Saturday, September 4, 2010

നാനോ ഓണം


വി.കെ.എന്‍ `നമത്‌ വാഴ്‌വും കാലമും`എഴുതുന്ന സമയം.മദനന്‍ മാഷാണ്‌ വര.മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ ആഴ്‌ചയ്‌ക്കാഴ്‌ചയ്‌ക്ക്‌ സംഭവം വരുന്നത്‌.ഞാനതിന്റെ സ്ഥിരം വായനക്കാരനും.അതിലൊരിക്കല്‍ വി.കെ.എന്‍ 'പകര്‍ച്ച 'എന്നൊരു കഥയെഴുതി.ഓഫീസില്‍ പോയിരിക്കുന്ന ഭര്‍ത്താവിന്‌ ഉച്ചയൂണുണ്ടാക്കി 'പകര്‍ച്ച ' കൊടുത്തയക്കുന്നതാണ്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌.അമ്പമ്പോ എന്നല്ലാതെ എന്തുപറയാന്‍!സാരി ചരിച്ചുകുത്തി,കീഴ്‌പ്പാവാടയുടെ അടിവശത്തെ ഞൊറിവൊക്കെ കാണിച്ച്‌,അടുക്കളയില്‍ വിയര്‍പ്പൊഴുക്കി നായിക നില്‍ക്കുന്ന പടമാണ്‌ മദനന്‍മാഷ്‌ വരച്ചിരിക്കുന്നതും.നാക്കിലയുടെ അറ്റത്തെ ചുരുണ്ട നാരും പൊട്ടലും അടുക്കുപാത്രത്തിനു പുറത്തേക്ക്‌ കാണാം.ശ്രീമതി ഓട്ടോ വിളിച്ചാണ്‌ സദ്യവട്ടത്തെ കയറ്റിയയക്കുന്നത്‌.അതില്‍ ഒരു പ്രയോഗമുണ്ട്‌.മിച്ചം വന്ന കഷണങ്ങളെല്ലാം തടുത്തുകൂട്ടി അവിയലുണ്ടാക്കി എന്ന്‌!അടുക്കളയില്‍ കൂട്ടാന്‍ വേകുമ്പോള്‍,പ്രത്യേകിച്ചും അത്‌ അവിയലാണെങ്കില്‍,ഞാനീ കാര്യമോര്‍മ്മിക്കും.ഓണസദ്യയൊരുങ്ങുമ്പോഴും ഇക്കാര്യമോര്‍മ്മിക്കും.അത്‌ വി.കെ.എന്നിനുമാത്രം കഴിയുന്ന സാമര്‍ത്ഥ്യമാണ്‌.ഭക്ഷണത്തെ സാമര്‍ത്ഥ്യത്തോടെ വര്‍ണ്ണിക്കുക എന്നത്‌.ഓണക്കാലമാകുമ്പോള്‍ ഞാനീ കഥയെ പതിവായി ഓര്‍ക്കാറുണ്ട്‌.അതിന്‌ ഓണവുമായി ബന്ധമില്ലെങ്കിലും,ഓണവും ചമയലും രസികനായി വരുന്ന കഥാസന്ദര്‍ഭങ്ങള്‍ വേറെയുണ്ടെങ്കിലും,ഇക്കഥയാണ്‌ എന്തുകൊണ്ടോ ഓര്‍മ്മ വരിക.അതില്‍ സദ്യവട്ടത്തിന്റെ കനപ്പെട്ട ശൈലികള്‍ അമര്‍ന്നുകിടക്കുന്നതുകൊണ്ടാകാം.

