ഞുതന്നത്‌.അല്ലെങ്കില്‍ ഫൈസല്‍ മരിച്ച ദുഖത്തില്‍ ഞാന്‍ പതറിപ്പോകുമായിരുന്നു.
മെറൂണ്‍ അവനുമൊത്തുള്ള സംഭാഷണങ്ങള്‍ ഓര്‍മ്മിച്ചു.
ഞാന്‍ ചോദിച്ചു.
ഇമ്രാന്‍,മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളെ എന്തുചെയ്യണം.
ഇമ്രാന്‍ പറഞ്ഞു.
അങ്ങനെയൊന്നില്ല.എല്ലായ്‌പ്പോഴും അവശേഷിക്കുന്നത്‌ വിസര്‍ജ്ജ്യം മാത്രമാണ്‌.മനസ്സിന്റെയും ശരീരത്തിന്റെയും.രണ്ടും നമുക്കാവശ്യമില്ല.
ഞാന്‍ ചോദിച്ചു.
എങ്ങനെയാണ്‌ ലഘുവാകാന്‍ കഴിയുന്നത്‌.
ഇമ്രാന്‍ പറഞ്ഞു.
വിസര്‍ജ്ജ്യത്തെ സംബന്ധിച്ച കാര്യങ്ങളില്‍ പുരുഷന്മാര്‍ക്ക്‌ ലഘുവാകാന്‍ കഴിയും.സ്‌ത്രീകള്‍ക്ക്‌ സങ്കീര്‍ണ്ണമാകാനേ സാധിക്കൂ.
ബാബൂ,ഞാനന്നേരം മിണ്ടാതെ നിന്നു.എന്റെ മനസ്സിന്റെയും ശരീരത്തിന്‍യും വിസര്‍ജ്ജ്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധാലുവാകാതെ എനിക്കു കഴിയുകയില്ലായിരുന്നു.അതെനിക്കറിയാമായിരുന്നല്ലോ.ഫൈസല്‍ മരിച്ചതിനുശേഷം,ഞങ്ങളുടെ ഗാമത്തിലെ മഞ്ഞകൊക്കുകളുള്ള കാക്കകളെപ്പോലെയായിരുന്നു കലണ്ടര്‍.നിശ്ചലം.അതിനെ ഭേദിച്ചത്‌ നിങ്ങളുടെയും അവരുടെയും തോക്കുകളുടെ ശബ്‌ദം.പിന്നെ ഇമ്രാന്റെ സ്വരവും.
എന്നിട്ട്‌,ഇമ്രാനെന്തു സംഭവിച്ചു.എന്തുകൊണ്ട്‌ നീ ഇമ്രാനുവേണ്ടി നിലപാടെടുത്തില്ല.
ഞാന്‍ ചോദിച്ചു.ഒരിടത്തുനിന്നും മറുപടി വന്നില്ല.
ഞാന്‍ ചുറ്റിനും നോക്കി.പച്ച കലര്‍ന്ന ജലനീലിമ മാത്രം.അതിനിടയില്‍ അവളുടെ മുടിയിഴകള്‍ പോലെ എന്തോ ഉലഞ്ഞെത്തുന്നത്‌ ഞാന്‍ കണ്ടു.
ഞാന്‍ അവിടേക്ക്‌ നീങ്ങിക്കൊണ്ട്‌ ഉറക്കെ വിളിച്ചു.
മെറൂണ്‍..
ബാബൂ,മരിച്ചുകഴിഞ്ഞ എന്നെയിനി തിരയുന്നതെന്തിനാണ്‌.ഉപ്പയ്‌ക്ക്‌ എന്റെ ശവം കാണുമ്പോള്‍ വലിയ സങ്കടമാവും.
അതവഗണിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
മെറൂണ്‍,കരയില്‍ കാത്തിരിക്കുന്നവര്‍ക്കിടയില്‍ നിന്റെ ഇമ്രാനുണ്ടോ.
ബാബൂ,ഇമ്രാന്‍ കരയില്‍ വന്ന്‌ കാത്തിരിക്കുമെന്ന്‌ ഞാന്‍ കരുതുന്നില്ല.
എന്തുകൊണ്ട്‌.
ബാബൂ,ഇമ്രാന്‍ അങ്ങനെ ശീലിച്ചിട്ടില്ല.അവന്‍ സഞ്ചാരിയാണ്‌.അവന്‍ പറഞ്ഞിട്ടുള്ളത്‌ ആഗ്രഹങ്ങള്‍ക്കപ്പുറത്തേക്ക്‌ പറക്കാനാണ്‌.ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതും അതാണ്‌.പിന്നെ കരയില്‍ വന്ന്‌ എന്റെ ശവം കാത്തിരിക്കാന്‍ അവനിപ്പോള്‍ ജീവിച്ചിരിപ്പില്ല.
ഞാന്‍ ഭയാനകമായ ഒരു ചുഴിയിലകപ്പെട്ടു.ചുഴിയില്‍ നിന്നു പുറത്തുവരുമ്പോള്‍ എനിക്കെന്റെ മേലുള്ള നിയന്ത്രണം മുക്കാലും നഷ്‌ടമായിക്കഴിഞ്ഞിരുന്നു.മെറൂണിന്റെ യാതൊരു ഒച്ചയും കേള്‍ക്കാനില്ല.
നദിയുടെ അടിയൊഴുക്കിന്റെ ഒച്ച എനിക്കു കേള്‍ക്കാമായിരുന്നു.അലര്‍ച്ചപോലെയായിരുന്നു അത്‌.കൂര്‍ത്ത പാറക്കല്ലുകള്‍ തലപൊക്കി നില്‍ക്കുന്നത്‌ കാണാം.
ബാബു,നിങ്ങളുടെ ആളുകളാണ്‌ എന്റെ ഇമ്രാനെ കൊന്നത്‌.
ഞാന്‍ തുഴച്ചില്‍ നിര്‍ത്തി.നദി എന്നെയൊന്നു വട്ടം കറക്കി.ഇപ്പോള്‍ വളരെ അടുത്തെവിടെയോ ആണ്‌ മെറൂണ്‍.പച്ചവെള്ളത്തിനടിയിലെ കൊട്ടാരത്തില്‍ അവള്‍ ശ്വാസമെടുക്കുന്നത്‌ അറിയാം.സൈന്യമെന്തിനാണ്‌ ഇമ്രാനെ കൊല്ലുന്നത്‌.അതിനര്‍ത്ഥം അവന്‍ അപകടകാരിയായ..
ടപട്ടെന്ന്‌ എന്റെ മനസ്സു വായിച്ചതുപോലെ മെറൂണ്‍ ഉറക്കെ പറഞ്ഞു.
ഇല്ല,എന്റെ ഇമ്രാന്‍ യാതൊന്നു ചെയ്‌തിട്ടില്ല.ചെയ്‌തത്‌ നിങ്ങളൊക്കെയാണ്‌.
മെറൂണ്‍,വായടയ്‌ക്ക്‌.
ഞാന്‍ വെള്ളത്തിനടിയില്‍ സാധിക്കുന്നതുപോലെ അലറി.
ബാബൂ,ദേഷ്യപ്പെട്ടിട്ട്‌ എന്താണു കാര്യം.മരിച്ചുപോയ എന്റെ ഇമ്രാനെ ഇനി തിരിച്ചുകിട്ടുമോ. അന്ന്‌ മച്ചിലില്‍ ഒരേറ്റുമുട്ടലുണ്ടായത്‌ ഓര്‍ക്കുന്നില്ലേ.തീവ്രവാദികളെന്നു മുദ്ര കുത്തപ്പെട്ട നാലുപേരാണ്‌ അന്ന്‌ മരിച്ചത്‌.അതിലൊരാള്‍ വെറും നാടോടിയായിരുന്ന ഇമ്രാനായിരുന്നു.നിങ്ങള്‍ തന്നെ പിന്നീട്‌ പറഞ്ഞില്ലേ,അത്‌ വെറുമൊരു പകപോക്കലായിരുന്നു എന്ന്‌.വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന്‌.
മെറൂണിന്റെ കരച്ചില്‍ ഞാന്‍ കേട്ടു.ജലം തൊടും പോലെ ആര്‍ദ്രമായിരുന്നു അത്‌.
ഞാന്‍ ഓര്‍മ്മിച്ചു.ആറ്‌ ആഴ്‌ചകള്‍ക്കുമുമ്പ്‌ കുപ്‌ വാരയിലെ മച്ചിലില്‍ അങ്ങനെ ഒരേറ്റുമുട്ടലുണ്ടായിട്ടുണ്ട്‌.പിന്നീടത്‌ കമാന്‍ഡിങ്‌ ഓഫീസര്‍ കേണല്‍ പത്താനിയുടെയും മേജര്‍ ഉപീന്ദറിന്റെയും പ്രാദേശികവൈരാഗ്യമായിരുന്നു എന്ന്‌ സൈനികതലത്തില്‍ നിന്നുതന്നെ വിശദീകരണം വന്നിരുന്നു.രജപുത്‌ റജിമെന്റിലെ ഓഫീസര്‍മാരായിരുന്നു അവര്‍.നെഞ്ചില്‍ വെടിയേറ്റ്‌ മരിച്ചുവീണ നാലുചെറുപ്പക്കാരില്‍ ഒരാള്‍ അസാമാന്യ ഉയരമുണ്ടായിരുന്ന ഒരാളാണെന്ന്‌ ഞാനോര്‍മ്മിച്ചു.അതായിരിക്കണം ഇമ്രാന്‍.ഈ ഗ്രാമവാസികള്‍ക്ക്‌ ഇങ്ങനെയും ഒടുങ്ങാതെ വയ്യ.
മെറൂണ്‍,ഖാല്‍സിയില്‍ വച്ചു നീ പരിചയപ്പെട്ടത്‌ നിന്റെ വിധിയെയാണ്‌.
ഞാന്‍ പറഞ്ഞു.
നാണമില്ലേ ബാബൂ,നിരപരാധികളെ തോന്ന്യാസത്തിന്‌ വെടിവച്ചുകാന്നിട്ട്‌ ന്യായീകരിക്കാന്‍.നഷ്‌ടപ്പെട്ടത്‌ ഞാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച എന്റെ ജീവിതമാണ്‌.എന്റെ യൗവനവും സ്വപ്‌നങ്ങളുമാണ്‌.എന്റെ രാജ്യസ്‌നേഹം പോലുമാണ്‌.അറിയ്യോ..
മെറൂണ്‍..
എന്നെ വിളിക്കേണ്ട,എന്റെ ശവം കാണുകയും വേണ്ട,ഞാന്‍ ഒഴുകുകയാണ്‌.ദൂരേയ്‌ക്ക്‌..
മെറൂണ്‍..
കൈ കുഴയും പോലെ എനിക്കു തോന്നി.എന്നെയാരോ താഴേക്ക്‌ വലിച്ചെടുക്കുംപോലെ.ശ്വാസത്തിനായി ഞാനൊന്നുപിടഞ്ഞു.പിന്നെ വീണ്ടും അടിത്തട്ടിലേക്ക്‌ ഊളിയിട്ടു.അപ്പോള്‍ ദൂരെയായി മെറൂണ്‍ ഒഴുകിനീങ്ങുന്നത്‌ കണ്ടു.എനിക്കു പിടിതരാതിരിക്കാന്‍ അവള്‍ വേഗത്തിലാണ്‌ നീങ്ങിക്കൊണ്ടിരുന്നത്‌.

Thursday, December 2, 2010

അങ്കണം അവാര്‍ഡും കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരവും.

30 ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2010 വിടപറയുമല്ലോ.
ഈ വര്‍ഷം എന്‍റെ എഴുത്തുജീവിതത്തിന് തന്നത് കനപ്പെട്ട രണ്ടുപുരസ്കാരങ്ങളാണ്.രണ്ട് അവാര്‍ഡുകളും കിട്ടിയത് നവംബറിലാണ്. 'മരണവിദ്യാലയം' എന്ന കഥയ്ക്ക് ആദരണീയനായ പത്രാധിപര്‍ കെ.എ.കൊടുങ്ങല്ലൂരിന്‍റെ പേരിലുള്ള കഥാപുരസ്കാരവും '9' എന്ന നോവലിന് അങ്കണം അവാര്‍ഡും.സന്തോഷമുണ്ട്.വളരെയേറെ.ആ സന്തോഷമാണ് ഇപ്പോള്‍ എന്‍റെ പ്രിയവായനക്കാരുമായി ഞാന്‍ പങ്കിടുന്നത്.
എഴുതിയ രണ്ടുനോവലും അംഗീകാരങ്ങള്‍ നേടി.അതിലെ കഥാപാത്രങ്ങള്‍ ഇതാ ഇപ്പോള്‍ എന്നോടൊപ്പം.കള്ളന്‍ വെളുത്ത അന്ത്രുവും ഇച്ചിരയും ദീപക്കും സരോജയും സുപ്രിയയും നന്തിയാട്ട് മാര്‍ക്കോസും തൂവാനം ഫിലിപ്പും കുഞ്ഞിക്കണ്ണനും ഇതാ എനിക്കരികില്‍..അവര്‍ 9 -ലെ കഥാപാത്രങ്ങളാണ്.ഡി-യിലെ ദാമുവും നിലാവതിയും നദിയും സുഹറയും അവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്.എല്ലാവരും സന്തുഷ്ടരാണ്.ഈ ഞാനും.
നോവലുകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത ധാരാളം പേരുണ്ട്.എല്ലാവര്‍ക്കും നന്ദി.

