Thursday, August 12, 2010

താരാട്ടും പൂതപ്പാട്ടും


താരാട്ടുപാട്ടുകളാണ്‌ എക്കാലത്തേയും എന്റെ ദൗര്‍ബല്യം.വേണമെങ്കില്‍ ജാടയ്‌ക്ക്‌ മറ്റെന്തെങ്കിലും പറയാം.അതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌.എന്നെസംബന്ധിച്ച്‌,പ്രിയപ്പെട്ട കവി പി.കുഞ്ഞിരാമന്‍നായരും പ്രിയപ്പെട്ട കവിത ഇടശ്ശേരിയുടെ `പൂതപ്പാട്ടും' എന്നു പറയുന്നപോലെയാണ്‌ അത്‌.ഒരു വൈരുദ്ധ്യംതന്നെയാണത്‌.

കഥകളിപ്പദങ്ങളും കര്‍ണ്ണാടകസംഗീതവും മൈക്കല്‍ ജാക്‌സനും ഗ്ലൂമി സണ്‍ഡേ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും എന്റെ ആത്മാവ്‌ തന്നെ ലയിച്ചുകിടക്കുന്ന ബാബുരാജിന്റെ സിനിമാഗാനങ്ങളും ഹിന്ദുസ്ഥാനി ഗസലുകളും എനിക്കിഷ്‌ടമാണ്‌.ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കേള്‍ക്കുന്നവയുമാണ്‌.അല്ലെങ്കില്‍ ഏതുപാട്ടിനോടാണ്‌ ഒരു മനുഷ്യന്‌ പ്രിയമില്ലാതിരിക്കുന്നത്‌?നമ്മളറിയാത്ത ഭാഷയിലെ,നമ്മളറിയാത്ത ഗായകരുടെ എത്രയെത്ര പാട്ടുകള്‍ നമ്മുടെ ഹൃദയത്തെ ഞെരിച്ചിരിക്കുന്നു!പക്ഷേ,ഇഷ്‌ടം,ആ വാക്കിന്റെ ആര്‍ദ്രമായ ഭാവത്തില്‍,ഉള്ളിന്റെയുള്ളില്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നത്‌ താരാട്ടുകളെയാണ്‌.താരാട്ടില്‍ ഗഹനമായ സാഹിത്യമില്ല.ചിലപ്പോള്‍ വാക്കുകള്‍ തന്നെയില്ല.വെറും മൂളലില്‍നിന്ന്‌ താരാട്ടുണ്ടാക്കാം.ഒരാളെ ഉറക്കാനോ സമാധാനിപ്പിക്കാനോ സാദ്ധ്യമാവുന്ന പാട്ട്‌.അതൊരു വിശേഷപ്പെട്ട സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ്‌.ആര്‍ക്കും അവിടെ എഴുത്തുകാരിയും സംഗീതസംവിധായകയും ഗായികയുമാവാം.താരാട്ടില്‍ മാത്രമേ അതിനു കഴിയൂ..കേള്‍ക്കുന്നവരും കുറ്റം പറയുകയില്ല.കേട്ടുറങ്ങുന്ന കുഞ്ഞും കുറ്റം പറയുകയില്ല.ആ സ്വാതന്ത്ര്യത്തില്‍നിന്നാണ്‌ താരാട്ടുസാഹിത്യമുണ്ടാവുന്നത്‌.അല്ലെങ്കില്‍,സ്വകാര്യമായ അഭിമാനത്തിന്റെ നിമിഷങ്ങളില്‍നിന്നാണ്‌ ഓരോ അമ്മയും അച്ഛനും പാട്ടുകാരാവുന്നത്‌.ജീവിതത്തില്‍,മറ്റൊരു സന്ദര്‍ഭത്തിലും വേറൊരാള്‍ കേള്‍ക്കേ അവര്‍ പാടുകയില്ലായിരിക്കാം.അവിടെ അവരെക്കൊണ്ട്‌ പാട്ടുപാടിപ്പിക്കുന്നത്‌ കുഞ്ഞാണ്‌.കുഞ്ഞിന്റെ സ്‌നേഹവും കുഞ്ഞിനോടുള്ള സ്‌നേഹവുമാണ്‌.ആവിഷ്‌കാരത്തിന്റെ സ്വതന്ത്രമായ ആ നിമിഷങ്ങളില്‍ തൊണ്ടയില്‍നിന്ന്‌ പാറിപ്പറക്കുന്നത്‌ കുഞ്ഞിന്റെ കണ്ണിലും കാതിലും ചെന്നുപറ്റുന്ന ശലഭങ്ങളായിരിക്കാം.

അമ്മയല്ലേ ആദ്യത്തെ ഗായിക?അമ്മ പാടിയ ആദ്യത്തെ പാട്ടല്ലേ നമ്മുടെ ആദ്യത്തെ ഗാനം?തീര്‍ച്ചയായുമത്‌ താരാട്ടായിരിക്കും.താരാട്ടുമൂളാത്ത ഒരമ്മയും ഉണ്ടാവില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌.ഓരോ സ്‌ത്രീയിലും ഒരമ്മയുണ്ട്‌.സ്‌ത്രീയുടെ ഓരോ ഭാവത്തിലും വിഭിന്ന ഘട്ടങ്ങളില്‍ മാതൃത്വവുമുണ്ട്‌.ആ മാതൃത്വം കൊണ്ട്‌ സംഗീതമൂട്ടാത്ത ഒരു സ്‌ത്രീയും പുരുഷന്റെ ജീവിതത്തിലുണ്ടാവില്ല.അതിന്റെ ധന്യതയിലാണ്‌ ഓരോ പുരുഷന്റെയും പില്‍ക്കാലജീവിതം.എനിക്കും അങ്ങനെതന്നെ.

എന്റെ അമ്മ നല്ലൊരു ഗായികയായിരുന്നു.ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ കാലുംനീട്ടി ചുമര്‍ ചാരിയിരുന്ന്‌ അമ്മ പാടിത്തന്നിട്ടുള്ള പാട്ടുകള്‍ എനിക്കോര്‍മ്മയുണ്ട്‌.അന്നേരം പുറത്തെ പ്രകൃതിയും മൗനമായി രാത്രിയുടെ സംഗീതമാലപിക്കുകയായിരിക്കും.അഭിരുചികള്‍ രൂപപ്പെട്ടുവരുന്ന നാലഞ്ചുവയസ്സിനപ്പുറം പ്രായം കാണില്ല എനിക്കന്ന്‌.

