Friday, April 15, 2011

9 ന് രണ്ടാം പതിപ്പ്.അതോടൊപ്പം ചില കണക്കുകൂട്ടലുകളും.


ന്‍റെ രണ്ടാമത്തെ നോവലായ 9 ന് രണ്ടാം പതിപ്പിറങ്ങി.2007 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന് 2008 ഒക്ടോബറിലാണ് പുസ്തകരൂപം വന്നത്.ആ കാലതാമസം എന്‍റെ അമാന്തമായിരുന്നു.ഒന്നുകൂടി മിനുക്കിയെഴുതാനുള്ള പ്രേരണയാല് സംഭവിച്ച അമാന്തം.അന്ന് 1500 കോപ്പിയാണ് 9 അച്ചടിച്ചത്.ഇപ്പോള്‍ 2000 കോപ്പി.നാലു വര്ഷം വേണ്ടിവന്നു നാല്‍പ്പതിലധികം വിതരണ ശാലകളുള്ള പ്രമുഖ സ്ഥാപനത്തിലൂടെ ആദ്യത്തെ 1500 പ്രതി വിറ്റഴിയുവാന്‍.ഇത് സത്യമാണെങ്കില്‍,ദൈവമേ ഞാനൊരു എഴുത്തുകാരനാണോ..!
കഴിഞ്ഞ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം കേരളത്തില്‍ മൂന്നേകാല്‍ കോടിയോളം ജനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.സാക്ഷരതാശതമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും കേരളം തന്നെ.ആളോഹരി വരുമാനമനുസരിച്ച് ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നവരും കേരളീയരത്രേ.ഇവിടെ പ്രതിവര്‍ഷം വിറ്റഴിയപ്പെടുന്ന ഉല്പന്നങ്ങളുടെ കണക്കുകണ്ട് ഞെട്ടിയിട്ടാണല്ലോ അന്താരാഷ്ട്ര കച്ചവടഭീമന്മാര്‍ കടല്‍ കടന്ന് കേരളത്തിലേക്ക് പോരുന്നത്.കേരളത്തില്‍ മുളച്ചുപൊന്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അക്ഷരസ്നേഹികളായ നടത്തിപ്പുകാരുടെയും എണ്ണം കണ്ടാല്‍ നമുക്ക് തലചുറ്റിപ്പോകും.ഓരോ വീട്ടിലെയും വിദ്യാര്‍ത്ഥികള്‍ കാലത്ത് നാലുമുതല്‍ ട്യൂഷന്‍ പഠിക്കാന്‍ പോകുന്നുണ്ടെന്നാണ് അറിവ്.അത്രയേറെ വിജ്ഞാനദാഹികളാണ് നമ്മള്‍.
മൂന്നേകാല്‍ കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ പക്ഷേ ഒന്‍പതിനായിരത്തോളം വായനശാലകള്‍ മാത്രമേയുള്ളു എന്നത് അല്പം കഷ്ടമാണ്. ഇക്കണ്ട ദുനിയാവിലെ ഇസ്കൂളുകളിലെല്ലാം ഗ്രന്ഥപ്പുരകളുമുണ്ടത്രേ.അവിടെയും ഗ്രന്ഥങ്ങള്‍ വേണമല്ലോ.ഒന്‍പതിനായിരത്തോളം വായനശാലകള്‍ ഓരോ കോപ്പിവീതം വാങ്ങിയാലെങ്കിലും കൊള്ളാവുന്ന ഒരെഴുത്തുകാരന്‍റെ പുസ്തകം ആദ്യപതിപ്പില്‍ 9000 പ്രതികള്‍ അച്ചടിക്കേണ്ടതാണ്.നിര്‍ഭാഗ്യവശാല്‍ ഇവിടെ നാലോ അഞ്ചോ പതിപ്പിലായി അതി പ്രശസ്തരുടെതുപോലും കഷ്ടി ഒന്പതിനായിരമേ ചെലാകുന്നുളളൂത്രേ.പ്രസാധകര്‍ തരുന്ന കണക്കാണ്. വായനശാലയില്‍ പോകാതെ നേരിട്ടു പുസ്തകം വാങ്ങുന്ന ചിലരെങ്കിലും ഈ മൂന്നേകാല്‍ കോടിയില്‍ കാണുമല്ലോ.അങ്ങനെയെങ്കില്‍ അവരെയും കൂടി ഉള്‍പ്പെടുത്തി നോവലെങ്കിലും പതിനായിരം കോപ്പി നമ്മുടെ നാട്ടില്‍ ആദ്യപതിപ്പ് ഇറക്കാവുന്നതല്ലേ..?ധാരാളം മെന്പര്‍ഷിപ്പുള്ള ചില വലിയ ഗ്രന്ഥശാലകള്‍ക്ക് ഒരു കോപ്പി മതിയാവില്ല.അവര്‍ ഓരോ പുസ്തകവും രണ്ടുകോപ്പി വീതം വാങ്ങാറുണ്ടെന്നും കേള്‍ക്കുന്നു.അതൊക്കെപ്പോട്ടെ,ഒന്‍പതിനായിരം വായനശാലകളുടെ പാതി വായനശാലകള്‍ക്കെങ്കിലും ഓരോ പുസ്തകവും വാങ്ങാമല്ലോ.എന്നാലും ആദ്യപതിപ്പ് മൂവായിരമെങ്കിലും ആകില്ലേ.?
വായനശാലകള്‍ക്കെല്ലാം നോവലുകള്‍ മതി.നോവലുകള്‍ മാത്രം.നോവല്‍ എന്ന് പുറം ചട്ടയില്‍ അടിച്ചിട്ട് അകത്ത് പാചകക്കുറിപ്പോ വല്ല ചവറോ നിറച്ചുവച്ചാലും ലൈബ്രറി കൌണ്‍സിലിന്‍റെ ആണ്ടുമേളയില്‍നിന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ നോവല്‍ വാങ്ങിക്കോളും.എന്നിട്ടും മുന്തിയ പ്രസാധകന്‍ പോലും ഇവിടെ നോവലിന് പുതിയ പതിപ്പിറക്കാന്‍ മടിക്കുന്നു.പലരും ആദ്യപതിപ്പ് 2000 കോപ്പിയേ പുറത്തിറക്കുന്നുള്ളു. എം.ടിയുടെയും സാറാ ജോസഫിന്‍റെയും ഒ.വി.വിജയന്‍റെയും ഒക്കെ നോവലുകള്‍ക്കും മറ്റ് നോവലെഴുത്തുകാര്‍ക്കും ഇതേ ഗതി.അതേസമയം ഇതേനാട്ടില്‍ത്തന്നെ എം.മുകുന്ദന്‍റെ പ്രവാസവും ആനന്ദിന്‍റെ വിഭജനങ്ങളും ആദ്യപതിപ്പില്‍ത്തന്നെ അയ്യായിരവും പതിനായിരവും ഇറങ്ങിയിട്ടുമുണ്ട്,വിജയന്‍റെ തലമുറകളും.പറയുന്നതിന് അപവാദം പോലെ ചില പുസ്തകങ്ങള്‍ മാത്രം മൂന്നുമാസം കൂടുന്പോള്‍ രണ്ടായിരമോ മൂവായിരമോ വീതം പതിവായി വിപണിയിലെത്തും.
