Wednesday, December 28, 2011

സര്‍,സര്‍,സര്‍!!

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തില്‍ കോടീശ്വരനായ നായകനെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കഥാപാത്രം സ്റ്റീഫന്‍ ലൂയിസ് കഴുത്തിനുതാഴേക്ക് ചനലശേഷിയില്ലാത്ത വ്യക്തിയാണ്.അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് ശന്പളത്തിന് പാട്ടുകള്‍ പാടുന്ന കഥാപാത്രമാണ് അനൂപ് മേനോന്‍ അവതരിപ്പിച്ച ജോണ്‍.സ്റ്റീഫനും ജോണും തമ്മിലുള്ള പലനിലകളിലുള്ള അന്തരം ഇതിലൂടെ വ്യക്തമായിക്കാണുമല്ലോ.ഇനി നോക്കൂ..സ്റ്റീഫനെ കാണാന്‍ ആവശ്യപ്പെട്ടിട്ട് ജോണ്‍ ആദ്യമായി ആ വീട്ടിലെത്തുകയാണ്.വീടല്ലല്ലോ പണക്കാരന്‍റെ മാളിക!അവിടെ വച്ച് പരിചയപ്പെടലുകള്‍ക്കിടയില്‍ ജോണ്‍, സ്റ്റീഫനെ 'സര്‍' എന്നുവിളിക്കുന്പോള്‍ സ്റ്റീഫന്‍ പറയുന്നുണ്ട്,ആ സര്‍ വിളി വേണ്ട എന്ന്.അതെനിക്കിഷ്ടമായി.സാര്‍ വിളി കേള്‍ക്കാനാഗ്രഹിക്കുന്ന കേരളത്തിലെ കുറേ സാറന്മാരെങ്കിലും അത് കേട്ടുകാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.ആ സന്തോഷത്തോടെയാണ് ഞാനീ വര്‍ഷത്തിനോട് വിടപറയുന്നതും.
ആരാണ് ലോകത്തിലെ സാര്‍..?
ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണിത്.പലരെയും പലപ്പോഴും സര്‍ എന്ന് സംബോധന ചെയ്യേണ്ടിവരുന്പോള്‍ അനവധി തവണ ആവര്‍ത്തിച്ചിട്ടുള്ള ചോദ്യം.ഒരുപക്ഷേ അവജ്ഞയോടെ നിങ്ങളില്‍ പലരും പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടാകാനിടയുള്ള ചോദ്യം.അല്ലങ്കില്‍ എന്‍റെ വക അങ്ങോട്ടൊരു ചോദ്യം.ആരുടെയെങ്കിലും സര്‍ വിളി കേട്ടാല്‍ പുളകം കൊള്ളുന്നവരാണോ നിങ്ങളും?എങ്കില്‍ എനിക്ക് നിങ്ങളോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ.
പണ്ട് ഒരാളെ-പലരുടെയും പ്രതിനിധിയായ ഒരാളെ-ഞാന്‍ പരിചയപ്പെടാനിടയായി.അദ്ദേഹം സംസാരത്തിനിടയില്‍ പലപ്പോഴും സ്വയം സര്‍ എന്ന് വിളിച്ചാണ് തന്നപ്പറ്റി പറഞ്ഞിരുന്നത്.ഉദാഹരണത്തിന് അദ്ദേഹത്തിന്‍റെ പേര് കോശി എന്നാണെന്നിരിക്കട്ടെ,അദ്ദേഹം നമ്മളോട് പറയുന്നു,ഇന്നലെ കോശി സാറിനെ കാണാന്‍ വന്ന പൈലി പറയുകയാണ്..എന്ന മട്ടില്‍.ഇതു കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.സാറ്കോശിക്ക് ഞാന്‍ ചിരിച്ചതെന്തിനാണെന്ന് ഇത്രകാലമായിട്ടും മനസ്സിലായിട്ടുണ്ടാകില്ല.
എറണാകുളത്ത് ചെല്ലുന്പോള്‍ ഒരു സുവിശേഷകന്‍റെ ഫ്ലക്സുകള്‍ പലയിടത്തും കാണാറുണ്ട്.അദ്ദേഹം അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നത്,ഫ്ലക്സുകളില്‍ വിശേഷിപ്പിക്കുന്നത് സര്‍ എന്നാണ്.സര്‍ അദ്ദേഹത്തിന്‍റെ കുടുംബപ്പേരാണോ..?ബ്രിട്ടീഷ് സര്‍ക്കാരോ മറ്റോ അദ്ദേഹത്തിന് ആദരപൂര്‍വ്വം പതിച്ചു നല്‍കിയതാണോ സര്‍സ്ഥാനം..?അതോ ആളുകള്‍ വിളിച്ച് വിളിച്ച് അദ്ദേഹം ഒരു ദിനം സര്‍ ആയി മാറിയതാണോ..?(കാഫ്കയോട് കടപ്പാട്.)അതോ സാറാണെന്ന തോന്നലില്‍ സാറാകാന്‍ സാറാകുന്ന വിധമാണോ ഇതൊക്കെ..!
ആ സുവിശേഷകന്‍റെ ബാനറുകള്‍ കാണുന്പോള്‍ എനിക്ക് ചിരിയും വരും സഹതാപവും വരും.(അദ്ദേഹത്തിന് സര്‍ സ്ഥാനം കിട്ടിയ വഴി വ്യക്തമായാല്‍ ഈ അറിവില്ലായ്മ അവസാനിപ്പിക്കാന്‍ എനിക്ക് മടിയില്ലാട്ടോ.)
അര്‍ഹരായ സ്ഥാനങ്ങളില്‍ ഇരിക്കുന്പോള്‍ ഏതൊരാളും സര്‍ തന്നയൊണ്.ഒരു ബഹുമാനപ്പെടുത്തലാണത്.ചില പദവികളിലിരുന്ന് ചിലരൊക്കെ ചെയ്യുന്ന സദ്പ്രവര്‍ത്തികള്‍ അവരെ ഇരുന്നൂറുവട്ടം സര്‍ വിളിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.അതിലെനിക്ക് സംശയമില്ല.അങ്ങനെതന്നെ അവരെ ആദരിക്കുകയും സ്മരിക്കുകയും വേണം.എനിക്ക് എം.കൃഷ്ണന്‍ നായര്‍ എന്ന പണ്ഡിതനായ നിരൂപകനെ,വായനക്കാരനെ,വിമര്‍ശകനെ സര്‍ എന്ന് ചേര്‍ത്തല്ലാതെ വിളിക്കാന്‍ നാവുയരാറില്ല.അത് അദ്ദേഹം ദീര്‍ഘകാലം അദ്ധ്യാപകനായി ജീവിച്ചതുകൊണ്ടുമാത്രമല്ല.
