Tuesday, September 13, 2011

ഭൂമിയില്‍ ഒരു പൂവ്‌

രിത്തിരി സ്ഥലം വാങ്ങണമെന്നത്‌ വളരെക്കാലമായുള്ള എന്റെ മോഹമാണ്‌.ചിലരതിന്‌ ഭൂമി വാങ്ങണമെന്നാണ്‌ പറയുക.അതെങ്ങനെയാണ്‌ ശരിയാവുകയെന്ന്‌ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്‌.ഭൂമി സ്വന്തമാണെന്ന്‌ പറയാന്‍ നമുക്കെന്തവകാശം.?എന്നാലും നാം ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ കാലം വരെ കൈവശം വച്ച്‌ അനുഭവിക്കാന്‍ കഴിയുന്ന ഒരല്‌പം മണ്ണ്‌ സ്വന്തമായി വേണം എന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ അങ്ങനെ ആഗ്രഹിക്കുന്നതിനര്‍ത്ഥം.അതാണ്‌ സ്ഥലം വാങ്ങല്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
ഞാനും അത്തരത്തില്‍ ആഗ്രഹിക്കാന്‍ ചില കാരണങ്ങളുണ്ട്‌.ഇന്ത്യയില്‍ ഒട്ടാകെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌.ഭൂസൗന്ദര്യത്തിന്റെ പരമാവധി അനുഭവിപ്പിക്കുന്ന കശ്‌മീരില്‍ ആഴ്‌ചകളോളം താമസിക്കുകയും ചെയ്‌തു.എങ്കിലും എനിക്കിഷ്‌ടമായ പ്രദേശം പാലക്കാടാണ്‌.കണ്ണൂരും ഇടുക്കിയും എറണാകുളവും തൃശ്ശൂരും പോലെ വേറിട്ട പ്രദേശങ്ങളുടെ അനുഭവപശ്ചാത്തലം എനിക്കുണ്ടായിട്ടും ഹൃദയത്തില്‍ ഞാന്‍ സ്‌നേഹിച്ചത്‌ പാലക്കാടിനെയാണ്‌.വീടുവച്ചു താമസിക്കാനും വേണമെങ്കില്‍ കൃഷി നടത്താനും സ്വസ്ഥവും ലളിതവുമായി ജീവിതം നടത്താനും പാലക്കാടാണ്‌ നല്ലത്‌.തമിഴ്‌ ഗ്രാമങ്ങളോടുള്ള എന്റെയൊരിഷ്‌ടവും മറ്റ്‌ ഗൃഹാതുരസ്‌മൃതികളും ഇതിനു പിന്നിലുണ്ടാകാം.അങ്ങനെയാണ്‌ എന്നെങ്കിലും സ്ഥലം വാങ്ങുകയാണെങ്കില്‍ അത്‌ പാലക്കാടായിരിക്കണമെന്ന്‌ വര്‍ഷങ്ങള്‍ക്കു പിറകില്‍വച്ചേ ഞാന്‍ തീരുമാനിക്കാന്‍ കാരണം.
പാലക്കാട്‌ നല്ല കുറേ സ്‌നേഹിതരുണ്ട്‌.സാഹിത്യവും സാധാരണ ജീവിതവുമായി സമദൂരസിദ്ധാന്തം പാലിക്കുന്ന അവര്‍ക്ക്‌ എന്നെ എഴുത്തുകാരനായിട്ടല്ലാതെയും സ്‌നേഹിക്കാന്‍ കഴിയും.അതില്‍പ്പെട്ടതാണ്‌ പാടൂരുള്ള വിനോദ്‌ കൃഷ്‌ണന്‍ മാഷും മഞ്‌ജു ടീച്ചറും.എന്റെ ഹൈസ്‌കൂള്‍ കാലത്തെ പരിചയമാണ്‌ മഞ്‌ജുവിനെ.ഏതോ പ്രസിദ്ധീകരണത്തില്‍ കവിതയെഴുതി സമ്മാനം നേടിയതിനെ അഭിനന്ദിച്ചുകൊണ്ട്‌ ഞാനയച്ച കത്തില്‍നിന്നാണ്‌ ആ സൗഹൃദത്തിന്റെ തുടക്കം.പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അവര്‍ വിനോദ്‌ മാഷിനെ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും മകനുണ്ടാവുകയുമൊക്കെ ചെയ്‌തതിനുശേഷമാണ്‌ ഞങ്ങള്‍ ആദ്യമായി തമ്മില്‍ കാണുന്നത്‌.അത്‌ രണ്ടായിരത്തിലോ മറ്റോ ആണ്‌.അതുവരെ ഫോണല്ല,കത്തായിരുന്നു രണ്ട്‌ ജില്ലകളില്‍ താമസിക്കുന്ന ഞങ്ങള്‍ക്കിടയിലെ വിനിമയമാദ്ധ്യമം.
പറഞ്ഞുവന്നത്‌ പില്‍ക്കാലത്ത്‌ അവരിരുവരും എന്റെ ജീവിതത്തില്‍ നല്ല രക്ഷിതാക്കള്‍കൂടിയായി മാറിയെന്നാണ്‌.ഇടയ്‌ക്കിടെ ആലത്തൂരിനും തിരുവില്വാമലയ്‌ക്കുമിടയിലുള്ള പാടൂര്‌ `സ്വപ്‌ന'ത്തില്‍ പോകാറുള്ളപ്പോള്‍ ഞാനത്‌ രണ്ടാളോടും സൂചിപ്പിക്കാറുണ്ടായിരുന്നു.അവരത്‌ അത്ര കാര്യമായി എടുക്കാതിരുന്നതിന്‌ കാരണം എന്റെ കൈയില്‍ സ്ഥലം വാങ്ങാനുള്ള കാശൊന്നുമില്ല എന്നറിയാവുന്നതുകൊണ്ടാവാം.എങ്കിലും കഴിഞ്ഞ ഓണത്തിന്‌ അവരെന്റെ എറണാകുളത്തെ വാടകവീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അല്‌പം കാര്യമായിത്തന്നെ പറഞ്ഞു.
``മാഷേ,എനിക്കൊരു സ്ഥലം നോക്കിത്തരണം.''
മാഷും മഞ്‌ജുവും അക്കാര്യമേറ്റു.എന്റെ `ഹരിതമോഹനം' എന്ന കഥയുടെ വലിയൊരു ഇഷ്‌ടക്കാരനായിരുന്നു മാഷ്‌.
ഞാന്‍ പാടൂര്‌ ചെല്ലുമ്പോഴൊക്കെ അവരുടെ മകന്‍ പത്താം ക്ലാസുകാരന്‍ ആദിത്യനെയും കൂട്ടി പാടൂരും കാവശ്ശേരിയിലും നടക്കാന്‍ പോകുമായിരുന്നു.വയലുകളും കരിമ്പനപ്പറമ്പുകളും കാവുകളും പുഴകളും താണ്ടി ഞങ്ങളിരുവരും പകല്‍ തോറും നടന്നലയും.വാസ്‌തവത്തില്‍ എത്ര മുക്കിക്കുടിച്ചാലും മതിവരാത്ത പാലക്കാടിന്റെ ഹരിതഭംഗി എന്നെ അന്നൊക്കെ വല്ലാതെ മുഗ്‌ധനാക്കിയിട്ടുണ്ട്‌.വെറും സാധാരണക്കാരുടെ നാട്‌ കൂടിയാണല്ലോ പാലക്കാട്‌.ജാടയൊന്നും ആരിലുമില്ല.അതിനെക്കാളുപരിയാണ്‌ അവരുടെ മനസ്സിലെ നന്മ.കഥകള്‍ എത്ര വേണമെങ്കിലും കിട്ടുന്ന മണ്ണും കാറ്റും വെയിലും മഴയും.പിന്നെ ഞാനെങ്ങനെ പാലക്കാടിനെ ഇഷ്‌ടപ്പെടാതിരിക്കും.?
