Thursday, March 17, 2011

പേപ്പര്‍ ലോഡ്ജ്-ഏഴാം അദ്ധ്യായം


തകര്‍ക്കപ്പെട്ട പാര്‍പ്പിടങ്ങളുടെ നഗരം

(എന്റെ രാജ്യം.1931)

ശൂന്യമാക്കപ്പെട്ട ഒരു കപ്പുപോലെ

ഞാനാകെ വറ്റിവരണ്ടുണങ്ങിപ്പോയി.

താഴത്തെ തിളക്കം മാത്രം ബാക്കിയായി.

തകര്‍ന്ന ഒരു ഭവനത്തിലേക്കെങ്ങനെ

ഒരാള്‍ക്ക്‌ മടങ്ങിപ്പോകാന്‍ കഴിയും..?

-മാരീന സ്വറ്റേവ.

സായ്‌വിന്റെ കടയില്‍നിന്ന്‌ വെറ്റില മുറുക്കിയശേഷം ഞാന്‍ നടന്നത്‌ അമ്പലപ്പറമ്പിലേക്കാണ്‌.വൃത്തത്തിനകത്തുകിടക്കുന്ന ഈ സ്ഥലവും സ്വയമേവ നഗരമായിത്തുടങ്ങിയിട്ടുണ്ട്‌.ഓടകള്‍,വാടകള്‍,കോണ്‍ക്രീറ്റ്‌ ചെയ്‌ത ഇരിപ്പിടങ്ങള്‍,ടാറിട്ട നടപ്പാതകള്‍,മരിച്ചവര്‍ക്കു പകരം വരാന്‍ ആളില്ലാത്തതിനാല്‍ ചുരുങ്ങിപ്പോകുന്ന വൃദ്ധന്മാരുടെ ചീട്ടുകളിക്കൈകള്‍,തറകെട്ടി നിര്‍ത്തിയ മരച്ചുവടുകള്‍..

ഞാന്‍ പടിഞ്ഞാറേക്കാണ്‌ നടന്നത്‌.സൂര്യന്‍ ചത്തൊടുങ്ങുന്ന ഇറക്കത്തില്‍ കുട്ടികളുടെ പാര്‍ക്കില്‍ കളിക്കാനെത്തുന്ന മുതിര്‍ന്നവരുടെ തിരക്ക്‌.അവിടെ കുട്ടികളെ കാണാന്‍ മോഹിച്ചുകൊണ്ട്‌ ഞാനൊരു ബെഞ്ചിലിരുന്നു.നിങ്ങള്‍ക്കറിയുമോ,ക്രൂരനായ കൊലപാതകിയാണ്‌ ഞാന്‍.ശിശുഹത്യയുടെ പാപം എത്രയാണെന്ന്‌ പറയാനറിയാവുന്നവര്‍ കൈപൊക്കുവിന്‍ എന്നാരെങ്കിലും പറഞ്ഞാല്‍ ഞാനോടിപ്പോകും.എലികളുടെ മടയിലേക്ക്‌.അവര്‍ക്കുതിന്നാന്‍ പാകത്തില്‍ തല വച്ചുകൊടുക്കാന്‍.എങ്കിലുമെനിക്ക്‌ സംശയമുണ്ട്‌.പാതകിയുടെ മരണം ഭയാനകമായിരിക്കുമോ ചടുലമായിരിക്കുമോ..!

ഒരിക്കല്‍ മിലിയും ഞാനും കൂടി വിചിത്രമെന്നു തോന്നിയേക്കാവുന്ന ഒരു കാര്യത്തിനായി വഴക്കിട്ടു.ഞാന്‍ പറഞ്ഞത്‌ കുട്ടികളുടെ വളര്‍ച്ചാനിരക്ക്‌ കൂട്ടുന്നതില്‍ കാലങ്ങളായി നമുക്ക്‌ കണക്ക്‌ പിഴക്കുകയാണെന്നാണ്‌.ഭ്രൂണം ഉരുവപ്പെടുന്നിടത്തുനിന്ന്‌ വേണം വയസ്സ്‌ കണക്കാക്കിത്തുടങ്ങാന്‍.അക്കണക്കിന്‌ അമ്മ പ്രസവിച്ച ദിവസം കുട്ടിയുടെ പ്രായം ഒന്നാണ്‌.ഒരു വയസ്സ്‌.ഒരു വയസ്സെത്തിയതിനുശേഷം ജനിക്കുന്ന കുട്ടിയെ ഏതോ അഹന്തയുടെ പേരില്‍ നാം ഒരു വര്‍ഷം കുറച്ചുകൊടുത്ത്‌ അപമാനിക്കുകയാണ്‌ കാലങ്ങളായി.!മിലി അങ്ങനെയല്ലെന്നു പറഞ്ഞ്‌ കുറേ തര്‍ക്കിച്ചു.എന്റെ ശരി അതായിരുന്നില്ല.പ്രതികരിക്കാറാവുമ്പോഴേക്കും മക്കളെ നാം അനുസരണ പഠിപ്പിച്ചുതുടങ്ങിയിട്ടുണ്ടാകും.അനുസരണ.അതാണ്‌ മനുഷ്യനെ നശിപ്പിക്കുന്നത്‌.ഞാന്‍ ഭ്രൂണഹന്താവാകുന്നതും നിയമത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ട്‌ പരസ്യജീവിതം നയിക്കുന്നതും ആരൊക്കെയോ എന്നിലേല്‍പ്പിച്ച അനുസരണകൊണ്ടാണ്‌.അനുസരണയില്ലാതെ വളര്‍ത്താന്‍ എനിക്കീ മക്കളിലൊന്നിനെ കിട്ടുമോ..?