എന്റെ കുട്ടിക്കാലത്ത്‌ ഗൃഹോപകരണങ്ങളാല്‍ സമൃദ്ധമായ അടുക്കളയൊന്നും വീട്ടിലുണ്ടായിരുന്നില്ല.ഓണമാവുമ്പോള്‍ കൂടുതലളവില്‍ പായസമുണ്ടാക്കാനായും സാമ്പാര്‍ വയ്‌ക്കാനായും അമ്മയുടെ ഒരു പരാക്രമമുണ്ട്‌‌.അധികമായി ആരെങ്കിലും ഉണ്ണാനുണ്ടാവുമെന്നതാണ്‌ പ്രധാനകാരണം.പിന്നെ,അയല്‍വീടുകളില്‍ പകര്‍ച്ച കൊടുക്കുകയും വേണം.വലിയ പാത്രങ്ങള്‍ കുറേ വാങ്ങിവച്ചിട്ടും കാര്യമില്ല.മഴക്കാലത്ത്‌ പെയ്‌ത്തുവെള്ളം പിടിക്കാമെന്നല്ലാതെ വേറെന്തുവിശേഷം!സാധാരണ ദിവസങ്ങളില്‍ നാലാള്‍ക്കു ഭക്ഷണമുണ്ടാക്കിയാല്‍ മതിയല്ലോ.ഓണത്തിന്റെ ഓര്‍മ്മകളില്‍ സജീവമായി വി.കെ.എന്‍ കയറിവരാനുള്ള കാരണം ഉണ്ണുന്നതിന്റെ പ്രിയംതന്നെയാണ്‌.ഞാനൊരു ആഹാരപ്രിയനാണ്‌.എന്തും വലിച്ചുവാരിക്കഴിക്കുന്നതല്ല ശീലം,മറിച്ച്‌ നല്ല ചിട്ടയൊപ്പിച്ച്‌ നമ്മുടെ നാട്ടുഭക്ഷണം നന്നായി കഴിക്കുന്നതിലാണ്‌.അതൊക്കെ എല്ലായ്‌പ്പോഴും പ്രയാസമാണല്ലോ.പ്രത്യേകിച്ചും ഹൈറേഞ്ചിലെ ഏറെക്കുറെ ഇല്ലായ്‌മയുടെ സാഹചര്യങ്ങളില്‍.എന്നാല്‍ ഓണത്തിന്‌ അങ്ങനെയല്ല.തരാതരം ഭക്ഷണം ആസ്വദിച്ചുതന്നെ കഴിക്കാം.ഒരിടത്തുനിന്നല്ല,അയല്‍വീടുകളില്‍നിന്നും.ഒരു ഗ്ലാസ്‌ പായസമെങ്കിലും അന്നത്തെ ദിവസം അയല്‍പക്കത്ത്‌ നിന്ന്‌ കഴിച്ചിരിക്കണമെന്ന്‌ നിര്‍ബന്ധമാണ്‌.നമുക്കുമാത്രമല്ല,അവര്‍ക്കും.എനിക്കിഷ്ടമാണ്‌ അത്‌.ഇന്നും പ്രിയമുള്ള വീടുകളില്‍നിന്ന്‌ ഭക്ഷണം കഴിക്കാന്‍ എനിക്കിഷ്ടമാണ്‌.അതിലൊരു നല്ല സന്ദേശംകൂടിയുണ്ട്‌.മാധവിക്കുട്ടിയുടെ കഥകളിലും വെപ്പുകാരന്റെ ക്രിയകള്‍ കാണാം.ആ കഥകളിലെ കുട്ടികളെപ്പോലെ വെപ്പുകാരന്‍ വന്നാലാണ്‌ എനിക്കുത്സാഹമാവുക.കഥയിലായാലും ജീവിതത്തിലായാലും.എന്റെ ഓര്‍മ്മയിലുമുണ്ട്‌,ഒരു 'കലി നാരായണന്‍നായര്‍'.ഞങ്ങളുടെ നാട്ടിലെ പേരെടുത്ത ദേഹണ്ഡക്കാരന്‍ ഗോപാലന്‍ചേട്ടന്‍.കല്യാണമോ അടിയന്തിരമോ മറ്റോ വന്നാല്‍ ഗോപാലന്‍ ചേട്ടന്‍ ആഘോഷമായിപ്രവേശിക്കും.വലിയ കുട്ടകങ്ങളും ചെമ്പുകളും വാര്‍പ്പുകളും വയ്‌ക്കാനുള്ള മുട്ടന്‍ അടുപ്പുകളുടെ പണിയാണ്‌ ആദ്യം.പിന്നെ,ചേന,ചേമ്പ്‌,കായ,മത്തന്‍,കുമ്പളം,പപ്പടം,പരിപ്പ്‌,നെയ്യ്‌‌,എണ്ണ,തേങ്ങ എന്നിങ്ങനെ ഒരു ബഹളം.ഗോപാലന്‍ചേട്ടന്റെ കരവിരുതുകള്‍ നല്ലപോലെ കാണാനൊന്നും എനിക്കുകഴിഞ്ഞിട്ടില്ല.എന്റെ കുട്ടിക്കാലമാണത്‌.മുതിര്‍ന്നപ്പോഴേക്കും അദ്ദേഹം ദേഹണ്ഡംനിര്‍ത്തി ഉപജീവിതത്തിന്‌ വേറെ പണി നോക്കി തുടങ്ങിയിരുന്നു.

