നേരം വെളുത്തുവരുന്നതേയുണ്ടായിരുന്നുള്ളു,നിബിന്‍ കുര്യാക്കോസിനെ കാണാന്‍ വെള്ളന്‍പൂച്ച നഗരത്തില്‍ എത്തി.കോളിംഗ്‌ബെല്‍ കേട്ട് കതകു തുറന്നത് നിബിന്റെ അമ്മയാണ്.
``അല്ല,ഇത്..പച്ചാളത്തെ പൂച്ചയല്ലേ.ഇതെങ്ങനെ ഇവിടെയെത്തി...''അമ്മ വിളിച്ചു.
``മോനേ..നിബിന്‍..ദേ..തറവാട്ടിലെ നിന്റെ പൂച്ച..''
അതും പറഞ്ഞ് അമ്മ ജോലിത്തിരക്കുകളിലേക്ക് പോയി.
വാഷ്‌ബേസിനരികില്‍ നിന്ന് ആലോചനകളോടെ പല്ലു തേയ്‌ക്കുകയായിരുന്ന നിബിന്‍ ഞെട്ടിത്തിരിഞ്ഞു.അവന്റെ മനസ്സിലൂടെ വെള്ളനും അവനും ഒന്നിച്ചുള്ള നൂറുനൂറു കളിതമാശകള്‍ ഓടിമറഞ്ഞു.പക്ഷേ പച്ചാളത്തുനിന്ന് വെള്ളന്‍ എങ്ങനെ ഇത്ര രാവിലെ ഇവിടെയെത്തി.അവന് ബസ്‌കയറാനും ഓട്ടോ വിളിക്കാനുമൊക്കെ അറിയുമോ..അപ്പോള്‍ വാതിലിനരികില്‍ നിന്ന് നിബിനെ തേടിവരികയായിരുന്നു വെള്ളന്‍.
``വെള്ളാ...എടാ കള്ളാ..''
വെള്ളന്‍ ഒന്നു കരഞ്ഞു.പിന്നെ നിബിന്റെ മുറിയിലേക്ക് പോയി സോഫയില്‍ ചാടിക്കയറി ഒരു കിടപ്പു കിടന്നു.നിബിന്‍ എത്ര വിളിച്ചിട്ടും വെള്ളന്‍ ഒന്നു മൂളാന്‍ കൂടി തയ്യാറായില്ല.ചുരുണ്ട് വാലു മടക്കിവച്ച് കണ്ണടച്ച് ഒരുറക്കം.
നിബിന് വല്ലാതെ പരിഭ്രമമായി.അമ്മയും അച്ഛനും ജോലിക്കുപോയിട്ടും വെള്ളനെ വിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകാന്‍ നിബിന്‍ തയ്യാറായില്ല.അവന് മനസ്സിലായി.വെള്ളന് എന്തോ പ്രശ്‌നമുണ്ട്.അല്ലെങ്കില്‍ ഇത്ര രാവിലെ ബസ് കയറി വരാന്‍ അവന്‍ തയ്യാറാവില്ല.അപ്പാര്‍ട്ട്‌മെന്റ്‌സിന് താഴെ വിശാലമായ കളിക്കളമുണ്ട്.
ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് താഴെ കളിക്കുന്ന കൂട്ടുകാരെ നോക്കി അവനാലോചിച്ചു.തന്റെ തറവാട്ടിലെ കളിക്കൂട്ടുകാരനായ പൂച്ച തന്നെത്തേടി വന്ന കാര്യം പറഞ്ഞാല്‍ കൂട്ടുകാരെല്ലാം പാഞ്ഞെത്തും.വെള്ളന്റെ ഉറക്കം മുറിയും.വെള്ളന് ഇപ്പോഴാവശ്യം വിശ്രമമാണ്.വെള്ളന്റെ കനത്ത രോമങ്ങളുള്ള വാലും പച്ചക്കണ്ണുകളും മീശയും കണ്ടാല്‍ കൂട്ടുകാര്‍ക്കെല്ലാം വലിയ ഇഷ്‌ടമാവും.പക്ഷേ വെള്ളനെ പരിചയപ്പെടുത്തുന്നത് പിന്നീട് മതി.
നിബിന്‍ കുറച്ചുനേരം ടി വി കണ്ടുകൊണ്ടിരുന്നു.ഇടയ്‌ക്ക് ചെന്നുനോക്കിയപ്പോഴും വെള്ളന്‍ ശരിക്കും ഉറക്കം തന്നെ.പൂച്ചയുറക്കമല്ല,അസ്സല്‍ ഉറക്കം.ഉച്ചയ്‌ക്ക് ഉണ്ണാന്‍ നേരത്ത് വിളിച്ചിട്ടും വെള്ളന്‍ എണീറ്റുവന്നില്ല.മുരണ്ടുകൊണ്ട് തിരിഞ്ഞുകിടന്നതേയുള്ളു.അവന്‍ അമ്മയെ വിളിച്ചു.