കഴിഞ്ഞ ജനുവരിയോടെ എന്റെ ജീവിതം അപ്രതീക്ഷിതമായ വിധത്തില്‍ മാറിമറിഞ്ഞു.സ്വന്തമായ നിലനില്‍പ്‌ എന്നത്‌ ഏതുവിധേനയും കൂടിയേതീരൂ എന്ന അവസ്ഥയിലേക്ക്‌ ഞാനെത്തിപ്പെട്ടു.അവനവന്റെ ജംഗമങ്ങള്‍ പെറുക്കിവയ്‌ക്കാനൊരിടം എന്നത്‌ ജീവിതത്തിലെ ഏറ്റവും വലിയ അത്യാവശ്യമായി മാറി.സങ്കീര്‍ണ്ണമായ സ്ഥിതിഗതികളിലേക്ക്‌ ഞാനുണര്‍ന്നത്‌ അന്നേരമാണെന്നും പറയാം.അപ്പോഴേക്കും ജീവിതത്തിലെ വലിയ അലസതയുടെ ശിക്ഷ എനിക്കുകിട്ടിക്കഴിഞ്ഞിരുന്നു.
ഓര്‍മ്മ വച്ച കാലം മുതല്‍ കെട്ടിപ്പൊതിഞ്ഞ്‌ ചിതലിനും മണ്ണിനും തീയ്‌ക്കും കൊടുക്കാതെ കൊണ്ടുനടന്നതെല്ലാം നഷ്‌ടപ്പെടുമെന്ന അവസ്ഥയെ ഞാന്‍ നേരിട്ടു.
അനവധി സുഹൃത്തുക്കളെ തന്ന കത്തെഴുത്തുകാലത്തെ ഫയലുകള്‍ മുതല്‍ ആദ്യകഥകള്‍ വന്ന സ്വന്തം കൈയെഴുത്തുമാസികകള്‍ വരെ എന്നെ നോക്കി അമ്പരപ്പോടെ നിന്നു.ആദ്യകാല കഥകള്‍ വന്ന (ഒരു സമാഹാരത്തിലും ഞാന്‍ ഉള്‍പ്പെടുത്താത്ത) മാസികകളെ ഇനി ഞാനെവിടെ സൂക്ഷിക്കും.
അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ സങ്കടം പൊട്ടും.വീട്‌ മുഴുവന്‍ ഞാന്‍ ശ്രദ്ധിച്ചു.ഒരോ ചുമരിലും കയറിയിരിപ്പുണ്ട്‌ എന്തെങ്കിലുമൊക്കെ ഓര്‍മ്മകള്‍,അടയാളങ്ങള്‍,ഭദ്രമാക്കിവയ്‌ക്കേണ്ട നിസ്സാരമെന്നു തോന്നുന്ന മുദ്രകള്‍.പക്ഷേ വീടൊഴിയുമ്പോള്‍ അതൊക്കെ എവിടെവയ്‌ക്കും..?ഞാനെന്ത്‌ മറുപടി പറയാന്‍..!
പെട്ടിവണ്ടി വിളിച്ചുകൊണ്ടുവന്ന്‌ എല്ലാം അതിലിട്ട്‌ ആക്രികച്ചവടക്കാരന്‌ വിറ്റു.പോയതെല്ലാം വിലപ്പെട്ടതാണ്‌.കാലത്തിന്റെ കലവറയില്‍ ചിത്രപ്പൂട്ടിട്ട്‌ വയ്‌ക്കേണ്ടിയിരുന്ന വിഭവങ്ങളും വിലപ്പെട്ട രേഖകളും.
എങ്ങനെ അവ നഷ്‌ടമായി അഥവാ എന്തിന്‌ അവയെ നഷ്‌ടപ്പെടുത്തി.?ഒരേയൊരുത്തരം:സ്വന്തമായി ഒരിത്തിരി ഇടമില്ലാത്തതുകൊണ്ടുമാത്രം.
ഞാന്‍ മാഷിനെ വിളിച്ചു.
``മാഷേ,എനിക്കുടനെ സ്ഥലം വേണം.അഞ്ച്‌ സെന്റ്‌ മതി.അതിനുള്ള കാശുണ്ട്‌.പോരാത്തത്‌ ഉണ്ടാക്കാം.''
ഇത്തവണ സാഹചര്യങ്ങള്‍ കേട്ട മാഷ്‌ പിറ്റേന്നുതന്നെ എന്നെ വിളിച്ചു.
``സ്ഥലമുണ്ട്‌.അത്‌ ഞങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ചിരുന്നതാണ്‌.പക്ഷേ ഇപ്പോ ഞങ്ങള്‍ക്കതിന്‌ സാധിക്കില്ല.അത്‌ സൗകര്യമായി.നിനക്കുതരാം.വില ഇത്രയാണ്‌ പറയുന്നത്‌.''
എന്നിട്ട്‌ മാഷ്‌ സെന്റിന്റെ വില പറഞ്ഞു.അത്രയും സംഖ്യ എന്റെ കൈയിലുണ്ടായിരുന്നില്ല.എന്നാല്‍ ഉണ്ടാക്കാമെന്ന്‌ ഉറപ്പുണ്ടായിരുന്നു.അതുകൊണ്ട്‌ ക്ഷണനേരം കളയാതെ ഞാന്‍ പറഞ്ഞു.
``അതെനിക്കുവേണം.അതെനിക്കുവേണം.''
``എന്നാല്‍ സൗകര്യം നോക്കി നീയൊരു ദിവസം വരൂ.മഞ്‌ജുവിന്റെ സ്‌കൂളില്‍ ചെന്നാല്‍ മതി.പ്ലോട്ട്‌ കാണിച്ചുതരും.''
എനിക്ക്‌ വലിയ സന്തോഷമായി.എറണാകുളത്തുനിന്ന്‌ ഒരു ദിവസം ഞാനവിടെ ചെന്നു.ക്ലാസ്‌ കഴിഞ്ഞ്‌ മഞ്‌ജു എന്നെയും കൂട്ടി സ്ഥലം കാണിച്ചുതരാന്‍ വന്നു.
ആദ്യമായി സ്ഥലം വാങ്ങാന്‍ പോകുന്നവന്റെ ഗര്‍വ്വോടെയാണ്‌ ഓട്ടോയിറങ്ങി ഞാന്‍ നടന്നത്‌.പെട്ടെന്ന്‌ ഞാന്‍ നിന്നു.ചുറ്റും നോക്കി.നല്ല പരിചയമുള്ള സ്ഥലം.ഇതെവിടെയാണ്‌.?ഓര്‍മ്മയില്‍ പരതി.വൈകാതെ മനസ്സിലായി.അതേ വഴികള്‍..
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കപ്പുറം നഷ്‌ടപ്പെട്ടുപോയ പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ ഒരു സായാഹ്നത്തില്‍ ഞാനിതിലെ വന്നിട്ടുണ്ട്‌.അന്ന്‌ അസ്‌തമയാകാശത്തിന്റെ അവസാനനേരപൊട്ടുതരികള്‍ അവളുടെ മുഖത്ത്‌ വീണുകിടന്നിരുന്നു.അതിനെക്കാള്‍ തീക്ഷ്‌ണമായിരുന്നു അന്നവളുടെ മുഖത്തുണ്ടായിരുന്ന വിഷാദഛായ.അക്കാലത്ത്‌ ഒരു ഹ്രസ്വകാലം അവളുടെ ചേച്ചി ഇവിടെയടുത്തായിരുന്നു താമസിച്ചിരുന്നത്‌.
കാലത്തിനിപ്പുറത്തുനിന്നു നോക്കുമ്പോള്‍ എന്തൊരു വിസ്‌മയം.ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ലെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.?
ഞാന്‍ നിശ്ശബ്‌ദനായി നടന്നു.പരിസരത്ത്‌ കാല്‍പ്പെരുമാറ്റത്തിന്റെ പരിചിതസ്വരം.അത്‌ വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണ്‌.മതി.ഇതുതന്നെ മതി എനിക്കു ജീവിക്കാനുള്ള സ്ഥലം.ഞാന്‍ മനസ്സിലോര്‍ത്തു.
ആദ്യമായി വരുന്നതിനാല്‍ പരിസരം പഠിക്കുന്നതിനായി പ്രധാനനിരത്തില്‍ നിന്നുള്ള ദൂരം നടക്കാമെന്നാണ്‌ മഞ്‌ജു പറഞ്ഞത്‌.വഴിയില്‍ വൈകുന്നേരത്തെ വെയില്‍ വീഴുന്നുണ്ട്‌.കണ്ണെത്താദൂരം നിരന്നുകിടക്കുന്ന പ്രദേശം.ഇടയില്‍ ചില വീടുകള്‍.വളഞ്ഞു ചരിഞ്ഞു കിടക്കുന്ന വീതികുറഞ്ഞ ടാര്‍നിരത്ത്‌.അകലെയായി എന്റെ വരവ്‌ നോക്കി നില്‍ക്കുന്ന കരിമ്പനകള്‍.കൃഷിയൊഴിഞ്ഞ പാടത്ത്‌ കൊറ്റികളും കിളികളും.അപ്പുറത്ത്‌ അധികം പരപ്പില്ലാത്ത ഒരു കുളം.അതിനെച്ചുറ്റി ചെന്നാല്‍ കാണുന്നതാണ്‌ ഞാന്‍ വാങ്ങാന്‍ പോകുന്ന സ്ഥലം.കുറേ അകലെയായി ഗായത്രിപ്പുഴ.പുഴയുടെ തിളക്കം കാണാമോ..?എന്റെ മനസ്സ്‌ നിറഞ്ഞു.