Friday, November 19, 2010

ചക്ക

രു രാത്രിയാത്രയില്‍ അപ്രതീക്ഷിതമായിട്ടാണ്‌ പ്രീമിയര്‍ ജംഗ്‌ഷനിലിറങ്ങി വീട്ടിലേക്ക്‌ പോകേണ്ടിവന്നത്‌.പതിനഞ്ച്‌ നിമിഷമെടുക്കുന്ന ആ ഹ്രസ്വയാത്രക്കിടയില്‍,കൃത്യം അവിടെവച്ച്‌ ഓട്ടോറിക്ഷ നിന്നുപോവുകയായിരുന്നു.കുറേനേരം കിക്കര്‍ വലിച്ച്‌ വണ്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചശേഷം ഇനിയെന്തുചെയ്യുമെന്ന മട്ടില്‍ ഓട്ടോ ഡ്രൈവര്‍ തലതിരിച്ച്‌ എന്നെ നോക്കി.ആകാശത്ത്‌ അങ്ങിങ്ങ്‌ കാര്‍മേഘങ്ങളുണ്ടായിട്ടും മങ്ങിയ നിലാവുണ്ട്‌.എതിരെ വാഹനങ്ങളൊന്നും വരുന്നുണ്ടായിരുന്നില്ല.ഈ അസമയത്ത്‌ വഴിയില്‍ ആളുകളെ പ്രതീക്ഷിക്കുന്നതും തികഞ്ഞ വിഡ്ഡിത്തമാണ്‌.ഓട്ടോയില്‍ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.
``സാരമില്ല.ഇനി നടന്നോളാം.ഇവിടെ അടുത്താണ്‌..''
അയാള്‍ വണ്ടിക്കുള്ളിലെ വെളിച്ചമിട്ടു.ഞാന്‍ പണമെണ്ണി നല്‌കിയശേഷം ഒരു പയ്യനെപ്പോലെ തോന്നിച്ച ഡ്രൈവറോട്‌ ചോദിച്ചു.
``അല്ല.അനങ്ങാത്ത ഈ വണ്ടി ഇനി താനെന്തുചെയ്യും.''
കഴിഞ്ഞ രണ്ടുമൂന്ന്‌ വര്‍ഷമായി രാത്രി ഒന്‍പത്‌ മണി കഴിഞ്ഞാല്‍ നഗരത്തിലും പരിസരങ്ങളിലും ആളൊഴിയും.വീടിനുപുറത്തോ ഗേറ്റിനരികിലോ നിന്ന്‌ രാത്രി സംസാരിക്കുന്നതുപോലും ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റമായിട്ടാണ്‌ ആളുകളില്‍ പലരും പരിഗണിക്കുന്നത്‌.ചെറിയ വഴിക്കവലയിലോ മതിലരികിലോ ആരെയെങ്കിലുമൊക്കെ അങ്ങനെ കണ്ടെത്തിയാലും സംശയത്തോടെയേ നമുക്ക്‌ നോക്കാനൊക്കൂ.
ഓട്ടോറിക്ഷ നിന്നുപോയിരിക്കുന്ന സ്ഥലം വിജനപ്രതീതിയുള്ള ഒരു ചതുപ്പാണ്‌.അത്ര വിസ്‌തൃതമായിട്ടൊന്നുമില്ല.പഴയ വയലും തോടും ഇടിഞ്ഞുതൂര്‍ന്ന്‌ പുല്ലും ചെളിയുമായി മാറിയതാണ്‌.ധാരാളം വീടുകള്‍ക്കിടയില്‍ ഏറെക്കുറെ ഒറ്റപ്പെട്ട്‌ ഏതൊക്കെയോ പോയകാലത്തിന്റെ നിഗൂഢഭാവങ്ങളും രഹസ്യങ്ങളും പേറിയാണ്‌ ആ സ്ഥലം കിടക്കുന്നതെന്ന്‌ അതിലെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നാറുണ്ട്‌.
പകല്‍സമയം ധാരാളം പോത്തുകളും എരുമകളും എവിടെനിന്നൊക്കെയോ അവിടെ വന്നു കിടക്കുന്നത്‌ കാണാം.ഇടത്തരക്കാരും ഉദ്യോഗസ്ഥരുമായ നഗരവാസികള്‍ക്ക്‌ നായ്‌ക്കളെപ്പോലും വളര്‍ത്താനുള്ള ചുറ്റുപാടുകള്‍ ഇല്ല.ചിലപ്പോള്‍ നഗരപ്രാന്തത്തിലുള്ള ചുരുക്കം പാവപ്പെട്ടവരുടെ കറവ എരുമകളായിരിക്കാം അവ.കൊറ്റികളും താറാവുകളും തെരുവുനായ്‌ക്കളും ദേശാടനപ്പക്ഷികളും ആ ചതുപ്പില്‍ വരാറുണ്ട്‌.
ചതുപ്പിന്‌ അപ്പുറം മതില്‍ കെട്ടിയിട്ടിരിക്കുന്ന ചെറിയൊരു വളപ്പാണ്‌.നാലഞ്ച്‌ ഏക്ര ഉണ്ടാവും.അതിനുള്ളില്‍ പലതരത്തിലുള്ള പാഴ്‌മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നുണ്ട്‌.ഗേറ്റിനരികില്‍ തുരുമ്പിച്ച തകരഫലകം.ഡിസൂസ വില്ല.നഗരത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിന്റെ കാഴ്‌ചകളാണ്‌ ഇത്തരം വളപ്പുകള്‍.വൈകാതെ ആ വളപ്പും ആരെങ്കിലും വാങ്ങിപ്പോകും.സ്വാഭാവികമായും ചതുപ്പും അപ്രത്യക്ഷമാകും.അവിടെയൊക്കെ ഹൗസിങ്ങ്‌കോളനികളുയരും.മുമ്പ്‌ ഒന്നുരണ്ട്‌ തവണ അതുവഴി വരേണ്ടിവന്നപ്പോള്‍ ഭാര്യയോട്‌ ഞാനത്‌ പറഞ്ഞിട്ടുമുണ്ട്‌.
അതേ ഡിസൂസ വില്ലയ്‌ക്കു മുമ്പിലാണ്‌ ഇപ്പോള്‍ വണ്ടി നില്‍ക്കുന്നത്‌.അതെല്ലാം മനസ്സില്‍ വച്ചാണ്‌ ഡ്രൈവറോട്‌ അങ്ങനെ ചോദിച്ചത്‌.വണ്ടി സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ പറഞ്ഞു.
``ഇതിപ്പോ ശരിയാവും.അല്ലേ ഏതെങ്കിലും വണ്ടി വരും''
``എന്നാ ശരി.''
ഇറക്കമിറങ്ങി ചതുപ്പു കാണാവുന്നിടത്ത്‌ എത്തിയപ്പോള്‍ ഞാന്‍ നിന്നു.നിലാവില്‍ തിളങ്ങിക്കിടക്കുന്ന ജലാര്‍ദ്രമായ പ്രദേശം.ഒരു നീളന്‍ ഞാഞ്ഞൂലിനെപ്പോലെ കിടക്കുന്ന മദ്ധ്യരേഖ കരിവെള്ളമൊഴുകുന്ന തോടാണ്‌.അങ്ങിങ്ങ്‌ ചേമ്പിന്‍കൂട്ടങ്ങള്‍.അതിന്റെ അഴകേറിയ ഇരുളിമ.ഇറക്കമിറങ്ങി വന്ന റോഡ്‌ വീണ്ടും കയറ്റത്തിലേക്ക്‌ പോകുന്നു.
ഒന്നിനുമല്ലാതെ അങ്ങനെ നിലാവും പരിസരവും കണ്ടുനിന്ന നിമിഷത്തില്‍ കലുങ്കിനു താഴെയായി തഴച്ചുവളര്‍ന്നിട്ടുള്ള കരിമ്പച്ചക്കാട്‌ യാദൃച്ഛികമായി ഞാന്‍ കണ്ടു.ഒരു ഞെട്ടലോടെയാണ്‌ ഞാനത്‌ കുനിഞ്ഞ്‌ നോക്കിയത്‌.എന്റെ സംശയത്തെ ശരിവയ്‌ക്കും വിധത്തില്‍ വളര്‍ന്നിട്ടുള്ള ഒരു കൂട്ടം പ്ലാവിന്‍തൈകള്‍ തന്നെയായിരുന്നു അത്‌.പത്തുനാല്‌പത്തഞ്ചെണ്ണമെങ്കിലും കാണും.
മേഘങ്ങള്‍ക്കിടയിലെ ചന്ദ്രബിംബം ആകാംക്ഷയോടെ താഴേക്ക്‌ നോക്കുന്നതായി എനിക്കുതോന്നി.തലപൊക്കി ഞാന്‍ ആകാശത്തേക്ക്‌ നോക്കി.മങ്ങിയ ചാരപ്പൊടിമേഘങ്ങള്‍ക്കിടയിലൂടെ ധൃതിയില്‍ ഭൂമിയിലേക്ക്‌ ചന്ദ്രന്‍ ഊര്‍ന്നിറങ്ങിവരുന്നു.ഉറക്കെ ശ്വാസമെടുത്തുകൊണ്ട്‌ കലുങ്കിലേക്ക്‌ ഞാനിരുന്നു.ഒട്ടിപ്പിടിച്ച്‌ കൂട്ടമായി വളര്‍ന്നുപൊങ്ങിയ പ്ലാവിലകളില്‍ ഞാന്‍ തൊട്ടു.എന്നെവന്ന്‌ ഒരു വല്ലാത്ത കുളിരുമൂടി.രാത്രിയുടെയോ മഞ്ഞുകാലാവസ്ഥയുടെയോ തരിപ്പായിരുന്നില്ല അത്‌.ആ പ്ലാവിലകള്‍ക്കു വിത്തു നല്‌കിയ ഒരു ചക്കയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഞെട്ടലായിരുന്നു.
ആറേഴ്‌ മാസം മുമ്പ്‌ വിഷുവിനോട്‌ അടുപ്പിച്ചാണ്‌.
ഞാനും ഭാര്യയും താമസിക്കുന്ന വാടകവീടിന്റെ അയല്‍പക്കത്ത്‌ പ്ലാവുള്ള ഒരു വീടുണ്ട്‌.ആ പരിസരത്താകെയുള്ള ഒരേയൊരു പ്ലാവ്‌ എന്നുവേണമെങ്കില്‍ പറയാം.വര്‍ഷങ്ങളായെങ്കിലും നഗരത്തിലെ വാടകക്കാരായ അയല്‍ക്കാരുടെ പൊതുസ്വഭാവത്തില്‍ കവിഞ്ഞൊന്നും ഞങ്ങളുടെ അയല്‍ബന്ധത്തിലും ഉണ്ടായിരുന്നില്ല.എന്നിട്ടും ഞായറാഴ്‌ചയുടെ ഉച്ചപ്പാതിയിലിരിക്കുമ്പോള്‍ നിറയെ കായ്‌ച്ചു കിടക്കുന്ന പ്ലാവുനോക്കി അന്നാളില്‍ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.
``എടോ..അവരുടെ ചക്ക കണ്ടോ..''
പ്ലാവിന്റെ ഉടമസ്ഥയും അതിനു ചുവട്ടില്‍ നില്‍പ്പുണ്ട്‌.അവര്‍ക്ക്‌ ഞങ്ങളുടെ സംസാരം കേള്‍ക്കാന്‍ കഴിയുകയില്ല.
``കാണാമെന്നല്ലാതെ..കൊതിച്ചിട്ടുകാര്യമില്ലല്ലോ..''
ഭാര്യ പെട്ടെന്നുതന്നെ മറുപടിയും പറഞ്ഞു.അതവഗണിച്ചുകൊണ്ട്‌ പ്ലാവില്‍ത്തന്നെ നോക്കി ഞാന്‍ പറഞ്ഞു.
``അതീന്ന്‌ ഇടിച്ചക്ക വെട്ടണം.എന്നിട്ട്‌ മിക്‌സിയില്‍ വച്ച്‌ ചതയ്‌ക്കണം.അവനെ ഉഴുന്നും അരിയും വറുത്തിട്ട്‌ ഇടിച്ചക്കക്കൂട്ടാനുണ്ടാക്കണം.ഞാന്‍ തൃശൂരായിരിക്കുമ്പോള്‍..''
``കാര്‍ത്യായനിയമ്മ അമ്മിക്കല്ലേ വച്ച്‌ ഇടിച്ച്‌ ഇടിച്ചക്കത്തോരന്‍ ഉണ്ടാക്കിത്തരണ കഥയല്ലേ.അതിവിടെ പലവാരം ഓടിയതാ.''
ഞാന്‍ അവളെ സ്‌നേഹത്തോടെയും സഹതാപത്തോടെയും നോക്കി.പിന്നെ പതുക്കെ തലയിലൊന്നു തലോടി.
``പറയുമ്പം കാര്‍ത്യായനിയമ്മ നായര്‍ത്തറവാട്ടിലൊക്കെയാ ജനിച്ചത്‌.വടക്കാഞ്ചേരിക്കപ്പുറമാ അവരുടെ വീട്‌.പക്ഷേ,പത്താംവയസ്സില്‌ വേറേ വീട്ടില്‌ വേലയ്‌ക്ക്‌ നില്‍ക്കാനായിരുന്നു യോഗം.''
ഞാന്‍ പറഞ്ഞു.
``ഞാനും ആ നാട്ടുകാരിയൊക്കെ തന്നെയാ..ചക്ക കൊണ്ടുവന്നാ അസ്സലായിട്ടു വച്ചുതരാം.''
ചെറുതും വലുതുമടക്കം അവരുടെ പ്ലാവില്‍ മുപ്പത്തിയൊന്നു ചക്കയുണ്ട്‌.കണ്ടാല്‍ കുശലം പറച്ചിലൊക്കെയുണ്ടെങ്കിലും കയറിച്ചെന്ന്‌ വീട്ടുകാരോട്‌ ചക്ക ചോദിക്കാനൊരു മടി.അവര്‍ വടക്കന്‍ പറവൂരുകാരാണെന്നറിയാം.എന്നാലും ഇന്നത്തെ കാലത്ത്‌ ഒരു വീട്ടില്‍ ചക്ക ചോദിച്ചുചെന്നാല്‍ ദരിദ്രവാസിയെന്നല്ലാതെ `തങ്കപ്പെട്ട മനുഷ്യന്‍' എന്നാരും പറയില്ല.അതുറപ്പാണ്‌.
``പ്രീമിയറീ ചെന്നാ ചക്ക വാങ്ങാന്‍ കിട്ടും.ചെലപ്പോ ഇടിച്ചക്കപ്പരുവോം കാണും.പോയി വാങ്ങീട്ടുവാ..''
കളമശ്ശേരിയില്‍ പണ്ട്‌ പ്രീമിയര്‍ ടയേഴ്‌സ്‌ ഉണ്ടായിരുന്ന കാലത്തെ പേരാണത്‌.ഇപ്പോള്‍ പ്രീമിയര്‍ പോയി അപ്പോളോ ടയേഴ്‌സ്‌ വന്നു.എന്നിട്ടും അറിയപ്പെടുന്നത്‌ പ്രീമിയര്‍ ജംഗ്‌ഷന്‍ എന്നുതന്നെ.അവിടെപ്പോയി ചക്ക വാങ്ങി വരാനുള്ള അവളുടെ നിര്‍ദ്ദേശം കുഴപ്പമില്ല.ലോറിയില്‍ കയറ്റി വാട്ടിക്കൊണ്ടുവന്ന ചക്കയാവുമെന്നേയുള്ളു.മുള്ളൊക്കെ ചതഞ്ഞിട്ടുണ്ടാകും.മുളഞ്ഞീനും കാര്യമായി ഉണ്ടാവില്ല.ചീരയും കപ്പയും മാങ്ങയുമൊക്കെയായി ഏരൂര്‍,മഞ്ഞുമ്മല്‍ ഭാഗത്തുനിന്ന്‌ പ്രായമായ കൃഷിക്കാരെത്തുന്നത്‌ പ്രീമിയറിലേക്കാണ്‌.
അങ്ങനെയൊക്കെ സംസാരിച്ചെങ്കിലും അന്ന്‌ ഞാന്‍ ചക്ക വാങ്ങാന്‍ പോയില്ല.എന്നിട്ടും വിഷുവിന്‌ മൂന്നുദിവസം മുമ്പ്‌ ഞാന്‍ നോക്കിക്കൊതിച്ച ചക്കയുടെ ഉടമസ്ഥ വലിയൊരു ചക്കയും ചുമന്ന്‌ കോണി കയറിവന്നു.ഞാനും ഭാര്യയും വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.നാലംഗങ്ങളുള്ള കുടുംബത്തിന്‌ രണ്ടു നേരം സുഭിക്ഷമായി കഴിക്കാനുള്ള വലുപ്പമുണ്ട്‌ ചക്കയ്‌ക്ക്‌.
``കൊറെ നാളായി വിചാരിക്കുന്നു നിങ്ങക്ക്‌ ചക്ക തരണമെന്ന്‌..''
എന്റെ മനസ്സു വായിച്ചതുപോലെ ചെവിപ്പുറകിലേക്ക്‌ മുടിയൊതുക്കിവച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു.അവരുടെ പേര്‌ ജോളി എന്നാണ്‌.ഒത്ത ഉയരവും മദ്ധ്യവയസ്സിന്റെ ഉറച്ച ശരീരവും.ക്രിസ്‌ത്യന്‍ കുടുംബം.മുറ്റത്തെ പ്ലാവിലകള്‍ അടിച്ചുവാരുന്ന ജോളിയെ ഞാന്‍ രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാറുണ്ട്‌.ചക്ക നോക്കിക്കൊണ്ട്‌ ഞാന്‍ ഉപചാരപൂര്‍വ്വം ചിരിച്ചു.മുള്ളമര്‍ന്ന മൂത്ത ചക്ക.പച്ചയ്‌ക്കുതന്നെ തിന്നാന്‍ തോന്നും.
``ഉപ്പേരിയുണ്ടാക്കാം കേട്ടോ.നിങ്ങടെ വിഷുവല്ലേ വരണത്‌.''
കൈ തമ്മിലുരച്ച്‌ മണ്ണുകളഞ്ഞുകൊണ്ട്‌ ജോളി പറഞ്ഞു.
``അല്ലെങ്കീ വെട്ടിപ്പുഴുങ്ങാം.ബാക്കി പഴുപ്പിക്കാം.നല്ലപോലെ മൂത്തതാ.പുഴുക്കുണ്ടാക്കാനൊക്കെ അറിയില്ലേ.''
എന്റെ ഭാര്യയോട്‌ അയല്‍ക്കാരി കാര്യമായിത്തന്നെ ചോദിച്ചു.അറിയാമെന്ന്‌ അവള്‍ സമ്മതിക്കുകയും ചെയ്‌തു.പിന്നെ അവരുടെ വര്‍ത്തമാനങ്ങളായി.ഞാന്‍ ചക്ക താങ്ങിയെടുത്ത്‌ അടുക്കളയില്‍ വച്ചു.അയല്‍ക്കാരിയുടെ ആരോഗ്യത്തില്‍ എനിക്ക്‌ മതിപ്പുതോന്നി.തേങ്ങയും ജീരകവും പച്ചമുളകും പാകത്തിന്‌ വെളുത്തുള്ളീം കറിവേപ്പിലയും വെളിച്ചെണ്ണയില്‍ കുഴഞ്ഞുകിടക്കുന്ന കടുംമഞ്ഞ ചക്കപ്പുഴുക്ക്‌ ഞാന്‍ മനസ്സില്‍ കണ്ടു.പ്ലേറ്റിന്റെ ഒരരികില്‍ നിന്ന്‌ കഴിച്ചുതുടങ്ങണം.കുറച്ചുനേരത്തെ സംസാരത്തിനുശേഷം അവര്‍ പോകാനൊരുങ്ങി.
``ഒരു ചക്ക താഴേം കൊടുക്കണം.നമ്മുടെ ഇത്തായ്‌ക്കും കൊടുക്കണം.''
ജോളി `താഴെ'എന്നതുകൊണ്ടുദ്ദേശിച്ചത്‌ ഞങ്ങളുടെ വീട്ടുടമസ്‌ഥരെയാണ്‌.അവരും ജോളിയുമൊക്കെ ഒരേ ഇടവകാംഗങ്ങള്‍ കൂടിയാണ്‌.തൊട്ടുമുന്നിലെ മറ്റുരണ്ട്‌ അയല്‍ക്കാരിലൊരാളാണ്‌ ട്രാവല്‍സ്‌ നടത്തുന്ന കരീമിക്കയും വ്യവസായവകുപ്പിലെ മുരളിയും.കരീമിക്കയുടെ ഭാര്യയാണ്‌ ഖദീജാത്ത.എപ്പോളും ചിരിക്കുന്ന ഞങ്ങളുടെ ഇത്ത.അതിനപ്പുറം ശേഖറും കുടുംബവും...ആര്‍ക്കും കാര്യമായ മുറ്റമോ കായ്‌കറികളോ അതിലൊരു വാഴയെങ്കിലുമോ ഇല്ല.