അരുന്ധതി റോയിയുടെ ഇംഗ്ലീഷ് നോവലിന്‍റെ മലയാളവിവര്‍ത്തനം ഇക്കൊല്ലം 25000 പ്രതിയാണ് ആദ്യപതിപ്പില്‍ അച്ചടിച്ചത്.ഇത് വായിക്കുന്നത് മലയാളികളല്ലേ..?അവര്‍ക്ക് മറ്റ് മലയാളം എഴുത്തുകാരോട് വിരക്തിയാണോ..?
ഇതിനെക്കാള്‍ ഒട്ടും പിന്നിലല്ല ഇവിടെ പിറവിയെടുക്കുന്ന പ്രസാധകശാലകളും.ഓരോ വീട്ടിലും ഓരോ പ്രസാധകന്‍ ഉണ്ടെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഇടയില്‍ എവിടെയാണ് ഈ പരാമര്‍ശിക്കപ്പെടുന്ന വായനക്കാര്‍ മറഞ്ഞിരിക്കുന്നത്.?അല്ലെങ്കില്‍ മൂന്നേകാല്‍ കോടി ജനങ്ങളില്‍ കാല്‍ക്കോടി പോലും വായനാശീലമില്ലാത്തവരോ മായാജാലക്കാരോ ആണോ..?എങ്കില്‍ എല്ലാ ജില്ലയിലും താലൂക്കുകളിലും പ്രസാധകന്മാര്‍ സ്ഥാപനം തുറക്കുന്നത് എന്തിനാണ്…?വിപണിയില്ലെങ്കില്‍ എന്തിനാണ് പ്രസാധകര്‍ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ അച്ചടിപ്പിക്കുന്നത്..?എന്തുകൊണ്ടാണ് ജനപിന്തുണയുണ്ടെന്ന് പ്രസാധകര്‍ക്കുപോലും ഉറപ്പുള്ള എഴുത്തുകാരന്‍റെ നോവലുകള്‍ ആദ്യപതിപ്പ് പതിനായിരം കോപ്പിയോ അയ്യായിരം കോപ്പിയോ മൂവായിരം കോപ്പിയോ അടിക്കാത്തത്? ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെ എന്തിനാണ് ലൈബ്രറികൌണ്‍സിലിന്‍റെ മേളകളില്‍ ഇത്ര തിക്കും തിരക്കും.?
കേന്ദ്ര ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ എന്‍റെ പരിചയക്കാരന്‍ മാസങ്ങളോളം ലീവെടുത്തുനിന്ന് പുസ്തകം പ്രസിദ്ധീകരിച്ച് മേളകളില്‍ തൊണ്ടകീറി വില്‍ക്കുന്നതുകാണാം. ലാഭമില്ലെങ്കില്‍ അതായത് വില്‍പനയില്ലെങ്കില്‍ പിന്നെ അവരൊക്കെ ഈ പണിക്ക് നില്‍ക്കുമോ..എട്ടുമണി കഴിഞ്ഞ് ചെന്നാല്‍ അദ്ദേഹം പറയും.’’ദാ ആ പ്രസാധകന്‍ ചാക്കിലാ പണം കൊണ്ടുപോകുന്നത്..മറ്റേ പ്രസാധകന്‍ മൊത്തം കച്ചവടത്തിന്‍റെ മൂന്നിലൊന്ന് കൊണ്ടോയി..’’ എന്നിങ്ങനെ.ഈ താല്‍ക്കാലിക പ്രസാധകരൊക്കെ എഴുത്തുകാര്‍ക്ക് കൃത്യമായും പണം കൊടുക്കുന്നുണ്ടോ..?
എന്നെപ്പോലുള്ള താരതമ്യേന നവാഗതനായ എഴുത്തുകാരന് പോലും ഒരു നോവലിന്‍റെ 1500 കോപ്പി വിറ്റുകിട്ടാന്‍ നാലു കൊല്ലം ഈ കേരളത്തിലെ വായനാസമൂഹത്തില്‍ കാത്തുനില്‍ക്കണമോ..?എങ്കില്‍ പുസ്തകശാലകളില്‍ അതേ പുസ്തകം നാലുകൊല്ലവും കെട്ടിക്കിടക്കേണ്ടതല്ലേ..? അതു സംഭവിക്കുന്നില്ലെങ്കില്‍ വിറ്റുതീര്‍ന്നാലുടന്‍ പുതിയ പതിപ്പ് ഇറക്കിക്കൂടേ.?ഡി ആദ്യപതിപ്പ് 2005 ല്‍ 2000 കോപ്പിയായിരുന്നു.അതേ വര്‍ഷം തന്നെ 1000 കോപ്പികൂടി പ്രസിദ്ധീകരിച്ചു.പിന്നെ ഇതുവരെ പുതിയ പതിപ്പ് ഉണ്ടായിട്ടില്ല.ഇവിടെ നോവലിന് വില്‍പ്പനയുണ്ടെന്ന് പറയുന്നത് നേരാണെങ്കില്‍ എന്തുകൊണ്ട് ഡി പുതിയ പതിപ്പിറങ്ങുന്നില്ല.ഡി പോലുള്ള മറ്റ് നോവലുകളും ഇറങ്ങുന്നില്ല.മൂന്നേകാല്‍ കോടി ജനങ്ങളില്‍ എന്നെ (ഞങ്ങളെ) വായിക്കാന്‍ മൂവായിരം പേര്‍ മാത്രം എന്നര്‍ത്ഥം.ഇപ്പോള്‍ എന്‍റെ അഹങ്കാരവും ശരീരഭാരവും കുറഞ്ഞ് കുറഞ്ഞ് നാമമാത്രമാവുകയാണ്..എഴുത്തുകാരനെന്ന നിലയില്‍ ഇതൊക്കെ എനിക്കുമാത്രമല്ല ബാധകം. മറ്റുള്ളവരുടെ കൃതികളുടെ പേര് പറഞ്ഞാല്‍ അവര്‍ക്ക് ആക്ഷേപമാകുമോ എന്നു ഭയന്ന് ഞാനെന്‍റെ പുസ്തകങ്ങളുടെ കണക്ക് നിരത്തീന്നേ ഉള്ളൂ.സമകാലികരായ മിക്കവാറും എഴുത്തുകാരുടെയും അവസ്ഥ കേരളത്തില്‍ ഇതുതന്നെ.
ആയതിനാല്‍ പ്രിയ സുഹൃത്തുക്കളേ..ആരാധനയൊക്കെ കുറച്ചോളൂ..ഞങ്ങളൊക്കെ നിങ്ങളാല്‍ വായിക്കപ്പെടാത്ത,അറിയപ്പെടാത്ത പേനയുന്തുകാര്‍ മാത്രമാണ്.മൂന്നേകാല്‍ കോടി ജനങ്ങളിലെ സാക്ഷരന്മാരില്‍ വെറും രണ്ടായിരമോ അയ്യായിരമോ പേര്‍ മാത്രം കഷ്ടിച്ച് തിരിച്ചറിയുന്ന പാവങ്ങള്‍ മാത്രമാണ്.മറിച്ചാണെന്ന് അഹങ്കരിക്കുന്ന അധമന്മാരുമാണ്.