കുട്ടിക്കാലത്ത്‌ തൊട്ടടുത്താണ്‌ തറവാട്‌.അവിടെച്ചെന്നാല്‍,മുത്തച്ഛനൊരു സ്വഭാവമുണ്ട്‌.പിടിച്ചിരുത്തി ശ്ലോകങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കും.നമുക്ക്‌ അതൊക്കെ പെട്ടെന്ന്‌ മടുക്കും.പഴയ മുക്തകങ്ങള്‍,അജ്ഞാതനാമാവിന്റെ കീര്‍ത്തനങ്ങള്‍,കാവ്യശകലങ്ങള്‍,സംസ്‌കൃതപദ്യങ്ങള്‍,ശ്ലോകരൂപത്തിലുള്ള ഗുണപാഠങ്ങള്‍..അതൊക്കെയാണ്‌ മുത്തച്ഛന്‍ ചൊല്ലുക.അദ്ദേഹം കുടിപ്പള്ളിക്കൂടത്തിലെ അദ്ധ്യാപകനായിരുന്നു.പിന്നെ പന്ത്രണ്ടരയ്‌ക്ക്‌ കണിശമായ ഊണും കഴിഞ്ഞ്‌ അദ്ദേഹം റേഡിയോ തുറക്കും.പ്രാദേശികവാര്‍ത്തകള്‍ കഴിഞ്ഞാല്‍ ഒരു മണിക്ക്‌ കര്‍ണ്ണാടകസംഗീതമോ,കഥകളിപ്പദങ്ങളോ കേള്‍ക്കും.നമ്മള്‍ കാത്തിരിക്കുന്നത്‌ അതുകഴിഞ്ഞുള്ള ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനാണ്‌.പക്ഷേ,അദ്ദേഹമത്‌ കേള്‍ക്കുകയുമില്ല റേഡിയോ നിര്‍ത്തിവയ്‌ക്കുകയും ചെയ്യും!എന്നിട്ട്‌ രണ്ടരവരെ ഗാഢമായി ഉറങ്ങും.ആ സമയത്ത്‌ ഉറക്കെ സംസാരിക്കാന്‍ കൂടി വീട്ടിലാര്‍ക്കും കഴിയില്ല.ഞാനന്ന്‌ മനസ്സിലാക്കിയത്‌ കേള്‍ക്കാന്‍ കൊള്ളാത്ത പാട്ടുകള്‍മാത്രം കേള്‍ക്കുന്ന ഒരാളാണ്‌ അദ്ദേഹമെന്നാണ്‌.പിന്നീട്‌ സാഹിത്യത്തിലേക്കും സംഗീതത്തിലേക്കും താല്‍പര്യം വന്ന കാലമായപ്പോഴേക്കും അദ്ദേഹം മരിച്ചുപോകുകയും ചെയ്‌തു. ആ അഭിരുചികള്‍ സ്വാധീനിച്ചിരിക്കുന്നത്‌ എന്നെയാണെന്ന്‌ വൈകാതെ എനിക്കു മനസ്സിലായി. അങ്ങനെയാണ്‌ കാലം തിരിച്ചറിവുകള്‍ നല്‍കുന്നത്‌.വേണമെന്നു തോന്നുമ്പോഴേക്കും അകന്നുപോയിട്ടുണ്ടാവും.പിടിച്ചാല്‍ കിട്ടാത്ത അകലത്തിലേക്ക്‌.അങ്ങനെതന്നെയാണ്‌ താരാട്ടിലേക്കും എന്റെ ശ്രദ്ധ തിരിയുന്നത്‌.നഷ്‌ടപ്പെട്ടുപോയ കാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള മനുഷ്യന്റെ വൃഥാശ്രമമാണ്‌ അത്‌.മായികമായ അനുഭൂതികള്‍ അവശേഷിപ്പിച്ചു കടന്നുപോകുന്ന ബാല്യത്തെ,അതിന്റെ കനമില്ലാത്ത സുഖാനുഭൂതികളെ ഒക്കെ തിരികെപിടിക്കാനുള്ള ശ്രമം.വെറും ശ്രമം.മുതിര്‍ന്നുകഴിഞ്ഞ്‌ ആസ്വദിക്കുമ്പോഴുള്ള താരാട്ടുകളുടെ സവിശേഷത അതാണ്‌.

കുട്ടിത്തംവിട്ട്‌ അധികം മുതിര്‍ന്നിട്ടില്ലാത്ത സമയത്താണ്‌ ഞാനാ പാട്ട്‌ കേള്‍ക്കുന്നത്‌.വിദൂരമായ ഒരു ദേശത്തുവച്ച്‌ സ്വസ്ഥമായ പ്രകൃതിയുടെ മടിത്തട്ടില്‍ കിടന്നുകൊണ്ട്‌ കേട്ട ഒരു പഴയ പാട്ട്‌,താരാട്ട്‌-പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..!അതെന്റെ വേദനകളുടെയും കാമനകളുടെയും മോഹഭംഗങ്ങളുടെയും ഗാനമായി ഇന്നും ഹൃദയത്തിലുണ്ട്‌.ഇനി തിരിച്ചുപിടിക്കാനാവാത്ത കാലത്തിന്റെ ദേശീയസംഗീതം പോലെ.

വിദൂരമായ ഒരു ദേശത്തുവച്ച്‌ സ്വസ്ഥമായ പ്രകൃതിയുടെ മടിത്തട്ടില്‍
കിടന്നുകൊണ്ട്‌ കേട്ട ഒരു പഴയ പാട്ട്‌,താരാട്ട്‌-പാട്ടുപാടിയുറക്കാം ഞാന്‍
താമരപ്പൂംപൈതലേ..!അതെന്റെ വേദനകളുടെയും കാമനകളുടെയും മോഹഭംഗങ്ങളുടെയും ഗാനമായി
ഇന്നും ഹൃദയത്തിലുണ്ട്‌.ഇനി തിരിച്ചുപിടിക്കാനാവാത്ത കാലത്തിന്റെ ദേശീയസംഗീതം
പോലെ.