സര്‍ക്കാരുദ്യോഗസ്ഥരായിരുന്ന മുരളിക്കും ഭാര്യയ്‌ക്കും വീട്ടുമുറ്റത്ത്‌ രണ്ടുകൊല്ലം മുമ്പുവരെ വലിയൊരു പ്ലാവുണ്ടായിരുന്നു.ഇടപ്പള്ളി കവലയ്‌ക്കടുത്ത്‌ മറ്റൊരു വീടുകൂടി വച്ച്‌ അവര്‍ താമസം മാറിയതോടെ ഇവിടുത്തെ വീട്‌ അവരൊന്നു പരിഷ്‌കരിച്ചു.വില്‌പനയായിരുന്നു ഉദ്ദേശം.പുതുക്കിപ്പണിയലിന്റെ ഭാഗമായി മതിലിന്‌ ചേര്‍ന്ന്‌ തണല്‍ പരത്തി നിന്നിരുന്ന പ്ലാവ്‌ വെട്ടി.മുറ്റത്ത്‌ അകപ്പൂട്ടുള്ള ഇഷ്‌ടിക വിരിച്ചു.ആ പ്രദേശത്തിന്റെ ശോഭയും പോയി ചൂടും കൂടി.സമീപകാലത്തുണ്ടായ ഭൂമിവില്‌പനയിലെ ചില തകിടംമറികളാണ്‌ അവരുടെ വീടുവില്‌പനയെയും ബാധിച്ചത്‌.ഇപ്പോളുമത്‌ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.പ്ലാവ്‌ വെട്ടലും മോടിപിടിപ്പിക്കലും ഒഴിവാക്കിയിരുന്നെങ്കില്‍ വില കുറച്ച്‌ മുരളിക്ക്‌ വീട്‌ പണ്ടേ വില്‍ക്കാമായിരുന്നു.എന്തായാലും ആള്‍പ്പാര്‍പ്പില്ലാത്തത്‌ അവിടെമാത്രം.അങ്ങനെ 23 കുടുംബങ്ങള്‍.11 മാസം മുമ്പ്‌ ഞങ്ങളെല്ലാംകൂടി `സ്‌ട്രോബറി റസിഡന്റ്‌സ്‌ അസോസിയേഷന്‍' രൂപീകരിച്ചു.അതോടെ ആലപ്പുഴക്കാരന്‍ ഔതാ മുതലാളി 1989-ല്‍ അവസാനിപ്പിച്ച ട്രാവന്‍കൂര്‍ ഒമേഗാ ഗ്ലാസ്‌ ഫാക്‌ടറിയുടെ ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ പ്രദേശം `സ്‌ട്രോബറി നഗറാ'യി മാറി.പേരങ്ങിനെയാണെങ്കിലും ആര്‍ക്കും മുറ്റത്ത്‌ സ്‌ട്രോബറിയൊന്നുമില്ല.
ജോളി പോയിക്കഴിഞ്ഞ ഉടനെതന്നെ ഞാനും ഭാര്യയും ചക്കയുടെ പണി തുടങ്ങി.താഴത്തെ വീട്ടില്‍ നിന്ന്‌ വലിയ മടവാള്‍ സംഘടിപ്പിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.ചക്ക രണ്ടുതുണ്ടമായി ഞാന്‍ വെട്ടിപ്പിളര്‍ത്തി.തറയിലേക്ക്‌ പാലുപോലെ മുളഞ്ഞീന്‍ ഒഴുകാന്‍ തുടങ്ങി.പ്രകൃതിയുടെ ജൈവഗന്ധം ചുറ്റിനും നിറഞ്ഞു.
``എന്തൊരു മണാ,അല്ലേടോ.''
ആവേളത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ ഭാര്യ എന്നെനോക്കി.അവള്‍ക്കറിയാം.കപ്പ,ചക്ക,ചേന.ചേമ്പ,കാച്ചില്‍ ഒക്കെയാണ്‌ എനിക്ക്‌ പ്രിയം.
``കുറച്ച്‌ പഴുപ്പിക്കാനെടുക്കാം.കുറച്ച്‌ വറുത്തുപ്പേരിക്കുമെടുക്കാം.''
ഞാന്‍ പറഞ്ഞു.മടല്‍ നീക്കിയ ചക്ക വെട്ടി ചുള വേര്‍തിരിക്കുന്നതിനിടയില്‍ അവള്‍ ഒരു മോഹം വെളിപ്പെടുത്തി.
``മാങ്ങ വാങ്ങിയാ ചക്കക്കുരുവിട്ട്‌ നല്ല കൂട്ടാന്‍ വയ്‌ക്കായിരുന്നു.''
``മാങ്ങേടെ വെലയെന്താന്നറിയ്യോ നിനക്ക്‌.കിലോയ്‌ക്ക്‌ അമ്പത്തിയെട്ട്‌ രൂപ.''
``അയ്യോ.എന്നാ മുരിങ്ങക്കായ മതി.''
മടലും മറ്റും വാരി തറ വൃത്തിയാക്കിയശേഷം ഞാനും അവളുടെ കൂടെക്കൂടി.കുരു വേര്‍പെടുത്തിക്കൊടുത്തു.അവള്‍ വേഗം വേഗം ചക്ക അരിഞ്ഞു.സ്‌ഫടികത്തിന്റെ വട്ടപ്പാത്രത്തില്‍ വിരല്‍നീളമുള്ള ചന്ദനച്ചക്കക്കൊത്തുകള്‍ നിറയാന്‍ തുടങ്ങി.ഇടക്കിടെ അതിലോരോന്നെടുത്ത്‌ ഞാന്‍ ചവച്ചു.
``മതി.വയറുവേദനയെടുക്കും.ചക്കയാ സാധനം.''
നികക്കെ വെള്ളമൊഴിച്ച്‌ ഉപ്പിട്ട്‌ ചക്ക അടുപ്പില്‍ കയറുന്നതുവരെ ഞാന്‍ അതിലെ ചുറ്റിപ്പറ്റി നടന്നു.പിന്നെ ചക്കയെ വേകാന്‍ അനുവദിച്ച്‌ പുറത്തുകടന്നു.
വലിയൊരു കഷണം ബാക്കിയുണ്ട്‌.വിഷുവിന്‌ ചക്കയുപ്പേരി പുറത്തുനിന്ന്‌ വാങ്ങേണ്ടതില്ല.വറുത്താലും ബാക്കിവരും.അത്‌ പഴുപ്പിക്കാം.പെട്ടെന്ന്‌ മറ്റൊരാശയം തോന്നി.
``എങ്കീ നമുക്ക്‌ ചക്കപ്പഴം വരട്ടി ചക്കയടയുണ്ടാക്കാം.''
``അതിന്‌ നല്ല കനമുള്ള ഉരുളി വേണം.പിന്നെ ചക്ക വരട്ടാന്‍ പണിയെത്രയുണ്ടെന്നറിയാമോ..എളുപ്പമല്ല.''
നിരാശനാവാതെ ഞാന്‍ പറഞ്ഞു.
``നോക്കാം.വരട്ടെ.''
അന്നത്തെ അത്താഴം ഹൃദ്യമായി.ചോറല്ല,ചക്കപ്പുഴുക്കാണ്‌ അധികവും കഴിച്ചത്‌.കടുമാങ്ങ ഉപ്പിലിട്ടതായിരുന്നു തൊടുകറി.
പിറ്റേന്ന്‌ വൈകുന്നേരം,ചക്ക കുറച്ചെടുത്ത്‌ വറുത്തുപ്പേരിയുണ്ടാക്കി.അപ്പോഴാണ്‌ അവളോര്‍ത്തത്‌.
``അടുത്ത കൊല്ലം നമ്മള്‌ ചക്ക തിന്ന്‌ മടുക്കും.''
``എന്തേ..പ്ലാവു വല്ലതും പാട്ടത്തിനെടുക്കാന്‍ പ്ലാനുണ്ടോ.''
ഞാന്‍ ചോദിച്ചു.
``ചന്ദ്രേട്ടാ..തമാശ കള.''
``കളഞ്ഞു.''
``ഈ വല്യ ചക്കമുറി നമുക്ക്‌ കണി വയ്‌ക്കാം.''
വിഷുവിന്‌ രണ്ടുദിവസം കൂടിയുണ്ട്‌.ആശയം നല്ലതായി എനിക്കും തോന്നി.കഴിഞ്ഞ രണ്ടു കൊല്ലവും ചക്കയുണ്ടായിരുന്നില്ല.തുടര്‍ന്ന്‌ ഒരു സംശയവും അവള്‍ തന്നെ ചോദിച്ചു.
``അപ്പളേക്കും പഴുത്തുപോക്വോ.''
``പഴുത്താല്‍ പഴുക്കട്ടെ.അല്ലെങ്കില്‍ പഴച്ചക്കയാവട്ടെ കണി.''
അവള്‍ക്ക്‌ ചെറുതായി ദേഷ്യം വന്നു.ചുണ്ടു കൂര്‍മ്പിച്ചുപിടിച്ച്‌ അവള്‍ പറഞ്ഞു.
``എന്നാപ്പിന്നെ പഴമാങ്ങ,പഴച്ചക്ക...''
ബാക്കി ഞാന്‍ പൂരിപ്പിച്ചു.
``പഴപ്പാവുമുണ്ട്‌,പഴവാല്‍ക്കണ്ണാടി,പഴക്കണ്ണന്‍...''
അവള്‍ എന്നെയൊന്നുനോക്കി.പിന്നെ താഴെ വീടുകളില്‍ വറുത്തുപ്പേരി കൊടുക്കാനായി പടിയിറങ്ങി.
രണ്ടുപേരുടെയും ജോലിത്തിരക്കിനിടയില്‍ അടുക്കളത്തട്ടിനു താഴെ വച്ചിരുന്ന ചക്കയെപ്പറ്റി ഞങ്ങള്‍ പിന്നീട്‌ ഓര്‍ത്തില്ല.വിഷുത്തലേന്നാണ്‌ ആ കാര്യം ആലോചിച്ചത്‌.നോക്കുമ്പോള്‍ ഭാഗ്യം,പഴുത്തിട്ടില്ല.പൂപ്പല്‍ പരന്നിട്ടുണ്ട്‌.ഒരു വൃത്തിയുമില്ലാത്ത കറുത്ത പൂപ്പല്‍.
``ഈ കരി കാണണോ കാലത്തുതന്നെ..''
``അതു കരിയൊന്നുമല്ല.ഫംഗസാ..''
``സിഫിലിസ്‌ കയറിയ ചക്ക.''
``ഛേ..''
വിഷു കഴിഞ്ഞ്‌ രണ്ടു ദിവസമായിട്ടും ചക്ക പഴുത്തില്ല.
ഞാന്‍ ഓഫീസില്‍ പലരോടും ഇതേപ്പറ്റി പറഞ്ഞിരുന്നു.ഒരു ചക്ക കിട്ടിയതിനെപ്പറ്റി ഇത്രയൊക്കെ പറയാനുണ്ടോന്ന്‌ ചിലരൊക്കെ തിരക്കുകയും ചെയ്‌തു.എന്തായാലും പഴച്ചക്ക മണം പരത്താന്‍ കാത്തിരിക്കുന്നതിനിടയിലാണ്‌ പുതിയ വീട്ടില്‍ താമസം തുടങ്ങിയ മുരളി വിളിച്ചത്‌.
``ചന്ദ്രകുമാറേ..ഒരു ടൂറുണ്ട്‌.കൂടുന്നോ..''
ഒരാഴ്‌ചത്തെ ഉല്ലാസയാത്രയാണ്‌ അവര്‍ ഒരുക്കിയിരുന്നത്‌.ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെ ഒരു പര്യടനം.ആകെ ആറുകുടുംബം.അതിലൊരു സംഘം അവിചാരിതമായി യാത്ര ഒഴിവാക്കി.ആ വിടവില്‍ രണ്ടുപേര്‍ക്ക്‌ പോകാം.ആരെങ്കിലും പോയേ പറ്റൂ.ഇല്ലെങ്കില്‍ മറ്റുള്ളവരുടെ യാത്രയും തകരാറിലാവും.
``എന്താ വേണ്ടേ..ഈ അവസ്ഥയില്‍ അവര്‌ നമ്മളെ പ്രതീക്ഷിക്കുന്നുണ്ട്‌.''
``എന്നാ പോകാം.ലീവുണ്ടല്ലോ..പൈസയ്‌ക്കും വല്യ പ്രശ്‌നമില്ല.''
``പക്ഷേ..?''
ഞാന്‍ ചെറിയൊരാലോചന നടത്തി.അവള്‍ക്ക്‌ മനസ്സിലായില്ല.
``ഊം..എന്താണ്‌.''
``ചക്ക പഴുക്കുമ്പോ...''
അവള്‍ എന്നെയൊന്നു നോക്കി.പിന്നെ ഒട്ടും ചിരിക്കാതെ സ്‌ത്രീസഹജമായ നര്‍മ്മത്തില്‍ പറഞ്ഞു.
``നമുക്കതും കൂടി എടുക്കാം.വണ്ടീവച്ച്‌ തിന്നാല്ലോ.''
ഞങ്ങള്‍ തീര്‍ത്ഥാടനത്തിന്‌ പോകാന്‍ തന്നെ തീരുമാനിച്ചു.അപ്പോഴാണ്‌ വീണ്ടും ചക്ക പ്രശ്‌നമായത്‌.ബാക്കിയിരിക്കുന്ന അരമുറി ചക്കയെ എന്തുചെയ്യണം.മൂന്ന്‌ അയല്‍ക്കാര്‍ക്കും വേണ്ട.അതിനാല്‍ കളഞ്ഞേ പറ്റൂ.എവിടെ കളയും.
സ്‌ട്രോബറി റസിഡന്റ്‌സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നതു വരെ ടി.ഓ.ജി റോഡരികിലായിരുന്ന ഇവിടുത്തുകാര്‍ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരുന്നത്‌.അതൊക്കെ ചീഞ്ഞുനാറി ദുര്‍ഗന്ധമായി.ഒടുവിലാണ്‌ അസോസിയേഷന്‍ ഉണ്ടാക്കിയതും കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തിയതും.അതോടെ റോഡ്‌ മാലിന്യമുക്തമാകുകയും വെള്ളയും നീലയും തകരക്കുട്ടകള്‍ അപ്രത്യക്ഷമാകുകയും ചെയ്‌തു.കുടുംബശ്രീ തരുന്ന കുട്ടകളിലായി ഇവിടത്തുകാരുടെ മാലിന്യശേഖരണം.
വീട്ടില്‍ ഞങ്ങള്‍ രണ്ടാളുകള്‍ മാത്രമായതിനാലും സസ്യഭുക്കുകളായതിനാലും അടുക്കളമാലിന്യം നന്നേ കുറവായിരുന്നു.ഇത്തിരി പഴകിയ കറി..അല്‌പം പച്ചക്കറിത്തോല്‌..അതൊക്കെ തൊട്ടടുത്ത ആളില്ലാപ്പറമ്പിലേക്ക്‌ ടെറസ്സില്‍ നിന്ന്‌ എറിയുകയായിരുന്നു പതിവ്‌.വില്‍ക്കാതെ തര്‍ക്കത്തില്‍ പെട്ടുകിടക്കുന്ന തരിശുപറമ്പായിരുന്നു അത്‌.പ്ലാസ്റ്റിക്കും കടലാസ്സുമൊക്കെ താഴെ വീട്ടുടമസ്ഥരുടെ അനുമതിയോടെ പിന്‍വശത്തെ ഇടുങ്ങിയ മുറ്റത്തിട്ട്‌ കത്തിക്കും.നാലുമാസം മുമ്പ്‌ തര്‍ക്കം തീരുകയും ഒഴിഞ്ഞുകിടന്ന സ്ഥലം ഭാഗങ്ങളാക്കി വിറ്റുപോവുകയും അവിടെ വിസ്‌മയിപ്പിക്കുന്ന വേഗതയില്‍ കെട്ടിടങ്ങള്‍ ഉയരുകയും ചെയ്‌തു.അതോടെ ഞങ്ങള്‍ക്ക്‌ മാലിന്യം കളയാന്‍ വാസ്‌തവത്തില്‍ ഇടമില്ലാതായി.
``മുമ്പാണെങ്കില്‍ ചക്ക അങ്ങോട്ട്‌ ഇട്ടാല്‍ മതിയായിരുന്നു.''
പിന്നിലായി ഉയര്‍ന്നിട്ടുള്ള മൂന്നുനില വീടു നോക്കി അടുക്കളക്കടുത്തുനിന്ന്‌ ഞാന്‍ പറഞ്ഞു.
``കുടുംബശ്രീയില്‍ പറഞ്ഞ്‌ നമുക്കും രണ്ട്‌ ബക്കറ്റ്‌ വയ്‌ക്കണം.''
``ഈ നേരത്ത്‌ അതുപറ്റില്ലല്ലോ.ഇപ്പോള്‍ എന്തുചെയ്യും.അതാലോചിക്ക്‌.''
``റോഡില്‍ക്കൊണ്ടുപോയിട്‌.''
``വീപ്പകളൊന്നുമില്ല.വെറുതെയിടാനും പറ്റില്ല.''
അവള്‍ ആലോചിച്ചുനിന്നു.പിന്നെ ആത്മഗതം നടത്തി.
``വെറുതെയല്ല മനുഷ്യന്മാരൊക്കെ ഹോട്ടല്‍ജീവികളായത്‌.''
എന്തായാലും ചക്കയെ അടുക്കളയില്‍ നിന്ന്‌ ഒഴിവാക്കിയേ പറ്റൂ.അല്ലെങ്കില്‍ തീര്‍ത്ഥാടനം കഴിഞ്ഞ്‌ വരുമ്പോളേക്കും പഴുത്തുനാറി വീട്‌ വൃത്തികേടായിട്ടുണ്ടാവും.
പിറ്റേന്ന്‌ യാത്രപോകാനുള്ള ഒരുക്കങ്ങളിലാണ്‌ ഭാര്യ. അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന നഗരജീവിതത്തെ പറ്റി ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.ഒടുവിലാണ്‌ ഈ സ്ഥലം മനസ്സില്‍ തെളിഞ്ഞത്‌.യൂണിവേഴ്‌സിറ്റി സ്റ്റോപ്പ്‌ വഴിയാണ്‌ ഞങ്ങളുടെ യാത്രകള്‍ അധികവും.പ്രീമിയര്‍ ജംഗ്‌ഷനിലേക്ക്‌ അധികം പോകാറില്ല.എങ്കിലും ചക്ക കളയാനായി പ്രീമിയറിലേക്കുള്ള വഴിയിലെ ചതുപ്പുസ്ഥലത്തുപോകാനായി ഞാന്‍ തീരുമാനിച്ചു.
``അയ്യോ.കുരു എടുത്തുവച്ചിട്ട്‌ കളയായിരുന്നു.''
ചക്കയുമായി ഇറങ്ങാന്‍നേരം അവള്‍ പറയുന്നത്‌ കേട്ട്‌ എനിക്കു ദേഷ്യം വന്നു.ഇത്രനാളും ഇവിടെയിരുന്നിട്ട്‌ തോന്നാത്ത കാര്യംമാണ്‌ ഇപ്പോള്‍ മൂന്നാംമണിക്കൂറില്‍....ഒരു പ്രേതത്തെ കൊണ്ടുപോയി മറവുചെയ്യുന്നതുപോലെ ദുഷ്‌കരമായതും കണ്ടുപിടിക്കപ്പെട്ടാല്‍ നാണക്കേടാവുന്നതുമാണ്‌ ഈ കര്‍മ്മം.കൊല ചെയ്യുന്നതിനേക്കാള്‍ പാതകമാണ്‌ നഗരത്തില്‍ മാലിന്യം വിതററുന്നത്‌.
ഞാന്‍ ചക്കയെ ഒരു പോളിത്തീന്‍ കവറിലാക്കി.ഒരു കബന്ധം ഒളിപ്പിക്കുന്നതുപോലെ എനിക്ക്‌ ശൂന്യത അനുഭവപ്പെട്ടു.മൂകമായ മനസ്സോടെ ഞാന്‍ ചതുപ്പിലേക്ക്‌ നടന്നു.പരിസരത്തെ വീടുകള്‍ മിക്കവാറും നിശ്ശബ്‌ദമായിരുന്നു.ദൂരെ നിന്ന്‌ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന ശബ്‌ദങ്ങള്‍ മാത്രം.ഞാന്‍ പതിയെ നടന്നു.
ഇറക്കമിറങ്ങിക്കിടക്കുന്ന പച്ചപ്പിന്റെ നെടുംവര.നിലാവിന്റെ സമ്മോഹനമായ രാക്കാഴ്‌ച.
കലുങ്കിനരികില്‍ ചെന്നുനിന്ന്‌ ചുറ്റും നോക്കി ചക്കപ്പൊതി ഞാന്‍ പതിയെ നിലത്തേക്ക്‌ ഊര്‍ത്തിയിട്ടു.കൈയിനെയും ശരീരത്തെയും ആവേശിച്ചിരുന്ന ഭയാനകമായ ഭാരം ഒഴിഞ്ഞുപോയി.
``ഓടിവരണേ...ആരോ ശവം തള്ളിയേച്ച്‌ പോണേ...''
ആ നിമിഷം ഇരുട്ടില്‍നിന്ന്‌ അങ്ങനെയാരോ വിളിച്ചുകൂവുന്നതായി എനിക്കുതോന്നി.കിതച്ചുകൊണ്ട്‌ ഞാന്‍ ചുറ്റും നോക്കി.ആരുമില്ല.എന്റെ വിഭ്രാമകമായ തോന്നല്‍മാത്രം.പക്ഷേ അതെന്നെ വല്ലാതെ വിയര്‍പ്പിച്ചിരുന്നു.
ആഴ്‌ചകള്‍ കഴിഞ്ഞിട്ടും അതേ തോന്നലാണ്‌ ഇപ്പോഴുമെനിക്ക്‌.ഞാനെറിഞ്ഞ അവശിഷ്‌ടം നിരവധി സാക്ഷികളോടെ ആ പാഴ്‌പ്പറമ്പില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.ഭൂമിയില്‍ നിന്ന്‌ പറിച്ചെറിയാനാവാത്ത മനുഷ്യരുടെ രഹസ്യംപോലെ..
അരമുള്ള കരിമ്പച്ച ഇലകളില്‍ നിലാവനങ്ങുന്നു.ഞാന്‍ പ്ലാവിലകളില്‍ തലോടി.കരുത്തോടെയാണ്‌ അവ തലപൊക്കിനില്‍ക്കുന്നത്‌.
കലുങ്കിന്‌ താഴേക്കിറങ്ങി ഇളകിയ മണ്ണില്‍നിന്ന്‌ ഒരു പ്ലാവിന്‍ തൈ ഞാന്‍ പിഴുതെടുത്തു.ചക്കക്കുരു പിളര്‍ന്ന്‌ ഉയര്‍ന്ന തണ്ടില്‍നിന്ന്‌ നാലഞ്ചിലകള്‍.അപ്പോഴൊരു കാറ്റുവീശി.കഥകളില്‍ പറയാറുള്ളതുപോലെ,കുളിര്‍പ്പിക്കുന്ന ഒരു മന്ദമാരുതനായിരുന്നു അത്‌.