ഇന്ന് ഈ കേരളത്തില്‍ നന്നായി വിറ്റുപോകുന്ന സാഹിത്യം ലക്ഷ്മിനായരുടെ മൂന്ന് പാചകപ്പുസ്തകങ്ങളാണ്.അവ ഓരോ പതിപ്പിലും അയ്യായിരമാണ് അച്ചടിക്കുന്നത്.പലതും പതിനഞ്ചും പതിനെട്ടും എഡിഷനുകളായിട്ടുമുണ്ട്.ഏറെക്കുറെ മൂന്നുമാസം കൂടുന്പോള്‍ അവ റീ പ്രിന്‍റ് ചെയ്യുന്നുമുണ്ട്.മലയാളിപ്പെണ്‍കുട്ടികള്‍ മുഴുവന്‍ പുസ്തകം വായിച്ചാണോ ഭക്ഷണണമുണ്ടാക്കുന്നത്.ആയിരിക്കില്ല..അതോ സാഹിത്യം വായിക്കുന്നവര്‍ കറിമസാലയുടെ മണമുള്ള പാചകക്കൂട്ടുകളിലാണോ ഇപ്പോ രസം കണ്ടെത്തുന്നത്..ലക്ഷ്മിനായര്‍ കഴിഞ്‍ഞാല്‍ പിന്നത്തെ പാചകക്കാരും കൃതികളും ഇവരാണ്.പെരുന്പടവത്തിന്‍റെ ഒരു സങ്കീര്‍ത്തനം പോലെ.എം.ടിയുടെ രണ്ടാമൂഴം,എം.കെ.രാമചന്ദ്രന്‍റെ മൂന്ന് ഹിമാലയ യാത്രവിവരണങ്ങള്‍, ഇപ്പോള്‍ ബെന്യാമിന്‍റെ ആടുജീവിതവും.(ഇവയൊക്കെ മലയാളിയെ ആഴത്തില്‍ സ്വാധീനിച്ച കൃതികളാണെന്നതില്‍ എനിക്ക് അഭിപ്രായവ്യത്യാസമോ കുശുന്പോ ഇല്ല.വില്പനയിലെ ചില കണക്കുകളുടെ വൈരുദ്ധ്യം അന്വേഷിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.)ബാക്കിയൊക്കെ ആദ്യം പറഞ്ഞപോലെ ആദ്യപതിപ്പിലെ ആയിരം കടന്നുകിട്ടാനും അഞ്ച് കൊല്ലം കഴിഞ്ഞ് ഭാഗ്യമുണ്ടെങ്കില്‍ സംഭവിക്കുന്ന രണ്ടാംപതിപ്പിലെ ആയിരം കോപ്പി തീര്‍ന്നുകിട്ടാനും വേളാങ്കണ്ണിയിലും ശബരിമലയിലും മക്കയിലും പ്രസാധകസ്ഥാപനത്തിലും എഴുത്തുകാരന്‍ വഴിപാട് കഴിക്കണം. അടുക്കളയ്ക്കു പുറത്തുകൂട്ടിയ അടുപ്പില്‍ മൂന്നുനേരം വിവാദം വേവിക്കയും വേണം.
ആദ്യപതിപ്പിറക്കാന്‍ കന്പോസിങ്ങ് ചാര്‍ജ്ജും പ്രൂഫ് കൂലിയും കവര്‍ രൂപകല്‍പനയുടെ ചെലവും അച്ചടിക്കൂലിയും വിതരണക്കൂലിയും പരസ്യക്കൂലിയും എല്ലാം കൂടി പ്രസാധകന് നല്ലൊരു സംഖ്യ ചെലവ് വരുമെന്നത് സത്യമാണ്. എന്നാല്‍ രണ്ടാം പതിപ്പിറക്കാന്‍ അതേ പ്രസാധകന് ഇന്നത്തെക്കാലത്ത് അച്ചടിക്കടലാസിന്‍റെയും വിതരണച്ചെലവിന്‍റെയും മുതല്‍മുടക്കില്ലാതെ വല്ലതും കൂടുതലായി ആവശ്യമുണ്ടോ..?എന്നിട്ടും എന്താണ് രണ്ടാം പതിപ്പില്‍ എഴുത്തുകാരന് റോയല്‍റ്റി വര്‍ദ്ധിപ്പിച്ചു നല്‍കാത്തത്..?റോയല്‍റ്റി വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ ഇത്രയും ദരിദ്രമായ വായനാസാഹചര്യം നില്നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടാം പതിപ്പ് മുതല്‍ പുസ്തകത്തിന് പ്രസാധകന്‍ വില കുറയ്ക്കാത്തത് എന്താണ്..?അങ്ങനെയെങ്കില്‍ കൂടുതല്‍ വായനക്കാര്‍ പുസ്തകം വാങ്ങുകയില്ലേ…?രണ്ടാം പതിപ്പിനും മൂന്നാം പതിപ്പിനും വീണ്ടും കന്പോസിങും മുഖപടനിര്‍മ്മാണവും ഒക്കെ ആവശ്യമായിരുന്ന ലെറ്റര്‍ പര്സ് അച്ചടിക്കാലത്തെ പ്രസാധക കരാറിന് ഇന്നത്തെക്കാലത്ത് മാറ്റം വരുത്തേണ്ടതല്ലേ..? റോയല്‍റ്റി ആനുപാതികമായി കൂട്ടേണ്ടതല്ലേ..? എന്തുകൊണ്ട്,എന്തുകൊണ്ട്,എന്തുകൊണ്ട് ഇതൊന്നും സംഭവിക്കുന്നില്ല..?
എന്തായാലും പുറത്തുവരുന്ന എല്ലാ കണക്കിലും എനിക്ക് അവിശ്വസനീയതയുണ്ട്.സര്‍ക്കാരിന്‍റെ ജനസംഖ്യാകണക്കിലും. ഇത്തരം അവിശ്വസനീയതകള്‍ എന്നെ കൂടുതല്‍ സന്ദേഹിയാക്കുന്നു.മൂന്നേകാല്‍ കോടി ജനങ്ങള്‍ വാസ്തവത്തില്‍ കേരളത്തില്‍ കാണുകയില്ല..അതൊരു പെരും നുണയായിരിക്കാം.അതുപോലെ ഒന്പതിനായിരത്തോളം വായനശാലകളും കാണുകയില്ല.ഉണ്ടെന്ന് കണക്കുകളില്‍ ഭാവിക്കുന്നതായിരിക്കും.വല്ല രണ്ടായിരമോ മറ്റോ വായനശാലകളേ നാട്ടില്‍ കാണൂ.. സ്കൂള്‍ ലൈബ്രറികളും മായയായിരിക്കാം.അല്ലെങ്കില്‍ പുറത്തുവിട്ടിരിക്കുന്ന സാക്ഷരതയുടെ കണക്കിലാവാം തട്ടിപ്പ്.വായനക്കാരുടെ കണക്കിലും,ലൈബ്രറിമേളകളിലെ ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളിലും വില്‍ക്കപ്പെടുന്ന പുസ്തകത്തിന്‍റെ കണക്കുകളിലും മൊത്തം ജനസംഖ്യയുടെ കാര്യത്തിലും കുട്ടിച്ചാത്തന്‍ കളിക്കുന്നുണ്ടാവാം.നമ്മള്‍ ഇക്കാണുന്നതൊക്കെ മായയാവാം.
അങ്ങനെയെങ്കില്‍ മലയാളികളുടെ അദൃശ്യപരിപാടികളില്‍ ഒന്നത്രേ എവിടെയോ മറഞ്ഞുനിന്നുള്ള പുസ്തകം വാങ്ങലും വായനയും.