എന്റെ പ്രിയപ്പെട്ട പാട്ടും അതുതന്നെയായതില്‍ അദ്‌ഭുതമില്ല.
അഭയദേവാണ്‌ `സീത'എന്ന സിനിമയ്‌ക്കുവേണ്ടി അതെഴുതിയിട്ടുള്ളത്‌.കേള്‍ക്കുമ്പോള്‍ ചെറിയ ഒരു താരാട്ടുപാട്ട്‌.ആലോചിക്കുമ്പോള്‍ വിസ്‌മയിപ്പിക്കുന്ന ഇന്ദ്രജാലം ഒളിഞ്ഞിരിക്കുന്ന വരികളും സംഗീതവും.`ഉന്തുന്തുന്തുന്തുന്താളെയുന്ത്‌'എന്ന താരാട്ട്‌ പോലെ മറ്റൊന്ന്‌. `ഉന്തുന്താളെയുന്ത്‌'വെറും താരാട്ടുമാത്രമല്ല,കാന്തനുള്ള വിജയപ്രേരണകൂടിയാണ്‌.ചതുരംഗം ജയിക്കാനുള്ള പിന്തുണ.പുരുഷന്റെ അലസതയ്‌ക്ക്‌ സ്‌ത്രീയുടെ കൈത്താങ്ങ്‌.അതില്ലെങ്കില്‍ പിന്നെ പുരുഷന്റെ ശൂരത്വങ്ങള്‍ ശബ്‌ദപഥമില്ലാത്ത ചലച്ചിത്രരംഗം പോലെയാണല്ലോ.ഓരോ താരാട്ടും മനുഷ്യവര്‍ഗ്ഗത്തിനുള്ള സ്‌ത്രീയുടെ പിന്തുണ പ്രഖ്യാപിക്കല്‍ കൂടിയാകുന്നത്‌ ഇങ്ങനെയാവാം.

നമുക്ക്‌ അഭയദേവിന്റെ വരികളിലേക്ക്‌ വരാം.

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..

കേട്ടുകേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..

നിന്നാളില്‍ പുല്‍മാടം പൂമേടയായെടാ

കണ്ണാ നീ എനിക്കു സമ്രാജ്യം കൈവന്നെടാ..

രാജാവായിത്തീരും നീ ഒരു കാലമോമനേ..

മറക്കാതെ അന്നുതന്‍ താതന്‍ ശ്രീരാമനേ..രാമനേ..

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..

ഒരു കുട്ടിക്ക്‌ നല്‌കാന്‍ അമ്മയ്‌ക്ക്‌ കഴിയുന്ന ആത്മവിശ്വാസം മുഴുവനും ഈ പാട്ടിലുണ്ട്‌.അതോടൊപ്പം ലക്ഷ്യബോധവും.ഈ സാന്ത്വനവും അതേസമയം ആഹ്വാനവും കേട്ടുവളരുന്ന ഒരു കുഞ്ഞിന്‌ എങ്ങനെയാണ്‌ അമ്മയെ തല്ലാനാവുക?അവനെങ്ങനെയാണ്‌ നല്ലമാര്‍ഗ്ഗം വെടിഞ്ഞ്‌ ജീവിക്കാനാവുക.?മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍ വളര്‍ച്ചയുടെ ഘട്ടത്തിലെ എന്നും കുടിക്കാവുന്ന മുലപ്പാലാണ്‌ താരാട്ടുകള്‍.

നമ്മുടെ പൈതൃകമായ ഓമനത്തിങ്കള്‍ക്കിടാവും,നിറന്ന പീലികളും,ഓമനപ്പൈതലും,ഓമനക്കുട്ടനും എത്രകേട്ടാലാണ്‌ മതി വരിക?

ഓമനത്തിങ്കള്‍ക്കിടാവോ..

നല്ലകോമളത്താമരപ്പൂവോ..

പൂവില്‍ നിറഞ്ഞ മധുവോ..

പരിപൂര്‍ണ്ണേന്ദുതന്റെ നിലാവോ..

പുത്തന്‍ പവിഴക്കൊടിയോ..

ചെറുതത്തകള്‍ കൊഞ്ചും മൊഴിയോ..

ചാഞ്ചാടിയാടും മയിലോ..

മൃദുപഞ്ചമംപാടും കുയിലോ..

തുള്ളുന്ന ഇളമാന്‍ കിടാവും പാരിജാതത്തിന്റെ തളിരും ഭാഗ്യദ്രുമത്തിന്റെ ഫലവും കാച്ചിക്കുറുക്കിയ പാലും പിച്ചകത്തിന്‍ മലര്‍ച്ചെണ്ടും ഗന്ധമെഴും പനിനീരും അമ്മയുടെ സന്തോഷവും ഉണ്ണികൃഷ്‌ണന്‍(പ്രണയിയായ പുരുഷന്‍/ഈശ്വരന്‍/പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം) തന്നെയല്ലേ വന്നതെന്ന സംശയവും എന്നിങ്ങനെ ഒട്ടെല്ലാഭാവപ്രപഞ്ചവും കുഞ്ഞിനു പകര്‍ന്നു നല്‌കുന്ന അസാധാരണമായ ഈ കവിതയില്‍ കിനിയുന്ന വാത്സല്യത്തിന്‌ പകരം വയ്‌ക്കാന്‍ മറ്റെന്തുണ്ട്‌?അതില്‍ നിറയുന്ന പാരിസ്ഥിതികാവലോകനത്തെപ്പറ്റി ഇന്ന്‌ ഉപന്യാസമെഴുതാന്‍ കഴിയില്ലേ..?തുള്ളുന്ന ഇളമാന്‍ കിടാവും പാരിജാതത്തിന്റെ തളിരും
ഭാഗ്യദ്രുമത്തിന്റെ ഫലവും കാച്ചിക്കുറുക്കിയ പാലും പിച്ചകത്തിന്‍ മലര്‍ച്ചെണ്ടും
ഗന്ധമെഴും പനിനീരും അമ്മയുടെ സന്തോഷവും ഉണ്ണികൃഷ്‌ണന്‍(പ്രണയിയായ
പുരുഷന്‍/ഈശ്വരന്‍/പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം) തന്നെയല്ലേ വന്നതെന്ന സംശയവും
എന്നിങ്ങനെ ഒട്ടെല്ലാഭാവപ്രപഞ്ചവും കുഞ്ഞിനു പകര്‍ന്നു നല്‌കുന്ന അസാധാരണമായ ഈ
കവിതയില്‍ കിനിയുന്ന വാത്സല്യത്തിന്‌ പകരം വയ്‌ക്കാന്‍
മറ്റെന്തുണ്ട്‌?


