Wednesday, September 29, 2010

ജനിച്ചദിവസംതന്നെ "മരിച്ചുപോയവര്‍"വിവരദോഷം പറയുമ്പോള്‍..

the only thing we have to fear is fear itself.
-Franklin D Roosevelt.
ആരാണ്‌ വായനക്കാരന്‍..?അക്ഷരങ്ങള്‍ക്ക്‌ ഗൂഢാലോചനയുണ്ടോ..?2010-ലെ പ്രധാന ചോദ്യങ്ങള്‍ ഇതാണ്‌.ട്രെന്റ്‌ വന്നു എന്നും ട്രെന്റ്‌ കടന്നുപോയി എന്നും പറയുന്നവര്‍ക്കുവേണ്ടിയാണ്‌ ഇതെഴുതുന്നത്‌.
``വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ''എന്നൊരിക്കല്‍ ചോദിച്ചത്‌ മരിച്ചുപോയ എം.കൃഷ്‌ണന്‍ നായര്‍ സാറാണ്‌.അദ്ദേഹമുണ്ടായിരുന്ന കാലത്തേക്കാള്‍ ഇപ്പോഴാ ചോദ്യത്തിന്‌ പ്രസക്തിയേറിയിരിക്കുന്നു.അദ്ദേഹം മുന്നില്‍ക്കണ്ടത്‌ സാഹിത്യത്തിന്റെ വായനക്കാരെയായിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിമാറി.നിസ്സാരമാണ്‌ അതിനുള്ള മറുപടി.വായന വിപുലീകരിക്കപ്പെട്ടിരിക്കുന്നു.മൊത്തം ജീവിതവും.വായനക്കാരന്റെ അഭിരുചി അഭിരുചിയുടെ വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍(അത്‌ മനുഷ്യവര്‍ഗ്ഗത്തിന്റെ മൊത്തം അഭിരുചിയാണ്‌.)ഏറെ ദൂരം മുന്നോട്ടുപോയതാണ്‌ ഈ തോന്നലിനെല്ലാമുള്ള കാരണം.
വിപുലീകരിക്കപ്പെട്ടത്‌ എങ്ങനെയൊക്കെയാണ്‌?അഭിരുചിയുടെ വിപ്ലവം സാദ്ധ്യമായത്‌ എങ്ങനെയാണ്‌?
ഉദാഹരണത്തിന്‌ നാട്ടിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെ മാറിയ സ്വഭാവം നോക്കാം.മുമ്പ്‌,സാഹിത്യം വായിക്കാന്‍ സാഹിത്യപ്രസിദ്ധീകരണങ്ങളും രാഷ്‌ട്രീയം വിലയിരുത്താന്‍ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങളും സിനിമ അറിയാന്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും അധമരതി ആസ്വദിക്കാന്‍ കമ്പിപ്പുസ്‌തകങ്ങളും സ്‌ത്രീകള്‍ക്ക്‌ വായിക്കാന്‍ സ്‌ത്രീ പ്രസിദ്ധീകരണങ്ങളും നാട്ടിലുണ്ടായിരുന്നു.ജനപ്രിയസാഹിത്യം വായിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ അതും. അച്ചടി പിച്ചവയ്‌ക്കുന്ന കാലമായിരുന്നു അത്‌.അവയുടെ ഉള്ളടക്കം അതത്‌ വിഷയങ്ങളില്‍ ഊന്നിനിന്നുമാത്രമായിരുന്നു.അതോടൊപ്പം ഒരു വിഷയത്തിന്റെ പരിധിയില്‍ വരുന്ന മറ്റെല്ലാ വിഷയങ്ങളും അതിനോടൊപ്പമുണ്ടായിരുന്നു.അതായത്‌,സ്‌ത്രീ പ്രസിദ്ധീകരണത്തില്‍ പേരന്റിംഗ്‌,ഫാഷന്‍,ചമയം,പാചകം,സ്‌ത്രീരോഗങ്ങള്‍ക്കുള്ള വൈദ്യോപദേശം എന്നിവയൊക്കെ.ഇതൊരു സര്‍വ്വസമ്മതി നേടിയ അനുപാതമോ ഫോര്‍മുലയോ ആയിരുന്നു എന്നുപറയാം. എന്നാല്‍ വായനയുടെ വിപുലീകരണം പ്രചാരത്തിലായപ്പോള്‍ എല്ലാത്തിനും പ്രത്യേകം പ്രത്യേകം പ്രസിദ്ധീകരണങ്ങളായി.വായനയുടെ വിപുലീകരണമെന്നത്‌ ഇന്ത്യയില്‍ കേരളവും ബംഗാളും ഡെല്‍ഹിയും പോലുള്ള കുറച്ചിടങ്ങളില്‍ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ.പിന്നെ ചില നഗരങ്ങളും.അതുകൊണ്ട്‌ നമുക്ക്‌ കേരളത്തിലേക്ക്‌ വരാം.
രണ്ടായിരാമാണ്ടിനുശേഷമുള്ള കേരളത്തിലെ പുസ്‌തകവില്‍പനശാലയെ ഒന്നു വിലയിരുത്താം.ശരിക്കും പറഞ്ഞാല്‍ അതുമാത്രംപോരാ.ഇറച്ചിക്കടവരെ നിരീക്ഷിക്കണം.എന്തെന്തുമാറ്റങ്ങളാണ്‌ അവിടെയുള്ളത്‌.വിഷയവൈവിദ്ധ്യത്തിന്റെ ഘോഷയാത്ര അകമ്പടിക്കാരോടൊപ്പം പോകുന്നത്‌ പുസ്‌തകശാലയില്‍കാണാം.മോട്ടോര്‍ വാഹനങ്ങളുടെ വിശേഷങ്ങളറിയാന്‍,ഇന്റീരിയര്‍ ഡിസൈനിംഗിനെപ്പറ്റി അറിയാന്‍,കൃഷിയെപ്പറ്റിയറിയാന്‍,ചാനല്‍ വിശേഷമറിയാന്‍,അലോപ്പതിയെപ്പറ്റിയറിയാന്‍,ആയുര്‍വ്വേദത്തെപ്പറ്റിയറിയാന്‍,ബോഡിഫിറ്റ്‌നസ്സിനെപ്പറ്റി അറിയാന്‍,ബാങ്കിംഗിനെപ്പറ്റിയറിയാന്‍...അങ്ങനെയങ്ങനെ തരാതരം പ്രസിദ്ധീകരണങ്ങള്‍ പുസ്‌തകശാലകളില്‍ നിരക്കാന്‍ തുടങ്ങി.അതിനൊക്കെ വായനക്കാരുമുണ്ട്‌.എഴുത്തുകാരുമുണ്ട്‌.