``അമ്മേ..വെള്ളന്‍ എണീല്‍ക്കുന്നില്ല.പനിക്കുന്നുണ്ടെന്നു തോന്നുന്നു.നമുക്ക് ഡോക്‌ടറങ്കിളിനെ വിളിച്ചാലോ..''
അമ്മ പറഞ്ഞു.
``ഇത്ര ദൂരം യാത്ര ചെയ്‌ത് വന്നതല്ലേ,നല്ല ക്ഷീണം കാണും.ഉറങ്ങട്ടെ.മാറിയില്ലെങ്കില്‍ നമുക്ക് നാളെ ഡോക്‌ടറിനെ കാണാംട്ടോ.''
നിബിന്‍ അനുസരിച്ചു.അമ്മ പറഞ്ഞാല്‍ അനുസരിക്കുന്നതാണ് നല്ല കുട്ടികളുടെ ശീലമെന്നു അവന്‍ പഠിച്ചിട്ടുണ്ട്.നിബിന്‍ സോഫയ്‌ക്കുതാഴെ തുണി വിരിച്ച് ഉറങ്ങാന്‍ കിടന്നു.അവന്‍ നന്നായി ഉറങ്ങി.ഉറക്കത്തില്‍ രണ്ട് സ്വപ്‌നവും കണ്ടു.ഉറങ്ങുമ്പോള്‍ കുട്ടികളുടെ മുഖത്തുകാണുന്ന ചിരി അതാണല്ലോ.വൈകിട്ട് നാലുമണിയോടെ വെള്ളന്‍ ഉണര്‍ന്നു.സോഫയില്‍ എണീറ്റ് മൂരി നിവര്‍ന്ന് വെള്ളന്‍ വായ വലിച്ചു തുറന്ന് കോട്ടുവായിട്ടു.ഉറങ്ങുന്ന നിബിനെ നോക്കി അല്‌പനേരം വെറുതെയിരുന്നു.പിന്നെ ടെറസ്സിലെ പൂച്ചട്ടിയില്‍ കയറിയിരുന്ന് മൂത്രമൊഴിച്ചുവന്നു.അപ്പോഴേക്കും നിബിനും ഉണര്‍ന്നു.
``വെള്ളാ..നിനക്ക് ബിസ്‌ക്കറ്റ് വേണ്ടേ..''
വെള്ളന്‍ അവനെയൊന്നു നോക്കി.വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല.വെള്ളന്റെ മുഖത്ത് പതിവില്ലാത്ത ഒരു വാട്ടമുണ്ടായിരുന്നു.അതെന്തായിരിക്കുമെന്ന് സംശയിച്ചുകൊണ്ട് നിബിന്‍ അടുക്കളയിലേക്ക് പോയി.വെള്ളനു ബിസ്‌ക്കറ്റ് കൊടുക്കുമ്പോഴാണ് അത് കണ്ടത്.വെള്ളന്റെ വാലില്‍ ആഴത്തിലൊരു മുറിവ്.അതില്‍ നിന്ന് ചോരയുണങ്ങി കട്ടപിടിച്ചിരിക്കുന്നു.
``വെള്ളാ..എന്തായിത്..ആരോടാ നീ തല്ലുണ്ടാക്കിയേ..''
ബിസ്‌ക്കറ്റ് മണത്തുനോക്കിയതല്ലാതെ അവന്‍ തിന്നാന്‍ കൂട്ടാക്കിയില്ല.നിബിന്‍ തന്റെ കൂട്ടുകാരന്‍ പൂച്ചയെ ആകെയൊന്നു പരിശോധിച്ചു.ശരിയാണ്.വെള്ളന്റെ ശരീരത്തില്‍ പലയിടത്തും മുറിവും ചോരയുമുണ്ട്.ആരോടോ അവന്‍ ഘോരമായ സംഘട്ടനം നടത്തിയിട്ടുണ്ട്.അതെന്താണെന്നറിയണം.നിബിന് വല്ലാത്ത വിഷമമായി.അതുകണ്ടപ്പോള്‍ വെള്ളനും പ്രയാസം തോന്നി.വെള്ളന്‍ പറഞ്ഞു.
``മിലിയാന്റീടെ ലൗബേഡ്‌സിനെ പിടിക്കാന്‍ ഒരു കള്ളന്‍നായ വരുന്നുണ്ട്.അവനെ ഓടിക്കാന്‍ കുറേ ദിവസമായി ഞാന്‍ ശ്രമിക്കുന്നു.ഇനി നിബിന്‍ വരാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല.''
നിബിന്റെ പപ്പ കുര്യാക്കോസിന്റെ ഇളയ പെങ്ങളാണ് മിലി.പച്ചാളത്തെ തറവാട്ടുവീട്ടിലാണ് അവര്‍ താമസിക്കുന്നത്.ലൗബേഡ്‌സിനെ വളര്‍ത്തി വില്‍ക്കുന്നതാണ് അവരുടെ തൊഴില്‍.വെള്ളന്‍ പറഞ്ഞതുകേട്ട് അവന്‍ ഞെട്ടിപ്പോയി.