അരികുത്തുമില്ലും ചില പുന്നാരങ്ങളും

അക്കാലത്ത്‌‌ ഞങ്ങളുടെ നാട്ടില്‍ ഒരേയൊരു അരികുത്തുമില്ലേ ഉണ്ടായിരുന്നുള്ളൂ.അത്‌ പാടം കടന്നുചെല്ലുന്ന ചെമ്മണ്‍ നിരത്തിനരികിലാണ്‌.ഒരു കൊല്ലത്തിന്റെ കൂട്ടിവയ്‌ക്കലുകള്‍ മുഴുവന്‍ നാട്ടുകാര്‍ കുത്തിത്തീര്‍ക്കുന്നത്‌ ആ മില്ലിലായിരുന്നു.ഓണക്കാലമായാല്‍ അവിടെ തിരക്കേറും.തവിടിന്റെയും ഉമിയുടെയും പുഴുക്കനെല്ലിന്റെയും ഗ്രീസിന്റെയും ഡീസലിന്റെയും വാസന നിറഞ്ഞുകിടക്കുന്ന ഒരിടം.മില്ലില്‍ തട്ടമിട്ടു തലമറച്ച ചെറുപ്പക്കാരികള്‍ നെല്ലുകുത്താന്‍ വന്നുനില്‍പ്പുണ്ടാകും.പ്രായം ചെന്ന സ്‌ത്രീകള്‍ അവിടെത്തന്നെ പടിഞ്ഞിരുന്ന്‌ അരിയിലെ ഉമി കൊഴിച്ചെടുക്കുന്നുണ്ടാവും.കൂട്ടിനുവന്ന കുട്ടികള്‍ ത്രികോണാകൃതിയില്‍ കമുകിന്‍പട്ട കീറിയടിച്ച മറയില്‍ മൂക്കു ചേര്‍ത്തുവച്ച്‌‌ യന്ത്രത്തിന്റെ ബെല്‍റ്റ്‌ കറങ്ങുന്നത്‌ നോക്കിനില്‍പ്പുണ്ടാകും.അരി കുത്തുന്ന ആക്കൊച്ച്‌‌ ചേട്ടന്‍ അരിവരുന്ന കുഴലില്‍ വിരലിട്ട്‌ മുഷിഞ്ഞുനില്‍പ്പുണ്ടാകും.കുത്തുകൂലി പണമോ നെല്ലോ ആണ്‌‌.പണം കൊടുക്കുന്നവര്‍ വിരളം.ആ മില്ല്‌ എന്റെ ഓര്‍മ്മകളുടെ പരിധികളിലുണ്ടായിരുന്നു എന്നും.അനവധി ഓണക്കാലങ്ങള്‍ ആ മില്ലിനെ ചുറ്റിപ്പറ്റി കടന്നുപോയിട്ടുണ്ട്‌.നെല്ല്‌ നിറച്ച ചാക്കോ കുട്ടയോ തലയിലേറ്റി നന്നേ വീതികുറഞ്ഞ പാടവരമ്പിലുടെ നടക്കുക എന്നത്‌ യാതന നിറഞ്ഞകാര്യമാണ്‌.വരമ്പിനരികില്‍ത്തന്നെ കമുകുകളും വച്ചുപിടിപ്പിച്ചിട്ടുണ്ടാകും.നല്ല ഉയരമുള്ള കമുകുകള്‍.അതില്‍ ഒരു കൈ ചുറ്റിപ്പിടിച്ച്‌,തലയിലെ ഭാരം ചരിയാതെ സൂക്ഷിച്ചുവേണം വരമ്പ്‌ കടക്കാന്‍.മഴക്കാലത്ത്‌ വരമ്പിനപ്പുറത്തെ തോട്‌ കവിഞ്ഞൊഴുകും.പക്ഷേ,തോട്ടിറമ്പിലെമ്പാടും പൂക്കളായിരിക്കും.നല്ലനല്ല ഓണപ്പൂക്കള്‍.മില്ലില്‍ വന്നുകൊണ്ടിരുന്ന തട്ടമിട്ട സ്‌ത്രീകള്‍ ഞങ്ങളുടെ ദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നുള്ളവരായിരുന്നു.ചുറ്റിലും വിശാലമായ പാടങ്ങളായിരുന്നതിനാല്‍ എല്ലാവരും സുപരിചിതരുമായിരുന്നു.പണിക്കാരും പണക്കാരും പണിയെടുപ്പിക്കുന്നവരും ചേര്‍ന്നുണ്ടായ കൃഷിക്കാലം.അങ്ങനെയൊരു മില്ലിനെപ്പറ്റി,പത്മരാജന്‍ 'കള്ളന്‍ പവിത്രന്‍ 'എന്ന സിനിമയില്‍ പറയുമ്പോള്‍,ഞാനാ ജീവിതത്തിലൂടെ കടന്നുപോകുകയായിരുന്നു.മില്ലുകാരന്‍ മാമച്ചന്‍ അതിലാണല്ലോ.ആ സിനിമയിറങ്ങിയ നാളുകളിലായിരുന്നു എന്റെ കുട്ടിക്കാലം.പക്ഷേ ജീവിതകഥ സിനിമയിലെപ്പോലെ ആയിരുന്നില്ലെന്നുമാത്രം.പിന്നീട്‌ അങ്ങനൊരു മില്ല്‌ കണ്ടത്‌ മഞ്ചേരിക്കടുത്ത്‌ ഇളയൂരിലാണ്‌.അവിടെ എന്റെ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും വീട്ടിലേക്ക്‌ പോകുന്ന വഴിയില്‍ അത്തരമൊരു മില്ലുണ്ടായിരുന്നു.ഇരമ്പുന്ന മില്ല്‌.മണ്ണെണ്ണയുടെയും ഗ്രീസിന്റെയും ഡീസലിന്റെയും നെല്ലിന്റെയും മണമുള്ള യന്ത്രശാല.അവിടെ കാത്തുനിന്നിരുന്ന പെണ്ണുങ്ങള്‍ മുഴുവന്‍ തല മറച്ചവരായിരുന്നു.അവര്‍ നമ്മളെക്കാണുമ്പോള്‍ ഒന്നുകൂടി അകത്തേക്കുവലിയും.മൈലാഞ്ചിച്ചെടി കൊളുത്തിവലിച്ചിട്ടെന്ന പോലെ.ആ മില്ലിരിക്കുന്നതിനടുത്ത്‌ ഒരു പഞ്ചായത്ത്‌ കുളമുണ്ട്‌.അപ്പുറം കൈതകള്‍ തലകുനിച്ച്‌ മാറിടം നോക്കിനില്‍ക്കുന്ന തോടും.പിന്നെ അത്തരം മില്ലുകള്‍ കണ്ടിട്ടുള്ളത്‌ പാലക്കാടാണ്‌.സിമന്റിട്ട വലിയ മുറ്റങ്ങളുണ്ടാകും.നെല്ല്‌ നിരത്തി ചിക്കിയിട്ടുണ്ടാവും.നെല്ല്‌ പുഴുങ്ങുന്ന യന്ത്രത്തില്‍നിന‌ ആവി മേലേക്ക്‌ പോകുന്നുണ്ടാവും.പാലക്കാട്ടെ ചെട്ടിച്ചികളും മൂത്താന്മാരും ഈഴവരും കാക്കുന്ന നെല്‍ക്കാലങ്ങള്‍.!
ഓണമെന്നൊന്നുമില്ല സ്‌നേഹസമ്പന്നരായ പാലക്കാട്ടുകാര്‍ക്ക്‌‌.അവരുടെ മനസ്സിലെന്നും ഓണമാണ്‌.മലയാളി എന്നാല്‍ പാലക്കാട്ടുകാരായിരുന്നെങ്കില്‍....!ഇന്ന്‌ നാട്ടില്‍ ആധുനിക അരിമില്ലുകളുള്ളത്‌ കാലടിയിലാണ്‌.നിറം കലര്‍ത്തിയ കല്ലില്ലാത്ത അരി വരുന്ന കാലടിയുടെ അരിപ്പെരുമ!

പ്രപഞ്ചമേ,പൂക്കളമിടാന്‍ കുറച്ച്‌ ഇ വേസ്‌റ്റ്‌ ഇറക്കിത്തരൂ...