മനുഷ്യന്റെ സമയമില്ലായ്‌മമൂലം സമൂഹത്തില്‍ വന്ന മാറ്റമാണിതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല.അവിടെയാണ്‌ അഭിരുചിയുടെ വിതാനത്തില്‍ സ്‌ത്രീകളിലും കുട്ടികളിലും വിപ്ലവം നടപ്പായത്‌.ആ വിപ്ലവം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന്റെ കൊടിയുയരല്‍ കൂടിയായിരുന്നു.സമൂഹത്തിലുണ്ടായ സാമ്പത്തികസമത്വത്തിന്റെ അടയാളംകൂടിയാണ്‌ അത്‌.ആ വിപ്ലവമെന്നത്‌ വിദ്യഭ്യാസത്തിന്റെ വിതരണത്തിലെ ജനകീയതയുടെ വിജയവുമാണ്‌.
മലയാളത്തിനൊപ്പം ഹിന്ദി,ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോളെത്രയാണ്‌ വിറ്റുപോകുന്നത്‌?തമിഴിനും കന്നഡയ്‌ക്കും ആവശ്യക്കാരുണ്ട്‌.അപ്പോള്‍ മലയാളി സ്വയം വികസിപ്പിക്കുകയാണ്‌.ഭാഷയിലൂടെ മാത്രമല്ല,ആകാശത്തിനുകീഴിലുള്ള നാനാജാതി വിഷയങ്ങളിലൂടെയും.ആണിനും പെണ്ണിനും മെച്ചപ്പെട്ട വിദ്യാഭ്യാസംകിട്ടിയപ്പോള്‍ തിരഞ്ഞെടുപ്പിന്‌ സ്വാഭാവികമായും അവസരമേറി.ലോകമപ്പോള്‍ മലയാളിക്കുവേണ്ടി എന്നപോലെ കുതിക്കുകയായിരുന്നു.അതിനുനേരേ കണ്ണടയ്‌ക്കാന്‍ മലയാളിക്കാവില്ല.ഒരിക്കലും.അതുകൊണ്ടാണ്‌ പേജുകളുടെ രൂപകല്‌പനയില്‍വരെ നമ്മള്‍ ദൃശ്യമാധ്യമരീതികളെ കൂടെക്കൂട്ടുന്നത്‌.അപ്പോഴാണ്‌ ആസ്വദിച്ചുള്ള വായനയ്‌ക്ക്‌ വൈവിദ്ധ്യം രൂപപ്പെട്ടത്‌.മലയാളിയുടെ ഉപഭോഗരീതി മാറിയതും നാം കാണാതിരുന്നുകൂടാ.ജീവിതത്തില്‍ നാം പണം കൈകാര്യം ചെയ്‌തിരുന്ന രീതിയില്‍ത്തന്നെ നാമേറെ മാറിപ്പോയില്ലേ?കച്ചിപ്പേപ്പറില്‍ അനാകര്‍ഷകമായി അച്ചടിച്ച്‌ പിന്‍ ചെയ്‌ത്‌ തുച്ഛവിലയ്‌ക്ക്‌ അക്ഷരം കച്ചവടം ചെയ്‌തിരുന്ന രീതി മാറുന്നത്‌ അങ്ങനെയാണ്‌.നല്ല പേപ്പറില്‍ ഒന്നാന്തരമായി അച്ചടിച്ച്‌ ആകര്‍ഷകമായ പൊതിയില്‍ വിതരണം ചെയ്‌താലേ ഇന്നത്തെ മലയാളി വാങ്ങൂ,വായിക്കൂ..വില അമ്പത്‌ രൂപയില്‍ താഴെ പോയാല്‍ അത്‌ കച്ചവടത്തെത്തന്നെ സാരമായി ബാധിക്കും!
പണ്ട്‌,സുഗതകുമാരിടീച്ചര്‍ മാതൃഭുമി ആഴ്‌ചപ്പതിപ്പിന്റെ സാധാരണ ലക്കത്തില്‍ കവിതയോടൊപ്പം ഒരു കുറിപ്പു പ്രസിദ്ധീകരിച്ചിരുന്നത്‌ ഞാനോര്‍ക്കുന്നു.അതിന്റെ ഉള്ളടക്കം,ജയിലില്‍ കഴിയുന്ന ഒരു വായനക്കാരന്‍,കവിത വായിച്ച്‌ മാനസാന്തരപ്പെട്ട്‌ കത്തെഴുതിയതോ മറ്റോ ആയിരുന്നു.അതോടൊപ്പം സാധാരണലക്കങ്ങളില്‍ കവിത വരുമ്പോള്‍ വിലകൊടുത്ത്‌ വാങ്ങി വായിക്കാന്‍ പ്രയാസപ്പെടുന്ന വായനക്കാരെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു എന്നു തോന്നുന്നു.ഇതേകാര്യം ബാലചന്ദ്രന്‍ ചുള്ളിക്കാടും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌.പണമില്ലാത്ത സാധാരണക്കാര്‍ക്ക്‌ അനായാസം വാങ്ങിവായിക്കാന്‍ വേണ്ടി വില കൂടുതലുള്ള വാര്‍ഷികപ്പതിപ്പുകളില്‍ എഴുതുകയില്ല എന്ന്‌.