Monday, November 8, 2010

പേപ്പര്‍ ലോഡ്‌ജ്‌

1. വാഴ്‌ചയൊഴിഞ്ഞ തമ്പുരാക്കന്മാരുടെ നഗരം

`ഗര്‍ഭച്ഛിദ്രവേന്ദ്രന്മാരുടെ ആദ്യത്തെ സമ്മേളന'ത്തില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌,നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഞാനീ നഗരത്തില്‍ വീണ്ടും വരുന്നത്‌.
നിങ്ങള്‍ കേട്ടിട്ടുണ്ടോ ഞങ്ങളുടെ `പോയ്‌സണ്‍വാട്ടര്‍' എന്ന സംഘടനയെപ്പറ്റി.ഉണ്ടാവില്ല.`മാനംനോക്കി' എന്ന ബ്ലോഗറായ സണ്ണിയാണ്‌ ഈ ഒത്തൊരുമിക്കലിന്‌ പോയ്‌സണ്‍വാട്ടര്‍ എന്നു പേരിട്ടത്‌.ആദ്യത്തെ പോസ്റ്റില്‍ത്തന്നെ ഒരു വേദനച്ചിരിയോടെ നമ്മളൊക്കെ ഗര്‍ഭച്ഛിദ്രവേന്ദ്രന്മാരാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ ശിവറാം ഭാസ്‌കറും.
ഇത്‌ ഇന്റര്‍നെറ്റ്‌ വരിക്കാരുടെ ഒരു കൂട്ടായ്‌മയാണ്‌.ഒരര്‍ത്ഥത്തില്‍ രക്ഷാധികാരിയോ ഭാരവാഹികളോ ആജീവനാന്ത അംഗങ്ങളോ ഇല്ലാത്ത ഒരു സ്വയംനിയന്ത്രിത സംഘടന.ലോകത്തിന്റെ പല ഭാഗത്തായി കിടക്കുന്ന വളരെക്കുറച്ചു മലയാളികള്‍.ഏറെയും ഈ നഗരവാസികള്‍..ശരിക്കും പറഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തേണ്ടിവന്നതിന്റെ പേരില്‍ വേദനിക്കുന്ന മുപ്പത്തിനാല്‌ പുരുഷന്മാര്‍..ഇപ്പോഴത്തെ അംഗസംഖ്യ അതാണ്‌.അത്‌ കൂടുകയോ കുറയുകയോ ചെയ്യാം.സമാനമായി സ്‌പന്ദിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍ കുറേപ്പേരുടെ വളരെ നാളായുള്ള ആഗ്രഹവും സ്വപ്‌നവുമാണ്‌ ഈ സമ്മേളനത്തില്‍ സഫലമാകുന്നത്‌.
സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞവരുടെ കൂട്ടായ്‌മ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ വിസ്‌മയം തോന്നുന്നുണ്ടോ.ഉണ്ടെങ്കില്‍ പറയാം,ഈ ലോകത്തിന്റെ വളരെക്കാലമായുള്ള ഗതിയില്‍ ഇതൊന്നുമൊരു ഗൗരവമുള്ള കാര്യമല്ല സുഹൃത്തേ.ഞങ്ങള്‍ക്കുപോലും.എങ്കിലും ഞങ്ങള്‍ക്ക്‌ ഒത്തുകൂടണം.ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഭാരത്തെ,ആരോടും പറയാതെ വച്ചിട്ടുള്ള വേദനകളെ,അപ്പോഴനുഭവിച്ച ആന്തരിക ദുരിതങ്ങളെ പ്രയോഗികജീവിതത്തോട്‌ ചേര്‍ത്ത്‌ ഇനിയും നിര്‍വീര്യമാക്കണം,അത്രതന്നെ.
പഴക്കമേറെച്ചെന്ന ഈ നഗരത്തെപ്പറ്റി എന്താണ്‌ നിങ്ങള്‍ക്കറിയാവുന്നത്‌? ഇവിടെയൊരു രാജാവ്‌ ഭരിച്ചിരുന്നുവെന്നോ.അതോ അദ്ദേഹത്തിന്റെ വേനല്‍ക്കാലവസതിയില്‍ ഇപ്പോള്‍ കലാലയത്തിന്റെ കാഹളങ്ങളാണെന്നോ.ഭരണവാഹനത്തിലേറിയ ജനാധിപത്യത്തിന്റെ കാര്യവാഹികളാണ്‌ ആജ്ഞകള്‍ പുറപ്പെടുവിക്കുന്നതെന്നോ.പുതിയകാലത്തിന്റെ കാറുകളും വീടുകളും ചിന്തകളും അനുനിമിഷം പുളച്ചുയരുന്നുവെന്നോ.
എന്തായാലും ഒരുകാര്യം നിങ്ങള്‍ക്കറിയാമായിരിക്കും,ഞാനിവിടെ നിന്നുപോയിട്ട്‌ ഒരു ദശകക്കാലമായി എന്ന യാഥാര്‍ത്ഥ്യം.അതിനുമുമ്പ്‌ ഞാനിവിടെ വിദ്യാര്‍ത്ഥിയും അതിനേക്കാളേറെ തൊഴിലാളിയുമായിരുന്നു.അഞ്ച്‌ വര്‍ഷവും മൂന്ന്‌ മാസവും അക്കാലത്ത്‌ ഞാനിവിടെ താമസിച്ചിട്ടുണ്ട്‌.എനിക്കിവിടെ ഒരുപാട്‌ സൗഹൃദങ്ങളുമുണ്ടായിരുന്നു.
എനിക്ക്‌ നഗരത്തിനെയല്ല,നഗരത്തിന്‌ എന്നെയായിരുന്നു പരിചയം.ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ അഗാധമായ ബന്ധം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം.അന്ന്‌ ഇവിടുത്തെ തൂണുകളും നിലവിളികളും എന്റെ ശരീരത്തിന്റെ കാമനകളും തിരിച്ചറിവുകളും എന്നോടൊരുപാട്‌ കഥകളും പറഞ്ഞിട്ടുണ്ട്‌.മറന്നിട്ടില്ല ഞാന്‍.ഒന്നും മറന്നിട്ടില്ല.വേര്‍പാടിനുശേഷം അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്ന രോദനങ്ങളുടെ മാറ്റൊലിപോലെ അവ എന്നെ പിന്തുടരുന്നു.ആ അര്‍ത്ഥത്തില്‍ ശവപ്പറമ്പിലെ മൃതശരീരങ്ങളുടെ സംഘഗാനമാണ്‌ ഇപ്പോള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്‌.
നിങ്ങള്‍ക്കോര്‍മ്മിക്കാന്‍ പറ്റുന്നുണ്ടോ എന്നെ?മെലിഞ്ഞ്‌ ഉയരം വച്ച കറുത്ത എന്റെ രൂപത്തെ?ശരീരവും മനസ്സും നിറയെ വേദനകള്‍ വഹിച്ച്‌,കാലുകള്‍ വലിച്ച്‌,ഹൃദയം ഓര്‍മ്മിപ്പിക്കുന്ന അപമാനങ്ങളാല്‍ ശിരസ്സിനെ കുനിച്ച്‌ എങ്ങോട്ട്‌ നീങ്ങണമെന്നറിയാതെ നിങ്ങളെ ഓരോരുത്തരേയും സ്‌മൃതികളില്‍ സമാഹരിച്ച്‌ ഞാന്‍ ഇതിലെ നടന്നുപോയിരുന്നത്‌.ഒരുപക്ഷേ,ആരും ഓര്‍ക്കുന്നുണ്ടാവില്ല.അതില്‍ ഞാനാരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുമില്ല.എന്തുകൊണ്ടെന്നാല്‍ അതും കാലത്തിന്റെ ഒരു നീക്കമായിരുന്നു,രാജാവ്‌ നയിച്ചിരുന്ന ചതുരംഗത്തിലെ നിശ്ശബ്‌ദമായ,എന്നാല്‍ അതിഗംഭീരവും ധിഷണാപരവുമായ ഒരു നീക്കം പോലെ മറ്റൊന്ന്‌.പരിണതഫലങ്ങള്‍ രാജാവിനുമാത്രം അറിയാമായിരുന്ന ഒരു നീക്കം.
ഇന്ത്യയില്‍ കുമിഞ്ഞുപെരുകിയ നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ഈ നഗരവുമുള്‍പ്പെട്ട കൊച്ചിരാജ്യം.അതിനൊരു രാജാവ്‌..
കാലാന്തരത്തില്‍ കൊച്ചിരാജ്യം ലയിച്ച്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ ആയി. രാജാവിന്റെ വസതികള്‍,രാജാക്കന്മാര്‍ ഒഴിഞ്ഞുപോയ വസതികളായി മാറി.സമ്പൂര്‍ണ്ണ രാജാധിപത്യത്തില്‍ നിന്ന്‌ ജനാധിപത്യത്തിലേക്കുള്ള വളര്‍ച്ച.സംഗീതവും സാഹിത്യവും പ്രജാക്ഷേമവും രാഷ്‌ട്രീയവും സജീവമാക്കിയ നാളുകളുടെ ശവമെടുപ്പ്‌...
രാജ്യത്തിന്റെ അതിരുകള്‍ കാവല്‍ത്തുറകളില്ലാതെയാവുകയും രാജ്യത്തിന്റെ വിസ്‌തൃതി വിശദമാകുകയും ചെയ്‌തപ്പോള്‍ സംസ്‌കാരത്തില്‍ കലര്‍പ്പുകളുണ്ടായി...
ഞാനും ഈ രാജ്യത്ത്‌ എത്തിപ്പെട്ടു..ഒരിക്കല്‍ ഞാനും ഈ രാജ്യത്തിന്റെ രാജാവായിത്തീര്‍ന്നു...എനിക്കുകീഴിലും ഒരു ജനതയുണ്ടായി.
മഹാരാജാവിന്റെ കടല്‍ നനയ്‌ക്കാത്ത പാദുകം.
നിങ്ങള്‍ക്കറിയാമായിരിക്കും,അന്ന്‌ ഞാനീ നഗരത്തെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്‌.കടല്‍ അതിന്റെ സൗന്ദര്യത്താല്‍ തന്നെയും തന്റെ വംശത്തേയും ജനതയേയും നശിപ്പിക്കുമെന്ന്‌ കാലാകാലങ്ങളില്‍ ഈ നാട്ടുരാജ്യം ഭരിച്ച രാജാക്കന്മാര്‍ ഭയന്നിരിക്കാം.അല്ലെങ്കില്‍ നിഷ്‌പ്രയാസം അവര്‍ക്ക്‌ അതിരില്‍ക്കിടക്കുന്ന കടലിനെ ഈ വഴിക്ക്‌ തെളിച്ചുകൊണ്ടുവരാമായിരുന്നു.വേനല്‍ക്കാലവസതിയില്‍ മുറ്റത്തെ കടലിലേക്ക്‌ കാലിട്ടിരിക്കാമായിരുന്നു.അതിനായി ഒരു വെള്ളച്ചാല്‍..അല്ലെങ്കില്‍ ഒരു വാര്‍പ്പ്‌ കടല്‍...അത്ര മതിയായിരുന്നു.എന്നാല്‍ വാഴ്‌ചയൊഴിയുംവരെ അതൊന്നും സംഭവിച്ചില്ല.അതിനാല്‍,നിര്‍ഭാഗ്യത്തിന്റെ വക്കുകടിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ,പല രാജാക്കന്മാര്‍ ഭരിച്ച ഈ നഗരത്തിനുചുറ്റും ഇന്നും കടലിന്റെ അലര്‍ച്ചയില്ല സ്‌നേഹിതാ!അതുകൊണ്ട്‌ പറയാം.കടലിനെ കടലിന്റെ വഴിക്കുവിട്ട മഹാരാജാക്കന്മാരുടെ പിന്മുറക്കാരാണ്‌ നമ്മള്‍.
റസാഖ്‌,ഒടുവില്‍ നമ്മള്‍ കണ്ടുപിരിഞ്ഞതും ഈ നഗരത്തില്‍ വച്ചാണ്‌.നിന്റെ കൈയിലപ്പോള്‍ നാടന്‍പൂക്കള്‍ ചേര്‍ത്തുപിടിച്ചുണ്ടാക്കിയ ഒരു പൂച്ചെണ്ടുമുണ്ടായിരുന്നു.വരുന്ന വഴിക്ക്‌ ആരോ തന്നതായിരുന്നു അത്‌.നിത്യപരാജയങ്ങളുടെ സ്‌മരണക്കായ്‌ നിനക്ക്‌ ലഭിച്ച ഉപഹാരം.വേറാരാവാന്‍!നിന്റെ സഹയാത്രികരായ മനോലോകജീവികള്‍ തന്നെയായിരിക്കാം.ഒരുകാലത്ത്‌ വിപ്ലവകാരികളും കാമുകിമാരുമടങ്ങിയ സംഘങ്ങളുടെ നായകനായിരുന്നുവല്ലോ നീ.
ബ്രെഹ്‌റ്റിന്റെ വരികള്‍ ഉറക്കെ ചൊല്ലാറുണ്ടായിരുന്ന അച്ചടിത്തൊഴിലാളി.എന്റെ നേതാവ്‌.പലപ്പോഴും എന്റെ ക്രിസ്‌തു.`കീഴടക്കാനാവാത്ത വരികളി'ലെ അവസാനഭാഗമാണ്‌ ഒടുവില്‍ കണ്ടപ്പോഴും നീ ചൊല്ലിയത്‌.ഓര്‍ക്കുന്നുണ്ടോ..
-ഇനി നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഈ ചുമരുകള്‍ തകര്‍ത്തുടയ്‌ക്കാം...
എവിടെ ലെനിന്‍ പ്രിന്റേഴ്‌സ്‌.?
റസാഖ്‌,എന്റെ പ്രിയ തോഴാ, എവിടെയാണിപ്പോള്‍ നിന്റെ താമസവും ജീവിതവും?നിന്റെ അച്ചുകൂടവും പ്രസിദ്ധീകരണസ്ഥാപനവും നിന്റെ മാത്രമായിരുന്ന സ്വപ്‌നങ്ങളും എവിടെ.ഞാന്‍ കൈ നീട്ടി നില്‍ക്കുന്നു,തരൂ ഈ ദിവസങ്ങളിലേക്ക്‌ എനിക്കുള്ള നിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍...
ദീര്‍ഘദൂരയാത്രയ്‌ക്ക്‌ തീവണ്ടിയും ഹ്രസ്വദൂരയാത്രയ്‌ക്ക്‌ കാല്‍നടയും ശീലമാക്കിയ,ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നാടകം തന്നെയായിരിക്കണമെന്ന്‌ നിര്‍ബന്ധം പിടിച്ച ഏറനാടന്‍ സഹൃദയനായിരുന്നു റസാഖ്‌.ഈ നഗരത്തിലെ ലെനിന്‍ പ്രിന്റേഴ്‌സിന്റെ സാരഥി.സര്‍ക്കാര്‍ ശകടങ്ങളുടെ താവളത്തിനപ്പുറം ദിവസവേദനത്തിന്‌ നല്‌കുന്ന വാടകക്കെട്ടിടത്തിലെ സ്വപ്‌നം പതിച്ച മുറിയുടെ ഉടമ.
പേപ്പര്‍ ലോഡ്‌ജ്‌.
അതായിരുന്നു ആ കെട്ടിടം.
അതിന്റെ ചുമരുകളായ ചുമരുകള്‍ മുഴുവന്‍ ആലേഖനങ്ങളായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും.ലോഡ്‌ജിലെ ഓരോ മുറിയുടെയും തറയും ചുമരുകളും നിറയെ ചെറുതും വലുതുമായ ആഹ്വാനങ്ങള്‍.ജനങ്ങള്‍ അകല്‍ച്ചയോടെയും പൊലീസുകാര്‍ സംശയത്തോടെയും നിങ്ങള്‍ അഭിമാനത്തോടെയും വിളിച്ചു,പേപ്പര്‍ ലോഡ്‌ജ്‌.
വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഇനി വരാനിരിക്കുന്നവര്‍ക്ക്‌ വഴിച്ചെലവിനായി ചില്ലറകളിട്ടുവയ്‌ക്കാന്‍ അവിടെയൊരു കൂജയുണ്ടായിരുന്നു.
ആര്‍ക്കും ദാഹജലം നല്‍കുന്ന കൂജ.
ഓര്‍ക്കുന്നുണ്ടോ റസാഖ്‌,അതെല്ലാം?നീ അതിന്റെ ഭാഗമായിരുന്നു.പിന്നീട്‌ തൊണ്ണൂറുകളിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ ഒഴിവാക്കി നീ നിന്റെ പ്രസ്സിലെ പണിത്തിരക്കിലേക്ക്‌ പിന്‍വാങ്ങിയത്‌.ജനിച്ചുവളര്‍ന്ന ഹൈദരാബാദില്‍നിന്ന്‌ തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ്‌ ഞാനിവിടെയെത്തിയത്‌. അതിനുംമുമ്പ്‌ സ്വപ്‌നങ്ങളുടെ പാര്‍ലമെന്റായിരുന്ന പേപ്പര്‍ ലോഡ്‌ജ്‌ നിലംപൊത്തി.അതിലെ പഴയ ആള്‍ക്കൂട്ടവും.
ദൃക്‌സാക്ഷികള്‍ പറഞ്ഞത്രേ,കല്ലുകളും ഇഷ്‌ടികകളും കണ്ടില്ല,ഉയര്‍ന്നുപൊങ്ങിയ എല്ലുകളും കടലാസ്സുകളും മാത്രമാണ്‌ കണ്ടതെന്ന്‌.അവര്‍ക്ക്‌ തെറ്റിപ്പോയി അല്ലേ റസാഖ്‌.വെറും കടലാസ്സുകളല്ല,ആത്മകഥകളും ജീവചരിത്രങ്ങളുമായിരുന്നു അത്‌.പിന്നെ കുറെ മരണമില്ലാത്ത കവിതകളും.
അക്കാലത്തവിടെ ഒത്തുകൂടിയിരുന്ന നിങ്ങളെല്ലാവരും ഉറക്കെയുറക്കെ സംസാരിക്കുമായിരുന്നു.ചിലപ്പോഴൊക്കെ ഞാനവിടെ വന്നുപെടുമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്‌.മുപ്പത്‌ വര്‍ഷം മുമ്പ്‌.എങ്ങനെ സംഭവിക്കാന്‍ അല്ലേ.അല്ല,നിങ്ങള്‍ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടിരിക്കും.ഇടപെട്ടുതര്‍ക്കിക്കും.പേപ്പര്‍ ലോഡ്‌ജില്‍ വന്നിരുന്നവരില്‍ ചിലരൊക്കെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ പില്‍ക്കാലത്ത്‌ ഞങ്ങളുടെ കോളേജിലും വരാറുണ്ടായിരുന്നു.ആ ബന്ധം കൊണ്ടാണല്ലോ മൂന്ന്‌ വര്‍ഷത്തെ കോളേജ്‌ പഠനത്തിന്‌ ശേഷം മടിക്കാതെ ഞാന്‍ നിന്റെ പ്രസ്സില്‍ കമ്പോസിറ്ററായ്‌ ചേര്‍ന്നതും.പിന്നെയുള്ള രണ്ട്‌ വര്‍ഷങ്ങള്‍...ലോഹത്തില്‍ കൊത്തിയ അക്ഷരങ്ങള്‍ കൈകൊണ്ട്‌ പെറുക്കിനിരത്തുന്ന മിനക്കെട്ട പണി നമ്മുടെ നാട്ടിലും അവസാനിക്കാന്‍ പോകുകയായിരുന്നു.അതറിയാതെയാണ്‌ ഞാനവിടെ ചേര്‍ന്നത്‌.
ഒരു ഡെസ്‌ക്‌ ടോപ്പ്‌ കംപ്യൂട്ടറും മിനി ഓഫ്‌സെറ്റ്‌ പ്രസ്സും വാങ്ങാന്‍ നിനക്ക്‌ കഴിഞ്ഞില്ല.നിന്റെ അച്ചടിശാല പിന്നീട്‌ തൊഴിലില്ലാത്തവരുടെ വെറും വര്‍ത്തമാനവേദിയായി മാറി.പേപ്പര്‍ ലോഡ്‌ജ്‌ നിന്നിടം വീതിയേറിയ നിരത്തായി.വെറുതെയിരുന്ന്‌ സംസാരം മാത്രമായി ജീവിക്കാന്‍ നിനക്ക്‌ ഇഷ്‌ടമുണ്ടായിരുന്നില്ല.പിന്നെപ്പിന്നെ ഞാനും അത്തരം വര്‍ത്തമാനങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ശ്രമിച്ചു.
നിന്റെ കഷ്‌ടപ്പാടും ദുരിതങ്ങളും കണ്ട അപൂര്‍വം ചില പണക്കാര്‍ മാത്രം ബില്ലുകളും ചിട്ടിപ്പിരിവ്‌ രസീതുകളും ചില പാവപ്പെട്ട എഴുത്തുകാര്‍ അവരുടെ പുസ്‌തകപ്രകാശനവാര്‍ത്തകളും ചില ചരമഅറിയിപ്പുകളും അച്ചടിക്കാന്‍ തന്നുകൊണ്ട്‌ നിന്നോട്‌ അനുഭാവം കാണിച്ചു.പാര്‍ട്ടിക്കാരും.അതോ പകരം വീട്ടിയതോ..പക്ഷേ അതുകൊണ്ടും മതിയാകുമായിരുന്നില്ല.ഒടുവില്‍ നീ പിടിച്ചുനില്‍ക്കാനും കടങ്ങള്‍ വീട്ടാനുമായി രതിക്കഥാപുസ്‌തകങ്ങള്‍ ചിത്രങ്ങളോടൊപ്പം അവിടെ രഹസ്യമായി അച്ചടിച്ചിരുന്നെന്നും കേട്ടു.അത്‌ എഴുതിത്തന്നിരുന്നത്‌ സോമശേഖരനായിരുന്നു എന്നറിഞ്ഞപ്പോഴും ഞാന്‍ നടുങ്ങി.അതിന്റെ പേരില്‍ ഒരു റെയ്‌ഡ്‌ ഉണ്ടായെന്നും കേട്ടു.അപ്പോഴും നമ്മുടെ കമ്പോസിറ്റര്‍ ശാന്ത അവിടെയുണ്ടായിരുന്നോ.തുറന്നുചോദിക്കട്ടെ,അവളുടേതായിരുന്നോ അച്ചടിത്താളിലെ നഗ്നമായ ശരീരം...എല്ലുന്തിയ ആ പാവം ദരിദ്ര...
റസാഖ്‌,നമ്മളാഗ്രഹിച്ചത്‌ ഇങ്ങനൊന്നുമാകാനായിരുന്നില്ല.പക്ഷേ നമ്മള്‍ ആയിത്തീര്‍ന്നനത്‌ ഇങ്ങനൊക്കെയാണ്‌ അല്ലേ.?
അതിനുംമുമ്പ്‌,പേപ്പര്‍ ലോഡ്‌ജിലെ സ്ഥിരാംഗങ്ങളും ആഗ്രഹിച്ചത്‌ ലോകത്തിന്റെ വ്യവസ്ഥിതികള്‍ ഇങ്ങനൊന്നുമായിരിക്കാനല്ല.എന്നിട്ടും വാര്‍ത്തകളും അറിയിപ്പുകളും അമര്‍ഷങ്ങളും രേഖപ്പെടുത്തിവച്ചിരുന്ന ചുമരുകളോട്‌ കൂടിയ ആ ലോഡ്‌ജ്‌ അടയാളങ്ങളില്ലാതെ തകര്‍ന്നുപോയി.
ഇന്നലെയാണ്‌ ഞാനിവിടെ വന്നത്‌. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ നേരെ ഹോട്ടല്‍ എലൈറ്റിലേക്ക്‌.മുറിയില്‍ ബാഗും മറ്റും വച്ച ഉടനെ പുറത്തേക്കിറങ്ങി.തിരുവമ്പാടി റോഡിലെ ശ്രീരംഗം ലൈനിലേക്കാണ്‌ നടന്നത്‌.റസാഖ്‌,നിനക്കറിയാമല്ലോ,അവിടെയായിരുന്നു നമ്മുടെ ജീവിതം.ആവേശങ്ങളില്ലാതെ പറയട്ടേ ഞാന്‍.ആ കെട്ടിടം അതേപോലെ തന്നെയുണ്ടായിരുന്നു.ലെനിന്‍ പ്രിന്റേഴ്‌സ്‌ എന്നു ചുമരിലെഴുതിയിരുന്നതുപോലും.ചാരനിറത്തില്‍ അറ്റം വളഞ്ഞ ദീര്‍ഘചതുരത്തിനുള്ളില്‍ വെളുത്ത അക്ഷരങ്ങളായിരുന്നല്ലോ.കറുത്ത ഒരു ചുറ്റുവരയും അതിനുണ്ടായിരുന്നു.അത്‌ മാത്രം അങ്ങിങ്ങ്‌ മാഞ്ഞിരുന്നു.കെട്ടിടത്തിന്റെ ചില ഭാഗങ്ങളും പൊളിഞ്ഞിട്ടുണ്ട്‌.ഞാന്‍ വളരെ നേരം മറ്റൊന്നും ആലോചിക്കാനാവാതെ അവിടെ നിന്നു.
ഇപ്പോള്‍ ഈ നഗരത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നിങ്ങളില്‍പ്പലര്‍ക്കും എന്റെ തറഞ്ഞുനില്‍പ്പിന്റെ പൊരുള്‍ മനസ്സിലാവുകയില്ല.അകത്ത്‌ ചക്രങ്ങള്‍ എണ്ണയുടെ കാരുണ്യത്തില്‍ തേയ്‌മാനം കുറഞ്ഞ്‌ കറങ്ങുന്നതും സിലിണ്ടറുകള്‍ ഉരുളുന്നതും കടലാസ്സുകള്‍ അരിഞ്ഞുമുറിയുന്നതും ഞാന്‍ കേട്ടു.പുറത്ത്‌ മഷി കലങ്ങിയ ഒരു ബക്കറ്റ്‌ വെള്ളം ഇരിപ്പുണ്ടായിരുന്നു.അതിനരികില്‍,എന്നും ചമ്മന്തിയും രണ്ട്‌ പച്ചമുളകുമായി ചോറു കൊണ്ടുവരുന്ന ശാന്തയുടെ ചോറ്റുപാത്രവും.ആ വെള്ളപൂച്ച അതിനരികില്‍ കിടന്ന്‌ ഉറങ്ങുന്നുണ്ട്‌.അകത്ത്‌ അറുപത്‌ വാട്ട്‌ ബള്‍ബിന്റെ അതേ മഞ്ഞപ്രകാശം.
നിങ്ങള്‍ക്കറിയാമോ,അപ്പോള്‍ എന്റെ അകമെത്ര ശൂന്യമായിരുന്നുവെന്ന്‌.വരണ്ടുകിടക്കുന്ന ആ പടികളിലേക്ക്‌ എനിക്ക്‌ ചവിട്ടിക്കയറണമെന്നുണ്ടായിരുന്നു.പക്ഷേ ഞാന്‍ തിരിഞ്ഞുനടക്കുകയാണ്‌ ചെയ്‌തത്‌.
വഴിയുടെ ചിലയിടങ്ങളൊക്കെ മാറിപ്പോയെങ്കിലും ഏറെക്കുറെ എല്ലാം അതുപോലെ തന്നെയുണ്ടായിരുന്നു.പാതിയിടിഞ്ഞു കിടന്ന ആ മതിലും അതിനപ്പുറത്തെ വേപ്പുമരവും.അതില്‍ അന്നത്തെപ്പോലെ അണ്ണാറക്കണ്ണന്മാരുണ്ടായിരുന്നില്ലെന്നു മാത്രം.ശരിക്കും പറഞ്ഞാല്‍ പത്തുവര്‍ഷംകൊണ്ട്‌ ഒന്നും സംഭവിക്കുന്നില്ല അല്ലേ.ഒരു മരത്തില്‍ കുറേ അണ്ണാറക്കണ്ണന്മാരുടെ എണ്ണം കുറയുന്നതല്ലാതെ.അല്ല റസാഖ്‌,എനിക്കറിയാം.ചില കാര്യങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌.
കൂട്ടത്തില്‍ പറയട്ടെ,അന്ന്‌ അക്കാദമിവളപ്പില്‍ ഒടിഞ്ഞുമടങ്ങിയിരിക്കാറുണ്ടായിരുന്ന ആ നാടകപ്രവര്‍ത്തകനില്ലേ,അദ്ദേഹം ഇപ്പോള്‍ പേരെടുത്ത ചലച്ചിത്രസംവിധായകനാണ്‌.അന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌.ആ പ്ലാവിന്‍ചുവട്ടിലിരിക്കുമ്പോള്‍ ഒരു പ്രതിഭയുടെ തീവ്രവിഷാദം മുഴുവന്‍ അയാള്‍ വഹിക്കുകയും അത്‌ ലോകത്തിലേക്ക്‌ പകരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന്‌.അതുകൊണ്ടുതന്നെ അകന്നുനിന്ന്‌ ആദരിക്കാനോ അകറ്റിനിര്‍ത്തി അറിയാനോ ആണ്‌ അയാള്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന്‌.പക്ഷേ,നിന്റെ സുഹൃത്തായിരുന്നു അയാള്‍.അതിലെനിക്ക്‌ വിസ്‌മയമില്ല.
റസാഖ്‌ എന്തുകൊണ്ടാണ്‌ നിനക്ക്‌ ഒന്നുമാവാന്‍ കഴിയാതെ പോയത്‌.ഒരു നാടകം പോലും അരങ്ങിലെത്തിക്കാന്‍ കഴിയാതെ..തണുത്തുറഞ്ഞ ഒരു ശവം പോലുമാകാതെ....ഒരു കാര്യം പറയാം.ചരിത്രാന്വേഷകര്‍ക്കു കണ്ടെത്താന്‍ പാകത്തിനൊരു അസ്ഥിത്തുണ്ടാവേണ്ടവനല്ല നീ.
റസാഖ്‌,സോവിയറ്റ്‌ യൂണിയനായിരുന്നു നിന്റെ ഏറ്റവും വലിയ പ്രതീക്ഷ.ലെനിന്‍ പ്രിന്റേഴ്‌സായിരുന്നു നിന്റെ താവളം.ഈ നഗരമായിരുന്നു നിന്റെ അഭയം.പേപ്പര്‍ ലോഡ്‌ജായിരുന്നു നിന്റെ പിതാവ്‌.
റഷ്യ.ഇപ്പോള്‍ റിക്ഷ എന്നൊക്കെ പറയുംപോലെ...അല്ലേ.അതിന്റെ കനം നഷ്‌ടപ്പെട്ടുപോയി.
ഈ നഗരത്തില്‍ വന്നിറങ്ങിയപ്പോള്‍ കൂടെപ്പോന്ന ഗൃഹാതുരതകളെപ്പറ്റിയാണ്‌ നമ്മള്‍ പറഞ്ഞുവന്നത്‌.അത്‌ റിക്ഷകളായിരുന്നു.കാലഹരണപ്പെട്ട പുത്തന്‍പേട്ടയായിരുന്നു.പഴയ കാളവണ്ടികളായിരുന്നു. അമ്പലത്തിന്റെ തെക്കേനടയ്‌ക്കല്‍ പുത്തന്‍ പള്ളിക്ക്‌ കൈചൂണ്ടി നില്‍ക്കുന്ന രാജാവിന്റെ പ്രതിമയ്‌ക്ക്‌ ചുവട്ടിലുള്ള റിക്ഷാപ്പാര്‍പ്പിടമായിരുന്നു.വേനലില്‍ കത്തുന്ന വാകമരങ്ങളുടെ ആര്‍ഭാടം.അവിടമായിരുന്നു എനിക്ക്‌ ഏറ്റവുമിഷ്‌ടം.നമ്മള്‍ അവിടെ നിന്ന്‌ എവിടേക്കെല്ലാം റിക്ഷ വിളിച്ചിരിക്കുന്നു.
ഞാനിങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ മുഖം ചുളിച്ചേക്കും.കാരണം മറവി അഭിനയിക്കുന്നവരാണ്‌ നിങ്ങള്‍.മറക്കാനാണ്‌ നിങ്ങള്‍ വിദ്യാഭ്യാസം ചെയ്യുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ പരീക്ഷകള്‍ എഴുതുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ വിജയങ്ങള്‍ ആഘോഷിക്കുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ സ്വദേശം വെടിയുന്നത്‌.മറക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുക്കുന്നത്‌.മരിക്കുമ്പോള്‍ നിങ്ങള്‍മാത്രം മറവിയെ ആശ്ലേഷിക്കുന്നു,നിങ്ങള്‍ക്കരികില്‍ ജീവിച്ചിരിക്കുന്നവര്‍ നിങ്ങളെ മറക്കാനാവാതെ നട്ടം തിരിയുന്നു.
ഞാന്‍ അങ്ങനെയല്ല.ഞാന്‍ ഓര്‍മ്മിക്കുന്നു.ഓരോന്നും...അതീവ സൂക്ഷ്‌മമായി സ്‌മൃതിയുടെ അടരുകളില്‍ കാത്തുവയ്‌ക്കുന്നു.
പേപ്പര്‍ ലോഡ്‌ജിനെയും ലെനിന്‍ പ്രിന്റേഴ്‌സിനെയും മാത്രമല്ല.ദീദിയെ,അവരെടുത്തു വളര്‍ത്തുന്ന കുഞ്ഞുങ്ങളെ,ശാന്തയെ,ശാന്ത മനസ്സിനകത്ത്‌ പ്രസവിച്ചുകൊണ്ടേയിരിക്കുന്ന നമ്മുടെ ചാപിള്ളകളെ...മാര്‍ക്‌സിനെ...കടല്‍സ്രാവിനെ...ബെര്‍തോള്‍ട്ട്‌ ബ്രഹ്‌റ്റിനെ...ബ്രഹ്‌റ്റിന്റെ വമ്പന്‍ പ്രേതത്തെ..അതിനെ ഇപ്പോഴും ചുമക്കുന്ന ജീവികളെ...അങ്ങനെയങ്ങനെ വാഴ്‌ചയൊഴിഞ്ഞ അനേകം തമ്പുരാക്കന്മാരെ.
ഓര്‍ക്കുമ്പോള്‍ ഭൂതകാലത്തിന്റെ കടുംനാറ്റം നിറയുന്നു വിചാരങ്ങളില്‍.റസാഖും എനിക്കൊരോര്‍മ്മയാകുന്നത്‌ ഇങ്ങനെയാണ്‌.
റസാഖ്‌,ഒരു കാര്യം കൂടി.കോളേജിലെ എന്റെ പ്രസംഗങ്ങള്‍ സ്വരുക്കൂട്ടി പ്രകാശിപ്പിക്കാമെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞിരുന്നല്ലോ.ഇനിയതൊരിക്കലും നടക്കുകയില്ല.നീ അപ്രത്യക്ഷമായതുകൊണ്ടോ പ്രസ്സ്‌ ഇല്ലാതായതുകൊണ്ടോ അല്ല.ആരൊക്കെയോ കേട്ടെഴുതിത്തന്ന ആ പഴയ പ്രസംഗങ്ങള്‍ വര്‍ഷങ്ങള്‍ സൂക്ഷിച്ചശേഷം ഞാന്‍ തന്നെ കത്തിച്ചുകളഞ്ഞു.വിദൂരനഗരത്തിലെ എന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലിട്ട്‌.മിലി സാക്ഷിയാണ്‌.അവള്‍ തടഞ്ഞില്ല.ഗൂഢമായി സന്തോഷിച്ചിട്ടുണ്ടാവാം.
റസാഖ്‌,അതൊരു പുസ്‌തകമാക്കാം എന്നു നീയറിയിച്ചപ്പോള്‍ ഞാന്‍ പറയാതെ വിട്ടത്‌,ഇപ്പോഴാവാം.
നന്ദി.
നിന്റെ ഓര്‍മ്മയ്‌ക്ക്‌,ഇതാ എന്നെപ്പറ്റി ഒരുകഷണം ബ്രഹ്‌റ്റ്‌.
-ഞാന്‍..
കറുകറുത്ത വനങ്ങളില്‍ നിന്ന്‌
പണ്ടുപണ്ട്‌
എന്റെ അമ്മയുടെ ഉള്ളില്
‍ടാറിട്ട നഗരങ്ങളിലേക്ക്‌ വഹിക്കപ്പെട്ടവന്‍...