പലപ്പോഴും അദ്ധ്യാപക ജോലി ചെയ്യുന്ന പ്രഗത്ഭരെ നാം സര്‍ എന്നുതന്നെ വിളിക്കാറുണ്ട്.അത് ശരിയുമാണ്.അത്തരം സര്‍ വിളികളെക്കുറിച്ചല്ല ഞാനിവിടെ വിമര്‍ശിക്കുന്നത്.(പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ കുട്ടികളെ ലൈംഗീകമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെയും നമ്മളിനി സര്‍ എന്നുതന്നെ വിളിക്കണമോ..?അവരൊക്കെയാണോ സാറന്മാര്‍..!എങ്കില്‍ സര്‍ വിളി കേട്ട് പുളകം കൊള്ളുന്ന പലരും പുനര്‍വിചിന്തനത്തിന് തയ്യാറാവേണ്ട കാലമായിയെന്ന് തോന്നുന്നു.)
കേന്ദ്രസര്‍ക്കാറിന്‍റെ വേതനം പറ്റുന്ന പോസ്റ്റ് മാനെയും റെയില്‍വേസ്റ്റേഷനിലെ ക്ലര്‍ക്കുമാരെയും സംസ്ഥാനസര്‍ക്കാറിന്‍റെ ഉദ്യാഗസ്ഥരായ ട്രാന്‍സ്പോര്‍ട്ട് ബസ് ജീവനക്കാരെയും നമ്മള്‍ ചേട്ടാ,ചേച്ചീ(കഴിയുമെങ്കില്‍ എടോ,വാടോ,ശൂശ്..ശ്ശ്..എന്നും.!)എന്നല്ലാതെ വിളിക്കാറില്ലല്ലോ.എന്നിട്ടാണ് നാല് കാശ് കൈയില്‍ വച്ചിരിക്കുന്നവനെയും അല്പം വിദ്യാഭ്യാസമുള്ളവനെയും കക്ഷിരാഷ്ട്രീയമുള്ളവനെയും സമുദായപ്രാണി(പ്രമാണി എന്നു തിരുത്തി വായിക്കാനപേക്ഷ) താണുതൊഴുത് നാണമില്ലാതെ സര്‍ വിളിക്കുന്നത്.അതോര്‍ക്കുന്പോഴാണ് അധാര്‍മ്മികമായ സര്‍ വിളികളില്‍ രോഷമുണ്ടാവുന്നത്.അതുകേട്ട് രോമാഞ്ചമണിയുന്നവരെ ഓര്‍ത്ത് പുച്ഛം തോന്നുന്നത്.
എന്‍റെയാരു ബന്ധുവിന് വര്‍ഷങ്ങളായി കാറുണ്ട്.എറണാകുളം നഗരത്തില്‍ സ്വന്തമായി വീടും സൌകര്യവുമുള്ള,വീട്ടിലിരുന്ന് സ്വയം തൊഴില്‍ ചെയ്ത് കാശ് സന്പാദിക്കുന്ന ആളാണ്.അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ അദ്ദേഹത്തെ സര്‍ എന്നു വിളിക്കുന്നതുകേട്ടപ്പോള്‍ എനിക്ക് സംശയം തോന്നി.അത്രക്കൊക്കെ സാറാകാന്‍ നോക്കേണ്ടതുണ്ടോ നമ്മള്‍..(മേല്‍പ്പറഞ്ഞ വ്യക്തിയോട് എനിക്കൊരു അസൂയയും വിദ്വേഷവും ഇല്ല.ദയവായി അങ്ങനെ തെറ്റിദ്ധരിക്കരുത്.)മലയാളിയുടെ രീതിയില്‍ ചേട്ടാ എന്നു വിളിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ സ്വത്തും സൌകര്യങ്ങളും ഇല്ലാതാകുമോ..?വലിയ സ്വാതന്ത്ര്യം കൊടുത്താല്‍ "ഇവറ്റ"തലയില്‍ കേറും എന്നാണെങ്കില്‍ തലയില്‍ കേറാതെ നിലയ്ക്കു നിര്‍ത്താനുള്ള മിടുക്ക് നിങ്ങള്‍ക്കില്ല എന്നല്ലേ അര്‍ത്ഥം!അപ്പോള്‍ അതൊന്നുമല്ല കാര്യം.വിളിയിലെ പദവിമാഹാത്മ്യത്തിലാണ് കണ്ണ്.ചുറ്റുംനിന്ന് നാലുപേര്‍ സര്‍ വിളിക്കാനുണ്ടെങ്കിലേ ഒരു ഗംഭീരനാവൂ എന്ന സ്വയംതോന്നല്‍ തന്നെ ഇത്.
ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആളിനെപ്പോലും സര്‍ എന്നു വിളിക്കുന്ന /വിളിപ്പിക്കുന്ന പലരും അവരുടെ വീട്ടിലെ ഭാര്യയെ അതേ നിലയില്‍ ബഹുമാനിക്കുന്നത് /ബഹുമാനിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സര്‍ എന്നു വിളിക്കുന്ന ആരും അതേ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ മാഡം എന്നു വിളിച്ച് കേള്‍ക്കാറുമില്ല.ഞാന്‍ പോലും തുല്യനിലയില്‍ ജോലിചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാരായ എന്‍റെ രണ്ട് സുഹത്തുക്കളില്‍ ഭര്‍ത്താവിനെ സര്‍ എന്നും ഭാര്യയെ ചേച്ചി എന്നുമാണ് വിളിക്കുന്നത്.അറിയാതെ അങ്ങനെയാണ് വിളിച്ചുതുടങ്ങിയത്.ഇതൊന്നും എനിക്കിനിയും പിടികിട്ടിയിട്ടില്ല സര്‍!
നമുക്ക് മാറ്റാന്‍ കഴിയാത്ത ചില ശീലങ്ങളുണ്ട്.അതില്‍ പെട്ടതാണ് ഈ കൊളോണിയല്‍ ഹാങ്ങോവറും.
നമുക്ക് ചേട്ടാ എന്നും ചേച്ചീ എന്നും പ്രായം കൂടിയവരാണെങ്കില്‍ അതോടൊപ്പം ബഹുമാനസൂചകങ്ങളുപയോഗിച്ചും സംസാരിച്ചാല്‍ പോരേ..(സര്‍!!)