ഇന്ന്‌ അങ്ങനെയൊരു അവസ്ഥയ്‌ക്ക്‌ മാറ്റം വന്നിട്ടുണ്ട്‌.ഇന്നത്തെ എഴുത്തുകാരന്‌ അവന്റെ വായനക്കാരന്‌ പ്രാപ്യമാവാന്‍വേണ്ടി വാര്‍ഷികപ്പതിപ്പുകളില്‍ എഴുതാതിരിക്കേണ്ടതില്ല.വിലയൊന്നും ഇന്നുള്ള മലയാളിവായനക്കാരന്‌ ബാധകമല്ല.മേനിമിനുപ്പിലാണ്‌ കാര്യം.എഴുത്തുകാരന്‍തന്നെ മുഷിഞ്ഞുനാറി നടന്നാല്‍ വായനക്കാരന്‍ വായിക്കാതെ പേജ്‌മറിച്ച്‌ കടന്നുകളയും.ആപ്പിളിന്റെ ലാപ്‌ടോപ്പും ഐപോഡും ബ്ലാക്ക്‌ബെറിയുടെ സെല്‍ഫോണും എഴുത്തുകാരന്‍ ഉപയോഗിക്കണമെന്ന്‌ ഇന്നത്തെ മദ്ധ്യവര്‍ഗ്ഗവായനക്കാരന്‍പോലും വിചാരിക്കുന്നുണ്ട്‌.ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍പോലും ഗ്ലോസിലാമിനേഷനിലേക്കും ഉന്നതനിലവാരമുള്ള അച്ചടിയിലേക്കും മാറിപ്പോയത്‌ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ്‌.
ഇത്‌ ആനുകാലികങ്ങളുടെ കാര്യം.
  • തലപ്പാവ്‌ വച്ച പുസ്‌തകങ്ങള്‍
പുസ്‌തകങ്ങള്‍ എന്നാല്‍ സാഹിത്യഗ്രന്ഥങ്ങളാണെന്ന ധാരണയും ഒട്ടൊക്കെ മാറിക്കഴിഞ്ഞു.കേരളത്തിലെ സാഹിത്യത്തിന്റെ മൊത്തവിതരണക്കാരായ ഡി സി ബുക്‌സ്‌ പോലും പാട്ടുപുസ്‌തകവും എസ്‌.എം.എസ്‌ ഫലിതപുസ്‌തകവും പുറത്തിറക്കാന്‍ നിര്‍ബന്ധിതരായി.ഒപ്പം സെല്‍ഫ്‌ഹെല്‍പ്പ്‌ പുസ്‌തകങ്ങളും.പുസ്‌തകങ്ങള്‍ക്കും ഉള്ളടക്കവിപ്ലവം സാദ്ധ്യമായത്‌ നാം മാത്രം കാണാതിരുന്നിട്ടെന്ത്‌?നമ്മുടെ വേലിയില്‍നിന്ന്‌ `പാടാത്ത പൈങ്കിളി' പറന്നുപോയിട്ട്‌ കാലമെത്രയായി!
കഥയും കവിതയും നിരൂപണവും വായിക്കാനാളില്ലെന്ന്‌ പ്രസാധകര്‍ പറയുന്നു.നോവലാണെങ്കില്‍ ആര്‌ എങ്ങനെ എഴുതീതായാലും അച്ചടിക്കാം വില്‍ക്കാം എന്നതാണ്‌ പ്രസാധകസംസാരം.പോരാത്തതിന്‌ ഉടുപ്പിടീപ്പിച്ചും കിന്നരിവച്ച പുറംകുപ്പായം ചാര്‍ത്തിയും മോടിപിടിപ്പിക്കാം.വൈക്കോല്‍കൊണ്ടും കണ്ണാടികൊണ്ടും എഴുത്തുകാരന്റെ കൈയൊപ്പുകൊണ്ടും ഗ്രന്ഥം കമനീയമാക്കാം.ഇതൊക്കെ സാദ്ധ്യതകളാണ്‌.യാഥാസ്ഥിതികവായനക്കാരന്‍ അതിശയപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ലാത്ത വ്യതിയാനങ്ങള്‍.കാലോചിതമായ പരിഷ്‌കാരം എന്നു പറയുന്നതില്‍നിന്ന്‌,അതായത്‌ കാലത്തിന്റെ വേഗതയില്‍നിന്ന്‌,സാഹിത്യവും സാഹിത്യകാരനും മാത്രം മാറിനില്‍ക്കണമെന്ന്‌ ചിലര്‍ വാശിപിടിക്കുന്നതെന്തിനാണെന്ന്‌ എനിക്കുമനസ്സിലാവാറില്ല.
വിപണി ആഗോളമായതാണ്‌ ഒരു കാരണം.വായനക്കാരുള്ള സാഹിത്യം ചൂടാറും മുമ്പേ പോര്‍ച്ചുഗലില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വിമാനത്തില്‍ വരും.അനുമതിപത്രത്തിനായി കത്തയച്ച്‌ യുഗങ്ങളോളം പരിഭാഷകന്‌ കാത്തിരിക്കേണ്ടതില്ല.ജന്മം മുഴുവന്‍ സമര്‍പ്പിച്ച്‌ വിവര്‍ത്തകനാകേണ്ടതില്ല.വരിക്കുവരി തര്‍ജ്ജമ പറഞ്ഞുകൊടുത്താല്‍ വിവര്‍ത്തകനും പ്രസാധകനും അത്രയുംലാഭം.വായനക്കാരനും അത്രയേ വേണ്ടൂ.
പൗലോ കോയ്‌ലോ സ്വദേശത്തും വിദേശത്തും തത്സമയം പ്രത്യക്ഷനാകുന്നു.നൂറുകണക്കിന്‌ പ്രദേശികഭാഷകളില്‍ അവയുടെ തര്‍ജ്ജമകള്‍ നാളുകള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്നു.ഈ തരംഗത്തെ ഒപ്പംകൂട്ടി സ്വന്തം കച്ചവടം ലാഭകരമാക്കാന്‍ പ്രസാധകന്‍ ശ്രമിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല.അതിന്റെകൂടി ഭാഗമാണ്‌ അലങ്കാരംവച്ച പുസ്‌തകങ്ങള്‍.തീര്‍ച്ചയായും ഇതില്‍ നല്ല വായനക്കാരന്‍ കുറെയൊക്കെ വഞ്ചിക്കപ്പെടുന്നുണ്ട്‌.അത്‌ ഒത്തുതീര്‍പ്പിന്റെ മധ്യധരണ്യാഴി.