ഓടിക്കളിക്കുന്ന അനേകം കുഞ്ഞുങ്ങളെ നോക്കിക്കൊണ്ട്‌ ഞാനാലോചിച്ചു.കുട്ടികള്‍ സ്വയമാര്‍ജ്ജിച്ചെടുക്കുന്ന അനുസരണയും നീതിബോധവുമാണ്‌ അവര്‍ക്ക്‌ ആയുഷ്‌കാലം ഉപയോഗപ്പെടുക എന്നറിയാത്ത അച്ഛനമ്മമാരാണ്‌ നമ്മള്‍.സദാ ഭയപ്പെട്ടുജീവിക്കാന്‍ തീരുമാനമെടുത്തവരായിരിക്കും മാതാപിതാക്കളാകാന്‍ നിശ്ചയിക്കുന്നത്‌. അല്ലെങ്കില്‍പ്പിന്നെങ്ങനെയാണ്‌ മാതാപിതാക്കള്‍ നശിച്ച മാതൃകകളാകുന്നത്‌?അവനവനാകാന്‍ വിടാനാണ്‌ ഒരു കുട്ടിയെ വേണമെന്ന്‌ ഞാനാഗ്രഹിച്ചത്‌.എന്നിട്ടെന്താണ്‌ എനിക്കതിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കേണ്ടിവന്നത്‌.?ഞാന്‍ നിശ്ശബ്‌ദനായി.ഞാന്‍ എന്നിലേക്കുതന്നെ നോക്കി.അവിടെ ഒരു കിണറാണ്‌ കാണാന്‍ കഴിഞ്ഞത്‌.വംശീയകലാപത്തില്‍ ചത്തൊടുങ്ങിയ സ്‌ത്രീപുഷന്മാരുടെ മൃതദേഹങ്ങളവിടെ പുളയ്‌ക്കുന്നുണ്ടായിരുന്നു.അതില്‍ ഉദരങ്ങള്‍ക്കുള്ളിലെ ഭ്രൂണങ്ങളുമുണ്ടായിരുന്നു.

ഭ്രൂണങ്ങള്‍ക്ക്‌ ചുവപ്പുനിറം.ആകാശത്തിന്‌ ചുവപ്പുനിറം.കുട്ടികളുടെ പാര്‍ക്കിനും ചുവപ്പുനിറം.ചുവപ്പ്‌.ചുവന്നതുതന്നെയായ ചുവപ്പ്‌.എവിടെയാണ്‌ വെളുപ്പ്‌?കറുപ്പ്‌?പച്ച?മഞ്ഞ?നീല..?നിറങ്ങള്‍?അടുത്തക്ഷണം ഞാന്‍ അവസാനത്തെ മുറുക്കാന്‍ചണ്ടിയും വായില്‍നിന്ന്‌ പുറത്തക്ക്‌ തുപ്പി.അതും ചുവപ്പ്‌.!

ഞാന്‍ എണീറ്റു.ആകാശത്തെയും ഭൂമിയെയും നേരിടാനാവാതെ തല താഴ്‌ത്തി നടന്നു.ആത്മഹത്യചെയ്‌ത കവി എന്ന ബിംബമാണ്‌ മനസ്സില്‍ വന്നത്‌.അത്‌ എന്നെപ്പറ്റിയാണോ മറ്റാരെയെങ്കിലും പറ്റിയാണോ എന്നു വ്യക്തമായില്ല.മനസ്സില്‍ മാരീന സ്വറ്റേവ നിറഞ്ഞു.മാരീനയാവാം ആ കവി.ജീവിതം എന്റെതും.അനുസരണകൊണ്ട്‌ നാമൊക്കെ വെവ്വേറെ മുടികെട്ടുരീതികളും വസ്‌ത്രധാരണരീതികളും അലങ്കാരവസ്‌തുക്കളും ഉപയോഗിച്ച്‌ ജീവിതത്തെ വേറിട്ടതാക്കാന്‍ ശ്രമിക്കുന്നുവെന്നേയുള്ളൂ.അടിസ്ഥാനപരമായി നാമെല്ലാം ജന്തുക്കളാണ്‌.തനിമൃഗങ്ങള്‍.അനുസരണയും അഭിനയവും പഠിച്ച വളര്‍ത്തുജീവികള്‍.അപഹാസ്യര്‍.ഉടുപ്പിട്ടു വ്യത്യസ്‌തരാവാന്‍ നടക്കുന്ന നടീനടന്മാര്‍.ശരിയല്ലേ റസാഖ്‌?നിനക്കെങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയുന്നു,അതോടൊപ്പം അപ്രതൃക്ഷനായിരിക്കാനും.?

റസാഖ്‌,ഞാനിപ്പോള്‍ തനിച്ച,ഞാനും നീയും നമ്മളുമനുഭവിച്ച പലതരം ഓര്‍മ്മകളോടൊപ്പം ബീഹാറിലേക്ക്‌ പോകണോ..?ഈ നഗരത്തിലെ നമ്മളില്‍ പലരുടെയും പഴയ ബാറിലേക്ക്‌..?അവിടുത്തെ വൃദ്ധന്മാര്‍ ലഹരി ശ്വസിച്ചും ലഹരി നിറഞ്ഞ അസംബന്ധജീവിതം കണ്ടും മരിച്ചുകാണും.ആ വൃദ്ധ പട്ടടയ്‌ക്കുള്ളില്‍ എരിഞ്ഞിട്ടുണ്ടാകും.അപ്പോള്‍ കുപ്പിക്കോര്‍ക്കുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടാവാം.താമിയടക്കമുള്ള സ്ഥിരം മദ്യപന്മാര്‍ക്കു പകരം ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ വന്നിട്ടുണ്ടാകാം.വിളമ്പുകാരായും കുടിയന്മാരായും.അടുക്കളയില്‍ തവളയ്‌ക്കും താറാവിനുമൊപ്പം പല്ലിയും പാറ്റയും വേവുന്നുണ്ടാവാം.അരികുകളില്‍ സ്വര്‍ണ്ണം പൂശിയ മെനുവില്‍ ആടിന്റെ രക്തം കലര്‍ത്തിയ മദ്യം ഇടം പിടിച്ചിട്ടുണ്ടാകാം.ബീഹാര്‍ ഇപ്പോള്‍ പുതിയ അതിഥികളെ കൊതിപ്പിക്കുന്നുണ്ടാകാം. അടച്ചുപൂട്ടിയ മുംബൈ ബാറിലെ നര്‍ത്തകിമാര്‍ അടപ്പുപെറുക്കാന്‍ വന്നിട്ടുണ്ടാകാം.