കെ.എസ്‌.ചിത്രയുടെ സവിശേഷമായ ആലാപനത്തില്‍ പുനര്‍ജ്ജനിച്ച ഓമനത്തിങ്കള്‍ക്കിടാവ്‌ കേട്ടാല്‍ എല്ലാ മാനസികസംഘര്‍ഷങ്ങളും അകലെപ്പോകുന്നതായി എനിക്കു അനുഭവപ്പെടാറുണ്ട്‌.നമ്മളപ്പോള്‍ കനം വെടിഞ്ഞ്‌ ബാല്യത്തിലെത്തും.മുലപ്പാലിന്റെ അമ്മിഞ്ഞമണം ചുറ്റിലും പടരും.അഹം തകര്‍ന്ന്‌ ശുദ്ധരാകും.


പ്രിയപ്പെട്ട കവിതയായി ഞാന്‍ കരളില്‍ സൂക്ഷിക്കുന്ന പൂതപ്പാട്ടിലും നിറഞ്ഞുകിടക്കുന്നത്‌ മുഗ്‌ധവാത്സല്യംതന്നെ. അമ്മയ്‌ക്ക്‌ മുന്നില്‍ തോറ്റുമടങ്ങുന്ന പൂതത്താന്‍.എഴുത്താണി (വിദ്യാഭ്യാസം) ദൂരെക്കളയാന്‍ ആവശ്യപ്പെടുന്ന പൂതപ്പേടി.പൂതത്തിന്റെ ഭയാനകതയും കൗശലവും ഒടുവില്‍ പൂതത്തോടുള്ള നമ്മുടെ അലിവായി മാറുന്നത്‌ കവിയുടെ വ്യക്തിത്വവൈശിഷ്‌ട്യം.വിഭിന്നമണ്‌ഡലങ്ങളെയാണ്‌ പൂതപ്പാട്ടില്‍ ഇടശ്ശേരി സമര്‍ത്ഥമായി ആവിഷ്‌കരിക്കുന്നത്‌.നമുക്ക്‌ യഥേഷ്‌ടമത്‌ വായിച്ചെടുക്കാം.

അടുത്തകാലത്തുമാത്രം ഞാന്‍ കേട്ട മറ്റൊരു താരാട്ടാണ്‌ `തങ്കം..തങ്കം..വേഗമുറങ്ങിയാലായിരം തങ്കക്കിനാക്കളെ കാണാം..'എന്ന സിനിമാപ്പാട്ട്‌.കേട്ട സാഹചര്യത്തിന്റെ പ്രത്യേകതയാലാവാം എനിക്കത്‌ വേഗം ഹൃദിസ്ഥമായി.ഒരുപാട്‌ വര്‍ഷങ്ങളെ പിന്നോട്ടോടിക്കാനും ഒരുപാട്‌ കരടുകളെ അകത്തുനിന്ന്‌ പെറുക്കികളയാനും വ്യക്തിപരമായി സഹായിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്‌.

മലയാളം ലല്ലബീസ്‌ എന്ന ഓമനപ്പേരില്‍ വിപണിയില്‍ കിട്ടുന്നതില്‍ പാതിയും അസഹ്യമാണ്‌.ഇന്നത്തെ ഭക്തിഗാനങ്ങളുടെ ദുര്യോഗമാണ്‌ അവയ്‌ക്കും.നെട്ടോട്ടങ്ങള്‍ക്കിടയില്‍ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നത്‌ ഇത്തരം നന്മകളാണ്‌ എന്നുവരുന്നത്‌ കഷ്‌ടംതന്നെ.പാട്ടോര്‍മ്മകള്‍ ഇല്ലാതാവുന്നത്‌ പാടാനാവാതെ വരുമ്പോഴല്ല,പാട്ടാവാഹിക്കാന്‍ മനസ്സില്ലാതെ വരുമ്പോഴാണ്‌.അങ്ങനെ സംഭവിക്കാതിരിക്കട്ടെ നമ്മുടെ വര്‍ഗ്ഗത്തിന്‌.

(മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 'പാട്ടോര്‍മ്മ'യില്‍ പ്രസിദ്ധീകരിച്ചത്‌‌.ലക്കം 652)

ഫോട്ടോ-സുസ്‌മേഷ്‌ ചന്ത്രോത്ത്‌‌

34 comments:

 1. പ്രിയപ്പെട്ട വായനക്കാരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഏതൊക്കെയാണ്‌? സദയം പങ്കുവയ്‌ക്കുമല്ലോ...

  ReplyDelete
 2. "അങ്ങനെയാണ്‌ കാലം തിരിച്ചറിവുകള്‍ നല്‍കുന്നത്‌.വേണമെന്നു തോന്നുമ്പോഴേക്കും അകന്നുപോയിട്ടുണ്ടാവും.പിടിച്ചാല്‍ കിട്ടാത്ത അകലത്തിലേക്ക്...."

  A well written article....Blogil font size ithiri koodi kurachal othukkam thoonum..just a suggestion..

  priyappetta pattukal onno rando ennu shortlist cheyyane pattilla...enkilum Baburaj composition -'' Pranasakhi....', then Nottam enna movieyile Unnikrishnante magic voiceil --'Mayangi poyi..'

  Let me stop here or the list will go on.....

  ReplyDelete
 3. താരാട്ട് അമ്മ പാടിക്കേട്ട ഓർമ്മയില്ല.പക്ഷെ അമ്മയും പാടിയിട്ടുണ്ടാവണം.അത് കേട്ടാവനം ഞാൻ സംഗീതത്തെ ഇഷ്ടപ്പെട്ടുതുടങ്ങിയത്.ഞാൻ എന്നും ഇഷ്ടപ്പെടുന്ന താരാട്ട് ‘ഓമനത്തിങ്കൾകിടാവോ‘ തന്നെ

  ReplyDelete
 4. വാ വാ തങ്കം, വാ വാ തങ്കം തോളില്‍ ഉറങ്ങിക്കോ
  പാപ്പം തരാം, പാല് തരാം അമ്പിളി മാമ്മനെ കാട്ടി തരാം..
  ദൂരെ ദൂരെ അമ്പിളി മാമ്മന്‍ ഇങ്ങനെ ചിരിച്ചിടുമ്പോള്‍
  തിത്തിമി തിത്തിമി തിത്തിമി തിത്തിമി
  നൃത്തം വച്ചു കളിച്ചീടാം
  കുഞ്ഞി കൈകള്‍ വളരേണം, കുഞ്ഞിക്കാലു വളരേണം
  ചാഞ്ചാടുണ്ണി ചെരിഞ്ഞാട്
  ചാഞ്ചക്കം
  ചാഞ്ചക്കം ചാഞ്ഞാട്.....