കാലത്തിന്റെ നട്ടുച്ചയ്‌ക്ക്‌ വായനയും കമനീയമായി.തുണിക്കടയും സ്വര്‍ണ്ണക്കടയും എങ്ങനെ മാറിയോ പലചരക്കുകട എങ്ങനെ റിലയന്‍സിലെത്തിയോ അതുപോലെ വായനയും പുസ്‌തകവും റാമ്പില്‍ നടക്കാനെത്തി.അതിനെ പ്രസാധകന്റെ അട്ടിമറിയെന്നോ പത്രാധിപരുടെ കൗശലമെന്നോ വായനക്കാരന്റെ അവിവേകമെന്നോ കള്ളിതിരിക്കുന്നത്‌ അസംബന്ധമാവും.അനാവശ്യവും.
വാസ്‌തവത്തില്‍ രണ്ടായിരത്തിനുശേഷം ഉള്ളടക്കം നവീകരിക്കുകയല്ല പ്രസാധകരും പത്രാധിപന്മാരും ചെയ്‌തത്‌.ഉള്ളടക്കം എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന്‌ മാറ്റം വരുത്തുകയാണ്‌.അങ്ങനെ മാറ്റം വരുത്തിയ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു തെഹല്‍ക്ക എന്ന പുസ്‌തകം.മീനാക്ഷിയുടെ ബ്ലോഗിന്റെ പുസ്‌തകരൂപമായ യൂ ആര്‍ ഹിയര്‍.മലയാളത്തില്‍ നളിനിജമീല മുതല്‍ ജെസ്‌മി വരെ.ഇതെല്ലാം വായനക്കാരന്റെ മനോഭാവത്തില്‍ വന്ന ഇക്കിളിസംസ്‌കാരമാണെന്ന്‌ അടച്ച്‌വിധിയെഴുതുന്നതില്‍ കാര്യമില്ല.അങ്ങനെയായിരുന്നെങ്കില്‍,ബൈബിളും മഹാഭാരതവും ഗ്രീക്ക്‌ പുരാണങ്ങളും വായിച്ച്‌ അതിലെ ഘോരമായ ക്രൂരകൃത്യങ്ങളും തിന്മയുടെ പരകായപ്രവേശവും മനസ്സിലാക്കി ചിത്തബോധം സ്വരൂപിച്ച എഴുത്തുകാര്‍ പില്‍ക്കാലത്ത്‌ അധമസാഹിത്യം രചിക്കാന്‍ മിനക്കെടാതെ സന്മാര്‍ഗ്ഗ സാഹിത്യത്തിന്റെ പ്രവാചകന്മാരായേനെ.അവയുടെ വായനക്കാര്‍ പുസ്‌തകങ്ങള്‍ കത്തിച്ച്‌ അച്ചടിയന്ത്രത്തിന്‌ തീ കൊടുത്ത്‌ വായനയില്ലാത്ത പുണ്യാളന്മാരായേനെ.അപ്പോള്‍ അതൊന്നുമല്ല കാര്യം.കാര്യം നമുക്കുപിടികിട്ടാത്ത വേറെന്തോ ആണ്‌.
കഥാസാഹിത്യം ലോകത്ത്‌ പിറന്നിട്ട്‌ രണ്ടോ രണ്ടരയോ നൂറ്റാണ്ട്‌ ആവുന്നതേയുള്ളൂ.മലയാളത്തില്‍ കഥ പിറവിയെടുത്തിട്ട്‌ ഒന്നേകാല്‍ നൂറ്റാണ്ടും. എങ്കില്‍,അതിനുമുമ്പ്‌ ആര്‌ മറച്ചുവച്ചിട്ടാണ്‌ കഥാരൂപം സാഹിത്യത്തിലുണ്ടാവാതെ പോയത്‌?അല്ലെങ്കില്‍ അതിനൊക്കെ മുമ്പ്‌ നാം ഇന്ന്‌ പരിഗണന കൊടുക്കുന്ന ചിട്ടപ്പടി കഥകള്‍ മാനവരാശിക്കിടയില്‍ ഇല്ലായിരുന്നു എന്നുറപ്പു പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..?
  • അധമമല്ല ആസ്വാദനം
അമ്പത്‌ വയസ്സിനപ്പുറം എഴുതിത്തുടങ്ങി വിശ്വമാകെ തന്റെ സാഹിത്യകൃതികളെ എത്തിച്ച വ്യക്തിയായിരുന്നു ജോസ്‌ സരമാഗു.വാര്‍ദ്ധക്യത്തിന്റെ ഗംഭീരനായ എതിരാളി.അദ്ദേഹം അവസാനകാലത്ത്‌ ബ്ലോഗ്‌ എഴുത്തിലും സജീവമായിരുന്നു.ആ കുറിപ്പുകള്‍ നോട്ട്‌ബുക്ക്‌ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന്‌ കേട്ടിരുന്നു.അദ്ദേഹത്തിന്റെ ബ്ലോഗെഴുത്ത്‌ കാലാഹരണപ്പെടുമെന്ന ഭയത്തില്‍ നിന്നുളവാകുന്ന പ്രചാരവേലയല്ല.മറിച്ച്‌ ആശയപ്രകാശനത്തിന്‌ നൂതനവും അനുയോജ്യവുമായ വഴികള്‍ തേടുക മാത്രമാണ്‌.നമ്മള്‍ മാറിയ ജീവിതത്തെപ്പറ്റി പറയുമ്പോള്‍ നാം മാത്രം മാറാതെയിരിക്കുന്നതിനെപ്പറ്റി പറയാതിരിക്കുന്നതില്‍ വലിയ കാര്യമില്ല.ജോസ്‌ സരമാഗു ചെയ്‌തത്‌ അതാണ്‌.
ജോസ്‌ സരമാഗുവിനെപ്പോലെ ഈ വര്‍ഷം മരിച്ച മറ്റൊരു മഹാസാഹിത്യകാരനായിരുന്നല്ലോ ജെ.ഡി.സാലിഞ്ചര്‍.അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതിയായ `ദ കാച്ചര്‍ ഇന്‍ ദ റേ' 1951-ല്‍ ആണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ആ പുസ്‌തകത്തിന്റെ രണ്ടു ലക്ഷത്തിലധികം പ്രതികള്‍ ഓരോ വര്‍ഷവും ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ടത്രേ.സമാനതകള്‍ തെല്ലുമില്ലെങ്കിലും നമ്മുടെ ഭാഷയിലെ രണ്ടാമൂഴവും ഒരു സങ്കീര്‍ത്തനംപോലെയും മുമ്മൂന്ന്‌ മാസത്തിലൊരിക്കലെങ്കിലും രണ്ടായിരം പ്രതികള്‍വീതം പുതിയ പതിപ്പുകള്‍ ഇറങ്ങുന്ന പുസ്‌തകങ്ങളാണ്‌.ഓരോ പതിപ്പിലും ഇവയൊന്നും മാറ്റിയെഴുതപ്പെടുന്നില്ല.എന്നിട്ടും പുതിയ വായനക്കാര്‍ വായിക്കുന്നുണ്ട്‌.ഉത്തരം ലളിതം.അവ വായനക്കാരനെ വായിപ്പിക്കുന്നു.