``വെള്ളാ..നീ ഇക്കാര്യം ആന്റിയോട് ഇതുവരെ പറയാത്തതെന്താ..''
``ഞാന്‍ പറഞ്ഞുനോക്കി.മിലിയാന്റിക്ക് പേടിയാ.ഈയിടെ അവിടെ നിറച്ചും കള്ളന്മാരുടെ ശല്യമാ..''
``എന്നിട്ട് നീയെന്തുചെയ്‌തു..''
``മൂന്നുദിവസം ഞാന്‍ കാവലിരുന്നു.ആ കള്ളന്‍നായയെ ഓടിക്കാന്‍ പറ്റുമോന്നു നോക്കി.''
``എന്നിട്ട്...''
``എന്നിട്ടെന്താ..ദാ..കണ്ടില്ലേ,അവനെന്നെ കടിച്ചുമുറിച്ചു.''
നിബിന് വല്ലാതെ അരിശം വന്നു.അമ്മയിങ്ങോട്ടു വരട്ടെ.അവന്‍ മനസ്സില്‍ പറഞ്ഞു.തന്റെ മുറിവ് നാവുനീട്ടി നനച്ചശേഷം വെള്ളന്‍ പറഞ്ഞു.
``പാവം ലൗബേഡ്‌സ്..എല്ലാരും വല്ലാതെ പേടിച്ചിരിക്കുവാ..ഉടനെ നമ്മളെന്തെങ്കിലും ചെയ്യണം.''
നിബിന്‍ കുറച്ചുനേരം ആലോചിച്ചിരുന്നു.പച്ചാളത്ത് കള്ളന്മാരുടെ വല്ലാത്ത ശല്യമുണ്ടെന്ന് കഴിഞ്ഞ ദിവസം പപ്പ പറഞ്ഞത് അവനോര്‍ത്തു.മിലിയാന്റി പേടിക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല.കള്ളന്മാര്‍ എന്തൊക്കെ ചെയ്യുമെന്നു ആര്‍ക്കു പറയാന്‍ കഴിയും.പക്ഷേ അങ്ങനെ പേടിച്ചാല്‍ എവിടെപ്പോയി ഒളിക്കാനാണ്.
പണ്ട് വെള്ളനും നിബിനും കൂടി ഒരു തെണ്ടിപ്പട്ടിയേയും ഭിക്ഷക്കാരുടെ വേഷത്തില്‍ ചെരുപ്പും പാത്രങ്ങളും മോഷ്‌ടിക്കാന്‍ വന്ന നാടോടിസ്‌ത്രീയെയും ഓടിച്ചിട്ടുണ്ട്.അവന്റെ പപ്പ കുര്യാക്കോസ് അവനെ അക്കാര്യത്തില്‍ അഭിനന്ദിച്ചിട്ടുമുണ്ട്.ഒരു എഴുവയസ്സുകാരന് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങളായിട്ടാണ് നിബിന്റെ അമ്മയും അതിനെപ്പറ്റി പറഞ്ഞത്.
``എന്തുചെയ്യാനാ നിബിന്റെ പ്ലാന്‍..''
വെള്ളന്‍ എടുത്തുചോദിച്ചു.
``യാതൊരു സംശയവും വേണ്ട.നമുക്ക് മിലിയാന്റീടെ ലൗബേഡ്‌സിനെ രക്ഷിക്കണം.''
വെള്ളന് ഉത്സാഹമായി.നിബിന്‍ ഒരു കാര്യം ചെയ്യാമെന്ന് ഏറ്റാല്‍ ഏറ്റതാണ്.വെള്ളന്‍ ഒന്നുകൂടി മൂരിനിവര്‍ന്നു.അപ്പോഴേക്കും നിബിന്റെ അമ്മയുമെത്തി.വാതില്‍ തുറക്കും മുമ്പേ ഒച്ച താഴ്‌ത്തി നിബിന്‍ പറഞ്ഞു.
``വെള്ളാ..തല്‍ക്കാലം അവിടുത്തെ പ്രശ്‌നമൊന്നും അമ്മയോടിപ്പോള്‍ പറയണ്ട.എല്ലാം പിന്നീട് പറയാം.അല്ലെങ്കില്‍ അമ്മ പേടിക്കും.''
വെള്ളന്‍ തലയാട്ടി.അമ്മ വന്നതേ വെള്ളനെ അടുത്തുപിടിച്ചു തലോടി.
``നിനക്കെന്താ അവിടെ തീറ്റയൊന്നുമില്ലേ..കണ്ടില്ലേ ഒരു കോലം.എങ്ങനെയിരുന്ന പൂച്ചയാ...''
തറവാട്ടില്‍ വെള്ളന്‍ പിറന്നപ്പോള്‍ മുതല്‍ അമ്മയ്‌ക്ക് അവനെ അറിയാവുന്നതാണ്.എന്തായാലും അവന്റെ ദേഹത്തെ മുറിവൊന്നും അമ്മ കണ്ടില്ല.അമ്മ വെള്ളന് കുടിക്കാന്‍ പാല് ചൂടാക്കിക്കൊടുത്തു.പാല് കുടിച്ചുകഴിഞ്ഞ് വെള്ളന്‍ ഒന്നുകൂടി ചുരുണ്ടുകിടന്നുറങ്ങി.രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ പപ്പയോട് പറഞ്ഞു.