(മാധ്യമം അഴ്‌ചപ്പതിപ്പി-ലക്കം 664-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ എന്റെ നോവലിന്റെ ആദ്യ അദ്ധ്യായം.തുടര്‍ന്നുള്ള ലക്കങ്ങള്‍ക്ക്‌ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ദയവായി വായിക്കുമല്ലോ.)

Saturday, November 6, 2010

ഇതിനെന്താഴമെന്നു നിനയ്‌ക്കുവാന്‍ വയ്യ!

ത്ഭുതങ്ങളെത്രമേല്‍ കാത്തുവയ്‌ക്കുന്നു,
നമുക്കായി സ്വജീവിതം.

അത്രമേലതിശയം!
ഊഷരം,സന്തപ്‌തം,ദുഖാകുലം
വാഴ്‌വുകളൊക്കെയുമെന്നാകിലും,
പുഷ്‌കലമാക്കുന്നു പിന്നെയും നീ!

ഓരോ കിനാവിലും കാതോര്‍ക്കയായി
പൊലിമ പകരും നിന്‍ നാവൊച്ചകള്‍.

ഇതെന്റെമേല്‍ വീഴുന്ന പൂക്കള്‍
ഇന്നിന്റെ,എന്നിന്റെയും നറുഗന്ധമുതിരും
പുതുപൂക്കള്‍.
ഇതിന്റെ ചുവട്ടില്‍ മരിച്ചടക്കട്ടെയെന്നെ,
ഈ ഭൂവിന്റെ ചാരുവാം കലണ്ടറിന്‍ താഴെ.
എന്നിരിപ്പിടം,അതെന്‍ സുഷുപ്‌തിതന്നിടം.

Wednesday, November 3, 2010

മഴവില്ല്‌

1
ആയിരത്തൊന്നുരാവുകള്‍
കഥകള്‍ പറഞ്ഞത്‌ ഞാനാണ്‌.
നീ കേള്‍ക്കുകയായിരുന്നു.
2
മറക്കാന്‍ കഴിയുന്നില്ല തരിമ്പും
ശ്രമിച്ചിട്ടുമാവുന്നില്ല,
പടികയറിച്ചിരിച്ചെത്തുകയാണ്‌
ഓര്‍മ്മതന്‍ പൂവാലി.
3
അങ്ങാടിയിലെ കരിമ്പുകള്‍
മധുരിക്കില്ല,
തൊടിയിലെ
ഒറ്റക്കരിമ്പ്‌ പൂക്കുകില്‍.!
4
പ്രണയത്തിന്റെ
മറുഭാഷയാണ്‌
സങ്കടം.
അതൊരുടുപ്പുപോലെ
നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി.
5
വഴിക്കണ്ണിന്റെ വേദനയെപ്പറ്റി
നിനക്കെന്തറിയാം,
അതനുഭവിച്ച മിഴി പറഞ്ഞറിയാതെ?
6
ആയിരമുണ്ണികള്‍ക്കു
തൊട്ടിലാട്ടുവാന്‍
ആയിരമുണ്ണിക്കനികള്‍ക്കു
പേരു തിരയുവാന്‍
അലയുകയാണൊരു
കാമിനി.
അവള്‍ക്കുപേര്‌
കണ്ണിമാങ്ങയെന്ന്‌.
7
പ്രണയത്തിന്റെ കയത്തില്‍
അവിശ്വാസത്തിന്റെ വാക്കുകള്‍
നീലിച്ചുകിടക്കും.
ആ വാക്കുകളുടെ കറ
ജലപ്പരപ്പില്‍ പരക്കും.
കയത്തില്‍ മരിച്ച കാമുകന്‌
മത്സ്യത്തിന്റെ ഒറ്റക്കണ്ണ്‌
പൂക്കുന്നതുകാണാം.
പ്രണയത്തിന്റെ കയത്തില്‍
വിടരുന്നത്‌,സദാ-
മൃതിയുടെയും ദുഖിയുടെയും
ഇരട്ടക്കണ്ണുകളാണ്‌.

Monday, November 1, 2010

ഫോണും നെറ്റുമില്ലാത്ത ലോകത്ത്‌ തനിച്ചിരിക്കുന്നൊരു പ്രണയിയെ സംബന്ധിച്ച്‌...