പരിഭാഷകളിലും ഇത്‌ കാണാം.മാര്‍ക്കേസാവണം മലയാളത്തിലെ ആദ്യത്തെ വിദേശ ബെസ്റ്റ്‌സെല്ലര്‍ എഴുത്തുകാരന്‍.അതിനുമുമ്പ്‌ ദസ്‌തയേവ്‌സ്‌കിയും വിക്‌ടര്‍ ഹ്യൂഗോയും മറ്റുപലരും വന്നിട്ടുണ്ടെങ്കിലും മാര്‍ക്കേസ്‌ കയറിപ്പോയ പടവുകള്‍ കുറേയേറെയായിരുന്നു.ഇക്കാര്യത്തില്‍,അതായത്‌ പരിഭാഷയെ സംബന്ധിച്ച കാര്യത്തില്‍ മാധവിക്കുട്ടിയുടെ നിരീക്ഷണമുണ്ട്‌.``വിവര്‍ത്തനത്തെപ്പറ്റി എനിക്കു ചില ഉറച്ച അഭിപ്രായങ്ങളുണ്ട്‌.പദാനുപദവിവര്‍ത്തനത്തില്‍ എനിക്കു താല്‌പര്യമില്ല.വിവര്‍ത്തനത്തില്‍ മൗലികകൃതിയുടെ ആത്മവത്ത നിലനിര്‍ത്താനാണ്‌ ഞാനെപ്പോഴും ശ്രമിച്ചിട്ടുള്ളത്‌.''
വളരെ ശക്തമായ വേറിട്ട ഒരഭിപ്രായമാണിത്‌.വിപണിയുടെ മായാജാലങ്ങളല്ല കൃതിയുടെ വായനക്കാരോടുള്ള കൂറാണ്‌ വിജയംവരിക്കുന്നത്‌. ഇവിടെയെല്ലാം ഇടനിലക്കാരന്റെ കാലാനുസൃതഭാവനകള്‍ അനുവാചകനെ അലോസരപ്പെടുത്തുന്നില്ല.അത്‌ നിലനില്‍ക്കുന്ന സാഹിത്യത്തിന്റെ അന്തസ്സ്‌.ഇന്ന്‌ വിപണി തിരിച്ചുവിടുന്നു എന്നു നാം ഉത്‌കണ്‌ഠപ്പെടുന്ന ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ എല്ലാകാലത്തുമുണ്ടായിരിക്കാനിടയുള്ളതാണ്‌.മനുഷ്യന്റെ അഭിരുചികള്‍ വിഭിന്നമാണ്‌ എന്നതാണ്‌ അതിനുകാരണം.അതില്‍ നാം ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമേയില്ല.
വായനക്കാരനും തന്റെ അഭിരുചിയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്യമുണ്ട്‌.അതിനെ നാം അംഗീകരിക്കുകയും കള്ളന്റെ ആത്മകഥയ്‌ക്കും മീനാക്ഷിയുടെ ബ്ലോഗെഴുത്തിനും സൈറാബാനുവിന്റെ ഡ്യൂപ്പ്‌ ജീവിതത്തിനും കൈയടി കൊടുക്കുകയും വേണം.
പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടകളും നാളെ പുസ്‌തകമായിവരാം.വിദ്യഭ്യാസകച്ചവടം നടത്തുന്ന മതാദ്ധ്യക്ഷന്മാരുമായി ഇന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തുന്ന ചര്‍ച്ചകളും നാളെ പുസ്‌തകമായിവരാം.ആണവക്കരാറിന്റെ പിന്നാമ്പുറങ്ങള്‍ ഒന്നാന്തരം അപസര്‍പ്പകകഥയായേക്കാം.കെ.മുരളീധരന്റെ ആത്മകഥ ഈച്ചരവാരിയര്‍ക്കുള്ള തിലോദകമായേക്കാം.ഡി സി ബുക്‌സിന്‌ വീണ്ടും വീണ്ടും ടിന്റുമോന്‍ കഥകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നേക്കാം.എച്ച്‌ & സി ബുക്‌സിന്‌ വീണ്ടും വീണ്ടും കാരൂരിനെയും എം.സുകുമാരനെയും അച്ചടിക്കേണ്ടിവന്നേക്കാം.ഇതെല്ലാം പ്രസാധകനെക്കൊണ്ട്‌ ദൈവം തോന്നിപ്പിക്കുന്നതല്ല,വായനക്കാരന്‍ ഇടപെടുന്നതുമല്ല.ഇത്‌ ട്രെന്റുമല്ല.ജനിച്ചദിവസം തന്നെ "മസ്‌തിഷ്‌കവളര്‍ച്ചയില്‍" മരിച്ചുപോയവര്‍ വിവരദോഷം പറയുന്നതുപോലെയാണത്‌.
കലപ്പയ്‌ക്കു പകരം ട്രാക്‌ടര്‍ വന്നതുപോലെ റെഡിമിക്‌സ്‌ വിഭവങ്ങള്‍ വന്നതുപോലെ ഓട്‌സ്‌ വന്നതുപോലെ ഛായാഗ്രഹണത്തിലെ രാസസാങ്കേതികവിദ്യ ഡിജിറ്റലായതുപോലെയുള്ള മാറ്റങ്ങള്‍.
മാറ്റങ്ങളെ എനിക്കിഷ്‌ടമാണ്‌.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു.