ജീവിതത്തില്‍ ആരെക്കൊണ്ടും സര്‍ എന്ന് ഞാന്‍ വിളിപ്പിക്കാറില്ല.എനിക്കതിഷ്ടമല്ല.കാരണം,നിവൃത്തികേട് കൊണ്ടു നമ്മളുടെ മുന്നില്‍ നിന്ന് സര്‍ എന്നു വിളി‍ക്കേണ്ടി വരുന്ന ഒരാളാവാം അത്.ആ ആള്‍ സര്‍ എന്ന് നമ്മെ വിളിക്കുന്നത് അകത്ത് അക്ഷരം മാറ്റി തെറിയാക്കി വിളിച്ചുകൊണ്ടായിരിക്കാം.അല്ലെങ്കില്‍ നിന്നെയൊക്കെ ആരു ബഹുമാനിക്കുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടാവാം.അതുകൊണ്ട് ആരെങ്കിലും പരിചയപ്പെട്ടുകഴിഞ്ഞാലുടന്‍ അവര്‍ സര്‍ എന്നു വിളിച്ചാല്‍ ഞാന്‍ പറയാറുണട്‌ ദയവായി എന്നെ പേര് വിളിച്ചാല്‍ മതി എന്ന്.ആരായാലും എന്നെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം.അല്ലെങ്കില്‍ ചേട്ടാ എന്നു വിളിക്കുന്നത്.അതുപോലെ കുട്ടികളോടും പറയും,അവരെക്കൊണട് പറയിപ്പിക്കുന്നവരോടും പറയും,എന്നെ 'അമ്മാവന്‍' എന്നു വിളിച്ചോളൂ,എങ്കിലും 'അങ്കിള്‍' എന്നുവിളിക്കല്ലേ,വിളിപ്പിക്കല്ലേ എന്ന്.!
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

28 comments:

 1. ചിന്തയില്‍ ചൂടേറുന്പോള്‍ നിങ്ങള്‍ക്കും പ്രതികരിക്കാം സര്‍.

  ReplyDelete
 2. സംഗതിയൊക്കെ ശരിതന്നെ. പക്ഷെ മാണി സാര്‍ അറിയണ്ട ട്ടോ!

  ReplyDelete
 3. സമാനമായി ചിന്തിക്കുന്നു സര്‍!! :)))

  ReplyDelete
 4. സര്‍ വിളി ഇപ്പോഴും അകല്‍ച്ചയുടെ പര്യായമാണ്. അത് കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന മനസിന്റെ ഉള്ളില്‍ ഒരു ജന്മി ഇരിക്കുന്നു എന്നെ പറയാനുള്ളൂ. അര്‍ഹാതയുള്ളിടത് ബഹുമാനം വരും. ഈ പോസ്റ്റ്‌ അധികമാരും ചിന്തിക്കാനിടയില്ലാത്ത ഒരു വിഷയമാണ്. പക്ഷെ ഒരിക്കലെങ്കിലും ഈ ഒരു സാഹചര്യം അഭിമുഖീകരിക്കാത ആരും തന്നെയുണ്ടാവില്ല എന്നതും തീര്‍ച്ചയാണ്. നമുക്ക് സര്‍ വേണ്ടാ.മലയാളിത്തം എല്ലാത്തിലും കൊണ്ട് വരാം. വളരെ നന്നായി ട്ടോ. അഭിനന്ദനങ്ങള്‍! നല്ലൊരു പോസ്റ്റ്‌ സമ്മാനിച്ചതിന്. ഗംഭീരമായി ബ്ലോഗിലേക്ക് തിരിച്ചു വരവ് നടത്തിയതിന്.

  ReplyDelete
 5. വളരെ ശരിയാണ് സുസ്മേഷ്..
  ചില ആളുകളെ നമ്മള്‍ കാണാന്‍ ചെല്ലുമ്പോള്‍ ഭാര്യമാര്‍ പറയാറുണ്ട്, സാര്‍ ഇല്ല എന്നൊക്കെ.
  (വായിച്ചു കഴിഞ്ഞ് ചിന്തിച്ചു നോക്കി. ഓഫീസില്‍ സാര്‍, മാഡം എന്നൊക്കെ വിളിക്കുന്നവരോടു പേരു വിളിക്കാന്‍ പറഞ്ഞാലോ എന്ന്. ഉത്തരം തരുന്നില്ല,എന്റെ ഹിപോക്രസി.)

  ReplyDelete
 6. സർ എന്ന് വിളിച്ചില്ലെങ്കിൽ കാര്യങ്ങൾ ഒന്നും നടക്കില്ല. എല്ലാവർക്കും ആ വിളി കേൾക്കാൻ വലിയ ഇഷ്ടമാണ്. മേലുദ്യോഗസ്ഥൻ വന്നാൽ കീഴുദ്യോഗസ്ഥന്റെ കസേരയിൽ ഇരുന്ന് കീഴുദ്യോഗസ്ഥനെ നിൽക്കാൻ നിർബന്ധിയ്ക്കും.ഇടയ്ക്കിടെ സർ.. സർ എന്ന് വിളിയ്ക്കുന്നത് കേട്ട് രോമാഞ്ചം കൊള്ളും......അതൊക്കെ കാണേണ്ട കാഴ്ചയാണ്. ചില ഭർത്താക്കന്മാർക്കും ഭാര്യ സാർ എന്ന് വിളിയ്ക്കുന്നത് കേൾക്കുമ്പോഴാണ് ഒരു വിലയൊക്കെ സ്വയം തോന്നുക.

  പോസ്റ്റ് ഇഷ്ടപ്പെട്ടു.

  ReplyDelete
 7. നമുക്ക് പേരിട്ടത് നമ്മെ ആ പേരിൽ വിളിക്കാനാണ്.. ഭ്യാര്യ ഭർത്താവിനെ പേര് വിളിച്ചാൽ, മുതിർന്നവരെ താഴേയുള്ളവർ പേര് വിളിച്ചാൽ അത് ഭഹുമാന കുറവാകുമൊ? ബഹുമാനിക്കേണ്ടതിന്റെ രൂപം ഇങ്ങിനെയൊക്കെ ആകണമെന്ന് നിർബന്ധമുണ്ടോ..? നാം പലയിടങ്ങളിലായി വ്യത്യസ്ത സ്റ്റാറ്റസ് പണിതുയർത്തിയിട്ടുണ്ട്.