എന്തും പ്രയോജനപ്പെടുത്തുക എന്നാവുമ്പോള്‍ എന്തും പ്രയോജനപ്പെടുത്താം എന്നുതന്നെയാണ്‌.പൂക്കളമിടാന്‍ ഇലക്ട്രോണിക്‌ വേസ്‌റ്റ്‌ ആവാം.അതിന്റെ പൂരൂപങ്ങള്‍ പുതുമയാവാം.വൈകാതെ നമുക്കിത്‌ പരസ്യങ്ങളില്‍ കാണാന്‍കഴിയും.പ്രകൃതിയെ മുറ്റത്തേക്ക്‌ ആവാഹിക്കുന്ന പൂക്കളങ്ങളെ എനിക്കിഷ്ടമാണ്‌.അതിലെ സങ്കല്‍പം എത്ര ദിവ്യമാണ്‌.പക്ഷേ,ഇന്നും ഇനി വരും നാളുകളിലും അതത്ര സാദ്ധ്യമല്ലാതെ വരും.പ്രകൃതിയില്‍ നിന്ന്‌ നമ്മളകലുന്നതുകൊണ്ടാണതെന്ന്‌ എനിക്കു അഭിപ്രായമില്ല.മാറുന്നകാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങളാണ്‌ അതെല്ലാം.നമ്മളിപ്പോള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌‌മെന്റ്‌സിലോ മറ്റോ നിറയെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചാലും മക്കള്‍ ഓണക്കാലത്ത്‌ പത്തുദിവസവും പൂവിടണമെന്നില്ല.ചില ഉള്‍നാടന്‍ദേശങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും ഇന്ന്‌‌ കുട്ടികള്‍ പതിവായി പൂവിടുന്നുണ്ടാവുമോ? ഓണപ്പൊട്ടനും മറ്റും കണ്ണൂര്‍,തൃശൂര്‍,പാലക്കാട്‌ ജില്ലകളില്‍ മാത്രമായി ഒതുങ്ങി.കര്‍ക്കിടകം 1 മുതല്‍ പൂവിടുന്നതും ഒറ്റത്തിരുവോണം നോക്കുന്നതും അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി.വാസ്‌തവത്തില്‍ തിരുവിതാംകൂറും മലബാറും മധ്യകേരളവും ഓണത്തെ വ്യത്യസ്‌തമായിത്തന്നെയാണ്‌ സ്വീകരിക്കുന്നത്‌.ഒരു ചരിത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഐക്യകേരളപ്പിറവി ഓണത്തിന്റെ മിത്തിനെ പൊളിച്ചടുക്കിയിട്ടില്ല.തലമുറ കഴിയുംതോറും നഷ്ടമാവുന്നതാണ്‌ മാമൂലുകളോടുള്ള പ്രതിപത്തി.പിന്നീട്‌ അതൊരു നേര്‍ത്ത ഓര്‍മ്മയായിമാറും.ഇനിയൊരു അമ്പത്‌ കൊല്ലംകഴിഞ്ഞാല്‍ ഓണത്തിന്‌ ഇന്നത്തെയത്രപോലും സവിശേഷത നല്‍കാന്‍ അന്നത്തെ മലയാളികള്‍ തയ്യാറാകണമെന്നില്ല.അനുഷ്‌‌ഠാനങ്ങള്‍ വൈകാരികശീലത്തില്‍നിന്നുണ്ടാവുന്നതാണ്‌.ആ വൈകാരികതയാണ്‌ നാള്‍ക്കുനാള്‍ നമുക്ക്‌ നഷ്ടമാവുന്നത്‌‌.അത്‌ മാറ്റമാണ്‌.അംഗീകരിക്കേണ്ട മാറ്റം.പക്ഷേ,ഇന്നത്തെ മലയാളി രണ്ടുനാള്‍ ഓണം ആഘോഷിക്കുന്നുണ്ട് കുറേക്കാലമായിട്ട്‌‌.കുറേക്കാലംകൂടി അതുതുടരും.വാസ്‌തവത്തിലത്‌‌-ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്‌‌-വിപണിയുടെ ഓണാഘോഷമാണ്‌.അഥവാ ആവശ്യമാണ്‌.എന്നാല്‍ വരും നാളുകളില്‍ വിപണിയുടെ ഇന്നത്തെ സങ്കല്‍പം മാറും.അന്ന്‌ ഓണവും വിഷുവും അപ്രധാനമാകും.എല്ലാ പ്രാദേശികതയും നഷ്ടമാകും.അതേസമയം ആഗോളപ്രചാരമുള്ള ക്രിസ്‌തുവിന്റെ പിറവി നിലനില്‍ക്കുകയും ചെയ്യും.കാരണം,ഓണം കേരളത്തിന്റെ,മലയാളിയുടെ മാത്രം ആവേശമാണ്‌.അയല്‍പക്കമായ തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോപോലും അതിന്റെ അലയൊലികളില്ല.ഇല്ലെന്നുതീര്‍ത്തും പറഞ്ഞുകൂടാ.ഉള്ളത്‌ വിപണിയുടെ നാണയാധിഷ്ടിതമായ അധീശത്വമാണ്‌.അവരുടെ വിപണിയില്‍നിന്ന്‌ നമ്മുടെ ഓണവിപണിയിലേക്ക്‌‌ വരുന്ന വിഭവങ്ങളുടെ സമകാലികത മാത്രം.ഇതൊക്കെയാണെങ്കിലും ഇന്നത്തെ മലയാളിക്ക്‌‌,ഇതുവരെയുള്ള മലയാളിക്കും,ഓണം ഗൃഹാതുരതയാണ്‌.നാളത്തെകാര്യം അങ്ങനെയാവില്ലെങ്കിലും.ഇന്നത്തെക്കാലത്ത്‌ സമൃദ്ധമായ ഭക്ഷണം എന്നത്‌ കേള്‍ക്കാനത്ര സുഖമില്ലാത്ത കാര്യമാണ്‌.എന്നുംതന്നെ സമൃദ്ധമായ ഭക്ഷണമാണല്ലോ.ബി.പി.എല്ലിനുതാഴെയുള്ളവരാണെങ്കിലും അല്ലെങ്കിലും.എല്ലാം ലഭ്യമാണ്‌ എന്നതാണ്‌ സംഗതി.അതിന്‌ പണം മാത്രംമതി.പണമോ,പഴയ പോലെയല്ല,ആവശ്യത്തിന്‌ കിട്ടാനുണ്ട്‌‌.സ്വകാര്യമേഖലയുടെ വളര്‍ച്ച,നാട്ടിലെ ദാരിദ്യമകറ്റിയിരിക്കുന്നത്‌ ചെറിയ തോതിലൊന്നുമല്ലല്ലോ.നമ്മളാരുമത്‌ സമ്മതിച്ചുതരില്ലെങ്കിലും.അതിന്റെ മാറ്റം 'ഇല'യിലാണ്‌.സദ്യ എന്നുപറഞ്ഞാല്‍ ഇലയില്‍ ബ്രഡ്ഡും വെണ്ണയും അല്ലെങ്കില്‍ എണ്ണ പുരട്ടാത്ത ചപ്പാത്തിയും കറിയും കോഴിക്കാലുമെന്നായിട്ടുണ്ട്‌.ഇല പേപ്പറില.അതിലൊന്നും കുഴപ്പമില്ല.കാലത്തിനൊപ്പമാണ്‌ നാം സഞ്ചരിക്കേണ്ടത്‌.എന്നാലും,സദ്യയെന്നാല്‍,എന്നെസംബന്ധിച്ച്‌ ചോറും കറിയും പപ്പടവും വറുത്തപ്പേരിയും ഉപ്പിലിട്ടതും പായസവും തന്നെയായിരിക്കണം.