അളന്നിട്ട സ്ഥലത്ത്‌ തറച്ചിട്ടുള്ള കുറ്റികള്‍ കാണിച്ച്‌ മഞ്‌ജു അതിരുകള്‍ പറഞ്ഞുതന്നു.എനിക്കൊന്നും പിടികിട്ടിയില്ല.എങ്കിലും സ്ഥലം കണ്ടു,മനസ്സിലായി.ഞാന്‍ മൊബൈല്‍ കാമറയില്‍ സ്ഥലത്തിന്റെ ഫോട്ടോയെടുത്തു.തിരിച്ചുവരുമ്പോള്‍ ഞാന്‍ മഞ്‌ജുവിനെ നോക്കി.പണ്ട്‌,വളരെ പണ്ട്‌ നീല ഇന്‍ലന്റില്‍ എനിക്കു കത്തയച്ചിരുന്ന ഏതോ ദേശത്തെ പെണ്‍കുട്ടി ഇപ്പോള്‍ എനിക്ക്‌ വാങ്ങാന്‍ സ്ഥലം കാണിച്ചുതരുന്നു.എന്റെ രക്തബന്ധുവല്ല,ആരുമല്ല,ഞാനവര്‍ക്ക്‌ നയാപൈസയുടെ ഉപകാരം ചെയ്‌തിട്ടുമില്ല.എന്നിട്ടും..
പോക്കുവെയില്‍ തങ്ങിനില്‍ക്കുന്ന കരിമ്പനകള്‍ ഇതെല്ലാമടങ്ങിയിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ രഹസ്യം മനുഷ്യരോട്‌ പറയട്ടെ.അതിനുത്തരം പോലെ ഒരു ചെമ്പരുന്ത്‌ മാനത്ത്‌ പറക്കുന്നത്‌ ഞാന്‍ കണ്ടു.
ഞങ്ങള്‍ ബസിന്‌ മടങ്ങി.സത്യത്തില്‍ പിന്നീടുള്ള വ്യവഹാരജോലികളും ഇടപാടുകളും ഞാനറിഞ്ഞില്ല.അവരെന്നെ ബുദ്ധിമുട്ടിച്ചില്ല എന്നല്ലേ പറയേണ്ടത്‌.അവര്‍ തന്നെ സ്ഥലമുടമയെ കണ്ടു സംസാരിച്ചു.എനിക്കായി അഡ്വാന്‍സ്‌ കൊടുത്തു.അളപ്പിക്കാന്‍ ആളെ ഏര്‍പ്പാടാക്കി.അപ്പോള്‍ ചെറിയൊരു പ്രശ്‌നം തലപൊക്കി.അളന്നുവന്നപ്പോള്‍ അത്‌ എട്ടു സെന്റുണ്ട്‌.അത്രയും വാങ്ങാനുള്ള പണം എന്റെ കൈയിലില്ല.അഞ്ച്‌ സെന്റ്‌ മതിയായിരുന്നു എനിക്ക്‌.വേണ്ടെന്നുവച്ചാല്‍ വേറാരെങ്കിലും വാങ്ങിപ്പോകും.
ഇത്തിരി ഭയപ്പാടോടെ ഞാനാലോചിക്കുക മാത്രമല്ല പുതിയ പ്രതിസന്ധിയെപ്പറ്റി എനിക്ക്‌ വളരെ അടുപ്പമുള്ളവരോട്‌ പറയുകയും ചെയ്‌തു.അപ്പോഴുണ്ടായ പ്രതികരണങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചത്‌.എന്തുവന്നാലും സ്ഥലം നഷ്‌ടപ്പെടുത്തരുതെന്നും തികയാത്ത പണം എത്രയായാലും എനിക്ക്‌ തരാമെന്നുമായിരുന്നു അത്‌.
അതെനിക്കൊരു ധൈര്യമായിരുന്നു.അതെനിക്ക്‌ കിട്ടിയ,എന്റെ ഇത്രയും കാലത്തെ എഴുത്തിന്‌ കിട്ടിയ,സ്‌നേഹവും വലിയ പിന്തുണയുമായിരുന്നു.അപ്പോള്‍ ഗായത്രിപ്പുഴയുടെ തണുത്ത ഓര്‍മ്മ എന്നെ തഴുകി.
സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട കാര്യങ്ങളെല്ലാം മാഷ്‌ ചെയ്‌തു.ആധാരം എഴുതാന്‍ ഏല്‍പ്പിച്ചു.ഇതിനെല്ലാം വേണ്ടി ഒന്നിലേറെ തവണ ഓടിനടന്നത്‌ കാഴ്‌ചയ്‌ക്ക്‌ കാര്യമായ വിഷമമുള്ള മാഷും മഞ്‌ജുവുമാണ്‌.
മൂന്ന്‌ പേര്‍ എനിക്ക്‌ പലിശയില്ലാതെ പണം തന്ന്‌ സഹായിച്ചില്ലായിരുന്നെങ്കില്‍ (ദൈവമേ,ആ കടപ്പാടുകള്‍ ജീവന്‍ വിട്ടുപോകുന്ന അവസാനനിമിഷത്തിലും ഞാനോര്‍ത്തുവയ്‌ക്കും.)അവസാനനിമിഷം ഞാനാ സ്ഥലം വേണ്ടെന്നു വയ്‌ക്കുമായിരുന്നു.
പണം തന്നവരോടുള്ള അഗാധമായ നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനൊപ്പം ഈ രണ്ടുപേരെപ്പറ്റി കൂടുതലായി ഞാന്‍ എടുത്തുപറയാന്‍ കാരണമുണ്ട്‌.ഇവരില്ലായിരുന്നെങ്കില്‍ ഇത്തരം കച്ചവടം നടത്തി യാതൊരു പരിചയവുമില്ലാത്ത ഞാന്‍ ഇടനിലക്കാരാല്‍ വല്ലാതെ പറ്റിക്കപ്പെടുകയോ പരിചയമില്ലാത്ത സ്ഥലത്ത്‌ കഷ്‌ടപ്പെടുകയോ ചെയ്യേണ്ടിവരുമായിരുന്നു.മാത്രവുമല്ല ഇത്തരം വ്യവഹാരകാര്യങ്ങളിലൊക്കെ എന്റെ അറിവ്‌ എന്നത്‌ വട്ടപ്പൂജ്യമാണ്‌.ആരേക്കാളും നന്നായി അതെനിക്കറിയാം.ഒരു പ്രതിഫലവും പറ്റാതെ എനിക്കായി അവര്‍ കഷ്‌ടപ്പെട്ടത്‌ എന്നോടുള്ള മമത കൊണ്ടുമാത്രമാണ്‌.അത്‌ എന്റെ സാഹിത്യം വായിച്ചിട്ടുള്ള ആരാധനയില്‍നിന്നോ ആഹ്ലാദത്തില്‍ നിന്നോ മാത്രമുള്ളതല്ലെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.അത്‌ ഒരു സഹജീവി എന്ന നിലയില്‍ വര്‍ഷങ്ങളായി അവരെന്നെ തിരിച്ചറിഞ്ഞിട്ടുള്ളത്‌ കൊണ്ടാണ്‌.
ഇന്ന്‌ ആ സ്ഥലത്തു പോകുമ്പോള്‍ ഓര്‍മ്മകള്‍ പലതാണ്‌.എന്റെ പേരിലുള്ള ഇത്തിരി മണ്ണാണത്‌.ആരിറക്കിവിട്ടാലും ഏത്‌ വീടൊഴിഞ്ഞാലും ആരുപേക്ഷിച്ചുപോയാലും എനിക്കീ ഭൂമിയില്‍ വരാനൊരിടമുണ്ട്‌.
നീലാകാശത്തിനുതാഴെ എന്റെ മണ്ണില്‍ നില്‍ക്കുമ്പോഴെനിക്ക്‌ ഒരു ഏട്ടനെ പോലെ കൂടെനിന്ന മാഷെ ഓര്‍മ്മവരും.സ്‌നേഹം മനസ്സുകളില്‍ മരിക്കുകയില്ലെന്ന്‌ അപ്പോള്‍ അതുവഴി വരുന്ന കരിമ്പനക്കാറ്റ്‌ എന്നോട്‌ പറയാറുണ്ട്‌..