  ReplyDelete
 8. അതെ ,പക്ഷെ കാര്യം കാണാൻ കഴുതക്കാലും പിടിക്കണമല്ലോ..

  ReplyDelete
 9. എന്റെ പേരിനൊപ്പം ഒരു 'സാര്‍' ഉള്ളത് കൊണ്ട് എന്നെ സാര്‍ എന്ന് വിളിക്കുന്നവര്‍ക്ക് വേണ്ടി (അങ്ങനെ ചുരുക്കമായി സംഭവിക്കാറുണ്ട്) ഒരു 'നി ' മനസ്സില്‍ കരുതി വയ്ക്കാറുണ്ട്. സ്കൂള്‍ കാലത്ത് എന്റെ അടുത്തിരുന്ന ജാന്‍സമ്മ സെബാ സ്ത്യനും,അനിതയും സാര്‍ ക്ലാസ്സില്‍ കയറിവരുമ്പോള്‍ ഗുഡ്‌ മോര്‍ണിംഗ് നിസാര്‍ എന്നാണു പറഞ്ഞിരുന്നത്. അത് എന്നെ പരിഹസിക്കാന്‍ വേണ്ടി ആയിരുന്നു.അടുത്ത കാലത്ത് പതിവായി ഇന്‍സ്ടിട്യൂട്ടില്‍ വരാറുള്ള ഒരു 'തെറിച്ച' പെണ്‍കുട്ടി എന്നെ ആദ്യം 'ഏട്ടാ' എന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു ദിവസം അവള്‍ എന്നെ 'അങ്കിള്‍ ' എന്നും വിളിച്ചു. അന്ന് ഹൃദയ തകര്‍ച്ചയോടെ ഞാന്‍ അവളെ ശ്രദ്ധിക്കുകയും ചെയ്തു.
  പുതു വത്സരാശംസകള്‍ .........

  ReplyDelete
 10. സര്‍ വിളി പലരും സ്ഥാനം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോള്‍ ഉപയോഗിക്കുന്നതാണ്. ഉദാഹരണമായി ചേട്ടാ എന്ന് വിളിച്ചാല്‍ ആരാടാ നിന്റെ ചേട്ടന്‍ എന്നും അമ്മാവാ എന്ന് വിളിച്ചാല്‍ നിന്റെ അമ്മക്ക് ഏത് വകയിലാടാ ഞാന്‍ ആങ്ങളയായതെന്നും ചോദിക്കുന്നവരുള്ള നാടല്ലേ നമ്മുടേത്. അവിടെ സര്‍ പലര്‍ക്കും ഒരു തുണയാകുന്നു. ഞാന്‍ പൊതുവെ മാഷേ എന്ന് സംബോധന ചെയ്യാറുണ്ട്. അത് ഇത്പോലെ ചേട്ടന്‍, അമ്മാവന്‍, അനിയന്‍, പേര് ഇതൊക്കെ എങ്ങിനെ സ്വീകരിക്കപ്പെടും എന്ന തോന്നലില്‍ നിന്നുമാണ്. പക്ഷെ ഒരിക്കലും ഈ മനോരാജ് സര്‍ സ്വയം സര്‍ ആയിട്ടില്ല കേട്ടോ :):)

  ReplyDelete
 11. സുസ് ..പലതും ചിന്തിപ്പിക്കുന്നു. ഞങ്ങള്‍ സ്ത്രീകളുടെ കാര്യം നോക്കൂ. മാഡം എന്നു വിളിച്ചുകളയും പലരും. പത്തുതെറി വിളിച്ചാലും സാരമില്ല ഇങ്ങനെ വിളി കേള്‍ക്കല്ലേ എന്നു തോന്നും. പിന്നെ ചില സാറമ്മാരേം മാഡമ്മാരേം നമ്മടെയൊരു മര്യാദയ്ക്ക് വിളിക്കാതെയും പറ്റില്ലല്ലോ..സാറേ എന്നോ മാഡം എന്നോ വിളി കേള്‍ക്കാന്‍ താതപര്യമില്ലാത്തവര്‍ തുടക്കത്തില്‍ തന്നെ അതു പറയാറുണ്ട്. മാറ്റാന്‍ ശ്രമിക്കാറുമുണ്ട്.

  ReplyDelete
 12. ഹാ ഹാ ... സര്‍ക്കാര്‍ ആപ്പീസുകളില്‍ പലപ്പോഴും madam ഉണ്ടാകാറില്ല . പി ഡബ്ല്യു ഡി യിലൊക്കെ സ്ത്രീകളായ എന്ജിനീരുമാരെ അവരുടെ പേരിനോടൊപ്പം സര്‍ എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്. തമാശ അതല്ല, അവരാരും തന്നെ അത് തിരുത്താന്‍ ശ്രമിക്കാറുമില്ല. സാറ് വിളിയുടെ ഒരു പവറെയ് .
  സാര്‍ എന്ന വിളി പല തരത്തിലുണ്ട്. സര്‍ എന്ന് കൊളോണിയല്‍ ശൈലി, സാര്‍ എന്ന് പീയൂണ്‍ കുമാരന്‍, സാറേ എന്ന് ഞങ്ങള്‍ ബാങ്ക് ജീവനക്കാര്‍. രസികന്മാരായ ചിലര്‍ അത് തിരുത്തിയും മാറ്റിയുമൊക്കെ പറഞ്ഞെന്നിരിക്കും!!
  ഞങ്ങള്‍ colleagues പരസ്പരം sir എന്നും madam എന്നുമൊക്കെ വിളിക്കും. അതൊരു ട്രെന്‍ഡ് ആണ്.
  സര്‍ വിളിയില്‍ ഒരു അമര്‍ഷം തോന്നേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. തോന്നിയിട്ടും കാര്യമില്ല. ബാങ്കില്‍ ലാസ്റ്റ് ഗ്രേഡ് കാരായ ആളുകളോട് എന്നെ പേര് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ പുച്ഛത്തോടെ നോക്കിയ നോട്ടം ഞാന്‍ മറന്നിട്ടില്ല. എന്നിട്ടും പിന്നെയും പിന്നെയും തിരുത്തുന്നു.
  അടിമത്ത ബോധം ഇല്ലാത്തവര്‍ ഒരിക്കലും ആദരവ് കാണിക്കുന്നതിന് ഇത്തരം cliche വിളികള്‍ ഉപയോഗിക്കില്ല, (ഏതു വല്ല്യ ആപ്പീസറെയും ചേട്ടാ എന്ന് സംബോധന ചെയ്യുന്ന ഒരു colleague എനിക്കുണ്ട്),കാര്യം നേടാനുള്ളവരും.
  സുസ്മേഷ് ജി , വര്‍ഷാവസാന കാലത്ത് താങ്കളുടെ ഒരു പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കാമോ? ഒരല്പം മിഴിവുള്ളത്!