ടിവാതില്‍ക്കലോളം
വന്നുനില്‍പ്പുണ്ട്‌ ഭ്രാന്തന്‍
ക്ഷണനേരം മതി
‌അകത്തേക്കുവരാനും
അടക്കിഭരിക്കാനും!-

Sunday, October 31, 2010

രാത്രിയാത്രയ്‌ക്കുശേഷം...

നറല്‍ കമ്പാര്‍ട്ടുമെന്റിലാണിടം കിട്ടിയത്‌.
നിന്നും ഇരുന്നും കൈകളില്‍ മുഖമുരച്ചും
കഴിച്ചുകൂട്ടിയപ്പോള്‍ ഖേദിച്ചതേയില്ല..
നിന്നെ കാണാനാണല്ലോ..!

പുലര്‍കാലത്തെ
റെയില്‍വേ സ്റ്റേഷന്‍
രാത്രിയേറ്റുവാടിയ പൂവുപോലെ.

ഉണര്‍ന്നുവരാന്‍ വൈകുന്ന
നഗരപ്പുലരിയില്‍ ഓട്ടോക്കാരന്‌
ക്ഷൗരം,പൂജ,തേവാരം തിരക്കുകള്‍..
കിട്ടിയത്‌ ചവറുവലിക്കാന്‍ പോകുന്ന
നഗരസഭയുടെ മുഷിഞ്ഞ വാഹനം.
മുന്നില്‍ ഡ്രൈവര്‍ക്കൊപ്പം
ഞെരുങ്ങിയിരിപ്പും ബീഡിപ്പുകമണവും
നിന്നെക്കാണാനാണല്ലോ..!

മുഷിഞ്ഞ മുടിയൊതുക്കി മുന്‍വാതിലിനരികില്‍
നില്‍ക്കുമ്പോള്‍ ഞെട്ടലോടെയോര്‍ത്തു.
ഇല്ല,നിനക്കായൊന്നും കൊണ്ടുവന്നിട്ടില്ല.
തിരിച്ചുപോകണോ,വല്ലതും വാങ്ങിവരണോ..?

ആലോചിക്കുമ്പോഴേക്കും കതകുതുറക്കപ്പെട്ടു.

മുന്നില്‍ വിരഹസമുദ്രമൊഴികളെഴുതിയ
മിഴികളുമായി വന്‍തിരപോലലച്ചെത്തും മുഖം.

ആര്‍ദ്രം
നിമീലിതം

കൈകളില്‍ ക്ഷമാപണം സ്വയം സമര്‍പ്പിക്കുമ്പോള്‍
നഗരക്കുയിലുകളുടെ സിംഫണി.
കുക്കറിന്റെ ചൂളംവിളി.

അനുരാഗികളൊരു സമ്മാനവും തേടാറില്ല
വേണ്ടതിനൊന്നും,കാണാന്‍ കൊതിക്കും-
പ്രിയരൂപമല്ലാതെ മറ്റൊന്നും.

ശേഷം,തീ കുറച്ചുവച്ച
അരച്ചട്ടി വെണ്ടയ്‌ക്ക കരിയാന്‍
അധികനേരം വേണ്ടെ.

Saturday, October 30, 2010

ഹൃദയത്തില്‍ നങ്കൂരമിട്ട പഴയ കപ്പലിന്‌ നിന്റെ പേരിട്ടുവിളിക്കുമ്പോള്‍

രേസമയം ചെറുതായിരുന്നു നീ
അതേപോലെ വലുതുമായിരുന്നു.

'അരക്കഴഞ്ചാ'ണാകെയെന്നു ഞാനൊരിക്കല്‍
കളി പറഞ്ഞപ്പോള്‍,
'അരക്കഴഞ്ചി'ലേക്കൊന്നും പോകേണ്ട മോന്‍,
തരാനെനിക്കറിയാം സമയമാകട്ടെ,
നീ കാണാത്തതു പലതുമുണ്ടിനിയും.
ഞാന്‍ തടുത്താലും നിനക്കെടുക്കാനാവുന്നത്‌..

ഏറെ ഒച്ചപ്പൂക്കളെറിഞ്ഞ്‌
ഏറെ മിണ്ടാതെ,കേള്‍ക്കാതെ,
നനഞ്ഞ പാദങ്ങള്‍
പതുക്കെവച്ചുകൊണ്ടൊരു നടത്തം മാത്രം.

ചുറ്റിനും തിണര്‍ത്തുചോന്ന
പൂങ്കുഴലുകളായി ദേശീയപാതകള്‍

ഉടയ്‌ക്കാതെ,ഉലയ്‌ക്കാതെ നീ
സൂക്ഷിച്ചുടുത്ത വസന്തമാണീ മാസം.

എന്റെ ശൂന്യത്തില്‍നിന്ന്‌‌
നിനക്കു തരാനെനിക്കാവുന്നത്‌
വാകമരങ്ങളുടെ മേലാപ്പുപോലൊരു
കിനാത്തളിക.

അതിലിരുന്നാല്‍ താഴെ വീഴില്ല
കാറ്റെടുത്തുകീറില്ല
വെയിലെടുത്തു ചൂടില്ല
മഴയെടുത്തുകുടയില്ല

വണ്ടുകള്‍,കരിവണ്ടുകള്‍
ചുറ്റിപ്പറക്കുകയുമില്ല.

ഇത്രയും കാല്‌പനികനാകണോ സഖേ..?

ഇത്രയും,കാ-ല്‍-പ-നി-ക-നാ-ക-ണോ-സ...ഖേ...?

ആമാശയം വന്‍കുടലാര്‍ത്തവം
പുളിച്ചുതികട്ടലുകളാവലാതികള്‍
പണം കടം പലിശ പഠിപ്പ്‌ പത്രാസുകള്‍...
ആലോചിച്ചാലൊന്നിനുമില്ല സുഖം..!

അന്താരാത്മാവു കുടഞ്ഞിട്ട പ്രാണികള്‍ ചീറ്റുന്നു

അഭിശപ്‌തനാര്‍ത്തന്‍ ആലംബഹീനന്‍
അടയാളം കൊത്താത്ത പൊള്ളപ്പത്തായം.
ഞാന്‍,നിലയില്ലായ്‌മയിലേക്കെറിയപ്പെട്ട
തെല്ലുപോലും പിഴയ്‌ക്കാത്ത ഉന്നം.

എല്ലാം വാസ്‌തവങ്ങള്‍,എങ്കിലും
അരക്കഴഞ്ചുള്ളോരീയഴകിനോടാണെന്റെ ദാസ്യം.

Wednesday, October 27, 2010

തര്‍ജ്ജമയല്ലാത്ത വരികള്‍

താ ഇത്രയേയുള്ളൂ നീയെന്നു,സ്വയം
പലപാടു വിരല്‍ചൂണ്ടി ഞാന്‍ പറഞ്ഞു
താഴെ അഗാധതയിലെന്റെ തണുത്ത നിഴല്‍
എന്നോടുതന്നെയെന്റെ ആത്മകഥ!

''രാജാക്കന്മാരുടെ രാജാവേ
ആഴങ്ങളുടെ ആഴമാണ്‌ താഴെ."

വെയില്‍ പോലെ എന്നെയും മൂടി
നിന്റെയൊച്ചകള്‍ താഴേക്കു പോകുമ്പോള്‍,
മുകളിലേക്കു നോക്കാതെ ഞാനുറച്ചു ചോദിക്കുന്നു.

എങ്ങനെയാണു നിനക്കിങ്ങനെ
മേഘമായി,കൊക്കരണിക്കും
ഒരു മനുഷ്യന്റെ ഗദ്‌‌ഗദം
കുറുകുന്ന കൊക്കിനുമിടയില്‍
ചലനമില്ലാതെ നില്‍ക്കാന്‍,
അതേവിധം നിന്നുകൊണ്ടവനെ
അളന്നുമുറിച്ച്‌ ഛെ,ഛെ-യെന്നു
ചിരിക്കുവാന്‍ കഴിയുന്നത്‌..?

മറുപടിയെ ആരുമറിയാതൊരു
കാറ്റുകൊണ്ടുപോയി.
കാറ്റിനും കൊടുക്കാതെ
ഞാനെന്നെയൊന്നു സൂക്ഷിച്ചു.

പിന്നെ,
ഞാനങ്ങനെ തൂവിപ്പോയി,
ആഴത്തിലേക്ക്‌.

അവസാനമായി കേട്ട മാറ്റൊലി
കൈയടിയാവാം
ചിറകടിയാവാം
നിന്റെയൊരു ചെറുതുമ്മലാവാം.

ഇത്രയേയുണ്ടായിരുന്നുള്ളൂ
ഞാനെന്ന്‌ നാളെ നിനക്കും പറയാം.
9-5-2003-ല്‍ എഴുതിയത്‌.

Tuesday, October 26, 2010

തലക്കെട്ടഴിഞ്ഞ കവിതേ..

കെട്ടിപ്പിടിക്കുന്ന പോലൊരൊറ്റവരവാണ്‌.

ചെവിയോരത്തുനിന്ന്‌
ചെറുകുന്നുകളിലേക്കിറങ്ങി വിലസുന്ന
സന്ധ്യയിലെ ഇളംകാറ്റ്‌.
പൂവുകളുറങ്ങി സുഗന്ധിയായ വര്‍ഷമേഘം.

പുല്ലുകള്‍ മുളങ്കൂട്ടമാകും
കീറക്കടലാസുകള്‍ നനഞ്ഞുപരന്ന്‌‌
വഴികള്‍ക്കു പാണ്ടുകയറും.

നീ വന്നതില്‍പ്പിന്നെയാണ്‌
തെച്ചിക്കാട്ടില്‍ പുഞ്ചിരികള്‍ വിരിഞ്ഞത്‌.

ഇതള്‍ച്ചോപ്പിനാല്‍ കുറിയിട്ട മുടിയുമായി
മുറ്റം കടക്കുമ്പോള്‍,
നനഞ്ഞ മുടി തല്ലിവരയ്‌ക്കുന്ന ഭൂപടം
നിന്റെ പിന്നഴകില്‍ വിടരുമ്പോള്‍,
വാക്കുകള്‍,വാക്കുകള്‍ വന്നെന്റെ
കൈവിരലില്‍ ചുംബിക്കുന്നു....

Wednesday, October 20, 2010

ഗസല്‍


ചെഞ്ചൊടിമലരുകള്‍ തളരുമ്പോലെ

ധൃതിയിലന്നു നമ്മള്‍ ചുംബിച്ചതോര്‍മ്മയില്ലേ

കവിളിലേക്കിഴയുമെന്‍ ചുണ്ടുകള്‍ക്കൊപ്പം നീ

വിരലിനാലെന്‍ മുടി ചുറ്റിപ്പിടിച്ചിട്ടും

മതിയെന്നു പറഞ്ഞിട്ടും

കുതറാന്‍ മറന്നു നിന്നില്ലേ

എന്നോടമര്‍ന്നു നിന്നില്ലേ


കുളമേറിനിറഞ്ഞൊരാ മഴയുടെ വരവിലന്നുനിന്‍

ഉടലാകെ പൂവിട്ടു വാസനിച്ചുവോ

പിന്നില്‍ വന്നെന്‍ ഈറന്‍ വിരലുകളമര്‍ത്തി

പ്പിടിച്ചുനീ കസ്‌തൂരി പൂശി തുടുത്തുവോ

സാരംഗിയില്‍വീഴുമൊരു വിരല്‍ നടനമായിന്ന്‌

ഹൃദയത്തിലമരുന്നു കാലത്തിന്‍ കണ്ണീര്‌..


നിഴലായെന്നും കൂടെയലഞ്ഞ

ഗാനശകലങ്ങളെന്തെന്തു പരിഭവം പറഞ്ഞില്ല!

അടര്‍ന്നുപോയ പൂവിതളുകള്‍ തണ്ടില്‍

വന്നൊരുവട്ടംകൂടി ചേരട്ടേയെന്നെത്രയോ

നീ കേള്‍ക്കേയോതിയില്ല..!


ഓര്‍മ്മയില്ലേ നിനക്കാമുറിപ്പാടുകള്‍ തന്നൊരു

പൂക്കാവസന്തത്തിന്‍ നേരൊലിപ്പാട്ടുകള്‍

ധൃതിയിലന്നു നമ്മള്‍ ചുംബിച്ചു

വേര്‍പെട്ടതോര്‍മ്മയില്ലേ..?

ഓര്‍മ്മയില്ലേ,

ഒന്നുമൊന്നും നിനക്കോര്‍മ്മയില്ലേ..?

ഛായ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌

Tuesday, October 19, 2010

മധുമതി

ഓര്‍മ്മകളുടെ ഒരറ്റത്തും
ഇന്നു നിനക്കു വളകളില്ല.

സ്ലേറ്റമര്‍ത്തിപ്പിടിക്കുമ്പോഴും
പിന്നെ,കിതച്ചുചാടും മാറിടം
പ്ലേറ്റുവച്ചു നീയമര്‍ത്തുമ്പോഴും
അണിയാന്‍ മറക്കാത്ത വാക്കുകള്
‍കൈവളകള്‍.

കോലായച്ചായ പകരും വേള
വളക്കിലുക്കങ്ങളില്ലാതെ,
ശബ്ദമില്ലാപാനോപചാരങ്ങള്‍.
നാം പങ്കിട്ട നീണ്ട നീണ്ട-
നിശ്ശബ്ദവാഗ്‌ദാനകാലങ്ങള്‍...

പിന്നൊരുകാലം,
നിന്റെ വിപ്ലവങ്ങള്
‍സ്വയം വരിച്ച തടവറകള്
‍സ്വന്തം സ്വാതന്ത്ര്യസമരങ്ങള്‍..

അന്ന്‌‌,
വളകളെയെറിഞ്ഞുടയ്‌ക്കുമ്പോള്‍
നീ,യെന്തതില്‍ തുല്യം ചാര്‍ത്തി..?

ഇന്ന്‌,ആകസ്‌മികമീ പാതിരാമിന്നലില്
‍പ്രഭ്വിയായി വന്നണയുകയാണുനിന്
‍വളക്കൈയുകളെന്റെ ചിത്തത്തില്‍.

ഒറ്റയോട്ടുവള ഒഴുകിക്കിടക്കു-
മെന്നൊരിക്കല്‍ നിനച്ചു.
എന്റെ സ്‌പര്‍ശത്താല്‍ ക്ലാവടിയാതെ
തിളങ്ങിക്കിടക്കുമെന്നാശിച്ചു.

ഇന്ന്‌,നിന്റെ കൈകള്
‍നിന്റേതല്ലാതെയായി മാറി
കടങ്ങള്‍ വന്നു
വളകളഴിച്ചതാവാം ക്രൂരമായി.

ശരിയാണ്‌,
എല്ലായ്‌പ്പോഴും
എല്ലാമെവിടെയോ
നഷ്ടമാകുന്നു.
അതോ,നഷ്ടങ്ങള്‍ വന്നു
നമുക്കുള്ളതെല്ലാം കവര്‍ന്നെടുക്കുന്നതോ..
അല്ലെങ്കില്‍,നഷ്ടങ്ങളൊക്കെയും
കവര്‍ന്നെടുക്കപ്പെടാതെ നമുക്കുള്ള
ശേഷിപ്പുകളാക്കപ്പെടുന്നതോ..?

മധുമതീ...
സന്ദേഹങ്ങളവസാനിക്കുമ്പോള്‍
കണ്ണിന്നൊരാവര്‍ത്തികൂടി
വായിക്കുവാനാകുമോ
കിലുകിലെയോടിനടക്കും
പഴയമോഹത്തിന്നദൃശ്യ-
നിഴല്‍വളയങ്ങളെ..!