--------- എല്ലാ വായനക്കാര്‍ക്കും വിഷു ആശംസകള്‍ -------------

19 comments:

  1. പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്നത് വിശ്വസിക്കാന്‍ കഴിയില്ല. കാരണം അത്രയേറെ അളുകള്‍ നിത്യേന ഡിസിയിലും കറന്റിലും ഒരു പുസ്തകമേളയില്ലെങ്കില്‍ പോലും കടന്ന് ചെല്ലുന്നുണ്ട്. പിന്നെ ഇവര്‍ എന്ത് വാങ്ങുന്നു എന്നത് ചോദ്യം തന്നെ. ഇവിടെ സുസ്മേഷ് സൂചിപ്പിച്ച പുസ്തകങ്ങളേക്കാള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് തസ്കരചരിതവും ലൈഗീകതൊഴിലാളിയുടെ ആത്മകഥയും ഒക്കെയാണ്. ഇവയിലൊക്കെ എന്താണ് ഇത്രയേറെ വായിക്കാനുള്ളതെന്ന് മനസ്സിലാവുന്നുമില്ല. ഒരു കാലത്ത് പമ്മനെയും വി.ടി.നന്ദകുമാറിനെയും അകറ്റിനിറുത്തിയിരുന്ന , ഒരു പ്രത്യേക ഭാവത്തോടെ , ലൈബ്രറികളുടെ ആരും കാണാത്ത മൂലയില്‍ പ്രതിഷ്ഠിച്ചിരുന്ന അതേ മലയാളി വായനസമൂഹവും പ്രസാധകരും തന്നെയാണ് അത്ര പോലും സാഹിത്യഗുണമില്ലാത്ത ഈ പുസ്തകങ്ങള്‍ക്ക് മാസക്കണക്കില്‍ എഡിഷനുകള്‍ ഉണ്ടാക്കുന്നത്. പക്ഷെ നല്ല വായന നിലനില്‍ക്കും എന്ന് തന്നെ കരുതുന്നു.

    വിഷു ആശംസകള്‍

    ReplyDelete
  2. ഇതെല്ലാം പ്രസാധകരുടെ കണക്കുകളല്ലേ ഭായ്
    വായനക്കാരായ പ്രവാസികൾ തന്നെ നാട്ടിൽ വന്ന് മടങ്ങുമ്പോൾ 2000ത്തിലധികം പുത്തൻ പുസ്തകങ്ങളെങ്കിലും ചിലവാകുന്നുണ്ട്
    ഒപ്പം
    “വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
    കമലാനേത്രനും ...
    വിഷുപ്പക്ഷിയില്ലിവിടെ
    കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍
    വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
    വിഷു വിഷെസ് മാത്രം !“

    ReplyDelete
  3. സുമേഷ് പറഞ്ഞത് കമ്പ്ലീറ്റ് പോയിന്റുകളാണ്. :)

    റോയൽറ്റി കിട്ടി ജീവിക്കാമെന്നതൊക്കെ തോന്നുന്നത് വെറുതെ തന്നെ.

    എഴുതുമ്പോൾ കിട്ടുന്ന ഒരു രസം, ആരെങ്കിലും എപ്പോഴെങ്കിലും തിരിച്ചറിയുമ്പോഴുള്ള ആ ഒരു ഇത്, പ്രശസ്തരായവരുമായുള്ള പരിചയം, ഇടക്കെപ്പോഴെങ്കിലും പബ്ലിഷേഴ്സ് തരുന്ന ഒരു കാപ്പിക്കാശ്.. ബുക്കെഴുത്തുകൊണ്ട് അതിന്റെ മുകളിലൊന്നും പ്രതീക്ഷിക്കരുത് എന്നാണ് മനസിലാക്കിയിരിക്കുന്നത്.