  ReplyDelete
 13. സായിപ്പിന്‍റെ സാസ്ക്കാരിക അടിമകളല്ലേ നമ്മള്‍ ,സര്‍! ഈ സാര്‍ വിളിയും അതിന്‍റെ ഭാഗമല്ലേ,സര്‍!!!!!!!

  ReplyDelete
 14. സര്‍ എന്ന് വിളിക്കാന്‍ വിളി കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍ ,പലപ്പോഴും നിര്‍ബന്ധ പൂര്‍വ്വം അല്ലാതെ തന്നെ പലരും അങ്ങനെ വിളിച്ചിട്ടുണ്ട് .മനസ്സില്‍ ബഹുമാനം ഉണ്ടെങ്കില്‍ അങ്ങനെ വിളിച്ചാലും ഇല്ലെങ്കിലും അത് പുറത്തു വരിക തന്നെ ചെയ്യും .ഒരാളെ ബഹുമാനപൂര്‍വ്വം സംബോധന ചെയ്യണം (അയാള്‍ നമ്മുടെ സമപ്രായക്കാരനുമാണ്)എന്ന് കരുതുക ,മലയാളത്തിലെ ഏതു വാകുപയോഗിച്ചു താങ്കള്‍ അദ്ദേഹത്തെ വിളിക്കും ?

  ReplyDelete
 15. പ്രതികരിച്ച സാറന്മാര്‍ക്കെല്ലാം പോസ്റ്റെഴുതിയ ഈ സാറിന്‍റെ നന്ദി.
  പിന്നെ മൈന എന്‍റെ പോസ്റ്റ് വായിച്ചതിലും കമന്‍റ് എഴുതിയതിലും പ്രത്യേക നന്ദി.ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു അല്ലേ..?
  ഫിയോനിക്സ്,നിരീക്ഷണം ഇഷ്ടായി.താങ്കളും ആദ്യായിട്ടാണല്ലേ ഇവിടെ..?സന്തോഷം.ഇനിയും വരൂ..
  ശങ്കൂന്‍റമ്മ,മിനി ടീച്ചര്‍,എച്ച്മുക്കുട്ടി,സേതുലക്ഷ്മി,ബെഞ്ചാലി,എരമല്ലൂര്‍ സനില്‍ കുമാര്‍,മനോരാജ്,കാട്ടില്‍ അബ്ദുള്‍ നിസ്സാര്‍,സങ്കല്‍പങ്ങള്‍ നല്ല അഭിപ്രായങ്ങള്‍ക്ക് സന്തോഷം.
  ആനന്ദീ,എനിക്കു സമൂഹത്തോട് പറയാനുള്ളതാണ് ഞാന്‍ എഴുതുന്നത്.അതിന്‍റെ മിഴിവ് എത്ര എന്നു നോക്കാറില്ല.അഥവാ ചന്തം വരുത്തി എഴുതാന്‍ ശ്രമിക്കാറില്ല.ഒന്നും.
  പിന്നെ ഈ ബ്ലോഗ് എനിക്ക് ഡയറി പോലെയാണ്.നിത്യവും എഴുതുന്നില്ല എന്നേയുള്ളു.എന്നാലും പലപ്പോഴും ഇത് വ്യക്തിപരമാണ്.അതായത് മറ്റുള്ളവരോടും പങ്കിടാവുന്ന സ്വകാര്യ ചിന്തകളാണ് ഞാന്‍ ഇതില്‍ എഴുതാറ്.അപ്പോള്‍ ചിലതൊക്കെ മിഴിവില്ലാത്തതുമായിരിക്കും.ക്ഷമിക്കുക.
  സമയമെടുത്ത് തിരുത്തി പകര്‍ത്തി ഭംഗിയാക്കി കുറവുകള്‍ പരിഹരിച്ചെഴുതാന്‍ പ്രിന്‍റ് മീഡിയ ആണ് എനിക്കിഷ്ടം.
  വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.

  ReplyDelete
 16. എനിക്കിഷ്ടപ്പെട്ടു സുസ്മേഷ് ഈ പോസ്റ്റ്... മനോരാജ് പറഞ്ഞത് പോലെ അമ്മാവൻ വിളി ചിലപ്പോൾ വിളിക്കുന്ന നമുക്ക് ചമ്മൽ സമ്മാനിക്കില്ലേ എന്നൊരു സന്ദേഹം... എന്തായാലും സർ വിളി കേൾക്കാനും വിളിക്കാനും എനിക്കും തീരെ ഇഷ്ടമില്ല തന്നെ...

  ReplyDelete
 17. നല്ല ഒരു പോസ്റ്റ്‌......... .. , .. വ്യത്യസ്തമായ വിഷയം . ഇതൊക്കെ ഓരോ വ്യക്തിപരമായ താല്പര്യങ്ങളും ഇഷ്ട്ടങ്ങളും ആണല്ലോ സുസ്മേഷ്..സര്‍ എന്ന് വിളിപ്പിയ്ക്കുന്നതും / എല്ലാവരെയും സമഭാവനയോടെ കാണുന്നതും ഒക്കെ തന്നെ ഓരോരുത്തരും ആത്മസുഖത്തിന് ആചരിയ്ക്കുന്നതാണല്ലോ..പിന്നെ പുതുവര്‍ഷം പടി വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന ഈ സമയത്ത് ആര്‍ക്കെങ്കിലും ഈ പോസ്റ്റ്‌ വായിച്ച് ഒന്ന് മാറി ചിന്തിയ്ക്കാന്‍ തോന്നിയാല്‍ അതും നല്ലത് തന്നെ...2012 ല്‍ ആരെങ്കിലും ഒക്കെ നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ഒന്നാവട്ടെ ഇതും..