  ReplyDelete
 5. 1.മനണ്ട്ച്ചാരേ
  മൊട്ടത്തലയിലു
  കണ്ടം വെക്കാറായല്ലൊ
  2.അയലാന്‌ വറുത്തതുണ്ട്
  കരിമീന്- പൊരിച്ചതുണ്ട്
  3.ഉംബായി കുച്ചാണ്ട്
  4.ആഴക്കദലിലു പെട്പെട്ക്കണ ഞണ്ട്
  5.അപ്പം‌ വേണം‌ അട വേണം

  ReplyDelete
 6. ശരിയാണ്. ഒരു പാട്ട് ഇഷ്ടപ്പെടുന്നതിനു ഒരു പാട് ഘടകങ്ങള്‍ ഉണ്ട് . കേള്‍ക്കുമ്പോഴുള്ള മാനസിക അവസ്ഥ പ്രധാനം. താരാട്ട് പാട്ടുകള്‍ എന്നാണു മുഷിവു തോന്നിപ്പിച്ചിട്ടുള്ളത്?

  എന്നാലും ഇപ്പൊ ഓര്‍മയില്‍ വരുന്നത് ഒരു തമിഴ് പാട്ടാണ്.

  നീ കാറ്റ് നാന്‍ മരം
  എന്നാ സോന്നാലും തലയാട്ടുവേന്‍
  നീ മഴൈ നാന്‍ ഭൂമി
  എങ്കെ വിഴുന്താലും ഏന്തി കൊള്വേന്‍

  പ്രണയം ആവാം
  വാത്സല്യം ആവാം.

  ഏറ്റവും ഇഷ്ടമുള്ള വരി കൂടി പറയട്ടെ..
  നീ ഇമൈ നാന്‍ വിഴി
  നീ സേരും വരൈക്കും നാന്‍ തുടുത്തിരുപ്പെന്‍

  ReplyDelete
 7. വളരെ സന്തോഷം ഓരോ പ്രതികരണത്തിനും.എല്ലാവര്‍ക്കും നന്ദി.
  മഹേന്ദര്‍,എങ്ങനെ സന്തോഷം പറയണം ആ തമിഴ്‌ വരികള്‍ക്ക്‌.മുന്നേ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒന്നുകൂടി ഇഷ്‌ടമായി.തമിഴ്‌ ഭാഷയുടെ ലാവണ്യം മലയാളത്തിനുണ്ടോ..?ഇല്ല എന്നു തോന്നുന്നു.നമുക്ക്‌ പദദാരിദ്ര്യമുണ്ട്‌ നല്ലതുപോലെ.
  അപരാജിതോയുടെ ലിസ്‌റ്റ്‌ എഡിറ്റു ചെയ്യാതെ പ്രസിദ്ധീകരിക്കുന്നത്‌ ആ ലിസ്റ്റിലെ പാട്ടുകള്‍ കണ്ടെത്താന്‍ പ്രിയ വായനക്കാര്‍ എന്നെ സഹായിക്കട്ടെ എന്നു കരുതിയാണ്‌.അപരാജിതോയ്‌ക്ക്‌ പ്രത്യേകം നന്ദി.

  ReplyDelete
 8. പി.ഭാസ്കരന്മാഷ്, വയലാര്‍, ഒ.എന്‍.വി തുടങ്ങി വയലാര്‍ ശരത്ത് വരെയുള്ളവരുടെ എണ്ണിയാല്‍ തീരാത്ത പാട്ടുകള്‍ ഞാനാദ്യം ഞാനാദ്യം എന്ന് പറഞ്ഞ് മനസില്‍ ബഹളം കൂട്ടാറുണ്ട്.. എങ്കിലും എവിടെക്കേട്ടാലും തിരിഞ്ഞു നിന്നുപോകുന്ന രണ്ടുവരി..എന്തുകൊണ്ടെന്നുപോലും അറിയാത്ത ഒരു അടുപ്പം. ശ്രീകുമാരന്‍ തമ്പിയുടെ ഒരു ഓണപ്പാട്ടിലെ ആ രണ്ടുവരി - “ഒന്നും മറന്നിട്ടില്ലെന്നോളം നീയെന്നാ..കണ്ണീര്‍ പൊടിപ്പൂക്കള്‍ ചൊല്ലി...”

  ReplyDelete
 9. പ്രിയ ചന്ത്രോത്ത്,
  പോയ കാലത്തിലേക്കും ഇക്കാലത്തിലേക്കും എന്നെ മാറിമാറി എത്തിച്ചു താങ്കളുടെ പോസ്റ്റ്. ശരിയാണ്, ജീവിതത്തിലൊരിക്കലൂം മറ്റൊരാൾ കേൾക്കെ മൂളിപ്പാട്ടു പോലും പാടാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ഞാൻ, ഒന്നുമോർക്കാതെ പാടിത്തുടങ്ങിയത് താരാട്ടുകളാണ്; മോനെ ഉറക്കാൻ! പാട്ടുകളൊന്നും അറിഞ്ഞുകൂടാത്തതിനാൽ എല്ലാം ‘ഉണ്ടാക്കിപ്പാട്ടു‘കളായിരുന്നു! ഓർമ്മിപ്പിച്ചതിനു നന്ദി.
  ഒരു കാര്യം കൂടി: എന്റെ ,ചിത്തിരപുരത്തെ സുഹൃത്ത് ബാബുമോൻ സി പി, അവന്റെ കൂടെ സ്കൂളിൽ പഠിച്ച സുസ്മേഷ് ഇപ്പോ എഴുത്തുകാരനായെന്നും മാതൃഭൂമിയിൽ പുള്ളിക്കാരന്റെ നോവൽ വായിക്കണമെന്നും വിളിച്ചാവശ്യപ്പെട്ടപ്പോഴാണ് ആദ്യമായി വായിച്ചു തുടങ്ങിയത്. ഇപ്പോഴാദ്യമായി ബ്ലോഗിലും വായിച്ചു. സന്തോഷം.