ഞാന്‍ അങ്ങനെ റസാഖിനോട്‌ ചോദിച്ചെങ്കിലും ബീഹാര്‍ ബാറിലേക്കല്ല നടന്നത്‌.നേരെ ആല്‍മരച്ചുവട്ടിലെ അന്നപൂര്‍ണ്ണ ഭക്ഷണശാലയിലേക്ക്‌ പോവുകയാണ്‌ ചെയ്‌തത്‌.തെരുവിലൂടെ എതിരെ വന്നവര്‍ എന്നെക്കടന്ന്‌ പോകുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അവര്‍ക്കെല്ലാം വ്യത്യസ്‌തമായ മണമുണ്ടായിരുന്നത്‌ നമ്മള്‍ ശരിക്കും പഠിക്കേണ്ടതുണ്ട്‌.അതവരുടെമേല്‍ ആരോപിപ്പിക്കപ്പെട്ട മണമാണ്‌.അവരുടെ മണമല്ല അത്‌.വര്‍ഗ്ഗത്തിന്റെ തനിമയിലേക്ക്‌ പോകാന്‍ കഴിയാത്തതിനാല്‍ ചമയമിട്ടവര്‍.ശത്രുക്കളെ സമ്പാദിച്ച്‌ സദാ തന്നത്തന്നെ ഒറ്റിക്കൊടുക്കുന്നവര്‍.അവര്‍ക്കെല്ലാവര്‍ക്കും മനുഷ്യരെ ശ്രദ്ധിക്കാന്‍ കഴിയാത്തവണ്ണം എന്തോ തിരക്കുകളുണ്ടായിരുന്നത്‌ ഞാന്‍ മനസ്സിലാക്കി.അത്രമാത്രം മതിയായിരുന്നു ആ ദിവസത്തിന്‌ അപമാനത്തോടെ അവസാനിക്കാന്‍.

ഒരു കാറിനിറങ്ങാനുള്ള വീതിയിലും പന്ത്രണ്ടടി നീളത്തിലും കോണ്‍ക്രീറ്റ്‌ ചെയ്‌ത ചെറിയൊരിറക്കമാണ്‌ `പൂമാലവിലാസ'ത്തിലേക്കുള്ള ആദ്യവഴി.അതാകെ പായല്‍ മൂടിയും പ്ലാവില നിറഞ്ഞും നനഞ്ഞും തെന്നിക്കിടന്നിരുന്നു.വലതുവശത്ത്‌ ആറടിയുയരത്തില്‍ മതില്‍.വാഹനവഴിയിറങ്ങി നില്‍ക്കുന്നത്‌ നന്നേ വീതി കുറഞ്ഞ ഒരു മുറ്റത്തേക്കാണ്‌.അതായത്‌ രണ്ടുനിലയുള്ള പ്രധാന മാളിക ഭാഗംവച്ച്‌ തിരിച്ചതനുസരിച്ച്‌ മാളികയെ രണ്ടാക്കി ഭാഗിക്കുന്ന മതിലാണ്‌ വലത്തുള്ളത്‌.മതില്‍ നിറയെ പരന്നപായല്‍വനം.അതില്‍തങ്ങിനില്‍ക്കുന്ന മഴത്തുള്ളികള്‍.അതിനോട്‌ ചേര്‍ന്ന്‌ ഇടതുവശത്ത്‌ കാണുന്ന പഴയ പത്തായപ്പുരയാണ്‌ അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ശ്രീരാമസ്വരൂപസ്വാമിക്ക്‌ മുമ്പേ വാടകയ്‌ക്ക്‌ കൊടുത്തിട്ടുള്ളത്‌.അദ്ദേഹം സംന്യാസം സ്വീകരിച്ചതോടെ വാടകക്കരാര്‍ ഒപ്പം താമസിച്ചിരുന്ന സര്‍ക്കാര്‍ വേതനക്കാരന്‍ രാജശേഖരന്റെ പേരിലേക്ക്‌ സ്വാമി മാറ്റിച്ചിരുന്നു.ആ പത്തായപ്പുരയിലാണ്‌ രാജശേഖരന്റെ നേതൃത്വത്തില്‍ കുറേ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്നതും.

ആ വാടകജീവികളുടെ ഇടയിലേക്കാണ്‌ 1995 ജൂലൈ മാസത്തിലെ മറ്റൊരു സന്ധ്യയില്‍ ദീദിയോടൊപ്പം വഴുക്കാതെ ഞാന്‍ ഇറക്കമിറങ്ങിച്ചെന്നത്‌.പൂമാലവിലാസത്തില്‍ പ്രവേശനം കിട്ടണമെന്ന്‌ എനിക്ക്‌ തീരെ താല്‌പര്യമുണ്ടായിരുന്നില്ല.പക്ഷേ,സതീശന്‍ മാമന്റെ വീട്ടിലെ താമസം അവസാനിപ്പിച്ച്‌ അവരോടുള്ള സ്‌നേഹം നിലനിര്‍ത്തണമെന്നും ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.ഭാഗിച്ചുകിട്ടിയതിനുശേഷം,താമസക്കാരില്ലാതെ അടച്ചിട്ടിരിക്കുന്ന വലതുവശത്തെ ഇരുനിലമാളിക കണ്ണാടിജാലകങ്ങളോടെയും പഴമയുടെതായ പ്രൗഢിയോടെയും നിഗൂഢമായ രഹസ്യഭാവങ്ങളൊളിപ്പിച്ചും നിലകൊണ്ടു.ഭാഗം വയ്‌പ്പിനെ സംബന്ധിച്ച ഹര്‍ജികളിലെല്ലാം കോടതിവിധി വന്നാല്‍ ഉടമസ്ഥരുടെ സൗകര്യം നോക്കി ഒരുനാള്‍ ആ മാളികയും പൊളിക്കപ്പെടാം.നിലമ്പൂര്‍ കോവിലകത്തിന്റെ തായ്‌വഴിയില്‍പ്പെട്ട അവകാശികളുടേതാണത്രേ അത്‌.ഞാനതിനെ തലയുയര്‍ത്തി നോക്കാതിരുന്നില്ല.ദീദിയും.നഗരത്തില്‍ പൊളിയാനെത്ര പഴമകള്‍.നഗരം തുടച്ചുനീക്കാനാഗ്രഹിക്കുന്ന എത്രയോ പുരാതനമന്ദിരങ്ങള്‍.

``വരൂ..ആരെങ്കിലും ജോലികഴിഞ്ഞ്‌ എത്തിയിട്ടുണ്ടാവും.ഇല്ലെങ്കില്‍ വല്ല്യമ്മയുണ്ടാവും.സ്വാമി അയച്ചതാണെന്നറിഞ്ഞാല്‍ അവര്‍ എതിരൊന്നും പറയില്ല.ആരെക്കാളും അധികാരമിവിടെ അവര്‍ക്കാണ്‌.അത്‌ വഴിയേ മനസ്സിലായിക്കോളും.''