``പപ്പാ..നാളെ ഞാന്‍ വെള്ളനെയും കൂട്ടി മിലിയാന്റീടെ അടുത്ത് പോട്ടേ..പാവം അവനെ തനിച്ച് വിടുന്നതെങ്ങനെയാ..''
അതുകേട്ട് വെള്ളന് വല്ലാതെ ദേഷ്യം വന്നു.ഇങ്ങോട്ട് ഞാന്‍ തനിച്ചല്ലേ വന്നത് എന്നു വാലു പൊക്കിയും കണ്ണുരുട്ടിയും ചോദിക്കാന്‍ തോന്നി.പിന്നെ ആ യാത്രയ്‌ക്ക് നിബിന്റെ പപ്പ സമ്മതിക്കുകയാണ് അത്യാവശ്യമെന്നു മനസ്സിലാക്കി വെള്ളന്‍ നിശ്ശബ്‌ദനായി.
``അടുത്ത മാസം മിലിയാന്റി ഇങ്ങോട്ട് വരുന്നുണ്ടല്ലോ.അതുവരെ വെള്ളന്‍ ഇവിടെ നില്‍ക്കട്ടെ.അതുപോരേ..''
നിബിന്റെ പപ്പ ചോദിച്ചു.വെള്ളനും നിബിനും ഒരു പോലെ നിരാശരായി.
``അല്ലെങ്കില്‍ വെള്ളന്‍ തനിയെ പൊക്കോട്ടെ.അവനൊരു മിടുക്കന്‍ പൂച്ചയല്ലേ.ഒറ്റയ്‌ക്കല്ലേ ഇങ്ങോട്ട് വന്നത്...''
പെട്ടെന്ന് ഇരുന്ന കസേരയില്‍ നിന്ന് വെള്ളന്‍ താഴേക്ക് ചാടി.പപ്പയുടെ കാലുകളില്‍ ഉരുമ്മി,തന്നെ അഭിനന്ദിച്ചതിന്റെ സ്‌നേഹം പ്രകടിപ്പിച്ചു.എന്നിട്ട് കേട്ടോ എന്ന മട്ടില്‍ നിബിനെ തലയുയര്‍ത്തി നോക്കുകയും ചെയ്‌തു.അതു കണ്ടപ്പോള്‍ നിബിന് ശരിക്കും സങ്കടം വന്നു.
``ഞാന്‍ പപ്പേടെ മോനല്ലേ,ഞാനും മിടുക്കനാ..എനിക്കും ഒറ്റയ്‌ക്ക് പോകാനറിയാം..''പപ്പയും അമ്മയും പൊട്ടിച്ചിരിച്ചു.അമ്മ പറഞ്ഞു.
``അവര് പോയിട്ട് വരട്ടെ.വെക്കേഷനല്ലേ.''
അതുകേട്ടപ്പോള്‍ പപ്പ സമ്മതിച്ചു.വെള്ളന്‍ നീളത്തില്‍ കുറുകിക്കൊണ്ട് അവര്‍ക്കു ചുറ്റും നടന്നു.
വെള്ളന്റെ മനസ്സില്‍ താനും നിബിനും കൂടി ആ കള്ളന്‍ നായയെ ഓടിക്കുന്ന രംഗമായിരുന്നു.ലൗബേഡ്‌സിനെ രക്ഷിച്ചെന്നറിയുമ്പോള്‍ പപ്പയും അമ്മയും മിലിയാന്റിയും തങ്ങള്‍ രണ്ടുപേരെയും അഭിനന്ദിക്കുന്ന നിമിഷമായിരുന്നു നിബിന്റെ മനസ്സില്‍.അന്നുരാത്രി രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് ഉറങ്ങാന്‍ കിടന്നത്.
പിറ്റേന്ന് നിബിനും വെള്ളനും കൂടി പച്ചാളത്തെ മിലിയാന്റിയുടെ വീട്ടിലെത്തി.മിലിയാന്റിയോടും അവര്‍ അന്നുരാത്രി നടത്താനിരിക്കുന്ന വമ്പിച്ച പരിപാടിയെപ്പറ്റിയൊന്നും പറഞ്ഞില്ല.എല്ലാം രഹസ്യമാക്കി വച്ചത് മറ്റൊന്നും കൊണ്ടല്ല,മുതിര്‍ന്നവരുടെ അനാവശ്യമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ രസം കളയും എന്നറിയാവുന്നതുകൊണ്ടാണ്.