Thursday, October 14, 2010

ചില വ്യക്തിഗതവിശേഷങ്ങള്‍

പ്രിയപ്പെട്ട സുഹൃത്തുക്കളേ..,
കഴിഞ്ഞ രണ്ടാഴ്‌ചക്കാലം ദെല്ലിയിലായിരുന്നതിനാല്‍ എല്ലാ കമന്റ്‌സിനും മറുപടിയയക്കാനോ പല പോസ്‌റ്റുകളും വായിച്ച്‌ അഭിപ്രായം എഴുതാനോ കഴിഞ്ഞില്ല.ബ്ലോഗിലെ പല കാര്യങ്ങളും വല്ലാതെ വൈകി.ക്ഷമിക്കുമല്ലോ.കേന്ദ്ര സാഹിത്യ അക്കാദമി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ ദെല്ലിയില്‍ നടത്തിയ,കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്‌സ്‌ ഫെസ്റ്റിവലിലും സെമിനാറി(ഹിസ്റ്റോറിക്കല്‍ ലെഗസി ആന്‍ഡ്‌ റൈറ്റിംഗ്‌‌ ഇന്‍ ദി കോമണ്‍വെല്‍ത്ത്‌)ലും പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.കേരളത്തില്‍ നിന്ന്‌ ഇക്കുറി രണ്ട്‌ പേരാണ്‌ പങ്കെടുത്തത്‌.ശ്രീ എന്‍.പ്രദീപ്‌കുമാറും ഞാനും.വളരെ ഊഷ്‌മളമായ അനുഭവമായി അത്‌.കേന്ദ്ര സാഹിത്യ അക്കാദമിക്ക്‌ നന്ദി.നമ്മുടെ ഭാഷയ്‌ക്കും എന്റെ വായനക്കാര്‍ക്കും.
  • മരണവിദ്യാലയവും നായകനും നായികയും.
രണ്ട്‌ പുസ്‌തക പ്രകാശനങ്ങളെപ്പറ്റിയും പറയട്ടെ.എന്റെ അടുത്തിടെ വന്ന പത്ത്‌ കഥകളുടെ സമാഹാരമായ 'മരണവിദ്യാലയം',മാതൃഭൂമി ബുക്‌സ്‌ വളരെ നല്ല രീതിയില്‍ പുറത്തിറക്കി.ആഗസ്റ്റ്‌ 17 മുതല്‍ സെപ്‌തംബര്‍ 18 വരെ കോഴിക്കോട്‌ വച്ച്‌ മാതൃഭൂമിയും പെന്‍ഗ്വിനും ചേര്‍ന്ന്‌ നടത്തിയ പുസ്‌തകോത്സവത്തില്‍ വച്ചാണ്‌ മരണവിദ്യാലയം പ്രകാശനം ചെയ്‌തത്‌‌.സെപ്‌തംബര്‍ 13 ന്‌ വൈകുന്നേരം ശ്രീ എന്‍.പ്രഭാകരന്‍‌,കഥാകാരി ശ്രീമതി ബി.എം.സുഹറയ്‌ക്ക്‌ പുസ്‌തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.ഒപ്പം കെ.വി.അനൂപിന്റെയും ഇ.സന്തോഷ്‌കുമാറിന്റെയും പ്രിയ എ.എസിന്റെയും ശ്രീബാല കെ.മേനോന്റെയും ധന്യാരാജിന്റെയും കഥാസമാഹാരങ്ങളും പ്രകാശനം ചെയ്‌തു.ചടങ്ങില്‍,സി.എസ്‌‌.ചന്ദ്രിക,കെ.സുരേഷ്‌കുമാര്‍,പി.വി.ഷാജികുമാര്‍ പുസ്‌തക രചയിതാക്കള്‍ എന്നിവരും പങ്കെടുത്തു.
കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ സെപ്‌തംബര്‍ 15 മുതല്‍ 19 വരെ എച്ച്‌‌ ആന്‍ഡ്‌‌ സി ബുക്‌സ്‌ നടത്തിയ പുസ്‌തകോത്സവത്തിലാണ്‌ 'നായകനും നായികയും' നോവെല്ല പ്രകാശനം ചെയ്‌തത്‌‌.കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചതാണ്‌ നായകനും നായികയും.ഇ.സന്തോഷ്‌കുമാര്‍,സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ നല്‌കി സെപ്‌തംബര്‍ 17 ന്‌ വൈകുന്നേരമാണ്‌ നായകനും നായികയും പ്രകാശനം നടത്തിയത്‌‌.വി.ദിലീപ്‌,വി.ആര്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവാക്കളുടെ ഒത്തുചേരലും സര്‍ഗ്ഗാത്മകതയുടെ സമാനതകളില്ലാത്ത പങ്കുവയ്‌ക്കലുമായിരുന്നു രണ്ട്‌ ചടങ്ങുകളും.പ്രസാധകര്‍ നല്‌കിയ ഊഷ്‌മളമായ ചടങ്ങുകള്‍ക്ക്‌ നന്ദി.എഴുത്തുകാര്‍ക്ക്‌ ആത്മാഭിമാനം നല്‌കുന്ന വേദികളായിരുന്നു ഇവ എന്ന്‌ എടുത്തുപറയട്ടെ.
  • വ്യൂഫൈന്‍ഡര്‍-ഏഷ്യാനെറ്റ്‌ ന്യൂസില്‍.
അമൃത ടിവിയിലെ ഹരിതഭാരതം കാര്‍ഷിക പരമ്പരയ്‌ക്ക്‌ ശേഷം ഞാന്‍ രചന നിര്‍വ്വഹിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ്‌ 'വ്യൂഫൈന്‍ഡര്‍'.കാശ്‌മീര്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ പകര്‍ത്തുന്ന ദൃശ്യയാത്രാവിവരണമാണ്‌ വ്യൂഫൈന്‍ഡര്‍.ആദ്യഭാഗങ്ങളില്‍ കാശ്‌‌മീരാണ്‌.ഈ വരുന്ന ശനിയാഴ്‌ച (ഒക്ടോബര്‍ 16.)വൈകുന്നേരം 5.30 മുതല്‍ ഏഷ്യാനെറ്റ്‌ന്യൂസില്‍ വ്യൂഫൈന്‍ഡര്‍ കാണാം.ആഴ്‌ചയിലൊരിക്കലാണ്‌ സംപ്രേഷണം.അല്‍ ജസീറ ടിവിയില്‍ കാമറാമാനായിരുന്ന ആഗിനാണ്‌ ഛായാഗ്രഹണവും സംവിധാനവും.അവതരണം ആയില്യന്‍.
എന്റെ പ്രിയ വായനക്കാരെയും പ്രേക്ഷകരെയും ഞാന്‍ സാദരം വ്യൂഫൈന്‍ഡറിലേക്ക്‌ ക്ഷണിക്കുന്നു.
  • പേപ്പര്‍ലോഡ്‌ജ്‌
മാധ്യമം ആഴ്‌ചപ്പതിപ്പില്‍ വൈകാതെ 'പേപ്പര്‍ലോഡ്‌ജ്‌ ' പ്രസിദ്ധീകരിച്ചുതുടങ്ങും.
2007-ല്‍ പ്രസിദ്ധീകരിച്ച 9 (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌) എന്ന നോവലിനുശേഷം ഞാനെഴുതുന്ന നോവലാണ്‌ പേപ്പര്‍ ലോഡ്‌ജ്‌.ഡി യില്‍ നിന്നും 9-ല്‍ നിന്നും വ്യത്യസ്‌തമായിട്ടാണ്‌ പേപ്പര്‍ലോഡ്‌ജ്‌ വരുന്നത്‌.
എന്റെ സഹൃദയരായ വായനക്കാര്‍ ആദ്യം മുതലേ പേപ്പര്‍ലോഡ്‌ജ്‌ വായിക്കുകയും അഭിപ്രായം എന്തുതന്നെയായാലും തുറന്ന്‌ പറയുകയും വേണം.ഞാന്‍ കാത്തിരിക്കുന്നു..നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയും സ്‌നേഹവുമാണ്‌ എഴുതാന്‍ എനിക്കുള്ള പ്രേരണ.
ഇത്‌‌ വ്യക്തിഗതമായ ചില വിശേഷങ്ങളാണ്‌.പൊങ്ങച്ചത്തിന്റെയോ വീമ്പുപറയലിന്റെയോ അരികുപറ്റി നില്‍ക്കുന്ന വിശേഷങ്ങള്‍.ലോകത്ത്‌ ഇതൊന്നുമല്ല പ്രധാനകാര്യങ്ങള്‍ എന്നറിയാം...
എങ്കിലും,നമുക്കിടയില്‍ മറകള്‍ വേണ്ടല്ലോ.

  • എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍.
  • ജീവിതം അറിവിനാല്‍ സമ്പന്നമാവട്ടെ.

Wednesday, September 29, 2010

ജനിച്ചദിവസംതന്നെ "മരിച്ചുപോയവര്‍"വിവരദോഷം പറയുമ്പോള്‍..

the only thing we have to fear is fear itself.
-Franklin D Roosevelt.
ആരാണ്‌ വായനക്കാരന്‍..?അക്ഷരങ്ങള്‍ക്ക്‌ ഗൂഢാലോചനയുണ്ടോ..?2010-ലെ പ്രധാന ചോദ്യങ്ങള്‍ ഇതാണ്‌.ട്രെന്റ്‌ വന്നു എന്നും ട്രെന്റ്‌ കടന്നുപോയി എന്നും പറയുന്നവര്‍ക്കുവേണ്ടിയാണ്‌ ഇതെഴുതുന്നത്‌.
``വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ''എന്നൊരിക്കല്‍ ചോദിച്ചത്‌ മരിച്ചുപോയ എം.കൃഷ്‌ണന്‍ നായര്‍ സാറാണ്‌.അദ്ദേഹമുണ്ടായിരുന്ന കാലത്തേക്കാള്‍ ഇപ്പോഴാ ചോദ്യത്തിന്‌ പ്രസക്തിയേറിയിരിക്കുന്നു.അദ്ദേഹം മുന്നില്‍ക്കണ്ടത്‌ സാഹിത്യത്തിന്റെ വായനക്കാരെയായിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിമാറി.നിസ്സാരമാണ്‌ അതിനുള്ള മറുപടി.വായന വിപുലീകരിക്കപ്പെട്ടിരിക്കുന്നു.മൊത്തം ജീവിതവും.വായനക്കാരന്റെ അഭിരുചി അഭിരുചിയുടെ വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍(അത്‌ മനുഷ്യവര്‍ഗ്ഗത്തിന്റെ മൊത്തം അഭിരുചിയാണ്‌.)ഏറെ ദൂരം മുന്നോട്ടുപോയതാണ്‌ ഈ തോന്നലിനെല്ലാമുള്ള കാരണം.
വിപുലീകരിക്കപ്പെട്ടത്‌ എങ്ങനെയൊക്കെയാണ്‌?അഭിരുചിയുടെ വിപ്ലവം സാദ്ധ്യമായത്‌ എങ്ങനെയാണ്‌?
ഉദാഹരണത്തിന്‌ നാട്ടിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെ മാറിയ സ്വഭാവം നോക്കാം.മുമ്പ്‌,സാഹിത്യം വായിക്കാന്‍ സാഹിത്യപ്രസിദ്ധീകരണങ്ങളും രാഷ്‌ട്രീയം വിലയിരുത്താന്‍ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങളും സിനിമ അറിയാന്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും അധമരതി ആസ്വദിക്കാന്‍ കമ്പിപ്പുസ്‌തകങ്ങളും സ്‌ത്രീകള്‍ക്ക്‌ വായിക്കാന്‍ സ്‌ത്രീ പ്രസിദ്ധീകരണങ്ങളും നാട്ടിലുണ്ടായിരുന്നു.ജനപ്രിയസാഹിത്യം വായിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ അതും. അച്ചടി പിച്ചവയ്‌ക്കുന്ന കാലമായിരുന്നു അത്‌.അവയുടെ ഉള്ളടക്കം അതത്‌ വിഷയങ്ങളില്‍ ഊന്നിനിന്നുമാത്രമായിരുന്നു.അതോടൊപ്പം ഒരു വിഷയത്തിന്റെ പരിധിയില്‍ വരുന്ന മറ്റെല്ലാ വിഷയങ്ങളും അതിനോടൊപ്പമുണ്ടായിരുന്നു.അതായത്‌,സ്‌ത്രീ പ്രസിദ്ധീകരണത്തില്‍ പേരന്റിംഗ്‌,ഫാഷന്‍,ചമയം,പാചകം,സ്‌ത്രീരോഗങ്ങള്‍ക്കുള്ള വൈദ്യോപദേശം എന്നിവയൊക്കെ.ഇതൊരു സര്‍വ്വസമ്മതി നേടിയ അനുപാതമോ ഫോര്‍മുലയോ ആയിരുന്നു എന്നുപറയാം. എന്നാല്‍ വായനയുടെ വിപുലീകരണം പ്രചാരത്തിലായപ്പോള്‍ എല്ലാത്തിനും പ്രത്യേകം പ്രത്യേകം പ്രസിദ്ധീകരണങ്ങളായി.വായനയുടെ വിപുലീകരണമെന്നത്‌ ഇന്ത്യയില്‍ കേരളവും ബംഗാളും ഡെല്‍ഹിയും പോലുള്ള കുറച്ചിടങ്ങളില്‍ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ.പിന്നെ ചില നഗരങ്ങളും.അതുകൊണ്ട്‌ നമുക്ക്‌ കേരളത്തിലേക്ക്‌ വരാം.
രണ്ടായിരാമാണ്ടിനുശേഷമുള്ള കേരളത്തിലെ പുസ്‌തകവില്‍പനശാലയെ ഒന്നു വിലയിരുത്താം.ശരിക്കും പറഞ്ഞാല്‍ അതുമാത്രംപോരാ.ഇറച്ചിക്കടവരെ നിരീക്ഷിക്കണം.എന്തെന്തുമാറ്റങ്ങളാണ്‌ അവിടെയുള്ളത്‌.വിഷയവൈവിദ്ധ്യത്തിന്റെ ഘോഷയാത്ര അകമ്പടിക്കാരോടൊപ്പം പോകുന്നത്‌ പുസ്‌തകശാലയില്‍കാണാം.മോട്ടോര്‍ വാഹനങ്ങളുടെ വിശേഷങ്ങളറിയാന്‍,ഇന്റീരിയര്‍ ഡിസൈനിംഗിനെപ്പറ്റി അറിയാന്‍,കൃഷിയെപ്പറ്റിയറിയാന്‍,ചാനല്‍ വിശേഷമറിയാന്‍,അലോപ്പതിയെപ്പറ്റിയറിയാന്‍,ആയുര്‍വ്വേദത്തെപ്പറ്റിയറിയാന്‍,ബോഡിഫിറ്റ്‌നസ്സിനെപ്പറ്റി അറിയാന്‍,ബാങ്കിംഗിനെപ്പറ്റിയറിയാന്‍...അങ്ങനെയങ്ങനെ തരാതരം പ്രസിദ്ധീകരണങ്ങള്‍ പുസ്‌തകശാലകളില്‍ നിരക്കാന്‍ തുടങ്ങി.അതിനൊക്കെ വായനക്കാരുമുണ്ട്‌.എഴുത്തുകാരുമുണ്ട്‌.
മനുഷ്യന്റെ സമയമില്ലായ്‌മമൂലം സമൂഹത്തില്‍ വന്ന മാറ്റമാണിതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല.അവിടെയാണ്‌ അഭിരുചിയുടെ വിതാനത്തില്‍ സ്‌ത്രീകളിലും കുട്ടികളിലും വിപ്ലവം നടപ്പായത്‌.ആ വിപ്ലവം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന്റെ കൊടിയുയരല്‍ കൂടിയായിരുന്നു.സമൂഹത്തിലുണ്ടായ സാമ്പത്തികസമത്വത്തിന്റെ അടയാളംകൂടിയാണ്‌ അത്‌.ആ വിപ്ലവമെന്നത്‌ വിദ്യഭ്യാസത്തിന്റെ വിതരണത്തിലെ ജനകീയതയുടെ വിജയവുമാണ്‌.
മലയാളത്തിനൊപ്പം ഹിന്ദി,ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോളെത്രയാണ്‌ വിറ്റുപോകുന്നത്‌?തമിഴിനും കന്നഡയ്‌ക്കും ആവശ്യക്കാരുണ്ട്‌.അപ്പോള്‍ മലയാളി സ്വയം വികസിപ്പിക്കുകയാണ്‌.ഭാഷയിലൂടെ മാത്രമല്ല,ആകാശത്തിനുകീഴിലുള്ള നാനാജാതി വിഷയങ്ങളിലൂടെയും.ആണിനും പെണ്ണിനും മെച്ചപ്പെട്ട വിദ്യാഭ്യാസംകിട്ടിയപ്പോള്‍ തിരഞ്ഞെടുപ്പിന്‌ സ്വാഭാവികമായും അവസരമേറി.ലോകമപ്പോള്‍ മലയാളിക്കുവേണ്ടി എന്നപോലെ കുതിക്കുകയായിരുന്നു.അതിനുനേരേ കണ്ണടയ്‌ക്കാന്‍ മലയാളിക്കാവില്ല.ഒരിക്കലും.അതുകൊണ്ടാണ്‌ പേജുകളുടെ രൂപകല്‌പനയില്‍വരെ നമ്മള്‍ ദൃശ്യമാധ്യമരീതികളെ കൂടെക്കൂട്ടുന്നത്‌.അപ്പോഴാണ്‌ ആസ്വദിച്ചുള്ള വായനയ്‌ക്ക്‌ വൈവിദ്ധ്യം രൂപപ്പെട്ടത്‌.മലയാളിയുടെ ഉപഭോഗരീതി മാറിയതും നാം കാണാതിരുന്നുകൂടാ.ജീവിതത്തില്‍ നാം പണം കൈകാര്യം ചെയ്‌തിരുന്ന രീതിയില്‍ത്തന്നെ നാമേറെ മാറിപ്പോയില്ലേ?കച്ചിപ്പേപ്പറില്‍ അനാകര്‍ഷകമായി അച്ചടിച്ച്‌ പിന്‍ ചെയ്‌ത്‌ തുച്ഛവിലയ്‌ക്ക്‌ അക്ഷരം കച്ചവടം ചെയ്‌തിരുന്ന രീതി മാറുന്നത്‌ അങ്ങനെയാണ്‌.നല്ല പേപ്പറില്‍ ഒന്നാന്തരമായി അച്ചടിച്ച്‌ ആകര്‍ഷകമായ പൊതിയില്‍ വിതരണം ചെയ്‌താലേ ഇന്നത്തെ മലയാളി വാങ്ങൂ,വായിക്കൂ..വില അമ്പത്‌ രൂപയില്‍ താഴെ പോയാല്‍ അത്‌ കച്ചവടത്തെത്തന്നെ സാരമായി ബാധിക്കും!
പണ്ട്‌,സുഗതകുമാരിടീച്ചര്‍ മാതൃഭുമി ആഴ്‌ചപ്പതിപ്പിന്റെ സാധാരണ ലക്കത്തില്‍ കവിതയോടൊപ്പം ഒരു കുറിപ്പു പ്രസിദ്ധീകരിച്ചിരുന്നത്‌ ഞാനോര്‍ക്കുന്നു.അതിന്റെ ഉള്ളടക്കം,ജയിലില്‍ കഴിയുന്ന ഒരു വായനക്കാരന്‍,കവിത വായിച്ച്‌ മാനസാന്തരപ്പെട്ട്‌ കത്തെഴുതിയതോ മറ്റോ ആയിരുന്നു.അതോടൊപ്പം സാധാരണലക്കങ്ങളില്‍ കവിത വരുമ്പോള്‍ വിലകൊടുത്ത്‌ വാങ്ങി വായിക്കാന്‍ പ്രയാസപ്പെടുന്ന വായനക്കാരെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു എന്നു തോന്നുന്നു.ഇതേകാര്യം ബാലചന്ദ്രന്‍ ചുള്ളിക്കാടും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌.പണമില്ലാത്ത സാധാരണക്കാര്‍ക്ക്‌ അനായാസം വാങ്ങിവായിക്കാന്‍ വേണ്ടി വില കൂടുതലുള്ള വാര്‍ഷികപ്പതിപ്പുകളില്‍ എഴുതുകയില്ല എന്ന്‌.
ഇന്ന്‌ അങ്ങനെയൊരു അവസ്ഥയ്‌ക്ക്‌ മാറ്റം വന്നിട്ടുണ്ട്‌.ഇന്നത്തെ എഴുത്തുകാരന്‌ അവന്റെ വായനക്കാരന്‌ പ്രാപ്യമാവാന്‍വേണ്ടി വാര്‍ഷികപ്പതിപ്പുകളില്‍ എഴുതാതിരിക്കേണ്ടതില്ല.വിലയൊന്നും ഇന്നുള്ള മലയാളിവായനക്കാരന്‌ ബാധകമല്ല.മേനിമിനുപ്പിലാണ്‌ കാര്യം.എഴുത്തുകാരന്‍തന്നെ മുഷിഞ്ഞുനാറി നടന്നാല്‍ വായനക്കാരന്‍ വായിക്കാതെ പേജ്‌മറിച്ച്‌ കടന്നുകളയും.ആപ്പിളിന്റെ ലാപ്‌ടോപ്പും ഐപോഡും ബ്ലാക്ക്‌ബെറിയുടെ സെല്‍ഫോണും എഴുത്തുകാരന്‍ ഉപയോഗിക്കണമെന്ന്‌ ഇന്നത്തെ മദ്ധ്യവര്‍ഗ്ഗവായനക്കാരന്‍പോലും വിചാരിക്കുന്നുണ്ട്‌.ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍പോലും ഗ്ലോസിലാമിനേഷനിലേക്കും ഉന്നതനിലവാരമുള്ള അച്ചടിയിലേക്കും മാറിപ്പോയത്‌ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ്‌.
ഇത്‌ ആനുകാലികങ്ങളുടെ കാര്യം.
  • തലപ്പാവ്‌ വച്ച പുസ്‌തകങ്ങള്‍
പുസ്‌തകങ്ങള്‍ എന്നാല്‍ സാഹിത്യഗ്രന്ഥങ്ങളാണെന്ന ധാരണയും ഒട്ടൊക്കെ മാറിക്കഴിഞ്ഞു.കേരളത്തിലെ സാഹിത്യത്തിന്റെ മൊത്തവിതരണക്കാരായ ഡി സി ബുക്‌സ്‌ പോലും പാട്ടുപുസ്‌തകവും എസ്‌.എം.എസ്‌ ഫലിതപുസ്‌തകവും പുറത്തിറക്കാന്‍ നിര്‍ബന്ധിതരായി.ഒപ്പം സെല്‍ഫ്‌ഹെല്‍പ്പ്‌ പുസ്‌തകങ്ങളും.പുസ്‌തകങ്ങള്‍ക്കും ഉള്ളടക്കവിപ്ലവം സാദ്ധ്യമായത്‌ നാം മാത്രം കാണാതിരുന്നിട്ടെന്ത്‌?നമ്മുടെ വേലിയില്‍നിന്ന്‌ `പാടാത്ത പൈങ്കിളി' പറന്നുപോയിട്ട്‌ കാലമെത്രയായി!
കഥയും കവിതയും നിരൂപണവും വായിക്കാനാളില്ലെന്ന്‌ പ്രസാധകര്‍ പറയുന്നു.നോവലാണെങ്കില്‍ ആര്‌ എങ്ങനെ എഴുതീതായാലും അച്ചടിക്കാം വില്‍ക്കാം എന്നതാണ്‌ പ്രസാധകസംസാരം.പോരാത്തതിന്‌ ഉടുപ്പിടീപ്പിച്ചും കിന്നരിവച്ച പുറംകുപ്പായം ചാര്‍ത്തിയും മോടിപിടിപ്പിക്കാം.വൈക്കോല്‍കൊണ്ടും കണ്ണാടികൊണ്ടും എഴുത്തുകാരന്റെ കൈയൊപ്പുകൊണ്ടും ഗ്രന്ഥം കമനീയമാക്കാം.ഇതൊക്കെ സാദ്ധ്യതകളാണ്‌.യാഥാസ്ഥിതികവായനക്കാരന്‍ അതിശയപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ലാത്ത വ്യതിയാനങ്ങള്‍.കാലോചിതമായ പരിഷ്‌കാരം എന്നു പറയുന്നതില്‍നിന്ന്‌,അതായത്‌ കാലത്തിന്റെ വേഗതയില്‍നിന്ന്‌,സാഹിത്യവും സാഹിത്യകാരനും മാത്രം മാറിനില്‍ക്കണമെന്ന്‌ ചിലര്‍ വാശിപിടിക്കുന്നതെന്തിനാണെന്ന്‌ എനിക്കുമനസ്സിലാവാറില്ല.
വിപണി ആഗോളമായതാണ്‌ ഒരു കാരണം.വായനക്കാരുള്ള സാഹിത്യം ചൂടാറും മുമ്പേ പോര്‍ച്ചുഗലില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വിമാനത്തില്‍ വരും.അനുമതിപത്രത്തിനായി കത്തയച്ച്‌ യുഗങ്ങളോളം പരിഭാഷകന്‌ കാത്തിരിക്കേണ്ടതില്ല.ജന്മം മുഴുവന്‍ സമര്‍പ്പിച്ച്‌ വിവര്‍ത്തകനാകേണ്ടതില്ല.വരിക്കുവരി തര്‍ജ്ജമ പറഞ്ഞുകൊടുത്താല്‍ വിവര്‍ത്തകനും പ്രസാധകനും അത്രയുംലാഭം.വായനക്കാരനും അത്രയേ വേണ്ടൂ.
പൗലോ കോയ്‌ലോ സ്വദേശത്തും വിദേശത്തും തത്സമയം പ്രത്യക്ഷനാകുന്നു.നൂറുകണക്കിന്‌ പ്രദേശികഭാഷകളില്‍ അവയുടെ തര്‍ജ്ജമകള്‍ നാളുകള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്നു.ഈ തരംഗത്തെ ഒപ്പംകൂട്ടി സ്വന്തം കച്ചവടം ലാഭകരമാക്കാന്‍ പ്രസാധകന്‍ ശ്രമിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല.അതിന്റെകൂടി ഭാഗമാണ്‌ അലങ്കാരംവച്ച പുസ്‌തകങ്ങള്‍.തീര്‍ച്ചയായും ഇതില്‍ നല്ല വായനക്കാരന്‍ കുറെയൊക്കെ വഞ്ചിക്കപ്പെടുന്നുണ്ട്‌.അത്‌ ഒത്തുതീര്‍പ്പിന്റെ മധ്യധരണ്യാഴി.
കാലത്തിന്റെ നട്ടുച്ചയ്‌ക്ക്‌ വായനയും കമനീയമായി.തുണിക്കടയും സ്വര്‍ണ്ണക്കടയും എങ്ങനെ മാറിയോ പലചരക്കുകട എങ്ങനെ റിലയന്‍സിലെത്തിയോ അതുപോലെ വായനയും പുസ്‌തകവും റാമ്പില്‍ നടക്കാനെത്തി.അതിനെ പ്രസാധകന്റെ അട്ടിമറിയെന്നോ പത്രാധിപരുടെ കൗശലമെന്നോ വായനക്കാരന്റെ അവിവേകമെന്നോ കള്ളിതിരിക്കുന്നത്‌ അസംബന്ധമാവും.അനാവശ്യവും.
വാസ്‌തവത്തില്‍ രണ്ടായിരത്തിനുശേഷം ഉള്ളടക്കം നവീകരിക്കുകയല്ല പ്രസാധകരും പത്രാധിപന്മാരും ചെയ്‌തത്‌.ഉള്ളടക്കം എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന്‌ മാറ്റം വരുത്തുകയാണ്‌.അങ്ങനെ മാറ്റം വരുത്തിയ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു തെഹല്‍ക്ക എന്ന പുസ്‌തകം.മീനാക്ഷിയുടെ ബ്ലോഗിന്റെ പുസ്‌തകരൂപമായ യൂ ആര്‍ ഹിയര്‍.മലയാളത്തില്‍ നളിനിജമീല മുതല്‍ ജെസ്‌മി വരെ.ഇതെല്ലാം വായനക്കാരന്റെ മനോഭാവത്തില്‍ വന്ന ഇക്കിളിസംസ്‌കാരമാണെന്ന്‌ അടച്ച്‌വിധിയെഴുതുന്നതില്‍ കാര്യമില്ല.അങ്ങനെയായിരുന്നെങ്കില്‍,ബൈബിളും മഹാഭാരതവും ഗ്രീക്ക്‌ പുരാണങ്ങളും വായിച്ച്‌ അതിലെ ഘോരമായ ക്രൂരകൃത്യങ്ങളും തിന്മയുടെ പരകായപ്രവേശവും മനസ്സിലാക്കി ചിത്തബോധം സ്വരൂപിച്ച എഴുത്തുകാര്‍ പില്‍ക്കാലത്ത്‌ അധമസാഹിത്യം രചിക്കാന്‍ മിനക്കെടാതെ സന്മാര്‍ഗ്ഗ സാഹിത്യത്തിന്റെ പ്രവാചകന്മാരായേനെ.അവയുടെ വായനക്കാര്‍ പുസ്‌തകങ്ങള്‍ കത്തിച്ച്‌ അച്ചടിയന്ത്രത്തിന്‌ തീ കൊടുത്ത്‌ വായനയില്ലാത്ത പുണ്യാളന്മാരായേനെ.അപ്പോള്‍ അതൊന്നുമല്ല കാര്യം.കാര്യം നമുക്കുപിടികിട്ടാത്ത വേറെന്തോ ആണ്‌.
കഥാസാഹിത്യം ലോകത്ത്‌ പിറന്നിട്ട്‌ രണ്ടോ രണ്ടരയോ നൂറ്റാണ്ട്‌ ആവുന്നതേയുള്ളൂ.മലയാളത്തില്‍ കഥ പിറവിയെടുത്തിട്ട്‌ ഒന്നേകാല്‍ നൂറ്റാണ്ടും. എങ്കില്‍,അതിനുമുമ്പ്‌ ആര്‌ മറച്ചുവച്ചിട്ടാണ്‌ കഥാരൂപം സാഹിത്യത്തിലുണ്ടാവാതെ പോയത്‌?അല്ലെങ്കില്‍ അതിനൊക്കെ മുമ്പ്‌ നാം ഇന്ന്‌ പരിഗണന കൊടുക്കുന്ന ചിട്ടപ്പടി കഥകള്‍ മാനവരാശിക്കിടയില്‍ ഇല്ലായിരുന്നു എന്നുറപ്പു പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..?
  • അധമമല്ല ആസ്വാദനം
അമ്പത്‌ വയസ്സിനപ്പുറം എഴുതിത്തുടങ്ങി വിശ്വമാകെ തന്റെ സാഹിത്യകൃതികളെ എത്തിച്ച വ്യക്തിയായിരുന്നു ജോസ്‌ സരമാഗു.വാര്‍ദ്ധക്യത്തിന്റെ ഗംഭീരനായ എതിരാളി.അദ്ദേഹം അവസാനകാലത്ത്‌ ബ്ലോഗ്‌ എഴുത്തിലും സജീവമായിരുന്നു.ആ കുറിപ്പുകള്‍ നോട്ട്‌ബുക്ക്‌ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന്‌ കേട്ടിരുന്നു.അദ്ദേഹത്തിന്റെ ബ്ലോഗെഴുത്ത്‌ കാലാഹരണപ്പെടുമെന്ന ഭയത്തില്‍ നിന്നുളവാകുന്ന പ്രചാരവേലയല്ല.മറിച്ച്‌ ആശയപ്രകാശനത്തിന്‌ നൂതനവും അനുയോജ്യവുമായ വഴികള്‍ തേടുക മാത്രമാണ്‌.നമ്മള്‍ മാറിയ ജീവിതത്തെപ്പറ്റി പറയുമ്പോള്‍ നാം മാത്രം മാറാതെയിരിക്കുന്നതിനെപ്പറ്റി പറയാതിരിക്കുന്നതില്‍ വലിയ കാര്യമില്ല.ജോസ്‌ സരമാഗു ചെയ്‌തത്‌ അതാണ്‌.
ജോസ്‌ സരമാഗുവിനെപ്പോലെ ഈ വര്‍ഷം മരിച്ച മറ്റൊരു മഹാസാഹിത്യകാരനായിരുന്നല്ലോ ജെ.ഡി.സാലിഞ്ചര്‍.അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതിയായ `ദ കാച്ചര്‍ ഇന്‍ ദ റേ' 1951-ല്‍ ആണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ആ പുസ്‌തകത്തിന്റെ രണ്ടു ലക്ഷത്തിലധികം പ്രതികള്‍ ഓരോ വര്‍ഷവും ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ടത്രേ.സമാനതകള്‍ തെല്ലുമില്ലെങ്കിലും നമ്മുടെ ഭാഷയിലെ രണ്ടാമൂഴവും ഒരു സങ്കീര്‍ത്തനംപോലെയും മുമ്മൂന്ന്‌ മാസത്തിലൊരിക്കലെങ്കിലും രണ്ടായിരം പ്രതികള്‍വീതം പുതിയ പതിപ്പുകള്‍ ഇറങ്ങുന്ന പുസ്‌തകങ്ങളാണ്‌.ഓരോ പതിപ്പിലും ഇവയൊന്നും മാറ്റിയെഴുതപ്പെടുന്നില്ല.എന്നിട്ടും പുതിയ വായനക്കാര്‍ വായിക്കുന്നുണ്ട്‌.ഉത്തരം ലളിതം.അവ വായനക്കാരനെ വായിപ്പിക്കുന്നു.
പരിഭാഷകളിലും ഇത്‌ കാണാം.മാര്‍ക്കേസാവണം മലയാളത്തിലെ ആദ്യത്തെ വിദേശ ബെസ്റ്റ്‌സെല്ലര്‍ എഴുത്തുകാരന്‍.അതിനുമുമ്പ്‌ ദസ്‌തയേവ്‌സ്‌കിയും വിക്‌ടര്‍ ഹ്യൂഗോയും മറ്റുപലരും വന്നിട്ടുണ്ടെങ്കിലും മാര്‍ക്കേസ്‌ കയറിപ്പോയ പടവുകള്‍ കുറേയേറെയായിരുന്നു.ഇക്കാര്യത്തില്‍,അതായത്‌ പരിഭാഷയെ സംബന്ധിച്ച കാര്യത്തില്‍ മാധവിക്കുട്ടിയുടെ നിരീക്ഷണമുണ്ട്‌.``വിവര്‍ത്തനത്തെപ്പറ്റി എനിക്കു ചില ഉറച്ച അഭിപ്രായങ്ങളുണ്ട്‌.പദാനുപദവിവര്‍ത്തനത്തില്‍ എനിക്കു താല്‌പര്യമില്ല.വിവര്‍ത്തനത്തില്‍ മൗലികകൃതിയുടെ ആത്മവത്ത നിലനിര്‍ത്താനാണ്‌ ഞാനെപ്പോഴും ശ്രമിച്ചിട്ടുള്ളത്‌.''
വളരെ ശക്തമായ വേറിട്ട ഒരഭിപ്രായമാണിത്‌.വിപണിയുടെ മായാജാലങ്ങളല്ല കൃതിയുടെ വായനക്കാരോടുള്ള കൂറാണ്‌ വിജയംവരിക്കുന്നത്‌. ഇവിടെയെല്ലാം ഇടനിലക്കാരന്റെ കാലാനുസൃതഭാവനകള്‍ അനുവാചകനെ അലോസരപ്പെടുത്തുന്നില്ല.അത്‌ നിലനില്‍ക്കുന്ന സാഹിത്യത്തിന്റെ അന്തസ്സ്‌.ഇന്ന്‌ വിപണി തിരിച്ചുവിടുന്നു എന്നു നാം ഉത്‌കണ്‌ഠപ്പെടുന്ന ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ എല്ലാകാലത്തുമുണ്ടായിരിക്കാനിടയുള്ളതാണ്‌.മനുഷ്യന്റെ അഭിരുചികള്‍ വിഭിന്നമാണ്‌ എന്നതാണ്‌ അതിനുകാരണം.അതില്‍ നാം ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമേയില്ല.
വായനക്കാരനും തന്റെ അഭിരുചിയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്യമുണ്ട്‌.അതിനെ നാം അംഗീകരിക്കുകയും കള്ളന്റെ ആത്മകഥയ്‌ക്കും മീനാക്ഷിയുടെ ബ്ലോഗെഴുത്തിനും സൈറാബാനുവിന്റെ ഡ്യൂപ്പ്‌ ജീവിതത്തിനും കൈയടി കൊടുക്കുകയും വേണം.
പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടകളും നാളെ പുസ്‌തകമായിവരാം.വിദ്യഭ്യാസകച്ചവടം നടത്തുന്ന മതാദ്ധ്യക്ഷന്മാരുമായി ഇന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തുന്ന ചര്‍ച്ചകളും നാളെ പുസ്‌തകമായിവരാം.ആണവക്കരാറിന്റെ പിന്നാമ്പുറങ്ങള്‍ ഒന്നാന്തരം അപസര്‍പ്പകകഥയായേക്കാം.കെ.മുരളീധരന്റെ ആത്മകഥ ഈച്ചരവാരിയര്‍ക്കുള്ള തിലോദകമായേക്കാം.ഡി സി ബുക്‌സിന്‌ വീണ്ടും വീണ്ടും ടിന്റുമോന്‍ കഥകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നേക്കാം.എച്ച്‌ & സി ബുക്‌സിന്‌ വീണ്ടും വീണ്ടും കാരൂരിനെയും എം.സുകുമാരനെയും അച്ചടിക്കേണ്ടിവന്നേക്കാം.ഇതെല്ലാം പ്രസാധകനെക്കൊണ്ട്‌ ദൈവം തോന്നിപ്പിക്കുന്നതല്ല,വായനക്കാരന്‍ ഇടപെടുന്നതുമല്ല.ഇത്‌ ട്രെന്റുമല്ല.ജനിച്ചദിവസം തന്നെ "മസ്‌തിഷ്‌കവളര്‍ച്ചയില്‍" മരിച്ചുപോയവര്‍ വിവരദോഷം പറയുന്നതുപോലെയാണത്‌.
കലപ്പയ്‌ക്കു പകരം ട്രാക്‌ടര്‍ വന്നതുപോലെ റെഡിമിക്‌സ്‌ വിഭവങ്ങള്‍ വന്നതുപോലെ ഓട്‌സ്‌ വന്നതുപോലെ ഛായാഗ്രഹണത്തിലെ രാസസാങ്കേതികവിദ്യ ഡിജിറ്റലായതുപോലെയുള്ള മാറ്റങ്ങള്‍.
മാറ്റങ്ങളെ എനിക്കിഷ്‌ടമാണ്‌.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു.