    ReplyDelete
  4. ഓരോ പുസ്തകശാലും പുസ്തകം വാങ്ങാൻ വരുന്ന ആളുകളെ കാണുമ്പോൾ താങ്കൾ പറഞ്ഞ കണക്കുകൾ വിശ്വസിക്കാൻ വിഷമം. സ്വന്തം വിതരണശാലകൾ പോലുമില്ലാത്ത എത്ര പ്രസാധകരുണ്ട് നമ്മുടെ നാട്ടിൽ? ഇവരൊക്കെ നാടുനാന്നാക്കാനിറങ്ങിയവരാണോ? പുസ്തകത്തിൽ അടയാളപ്പെടുത്തിയ 1500 കോപ്പികൾ തന്നെയാണ് അവർ അടിക്കുന്നത് എന്ന കാര്യത്തിൽ താങ്കൾക്ക് ഉറപ്പുണ്ടോ? പിന്നെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത് സുസ്മേഷ് ചന്ത്രോത്തിനെയും മറ്റുമല്ല; ഏറ്റുമാനൂ‍ർ ശിവകുമാറിനെയും മറ്റുമാണ്. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നത് മതഗ്രന്ഥങ്ങളും കുട്ടികൾക്കു വേണ്ടിയുള്ള വിജ്നാനഗ്രന്ഥങ്ങളുമാണ്.

    ReplyDelete
  5. വായനയിലെ തരം തിരിവ് വ്യക്തമാണ്. സ്വയം നന്നാകാനും കുട്ടികളെ നന്നാക്കാനും ഒക്കെ സഹായിക്കുന്ന രചനകളും , പാചകപുസ്തകങ്ങളും ഒക്കെ നന്നായി വിറ്റുപോകുന്നുണ്ട്. മലയാളിയുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃസംസ്കാരത്തില്‍ നിന്ന് പുസ്തകരംഗത്തിനു കിട്ടുന്ന ഒരു നേട്ടമാണത്. അതു പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രസാധകരും വില്പനക്കാരും ശ്രമിക്കുന്നുമുണ്ട്, സാരിയും കരകൌശലവസ്തുക്കളും എക്സിബിഷനുകളില്‍ നിന്ന് വാങ്ങുന്നതുപോലെയുള്ള ഒരു ‘വാങ്ങല്‍” രീതി. പിന്നെ പുസ്തകമേളകളിലെ വന്‍ വില്പനയുടെ പിന്നാമ്പുറങ്ങള്‍ വായനയുടെ ലോകത്തില്‍ നിന്നും അകലെയാണ്. ഇതൊക്കെയാണ് വാങ്ങേണ്ടത് എന്നരീതിയില്‍ , കമ്മീഷനും ഡിസ്കൌണ്ടും എല്ലാം കണക്കാക്കി വില്പനക്കാര്‍ തയാറാക്കുന്ന പാക്കേജാണ് ഇത്തരം വില്പനയില്‍ കൂടുതലും സ്വാധീനിക്കുന്നത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ നില്‍ക്കുന്ന പ്രസാധകര്‍ രണ്ടുകൂട്ടരെയും വേണ്ടപോലെ മനസ്സിലാക്കുന്നില്ല. ഒന്നു രണ്ടു വര്‍ഷം മുന്‍പ് ഒരു പ്രമുഖ പുസ്തകശാലയില്‍ ചെന്ന് “ രഘുനാഥ പലേരിയുടെ ചെറുകഥകള്‍ ചോദിച്ചപ്പോള്‍ വന്ന മറുചോദ്യം എന്നെ അമ്പരപ്പിച്ചു. “വിവര്‍ത്തനമാണോ “ എന്ന്. അപ്പോള്‍ മറ്റൊരാള്‍ സഹായത്തിനെത്തി. പലേരി സിനിമയെഴുതുന്ന ആള്‍ ആണെന്നും കഥകള്‍ എഴുതിയിട്ടെല്ലെന്നും അയാള്‍ എനിക്കു പറഞ്ഞുതന്നു. ഇതുപോലെ വായനക്കാരെ അവഹേളിക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പച്ചക്കറി വില്‍ക്കുന്നവരും മീന്‍ വില്‍ക്കുന്നവരും ഒക്കെ തങ്ങള്‍ വില്‍ക്കുന്ന സാധനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ മനസ്സിലാക്കിവയ്ക്കാറുണ്ട്. പക്ഷേ ... .
    ഒരു നല്ല പുസ്തകപ്രസാധക, വില്പന സംസ്കാരമാണ് ഇവിടെയുണ്ടാകേണ്ടത്.
    ഇത് ഒരു വായനക്കാരിയുടെ സാക്ഷ്യം.

    ReplyDelete
  6. മറ്റന്നാള്‍ (17-ഞായര്‍) തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ബ്ലോഗ്‌ മീറ്റിനെതും എന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  7. കേരളത്തില്‍ പ്രസാധകരുടെ കുത്തകകള്‍ ആണ് ഈ ഫീല്‍ഡ് ഭരിക്കുന്നത്. ചെറുകിടക്കാര്‍ക്ക് സത്യമായും ഔട്ലെറ്റ്സ് ഇല്ല. അതിനാല്‍ വായനക്കാരിലേക്ക് റീച്ചുമില്ല. ആദ്യം മലയാളി മനസ്സിലാക്കെണ്ടത് ഡി.സിയിലും മാത്ര്ഭൂമിയിലും മാത്രമല്ല പുസ്തകങ്ങള്‍ കിട്ടുക എന്നതാണ്.