ഓണക്കോടി.ഓടിക്കോ!

നമ്മള്‍ക്ക്‌ 'അക്ഷയതൃതീയ'യുടെ ജ്വരം പിടിച്ചത്‌ ഓര്‍മ്മയില്ലേ.അതേപോലെയാണ്‌ ഓണക്കോടിയുടെ കാര്യവും.എനിക്കുമനസ്സിലാവാത്തത്‌ ഇപ്പോള്‍ നാട്ടിലുയരുന്ന സ്വര്‍ണ്ണക്കടകളുടെയും തുണിക്കടകളുടെയും ബാഹുല്യമാണ്‌‌.ആരാണ്‌ ഇത്ര ഉപഭോഗജ്വരമുള്ള മലയാളി സമൂഹം?ആരാണ്‌ ഇത്രശേഷിയുള്ള കച്ചവടക്കാര്‍?നികുതിവകുപ്പും സര്‍ക്കാരും മാനം നോക്കിനില്‍ക്കുന്ന കാഴ്‌ച കാണണമെങ്കില്‍ പത്രം നോക്കിയാല്‍ മതി.ആഴ്‌ചയിലൊന്നെങ്കിലും മുഴുവന്‍താള്‍ പരസ്യമുണ്ടാകും,ഏതെങ്കിലും ജ്വല്ലറിയുടെയോ തുണിക്കടയുടെയോ ഉദ്‌ഘാടനം വിളംബരം ചെയ്‌ത്‌.എവിടെനിന്നാണ്‌ ഈ വരുമാനം.അതിനിടയില്‍ ഓണക്കോടി എന്നൊന്നില്ല,എന്നും ഓണക്കോടിയാണ്‌.അതാണ്‌ ആദ്യമേ പറഞ്ഞ വിപണിയുടെ കെണി.അതില്‍ മുങ്ങിപ്പോകുന്നത്‌ ഐതിഹ്യമാണ്‌.നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി എന്ന നാടകം ഇനി അരങ്ങില്‍ കളിക്കാനുള്ളതല്ല,ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കാനുള്ളതാണെന്ന്‌ കാലംപറയുംപോലെ.മാനുഷരെല്ലാരുമൊന്നുപോലെ എന്ന്‌ ഇനി പറയാനാവാത്തതുപോലെ.മനുഷ്യരെ വിഭിന്നരാക്കുന്നതാണ്‌ മാറിയകാലം.മാറിയകാലത്ത് നിലനില്‍ക്കുന്നതെന്താണോ അതാണ്‌ 'ആധുനികമായ' ഐതിഹ്യം.ആധുനികമായ ഐതിഹ്യത്തിന്‌ ഒരു മൈക്രോചിപ്പിലൊതുങ്ങാനുള്ള സ്ഥലമേ യന്ത്രവാസികളും യന്ത്രസംസ്‌കാരവാഹികളുമായ
മനുഷ്യന്‍ അനുവദിക്കൂ.
അതുകൊണ്ട്‌ അതിനെ ഇനി നാനോഓണം എന്നുവിളിക്കാം.

ഫോട്ടോ.സുസ്‌മേഷ്‌ ചന്ത്രോത്ത്‌

25 comments:

  1. 'നാനോ ഓണം' ഈ ഓണത്തിന്‌ എഴുതിയതാണ്‌.
    അല്‌പം വൈകിയാണ്‌ ബ്ലോഗിലിടുന്നത്‌.വായനയെ അത്‌ ബാധിക്കുമോ..?

    ReplyDelete
  2. ഓണം നിലനില്കുമെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. മറ്റൊരു രീതിയില്‍ ആയിരിക്കുമെന്ന് മാത്രം.. നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത മറ്റേതോ രീതികളില്‍.....ഓണം എന്നപേര് മാത്രം.
    ഓണം കച്ചവടക്കാരുടെ ആഘോഷമാണ്. അവരാണല്ലോ എല്ലാ ആഘോഷങ്ങളും നമ്മേ ഓര്‍മിപ്പിക്കുന്നത്

    ReplyDelete
  3. മലയാളികൾക്ക്‌ മറവി കൂടുതലാണ്‌..
    ഓണസദ്യ ഉണ്ടക്കാൻ ഇപ്പോഴും ഒരു മനസ്സുണ്ടല്ലോ, അതു നല്ലത്‌.