സൂര്യന് ആറരയായിട്ടും അന്ന് കടലില്‍ പോകാന്‍ താല്‌പര്യമുണ്ടായിരുന്നില്ല. നിബിന്റെയും വെള്ളന്റെയും കള്ളനെ പിടിക്കുന്ന കളി കാണാന്‍ സൂര്യനും മോഹമുണ്ടായിരുന്നു.അതുമനസ്സിലാക്കിക്കൊണ്ട് പടിഞ്ഞാറേ മുറ്റത്തുനിന്ന് നിബിന്‍ പറഞ്ഞു.
``സൂര്യന്‍സാറേ..സാറു പോയാലേ ഇരുട്ട് വരൂ..സാറു പോകുന്നതും നോക്കി ഇരുട്ട് അവിടെ ആ മരങ്ങള്‍ക്കിടയില്‍ പതുങ്ങിയിരിക്കാന്‍ തുടങ്ങീട്ട് കുറേനേരമായി..''
വെള്ളന്‍ സൂര്യനെ നോക്കി.അവനായിരുന്നു രാത്രിയാവാന്‍ ഏറ്റവും തിടുക്കം.വെള്ളന്‍ സൂര്യനോട് പറഞ്ഞത് എന്താണെന്നോ.
``നാളെ നേരത്തേ വന്നാല്‍ മതി..ഞങ്ങള്‍ കള്ളന്‍നായയെ ഓടിച്ച കഥ അന്നേരം പറഞ്ഞുതരാം.''
ആ സമയത്ത് അവരുടെ ഭാഗ്യത്തിന് കടലിന്റെ ഒരു ഫോണ്‍ വിളി സൂര്യനെ തേടിയെത്തി.വരാന്‍ വൈകുന്നതെന്താണെന്ന അന്വേഷണമായിരുന്നു അത്.കടല്‍ നല്ല ദേഷ്യത്തിലായിരുന്നു.മനസ്സില്ലാ മനസ്സോടെ സൂര്യന്‍ വേഗം കടലിലേക്ക് പോയി.
``ഓ...രക്ഷപ്പെട്ടു..''
വെള്ളന്‍ ശരീരമൊന്നു കുടഞ്ഞു.വേഗം മരങ്ങള്‍ക്കിടയില്‍ നിന്ന് ഇരുട്ട് പുറത്തെത്തി.വെള്ളനും നിബിനും വീടിനകത്തേക്ക് പോയി.നിബിന്‍ രാത്രി വൈകും വരെ മിലിയാന്റിക്കൊപ്പം അക്ഷമയോടെ ടി വി കണ്ടുകൊണ്ടിരുന്നു.
ഈ സമയം അന്നുരാത്രി ചെയ്യേണ്ട കാര്യങ്ങള്‍ ലൗബേഡ്‌സിനെ പഠിപ്പിക്കുകയായിരുന്നു വെള്ളന്‍ പൂച്ച.മിലിയാന്റി പത്തരയായപ്പോള്‍ നിബിനെയും വിളിച്ച് ഉറങ്ങാന്‍ പോയി.
``വെള്ളാ..എല്ലാം പറഞ്ഞപോലെ..ലൗബേഡ്‌സിന്റെ സിഗ്നല്‍ കിട്ടിയാ എന്നെ വിളിക്കണം..''
``ഓക്കെ..''
വെള്ളന്‍ പുറത്തേക്ക് പോയി.
അന്ന് ഭൂമിയിലെല്ലാവരും പത്തരയോടെ ഉറങ്ങാന്‍ കിടന്നെന്ന് നിബിന് തോന്നി.അത്ര ശാന്തമായിരുന്നു രാത്രി.അവന് തീരെ ഉറക്കം വന്നില്ല.അയല്‍പക്കത്തെ കൂട്ടില്‍ക്കിടക്കുന്ന അല്‍സേഷ്യന്‍ നായ പോലും അന്ന് കുരച്ചില്ല.പദ്ധതികള്‍ പാളിയാല്‍ പാവം നാല്‍പ്പത്തിമൂന്ന് ലൗബേഡ്‌സിന്റെ ജീവന്‍ അപകടത്തിലാവും.നിബിന്‍ കാതോര്‍ത്തുകിടന്നു.
ഏകദേശം പതിനൊന്നു മണിക്കാണ് മതില്‍ ചാടി കള്ളന്‍നായ വന്നത്.അറപ്പിക്കുന്ന ഒരു തവിട്ടുനിറമായിരുന്നു അവന്.ഉടനെതന്നെ ലൗബേഡ്‌സിലെ ധൈര്യശാലിയായ മഞ്ഞച്ചിറകന്‍ രണ്ടുവട്ടം ചിലച്ചു.
``വെള്ളാ...കിളു കിളു..''
വെള്ളന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്.ചെടികള്‍ക്കിയില്‍ പതുങ്ങിയിരിക്കുകയായിരുന്ന വെള്ളന്‍ ആ സമയം നിബിന്റെ മുറിയിലേക്ക് ഒരു പൂച്ചനടത്തം നടത്തി.കള്ളന്‍നായ അതു കണ്ടില്ല.ഉറങ്ങാതെ കിടക്കുകയായിരുന്നു നിബിന്‍.