(ഒരല്പം പൊങ്ങച്ചത്തിന്‍റെ സ്വഭാവമുള്ള ഈ കുറിപ്പ് ഇക്കൊല്ലത്തെ കേരള കൌമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.ഒരിക്കല്‍ വായിച്ചവര്‍ ദയവായി ക്ഷമിക്കുമല്ലോ.)

47 comments:

 1. “സ്‌നേഹം മനസ്സുകളില്‍ മരിക്കുകയില്ലെന്ന്‌ അപ്പോള്‍ അതുവഴി വരുന്ന കരിമ്പനക്കാറ്റ്‌ എന്നോട്‌ പറയാറുണ്ട്‌..“ കാറ്റ് അങ്ങനെ പറയുന്നതു പാലക്കാട് മാത്രമാണെന്ന് പറയരുതേ, രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും ജമ്മുവിലെ മലനിരകളില്‍ നിന്നും വരുന്ന കാറ്റും അതുതന്നെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ ഭൂമിയോ മണ്ണോ സ്ഥലമോ എന്തായാലും ഇതൊരു ക്രയവിക്രയം മാത്രമല്ലല്ലോ , സ്വപ്നത്തിന്റെ യാഥാര്‍ത്ഥ്യവല്‍ക്കരണമല്ലേ.. നന്ദി, നല്ലൊരു കുറിപ്പിന് ...

