Tuesday, June 5, 2012

ഇന്നലത്തെ മേഘങ്ങള്‍ എന്നോടു് പറഞ്ഞത്

1
അതിരാവിലെ ഉണര്‍ന്ന ഞാന്‍ പ്രത്യാശയോടെ ജനല്‍ തുറന്ന് ആകാശത്തേക്ക് നോക്കി.മൂപ്പരുടെ വരവ് കാണാനുണ്ടോ..?തലേന്നത്തേതിനേക്കാള്‍ പ്രകാശമാനമായി ചിരി പൊഴിക്കുന്ന മാനം.നീലവാനം.മൂപ്പരു പോയിട്ട് മൂപ്പരുടെ ബീടര് പോലും വരുന്ന ഭാവമില്ല.യാതൊരു താല്പര്യവുമില്ലാതെ കതക് തുറന്ന് മുറ്റത്തെ തെങ്ങിന്‍റെ മേലേക്ക് നോക്കി.ഇളനീര്‍ക്കുലകള്‍ കാണുന്നത് കണ്ണിനും മനസ്സിനും സുഖമാണെന്ന സ്വയം വിശ്വാസത്തിലാണ് നോട്ടം.അതിനപ്പുറം കാണുന്നത് നീലാകാശം.സുഖദമായ നീലിമ.അതീവ തീക്ഷ്ണമായ പ്രകാശം തിങ്ങിയ പുലരി.
ജൂണ്‍ നാല് തന്നെയല്ലേ..?ഞാനാലോചിച്ചു.സ്കൂള്‍ തുറക്കുന്ന ദിവസം കടലും കാറ്റും കാലാവസ്ഥയുമുണ്ടെങ്കില്‍ മഴ ഉണ്ടാകേണ്ടതാണ്.എന്നാല്‍ യാതൊരു ലക്ഷണവുമില്ല.