  ReplyDelete
 18. ലേഖനം വളരെ ഇഷ്ടമായി. സർ വിളി കേൾക്കാൻ കൊതിക്കുന്നവരാണ് മലയാളികൾ. സുസ്മേഷ് പറയും പോലെ കൊളോണിയല്‍ ഹാങ്ങോവറ്. പ്രശസ്തനായ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിൽ (ആളിപ്പോൾ ജീവിച്ചിരുപ്പില്ല) ചെന്ന് ഒരാൾ ചോദിച്ചു, സഖാവുണ്ടോ. ഭാര്യ പറഞ്ഞു- സാറില്ല.

  ReplyDelete
 19. നല്ല പോസ്റ്റ്..
  പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്.. പലപ്പോഴും വിളി ഒഴിവാക്കാന്‍ ശ്രമിക്കാറുമുണ്ട്... പേര് വിളിക്കാന്‍ മടിയുള്ളവരോട് സാര്‍ എന്ന് വിളിക്കാതെ ഡോക്ടര്‍ എന്ന് വിളിച്ചോളാന്‍ പറയാറുണ്ട്‌.
  പിന്നെ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഈ വിളി മലബാറില്‍ കുറവാണ് എന്നാണു. തെക്കോട്ട് പോകുന്തോറും വിളിയുടെ എണ്ണവും ശക്തിയും വര്‍ദ്ധിക്കും.
  ഞങ്ങളുടെ സംഘടനയിലൊക്കെ ഭാരവാഹികളെ സാര്‍ എന്ന് വിളിക്കുന്നത്‌ കേട്ട് ചിരി വരാറുണ്ട്, പ്രത്യേകിച്ചും തെക്കുള്ളവര്‍.

  ReplyDelete
 20. 2012 ലേക്കൊരു ലേഖനം.
  ഈ 'സർ' വിളി ഇറക്കുമതിയാണ്‌. ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളോടുള്ള താത്പര്യം കുറഞ്ഞിട്ടില്ല. ഈ സർ വിളിയല്ലാതെ ബഹുമാനം സ്പുരിക്കുന്ന പദങ്ങളൊന്നും നമ്മൾ ഉച്ചരിക്കാറില്ലല്ലോ, ഉള്ളതു തന്നെ മിക്കപ്പോഴും കളിയാക്കി വിളിക്കാനുപയോഗിക്കുകയും (ചേട്ട/ചേച്ചി/അമ്മാവാ ...) ചെയ്യും. മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ അൽപം പിറകോട്ടു തന്നെയാണ്‌ നമ്മൾ. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയോ ഇരുന്നവരെയോ 'സർ" ചേർത്തു ബഹുമാനത്തോടേ വിളിക്കുന്നതിൽ തെറ്റില്ല. എല്ലാവരെയും പേരു ചൊല്ലി വിളിക്കാനുള്ള ബുദ്ധിമുട്ട്‌ ഒഴിവാക്കുകയുമാവാം. നമുക്ക്‌ സ്വന്തമായി ഒരു കോമൺ പദം ഇപ്പോൾ ഇല്ലാത്തതിനാവണം പലരും 'സർ' ഉപയോഗിക്കുന്നത്‌. ഇവിടെ കേൾക്കുന്നവർക്ക്‌ ബുദ്ധിമുട്ടുണ്ടാവുന്നത്‌ അവരിലെ വിനയം കൊണ്ടുമാത്രമാണ്‌.
  വടക്കേയിൻഡ്യയിൽ പരക്കെ ഉപയോഗിക്കുന്ന ഒന്നാണ്‌ "ജി". വലിപ്പച്ചെറുപ്പം കൂടാതെ അന്യോന്യം പേരിനോടൊപ്പം ചേർത്തു വിളിച്ചു വരുന്നു. സാറിന്റെ ഹിന്ദി പതിപ്പായ 'സാബ്‌' ഉം ഉപയോഗിക്കാറുണ്ട്‌.
  നമ്മുടെ "ചേട്ട" വിളിയിലും അലപം കൂടി ബഹുമാനത്തോടെ ബംഗാളിലും മറ്റും "ദാദ" വിളി പ്രചാരത്തിലുണ്ട്‌.
  രാജസ്ഥാനിൽ ബ്രാഹ്മണരുടെ ഇടയിൽ "ഭാസാ" എന്നൊരു വിളിയും പ്രചാരത്തിലുണ്ട്‌. ഇവിടെ കച്ചവട വിഭാഗമായ 'ബനിയകൾ' ഏതു പേരിനോടൊപ്പവും 'സ" എന്നു ചേർത്തു വിളിക്കാറുണ്ട്‌.

  അപ്പോൾ നമ്മുടെ ഭാഷയിൽ പേരിനോടൊപ്പം ബഹുമാനം പ്രകടിപ്പിക്കാനുതകുന്ന ഒരു അക്ഷരമോ പദമോ ഉണ്ടെങ്കിൽ സാർ വിളിയിലെ അരോചകത ഒഴിവാക്കാമായിരുന്നു. അല്ലേ സാർ ?

  ReplyDelete
 21. നല്ലകുറിപ്പ്
  ഞങ്ങളുടെ നാട്ടില്‍ പ്രായം കൂടിയ എല്ലാവരേയും തന്നെ ചേട്ടാ ചേച്ചി എന്നൊക്കെയാണ് വിളിച്ചിരുന്നത്. പക്ഷേ ഇവിടെ തിരുവനന്തപുരത്ത് സ്ഥിതി അതല്ല.
  അല്‍്‌പ്പം പ്രായം കൂടിയവരെ , കല്യാണം കഴിച്ചവരെ
  ഒക്കെ അങ്കിള്‍, ആന്റി എന്നാണു വിളിക്കുന്നത്. ഭര്‍ത് താവിന്റെ അച്ചനെ അമ്മാവന്‍ എന്നാണു പറയാറുള്ളത്.
  എന്റെ ഒരു സഹപ്രവര്‍ത്തക ഭര്‍ത്താവിന്റെ അചഛനമ്മമാരെ പോലും അങ്കിള്‍ ആന്റി എന്നാണു വിളിക്കുന്നത്.കക്ഷി ഒരു ദിവസം സെക്ഷനിലേക്ക് ദുഖ ഭാവ ത്തില്‍ കയറി വന്നു.
  വിഷയം ഒന്നാം ക്ളാസിലെ മോളുടെ പ്രോജെക്റ്റ്."അജിതേ,, ഈ ചില്ലറ അക്ഷരങ്ങള്‍ എന്നു വച്ചാല്‍ എന്താണ്?എനിക്കൊരു പിടിയും കിട്ടിയില്ല."
  ഞാന്‍ ചിരിക്കണോ കരയണോ എന്നു വിചാരിച്ച് അന്തം
  വിട്ട് പോയി. നമ്മുടെ ചില്ലക്ഷരങ്ങള്‍ അത്രക്ക് ചില്ലറയാണോ?
  പിന്നെ മറ്റൊരു തമാശ പുള്ളിക്കാരി ഭര്‍ത്താവിനെ സര്‍ എന്നാണ്‍ വിളിക്കുന്നത്.