  ReplyDelete
 2. ആരിറക്കിവിട്ടാലും ഏത്‌ വീടൊഴിഞ്ഞാലും ആരുപേക്ഷിച്ചുപോയാലും എനിക്കീ ഭൂമിയില്‍ വരാനൊരിടമുണ്ട്‌..

  സുസ് 8 സെന്റ്‌ സ്ഥലത്തിന്റെ ജന്മി ആയല്ലേ! :)
  g d.
  ഇനി മരങ്ങള്‍ നടൂ..

  ReplyDelete
 3. ആദ്യമായി വായിച്ച എനിക്ക് ഇത് ഒരു ഓണസദ്യ പോലെ രസിച്ചു..."നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്.."എന്ന പോലെ മാഷിനും ഒരു പിടി മണ്ണായി..കരിമ്പനകള്‍ അതിരിടുന്ന പാലക്കാട്ട്...ഇനി അതില്‍ "നാരായണക്കിളി കൂട് പോലെ ഒരു നാല് കാല്‍ ഓലപ്പുര" കൂടി വരട്ടെ...എല്ലാ ആശംസകളും..

  ReplyDelete
 4. ബ്ലോഗിലൂടെ ഈ എഴുത്ത് ഷെയര്‍ ചെയ്തതിനു നന്ദി..പൊങ്ങച്ചമായല്ല തോന്നിയത്..;ജീവിതത്തിലെ ഒറ്റപെടലിന്റെ വേദനയെ,വീണ്ടും ജീവിതം പടുത്തുയര്താനുള്ള പ്രത്യാശയെ,അതിലുപരി സ്നേഹവും,നന്ദിയുമുള്ള മനസ്സിനെ ഇവയൊക്കെയാണ് വരികള്‍ക്കിടയില്‍ കാണാനായത്..എല്ലാ വിധ ആശംസകളും സുസ്മേഷ്..

  ReplyDelete
 5. തമിഴ് ഗ്രാമങ്ങളോട് എനിക്കും വല്ലാത്തൊരിഷ്ടമാണിഷ്ടാ...........വരികളും ഇഷ്ടമായി...
  [എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്.സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു]

  ReplyDelete
 6. പെട്ടിവണ്ടി വിളിച്ചുകൊണ്ടുവന്ന്‌ എല്ലാം അതിലിട്ട്‌ ആക്രികച്ചവടക്കാരന്‌ വിറ്റു.പോയതെല്ലാം വിലപ്പെട്ടതാണ്‌.കാലത്തിന്റെ കലവറയില്‍ ചിത്രപ്പൂട്ടിട്ട്‌ വയ്‌ക്കേണ്ടിയിരുന്ന വിഭവങ്ങളും വിലപ്പെട്ട രേഖകളും.
  എങ്ങനെ അവ നഷ്‌ടമായി അഥവാ എന്തിന്‌ അവയെ നഷ്‌ടപ്പെടുത്തി.?
  വ്യക്തമായ ഉത്തരം കിട്ടാത്ത ഈ ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്.
  ഇതൊരു കഥയായാലും ശരിയായെന്നെനിക്ക് തോന്നുന്നില്ല.

  ReplyDelete
 7. മനുഷ്യന്‍ സ്നേഹിക്കുന്നത് മണ്ണിനെയാണോ ഭൂമിയെയാണോയെന്നൊന്നു ആലോച്ചിക്കാനാവുന്നില്ല .എന്നാല്ലും അല്പം ഭൂമിയില്ലാതെയുള്ള ജീവിതത്തെ പറ്റി ഓര്‍മ്മിക്കാനാവില്ല.

  ReplyDelete
 8. ഈ ഭൂമിയില്‍ സ്വന്തമെന്നു അഭിമാനത്തോടെ പറയാന്‍ ഒരിത്തിരി മണ്ണുണ്ടാവുക അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്ത അനുഭൂതിയാണ് നല്‍കുന്നത് ....:) ഒരു കൂര കുത്തിപ്പൊക്കിയാലും അങ്ങനെ തന്നെ .അത് പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരം ലയിച്ചു ചേരാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഇഷ്ടത്തിന്റെ പ്രതിഫലനമാണ് . സ്വപ്‌നങ്ങള്‍ ഒന്നൊന്നായി പൂവണിയട്ടെ ,,,

  ReplyDelete
 9. ആ ഭൂമിയില്‍ നിറയെ പൂക്കള്‍ വിടരട്ടെ... മനസിലും...

  ReplyDelete
 10. vaichthaanu......
  nannairikkunnu!

  ReplyDelete
 11. എന്തു പൊങ്ങച്ചം സുസ്മേഷ്?

  സ്ഥലമുണ്ടാക്കുക, സ്വന്തമാണെന്ന് വിചാരിയ്ക്കുക, പോടുന്നനെ ഒരു രാത്രിയിലോ പകലിലോ ആ സ്ഥലം വേറെയാരുടേതോ ആണെന്നറിയുക......മനുഷ്യനിങ്ങനെയൊക്കെ കഴിഞ്ഞ് പോകുന്നതും കൂടിയാണല്ലോ ജീവിതം.....

  ഇത്തരം ഉറപ്പുള്ള സൌഹൃദങ്ങളുടെ ഭൂമിയിൽ ഇനിയും പൊങ്ങച്ചങ്ങൾ എഴുതൂ..

  വൈകിപ്പോയ ഓണാശംസകൾ

  ReplyDelete
 12. ente naadinekkal enikku priyamulla edamaanu palakkad, prathyekichu pattambi...oreoru thavana mathrame avide pokaan aayittullu pakshe thiruvananthapuram kazhinjaal ethrayum adhikam aduppam thonniya oridam vere undaavilla enik... that was really memorable...thanks..

  ReplyDelete
 13. ഹരിതമോഹനത്തിലെ പ്രകൃതി സ്നേഹിക്ക് അങ്ങിനെ സ്വന്തമായി സ്ഥലമായി. അപ്പോള്‍ എറണാ‍കുളത്തെ വീട് ഒഴിഞ്ഞ് പോകുകയാണോ?

  ReplyDelete
 14. സ്‌നേഹം മനസ്സുകളില്‍ മരിക്കുകയില്ലെന്ന്‌ അപ്പോള്‍ അതുവഴി വരുന്ന കരിമ്പനക്കാറ്റ്‌ എന്നോട്‌ പറയാറുണ്ട്‌..