ഇന്നലത്തെ ദിവസത്തിന്‍റെ ആരംഭം അങ്ങനെയായിരുന്നു.
അതായത്,തലേന്ന് പിണങ്ങിക്കിടന്ന ഭാര്യയെ മൂഡ് മാറാതെ കാലത്ത് കണ്ടതുപോലുള്ള അവസ്ഥ!
2
പത്ത്മണിക്ക് ആകാശത്ത് കണ്ട മേഘം വല്ലാതെ കലങ്ങിയിരുന്നു.കാര്‍മേഘമല്ലായിരുന്നു അത്.ഒരമ്മ മേഘം.കാലത്തെഴുതിയ കണ്‍മഷി ശ്രദ്ധയില്ലാതെ എപ്പോഴോ തുടച്ചതിനാല്‍ പടര്‍ന്നു പരന്ന കണ്‍തടങ്ങള്‍ .യുവതിയായ മേഘമാണ്.അധികം വിസ്താരമില്ല ഒന്നിനും.വല്ലാതെ എടുത്തുപിടിച്ചുനില്‍ക്കുന്നുണ്ടുതാനും.
ഞാന്‍ അടുത്തുകൂടി ചോദിച്ചു.
എന്തേ..?
മേഘം വിതുന്പി.പതിയെ പറഞ്ഞു.
കണ്‍മണിയെ പിരിയാന്‍ വയ്യ...
എനിക്കും സങ്കടം വന്നു.ഒരമ്മയാണത്.ആദ്യദിവസം സ്കൂളില്‍ വന്നതാണ്.ജനലിനപ്പുറമിരിപ്പുണ്ട് കണ്‍മണി.കണ്ണുകള്‍ രണ്ടും തുളുന്പി മേഘങ്ങളായ കുഞ്ഞുമല്‍ഹാര്‍ തന്നെ.
ഞാന്‍ പിന്തിരിഞ്ഞു.
അമ്മമേഘം പതിയെ പറഞ്ഞിട്ടുണ്ടാകണം.
അമ്മേടെ വാവക്കുട്ടന്‍ അടങ്ങിയൊതുങ്ങി ഇരുന്നോളണം കേട്ടോ.വൈകിട്ട് വരുന്പോള്‍ വാ നിറച്ചും വയറു നിറച്ചും അമ്മിഞ്ഞ തരാം.
3
വേനലവധി വാസ്തവത്തില്‍ എത്ര ദിവസങ്ങളാണ്.?
ഒരു മയില്‍ത്തൂവല്‍ അഴകൊത്ത സപ്തവര്‍ണ്ണപ്പീലിയായി മുകില്‍ നിറയ്ക്കാനെടുക്കുന്ന കാലമാണോ.?
ആയിരിക്കാം.
4
അറുപതു ദിവസവും കണ്ടുകണ്ടിരുന്ന കാമുകി പ്രിയനോട് പരിഭവിച്ചു.
എത്ര പ്രസവിച്ചിട്ടും എത്ര മുലയൂട്ടിയിട്ടും പിന്നെയും നീയെന്നെ കന്യകയാക്കി.
ഇപ്പോഴെന്‍റെ കന്യാമുലകള്‍ പിടയ്ക്കുന്നു.
നിന്‍റെ ചോരിവായ്ച്ചുവപ്പിനായി.
പോയിവരാം ഞാന്‍ വൈകുന്നേരം.
കുഞ്ഞുണ്ണിയെപ്പോല്‍ അവികൃതിയായിരിക്കുക.
അമ്മയായി നിറയാം നിറയ്ക്കാം പൈംപാല്‍ .
കാമുകന്‍ പറഞ്ഞു.
മേഘങ്ങള്‍ ..മേഘമാലകള്‍ ...മേഘജ്യോതിസ്സുകള്‍ ..
അകലെയകലെ നീയുണ്ടെന്ന വിചാരം മാത്രം മതി മഴ വരുമെന്ന വിചാരത്തെ പെയ്യിക്കാന്‍ .
5
ഇന്ന് മഴ പെയ്തില്ല ഇവിടെയെങ്ങും.പകല്‍ നല്ല തെളിച്ചമായിരുന്നു.വടക്കേയിന്ത്യയിലെ ആകാശം പോലെ അഗാധനീലയും.എവിടെയും വെള്ളിമേഘങ്ങള്‍ .കനത്തുരുണ്ട് മെത്ത പൊട്ടിച്ചു ചിതറിയ പഞ്ഞിത്തുണ്ടുകളെപ്പോലെ മാനത്തെങ്ങും വെണ്‍മേഘങ്ങള്‍ .കരുത്തുറ്റ മേഘങ്ങള്‍ .
തൂതപ്പുഴ കണ്ടു.പുഴയില്‍ കുളിക്കുന്ന പെണ്ണുങ്ങളും അരികത്തായി കുളിക്കുകയും പന്തു കളിക്കുകയും ചെയ്യുന്ന ആണുങ്ങളും.എന്തൊരു സ്വച്ഛന്ദമായ ഗ്രാമജീവിതം.
മല്ലീശ്വരന്‍ മുടിക്കുമേലെ കാര്‍മേഘങ്ങള്‍ .
കൈതയും പാഴിലകളും മറ ചൂടിയ തോടുകള്‍ .കരിയിലകള്‍ അടിച്ചുവാരി കത്തിക്കുന്ന ഗ്രമീണവഴികള്‍ ..
മേഘങ്ങള്‍ കാരിരുന്പാണ്.കറുത്തിട്ടാണ്.കമാന്നൊരക്ഷരം മിണ്ടാതെയാണ്.എങ്കിലും,മഴ പെയ്തേക്കും.രാത്രിയില്‍ !
6
നാളെ പുലരു്പോള്‍ ഝടുതിയില്‍ ഉണര്‍ന്നു നോക്കും.
വന്നുകിടക്കണം sms ആയിട്ടെങ്കിലും രണ്ട് തുള്ളി മഴ!18 comments:

 1. ഒരു തുള്ളി മഴ പോലുമില്ലാത്ത പാലക്കാടന്‍ പരാതികള്‍ ...