``നിബിനേ..ആ കള്ളന്‍നായ എത്തീട്ടോ..വാ..''
നിബിന്‍ വേഗമെഴുന്നേറ്റു.പിന്നെ നേരത്തേ എഴുതി തയ്യാറാക്കിവച്ചിരുന്ന കടലാസ്സെടുത്ത് മിലിയാന്റിയുടെ സ്വര്‍ണ്ണമാലയില്‍ കുരുക്കിവച്ചു.കിടക്കയില്‍ തന്നെ കാണാതെ ആന്റി ഉണര്‍ന്നാല്‍ പേടിക്കാതിരിക്കാനുള്ള സൂത്രമായിരുന്നു അത്.കടലാസ്സില്‍ ഇങ്ങനെ എഴുതിയിരുന്നു.
``ഡിയര്‍ ആന്റി..ലൗബേഡ്‌സിനെ പിടിക്കാന്‍ ഒരു പട്ടി വന്നിട്ടുണ്ട്.ഒച്ചയുണ്ടാക്കാതെ താഴേക്ക് വാ..യുവേഴ്‌സ് നിബിന്‍.''
വെള്ളന്‍ അക്ഷമനായി.
``വേഗം വാ..''
നിബിന്‍ യാതൊരു ഒച്ചയുമുണ്ടാക്കാതെ പുറത്തേക്ക് നടന്നു.ആ സമയം ലൗബേഡ്‌സിന്റെ കൂട്ടില്‍ പേടിയെല്ലാം ഉള്ളിലമര്‍ത്തിക്കൊണ്ട് ഉറക്കം നടിച്ച് കള്ളന്‍നായയെ പറ്റിക്കുകയായിരുന്നു മഞ്ഞച്ചിറകന്‍.കൂട്ടിനകത്തേക്ക് കൈ നീട്ടി മഞ്ഞച്ചിറകനെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കള്ളന്‍നായ.അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നിബിന്‍ ശബ്‌ദമുണ്ടാക്കാതെ അടുത്ത വീടിന്റെ ചെറിയ ഗേറ്റ് കടന്നു.ആ നിമിഷമെല്ലാം അഥവാ കണക്കുകൂട്ടലുകള്‍ പിഴച്ച് മഞ്ഞച്ചിറകനെ കള്ളന്‍നായ ആക്രമിച്ചാല്‍ തനിക്കാവും വിധം നേരിടാന്‍ തയ്യാറെടുത്ത് പതുങ്ങി നില്‍ക്കുകയായിരുന്നു വെള്ളന്‍.
കൂട്ടിനടുത്തേക്ക് അരണ്ട വെളിച്ചത്തില്‍ നിബിന്‍ വരുന്നത് അല്‍സേഷ്യന്‍ നായ കണ്ടു.അവന്‍ ശബ്‌ദമുണ്ടാക്കാതെ എണീറ്റുനിന്നു.
``എന്തായി വന്നോ..''
അല്‍സേഷ്യന്‍ ചോദിച്ചു.
``വന്നിട്ടുണ്ട്.മഞ്ഞച്ചിറകനും കൂട്ടുകാരും ഉറക്കം നടിച്ച് കിടക്കുവാ..''
``എന്നാ വേഗം കൂട് തുറക്ക്.''
അല്‍സേഷ്യന്‍ നായ ഉത്സാഹത്തോടെ പറഞ്ഞു.നിബിന്‍ അവന്റെ കൂട് തുറന്നുകൊടുത്തു.പുറത്തേക്കിറങ്ങിയ അല്‍സേഷ്യന്‍ നീണ്ടുനിവര്‍ന്ന് ഒന്നു ശരീരം കുടഞ്ഞു.അതുകണ്ട് നിബിന്‍ പോലും അല്‌പം പേടിച്ചുപോയി.ഒരു വലിയ സിംഹത്തിന്റെ അത്രയും വലുപ്പമുണ്ടായിരുന്നു അതിന്.
അവര്‍ പതുക്കെ ലൗബേഡ്‌സിന്റെ കൂട്ടിനടുത്തെത്തി.മഞ്ഞച്ചിറകന്റെ രണ്ടു തൂവലുകള്‍ അതിനകം കള്ളന്‍നായയുടെ കൈനഖങ്ങള്‍ക്കിടയില്‍ പറ്റിക്കഴിഞ്ഞിരുന്നു.പേടിച്ചു കിടുകിടാ വിറയ്‌ക്കുകയായിരുന്നു മഞ്ഞച്ചിറകന്‍.അല്‍സേഷ്യന്‍ അതു കണ്ടു.അവന്‍ പല്ലിറുമ്മി.ആ ശബ്‌ദം കേട്ടിട്ട് വെള്ളനു പോലും പേടി വന്നു.അടുത്ത നിമിഷം കള്ളന്‍നായയ്‌ക്കുനേരെ അല്‍സേഷ്യന്‍ എടുത്തുചാടി.കള്ളന്‍നായയുടെ കഴുത്തിലാണ് കടി വീണത്.അല്‍സേഷ്യന്‍ അവനെ മാനത്തേക്ക് കടിച്ചുയര്‍ത്തി.കള്ളന്‍നായ ദയനീയമായി കരഞ്ഞു.