    ReplyDelete
  8. പാചക പുസ്തകങ്ങളെ വില്പനയില്‍ മുന്നില്‍ എത്തിക്കുന്നത് ചാനല്‍ പ്രസിദ്ധിയാണ്..പണ്ട് മിസ്സിസ് കെ എം മാത്യു , ഉമ്മി അബ്ദുള്ള തുടങ്ങിയവര്‍ എഴുതിയ സാമാന്യം കഴിക്കാന്‍ കൊള്ളാവുന്ന ആഹാരത്തിന്റെ റെസിപ്പികള്‍ ഇത്രയും വില്‍ക്കാത്ത്തത് അവര്‍ ചാന്ണേല്‍ പിന്‍ബലം ഇല്ലാതിരുന്നത് കൊണ്ടാണ്. സുസ്മേഷ് പറഞ്ഞത് മലയാളത്തിന്റെ കഥ...ഇന്ഗ്ലിഷ് പ്രസാധന രംഗത്തെ കളികള്‍ ഇതിലും വിചിത്രം, അവര്‍ക്ക് വേണ്ടത് ചേതന്‍ ഭാഗത് ടൈപ്പ് കഥകള്‍, അല്ലെങ്കില്‍ റൊമാന്‍സ്, അല്ലെങ്കില്‍ ഇപ്പോള്‍ യന്ഗ് അടല്റ്റ് എന്നു വിളിക്കുന്ന കൌമാര കഥകള്‍..പക്ഷെ പ്രിയം ഏറ്റവും കൂടുതല്‍ സെല്‍ഫ് ഹല്പ് പുസ്തകങ്ങള്‍ക്ക്..

    ആദ്യ പ്രതി ആയിരം കോപ്പി അടിക്കുന്നതിന്റെ അഞ്ഞൂറ് കോപ്പി സബ്സിഡി റേറ്റ് ഇല്‍ എഴുത്തുകാരന്‍ തന്നെ വാങ്ങണം, കവര്‍ ഡിസൈന്‍ മുതലായവ എഴുത്തുകാരന്‍ കൊണ്ടുവരണം തുടങ്ങിയ നിബന്ധനകളോടെ പ്രസിദ്ധീകരണത്തിന് തയ്യാറാണ് എന്നു ചില പുതിയ എന്ഗ്ലീഷ് പ്രസാധകര്‍ എഴുതികണ്ടു. മറ്റൊരു ഇംഗ്ലീഷ് പ്രസാധക വിദ്വാന്‍ എഴുത്തുകാരന്റെ പുസ്‌തകം ഒന്ന് മറിച്ചു നോക്കുന്നതിനു മുമ്മേ, അവരുടെ ഏതെങ്കിലും പുസ്‌തകം ഈ എഴുത്തുകാരന്‍ വാങ്ങിയതിന്റെ തെളിവ് വേണം എന്നു പറയുന്നു..തമാശയല്ലട്ടോ..സെല്‍ഫ്-പബ്ലിഷിംഗ് തമാശകള്‍ ഒരുപാടുണ്ട്..

    സുസ്മേഷിന്റെ കഥകള്‍ വിറ്റു പോകുന്നത് കുറവാണ് എന്നൊക്കെ തോന്നിയാലും വായിക്കുന്നുന്ടെന്നാണ് എന്റെ അറിവ്.. ഒരു എഴുത്തുകാരന്‍ അത് കൂടി കണക്കിലെടുക്കണം.. ഒരു പുസ്‌തകം വായിക്കുന്നത് ഒരാളല്ല...ജനപ്രിയരാവുന്നത് ഒരു തരം തലയില്‍ എഴുത്താണ് എന്നു തോന്നിയിട്ടുണ്ട്..അല്ലെങ്കില്‍ ചവറു കൃതികള്‍ വിറ്റു പോകുന്നതും, നല്ലത് ഷെല്‍ഫില്‍ ഇരിക്കയും ചെയ്യുന്നത് എന്തുകൊണ്ട്? പിന്നെ പുതിയ എഴുത്തുകാര്‍ ആരുണ്ട്‌ എന്ന ചോദ്യത്തിന് മറുപടിയായി സുസ്മേഷിന്റെ പേര് പറയുന്നതും കേട്ടിട്ടുണ്ട്..പലരും.. ഇതൊക്കെ അല്ലെ അംഗീകാരം..

    ഒരു ചെറിയ അവാര്‍ഡ്‌ ഒക്കെ കിട്ടിയ, ഇംഗ്ലീഷ് ഇല്‍ എഴുതുന്ന ഒരു എഴുത്തുകാരി ഇന്നാളു ഇതേ കണക്കു പറയുന്ന കേട്ടു..അവരുടെ ഏറ്റവും വലിയ ആഗ്രഹം പതിനായിരം പ്രിന്റ്‌ റണ്‍ ഉള്ള ഒരു പബ്ലിഷിംഗ് കോണ്ട്രാക്റ്റ് കിട്ടുക എന്നാണ് പോലും...ഇപ്പോഴും പബ്ലിഷേരുടെ പിന്നാലെ നടന്നു കാലു തേയുന്ന കുറെ പേരുടെ നടുക്കിരുന്നാണ് ഇത് പറഞ്ഞത്..

    ഞാന്‍ അപ്പോള്‍ ഓര്‍ത്തു വിശക്കുന്നവനു ഇലയില്ലാഞ്ഞു , ഊണ് കഴിഞ്ഞവന് പായില്ലാഞ്ഞു ... അല്ലെ?




    Sincerely

    Suneetha

    Reviews, Rants, Raves and Raptures http://suneethaspeaks.wordpress.com/

    ReplyDelete
  9. പ്രിയ സുസ്മേഷ്....
    നിരത്തിയ കണക്കുകള്‍ ഗംഭീരം!എതായാലും എല്ലാം നന്നായി നടക്കട്ടെ.ആശംസകള്‍!കോഴിക്കോട്ടുനിന്ന് ഹരിമാഷ്....

    ReplyDelete
  10. കണക്കൊന്നും മനസ്സിലാവാത്തത് ഭാഗ്യം!

    ReplyDelete
  11. Unlike the earlier period we have lot more books to select from, also tonnes of publishers. I do read your books ; but I have seen other readers selecting other new writers from the display at the book fairs. It is a matter of their liking and choice. We can't force anyone to read a particular book or an author. Can we? TD Radakrishnan's and Bennyamin's books are selling like hotcakes. I'm sure one day your books will also be selling in large numbers. Bet of luck. Gayatri.