  ReplyDelete
 22. >>>എന്നെ 'അമ്മാവന്‍' എന്നു വിളിച്ചോളൂ,എങ്കിലും 'അങ്കിള്‍' എന്നുവിളിക്കല്ലേ,വിളിപ്പിക്കല്ലേ എന്ന്.!<<<
  ഈ വരിക്ക് ഒരു അടിയൊപ്പ്.
  ആ “അങ്കി“ വിളി കേള്‍ക്കുമ്പോള്‍ കാലേന്ന് പെരുത്ത് കയറി വരും ദേഷ്യം. ചില പെണ്ണുങ്ങള്‍ കുട്ടിയോട് പറയാറില്ലേ, മോനേ അങ്കിളിനു റ്റാറ്റാ പറ എന്നൊക്കെ. ഇവറ്റയൊക്കെ ഇപ്പഴും സായിപ്പിന്റെ ഗളകൌപീനം കെട്ടി നടക്കുന്നത് കേമത്തമെന്ന് കരുതുന്നവരാണ്. ഈ മാഡം വിളി അടുത്ത കാലത്തുല്‍ഭവിച്ചതാണ്. ഞങ്ങളുടെ ആഫീസില്‍ പണ്ട് വനിതാ ജീവനക്കാരികളെ വനിതാ സൂപ്രണ്ട്മാരെ ഉള്‍പ്പടെ സാര്‍ എന്നാണ് വിളീച്ചിരുന്നത്.ഉദാഹരണത്തിനു ലീല സാര്‍, ജാനകി സാര്‍ എന്നൊക്കെ. ഇപ്പോള്‍ വനിതാ ശിപായിമാരെ വരെ “മാടന്‍ “ എന്ന് വിളിച്ചില്ലെങ്കില്‍ പെമ്പ്രന്നോത്തിയുടെ മോന്തയില്‍ കാര്‍മേഘം കേറിക്കൊള്ളും.

  ReplyDelete
 23. സുസ്മേഷ് സാര്‍ ബൂലോകത്ത് ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഞാന്‍ ആരാധിക്കുന്ന അങ്ങേക്ക് ബഹുമാനം തരണം. ബഹുമാനപ്പെട്ട സുസ്മേഷ് എന്ന് എഴുത്തില്‍ അഭിസംബോധന ചെയ്യാം.അങ്ങനെ നേരിട്ട് വിളിക്കനാകില്ലല്ലോ, സാര്‍. .
  അപ്പോള്‍ സുസ്മേഷ് സാര്‍ എന്നല്ലേ വിളിക്കാന്‍ പറ്റൂ. വിളിക്കപ്പെടുന്നയാലിന്റെ ഇഷ്ടം പോലെ വിളിക്കുന്ന ആളിനും അത് സുഖകരമായി തോന്നണ്ടേ?
  ഞാന്‍ പരിചയമില്ലാത്ത ആള്‍ക്കാരെ ആരായാലും സാര്‍ എന്ന് വിളിക്കാറുണ്ട്. പേരറിയില്ലെങ്കില്‍ വിളിക്കാന്‍ പകരമുള്ള ഒരു വാക്കാണ് -സാര്‍"-... .
  മൂത്താവരാണോ ഇളയവരാണോ എന്ന് കുഴങ്ങുമ്പോള്‍ രക്ഷക്കെത്തും ഈ സാര്‍.
  സാര്‍ വിളി അപൂര്‍വ്വമായി ലഭിക്കുന്ന ആളുകളില്‍ നിന്ന് ബഹുമാന്യമായ പെരുമാറ്റത്തിനും കാര്യസാധ്യത്തിനും കൈകൊടുക്കും ഈ സാര്‍
  സാര്‍ വിളികേട്ട് അഹങ്കാരം തലയ്ക്കു പിടിച്ച് അവജ്ഞയോടെ പെരുമാറുന്ന സാറന്മാരും ഉണ്ട്.

  ReplyDelete
 24. കാലം മാറുന്നതിനനുസരിച്ച് കടന്നു കൂടിയ വാക്കുകളാണ് സാറും മാഡവും.സാറിനൊപ്പം തന്നെ മാഡവും സ്ഥാനം പിടിച്ചിട്ടുഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പണ്ടൊക്കെ അത് ചേട്ടനും ചേച്ചിയുമായിരുന്നു .ഇപ്പൊ ആര്‍ക്കാണ് അത് പോലുള്ള ഒരു ബന്ധം..? പണ്ടുള്ളത് പോലെ ആ സ്നേഹം ഇന്ന് ആളുകള്‍ തമ്മിലുണ്ടോ.അപ്പോള്‍ ചേട്ടനും ചേച്ചിയും സാറും മാഡവും ആയി എന്ന് മാത്രം.

  പുതുവല്‍സരാശംസകള്‍

  ReplyDelete
 25. പറയേണ്ടത് പറഞ്ഞു...

  ReplyDelete
 26. സ്വയം അപകര്‍ഷതബോധവും സുപ്പീരിയോരിറ്റി കോപ്ലെക്സും ഉള്ളവര്‍ക്കാണ്‌ ഈ സാര്‍/മാഡം എന്ന വിളി കേള്‍ക്കുമ്പോള്‍ സുഖിക്കുന്നത്. എനിക്ക് അങ്ങിനെയുള്ള അല്‍‌പ്പന്മാരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. വിനയം, നന്മ, സ്നേഹം, കാരുണ്യം ഇവ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ തങ്ങളെ എന്തു വിളിക്കുന്നു എന്നത് പ്രശ്നമല്ല. താങ്കളുടെ ചിന്തയോട് ഞാന്‍ യോജിക്കുന്നു.