18 comments:

  1. മാറ്റങ്ങളെ എനിക്കിഷ്‌ടമാണ്‌.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു.
    മാറ്റങ്ങള്‍ മാറ്റത്തിന് വേണ്ടി അല്ലാതെ മാറ്റം നന്മക് വേണ്ടി എങ്കില്‍ മാത്രം അല്ലെ നല്ലത്
    നല്ല ഒരു ലേഘനം ..ഗഹനമായി എഴുതിരിക്കുന്നു
    ഇന്നത്തെ വായനയുടെ ലോകം ....വായന മരിക്കുന്നു എന്ന്നു പറയുന്ന ഈ കലഗട്ടത്തില്‍ ഇത് പ്രസക്തമായ ചോദ്യമാണ്

    എനിരുനാലും ഇത്ര നല്ല ഒരു ലേഘനത്തില്‍ ഇത് പോലെ ഉള്ള വാകുകള്‍ ഒഴിവാക്മയിരുനു " കമ്പിപ്പുസ്‌തകങ്ങളും"

    ReplyDelete
  2. വളരെ നന്ദി മൈഡ്രീംസ്‌,ഗഹനമായ ലേഖനത്തില്‍ കമ്പിപ്പുസ്‌തകമെന്ന്‌ വന്നാല്‍ ആശയഭംഗം വരുമെന്നോ ലേഖനത്തിന്റെ ഗൗരവം പോകുമെന്നോ ഞാന്‍ കരുതുന്നില്ല.'രതിക്കഥാപുസ്‌തകങ്ങള്‍' എന്നെഴുതാത്തത്‌ ആ വാക്കിലൂടെ പകരാനിടയുള്ള 'ഇക്കിളി' കുറയട്ടെ എന്നു കരുതിയാണ്‌.കമ്പിപ്പുസ്‌തകമെന്ന വാക്കില്‍ നിയുക്താര്‍ത്ഥത്തിലുള്ള ഇക്കിളി ഇല്ലെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌്‌്‌.
    ചില അവസരങ്ങളില്‍ മലം എന്നല്ല പറയേണ്ടത്‌ തീട്ടം എന്നുതന്നെയാണ്‌.വാക്കുകള്‍ ഉല്‌പാദിപ്പിക്കുന്ന അര്‍ത്ഥം വെവ്വേറെ തലങ്ങളില്‍ വിഭിന്ന ഭാവങ്ങളാണ്‌ ഉണ്ടാക്കുക.
    പക്ഷേ,താങ്കളുടെ പ്രതികരണത്തിലെ ആര്‍ജ്ജവം എനിക്കിഷ്ടമായി.ഞാനതിനെ ആദരിക്കുന്നു.

    ReplyDelete
  3. കാലാനുഗതമായ മാറ്റം എല്ലാ മേഖലകളിലും എന്ന പോലെ
    വായനയിലും എഴുത്തിലും വന്നു തുടങ്ങിയെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു
    ഏറിവരുന്ന പ്രസാധകന്മാരുടെ എണ്ണതിലും എഴുത്തുകാരുടെ എണ്ണത്തിലും
    ഉള്ള വര്‍ദ്ധന വായനക്കാരുടെ എണ്ണത്തില്‍, പുസ്തകങ്ങളൗടെ വില്പ്പനയിലും
    വന്നുവോ എന്ന സംശയം, സുസ്മെഷ് പറഞ്ഞപോലെ മാറ്റത്തെ ഉള്‍ക്കൊള്ളനുള്ള
    വിമുഖതകൊണ്ടാണെന്നു പറയാതെ വയ്യ.
    മറ്റോരാള്‍ മാറ്റുന്നതിലും മുന്‍പു നിങ്ങള്‍ സ്വയം മാറുന്നതാണെന്നു എവിടെയോ
    വായിച്ചത് ഓര്‍ത്തു പോകുന്നു.
    പുസ്തകതിന്റെ മേന്മയോടമ്പ്പം പുതുമയാര്‍ന്ന പ്രസന്റേഷന്‍, മാര്‍ക്കറ്റിംഗ്ഗ്
    രീതികള്‍ ഒക്കെ ആവശ്യമായ കാലത്ത്, സാങ്കേതികത്യ്ക്കും അര്‍ഹമായ
    സ്ഥാനം തന്നെയാണ്.

    നല്ല ലേഖനം ; സുസ്മെഷ്.

    ReplyDelete
  4. സുഭാഷ്‌ ചന്ദ്രന്‍ തന്‍റെ പുതിയ നോവലില്‍ "കായികപ്രതിഭ" "പുസ്തകച്ചന്ത" തുടങ്ങിയ- ഒരിക്കലും ചേരാത്തത് എന്ന് പണ്ട് കരുതിയിരുന്ന- പദങ്ങളുടെ ചേര്‍ച്ചയെപ്പറ്റി പറയുന്നുണ്ട്. മാറിയ കാലം നമ്മെ അറിയാതെ ഒപ്പം മാറ്റുന്നുണ്ട് അല്ലെ?

    പക്ഷെ അടിസ്ഥാനപരമായി ഓരോ മനുഷ്യനിലും മാറ്റം എന്നാ പ്രതിഭാസത്തോട് ഒരുതരം ജഡത്വം ആണ് ഉള്ളത് എന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
    Replies
    1. SUBHASH CHANDRAN IS A FRAUD. HIS NOVEL IS NAUSEATING AS SARTRE SAID. HIS HIDDEN AGENDAS IS YET TO BE REVEALED.

      Delete
  5. വായന മരിക്കുന്നു എന്ന് വിലപിക്കുന്നവരുടെ ഇടയില്‍ താങ്കളെപോലുള്ള ഒരാള്‍ ഇത്രയും ഗഹനമായി പറഞ്ഞത് നന്നായി .എല്ലാ കാലത്തും വായനയില്‍ മാറ്റം വരാറുണ്ടല്ലോ .അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാന്‍ മാറില്ല ,ഇവിടെ എല്ലാവരും മാറി എന്നു പറഞ്ഞ് വിലപിക്കുന്നവര്‍ക്ക് നല്ല ഒരു മറുപടി തന്നെയിത് .
    ഡ്രീംസ് പറഞ്ഞതിനോട്( കമ്പിപുസ്തകം ) യോജിപ്പില്ല. നമ്മുടെ പൊതുവെയുള്ള ഒരു സ്വഭാവം ഈ വക കാര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പറഞ്ഞാല്‍ അസ്ലീലവും ഛെ യും ഒക്കെ ആകുകയും മറവില്‍ അതൊന്നുമല്ലാതിരിക്കുകയും ആണല്ലോ .മറ്റിടങ്ങളില്‍ അങ്ങനെയാണോ എന്നറിയില്ല .ഞാനിടപെടുന്ന ചുറ്റുപാടില്‍ അങ്ങനെയാണ് കണ്ടിട്ടുള്ളത് .