ഞങ്ങള്‍ ഇടത്തേക്ക്‌ തിരിഞ്ഞ്‌ ഉരുളന്‍തൂണുകള്‍ നിറഞ്ഞതും ചാറലടിക്കാതിരിക്കാന്‍ കരിഓയിലടിച്ചിട്ടുള്ള പനമ്പിനാല്‍ മറച്ചിട്ടുള്ളതുമായ വലിയ ഇറയത്തേക്ക്‌ കയറി.മൂന്നു പടവുകളുണ്ടായിരുന്നു വരാന്തയിലേക്ക്‌.വല്ലാത്ത ഈര്‍പ്പം അവിടെയാകെ നിറഞ്ഞുനിന്നു.തണുപ്പും.വരാന്തയിലെ നീളന്‍ ഡെസ്‌കില്‍ ഇംഗ്ലീഷിലും മലയാളത്തിലമുള്ള പത്രമാസികകള്‍ അടുക്കുതെറ്റിക്കിടന്നു.അതിനടിയിലായി അനവധിപേരുടെ ചെറുതും വലുതുമായ പാദരക്ഷകള്‍.അത്‌ അവിടുത്തെ താമസക്കാരുടെ വൈപുല്യത്തെയും തൊഴിലിടങ്ങളിലെ അവരുടെ സ്ഥിതികളെയും പറ്റി മൗനമായി പറഞ്ഞുതന്നു.കതകു തുറന്നുകിടക്കുകയാണെങ്കിലും പുറത്തെങ്ങും ആരുമുണ്ടായിരുന്നില്ല.അകം ഇരുള്‍മൂടിയും വിറങ്ങലിച്ചും നിശ്ശബ്‌ദത പൂണ്ടു.ഞങ്ങള്‍ വൈദ്യുതമണിയടിച്ചിട്ട്‌ കാത്തുനില്‍ക്കുകയാണ്‌ ചെയ്‌തത്‌.

അല്‌പം കഴിഞ്ഞപ്പോള്‍ അകത്തുനിന്ന്‌ ഒരു സ്റ്റീല്‍ത്തവിയില്‍ പുകച്ച കുന്തിരിക്കവുമായി നന്നേ പ്രായം ചെന്ന തടിച്ച ഒരു വൃദ്ധ ഇറങ്ങിവന്നു.അവരെ സുഗന്ധപ്പുക ചൂഴ്‌ന്നുനിന്നു.പൂജാമുറിയില്‍ നിന്നായിരിക്കണം അവര്‍ വരുന്നത്‌.പക്ഷേ,വലിയ നെറ്റിയില്‍ ഭസ്‌മമൊന്നുമുണ്ടായിരുന്നില്ല.അതാവണം പാറുവല്ല്യമ്മ.ഞാന്‍ വിചാരിച്ചു.വല്ല്യമ്മ ഞങ്ങളെക്കണ്ടിട്ടും ചിരിച്ചില്ല.അവരുടെ മുഖത്ത്‌ കാലത്തിന്റെ അപരിചിതത്വവും നിസ്സംഗതയും തങ്ങിനില്‍പ്പുണ്ടായിരുന്നു.അതാവണം അവരുടെ മുഖമുദ്ര.

``വല്ല്യമ്മേ,ഞാനാ ദീദി.''

അപ്പോള്‍മാത്രം അവരുടെ മഞ്ഞച്ച തടിച്ച മുഖത്ത്‌ ഒരു ചിരി പരന്നു.വരാന്തയില്‍ ഇരിക്കാനായി പഴയൊരു ഇരുമ്പുകസേര മാത്രമേ ഉണ്ടായിരുന്നുള്ളു.അതാകട്ടെ ആരോ പത്രം വായിക്കാനായി മാത്രം പ്രഭാതങ്ങളില്‍ ഉപയോഗിക്കുന്നതാണെന്നും തോന്നി.ശരീരമുരയാത്ത ഭാഗങ്ങളിലെല്ലാം തുരുമ്പായിരുന്നു ആ കസേരയ്‌ക്ക്‌.വലിയ മരവാതിലാണ്‌ ആ വീടിനുള്ളത്‌.പഴക്കത്താല്‍ കറുത്തുപോയ തേക്കോ മറ്റോ ആയിരിക്കണം അത്‌.ദീദി കാര്യങ്ങള്‍ വിശദമാക്കി.എന്നെപ്പറ്റി പറഞ്ഞതെല്ലാം കേട്ടശേഷം പുക കുറഞ്ഞ കുന്തിരിക്കത്തട്ട്‌ അവരൊന്നൂതി തെളിച്ചു.വീണ്ടും അവിടമാകെ നനുത്ത പുക പരന്നു.തീര്‍ച്ചയായും അവരൊരു ദൈവവിശ്വാസിയായിരിക്കണം.വയസ്സും വേഷവും മാത്രമല്ല,മട്ടും ഭാവവും അത്‌ വെളിപ്പെടുത്തുന്നുണ്ട്‌.

വല്ല്യമ്മ പറഞ്ഞു.``രാജശേഖരനാ ഇപ്പോ കാര്യങ്ങള്‍ നോക്കുന്നത്‌.അയാള്‍ വരട്ടെ.''

ഞെരിയാണിക്ക്‌ മേലെ നില്‍ക്കുന്ന അലക്കി നീലം മുക്കിയ വെള്ള കോറമുണ്ടും തടിച്ച വയറിനെ അല്‌പം പുറത്തുകാട്ടുന്ന ചന്ദനനിറമുള്ള പഴയമട്ടിലുള്ള ഒറ്റക്കുപ്പായവുമായിരുന്നു അവരുടെ വേഷം.ചെരിപ്പുണ്ടായിരുന്നില്ല.തടിച്ചുരുണ്ട കൈകള്‍.ആകെ നരച്ച മുടി.നീരുവന്നപോലുള്ള തടിച്ച കാല്‍വണ്ണകള്‍.വേലക്കാരിയാണെന്നല്ല,കുലീനയായ വീട്ടമ്മയാണെന്നേ അവരേ കണ്ടാല്‍ പറയൂ.കഴുത്തില്‍ നേര്‍ത്ത സ്വര്‍ണ്ണമാലയും കാതില്‍ രണ്ട്‌ കല്ലുവച്ച സ്വര്‍ണ്ണ കമ്മലുകളും.എഴുപതിനുമേല്‍ പ്രായം.

ദീദി എന്നെനോക്കി.പിന്നെ പറഞ്ഞു.``മഹി ഇവിടെ നില്‍ക്ക്‌.രാജശേഖരന്‍ വന്ന്‌ കണ്ടിട്ട്‌ പോയാല്‍ മതി.ഞാനിറങ്ങട്ടെ.എനിക്ക്‌ പ്രമേയത്തിന്റെ ഓഫീസില്‍ പോകാനുണ്ട്‌.''