Saturday, September 25, 2010

വീണ്ടും മലയാളത്തിന്‌ ജ്ഞാനപീഠഭാഗ്യം.

വീണ്ടും മലയാളത്തിന്‌ ജ്ഞാനപീഠഭാഗ്യം.ജി.ശങ്കരക്കുറുപ്പിനുശേഷം മറ്റൊരു കവിക്ക്‌‌,മറ്റൊരു കുറുപ്പിന്‌,ശ്രീ ഓ.എന്‍.വി കുറുപ്പിന്‌ ഭാരതത്തിന്റെ ആദരം.അഞ്ചാം തവണയാണ്‌ മലയാളത്തിലേക്ക്‌ ജ്ഞാനപീഠം വരുന്നത്‌.
എസ്‌‌.കെ.പൊറ്റെക്കാട്ടും തകഴി ശിവശങ്കരപ്പിള്ളയും എം.ടി.വാസുദേവന്‍ നായരും ഗദ്യസാഹിത്യമെഴുതിയിരുന്നവരാണ്‌.ജി കഴിഞ്ഞ്‌ കവിതകളെതൊടാതെ നിന്ന ജ്ഞാനപീഠം ഇത്തവണ കവിതയെത്തന്നെ തേടിയെത്തി.കവിതയുടെ അന്തസ്സ്‌‌.ഭാഷയുടെ പുണ്യം.അങ്ങനെ നമുക്കിതിനെ സ്വീകരിക്കാം.പറഞ്ഞുകേട്ടിരുന്നപോലെ മാധവിക്കുട്ടിക്കായാലും അക്കിത്തത്തിനായാലും ജ്ഞാനപീഠത്തിനുള്ള നറുക്ക്‌ കവിതയ്‌ക്ക്‌ തന്നെയായിരുന്നു.അത്‌ നന്നായി.സമകാലീന മലയാളകവിതയുടെ ദരിദ്രമായ ഉടലിനും ആത്മാവില്ലാത്ത ജീവിതത്തിനും ഒരു ഷോക്ക്‌ട്രീറ്റ്‌മെന്റ്‌ എന്നമട്ടില്‍ നമുക്കിതിനെ വരവേല്‍ക്കാം.ഇക്കാലത്തെ കവികള്‍ ഭാവിയിലെ ജ്ഞാനപീഠത്തിനായി നല്ല കവിതകള്‍ എഴുതട്ടെ.അതുകൊണ്ടുതന്നെ,മേഖല തിരിച്ച്‌‌ ഗ്രൂപ്പുണ്ടാക്കുന്നതിലും എതിരാളികളെ ഫാന്‍സിനെവിട്ട്‌ കൂവിത്തോല്‍പ്പിക്കുന്നതിലും സജീവശ്രദ്ധ പുലര്‍ത്തുന്ന സമകാലീന മലയാളികവികള്‍ ഓ.എന്‍.വിക്കു കിട്ടിയ ഈ പുരസ്‌കാരത്തെ ആഘോഷിക്കാന്‍ സാദ്ധ്യത കാണുന്നില്ല.'ഓ,ഇതിലത്ര കാര്യമൊന്നുമില്ല...അത്‌ മറ്റവന്‌ കൊടുക്കാതിരിക്കാന്‍ അങ്ങേര്‍ക്ക്‌ കൊടുത്തതാ'ണെന്നേ സമകാലീന മലയാളി കവികളുടെ ക്യാമ്പില്‍നിന്ന്‌‌ കമന്റ്‌ വരാനിടയുള്ളൂ.എന്തായാലും ഓ.എന്‍.വിയുടെ പിന്നാലെ അനുമോദനവുമായി തലമൂത്ത മലയാളകവികളും ഗദ്യകാരന്മാരും പത്രപ്രവര്‍ത്തകന്മാരുമേ കാണൂ എന്നുതോന്നുന്നു.ഇക്കാര്യത്തില്‍ ചെറുവാല്യക്കാരുടെ സപ്പോര്‍ട്ട്‌ കിട്ടുമെന്നുതോന്നുന്നില്ല.കാത്തിരുന്നുകാണാം.
മലയാളത്തിന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും എഴുത്തുകാരനാണ്‌ ശ്രീ ഒ.എന്‍.വി കുറുപ്പ്‌.സര്‍,അങ്ങേയ്‌ക്ക്‌ നമസ്‌കാരം.ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 2007-ലെ ജ്ഞാനപീഠപുരസ്‌കാരത്തില്‍ ഏതൊരു മലയാളിക്കുമൊപ്പം ഞാനും സന്തോഷിക്കുന്നു,അഭിമാനിക്കുന്നു.വരും വര്‍ഷങ്ങളിലും ഗദ്യ-പദ്യ ഭേദമില്ലാതെ മലയാളത്തിന്‌ ജ്ഞാനപീഠങ്ങള്‍ ലഭിക്കട്ടെ.