  ReplyDelete
 2. ജൂണിനു ചേരുന്ന മഴ വിചാരങ്ങള്‍ ....ഇത് മഴ വിശേഷങ്ങളായി ഉടനെ തന്നെ ഒരു കുറിപ്പും കുടി എഴുതാന്‍ കഴിയട്ടെ ... പാലക്കാടും എത്തട്ടെ മഴ മേഘങ്ങള്‍ ...ഇവിടെ നാല്പത്തെട്ടു ഡിഗ്രിയുടെ കുളിരില്‍ കഴിയുന്ന ഞങ്ങള്‍ക്ക് എവിടെങ്കിലും ഒക്കെ മഴ പെയ്യുന്നു എന്ന വിചാരം തന്നെ ഒരു സുഖമാണ്....

  ReplyDelete
 3. നാളെ പുലരു്പോള്‍ ഝടുതിയില്‍ ഉണര്‍ന്നു നോക്കും.
  വന്നുകിടക്കണം sms ആയിട്ടെങ്കിലും രണ്ട് തുള്ളി മഴ:)

  ReplyDelete
 4. ഇന്നലെ പെയ്യാത്ത മഴയുടെ നിരാശയില്‍ നിന്നും എനിക്കും കിട്ടി ഒരു പോസ്റ്റ്. സത്യത്തില്‍ സ്കൂള്‍ തുറപ്പിനോടനുബന്ധിച്ച് ഒരു മഴ നമ്മളെല്ലാം ആഗ്രഹിക്കുന്നു എന്നത് തീര്‍ത്തും വാസ്തവമാണ്.

  ReplyDelete
 5. പരിഭവക്കാളി തന്റെ വാളും ചിലമ്പും എടുത്തു പുറപ്പെട്ടു കഴിഞ്ഞു.... ഇനി കലി തുള്ളുന്ന, അട്ടഹസിക്കുന്ന, വെളിച്ചപ്പെടുന്ന, കുറച്ചു ദിവസങ്ങള്‍.... അത് കഴിഞ്ഞാല്‍ ശാന്തവും സുന്ദരവുമായ ചില അടക്കം പറച്ചിലുകള്‍.... നമുക്ക് അവളെ വരവേല്‍ക്കാം...

  Out of Topic: കണ്ടു കാണും... എങ്കിലും....
  http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11687957&tabId=8&BV_ID=@@@

  ReplyDelete
 6. പരാതിയാണ്..മഴയോട്.. ഇപ്പൊഴും..!
  പാലക്കാടന്‍ കാറ്റിലലഞ്ഞ് തിരിഞ്ഞെത്തുന്ന കാലവര്‍ഷമേ,
  പ്രത്യാശകളെ മുഴുവന്‍ ലംഘിച്ചുള്ള നിന്റെ ഈ മൗനം എത്രമാത്രം കുറ്റകരമാണ്!!

  ReplyDelete
 7. ഹായ് സുസ്മേഷ്.
  മനസില്‍ മഴ പെയ്യിക്കുമ്പോല്‍......
  "ഒരു മയില്‍ത്തൂവല്‍ അഴകൊത്ത
  സപ്തവര്‍ണ്ണപ്പീലിയായി മുകില്‍
  നിറക്കാനെടുക്കുന്ന കാലം"
  ഏറെ ഇഷ്ടപ്പെട്ടത് ഈ വരിയാണ്.
  നല്ലെഴുത്ത്.
  സസ്നേഹം
  അജിത

  ReplyDelete
 8. മഴയില്ലെങ്കില്‍ എന്ത് സ്കൂള്‍ തുറപ്പ്. സുസ്മേഷ് മനോഹരമായി എഴുതി ഈ കുറിപ്പ് പോസ്റ്റ് ചെയ്തതിന് നന്ദി

  ReplyDelete
 9. സുസ്മേഷ്.. മനോഹരം ഈ കവിത

  ReplyDelete
 10. ഒന്ന് എത്തി നോക്കി പിന്‍വാങ്ങി മഴ.. തിയതി ജൂണ് 6 .
  ആകാശത്ത് മഴക്കോള്‍ വിട്ടുമാറിയിട്ടില്ല ചിലപ്പോള്‍ വൈകിട്ട് പെയ്തേക്കും.
  ഞായറാഴ്ച തൃശൂര്‍ നിന്നും അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു "ഇവിടെ രാത്രി മുഴുവന്‍ കാറ്റും, ഇടിയും, മഴയും ആയിരുന്നു, ഫോണ്‍ ചത്തു, കറന്റ് പോയിട്ട് വന്നിട്ടില്ല..." തിയതി ജൂണ് 3 .