ഞാന്‍ വിസ്സമ്മതം പറഞ്ഞില്ല.വല്ല്യമ്മ വേറൊന്നും സംസാരിച്ചതുമില്ല.ദീദി ഇറങ്ങി.അവരുടെ ബജാജ്‌ ഗേറ്റിനുപുറത്ത്‌ ജീവന്‍ വയ്‌ക്കുന്ന ഒച്ചകേട്ടു.ഞാന്‍ വരാന്തയിലിട്ട കസേരയിലിരുന്നു.പാറുവല്ല്യമ്മ അകത്തെ മുറിയിലിട്ടിരുന്ന കട്ടിലിലിരുന്ന്‌ ടിവി കാണാന്‍ തുടങ്ങി.ഞാനങ്ങോട്ട്‌ കയറിയില്ല.അവരുടെ കാല്‍ച്ചുവട്ടില്‍ വച്ചിരുന്ന സ്റ്റീല്‍ത്തവിയിലെ കുന്തിരിക്കം കെട്ട്‌ പുകയടങ്ങി.നേരം പോകാന്‍ ഞാന്‍ മുറ്റത്തെ ചെടികളെ നോക്കിയിരുന്നു.വെളുത്ത മന്ദാരവും തെച്ചിയും മുല്ലയും ഇരുണ്ടുതഴച്ച കൂവളവും.എല്ലാം നനവില്‍ ഇല താഴ്‌ത്തി നില്‍ക്കുന്നു.പുറത്ത്‌ ഇരുള്‍ പരന്നതോടെ അന്തേവാസികള്‍ ഓരോരുത്തരായി ക്ഷീണിതരായി കയറിവരാന്‍ തുടങ്ങി.പലരും എന്നെക്കണ്ട്‌ മന്ദഹസിച്ചശേഷം ചെരിപ്പഴിച്ചുവച്ച്‌ അകത്തേക്ക്‌ പോയി.അവരൊക്കെ വന്നതോടെ പാറുവല്ല്യമ്മയും എവിടേക്കോ അപ്രത്യക്ഷയായി.അകത്ത്‌ ടി.വിയില്‍നിന്ന്‌ പുതിയ ശബ്‌ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി.ആരോ പുറത്തെ വെളിച്ചമിട്ടു.

പതുക്കെ മഴ പെയ്യാനാരംഭിച്ചു.ആദ്യകാലത്തെ സിമന്റിട്ടുമിനുക്കിയ നിലത്തുകൂടെ ഈര്‍പ്പം ഇഴഞ്ഞുകയറി.മുക്കാല്‍ മണിക്കൂറിനുശേഷം വീടിന്റെ താല്‌ക്കാലികാധികാരിയായ രാജശേഖരന്‍ എന്ന മനുഷ്യന്‍ സ്‌കൂട്ടറില്‍ വന്നു.അയാളോട്‌ ഞാന്‍ സ്വയം പരിചയപ്പെടുത്തുകയും സ്വാമിയെക്കണ്ട കാര്യം അറിയിക്കുകയും ചെയ്‌തു.അഞ്ചരയടിപ്പൊക്കമുള്ള സര്‍ക്കാര്‍ ഗുമസ്ഥനായിരുന്നു രാജശേഖരന്‍.അകത്തുപോയി വേഷം മാറ്റിയശേഷം അയാള്‍ പുറത്തേക്ക്‌ വന്നു.``ഒരു വിദ്യാര്‍ത്ഥിക്ക്‌ പഠിക്കാന്‍ വേണ്ട അന്തരീക്ഷമൊന്നും ഇവിടെക്കാണില്ല.അതൊക്കെ നിങ്ങള്‍ സ്വയം കണ്ടെത്തിക്കോളണം.''ഞാന്‍ എതിര്‍പ്പോ തൃപ്‌തിയില്ലായ്‌മയോ പ്രകടിപ്പിച്ചില്ല.മടുപ്പോടെയാണ്‌ വന്നതെങ്കിലും വിരസതയോടെയാണ്‌ അത്രനേരവും കാത്തിരുന്നതെങ്കിലും എന്തുകൊണ്ടോ ഞാനവിടെ തുടര്‍ന്നുതാമസിക്കുന്നതാണ്‌ നല്ലതെന്നു എന്റെ മനസ്സ്‌ പറഞ്ഞുതുടങ്ങിയിരുന്നു.

അതായിരുന്നു ആരംഭം.എന്റെ പേപ്പര്‍ലോഡ്‌ജുകളില്‍ ആദ്യത്തേതിലെ ഒട്ടും താഴ്‌ന്നതല്ലാത്ത ഗൃഹപ്രവേശം.എന്റെ ജീവിതത്തിലെ കുതിരവേട്ടകളുടെയും ഓട്ടപ്പന്തയങ്ങളുടെയും തുടക്കം.

നടക്കുകയായിരുന്ന ഞാന്‍ അന്നപൂര്‍ണ്ണയിലെത്തി.എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണിവിടെ വരുന്നത്‌.നെയ്യാമ്പലുകള്‍ പടര്‍ന്നുകിടക്കുന്ന തെക്കേച്ചിറയോട്‌ ചേര്‍ന്നാണ്‌ തെക്കേമഠം.നൂറ്റാണ്ടു കള്‍ പഴക്കമുള്ള വേദപഠനകേന്ദ്രം.അതിനോട്‌ ചേര്‍ന്ന്‌ സുബ്രഹ്മണ്യനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അമ്പലം.അമ്പലത്തിന്റെ വളപ്പിലെ ആലിനോടുചേര്‍ന്ന വളഞ്ഞ മതിലിലെ കൊച്ചുദ്വാരത്തില്‍ പാതയ്‌ക്ക്‌ അഭിമുഖമായിരിക്കുന്ന നീലക്കാര്‍വര്‍ണ്ണന്‍.ആ ചതുരപ്പൊത്തില്‍ പതിവായി ആരോ നീരണിഞ്ഞ വെള്ളപ്പൂക്കള്‍ സമര്‍പ്പിച്ചിരിക്കുന്നത്‌ കാണാം.ശരിക്കും ശ്രദ്ധിച്ചുനോക്കിയാലേ ആ പൊത്തും വിഗ്രഹവും പൂക്കളും കാണാന്‍ കഴിയൂ.

നിരീക്ഷണം:തിരക്കിട്ടു നടന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കൊന്നും കാണാന്‍ കഴിയുകയില്ല.