  ReplyDelete
 15. ഇടത്തരക്കാരന്റെ ജീവിതസ്വപ്നങ്ങളാണ് താങ്കള്‍ പങ്കുവെച്ചത്. ഈ ഭൂമിയില്‍ ഒരിടം വേണം എന്നത്‌ ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. ഇതിന്റെ സഫലീകരണത്തിനായി പരിശ്രമിക്കുമ്പോഴാവട്ടെ ചില സഹായഹസ്തങ്ങള്‍ ദൈവത്തിന്റെ കൈത്താങ്ങുപോലെ എവിടെ നിന്നോ വന്നെത്തുകയും ചെയ്യും.

  നഷ്‌ടപ്പെട്ടുപോയ പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ സായാഹ്നത്തില്‍ നടന്ന പാതക്കരികില്‍ തന്നെ എത്തിച്ചേര്‍ന്ന ആകസ്മികത ഒരു നല്ല നിമിത്തമായി തോന്നുന്നു. താങ്കളുടെ ജീവിതാഹ്ലാദം കെട്ടിപ്പോക്കേണ്ടത് ആ പാതയോരത്താണെന്ന് നിയതി നേരത്തെതന്നെ തീരുമാനിച്ചുറപ്പിച്ചതുപോലെയുണ്ട് ഈ ആകസ്മികത.

  അഹങ്കരിക്കുകയും പൊങ്ങച്ചം നടിക്കുകയും ചെയ്തുകൊള്ളുക.... ഈ ഭൂമിയില്‍ എനിക്ക് ഒരിടമുണ്ട്‌ എന്ന് സ്വകാര്യമായി അഹങ്കരിക്കുന്നതിലും പൊങ്ങച്ചം ഭാവിക്കുന്നതിലും, ആരെയും വേദനിപ്പിക്കാത്ത സൗമ്യമായ ഒരുതരം നന്മ ഉണ്ട് എന്നാണ് എന്റെ അഭിപ്രായം.

  സാധാരണ മനുഷ്യര്‍ക്ക് അഹങ്കരിക്കുവാനും പൊങ്ങച്ചം നടിക്കാനും മറ്റെന്താണുള്ളത്. ///

  ReplyDelete
 16. സുഹൃദ്‌ ബന്ധത്തിന്റെ ശക്തി അതി മനോഹരമായി എഴുതി .ഭൂമിയില്‍ നിന്ന് മറയുന്നത് വരെ ഉള്ളു എങ്കിലും മണ്ണ് സ്വന്തമാക്കി എന്നറിഞ്ഞതില്‍ സന്തോഷം

  ReplyDelete
 17. എന്റേതെന്നു ചേര്‍ത്തു പിടിച്ച് പറയാന്‍ എന്തെങ്കിലുമുണ്ടാവുക.......
  ഏതൊരു സാധാരണ മനുഷ്യന്റേയും സ്വപ്നം
  ......നല്ല വരികള്‍

  ReplyDelete
 18. പാലക്കാടൻ ഗ്രാമങ്ങളും അവിടത്തെ കന്മഷമേതുമില്ലാത്ത ആളുകളെയും എനിക്കും ഏറെ ഇഷ്ടം. അവിടങ്ങളിൽ പോകാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കാറില്ല.

  എല്ലാ ആശംസകളൂം...

  ReplyDelete
 19. സുസ്മേഷ്, ഇതിലൊരു പൊങ്ങച്ചവുമില്ല. ഒരാഗ്രഹത്തിന്റെ സാഫല്യം. നല്ല സന്തോഷം തോന്നി ഈ കുറിപ്പു കണ്ടപ്പോൾ. പാലക്കാടല്ലേ, നമുക്ക് കാണാം. കഴിഞ്ഞകുറി സാധിച്ചില്ല.

  ReplyDelete
 20. എല്ലാവരുടെയും നല്ല വാക്കുകള്‍ക്ക് നന്ദി.ശ്രീ മാഷേ,തീര്‍ച്ചയായും കാണണം.
  മുല്ല,പാലക്കാട് എന്‍റെ ഹൃദയത്തിലെ നദിയാണ്.
  ഉമ,എന്‍റേതെന്നു ചേര്‍ത്തുപിടിക്കുകതന്നെയാണ്.
  റോസാപ്പൂക്കള്‍,എത്രനാളായി ഈ വഴി വന്നിട്ട്..?
  പ്രദീപ് കുമാര്‍,ഒരുപാട് സന്തോഷം വിലപ്പെട്ട ഈ വാക്കുകള്‍ക്ക്.
  മനോരാജ്,എറണാകുളം വിട്ടിട്ടില്ല,ജാഗ്രതൈ!
  കൃഷ്ണപ്രിയ,പട്ടാന്പിക്കാരിയാകൂ..
  എച്ച്മുക്കുട്ടീ,വൈകിയെത്തിയ ഓണാശംസകള്‍ അടുത്ത ഓണത്തിന് മുന്‍കൂറായി കിട്ടിയതായി കരുതുന്നു.
  അരുണ്‍റിയാസ്,രമേശ് അരൂര്‍,സങ്കല്‍പങ്ങള്‍ നന്ദി ട്ടോ.
  കലാവല്ലഭന്‍,ആകെതുറന്നാല്‍ പോയില്ലേ കഥ..?
  ഇസ്മയില്‍,ജാസ്മിക്കുട്ടി,ഷാനവാസ്..വളരെ സന്തോഷം.
  ശങ്കൂന്‍റമ്മേ..ഒരു ഭൂവുടമയെ ആക്ഷേപിക്കരുത്.ങാ..
  സ്മിതാ മീനാക്ഷി,പങ്കിട്ട വാക്കുകള്‍ കാത്തുവയ്ക്കുന്നു.
  എല്ലാവര്‍ക്കും നമസ്കാരം.

  ReplyDelete
 21. ഇതിലിപ്പോ എന്താ ഇത്ര പൊങ്ങച്ചം? പാലക്കാട് എനിക്കും ഒരുപാട് പ്രിയപ്പെട്ട സ്ഥലമാണ്. ഞാന്‍ വളര്‍ന്നത് ഒറ്റപ്പാലത്ത് ആരുന്നു. അമ്മയുടെ ജോലി സ്ഥലം മാറിയപ്പോ ഞങ്ങളും മാറി.പിന്നീട് ഇന്നുവരെ അവിടെ പോകാനും കഴിഞ്ഞിട്ടില്ല. ഒരു ഒറ്റപാലം യാത്ര ആഗ്രഹമായി മനസ്സില്‍ അങ്ങനെ കിടക്കുവാ. പോസ്റ്റ്‌ ഇഷ്ടമായി. ജീവിതത്തില്‍ സഹായിക്കാന്‍ ആരെങ്കിലും ഒക്കെ ഉള്ളത് വല്ലാത്ത ആശ്വാസം തന്നെ. പലപ്പോഴും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നാവും സഹായങ്ങളും ലഭിക്കുന്നത്. ആശംസകള്‍

  ReplyDelete
 22. എന്റെ നാടായ പാലക്കാടിന് ഇത്ര ആരാധകരുണ്ടെന്നു അറിഞ്ഞിരുന്നില്ല. പിന്നെ സ്വന്തം സ്ഥലത്ത് സ്വന്തമായി ഒരു ലോകം പടുത്തുയര്‍ത്തു. ആശംസകള്‍!