    ReplyDelete
  6. നല്ല ലേഖനം, മാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന താങ്കളുടെ മനോഭാവം അഭിനന്ദനീയം. വായനയിൽ തീർച്ചയായും പുതിയ മേഖലകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഫിക്ഷൻ വായിക്കാൻ ആളു കുറയുന്നു എന്നത് സത്യം! എന്നാൽ മറ്റുള്ള വായനകളൊന്നും കവിതയോ, കഥയോ പകർന്നു നൽകുന്ന ആഹ്ലാദത്തിനു പകരല്ലെന്നു കരുതുന്നയാളാണ് ഞാൻ, താങ്കളുടെ ബ്ലോഗ് ഒരിക്കലും താങ്കളുടെ നോവലുകൾക്കോ കഥകൾക്കോ പകരമാവില്ലല്ലോ. പാട്ടിനും നൃത്തത്തിനും പെയിന്റിംഗിനും ഒപ്പമുള്ള അക്ഷരകല കഥയും നോവലും കവിതയുമടങ്ങുന്ന സർഗ്ഗസൃഷ്ടികളാണ്, നിഘണ്ടുക്കളും, പൾപ്പിന്റെ ബ്ലോഗ്പതിപ്പുകളും (ഉദാ: മീനാക്ഷീ) അതിൽ പെടില്ലല്ലോ!

    ReplyDelete
  7. hi susmesh, meaningful work, good sailing!

    ReplyDelete
  8. പ്രിയ ശ്രീനാഥന്‍,
    ശരിയാണ്‌.ഫിക്ഷന്‌ പകരമാവുകയില്ല മറ്റേതു പുസ്‌തകവും.പിന്നെ,ലോക ജനസംഖ്യയുടെ അനുപാതത്തില്‍ പരിശോധിച്ചാല്‍ എല്ലാക്കാലത്തും വായിക്കുന്നവരുടെ എണ്ണം ന്യൂനപക്ഷത്താണ്‌.ഇപ്പോഴുമതേ.കേരളത്തിലും അങ്ങനെതന്നെ.വായനക്കാര്‍ ന്യൂനപക്ഷമായി തുടരുന്നതുമാണ്‌ നല്ലത്‌.
    ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ വായിക്കാനുള്ള വിഷയങ്ങളുടെ ലോകം വിപുലമായി എന്നുമാത്രമാണ്‌.
    നന്ദി.
    എല്ലാവര്‍ക്കും.

    ReplyDelete
  9. വളരെ നല്ല ലേഖനം.. ഈയിടെ ഡി സി ബുക്സിന്റെ പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഈ മാറ്റം വ്യക്തമായിരുന്നു, കെ പി എ സി ലളിതയുടെ ആത്മകഥ, ഉര്‍വശിയുടെ ആത്മകഥ, സുരയ്യാ ബാനുവിന്റെ ആത്മകഥ ... ( പച്ചക്കുതിരയിലാണു കണ്ടത്).. വായനക്കാരും പ്രസാധകരും മാറുന്നു.

    ReplyDelete
  10. തികച്ചും അവസരോചിതമായ ഒരു ലേഖനം. മലയാളി വായനയുടെ ട്രെന്റും ഉപഭോഗ സംസ്ക്കാരവും നല്ലൊരു ചര്‍ച്ചാ വിഷയമാണ്, ഇന്നത്തെക്കാലത്ത്. വിഷയങ്ങളുടെ വിപുലീകരണം ഒരുപക്ഷെ വായനയുടെ സാധ്യതകള്‍ വര്ധിപ്പിക്കുന്നുണ്ടാവാം, എന്നാലും എന്താണ് വായിക്കേണ്ടത്, എന്താണ് വായിക്കേണ്ടാത്തത് എന്നുള്ള തിരഞ്ഞെടുപ്പിനെ ഇത് ശക്തമായി സ്വാധീനിക്കുന്നു എന്നത് തീര്‍ച്ചയാണ്. കൊടുത്ത കാശ് 'മുതലാക്കാനുള്ള' മലയാളിയുടെ ആന്തരിക പ്രവണതയെ പിന്തുടര്‍ന്ന് പിടികൂടാനാണ് ഇപ്പോഴത്തെ വിപണിയുടെ ശ്രമം. അതാണ്‌ ടിന്റുമോനു കിട്ടുന്ന സ്വീകാര്യത തെളിയിക്കുന്നതും.

    ReplyDelete
  11. നല്ല ലേഖനം.
    ഇങ്ങനെയൊക്കെ ചിന്തിക്കുവാനെന്തേ കാരണം
    ഏതു സാധനവും വില്ക്കാൻ ഇന്ന് പരസ്യമാധ്യമമാണു സഹായകമാവുന്നത്.
    കഥയും കവിതയും ഈ മാധ്യമം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
    നോവൽ ഇതിനെ ഉപയോഗിച്ചു തുടങ്ങി. ഈയടുത്തകാലത്ത് ഒരിഗ്ളീഷ് നോവൽ നമ്മുടെ നാട്ടിൽ പോലും പുറത്തിറങ്ങുന്ന അന്നു തന്നെ വാങ്ങാൻ മുൻ കൂട്ടി ബുക്കുചെയ്ത വാർത്ത നമുക്കൊക്കെ അറിവുള്ളതാണല്ലോ ?
    പ്രസാധകർ ഈവഴിക്കു തിരിയുവാൻ സാദ്ധ്യതയുണ്ട്.
    അങ്ങനെ വായനക്കാർ കൂടും.

    ReplyDelete
  12. hallo susmesh..
    i follow ur articles..
    deep and relevant observations.
    we are proud that there are people who respond to the need of times.

    i dont know whether you remember me. i was writing a small column of stories/thoughts in Don Bosco magazine years back(2002-2004?). you have drawn pictures for some of my thoughts too.
    in mai 2010 , i had sent regards to u through mamas -ur brother..

    Novel in SMART FAMILY too I had seen...
    ...Iniyum Valiya Nilayilekku uyaratte...Valarepper angayudevakkukal shradhikkatte....
    My 3 rd book was a political satire named VERUTHEYAANENKILUM .
    my mail id.mkoottumkal@gmail.com

    ReplyDelete
  13. താങ്കളുടെ നിരീക്ഷണങ്ങളോടും അഭിപ്രായങ്ങളോടും നൂറു ശതമാനം യോജിക്കുന്നു.