    ReplyDelete
  12. ഇന്ന് വായന പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്നുള്ളതും ആരും ഗൌരവമായി എടുക്കുന്നില്ലെന്നുള്ളതും ഒരു സത്യമാണ്. ആധുനിക ഉപഭോക്ത്യസംസ്കാരം പർന്നുകൊടുക്കുന്ന ടോണിക്കുകളും പുതുമയില്ലത്തതുമാകാം അതിനുകാരണമായി തോനുന്നത്. നമ്മുടെ ഗ്രാമത്തിലുള്ള ഒരു വായനശാല ബി ക്ലാസ് തീയറ്റർപോലെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഒരു പഞ്ചായത്ത് ലൈബ്രറിയുടെ സ്ത്ഥിതി വളരെ ദയ്നീയാമാണ്. തുടങ്ങി എതാണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ പുസ്തകങ്ങൾ വായനക്കാരുടെ ഷെല്ഫുകളിലേക്ക് കൊള്ളയടിക്കപ്പെട്ടു. ഇപ്പോൾ അവിടെ ഇ എം എസ്സിന്റെ കുറച്ചു പുസ്തകങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു.

    ReplyDelete
  13. എച്മു പറഞ്ഞത് പോലെ, ഭാഗ്യം കണക്കൊന്നും മനസ്സിലാകാത്തത്...! എന്തായാലും സുസ്മേഷ് എഴുതുന്നതൊക്കെ മനസ്സിലാകുന്നുണ്ട്... :)

    ReplyDelete
  14. നല്ല മാര്‍ക്കറ്റിംഗ് തന്നെ വേണം ഏത് ഉല്‍പന്നവും വിറ്റഴിക്കാന്‍, അത് പുസ്തകമായാലും. പിന്നെ എല്ലാം യോഗവും പിടിപാടും പോലെ

    ReplyDelete
  15. പറഞ്ഞതിലൊന്നും കാര്യമില്ലാതെയില്ല!
    ബ്ലോഗു വായന കൂടിയത് കൊണ്ടായിരിക്കും പുസ്തക വായന കുറഞ്ഞത്‌ എന്ന് സംശയിച്ചാല്‍..
    മറ്റു ചിലരെ പോലെ (പേര് പറയില്ല നിര്‍ബന്ധിച്ചാല്‍ ഫോട്ടോ തരും :) ) സ്വയാവിഷ്കാര മാധ്യമത്തെ തള്ളിപ്പറയില്ലല്ലോ അല്ലേ?
    ഞാന്‍ അലിഫ്
    (കൂറ്റനാട്ടു വെച്ചു മൊബൈല്‍ ഫോട്ടോ പ്രദര്‍ശനത്തിനു വെക്കാന്‍ ഫോട്ടോക്ക് പിറകെ കൂടിയ ഒരാള്‍...)
    http://alifkumbidi.blogspot.com/

    ReplyDelete
  16. വളരെ സജീവമായി പ്രതികരിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.പുതിയ പോസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

    ReplyDelete
  17. ഞാനൊരു എഴുത്തുകാരിയല്ല.. വായനക്കാരി മാത്രം... അതുകൊണ്ട് തന്നെ ഈ കണക്കുകൾ താങ്കൾ എഴുതിയ അതേ അളവിൽ എന്റെ ചിന്തകളിൽ കേറുന്നില്ല... പക്ഷെ ഇങ്ങ്നെയാണൊ എന്നൊരു ചോദ്യം ഉയരാതിരീക്കുന്നുമില്ല..

    ലൈബ്രറിയിൽ പോവുമ്പോൾ ഏതെങ്കിലും പ്രത്യേക പുസ്തകം എടുക്കണം എന്നു വിചാരിച്ച് ഞാൻ അതിനുള്ളിൽ കേറിയിട്ടില്ല.. എന്നാലും എവിടേലും കേട്ടതൊ വായിച്ചതൊ വെച്ച് തിരഞ്ഞു നോക്കുമ്പോൾ കിട്ടാറുമില്ല.. നേരെ നോക്കാനറിയാത്തതാവാം കാരണം ;)... പലപ്പൊഴും ന്യൂ അറൈവൽ ഡിസ്പ്ലെയിൽ വെച്ചിരിക്കുന്നതൊ മേശമേൽ ചിതറിക്കിടക്കുന്നതൊ ആയ പുസ്തകങ്ങളിൽ നിന്നു തന്നെ എനിക്ക് പറ്റിയ രണ്ടെണ്ണം ഞാൻ കണ്ടെത്താറുണ്ട്.. കിട്ടിയില്ലെങ്കിൽ മാത്രമെ അലമാരകളിലെ ഇരുട്ടിലേക്കും പൊടിയിലേക്കും നുഴഞ്ഞു കേറാറുള്ളു.. എത്ര വായിച്ചാലും ആ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ മുഴുവൻ വായിച്ചു തീരില്ലല്ലൊ..

    എന്നിട്ടും എന്തിനു പുസ്തകം വാങ്ങുന്നു എന്നു ചോദിച്ചാൽ.. കാശുകൊടുത്ത് വാങ്ങിവായിച്ചാൽ മാത്രമെ വായനവരുള്ളോ എന്ന് കൂട്ടുകാർ കളിയാക്കുമ്പോൾ...

    അല്ല, പക്ഷെ പുസ്തകം വാങ്ങിവായിക്കുമ്പോൾ അതിനൊരു സുഖമുണ്ട്.. അത് എന്റേതാണെന്ന തോന്നൽ.. ശമ്പളത്തിന്റെ നല്ലൊരു ഭാഗവും എന്റെ വഴിയിൽ നിരന്നിരിക്കുന്ന പുസ്തകശാലകൾ സ്വന്തമാക്കാറുമുണ്ട്..പലപ്പൊഴും പുതിയ പുസ്തകങ്ങൾ - ഏറ്റവും അടുത്ത് പബ്ലിഷ് ചെയ്തത് - മാത്രമെ ഞാൻ വാങ്ങാറുള്ളു.. ചൂടാറും മുമ്പ് വായിക്കാനുള്ള അഹങ്കാരമായി കൂട്ടാം.. സിനിമറിലീസ് ചെയ്ത് അടുത്ത വീക്കെന്റിൽ തന്നെ കാണണമെന്നതു പോലെ.. വാങ്ങിയ പുസ്തകങ്ങൾ വായിക്കാതിരിക്കാറില്ല.. പക്ഷെ പലതും വാങ്ങി വായിച്ചപ്പോൾ വേണ്ടായിരുന്നെന്ന് തൊന്നിയിട്ടുണ്ട്.. എന്നാലും വായിക്കാതെ മാറ്റിവെക്കാറില്ല.. കൂട്ടുകാരിൽ പലരും പുസ്തകം വാങ്ങുന്നവരായതിനാൽ ആ വഴിയും ചിലതൊക്കെ വായിക്കാറുണ്ട് .. സത്യം പറയാലൊ, കയ്യിലുള്ളതിൽ ഒന്നിൽ കൂടുതൽ തവണ ഞാൻ വായിച്ച വളരെ കുറച്ച് പുസ്തകങ്ങളെ ഉള്ളു..