    ReplyDelete
  4. എന്നുമെന്നുമോണം വേണമെന്നല്ലേ സുസ്മേഷ്, അതോണ്ട് മുഷിയില്ല, അൽ‌പ്പം താമസിച്ചാലും, അതും താങ്കളെപ്പോലെ നല്ലൊരു വിളമ്പുകാരൻ ഓണസദ്യ ‘വിലക്കെ’ വിളമ്പുമ്പോൾ! ‘നമത് വാഴ്വ്’ പ്രസിദ്ധീകരിച്ചിരുന്നത് ഓർമ വരുന്നു- വികെഎൻ ആസക്തികളുടെ വെളിച്ചപ്പാടായിരുന്നു, പ്രണയത്തെ കുറിച്ച് വി കെ എൻ കളിയായിട്ടല്ലാതെ കാര്യമായി എഴുതിയിട്ടില്ല, സെക്സിലായിരുന്നു, നാണ്വാർക്ക് കമ്പം, ആ ആസക്തി ആഹാരത്തിലും കാണാമായിരുന്നു-നല്ല തുമ്പപ്പൂ പോലുള്ള ഇഡ്ഡലി നല്ല തൂവെള്ളയായ ശുദ്ധമായ തേങ്ങാചട്ണിയിൽ ഒപ്പി നാവിൽ വെക്കുമ്പോൾ അലിഞ്ഞു പോകുന്നത്, ഉരുളയുരുളയായി വായിലേക്ക് സ്പിൻ ബൌൾ ചെയ്യുന്ന ചോറ് – ഒക്കെ ഓർമിപ്പിച്ചു താങ്കൾ!
    ഞാനിപ്പോൾ പാലക്കാട്ടുകാരനാണ്, താങ്കൾ പറഞ്ഞപോലെ നെല്ലുകുത്തു മില്ലുകൾ ഇപ്പോഴും ധാരാളമുണ്ട് പാലക്കാട്ട്. മില്ലിലെ പുന്നാരങ്ങൾ ഞാനും കണ്ടിട്ടുണ്ട്! പിന്നെ ഓണം! ശരിയാണ്, മുമ്പ്, ഓണത്തിനന്ന് രാവിലെ മുറ്റത്തു നിന്നാൽ ഇളവെയിലുപറയും ഇന്ന് ഓണമാണെന്ന്, ഓണമിന്ന് മനസ്സിനെ സ്പർശിക്കുന്നുണ്ടോ, വ്യാപാരവും കള്ളുകുടിയുമല്ലാതെ, ഒരു ഓണസ്പർശം നിറയുന്നുണ്ടോ നമ്മുടെ ആത്മാവിൽ സുസ്മേഷ്? നിങ്ങളെപ്പോലെയുള്ള എഴുത്തുകാർക്കാകുമോ, ഓണം തിരിച്ചു തരാൻ?

    ReplyDelete
  5. മലയാളികളുടെ ഇന്നിനു നേരെപിടിച്ച്ച കണ്ണാടിയായി ഈ ലേഖനം...ഗ്രഹാതുരത്വ പ്രിയരായ മലയാളി സ്വഭാവം നാളത്തെ തലമുറയിലും ഉണ്ടാവാതിരിക്കില്ല എന്ന് പ്രത്യാശിക്കാം...ഓണവും വിശുവുമൊക്കെ രൂട്സിലെക്കുള്ള മടങ്ങിപോക്കാനെന്നു പറയാനാവില്ലെങ്കിലും, ഒരു ഓര്‍മപ്പെടുത്തലല്ലേ, എ സെന്‍സ് ഓഫ് ബിലോങ്ങിംഗ്??

    ReplyDelete
  6. ഓണമൊക്കെ നാളെ കുട്ടികള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ഗെയിമാവാന്‍ വഴിയുണ്ട്.. നല്ല ലേഖനം.. വൈകിയെങ്കിലും ഓണാശംസകള്‍

    ReplyDelete
  7. നാം അകന്നു പോകുന്നത് ആണോ ? നമ്മില്‍ നിന്ന് അകന്നു പോകുന്നതാണോ ?.....രണ്ടായാലും തുമ്പ പൂവിന്റെ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് .ഇനി കാണാന്‍ പറ്റിയില്ലെങ്കിലോ !!!!!!!!!!

    ReplyDelete
  8. അല്‌പം വൈകിയാണ്‌ എങ്കിലും .നല്ല ഒരു ഓര്മ കൂട്ട് ...
    വൈകിയാണ്‌ വന്നാലും നല്ലതുമായി വന്നു ........ഓണാശംസകള്‍

    ReplyDelete
  9. ഇക്കാലത്ത് എല്ലാവര്‍ക്കും എന്നും ഓണമല്ലെ ? പണ്ടായിരുന്നു ഓ ണം ഒരു ഉത്സവം.... ഇന്ന് ചുമ്മാ ആളുകള്‍ക്ക് കള്ളുകുടിച്ചു ആഘോഷിക്കാനും ഒരു ദിവസം.... ഇന്ന് ഓണം പഴയ ഓര്‍മ്മയോടെ ആഘോഷിക്കുന്നത് പ്രവാസി സമൂഹമാണ്.

    ReplyDelete
  10. ദഹണ്ണക്കാരെപ്പറ്റി ഓര്‍മ്മവന്നതാ.
    നാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റു പടിച്ചു, അതില്‍ ഒരോ വിഭവങ്ങളും ഉണ്ടാക്കുന്ന വിധം വായില്‍ വെള്ളമിറക്കി ചാത്തന്‍‌മാഷിന്റെ വീട്ടുവരാന്തയിലെ ചുമരില്‍ ചാരിയിരുന്നു വര്‍ണ്ണിക്കുന്ന ദീപക് എന്ന സുഹൃത്തിനെ. തോര്‍ത്തുമുണ്ടിലിട്ടു തേങ്ങാപ്പാലു പിഴിയുന്ന രംഗത്തും, സദ്യകഴിഞ്ഞു വലിയ ചരുവത്തില്‍ കമഴ്‌ന്നു കിടന്നു അതു കഴുകുന്ന രംഗത്തും അദ്ദേഹം വിഷ്വലൈസ് ചെയ്തു കാണിക്കും. ചിരിക്കാതെ വയ്യ.

    കാതിക്കുടത്തെ വലതുകയ്യിലെ തന്തവിരലില്ലാത്ത ഏതോ ഒരു നായരുടെ അരിമില്ലിലെ നല്ല വീതിയും ബലവുമുള്ള റബ്ബര്‍ പാളം മോട്ടോറിന്റെ ചലനങ്ങളെ ഏറ്റുവാങ്ങുന്നതും സ്ക്രൂകള്‍ ഉപയോഗിച്ചു ബലപ്പെടുത്തിയ ഭാഗത്തെ ഏച്ചുകെട്ടല്‍ റബ്ബര്‍ പാളം കറങ്ങുന്നതിനൊപ്പം വട്ടം ചുറ്റുന്നതും ഇപ്പോഴും ഓര്‍ക്കുന്നവതന്നെയാണ്.