  ReplyDelete
 27. എല്ലാവരുടെ പ്രതികരണങ്ങളും വായിച്ചു.പ്രത്യേകം പ്രത്യേകം മറുപടി എഴുതേണ്ടാത്ത വിധമാണ് നിങ്ങളയച്ചിട്ടുള്ള കമന്‍റുകളുടെ വ്യത്യസ്തത.ചിലരുടെ സംശയങ്ങള്‍ക്ക് ഞാന്‍ പറയേണ്ട മറുപടിയാണ് മാറ്റൊരാള്‍ കമന്‍റായി അയച്ചിട്ടുണ്ടാവുക എന്നര്‍ത്ഥം.എന്തായാലും ചെറിയ രീതിയില്‍ ഒരു സംവാദം നടത്താന്‍ നമുക്ക് പരസ്പരം കഴിഞ്ഞിട്ടുണ്ട്.അത് ചെറിയ കാര്യമല്ല.
  ഇതൊന്നും പൊതുവില്‍ ഒരു അപരാധമല്ല.സര്‍ എന്നു വിളിക്കണോ വിളിപ്പിക്കണോ എന്നൊക്കെ വ്യക്തിപരമായ കാര്യമാണ്.ഞാന്‍ പറയാന്‍ ശ്രമിച്ചത് അനാവശ്യമായ സമയത്തെയും സ്ഥലത്തെയും സര്‍ വിളികളെപ്പറ്റിയാണ്.
  എന്‍റെ ബ്ലോഗില്‍ കുറേ നാളായി കാണാതിരുന്ന പല സന്ദര്‍ശകരെയും ഈ പോസ്റ്റിട്ടതിലൂടെ കാണാന്‍ കഴിഞ്ഞു.അതില്‍ വലിയ സന്തോഷമുണ്ട്.
  സിയാഫ് അബ്ദുള്‍ ഖാദര്‍,
  താങ്കള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല.പലരെയും സര്‍ എന്നു വിളിക്കുന്ന ഒരാളാണ് ഞാനും.പിന്നെ ബഹുമാനം സൂചിപ്പിക്കാന്‍ സര്‍ എന്നുതന്നെ വിളിക്കണമെന്നൊന്നുമില്ല.
  മലയാളത്തില്‍ ഏട്ടാ,ചേട്ടാ,ചേച്ചീ,ഇക്കാ,ഇത്താ,മാമന്‍,അമ്മാവന്‍,അമ്മായി..എന്നൊക്കെയേ പരിചയപദങ്ങള് ഉള്ളൂ.അതാകട്ടെ,ഔദ്യോഗിക പദവികളില്‍ ഇരിക്കുന്ന ഒരാളെ വിളിക്കാന്‍ പലപ്പോഴും അനുചിതവുമാണ്.അങ്ങ് എന്നൊക്കെ പറയാം.ഞാനുദ്ദേശിച്ചത് അതൊന്നുമല്ല.ചുമ്മായിരുന്ന് സര്‍ എന്ന് വിളിപ്പിക്കുന്നവരെക്കുറിച്ചും അങ്ങനെ വിളിച്ച് ചിലരെ സുഖിപ്പിക്കുന്നവരെക്കുറിച്ചുമാണ്.അല്ലാതെ ആ സംബോധനയേ ഉപയോഗിക്കാന്‍ പാടില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല.പറയുകയുമില്ല.
  നമ്മുടെ നാട്ടില്‍ പരിചയപ്പെടുന്നവരെ പ്രായഭേദമനുസരിച്ച് വല്യേട്ടാ,വല്യേച്ചീ എന്നൊക്കെ വിളിക്കാന്‍ മക്കളെ പരിശിലീപ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.വെറും ഏട്ടാ,ചേച്ചീ വിളികളേക്കാള്‍ അടുപ്പം തോന്നിപ്പിക്കും അതാവുന്പോള്‍.ഒരു ബന്ധുത വരെ ഫീല്‍ ചെയ്തേക്കാം.അല്ലേ..?
  എന്തായാലും എല്ലാവരോടും നന്ദി പറയുന്നു.ചര്‍ച്ച തുടരാം.

  ReplyDelete
 28. ഉഗ്രന്‍ പോസ്റ്റ്‌... ഞാന്‍ NIIT യില്‍ ഒരു ഫാകല്‍ടി മെമ്പര്‍ ആയിരിക്കുമ്പോള്‍ അവിടെ പഠിക്കുന്നവര്‍ എന്നെ സര്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. അതില്‍ പലര്‍ക്കും എന്നേക്കാള്‍ പ്രായമുണ്ടായിരുന്നു. അവര്‍ അങ്ങിനെ വിളിക്കുമ്പോള്‍ ഒരു തരം അപകര്‍ഷതയാണ് തോന്നാറുള്ളത്. എല്ലാവരോടും, പ്രായഭേദമന്യേ, അങ്ങിനെ വിളിക്കല്ലേ എന്നപേക്ഷിച്ചിട്ടും ആ വിളി മാറ്റാന്‍ അവരില്‍ പലരും തയ്യാറായില്ല. NIIT വിട്ടിട്ടും അവര്‍ക്ക് ഞാന്‍ ഇപ്പോഴും സാറായി തുടരുന്നു... അതുപോലെ തന്നെ അരോചകമായ മറ്റൊരു അഭിസംബോധനയാണ് മിസ്‌ എന്നത്. ചെറിയ (play, pre and primary) സ്കൂളുകളിലെ അധ്യാപികമാര്‍ സാധാരണയായി ചെറുപ്പമായിരിക്കും, അവിവാഹിതരും. അന്ന് കുട്ടികള്‍ അവരെ മിസ്‌ എന്ന് വിളിച്ചു ശീലിക്കുന്നു. പിന്നെ കോളേജിലെത്തുമ്പോള്‍ സീനിയര്‍ ആയ ലക്ചറര്‍മാരെയും മറ്റും മിസ്‌ എന്ന് വിളിക്കുമ്പോള്‍ പലപ്പോഴും ആ വാക്കിന്റെ അര്‍ഥം തന്നെ നഷ്ടപെടുന്നു എന്ന് തോന്നാറുണ്ട്.

  ReplyDelete