  ReplyDelete
 23. ആരിറക്കിവിട്ടാലും ഏത്‌ വീടൊഴിഞ്ഞാലും ആരുപേക്ഷിച്ചുപോയാലും എനിക്കീ ഭൂമിയില്‍ വരാനൊരിടമുണ്ട്‌....

  ചിലര്‍ക്ക് അത് മണ്ണില്‍, മറ്റു ചിലര്‍ക്ക് മനസ്സില്‍...

  ReplyDelete
 24. ആഹ്ളാദങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ ഇരട്ടിക്കുകയല്ലേ ഉള്ളൂ. മറച്ചു വയ്ക്കാതിരിക്കുന്നത് പൊങ്ങച്ചമാവുകയില്ല. ബ്ളോഗില്‍ എഴുതുന്നത് വൈകിയാണറിഞ്ഞത്. നല്ല വാര്‍ത്ത. ഞാനും ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.

  ReplyDelete
 25. good... me too have covered this way on my journey...

  ReplyDelete
 26. നന്നായിരിക്കട്ടെ സുസ്മേഷ്...ഒരു കൂടും കൂട്ടുക...

  ReplyDelete
 27. വായിച്ചു, ഇഷ്ടപ്പെട്ടു. മനസ്സിന് സ്വാന്തനമാകുന്ന ഗായത്രിപ്പുഴത്തീരത്തെ വീടിനെപ്പറ്റി എത്രയും പെട്ടെന്നു വായിക്കാനിട വരട്ടെ!

  ReplyDelete
 28. പൊങ്ങച്ചമായി തോന്നിയില്ല സുസ്മേഷ്, വാക്കുകളിലെ ആത്മാര്‍ത്ഥത തിരിച്ചറിയുന്നു. സന്തോഷം തിരിച്ചറിയുന്നു.
  സ്വന്തമായി ഒരു സ്ഥലവും അതില്‍ ഉയര്‍ന്നു വരുന്ന ഒരു കൂരയും ഉണ്ടാക്കുന്ന സന്തോഷവും സമാധാനവും ഈയിടെയായി അനുഭവിക്കുന്നത് കൊണ്ടാവും ഈ എഴുത്ത് ഒരുപാട് ഇഷ്ടമായി അതിനിടയില്‍ ഉയര്‍ത്തിയ ഒരു ചോദ്യം മനസ്സില്‍ ഉയര്ത്തികൊണ്ടാണ് ഈ കുറിപ്പില്‍ നിന്നും കണ്ണെടുക്കുന്നത്..ഭൂമി സ്വന്തമാണെന്ന്‌ പറയാന്‍ നമുക്കെന്തവകാശം.?

  പാലക്കാട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥങ്ങളില്‍ ഒന്നാണ്. കുമരനെല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തിലെ കുട്ടിക്കാലം, പട്ടാമ്പിയും ഷൊര്ണൂരും ഒറ്റപ്പാലവും നല്‍കിയ ഹരിതാഭമായ ഓര്‍മകളും വള്ളുനാടന്‍ ചിത്രങ്ങളും എല്ലാം മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ടാവും . എന്തായാലും പുതിയ ഭൂമിയും അത് സൃഷ്ടിക്കുന്ന അന്തരീക്ഷവും താങ്കളുടെ എഴുത്തിനും സര്‍ഗ്ഗാത്മക പ്രവര്‍ത്തങ്ങള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം നല്‍കട്ടെ .ആശംസകള്‍ !!!

  ReplyDelete
 29. പ്രിയപ്പെട്ട മിനേഷേ,എത്ര പേര്‍ക്കാണ് പാലക്കാടിനോട് പ്രിയം.അല്ലേ.അത്ഭുതം.മൈത്ര്േയി,സന്തോഷം.ബീനച്ചേച്ചീ,വായിച്ചതിലും കമന്‍റിട്ടതിലും സന്തോഷം.
  അജിത,ഷിനോ,മിനി,സോണി..നന്ദി.
  പ്രിയപ്പെട്ട സുരേഷേ,നല്ല വര്‍ത്തമാനമാണല്ലോ അത്.പെരുന്പാവൂര്‍ ന്യൂസ് വിജയമാകട്ടെ.
  അടുപ്പമുള്ള അപരിചിതേ,നല്ല വാക്കിന് നന്മ.
  പാലക്കാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

  ReplyDelete
 30. ഒരുപാട് വാടകവീടുകളിലോടി നടന്നൊരു കുട്ടിക്കാലം സ്വന്തമായുള്ളതോണ്ട് പ്രിയപ്പെട്ട ചിലതൊക്കെ ഇട്ടിട്ട് പോരേണ്ടതിന്റെ വേദന ശരിക്കുമറിയാം.സ്വന്തമെന്നുറപ്പിച്ച് പറയാനൊരിടം കിട്ടുമ്പോഴുള്ള ആ സുഖം ഒന്ന് വേറേ തന്നെയാണ്..

  വായിച്ചും,സിനിമയിലൂടെയുമൊക്കെ കണ്ട് ഭ്രമിച്ചിട്ടുള്ള സ്ഥലമാണ് പാലക്കാടന്‍ പച്ചപ്പും,കാറ്റും,കരിമ്പനകളുമെല്ലാം..വേരാഴ്ത്തി അന്തസ്സോടെ നിന്ന് ആ മണ്ണിലുറയ്ക്കാനാവട്ടെ.ആശംസകള്‍..

  ReplyDelete
 31. ദൂരെ ദൂരെ ഒരു കൂട് കെട്ടാം....

  ReplyDelete
 32. മിസ്റ്റര്‍ പെരേര...നിക്കങ്ങ്ട് പിടിച്ചൂട്ടാ....
  ഉമ്മ!!