ആ ആല്‍മരത്തിന്റെ തണലിലും തണുപ്പിലുമാണ്‌ അന്നപൂര്‍ണ്ണ.അതിനരികിലൂടെ തെക്കേമഠത്തിലേക്കുള്ള ഇരുപത്തിയേഴ്‌ പടവുകള്‍.വര്‍ഷങ്ങള്‍ക്കുശേഷം ഞാനിവിടെ വരികയാണ്‌.പണ്ട്‌ കൂടെ വരാന്‍ പലരുമുണ്ടായിരുന്നു.റസാഖ്‌,മിലി,ദീദി,മസാലദോശയ്‌ക്കു വല്ലാതെ കൊതിച്ചിരുന്ന ദരിദ്രയായ ശാന്ത,വേദവതി,നെയ്യൊഴിച്ച കാപ്പിമാത്രം കുടിക്കുന്ന പ്രൊഫസര്‍,പ്രൊഫസറുടെ ഭാര്യ,പെയിന്റര്‍ തമ്പി,ജീജാജി,ആനന്ദന്‍,ഡോ.ജഗദീഷ്‌,റോസജയന്‍...ഇപ്പോള്‍ ഞാന്‍ മാത്രം.അവരെല്ലാവരുമെവിടെ..?എല്ലാവരും ജീവിച്ചിരിക്കുന്നു.ഈ നഗരത്തില്‍ത്തന്നെ.ഓരോരോ ഇരുള്‍ക്കയങ്ങളില്‍.ജീവിതവും രാഷ്‌ട്രീയവും സംസ്‌കാരവും കാമനകളും വിപണിക്കുമുന്നില്‍ അടിയറവച്ച്‌ അവരെല്ലാം ഒതുങ്ങിക്കൂടി എന്നു വേണമെങ്കില്‍ പറയാം.അല്ലെങ്കില്‍ ജീവിതത്തില്‍ കൃത്രിമമായി തോന്നിച്ചതെല്ലാം വലിച്ചെറിഞ്ഞ്‌ എന്നെപ്പോലെ അകലേക്കോടി.മനുഷ്യനെ കാത്തിരിക്കുന്ന ആ പുരാതനഗൃഹത്തിലേക്ക്‌.വനസ്ഥലികളിലേക്ക്‌.

ഞാന്‍ കാപ്പിക്കും നെയ്‌ദോശയ്‌ക്കും പറഞ്ഞശേഷം അന്നപൂര്‍ണ്ണയുടെ മുറ്റത്തിട്ട മേശയ്‌ക്കരികില്‍ കാത്തിരുന്നു.വേണമെങ്കില്‍ ഭക്ഷണശാലയുടെ അകത്തിരിക്കാം.പക്ഷേ എനിക്കിഷ്‌ടം ഇങ്ങനെ വഴിപോക്കരെ കണ്ട്‌ പുറത്തിരിക്കാനാണ്‌.ചിലപ്പോള്‍ അമ്പലത്തിലെ ആനയെ വഴിയരികില്‍ തളച്ചിട്ടുണ്ടാകും.ജന്തുശാസ്‌ത്രം പഠിച്ചവന്റെ വികൃതി കേള്‍ക്കൂ.ആനയെക്കാണാന്‍ എനിക്കിഷ്‌ടമാണ്‌.നിലംചേര്‍ത്ത്‌ ആനയെ സങ്കല്‍പ്പിച്ചാല്‍ ദീര്‍ഘവൃത്താകൃതിയാണല്ലോ.ഏറ്റവും നന്നായി ഭാവന ചെയ്യാനറിയാവുന്ന ജീവിയും ആനയാവണം.തന്നെ ചട്ടം പഠിപ്പിക്കുന്ന മനുഷ്യരെപ്പറ്റി നിരവധി ഭാവനകള്‍ ആന നിത്യേന സ്വമനസ്സില്‍ പടുത്തുയര്‍ത്താറുമുണ്ടാവണം.അതിന്റെ നിരര്‍ത്ഥകതയിലും നിസ്സഹായതയിലും സമാധാനിച്ചാവണം ആന മനുഷ്യര്‍ക്കുമുന്നില്‍ കീഴടങ്ങുന്നത്‌.അല്ലെങ്കില്‍...

രാത്രിയുടെ തിരക്കില്‍നിന്ന്‌ അന്നപൂര്‍ണ്ണ സാവകാശം വിടുതല്‍നേടി.ആല്‍മരത്തിലേക്ക്‌ തെക്കേച്ചിറയിലെ കാറ്റ്‌ കടന്നുവന്നു.ബൈക്കുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ യുവാക്കള്‍ നഗരം കടന്നുതുടങ്ങി.ആ മൂല ശാന്തമാവുകയാണ്‌.

ഭക്ഷണത്തിനുശേഷം ഞാന്‍ എലൈറ്റിലേക്ക്‌ നടന്നു. തകര്‍ന്ന ഭവനത്തിലേക്കെങ്ങനെ ഒരാള്‍ക്ക്‌ മടങ്ങിപ്പോകാന്‍ കഴിയും എന്ന മാരീന സ്വറ്റേവയുടെ വരികളെ ഞാന്‍ വിസ്‌മരിച്ചില്ല.എനിക്ക്‌ ഭയമുണ്ടായിരുന്നു.മടുപ്പുണ്ടായിരുന്നു.ഏകാന്തതയോട്‌ മുഖം തിരിക്കാന്‍ കഴിയാത്തവിധം വിധേയത്വവുമുണ്ടായിരുന്നു.ഞാന്‍ വിധിയോട്‌ പൊരുതാന്‍ ശേഷിയില്ലാത്ത നിസ്സഹായനായിരുന്നു.

എന്റെ മുറി.ഏകാന്തമായ വിലാപങ്ങളോടെ എന്നെ കാത്തുകിടക്കുന്ന ഹോട്ടല്‍മുറി.ഓരോരുത്തരുടെയും ദൂരെയുള്ള സ്വന്തം വീട്ടിലെ നിശ്ശബ്‌ദതകൊണ്ട്‌ അലങ്കരിച്ചതാണല്ലോ എല്ലാ ഹോട്ടല്‍മുറികളും.ഞാന്‍ ഹോട്ടലിലേക്ക്‌ തളര്‍ന്ന കാലുകളോടെ കയറിച്ചെന്നു.വേഷം മാറിയശേഷം കുറച്ചുനേരം ബാല്‍ക്കണിയില്‍ പോയിരുന്നു.വലിയ രാവിളക്കുകളുടെ വെട്ടത്തില്‍ തിളങ്ങിക്കിടക്കുന്ന സ്വരാജ്‌ വൃത്തം.ചില നിഴലുകള്‍.ആനകളാണോ..?