    ഗ്രന്ഥശാലയുടെ റിസപ്ഷനിൽ ഒരു നീളൻ നോട്ടുപുസ്തകം വെച്ചിട്ടുണ്ട്..ചിലപ്പൊഴൊക്കെ തെണ്ടിനടന്നിട്ടും കിട്ടാത്ത ചിലത്, “ഒന്നു വാങ്ങിത്തരോ“ ന്ന് ഞാനും അവിടെ എഴുതി വെച്ചിട്ടുണ്ട്.. പലതവണയും “നോട്ട് അവൈലബിൾ” എന്ന് റിമാർക്സ് കോളത്തിൽ ഒന്ന് എഴുതികിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നപ്പോൾ ആ പരിപാടി നിർത്തി.. എവിടെ കിട്ടും ന്ന് പറഞ്ഞാൽ വാങ്ങാം ന്ന് ചിലപ്പൊഴൊക്കെ ഒഴിവ് പറഞ്ഞു.. അതറിയാമെങ്കിൽ ഞാൻ വാങ്ങിക്കില്ലെ ന്ന് മൻസ്സിൽ പറയും. പിന്നെ തിരിഞ്ഞ് നടക്കും..

    ഇത്ര കൂടി പറഞ്ഞോട്ടെ.. താങ്കളുടെ 9 ന്റെ 1500 കോപ്പിയിൽ ഒരെണ്ണം എന്റെ കയ്യിൽ ഉണ്ട്.. ഡി വായിച്ഛിട്ടുണ്ട്..

    (താങ്കൾ എഴുതിയതും എന്റെ കമന്റും രണ്ടു വഴിയെ പോയോന്ന് ഒരു സംശയം.. എന്തായാലും എഴുതിയതല്ലെ കിടക്കട്ടെ ല്ലെ)

    ReplyDelete
  18. ഇട്ടിമാളു,നന്ദി.
    ഞാനെഴുതിയ ഈ പോസ്റ്റിലെ ഉള്ളടക്കം ചിലരെങ്കിലും സ്വാഭാവികമായും ചിലരെങ്കിലും തികച്ചും മനപ്പൂര്‍വ്വവും തെറ്റിദ്ധരിച്ചിട്ടുണ്ട്.എന്‍റെ പുസ്തകത്തിന് വില്പനയുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല പ്രതിപാദ്യവിഷയം.എന്റെ പുസ്തകവില്പനയെ സംബന്ധിച്ച് ദുഖിച്ചും പായാരം പറഞ്ഞും പരസ്യമായി കണ്ണീരൊഴുക്കാനും മാത്രം വങ്കനുമല്ല ഞാന്‍.
    ഞാനുദ്ദേശിച്ചത് പ്രസാധനത്തിലെയും പ്രസാധകര്‍ക്ക് എഴുത്തുകാരോടുള്ള ബന്ധത്തിലെയും കണക്കുകളെ സംബന്ധിച്ചുള്ള ചില അവ്യക്തതയെപ്പറ്റി വായനക്കരോടും പുസ്തകങ്ങളുടെ ഉപഭോക്താക്കളോടും ചിലത് പറയണമെന്നാണ്.അത് പറയുവാന്‍ 9 ന്‍റെ രണ്ടാം പതിപ്പ് വന്ന സാഹചര്യം ഉപയോഗിച്ചു എന്നുമാത്രം.
    എന്തായാലും f e c പോലുള്ള പ്ലാറ്റ്ഫോമുകളിലും ഫേസ് ബുക്കിലെ ചില വേദികളിലും കൂട്ടായ്മകളിലും ഒക്കെ ആ പോസ്റ്റ് ചര്‍ച്ചയ്ക്ക് നിദാനമായി എന്നത് സന്തോഷം തരുന്നു.ധാരാളം പ്രമുഖര്‍ ഞാനുന്നയിച്ച യഥാര്‍ത്ഥ അവസ്ഥകള്‍ മനസ്സിലാക്കി പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴും പലരും ആ പോസ്റ്റ് പലര്‍ക്കും കോപ്പി ചെയ്ത് അയക്കുന്നുമുണ്ട്.
    ഇനി എന്‍റെ കൃതികളുടെ കാര്യത്തിലുള്ള എന്‍റെ നിലപാട്.
    കാലമാണ് ഏറ്റവും വലിയ വിധികര്‍ത്താവെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.അതോടൊപ്പം പുരസ്കാരങ്ങളും പണവും യൌവ്വനത്തില്‍ത്തന്നെ (കാശിന് ആവശ്യമുള്ളപ്പോള്‍ !)കിട്ടണമെന്നും ഞാന്‍ മരിച്ചുകഴിഞ്‍് എനിക്കോ എന്‍റെ കൃതികള്‍ക്കോ കിട്ടാവുന്ന പ്രശംസയില്‍ ഞാന്‍ ആകുലപ്പെടുന്നില്ലെന്നും,ഒരു കാരണവശാലും ഇനിയും ആകുലപ്പെടില്ലെന്നും ഉത്തമബോദ്ധ്യമുണ്ട്.
    ഇത്രയും എഴുതാന്‍ പ്രേരണയായ ഇട്ടിമാളുവിന് ഒരിക്കല്‍ക്കൂടി നന്ദി.

    ReplyDelete
  19. എന്നെ പ്രതിയാക്കിയൊ..:( ഞാൻ വാദി പോലും അല്ല മാഷെ..വെറും വഴിയാത്രക്കാരി..

    അതോണ്ടാ ഇത് ചേർത്തതും

    (താങ്കൾ എഴുതിയതും എന്റെ കമന്റും രണ്ടു വഴിയെ പോയോന്ന് ഒരു സംശയം.. എന്തായാലും എഴുതിയതല്ലെ കിടക്കട്ടെ ല്ലെ)


    തെറ്റിദ്ധരിക്കാൻ എനിക്ക് പ്രസാധനത്തെ കുറിച്ച് ഒരു പിടിയും ഇല്ല..:( ആകെ ഉള്ളത് പുസ്തകം തപ്പിയുള്ള തെണ്ടൽ മാത്രം..

    ReplyDelete