``എന്താ വേണ്ടേ..ഇവനെ കടിച്ചുകൊല്ലട്ടെ..''
അല്‍സേഷ്യന്‍ ചോദിച്ചു.നിബിനും വെള്ളനും മുഖത്തോടുമുഖം നോക്കി.അപ്പോള്‍ കൂട്ടില്‍ നിന്ന് മഞ്ഞച്ചിറകന്‍ പറഞ്ഞു.
``കൊല്ലണ്ട..ഞങ്ങളെ ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി.''
കള്ളന്‍നായ തന്നെ കടിച്ചതിന്റെ വേദന മാറിയിട്ടില്ലെങ്കിലും ഒന്നാലോചിച്ച ശേഷം വെള്ളനും പറഞ്ഞു.
``കൊല്ലണ്ട.പക്ഷേ അവനീ കോമ്പൗണ്ടില്‍ വരരുത്.''
അല്‍സേഷ്യന്‍ കള്ളന്‍നായയെ നന്നായൊന്നു കടിച്ചുകുടഞ്ഞു.പിന്നെ ഓടിച്ചുവിട്ടു.
``ഓടടാ..കേട്ടല്ലോ..ഇനി ഈ വഴിക്ക് കാണരുത്.''
കള്ളന്‍നായ ജീവനുംകൊണ്ട് ഓടി.എല്ലാവര്‍ക്കും സന്തോഷമായി.വെള്ളന്‍ വന്ന് അല്‍സേഷ്യന്റെ കൈ പിടിച്ചുകുലുക്കി.മഞ്ഞച്ചിറകനും കൂട്ടുകാരും സന്തോഷം പ്രകടിപ്പിക്കാന്‍ ചിറകിട്ടടിച്ചു.കുറച്ചുനേരം അവരോട് വര്‍ത്തമാനം പറഞ്ഞു നിന്ന ശേഷം അല്‍സേഷ്യന്‍ സ്വന്തം കൂട്ടില്‍പോയി കിടന്നു.
നിബിനും വെള്ളനും ശബ്‌ദമുണ്ടാക്കാതെ മുറിയിലെത്തി.മിലിയാന്റി അതൊന്നുമറിയാതെ അപ്പോഴും നല്ല ഉറക്കമായിരുന്നു.വെള്ളനെ നോക്കിക്കൊണ്ട് നിബിന്‍ പറഞ്ഞു.
``വെള്ളാ..ഓപ്പറേഷന്‍ സക്‌സസ്സ്.അല്ലേ..''
സുഖമായി ചുരുണ്ടുകിടന്ന് കൂര്‍ക്കം വലിച്ചുകൊണ്ട് വെള്ളന്‍ പറഞ്ഞതെന്താണെന്നോ.
``ഗുഡ്‌നൈറ്റ്.''
(ഇത് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ്.എന്‍റെ കുട്ടിക്കഥ...!)
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണിത്.ഞാനതില്‍ ഇടക്കിടെ കുട്ടിക്കഥകള്‍ എഴുതാറുണ്ട്.ഇത് ഇഷ്ടായോ..?
ReplyDeleteഎന്റെ മോനോട് ചോദിച്ചിട്ട് പറയാട്ടൊ, (കുട്ടിക്കഥയാന്നാലും നിക്കിഷ്ടായി )
ReplyDeleteകഥ നന്നായിട്ടുണ്ട്. ബാലസാഹിത്യത്തിലും കൈവെച്ചോ എന്ന് ചോദിക്കാനൊരുങ്ങുകയായിരുന്നു.
ReplyDeleteഇവിടെ ഒരു പ്രശ്നം തോന്നുന്നില്ലേ ? ഒരിടത്ത് കള്ളൻ നായ, മറ്റൊരിടത്ത് കള്ളൻ പൂച്ച.
I'M A STD 9 STUDENT.I LIKE THIS VERY MUCH!
ReplyDeleteനല്ല കഥ....ഇഷ്ടപെട്ടു.
ReplyDeleteകുട്ടികളെ മാത്രമല്ല, വലിയവരെയും ആ ഒഴുക്കില്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്.
ഇത് ഒരു പുതിയ ലൈൻ ആണല്ലോ..എന്നാലോചിച്ചിരിക്കയായിരുന്നു.വായിച്ച് തീർന്ന്, അടിയിലെഴുതിയത് കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.
ReplyDeleteഎന്തായാലും സംഗതി കുറിക്ക് തന്നെ കൊള്ളും...
അഭിനന്ദനങ്ങൾ.
നന്നായിട്ടുണ്ട് കഥ. എങ്കിലും കുട്ടികളല്ലേ, ഇനിയും ലളിതമാകാം ശൈലി എന്നു തോന്നുന്നു.