ഐപോഡെടുത്ത്‌ കാതില്‍ തിരുകി ഞാന്‍ എ.ആര്‍.റഹ്മാന്റെ പുതിയ പാട്ടിലേക്ക്‌ കടന്നു.ഐപോഡില്‍ റഹ്മാന്റെ സൃഷ്‌ടികള്‍ കേള്‍ക്കുമ്പോള്‍ ശിരസ്സിനുപിന്നിലായി നമുക്കൊരു കാത്‌ കൂടിയുണ്ടെന്ന്‌ തോന്നും.വൃത്തത്തിലാണ്‌ റഹ്മാന്‍ അനുവാചകനില്‍ വാദ്യം പകരുന്നത്‌. -കള്‍വരേ..കള്‍വരേ..ആ വരികള്‍ കേട്ടപ്പോള്‍ ഓര്‍ത്തു.തമിഴ്‌ഭാഷയ്‌ക്കെന്തു ചാരുതയാണ്‌!

പെട്ടെന്ന്‌ മനസ്സില്‍ ചോദിച്ചു.ആരാണ്‌ നന്നായി തമിഴ്‌ പറയാറുണ്ടായിരുന്നത്‌..?

ഉത്തരം-പ്രൊഫസറുടെ ഭാര്യ.

കാതില്‍ ശ്രേയാ ഘോഷാലിന്റെ നനുത്തസ്വരം.കണ്ണടച്ചു ചാരിക്കിടന്നു.

പ്രെഫസറുടെ ഭാര്യയും ശാലീനമായി പാടും.

തമിഴ്‌കീര്‍ത്തനങ്ങള്‍.പദങ്ങള്‍.സ്‌തുതികള്‍.

ഞാന്‍ കാതിലെ ഐപോഡ്‌ മാറ്റാതെ കിടക്കയില്‍ച്ചെന്ന്‌ കിടന്നു.ചരിഞ്ഞാണ്‌ കിടന്നത്‌.ഇടംകൈ മടക്കി മുഖത്തോട്‌ ചേര്‍ത്തുപിടിച്ചിരുന്നു.കിടപ്പിന്റെ സുഖത്തിനായി കാല്‍മുട്ടുകള്‍ സ്വല്‌പം മടക്കിവച്ചിരുന്നു.ആ പാട്ടുതന്നെയാണ്‌ ഞാന്‍ ആവര്‍ത്തിച്ചുകേട്ടുകൊണ്ടിരുന്നത്‌.ആ പാട്ട്‌ ചിട്ടപ്പെടുത്തിയ രാഗത്തിന്‌ താരാട്ടിന്റെ ഓര്‍മ്മപ്പെടുത്തലുണ്ടായിരുന്നതായി എനിക്കു തോന്നുന്നതാണ്‌ ആവര്‍ത്തിച്ചുകേള്‍ക്കാന്‍ കാരണം.

പെട്ടെന്ന്‌,പ്രതികരണമൊന്നുമില്ലാതെ തന്നെ ഞാനോര്‍ത്തു.ഞാന്‍ കൈ മടക്കിവച്ചിരിക്കുകയാണ്‌.വിരലുകളും അല്‌പം മടക്കിയിട്ടുണ്ട്‌.ഏതാണ്ടൊരു ശിശുവിനെപ്പോലെയാണല്ലോ ഞാന്‍ കിടക്കുന്നത്‌..!താഴെക്കാണുന്ന കുഞ്ഞിന്‌ എന്റെ നല്ല ഛായയില്ലേ..?സങ്കല്‍പ്പിക്കുന്തോറും എനിക്ക്‌ തല പെരുത്തുകയറി.അതോടെ ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി.അടുത്തക്ഷണം ഞാന്‍ മേല്‍ക്കൂരയിലേക്ക്‌ ഉയര്‍ന്നു.ഇപ്പോള്‍ ഞാനെന്നെ കാണുന്നത്‌ മുകളില്‍നിന്നാണ്‌.താഴെ,എന്റെ ദൃഷ്‌ടിക്കു നേരെതാഴെ ഞാന്‍ കിടക്കുന്നു.അപ്പോള്‍ പിറന്ന ഒരു പൈതലിനെപ്പോലെ.എനിക്കുപിറന്ന കുട്ടിതന്നെയാണ്‌ അതെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്ര തെളിമയോടെ അതിനെന്റെ മുഖഛായയുണ്ട്‌.അതു ഞാന്‍ കാണുകയാണ്‌.ആ കാഴ്‌ച എന്നെ ഭയപ്പെടുത്തുകയാണ്‌.ഗര്‍ഭഛിദ്രവേന്ദ്രന്മാരുടെ ആദ്യത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ ഞാനിവിടെ വന്നിരിക്കുന്നതെന്ന പരമാര്‍ത്ഥംകൂടി എന്റെ തലയിലേക്ക്‌ പൊട്ടിവീണു.ഐപോഡ്‌ ഞാന്‍ പറിച്ചെറിഞ്ഞു.മുറിയിലെ വെളിച്ചമിട്ട്‌ വെള്ളം കുടിച്ചു.എനിക്കെന്നെ ഭയമാവാന്‍തുടങ്ങി.പിന്നെ അകാരണമായി സങ്കടം വരാനും.