    ഭൂതത്തെപ്പറ്റി ഓര്‍മയുണ്ടെങ്കില്‍ ഓണവും നമുക്കിടയില്‍ ഇനിയും നിലനില്‍ക്കും, ദീര്‍ഘകാലം തന്നെ. സ്‌മൃതിയെ സംരക്ഷിക്കുക.
    :-)
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

    ReplyDelete
  11. പ്രിയ സുസ്മേഷ്, നല്ല ലേഖനം.. പക്ഷെ ഇന്നത്തെക്കാലത്ത് ആരെയും കുറ്റം പറയാന്‍ കഴിയില്ല. ധാരണകള്‍ അപ്പാടെ മാറിയിട്ടുണ്ടല്ലോ. ഓണം എന്നും ഓര്‍മകളുടെ സമ്പത്തായിരുന്നു; മാവേലിയെപ്പോലെ. കട്ടിക്കാലത്ത് ഞാനും കേട്ടിട്ടുണ്ട്, ഓണമെന്ന വസന്തകാലത്തെപ്പറ്റിയുള്ള നിറമുള്ള ഓര്‍മ്മകള്‍. പക്ഷെ പറഞ്ഞിരുന്നത് മുത്തച്ച്ചന്മാര്‍ ആയിരുന്നെന്നു മാത്രം!

    ഡി നോവല്‍ വായിച്ചു. നല്ല തീക്ഷ്ണമായ വായനാനുഭവം. സ്റ്റൈലന്‍ എഴുത്ത്. തുടരട്ടെ.

    കളമശ്ശേരിയില്‍, നമ്മള്‍ പലവട്ടം സന്ധിച്ചിട്ടുണ്ട്. എങ്കിലും ചോദിക്കട്ടെ, ഓര്‍മ്മയുണ്ടോ ഈ മുഖം?

    ReplyDelete
  12. susmesh
    sughaano
    njaan palaro
    dum thirakarunt
    rafeek panniyangara vazhiyaanu ivide kandath
    ente magazin nokkuka
    www.puthukavitha.com
    www.saikatham.com

    ReplyDelete
  13. എല്ലാം ആധുനികവും യാന്ത്രികവുമായ ഇക്കാലത്ത് ആഘോഷങ്ങളിലും കൃത്രിമത്വം കലരുന്നത് സ്വാഭാവികം.
    പണ്ട് പച്ച മനുഷ്യരും മായം കലരാത്ത പ്രകൃതവും പ്രവൃത്തികളുമായിരുന്നു..
    ഒരു വലിയ എഴുത്തുകാരനെ അഭിനന്ദിക്കുന്ന സാഹസത്തിനു ഞാനില്ല..
    ആശംസകള്‍.

    ReplyDelete
  14. എല്ലാം ആധുനികവും യാന്ത്രികവുമായ ഇക്കാലത്ത് ആഘോഷങ്ങളിലും കൃത്രിമത്വം കലരുന്നത് സ്വാഭാവികം.
    പണ്ട് പച്ച മനുഷ്യരും മായം കലരാത്ത പ്രകൃതവും പ്രവൃത്തികളുമായിരുന്നു..
    ഒരു വലിയ എഴുത്തുകാരനെ അഭിനന്ദിക്കുന്ന സാഹസത്തിനു ഞാനില്ല..
    ആശംസകള്‍.

    ReplyDelete
  15. ഞാന്‍ എഴുതിയ പഴയ ഒരു കുറിപ്പ് പ്രതികരണമായി ചേര്‍ക്കുന്നു

    മുന്‍പൊക്കെ ഓണം എന്നാല്‍
    എന്തൊരു ആഘോഷം ആയിരുന്നു

    തട്ടിന്‍ പുറത്ത് പൊടി പിടിച്ചു കിടക്കുന്ന മര മാവേലി വൃത്തിയാക്കി എടുക്കുകയായി

    മുറ്റത്ത് പലവര്‍ണ്ണ പ്ലാസ്റ്റിക്‌ പൂക്കളം.
    ഉച്ചയ്ക്ക് കാറ്ററിംഗ് കാരന്‍ കൊണ്ട് വരുന്ന സദ്യ കിറ്റും കാത്തുള്ള ഇരുപ്പാണ് പിന്നെ.

    ഇതൊക്കെ ഇന്നത്തെ പിള്ളാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവ്വോ?

    ഇന്നെന്തോണം..ആര്‍ക്കോണം?

    ReplyDelete
  16. ആര്‍ക്കുമൊന്നും പിടിച്ചു നിര്‍ത്താനാവില്ല, ഒന്നിനെയും തടയുവാനുമാവില്ല, അതല്ലേ, ഓണം തുണിക്കടകളിലും ആഭരണക്കടകളിലും നിറയുന്നതു? കേട്ടുകേള്‍വി പോലുമില്ലാത്ത അക്ഷയ തൃതീയകള്‍ നമ്മള്‍ കൊണ്ടാടുന്നത്?
    എങ്കിലും “നന്ദി , തിരുവൊണമെ നന്ദി, നീ വന്നുവല്ലോ” എന്നു പാടാന്‍ എഴുത്തുകാര്‍ ബാക്കിയുണ്ടല്ലോ, നന്ദി , സുസ്മെഷ്..

    ReplyDelete
  17. പത്തുദിവസത്തെ ഓണത്തിനെ പിടിച്ച് ഒരുദിവസത്തിന്റെ ഒരു നേരത്തേയ്ക്ക് ഒതുക്കുമ്പോൾ നാനോ ഓണം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
    പിന്നെ മലയാളിയ്ക്ക് വേണ്ടാതായാലും കച്ചവടക്കാർക്ക് വേണ്ടതുകൊണ്ട് (അക്ഷയതൃതീയ പോലെ) ഓണം ഇല്ലാതാവുമെന്ന് പേടിക്കേണ്ട.
    ലേഖനം ഇത്തിരി നേരത്തെ ആവാമായിരുന്നു.