  വേനലിന്റെ എല്ലാ രൌദ്രഭാവങ്ങളും ഏറ്റുവാങ്ങിയ പാലക്കാടിന് മാത്രം മഴവൈകുന്നു.

  ReplyDelete
 11. അന്പിളി,റെയ്ഹാന,മനോരാജ്,അരുണ്‍ കാപ്പൂര്‍ ,വിനീത് നായര്‍ ,അജിത,അജിത്,മഹേന്ദര്‍ ,പ്രദീപ്..കാത്തിരുന്ന മഴ ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് എത്തി.
  സ്നേഹത്തോടെ.നന്ദി.

  ReplyDelete
  Replies
  1. കമന്റ്‌ ഇട്ടു ഒരു 15 മിനിട്ടിനു ഉള്ളില്‍ മഴ വന്നു.. കാറ്റിന്റെ അകമ്പടിയോടു കൂടി

   Delete
  2. കാപ്പൂര്‍ അല്ല കപ്പൂര്‍ ആണ്... പാലക്കാട്‌ ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത്‌ കുമരനെല്ലുരിനു അടുത്തുള്ള ഒരു സ്ഥലം ആണത്. അക്കിത്തം മന എന്ന് പറഞ്ഞാല്‍ സ്ഥലം പിടി കിട്ടും. അവരെയൊന്നും നേരിട്ട് അറിയില്ല ട്ടോ:-)

   Delete
 12. ഇങ്ങനെ എഴുതി എഴുതി എഴുതി മഴ വീണു.നല്ല ചിന്തകൾ!

  ReplyDelete
 13. മഴ ഇവിടെ വല്ലപ്പോഴുമേ ഉള്ളൂ..ആസ്വദിക്കാന്‍ സമയമില്ലാത്തോണ്ട് വരണ്ടാന്ന് വച്ചതാവാനും മതി..

  ആര്‍ത്തലച്ചുപെയ്യാന്‍ വരും ഒരിക്കല്‍... മുന്‍പെല്ലാം വന്നപോലെ.. അറിയാമെങ്കിലും കാത്തിരിക്കാന്‍ നേരമില്ല.. പോട്ടെ...

  ReplyDelete
 14. മഴ വീണല്ലോ അല്ലേ?......
  മഴയില്ലാത്ത നാട്ടിലിരിക്കുമ്പോൾ മഴ മനുഷ്യരുടെ മുഴുവൻ വികാരമാവുന്നതെങ്ങനെയെന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ച ഒരു കാലം...


  കുറിപ്പ് സുന്ദരം കേട്ടോ. അഭിനന്ദനങ്ങൾ.

  ReplyDelete
 15. എല്ലാവര്‍ക്കും നന്ദി.ഇത് കവിതയൊന്നുമല്ല.കാവ്യാകൃതിപൂണ്ട സ്വപ്നങ്ങളാണ്.
  സ്നേഹത്തോടെ,
  നിങ്ങളുടെ സുസ്മേഷ്.

  ReplyDelete
 16. >>>പുഴയില്‍ കുളിക്കുന്ന പെണ്ണുങ്ങളും അരികത്തായി കുളിക്കുകയും പന്തു കളിക്കുകയും ചെയ്യുന്ന ആണുങ്ങളും.എന്തൊരു സ്വച്ഛന്ദമായ ഗ്രാമജീവിതം.മല്ലീശ്വരന്‍ മുടിക്കുമേലെ കാര്‍മേഘങ്ങള്‍ .കൈതയും പാഴിലകളും മറ ചൂടിയ തോടുകള്‍ .കരിയിലകള്‍ അടിച്ചുവാരി കത്തിക്കുന്ന ഗ്രമീണവഴികള്‍ <<<  ഈ വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഗ്രാമത്തില്‍ എത്തി...

  എല്ലാ ആശംസകളും..

  ReplyDelete