  ReplyDelete
 10. പ്രിയ വെഞ്ഞാറന്‍,
  ചിത്തിരപുരം.ഓ..!ഓര്‍മ്മകളിലെ തേന്‍മകുടം.അവിടെ തേയിലച്ചെടികളുടെ ചരിവുകള്‍..പഴയകൊട്ടാരത്തിന്റെ അലയുന്ന നിശ്വാസങ്ങള്‍..കാറ്റില്‍പരക്കുന്ന തമിഴ്‌പ്പാട്ടിന്‍ മണം..മറന്നാല്‍ ദൈവമെന്നെ കൊല്ലും.!
  ബാബുമോന്‍.സി.പി എന്നെ ഇപ്പോഴും ഓര്‍ക്കുന്നുവോ.!അവനോട്‌ പറയൂ..വലിയ എഴുത്തുകാരന്‍ എന്നതൊക്കെ ആഴമില്ലാത്ത ധാരണകളാണെന്ന്‌.ഇപ്പോഴും വെള്ളത്തൂവല്‍ സ്‌കൂള്‍ പരിസരത്തെ ക്വാര്‍ട്ടേഴ്‌സുകളില്‍ പോയിരുന്നാല്‍ രവീന്ദ്രന്‍ സാറിന്റെ ചൂരലിനെ പേടിച്ച്‌ കാല്‍ വിറയ്‌ക്കുന്നത്‌ കാണിച്ചുകൊടുക്കാമെന്നു പറയൂ..
  പിന്നെ,താങ്കളുടെ മകനോട്‌ തീര്‍ച്ചയായും അന്വേഷണം പറയണം. മകനെ വളര്‍ത്തിയ വെഞ്ഞാറന്റെ പാട്ടുകാലം ഞാന്‍ ഓര്‍ത്തുവയ്‌ക്കാം.
  വളരെ നന്ദി.സന്തോഷം.

  ReplyDelete
 11. സാന്ത്വനം തേടുന്ന ഒരു മനസ്സ് താങ്കൾക്ക് ഉണ്ടെന്നതാവാം താരാട്ടിനോടുള്ള പ്രിയത്തിനു കാരണം, ആരാണു പാട്ടിന്റെ തലോടലാഗ്രഹിക്കാത്തത്? നല്ല ലേഖനം. ഇരയിമ്മന്തമ്പി നൽകിയ ലഹരി തന്നെ ഭാഷയിലെ താരാട്ടുകളുടെ റാണി. പാടുപാടി ഉറക്കാം-വളരെ മനോഹരമാണു്. സുസ്മേഷ്- എന്താ ഈ താരാട്ടുകൾക്കെല്ലാം ഒരു ശോകഛവി? പിന്നെ താങ്കളുടെ ഡി എനിക്കിഷ്ടപ്പെട്ടിരുന്നു, 70 വയസ്സായ എന്റെ ഭാര്യയുടെ അമ്മയ്ക്കും.

  ReplyDelete
 12. പ്രിയ ജി.മനു,പ്രതികരണത്തിന്‌ നന്ദി.
  പ്രിയ ശ്രീനാഥന്‍,
  'ഡി' വായിച്ചു എന്നറിയിച്ചതില്‍ തൃപ്‌തി.പിന്നീട്‌ '9' (ഒന്‍പത്‌.)എന്ന നോവല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വന്നിരുന്നു.പ്രസാധനം-ഡിസി ബുക്‌സ്‌.സമയംപോലെ വായിക്കുമല്ലോ.
  അമ്മയോട്‌ എന്റെ സ്‌നേഹാന്വേഷണങ്ങള്‍ പറയുക.

  ReplyDelete
 13. നന്നായിരിക്കുന്നു. ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു... ഇന്നാണ് നിങ്ങളുടെ ബ്ലോഗ് കാ‍ണുന്നത്. എഴുതിയിട്ടുള്ളത് പലപ്പോഴും വായിക്കാറുണ്ട്.

  ReplyDelete
 14. ഓരോ താരാട്ടിലും ഒരമ്മ മനസ്സുണ്ട്, അതു കേള്‍ക്കാന്‍ കുഞ്ഞിളം കാതുകളോടൊപ്പം ഒരു അച്ഛന്‍ മനസ്സും ...
  താരാട്ടു പോലെ ഹൃദ്യമായ കഥകളുടെ സൃഷ്ടാവിനു സ്നേഹപൂര്‍വ്വം നന്ദി.

  ReplyDelete
 15. ആശംസകളോടെ,

  ReplyDelete
 16. അധികമാരും കൈവെക്കാത്ത മേഖലയിലാണ് സുസ്മേഷ് ചന്ത്രോത്ത് തന്‍റെ മാന്ത്രിക വിരലുകള്‍ സ്പര്‍ശിക്കുന്നത് .അനിര്‍വചനീയമായ അനുഭൂതി പ്രദാനം ചെയ്യുന്ന സംഗീതത്തെയും സംഗീതത്തെ അനശ്വരമാക്കുന്ന വരികളെയും സ്പര്‍ശിച്ചു സംസാരിക്കുവാന്‍ നന്നായി ഗൃഹ പാഠം ചെയ്യണം .അവിടെ താങ്കള്‍ വിജയിച്ചിരിക്കുന്നു. എങ്കിലും ഒരു വിശാരദന്റെ ഭാവത്തിലെ ക്കെത്തണമെങ്കില്‍ ഇനിയും കുറെ മുമ്പോട്ട്‌ പോകണം .സടുദ്യമത്ത്തിനു ഭാവുകങ്ങള്‍ .

  ReplyDelete
 17. ഒൻപത് വായിച്ചിട്ടില്ല, ഒരു ചിട്ടയോടെ അല്ലാതെ കിട്ടുന്നതു വായിക്കലാ ശീലം! ഒൻപത് തീർച്ചയായും വായിക്കും. ബ്ലോഗിൽ കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിച്ചോട്ടേ!

  ReplyDelete
 18. പ്രിയപ്പെട്ട കെ.പി. സുകുമാരന്‍,പാര്‍പ്പിടം,സ്‌മിത...നന്ദി.ഒരുപാട്‌.
  പ്രിയ അബ്ദുള്‍ഖാദര്‍,
  ഒരു സംഗീതനിരൂപകനോ സംഗീതവിശാരദനോ വിമര്‍ശകനോ നല്ല ആസ്വാദകനെന്നു മേനി നടിക്കാന്‍ പോലുമോ ഞാനാളല്ല.കേള്‍ക്കാറുണ്ട്‌,കഴിയുന്നത്ര.കച്ചേരികള്‍ കഴിവതും ലൈവ്‌ ആയിത്തന്നെ കേള്‍ക്കും.മാസ്റ്റേഴ്‌സിനെ അധികം കേട്ടിട്ടില്ല.പാട്ടുകേള്‍ക്കാനായല്ല,ആട്ടം കാണാനായും കളി കാണും.ഇങ്ങനെയൊക്കെയാണ്‌.അതുകൊണ്ട്‌ ഒരിക്കലും പാട്ടെഴുത്തുകാരനാവില്ല.പക്ഷേ സംഗീതം എനിക്ക്‌ പ്രാണനാണ്‌.നല്ല വാക്കുകളില്‍ അതിരറ്റ സന്തോഷം.
  പ്രിയ ശ്രീനാഥന്‍,
  ബ്ലോഗില്‍ കൂടുതല്‍ പോസ്‌റ്റുകള്‍ പ്രതീക്ഷിക്കാം.തീര്‍ച്ചയായും നിങ്ങളൊക്കെ വായിക്കുമെങ്കില്‍.!