ആ ദീര്‍ഘരാത്രിയില്‍ പിന്നെ ഞാന്‍ ശ്രമിച്ചതുമുഴുവന്‍ ഒന്നുറങ്ങിക്കിട്ടാനാണ്‌.കണ്ണടച്ചപ്പോഴൊക്കെ ഞാന്‍ നഗ്നരായ മനുഷ്യരെ കണ്ടു.ആര്‍ക്കും മുഖമില്ല.മുതിര്‍ന്ന ശരീരങ്ങള്‍ തലയൊളിപ്പിച്ച്‌ അമ്ലത്തിലെന്നപോലെ ചുരുണ്ടുകിടക്കുന്നതാണ്‌ കാണുന്നത്‌.അവരുടെ മേലാകെ ഭസ്‌മം പൂശിയതുപോലെ വെളുപ്പുപടര്‍ന്നുകാണാം.അതോ അവരൊക്കെ ജലസമാധിയടഞ്ഞ ദിവ്യന്മാരാണോ..?ഉടനെ കണ്ണുതുറക്കും.ഒന്നുമില്ലെന്ന്‌ മനസ്സിലാക്കി കണ്ണടയ്‌ക്കുമ്പോള്‍ മരത്തിന്റെ കൂറ്റന്‍വേരുകള്‍ പിണഞ്ഞുകിടക്കുന്നതാണ്‌ കാണുക.നോക്കിയിരിക്കേ ആ വേരുകള്‍ വെറും വേരുകളല്ലെന്നും അയഞ്ഞുവികസിച്ച ഭഗോധരങ്ങളുടെ സമീപകാഴ്‌ചയാണെന്നും മനസ്സിലാകും.ഉടനെ കണ്ണുതുറന്ന്‌ ഹതാശനായി ഇരുളിനെനോക്കും.മുറിയിലെ ശീതീകരണി കൂട്ടിവച്ച്‌ വന്നുകിടന്ന്‌ കണ്ണടക്കും.അന്നേരം മരപ്പോളകളെ കാണും.സമീപദൃശ്യത്തില്‍ ഓരോ മരപ്പോളയുടെയും പുറംതൊലിക്ക്‌ വല്ലാത്ത കാഠിന്യം.അത്‌ ഞാനനുഭവിക്കുകയാണ്‌.ആ മരപ്പോളകളിലെ പരുക്കന്‍ പ്രതലത്തില്‍നിന്ന്‌ പുതിയ കാഴ്‌ചകള്‍ പിറക്കും.ശാരീരികബന്ധത്തിന്റെ രേഖാപടങ്ങളാണ്‌ അവയെന്നു ബോദ്ധ്യമാകും.പിന്നീടത്‌ കിടങ്ങുകളായും വിടവുകളായും തോന്നും.മുറി വളരെ വലുതായത്‌ പെട്ടെന്നെനിക്ക്‌ തിരിച്ചറിയാന്‍ പറ്റി.അതില്‍ ഞാനൊറ്റയ്‌ക്കാണ്‌.ഞാന്‍ തനിച്ച്‌.ആരുമില്ല.ആരും.എനിക്കുവരാനിരിക്കുന്ന വിപത്തിനെല്ലാം സാക്ഷിയും പരികര്‍മ്മിയും ഞാന്‍ മാത്രമാണ്‌.

ആരെയാണ്‌ ആശ്രയത്തിന്‌ വിളിക്കേണ്ടത്‌..?

ആരുടെ മുഖമാണ്‌ ഓര്‍ക്കേണ്ടത്‌..?

(നോവലിന്‍റെ ഏഴാം അദ്ധ്യായമാണിത്.ഒരിക്കല്‍ വായിച്ചവര്‍ ക്ഷമിക്കുമല്ലോ.)

10 comments:

  1. ആരെയാണ്‌ ആശ്രയത്തിന്‌ വിളിക്കേണ്ടത്‌..?

    ആരുടെ മുഖമാണ്‌ ഓര്‍ക്കേണ്ടത്‌..?
    നോവല്‍ ചില സന്ദേഹങ്ങള്‍ പങ്കുവയ്ക്കുന്നു..

    ReplyDelete
  2. "ആരെയാണ്‌ ആശ്രയത്തിന്‌ വിളിക്കേണ്ടത്‌..?

    ആരുടെ മുഖമാണ്‌ ഓര്‍ക്കേണ്ടത്‌ "

    മനുഷ്യമനസ്സിന്റെ സന്ദേഹം, അതൊനൊരുത്തരമുണ്ടെങ്കില്‍ പോലും അത് വീണ്ടും സന്ദേഹങ്ങളിലേയ്ക്കു തന്നെ തുറക്കുകയും ചെയ്യും. എന്തൊരു നിഗൂഡതയാണിത്?
    ജീവിതത്തിന്റെ നിഗൂഡതകളെ തുറക്കുന്ന താക്കോല്‍ നോവലിസ്റ്റിന്റെ കൈവശമുണ്ടെന്ന്....

    ReplyDelete
  3. വായിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete
  4. നോവല്‍ വായിച്ചിരുന്നില്ല.
    അതുകൊണ്ടു തന്നെ പുതുമ നഷ്ടപ്പെടാതെ വായിക്കാനായി.
    നന്ദി

    ReplyDelete
  5. വായിച്ചിട്ടില്ല ഇതുവരെ, ഇതു വായിച്ചപ്പോൾ മുഴുവനും വായിക്കണമെന്നു തോന്നി.

    ReplyDelete
  6. നോവല്‍ വായിച്ചിട്ടില്ല... യൂണിവേഴ്സിറ്റിയില്‍ മാദ്ധ്യമം വരുത്തുന്നില്ല.. അവിടെ മാതൃഭൂമിയും മലയാളവുമൊക്കെയാണ്.. വായിച്ചിട്ട് നന്നായിരിക്കുന്നു.. പക്ഷേ ഇടയില്‍നിന്ന് ഒരദ്ധ്യായം കൊണ്ട് എങ്ങനെ നോവലിനെ അറിയാനാണ്.. എപ്പോഴേലും മുഴുവനായി വായിക്കുവാന്‍ പറ്റുമെന്ന് വിചാരിക്കുന്നു..

    ReplyDelete
  7. വീണ്ടുംവീണ്ടും വായിക്കാന്‍ തോന്നുന്ന ചാപ്റ്റര്‍.നോവല്‍ വിടാതെ വായിക്കുന്നുണ്ട്.

    ReplyDelete
  8. നല്ല ചാപ്റ്റര്‍.നോവല്‍ വിടാതെ വായിക്കുന്നുണ്ട്.

    ReplyDelete
  9. താങ്കള്‍ക്ക് ബ്ളോഗ് ഉണ്ടെന്ന് ഇപ്പോഴാണ്‌ അറിയുന്നത്. ഈ നോവല്‍ വായിക്കാത്ത കാരണം വായിച്ചപ്പോള്‍ വളരെ രസം തോന്നി. ഈ നോവല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണോ ? പ്രത്യേക സുഖമുള്ള അദ്ധ്യായം. സ്വരാജ് റൌണ്ടിന്‌ 'സ്വരാജ് വൃത്തം' എന്ന പേര്‍ ഇഷ്ടപ്പെട്ടു. :) .

    ReplyDelete
  10. ഇതു ഞാൻ മാധ്യമത്തില് വായിയ്ക്കുന്നുണ്ടല്ലോ.

    ReplyDelete