    മലയാളത്തിലെ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുമായി ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന് ഒരു പാട് നാളായി ആലോചിക്കുന്നു. ശ്രീ എം. കൃഷ്ണന്‍ നായരുടെ ഓര്‍മ്മയാണ് അങ്ങനെ ഒരു ക്രൂരകൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. (ആനയെയും അണ്ണനെയും ചേര്‍ത്ത് ഒരു പറച്ചിലുണ്ടല്ലോ.) മലയാള സാഹിത്യത്തിന് വന്ന തീരാനഷ്ടം ഏതെങ്കിലും ഒരു എഴുത്തുകാരനല്ല, എഴുത്തുകാരുടെ ചെവിക്കു പിടിച്ച് നേരെയാക്കിയിരുന്ന, ലോകസാഹിത്യത്തിലെ അമൂല്യരത്നങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തി തന്ന ഈ ഹെഡ്മാസ്റ്ററാണ്.

    Off topic: താങ്കളുടെ "സ്വര്‍ണമഹല്‍" എന്ന പുസ്തകം വായിച്ചു. "ഗാന്ധിമാര്‍ഗ"ത്തില്‍ നിന്നും കൂടുതല്‍ ഉയരത്തിലേക്ക് തന്നെയാണ് താങ്കളുടെ യാത്ര എന്നതില്‍ സന്തോഷം. ("ഗാന്ധിമാര്‍ഗം" ഒരു വിധത്തിലും മോശമായിരുന്നെന്നല്ല കേട്ടോ!)

    Quote: "കെ.മുരളീധരന്റെ ആത്മകഥ ഈച്ചരവാരിയര്‍ക്കുള്ള തിലോദകമായേക്കാം."

    ReplyDelete
  14. മാറ്റങ്ങളെ നാം തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്.പക്ഷെ, അത് നല്ല മാറ്റങ്ങളുമായിരിക്കണം.ചവറു വായിക്കാന്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ കണ്ടേക്കാം എന്നത് കൊണ്ട് മാത്രം അതിനു ഗുണ മേന്മ വരുന്നില്ലല്ലോ.
    നല്ല പോസ്റ്റ്‌.

    ReplyDelete
  15. കുറച്ചുവൈകി... ക്ഷമിക്കൂ..

    ഇഷ്ടപ്പെട്ടു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ.. വ്യക്തമായ കാരണം കൊണ്ട് ഇഷ്ടപ്പട്ടു എന്നുതന്നെ പറയട്ടെ..

    വായനയെപ്പറ്റിയും പ്രസാധനത്തെപ്പറ്റിയും വിലാപങ്ങളില്ലാത്ത വിലയിരുത്തല്‍... മാറ്റങ്ങളെ അതിന്‍റെ നന്മയില്‍ കാണാനുള്ള ശ്രമം... മുന്‍വിധികളോടും അനാവശ്യ കടുംപിടിത്തങ്ങളോടും ഉള്ള എതിര്‍പ്പ്... അങ്ങനെ അങ്ങനെ....

    കൂടുതല്‍ പറഞ്ഞ് കൊളമാക്കുന്നില്ല...സീരിയസായി അഭിപ്രായം പറയാന്‍ അറിഞ്ഞൂട അതാ..

    എനിക്കിഷ്ടപ്പെട്ട വരികള്‍..."മാറ്റങ്ങളെ എനിക്കിഷ്‌ടമാണ്‌.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു"
    ഞാനും.....

    ReplyDelete
  16. പ്രിയ സുഹൃത്തുക്കളേ,
    രണ്ടാഴ്‌ചത്തെ ദെല്ലി യാത്രയിലായിരുന്നതിനാല്‍ യഥാസമയം മറുകുറി എഴുതാനായില്ല..ക്ഷമിക്കുമല്ലോ.
    ആര്യന്‍,താങ്കളുടെത്‌ വളരെ നല്ല ആശയം.എം.കൃഷ്‌ണന്‍നായര്‍ സര്‍ ചെയ്‌തത്‌ പകരം വയ്‌ക്കാനില്ലാത്ത സാഹിതീസേവനമാണ്‌.അതിനാല്‍ മടിക്കാതെ ബ്ലോഗ്‌ തുടങ്ങൂ..അഭിനന്ദനങ്ങള്‍..ആശംസകള്‍...
    സ്വര്‍ണ്ണമഹല്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നാക്കുകളിലൊതുങ്ങാത്ത നന്ദി.അടുത്തിടെ മതൃഭൂമി,മരണവിദ്യാലയം കഥാസമാഹാരവും എച്ച്‌ ആന്‍ഡ്‌ സി,നായകനും നായികയും എന്ന നോവെല്ലയും പ്രസിദ്ധീകരിച്ചിരുന്നു.കഴിയുമെങ്കില്‍ വായിക്കണേ...
    മിച്ചാസ്‌,ഓര്‍മ്മയുണ്ട്‌.ഡോണ്‍ബോസ്‌കോയുടെ പടവുകള്‍ മറക്കുകയില്ല,ഒരിക്കലും.പ്രിയപ്പെട്ട ഫാദറിനെയും.താങ്കള്‍ ഓര്‍മ്മിപ്പിച്ചത്‌ നന്നായി.
    കലാവല്ലഭന്‍,ജ്യോതിഷ്‌,സ്‌മിത,ശ്രീനാഥന്‍,ജീവി,മഹേന്ദര്‍,രാജേഷ്‌ ചിത്തിര,മെയ്‌മാസപ്പൂക്കള്‍,പിന്നെ മൈലാഞ്ചി....നന്ദി.നന്ദി.ഒരുപാട്‌.
    മൈലാഞ്ചി ഗൗരവക്കാരി ആകേണ്ടാട്ടോ.ഇതല്ലേ നല്ലത്‌?
    പ്രിയ അജയ്‌‌ശേഖര്‍,താങ്കളുടെ വിലപ്പെട്ട വാക്കുകള്‍ക്ക്‌ നന്ദി മാത്രമല്ല കടപ്പാടുമുണ്ട്‌.താങ്കളുടെ വിവര്‍ത്തനങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്‌‌.ഇപ്പോള്‍ ജോലി എന്റെ ജന്മനാടിനടുത്താണല്ലോ.സന്തോഷം.

    വീണ്ടും കാണാം.
    നവരാത്രി ആശംസകള്‍...

    ReplyDelete
  17. This comment has been removed by the author.

    ReplyDelete