ReplyDeleteപ്രിയ കലാവല്ലഭന്‍,ആദ്യമേ തന്നെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് ആയിരമായിരം നന്ദി.തിരുത്തിയിട്ടുണ്ട്.
ReplyDeleteപ്രിയ ശ്രീനാഥന്‍,നന്ദി.പക്ഷേ തളിരിന്‍റെ എഡിറ്റോറിയല്‍ പറയുന്നത് എന്‍റെ കുട്ടിക്കഥകള്‍ വളരെ ലളിതമാണ്.ഇത്രയും ലാളിത്യം തളിരിന്‍റെ വായനക്കാര്‍ക്കു ആവശ്യമില്ല എന്നാണ്.14 വയസ്സിനുശേഷമുള്ള കുട്ടികളെയാണ് അവര്‍ ലക്ഷ്യമിടുന്നത്.അതാവാം..മലയാളം പാഠാവലി നാലാംക്ലാസില്‍ രണ്ടാംഭാഗത്തില്‍ എന്‍റെ തെരുവില്‍ എന്നൊരു കഥയുണ്ട് പഠിക്കാനായി.അതൊന്നുനോക്കൂ...ലളിതമാണ്.
ഒക്കെ ഓരോരോ നേരന്പോക്കുകള്‍.ചത്തുകഴിഞ്ഞാല്‍ ഓര്‍മ്മിക്കപ്പെടാനുള്ള പെടാപ്പാടുകള്‍.
ശ്രീദേവി,ഇഷ്ടായി എനിക്കും.തളിരിലെഴുതിയ മറ്റ് കഥകള്‍ വായിച്ചിട്ടുണ്ടോ..തളിര് കാണാറുണ്ടോ..നല്ല പ്രസിദ്ധീകരണമാണ്.
ബാക്കിയെല്ലാവരോടും നന്ദിയും സ്നേഹവും.
കുട്ടിത്തത്തിന്റെ പെരുന്നാള്‍.
ReplyDeleteശങ്കൂനോട് ചോദിക്കട്ടെ എങ്ങനെ ഉണ്ട് എന്ന് :)
ReplyDeleteഇത് വഴി ആദ്യമായാണു..
ReplyDeleteനന്നായിട്ടുണ്ട്, എല്ലാ ഭാവുകങ്ങളും നേരുന്നു
വളരെ നന്നായി പറഞ്ഞിരിക്കുന്നു.കുട്ടികള്‍ക്കും വലിയവര്‍ക്കും
ReplyDeleteഒരുപോലെ ഇഷ്ടപ്പെടും.അഭിനന്ദനങ്ങള്‍.
കുട്ടിക്കഥയാണെന്ന് ഒടുവിലാ മനസിലായത്.. നല്ല കഥ..
ReplyDeleteകുട്ടിക്കഥ ഇഷ്ടമായി.
ReplyDeleteകുട്ടിത്തത്തോടെ വായിച്ചു :)
ReplyDeleteവായിക്കാതിരിക്കാൻ തോന്നിയില്ല,
ReplyDeleteഓപറേഷനിൽ ഞാനും പങ്കെടുത്തു!
കുട്ട്യോൾടെ ഭാഗ്യം, ഇങ്ങനത്തെ കഥ വായിക്കാൻ കഴിയും കാലം!
നല്ല കഥ.. വളരെ ഇഷ്ടമായി. ആ കള്ളൻ നായയെ കൊല്ലാതെ വിട്ടതും നന്നായി.എന്തായാലും ഓപറേഷൻ സക്സസ്..
ReplyDeleteഞാനും കുറച്ചു സമയത്തേക്ക് ഒരു കുട്ടിയായി. നല്ല കഥ!
ReplyDeleteനല്ല കഥ..
ReplyDeleteഅഭിനന്ദനങ്ങൾ.
എനിക്കും എന്റെ കുട്ടിക്കും എന്നിലെ കുട്ടിക്കും ഇഷ്ടായി കഥ.
ReplyDeleteഇഷ്ടപ്പെട്ടു മാഷേ... കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്ന കഥ..
ReplyDeleteനന്നായിരിക്കുന്നു.. ഓഫീസില്‍ ഇരുന്നു ബാലരമ ഓണ്‍ലൈന്‍ സൈറ്റ് എടുത്തു സൂത്രനെയും മായാവിയും ഒക്കെ വായിക്കുന്ന കൊണ്ടായിരിക്കാം, ഈ കഥയും ഞാന്‍ നന്നായി ആസ്വദിച്ചു :)
ReplyDeleteഹഹ.. നന്നായിട്ടുണ്ട്..
ReplyDelete''വെള്ളാ..എട കള്ളാ..'' :) ശങ്കൂന് കഥ നന്നേ ഇഷ്ടമായി..
ReplyDeleteഎന്നാലും വെള്ളന്‍ എങ്ങിനെയാ ഒറ്റയ്ക്ക് ബസ്സില്‍ കയറി വന്നെ?
ReplyDeleteകഥ ഇഷ്ട്ടമായി ട്ടോ..
കഥ വലിയ ഇഷ്ടമായീ
ReplyDelete