  ReplyDelete
 33. sus,nannayittund ente blog 'cheathas4you.blogspot.com'

  ReplyDelete
 34. കിട്ടിയതും നേടിയതുമൊക്കെ ആക്രിക്കടയ്ക്ക് കൊടുത്തൊരു ദിവസത്തിന്റെ ഓര്‍മ്മ ഇന്നാളൊരു ദിവസം കണ്ടിരുന്നു.. അന്ന് നിങ്ങളെന്റെ ആരുമല്ലെങ്കിലും, ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ഞാനിത്തിരി വിഷമിച്ചു.. മനുഷ്യസഹജമാവാം.. ഇപ്പോ സ്ഥലം വാങ്ങിയെന്നറിഞ്ഞപ്പോള്‍ ഇത്തിരി സന്തോഷവും... ഏതായാലും നന്നായി.. വീടും വെച്ച് ചെടികളും പൂക്കളും മരങ്ങളുമൊക്കെ നിറയ്ക്കൂ... ഇപ്പോ എറണാകുളത്തുണ്ട് അല്ലേ?? ഞാനുമുണ്ട് അവിടെ.. പറ്റുമെങ്കില്‍ ഫോണ്‍ നമ്പര്‍ തരൂ...

  ReplyDelete
 35. ഹൃദയം തുറന്നെഴുതിയ ഈ വാക്കുകള്‍ പൊങ്ങച്ചമാകുന്നതെങ്ങിനെ? ഇനി ആ തുണ്ടുഭൂമിയില്‍ ഒരു കൂട് കൂട്ടാന്‍ വൈകണ്ട. എല്ലവിധ അനുഗ്രഹങ്ങളും ആശംസിക്കുന്നു.

  ReplyDelete
 36. എല്ലാവര്‍ക്കും നന്ദി.പ്രിയ ചന്ദ്രകാന്തന്‍,ഞാനിപ്പോള്‍ പാലക്കാടാണ് താമസം.വല്ലപ്പോഴുമേ എറണാകുളത്ത് വരൂ..എപ്പോഴെങ്കിലും കാണാം.കാണണം.

  ReplyDelete
 37. നാളീകേരത്തിന്‍റ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടേ..
  എന്ന പാട്ടാണ് ഓര്‍മ്മവരുന്നത്. ഇതു വായിക്കുമ്പോള്‍.
  ഇനി നാരായണക്കിളി കൂടു കൂട്ടിയാല്‍ മതിയല്ലോ. എത്രയും പെട്ടെന്ന് അതും കൂടി നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 38. സുസ്മേഷ്,
  എനിക്ക് പാലക്കാട്‌ കേട്ടു കേഴ്വിയെ ഉള്ളൂ. പക്ഷെ ആ പ്രകൃതി സൌന്ദര്യം ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇത്തിരി മണ്ണിനോട് തോന്നിയ മോഹമല്ല ഇതു വായിച്ചപ്പോള്‍ എന്നെ ചിന്തിപ്പിച്ചത്. താങ്കള്‍ ഇടുക്കി ജില്ലയില്‍ ജനിച്ചു വളര്‍ന്ന വ്യക്തി, എന്ത് കൊണ്ട് അങ്ങോട്ട്‌ പോകാന്‍ താല്പര്യം കാണിച്ചില്ല. ഗൃഹാതുരമായ ബാല്യത്തിലേക്ക് പോകാനാണ് എല്ലാവരും താല്പര്യം കാണിക്കാറുള്ളത്. അപ്പോള്‍ ഒരു സാഹിത്യ ഉപാസകനായ താങ്കള്‍ മറ്റൊരു സ്ഥലം തേടി പ്പിടിച്ചത് എന്നെ അത്ഭുത പ്പെടുത്തുന്നു

  ReplyDelete
 39. അഭിനന്ദനങ്ങള്‍. അത് എന്തായാലും വളരെ നന്നായി. എപ്പോളാണ് പാലക്കാടെക്ക് മാറിയത് ? അവിടെ എവിടെയാണ് താമസം ?

  ReplyDelete
 40. നന്ദി.ഒരിക്കല്‍ക്കൂടി.എല്ലാവര്‍ക്കും.
  പ്രിയ കാട്ടില്‍ അബ്ദുള്‍ നിസ്സാര്‍,
  ഇടുക്കിയോട് ഗൃഹാതുരമായ മമതകളൊന്നുമില്ലാത്തയാളാണ് ഞാന്‍.പാലക്കാടിനോട് അതുണ്ടുതാനും.അതാവാം കാരണങ്ങളിലൊന്ന്.സ്നേഹത്തോടെ.

  ReplyDelete
 41. പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കപ്പുറം നഷ്‌ടപ്പെട്ടുപോയ പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ ഒരു സായാഹ്നത്തില്‍ ഞാനിതിലെ വന്നിട്ടുണ്ട്.....

  അയ്യയ്യോ.. ആ പഴയ കാല ഓര്‍മ്മകള്‍ തന്ന ലിങ്ക് എനിക്കിപ്പഴാ അറിയാനായത് .. ഹോ... മറ്റൊരു സന്തോഷം കൂടി!!!

  ReplyDelete
 42. കയറി കിടക്കാന്‍ ഒരു തുണ്ട് ഭൂമി ഇല്ലാത്തവന് ഇതിലെ വികാരം വളരെ പ്പെട്ടന്ന് മനസിലാവും . പുതിയ വീട് വയ്ക്കാന്‍ തുടങ്ങിയോ ?

  ReplyDelete
 43. ശ്രീ , സുസ്മേഷ്,
  എനിക്ക് താങ്കളോട് അസൂയ തോന്നുന്നു. എട്ടാമത്തെ വയസ്സില്‍ പറിച്ചെറിയപ്പെട്ടതാണ് ഞാന്‍ ജനിച്ച മണ്ണില്‍ നിന്ന്.ഓരോ തവണ മടങ്ങണമെന്ന് മോഹിക്കുമ്പോഴും ഓരോ തടസ്സങ്ങള്‍. അത് ചിലപ്പോള്‍ ഭാഗ്യത്തിന്റെ രൂപത്തിലാണ് എന്നെ കവരുന്നത്. അങ്ങനെ ഞാന്‍ ദൂരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.

  ReplyDelete
 44. ഇന്നത്തെ ഈ അവധി ദിവസം ഓഫീസില്‍ ഒറ്റക്കിരുന്ന് പണിയെടുത്ത് മുഷിഞ്ഞപ്പോഴാണ്‌ നിങ്ങള്‍ പുതിയെന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് തപ്പിനോക്കാന്‍ തോന്നിയത് , കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമിയില്‍ ഹരിതമോഹനം വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു നിങ്ങളെ എനിക്ക് മുമ്പെപ്പെഴോ അറിയുമായിരുന്നെന്ന്. ഇപ്പോള്‍ ഞാനാ തോന്നലിനെ ഒന്നു കൂടി ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു. നന്ദി

  ReplyDelete
 45. പൊങ്ങച്ചമാകുന്നതെങ്ങിനെ?ആശംസകള്‍..

  ReplyDelete