  ReplyDelete
 19. പ്രിയ സുസ്മേഷ്,
  ബ്ലോഗില്‍ താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. താങ്കളുടെ കഥകളും നോവലുകളും വായിക്കാറുണ്ട്. പോസ്റ്റില്‍ പറഞ്ഞപോലെ താരാട്ട് പാട്ടുകള്‍ എന്നും നമുക്ക് ബലഹീനതയാണ്. ഓമനത്തിങ്കള്‍ കിടാവും കേട്ടിട്ടില്ലേ തുടികൊട്ടും എല്ലാം ഒരിക്കലും മറക്കാംന്‍ കഴിയില്ല. പക്ഷെ, അവയേക്കാളൊക്കെയേറെ മാതൃത്വം ഒരു വികാരമാകുന്ന കാഴ്ച ഒ.എന്‍.വിയുടെ അമ്മയിലാണ് കണ്ടതായി തോന്നിയത്. കെട്ടിമറൊക്കെല്ലെന്‍ പാതിനെഞ്ചം..
  കെട്ടിമറൊക്കല്ലെ എന്റെ കൈയും...
  ആ വരികളില്‍ ഒരമ്മ വല്ലാതെ നമ്മെ ചേര്‍ത്തു പിടിക്കുന്നു

  ReplyDelete
 20. പാട്ടോര്‍മ്മകള്‍ മനോഹരം.ഓരോരുത്തരിലും ഒരേ പാട്ട് നിറയ്ക്കുന്ന അനുഭൂതികള്‍ എത്ര വ്യത്യസ്തമെന്ന് ആലോചിച്ച് പോയി..

  പൂതപ്പാട്ടും,ഓമനത്തിങ്കളുമൊക്കെ എനിക്കുമൊരുപാടിഷ്ടം‍.താമരപ്പൂംപൈതലേ ഗാനത്തെ കുറിച്ചു എഴുതിയത് വായിച്ചപ്പോള്‍ ഈയിടെ മനസ്സില്‍ കേറി ഇഷ്ടം കൂടിയ ‘മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ’ എന്ന പാട്ടോര്‍മ്മ വന്നു.

  ReplyDelete
 21. വായിച്ചിരുന്നു മാധ്യമത്തില്‍
  താരാട്ടിലൊന്നു മുങ്ങി
  കുളിര്‍ന്നു കയറി

  ആശംസകള്‍

  www.naakila.blogspot.com

  ReplyDelete
 22. താരാട്ടുപാട്ടു തന്നെ..

  ഹസ്ബീ റബ്ബീ...
  ഉമ്മയുടെ പാട്ടുകളേക്കാള്‍
  ഉമ്മ പറഞ്ഞു തന്ന കഥകളാണ്
  ഓര്‍മയില്‍..

  നാടന്‍ പാട്ടുകള്‍ ഇഷ്ടമാണ്.
  ചെറുപ്പത്തില്‍ പാടി നടന്നിരുന്ന ഒത്തിരി പാട്ടുകളുണ്ട്
  ഇന്നും മനസ്സില്‍ തണുത്ത കാറ്റായി...!

  പാട്ടോര്‍മ നന്നായി.
  ആദ്യമായാണിവിടെ വരുന്നത്.
  ഈ കൂടിക്കാഴ്ച സന്തോഷമായി.
  'ഡി'ക്കാരാ
  ഭാവുകങ്ങള്‍!

  ReplyDelete
 23. അങ്ങനെയാണ്‌ കാലം തിരിച്ചറിവുകള്‍ നല്‍കുന്നത്‌.വേണമെന്നു തോന്നുമ്പോഴേക്കും അകന്നുപോയിട്ടുണ്ടാവും.പിടിച്ചാല്‍ കിട്ടാത്ത അകലത്തിലേക്ക്‌..
  ശരിയാണ്..
  താരാട്ടുകള്‍ തരുന്ന നഷ്ടബോധം..

  ReplyDelete
 24. പ്രിയ സുമേഷ് എന്‍റെ പോസ്റ്റിലെ താങ്കളുടെ കമന്‍റ് വഴിയാണിവിടെത്തിയത്..താങ്കളും ബ്ലോഗനെന്ന അറിവ് ഈയുള്ളവനെ ഏറെ സന്തുഷ്ടനാക്കുന്നു..
  മാധ്യമം ആഴ്ചപ്പതിപ്പിലെ പാട്ടോര്‍മ്മ ഞാനോര്‍ക്കുന്നു.
  ഈ റമദാന്‍ നാളിലെ തിരക്കൊഴിഞ്ഞാല്‍ സുമേഷിന്‍റെ പഴയ
  പോസ്റ്റുകളൊക്കെ വായിക്കും..ഇനിയും വരാം.

  താരാട്ടെന്ന പദം തന്നെ ഹരമാണെനിക്ക്.. !

  ReplyDelete
 25. അനുഭൂതികള്‍ പിറക്കുന്ന താഴ്വര

  ReplyDelete
 26. പ്രിയ സുഹൃത്തുക്കളേ,
  എല്ലാ അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ സന്തോഷം.
  മുഖ്‌താര്‍ വരകളിലൂടെ വളരെ സുപരിചിതനാണ്‌.മനോരാജ്‌,അപൂര്‍വ്വപനീര്‍പ്പൂവ്‌,പി.എ. അനീഷ്‌,സുപ്രിയ,ആയിരത്തിയൊന്നാം രാവ്‌..എന്നെ വായിക്കുന്നതിന്റെ ആഹ്‌ളാദത്തോടെ..
  പ്രിയ നുറുങ്ങ്‌,എന്നെ പേര്‌ തെറ്റാതെ വിളിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.സുസ്‌മേഷ്‌ നല്ല പേരല്ലേ..?
  എല്ലാവര്‍ക്കും ഓണാശംസകള്‍..