    ReplyDelete
  18. "പാലക്കാട്ടെ ചെട്ടിച്ചികളും മൂത്താന്മാരും ഈഴവരും കാക്കുന്ന നെല്‍ക്കാലങ്ങള്‍.!
    ഓണമെന്നൊന്നുമില്ല സ്‌നേഹസമ്പന്നരായ പാലക്കാട്ടുകാര്‍ക്ക്‌‌.അവരുടെ മനസ്സിലെന്നും ഓണമാണ്‌.മലയാളി എന്നാല്‍ പാലക്കാട്ടുകാരായിരുന്നെങ്കില്‍....!"

    പാലക്കാടന്‍ പെരുമയെ തിരിച്ചറിഞ്ഞല്ലോ....അതു മതി..!!
    ഓണം കഴിഞ്ഞ ഓണക്കുറിപ്പിന് വൈകിപ്പോയ ഓണാശംസകള്‍..!

    ReplyDelete
  19. മൂന്നു വർഷം മദനേട്ടന്റെ ക്യാബിനിൽ പോയിരുന്ന് വരക്കുന്നത് നോക്കിയിരുന്നഥ് ഓർമ്മ വന്നു. പൊതുവേ മലയാളി പെണ്ണുങ്ങളെല്ലാം ഥടിച്ചു കൊഴുക്കുമെന്ന് മുൻ‌കൂട്ടികണ്ടാവാം മദനേട്ടന്റെ പെൺ‌വരകളെല്ലാം തടിച്ചിരുന്നു. ഓർമ്മകളിലേക്ക് തിരിച്ചു വിട്ടതിനു നന്ദി.
    പിന്നെ ഓണം. ഇത് നിരോധിക്കണം ഈ നിലയിലാണെങ്കിൽ. ഓണത്തിന്റെ പിന്നിലുള്ള എല്ലാ നന്മകളെയും കുഴിച്ചു മൂടിയിട്ട് എന്തി ഇങ്ങനെ ഒരു വ്യാപാരോത്സവം.

    സർക്കാർ ഒരു ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തുന്നുണ്ടല്ലോ. അതു പോരേ.

    ദുബായ് ഫെസ്റ്റിവല്ലിനെ ഒക്കെ അഓർമ്മിപ്പിക്കുന്ന ഓണത്തിനു ഇപ്പോൾ വല്ലാതെ ഛർദ്ദി വരുന്നു. സാർത്ര് പറഞ്ഞ അതേ നോസ്യാ.

    ReplyDelete
  20. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
    ചിലരെമാത്രം എടുത്തുസൂചിപ്പിക്കട്ടെ.
    പ്രിയ ജ്യോതിഷ്‌,മറക്കാനാവുമോ നമ്മള്‍ക്ക്‌!.'ഡി'പഴയതായില്ലേ..?
    മഹേന്ദര്‍,വ്യത്യസ്‌തമായ ചിന്ത.സബാഷ്‌!
    മെയ്‌ഫ്‌ളവര്‍,വലിയ എഴുത്തുകാരന്‍ ആര്‌?ഞാനോ..!!അപ്പോപ്പിന്നെ നമ്മെക്കൊണ്ട്‌ ഇതൊക്കെ എഴുതിപ്പിക്കുന്ന മൂപ്പരോ...?
    ഉപാസന,മില്ല്‌ ഒരു പ്രതിഭാസമായിരുന്നൂല്ലേ..?പങ്കുവച്ച ഓര്‍മ്മ.
    ശ്രീനാഥന്‍,കാര്യമായിത്തന്നെ പറയാനുണ്ട്‌ താങ്കള്‍ എടുത്തിട്ട കാര്യങ്ങള്‍.പിന്നീടാവാം.പിന്നെ പാലക്കാട്‌ എന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന നദിയാണ്‌.അതില്ലെങ്കില്‍ ഞാനില്ല.
    ഇതു വായിച്ച മറ്റെല്ലാവര്‍ക്കും പ്രതികരിച്ച എല്ലാ സുമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

    ReplyDelete
  21. കാടും കുന്നും കേറി പൂ പറിച്ചിരുന്ന കാലത്തിന്റെ ഓര്‍മ്മ ഉള്ളില്‍ സങ്കടം നിറയ്ക്കുന്നു ഇത് വായിക്കുമ്പോള്‍..നന്ദി.

    ReplyDelete
  22. നാനോ ഓണം.. ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  23. കൊയ്ത്തുല്സവമാണ് ഓണം..ഇന്ന് കൊയ്ത്തില്ല. അല്ലെങ്കില്‍ തീരെ കുറവ്. ഉത്സവത്തിനുള്ള കാരണങ്ങള്‍ ഇല്ല. ഉത്സവം മാത്രമേ ഉള്ളു. വേര് പട്ടു പോയ മരം പോലെ. ഉള്ളത്,വാടി വീഴാറായ ഇലകള്‍ പോലെ ചില അനുഷ്ഠാനങ്ങള്‍. അവയും പൊയ്പോകുന്നതിലെന്ത് അദ്ഭുതം?

    അമ്പലപ്പുഴ സാഹിത്യ അക്കാദമി ക്യാമ്പില്‍ വച്ച് പരിചയപ്പെട്ടിരുന്നു രണ്ട് ആഴ്ച മുന്പ്. മാഷ്‌ടെ talk വളരെ നന്നായിരുന്നു. പലരും പറഞ്ഞു..ok..ചിത്ര

    ReplyDelete
  24. Ji,
    ബ്ലോഗില്‍ കാണാനായതില്‍ വളരെ സന്തോഷം ..മാമ്പഴ മഞ്ഞ ഞാന്‍ ഈയിടെ വായിച്ചു ..മുമ്പൊരിക്കല്‍ ഫോണില്‍ സംസാരിച്ചിരുന്നു നമ്മള്‍..ഗാന്ധിമാര്‍ഗം ഇറങ്ങിയ കാലത്ത് . anyway നിങ്ങളെ പോലത്തെ seasoned എഴുത്തുകാര്‍ കൂടി ബ്ലോഗില്‍ വരുന്നത് വളരെ നന്ന്. സന്തോഷം.

    ReplyDelete