  ReplyDelete
 27. സുസ്മേഷ്...
  കുട്ടിക്കാലം
  പ്രണയകാലം
  ചക്കക്കാലം
  മഴക്കാലം
  അതുപോലെയ തരാട്ടുകാലവും...
  ഓരോ തരാട്ടിനും ഓരോ മണങ്ങള്‍..
  അമ്മയുടെ വറുത്തരച്ച മണം....
  കാമുകിയുടെ ഒരേ മണം...
  കമലേടത്തിയുടെ മണം......
  ബാലപ്പന്റെ പഴം ചോറിന്റെ പുളിമണം....
  ഒരു വരിയില്‍ 100 മണങ്ങള്‍ കൊണ്ടുവരുന്ന പാട്ടുകള്‍...
  കൊള്ളാം....രസമുണ്ട്....

  സസ്നേഹം..
  കുഞ്ഞന്‍..

  ReplyDelete
 28. മാധ്യമത്തിന്റെ പാട്ടോർമ്മയിൽ വായിച്ചു. എസ്.എം.സ്. അയയ്ക്കനമെന്ന് വിചാരിച്ചതാ നടന്നില്ല. ഭക്തിഗാനങ്ങളെപറ്റിയുള്ള നിരീക്ഷണം എനിക്ക് വളരെ ഇഷ്ടമായി. മനസ്സു തൂറന്നു കാണിക്കലാണല്ലോ ഇത്തരം എഴുത്തുകൾ. നന്നായി.

  ReplyDelete
 29. പ്രിയ സതീഷ്‌,
  കുഞ്ഞനെന്ന്‌ എഴുതിയിരുന്നില്ലെങ്കില്‍ എനിക്കുമനസ്സിലാവുമായിരുന്നില്ല.
  ഒരുപാട്‌ സന്തോഷമായി.വന്നതിലും വായിച്ചതിലും.
  അറിയാമായിരിക്കുമല്ലോ,ആ പ്രിയ താരാട്ട്‌...
  എല്ലാം മറവിക്കു തുടയ്‌ക്കാന്‍ പറ്റാത്ത ഓര്‍മ്മയുടെ കറകള്‍..അല്ലേ..?
  സ്‌നേഹത്തോടെ,

  ReplyDelete
 30. കവിതയും പാട്ടും ഇഷ്ടപ്പെടുന്ന
  ഈ കഥാകാരനെ ഇപ്പോഴാണു പരിചയപ്പെടുന്നത്.
  ഓണാശംസകൾ.

  ReplyDelete
 31. susmeshetta,,,,,,,,,,,,,,,, some lines r wrong....its ok...because of my absence....ha,ha,,,,anyway,a tharattu 4 u......
  en kunjurangikolkenkunjurangikol-
  ken kunjurangikolkente thankam......

  ReplyDelete
 32. ningalude bhaashayk oru nanavund susmesh..;Athippol ente ormakale thanuppiykkunnu..
  ente ishtaganam ethaanennu parayatte..
  1.madhurame ninmukham..(Sachidanandan ezhuthi Umbaayi eenam nalki paadiyath.)
  2.chahoonge mein thuche..(raphi)

  ReplyDelete
 33. പോസ്റ്റ് വളരെ ഇഷ്ടമായി. താരാട്ടുപാട്ടുകള്‍ പണ്ടേ എനിക്കിഷ്ടമാണ്. ആദ്യംതന്നെ അതിന്റെ ലാളിത്യം നേരിട്ടു മനസ്സിനുള്ളിലേക്കുകടക്കും. കൊച്ചുകുട്ടികൂടി ഉറങ്ങിപ്പോകുന്നത് അതുകൊണ്ടല്ലേ... ഇന്നത്തെ കാസറ്റു/സിഡി താരാട്ടുപാട്ടുകളെക്കുറിച്ചുള്ള നിരീക്ഷണം കറക്റ്റ്.

  എനിക്കിഷ്ടപ്പെട്ട കുറച്ച് താരാട്ടുപാട്ടുകള്‍കൂടിയുണ്ട്
  1. കല്യാണിമുല്ലേ നീയുറങ്ങൂ...
  2. ആരോമലാളേ.. ആരാരിരോ.. (ഇത് ജില്ലം ജിഞ്ചില്ലം എന്ന ആല്‍ബത്തില്‍ എസ്.ജാനകി പാടിയതാണ്. നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നചിത്രത്തിന്റെ കാസറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ഞാന്‍ കേട്ടത്. എന്തായാലും എനിക്കു വല്ലാതെ ഇഷ്ടമായി.)
  താരാട്ടുപാട്ടുകളുടെ ലിസ്റ്റ് ഇവിടെയൊന്നും തീരുന്നില്ല..

  ഒരു ചെറിയതിരുത്തൂടെ..
  നിന്നാലീ പുല്‍മാടം പൂമേടയായെടാ... എന്നാണോന്നൊരു ചെറിയ ഡൌട്ട്. അല്ല.. എന്തായാലും കുഴപ്പമില്ല. അത് പകരുന്ന അനുഭൂതിയ്ക്കുമാറ്റമില്ലാത്തിടത്തോളം വരികള്‍ മാറുന്നതില്‍ തെറ്റില്ല.

  നേരം കളയാതെ അടുത്ത പോസ്റ്റു വായിക്കട്ടേ ട്ടോ..

  ReplyDelete
 34. താഴെയുള്ള അഭിപ്രായങ്ങളും താങ്കളുടെ മറുപടി കുറിപ്പുകളും, വായിച്ചതിലൂടെ ഓരോ അഭിപ്രായത്തിനും താങ്കള്‍ നല്‍കുന്ന പ്രധാന്യം മനസ്സിലായി. അതുകൊണ്ട്‌ പഴയ ഈ പോസ്റ്റുകള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതിയതില്‍ എനിക്ക്‌ കുറച്ച്‌ അസ്വസ്ഥത തോന്നുന്നു. വൈകിപ്പോയ ഈ അഭിപ്രായങ്ങള്‍ ക്ഷമിക്കുമല്ലോ.

  പിന്നെ എന്റെ പ്രിയപ്പെട്ട പാട്ട് - ചില്ല് എന്ന ചിത്രത്തിലെ "ഒരു വട്ടം കൂടിയെന്‍...." എന്ന പാട്ട്. അധികം ദൂരെ അല്ലെങ്കിലും അന്യ സംസ്ഥാനത്തില്‍ ജീവിക്കുന്ന എനിക്ക്‌ എന്നല്ല ആര്‍ക്കും ഗൃഹാതുരത്വത്തിന്റെ പര്യായം ആയ ആ പാട്ട് ഇഷ്ടപ്പെടാതിരിക്കാനാവില്ല.

  ReplyDelete